ഓഫ്റോഡ് – 14
‘വേനലിൽ ഞാൻ താമസിച്ചിരുന്ന വീടിന്റെ സമീപത്ത് പോയാൽ ഓടിനടന്നു കളിച്ചിരുന്ന വീടിന്റെ തറയും പരിസരവും പദ്ധതി ഭാഗത്തെ വെള്ളത്തിൽ തെളിഞ്ഞു നിൽക്കുന്നത് കാണാം. അത് കണ്ട് നെടുവീർപ്പിടുകയേ വഴിയുള്ളൂ’ (കുസുമം ജോസഫ്/ മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2018 മെയ്). കുറ്റ്യാടി ജല വൈദ്യുത പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ട കുടുംബത്തിലെ അംഗത്തിന്റെ അനുഭവമാണ് ഇത്. വേനലിൽ അണക്കെട്ടിലെ ജലനിരപ്പ് താഴുമ്പോൾ പദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട തന്റെ വീടിന്റെ തറ ജലപ്പരപ്പിൽ തെളിഞ്ഞു കാണുതിനെക്കുറിച്ചാണ് കുസുമം ജോസഫ് പറയുന്നത്. പദ്ധതികൾക്കു വേണ്ടി കുടിയിറക്കപ്പെടുന്നവർ അനുഭവിക്കുന്ന മാനസികാഘാതം വരച്ചു കാട്ടുന്നു ഈ വാക്കുകൾ.
പരിസ്ഥിതി ആക്ടിവിസ്റ്റായ കുസുമം ജോസഫ് പി.പി. പ്രശാന്തിന് നൽകിയ അഭിമുഖത്തിൽ കുടിയിറക്കത്തിന്റെ/നഷ്ടപരിഹാരത്തെക്കുറിച്ചുള്ള മറ്റൊരു യാഥാർഥ്യവും പങ്കുവെക്കുന്നു: “നഷ്ടപരിഹാരം പോരെന്ന് പറഞ്ഞ് അച്ഛൻ ഒരുപാടു കാലം കേസ് നടത്തി. എനിക്ക് 11 വയസ്സുള്ളപ്പോൾ തുടങ്ങിയ കേസിൽ വിധി വന്നത് ഞാൻ ബി.എ. അവസാന വർഷം പഠിക്കുമ്പോഴാണ്. അ് അച്ഛൻ വീട്ടിലെത്തിയത് ഇന്നും മനസ്സിലുണ്ട്. രണ്ട് പൊതികൾ. ഒന്നിൽ എനിക്ക് എച്ച്.എം.ടി വാച്ച്. മറ്റേതിൽ അഞ്ചാറ് പോഴ്‌സ്‌ലൈൻ പ്ലേറ്റുകൾ. വക്കീലിന്റെ ഫീസ് കഴിഞ്ഞ് മിച്ചം വന്നത് അതിനേ തികഞ്ഞുള്ളൂ.”
ഇന്ന് കെ-റെയിൽ വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിനുള്ള നീക്കങ്ങൾ നടത്തുമെന്നുറപ്പായ സന്ദർഭത്തിൽ കുസുമം ജോസഫിന്റെ ആത്മകഥാ ഭാഗം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. കുടിയൊഴിപ്പിക്കലിന്റെ തുടക്കത്തെക്കുറിച്ച് അവർ പറയുന്നു: “കോട്ടയം ജില്ലയിൽ നിന്ന് കോഴിക്കോട് ജില്ലയിൽ കുടിയേറിയവരാണ് ഞങ്ങളുടെ കുടുംബം. കല്ലാനോടാണ് ജനനം. കർഷകരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ഒരാൾ. വീടിന്റെ അതിര് കുറ്റ്യാടി പുഴയായിരുന്നു. പശു, ആട്, കോഴി, പൂച്ച, പട്ടി ഒക്കെ എന്റെ കൂടെയുണ്ടായിരുന്നു. പുഴത്തീരത്തിന്റെ കാരുണ്യത്തിലും സമൃദ്ധിയിലുമുള്ള ബാല്യം. ആ കാലത്തിനിടയിലാണ് 1960കളിൽ കുറ്റ്യാടി പ്രോജക്ട് വരുന്നത്. അതിനുവേണ്ടി ഞങ്ങളുടെ ഭൂമി ഏറ്റെടുത്തു. വീടും ഞങ്ങളുടെ പറമ്പിലെ മാവും പ്ലാവും ഒക്കെ എണ്ണി വിലയിട്ട് അവരെടുത്തു. ഞാൻ അഞ്ചാം ക്ലാസിലായിരുന്നു. അങ്ങിനെയാണ് സാധനങ്ങളെല്ലാം വാരിക്കൂട്ടി മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലേക്ക് പുറപ്പെട്ടത്. അവിടെ എത്തിയപ്പോഴുള്ള പ്രധാന ആശ്വാസം അവിടെ ഒലിപ്പുഴ എന്ന ചെറുപുഴയുടെ തീരം കൂട്ടിനുണ്ടായിരുന്നു എന്നതാണ്.
