

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ജ്യോതി നിഷ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ‘ഡോ. ബി ആര്‍ അംബേദ്കര്‍ നൗ ആന്‍ഡ് ദെന്‍’. സിനിമാ സംവിധായികയും എഴുത്തുകാരിയുമായ ജ്യോതി നിഷ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ‘ബഹുജന്‍ പ്രേക്ഷകത്വം’ എന്ന സിദ്ധാന്തമാണ് ജ്യോതി നിഷ ‘ഡോ. ബി.ആര്‍ അംബേദ്കര്‍ നൗ ആന്‍ഡ് ദെന്‍’ എന്ന ഡോക്യുമെന്ററിയിലൂടെ മുന്നോട്ടുവെക്കുന്നത്.
ജ്യോതി നിഷയുടെ കണ്ണുകളിലാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. ഈ ഫ്രെയിമിലൂടെ ബഹുജന്‍ സ്ത്രീ നോട്ടം എന്നതിനെ അടയാളപ്പെടുത്തുന്നു. ബഹുജന്‍ സ്ത്രീയുടെ കാഴ്ചയിലാണ് ഈ ഫിലിം ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്നത്. “പോപ്പുലര്‍ കള്‍ച്ചറിന്റെ നോട്ടം ഒരു ഉയര്‍ന്ന ജാതി നോട്ടമാണ്, അതൊരിക്കലും എന്റെ ജാതിവിരുദ്ധ രാഷ്ട്രീയവുമായോ സ്വത്വാവകാശ പ്രഖ്യാപനങ്ങളുമായോ യോജിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ എനിക്കുവേണ്ടി സംസാരിക്കുവാന്‍ തീരുമാനിച്ചു, ഞാന്‍ എന്റെ കഥ പറയാന്‍ തീരുമാനിച്ചു.” ജ്യോതി നിഷ പറയുന്നു.


ദൃശ്യാവിഷ്‌കാരങ്ങള്‍ സംവിധാനം ചെയ്യുന്നതിലും അതിന്റെ വിമര്‍ശനാത്മക വായനയിലും ബഹുജന്‍ പ്രതിപക്ഷ നോട്ടം സൂക്ഷിക്കുന്നതിനെക്കുറിച്ചാണ് ജ്യോതി നിഷ പറയുന്നത്. എഡ്വേര്‍ഡ് എസ് ഹെര്‍മന്റെയും നോം ചോംസ്‌കിയുടെയും സമ്മതിയുടെ നിർമ്മിതി (Manufacturing consent), മാര്‍ക്‌സിസ്റ്റ് തത്വചിന്തകനായ ലൂയി അല്‍ത്തൂസറുടെ പ്രത്യയശാസ്ത്രവും ഭരണകൂട ഉപകരണങ്ങളും (ideology and ideological state apparatus) , ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരി ബെല്‍ ഹൂക്‌സിന്റെ പ്രതിപക്ഷ നോട്ടം എന്ന ആശയം (ദ ഒപ്പോസിഷണല്‍ ഗെയ്‌സ്: ബ്ലാക്ക് ഫീമെയില്‍ സ്‌പെക്‌റ്റേറ്റേഴ്‌സ് എന്ന ലേഖനത്തില്‍ നിന്നും) എന്നിവയുടെ അടിത്തറയിലാണ് ജ്യോതി നിഷ ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.
ദലിത്, ബഹുജന്‍ സ്വത്വങ്ങളെക്കുറിച്ചും ആഖ്യാനങ്ങളെക്കുറിച്ചുമുള്ള വ്യത്യസ്ത ആശയങ്ങള്‍ ഈ ഡോക്യുമെന്ററി അന്വേഷിക്കുന്നുണ്ട്. ദലിത് സ്വത്വങ്ങള്‍ക്കുനേരെ പൗരാണിക കാലം മുതല്‍ തന്നെ നടന്ന വിവേചനങ്ങളെയും ഡോക്യുമെന്ററിയിലൂടെ ചര്‍ച്ച ചെയ്യുന്നു. ദലിത് പ്രതിരോധത്തെ ചിത്രീകരിക്കുന്നുണ്ട്. ദലിതരെ ഇരകള്‍ ആയി മാത്രം അവതരിപ്പിക്കുന്ന വാര്‍പ്പുമാതൃകാ ചിത്രീകരണങ്ങളെയും ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നുണ്ട്.
ചരിത്രപരമായ പ്രതിരോധങ്ങളെയും സമകാലിക ജാതിവിരുദ്ധ മുന്നേറ്റങ്ങളെയും ജ്യോതി നിഷ താരതമ്യം ചെയ്യുന്നു, ജനങ്ങളുടെ ജീവിതത്തില്‍ അംബേദ്കറിനും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനുമുള്ള അവസാനമില്ലാത്ത സ്വാധീനത്തെക്കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നുണ്ട്. താരതമ്യത്തിലൂടെയുള്ള കഥപറച്ചിലിനായി ജ്യോതി നിഷ രൂപപ്പെടുത്തിയ ക്രാഫ്റ്റ്, ഡോക്യുമെന്ററിയെ കാഴ്ചക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതാണ്.
