Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മേയ് 22, അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിന് ബോധ്യപ്പെടുത്തുകയും അതിന്റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നതിനായി ആചരിക്കുന്ന ദിവസം. 2000 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ആരംഭിക്കുന്നത്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും വംശനാശഭീഷണിയിൽ നിന്നും ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും വരും തലമുറകൾക്ക് സുസ്ഥിരമായ ഭാവി ഉറപ്പുവരുത്തുന്നതിനും ജൈവവൈവിധ്യം പുനഃസ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. എന്നാൽ വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ നടണമെന്ന തീരുമാനത്തിലൂടെ അതിന് വിപരീതമായ ദിശയിലേക്ക് കേരളം നീങ്ങിയ സാഹചര്യത്തിലാണ് ഈ ജൈവവൈവിധ്യ ദിനം കടന്നുപോകുന്നത്. എതിർപ്പുകളെ തുടർന്ന് ഉത്തരവ് മരവിപ്പിച്ചെങ്കിലും ജൈവവൈവിധ്യ സംരക്ഷണത്തോടുള്ള സർക്കാരിന്റെ സമീപനമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപകനും ‘ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ഇ ഉണ്ണികൃഷ്ണൻ.
വനത്തിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള ഉത്തരവ് വനം വകുപ്പ് മരവിപ്പിച്ചെങ്കിലും ഇത്തരത്തിലുള്ള ഒരു തീരുമാനമുണ്ടായത് ഞെട്ടിക്കുന്ന ഒരു കാര്യമല്ലേ? അധിനിവേശ സസ്യങ്ങളുടെയും വനഭൂമിയിലെ ഏകവിളതോട്ടങ്ങളുടെയും പ്രശ്നം തിരിച്ചറിഞ്ഞു തുടങ്ങുകയും അത് തിരുത്താൻ ശ്രമിച്ചു തുടങ്ങുകയും ചെയ്യുന്ന കാലത്താണല്ലോ ഇത്തരം ഒരു ആലോചന നടക്കുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് താങ്കൾ നിരീക്ഷിക്കുന്നത് ?
ഈ തീരുമാനത്തിൽ എനിക്ക് പ്രത്യേകിച്ച് ഞെട്ടലോ, അത്ഭുതമോ ഒന്നും തോന്നിയില്ല. കേരളത്തിൽ വനം വകുപ്പ് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി കുറേ കാര്യങ്ങൾ ചെയ്യാറുണ്ടെങ്കിലും പലതും പാളി പോയിട്ടുണ്ട്. കൃഷി വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും കീഴിൽ കുറേ വകുപ്പുകൾ ഉണ്ട്. ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ, പ്ലാന്റേഷൻ ഡവലപ്മെന്റ് കോർപ്പറേഷൻ, ജൈവവൈവിധ്യ ബോർഡ് എന്നിവ അതിന് ഉദാഹരണങ്ങളാണ്. ഓരോ വകുപ്പുകളും ചെയ്യുന്ന കാര്യങ്ങൾ മറ്റൊരു വകുപ്പിന്റെ തീരുമാനങ്ങൾക്കും നയത്തിനും പ്രവർത്തനങ്ങൾക്കും വിരുദ്ധമായിരിക്കും. അത് എല്ലാ കാലത്തും സംഭവിക്കുന്നതാണ്. യൂക്കാലിപ്റ്റസ് ഇപ്പോൾ നട്ടുപിടിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം അന്വേഷിക്കേണ്ടതുണ്ട്. കാട് എന്നത് പരമാവധി ചൂഷണം ചെയ്ത് ലാഭമെടുക്കേണ്ടതാണ് എന്ന മനോഭാവത്തിന്റെ ഭാഗമായാണ് പ്ലാന്റേഷൻ കോർപ്പറേഷനും ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷനുമൊക്കെ ഉണ്ടായിട്ടുള്ളത്. വനവിഭങ്ങൾ, പ്രത്യേകിച്ച് മരങ്ങൾ നൂറ്റാണ്ടുകളായി യൂറോപ്യന്മാർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണല്ലോ തേക്ക് പ്ലാന്റേഷൻ ഒക്കെ വരുന്നത്. പക്ഷേ, ഇന്ന് നമ്മൾ കാണുന്ന ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള കേരളത്തിലെ വ്യാവസായിക പുരോഗതി കൊണ്ടുവന്ന വലിയ സ്ഥാപനങ്ങളുടെ ഭാഗമായാണ്. സ്വതന്ത്ര കേരളത്തിലും വ്യവസായത്തിന് വേണ്ടിയുള്ള ഒരു അസംസ്കൃത വസ്തു മാത്രമായിരുന്നു വനം. 