എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമം: നഷ്ടപരിഹാരം ലഭിച്ചത് 27 ശതമാനം കേസുകള്‍ക്ക്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സംസ്ഥാനത്തെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമ പ്രകാരമുള്ള നഷ്ടപരിഹാരം കടലാസിലൊതുങ്ങിയെന്ന് അക്കൗണ്ടന്റ് ജനറൽ റിപ്പോര്‍ട്ട്. 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിച്ചതില്‍ അതിക്രമത്തിന് ഇരയായവരില്‍ നഷ്ടപരിഹാരം ലഭിച്ചത് 27 ശതമാനത്തിന് മാത്രം. ഇക്കാലത്ത് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള 3,036 കേസുകളാണ് ഉണ്ടായത്. അതില്‍ 810 കേസുകള്‍ക്ക് (27 ശതമാനം) മാത്രമേ പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിച്ചുള്ളൂ. 529 കേസുകള്‍ക്ക് (17 ശതമാനം) ഭാഗികമായ തുക മാത്രമേ നല്‍കിയുള്ളൂ. 1,697 കേസുകള്‍ക്ക് (56 ശതമാനം) ഒരു രൂപ പോലും നഷ്ടപരിഹാരവും ലഭിച്ചില്ല.

2020-21 വരെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും നഷ്ടപരിഹാരം ലഭിക്കാത്ത 146 കേസുകളുണ്ട്. 2023-24-ല്‍, അര്‍ഹതയുള്ള 592 കേസുകളില്‍ 58 (10 ശതമാനം) പേര്‍ക്ക് മാത്രമേ പൂര്‍ണ്ണമായി പണം നല്‍കിയിട്ടുള്ളൂ, അതേസമയം 434 (73 ശതമാനം) പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. 2024-25-ല്‍ അര്‍ഹതയുള്ള 899 കേസുകളില്‍ 115 (13 ശതമാനം) പേര്‍ക്ക് മാത്രമേ പൂര്‍ണ്ണമായി പണം നല്‍കിയിട്ടുള്ളൂ. അതേസമയം 675 (75 ശതമാനം) പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. ബജറ്റ് വിനിയോഗം 30 ശതമാനം മുതല്‍ 50 ശതമാനം വരെ സ്ഥിരമായി കുറവായതിനാല്‍ ഫണ്ട് വിഹിതം പൂര്‍ണ്ണമായും വിനിയോഗിക്കപ്പെടുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ദേശീയ കമ്മീഷന്റെ വ്യക്തമായ നിയമപരമായ വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും നിര്‍ബന്ധിത ആശ്വാസം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സംസ്ഥാനത്ത് പരാജയപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നഷ്ടപരിഹാരം ലഭിക്കാത്ത കേസുകളുടെ എണ്ണം, 2016 മുതൽ 2025 വരെ. റിപ്പോർട്ടിൽ നിന്നും.

സംസ്ഥാനത്ത് പലവിധ അതിക്രമങ്ങള്‍ക്ക് ജനങ്ങള്‍ ഇരകളാകുന്നുണ്ട്. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കാറുണ്ട്. എന്നാല്‍, എസ്.സി/എസ്.ടി (പി.ഒ.എ) നിയമപ്രകാരമുള്ള അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള ദുരിതാശ്വാസ വിതരണം വൈകിപ്പിക്കുന്നതിലും വിതരണം ചെയ്യാതിരിക്കുന്നതിലും കേരളം മുന്നിലാണ്. സംസ്ഥാനത്ത് വന്യജീവി ആക്രമണം ഉണ്ടായാല്‍ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കും. നഷ്ടപരിഹാരത്തിന് വേണ്ടി ജനരോഷമുണ്ടാകും. വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കും. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യാമെന്ന് ഉറപ്പു നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നത് ശരവേഗതയിലാണ്.

അതേസമയം, പട്ടികജാതി പട്ടികവര്‍​ഗ വിഭാഗങ്ങള്‍ അതിക്രമങ്ങള്‍ക്ക് ഇരയായാല്‍ അവര്‍ക്ക് ലഭിക്കേണ്ട ദുരിതശ്വാസ വിതരണം സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ല. അത് എത്ര വൈകിയാലും കുഴപ്പമില്ല എന്ന നിലപാടാണ് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥ‍ർ സ്വീകരിക്കുന്നത്. ഈ ഫണ്ട് വിതരണം ചെയ്തില്ലെങ്കില്‍ ആരും ചോദിക്കാൻ എന്നതും അലംഭാവം തുടരാൻ കാരണമായി മാറുന്നു. കൊലപാതകം, ബലാത്സംഗം, ആസിഡ് ആക്രമണം, പോക്സോ കേസുകള്‍ ഉള്‍പ്പെടെ കുറ്റകൃത്യങ്ങൾക്കാണ് പലരും ഇരകളായിട്ടുള്ളത്. നഷ്ടപരിഹാരം ലഭിക്കാത്തത് ഇരകളുടെ അതിജീവനത്തിന് തടസ്സമായി മാറുന്നു.