ഒരഭിമുഖത്തില്‍ ജ്യോതി നിഷ പറയുന്നുണ്ട്, ഈ ഫിലിം പൂര്‍ത്തിയാക്കാന്‍ അവര്‍ എട്ടു വര്‍ഷങ്ങള്‍ എടുത്തുവെന്ന്. ഡോക്യുമെന്ററി കവര്‍ ചെയ്തിരിക്കുന്ന സംഭവങ്ങളുടെ സ്വഭാവം ഈ സമര്‍പ്പണത്തെ വെളിപ്പെടുത്തുന്നതാണ്. വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലുമുള്ള പ്രാതിനിധ്യം മുതല്‍ സമകാലിക സാമൂഹ്യമുന്നേറ്റങ്ങള്‍ വരെ ഈ ഡോക്യുമെന്ററിയില്‍ വിഷയമാകുന്നുണ്ട്.


ഋഗ് വേദത്തിലും പുരുഷ സൂക്തത്തിലും (ഋഗ് വേദത്തിലെ ഒരു ഭാഗം) പുരുഷന്റെ ശരീരത്തില്‍ നിന്നുമാണ് പ്രപഞ്ചത്തിന്റെ ഉത്പത്തി ഉണ്ടായത് എന്നാണ് പറയുന്നത്- ‘പുരുഷന്‍’ എന്നതിനെ പരമാധികാര ജീവിയായും വിശേഷിപ്പിക്കുന്നുണ്ട്, ചാതുര്‍വര്‍ണ്യ വ്യവസ്ഥ സ്ഥാപിക്കുന്നതിനെ കുറിച്ചും പുരുഷ സൂക്തത്തില്‍ പറയുന്നുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ബ്രാഹ്‌മണര്‍ ഏറ്റവും മുകളിലും അതിനു താഴെ ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെയുള്ള ക്രമത്തിലുമാണ്. അതിശൂദ്രര്‍ അഥവാ ‘തൊട്ടുകൂടാത്തവര്‍’ ഈ ശ്രേണിക്ക് പുറത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. ഋഗ് വേദത്തിലെ പതിനൊന്നും പന്ത്രണ്ടും ശ്ലോകങ്ങള്‍ ശൂദ്രരെയും സ്ത്രീകളെയും ഉപനയന (വിശുദ്ധ അടയാളമായ പൂണൂല്‍ ധരിക്കുന്ന ചടങ്ങ്) ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്, വേദിക് സാമൂഹ്യ ഘടനയില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് അവരെ മാറ്റുകയും മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള അടിച്ചമര്‍ത്തലിനു വിധേയമാക്കുകയും ചെയ്യുകയാണ്. ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഒരു ത്രികോണ ഗ്രാഫ് നല്‍കിക്കൊണ്ട് ഡോക്യുമെന്ററി ചര്‍ച്ച ചെയ്യാന്‍ പോകുന്ന സ്വത്വങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ജ്യോതി നിഷ കാഴ്ചക്കാര്‍ക്ക് അറിവുനല്‍കുന്നുണ്ട്.
ബഹുജന്‍ ഐഡൻ്റിറ്റിയുടെ മിത്തുകളിലെ പ്രതിനിധാനങ്ങളെ ചര്‍ച്ച ചെയ്യുമ്പോള്‍ ജ്യോതി നിഷ ഏകലവ്യൻ്റെ കഥ പറയുന്നു, അതിലൂടെ ദലിത്, ബഹുജന്‍ മനുഷ്യരുടെ സമകാലിക സാമൂഹ്യ മുന്നേറ്റങ്ങളിലേക്കും കടന്നുചെല്ലുന്നു. ‘ഉന്നതകുല ജാതര്‍’ എന്ന് വിളിക്കപ്പെടുന്നവരുടെ അംബേദ്കര്‍ ഏറ്റെടുക്കലിനെ കുറിച്ചും ഡോക്യുമെന്ററി സംസാരിക്കുന്നുണ്ട്. ദലിതരുടെ വിവേചന അനുഭവങ്ങളും അദൃശ്യമാകുന്ന ബഹുജന്‍ കാഴ്ചാ അനുഭവങ്ങളും, രോഹിത് വെമുലയെക്കുറിച്ച് പറഞ്ഞുകൊണ്ട് ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വ്യവസ്ഥാപിത കൊലപാതകങ്ങളുടെ പ്രശ്നത്തെക്കുറിച്ചും രാജ്യത്തെ ജാതിവിരുദ്ധ മുന്നേറ്റങ്ങളെക്കുറിച്ചും ഇന്റര്‍സെക്ഷണല്‍ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സ്ത്രീ മുന്നേറ്റങ്ങളെക്കുറിച്ചും മീ റ്റൂ മുന്നേറ്റത്തിലെ ദലിത് സ്ത്രീകളുടെ മാറ്റിനിര്‍ത്തലുകളെക്കുറിച്ചും, അസ്പര്‍ശ്യത എന്ന ആശയത്തെക്കുറിച്ചും ബ്രാഹ്‌മണ്യ പുരുഷാധിപത്യത്തെക്കുറിച്ചും ജാതി ഘടനകളെ വെല്ലുവിളിക്കുന്നതില്‍ ബുദ്ധിസത്തിനുള്ള പങ്കിനെക്കുറിച്ചും ജ്യോതി നിഷയുടെ ഡോക്യുമെൻ്ററി സംസാരിക്കുന്നുണ്ട്.
