2006 ൽ നിലവിൽ വന്ന കേന്ദ്ര വനാവകാശ നിയമം ആദിവാസി വിഭാഗങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷണാധികാരം തദ്ദേശീയരായ ഗോത്രവിഭാഗങ്ങൾക്ക് നൽകുന്ന ഈ നിമയം കേരളത്തിലും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ കേരളം വേണ്ടത്ര മുന്നോട്ടുപോയിട്ടില്ല. പക്ഷെ, മറുവശത്ത് നിയമത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് ശക്തിപ്പെടുകയാണ്. ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി ജനതയുടെ മുറവിളികൾ കാലങ്ങളായി തുടരുന്നതിനിടയിലാണ് വനാവകാശ നിയമം തിരുത്തിയെഴുതുന്ന തരത്തിലുള്ള ഗുരുതരമായ നീക്കങ്ങൾ കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടകുന്നത്.
വനഭൂമിയും പട്ടയ ഭൂമിയും
ആദിവാസികൾക്ക് പട്ടയം ലഭിച്ച ഭൂമി പോലും കയ്യേറ്റം ചെയ്യപ്പെട്ടതിന് അനേകം അനുഭവങ്ങളുണ്ടായിട്ടും വനാവകാശത്തെ പട്ടയ അവകാശമാക്കി മാറ്റുന്നതിനുള്ള നീക്കവുമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വനഭൂമിയിലുള്ള ആദിവാസികളുടെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്തവിധം ഉറപ്പിക്കുന്ന വനാവകാശ നിയമം ദുർബലമാക്കപ്പെടുകയാണ്. ലഭിച്ച വനാവകാശ രേഖകൾ പോലും തിരികെ തന്ന് നിശ്ചിത സെന്റ് പട്ടയം സ്വീകരിക്കാനാണ് സർക്കാർ ആദിവാസികളോട് പറയുന്നത്. നാല് ജില്ലകളിലെ ആദിവാസികൾക്ക് നൽകിയിരുന്ന കൈവശാവകാശ രേഖ റദ്ദാക്കാൻ 2020 ജൂൺ 2ന് സർക്കാർ എടുത്ത തീരുമാനമാണ് (G.O.Rt.No.2020/2020/RD dated 2.6.2020) ആദിവാസികളുടെ വനാവകാശം തന്നെ നഷ്ടമാകുന്ന രീതിയിലേക്ക് മാറിയത്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആദിവാസികൾക്ക് നൽകിയ വനാവകാശ രേഖ റദ്ദാക്കണമെന്നും, പകരം 1964 ലെ കേരള ഭൂ പതിവ് ചട്ട പ്രകാരം ഭൂമി സർക്കാർ ഭൂമിയാക്കി ഏറ്റെടുക്കുകയും റവന്യൂ പട്ടയമായി പതിച്ചുനൽകുകയും ചെയ്യണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. വനാവകാശം റദ്ദാക്കി വനഭൂമി പട്ടയഭൂമിയായി മാറ്റുന്നതിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ കേന്ദ്ര നിയമത്തിന് വിരുദ്ധമായ സർക്കാർ ഉത്തരവ് പിൻവലിച്ചിച്ചെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് ആദിവാസി സംഘടനകളുടെ തീരുമാനം.
വനാവകാശ നിയമം നിലവിൽവന്ന് 15 വർഷം പിന്നിടുമ്പോഴും നിയമം നടപ്പിലാക്കാനുള്ള നടപടികൾ രാജ്യമെങ്ങും ഇഴഞ്ഞുനീങ്ങുകയാണ്. 2006ലാണ് ചരിത്രപരമെന്ന് വിശേഷപ്പിക്കാവുന്ന കേന്ദ്രസർക്കാർ പാസ്സാക്കുന്നത്. 2008ൽ ചട്ടവും നിലവിൽ വന്നു. വനാവകാശ നിയമം പ്രയോഗത്തിൽ വന്ന കാലം മുതൽത്തന്നെ നിയമത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ആദിവാസികളുടെ ചെറുത്തുനിൽപ്പുകൾ അതിനെ എപ്പോഴും തടഞ്ഞിട്ടുമുണ്ട്. എന്നാൽ ശക്തമായ നിയമം നിലവിലുണ്ടായിട്ടും അവകാശങ്ങൾ റദ്ദാക്കപ്പെടുമെന്ന ഭീതിയിലാണ് കേരളത്തിലെ ആദിവാസി ജനവിഭാഗങ്ങൾ. നിയമത്തെ അട്ടിമറിക്കുന്നതിനും വനഭൂമി ആദിവാസികളിൽ നിന്നും തട്ടിയെടുക്കുന്നതിനുമുള്ള ശ്രമമാണ് ഉദ്യോഗസ്ഥതലത്തിൽ ഇപ്പോൾ ഉണ്ടാവുന്നതെന്ന് ഒരു വിഭാഗം ആദിവാസികളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നു. വനഭൂമി പട്ടയഭൂമിയായി മാറ്റുന്നതിനെ അവർ ശക്തമായി എതിർക്കുന്നു.
