പ്രതിപക്ഷത്തെ സാമ്പത്തിക കുറ്റാരോപണം കൊണ്ട് നേരിടുമ്പോൾ

2014ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ രാജ്യത്തെ കള്ളപ്പണം തിരിച്ചെത്തിക്കും എന്നത് ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യം ആയിരുന്നു. ‘സാധാരണക്കാരുടെയും തൊഴിലാളികളുടെയും പണമാണത്, അധികാരം കിട്ടിയാൽ ഓരോ പൈസയും തിരികെ കൊണ്ടുവരും, അതുകൊണ്ട് നിർധനരായ ജനങ്ങളെ സേവിക്കും’ എന്നാണ് നരേന്ദ്ര മോദി അന്ന് പറഞ്ഞത്. എൻ.ഡി.എ അധികാരത്തിൽ വന്നതിന് ശേഷം കള്ളപ്പണ വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും അത് തടയണമെന്നും പറഞ്ഞുകൊണ്ട് പ്രിവെൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് അഥവാ പി.എം.എൽ.എ എന്ന നിയമം ശക്തിപ്പെടുത്തി. അതോടെയാണ് രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്ന ഏജൻസി കൂടതൽ ശക്തമായിത്തീരുന്നതും അറസ്റ്റുകൾ വ്യാപകമാകുന്നതും. പത്ത് വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണ്ടും ഒരു ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ നടത്തിയ വലിയ അഴിമതിയുടെ തെളിവുകൾ ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഇലക്ടറൽ ബോണ്ടിലൂടെ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ മറുവശത്ത് പ്രതിപക്ഷ പാർട്ടികളിലെ നേതൃത്വങ്ങളെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കുടുക്കി സംസ്ഥാന സർക്കാരുകളെ തന്നെ അട്ടിമറിക്കുന്നതിനുള്ള ഒരു ആയുധമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാറുകയാണ് എന്ന വിമർശനവും വ്യാപകമാവുകയാണ്.

നിയമവിരുദ്ധമായി നേടിയ പണം അതിന്റെ ഉറവിടം വെളിപ്പെടാതിരിക്കാനായി നിയമപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും വ്യക്തികളിലൂടെയോ സംഘടനകളിലൂടെയോ അതിനെ സമ്പദ്‌വ്യവസ്ഥയിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിനെയാണ് ‘മണി ലോണ്ടറിങ്’ എന്ന് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച വരുമാനം കണ്ടുകെട്ടാനുള്ള അധികാരവും ഇ.ഡിക്കാണുള്ളത്. അതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ വീടുകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവ റെയ്ഡ് ചെയ്യാനും നിയമവിരുദ്ധമായ പണം പിടിച്ചെടുക്കാനും അക്കൗണ്ടുകൾ മരവിപ്പിക്കാനും ഇ.ഡിക്ക് അധികാരമുണ്ട്. ഇഡിയുടെ അധികാരങ്ങൾ കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു എന്നത് ആരോപണം മാത്രമല്ല, പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിന്റെ വലിയ തോതിലുള്ള ദുരുപയോഗം പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും നേരിടുന്നതിനായി കേന്ദ്ര സർക്കാർ ചെയ്യുന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. യു.പി.എ ഭരണകാലത്തും എൻ.ഡി.എ ഭരണകാലത്തും പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ സർക്കാർ ചുമത്തിയ കേസുകളുടെ കണക്കുകൾ തന്നെ അത് വ്യക്തമാക്കുന്നു. ഇ.ഡിയുടെ അധികാരങ്ങൾ ഒന്നുകൂടി ശക്തമായത് 2002ൽ പി.എം.എൽ.എ നിയമം കൂടി വന്നതിന് ശേഷമാണ് എന്നതും വ്യക്തമാണ്. 1990കളുടെ അവസാനത്തിൽ യു.എൻ ജനറൽ അസംബ്ലി പാസാക്കിയ ഒരു പ്രമേയം അംഗ രാജ്യങ്ങളോട് നാഷണൽ മണി ലോണ്ടറിങ് നിയമം നടപ്പിലാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യൻ പാർലമെന്റ് അടക്കം ഇക്കാര്യം പരിഗണിക്കുന്നത്. 2005, 2009, 2015 (2), 2016, 2019 വർഷങ്ങളിലായി ആറു തവണയാണ് പിഎംഎൽഎ ഭേദഗതി ചെയ്യപ്പെട്ടത്. 2005ൽ ഏഴ് വകുപ്പുകൾ, 2009ൽ 12 വകുപ്പുകൾ, 2015ൽ ബ്ലാക് മണി ആക്റ്റ് കൂട്ടിച്ചേർത്തുകൊണ്ട് 3 വകുപ്പുകൾ, 2016ൽ ഫിനാൻസ് ആക്റ്റ് കൂട്ടിച്ചേർത്തുകൊണ്ട് ഫോറിൻ എക്സ്ചേഞ്ച് നിയമവും പരിധിയിൽ വരുത്തിക്കൊണ്ട് നാല് വകുപ്പുകൾ എന്നിങ്ങനെയാണ് ഭേദഗതി ചെയ്തത്.