ഏകലവ്യനെ കുറിച്ച് പറയുന്നതിലൂടെ ജ്യോതി നിഷ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നത് ഉന്നതകുലജാതരെന്ന് സ്വയം അവകാശപ്പെടുന്നവരുടെ ചരിത്രപരമായ ഹിപ്പോക്രിസിയാണ്. ഇവിടെ, ആദിവാസിയായതുകാരണം മാത്രമാണ് ദ്രോണാചാര്യന്‍ ഏകലവ്യനെ അസ്ത്രവിദ്യ പഠിപ്പിക്കാന്‍ കഴിയില്ലെന്ന് തീരുമാനിക്കുന്നത്. ഇതിനെ രൂക്ഷഹാസ്യ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ‘we strictly follow an upper-caste reservation policy’ എന്ന് ദ്രോണാചാര്യന്‍ പറയുന്നതായി എന്ന് ജ്യോതി നിഷ എഴുതിച്ചേര്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥിത്വം നിരസിച്ചുവെങ്കിലും ഏകലവ്യന്‍ ദ്രോണാചാര്യനെ നിരീക്ഷിച്ചുകൊണ്ട് അസ്ത്രവിദ്യ പഠിച്ചെടുക്കുന്നുണ്ട്. ഏകലവ്യന്‍ അമ്പെയ്ത്തില്‍ മികവു നേടിയപ്പോള്‍ ദ്രോണാചാര്യന്‍ ഏകലവ്യനോട് ഗുരുദക്ഷിണയായി തൻ്റെ പെരുവിരല്‍ മുറിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്, അതോടുകൂടി ഒരിക്കലും ആയോധനം പരിശീലിക്കാന്‍ കഴിയാത്തവനായി ഏകലവ്യനെ മാറ്റാന്‍ വേണ്ടി. അതിലൂടെ അര്‍ജ്ജുനനെ എതിരാളികളില്ലാത്ത മികവുറ്റ പോരാളിയായി നിലനിര്‍ത്താന്‍ വേണ്ടി. സുനില്‍ അഭിമാന്‍ അവചാറുടെയും ഹരികൃഷ്ണൻ ശശീന്ദ്രന്‍ന്റെയും വരകളിലൂടെ ഈ സീക്വന്‍സിനെ ശക്തമായ അനിമേഷനിൽ ജ്യോതി നിഷ സജീവമാക്കിയിട്ടുണ്ട്.


ഹെര്‍മന്‍ ആന്‍ഡ് ചോംസ്‌കിയുടെ ‘സമ്മതിയുടെ നിർമ്മിതി’ എന്ന ആശയത്തെ ജ്യോതി നിഷ ഈ ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നുണ്ട്, അതുപയോഗിച്ച് മീഡിയയെ അഞ്ച് ഫില്‍റ്ററുകളിലൂടെ നോക്കുന്നു- ഉടമസ്ഥത, സോഴ്‌സിങ്, പരസ്യം, വിമര്‍ശനം, പൊതുശത്രു എന്നിവയാണ് അഞ്ച് ഫില്‍റ്ററുകള്‍. മാധ്യമ ഉടമസ്ഥതയും സോഴ്‌സിങ്ങും പരസ്യം ചെയ്യലും വിമര്‍ശനവും ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഉയര്‍ന്ന ജാതിക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരാണ്, സ്റ്റാറ്റിറ്റിക്കല്‍ തെളിവുകളുള്ള വാദമാണിത്. ചരിത്രപരവും സമകാലികവുമായ ദലിത് പ്രാതിനിധ്യമില്ലായ്മ, സ്വതന്ത്ര ദലിത് പത്രങ്ങളും മാധ്യമസ്ഥാപനങ്ങളും രൂപീകരിക്കുന്നതിന് കാരണമായിട്ടുണ്ട്. ഡോ.അംബേദ്കര്‍ സ്വയം ‘മൂക് നായക്’ എന്ന പത്രം തുടങ്ങിയത് സ്വന്തം സമുദായത്തിന്റെ ശബ്ദം കേള്‍പ്പിക്കുന്നതിനു വേണ്ടിയാണ്, കാരണം ഉയര്‍ന്നജാതിക്കാര്‍ നിയന്ത്രിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ദലിതരുടെ പ്രശ്‌നങ്ങളെ സാരമായി അവഗണിച്ചു എന്നതു തന്നെയാണ്. ബാലഗംഗാധര തിലകിന്റെ കേസരി, മൂക് നായകിന്റെ ഒരു പേയ്ഡ് പരസ്യം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു എന്നത് ദലിതര്‍ക്ക് മാധ്യമ ഉടമസ്ഥതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതിന്റെ ദീര്‍ഘകാല ചരിത്രം കൂടി വെളിപ്പെടുത്തുന്നുണ്ട്- ഇന്നും നിലനില്‍ക്കുന്ന പ്രശ്‌നമാണിത്.
സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ദലിതരെ തുടര്‍ച്ചയായി ചിത്രീകരിച്ചതിന് ഒരു പതിവുരീതിയുണ്ട്, എപ്പോഴും ഇരയാക്കപ്പെടുന്നതിന് മാത്രം വലിയ പ്രാധാന്യം കൊടുക്കുന്നതാണത്. ഇവിടെയാണ് ബഹുജന്‍ നോട്ടത്തിന്റെ അസാന്നിധ്യം ജ്യോതി നിഷ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയില്‍ ജാതിയുടെയും അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെയും ബ്രാഹ്‌മണ്യ കാഴ്ചയിലൂടെയുള്ള പ്രാതിനിധ്യത്തെ തള്ളിക്കളയുന്നതിനുള്ള ബഹുജന്‍ ജനതയുടെ രാഷ്ട്രീയ നയത്തെയും എതിര്‍നോട്ടങ്ങളെയും കുറിക്കുന്നതാണ് ബഹുജന്‍ കാഴ്ച അല്ലെങ്കില്‍ ബഹുജന്‍ പ്രേക്ഷകത്വം. ദൃശ്യ ഭാഷ്യങ്ങള്‍ നിര്‍മ്മിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് ജ്യോതി നിഷ ഉയര്‍ത്തിക്കാണിക്കുന്നത്. ദലിത് കഥാപാത്രങ്ങളെ വൃത്തിയില്ലാത്തവരും പ്രതീക്ഷയറ്റവരും അറിവില്ലാത്തവരും അശക്തരും കുറ്റവാളികളുമായി ചിത്രീകരിക്കുന്ന പതിവ് രീതിയെ സംവിധായകന്‍ പാ.രഞ്ജിത്ത് വിമര്‍ശനവിധേയമാക്കുന്നുണ്ട്. അതുപോലെ, ഈ ഡോക്യുമെന്ററിയും പതിവു വാര്‍പ്പുമാതൃകകളില്‍നിന്നും മാറിനിന്നുകൊണ്ട് അംബേദ്കറുടെയും അംബേദ്കറൈറ്റുകളുടെയും അന്നും ഇന്നും എന്താണെന്നു കാണിക്കുന്നതിലൂടെ വലിയ പ്രതിരോധങ്ങളെ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്.


ദലിത് സ്വത്വവുമായി ബന്ധപ്പെട്ട സമരങ്ങളെ ജ്യോതി നിഷ ആഴത്തില്‍ നോക്കുന്നുണ്ട്, സ്വന്തം കുടുംബത്തിന്റെ തന്നെ അനുഭവങ്ങള്‍ ഉള്‍പ്പെടെ. സ്‌കൂളിലേക്കുള്ള വഴിയില്‍ സവര്‍ണ പുരുഷന്മാരുടെ കളിയാക്കല്‍ കാരണം ജ്യോതിയുടെ അമ്മയ്ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും ഇംഗ്ലീഷ് പഠിക്കണമെന്ന അവരുടെ സ്വപ്‌നം തകര്‍ക്കപ്പെട്ടതും വിദ്യാഭ്യാസ അവകാശനിഷേധത്തിന്റെ തെളിവാണ്.
രണ്ട് പ്രധാന സംഭവങ്ങളെ നിഷ താരതമ്യം ചെയ്യുന്നുണ്ട്, ദലിത് ആണെന്ന് മനസ്സിലാക്കിയ ശേഷം അംബേദ്കറെ ഒരു പാഴ്‌സി സത്രത്തില്‍ നിന്നും ഇറക്കിവിട്ടു, രോഹിത് വെമുലയെയും സുഹൃത്തുക്കളെയും ജാതി വിവേചനത്തിനെതിരെ സംസാരിച്ചതുകാരണം ക്യാംപസില്‍നിന്നും പുറത്താക്കി. ക്യാംപസില്‍ ഈ വിദ്യാര്‍ത്ഥികള്‍ വെളിവാട (ദലിത് ചേരികള്‍) സ്ഥാപിച്ചു- പൂര്‍ണമായും ജാതിയുടെ അടിസ്ഥാനത്തിലുള്ള ഇടം നിഷേധിക്കലിനെ, പുറംതള്ളലിനെ സൂചിപ്പിക്കുവാന്‍. അനീതികള്‍ സംഭവിച്ചപ്പോഴും അംബേദ്കറും രോഹിത് വെമുലയും അടിച്ചമര്‍ത്തലിനെ പ്രതിരോധിച്ചിരുന്നു. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തെ ഡോക്യുമെന്ററി തുറന്നെതിര്‍ക്കുന്നുണ്ട്. സ്വന്തം തിരിച്ചറിവിനെക്കുറിച്ച് ജ്യോതി ഇങ്ങനെ പറയുന്നു, ‘വെമുലയുടെ മരണം രാജ്യത്താകമാനം തീകൊളുത്തി, എന്റെയുള്ളിലും. കലാസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരത്തിന്റെയും മുകളിലുള്ള ആക്രമണങ്ങളും അക്കാലത്തുണ്ടായി, ഞാൻ നിയന്ത്രിക്കപ്പെടുന്നതായി തോന്നി. അതില്‍നിന്നും എനിക്ക് സ്വാതന്ത്ര്യം നേടണമായിരുന്നു- അത് വളരെ വ്യക്തിപരമായിരുന്നു.’
രോഹിത് വെമുലയുടെ മരണത്തിന് ശേഷം ക്യാംപസില്‍ രൂപപ്പെട്ട ജാതി വിരുദ്ധ മുന്നേറ്റത്തെ ആഴത്തില്‍ ചിത്രീകരിക്കുന്നുണ്ട് ഈ ഡോക്യുമെന്ററി. രോഹിത് ദലിത് ആയിരുന്നില്ല, ഓബിസി വിഭാഗത്തില്‍ ജനിച്ചയാളാണ് എന്നു വാദിച്ച രൂപന്‍വാള്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഈ ഡോക്യുമെൻ്ററി ചര്‍ച്ച ചെയ്യുന്നുണ്ട്. കുറ്റവാളികളെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമ (1989)ത്തില്‍ ശിക്ഷിക്കപ്പെടുന്നതില്‍നിന്നും സംരക്ഷിക്കാനാണ് ഈ കഥ കെട്ടിച്ചമച്ചത്. സവര്‍ണ ജാതിക്കാരായ കുറ്റവാളികള്‍ക്കുവേണ്ടി രേഖകളില്‍ ദലിത് സ്വത്വം മാറ്റിയെഴുതാന്‍ പ്രവര്‍ത്തിക്കുന്ന ഭീകരമായ ഭരണകൂടത്തെ ഇത് തുറന്നുകാട്ടുന്നു. വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തല്‍ തുടരുമ്പോഴും പ്രതിരോധത്തിൻ്റെ ഉയിര്‍ കെടുന്നില്ല.
