Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


രണ്ടാം ഭൂപരിഷ്‌കരണം ആര്‍ക്ക് വേണ്ടി? – 6
ചരിത്രം ചിലപ്പോള്‍ വലിയ വഴിത്തിരിവുകളില്‍ കണ്‍മിഴിച്ച് നില്‍ക്കാറുണ്ട്. അത്തരം ഘട്ടത്തില്‍ ചരിത്രത്തിലെ കെട്ടുകഥകളെ തുടച്ചുനീക്കുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ചില പ്രതിഭാശാലികളാണ്. വര്‍ഗ മേധാവിത്വത്തെക്കുറിച്ച് ചിന്തിച്ചിരുന്ന രാഷ്ട്രീയ ബുദ്ധിജീവികള്‍ ദീര്‍ഘകാലം വിദേശതോട്ടം ഭൂമിയെ സംബന്ധിച്ച സത്യങ്ങള്‍ മറച്ചുവെച്ചു. അച്യുതമേനോന് ശേഷം ഇടത്-വലത് പക്ഷങ്ങള്‍ നിയമസഭയില്‍ ഇത് സംബന്ധിച്ച് നിശബ്ദത പാലിച്ചു. 1970 ല്‍ ചാരുമജുംദാറുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ജന്മികളെ ഉന്മൂലനം ചെയ്ത് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ച നക്സലൈറ്റുകള്‍ക്കും വിദേശ തോട്ടംഭൂമിയുടെ രഹസ്യം മനസ്സിലായില്ല. അവര്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ സൈദ്ധാന്തിക ചര്‍ച്ചകളാണ് നടത്തിയത്.
മണ്ണില്‍ ചവിട്ട് നിന്ന് ചിന്തിക്കാന്‍ കഴിയാതെ പോയവര്‍ കൊളോണിയല്‍ ചൂഷണത്തിന്റെ കേദാരഭൂമി കണ്ടില്ല. 1947ന് മുമ്പ് തിരുവിതാംകൂര്‍ രാജാവും മദ്രാസ് സര്‍ക്കാരും ബ്രീട്ടീഷ് സായ്പന്മാര്‍ക്കും കമ്പിനികള്‍ക്കും പാട്ടത്തിന് നല്‍കിയ ഭൂമി സര്‍ക്കര്‍ ഉടമസ്ഥതയില്‍ എത്തിച്ചേര്‍ന്നില്ലെന്ന് മലയാളികളോട് വെളിപ്പെടുത്തിയത് ഒഡീഷക്കാരിയായ റവന്യൂ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനും കണ്ണാടക സ്വദേശിയായ മുന്‍ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീല ആര്‍. ഭട്ടുമാണ്. കേരളത്തിലെ നിയമസഭയില്‍ 1970 കള്‍ വരെ വിദേശ തോട്ടം ദേശസാല്‍ക്കണത്തെക്കുറിച്ചുള്ള നടന്ന ചര്‍ച്ചകളോ ഇ.എം.എസും സി. അച്യുതമേനോനും എഴുതിയ ലേഖനങ്ങളോ ഇവരും വായിച്ചിട്ടില്ല. എന്നാല്‍, കേരളത്തിലെ ദലിത്-ആദിവാസി ഭൂരഹിത സമൂഹത്തിന് പുതുവഴി കാട്ടിയത് ഈ രണ്ട് വനിതകളാണ്.
