ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയ്ക്ക് ഇന്ത്യയെ വിട്ടുകൊടുക്കരുത്

ഇന്ത്യൻ സമൂഹത്തെ സമഗ്രമായും സൂക്ഷ്മമായും പിടിമുറുക്കിയിരിക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യവസ്ഥയായ ശ്രേണീകൃത അസമത്വത്തിന്റെ നിദാനവും ആധാരശിലയും ജീവാത്മാവും പരമാത്മാവുമാണ് ബ്രാഹ്മണ്യം. ഇത് കേവലം ഒരു കൂട്ടം ബ്രാഹ്മണരെ മാത്രം സംബന്ധിച്ച ഒന്നല്ല. മറിച്ച് സമൂഹത്തെ മുഴുവൻ വിഴുങ്ങി നിൽക്കുന്ന സമഗ്രാധിപത്യ വ്യവസ്ഥയാണ്. സവർണരെന്ന് കരുതപ്പെടുന്ന ജാതിവിഭാഗങ്ങൾക്ക് ലഭിക്കുന്ന അംഗീകാരവും പദവിയും സ്ഥാനമാനങ്ങളും അവർണരെന്ന് മുദ്രകുത്തപ്പെടുന്ന ജനസമുദായങ്ങൾക്ക് സമൂഹത്തിൽ അനുഭവിക്കേണ്ടിവരുന്ന നിരന്തര പീഡനങ്ങളുടെയും പുറന്തള്ളലുകളുടെയും സാംസ്കാരിക പ്രത്യയശാസ്ത്രം ബ്രാഹ്മണ്യമാണ്.

ജന്മം കൊണ്ട് തന്നെ ചില ജാതിവിഭാഗങ്ങൾ ഉത്കൃഷ്ടരും മറ്റു ചിലർ അധമരും മ്ലേച്ഛരുമാണെന്ന് ബ്രാഹ്മണ്യവ്യവസ്ഥ സ്ഥാപനവത്ക്കരിക്കുന്നു. വേദ, വേദാന്ത, പുരാണ, ഇതിഹാസ പാഠരൂപങ്ങൾ ഈ വിശ്വാസത്തെ നിലനിർത്തുകയും കൈമാറുകയും ചെയ്യുന്ന പാഠരൂപങ്ങൾ കൂടിയാണ്. കർമ്മ-പുനർജന്മസിദ്ധാന്തത്തിലൂടെയാണ് ജാതിവ്യവസ്ഥയുടെ ഈ അഴിവില്ലായ്മ തുടർന്നു വന്നിരുന്നത്. ചിലർ ധനവാന്മാരായി ‘ഉന്നതകുലങ്ങളി’ൽ ജനിക്കുന്നതിന് കാരണം അവരുടെ പൂർവ്വജന്മകൃതമായ പുണ്യമാണെന്നും മറ്റു ചിലർ അധമജാതികളിൽ, ഹീനകുലങ്ങളിൽ പിറക്കുന്നതിന് കാരണം അവരുടെ ജന്മാന്തരകൃത പാപമാണെന്നും കർമ്മസിദ്ധാന്തം പറഞ്ഞുവെക്കുന്നു. ഈ സിദ്ധാന്തത്തിലൂടെ സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന ജാതിസമുദായങ്ങളുടെയും പീഡകളുടെയും സാമൂഹിക മർദനത്തിന്റെയും കാരണം അവരുടെ തന്നെ ജന്മമാണെന്ന് അവരെ കൊണ്ടുതന്നെ വിശ്വസിപ്പിക്കുന്നു. കർമ്മസിദ്ധാന്തത്തെ ഊട്ടിയുറപ്പിക്കുന്ന കഥകളുടെ ഭണ്ഡാരമാണ്  ഇതിഹാസപുരാണങ്ങൾ.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം. കടപ്പാട്:southfirst