ഹേമന്ത് സോറൻ അറസ്റ്റ് ചെയ്യപ്പെടുന്നു. കടപ്പാട്:businessstandard

കള്ളപ്പണം വെളുപ്പിക്കലിനെ സ്വതന്ത്ര കുറ്റകൃത്യമായി കണക്കാക്കണമെന്നും കേസെടുക്കാൻ മറ്റ് അതോറിറ്റികളുടെ (പൊലീസ്, സി.ബി.ഐ, എൻ.ഐ.എ) എഫ്.ഐ.ആർ ആവശ്യമില്ലെന്നും ഉള്ള 2019ലെ ഭേദഗതിയിലൂടെയാണ് പി.എം.എൽ.എ നിയമം, ക്രിമിനൽ നിയമങ്ങൾ കുറ്റാരോപിതർക്ക് നൽകുന്ന അവകാശങ്ങളെപ്പോലും മറികടക്കുന്ന രീതിയിൽ ദൃഢമാകുന്നത്. എന്നാൽ പി.എം.എൽ.എ നിയമത്തിനെതിരായ വിമർശനം രാഷ്ട്രീയ, മാധ്യമ രംഗത്ത് നിന്നും വ്യാപകമാകുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് നടന്നതോടുകൂടിയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് അരവിന്ദ് കെജ്രിവാൾ ഇപ്പോൾ. ഇതിന് മുമ്പ് 2024 ജനുവരി 31ന്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ പി.എം.എൽ.എ നിയമം ചുമത്തി ഇ.ഡി അറസ്റ്റ് ചെയ്തപ്പോൾ പ്രതിഷേധം ഇത്രയും വ്യാപകമായിരുന്നില്ല. ഹേമന്ത് സോറന്റെ അറസ്റ്റിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻന്റെയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെയും പ്രസ്താവനകൾ ഇങ്ങനെയായിരുന്നു. “ശക്തനായ ആദിവാസി നേതാവ് ഹേമന്ത് സോറന്റെ അനീതി നിറഞ്ഞ അറസ്റ്റിനെ ഞാൻ അപലപിക്കുന്നു. ജനകീയമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് ബി.ജെ.പി പിന്തുണയുള്ള കേന്ദ്ര ഏജൻസികളുടെ ഈ പ്രതികാര നടപടി. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്, ഞാനിപ്പോഴും സംശയമില്ലാതെ അദ്ദേഹത്തിന്റെ ഭാഗത്തുതന്നെയാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. നിർണ്ണായകമായ ഈ പോരാട്ടത്തിനൊടുവിൽ ഝാർഖണ്ഡിലെ ജനങ്ങൾ ഇതിന് തക്കതായ മറുപടി നൽകും.” മമത എഴുതി.

“അന്യായവും ലജ്ജാകരവുമാണിത്! ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഒരു ആദിവാസി നേതാവിനെ അപമാനിക്കുക എന്നതാണ് അവരുടെ ഏറ്റവും പുതിയ പതനം. ഈ നടപടി അവരുടെ നിരാശ സൂചിപ്പിക്കുന്നതും അധികാര ദുർവ്വിനിയോഗവും ആണ്. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങൾ പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കുകയില്ല.” തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ഭൂമി തട്ടിപ്പ് നടത്തി എന്നതാണ് ഹേമന്ത് സോറനെതിരെ ഇ.ഡി ഉന്നയിക്കുന്ന ആരോപണം. ഹേമന്ത് സോറനെ പ്രതിനിധീകരിക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ കപിൽ സിബൽ പറയുന്നത് അറസ്റ്റിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോറനെതിരെയുള്ള തെളിവുകൾ‍ നിർമ്മിക്കും എന്നാണ്. എൻ.ഡി.എ മുന്നണിയുടെ ഭാഗമല്ലാത്ത കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇ.ഡി അന്വേഷണത്തെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട് എന്നും കപിൽ സിബൽ പറയുന്നു.

പി.എം.എൽ.എ എന്ന രാഷ്ട്രീയ ആയുധം

2019 വരെ മണി ലോണ്ടറിങ്‌ സ്വതന്ത്ര കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടിരുന്നില്ല. അഴിമതി, ഭീകരവാദം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ്, സി.ബി.ഐ, എൻ.ഐ.എ തുടങ്ങി അന്വേഷണ ഏജൻസികൾ ഏറ്റെടുക്കുന്ന കേസുകളിൽ ഉൾപ്പെടുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുന്നത് ഇ.ഡി ആ‌യിരിക്കും. എന്നാൽ 2019ലെ ഭേദഗതിയോടെ മണി ലോണ്ടറിങ്‌ സ്വതന്ത്ര കുറ്റകൃത്യമാവുകയും ഇ.ഡിയുടെ കൂടുതൽ സ്വതന്ത്രമാവുകയും ചെയ്തു. അതോടെയാണ് അധികാര ദുർവിനിയോഗത്തിനുള്ള സാധ്യത കൂടിയത്. അതോടെ, രാഷ്ട്രീയ പ്രവർത്തകർക്കും പാർലമെന്റ് അംഗങ്ങൾക്കും മനുഷ്യാവകാശ സംഘടനകൾക്കും എതിരെ മാത്രമല്ല, മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും വിദ്യാർത്ഥി നേതാക്കൾക്കും എതിരെയും ഇ.ഡി തിരിയാൻ തുടങ്ങി. സിദ്ദീഖ് കാപ്പൻ, റാണാ അയ്യൂബ് എന്നീ മാധ്യമപ്രവർത്തകർക്കെതിരെയും റൗഫ് ഷെരീഫ് എന്ന വിദ്യാർത്ഥി നേതാവിനെതിരെയും ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനത്തിനെതിരെയും പി.എം.എൽ.എ ചുമത്തിയത് അതിന് ഉദാഹരണമാണ്.

