പല മൊഴികൾ പറയുന്ന കേരളം

1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഈസ്റ്റ് പാക്കിസ്ഥാനിൽ നടന്ന ഒരു പ്രതിഷേധ സമരത്തിനു നേർക്ക് പൊലീസ്  വെടിവെപ്പുണ്ടായി. ഉറുദു ഭാഷയെ ഒരേയൊരു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാനുള്ള ജിന്നയുടെ നീക്കത്തിന് എതിരായിരുന്നു സമരം. കണ്ണീർ വാതകം പ്രയോഗിച്ചും നിരവധി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തും സമരം അടിച്ചമർത്താൻ ശ്രമിച്ച പൊലീസ്, ഒടുവിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കാനും മടിച്ചില്ല. ബംഗാളി ഭാഷാ പ്രവർത്തകരായ അബുൽ ബർകത്തും റഫീഖ് ഉദ്ദീനും, അബ്ദുൾ ജബ്ബാറും, അബ്ദുസലാമും ആ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പലർക്കും പരിക്കേറ്റു. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം പ്രതിഷേധം വ്യാപിപ്പിച്ചു. ആഭ്യന്തര കലാപത്തിലേക്ക് നയിച്ചു.

ബംഗാളി ഭാഷാ മുന്നേറ്റം. കടപ്പാട്: commons.wikimedia.org

ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമാകുന്നതിനും മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പ് നടന്ന ഈ സമരത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ഫെബ്രുവരി 21 ‘ബാഷാ ഷഹീദ് ദിബാഷ്’ ആയി ആചരിക്കുന്നു. രക്തസാക്ഷി സ്മാരകമായ ഷഹീദ് മിനാറിലേക്ക് ആറ് ദശാബ്ദത്തിലേറെയായി ബംഗ്ലാദേശ് ജനത നഗ്നപാദരായ് എത്തുന്നു. മാതൃഭാഷയ്ക്കായി രക്തസാക്ഷികളായ ഈ യുവാക്കളുടെ സ്മരണയിലാണ് 2000 ത്തിൽ ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനമായി പ്രഖ്യാപിച്ചത്. ബഹുസ്വര സമൂഹങ്ങൾ നിലനിൽക്കുന്നതിന് ബഹുഭാഷാ സംരക്ഷണം അനിവാര്യമാണെന്നും, ചരിത്രവും, സംസ്കാരവും, സ്വത്വവും പങ്കുവെക്കുന്ന ഓരോ ഭാഷയും അമൂല്യമാണെന്നുമുള്ള തിരിച്ചറിവ് കൂടിയാണ് ലോക മാതൃഭാഷ ദിനം. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ലോക ജനസംഖ്യയിലെ 40 ശതമാനത്തിനും മാതൃഭാഷ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ലഭിക്കുന്നില്ല. ലോകം സംസാരിക്കുന്ന 7000 ഭാഷകളിൽ 45 ശതമാനവും വംശനാഷ ഭീഷണിയിലാണ്. ഓരോ രണ്ടാഴ്ച്ചയിലും ഒരു ഭാഷ മരിക്കുന്നതായും ഐക്യരാഷ്ട്ര സഭ രേഖപ്പെടുത്തുന്നു.  

ഷഹീദ് മിനാർ.