ബന്ധുക്കളും കൂട്ടുകാരും വേർപ്പെട്ടു എന്ന് മാത്രമല്ല തികച്ചും അപരിചിതമായ അന്തരീക്ഷത്തിലെത്തിച്ചേർന്നതിന്റെ പ്രശ്‌നങ്ങൾ ഒരുപാട് ഞങ്ങൾ അനുഭവിച്ചു. ശരിക്കും പഠന വിധേയമാകേണ്ടതും കുടിയൊഴിയലിന്റെ ഭാഗമായി വരുന്ന സാംസ്‌കാരികമായ പ്രത്യാഘാതമാണ്. അത് ശരിക്കും അറിഞ്ഞു. പക്ഷെ, ഒന്നുണ്ട് കുടിയിറക്കുന്ന കാര്യത്തിൽ ഇപ്പോഴത്തേക്കാൾ പത്തുനാൽപ്പത് കൊല്ലം മുമ്പത്തെ ഭരണകൂടം കുറച്ചു കൂടി മനുഷ്യത്വം കാണിച്ചിരുന്നു. കാരണം മാറിത്താമസിക്കാനാവശ്യമായ സമയം തരുന്നു. ആളുകൾക്ക് വിയോജിക്കാനും പൊരുത്തപ്പെടാനും അവസരം ഉണ്ടായിരുന്നു. പണം മുഴുവൻ തന്നിട്ടേ ഞങ്ങൾ ഇറങ്ങിയുള്ളൂ. ഇന്ന് എത്ര മനുഷ്യത്വ രഹിതമായിട്ടാണ് കുടിയൊഴിപ്പിക്കൽ. ഭരണകൂടം ബലപ്രയോഗത്തിലൂടെയാണ് കാര്യങ്ങൾ സാധിക്കുന്നത്. ആർക്കാണ് ഇത്ര തിരക്ക്? ഭരണകൂടം ജനാധിപത്യം മറന്നുപോകുന്നു. ഇറക്കിവിട്ട ഇരകൾ ഇപ്പോൾ നഷ്ടപരിഹാരത്തിനായി ഓഫീസുകൾ തോറും നടക്കേണ്ട ഗതികേടിലാണ്.”
കെ-റെയിലിനുവേണ്ടിയുള്ള ഭരണകൂട ബലപ്രയോഗ ഭീകരത ഇന്നത്തെ നിലവെച്ചു നോക്കുമ്പോൾ ഊഹാതീതമാണ്. നഷ്ടപരിഹാര ദല്ലാളുകളുടെ കാലൊച്ചകൾ കെ-റെയിൽ വരുന്ന സ്ഥലങ്ങളിൽ ഇപ്പോഴേ കേട്ടുതുടങ്ങിയതായും റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. റെയിൽപാതക്കുള്ളിൽ അടക്കം ചെയ്യാൻ പോകുന്ന വീടുകൾ, താറുമാറാകാൻ പോകുന്ന പ്രകൃതി- കേരളം കാണാനിരിക്കുന്ന ഏറ്റവും വലിയ വികസന പദ്ധതി(വികസന ഭീകരത)യുടെ ഊഹാതീതമായ സംഘർഷ മേഖലയിലേക്കുള്ള സൂചനയായി അണക്കെട്ടിനുള്ളിലുള്ള ഞങ്ങളുടെ വീട് എന്ന രൂപകത്തെ ഇപ്പോൾ മനസ്സിലാക്കാൻ പറ്റും. നിങ്ങൾക്ക് വൻ തുക കിട്ടില്ലേ? പിന്നെ എന്താ പ്രശ്‌നം എന്നു ചോദിക്കുന്നവരെല്ലാം സുരക്ഷിതരായവരായിരിക്കും. കെ-റെയിലിനു വേണ്ടി അവരിൽ ഒരാളുടെ പോലും വീട്ടുമതിലിന്റെ ഒരു കല്ലുപോലും ഇളക്കില്ല എന്ന ഉറപ്പ് അവർക്കുണ്ട്. പദ്ധതി ഒരു നിലയിലും ബാധിക്കാത്ത (പക്ഷെ നഷ്ടമാകുന്ന പ്രകൃതി എല്ലാവരുടേതുമാണെന്ന് മറക്കാതിരുന്നാൽ കൊള്ളാം) ഒരു ഭൂരിഭാഗത്തെ സൃഷ്ടിക്കുകയും പദ്ധതി ഇരകളുടെ നേർക്ക് ഈ ഭൂരിഭാഗത്തെ ഇളക്കിവിടുകയും ചെയ്യുക എന്ന വികസന ഭീകരതയുടെ പ്രത്യയശാസ്ത്ര മാതൃക തന്നെ കേരളത്തിലും നടപ്പിലാക്കുന്നു. വീടിനുള്ളിൽ മനുഷ്യരുണ്ടായിരിക്കെ ബുൾഡോസറുപയോഗിച്ച് വീടുകൾ തകർത്ത് താഴെയിട്ട മൂലമ്പള്ളി രംഗങ്ങൾ എത്ര പെട്ടെന്ന് മലയാളി മറന്നു. അന്ന് കുടിയിറക്കപ്പെട്ട മനുഷ്യരുടെ ഇന്നത്തെ നില എന്താണ്? വികസന ഇരകൾ സംസാരിക്കേണ്ട, അവരെ മലയാളി പൊതു സമൂഹം കേൾക്കേണ്ട അനിവാര്യ സന്ദർഭമാണിത്. പല പദ്ധതികൾക്കായി കുടിയിറക്കിയവരിൽ എത്ര പേർ സന്തുഷ്ടരാണ്? അതിന്റെ കണക്കുകളും ഈ സന്ദർഭം ആവശ്യപ്പെടുന്നു.
