ചൈനീസ് സർക്കാരിന്റെ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ഉയിഗൂർ വംശജരുടെ ജീവിതകഥയാണ് താഹിർ ഹാമുദ് ഇസ്ഗിലിന്റെ കാവ്യലോകത്ത് മുഴങ്ങുന്നത്. താഹിർ ഇന്ന് അമേരിക്കയിൽ പ്രവാസിയാണ്. ജന്മനാട്ടിൽ ജീവിതം അസാധ്യമായത് എങ്ങനെ? താനും കുടുംബവും അമേരിക്കയിലേക്ക് ഓടിപ്പോയത് എന്തുകൊണ്ട് എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ ആത്മകഥാപരമായ കുറിപ്പ്. അദ്ദേഹത്തിന്റെ ഓർമ്മകളുടെ പുസ്തകം, ‘Writing to be arrested at night’ 2023 ആഗസ്റ്റിൽ പുറത്തിറങ്ങാനിരിക്കുകയാണ്.
പരിഭാഷ: ക്രിസ്പിൻ ജോസഫ്
ഒരു ശനിയാഴ്ച രാവിലെ ഞാനും മക്കളും കൂടി അടുത്തുള്ള നഗരമായ തർപനിലേയ്ക്ക് ഒരു യാത്ര പോയി. 2017 മെയ് മാസമായിരുന്നു അത്. വിശ്രമമോ വിനോദമോ ആയിരുന്നു യാത്രയുടെ ലക്ഷ്യം. മഞ്ഞുമാസത്തിന്റെ കുളിര് ഉറുംക്വിയെ വിട്ട് പോയിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തെ തർപനിലെ ചൂട് കാലാവസ്ഥ ശരീരത്തിന് ഗുണം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. സാധാരണ ദൂരയാത്രകളിൽ ഞങ്ങൾ പലതരം വിഷയങ്ങൾ സംസാരിക്കുകയാണ് പതിവ്. ആ യാത്രയിൽ അതൊന്നുമുണ്ടായില്ല. ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ സംസാരിക്കാവുന്നവ ആയിരുന്നില്ല.
ഉയിഗൂർ വംശജരെ കരുതൽ തടങ്കലിലാക്കുന്ന ചൈനീസ് സർക്കാരിന്റെ നടപടികൾ രൂക്ഷമായി തുടരുന്നു. ഈ പ്രചരണം ആദ്യം തുടങ്ങിയത് കാഷ്ഗറിലും ഖോട്ടനുമായിരുന്നു. പിന്നീടത് ഉയിഗൂർ വംശരുടെ പ്രധാന മേഖലകളിലേയ്ക്കും വ്യാപിച്ചു. ഇപ്പോളത് ഉയിഗൂർ വംശജരുടെ പ്രാദേശിക കേന്ദ്രമെന്ന് പറയാവുന്ന ഉറുംക്വിയിലും എത്തിയിരിക്കുന്നു. പരിചയക്കാർ പലരും പൊടുന്നനെ അപ്രത്യക്ഷരായി തുടങ്ങിയിരിക്കുന്നു. ജോലിക്കും കുടുംബത്തിനും സ്വന്തമായൊരു വീടിനും വേണ്ടി കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇങ്ങോട്ട് കുടിയേറിയ ഉയിഗൂർ വംശജരെയാണ് പഠനകേന്ദ്രങ്ങൾ എന്ന് പേരിട്ട് വിളിക്കുന്ന തടങ്കൽപ്പാളയങ്ങളിലേയ്ക്ക് മാറ്റുന്നത്. ലേബർ ക്യാമ്പിൽ എനിക്കറിയാവുന്ന പലരും ഇപ്പോൾ അറസ്റ്റിലാണ്. മുൻപ് അറസ്റ്റിലായ പലരും വീണ്ടും അറസ്റ്റിലാകുന്നുമുണ്ട്. എപ്പോൾ വേണമെങ്കിലും ഞാൻ അറസ്റ്റ് ചെയ്യപ്പെടാം.