വിദ്യാഭ്യാസവും മൂലധനവും ഇടങ്ങളും നിഷേധിക്കുന്നതിലൂടെ, സ്വത്വം വരെ നിഷേധിക്കുന്ന അനീതി ചരിത്രപരമായി തുടരുന്നതാണ്, ദലിത് ബഹുജന്‍ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമാണ്. അധികാര ഘടനയില്‍ സവര്‍ണ ജാതിക്കാര്‍ നിലനിര്‍ത്തുന്ന ആധിപത്യം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ, ധാർമ്മിക ധൈര്യം വളർത്തിയെടുക്കുന്നതിനൊപ്പം, ദലിതർ സാമൂഹിക നീതിക്കായി ഈ അധികാര ഘടനകളെ ചെറുക്കുകയും ധിക്കരിക്കുകയും ചെയ്യുന്നത് തുടരുന്നു.
ഡോക്യുമെന്ററി പിന്നീട് നമ്മളെ കൊണ്ടുപോകുന്നത് സവര്‍ണാധിപത്യത്തിനെതിരെ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും നടക്കുന്ന പ്രതിരോധ മുന്നേറ്റങ്ങളിലൂടെയുള്ള യാത്രയിലേക്കാണ്. അംബേദ്കറുടെ മഹദ് സത്യാഗ്രഹവും ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും ജിഗ്നേഷ് മേവാനിയുടെ ദലിത് അസ്മിതാ യാത്രയും തമ്മിലുള്ള സമാനതകളും ജ്യോതി നിഷ ചേര്‍ത്തുവെക്കുന്നുണ്ട്.
മഹദ് സത്യാഗ്രഹത്തിനിടെ അംബേദ്കര്‍ പ്രഖ്യാപിച്ചു, “ഞങ്ങളെ എതിര്‍ക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, ചൗധാര്‍ ടാങ്കില്‍ നിന്നും കുടിക്കാന്‍ വെള്ളം കിട്ടാത്തതുകാരണം ഞങ്ങളാരും മരിച്ചുപോയിട്ടില്ല. നമ്മളിപ്പോള്‍ ചൗധാര്‍ ടാങ്കിലേക്ക് പോകാനാഗ്രഹിക്കുന്നു, മറ്റുള്ളവരെപ്പോലെ ഞങ്ങളും മനുഷ്യരാണെന്ന് തെളിയിക്കുന്നതിനു വേണ്ടി.” സമാനമായി, സഹാരന്‍പൂരിലെ ഠാക്കൂറുകള്‍ക്കെതിരെ ദലിതരുടെ സ്വാഭിമാനത്തിനായി ആസാദ് നയിച്ച പ്രതിരോധവും. ബാബാ സാഹേബ് പ്രതിമയുടെ നേരെയുണ്ടായ സവര്‍ണരുടെ ആക്രമണത്തോടുള്ള സഹാരന്‍പൂരിലെ ദലിതരുടെ എതിര്‍പ്പും പ്രതിരോധവുമായിരുന്നു അത്. ഒരു ദലിത് സ്ത്രീ പറയുന്നു, “ഞങ്ങള്‍ ബാബാ സാഹേബിന് വേണ്ടി മരിക്കുവാനും തയ്യാറാണ്, അദ്ദേഹത്തെ അനാദരിക്കരുത്. ഞങ്ങളൊരിക്കലും സഹിക്കുകയില്ല.” ഈ വാചകം ബാബാ സാഹേബ് അംബേദ്കറോട് ജനങ്ങള്‍ക്കുള്ള ആഴമേറിയ സ്‌നേഹവും ബഹുമാനവുമാണ് കാണിക്കുന്നത്. ജിഗ്നേഷ് മേവാനിയുടെ ദലിത് അസ്മിതാ യാത്രയിലും അംബേദ്കറൈറ്റുകളുടെ വലിയ സമ്മേളനമുണ്ടായി. അവിടെയുയര്‍ന്ന ഭൂമിയുടെ ഉടമസ്ഥതയ്ക്ക് വേണ്ടിയുള്ള മുദ്രാവാക്യം ഇങ്ങനെയായിരുന്നു,
“നിങ്ങളുടെ പശുവിന്റെ വാല്‍ നിങ്ങള്‍ വെച്ചോളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തരൂ”.