മലയാള സാഹിത്യത്തിൽ ഒരു പദ്ധതിയുടെ പേരിൽ വീട്ടിൽ നിന്നും കുടിയിറക്കപ്പെടുന്നത് രേഖപ്പെടുത്തിയ ഒരു ചെറുകഥ പെട്ടെന്ന് ഓർമ്മയിലേക്ക് വരുന്നു. ഒരുപക്ഷെ പദ്ധതികൾ മനുഷ്യരെ കുടിയിറക്കാൻ കൂടിയുള്ളതാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് എഴുതപ്പെടുന്ന ആദ്യ മലയാള കഥകളിലൊന്നായിരിക്കും ഈ രചന. ‘സുൽത്താൻ വീട്’ എന്ന ഉജ്ജ്വല നോവലിന്റെ കർത്താവായ പി.എ മുഹമ്മദ് കോയ എഴുതിയ ‘മിസ്റ്റർ ജോർജ് പെരേര’ എന്ന കഥയാണത്. കോഴിക്കോട്ടെ ആംഗ്ലോ-ഇന്ത്യൻ സമുദായത്തിലെ ഒരംഗമാണ് പെരേര. അയാൾ കൊടിയ ദാരിദ്ര്യത്തിലാണ്. കിടപ്പുരോഗിയായ ഭാര്യ. മൂത്ത മകനും മകളും വിവാഹം കഴിഞ്ഞ് അവരുടെ വഴിക്കുപോയി. അവർ അച്ഛനേയും അമ്മയേയും തിരിഞ്ഞു നോക്കാറില്ല. അയാളും ഭാര്യയും വാടക വീട്ടിലാണ് കഴിയുന്നത്. വാടക വീട് പൊട്ടിപ്പൊളിഞ്ഞതും എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്നതുമാണ്. ഓടുകൾ പൊട്ടിയും നീങ്ങിയും കിടക്കുന്ന വീട്. ആറുമാസമായി വാടക കൊടുത്തിട്ടില്ല. കഥയുടെ അവസാന ഭാഗത്ത് നാം ഇങ്ങിനെ വായിക്കുന്നു:
ഞാൻ വന്ന കാര്യം പറഞ്ഞില്ല. മുഹമ്മദ് ദുഃഖം നിഴലിക്കുന്ന മുഖത്തോടെ പറഞ്ഞു. മിസ്റ്റർ ജോർജ് പെരേര അയാളുടെ മുഖത്തേക്കു നോക്കി നിന്നു.
‘ഈ വീട് നിക്ക്ണ സ്ഥലം മുനിസിപ്പാലിറ്റിക്കുവേണം പോലും’, മുഹമ്മദ് പറഞ്ഞു.
‘വാട്ട്’, പെരേര ഷോക്കേറ്റതുപോലെ ചോദിച്ചു.
നിന്നനിൽപ്പിൽ മേലാകെ ഒരു വിറയൽ! ‘മുനിസിപ്പിലാറ്റി ഈസ് ഗോയിങ് ടു അക്വയർ ദിസ്?’
സ്വപ്‌നത്തിലെപോലെ പറഞ്ഞു.
‘ആറ് മാസം കൊണ്ട് കൈവിട്ട് കൊടുക്കാനാ നോട്ടീസ്! അല്ലെങ്കിൽ അവർ പൊളിച്ചു നീക്കും.’
‘ജീസസ്, ജീസസ് വാട്ട് അയാം ഹിയറിംഗ്?’
‘വിത്തിൻ സിക്‌സ് മന്ത്‌സ്?’, അതൊരട്ടഹാസമായിരുന്നു.
കാലടിയിൽ നിന്നു ഭൂമി ഇടിയുന്നു. കെട്ടിടം തകർന്നു തലയിൽ വീഴുന്നു. ഒന്നും കാണുന്നില്ല. ഒന്നും മനസ്സിലാവുന്നില്ല. ഇരുട്ട്, ക്രൂരമായ ഇരുട്ട്. ശബ്ദങ്ങൾ, കോലാഹലങ്ങൾ, അട്ടഹാസങ്ങൾ, തിരമാലകൾ ആർത്തലക്കുന്ന ഒച്ച. ഇത് ‘ഡൂംസ് ഡേ’ ആണോ? ലോകത്തിന്റെ അവസാനമാണോ?
‘വാട്ട് ദ മാറ്റർ ഡാളിങ്ങ്.’ മിസിസ്സ് പെരേര കിടക്കയിൽ നിന്നു ചോദിക്കുന്നു. ‘കാര്യമെന്താണെന്ന്’.
ആരോടാണ് ചോദിക്കുന്നത്. ആരു ഉത്തരം പറയുന്നു?