‘ഞങ്ങളുടെ ഭൂമിയെ കമ്പോളത്തിലേക്കെത്തിക്കാനാണ് ശ്രമം. പട്ടയം തന്ന് ഒതുക്കിയാൽ പിന്നെ ക്വാറി,തടി മാഫിയകൾക്ക് ഞങ്ങളുടെ ഭൂമിയിൽ കയറി ഇഷ്ടംപോലെ മേയാം. ആദിവാസിക്ക് ഭൂമി കച്ചവടച്ചരക്കല്ല. അതുകൊണ്ട് വനമേഖലയിൽ താമസിക്കുന്ന ആദിവസികൾക്ക് പട്ടയം നൽകി ‘കടമ’ നിർവ്വഹിക്കാം എന്ന് ആരും കരുതേണ്ട. ഞങ്ങളുടെ ഭൂമിയും കാടും ഞങ്ങൾക്കുള്ളതാണ്.’ ഇടുക്കിയിലെ ആദിവാസി പ്രവർത്തകനായ പി.ജി. ജനാർദ്ദനൻ പ്രതികരിച്ചു. ‘ഇത്രയും വർഷമായി വനാവകാശ നിയമം പോലും നടപ്പാക്കാൻ ആയിട്ടില്ല. ആദിവസികളെ എങ്ങനെ കാട്ടിൽ നിന്ന് ഒഴിപ്പിക്കാം, അവരുടെ ഭൂമിയിൽ എങ്ങനെ കയറിക്കൂടാം എന്നിങ്ങനെ തന്ത്രങ്ങൾ മെനയുന്നതിലാണ് അധികാരികൾക്ക് താൽപര്യം. ചില ആദിവാസി വിഭാഗങ്ങളെത്തന്നെ കൂട്ടുപിടിച്ചും, ആദിവാസികളിൽ പലർക്കുമുള്ള അറിവില്ലായ്മയെ ചൂഷണം ചെയ്തുമാണ് ഇത് നടപ്പാക്കുന്നത്.’ ജനാർദ്ദനൻ തുടർന്നു.
അവകാശത്തിലേക്കുള്ള സമരദൂരം
1927ൽ ഒരു പ്രദേശത്തെ വനമായി നിർവ്വചിച്ചുകൊണ്ട് ഫോറസ്റ്റ് ആക്ടും 1980 ഒക്ടോബർ 28ന് ഫോറസ്റ്റ് കൺസർവേഷൻ ആക്ടും നിലവിൽ വന്നു. 1980 ഒക്ടോബർ 28ന് മുമ്പ് വനം ഉപയോഗിച്ചിരുന്നവർക്ക് പട്ടയം നൽകണമെന്ന തീരുമാനവും ഉണ്ടായി. എന്നാൽ അത് നടപ്പിലാകാത്ത സാഹചര്യത്തിൽ 1990ൽ ഇത് സംബന്ധിച്ച് മൂന്ന് ഉത്തരവുകൾ കൂടി പുറത്തിറങ്ങി. പക്ഷെ അതും നടപ്പായില്ല. ഇതിനിടെ സുപ്രീംകോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഗോദവർമ്മൻ തിരുമുൽപ്പാട് കേസിന്റെ അനന്തരഫലമായി 2002 മേയ് മാസത്തിൽ കേന്ദ്രസർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 1980 ഒക്ടോബർ 28ന് ശേഷം വനഭൂമിയിൽ താമസമാക്കിയ എല്ലാവരെയും സെപ്തംബർ 30നുള്ളിൽ കുടിയൊഴിപ്പിക്കണം എന്നതായിരുന്നു ആ തീരുമാനം. 2005 വരെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യാപകമായി ആദിവാസികൾ കുടിയൊഴിപ്പിക്കപ്പെട്ടു. 