മനുഷ്യാവകാശ പ്രവർത്തകരുടെയും അക്കാദമിക്കുകളുടെയും നിരീക്ഷണ പ്രകാരം, ഏതാണ്ട് പത്ത് ലക്ഷത്തോളം ഉയിഗൂർ വംശജരെയാണ് ചൈനീസ് ഭരണകൂടം തടവിലാക്കിയിരിക്കുന്നത്. പതിനായിരക്കണക്കിന് മറ്റ് ന്യൂനപക്ഷ മുസ്ലീങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ഉയിഗൂർ വംശജരായ സ്ത്രീകളിൽ നിർബന്ധിത വന്ധ്യംകരണം ചെയ്യുന്നതും ഈ സംഘടിത ശ്രമങ്ങളുടെ ഭാഗമാണ്. എന്നാൽ ബെയ്ജിങ്ങ് തുടർച്ചയായി ഈ ആരോപണങ്ങളെ തള്ളിക്കളയുകയാണ്. ഉയിഗൂർ വംശജർ ക്യാമ്പുകളിലേയ്ക്ക് സ്വയമേവ പോകുന്നുവെന്നാണ് ബെയ്ജിങ്ങ് വാദം.

ഞങ്ങളുടെ നഗരങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ മുമ്പത്തേതിനെക്കാളും വളരെ ശക്തമായാണ് പ്രവർത്തിക്കുന്നത്. എവിടെയും പൊലീസ് സാന്നിധ്യവുമുണ്ട്. മൊബൈൽ ഫോണിലെ ചിത്രങ്ങളും വീഡിയോകളും ഓഡിയോ റെക്കോർഡുകളും, എന്തിനേറെ സന്ദേശങ്ങൾപ്പോലും ‘തെളിവായി’ മാറ്റപ്പെടാം എന്നതുകൊണ്ട് അതെല്ലാം ഡിലീറ്റ് ചെയ്യുന്നതും പതിവാണ്. ഭാര്യ മെർഹബയുടെ വിമുഖത മൂലമാണ് അല്ലെങ്കിൽ പണ്ടേയ്ക്ക് തന്നെ രാജ്യം വിട്ടേനെ. കഴിഞ്ഞ പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ നിരവധി പ്രതിസന്ധികളാണ് ഞങ്ങൾ തരണം ചെയ്തതിട്ടുള്ളത്. ഇതിനിടയിൽ സ്വന്തമായൊരു അപ്പാർട്ട്‌മെന്റ് വാങ്ങി, രണ്ട് കുട്ടികളെ വളർത്തി. ചെറിയൊരു സിനിമ നിർമ്മാണ കമ്പനിയും തുടങ്ങി. ഈ ചെറിയ സംഗതികൾ കൊണ്ട് ഞങ്ങളെന്തെങ്കിലും ആയെന്നല്ല, കുഴപ്പമില്ലാത്ത അവസ്ഥയിലെത്തി എന്ന് മാത്രം. മെർഹബയുടെ പരിശ്രമം ഞങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂട്ടുകാരെയും ബന്ധുക്കളെയും വിട്ടുപിരിയാനും താത്പര്യമില്ലാത്തതിനാൽ നാട് വിട്ടില്ല. കാര്യങ്ങൾ അത്ര കണ്ട് വഷളാകില്ലെന്ന് മെർഹബ എപ്പോഴും പറയും: ‘ദൈവം സഹായിക്കും. നമ്മളെ അറസ്റ്റ് ചെയ്യാനും മാത്രം ചെയ്തിട്ടില്ലല്ലോ.’
ഒരാളുടെ നാൽപ്പതുകളിൽ സ്വന്തം നാട് വിട്ട് മറ്റൊരു നാട്ടിൽ ചേക്കേറി പുതിയൊരു ജീവിതം കെട്ടിപടുക്കുക അത്ര എളുപ്പമല്ല. ഞങ്ങൾ ഇതിനെക്കുറിച്ച് കാര്യമായി സംസാരിക്കാറില്ല. ഒരിക്കാൽ നാട് വിട്ടാൽ പിന്നീട് തിരിച്ചെത്തുക സാധ്യമല്ലെന്ന് ഞങ്ങൾക്കറിയാം.