‘സായ്പ് സങ്കടപ്പെടാതിരിക്കിൻ’
മുഹമ്മദ് ജോർജ് പെരേരയുടെ പുറത്ത് തടവി. ആ കണ്ഠം ഇടറിയിരുന്നു. ജോർജ്ജ് പെരേരയുടെ കണ്ണുകൾ ഇളകി, തല ഇളകി, മിസിസ്സിന്റെ നേരെ നോക്കി.
കണ്ണുകളിൽ ജല കണങ്ങൾ ഉറഞ്ഞുകൂടുന്നു.
പിന്നെ… പിന്നെ.. വാടകയുടെ കാര്യം ഓർമ്മയാക്കാൻ മൊതലാളി പറഞ്ഞ്ക്ക്ണ്.
മുഹമ്മദ് ഒരു കടമ നിർവ്വഹിക്കുന്ന മട്ടിലാണ് ഇടറിക്കൊണ്ട് പറഞ്ഞത്.
‘ജീസസ്.. വേർ ടു ഗോ? വേർ ടു ഗോ….?’ (കർത്താവേ… എങ്ങോട്ടുപോകും?)
‘വേർ ടു ഗോ? വേർ ടു ഗോ?’
വീട്ടിന്റെ നാലു മൂലയിൽ നിന്നും പ്രതിദ്ധ്വനിക്കുന്നതായി തോന്നി. മിസ്റ്റർ ജോർജ്ജ് പെരേരയുടെ മുഖത്ത് വിയർപ്പ് തുള്ളികൾ പൊടിയുന്നു. വിയർപ്പ് മണികളുതിർന്ന നെറ്റിയിൽ ചാലുകളും വരകളും മാറി മാറി വീഴുന്നു. നെറ്റിയിൽ നിന്ന് വിയർപ്പ് ചെവിയിലൂടെ ഒഴുകുന്നു.
‘ജീസസ് വേർ ടു ഗോ….’
ഒരട്ടഹാസം.
മിസ്റ്റർ ജോർജ്ജ് പെരേര ഏതാനും അടി ആടി ആടി നീങ്ങിക്കൊണ്ടാണ് ഒരു ഈസി ചെയറിൽ കെട്ടി പൊളിഞ്ഞ് ചെന്നു വീഴുന്നു.
‘ഡാളിങ് വാട്ട് ദ മാറ്റർ?’
മിസ്റ്റർ ജോർജ്ജ് പെരേര ഒന്നും പറഞ്ഞില്ല. തല കസേരയുടെ ഒരു ഭാഗത്തേക്ക് ഒടിഞ്ഞ പോലെ തൂങ്ങിക്കിടന്നു.
തലക്ക് മീതെ വൃത്താകാരത്തിലുള്ള വലയിൽ നിന്ന് ഊർന്നിറങ്ങിയ ഒരു ചിലന്തി തൂങ്ങി നിന്നു. (ചന്ദ്രിക റിപ്പബ്ലിക്ക് പതിപ്പ്, 1973).
ദൈവമേ എവിടേക്കു പോകുമെന്ന ചോദ്യത്തിന് ഈ കഥയിൽ ഉത്തരമില്ല. ഈ ഉത്തരമില്ലായ്മയിലേക്കാണ് ഓരോ അക്വിസിഷനും അതിനെത്തുടർന്നുളള കുടിയിറക്കലുകളും നയിക്കുന്നത്. ചന്ദ്രികയുടെ റിപ്പബ്ലിക് സ്‌പെഷലിലാണ് 48 വർഷം മുമ്പ് ഈ കഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. നമ്മുടെ സാഹിത്യത്തിന്റെ ഓരത്താണ് ഇത്രയും പ്രധാനപ്പെട്ട പ്രമേയം പ്രവർത്തിച്ചതെന്ന് മലയാള സാഹിത്യ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ കാണാം. (1952ൽ വൈലോപ്പിള്ളി കുടിയൊഴിക്കൽ എഴുതിയത് മറക്കുന്നില്ല).
‘സത്ജലിനു മുന്നിൽ’ എഴുതി ഒരു വൻ പദ്ധതിക്ക് മുന്നിൽ വിസ്മയം പൂണ്ടു നിൽക്കുന്ന ജി.ശങ്കരക്കുറിപ്പിനെ മലയാള കവിത കണ്ടിട്ടുണ്ട്. എന്നാൽ പി.കുഞ്ഞിരാമൻ നായർ മലമ്പുഴ അണക്കെട്ട് വരുമ്പോൾ ‘കുറവനും കുറത്തി’യും എന്ന കവിതയെഴുതി താൻ ജിയെപ്പൊലെ നെഹ്‌റൂവിയൻ വികസനവാദിയല്ലെന്നും (അണക്കെട്ടുകളാണ് ഈ രാജ്യത്തിന്റെ ക്ഷേത്രങ്ങൾ എന്നതാണ് ആ വികസനവാദത്തിന്റെ മാനിഫെസ്റ്റോ) താൻ ഗാന്ധിയനാണെന്നും ശങ്ക ഏതുമില്ലാതെ തെളിയിച്ചു. ഇടശ്ശേരി കുറ്റിപ്പുറം പാലമെഴുതുമ്പോഴും ഇതു തന്നെ സംഭവിച്ചു.
