E85 ഇന്ധനവും ഇന്ത്യയുടെ പ്രതിസന്ധികളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2026ലെ ലോക പരിസ്ഥിതി ദിനത്തിൽ ഫോസിൽ ഇന്ധന ആശ്രിതത്വം കുറയ്ക്കുന്നതിനും കാ‍ർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനുമുള്ള ഒരു സുപ്രധാനമായ നടപടിക്ക് ഇന്ത്യയിൽ തുടക്കമായി. ന്യൂഡൽഹിയിലെ പൂസാ റോഡിലുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നും ‘E85’ എന്ന പുതിയ ഇന്ധനം വാഹനങ്ങൾക്ക് ലഭ്യമാക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ബയോഫ്യൂവൽ നയത്തിന്റെയും ഹരിത ഊർജ ലക്ഷ്യങ്ങളും ഭാ​ഗമായാണ് E85 ഇന്ധനം അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് പരിസ്ഥിതി ദിനം തന്നെ അതിനായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തതും. E85 എന്നത് 80–85% എഥനോളും (ethanol) 15–20% പെട്രോളും ചേർന്ന ഇന്ധനമാണ്. ‘E’ എഥനോളിനെയും ’85’ അതിലെ 85 ശതമാനം എഥനോൾ അളവിനെയും സൂചിപ്പിക്കുന്നു. തുടക്കത്തിൽ ഡൽഹി-എൻസിആർ, മുംബൈ, പൂനെ, നാഗ്പൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പമ്പുകളിലാണ് ഇത് ലഭ്യമാക്കുന്നത്. വരും വർഷങ്ങളിൽ ഇതിന്റെ വിതരണം വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. 2026 ഡിസംബറോടെ 500 പമ്പുകളിലേക്കും 2027-ഓടെ 5,000 പമ്പുകളിലേക്കും ഈ ഇന്ധനത്തിന്റെ ലഭ്യത വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി E85 പെട്രോൾ ഉദ്ഘാടനം ചെയ്യുന്നു. കടപ്പാട്:bhp

85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും ചേർന്ന ഒരു സവിശേഷ മിശ്രിതമായതിനാൽ തന്നെ, നിലവിൽ നിരത്തിലുള്ള സാധാരണ പെട്രോൾ വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കാൻ കഴിയില്ല. ഉയർന്ന അളവിലുള്ള എഥനോൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ, എഞ്ചിനിലും ഇന്ധന പൈപ്പുകളിലും പ്രത്യേക മാറ്റങ്ങൾ വരുത്തി രൂപകൽപ്പന ചെയ്ത ‘ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളിൽ’ (Flex-Fuel Vehicles – FFVs) മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ. ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളിൽ E20 മുതൽ E85 വരെയോ, ചിലപ്പോൾ നൂറ് ശതമാനം എഥനോൾ വരെയോ ഉള്ള മിശ്രിതങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പ്രത്യേക സെൻസറുകളും എഞ്ചിൻ മാനേജ്മെന്റ് സംവിധാനവുമുണ്ട്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 61 ശതമാനം വരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നും, നഗരങ്ങളിലെ വായുമലിനീകരണം ഗണ്യമായി കുറയുമെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്. കൂടാതെ, സാധാരണ പെട്രോളിനേക്കാൾ ലിറ്ററിന് ഏകദേശം 20 രൂപയോളം വിലക്കുറവുണ്ട് എന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. ഡല്‍ഹിയില്‍ സാധാരണ പെട്രോളിന് 102.12 രൂപയാണ് ലിറ്ററിനെങ്കില്‍ E85ന് ലിറ്ററിന് 82.12 രൂപയാണ് വില.

ഒറ്റനോട്ടത്തിൽ പരിസ്ഥിതി സൗഹൃദവും സാമ്പത്തികമായി ലാഭകരവുമെന്ന് തോന്നുമെങ്കിലും വലിയ രീതിയിലുള്ള പ്രായോഗിക പ്രശ്നങ്ങളും കടുത്ത വെല്ലുവിളികളും ഇതിന് പിന്നിലുണ്ട്. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ പ്രൊഫ. മാർക്ക് ഇസഡ്. ജേക്കബ്സൺ നടത്തിയ ഗവേഷണപ്രകാരം, E85 കത്തുമ്പോൾ ‘അസെറ്റാൽഡിഹൈഡ്’ പോലുള്ള മാരകമായ രാസവസ്തുക്കൾ സാധാരണ പെട്രോളിനേക്കാൾ വളരെ കൂടുതൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഇത് സൂര്യപ്രകാശവുമായി പ്രവർത്തിച്ച് വിഷപ്പുകയ്ക്കും കടുത്ത ഓസോൺ മലിനീകരണത്തിനും കാരണമാകുന്നു. പ്രത്യേകിച്ച്, ശൈത്യകാലത്ത് മൂടൽമഞ്ഞുള്ള ദിവസങ്ങളിൽ മനുഷ്യന്റെ ശ്വാസകോശത്തെ നേരിട്ട് ബാധിക്കുകയും ആസ്ത്മ പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. International Agency for Research on Cancer അസെറ്റാൽഡിഹൈഡിനെ മനുഷ്യരിൽ കാൻസറിന് കാരണമാകാൻ സാധ്യതയുള്ള ഒരു രാസവസ്തുവായി വർഗ്ഗീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കരമ്പ് കർഷകർ. കടപ്പാട്:ndtv

ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ, ഈ ഇന്ധനത്തിന്റെ ഉത്പാദന ഘട്ടവും വലിയ പാരിസ്ഥിതിക വെല്ലുവിളിയാണ് ഉയർത്തുന്നത്. എഥനോൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ചോളം, കരിമ്പ് പോലുള്ള വിളകൾ വൻതോതിൽ കൃഷി ചെയ്യാൻ ഭീമമായ അളവിൽ വെള്ളവും രാസവളങ്ങളും കീടനാശിനികളും ആവശ്യമാണ്. കരിമ്പ് കൃഷി വളരെ ജല-തീവ്രമായ (water-intensive) കൃഷിയാണ്. ഇന്ധന ആവശ്യത്തിനായി മാത്രം വലിയ പ്രദേശങ്ങളിൽ ഇത്തരം വിളകൾ കൃഷി ചെയ്യുന്നത് ജൈവവൈവിധ്യത്തിനും വലിയ ഭീഷണിയായി മാറും. അമിതമായ ജലചൂഷണം കടുത്ത ഭൂഗർഭ ജലക്ഷാമത്തിന് വഴിവെക്കുന്നതിനൊപ്പം, ഒലിച്ചിറങ്ങുന്ന രാസവളങ്ങൾ സമീപത്തുള്ള ജലാശയങ്ങളെ മലിനമാക്കുകയും ചെയ്യും. E85 ഉപയോഗം വഴി ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറയുമെങ്കിലും, വെള്ളത്തിൽ എളുപ്പത്തിൽ അലിയുന്ന എഥനോൾ മണ്ണിലേക്കും കിണറുകളിലേക്കും വേഗത്തിൽ ഇറങ്ങിച്ചെന്ന് ഭൂഗർഭജലം വലിയ രീതിയിൽ മലിനമാകാൻ കാരണമാകും. ഭക്ഷ്യവിളകൾക്കായി ഉപയോഗിക്കാവുന്ന ഭൂമിയും വിഭവങ്ങളും ഇന്ധനോത്പാദനത്തിനായി മാറ്റുന്നതിനെതിരെ ആ​ഗോളതലത്തിൽ വിമർശനങ്ങളും പ്രക്ഷോഭങ്ങളും ശക്തമായി നടക്കുന്നുണ്ട്. മുഖ്യമായും ഭക്ഷ്യസുരക്ഷയ്ക്കായി ഉപയോഗിക്കേണ്ട കൃഷിഭൂമിയും വെള്ളവും വിളകളും ഇന്ധനം നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ഈ പുതിയ ഇന്ധന നയത്തിനെതിരെ നിരവധിയായ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നുവരുന്നുണ്ട്. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ മക്കളായ നിഖിൽ ഗഡ്കരി, സാരംഗ് ഗഡ്കരി എന്നിവർക്ക് മാനസ് ആഗ്രോ (Manas Agro) പോലെയുള്ള എഥനോൾ കമ്പനികളിൽ ബിസിനസ് പങ്കാളിത്തമുണ്ടെന്ന ആരോപണം ശക്തമാണ്. “അച്ഛൻ നിയമമുണ്ടാക്കുന്നു, മക്കൾ പണമുണ്ടാക്കുന്നു” എന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശനം ഉന്നയിച്ചിരുന്നു. എഥനോൾ പ്രോത്സാഹന നയവും ഗഡ്കരിയുടെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികളുടെ വളർച്ചയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആരോപണം. ഇന്ത്യയിൽ അധികമായി ഉത്പാദിപ്പിക്കുന്ന കരിമ്പ് എഥനോൾ നിർമ്മാണത്തിലേക്ക് തിരിച്ചുവിടാറുണ്ട്. അതിനാൽ കേന്ദ്രസർക്കാരിന്റെ ഈ നടപടി പഞ്ചസാര ലോബികളുമായുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നീതി ആയോഗിന്റെ പഠനപ്രകാരം, ഒരു ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാൻ ഏകദേശം 2860 ലിറ്റർ വെള്ളം ആവശ്യമാണ് (Roadmap for Ethanol Blending in India 2020–25). ലക്ഷക്കണക്കിന് ആളുകൾ കുടിവെള്ളമില്ലാതെ വലയുന്ന രാജ്യത്ത് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത് സർക്കാരിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്നു. പ്രത്യേകിച്ച് മധ്യേന്ത്യയിലെ ജലസമ്മർദ്ദമുള്ള മേഖലകളിൽ കരിമ്പ് അധിഷ്ഠിത എഥനോൾ വ്യാപിപ്പിക്കുന്നതിനെതിരെ ചില കർഷക സംഘടനകളും ഗ്രാമീണ കൂട്ടായ്മകളും എതി‍ർപ്പുമായി രം​ഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിലക്കുറവും വിദേശനാണയ ലാഭവും വാഗ്ദാനം ചെയ്ത് അവതരിപ്പിക്കപ്പെടുന്ന E85 ഇന്ധനം ഒരേസമയം കടുത്ത പാരിസ്ഥിതിക ഭീഷണികളും രാഷ്ട്രീയ അഴിമതി ആരോപണങ്ങളും ക്ഷണിച്ചുവരുത്തുന്നുണ്ട്. ലക്ഷക്കണക്കിന് മനുഷ്യർ കുടിവെള്ളമില്ലാതെ വലയുമ്പോൾ, കോർപ്പറേറ്റ്-പഞ്ചസാര ലോബികളെ സഹായിക്കാനായി പ്രകൃതിയും ഉപജീവനമാ‍​ർ​ഗവും ഇല്ലാതാക്കി നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ സുസ്ഥിര വികസന മാതൃകയായി അവതരിപ്പിക്കാൻ കഴിയില്ല.