നമ്മുടെ ബുദ്ധിജീവികളും ഗവേഷണ സ്ഥാപനങ്ങളും നടത്തിയ പഠനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയ സാമൂഹിക യാഥാർത്ഥ്യങ്ങളാണ് നിവേദിതയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഉദാഹരണമായി സംസ്ഥാനത്തെ എല്ലാ മേഖലകളെക്കുറിച്ച് ഗൗരവത്തോടെ സാമ്പത്തികപഠനം നടത്തുന്ന സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്). പ്ലാന്റേഷന്‍ മേഖലയെക്കുറിച്ച് 57 പഠനങ്ങള്‍ സി.ഡി.എസിന്റെ വെബ്‌സൈറ്റിലുണ്ട്. അതില്‍ 11 എണ്ണം ഡോ.കെ.ജെ. ജോസഫിന്റേതാണ്. ഡോ. മൈക്കള്‍ തരകന്‍, ഡോ. തരിയന്‍ ജോര്‍ജ്, ഡോ. കെ. രവിരാമന്‍ തുടങ്ങിയവരൊക്കെ കേരളത്തിലെ തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ സാമ്പത്തിക വിദഗ്ധരാണ്. ഈ അക്കാദമിക പണ്ഡിതരൊക്കെ വിദേശ തോട്ടംഭൂമി സംബന്ധിച്ച കടുത്ത നിശബ്ദത പാലിച്ചു. 1980 കളില്‍ ‘കേരളത്തിന്റെ വികസന പ്രതിസന്ധി’ സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തോട്ടഭൂമിക്ക് പരിധി നിശ്ചയിക്കണമെന്നും രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട ദലിത് സംഘടനകളും വിദേശ കമ്പനികളുടെ തോട്ടത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് വിദേശ കമ്പനികളുടെ ഭൂമി കൈവശംവെച്ചരിക്കുന്നവര്‍ ഭരണകൂടത്തിനുള്ളിലെ സമാന്തരമായ ഭരണകൂടമായിരുന്നു. നിയമങ്ങള്‍ അവരുടെ പണത്തിന് മുന്നില്‍ വഴിയമാറി. ഇതൊക്കെ തിരിച്ചറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. സര്‍ക്കാര്‍ സംവിധാനത്തിനുള്ളിലെ റവന്യൂ രേഖകള്‍ സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു. ഇടത് സാമ്പത്തിക വിദഗ്ധരൊക്കെ വിദേശ കമ്പനികളുടെ ഭൂമിയുടെ സംരക്ഷണം രഹസ്യമായി ഏറ്റെടുത്തിരുന്നുവെന്നാണ് ഡോ. തോമസ് ഐസക്കിന്റെ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.


ചെറുവള്ളി എസ്റ്റേറ്റ് കെ.പി യോഹന്നാന്റെ ട്രസ്റ്റിന് വില്‍പ്പന നടത്തിയത് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്. പാട്ടഭൂമി വില്‍ക്കാന്‍ വിദേശ കമ്പനിക്ക് അവകാശമുണ്ടോയെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യം ചരിത്രത്തിലെ വഴിത്തിരിവായി. അതോടെ ഹാരിസണ്‍സ് ഭൂമി സംബന്ധിച്ച അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. റവന്യൂ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. അത് ഭൂരഹിതര്‍ക്ക് അനുഗ്രഹമായി. നിവേദിതക്ക് പകരം മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചുവെങ്കില്‍ ഒരുപക്ഷേ ഹാരിസണ്‍സ് ഭൂമി കേസ് അന്നേ കുഴിച്ചുമൂടിയേനെ. നിവേദിതയാകട്ടെ ഹാരിസണ്‍സ് ഭൂമി സംബന്ധിച്ച പ്രമാണ രേഖകളെല്ലാം പരിശോധിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂര്‍, കൊച്ചി ഭരണാധികാരികള്‍ വിദേശ കമ്പനികള്‍ക്കും പൗരന്മാര്‍ക്കും തദ്ദേശീയര്‍ക്കും കര്‍ശന വ്യവസ്ഥകളോടെ പാട്ടമായും ഗ്രാന്റായും നല്‍കിയ ഭൂമിയിലും സ്വകാര്യ പാട്ടഭൂമിയിലും യാതൊരു ഉടമസ്ഥതയും സ്ഥാപിക്കാതെ, 1984 നിലവില്‍ വന്ന ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (ഇന്ത്യ) 1985, 2004, 2005 വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ വില്‍പ്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഉന്നതാധികാര സമിതി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഹാരിസണ്‍സ് കമ്പനിയും അവരില്‍ നിന്നും ഭൂമി നേടിയവരും കൂടി 76,769 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കേരള ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള സീലിംഗ് കേസുമായി ബന്ധപ്പെട്ട് വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ളത് 59,623 ഏക്കര്‍ ഭൂമി മാത്രം. എന്നാല്‍, കമ്പനി ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കിയിട്ടുള്ള