ചാതുർവർണ്യ സമ്പ്രദായമാണ് ബ്രാഹ്മണ്യത്തിന്റെ അടിത്തറ. ബ്രാഹ്മണർ ഏറ്റവും മുകളിലും ക്ഷത്രിയ-വൈശ്യ-ശൂദ്രാദികൾ അവരോഹണക്രമത്തിലും നിലകൊള്ളുന്ന വ്യവസ്ഥയാണ് ബ്രാഹ്മണ്യ സാമൂഹിക ക്രമം. ഇതര വർണങ്ങളിൽപ്പെട്ടവർക്ക് പരമദൈവമാണ് ഈ വ്യവസ്ഥയനുസരിച്ച് ബ്രാഹ്മണർ. ചാതുർവർണ്യ ബാഹ്യരായ അയിത്തജനത സമ്പൂർണ്ണമായി വർണ്ണവ്യവസ്ഥയ്ക്ക് പുറത്തായതിനാൽ തന്നെ സാമൂഹികമായി കൂടി പുറന്തള്ളപ്പെട്ടവരായിത്തീർന്നു. വർണ ബാഹ്യരായ അയിത്ത ജനങ്ങൾക്കിടയിലും നിലനിന്നിരുന്ന ഏറ്റിറക്ക മേൽക്കീഴ് വ്യവസ്ഥ ചാതുർവർണ്യ ബ്രാഹ്മണ്യത്തിന്റെ ഒരു തുടർച്ചയിലാണ് നിലനിന്നുപോന്നത്. ഒരു ജാതി സമൂഹം മറ്റൊരു ജാതി സമൂഹത്തെ അപേക്ഷിച്ച് ഒരേ സമയം ഹീനവും ഉത്കൃഷ്ടവുമായി മാറിത്തീരുന്ന വ്യവസ്ഥയെ ബ്രാഹ്മണ്യം സൃഷ്ടിച്ച് പരിപാലിച്ചു. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥ പരിപൂർണ്ണമായും അവർണതയെ മ്ലേച്ഛമായും വിലയിരുത്തി അതിലെ മനുഷ്യരുടെ ഇടപാടുകളെയും ജീവിതസ്ഥാനങ്ങളെയും അതിനനുസരിച്ച് നിർണ്ണയിക്കുന്നു. ചുരുക്കത്തിൽ ബ്രാഹ്മണ്യമെന്നത് സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ഒരു സാമൂഹ്യപുറന്തള്ളൽ ഹിംസാവ്യവസ്ഥയാണ്.

ഡോ. ബി.ആർ അംബേദ്ക്കർ 1938ൽ മൻമാദിൽ നടന്ന യോഗത്തിൽ ബ്രാഹ്മണമേധാവിത്വത്തെ നിർവചിക്കുന്നുണ്ട്. “ബ്രാഹ്മണ മേധാവിത്വം എന്നാൽ നിങ്ങളുടെ പ്രവർത്തനമേഖലയിൽ സ്വതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അഭാവം എന്നാണർത്ഥം. ഈ വികാരം എല്ലായിടത്തും അനുഭവപ്പെടുന്നു. എല്ലാത്തരം ആളുകളുടെയും നിത്യേനയുള്ള പെരുമാറ്റത്തെയും ചിന്തകളെയും ഇത് നിയന്ത്രിക്കുന്നു. ബ്രാഹ്മണമേധാവിത്വം എന്നാൽ ചില സമുദായങ്ങൾക്ക് ചില പ്രത്യേക ആനുകൂല്യങ്ങൾ നൽകുകയും മറ്റു ചില സമുദായങ്ങൾക്ക് തുല്യാവസരങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ്.”

