സംഭാവനയുടെ മറവിൽ അനധികൃത ആനക്കച്ചവടം

ആസാം, അരുണാചൽപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ സംസ്ഥാന വനംവകുപ്പിനോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിശദീകരണം ചോദിച്ചിരിക്കുകയാണ്. 2024 ആ​ഗസ്റ്റ് 20 ന് ആണ് വിശദീകരണം ചോദിച്ചുകൊണ്ടുള്ള നോട്ടീസ് കേരളത്തിന് അയക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിച്ച ആനകളുടെ വിവരങ്ങളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള നാട്ടാനകളുടെ വിവരങ്ങളും തേടി വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (WCCB) വനം വകുപ്പിന് 2024 ആ​ഗസ്റ്റ് 16ന് കത്ത് നൽകുകയും ചെയ്തു. ആനക്കച്ചവടം രാജ്യത്ത് നിരോധിച്ചിട്ടുള്ളതിനാൽ ആനകളെ വിൽക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. എന്നാൽ ആനകളെ സംഭാവന നൽകാൻ കഴിയുന്ന സംവിധാനം ഇപ്പോഴും നിലവിലുണ്ട്. ഇങ്ങനെ സംഭാവനയായി ലഭ്യമായതാണ് എന്ന വ്യാജേനയാണ് ആനകളെ കേരളത്തിലേക്ക് എത്തിക്കുന്നത് എന്നാണ് പരാതി. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ കേരളത്തിലേക്ക് നാട്ടാനകളെ എത്തിക്കുന്നതടക്കം സംസ്ഥാനാന്തര കൈമാറ്റങ്ങൾക്കെല്ലാം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ആനകൾക്ക് ഡി.എൻ.എ പ്രൊഫൈൽ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. രജിസ്റ്ററിൽ ഉൾപ്പെടാത്ത ആനകളെ കൈമാറ്റം ചെയ്യാനോ സംസ്ഥാനങ്ങൾക്ക് പുറത്തേക്ക് കൊണ്ടുപോവാനോ സാധിക്കില്ല. കൈമാറ്റം ചെയ്യുന്ന ആനകൾക്ക് ആരോ​ഗ്യപ്രശ്നങ്ങളില്ലെന്ന് വെറ്റിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റും അതത് മേഖലയിലെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയും വേണം. ആവശ്യമെങ്കിൽ മയങ്ങാനുള്ള മരുന്ന് നൽകി സുരക്ഷിത വാഹനത്തിൽ വേണം ആനയെ യാത്ര ചെയ്യിക്കാനെന്നും പുതുക്കിയ ചട്ടത്തിൽ പറയുന്നു. 2019ൽ കേരള വനം വകുപ്പ് ശേഖരിച്ച കണക്കുപ്രകാരം സംസ്ഥാനത്ത് 521 കാട്ടാനകളുണ്ടായിരുന്നു. അഞ്ച് വർഷത്തിനിടയ്ക്ക് ഇതിൽ 116 എണ്ണം ചരിഞ്ഞു. ആകെയുണ്ടായിരുന്ന 521 നാട്ടാനകളിൽ 393 എണ്ണവും ഇതര സംസ്ഥാന ആനകളാണെന്നാണ് വനംവകുപ്പ് പറയുന്നത്. 128 എണ്ണം മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. നാട്ടാന‌കളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതോടെയാണ് പൂരങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനകളെ വാടകയ്ക്ക് നൽകുന്ന ആനയുടമസ്ഥരുടെ സംഘം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാനായി ശ്രമമാരംഭിച്ചത്.