2002 മേയ് മുതൽ 2004 മാർച്ച് മാസം വരെ ഇത്തരത്തിൽ 1,52,000 ഹെക്ടർ വനമേഖല തിരികെപ്പിടിച്ചു എന്നാണ് സർക്കാർ കണക്ക്. ഏകദേശം മൂന്ന് ലക്ഷം ആദിവസികൾ ഒഴിപ്പിക്കലിന് വിധേയരായി. ഊരുകൾ തീവച്ചതും ആളുകളെ വെടിവച്ചും തീകൊളുത്തിയും കൊന്നതും ഉൾപ്പെടെ നിരവധി അക്രമസംഭവങ്ങൾ ഈ ഒഴിപ്പിക്കലിന്റെ ഭാഗമായി രാജ്യത്തെങ്ങുമുണ്ടായി. ഈ സമയത്താണ് കാമ്പയിൻ ഫോർ സർവൈവൽ ആൻഡ് ഡിഗ്നിറ്റി എന്ന കൂട്ടായ്മ കുടിയൊഴിപ്പിക്കലിനെതിരെ രൂപംകൊള്ളുകയും ലക്ഷക്കണക്കിന് ആദിവാസികൾ സമരമാരംഭിക്കുകയും ചെയ്തത്. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള നാഷണൽ അപ്രൈസൽ കമ്മിറ്റി ഈ വിഷയം ഗൗരവമായി ചർച്ചചെയ്തു. സർക്കാർ സമരക്കാരുമായി സന്ധിക്ക് തയ്യാറായി. അങ്ങനെ ആദിവാസികളുടെ പ്രക്ഷോഭത്തിന്റെ ഫലമായി 2006ൽ വനാവകാശ നിയമം ഉണ്ടായി. നിയമം വന്നെങ്കിലും ചട്ടമുണ്ടാവാത്തതിൽ വീണ്ടും സമരങ്ങൾ. ഒടുവിൽ, 2008ൽ വനാവകാശ ചട്ടവും നിലവിൽവന്നു.
നിയമത്തിന്റെ കരുത്തും കരുതലും
‘ഇന്നേവരെ ഉണ്ടായിട്ടുള്ള നിയമങ്ങളിൽ നിന്നും വ്യത്യസ്തമായ നിയമമായിരുന്നു വനാവകാശം. അധികാരം സംബന്ധിച്ച മുൻധാരണകളെയെല്ലാം മാറ്റിയെഴുതിയ നിയമം. ഒരു രാഷ്ട്രീയ പാർട്ടിയുമല്ല, മറിച്ച് ആദിവാസി സംഘടനകളുടെ കൂട്ടായ്മയാണ് ഇത്തരമൊരു നിയമമുണ്ടാവുന്നതിന് പിന്നിൽ. അതിശക്തമായ സമരങ്ങൾക്ക് മുന്നിൽ കേന്ദ്രസർക്കാരിന് തീരുമാനമെടുത്തേ മതിയാവുമായിരുന്നുള്ളൂ. നിങ്ങളുടെ അവകാശം അംഗീകരിക്കുകയും അത് നിങ്ങളെത്തന്നെ ഏൽപ്പിക്കുകയും ചെയ്യുന്നു എന്നാണ് നിയമത്തിൽ പറഞ്ഞിട്ടുള്ളത്. നിയാംഗിരിയിലെ ദോംഗ്രിയ കൊന്ദ് ആദിവാസി വിഭാഗവും വേദാന്ത കമ്പനിയും തമ്മിലുള്ള കേസ് സുപ്രീംകോടതിയിൽ വന്നപ്പോൾ, ആദിവാസികൾ വനാവകാശത്തിന് ക്ലെയിം ഫയൽ ചെയ്തിട്ടില്ല എന്നായിരുന്നു എതിർകക്ഷികളുടെ വാദം. എന്നാൽ ക്ലെയിം ഫയൽ ചെയ്യണമെന്നില്ലെന്നും നിയമത്തിൽ അത് പറയുന്നുണ്ടല്ലോ എന്നുമായിരുന്നു സുപ്രീംകോടതിയുടെ മറുചോദ്യം. നിയമം എത്രത്തോളം ശക്തമാണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണിത്. അത്രത്തോളം അവകാശങ്ങൾ ജനങ്ങൾക്ക് വകവച്ച് നൽകുന്ന നിയമമാണ് വനാവകാശ നിയമം.’ സ്വതന്ത്ര ഗവേഷകനായ സി.ആർ.ബിജോയ് പറയുന്നു.