ന്യൂസ് ക്ലിക്ക് റെയ്ഡ് ചെയ്ത് ഫയലുകൾ പിടിച്ചെടുക്കുന്നു. കടപ്പാട്:news18

പി.എം.എൽ.എ നിയമത്തെ ‘പുതിയ രാജ്യദ്രോഹ കുറ്റം’ എന്നാണ് മാധ്യമപ്രവർത്തക റാണ അയ്യൂബ് ഒക്ടോബറിൽ കേരളീയത്തിന് നൽകിയ അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. “ഫിനാൻഷ്യൽ ടെററിസം എന്ന ആരോപണം വാർത്തയിലൂടെ അപകീർത്തിപ്പെടുത്തി എന്നൊക്കെ ആരോപിക്കുന്നതുപോലെയല്ല, സാമ്പത്തിക കുറ്റാരോപണങ്ങൾ വരുമ്പോൾ അതിൽ എന്തെങ്കിലും കാര്യമില്ലാതിരിക്കില്ല എന്ന ചിന്തയാണ് ആളുകളിൽ ഉണ്ടാകുക. കുറ്റാരോപണങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ അങ്ങനെയെല്ലാം നടക്കുന്നുണ്ടോ എന്ന ചോദ്യം ചോദിക്കുന്നതിന് പകരം സർക്കാർ എന്താണ് ചെയ്യുന്നതെന്ന് അറിയണം. മാധ്യമപ്രവർത്തകരെ നേരിടാൻ ഫിനാൻഷ്യൽ ടെററിസം ഉപയോഗിക്കുകയാണ്. ഞാനതിനെ നേരിടുന്നുണ്ട്, ഞാനത്തരമൊരു സമരത്തിലാണ്.” റാണ അയ്യൂബ് പറഞ്ഞു. ചാരിറ്റിയുടെ പേരിൽ അനധികൃതമായി പണം സമ്പാദിച്ചു എന്ന പേരിൽ റാണ അയ്യൂബിനെതിരെ 2022ൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമുള്ള പങ്ക് തുറന്നുകാണിക്കുന്ന, ‘ഗുജറാത്ത് ഫയൽസ്: അനാറ്റമി ഓഫ് എ കവർ അപ്പ്’ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് റാണ അയ്യൂബ് കേന്ദ്ര ഏജൻസികളാൽ വേട്ടയാടപ്പെടാൻ തുടങ്ങിയത്.

റാണ അയ്യൂബ്

2022 ഫെബ്രുവരിയിൽ വിജയ് മദൻലാൽ ചൗധരി വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ കപിൽ സിബൽ പി.എം.എൽ.എ നിയമത്തെ കുറിച്ച് നടത്തിയ ചില നിരീക്ഷണങ്ങൾ ഈ സാഹചര്യത്തിൽ പ്രധാനമാണ്. പി.എം.എൽ.എ നിയമം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രയോഗത്തിൽ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതിനെ കുറിച്ചാണ് ഈ കേസ്. എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) എന്ന ഒരു ആഭ്യന്തര രേഖ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറാക്കും. ഇതിന്റെ ഉള്ളടക്കമോ അന്വേഷണം നടക്കുന്നത് എന്തിലാണ് എന്നതിനെ കുറിച്ചോ കുറ്റാരോപിതർക്ക് അറിയാൻ കഴിയില്ലാത്ത രീതിയിലാണ് ഇ.സി.ഐ.ആർ ഉള്ളത്. ക്രിമിനൽ പ്രൊസീജ്യർ കോഡ് ഇഡിയുടെ നടപടികൾക്ക് ബാധകമല്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിങ്ങനെയുള്ള അന്വേഷണ ഏജൻസികളും കുറ്റാരോപിതർക്ക് ലഭിക്കേണ്ട സ്വകാര്യതയും സുരക്ഷിതത്വവും പരിഗണിക്കാത്ത ഏജൻസികളാണ് എന്ന് ‘ദ ലീഫ്‌ലെറ്റ്’ ഫെബ്രുവരി 2022ൽ പ്രസിദ്ധീകരിച്ച ‘പി.എം.എൽ.എ പ്രക്രിയയിൽ നീതി നഷ്ടമാകുന്നതെങ്ങനെ, അഭിഭാഷകൻ സുപ്രീം കോടതിയിൽ വിശദീകരിക്കുന്നു’ എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 20 പ്രകാരം ഒരു വ്യക്തിക്ക് ലഭിക്കേണ്ട സെൽഫ് ഇൻക്രിമിനേഷൻ എന്ന അവകാശവും പി.എം.എൽ.എ കേസിൽ ലഭിക്കുകയില്ല. ആരോപിതമായ കുറ്റം തെളിഞ്ഞാൽ മാത്രമേ പി.എം.എൽ.എ കേസിലുള്ള അന്വേഷണം തുടരാൻ കഴിയൂ എന്നാണ് സിബൽ വാദിച്ചത്. പിടിച്ചെടുക്കുന്ന വസ്തുക്കൾ മാത്രമല്ല പണത്തിൽ നിന്നും വസ്തുവകകൾ ആയി രൂപാന്തരം ചെയ്യുന്ന പ്രക്രിയയും കുറ്റകരമായി കണക്കാക്കുന്നു.