സമരങ്ങളുടെ ദൃശ്യങ്ങളില്‍ വളരെ സൂക്ഷ്മമായി, ഒരു വലിയ ജനസഞ്ചയത്തെ ബാബാസാഹേബ് അംബേദ്കര്‍ കൈയുയര്‍ത്തി അഭിസംബോധന ചെയ്യുന്ന ഒരു രംഗവും ഡോക്യുമെന്ററിയില്‍ ചേര്‍ത്തിട്ടുണ്ട്, ഇത് ഇന്ത്യയിലെങ്ങുമുള്ള ജാതിവിരുദ്ധ മുന്നേറ്റങ്ങളില്‍ അംബേദ്കറുടെ അവസാനമില്ലാത്ത സ്വാധീനം അടയാളപ്പെടുത്തുന്നുണ്ട്. കലാപരമായ ഈ ഇടപെടല്‍, ഈ ഡോക്യുമെൻ്ററി വെറുമൊരു കാലരേഖയല്ലെന്നും അംബേദ്കറൈറ്റ് സന്ദേശങ്ങള്‍ വളരെ സൂക്ഷ്മമായ ചിന്തകളോടെ അടരുകള്‍ സൂക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ചതാണെന്നും സൂചിപ്പിക്കുന്നുണ്ട്.
അംബേദ്കര്‍ നയിച്ച ചരിത്രമുന്നേറ്റങ്ങളും ഇന്നത്തെ അംബേദ്കറൈറ്റ് മുന്നേറ്റങ്ങളും സമാന്തരമായി ചിത്രീകരിക്കുമ്പോള്‍ അതില്‍ ശ്രദ്ധേയമായൊരു കാര്യം മുന്‍കാല ഡോക്യുമെൻ്ററികളില്‍ ദലിത് പോരാട്ടങ്ങളെ എങ്ങനെ ചിത്രീകരിച്ചു എന്നു കൂടിയാണ്. ഈ ഡോക്യുമെൻ്ററികള്‍ പലപ്പോഴും അംബേദ്കറെയും അംബേദ്കറുടെ ആശയ സാക്ഷാത്കാരങ്ങളെയും ഉപരിവിപ്ലവമായി നോക്കി കാണാറുണ്ടെന്ന് മനസ്സിലാക്കാം. ഒരു ദലിത്, ബഹുജന്‍ കാഴ്ചപ്പാടിൻ്റെ അസാന്നിധ്യം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിനെതിരായി, ഈ ഡോക്യുമെൻ്ററി ഒരു ബഹുജന്‍ സ്ത്രീ നോട്ടമാണ് അവതരിപ്പിച്ചിരിക്കുന്നത്, സിനിമാ ലോകത്തിന് അത്യാവശ്യമായതും വളരെ അര്‍ത്ഥപൂര്‍ണവുമായ ഒരു സംഭാവനയാണിത്.


ജാതി വിരുദ്ധ പ്രതിരോധ മുന്നേറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നതോടൊപ്പം, ഡോക്യുമെൻ്ററി സാമൂഹ്യമായി അരികുവൽക്കരിക്കപ്പെട്ടവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ബ്രാഹ്‌മണ്യ പുരുഷാധിപത്യം എന്ന സങ്കല്‍പത്തെ ജ്യോതി നിഷ പരിശോധിക്കുന്നുണ്ട്, ദലിത് സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിൻ്റെ ഒരു പ്രധാന കാരണം ബ്രാഹ്‌മണ്യ പുരുഷാധിപത്യമാണ്.
ഇതിലെ വ്യത്യാസത്തെ കുറിച്ച് സിന്തിയ സ്റ്റീഫന്‍ ഇങ്ങനെ പറയുന്നു, “ദലിത് സ്ത്രീകളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന പുരുഷാധിപത്യം വളരെ വിഭവാധികാരങ്ങളുള്ള സമുദായങ്ങളില്‍നിന്നുള്ള സ്ത്രീകൾ ജീവിതത്തിലനുഭവിക്കുന്ന പുരുഷാധിപത്യത്തില്‍ നിന്നും വ്യത്യസ്തമാണ്. ഘടനാപരമായ ആക്രമണമാണിത്, എന്നാല്‍ മുഖ്യധാരാ ഫെമിനിസത്തിന് ഇതില്‍ ഉത്തരങ്ങളില്ല”.
ജാതിയെ കുറിച്ച് സംസാരിക്കാതെ, പുരുഷാധിപത്യത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും മാത്രം പറയുന്ന സവര്‍ണ ഫെമിനിസ്റ്റുകളുടെ പ്രവണതയെയും ഈ ഡോക്യുമെൻ്ററി വിമര്‍ശിക്കുന്നുണ്ട്. വിഭവാധികാരങ്ങളുള്ള, സവര്‍ണ പരിസരങ്ങളില്‍നിന്നു വരുന്നവരുടെ കാഴ്ചപ്പാടാണിത്. 2017ല്‍ റായാ സര്‍ക്കാര്‍ൻ്റെ നേതൃത്വത്തില്‍, അക്കാദമിക മേഖലയിലെ ലെെംഗിക പീഡകരുടെ ലിസ്റ്റ് (ലിസ്റ്റ് ഓഫ് സെക്ഷ്വല്‍ ഹറാസേഴ്‌സ് ഇന്‍ അക്കാദമിയ) പുറത്തുവിട്ടപ്പോൾ ഈ വിടവ് വളരെ വ്യക്തമായതാണ്, സവര്‍ണ അക്കാദമിക്കുകളില്‍ നിന്നും ഈ ലിസ്റ്റ് സംഘടിതമായ എതിര്‍പ്പ് നേരിട്ടു. റായാ സര്‍ക്കാരിൻ്റെ ദലിത് ബഹുജന്‍ സ്വത്വമാണ് ഇതിന് ഭാഗികമായ കാരണമായിരുന്നത്, ഇൻ്റര്‍സെക്ഷണല്‍ പ്രശ്‌നങ്ങളെ അപ്രധാനമാക്കിക്കൊണ്ടുതന്നെ എങ്ങനെയാണ് സവര്‍ണ സ്ത്രീകള്‍ ഫെമിനിസ്റ്റ് ഇടങ്ങളില്‍ ആധിപത്യം തുടര്‍ന്നത് എന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്.