ആധാരങ്ങളിലും കരാര്‍ ഉടമ്പടികളിലും 74,500.31 ഏക്കര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുളളതായി കണ്ടെത്തി. തിരുവിതാംകൂര്‍ രാജാവ് നല്‍കിയ 1923ലെ പാട്ടരേഖകള്‍ മാത്രമേ ഹാരിസണ്‍സിന്റെ കൈവശമുള്ളൂവെന്ന യാഥാർത്ഥ്യം കേരളം അറിഞ്ഞത് ആ റിപ്പോര്‍ട്ടിലൂടെയാണ്. കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസീല്‍ നിന്ന് തിരുവിതാംകൂര്‍ രാജാവിന്റെ ശംഖ് അടയാളമുള്ള 1923ലെ പാട്ടാധാരം കണ്ടെത്തി. അച്യുതമേനോന്‍ സര്‍ക്കാര്‍ വിദേശതോട്ടം സംബന്ധിച്ച പ്രമാണരേഖകളുടെ അടച്ചവാതില്‍ അന്വേഷണത്തിലൂടെ നിവേദിത തുറന്നു. നിവേദിത കൈയൊപ്പ് ചാര്‍ത്തിയ റിപ്പോര്‍ട്ടുകളെല്ലാം ചരിത്രത്തിലെ വിലപ്പെട്ട രേഖകളായെന്നതും അത്ഭുതമാണ്. ഇടുക്കിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ചും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇന്നും നിര്‍ണായകമായ രേഖ.


ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിച്ച് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നതിനായി ചുമതലപ്പെടുത്തിയത് റിട്ട. ജസ്റ്റിസ് എല്‍. മനോഹരന്‍ കമ്മീഷനെയാണ്. ഭൂപരിഷ്‌കരണ നിയമം, സര്‍ക്കാര്‍ ഉടമ്പടികളിലെ വ്യവസ്ഥകള്‍ എന്നിവ ലംഘിച്ച് അനധികൃതമായി ഹാരിസണ്‍സ് കമ്പനിയും മറ്റുള്ളവരും യാതൊരുവിധ ഉടമസ്ഥതയും കൂടാതെ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഭൂസംരക്ഷണ നിയമപ്രകാരം നട പടി സ്വീകരിക്കാമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. തുടര്‍ന്ന് ഹാരിസണ്‍സ് കമ്പനിയും അവരില്‍നിന്നും ഭൂമി നേടിയ മറ്റുള്ളവരും കൈവശം വയ്ക്കുന്ന റവന്യൂ രേഖകള്‍ സമഗ്രമായി പരി ശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍ അസി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബുവിനെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാരിസണ്‍സ് കമ്പനി റവന്യൂ രേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് അടിവരയിട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഭൂപരിഷ്‌കരണ നിയമ പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി അനധികൃതമായി ഈ കമ്പനിയും മറ്റുള്ളവരും കൈവശം വയ്ക്കുന്നുണ്ടെന്നും ഇംഗ്ലീഷ് കമ്പനികളുടെയും പൗരന്മാരുടെയും പേരുകളില്‍ തണ്ടപ്പേര്‍ പിടിപ്പിച്ച് കമ്പനികള്‍ ഭൂനികുതി അടക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
നിവേദിത പി. ഹരൻ, ഡോ. സജിത് ബാബു, മുന്‍ ഐ.ജി എസ് ശ്രീജിത് എന്നിവര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യു.ഡി.എഫ് സര്‍ക്കാര്‍ രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചു. 2013ലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ 1957 ലെ ഭൂസംരക്ഷണ നിയമപ്രകാരം ഹാരിസണ്‍സ് മലയാളം ലിമിറ്റഡും അവരില്‍ നിന്നും ഭൂമി നേടിയവരും അനധികൃ തമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനാണ് എം.ജി രാജമാണിക്യത്തെ സംസ്ഥാന സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. 2013 ഫെബ്രുവരി 28ലെയും 2013 ഏപ്രില്‍ 25ലെയും സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമായിരുന്നു അദ്ദേഹത്തിന്റെ നിയമനം. അതേസമയം, മനുഷ്യാവകാശ കമ്മീഷന്‍ 2015 സെപ്റ്റംബര്‍ ഏഴിന് മറ്റൊരു ഉത്തരവ് നല്‍കി. അതനുസരിച്ച് സംസ്ഥാനത്ത് ബ്രിട്ടീഷ് കമ്പനികളും പൗരന്മാരും 1947ന് മുമ്പ് കൈവശം വച്ചതും ഉപേക്ഷിച്ചുപോയമായ ഭൂമി നിയമാനുസൃതമല്ലാതെ കൈയേറി നിലവില്‍ കൈവശം വച്ചിരിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും എതിരെ ഭൂസംരക്ഷണ നിയമം വകുപ്പ് 15 പ്രകാരം നടപടി സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്.