വനാവകാശ നിയമത്തിലെ രണ്ട് പ്രധാന ഭാഗങ്ങളാണ് വ്യക്തിഗത വനാവകാശവും (Induvidual forest rights), സാമൂഹിക വനാവകാശവും (Community Forest Rights). വനഭൂമിയും അവിടെയുള്ള വിഭവങ്ങളും ഉപയോഗിക്കുന്നതിന് ആദിവാസി വിഭാഗങ്ങൾക്ക് അവകാശം നൽകുന്നതാണ് ഈ രണ്ട് വ്യവസ്ഥകളും. ഈ അവകാശം നിർണയിക്കുന്നതിൽ ഊരുകൂട്ടങ്ങൾക്കും ഗ്രാമസഭകൾക്കും കൂടുതൽ അധികാരവും നിയമം നൽകുന്നു. നിയമപ്രകാരം അവകാശങ്ങൾ നിർണ്ണയിക്കേണ്ടത് ഗ്രാമസഭയാണ്. അവകാശങ്ങൾ കൊടുക്കാനോ ഇല്ലാതാക്കാനോ ഉള്ള പൂർണഅധികാരവും ഊരുകളിലെ ഗ്രാമസഭകൾക്ക് തന്നെ. ഇതിന് മുകളിൽ സബ്ഡിവിഷണൽ, ജില്ലാ, സംസ്ഥാനതത്തിൽ കമ്മറ്റികളുണ്ടാവും. ഗ്രാമസഭ അംഗീകരിക്കുന്ന ക്ലെയിമുകളിൽ തടസ്സവാദങ്ങളുണ്ടെങ്കിൽ സബ്ഡിവിഷണൽ കമ്മറ്റി അത് ഗ്രാമസഭയ്ക്ക് തന്നെ തിരികെ അയച്ച് പരിശോധിക്കാൻ ആവശ്യപ്പെടണം. ജില്ലാതല കമ്മറ്റിക്ക് ക്ലെയിമിൽ മാറ്റങ്ങൾവരുത്താനും അംഗീകരിക്കാനും നിരസിക്കാനും കഴിയും. എന്നാൽ അംഗീകരിക്കലല്ലാതെ മറ്റെന്ത് തീരുമാനമായാലും അത് ഗ്രാമസഭയെ രേഖാമൂലം അറിയിച്ചിരിക്കണം. ഏതെങ്കിലും തരത്തിൽ വനാവകാശ നിയമം ലംഘിക്കുന്നതായി ഗ്രാമസഭയ്ക്ക് ബോധ്യപ്പെട്ടാൽ അതിനെതിരെ നടപടിയെടുക്കേണ്ട സ്റ്റാറ്റ്യൂട്ടറി അതോറിറ്റി ഗ്രാമസഭയാണ്. ‘ഏതെങ്കിലും ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെങ്കിൽ നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ഊര് പ്രമേയം പാസ്സാക്കി ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകണം. അറുപത് ദിവസത്തിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ ഗ്രാമസഭയ്ക്ക് കോടതിയിൽ പോവാം. നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥനെ ശിക്ഷിക്കാൻ ജനങ്ങൾക്ക് അധികാരം നൽകുന്ന നിയമംകൂടിയാണിതെന്നതാണ് അതിന്റെ സവിശേഷത.’ സി.ആർ.ബിജോയ് കൂട്ടിച്ചേർത്തു. ഊരിന്റെ അതിരുകൾ നിശ്ചയിക്കുന്നതുൾപ്പെടെ ഗ്രാമസഭയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. വനാവകാശനിയമപ്രകാരം വ്യക്തിഗത അവകാശവും, സാമൂഹിക വനാവകാശവുമാണ് ലഭിക്കുക. വ്യക്തിഗത വനാവകാശം പരമാവധി നാല് ഹെക്ടർ ഭൂമിയിലാണ് അവകാശം ലഭിക്കുക. സാമൂഹിക വനാവകാശത്തിൽ വേട്ടയാടൽ ഒഴികെ നിയമത്തിൽ പറയുന്നതും പറയാത്തതുമായ എല്ലാ അവകാശങ്ങളും ക്ലെയിം ചെയ്യാം. പരമ്പരാഗതമായി ഗ്രാമാതിർത്തികളെന്ന് കരുതപ്പെടുന്ന പ്രദേശത്തിനുള്ളിൽ നിന്ന് വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഭരണനിർവ്വഹണത്തിനും അവകാശം നൽകുന്നതാണ് സാമൂഹിക വനാവകാശം.
കേരളത്തിന്റെ ദയനീയത
കേരളത്തിലെ ആദിവാസിവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷവും വനത്തിൽ കഴിയുന്നവരോ വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരോ ആണ്. 2011ലെ സെൻസസ് അനുസരിച്ച് 4,84,839 ആണ് കേരളത്തിലെ ആകെ ആദിവാസി ജനസംഖ്യ. 36 ആദിവാസി വിഭാഗങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. 296 ഊരുകളിലായി (വിവിധ വില്ലേജുകളിൽ) വനമേഖയിൽ താമസിക്കുന്നത് 2,68,538 പേരാണെന്നാണ് കണക്ക്. 9,03,526.75 ഹെക്ടർ വനഭൂമിയാണ് ഈ വില്ലേജുകളിൽ ആകെ കണക്കാക്കപ്പെടുന്നത്.