മരിച്ചുകൊണ്ടിരിക്കുന്ന ഭാഷകൾ ഉയിർത്തെഴുന്നേൽക്കുന്ന അപൂർവ്വ മുന്നേറ്റമാണ് ഇന്ന് ഇന്ത്യയിലെ ഗോത്ര ഭാഷകളിൽ എഴുതുന്ന ഗോത്ര കവിത അല്ലെങ്കിൽ ആദിവാസി കവിത. മറവിയിലേക്ക് പിന്തള്ളപ്പെട്ടുകൊണ്ടിരുന്ന അനേകം ഭാഷകളാണ് ഈ കാവ്യമുന്നേറ്റത്തിലൂടെ വീണ്ടെടുക്കപ്പെട്ടതും ആധുനിക വത്കരിക്കപ്പെട്ടതും. കേരളത്തിലും ആദിവാസി കവികൾ ഗോത്ര ഭാഷയിൽ എഴുതി തുടങ്ങുകയും കേരളം മലയാളികളുടെ മാത്രം മാതൃഭൂമിയല്ലെന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുകയും ചെയ്തു. സ്വന്തമായ ലിപിയില്ലാത്ത ഗോത്ര ഭാഷകളിലെ കവികൾ മലയാള ലിപിയിൽ എഴുതി തുടങ്ങിയപ്പോൾ മലയാള കവിത കേരള കവിതയിലേക്ക് വികസിച്ചു. ആ കവിതകൾക്കും അവയുടെ പരിഭാഷകൾക്കും ഇന്ന് വലിയ വായനാ സമൂഹമുണ്ട്. മലയാളവുമായുള്ള ഈ വിനിമയം ഗോത്രഭാഷകളുടെയും സംസ്കാരങ്ങളുടെയും വികാസത്തിന് മാത്രമല്ല മലയാള കവിതയുടെയും, മലയാളിയുടെ സാംസ്കാരിക ബോധത്തിന്റെയും വികാസത്തിനും കാരണമായി. കേരളത്തിലെയും ഇന്ത്യയിലെയും ഗോത്ര ജനത ഇന്ന് കൈവരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യതയും സാംസ്കാരിക പ്രാതിനിധ്യവും ഗോത്ര കവിതയുടെ കൂടി ഫലമാണ്. സാമൂഹികവും സാംസ്കാരികവുമായിട്ടുള്ള മാറ്റിനിർത്തലിൽ നിന്നും ഗോത്ര ജനതയെ പൂർണ്ണമായും വിമോചിപ്പിക്കാൻ ഇനിയും ഗോത്ര കവികൾ എഴുതിവരേണ്ടതുണ്ട്. മലയാള കവിതയുടെ വികാസപാത എന്ന ലേഖനത്തിൽ ഈ നിരീക്ഷണങ്ങൾ അവതരിപ്പിച്ചതിന് ശേഷം ഗോത്ര കവിതയിലെ 9 കവികളുടെ സമാഹാരങ്ങളും ഗോത്ര പെൺ കവിതകളുടെ ഒരു സമാഹാരവും പുറത്തുവന്നു. ബ്രണ്ണൻ പ്രസ്സിന്റെയും ഇൻസൈറ്റ് പബ്ലിക്കയുടെയും ‘കാവിയപൊത്തകനെര’യാണ് ഈ പുസ്തകങ്ങൾ പുറത്തിറക്കിയത്. സന്തോഷ് മാനിച്ചേരി ജനറൽ എഡിറ്ററായിട്ടുള്ള ‘കാവിയപൊത്തകനെര’യിലെ പെൺ കവിതകളുടെ സമാഹാരം എഡിറ്റ്  ചെയ്തിരിക്കുന്നത് ധന്യ വേങ്ങച്ചേരിയാണ്. ഗോത്ര കവിതയുടെ വൈവിധ്യങ്ങളെ ആവിഷ്ക്കരിക്കുന്ന ഈ കവികളെ പരിചയപ്പെടാം. ഗോത്ര ഭാഷയിൽ അവരുടെ കവിത കേൾക്കാം.

കോഴിക്കോട്ടെ ഇൻസൈറ്റ് പബ്ലിക്കയുമായി ചേർന്ന് ബ്രണ്ണൻ പ്രസ് പുറത്തിറക്കിയ കാവിയപൊത്തകനെര തത്വചിന്തകൻ സുന്ദർ സാരുക്കായി പ്രകാശനം ചെയ്യുന്നു. കടപ്പാട്:FB

ഹരീഷ് പൂതാടി

ഭാഷയിലും ഭൂമിയിലും ഇടം തേടുന്നവയാണ് ഹരീഷ് പൂതാടിയുടെ കവിതകൾ. പണിയ ഭാഷയിലും മലയാളത്തിലും കവിതയെഴുതുന്ന ഹരീഷിന്റെ കവിതയ്ക്ക് കണ്ണുകളേറെയുണ്ട്. കല്ലെ (മാല), വുളക്കു (വിളക്ക്) , തിയ്യുപൊട്ടി (തീപ്പെട്ടി) തുടങ്ങിയ വസ്തുലോകം ഹരീഷിന്റെ കവിതയുടെ സൂക്ഷ്മലോകങ്ങൾ തുറക്കുന്നു. അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെ അനുസ്മരിക്കുന്ന രണ്ടു കവിതകൾ വുളക്കു എന്ന ഈ സമാഹാരത്തിലുണ്ട്.    