എന്റെ രണ്ട് മക്കളും പുറകിലെ സീറ്റിൽ ഉറങ്ങിത്തുടങ്ങി. ഒരിക്കലും അവസാനിക്കാത്ത പലതരം ചർച്ചകൾ കണ്ട് തളർന്ന് തുടങ്ങിയിട്ടുണ്ട് രണ്ടാളും. എന്റെ സെൽഫോൺ രണ്ട് തവണ റിങ്ങ് ചെയ്തു. അതൊരു അജ്ഞാത നമ്പറാണ്. അജ്ഞാത നമ്പറുകൾ ഇപ്പോൾ ആളുകൾക്ക് പേടിയാണ്.
‘ഹലോ. ഇത് മി. താഹിർ ഹാമുട്ട് അല്ലേ?’
ശബ്ദം കേട്ടിട്ട് ഒരു ഉയിഗൂർ യുവതിയെന്ന് തോന്നി!
‘അതേ, താഹിറാണ് സംസാരിക്കുന്നത്.’
‘ഇത് അയൽപ്പക്ക സമതിയിൽ നിന്ന് ഗുൽജനാണ് സംസാരിക്കുന്നത്.’
അയൽപ്പക്ക സമതിയെന്നത് ചൈനീസ് നഗരങ്ങളിലെ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴെക്കിടയിലുള്ള സംവിധാനമാണ്.
വിദേശത്തായിരുന്ന ആളുകളുടെ വിരലടയാളങ്ങൾ പൊലീസ് ശേഖരിക്കുന്ന വിവരം അറിയിക്കാൻ വിളിച്ചതാണ്. അതിനർത്ഥം അവർ ഞങ്ങളെ പിറകെയുണ്ട് എന്നാണ്. ഞാൻ തിങ്കളാഴ്ച വരാമെന്ന് അവളെ അറിയിച്ചു.
‘രാവിലെ തിരക്കാകുമെന്ന് തോന്നുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ എത്തിയാലെന്താ?’
‘ഉറപ്പായും. വാരാന്ത്യങ്ങളിൽപ്പോലും ജോലി ചെയ്യുന്നത് പോലെ തോന്നുന്നല്ലോ?’
‘അതേ, ഞങ്ങളിപ്പോൾ വാരാന്ത്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്’
ഞങ്ങളുടെ തർപ്പൻ ദിനങ്ങൾ ആകാംക്ഷയുടെ അന്തരീക്ഷത്തിലാണ് കടന്നുപോയത്. ഞാനും മെർഹബയും ഞങ്ങളാലാകുംവിധം ആനന്ദിക്കാൻ ശ്രമിച്ചു. തിങ്കളാഴ്ചത്തെ കൂടികാഴ്ചയുടെ കാര്യം മറക്കാൻ ശ്രമിച്ചു.
‘അവർക്ക് വിരലടയാളമല്ലാതെ മറ്റൊന്നും വേണ്ടതില്ലല്ലോ? മെർഹബ ചോദിച്ചു. മറ്റൊന്നും എന്നതുകൊണ്ട് ഞങ്ങളെ ‘പഠന’ത്തിന് അയക്കുമോ എന്നാണ് മെർഹബ ഉദ്ദേശിച്ചത്.