representational image. കടപ്പാട്:pinterest

ചീഫ് വൈൽഡ് ലൈഫ് വാർഡന് ലഭ്യമായ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഏജൻ്റുമാരുടെ ക്രിമിനൽ ബന്ധം, അനധികൃത വാണിജ്യ വ്യാപാരം, വടക്ക്-കഴിക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബന്ദികളാക്കിയ ആനകളുടെ കൈമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്. കമ്മിറ്റി രൂപീകരിച്ച് കിഴക്കേ ഇന്ത്യ മുതൽ കേരളം വരെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടിരിക്കുന്നത്. ആനകളുമായി ബന്ധപ്പെട്ട കേസുകളിൽ മലയാളിയായ ഓമനക്കുട്ടൻ പിള്ളയ്ക്കെതിരെ ‌രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ ഡബ്ലു.സി.സി.ബി ആവശ്യപ്പെട്ടിട്ടുണ്ട്. വനം വകുപ്പ് ബന്ദികളാക്കിയ ആനകളുടെ അന്തർസംസ്ഥാന നീക്കം, ഗതാഗതം, വാണിജ്യ വ്യാപാരം, കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം, വനം വകുപ്പ് കണ്ടെത്തിയ കേസുകളുടെ എണ്ണം ഉൾപ്പെടെ ​ഗതാ​ഗതത്തിന് നൽകിയ അനുമതിയുടെയും വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ വെങ്കിടാചലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നിയമം അനുസരിച്ചുള്ള വാണിജ്യ ഉപരോധം തീർത്തും അവ​ഗണിച്ചാണ് കേരളത്തിലെ ആനയുടമകളും ഉത്സവകമ്മിറ്റികളും ആനകളെ വാങ്ങാൻ പരസ്യമായി പണം സ്വരൂപിച്ചതെന്ന് വെങ്കിടാചലം ചൂണ്ടിക്കാട്ടുന്നു.

representational image. കടപ്പാട്:mathrubhumi

ആനക്കടത്തിന് നിയന്ത്രണങ്ങൾ

2024ലെ എലിഫന്റ് ക്യാപ്റ്റീവ് റൂൾസ് അനുസരിച്ച് ആനയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൈമാറ്റം അനുവദിക്കൂ. 2024 ജൂണിൽ അരുണാചൽപ്രദേശിൽ നിന്ന് ആസാം വഴി കടത്തിയ പത്ത് ആനകളെ പിടികൂടിയിരുന്നു. ഇലക്ട്രോണിക് മോണിറ്ററിം​ഗ് ആപ്ലിക്കേഷനിൽ ആനയുടെ ജനിതക പ്രൊഫൈൽ നൽകിയിട്ടില്ലെങ്കിൽ ആനയുടെ കൈമാറ്റം അനുവദനീയമല്ലെന്നും നിയമം പറയുന്നുണ്ട്. ആവർത്തിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിൽ ആനകളെ മാറ്റുന്നതിന് ജനിതക പ്രൊഫൈലിം​ഗ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും സംസ്ഥാന വനംവകുപ്പ് മേധാവികളോട് നിർദ്ദേശിക്കുകയും ചെയ്തുകൊണ്ട് ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള പ്രോജക്റ്റ് എലിഫന്റ് വി‍‌‍ജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ആനകളെ ട്രാൻസ്ഫർ ചെയ്യാൻ മുമ്പ് ഉണ്ടായിരുന്ന നിയമം ആരാധനാലയങ്ങൾക്ക് വേണമെങ്കിൽ ആനകളെ ത്രിഫ്റ്റ് (കൈമാറ്റം) ചെയ്യാം എന്നതായിരുന്നു. നേരത്തെ എല്ലാ സ്ഥലങ്ങളിൽ നിന്നും സർക്കസിന് ആനകളെ കൊണ്ടുപോയിരുന്നു. സർക്കസിന്റെ വണ്ടിയിൽ പോകുന്ന ആനയ്ക്ക് ഏതെങ്കിലും ഒരു രേഖ കാണിച്ചുകൊടുത്താൽ മതിയായിരുന്നു. ഇത്തരത്തിൽ സർക്കസിന്റെ വണ്ടികളിൽ ആണ് ആയിരത്തോളം ആനകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്നിട്ടുള്ളതെന്ന് വെങ്കിടാചലം കേരളീയത്തോട് വ്യക്തമാക്കി. “സർക്കസുമായി ബന്ധപ്പെട്ടാണ് ഈ കടത്ത് നടന്നിരുന്നത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥരും, പൊലീസും, അതിർത്തിയിലെ ഉദ്യോ​ഗസ്ഥരും കൂട്ടുനിന്നിട്ടാണ് നാട്ടാനകൾ ഇവിടെ പെരുകിയത്. ഈ നിയമങ്ങളൊക്കെ പണ്ടും ഉണ്ടായിരുന്നു. വിവരാവകാശ നിയമം വന്നതിൽ പിന്നെയാണ് ഇതിന്റെ വിവരങ്ങൾ പുറത്തേക്കു വന്ന് തുടങ്ങിയത്. 2003 മുതൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നിയമം നിലവിലുള്ളതാണ്. കേരളത്തിലെയും ഇന്ത്യയിലെയും ആനകൾക്ക് ഇത് ലഭിക്കാത്തത് ഇവിടുത്തെ ആളുകൾക്ക് താത്പര്യമില്ലാഞ്ഞിട്ടാണ്. നിലവിലെ ആനക്കൈമാറ്റ നിയമം പരിഷ്കരിച്ച് അതിലാണ് ആനയുടെ ജനിറ്റിക് വിവരങ്ങളെ പറ്റിയുള്ള ഇലക്ട്രോണിക് സംവിധാനം കൂട്ടിചേർത്തത്. ഇന്ത്യയിലെ ഏത് സ്ഥലത്തും ഇത്തരത്തിലുള്ള അനധികൃത കൈമാറ്റം നടന്നാൽ കണ്ടുപിടിക്കാൻ കഴിയുന്ന തരത്തിലാണ് ഇലക്ട്രോണിക് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ആന എങ്ങോട്ടാണ് പോകുന്നതെന്ന് ജിപിഎസ് സംവിധാനം വച്ച് കണ്ടുപിടിക്കാൻ സാധിക്കും. അതിനിടയിലാണ് നിയമങ്ങളൊക്കെ കാറ്റിൽപറത്തി കൊണ്ട് ആനയെ വാങ്ങിക്കാൻ പണം സ്വരൂപിക്കാൻ പല അമ്പലങ്ങളിലും ഭണ്ഡാരം വച്ചിരിക്കുന്നത്.”