ഈ വാദത്തിൽ പി.എം.എൽ.എ ഭേദഗതികൾക്ക് ശേഷം എങ്ങനെ കർക്കശമായ നിയമമായി മാറി എന്നതും ഉന്നയിക്കുന്നുണ്ട്. നിയമത്തിന്റെ ഭേദഗതിക്ക് മുമ്പുള്ള ഘട്ടത്തിൽ സി.ആർ.പി.സി സെക്ഷൻ 173 പ്രകാരം, പി.എം.എൽ.എ കേസിൽ അന്വേഷണം നടക്കുന്നതിനുമുമ്പായി കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള വകുപ്പ് പി.എം.എൽ.എയിൽ നിലനിന്നിരുന്നു എന്ന് കപിൽ സിബൽ വാദിക്കുന്നു. ഭേദഗതി ചെയ്യാത്ത നിയമമനുസരിച്ച് സെക്ഷൻ 5, സെക്ഷൻ 17 എന്നിവ പറയുന്ന, കുറ്റാരോപിതരുടെ വസ്തുവകകൾ കണ്ടുകെട്ടൽ, തിരച്ചിൽ തുടങ്ങിയവ കുറ്റപത്രമില്ലാതെ ചെയ്യാൻ കഴിയില്ലായിരുന്നു എന്നും നിലവിലെ നിയമത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ കൃത്യമായി അറിയിക്കാതെ പൗരരെ പ്രഥമദൃഷ്ട്യാ കസ്റ്റഡിയിലെടുക്കുന്നതിലൂടെ കുറ്റസമ്മതമൊഴികൾ നിർമ്മിച്ചെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയും എന്നതിന്റെ അപകടവും സിബൽ ചൂണ്ടിക്കാട്ടുന്നു.

കപിൽ സിബൽ

സുതാര്യതയില്ലാത്ത കേസ് രേഖയാണ് പി.എം.എൽ.എ കേസുകളെ മറ്റു കേസുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. കുറ്റാരോപിതർക്ക് സമൻസ് അയക്കുന്നതാണ് പി.എം.എൽ.എ കേസുകളിൽ ഇഡി നൽകുന്ന അറിയിപ്പ്. കുറ്റാരോപിതരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടുകയാണ് ഇതിലൂടെ ചെയ്യുന്നത്. ‘കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ സെക്ഷൻ 50 പ്രകാരം പ്രസ്താവനകൾ നൽകാൻ ക്ഷണിക്കും. ഇത് കോടതിയിൽ ഉൾപ്പെടെ വിലയുള്ള തെളിവാകും. ഇതെല്ലാം സംഭവിക്കുമ്പോഴും കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്ക് തനിക്കെതിരെയുള്ള കുറ്റാരോപണം എന്താണ് എന്ന് വ്യക്തമായിട്ടുണ്ടാകില്ല, കാരണം അവർക്ക് ഇ.സി.ഐ.ആർ എന്ന കുറ്റപത്രം നൽകുകയില്ല.’ സിബൽ വാദിച്ചു.

സി.ആർ.പി.സി ഉറപ്പുനൽകുന്ന പല സുരക്ഷിതത്വവും എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് നടത്തുന്ന അന്വേഷണങ്ങളിൽ ഉണ്ടാകുന്നില്ല എന്നതിന് കപിൽ സിബൽ ചൂണ്ടിക്കാണിച്ച ചില വസ്തുതകൾ ഇങ്ങനെയാണ്:

1. മണി ലോണ്ടറിങ്ങിനെക്കുറിച്ച് വിവരം ലഭിക്കുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എഫ്.ഐ.ആർ രേഖപ്പെടുത്തുന്നില്ല. അതുകാരണം ഇ.ഡിയുടെ അന്വേഷണം നടക്കുന്നത് മജിസ്ട്രേറ്റിന്റെ പരിധിക്ക് പുറത്തായാണ്, നിയമബാഹ്യമായാണ്.

2. ഇ.ഡി ഒരു കേസ് ഡയറി സൂക്ഷിക്കുന്നില്ല.

3. കുറ്റാരോപിതർക്ക് അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് പോലും കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഇ.സി.ഐ.ആർ നൽകുന്നില്ല.

4. പി.എം.എൽ.എയുടെ സെക്ഷൻ 50 പറയുന്നത്, ക്രിമിനൽ ശിക്ഷാനടപടി ഭീഷണിയിൽ ഓരോ വ്യക്തിയും സത്യപ്രസ്താവന നടത്തുകയും പ്രസ്താവനയിൽ ഒപ്പിടുകയും ചെയ്യുന്നു.

5. പൊലീസ് ഓഫീസർക്ക് മുന്നിൽ ഹാജരാകാനുള്ള സി.ആർ.പി.സി 41 എ ഇ.ഡി ഉപയോഗിക്കുന്നില്ല.

6. അന്വേഷണം തുടങ്ങാൻ മജിസ്റ്റീരിയൽ അനുമതി വേണ്ട.