ഒ.വി. വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ മലമ്പുഴ എന്ന പദ്ധതിയുടെ കൗതുകവും ഒരർത്ഥത്തിലുള്ള അൽതവുമാണ് നോവലിന്റെ തുടക്കത്തിൽ പങ്കുവെക്കുന്നത്. അതിങ്ങനെയാണ്:
‘മലമ്പൊഷ അണ കേട്ടി വെള്ളം തിരിയ്ക്കണംന്നൊക്കെ പറയിണ്ണ്ടൂ. ഇല്ലാത്ത മഷനെ പെയ്യിക്കാനോ പെയ്ണ മഷനെ തട്ക്കാനോ മൻക്ഷൻ കൂട്ട്യാ കൂടോന്നും കുട്ടീ’?
നേരാ, പക്ഷെ, അണ കെട്ട്യാപ്പിന്നെ മഴ ത്ര പേടിയ്ക്കണ്ടാലോ. അതു പറയരുതായിരുന്നു. രസക്കയറ് പൊട്ടി.
‘ന്ന് എന്തോപ്പാ,’ കാരണവർ പറഞ്ഞു. ആളുകൾ പറയുന്നു, പുപ്പാറയിലെ രണ്ടു മലകളെ കരിങ്കൽ ചുമരുകൊണ്ട് ബന്ധിയ്ക്കുമെന്ന്. കടലിലേക്കൊഴുകുന്ന മലമ്പുഴ തടഞ്ഞു നിർത്തി ഖസാക്കിലേയ്ക്ക് വെള്ളം തിരിക്കുമെന്ന്. കാലവർഷത്തിന്റെ ശാഠ്യം മനുഷ്യൻ തിരുത്തുമെന്നു ധരിച്ചാൽ- കണ്ടു തന്നെയറിയണം. പോരെങ്കിൽ അങ്ങിനെ ചെയ്യാമോ ആവോ?
എന്നാൽ പിൽക്കാല വിജയൻ കൂറ്റൻ പദ്ധതികളുടെ വിമർശകനാവുന്നതന്ന് അദ്ദേഹത്തിന്റെ ചില ലേഖനങ്ങളിൽ വായനക്കാർ കണ്ടു.
ഇടുക്കി പദ്ധതിയുടെ പശ്ചാത്തലം കൂടി വരുന്ന എ.പി കളയ്ക്കാടിന്റെ ‘ഇടുക്കി’ എന്ന നോവൽ പദ്ധതി രാഷ്ട്ര പുനർനിർമാണത്തിന്റെ ഭാഗമാണെന്നുറച്ചു വിശ്വസിക്കുന്ന രനചയാണ്. തോപ്പിൽ ഭാസിയുടെ ‘പുതിയ ആകാശം, പുതിയ ഭൂമി’ എന്ന നാടകവും ഇതേ വിശ്വാസത്തെ പിന്തുടരുന്നു. കോണ്ട്രാക്ടറുടെ കൈക്കൂലിയെല്ലാം തട്ടിത്തെറിപ്പിച്ച് ശുദ്ധതയുമായി മുന്നോട്ടു നീങ്ങുന്ന പ്രൊജക്ട് എഞ്ചിനീയറാണ് ഈ നാടകത്തിലെ നായകൻ. ബ്യൂറോക്രസി ശുദ്ധീകരിക്കപ്പെട്ടാൽ വികസനം കൃത്യതയോടെ നാട്ടിൽ സാക്ഷാത്കരിക്കപ്പെടും എന്ന ആശയമാണ് ഭാസി നാടകത്തിലൂടെ മുന്നോട്ടുവെക്കുന്നത്. കളയ്ക്കാടിലും ഭാസിയിലും നാം കാണുന്നത് നെഹ്‌റൂവിയൻ വികസന സങ്കൽപ്പത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന രണ്ടു ഇടതുപക്ഷ എഴുത്തുകാരെയാണ്. കൂറ്റൻ വികസന പദ്ധതികളാണ് വേണ്ടതെന്ന ആശയം കോൺഗ്രസിലും (അതിനാൽ കെ-റെയിൽ വിരുദ്ധരായ കോൺഗ്രസുകാരെ എത്ര നാൾ വിശ്വസിക്കാമെന്ന ചോദ്യം ഉയരുന്നു) ഇടതുപക്ഷത്തിലും ഒരുപോലെ ഉണ്ടായത് (ബി.ജെ.പിയും അങ്ങിനെയെന്ന് അവർ ദേശീയ തലത്തിൽ പല കുടിയിറക്കങ്ങളിലൂടെയും തെളിയിച്ചു കഴിഞ്ഞു) നെഹ്‌റൂവിയൻ സങ്കൽപ്പത്തിന്റെ സ്വാധീനത്തിലാണ്. മറ്റൊരു വികസന സങ്കൽപ്പം ഇടതുപക്ഷത്തിന് ഇക്കാലമത്രയായിട്ടും ഉണ്ടായിട്ടില്ല, കേരളവും ബംഗാളും തന്നെ അതിന്റെ ഉദാഹരണം. ബംഗാളിലെ വികസന പദ്ധതികളുടെ ഇരകളുടെ ജീവിതമെടുത്തു നോക്കിയാൽ, അവർ വന്നുചേർന്ന ചേരികളെടുത്തു പരിശോധിച്ചാൽ ഇതു മനസ്സിലാകും. നെഹ്‌റുവിന്റെ വൻകിട അണക്കെട്ടു പദ്ധതികളാൽ, ഇരുമ്പുരുക്കു-നിർമ്മാണ ശാലകളാൽ കുടിയിറക്കപ്പെട്ടവരുടെ അതേ ചേരികളിൽ തന്നെ ബംഗാളിൽ നിന്നുള്ള മനുഷ്യരേയും അവരുടെ പിൻമുറക്കാരേയും നമുക്ക് കാണാം. കേരളത്തിലും കുടിയിറക്കപ്പെട്ട മനുഷ്യർ എവിടെ എത്തിച്ചേർന്നു? കുടിയിറക്കപ്പെടുമ്പോൾ അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട പറുദീസയിൽ അവർ എത്തിയോ? (നെഹ്‌റുവിന്റെ പറുദീസയിൽ നിന്ന് സാധാരണ മനുഷ്യർ എത്തിച്ചേർന്ന ചേരികൾ സാറാജോസഫിന്റെ ‘ബുധിനി’യിൽ കൃത്യവും സുതാര്യവുമായി കാണാം. മഹാശ്വേത ദേവിയുടെ നോവലുകളുടെ തുടർച്ചയാണ് ബുധിനി രേഖപ്പെടുത്തുന്നത്).