”നെഞ്ചി തട്ടുത്ത ചൌട്ടു കൊണ്ടു
ഇഞ്ചേൻന ഹൃദയ തുടിക്കിഞ്ചോ
ഇപ്പളും തുടിക്കും”

(നെഞ്ചിലേറ്റ ചവിട്ടേറ്റ്
ഇന്നെന്റെ ഹൃദയം തുടിക്കാറുണ്ട്
ഇപ്പോഴും തുടിക്കാറുണ്ട് )

ഹരീഷ് പൂതാടിയുടെ കവിത കേൾക്കാം

മുറ്റം എന്ന കവിതയിലെ ഈ വരികളിലുണ്ട് ഹരീഷിന്റെ കവിതയുടെ ഉൾമിടിപ്പ്. ‘ഞാനറിയാതെ കാൽച്ചുവട്ടിലെ മണ്ണും ഒലിച്ചു പോയി’ എന്ന് മഴക്കെടുതിയിൽ കടലാസുതോണി പോലെ മറഞ്ഞ വീടിനെ ഹരീഷ് അനുസ്മരിക്കുന്നു.

”എനിക്കെൻന മണ്ണു വോണു
ഒരു പായു ഉട്ടു കിടപ്പ
ഏക്കൊരു സല വോണു
എൻനെ ഒഞ്ചു മറെവു ചെയ്യുവ”

(എനിക്കെന്റെ മണ്ണു വേണം
ഒരു പായ വിരിച്ചു കിടക്കാൻ
എനിക്കൊരിടം വേണം
എന്നെയൊന്നു മറവു ചെയ്യാൻ )

ജീവിക്കാനും മരിക്കാനും മണ്ണില്ലാത്ത ആദിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം തന്നെയാണ് ഹരീഷ് പൂതാടി എന്ന യുവകവിയിലും പ്രതിധ്വനിക്കുന്നത്. വയനാട്ടിലെ കോട്ടവയൽ കോളനിയാണ് ഹരീഷ് പൂതാടിയുടെ സ്വദേശം.

മണികണ്ഠൻ അട്ടപ്പാടി

ഭാഷയെ ഉണ‍ർത്തുപാട്ടുകളാക്കുകയാണ് മണികണ്ഠൻ അട്ടപ്പാടിയുടെ കവിതകൾ. അട്ടപ്പാടിയിലെ കൊളപ്പടി ഊരിൽ പിറന്നുവള‍ർന്ന മണികണ്ഠന്റെ രണ്ടാം സമാഹാരമാണിത്. ആദ്യ സമാഹാരം പച്ചമരത്തണൽ കത്തിയെരിയുമ്പോൾ. മണ്ണാണ് മണികണ്ഠന്റെ കവിതയിലെ അമ്മ. വെന്തെരിയുന്ന, കുളിരാൽ വിറയ്ക്കുന്ന, ശ്വാസം കിട്ടാതെ പിടയുന്ന മണ്ണിന്റെ നിലവിളികൾ ഈ കവിയിൽ കേൾക്കാം.

”മണ്ണിന്നിരകളായി പോകുന്നവരല്ലേ നാം..” എന്ന് മണികണ്ഠൻ ജീവിതത്തെ അടയാളപ്പെടുത്തുന്നു. അനാഥത്വവും, അരക്ഷിതത്വവും മണിക്ണ്ഠന്റെ കവിതകളെ ലോകവിചാരണയാക്കുന്നു. സ്നേഹിക്കുവാൻ ആശിക്കുമ്പോഴും സ്നേഹം നടിക്കുന്ന സ്നേഹത്തെ പേടിക്കുന്ന കവി എന്നാൽ കല്ലിലും സ്പ്ന്ദിക്കുന്ന ഹൃദയത്തെ തൊടുന്നു.