ഈ നിയമത്തിലെ 44 (1) (b) എന്ന വകുപ്പ് പറയുന്നത് പി.എം.എൽ.എയ്ക്ക് കീഴിൽ ഒരു പരാതി ഉണ്ടെങ്കിൽ മാത്രമേ നടപടികൾ തുടങ്ങാവൂ എന്നാണ് എന്നാൽ ഭേദഗതി ചെയ്യപ്പെടുന്നതിന് മുമ്പ് ഈ വകുപ്പിൽ പൊലീസ് റിപ്പോർട്ട് ഫയൽ ചെയ്യുന്നതും ഉൾപ്പെടുമായിരുന്നു. ഭേദഗതി ചെയ്തതോടെ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്ന ഭാഗം ഈ വകുപ്പിൽനിന്നും നീക്കം ചെയ്യപ്പെട്ടു. സെക്ഷൻ 45 (1a), സെക്ഷൻ 73 (2) (ua) എന്നിവ പ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള അവകാശം നിയന്ത്രിതമാക്കി. മറ്റൊരു ഭേദഗതി സെക്ഷൻ 45 (1) (a)യുടേത് ആയിരുന്നു, ഇതിലൂടെ മണി ലോണ്ടറിങ് ഒരു non cognizible offence ആക്കി. ഇനി പൊലീസിനെ ഉൾക്കൊള്ളിച്ചാൽ തന്നെ പൊലീസിന് പരാതി രജിസ്റ്റർ ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ, റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയില്ല.

മേനക ഗുരുസ്വാമി

പി.എം.എൽ.എ സെക്ഷൻ 17, സെക്ഷൻ 18 എന്നീ വകുപ്പുകൾ തിരച്ചിലുകളും കണ്ടുകെട്ടലും സംബന്ധിച്ചുള്ളതാണ്. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാതെയും കോടതിയിൽ പരാതി സമർപ്പിക്കാതെയും ഇത്തരം തിരച്ചിലുകൾ നടത്താം എന്നാണ് നിലവിലെ വ്യവസ്ഥ. 2009ൽ നടത്തിയ ഒരു ഭേദഗതിയിലാണ് ഈ വകുപ്പുകളിലെ ഭരണഘടനാ സുരക്ഷിതത്വം നീക്കം ചെയ്യപ്പെട്ടത്. സി.ആർ.പി.സി സെക്ഷൻ 157 പ്രകാരം മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകാതെ തിരച്ചിലും കണ്ടുകെട്ടലും നടത്താൻ പാടില്ല എന്നായിരുന്നു വ്യവസ്ഥ. പിന്നീട് 2019ൽ ഇതും നീക്കം ചെയ്യപ്പെട്ടു. അനിയന്ത്രിതമായ അധികാരമാണ് ഈ ഭേദഗതിയോടുകൂടി ഇ.ഡിക്ക് കൈവരുന്നത്. നോൺ കോഗ്നിസബിൾ ആയ കുറ്റകൃത്യങ്ങളിൽ പോലും ഇ.ഡിക്ക് പരാതി ഫയൽ ചെയ്യാതെ നടപടികൾ തുടങ്ങാം.

വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 (b) (v) പ്രകാരം എല്ലാ പബ്ലിക് അതോറിറ്റിയുടെയും നിയമങ്ങള്‍, മാര്‍ഗരേഖകള്‍, നിര്‍ദേശങ്ങള്‍, മാന്വലുകള്‍, രേഖകള്‍ തുടങ്ങിയവ എന്താണ് എന്ന് ജനങ്ങള്‍ അറിയാൻ അവകാശമുണ്ട്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാന്വല്‍ പൊതുജനങ്ങള്‍ക്ക് അപരിചിതമാണ് എന്നാണ് 2022 ഫെബ്രുവരിയിൽ വിജയ് മദൻലാൽ ചൗധരി വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ ഹാജരായ മേനക ഗുരുസ്വാമി ഉന്നയിച്ച വാദം. വിചാരണയ്ക്ക് മുമ്പുള്ള അവകാശങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. പി.എം.എല്‍.എയുമായി ബന്ധപ്പെട്ട അപലേറ്റ് ട്രിബ്യൂണല്‍ പ്രവര്‍ത്തനരഹിതമാണ് എന്ന വാദവും മേനക ഉന്നയിച്ചു. 2019ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്ഥാനമൊഴിഞ്ഞതിനുശേഷം ആരെയും ട്രിബ്യൂണലിന്റെ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചിട്ടില്ലെന്നും മേനക ഗുരുസ്വാമി അറിയിച്ചു. സീനിയര്‍ അഭിഭാഷകന്‍ ആബാദ് പൊണ്ടയുടെ വാദം ഇ.ഡി സമന്‍സുകളെ കുറിച്ചാണ്. പി.എം.എല്‍.എയുടെ സെക്ഷന്‍ 50(3) കുറ്റാരോപിതര്‍ക്ക് അന്വേഷണ സമയത്ത് ചോദ്യത്തിന് മറുപടി പറയാതെ നിശബ്ദമായിരിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് എന്നാണ് ആബാദ് വാദിച്ചത്. ഇ.ഡി സമൻസ് നൽകുന്ന വ്യക്തികള്‍ സത്യം പറയണമെന്നും, ചോദ്യങ്ങള്‍ക്കനുസരിച്ചുള്ള രേഖകള്‍ ഹാജരാക്കണമെന്നുമാണ് വ്യവസ്ഥ. ഇഡിയുടെ സമന്‍സ് കിട്ടിയാല്‍ ഹാജരാകണം എന്നാണ്. ഹാജരായി കഴിഞ്ഞാല്‍ കുറ്റം ഏറ്റുപറയേണ്ടിവരും. ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യും. ഇ.ഡി ചോദ്യംചെയ്യലിനിടെ കുറ്റാരോപിതര്‍ ഉത്തരം പറയാതിരുന്നാല്‍ അതിന് പിഴ ചുമത്തുന്ന വകുപ്പും പി.എം.എല്‍.എയില്‍ ഉണ്ട്.