മൂലമ്പള്ളി കുടിയിറക്ക് ഇരകൾ സംസാരിച്ചാൽ മാത്രം യാഥാർത്ഥ്യം കേരളത്തിന് മനസ്സിലാകും. വീടുകളിൽ മനുഷ്യരുണ്ടായിരിക്കെയാണ് മൂലമ്പള്ളിയിലെ വീടുകൾക്കു നേരെ അന്ന് ബുൾഡോസറുകൾ ഇടിച്ചു കയറിയത്. അതും വി.എസ്. കാലത്ത്. കേരളത്തിലെ എഴുത്തുകാരെ ഗാന്ധിയേക്കാളുമേറെ സ്വാധീനിച്ചത് നെഹ്‌റു തന്നെ. കാരണം നെഹ്‌റുവിന്റെ സെക്കുലർ സങ്കൽപ്പം. അത് പ്രധാനമാണെന്നതിൽ ഒരു സംശയവുമില്ല. നമ്മുടെ എഴുത്തുകാർ മഹാഭൂരിപക്ഷവും ഇടതുപക്ഷമാണ്. അവരുടെ വികസന സങ്കൽപ്പത്തെ നയിക്കുന്നത് നെഹ്‌റൂവിസം തന്നെ. അതുകൊണ്ട് കൂറ്റൻ പദ്ധതി പ്രശ്‌നങ്ങളിൽ ഒന്നുകിൽ ഇടതുപക്ഷത്തിനൊപ്പം, അല്ലെങ്കിൽ മൗനം എന്നതാണ് നയവും. സൈലന്റ് വാലി പ്രക്ഷോഭ കാലത്ത് നമ്മുടെ സാഹിത്യം, ശരിക്കും പറഞ്ഞാൽ കവിത ഈ വിഷയത്തെ അഭിസംബോധന ചെയ്തു. കാടിനേയും പ്രകൃതിയേയും സംരക്ഷിക്കുക എതായിരുന്നു ആ കവിതകളിലെ ഊന്നൽ. സുഗതകുമാരി മുതൽ എല്ലാവരുടേയും കവിതകളിൽ നമുക്കത് കാണാം. എന്നാൽ അന്ന് ആ സാഹിത്യകാരന്മാർക്ക് സാധിക്കാതെപോയ ചർച്ച കേരളംപോലുള്ള സ്ഥലങ്ങളിൽ എന്തു തരത്തിലുള്ള പദ്ധതികളാണ് വരേണ്ടത് എന്നതിനെക്കുറിച്ചള്ള ദിശാബോധം പകരലായിരുന്നു. അതിന്റെ കുറവ് പിൽക്കാലത്ത് ഓരോ പദ്ധതികൾ വരുമ്പോഴും ഉണ്ടായി. ആദ്യംമുതൽ വിശദീകരിക്കുക, സ്ഥിരം എതിർ വാദങ്ങളുയരുക, പരിസ്ഥിതിവാദികൾക്കു നേരെ ടൈപ്പ്‌വൽക്കരിക്കപ്പെട്ട പരിഹാസങ്ങളുയരുക, ഒറ്റപ്പെടുത്തലുണ്ടാവുക- അത് തന്നെ ഇപ്പോഴും തുടരുന്നു. പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്ന് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് സോഷ്യൽ മീഡിയ എന്ന ‘അഞ്ചാം തൂണാ’ (അഞ്ചാം പത്തി!) ണെന്നു മാത്രം. അതിനെ അങ്ങിനെ മാറ്റിയെടുക്കുന്നതിൽ വിജയിച്ച മലയാളികളുടെ ആരവം സോഷ്യൽ മീഡിയ ഹിംസയായിക്കൂടി കുടിയിറക്കപ്പെടാനിടയുള്ളവരുടെ നേരെ ഉപയോഗിക്കപ്പെട്ടു തുടങ്ങുകയും ചെയ്തിരിക്കുന്നു.