മനുഷ്യസമുദായങ്ങൾക്കിടയിൽ സാഹോദര്യത്തെ ഇല്ലാതാക്കുന്ന വ്യവസ്ഥിതിയാണ് ബ്രാഹ്മണ്യം. ചാതുർവർണ്യസിദ്ധാന്തം അടിസ്ഥാനപരമായി മനുഷ്യരെ വെറുക്കാനാണ് പഠിപ്പിക്കുന്നത്. ബ്രാഹ്മണരും സവർണരും ഒഴികെയുള്ള മുഴുവൻ മനുഷ്യരെയും ഈ വ്യവസ്ഥ പരസ്പരം വെറുത്തും സംശയദൃഷ്ടിയോടെ കണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നു. മനുഷ്യർക്ക് സ്വസ്ഥമായി പൊതുവഴികളിൽ കൂടി നടക്കാൻ പോലും ബ്രാഹ്മണ്യം അനുവദിച്ചിരുന്നില്ലെന്നോർക്കുമ്പോൾ ‘സ്വാതന്ത്ര്യം’ എന്നത് എത്രമേൽ മഹനീയമായ ആശയമാണെന്ന് നമ്മെ ഓർമ്മിപ്പിക്കും. ബ്രാഹ്മണ്യം ബ്രാഹ്മണ ജാതിയിലെ സ്ത്രീകൾക്കു പോലും സ്വാതന്ത്ര്യം നൽകിയിരുന്നില്ലെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. സമത്വം എന്ന ആശയത്തെ ബ്രാഹ്മണ്യം പരിപൂർണമായും വെറുക്കുന്നു. മനുഷ്യർ തുല്ല്യരാണെന്ന് ബ്രാഹ്മണ്യം അംഗീകരിക്കുന്നതേയില്ല. ചിലർ ശ്രേഷ്ഠരും മറ്റു ചിലർ അധമരുമാണെന്ന് ബ്രാഹ്മണ്യം വിധിയെഴുതിയിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉന്നത തസ്തികകളിലെല്ലാം ബ്രാഹ്മണ-സവർണ വിഭാഗങ്ങൾ ഭൂരിപക്ഷമായിരിക്കുന്നതിന്റെ കാരണം ഇന്ത്യൻ സമൂഹത്തെ പിടിമുറുക്കിയിരിക്കുന്ന ബ്രാഹ്മണ്യവ്യവസ്ഥയാണ്. ബ്രാഹ്മണ-സവർണവിഭാഗങ്ങളുടെ ജന്മം തന്നെ (ജാതി സവർണത)യാണ് അവരുടെ എല്ലാ യോഗ്യതകളുടെയും ആധാരമായി വർത്തിക്കുന്നത്. അവർണ മർദ്ദിത ജനവിഭാഗങ്ങളുടെ വലിയ രീതിയിലുള്ള പുറന്തള്ളലിന് നിദാനമായിരിക്കുന്നതും അവരുടെ ‘ഹീനജാതി’യുള്ള ജനനം തന്നെയാണ്. വെജിറ്റേറിയൻ ഭക്ഷണം പരമവിശുദ്ധവും മറ്റിതര ഭക്ഷണപദാർത്ഥങ്ങളെ ഹീനമായും അത് ഭക്ഷിക്കുന്നവരെ തരംതിരിക്കുകയും ചെയ്യുന്ന പുറന്തള്ളൽ വ്യവസ്ഥ കൂടിയാണ് ബ്രാഹ്മണ്യം. ഈ ബ്രാഹ്മണ്യ വ്യവസ്ഥ അവർണ ജനതയുടെ എല്ലാ രംഗങ്ങളിലുമുള്ള പ്രാതിനിധ്യത്തെ തകർക്കുകയും സവർണ കുത്തക നിലനിർത്തുകയും ചെയ്യുന്നു. കീഴാളരെ കൊണ്ടുപോലും ബ്രാഹ്മണ്യമാണ് ശ്രേഷ്ഠമെന്ന് വാദിപ്പിക്കാൻ കഴിയുന്നുവെന്നത് ബ്രാഹ്മണ്യത്തിന്റെ സമഗ്രാധിപത്യ ചൂഷണത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