വ്യാപകമായ തോതിൽ അറസ്റ്റ് നടക്കുന്നതായുള്ള വാർത്തകളാണ് കാഷ്ഗാറിൽനിന്ന് വരുന്നത്. അനിയന്ത്രിതമായ അറസ്റ്റ് മൂലം പോലീസ് സ്‌റ്റേഷനും ലോക്കപ്പ് റൂമുകളും ജയിലും ലേബർ ക്യാമ്പുകളും മറ്റ് തടവുപാളയങ്ങളും മയക്കുമരുന്ന് ചികിത്സാലയങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. സ്‌കൂളുകളും സർക്കാർ ഓഫീസുകളും പോലും അറസ്റ്റ് ചെയ്യുന്നവരെ പാർപ്പിക്കാനുള്ള ‘പഠന’ സെന്ററുകളായി മാറി. വളരെ പെട്ടെന്ന് തന്നെ അവിടെയൊക്കെ ഇരുമ്പുവാതിലുകളും സുരക്ഷാ സംവിധാനങ്ങളും രൂപപ്പെട്ടു. ജനലുകൾ കൊട്ടിയടയ്ക്കുകയും മുള്ളുകമ്പി കൊണ്ടുള്ള അതിരുകൾ രൂപപ്പെടുകയും ചെയ്തു. പുതിയ കെട്ടിടങ്ങളുടെ നിർമ്മിതി സംബന്ധിച്ചുള്ള വാർത്തകളും നഗരത്തിന് വെളിയിൽ പരക്കുന്നുണ്ട്. നിരവധി കെട്ടിടങ്ങളുടെ പണി തീർന്നിട്ടുണ്ടെന്നും ഓരോന്നിലും ആയിരങ്ങളെയും പതിനായിരങ്ങളെയും താമസിപ്പിക്കാൻ സാധിക്കുമെന്നുമാണ് പരക്കുന്ന കിംവദന്തികൾ. എവിടെയും ഭയം പ്രകടമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ സ്റ്റഡി സെന്ററുകൾ തയ്യാറാകുമെന്ന സർക്കാരിന്റെ അവകാശവാദം സത്യമാണെന്ന തോന്നലാണ് എവിടെയും.

തിങ്കളാഴ്ച ഞാനും മെർഹബയും കൂടി പോലീസ് സ്‌റ്റേഷനിൽ പോയി. ഗേറ്റിലെ പാറാവുമുറിയുടെ ചെറിയ വാതിൽ വഴി മധ്യവയസ്‌ക്കനായ ഉയിഗൂർ സുരക്ഷാ ഉദ്യോഗസ്ഥൻ പേരും ഐ.ഡി നമ്പറുകളും മേൽവിലാസവും വംശവും സന്ദർശനത്തിന്റെ ഉദ്ദേശ്യവും രേഖപ്പെടുത്തിയശേഷം ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി.
പോലീസ് സ്‌റ്റേഷന്റെ അകത്തേക്ക് കയറിയപ്പോൾ ഒരു ഹാളിലിരിക്കുന്ന യുവാവായ ഹാൻ ചൈനീസ് പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളെ കെട്ടിടത്തിന്റെ താഴെയുള്ള സ്ഥലത്തേയ്ക്ക് വിട്ടു. ഒരുപാട് വംശങ്ങളുണ്ടെങ്കിലും ചൈനീസ് ഹാൻ വംശജരാണ് പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ. ഉയിഗൂർകൾക്ക് ഭൂരിപക്ഷവും സ്വയംഭരണാവകാശവുമുള്ള പ്രദേശങ്ങളിൽപ്പോലും അതാണ് അവസ്ഥ.
എന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നത് പോലെ തോന്നി. മൂന്ന് വർഷം മുമ്പ്, ഇതേ ഓഫീസിൽ ഭാര്യയുടെയും മക്കളുടെയും പാസ്പോർട്ട് ശരിയാക്കാൻ വന്നിരുന്നു. കുടുംബത്തിന്റെ വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥൻ ചൈനീസിൽ ഭാര്യയും മക്കളുടെയും പേരിൽ കുറ്റകൃത്യങ്ങളില്ല എന്നൊരു സത്യവാങ്മൂലം എഴുതിച്ചിരുന്നു. വിദേശയാത്ര വിലക്കിയിട്ടുള്ള ‘ആറുതരം ആളുകളിൽ’ പെടുന്നവരല്ല എന്നാണ് അയാൾ എഴുതി വാങ്ങിച്ചത്. 2009ൽ ഉറുംക്വിയിൽ നടന്ന അക്രമണങ്ങളിൽ പങ്കെടുത്തവരല്ല എന്നതാണ് സത്യവാങ്മൂലത്തിൽ പ്രധാനമായും രേഖപ്പെടുത്തിയത്.