സി.പി.ബിജുവിന്റെ ‘വല്ലാർപ്പാടത്തമ്മ’ എന്ന കഥയും ഓർമ്മയിൽ വരുന്നു. ആ കഥ ഇങ്ങിനെ അവസാനിക്കുന്നു: പള്ളിപ്പെര്ന്നാളിന് ആള് കൂടിയേക്കണപോലെ ഇതിന്തിനേണ് എല്ലാരുംകൂടി കായലെറമ്പില് വന്ന് കുത്തീരിക്കണത്! പ്രാന്തേണ് എക്കെത്തിനം. അല്ലെങ്കിപ്പിന്നെ ഈ നട്ടപ്പാതിരക്ക് ഇതെന്തിനേണ് എല്ലാര്കൂടി കായലെറമ്പില് വന്ന് കുത്തീരിക്കണത്. പോർട്ടൊണ്ടാക്കാൻ വന്ന കൊള്ളക്കാര്ക്ക് വീടും കുടുമോം കൊട്‌ത്തേച്ച് തെണ്ടിനടക്കണേണ് എരപ്പകള്. നിധിയായ നിധിയെല്ലാം കെടക്കണ മണ്ണെല്ലാം കൊടുത്തേച്ചും കെടന്ന് കരേണേണ്!
എന്നതേണ്? ജേസീബിംകൊണ്ട് വന്ന് മാന്തിപ്പറിച്ച് കളഞ്ഞതേണാ! എന്നാ ഇഞ്ഞി എല്ലാം കൂടി ഇങ്ങോട് പോര്. ദേ ഈ കായല് നെകത്തി നെകത്തി തീരണവരേക്കും ഇതിന്റെ എറമ്പില് ഇങ്ങനെ കുത്തീരിക്കാം. ഇങ്ങനെ കുത്തീര്ന്ന് മോങ്ങിക്കൊണ്ടിരിക്കാം. അല്ലാണ്ടിപ്പം എന്നാ ചെയ്യണേണ്! എന്നതേണ്? മാതാവേ! എന്നതേണ്? വല്ലാർപാടത്തമ്മേം കരയണേണന്നാ! വല്ലാർപാടത്തമ്മേം കരയണേണന്നാ!!: കുടിയിറക്കലിന്റെ എല്ലാ വിലാപങ്ങളും ഇവിടെ കഥാകൃത്ത് സന്നിവേശിപ്പിച്ചിരിക്കുന്നു.
ആദിവാസികളെ തങ്ങളുടെ ഭൂമിയിൽ നിന്നും പലപ്പോഴായി കുടിയിറക്കിയതിലേക്ക് സി.കെ.ജാനുവിന്റെ ആത്മകഥ നമ്മെ നയിക്കുന്നു. കുറിച്ചി (സചിവോത്തമപുരം) കോളനിയിലൂടെ 11 കെ.വി. ലൈൻ വരുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ (കോളനിയിലെ കുടിലുകൾക്ക് 11 കെ.വി.ലൈൻ ഭീഷണിയായിരുന്നു. എന്നുമാത്രമല്ല അങ്ങിനെ ലൈൻ പോകുന്ന സ്ഥലത്തുള്ള വസ്തു വിൽക്കൽ നടക്കുകയുമില്ല) അവഗണിക്കപ്പെട്ടപ്പോൾ കോളനിവാസികളിലൊരാൾ ജീവനൊടുക്കിയത് ഇന്ന് എത്ര പേർ ഓർക്കുന്നുണ്ട് എന്നറിയില്ല. പണ്ട് പുതിയ പാലങ്ങൾ നിർമിച്ചാൽ അതുറക്കാൻ നരബലി നടത്തിയിരുന്നതായി പരാമർശങ്ങളുണ്ട്. കാലം മാറിയെങ്കിലും നരബലിക്ക് മാറ്റമില്ല. വികസനത്തിന് എപ്പോഴും മനുഷ്യരക്തം വേണം.