1944 ൽ സി.പി രാമസ്വാമി അയ്യരുടെ താല്പര്യം കൊണ്ട് പെരിയാർ തീരത്ത് രാസവള നിർമ്മാണശാല സ്ഥാപിച്ചപ്പോൾ ഫാക്ടറിയിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചത് മലയാറ്റൂരിലെ കാടുകളിൽ നിന്നും വെട്ടിക്കൊണ്ടുവന്ന വിറക് ഉപയോഗിച്ചായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വ്യവസായ വിപ്ലവത്തോടനുബന്ധിച്ച് തന്നെയാണ് അത് നടക്കുന്നത്. 1931 ൽ പുനലൂരിൽ സ്ഥാപിതമായ പേപ്പർ മില്ല് , 1945 മുതൽ കണ്ണൂരിലെ വളപ്പട്ടണത്തു പ്രവർത്തിച്ചിരുന്ന വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് പോലുള്ള മര അധിഷ്ഠിത വ്യവസായങ്ങൾ കേരളത്തിൽ ധാരാളം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലൊരു ന്യൂസ് പേപ്പർ ഫാക്റ്ററി സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനങ്ങൾ വളരെ മുൻപ് തന്നെ നടക്കുന്നുണ്ട്. 1974 ഒക്‌ടോബർ 7 നു ആ ഫാക്റ്ററിക്കാവശ്യമായ അസംസ്കൃത വസ്തുക്കളെ പറ്റിയൊരു കരാർ ഒപ്പിടുന്നുണ്ട്. ആധുനിക കാലത്ത് മര അധിഷ്ഠിത വ്യവസായങ്ങളിൽ ഒന്ന് വെള്ളൂരിലെ ന്യൂസ് പ്രിന്റ് ഫാക്ടറിയാണ്. കാലഹരണപ്പെട്ട സാങ്കേതിക വിദ്യയായിരുന്നു മര അധിഷ്ഠിത വ്യവസായങ്ങൾ നേരിട്ട ഒരു പ്രശ്നം. വെള്ളൂരിലെ ന്യൂസ് പ്രിന്റ് ഫാക്റ്ററിയിൽ എഴുപത് ശതമാനം മരവും യൂക്കാലിയും ബാക്കി ഈറ്റയും ആണ്. ജർമൻ സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിച്ചിരുന്നത്. ഇത്തരം യന്ത്രങ്ങൾക്ക് വേണ്ടിയാണ് കേരളത്തിൽ വ്യാപകമായി യൂക്കാലി നട്ടുപിടിപ്പിക്കുന്നത്. നീലഗിരിയിൽ ചതുപ്പുകൾ വറ്റിക്കാൻ ഉപയോഗിച്ചിരുന്ന മരമാണ് യൂക്കാലി. ഒരു പൾപ്പ് മരമെന്ന നിലയിൽ യൂക്കാലി വ്യാപകമായി വച്ച് പിടിപ്പിക്കാൻ തുടങ്ങി. അതിനിടയിലാണ് 1980 കളിൽ സാമൂഹ്യ വനവൽക്കരണം എന്ന പേരിൽ ലോക ബാങ്കിന്റെ സഹായത്തോടുകൂടി കേരള വനം വകുപ്പ് വലിയൊരു പദ്ധതി നടപ്പിലാക്കുന്നത്. അതിന്റെ ഉദ്ദേശം വളരെ ലളിതമാണ്. Food, Fuel, Fodder, Fertiliser (green manure) and Fibre എന്നിങ്ങനെ അഞ്ച് കാര്യങ്ങൾക്ക് വേണ്ടിയാണ് മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത്. വനങ്ങളിലും പുൽമേടുകളിലും ഒക്കെയാണ് സാമൂഹ്യവനവത്കരണം നടത്തിയിരുന്നത്. പുൽമേടുകൾ മരങ്ങളില്ലാത്ത മൊട്ട കുന്നുകളാണ് എന്ന തെറ്റിദ്ധാരണ ഉള്ളത് കൊണ്ടാവാം പരിചരണമില്ലാതെ തന്നെ വേഗത്തിൽ വളർന്നുപൊന്തുന്ന അക്കേഷ്യ, യൂക്കാലി പോലുള്ള മരങ്ങളാണ് അവിടെ നട്ടത്. അത് വ്യവസായ ശാലകൾക്കുള്ള അസംസ്കൃത വസ്തുക്കൾക്ക് വേണ്ടിയായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. ആ പ്രവർത്തനം സാധാരണക്കാരന്റെ ആവശ്യങ്ങളെ നിറവേറ്റിയില്ല എന്നുമാത്രമല്ല അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കാടുകൾ പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്തു. അതുണ്ടാക്കിയ ഒരു പ്രശ്നമാണ് മനുഷ്യ വന്യജീവി സംഘർഷം.