വി.കെ വെങ്കിടാചലം

2022ൽ ആണ് വന്യജീവികളെ ട്രാൻസ്ഫർ ചെയ്യാൻ നിലവിലുള്ള നിയങ്ങൾ ഭേദ​ഗതി ചെയ്യുന്ന തീരുമാനം കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാവുന്നത്. വന്യജീവികൾക്ക് ഒരു സ്ഥലത്ത് താമസിക്കാൻ സൗകര്യമില്ലെങ്കിൽ അവിടെ നിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് താമസിപ്പിക്കുക എന്നതായിരുന്നു ഭേ​ദ​ഗതിയുടെ ഉദ്ദേശം. രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം കാരണമാണ് ഇത്തരത്തിലുള്ള ഒരു ഭേ​ദ​ഗതി നിലവിൽ വന്നതെന്ന് ആരോപണമുണ്ട്. ഉത്സവ മാഫിയയുമായി ചേർന്ന് ആർ.എസ്.എസും ബി.ജെ.പിയുമാണ് ആനക്കടത്തിന് കൂട്ട് നിൽക്കുന്നതെന്ന് വെങ്കിടാചലം പരാതിപ്പെടുന്നു. ഇതിനിടെ ജയറാം രമേശ് നിയമ ഭേദ​ഗതിക്കെതിരെ കോടതിയെ സമീപിച്ചു. ആനകളെ പൈതൃക മൃ​ഗമായി പ്രഖ്യാപിച്ചത് ജയറാം രമേശ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ പ്രവ‌‌‌‌‌‌ർത്തിക്കുന്ന സമയത്താണ്. തുടർന്ന് ആന സംരക്ഷണത്തിന് ജയറാം രമേശ് ചില പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ആനകളെ വേലികെട്ടി കാടിനോട് അടുത്ത പ്രദേശത്ത് സംരക്ഷിക്കാനും കാടുകൾക്കുള്ളിൽ ഏഷ്യൻ എലിഫന്റ്സിനെ സംരക്ഷിക്കാൻ ഒരു സംവിധാനമുണ്ടാക്കാനുമായിരുന്നു പദ്ധതി. 2010 ൽ ആണ് ആനകളെ പൈതൃക മൃ​ഗമായി പ്രഖ്യാപിച്ചത്. അതിന് മുന്നേ കടുവ, പുലി, മയിൽ എന്നിവ മാത്രമേ ഈ പട്ടികയിൽ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ ജയറാം രമേശിനെ പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും മറ്റിയ ശേഷം പകരം ചുമതലയേറ്റെടുത്ത ജയന്തി നടരാജന് ഈ വിഷയത്തിൽ കൂടുതൽ താത്പര്യമില്ലായിരുന്നതിനാൽ ആനകളെ പൈതൃക മൃ​ഗമാക്കിയ ​ഗജ റിപ്പോർട്ട് അടക്കം പലതും വെബ്സൈറ്റിൽ മാത്രം ഒതുങ്ങി. ആനകളെ സംരക്ഷിക്കുന്നതിനായുള്ള ബൃഹത് പദ്ധതി രൂപീകരിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും കമ്മറ്റിയുണ്ടാക്കി അന്വേഷണം നടത്തി തയ്യാറാക്കിയ ഒരു വലിയ റിപ്പോർട്ടായിരുന്നു അത്. നാഷണൽ ടൈ​ഗർ കൺസർവേഷൻ പോലെ എലിഫന്റ് കൺസർവേഷൻ അതോറിറ്റിയുണ്ടാക്കണമെന്ന തീരുമാനവും അന്നുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയിൽ കേസ് വന്നത്. ആ കേസ് നിലനിൽക്കെയാണ് ആനകളെ ട്രാൻസ്ഫർ ചെയ്യാനുള്ള കേന്ദ്ര അനുമതി ​ഗസറ്റിൽ വിജ്ഞാപനം ചെയ്തത്.

“കേന്ദ്രസർക്കാർ ഈ വിഷയത്തെ സമീപിച്ച രീതിയും വ്യത്യസ്തമായിരുന്നു. പാ‌ർട്ടിയ്ക്ക് ആനകളെ കൊണ്ടുവരാൻ താത്പര്യമുണ്ടായിരുന്നെങ്കിലും ഉദ്യോ​ഗസ്ഥർക്ക് സുപ്രീംകോടതിയിൽ കേസ് നിൽക്കുന്ന കാര്യമറിയാവുന്നത് കൊണ്ട് സർക്കാർ പുറപ്പെടുവിക്കുന്ന നിബന്ധനകൾക്ക് അനുസൃതമായി ആനകളെ ട്രാൻസ്ഫർ ചെയ്യാൻ താഴെ പറയുന്ന രേഖകൾ വേണമെന്ന് പറഞ്ഞ് 10,12 പേജുകളുള്ള ഒരു നിർദ്ദേശം പ്രസിദ്ധീകരിച്ചു. സ‌ർക്കാർ പുറപ്പെടുവിക്കുന്ന രേഖകളും ഓണർഷിപ്പ് സർട്ടിഫിക്കറ്റുകളും നടപടിക്രമങ്ങളും പാലിച്ച് മാത്രമേ ആനകളെ ട്രാൻസ്ഫർ ചെയ്യാൻ പറ്റൂ എന്നാണ് ഇതിൽ പറഞ്ഞിട്ടുള്ളത്. ആ സമയത്താണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പെട്ടെന്ന് കണ്ടാൽ നോർത്ത് ഈസ്റ്റ് ആണെന്ന് തോന്നുന്ന തരത്തിലുള്ള ആനകളുടെ ഫോട്ടോകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയത്. കേരളത്തിൽ നിന്ന് കുറേ ആളുകൾ അവിടെ ചെന്ന് ആനയുടെ കൂടെ നിൽക്കുന്ന കുറേ ചിത്രങ്ങളും പകർത്തി പ്രചരിപ്പിച്ചു. ആ ചിത്രങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പരാതി നൽകുന്നത്.” വെങ്കിടാചലം പറഞ്ഞു.

ആനകളുടെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ്

എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കേസുകൾ അന്വേഷിക്കുക വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ചുമതലയാണ്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ പല വ്യക്തികൾക്കുമെതിരെ മുമ്പും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ കേസെടുത്തിട്ടുണ്ട്. ഈ സംഭവങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്കും കേരളത്തിനും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചത്. ആനകളെ കൈമാറുന്നതിനുള്ള നടപടി ക്രമങ്ങളിൽ പ്രധാനമായും പറയുന്ന നിബന്ധന ആന കൈമാറ്റത്തിൽ പണം കൈമാറരുതെന്നതാണ്. ആന സംരക്ഷണമാണ് ഉദ്ദേശമെന്നതുകൊണ്ട് തന്നെ സംരക്ഷണം ഏറ്റെടുക്കുന്നവർ കൈയിൽ മുൻകൂർ പണം കാണിക്കണം. കൂടാതെ എഴുന്നള്ളിപ്പിനോ ഉത്സവത്തിനോ കൊണ്ടുപോയി ചിലവുകൾ നോക്കാൻ പാടില്ല എന്ന നിയമങ്ങളും പാലിക്കണം. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വേണമെന്നുള്ളതാണ് ഏറ്റവും പ്രധാനം. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇന്ത്യയിൽ ഒരു ആനയ്ക്കും ഇതുവരെ ലഭ്യമായിട്ടില്ല.

