ഗാന്ധിയുടെ ധർമ്മധാതുക്കൾ – 3

ഒരുവന്റെ നിത്യജീവിതത്തിൽ ഉപയോഗപ്രദമല്ലാത്ത മതം എങ്ങനെ മതമാകും? : ഗാന്ധി

നമ്മുടെ കാലത്ത് മതം ഉപയോഗപ്രദമാകുന്നത് രാഷ്ട്രീയക്കാർക്കാണ്. മതത്തിനെ ആയുധമാക്കി അധികാരത്തിലെത്തുന്നവർക്കാണ്. മതത്തിന്റെ ആന്തരസത്ത ചോർത്തിക്കളഞ്ഞ മനുഷ്യരുടെ തലയോട്ടികളുണ്ടാക്കി അതുകൊണ്ടാണ് അവർ അധികാരത്തിലേക്കുള്ള ചോരപ്പാത തെളിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ട വർഗീയ കലാപങ്ങളെല്ലാം മതത്തിന്റെ പേരിലായിരുന്നു. നമ്മുടെ ഉപഭൂഖണ്ഡം രണ്ടായിപ്പിളർന്ന് രണ്ട് രാജ്യങ്ങളായി മാറിയ സ്വാതന്ത്ര്യത്തിന്റെ നാളുകൾ പതിനായിരക്കണക്കിന് മനുഷ്യരുടെ ചോരകൊണ്ട് പങ്കിലമായിരുന്നു. അവയ്ക്കെല്ലാം പിറകിൽ മതവൈരങ്ങളായിരുന്നു. അന്നും ഇന്നും അത്തരം മതങ്ങൾ ഒരു സാധാരണക്കാരന്റെയും നിത്യജീവിതത്തിൽ ആശ്വാസത്തിന്റെ തിരികൊളുത്തിയിട്ടില്ല. മതത്തിന്റെ ലേബലിൽ ജനങ്ങളെ കുരുതികൊടുത്ത് അധികാരത്തിലെത്തിയിട്ടുള്ള ഒരു രാഷ്ട്രീയക്കാരനും മതത്തിന്റെ ആന്തരസത്ത അറിഞ്ഞവരല്ല, സ്വാംശീകരിച്ചവരല്ല. അവരാരും തന്നെ യഥാർത്ഥ ദൈവവിശ്വാസികളായിരുന്നില്ല. അവർക്ക് മതവും ദൈവവും അധികാരത്തിലിരിക്കാനുള്ള കരുക്കൾ മാത്രമാണ്.

വര: വി.എസ് ​ഗിരീശൻ

അവരിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു ഗാന്ധി. മതത്തിന്റെ ആന്തരസത്ത അറിഞ്ഞ്, അത് തന്നെയാണ് ദൈവവും സത്യവുമെന്ന് സ്വാംശീകരിച്ച് ഓരോ നിമിഷവും പരീക്ഷണങ്ങളുടെ കനലുകളിലൂടെ നഗ്നപാദനായി നടന്നുപോയവൻ. ശ്രേണീബദ്ധമായ ഹിന്ദുമതത്തിന്റെ അസ്പർശ്യതയെ ഒരു നവോത്ഥാനത്തിലൂടെ കഴുകിയെടുത്ത് പ്രകാശിതമാക്കാമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി അദ്ദേഹം അതിനെ ധാർമ്മികവൽക്കരിക്കാൻ ശ്രമിച്ചു. ഒരവസരത്തിൽ തന്റെ മതം ധാർമ്മിക മതമാണെന്ന് പ്രഖ്യാപിച്ചു. ധാർമ്മിക മതത്തിന്റെ അടിത്തറയിൽ ഊന്നിനിന്നുകൊണ്ടാണ് അദ്ദേഹം തന്റെ സത്യാഗ്രഹ സമരങ്ങളും സഹനസമരങ്ങളും നടത്തിയത്. രചനാത്മക പദ്ധതികൾക്ക് രൂപംകൊടുത്ത് ജീവിതത്തെ പുനർനിർവ്വചിച്ചത്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് അതേ മതത്തെ അധികാരത്തിനായി ഉപയോഗിക്കാനായി നാഥുറാം ഗോഡ്സെ മൂന്ന് വെടിയുണ്ടകളാൽ ഗാന്ധിയുടെ ഭൗതികശരീരം ഇല്ലായ്മ ചെയ്തത്. നിർഭാഗ്യവശാൽ, ഗോഡ്സെമാരുടെ പരമ്പര നീളുകയാണ്. അധികാരത്തിനായി ഉള്ളവ ചോർത്തിക്കളഞ്ഞ മതത്തെ ഉപയോഗിക്കാമെന്ന് പുതിയ കാലത്തെ സത്യവിരോധികൾ തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഇതിനെതിരെ ദൈവത്തിൽ- സത്യത്തിൽ – ധർമ്മത്തിൽ – കരുണയിൽ- വിശ്വസിക്കുന്നവരുടെ പ്രതിരോധം അനിവാര്യമായിരിക്കുന്ന ആപത് നിമിഷത്തിലാണ് നാം. യഥാർത്ഥ ദൈവവിശ്വാസികളിലൂടെ മാത്രമേ നമ്മുടെ ഇന്ത്യയെ നമുക്ക് വീണ്ടെടുക്കാനാവൂ.

കേൾക്കാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read