ബ്രാഹ്മണ്യം അടിസ്ഥാനപരമായി നോക്കിയാൽ ഒരു ജീവിത പദ്ധതിയായാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് കാണാൻ  കഴിയും. മനുഷ്യർക്കിടയിലെ സാമൂഹികജീവിതത്തെ മാത്രമല്ല ധാർമികബോധത്തെയും ബ്രാഹ്മണ്യവ്യവസ്ഥ നിയന്ത്രിച്ചു നിലനിർത്തുന്നു. 1930 ആഗസ്റ്റ് 8ന് നാഗ്പൂരിൽ നടന്ന അഖിലേന്ത്യാ അധഃകൃത വർഗ സമ്മേളനത്തിൽ ഡോ. ബി.ആർ അംബേദ്ക്കർ ബ്രാഹ്മണ്യത്തിന്റെ ജീവിതപദ്ധതിയുടെ ഒരു സവിശേഷ പ്രതലത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ”ദൈവശാസ്ത്രത്തിൽ അധിഷ്ഠിതമാണല്ലോ ഇന്ത്യയിലെ ജാതി ക്രമീകരണം. ഇതിൽ ഉന്നതരോട് ആദരവും അധഃസ്ഥിതരോട് പുച്ഛവും അന്തർലീനമാണ്. ഈ ക്രമീകരണം കീഴ്ജാതിക്കാരിൽ മേൽജാതിക്കാരോട് വിധേയത്വവും മേൽജാതിക്കാരിൽ കീഴ്ജാതിക്കാരോട് പുച്ഛവും ഊട്ടി വളർത്തുന്ന ഒന്നാണ്.” അംബേദ്ക്കർ വിശദീകരിച്ച ബ്രാഹ്മണ്യത്തിന്റെ ഈ സവിശേഷത മൂലമാണ്  ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദലിത് പിന്നോക്ക മുസ്ലീം ജനവിഭാഗങ്ങൾ പുറന്തള്ളൽ  മർദ്ദനങ്ങൾക്ക് വിധേയപ്പെടാൻ കാരണമായിത്തീരുന്നത്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമ്പൂർണ സവർണജാതികോളനികളായി, അടഞ്ഞ പേടകമായി തുടരുന്നത്  അടിസ്ഥാനവിഭാഗങ്ങളെ പുറന്തള്ളിക്കൊണ്ടാണ്. ആധുനിക കാലത്തും ജാതി തുടരുന്നത്  ഇങ്ങനെയൊക്കെയാണ്. ശബരിമല മേൽശാന്തിയും ഗുരുവായൂർ മേൽശാന്തിയും നമ്പൂതിരി ബ്രാഹ്മണർ തന്നെ വേണമെന്ന വിചാരധാരയിൽ മലയാളി അകപ്പെടാൻ കാരണം ബ്രാഹ്മണ്യം മലയാളിയുടെ സാംസ്കാരികജീവിതത്തെ അത്രയധികം ആഴത്തിൽ നിർണയിക്കുന്നതുകൊണ്ടാണ്. ഇന്ത്യയിലെ, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിത് പിന്നോക്ക ജനവിഭാഗങ്ങൾ പുറന്തള്ളപ്പെടുന്നതി‌ന്  മുഖ്യഹേതു ഉന്നതരോടുള്ള സ്വാഭാവികമായ ആദരവും അധഃസ്ഥിതരെന്ന് കരുതപ്പെടുന്നവരോടുള്ള പുച്ഛവുമാണ്. കെ.ആർ നാരായണൻ  ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവെറി പുലർത്തി പുറത്തായ വ്യക്തി ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമാവുന്നതിന് കാരണം സവർണ ജാതിവിഭാഗങ്ങളോടുള്ള സവിശേഷ ആദരവ് നിമിത്തമാണ്. ഇന്ത്യയിലെ, കേരളത്തിലെ വിദ്യാഭ്യാസ, സാംസ്കാരിക, അക്കാദമിക