2009 ജൂണിൽ ഉയിഗൂരുകാർ ഒരു ഹാൻ യുവതിയെ പീഡിപ്പിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണത്തെ തുടർന്ന് കിഴക്കൻ ചൈനയിലെ ഒരു ഫാക്ടറിയിൽ ഉയിഗൂർ തൊഴിലാളികളെ ഹാൻ തൊഴിലാളികൾ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങൾ ഉറുംക്വിയിലെ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചു. സമാധാനപരമായ പ്രതിഷേധങ്ങൾ വളരെ പെട്ടെന്നായിരുന്നു അക്രമത്തിലേക്കും തുടർന്ന് പൊലീസ് അടിച്ചമർത്തലിലേക്കും നീങ്ങിയത്. കലാപത്തിൽ 197 പേർ മരണപ്പെടുകയും പിന്നീട് ചൈനീസ് സംസ്ഥാനങ്ങൾക്ക് ഉയിഗൂരുകളോടുള്ള ഇടപാടുകളിൽ ഇത് ഒരു വഴിത്തിരിവായി മാറുകയും ചെയ്തു.

അപേക്ഷാ ഫോമുകൾ പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി ചീഫ് ഒപ്പ് വയ്ക്കണമായിരുന്നു. ഡെപ്യൂട്ടി നിലവറയിൽ മറ്റാരെയോ ചോദ്യം ചെയ്യുകയായിരുന്നതിനാൽ കാത്തിരിക്കണമെന്ന് ഒരു ഹാൻ പോലീസുകാരൻ ഞങ്ങളോട് പറഞ്ഞു. ഞാൻ ഇടനാഴിയിലെ ഇരുമ്പു ബെഞ്ചിൽ ഇരുന്നു. ഉടൻ തന്നെ ഒരു പുരുഷൻ ഉറക്കെ കരയുന്ന ശബ്ദം ഞാൻ കേട്ടു. ഞാൻ വിറച്ചു പോയി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസർ ഓടി വന്ന് നിലവറയിലേക്കുള്ള ലോഹ വാതിൽ അടച്ചു. സാധാരണ പടിപ്പുരകൾക്ക് ഇത് പോലെയുള്ള വാതിലുകൾ ഉണ്ടാവുന്നതല്ല. ചോദ്യം ചെയ്യാനുള്ള അറകൾ ഈ പൊലീസ് സ്റ്റേഷനിൽ നിർമ്മിച്ചിട്ടുണ്ടെന്നത് ഇതിൽ നിന്നും വ്യക്തമായി.
ഞാനും ഭാര്യയും ലോഹ വാതിലിലൂടെ പടികളിറങ്ങി നിലവറയിലേക്ക് നീങ്ങി. ഏതാണ്ട് 20 മീറ്റർ നീളം വരുന്ന ഒരു ഇടനാഴിയായിരുന്നു താഴെ. ഇടതു ഭാഗത്തു കമ്പികളാൽ വിഭജിക്കപ്പെട്ട മൂന്ന് സെല്ലുകളുണ്ടായിരുന്നു. ഭിത്തികളോട് ചേർന്ന് കോൺക്രീറ്റ് തറകളിലായി ഇരുമ്പു വളയങ്ങൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ആളുകളെ കൊളുത്തിയിടാനാണ് ഇതെന്ന് ഞാനൂഹിച്ചു. നടുവിലായി മങ്ങിത്തുടങ്ങിയ ചോരക്കറകളുണ്ടായിരുന്നു.
വലതുഭാഗത്തായി ഓഫീസുകളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ നിലവറയിലേക്ക് ചെന്നപ്പോൾ മറ്റു രണ്ട് ദമ്പതിമാരും തങ്ങളുടെ ഊഴം കാത്ത് അവിടെയുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഇരുപതോളം മധ്യവയസ്‌കരായ ഉയ്ഗൂരുകാർ ഞങ്ങളുടെ പിന്നാലെ നിരന്നു. ദുഖവും ആശയക്കുഴപ്പവുമായിരുന്നു അവരുടെ മുഖത്ത് ഞാൻ കണ്ടത്.