ദലിത് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിന് മീറ്റൂ മൂവ്‌മെൻ്റിനെയും ഈ ഡോക്യുമെൻ്ററി വിമര്‍ശനവിധേയമാക്കുന്നു, മീ റ്റൂ മൂവ്‌മെൻ്റിൻ്റെ സംവാദങ്ങളിൽ ഇടപെടാൻ അവര്‍ ബുദ്ധിമുട്ടുകൾ നേരിട്ടു. ഡോക്യുമെൻ്ററിയില്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു സംഭവം മുന്‍ ട്വിറ്റര്‍ സിഇഓ ജാക്ക് ഡോഴ്‌സിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ദലിത് അവകാശ പ്രവര്‍ത്തക സംഘപാലി അരുണ തയ്യാറാക്കിയ, സ്മാഷ് ബ്രാഹ്‌മണിക്കല്‍ പാട്രിയാര്‍ക്കി (ബ്രാഹ്മണ്യ പുരുഷാധിപത്യത്തെ തല്ലിത്തകർക്കുക) എന്ന പ്ലകാര്‍ഡ് പിടിച്ചുകൊണ്ടു നില്‍ക്കുന്ന ജാക്ക് ഡോഴ്‌സിയുടെ ഫോട്ടോ. ഈ ഫോട്ടോ ബ്രാഹ്‌മണര്‍ക്കിടയില്‍ വലിയ രോഷമുണ്ടാക്കി (outrage), ഈ ഫോട്ടോ അവരുടെ മതവികാരം വെളിപ്പെടുത്തിയെന്നായിരുന്നു അവരുടെ വാദം. ഒരു ബഹുജന്‍ ലെന്‍സിലൂടെ ഈ സാഹചര്യത്തില്‍ ബ്രാഹ്‌മണിക്കല്‍ പാട്രിയാര്‍ക്കിയുടെ ഉറവിടത്തെക്കുറിച്ച് ഡോക്യുമെൻ്ററി ചര്‍ച്ച ചെയ്യുന്നുണ്ട്. ഋഗ് വേദവും മനുസ്മൃതിയും പോലുള്ള പുരാതന ഗ്രന്ഥങ്ങളിലാണ് അതിൻ്റെ ഉറവിടം. ദലിത് സ്ത്രീകളുടെ ജീവിതങ്ങളില്‍ തീവ്രമായ ആഘാതങ്ങളുണ്ടാക്കുന്ന ഈ പുസ്തകങ്ങള്‍ സവര്‍ണ സ്ത്രീകള്‍ വലിയ തോതില്‍ തള്ളിക്കളയാറുള്ളതാണ്.


മേല്‍പറഞ്ഞ വിഷയങ്ങള്‍ കൂടാതെ, എങ്ങനെയാണ് ഹിന്ദു ഗ്രൂപ്പുകള്‍ അംബേദ്കറെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ചും ഡോക്യുമെൻ്ററി സംസാരിക്കുന്നുണ്ട്. മനുഷ്യര്‍ തോട്ടിപ്പണി ചെയ്യേണ്ടിവരുന്ന ദുരിതമവസാനിക്കാത്ത സാഹചര്യം, ദ ഹിന്ദു കോഡ് ബില്‍, പൂനാ പാക്റ്റ് എന്നിവയെക്കുറിച്ചും ഡോക്യുമെൻ്ററി സംസാരിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ സയൻ്റിസ്റ്റ് ക്രിസ്റ്റഫര്‍ ജെഫര്‍ലെ, ബെസ്‌വാദാ വില്‍സണ്‍, തേന്‍മൊഴി സൗന്ദരരാജന്‍, എഴുത്തുകാരി ഊര്‍മിള പവാര്‍, ചന്ദ്രശേഖര്‍ ആസാദ്, ജിഗ്‌നേഷ് മേവാനി എന്നീ രാഷ്ട്രീയ നേതാക്കള്‍, ഓള്‍ ഇന്ത്യ ബാക്വേഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍ (ബാംസെഫ്) ചീഫ് ബി.ഡി ബോര്‍കര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ഡോക്യുമെൻ്ററിയില്‍ സംസാരിക്കുന്നുണ്ട്. ജാതിവിരുദ്ധ മുന്നേറ്റങ്ങളെക്കുറിച്ചും ദലിത് സ്വത്വ വാദത്തെക്കുറിച്ചുമുള്ള അവരുടെ ആശയങ്ങള്‍ ഡോക്യുമെൻ്ററിയുടെ അന്വേഷണങ്ങളെ ആഴപ്പെടുത്തുന്നുണ്ട്.