ഹാരിസണ്‍സ് അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, കോടതി അത് റദ്ദാക്കാന്‍ തയ്യാറായില്ല. കോടതി നിര്‍ദ്ദേശമനുസരിച്ചാണ് രാജമാണിക്യം നിയമ നടപടികളുമായി മുന്നോട്ടുപോയത്. ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികളെല്ലാം വളരെ സൂക്ഷ്മതയോടെ നിയമം പാലിച്ചും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് സ്വീകരിച്ചത്. നിയമലംഘനമോ സ്വാഭാവിക നീതിയുടെ ലംഘനമോ ഇവിടെ ഉണ്ടായിട്ടില്ല. ഹാരിസണ്‍സ് അടക്കമുള്ളവര്‍ കൊല്ലം, പത്തനംതിട്ട, ജില്ലകളിലായി കൈവശംവച്ചിരിക്കുന്ന 38,170 ഏക്കര്‍ തോട്ടം ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ച് 1957 ലെ കേരള ഭൂസംരക്ഷണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ ഭൂമിയില്‍ ചെറുവള്ളി എസ്റ്റേറ്റും (കെ.പി. യോഹന്നാന് വിറ്റ ഭൂമി) ഉള്‍പ്പെട്ടു. 2015 മെയ് 28നാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് രാജമാണിക്യം ഉത്തരവ് നല്‍കിയത്. എല്ലാ രേഖകളും പരിശോധിച്ചാണ് 167 പേജുള്ള ഉത്തരവ് തയ്യാറാക്കിയത്.


കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഭൂമിയില്‍ ഒരുശതമാനം പോലും അവകാശമില്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കൈവശക്കാര്‍ ഈ ഭൂമി ഒഴിയണം, ഈ ഭൂമിയിലുള്ള ചമയങ്ങളും ജംഗമ വസ്തുക്കളും സര്‍ക്കാരിന്റെതായി കണ്ടുകെട്ടിയാണ് ഉത്തരവിറക്കിയത്. 2013 മുതല്‍ 2016വരെ ഈ വിലക്കുണ്ടായിരുന്നു. രാജമാണിക്യം എടുത്ത നടപടി സംബന്ധിച്ച് സിങ്കിള്‍ ബഞ്ചിലെ ജസ്റ്റിസ് പി.വി ആശയുടെ വിശദമായൊരു വിധി വന്നിരുന്നു. ഇത് സര്‍ക്കാര്‍ ഭൂമിയാണ്. എല്ലാ നടപടികളും നിയമ പരമായി നടത്താം. നിയമം ഇതിന് ബാധകമാണ്. സര്‍ക്കാര്‍ ഭൂമിയെന്ന നിലയില്‍ കൈയേറ്റക്കാരാണിവര്‍ എന്നായിരുന്നു സിങ്കിള്‍ ബഞ്ച് വിധി. അത് സര്‍ക്കാര്‍ വാദത്തിന് അനുകൂലമായിരുന്നു.