ഊഴമെത്തിയപ്പോഴേക്കും ഞങ്ങൾ രണ്ടാമത്തെ ഓഫീസിലേക്ക് കടന്നു. ഞങ്ങളുടെ അയൽ കമ്മിറ്റിയിലെ ഗുൽജൻ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ ഞങ്ങളെക്കൊണ്ട് രജിസ്റ്ററിൽ ഒപ്പുവയ്പ്പിച്ചു. വിരലടയാളങ്ങൾ കൂടാതെ ഞങ്ങളുടെ രക്ത സാമ്പിളുകൾ, ശബ്ദ സാമ്പിളുകൾ, മുഖ ചിത്രങ്ങൾ എന്നിവയും എടുക്കുമെന്ന് അവർ പറഞ്ഞു. ഭാര്യ ആശങ്കയോടെ എന്നെ നോക്കി.
രണ്ട് ദശാബ്ദത്തിന് മുൻപ് ലേബർ ക്യാംപിൽ എന്നോടൊപ്പം തടവിലാക്കപ്പെട്ട എല്ലാവരെയും ഇതിനകം അറസ്റ്റു ചെയ്തിരുന്നു. എന്റെ ഊഴം ഉടനെ വരും.
ഞങ്ങളുടെ രക്ത സാമ്പിളുകൾ എടുക്കാനായി ഉണ്ടായിരുന്നത് അയൽ കമ്മിറ്റിയിലെ ഒരു ഉയിഗൂർ യുവതിയും അസിസ്റ്റന്റ് പൊലീസ് ഓഫീസറായ ഒരു ചെറുപ്പക്കാരനുമായിരുന്നു. ആ സ്ത്രീ എന്റെ ചൂണ്ടുവിരലിൽ ആൽക്കഹോൾ പുരട്ടുകയും ഓഫീസർ സൂചി എടുത്ത് എന്റെ രക്തം കുത്തിയെടുക്കയും ചെയ്തു. അവൾ ഒരു തീപ്പെട്ടിയുടെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് പാത്രം നീട്ടുകയും അവൻ അതിലുള്ള ഒരു സ്‌പോഞ്ചിലേക്ക് എന്റെ രക്തം ഇറ്റിക്കുകയും ചെയ്തു. പിന്നീട് അവൾ പാത്രം അടച്ചു. ചൈനീസ് അക്ഷരത്തിലുള്ള എന്റെ പേര് മൂടിയിൽ ഒട്ടിച്ചു വച്ച് അടിയിൽ എന്റെ ഐഡി നമ്പറും എഴുതി.
തൊട്ടടുത്ത മുറിയിലായി ഒരു വലിയ മേശയിൽ മൂന്ന് കമ്പ്യൂട്ടറുകൾ സെറ്റ് ചെയ്തിരുന്നു. ഒരെണ്ണം ശബ്ദ സാമ്പിളുകൾ എടുക്കാനും ഒന്ന് വിരലടയാളമെടുക്കാനും മൂന്നാമത്തേത് മുഖത്തിന്റെ ചിത്രങ്ങൾ എടുക്കാനുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഓരോ കംപ്യൂട്ടറിന്റെ മുന്നിലുമായി ഗവണ്മെന്റിന്റെ മറ്റു വകുപ്പുകളിലെ ഉയിഗൂർ സ്ത്രീകളെ നിയോഗിച്ചിരുന്നു.

മേശയുടെ മുകളിലായി ഉയിഗൂർ സായാഹ്ന പത്രത്തിന്റെ ഉയിഗൂരിലും ചൈനീസിലുമുള്ള രണ്ടു കോപ്പികൾ ഉണ്ടായിരുന്നു. ശബ്ദ സാമ്പിളുകൾ എടുക്കാൻ വന്ന ടെക്നീഷ്യൻ പത്രങ്ങൾക്ക് നേരെ ചൂണ്ടി പറഞ്ഞു, ‘നിർത്താതെ രണ്ട് മിനുട്ട് നേരം വായിക്കുക. രണ്ട് മിനുട്ട് കഴിയുമ്പോൾ സിഗ്‌നൽ തരാം.’ ഞാൻ ഉയിഗൂർ പത്രമെടുത്ത് രണ്ടാമത്തെ പേജ് തുറന്ന് അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്ന ഒരു വാർത്ത വായിച്ചു. ടെക്നീഷ്യൻ എന്റെ ശബ്ദം റെക്കോഡ് ചെയ്ത് ഫയൽ സേവ് ചെയ്തു.