2021 ഫെബ്രുവരി 28ലെ കണക്കുപ്രകാരം വ്യക്തിഗത വനാവകാശത്തിന് 43,452 പേരാണ് അവകാശമുന്നയിച്ചിരിക്കുന്നത്. സാമൂഹിക വനാവകാശത്തിന് അവകാശമുന്നയിച്ച് 1,012 അപേക്ഷകളുമാണുള്ളത്. എന്നാൽ ഇക്കാലത്തിനിടയിൽ ആകെ 26,476 പേർക്ക് മാത്രമാണ് വ്യക്തിഗത വനാവകാശം അംഗീകരിച്ചിരിക്കുന്നതെന്നും സർക്കാരിന്റെ തന്നെ കണക്കുകൾ തെളിയിക്കുന്നു. സാമൂഹിക വനവിഭവ അവകാശം അംഗീകരിക്കുന്നതിൽ സർക്കാർ സംവിധാനം അലംഭാവം കാണിക്കുന്നതിന് തെളിവും ഈ കണക്കുകൾ തന്നെ. ആയിരത്തിലധികം അപേക്ഷകളിൽ 174 അപേക്ഷകളിൽ മാത്രമാണ് അവകാശം അംഗീകരിച്ച് നൽകിയത്. 35,121.50 (14213 ഹെക്ടർ) ഏക്കർ ഭൂമി ഇതേവരെ വനാവകാശ പരിധിയിലുൾപ്പെടുത്തി വ്യക്തിഗത വനാവകാശത്തിന് അംഗീകാരം നൽകിയപ്പോൾ സാമൂഹിക വനവിഭ അവകാശം അംഗീകരിച്ച് നൽകിയവർക്കുപോലും എത്ര വനഭൂമിയിൽ ഈ അവകാശം നൽകി എന്നതിന് കണക്കുകളില്ല. കേന്ദ്രസർക്കാരിന് സമർപ്പിച്ച രേഖകളിൽ ‘നോട്ട് ആപ്ലിക്കബിൾ’ എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 വർഷം പിന്നിടുമ്പോൾ കേരളത്തിലെ വനമേഖലയിൽ കഴിയുന്ന ആദിവാസികളിൽ ചുരുങ്ങിയ ശതമാനം പേർക്ക് മാത്രമാണ് വനാവകാശം ലഭിച്ചിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തം. എന്നാൽ വനാവകാശ നിയമത്തിന്റെ നടപ്പാക്കൽ വേഗത്തിലാക്കുന്നതിന് പകരം അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണ് സർക്കാരിൽ നിന്ന്നും ഉണ്ടാവുന്നത്.
ഉത്തരവിലെ നിയമപ്രശ്നങ്ങൾ
2020 ജൂൺ രണ്ടിന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം നാല് ജില്ലകളിലെ ആദിവാസികൾക്ക് നൽകിയിരുന്ന കൈവശാവകാശ രേഖ റദ്ദാക്കാനുള്ള തീരുമാനം ലക്ഷക്കണക്കിന് ആദിവാസികളുടെ വനാവകാശം തന്നെ നഷ്ടപ്പെടുത്തുന്നതിലേക്കാണ് വഴിവക്കുക എന്ന് ദളിത്-ആദിവാസി-സ്ത്രീ-പൗരാവകാശ കൂട്ടായ്മ പ്രവർത്തകരും ആദിവാസി ഗോത്രമഹാസഭയും ആരോപിക്കുന്നു. വനഭൂമി റവന്യൂ ഭൂമിയാക്കി മാറ്റുന്നതിലൂടെ വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് വനത്തിലുള്ള നിയമപരമായ അവകാശം നഷ്ടമാകും എന്നതാണ് ഉത്തരവിനെതിര പ്രധാനമായി ഉന്നയിക്കപ്പെടുന്ന വിമർശനം. എന്നാൽ ചില ആദിവാസി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് സർക്കാർ പറയുന്നു. എന്നാൽ വനാവകാശപരിധിയിൽ വരുന്ന ഭൂമി റവന്യൂഭൂമി ആക്കുന്നത് നിയമവിരുദ്ധമാണ്. ഇതുവഴി പാർലമെന്റ് പാസ്സാക്കിയ നിയമം ദുർബലപ്പെടാനും അർഹരായവർക്കുൾപ്പെടെ വനാവകാശം നിഷേധിക്കപ്പെടുകയും ചെയ്യുമെന്നാണ് വിമർശകരുടെ പക്ഷം. വനാവകാശ നിയമപ്രകാരം പത്ത് ഏക്കര്‍ ഭൂമി വരെയാണ് ഒരു കുടുംബത്തിന് ലഭിക്കുക. എന്നാല്‍ പട്ടയം ആയി ഇത് മാറ്റുമ്പോള്‍ പരമാവധി നാലേക്കർ വരെയായി ഭൂമിയുടെ പരിധി കുറയുന്നു.