റവന്യൂ വകുപ്പിന്റെ ഈ അന്വേഷണങ്ങള്‍ക്കൊപ്പം കേരളത്തിലെ തോട്ടം ഭൂമിയുടെ ഉടമസ്ഥതയുടെ ഭൂപടം മാറ്റി വരയ്ക്കാന്‍ ശ്രമിച്ച മെറ്റൊരാള്‍ മുന്‍ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീല ആര്‍.ഭട്ട് ആണ്. സത്യസന്ധമായി നിയമ പോരാട്ടം നടത്തിയതിന് മാതൃകയാണവര്‍. വിദേശ കമ്പനികള്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന തോട്ടംഭൂമി സംബന്ധിച്ച് നിലനിന്ന വിശ്വാസത്തെയും ചരിത്രത്തെയും തകര്‍ക്കുന്ന വാദമുഖങ്ങളാണ് കോടതിക്ക് മുന്നില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. കോടതി വ്യവഹാരത്തിലൂടെ അവര്‍ ഏറെ മുന്നോട്ടുപോയപ്പോള്‍ മുന്‍ നിയമസെക്രട്ടറി ഹരീന്ദ്രനാഥ് അതിനെല്ലാം തടയിടാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ വാദത്തെ പ്രമാണരേഖകളും തെളിവുകളും നിരത്തി പ്രതിരോധിക്കാനും ഭട്ടിന് കഴിഞ്ഞു. ഹാരിസണ്‍സ് അധികൃതരും അത് കണ്ട് നടുങ്ങി. നമ്മുടെ സ്വാതന്ത്ര്യം ഹാരിസണ്‍സ് കമ്പനിക്ക് മുന്നില്‍ ബലികൊടുക്കണോയെന്ന ചോദ്യമാണ് ഭട്ട് ഉയര്‍ത്തിയത്.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഹാരിസണ്‍സിന്റെ കണ്ണിലെ കരടായിരുന്ന ഭട്ടിനെ ഗവ.പ്ലിഡര്‍ സ്ഥാനത്ത് നീക്കം ചെയ്തു. അതോടെ കേസിന്റെ ഗതിയാകെ മാറി. ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് വിധിയില്‍ വേറെ കുറെ നിയമപ്രശ്‌നങ്ങള്‍ ഉണ്ടെ ന്നും 60 വര്‍ഷമായി ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ കൈയില്‍ വേറെ രേഖകളുണ്ടെന്നും അതുകൂടി പഠിക്കണമെന്നും ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബഞ്ചിലേക്ക് കേസ് റഫര്‍ ചെയ്തു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേസ് നടത്തുന്നതിന്റെ തീവ്രത കുറച്ചു. അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) ഓഫിസ് ഗൗരവമില്ലാതെ കേസ് കൈകാര്യം ചെയ്തു. ആര്‍ക്കും കേസ് നടത്തുന്നതില്‍ താല്‍പര്യമില്ലെന്ന അവസ്ഥയുണ്ടായി.
നിയമവകുപ്പിന്റെ റിപ്പോര്‍ട്ടുകളെല്ലാം സര്‍ക്കാര്‍ താല്‍പര്യത്തിന് എതിരായിരുന്നു. ഇത്രയും വിധികളുണ്ടായിട്ടും സര്‍ക്കാര്‍ എടുത്ത നടപടികള്‍ ശരിയല്ലെന്നായിരുന്നു നിയമ വകുപ്പ് ചൂണ്ടിക്കാണിച്ചത്. സര്‍ക്കാര്‍ നടപടിക്കെതിരെ നിയമ സെക്രട്ടറി നിരവധി റിപ്പോര്‍ട്ടുകളെഴുതി. സര്‍ക്കാര്‍ താത്പര്യം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ കൈയേറ്റക്കാരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കേസ് ഗൗരവത്തോടെ കൈകാര്യം ചെയ്യാ ത്തതിനാല്‍ ഒടുവില്‍ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. കാരണം സ്‌പെഷ്യല്‍ ഓഫിസര്‍ ഭൂസംരക്ഷനിയമം പ്രകാരം നടപടിയെടുത്തത് തെറ്റാണെന്ന് കോടതി പറഞ്ഞു.