ലക്ഷ്യം നന്നാവുമ്പോഴും അതിലെ മാർഗ്ഗങ്ങളിലുണ്ടായ സ്ഥാപിത താല്പര്യങ്ങളും അതിന്റെ നിർവഹണത്തിന്റെ തകരാറും അതിന്റെ തെരെഞ്ഞെടുപ്പുകളിലെ മുൻഗണനകളും ഒക്കെ കൂടി ഉണ്ടാക്കിയ സാങ്കേതിക പ്രശ്നങ്ങളാണ് ഇന്ന് യൂക്കാലി വ്യാപിക്കാൻ കാരണം. അക്കേഷ്യ മരങ്ങളെ മുറിച്ചുമാറ്റാനുള്ള പരിപാടികൾ ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്. വച്ച് പിടിപ്പിച്ച അക്കേഷ്യയെക്കാൾ വ്യാപിച്ച അക്കേഷ്യയാണ് ഇന്ന് കാടുകളിൽ കൂടുതൽ. മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തുമൊക്കെ അത് വ്യാപിച്ചിരിക്കുകയാണ്. അത് വ്യാപിക്കുകയും ഒരു പ്രത്യേക ആവാസ വ്യവസ്ഥയായി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. അവ കുറുക്കൻ, മയിൽ, മുയൽ ഒക്കെ വാസകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുമുണ്ട്. അതുകൊണ്ട് അവ ഒറ്റയടിക്ക് നശിപ്പിക്കാൻ പറ്റില്ല. അക്കേഷ്യ കാട്ടിൽ അഭയം തേടിയ ജീവികളെ തുരത്തുന്നത് മറ്റൊരു തരത്തിൽ മനുഷ്യ വന്യജീവി സംഘർഷം സൃഷ്ടിക്കും. നശീകരണം ഘട്ടംഘട്ടമായി ചെയ്യണം. ഇന്ന് നമ്മുടെ ഫർണിച്ചർ വ്യവസായങ്ങൾ അമ്പത് ശതമാനം നിർവഹിക്കുന്നത് അക്കേഷ്യ കൊണ്ടാണ്. നമ്മുടെ മണ്ണിനെ ചൂഷണം ചെയ്തിട്ടാണ് അക്കേഷ്യ വലിയ തടിയായി മാറുന്നത്. എന്നാലും അതിൻ്റെ തടിക്ക് വലിയ വിലയുമുണ്ട്. അതിന് വിപണന മൂല്യം ഉള്ളതുകൊണ്ട് അത് വെട്ടാനും ആരും തയ്യാറാവില്ല. യഥാർത്ഥത്തിൽ ഈ പണം ഭൂമിയുടെ സർവ്വതും ഊറ്റികുടിച്ചുകൊണ്ടാണ് ഉണ്ടാകുന്നത്. ഇപ്പോഴുള്ള അക്കേഷ്യ കാടുകൾ നശിപ്പിക്കുമ്പോൾ ലഭിക്കുന്ന പണം ഉപയോഗിച്ച് തദ്ദേശീയ മരങ്ങൾ കൊണ്ടുള്ള വനവൽക്കരണം സാധ്യമാക്കണം.
മനുഷ്യ വന്യജീവി സംഘർഷം പരിഹരിക്കാൻ കഴിയാത്ത പ്രശ്നമായി അധികരിക്കുകയാണ്. വനങ്ങളുടെ പുനരുജ്ജീവനം അതിനൊരു പരിഹാരമാണെന്ന് സർക്കാരും വിദഗ്ധരുമെല്ലാം ഒരുപോലെ പറയുന്നു. അതിൽ എത്രമാത്രം നമ്മൾ മുന്നോട്ടുപോയിട്ടുണ്ട്? വനങ്ങളുടെ പുനരുജ്ജീവനത്തിനായി കേരളത്തിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ?