സംസ്ഥാനത്ത് അംഗീകരിക്കപ്പെട്ട വ്യക്തിഗത വനാവകാശ ക്ലെയിമുകളിൽ പകുതിയോളം 2020 ജൂൺ രണ്ടിലെ ഉത്തരവിൽ പറയുന്ന ഈ നാല് ജില്ലകളിലാണ് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നു. റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിലൂടെ വനാവകാശം റദ്ദാക്കപ്പെടുക മാത്രമല്ല ആദിവാസി ഇതര വിഭാഗങ്ങൾക്ക് ഈ മേഖലയിൽ പട്ടയം ലഭിക്കുന്നതിന് സാധ്യത കൈവരുകയും ചെയ്യുന്നു. വനഭൂമി റവന്യൂ ഭൂമി ആകുന്നതോടെ ആദിവാസികൾക്ക് വനവിഭവങ്ങളിലുള്ള അവകാശവും ഇല്ലാതാവും. കേരളത്തിൽ വനാവകാശത്തിന് ക്ലെയിം ചെയ്തവരിൽ 55 ശതമാനം പേർക്ക് മാത്രമാണ് അവകാശം ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ളവരുടെ ക്ലെയ്മുകളിൽ വിവിധതലത്തിലുള്ള കമ്മറ്റികൾ തടസ്സങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു സർക്കാർ ഉത്തരവ് കൂടി പുറത്ത് വരുന്നത്. ആദിവാസി ഭൂമി അന്യാധീനപ്പെടാനുള്ള സാഹചര്യം വീണ്ടും ശക്തമാകുന്നു. ഇത്തരത്തിൽ അന്യാധീനപ്പെട്ട ഭൂമി ആദിവാസികൾക്ക് തിരിച്ചെടുക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് നിയമം നിർമ്മിച്ചിട്ടും കേരളത്തിൽ ഒന്നും നടക്കാതെ പോയിരുന്നു. ഇക്കാര്യം കൂടി പരിഗണിക്കുമ്പോൾ ആദിവാസികളുടെ നിലനിൽപ്പിന് വലിയ ഭീഷണിയായി മാറാൻ സാധ്യതയുള്ളതാണ് ഈ പുതിയ ഉത്തരവ് എന്ന് വിലയിരുത്താം. തീർത്തും വനവിഭവങ്ങളെ ആശ്രയിച്ച് കഴിയുന്ന മലമ്പണ്ടാരം, ഊരാളി, കാണിക്കാർ, മുതുവാൻ, മന്നാൻ, ഉള്ളാടർ, മലയരയർ എന്നിങ്ങനെ നിരവധി ആദിവാസി ഗോത്രങ്ങൾക്ക് ഉപജീവന മാർഗങ്ങൾ നഷ്ടമാകാനും ഉത്തരവ് കാരണമായേക്കാം.
ഒരുപക്ഷെ അതിരപ്പിള്ളിയും…
ഏറെ വർഷങ്ങളായി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കുൾപ്പെടെ തടസ്സമായി മാറുന്നത് പദ്ധതിക്ക് എതിരായ പ്രദേശത്തെ ആദിവാസി ഊരുകൂട്ടത്തിന്റെ നിലപാടാണ്. കാടർ വിഭാഗത്തിലെ രണ്ട് ആദിവാസി കോളനികൾ കുടിയൊഴിപ്പിക്കപ്പെടും എന്നതിനാൽ വനാവകാശ നിമയപ്രകാരമുള്ള അവകാശങ്ങൾ ലഭിച്ച ഇവർ പദ്ധതിക്ക് തീർത്തും എതിരാണ്. വനാവകാശ നിയമം ഇവരുടെ എതിർപ്പിന് ശക്തിപകരുന്നു. നാല് ജില്ലകളിൽ നടപ്പാക്കാൻ ഉദ്ദേശിച്ച സർക്കാർ ഉത്തരവ് മറ്റ് ജില്ലകൾക്കും ബാധകമാക്കിയാൽ ഈ അധികാരങ്ങൾ ദുർബലപ്പെടും. അതിരപ്പിള്ളി പോലെയുള്ള പദ്ധതിയിലൂടെ കുടിയൊഴിപ്പിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ കഴിയാതെ വരും. ഊരുകൂട്ടങ്ങളുടെ അധികാരം ദുർബലമാകും. അതാണ് സർക്കാർ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് ആദിവാസി സംഘടനകൾ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തിടെ വിവാദമായ മുട്ടിൽമരം മുറി പോലെയുള്ള സംഭവം മറ്റ് വനഭൂമികളിലും ഉണ്ടാകാൻ ഈ ഉത്തരവ് ഇടയാക്കുമെന്നും ആദിവാസി സംഘടനകൾ വിലയിരുത്തുന്നു.
ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദൻ പറയുന്നു, ‘വനാവകാശപ്രകാരം ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും അവകാശം അംഗീകരിക്കുന്ന ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലാത്തതും അനന്തരാവകാശികൾക്ക് മാത്രം കൈമാറ്റം ചെയ്യപ്പെടുന്നതുമാണ്. സർക്കാരിനോ വ്യക്തികൾക്കോ മറ്റ് ഏജൻസികൾക്കോ വനാവകാശമുള്ള ഭൂമി ഏറ്റെടുക്കാൻ കഴിയില്ല. എന്നാൽ പട്ടയം നൽകിയാൽ ഭൂമിയെ കമ്പോളത്തിലേക്ക് കൊണ്ടുവരാൻ ബുദ്ധിമുട്ടില്ല. ഭൂമിക്ക് വലിയ ഡിമാൻഡ് ഉണ്ട്. പട്ടയം നൽകി ഉപാധികളില്ലാതാക്കിയാൽ നിക്ഷേപകർക്കും ഭൂമാഫിയയ്ക്കും അത് എളുപ്പമാകും. വനാവകാശം ലഭിക്കുന്ന ഭൂമി റവന്യൂ ഭൂമിയല്ല. എന്നാൽ അത് മറച്ചുവച്ചാണ് വനമേഖലയിലെ ആദിവാസി ഊര് ഭൂമികൾ 1964ലെ ഭൂ പതിവ് ചട്ടമനുസരിച്ച് സർക്കാർ ഭൂമിയാണെന്ന നിയമ വിരുദ്ധ വ്യാഖ്യാനം സർക്കാർ നടത്തിയിട്ടുള്ളത്. 1964ലെ ഹിൽമെൻ റൂൾസ് ഹൈക്കോടതി റദ്ദാക്കിയത് കൊണ്ട് 1964-ലെ ഭൂപതിവ് നിയമത്തിന്റെ 2(ഇ) വകുപ്പനുസരിച്ച് ആദിവാസി ഭൂമി സർക്കാർ ഭൂമിയാണെന്ന വ്യാഖ്യാനം നടത്തിയാണ് വനാവകാശ നിയമത്തെ അട്ടിമറിക്കുന്നത്. എന്നാൽ ഈ വകുപ്പ് ആദിവാസി സെറ്റിൽമെന്റുകളെ സർക്കാർ ഭൂമിയായി കണക്കാക്കുന്നില്ല.’
പട്ടയമാണ് വേണ്ടതെന്നും ഒരുപക്ഷം
അതേസമയം, ആദിവാസി സംഘടനകളുടെ ഇടയിൽത്തന്നെ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായം നിലനിൽക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കാനുള്ള നടപടികളാണ് ഉടൻ സ്വീകരിക്കേണ്ടതെന്നും ആദിവാസികൾക്ക് ഗുണകരമാണ് ഈ തീരുമാമെന്നും മലയരയ വിഭാഗം വാദിക്കുന്നു. ഐക്യ മലയരയ മഹാസഭ നേതാവ് പി.കെ. സജീവൻ പറയുന്നതിങ്ങനെ: ‘ഭരണഘടനാപരമായി ഒരു വിഭാഗത്തിന് ഉന്നമനമാണുണ്ടാവേണ്ടത്. ആദിവാസികൾ എല്ലാക്കാലത്തും വനത്തിനകത്ത് ജീവിക്കേണ്ടവരാണെന്ന വാദത്തോട് യോജിപ്പില്ല. വിദ്യാഭ്യാസത്തിന് പോലും എത്രയോ കിലോമീറ്ററുകൾ നടന്നെത്തേണ്ട അവസ്ഥ, പട്ടയമില്ലാത്തതിനാൽ റോഡ് കോൺക്രീറ്റ് ചെയ്യില്ല, മറ്റ് വികസനങ്ങൾ വരില്ല. ആദിവാസികൾ മരണ, വിവാഹ, ചികിത്സാ ആവശ്യങ്ങൾക്കെല്ലാം ബാങ്കിൽ പണയം വക്കണമെങ്കിൽ പോലും ഭൂമി വേണം. വനാവകാശം പണയത്തിന് സ്വീകരിക്കില്ല. അതിന് പട്ടയം തന്നെ വേണം. ദൈനംദിന ജീവിതത്തിൽ പലതരം വെല്ലുവിളികളിലൂടെ പോവുന്ന ആദിവാസിക്ക് പട്ടയം ലഭിച്ച ഭൂമി ആശ്വാസമാവും. അവരുടെ സാമ്പത്തിക നിലനിൽപ്പിനും ഇത് സഹായിക്കും. പട്ടയം നൽകിയാൽ ഭൂമി അന്യാധീനപ്പെടുമെന്ന വാദങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പലയിടത്തും ആദിവാസികൾക്ക് പട്ടയം നൽകിയിട്ടുണ്ട്. ഒരു ഭൂമി പോലും ആരും അന്യാധീനപ്പെടുത്തിയിട്ടില്ല. തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. പൊതുസമൂഹത്തോടൊപ്പം തന്നെ വളരേണ്ടവരാണ് ആദിവാസി സമൂഹവും.’