വിദേശ തോട്ടം ഭൂമി ഏറ്റെടുത്ത രാജമാണ്യത്തിന്റെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. എന്നാല്‍, രാജമാണ്യം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ വസ്തുതകളൊന്നും ഹൈക്കോടതി തള്ളിയില്ല. കൈയേറിയവര്‍ക്ക് ഭൂമിയിന്മേല്‍ കൈവശാവകാശമുണ്ടെന്ന് പറഞ്ഞില്ല. നിവേദിത പി. ഹരന്‍, റിട്ട. ജസ്റ്റിസ് എല്‍. മനോഹരന്‍, ഡോ. സജിത് ബാ ബു, മുന്‍ ഐ.ജി എസ്. ശ്രീജിത്, ഡിവൈ.എസ്.പി എന്‍. നന്ദനന്‍പിള്ള തുടങ്ങിയവരെല്ലാം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് അസന്ദിദ്ധമായി പ്രഖ്യാപിച്ചത് തെറ്റാണെന്ന് കോടതി പറഞ്ഞിട്ടില്ല.
സ്‌പെഷ്യല്‍ ഓഫീസര്‍ ഭൂമി ഏറ്റെടുത്ത നടപടി ചോദ്യം ചെയ്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡും മറ്റു കമ്പനികളും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസുകളില്‍ 2018 ഏപ്രില്‍ 11ലെ വിധിന്യായത്തില്‍ കെ.എല്‍.സി ആക്ട് പ്രകാരം നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത നിര്‍ണ്ണയിച്ച് ഏറ്റെടുക്കുന്നതിന് ജൂറിസ്ഡിക്ഷന്‍ ഇല്ല എന്ന് നിരീക്ഷിച്ചു. കോടതി വിധി പ്രകാരം ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണ് എന്ന് കേരള ഭൂസംരക്ഷണ ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം സ്ഥാപിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ല. മറ്റ് പ്രകാരമോ, സിവില്‍ കോടതി നടപടിയിലൂടെയോ ഭൂവുടമസ്ഥത നിശ്ചയിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. അതിനാലാണ് സ്‌പെഷ്യല്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കിയത്. ഇവിടെ വസ്തുകളെല്ലാം തുറന്ന പുസ്തകമാണ്. അടഞ്ഞ അദ്ധ്യായമല്ല.
ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ (എസ്.എല്‍.പി) നല്‍കി. സുപ്രീംകോടതി ഇക്കാര്യത്തില്‍ ഒരു വാക്യത്തിലാണ് എസ്.എല്‍.പി തള്ളിയത്. അതിനൊരു കാരണവും പറഞ്ഞിട്ടില്ല. അതില്‍ പല നിയമനടപടികളും സര്‍ക്കാരിന് സ്വീകരിക്കാമായിരുന്നു. എസ്.എല്‍.പി തള്ളിയാലും ഹൈക്കോടതിയില്‍ റിവ്യൂ നില നില്‍ക്കുമായിരിന്നു. അതൊന്നും ആരും പരിശോധിച്ചില്ല. നിയമ സെക്രട്ടറി റിവ്യൂ നല്‍കേണ്ടെന്ന് റവന്യൂവകുപ്പിന് കുറിപ്പെഴുതി. കേസുമായി മുന്നോട്ട് പോകണ്ട എന്ന നിലപാടിലായിരുന്നു സര്‍ക്കാരിന്റെ നിയമോപദേശകര്‍. ഇത്രയും സങ്കീര്‍ണമായ പ്രശ്‌നങ്ങളുള്ളതുകൊണ്ട് ഈ ഭൂമികള്‍ നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കാമെന്ന് രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആ നിര്‍ദ്ദേശം സര്‍ക്കാര്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. മാത്രമല്ല ഹാരിസണ്‍സിനെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് നല്‍കി. കാരണം സാമ്പത്തികമായ തിരിമറികള്‍ നടന്നിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് അക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് അതിലും നടപടിയുണ്ടായില്ല.