ബിഹാറിലെ എഥനോൾ പ്ലാന്റ്. കടപ്പാട്:visagbiofuels

വൻതോതിൽ ജലചൂഷണം നടത്തുന്ന കരിമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യവിളകൾക്ക് പകരം, നെൽച്ചെടികളുടെ അവശിഷ്ടങ്ങളും മറ്റ് കാർഷിക അവശിഷ്ടങ്ങളും ഉപയോഗിച്ച് നിർമ്മിക്കുന്ന ‘സെക്കൻഡ് ജനറേഷൻ (2G) എഥനോൾ’ പദ്ധതികൾക്കാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകേണ്ടത് എന്ന ആവശ്യം ഉയരുന്നുണ്ട്. അമിത ജലചൂഷണത്തിന് വഴിയൊരുക്കാത്തതും കർഷകർക്ക് കൂടുതൽ സഹായകരമാകുന്നതുമായ ഒരു ബദൽ നിർ​ദ്ദേശമാണിത്. അതോടൊപ്പം, ഇലക്ട്രിക് വാഹനങ്ങളുടെയും (EV) പരിസ്ഥിതി സൗഹൃദ ബദലുകളുടെയും നിർമ്മാണത്തിന് വേഗത കൂട്ടുന്നതാണ് മറ്റൊരു ബദൽ. ഹ്രസ്വകാല ലാഭങ്ങൾക്കപ്പുറം ഇത്തരത്തിൽ സുസ്ഥിരവും ദീർഘവീക്ഷണമുള്ളതുമായ കാഴ്ചപ്പാടുകൾക്ക് ഊന്നൽ നൽകാൻ സ‍ർക്കാ‍ർ തയ്യാറാകണം.

വാഹനത്തിന്റെ എക്സോസ്റ്റിൽ നിന്നുള്ള പുറന്തള്ളൽ മാത്രം വിലയിരുത്തിയാൽ എഥനോൾ ഒരു ഹരിത ബദലായി തോന്നാം. എന്നാൽ കൃഷി, ജലോപയോഗം, വളപ്രയോഗം, സംസ്കരണം, ഗതാഗതം എന്നിവ ഉൾപ്പെടുന്ന മുഴുവൻ പ്രക്രിയയും കണക്കിലെടുക്കുമ്പോൾ അതിന്റെ ‘പാരിസ്ഥിതിക നേട്ടം’ കൂടുതൽ സങ്കീർണമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ആ ചോദ്യങ്ങൾക്ക് കൂടി ഉത്തരമുണ്ടാകുമ്പോൾ മാത്രമേ E85 ഒരു ബദലായി ഉയർത്തിക്കാണിക്കാൻ കഴിയൂ.

Also Read

4 minutes read June 25, 2026 9:37 am