പി.എം.എല്‍.എ വകുപ്പ് 50 പ്രകാരം ഇ.ഡി ഉദ്യോഗസ്ഥനുമുന്നിൽ നൽകുന്ന മൊഴി, കോടതിയിൽ മൊഴി നൽകിയതിന് തുല്യമാണ്. മാറ്റിപ്പറഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 193, 228 വകുപ്പ് പ്രകാരം നിയമനടപടി നേരിടേണ്ടി വരും. പ്രതിയാക്കിയാൽ താൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത വകുപ്പ് 24 പ്രകാരം പ്രതിക്കാണ്. കൊലപാതക കേസിലടക്കം പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ് എന്നിരിക്കെയാണ് പി.എം.എല്‍.എ നിയമത്തിന്റെ വ്യവസ്ഥയ്ക്ക് ഇത്ര കടുപ്പം. പി.എം.എൽ.എ കേസിൽ പ്രതി ചേർത്താൽ ജാമ്യം ലഭിക്കാൻ വകുപ്പ് 45 പ്രകാരം പ്രഥമദൃഷ്ട്യാ കേസില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും പ്രതിക്കാണ്.

2022 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സർക്കാർ അറിയിച്ച കണക്കനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത് 4,700 കേസുകളാണ്. 2020-21 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തത് 981 കേസുകളാണ്. 33 ലക്ഷം കുറ്റകൃത്യ(സാധ്യത)ങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഇഡി 2086 കേസുകള്‍ മാത്രമാണ് എടുത്തത് എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

keraleeyam graphics

ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് സോളിസിറ്റര്‍ ജനറല്‍ ഈ വിവരം സമര്‍പ്പിച്ചത്. കുറ്റാരോപിതർക്ക് കേസ് വിശദാംശങ്ങൾ നൽകാത്തത് അവർ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നതിനാലാണ് എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

ഇ.ഡിയുടെ കണക്ക് പ്രകാരം 2023 മാർച്ച് 31 വരെ പി.എം.എൽ.എ ചുമത്തി അറസ്റ്റ് ചെയ്തത് 5906 പേരെയാണ്. എന്നാൽ, ഇതിൽ ഇരുപത്തിനാല് പേരെ മാത്രമാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് എന്നത് ഞെട്ടിക്കുന്ന ശിക്ഷാനിരക്കാണ്. അതേസമയം, കർക്കശമായ ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നത് കാരണം അറസ്റ്റിലായവർ ഏറെയും ഇപ്പോഴും വിചാരണ തടവിലാണ്. പി.എം.എൽ.എ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിലെ സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഒരു പുസ്തക പ്രകാശന ചടങ്ങിൽ നടത്തിയ മുന്നറിയിപ്പിനെ തുടർന്ന് 2024 മാർച്ച് 26ന് മാതൃഭൂമി പത്രം എഴുതിയ എഡിറ്റോറിയൽ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു. “പി.എം.എൽ.എയുടെ 45 (i) (ii) വകുപ്പ് പ്രകാരം കുറ്റാരോപിതവ്യക്തി നിരപരാധിയാണെന്ന് കരുതാൻ കോടതിക്ക് യുക്തിസഹമായ കാരണങ്ങളില്ലെങ്കിൽ ജാമ്യം അനുവദിക്കപ്പെടേണ്ടതില്ല. മിക്കപ്പോഴും ഇക്കാരണത്താൽ ഇ.ഡി വാദങ്ങൾ മുഖവിലയ്ക്കെടുക്കുകയാണ് കോടതികൾ ചെയ്യുക.”

ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

“പി.എം.എല്‍.എ സജീവമായൊരു വിഷയമാണ്.” പി.എം.എല്‍.എ നിയമവും പ്രയോഗവും പരിശോധിക്കുന്ന ‘ട്രീറ്റൈസ് ഓണ്‍ പി.എം.എല്‍.എ- ലോ ആന്‍ഡ് പ്രാക്റ്റീസ്’ എന്ന അഖിലേഷ് ദുബേയുടെ പുസ്തക പ്രസിദ്ധീകരണ ചടങ്ങില്‍ സംസാരിക്കവേ സുപ്രീം കോടതി ജഡ്ജി ഉജ്ജല്‍ ഭുയാന്‍ ഇങ്ങനെ പ്രതികരിച്ചു. “പി.എം.എല്‍.എ കേസുകള്‍ വിവാദമാകുകയും കോടതിയില്‍ എതിര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള പല കേസുകളും രാഷ്ട്രീയ പ്രത്യേകതകളുള്ളവയാണ്. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയായിരിക്കെ, പി.എം.എല്‍.എ കേസുകള്‍ എന്റെ ബെഞ്ചിലാണ് പതിവായി ലിസ്റ്റ് ചെയ്യപ്പെടാറുള്ളത്. പി.എം.എല്‍.എയില്‍ നിരവധി ഭേദഗതികള്‍ വന്നിട്ടുണ്ട്. അതില്‍ ചിലതിനെ വെല്ലുവിളിക്കുന്ന പരാതികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുകയാണ്. പ്രാഥമികമായും പി.എം.എല്‍.എ ഭേദഗതികള്‍ക്ക് എതിരെയുള്ള പരാതികള്‍ പറയുന്നത് ഈ ഭേദഗതികള്‍ ഒന്നും പാര്‍ലമെന്റ് നടപ്പിലാക്കേണ്ടതായിരുന്നില്ല എന്നാണ്. ഈ വിഷയത്തില്‍ എന്തായാലും തീരുമാനമുണ്ടാകേണ്ടതുണ്ട്.” പി.എം.എൽ.എ കേസുകൾ പരി​ഗണിക്കുന്ന ബെഞ്ചിന്റെ ഭാ​ഗമായിരിക്കെ ഈ കേസുകളുടെ സ്വഭാവത്തെക്കുറിച്ച് ഉജ്ജൽ ഭുയാൻ നടത്തിയ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