ധനസഹായം അനുവദിക്കുമ്പോള്‍ തന്നെ മുന്‍തൂക്കം നല്‍കണമെന്നും എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമപ്രകാരം ഫണ്ടിന്റെ കുറവുണ്ടായാല്‍ എത്രയും വേഗം കൂടുതല്‍ ബദല്‍ ഫണ്ട് ക്രമീകരിക്കണമെന്നും 1995 ലെ നിയമ ഭേദഗതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും നിയമ വ്യവസ്ഥകള്‍ സര്‍ക്കാര്‍ കാറ്റില്‍പ്പറത്തുകയാണ്. ഇരകള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ 2022 നവംമ്പര്‍ 18ന് കത്തിലൂടെ എസ്.സി/എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. അതിൽ തുടര്‍ നടപടിയുണ്ടായില്ല.

കൊലപാതകം, ബലാത്സംഗം, പോക്‌സോ കേസുകള്‍ ഉള്‍പ്പെടെയുള്ള ഹീനമായ കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്ക് ധനസഹായം വിതരണം ചെയ്തതിന്റെ വിശദാംശങ്ങളും, ആസിഡ് ആക്രമണത്തിന്റെ വിശദാംശങ്ങളും പരിശോധിച്ചാല്‍ നിയമം നടപ്പിക്കുന്നതിലെ ഉദ്യോഗസ്ഥരുടെ വീഴ്ച തെളിഞ്ഞുകാണാം. 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കണ്ടെത്തിയത്. എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ ഗുരുതരമായ ചില വീഴ്ചകളും വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ടെന്ന് നിയമവിദഗ്ദ്ധരും സാമൂഹിക പ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. സാക്ഷരതയിലും സാമൂഹിക വികസനത്തിലും കേരളം മുന്നിലാണെങ്കിലും, ഈ നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പട്ടികവിഭാഗങ്ങളിലേക്ക് എത്തുന്നതില്‍ തടസ്സങ്ങൾ തുടരുകയാണ്.

റിപ്പോർട്ടിൽ പറയുന്ന കണക്കുകൾ.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വിമുഖതയുണ്ട്. അട്ടപ്പാടിയില്‍ പോലും പലപ്പോഴും ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ പ്രത്യേക നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് വിസമ്മതിക്കുകയാണ്. സാധാരണ ക്രിമിനല്‍ വകുപ്പുകള്‍ മാത്രം ചുമത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പരാതികളുണ്ട്. നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കാലതാമസം വരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുകയാണ്.

പട്ടികജാതി-പട്ടികവര്‍​ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മനഃപൂര്‍വം ഔദ്യോഗിക കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപയോഗിക്കുന്നത് സംസ്ഥാനത്ത് വളരെ അപൂര്‍വ്വമാണ്. ഇത് ഉദ്യോഗസ്ഥരിലെ ഉത്തരവാദിത്തമില്ലായ്മ വര്‍ദ്ധിപ്പിക്കുന്നു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഈ കേസുകള്‍ അന്വേഷിക്കേണ്ടത്. പലപ്പോഴും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നു. ഇത് കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മാറുന്നു. സംസ്ഥനത്ത് ഈ നിയമപ്രകാരമുള്ള കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണ്. അന്വേഷണത്തിലെ പിഴവുകള്‍ പ്രധാന കാരണമാണ്. പ്രതികള്‍ പണബലമുള്ളവരാകുമ്പോള്‍ സാക്ഷികള്‍ കൂറുമാറുന്നത് പതിവായിത്തീ‍ർന്നു. കൃത്യമായ തെളിവുകളോടെ കോടതിയില്‍ കേസ് എത്തിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നില്ല. നിയമം ദു‍ർബലപ്പെടുന്നതിന് ഇത് കാരണമായി മാറുന്നു.

പ്രത്യേക കോടതികളില്‍ എത്തുന്ന കേസുകള്‍ പലപ്പോഴും കക്ഷികള്‍ തമ്മില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇരകള്‍ക്ക് മേല്‍ സാമൂഹികവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതികള്‍ക്ക് കഴിയുന്നുണ്ട്. ഭയം കാരണം ഇരകളില്‍ പലരും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നു. ഇത് നിയമത്തിന്റെ പല്ലും നഖവും നഷ്ടപ്പെടുത്തുന്നു. നിയമപ്രകാരം സംസ്ഥാന-ജില്ലാ തലങ്ങളില്‍ മുഖ്യമന്ത്രിയുടെയും ജില്ലാ കളക്ടര്‍മാരുടെയും അധ്യക്ഷതയില്‍ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റികള്‍ കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് നിയമം നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തണം. എന്നാല്‍ ഈ സമിതികള്‍ യഥാസമയം യോഗം ചേരുന്നതിലോ, കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിലോ വലിയ വീഴ്ച വരുത്തുകയാണ്.

Also Read

4 minutes read July 3, 2026 2:17 pm