Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
വായു മലിനീകരണമാണ് ആഗോളതലത്തില്‍ രണ്ടാമത്തെ മരണകാരണമെന്ന് യു.എസ് ആസ്ഥാനമായ ഹെൽത്ത് ഇഫക്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (HEI) ഏറ്റവും പുതിയ റിപ്പോർട്ട് (State of Global Air Report 2024). 2021ൽ 81 ലക്ഷം മനുഷ്യർ മരിച്ചതിന് കാരണം വായു മലിനീകരണമാണെന്ന് ഈ റിപ്പോർട്ട് പറയുന്നു. ഇതില്‍ 21 ലക്ഷം മരണങ്ങൾ ഇന്ത്യയിലാണ്. ചൈനയില്‍ 23 ലക്ഷം പേരും. കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന HEI റിപ്പോർട്ട് യൂണിസെഫിന്റെ പങ്കാളിത്തത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വായുവിന്റെ ഗുണനിലവാരവും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച വിവരങ്ങളുടെ സമഗ്രമായ വിശകലനമാണ് റിപ്പോർട്ടിലുള്ളത്.
ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുമാണ് വായു മലിനീകരണം സൃഷ്ടിക്കുന്ന രോഗങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വായു മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളിൽ 90 ശതമാനവും ഹൃദ്രോഗം, സ്ട്രോക്, പ്രമേഹം, ശ്വാസകോശ കാൻസർ, ക്രോണിക് ഒബ്സ്റ്റ്‌ക്ടറ്റീവ് പൾണറി ഡിസീസ് പോലുള്ള സാംക്രമികേതര രോഗങ്ങളാണ്. ഓരോ ദിവസവും വലിയ അപകട ഭീഷണിയുള്ള വായുവാണ് ജനങ്ങൾ ശ്വസിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. നഗര രാജ്യങ്ങളിൽ പ്രധാനമായും നൈട്രജൻ ഓക്സൈഡ് എന്ന സംയുക്തമാണ് വായു മലിനീകരണത്തിന് കാരണമാവുന്നത്. വാഹനങ്ങളിൽ നിന്നുള്ള വാതകത്തിന്റെ പുറന്തള്ളൽ വഴിയാണ് ഈ സംയുക്തം അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഉയർന്ന സാമ്പത്തിക പുരോഗതി കൈവരിച്ച രാജ്യങ്ങളിലാണ് ഈ ഭീഷണി ഏറ്റവും കൂടുതൽ കാണുന്നത്.
വായുവിൽ കാണപ്പെടുന്ന ഖരകണങ്ങളുടെയും ദ്രാവകത്തുള്ളികളുടെയും മിശ്രിതമാണ് Particulate Matter (PM) എന്ന് പറയുന്നത്. PM 2.5 എന്നത് 2.5 മൈക്രോണുകളോ അതിൽ കുറവോ വലിപ്പമുള്ള കണികകളാണ്. PM 2.5 ൻ്റെ ഉയർന്ന അളവ് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഈ റിപ്പോർട്ട് പ്രകാരം ലോകത്ത് നടക്കുന്ന മുഴുവൻ മരണ കാരണങ്ങളിൽ PM 2.5 പങ്ക് 58 ശതമാനവും, ഗാർഹികവായു മലിനീകരണത്തിന്റേത് 38 ശതമാനവും, ഓസോൺ മലിനീകരണത്തിന്റേത് 6 ശതമാനവുമാണ്. ഓസോൺ വാതകവുമായുള്ള ദീർഘകാല സമ്പർക്കത്തിന്റെ ഫലമായി 2021 ൽ മാത്രം ആഗോളതലത്തിൽ 4,89,518 മരണങ്ങളാണ് സംഭവിച്ചത്. ലോകത്ത് ആകെ സംഭവിക്കുന്ന മരണകാരണങ്ങളിൽ ആദ്യത്തേത് അമിത രക്ത സമ്മർദം ആണെങ്കിൽ രണ്ടാമത്തേത് അന്തരീക്ഷ മലിനീകരണമാണ് എന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. പുകയിലയുടെ ഉപയോഗമാണ് മൂന്നാം സ്ഥാനത്തുള്ളത്. വായു മലിനീകരണം മൂലമുണ്ടാകുന്ന സാംക്രമികേതര രോഗങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് 50 വയസിന് മുകളിൽ പ്രായമുള്ളവരെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലെ ഖര രൂപത്തിലുള്ള കണികകൾ കൂടുതൽ ഭീഷണി ഉയർത്തുമ്പോൾ രണ്ടാമത് ഗാർഹിക വായു മലിനീകരണം തന്നെയാണ്.
നവജാതശിശുക്കളും, അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുമാണ് വായു മലിനീകരണത്തിന്റെ ആഘാതങ്ങൾക്ക് മുഖ്യമായും ഇരകളാക്കപ്പെടുന്നത് എന്നും റിപ്പോർട്ട് പറയുന്നു. വളർച്ചയെത്തുന്നതിന് മുമ്പുള്ള ജനനം, ജനന സമയത്തെ തൂക്ക കുറവ്, മസ്തിഷ്ക വളർച്ച മന്ദഗതിയിലാകൽ, ഹൃദ്രോഗം, ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ, കാൻസർ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കുട്ടികളിലുണ്ടാകുന്നതിനും വായു മലിനീകരണം കാരണമാകന്നു. കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളിൽ ആദ്യത്തേത് പോഷകാഹാരക്കുറവാണെങ്കിൽ രണ്ടാമത്തേത് വായു മലിനീകരണമാണ്. 2021 ലെ കണക്ക് പരിശോധിക്കുമ്പോൾ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ 7,00,000 ത്തിലധികം പേരാണ് വായു മലിനീകരണത്താൽ മരിച്ചത്. അതേസമയം, ആഗോളതലത്തിൽ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണനിരക്ക് 36 ശതമാനം കുറഞ്ഞു എന്ന റിപ്പോർട്ടിന്റെ കണ്ടെത്തൽ ആശ്വാസകരമാണ്.