സ്ഥാപനങ്ങളിൽ ദലിത് പിന്നോക്ക ബഹുജനങ്ങൾ സ്ഥാപന മേധാവികളായി പരിഗണിക്കപ്പെടാത്തത് ബ്രാഹ്മണ്യത്തിൻ്റെ  സവിശേഷ സാമൂഹ്യവ്യവസ്ഥ മൂലമാണ്. യോഗ്യതയില്ലാത്തതല്ല പരിഗണിക്കപ്പെടാതിരിക്കാനുള്ള കാരണം, മറിച്ച്  അവരുടെ കീഴ്ജാതി സ്വത്വം തന്നെ ഇതിന് വിലങ്ങുതടിയായി നിലനിൽക്കുന്നു. ഇപ്രകാരം ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും പരസ്പരബന്ധമുള്ള പെരുമാറ്റത്തിലും ഒരു മനുഷ്യന്റെ വ്യക്തിവിചാരത്തെ നിയന്ത്രിക്കുന്ന ഹിംസാത്മക വ്യവസ്ഥയായി ബ്രഹ്മണ്യത്തെ തിരിച്ചറിയേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ പ്രസം​ഗിക്കുന്നു. ഫോട്ടോ: wikicommons

ബ്രാഹ്മണ്യത്തിൻ്റെ ഈ ഹിംസാത്മക വ്യവസ്ഥയെ നേരിടാൻ ഏറ്റവും പ്രധാനപ്പെട്ട ഉപാധിയായി ഡോ. ബി.ആർ അംബേദ്ക്കർ ജനാധിപത്യത്തെ തിരഞ്ഞെടുത്തു. Annihilation of Caste ൽ ജനാധിപത്യം ഒരു സഹജീവന പദ്ധതിയാണെന്നത് അംബേദ്ക്കർ അടിവരയിട്ടു പ്രഖ്യാപിക്കുന്നുണ്ട്. ബ്രാഹ്മണ്യം അടിസ്ഥാനപരമായി മനുഷ്യർക്കിടയിലെ സാഹോദര്യത്തെയാണ് ഇല്ലായ്മ ചെയ്യുന്നത്. മനുഷ്യർക്ക് പരസ്പരമുള്ള വിശ്വാസത്തെയും സ്നേഹത്തെയും ബ്രാഹ്മണ്യ വ്യവസ്ഥ ഇല്ലാതാക്കുന്നു. ഇത്തരമൊരു വ്യവസ്ഥയ്ക്ക്  സാഹോദര്യ ജനാധിപത്യം മാത്രമാണ് പരിഹാരമെന്ന് അംബേദ്ക്കർ അഗാധമായി തിരിച്ചറിഞ്ഞിരുന്നു. ഈ സാഹോദര്യ ജനാധിപത്യത്തിന്റെ മൂല സ്രോതസാണ് അംബേദ്ക്കർ ബുദ്ധനിൽ നിന്നും തിര തള്ളിയ മൈത്രിയായി അവതരിപ്പിച്ചത്. മൈത്രിപൂർണമായ സഹജീവിതമാണ് ബ്രാഹ്മണ്യത്തിനെതിരായ ഒരു മുഖ്യ സിദ്ധൗഷധമായി ഡോ ബി.ആർ അംബേദ്ക്കർ കൈകൊണ്ടത്. എന്തെന്നാൽ ബ്രാഹ്മണ്യവും അതിന്റെ ഗ്രന്ഥപാഠങ്ങളും ജാതിവ്യവസ്ഥയിലൂടെ  സഹോദര്യത്തെ തന്നെയാണ് സമ്പൂർണമായി നിരസിച്ചത്. സഹോദര്യത്തിന്റെ അഭാവം സമത്വത്തെ ഇല്ലാതാക്കുകയും സ്വതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നു. രാഷ്ട്രീപരമായി മാത്രമല്ല ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ജനാധിപത്യം ജീവിതാനുഭൂതിയായി തീരണമെങ്കിൽ സാഹോദര്യവും സമത്വവും സ്വതന്ത്ര്യവും ജീവിതത്തിന്റെ മൂല്യമായി അകക്കാമ്പിൽ നിലയുറപ്പിക്കണം.