കേരള വനം വകുപ്പിന്റെ അധികാര പരിധിയിൽ വരുന്നതിനെ മാത്രമേ നമ്മൾ വനം/കാട് എന്നൊക്കെ പറയുന്നുള്ളൂ. അതിന് പുറത്തും കുറേയധികം കാടുകളുണ്ട്. ക്ഷയിച്ച വനത്തിന്റെ പുനരുജ്ജീവനത്തിനായാണ് മഞ്ഞക്കൊന്നയും അക്കേഷ്യയും ഒക്കെ നട്ടിരുന്നത്. പക്ഷേ അത് വെളുക്കാൻ തേച്ചത് പാണ്ടായപോലെയായി. അങ്ങനെയല്ല അതിന് മാർഗം കാണേണ്ടിയിരുന്നത്. അതാത് നാടുകളിലെ തനതായ മരങ്ങളാണ്
പുനർ വനവൽക്കരണത്തിന് വേണ്ടി ഉപയോഗിക്കേണ്ടത്. കേരളത്തിൽ രണ്ടായിരത്തോളം മരങ്ങളുണ്ട്. അവയിൽ പലതും എൻഡെമിക്കുകളാണ്. പശ്ചിമഘട്ടത്തിൽ മാത്രം വളരുന്ന അവ, തടിക്ക് വേണ്ടിയും വിവിധങ്ങളായ ഔഷധ ചെടികളായും, തണൽ മരങ്ങളായും, അലങ്കാര ചെടികളായും ഒക്കെ ഉപയോഗിക്കാൻ പറ്റുന്നവയായിരുന്നു. മിയാവാക്കി പോലുള്ള വിദേശ മാതൃകകൾക്ക് പകരം കാവുകൾ പോലുള്ള നമ്മുടെ തനത് മാതൃകകൾ തന്നെയാണ് സ്വീകരിക്കേണ്ടത്. വ്യവസായ ആവശ്യങ്ങൾക്കും തനത് മരങ്ങൾ ഉപയോഗിക്കാമല്ലോ. മിയാവാക്കി വനം നിർമ്മിക്കാൻ ആറേഴ് ലക്ഷം രൂപ പ്രാരംഭമായി തന്നെ വേണ്ടതുണ്ട്. അതിന്റെ ആവശ്യമെന്താണ് ? വനവൽക്കരണം ചെലവേറിയ ഒരു പ്രക്രിയ അല്ലല്ലോ.
വനവൽക്കരണത്തിന് വേണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഔപചാരിക പ്രവർത്തങ്ങൾ പലതും നടക്കുന്നുണ്ട്. കാവ് സംരക്ഷിക്കാനായി കാവിന് വേലി കെട്ടൽ, പച്ച തുരുത്ത് സംരക്ഷണം എന്നിവയെല്ലാം ചെയുന്നുണ്ട്. ചിലയിടത്തെല്ലാം അവ ഫലപ്രദമായി തന്നെയാണ് നടക്കുന്നത്. പക്ഷേ മറ്റ് ചില ഭാഗങ്ങളിൽ കാടിനോട് കാരുണ്യമില്ലായ്മ പ്രത്യക്ഷമാണ്. ഉള്ള കാടിനെ ജെ.സി.ബി ഉപയോഗിച്ച് തള്ളി മാറ്റി അതിന് പകരം പുതുതായി കാട് പിടിപ്പിച്ചവരുണ്ട്. സ്വകാര്യ കണ്ടൽ കാടുകളെ വാങ്ങി സംരക്ഷിക്കുവാൻ വേണ്ടിയുള്ള വലിയ പ്രോജക്റ്റുകളെല്ലാം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതാണ്. സീക്ക്, വൺ എർത്ത് വൺ ലൈഫ് പോലുള്ള സംഘടനകളെല്ലാം മികച്ച പ്രവർത്തനങ്ങൾ തന്നെയാണ് കാഴ്ചവയ്ക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് പോലെ അത് കൃത്യമായി നടപ്പിലാക്കാനായി ജനങ്ങളുടെ ഇടപെടലുകളും വേണ്ടതുണ്ട്. സോഷ്യൽ ഫോറസ്ട്രി വകുപ്പ് എല്ലാ വർഷവും പരിസ്ഥിതി ദിനത്തിന് കുട്ടികൾക്ക് നടാനായി വൃക്ഷ തൈകൾ നൽകാറുണ്ട്. പല കുട്ടികൾക്കും കിട്ടിയ ചെടിയുടെ പേര് പോലും അറിയില്ല. അത് നടാനുള്ള സ്ഥലം കുട്ടിയുടെ വീട്ടിലുണ്ടോ എന്ന് കൊടുക്കുന്നവരും ചിന്തിക്കാറില്ല. അതുപോലെ എല്ലാ വർഷവും ജനപ്രതിനിധികൾ ഒരേ സ്ഥലത്ത് തന്നെ ചെടി നടാറുമുണ്ട്. ആ ചെടിയെ പിന്നെ ആരും നോക്കാൻ പോകാറില്ല. 2008ൽ ബിനോയ് വിശ്വം വനംമന്ത്രിയായിരുന്ന സമയത്ത് ‘എന്റെ മരം’ എന്നൊരു പദ്ധതി ഉണ്ടായിരുന്നു. അതിൽ നട്ട ചെടിയുടെ നിരീക്ഷണവും, അതിന്റെ പുരോഗതിയും കുട്ടികളെ കൊണ്ട് തന്നെ വിലയിരുത്തിയിരുന്നു. അത്തരം പദ്ധതികൾ തന്നെയാണ് മികച്ചത്. ആദ്യം മരം നടേണ്ടത് നമ്മുടെ മനസ്സിലാണ്, അതിനുള്ള ബോധവൽക്കരണം കൊടുക്കാതെ വെറുതെ ചെടി കൊടുത്തിട്ട് ഒരു കാര്യവുമില്ല. വനവൽക്കരണത്തിന് പ്രകൃതിയെയും കാലത്തെയും കൂടി മുഖവിലയ്‌ക്കെടുത്തുകൊണ്ടുള്ള ഒരു സംസ്കാരം നമ്മൾ രൂപപ്പെടുത്തേണ്ടതുണ്ട്.
ആഗോളതാപനവും കാലാവസ്ഥാ മാറ്റവും ഉൾപ്പെടെയുള്ള ഭീഷണികൾ ജൈവവൈവിധ്യ നാശത്തിന് കാരണമായി മാറുന്നുണ്ടല്ലോ. ഈ പ്രതിസന്ധിയെ കേരളം എത്രത്തോളം കാര്യക്ഷമമായി നേരിടുന്നുണ്ട് ?
ആഗോളതാപനവും കാലാവസ്ഥയും ജൈവവൈവിധ്യത്തിന് നാശം വിതയ്ക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ, ജൈവ വൈവിധ്യത്തിന്റെ നാശം സ്വാഭാവികമായ ആവാസവ്യവസ്ഥകളെ നഷ്ടപ്പെടുത്തുന്നു, നശിപ്പിക്കുന്നു എന്നതുകൂടി ഇതിനൊപ്പം ചേർക്കേണ്ടതുണ്ട്. മനുഷ്യർ മലയിറങ്ങുന്നു, മരങ്ങൾ മല കയറിപ്പോവുന്നു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ദേശാന്തരഗമനം നടത്തുന്നത് ജന്തുക്കൾ മാത്രമാണെന്ന് നമുക്കറിയാം. എന്നാലിപ്പോൾ സസ്യങ്ങൾ കൂടി ആ വഴിയിലെത്തിയിരിക്കുന്നു. ഒരു ഉദാഹരണം, സഹ്യപർവതത്തിന്റെ മുകളിൽ തണുപ്പ് കൂടുതലായതുകൊണ്ട് തന്നെ പല ചെടികളും പർവ്വതത്തിന്റെ താഴ്വാരങ്ങളിലായാണ് വളരുന്നത്. എന്നാൽ ഇപ്പോൾ ചൂട് കൂടിയതുകൊണ്ട് അവ മുകളിൽ വളരാൻ തുടങ്ങിയിരിക്കുന്നു. ജൈവവൈവിധ്യ നാശം വൻ തോതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തവളകളെപ്പോലുള്ള ഉഭയജീവികളുടെ എണ്ണവും കുറഞ്ഞുവരുന്നു. ഒരുപാടധികം സസ്യങ്ങൾ ഇപ്പോഴും തിരിച്ചറിയപ്പെട്ടിട്ടില്ല. അവയെയൊന്നും ഔദ്യോഗിക കണക്കുകളിലൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. നമുക്ക് ചുറ്റും നശിച്ചുകൊണ്ടിരിക്കുന്നത്തിന്റെ മൂല്യത്തെ കുറിച്ച് നമുക്ക് ധാരണയില്ല. വ്യക്തികളും, സർക്കാരും, സന്നദ്ധ സംഘടനകളും ഒക്കെ അതിനുവേണ്ടി കുറെ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതിൽ ഏകോപനത്തോടുകൂടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ വളരെ വിരളമാണ് എന്നതാണ് സത്യം.