2022 ആഗസ്റ്റില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പി.എം.എല്‍.എ ഭേദഗതികളെ ഉയര്‍ത്തിപ്പിടിച്ചതിനെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകൂര്‍ ഉന്നയിക്കുന്ന വാദങ്ങളിലൊന്ന്, എക്‌സിക്യൂട്ടീവിന് സ്വീകാര്യമാകുന്ന രീതിയില്‍ കോടതി പ്രവര്‍ത്തിച്ചുതുടങ്ങി എന്നാണ്. ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ മദന്‍ ലോകൂര്‍ പി.എം.എല്‍.എ നിയമത്തിനും അതിന്റെ രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കുന്നു. സുപ്രീം കോടതി ഈ ഭേദഗതികളെ കുറിച്ചുള്ള കേസുകള്‍ പരിഗണിക്കാന്‍ മറ്റൊരു വിശാല ബെഞ്ചിനെ ഏല്‍പിക്കാമായിരുന്നു എന്നും ലോകൂര്‍ നിരീക്ഷിക്കുന്നു

“പി.എം.എല്‍.എക്ക് കീഴില്‍ കടുത്ത ശിക്ഷ ഏഴ് വര്‍ഷമാണ്, ഭീകരവാദ കേസുകളില്‍ ജീവപര്യന്തമാണ് ശിക്ഷ. പാര്‍ലമെന്റ് ഇനി ഇവ രണ്ടിനെയും സമീകരിക്കുകയാണെങ്കില്‍ പി.എം.എല്‍.എയ്ക്കും ജീവപര്യന്തം ശിക്ഷ നല്‍കുകയാണെങ്കിലോ? പി.എം.എല്‍.എ കേസുകളിലെ കുറഞ്ഞ ശിക്ഷാ നിരക്ക് സൂചിപ്പിക്കുന്നത് അന്വേഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താതെ എങ്ങനെയാണ് നിയമങ്ങള്‍ കൂടുതല്‍ ഭീകരമാക്കപ്പെടുന്നത് എന്നതിനെയാണ്.” ലോകൂര്‍ പറയുന്നു. ശിക്ഷാ നിരക്ക് കുറഞ്ഞിരിക്കുമ്പോഴും ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അതിന്റെ പ്രക്രിയയിലൂടെ ആളുകളെ ശിക്ഷിക്കുവാനാണ് എന്നും ലോകൂര്‍ പറഞ്ഞു.

മദന്‍ ലോകൂര്‍

ഫെഡറലിസവും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന സ്വാതന്ത്ര്യവും തകർക്കുന്ന രീതിയിൽ ഇ.ഡിയെ രാഷ്ട്രീയവൽക്കരിച്ചിരിക്കുന്ന ബി.ജെ.പി, തങ്ങൾക്ക് അനുകൂലമായ രീതിയിൽ പൊതുവികാരം രൂപപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത് എന്നത് പി.എം.എല്‍.എ നിയമപ്രകരാമുള്ള നടപടികൾ വ്യക്തമാക്കുന്നു.