അനൈഹിലേഷൻ ഓഫ് കാസ്റ്റ് കവർ

ജനാധിപത്യം വ്യക്തിക്ക് അനുഭവിക്കാൻ കഴിയണമെങ്കിൽ രാഷ്ട്രീയത്തിൽ മാത്രമല്ല സാമൂഹികജീവിതത്തിലും ജനാധിപത്യ തത്വങ്ങൾ പ്രവർത്തിക്കണമെന്ന ധാരണയാണ് നിയമജ്ഞൻ കൂടിയായ ഡോ.അംബേദ്ക്കർ പലർത്തിയിരുന്നത്. ഡോ.അംബേദ്ക്കർ ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: “തുല്യാവകാശങ്ങൾക്കു വേണ്ടിയുള്ള ഒരു പ്രഖ്യാപനം അധഃകൃത വർഗങ്ങൾ എന്തെങ്കിലും പ്രയോജനം നൽകുകയില്ല. പൗരത്വത്തിലെ തുല്യാവകാശങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവർക്ക് യാഥാസ്ഥിതിക സമൂഹത്തിന്റെ മുഴുവൻ എതിർപ്പിനെയും നേരിടേണ്ടി വരുമെന്നതിൽ തർക്കമില്ല. അതുകൊണ്ട് അധഃകൃതവർഗങ്ങൾക്ക് അവകാശങ്ങളെക്കുറിച്ചുള്ള ഈ പ്രഖ്യാപനങ്ങൾ വെറും കർത്തവ്യ പ്രസ്താവനകളല്ലാതെ അനുദിനജീവിതത്തിലെ യാഥാർത്ഥ്യങ്ങളായി തീരണമെങ്കിൽ ഈ പ്രഖ്യാപിത അവകാശങ്ങൾ അനുവദിക്കുന്നതിൽ കൈകടത്തുന്നതിനെതിരെ മതിയായ ശിക്ഷയും പിഴയും ഏർപ്പെടുത്തിക്കൊണ്ട് അവർക്ക് സംരക്ഷണം നൽകണമെന്നാണ്.” അതായത്, തുല്യതയെ ഒരു ജീവനപദ്ധതിയായി അവതരിപ്പിക്കുന്നതിനൊപ്പം അത് നിലനിൽക്കണമെങ്കിൽ ഭരണഘടനപരമായും നിയമപരമായും അത് സാധ്യതയുള്ള ഒന്നായി നിലനിൽക്കണമെന്നും അംബേദ്ക്കർ വിവക്ഷിച്ചു. അയിത്തം കുറ്റകരമായ ഒന്നായി പരിഗണിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ധാർമ്മികമായി അത് വെടിയാൻ സവർണർ തയ്യാറാകുമായിരുന്നില്ലെന്ന് വർത്തമാനകാല ഇന്ത്യനവസ്ഥകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംവരണമെന്ന ആശയം അവതരിപ്പിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ ഭരണപ്രക്രിയകൾ സമ്പൂർണമായി സവർണകുത്തകയായി മാറിത്തീരുമായിരുന്നു. അതിന് ഒരുപരിധി വരെ തടയിട്ടത് ഡോ.അംബേദ്ക്കർ ആവിഷ്ക്കരിച്ച പ്രാതിനിധ്യ ജനാധിപത്യം (Representative Democracy) എന്ന ആശയമാണ്. സവർണ സംവരണത്തിലൂടെ ഹിന്ദുത്വബ്രാഹ്മണ്യശക്തികൾ പ്രാതിനിധ്യ ജനാധിപത്യത്തെ അ‌ട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ അംബേദ്ക്കർ മുന്നോട്ടുവച്ച ജനാധിപത്യാശയങ്ങൾക്ക് വലിയ പ്രധാന്യമുണ്ട്. ”ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെന്താണ്?” എന്നത് സംബന്ധിച്ച പ്രഭാഷണത്തിൽ, ”ജനങ്ങൾ നിർമ്മിച്ചിട്ടുള്ള സമൂഹത്തിലെ സാമൂഹികബന്ധങ്ങളിലും ജനങ്ങളുടെ പരസ്പര സഹജീവനത്തിലും ജനാധിപത്യത്തിലെ വേരുകൾ തേടേണ്ടി വരും.” എന്ന് ഡോ. അംബേദ്ക്കർ സൂചിപ്പിക്കുന്നുണ്ട്.