നട്ടുപിടിപ്പിക്കുന്ന യൂക്കാലി പോലെയുള്ള മരങ്ങൾ കൂടാതെ മഞ്ഞക്കൊന്ന, ധൃതരാഷ്ടപ്പച്ച, കൊങ്ങിണി, ആനത്തൊട്ടാവാടി തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വനങ്ങളിലേക്ക് വ്യാപിക്കുകയും സ്വാഭാവിക വനത്തിനും വന്യ ജീവികൾക്കും അത് ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ടല്ലോ. ഇതിനെന്താണ് പരിഹാരം ?
എല്ലാ വിദേശ സസ്യങ്ങളും അധിനിവേശ സസ്യമല്ല. പ്രാദേശിക സസ്യങ്ങളുടെ വളർച്ചയെ വളരെ ഗുരുതരമായി ബാധിക്കുന്ന സസ്യങ്ങളെയാണ് നമ്മൾ അധിനിവേശ സസ്യങ്ങളെന്ന് പറയുന്നത്. ഇപ്പോഴും നമ്മുടെ കണ്ണിൽപ്പെടാതെ പോയിട്ടുള്ള വളരെ ഭീകരമായ അധിനിവേശ സസ്യങ്ങളുണ്ട്. പുതുതായി അധിനിവേശ സസ്യങ്ങൾ ഉണ്ടായിക്കൊണ്ടുമിരിക്കുന്നുണ്ട്. ചില സസ്യങ്ങൾ നിയന്ത്രണവിധേയമാണ്. പക്ഷേ, ധൃതരാഷ്ട്രപ്പച്ച കാട്ടുതീ പോലെ പടരുന്നുണ്ട്, അവയെ നിയന്ത്രിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായാണ് യൂക്കാലിയും അക്കേഷ്യയും നടാൻ തീരുമാനിക്കുന്നതെങ്കിലും ധൃതരാഷ്ട്രപ്പച്ച യാദൃശ്ചികമായി എത്തിയതാണ്. ‘ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങള്‍’ എന്ന പുസ്തകത്തിലാണ് ഈ പേര് ആദ്യമായി ഉപയോഗിക്കുന്നത്. എല്ലാത്തിനേയും ഇല്ലാതാക്കുക എന്നതാണല്ലോ ധൃതരാഷ്ട്രരുടെ സ്വഭാവം, ഈ ചെടിക്ക് ആ ഗുണമുള്ളത് കൊണ്ടാണ് അങ്ങനെയൊരു പേര് കൊടുക്കുന്നത്. അതുപോലെ മഞ്ഞക്കൊന്ന ഒരു കൗതുകത്തിന്റെ പേരിൽ വനത്തിനെ സ്വർണ വർണമാക്കാനായി വിദേശത്ത് നിന്നും കൊണ്ടുവന്ന ഒരു ചെടിയാണ്. കൊങ്ങിണി ഒരു വേലിച്ചെടിയായി കൊണ്ടുവന്നു. പിന്നീടാണ് അത് ബുൾബുളിന്റെ ആഹാരമായി വ്യാപിക്കുന്നത്. മനുഷ്യന്റെ അശ്രദ്ധ കൊണ്ട് വ്യാപിച്ച ചെടികളാണ് ഇന്ന് അധിനിവേശ സസ്യങ്ങളായി വ്യാപിച്ചത്. ഇപ്പോൾ പുതിയ പല അധിനിവേശ സസ്യങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അത് അതാത് സമയത്ത് നിയന്ത്രിക്കാൻ തൊഴിലുറപ്പ് ജോലിക്കാർക്ക് ബോധവൽക്കരണം കൊടുക്കണം. അത്തരം ചെടികൾ ശ്രദ്ധയിൽ പെടുമ്പോൾ തന്നെ അത് പിഴുതു കളയാനായുള്ള നിദ്ദേശവും നൽകണം.