മുറിവേറ്റ ആന. കടപ്പാട്:downtoearth

2002ൽ ആനക്കൊമ്പ് കടത്ത് പിടിച്ചതിനെ തുടർന്നുണ്ടായ നിയമ തർക്കങ്ങൾക്കിടയിലാണ് മൃ​ഗങ്ങളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് പുതിയ ഒരു നിയമമുണ്ടാക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ചുമതലപ്പെടുത്തുന്നത്. വൈൽഡ്ലൈഫ് സ്റ്റോക്ക് ഡിക്ലറേഷൻ റൂൾ എന്ന നിയമം അങ്ങനെയാണ് രൂപപ്പെടുന്നത്. വൈൽഡ് പ്രൊട്ടക്ഷൻ ആക്ടിന്റെ കീഴിലുള്ള റൂളാണിത്. ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയിട്ടുള്ള വന്യജീവികൾക്കും വന്യജീവികളുടെ കംപോണന്റ്സിനും ഉടമസ്ഥത കൊടുക്കാനുള്ള നിയമമായി 2003ൽ ഈ നിയമം നിലവിൽ വന്നു. എന്നാൽ ഈ നിയമം നിലവിൽ വന്ന ശേഷവും കേരളത്തിലെ ആനകൾക്കൊന്നും ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല എന്ന് വെങ്കിടാചലം ചൂണ്ടിക്കാണിക്കുന്നു.

“അന്ന് ഇതിനെക്കുറിച്ച് ആ‌ർക്കും വലിയ അറിവുണ്ടായിരുന്നില്ല. റൂൾ പബ്ലിഷ് ചെയ്ത് അതിനെതിരെ ആരും പരാതിയൊന്നും കൊടുത്തില്ല. അത് നടപ്പിലായി കഴിഞ്ഞ് സർക്കാർ ​ഗസറ്റിൽ ഒരു വിജ്ഞാപനം വന്നു. 2003 ഒക്ടോബർ 18 വരെ വന്യജീവികളെ കൈവശം വച്ചിട്ടുള്ളവരും വന്യജീവികളുടെ സ്പോൺസർഷിപ്പ് കൈവശം വച്ചിട്ടുള്ളവരും അത് തങ്ങൾക്ക് പരമ്പരാ​ഗതമായി കിട്ടിയതാണെന്ന രേഖ സമർപ്പിച്ചാൽ അവയ്ക്കൊക്കെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാമെന്ന ഒരു ഉത്തരവ് ആയിരുന്നു അത്. ആന സംരക്ഷണ പ്രവർത്തനങ്ങൾ ഞാൻ ആരംഭിച്ച ഒരു സമയമായിരുന്നു അത്. അങ്ങനെ ആദ്യമായി വനംവകുപ്പിന് ഒരു കത്തയച്ചു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ എത്ര ആനകൾക്ക് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്, കൊമ്പുകൾക്ക് കൊടുത്തിട്ടുണ്ട് എന്ന് അറിയുക ആയിരുന്നു കത്തിന്റെ പിന്നിലെ ലക്ഷ്യം. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഒരു തേർഡ് പാർട്ടി ഇൻഫർമേഷൻ ആണ്. ഔദ്യോ​ഗിക രേഖയായതിനാൽ ഇത് കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്ന് ആയിരുന്നു സർക്കാർ ഇതിന് നൽകിയ മറുപടി. 2005ലാണ് വിവരാവകാശ നിയമം നിലവിൽ വരുന്നത്. ആ നിയമം വച്ച് ചോദ്യം ചോദിച്ചപ്പോൾ ഇതിന് മറുപടിയായി ആനകൾക്കൊന്നും ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ല എന്ന വിവരം ലഭിച്ചു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണങ്ങളിലും ലഭ്യമായ വിവരങ്ങളൊക്കെ ശരിയാണെന്ന് തെളിഞ്ഞു.” വെങ്കിടാചലം പറഞ്ഞു. ​