അംബേദ്കറും പെരിയാറും. കടപ്പാട്: drambedkar.co.in

ഇന്ത്യൻ സമൂഹത്തിൽ ഈ ആദർശം കാണാനില്ലെന്നും അന്യോന്യം വിഭജിക്കപ്പെട്ട സമൂഹത്തിൽ സമത്വമെന്ന അനുഭൂതിയില്ലെന്നും, അനുകമ്പയുടെ ബന്ധമില്ലെന്നും, ജാതിവ്യവസ്ഥ ജനാധിപത്യത്തെ എന്നെന്നേക്കുമായി പുറത്താക്കിയിരിക്കുന്നുവെന്നും ഡോ.അംബേദ്ക്കർ അതേ പ്രഭാഷണത്തിൽ വാദിച്ചു. ജനാധിപത്യം വിജയകരമായി പ്രവർത്തിക്കണമെങ്കിൽ ചില ഉപാധികൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത 1952ലെ പൂന ജില്ലാ നിയമ ലൈബ്രറിയിലെ പ്രഭാഷണത്തിൽ ഡോ.അംബേദ്ക്കർ ചൂണ്ടിക്കാണിക്കുകയുണ്ടായി. ജനാധിപത്യം വിജയകരമായി പ്രവർത്തിക്കണമെങ്കിൽ ആദ്യം ഉണ്ടാവേണ്ട ഉപാധി സമൂഹത്തിൽ അസമത്വം ഉണ്ടാകാൻ പാടില്ലെന്നതാണെന്ന് അംബേദ്ക്കർ നിരീക്ഷിച്ചു. ജനാധിപത്യത്തിന്റെ വിജയത്തിന് രണ്ടാമാതുണ്ടാവേണ്ട ഉപാധി പ്രതിപക്ഷത്തിന്റെ സാന്നിധ്യമാണ്. നിയമത്തിലും ഭരണത്തിലും സമത്വം എന്നതാണ് ജനാധിപത്യത്തിന്റെ വിജയത്തിനുള്ള മൂന്നാമത്തെ ഉപാധി. ഭരണഘടനപരമായ ധാർമികത പരിപാലിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ വിജയത്തിനു വേണ്ട നാലാമത്തെ മുന്നുപാധി. ജനാധിപത്യത്തിന്റെ പേരിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിമയാക്കരുതെന്നും അംബേദ്ക്കർ സിദ്ധാന്തിച്ചു. ഇങ്ങനെ അതിവിശദമായ, സൂക്ഷ്മമായ വിശദീകരണങ്ങളിലൂടെ അസമത്വത്താൽ കാർന്നുതിന്നുന്ന ബ്രാഹ്മണ്യഭാരതത്തെ ജനാധിപത്യമൂല്യവ്യവസ്ഥയാൽ ആധുനിക ഇന്ത്യയാക്കി  പരിവർത്തിപ്പിക്കാൻ ഡോ.അംബേദ്ക്കർ അക്ഷീണം യത്നിച്ചു. ഈ യത്നത്തിൽ പങ്കാളികളാവുകയും ബ്രാഹ്മണ്യ മൂല്യവ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കാതെ ഇന്ത്യയെ ജനാധിപത്യ മൂല്യവ്യവസ്ഥയിൽ ഉറപ്പിച്ചുനിർത്തിയാൽ മാത്രമേ ബഹുജനങ്ങൾക്ക് സാഹോദര്യവും സമത്വവും സ്വാതന്ത്യവുമുള്ള സുജീവിതം സാധ്യമാവൂ.‌ ബ്രാഹ്മണ്യത്തിനെതിരായി മഹാത്മ ഫൂലെ, പെരിയോർ, നാരായണഗുരു, മഹാത്മ അയ്യങ്കാളി തുടങ്ങിയവർ നടത്തിയ സമരങ്ങളെ വർത്തമാനകാല ഇന്ത്യൻ പ്രതിസന്ധികളിൽ സ്മരിച്ചും; ആ സ്മരണകളിൽ നിന്നും ഊർജ്ജങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടും മാത്രമേ ജനാധിപത്യ ഇന്ത്യയുടെ ഭാവിക്കായി സംഘടിക്കാൻ കഴിയൂ. കാരണം ഓരോ വ്യക്തിയുടെയും ഉയർച്ചയ്ക്ക് ആധാരം സാമൂഹികമായ വിടവുകൾ പരിഹരിക്കുന്ന ജനാധിപത്യവ്യവസ്ഥയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read