വനം-റവന്യൂ തർക്കം
നിലവിൽ സർക്കാർ ഉത്തരവ് പ്രകാരം ഇടുക്കിയിൽ 800ഓളം പട്ടയങ്ങൾ നൽകിക്കഴിഞ്ഞു. മറ്റ് ജില്ലകളിൽ പട്ടയത്തിനായി നിരവധി അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ ഉത്തരവിനെച്ചൊല്ലി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നതിനിടെ റവന്യൂ-വനം വകുപ്പുകൾക്കിടയിൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ അനുമതിയില്ലാതെ വനഭൂമി റവന്യൂഭൂമിയാക്കി പട്ടയം നൽകുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എതിർപ്പുന്നയിച്ചിരുന്നു. ഇടുക്കിയിൽ ഇത്തരത്തിൽ പട്ടയം നൽകിയ ഭൂമി റിസർവ് ഫോറസ്റ്റ് ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി. റിസർവ്വ് വനത്തിലോ റിസർവ്വ് വനമായി മാറ്റാൻ തീരുമാനിച്ചിരിക്കുന്നതോ ആയ വനഭൂമിയിലെ ആദിവാസികളുടെ കാർഷിക-വാസസ്ഥലങ്ങളെയാണ് ഫോറസ്റ്റ് സെറ്റിൽമെന്റുകൾ എന്ന് കണക്കാക്കുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണെങ്കിലും ഇവയിലേറെയും വനംവകുപ്പിന്റെ ‘ജണ്ട’യ്ക്ക് പുറത്താണ്. ‘ജണ്ട’യ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് പട്ടയം നൽകുന്നതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ‘ജണ്ട’യുടെ നിർണയം പോലും പുന:പരിശോധിക്കേണ്ടതാണെന്നാണ് വിദഗ്ദ്ധ അഭിപ്രായം. രേഖകളിൽ റവന്യൂ ആയി ഉൾപ്പെടുത്തിയിരിക്കുന്ന ഭൂമിയിലാണ് പട്ടയം നൽകുന്നതെന്നാണ് റവന്യൂ വകുപ്പ് വാദിക്കുന്നതെങ്കിലും നടപടി നിയമപരമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഉത്തരവിനെ എതിർപ്പുയർന്നതോടെ പട്ടയം നൽകൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ ലാൻഡ് ആൻഡ് റവന്യൂ കമ്മീഷ്ണറും മുഖ്യവനപാലകനും ഉൾപ്പെടെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
വനാവകാശ നിയമപ്രകാരം ഗ്രാമസഭകൾക്ക് ലഭിക്കുന്ന അധികാരം പലപ്പോഴും കവർന്നെടുത്ത് ഉദ്യോഗസ്ഥർ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയാണ് കേരളത്തിൽ. വലിയ പ്രക്ഷോഭങ്ങളിലൂടെ യാഥാർത്ഥ്യമായ വനാവകാശ നിയമം പൂർണ്ണമായും നടപ്പിലാക്കപ്പെടാതെ പോകുമ്പോൾ, ഉത്തരവുകളിലൂടെ അട്ടിമറിക്കപ്പെടുമ്പോൾ ആദിവാസികളുടെ അതിജീവനം വീണ്ടും പ്രതിസന്ധിയിലാകുന്നു. സമ്പൂർണ അവകാശത്തിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക് കുടിയിറങ്ങേണ്ടി വരുമോ ആദിവാസി ജനതയ്ക്ക്?