1980ൽ എസ്.കെ.പൊറ്റെക്കാട് എഴുതിയ എ.ഡി.2050ൽ എന്ന കഥ സൈലന്റ് വാലി പ്രക്ഷോഭത്തെ പരിഹരിച്ചവരോടുള്ള പ്രതികരണമായിരുന്നു. കഥയിൽ സിംഹവാലൻ കുരങ്ങ് ശിങ്കളക്കുരങ്ങായും സൈലന്റ് വാലി ശ്രീമാലിയായും കുന്തിപ്പുഴ മാദ്രിപ്പുഴയായും ആണ്. സൈലന്റ്‌വാലി എന്ന റഫറൻസിലേക്ക് കഥ എത്തുന്നത് ഇങ്ങിനെയാണ്: എന്നാൽ, വനശാന്തിയെ രാത്രിയിൽ ശല്യപ്പെടുത്താറുള്ള ചീവീടുകൾ, എന്തുകൊണ്ടോ അവിടെ കുടി കൊണ്ടിരുന്നില്ല. അതിനാൽ ആ വനം നിത്യവും മൗനപ്രാർഥനയിലായിരുന്നു:
മ്യൂസിയത്തിൽ എത്തിയ ഒരു കൂട്ടം വിദ്യാർഥികളോട് പ്രൊഫസർ സാംസൺ മഴക്കാടുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതാണ് കഥയുടെ തുടക്കം: ചുമരിൽ തൂക്കിയിട്ട വലിയൊരു വർണ്ണ ചിത്രത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പ്രൊഫസ്സർ പറഞ്ഞു: ‘അതാണ് മഴക്കാടിന്റെ പടം’. വിദ്യാർഥികൾ ശ്രദ്ധിച്ചു നോക്കി. വൻമരങ്ങളും ചെടികളും വള്ളികളും ഇടതൂർന്ന് വളർന്ന് ഒരിരുണ്ട വനം. പ്രൊഫസ്സർ തുടർന്നു. ‘ഇന്ന് നിങ്ങൾക്കു മഴക്കാടുകളെപ്പറ്റി പഠിക്കാൻ ആ പടത്തിന്റെ സഹായം വേണ്ടി വന്നിരിക്കുന്നു. എന്നാൽ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, എഴുപതു കൊല്ലം മുമ്പ് നമ്മൾ ഇപ്പോൾ നിൽക്കുന്ന ഈ സ്ഥലം മനോഹരമായ ഒരു മഴക്കാടായിരുന്നു’. വനത്തിലെ നദിയിൽ അണ വരുന്നതും ജലവൈദ്യുത പദ്ധതിയുടെ പേരിൽ വനത്തിന് സർക്കാർ വധശിക്ഷ വിധിച്ചതും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പണമുണ്ടാക്കിയതുമൊക്കെ കഥയിൽ വിശദീകരിക്കുന്നുണ്ട്. സമരം ചെയ്തവരെക്കുറിച്ചുള്ള പരാമർശവും കാണാം. പദ്ധതിയുടെ വരവ് കാലാവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ, മഴയില്ലാതെയാകൽ എന്നതിനെക്കുറിച്ചും എസ്.കെ. കഥയിൽ വിശദമാക്കുന്നു. മരങ്ങൾക്ക് മയക്കം ബാധിച്ചതും മൃഗങ്ങളിൽ സാംക്രമിക രോഗം പടർന്നതും കഥയിൽ കാണാം. പുഴയിൽ വെള്ളമില്ലാതായി. ടർബൻ കറങ്ങാതായി. അവിടെയുള്ള ഭൂമിയാകെ മനുഷ്യരുടെ തൊലി ചുക്കിച്ചുളിയുന്ന പോലെയായതായും കഥാകൃത്ത് പറയുന്നു. കഥ ഇങ്ങിനെ അവസാനിക്കുന്നു;
പ്രൊഫസ്സർ ഒരു മൂലയിലെ ഗ്ലാസ് അലമാരയിലേക്ക് ചൂണ്ടിക്കാട്ടി.
നോക്കൂ- പഴയ ശ്രീമാലിയിലെ അവസാനത്തെ പ്രജയാണ്.-
സ്റ്റഫ് ചെയ്തുവെച്ച ഒരു ശിങ്കളക്കുരങ്ങ്!
അവന്റെ അന്ത്യം എങ്ങിനെയായിരുന്നുവോ?
ശിങ്കളവാനര വർഗത്തിലെ അംഗങ്ങളെല്ലാം ചത്ത്, അവൻ മാത്രം എങ്ങിനെയോ ബാക്കിയായി. ഒരു ദിവസം അവൻ മുമ്പോട്ടു ചാടാൻ മരം കിട്ടാതെ, ഒടുവിൽ മുമ്പിൽ കണ്ട പുതിയൊരു മരത്തിലേക്ക് ഒരു ചാട്ടംചാടി. ഒരു ഇലക്ട്രിക് സ്തംഭത്തിലേക്ക്! ഹൈ ടെൻഷൻ കമ്പിയിലാണ് അവൻ പിടിച്ചു തൂങ്ങിയത്. രണ്ടു മൂന്നു പ്രാവശ്യം പിടഞ്ഞുകാണും. പിന്നെ വൈദ്യുതി അവന്റെ കഥ കഴിച്ചു.
കാലാവസ്ഥാ വ്യതിനായത്തെ 1980ൽ പ്രവചിച്ച ഒരു കഥകൂടിയാണിത്. എന്നാൽ ഇന്നും പരിസ്ഥിതി വാദികൾ ശിങ്കളക്കുരങ്ങായി തന്നെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
വീട്ടിൽ നിന്നുള്ള കുടിയിറക്കലുകൾക്കെതിരെയുള്ള സമരമുഖങ്ങളിൽ സ്ത്രീകൾ മറ്റു സമരങ്ങളേക്കാൾ കൂടുതലായി പങ്കെടുക്കാറുണ്ട്. അത് ഈ കവിതയിൽ പറയുന്ന കാരണം കൊണ്ടായിരിക്കുമോ?
ഈ വീട് ഒരാളോടും പറയാതെ
സൂക്ഷിച്ചു വെച്ചിരിക്കുന്നു
ഒരു സ്ത്രീയെ,
അവളുടെ സ്വപ്‌നങ്ങളെ
അവളുടെ കുഞ്ഞുങ്ങളെ
അവളുടെ മരണത്തെ.
(വീട്-മംഗലേഷ് ദബ്രാൾ/ വിവ: സച്ചിദാനന്ദൻ)