പ്രതിപക്ഷത്തിന് എതിരായ കേസുകൾ

2024 ഫെബ്രുവരി 1ന് ദ വയര്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ കപില്‍ സിബല്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സോറനുമായി സംസാരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബി.ജെ.പി സഖ്യം വിട്ടത് എന്ന ചോദ്യത്തിന് ഹേമന്ത് സോറന്‍ മറുപടി പറയുന്നത് ഇങ്ങനെയാണ്, “ഭാഷാ അടിസ്ഥാനത്തില്‍ രൂപപ്പെട്ടൊരു സംസ്ഥാനമല്ല ഝാര്‍ഖണ്ഡ്, ഇവിടെയുള്ള ജനങ്ങള്‍ ദരിദ്രരും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമുള്ളവരാണ്. ഇവിടെ എപ്പോഴും ആദിവാസികള്‍ക്കും ദലിതര്‍ക്കുമെതിരായി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ ജനസമ്മതി നേടിയത് അവര്‍ക്കൊപ്പം നിന്നുകൊണ്ടാണ്. സമുദ്രത്തിലെ വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നും, നമ്മുടെ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് എനിക്ക് തോന്നാറുണ്ട്. ബി.ജെ.പിക്കൊപ്പം തുടര്‍ന്നാല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന പാര്‍ട്ടി ബാക്കിയുണ്ടാകുമെന്ന് തോന്നിയില്ല, ഝാര്‍ഖണ്ഡ് എന്ന സംസ്ഥാന രൂപീകരണത്തിന്റെ ആശയം ഫാദര്‍ (ഷിബു സോറന്‍) മുന്നോട്ടുവെച്ചപ്പോള്‍, ആദിവാസികള്‍ക്കുവേണ്ടി സംസ്ഥാനം രൂപീകരിക്കുന്നു എന്ന പരിഹാസം ഉയര്‍ന്നു. എവിടെയും ഞങ്ങള്‍ക്കെതിരെ എഫ്‌.ഐ.ആര്‍ ഇല്ല, നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി തെളിവുകളില്ല. എന്നിട്ടും ഈ ഏജന്‍സികള്‍ എന്തോ സ്ഥാപിക്കാന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 2022 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എനിക്ക് സമന്‍സ് അയക്കുന്നു. രാജ്യത്തിന്റെ 42 ശതമാനം ധാതുസമ്പത്ത് ഝാര്‍ഖണ്ഡിലാണ്. ഒരു സംസ്ഥാനം ശക്തമായില്ലെങ്കില്‍ രാജ്യം എങ്ങനെ ശക്തമാകും? ഗ്രാമങ്ങള്‍ ശക്തമായില്ലെങ്കില്‍ രാജ്യം എങ്ങനെ ശക്തമാകും നമ്മുടെ കര്‍ഷകര്‍ ശക്തരല്ലെങ്കില്‍ രാജ്യം എങ്ങനെ ശക്തമാകും?” ഹേമന്ത് സോറന്‍ ചോദിക്കുന്നു.

മഹുവ മൊയ്ത്ര

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവാ മൊയ്ത്ര ഇ.ഡിയുടെ തുടര്‍ച്ചയായ സമന്‍സിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്, “ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു, എന്റെ ജോലി തെരഞ്ഞെടുപ്പ് പ്രചരണമാണ്. ഇ.ഡി അവരുടെ ജോലി ചെയ്യട്ടെ. ഞാന്‍ എന്റേതും.” പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പ്രതിഫലമായി പണം സ്വീകരിച്ചു എന്ന കുറ്റാരോപണമാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ നിലനില്‍ക്കുന്നത്.

മുന്‍ കേരള ധനമന്ത്രി തോമസ് ഐസക്കിനും ഇ.ഡി സമന്‍സ് അയച്ചിട്ടുണ്ട്. കിഫ്ബി മസാല ബോണ്ട് കേസിലാണ് സമന്‍സ്. എന്നാല്‍ തോമസ് ഐസക് നേരത്തെ കേരള ഹൈകോടതിയെ സമീപിക്കുകയും ഈ കേസില്‍ കോടതി റിസര്‍വ്വ് ബാങ്കിനെ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. വീണ്ടും ഹൈകോടതിയെ സമീപിക്കാനിരിക്കുകയാണ് തോമസ് ഐസക്.

അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയം തിഹാര്‍ ജയിലില്‍ അവസാനിക്കുമെന്നാണ് ബി.ജെ.പിയുടെ കപില്‍ മിശ്ര നടത്തിയ പ്രതികരണം. ആംആദ്മി പാര്‍ട്ടി അംഗമായിരുന്ന കപില്‍ മിശ്ര കെജ്‌രിവാളിന്റെ അറസ്റ്റിനോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തത് വിവിധ വാര്‍ത്താമാധ്യമങ്ങളിലും രാഷ്ട്രീയ വേദികളിലും അരവിന്ദ് കെജ് രിവാള്‍ ഉള്‍പ്പെടെയുള്ള എ.എ.പി നേതാക്കള്‍ക്കെതിരെ കള്ളപ്പണ ആരോപണം നടത്തിയതിന്റെ ഒരു വീഡിയോ ആണ്.

കെ കവിത

തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത് മാര്‍ച്ച് 23നാണ്. തെലങ്കാന ലെജ്‌സ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ കവിത മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളാണ്. ഡല്‍ഹി മദ്യ നയ കേസുമായി ബന്ധപ്പെട്ടാണ് കവിതയെ അറസ്റ്റ് ചെയ്തത്. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഇ.ഡി നടപടികള്‍ മാത്രമാണിത്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2016 മുതല്‍ 2021-22 വര്‍ഷം വരെ ഇ.ഡി സമന്‍സുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി കാണാം. 2016-17ല്‍, 2017-18ല്‍ 5837, 2018-19ല്‍ 9175, 2019-20ല്‍ 10,668, 2020-21ല്‍ 12,173, 2021-22ല്‍ 11,252 എന്നിങ്ങനെയാണ്. പി.എം.എല്‍.എ നിയമമുപയോഗിക്കുന്ന ഇ.ഡി കേസുകളില്‍ കഴിഞ്ഞ 17 വര്‍ഷങ്ങളായി 23 കേസുകളിലാണ് ശിക്ഷ നടപ്പിലാക്കിയിട്ടുള്ളത് എന്നതാണ് ഞെട്ടിക്കുന്ന കണക്ക്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 29, 2024 3:53 pm