2013ൽ അന്യസംസ്ഥാനത്തിൽ നിന്നും കൊണ്ടുവന്ന ആന തൃശൂർ പൂരത്തിന് ഓടിയത് (ഈ ആനയാണ് 2024 സെപ്തംബർ 1ന് ചരിഞ്ഞത്) സംബന്ധിച്ച പ്രശ്നത്തിൽ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അവിടെയുണ്ടായിരുന്ന എല്ലാ ആനകളെയും പരിശോധിക്കാൻ തീരുമാനിച്ചു. അവിടെയുള്ള ആനകൾക്കൊന്നും ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് മാത്രമല്ല മറ്റ് ചില ​ഗുരുതര പ്രശ്നങ്ങൾ കൂടി അവർ കണ്ടെത്തി. തുടർന്ന്, പല സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി ആനകൾ ​ഗുരുവായൂർ എത്തിയിട്ടുണ്ടെന്നും അവയ്ക്ക് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ലെന്നുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേസ് കോടതിയിലെത്തി. കേസിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരുമായിരുന്നു എതിർക​ക്ഷിയെങ്കിലും പല സംസ്ഥാനങ്ങളിൽ നിന്നും ആനകൾ കേരളത്തിലേക്കെത്തിയ സാഹചര്യം പരി​ഗണിച്ച് ആ സംസ്ഥാനങ്ങളെയും ഹൈക്കോടതി കേസിൽ എതിർക​ക്ഷിയാക്കി. ആ കേസിനെ തുടർന്നാണ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനമാകുന്നത്. അങ്ങനെ ലഭ്യമായ അപേക്ഷകളുടെ അടിസ്ഥാനത്തിൽ അറുന്നൂറിലധികം ആനകൾ കേരളത്തിലുണ്ടെന്ന വിവരം അതോടെ പുറത്തായി. 2003 ഒക്ടോബറിനുള്ളിൽ കൊടുത്ത ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കേരളത്തിലെ ഒരു ആനകൾക്കും ഇല്ല എന്നാണ് വെങ്കിടാചലം പറയുന്നത്. പുതിയ നിയമനുസരിച്ച് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്. കടപ്പാട്:hindustantimes

“ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യണമെങ്കിൽ സുപ്രീംകോടതിയുടെ അനുമതി വേണം. മതപരമായ ആവശ്യങ്ങൾക്ക് ആനകളെ ​ട്രാൻസ്ഫർ ചെയ്യാമെന്നൊരു വാദം ഇതിലുണ്ട്. ഈ വാദത്തിനെതിരെ ആണ് ജയറാം രമേശ് സുപ്രീം കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ ഇത് പഴയ നിയമമാണ്. ഹെൽത്ത് ഡീറ്റെയിൽസ് വേണം, ഒപ്പം ഡിഎൻഎയുടെ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളും വേണം. 2003 ഒക്ടോബറിനുള്ളിൽ കൊടുത്തിട്ടുള്ള ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അഞ്ച് കൊല്ലം കൂടുമ്പോൾ പുതുക്കിയതിന്റെ രേഖ വേണമെന്നുമുള്ളതാണ് ഇതിലെ മറ്റ് വ്യവസ്ഥകൾ.” വെങ്കിടാചലം പറഞ്ഞു.

ആനകളുടെ മരണ നിരക്ക് കൂടാനുള്ള കാരണം

ആനകളുടെ മരണ നിരക്ക് കൂടിയതോടെയാണ് കേരളത്തിൽ ആനകളുടെ എണ്ണം കുറയാൻ തുടങ്ങിയത്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള നിയമവിരു​ദ്ധ മാർ​ഗങ്ങൾ വ്യാപകമാകുന്നതെന്നും വെങ്കിടാചലം പറയുന്നു. ആനകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും ആനകളുടെ മരണം കൂടുന്നതിന് കാരണമാകുന്നതായി അദ്ദേഹം പറയുന്നു. “കോടതി അനുശാസിക്കുന്ന നിയമപ്രകാരമല്ല ഇവിടെ ആനകളെ നോക്കുന്നത്. ആന മഴ കൊണ്ട് നിൽക്കരുത്, നിൽക്കുന്ന സ്ഥലത്ത് മൂത്രവും ആനപിണ്ഡവും കൂടികലർന്ന് വൃണമുണ്ടാവരുത്. ഇത് രണ്ടും ആരും നോക്കുന്നില്ല. ഇവയെ കെട്ടിയിടുന്നത് മരത്തിന്റെ അടിയിലാണ്. മുഴുവൻ സമയവും മഴയും വെയിലും കൊണ്ടാവും ഇവ നിൽക്കുക. പാദരോ​ഗം വന്ന് ദഹനം ശരിയാവാതെ ആണ് ആനകൾ ചാവുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരത്തിൽ ആനകളുടെ മരണനിരക്ക് വർദ്ധിക്കുന്നില്ല.”

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read