പിന്നീട് ഞാൻ വിരലുകൾ നിവർത്തി ഫിംഗർ പ്രിന്റ് സ്‌കാനറിൽ കൈകൾ ഓരോന്നായി അമർത്തി. അതിനു ശേഷം വലതു കയ്യിലേയും ഇടതു കയ്യിലേയും വിരലുകൾ ഓരോന്നായി സ്‌കാനറിൽ വച്ചു. എല്ലാ വിരലടയാളങ്ങളും കിട്ടിയെന്ന് ഉറപ്പു വരുത്താനായി ഓരോ വിരൽത്തുമ്പും സ്‌കാനറിന് മുന്നിൽ ചുരുട്ടി പിടിക്കാൻ എന്നോട് പറഞ്ഞു. കംപ്യൂട്ടറിന്റെ നിർദ്ദേശങ്ങൾ സ്‌കാനിൽ കൃത്യമായില്ലെങ്കിൽ കമ്പ്യൂട്ടർ അത് തള്ളും. അങ്ങനെ വന്നാൽ ടെക്നീഷ്യൻ എന്നോട് വീണ്ടും വിരലുകൾ സ്‌കാനറിൽ പതിപ്പിക്കാൻ പറയും.

പല തവണ ഞാൻ എന്റെ വിരലടയാളങ്ങൾ കൊടുത്തിട്ടുണ്ട്. എന്നാൽ ആ പൊലീസ് സ്റ്റേഷന്റെ നിലവറയിൽ ഞാൻ കടന്നു പോയത്ര ക്ഷീണിപ്പിക്കുന്ന പ്രക്രിയ ഇതുവരെ ഞാൻ കണ്ടിട്ടില്ല.
മുഖത്തിന്റെ ചിത്രങ്ങൾ എടുക്കുന്ന സമയമായിരുന്നു. ഓഫീസിന്റെ മറ്റൊരു വശത്തായി ഒരു കസേരയ്ക്ക് എതിരായി ക്യാമറയുണ്ടായിരുന്നു. ഒരു ഹാൻ പോലീസ് ഓഫീസർ എന്നോട് ഇരിക്കാൻ പറഞ്ഞു. അയാൾ ക്യാമറയുടെ അടുത്തേക്ക് വന്ന് ട്രൈപോഡ് നേരെയാക്കി ലെൻസ് എന്റെ മുഖത്തിന് നേരെ വച്ചു.
ഗെറ്റി; ആഡം ഫെറിസ്
അതിനുള്ളിൽ ഞാൻ സിനിമ സംവിധായകനായിട്ട് 18 വർഷമായി. എല്ലാ വലിപ്പത്തിലും രൂപത്തിലുമുള്ള ക്യാമറകൾ ഞാൻ കണ്ടിട്ടുണ്ട്. ഉറുംക്വിയിൽ 2009 ൽ ഉണ്ടായ കലാപത്തിന് ശേഷം നഗരത്തിന്റെ ഓരോ കോണിലും സർവെയ്ലൻസ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ ക്യാമറ. ഏതാണ്ട് മൂന്ന് സെന്റിമീറ്റർ ഉയരവും 20 സെന്റിമീറ്റർ നീളവുമുള്ള, ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെ നീളുന്ന ഫ്ളാറ്റ് ലെൻസ്.
കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്ന സ്ത്രീ എന്നോട് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു. അവർ സിഗ്‌നൽ തരുമ്പോൾ ഞാൻ ക്യാമറയുടെ നേരെ നോക്കി പതിയെ എന്റെ മുഖം വലതു ഭാഗത്തേക്ക് തിരിക്കണം. പിന്നീട് അത് പോലെ തന്നെ തിരിച്ച് ക്യാമറയിലേക്ക് നോക്കണം. ശേഷം ഇടതു ഭാഗത്തേക്ക് തല തിരിക്കുകയും തിരിച്ച് ക്യാമറയിലേക്ക് നോക്കുകയും ചെയ്യണം. അതേ വേഗത്തിൽ തന്നെ തല ചരിച്ചു മുകളിലേക്ക് നോക്കുകയും വീണ്ടും ക്യാമറക്ക് നേരെ നോക്കുകയും ചെയ്യണം. അതും കഴിഞ്ഞ് ഞാൻ തല താഴ്ത്തി തറയിലേക്ക് നോക്കി വീണ്ടും പഴയ സ്ഥാനത്തേക്ക് വന്നു. ഒടുവിൽ എന്നോട് പതിയെ വായ തുറന്നു പിടിക്കാൻ ആവശ്യപ്പെട്ടു. വായ അടച്ചതിനു ശേഷം ക്യാമറയുടെ നേരെ നോക്കുമ്പോഴേക്കും സ്‌കാൻ പൂർണമാകും. ഈ ചേഷ്ടകൾ എല്ലാം തന്നെ കൃത്യമായതും തടസമില്ലാത്തതുമായ സീക്വൻസുകളിൽ ഓരോ പൊസിഷനിലും രണ്ട് സെക്കൻഡ് എന്ന കണക്കിലാണ് നടപ്പിലാക്കേണ്ടത്. ഇതിലേതെങ്കിലും ചേഷ്ടകൾ കൃത്യമല്ലെങ്കിൽ കമ്പ്യൂട്ടർ ഒരു സിഗ്‌നൽ നൽകുകയും പ്രവർത്തനം നിർത്തുകയും ചെയ്യും. പിന്നീട് ആദ്യം മുതൽ ഈ പ്രക്രിയ തുടരേണ്ടി വരും.

മൂന്നാമത്തെ ശ്രമത്തിൽ എന്റെ സീക്വൻസുകൾ എല്ലാം ശരിയായി. എന്റെ കൈവെള്ള വിയർത്തിരുന്നതായി തോന്നി.
എനിക്ക് തൊട്ടുപിന്നാലെ ഈ പ്രക്രിയയിലൂടെ കടന്നുപോയ എന്റെ ഭാര്യയുടെ മുഖം സ്‌കാൻ ചെയ്യാൻ കുറച്ച് പണിപ്പെട്ടു. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള സീക്വൻസുകളിൽ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകൾ വായ മുറുകെ അടച്ച് കവിൾ വീർപ്പിക്കണമായിരുന്നു. ഈ വ്യത്യാസത്തിനുള്ള കാരണം എന്താകുമെന്ന് ഞാനോർത്തു. എത്ര ശ്രമിച്ചിട്ടും മെർഹബക്ക് കൃത്യമായ വേഗം നിലനിർത്താൻ കഴിഞ്ഞില്ല. ഒന്നുകിൽ അവളുടെ ചലനങ്ങൾ കൂടുതൽ വേഗത്തിലാകും അല്ലെങ്കിൽ വളരെ പതിയെയും. നിരാശയും അമർഷവും കൊണ്ട് അവളുടെ മുഖം ചുവന്നു. അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഞാൻ അടുത്ത് തന്നെ നിന്നു. ഒടുവിൽ ആറാമത്തെ ശ്രമത്തിൽ അവൾ വിജയിച്ചു. കുട്ടികളെ പോലെ ഞങ്ങൾ സന്തോഷിച്ചു.
ഞങ്ങൾ എല്ലാ പ്രക്രിയകളും പൂർത്തിയാക്കിയെന്ന് ഗുൽജന് റിപ്പോർട്ട് കൊടുത്ത ശേഷം തങ്ങളുടെ ഊഴം കാത്തു കിടക്കുന്ന ആളുകളുടെ നിര താണ്ടി ഞങ്ങൾ മുകളിലേക്ക് നടന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും സമയം അഞ്ച് കഴിഞ്ഞിരുന്നു.
നമുക്ക് രാജ്യം വിടാം. ദുഖത്തോടെ ഭാര്യ പറഞ്ഞു.
(കടപ്പാട്: theatlantic.com)
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