ഡോക്യുമെന്ററിയുടെ അവസാനഭാഗം അംബേദ്കറുടെ ബുദ്ധ മതത്തിലേക്കുള്ള മതപരിവര്‍ത്തനത്തെ കുറിച്ചാണ്. നിര്‍ണായക തീരുമാനത്തിലേക്കെത്തിയതിൻ്റെ യുക്തിയും തത്വചിന്തയും എന്തൊക്കെയാണ് എന്ന് ഡോക്യുമെൻ്ററി അന്വേഷിക്കുന്നുണ്ട്. മതപരിവര്‍ത്തന ചടങ്ങിൻ്റെ ദൃശ്യങ്ങളും, ബുദ്ധനും അംബേദ്കറും സ്‌ക്രീനില്‍ വരുന്നു, നവയാന ബുദ്ധിസത്തിൻ്റെ തത്വങ്ങളും പശ്ചാത്തലത്തില്‍ പറയുന്നു. ഡോക്യുമെൻ്ററിയുടെ തുടക്കത്തില്‍ ജ്യോതി നിഷ ചൈത്യഭൂമിയുടെ നേര്‍ക്ക് ഓടുന്നൊരു സീക്വൻസ് ഉണ്ട്, അംബേദ്കറിലേക്കും ബുദ്ധനിലേക്കും, അതിലൂടെ മനസിൻ്റെ മോചനത്തിലേക്കും എത്താന്‍ കഴിയുന്നതിനെ ആവിഷ്ക്കരിക്കുന്നതാണ് ഈ ഓട്ടം. ഡോക്യുമെൻ്ററിയുടെ അവസാനത്തിലും ജ്യോതി നിഷ ഇത് ആവര്‍ത്തിക്കുന്നുണ്ട്.
തത്വചിന്തയുടെ മാറ്റിത്തീര്‍ക്കാനുള്ള കഴിവിനെക്കുറിച്ച് ജ്യോതി നിഷ ഇങ്ങനെ പറയുന്നു, “this philosophy has liberated me as a woman and a thinker”. അക്ഷരാര്‍ത്ഥത്തിലും ആലങ്കാരികമായും ജ്യോതി നിഷയുടെ ഈ ഡോക്യുമെൻ്ററിയിലെ യാത്ര അംബേദ്കറിലും ബുദ്ധനിലും തുടങ്ങുന്നു, അവരിലേക്കു തന്നെ തിരിച്ചെത്തുന്നു, സ്വന്തം വിമോചനത്തിൻ്റെ പാതയില്‍ അവര്‍ക്കുള്ള അവസാനമില്ലാത്ത സ്വാധീനത്തെ അടിവരയിടുന്നു.
ഡോക്യുമെൻ്ററിയുടെ അവസാനഭാഗത്ത് ജാതി ഉന്മൂലനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ജ്യോതി അവരുടെ ലക്ഷ്യം വ്യക്തമാക്കുന്നു, “ജാതീയമായ ഹിന്ദു ഇന്ത്യയില്‍ ഒരു അംബേദ്കറൈറ്റ് ആവുക എന്നാല്‍ എന്താണെന്ന് അറിയാനും മനസിലാക്കാനും സംവദിക്കാനും സമര്‍പ്പിക്കാനുമുള്ളൊരു ശ്രമമാണ് ഈ സിനിമ”. ബാബാ സാഹേബ് അംബേദ്കര്‍ക്ക് ആദരമറിയിച്ചുകൊണ്ട്, ദലിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും പ്രതിരോധിക്കുന്നതിന് അവര്‍ക്ക് ഊര്‍ജ്ജം നല്‍കിയതിലും അംബേദ്കര്‍ക്കുള്ള പങ്കിനെ ആഘോഷിച്ചുകൊണ്ടുള്ള ഒരു പാട്ടില്‍ ആണ് ഡോക്യുമെന്ററി അവസാനിക്കുന്നത്,
“Bhim has blossomed a desolate garden,
he had given us buddha’s dhamma,
we were caught in darkness of ages,
Bhim has lit a lamp in the storm.”
ഈ പാട്ടിനൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെ ഒരു ദൃശ്യം സ്‌ക്രീനില്‍ വരുന്നു, ദലിതര്‍ക്ക് അവകാശങ്ങള്‍ ഉറപ്പുനല്‍കിയ, ദലിതരുടെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും സാഹോദര്യത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അംബേദ്കര്‍ എഴുതിയ ഭരണഘടന തയ്യാറാക്കിയ അടിത്തറയെ സൂചിപ്പിക്കുവാനാണ് ഈ ദൃശ്യം. ഭരണഘടന വഴികാട്ടുന്ന തത്വങ്ങളിലൂടെ അന്നും ഇന്നും തുടരുന്ന പ്രതിരോധത്തെ കാണിക്കുവാന്‍.
അപേക്ഷ സിങ്‌ഗെഗോള്‍: കര്‍ണാടകയിലെ ബെലഗാവി സ്വദേശിയായ അപേക്ഷ സിങ്‌ഗെഗോള്‍ ബാംഗ്‌ളൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സെൻ്റര്‍ ഫോര്‍ റിസര്‍ച്ചില്‍ സോഷ്യോളജിയില്‍ ഗവേഷണം ചെയ്യുന്നു. ജാതി, ദലിത് പഠനങ്ങള്‍, മീഡിയയുടെ സോഷ്യോളജി, പോപുലര്‍ കള്‍ച്ചര്‍ എന്നിവയാണ് താല്‍പര്യമേഖലകള്‍. അപേക്ഷ ഇപ്പോള്‍ ജാതിയും സിനിമയും എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയാണ്. ദ ന്യൂസ് മിനിറ്റ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ദ റൗണ്ട് ടേബിള്‍ ഇന്ത്യ, ദ മൂക് നായക് എന്നിവിടങ്ങളില്‍ ജാതിവിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ചും ദക്ഷിണേന്ത്യയിലെ അംബേദ്കറൈറ്റ് മുന്നേറ്റങ്ങളെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരിഭാഷ: മൃദുല ഭവാനി