”മിന്നിമറിയുന്ന മിന്നാമിനുങ്ങിനെ
പിടിച്ച് കുപ്പിയിലാക്കിയിട്ട്
പുഞ്ചിരിക്കുന്നു ലോകം.”

മണികണ്ഠൻ അട്ടപ്പാടിയുടെ കവിത കേൾക്കാം

മണ്ണിനെയും, മനസ്സിനെയും കൊള്ളയടിക്കുന്ന, ലോകത്തോട് കലഹിക്കുന്ന മണികണ്ഠൻ ഇരുള ഭാഷയിലും മലയാളത്തിലും കവിതകൾ എഴുതുന്നു. പച്ച ഞരമ്പുകൾ എന്ന സമാഹാരത്തിൽ മണികണ്ഠന്റെ ഗോത്ര കവിതകൾ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും പച്ചപ്പനയോല മേഞ്ഞ പച്ചവീടുണ്ട്, ചെങ്കനൽ സൂര്യൻ ചുട്ടെരിക്കുമോയെന്ന പേടിയും.

“പച്ചപ്പനയോലമേഞ്ഞയെൻ
പച്ച വീടിനെ ചുട്ടെരിക്കുമോ
കിഴക്കുദിക്കുന്ന ചെങ്കനൽ സൂര്യൻ?”  

ഊരാളിയിലെ പാട്ടുകാർ

ഇടുക്കി ജില്ലയിലെ പണിയാളൂരിലെ ഊരാളി ഭാഷയിലും മലയാളത്തിലും കവിതകളും പാട്ടുകളും എഴുതുന്നവരും ഊരാളിക്കൂത്ത് കലാകാരുമാണ്
ദാമോദരൻ തേവൻ, തങ്കച്ചൻ തേവൻ, ഗംഗാധരൻ പണിയൂരാളിൽ എന്നീ കവികൾ. വാമൊഴിയായി കേട്ട അറിവുകളും, ജീവിതാനുഭവങ്ങളും, ഗോത്ര താളങ്ങളുടെ ഈരടികളും ഈ കവികളെ സമ്പന്നരാക്കുന്നു. ഒരേകാലത്ത്, ഒരേയിടത്ത്, ഒരേഭാഷയിൽ പാടിപ്പറയുന്നതിനാൽ ഇവരുടെ കവിതകളിലും കൊടുക്കൽ വാങ്ങലുകൾ കാണാം.  

തങ്കച്ചൻ തേവന്റെ പാട്ട് കേൾക്കാം

ഏറുമാടത്തിൽ കാവലിരിക്കുന്ന അപ്പനും, കിയങ്ങെടുക്കാൻ പോകുന്നവരും, പ്രളയവും ഒക്കെ ജീവിതത്തിൽ എന്ന പോലെ തങ്കച്ചൻ തേവന്റെ കവിതയിലും കടന്നു വരുന്നു. കാട്ടിൽ പോയിട്ട് മടങ്ങി വരാത്ത അപ്പൻ എന്നാൽ തങ്കച്ചൻ തേവന്റെ കവിതയിലേക്ക് മടങ്ങി വരുന്നു. സമാഹാരം, ‘തെന്നാരി’.

കാവൽ മാടത്തിലെ അപ്പാപ്പൻ ദാമോദരൻ തേവൻ്റെ കവിതയിലും പാടുന്നു. വാരം പിരവിന് വരുന്ന തമ്പ്രാക്കന്മാരും, പഞ്ഞക്കാലവും ദാമോദരൻ തേവന് കവിതയാവുന്നു. ഉരുളിക്കൽ മാമ്പഴം പെറുക്കാനുള്ള പോക്കും, നായാട്ടിനുള്ള പോക്കും കവിതയിലേക്കെത്തുന്നു. സമാഹാരം, ‘മീനൊളിയാൻ’.

കാട്ടിലെ കൂട്ടരുടെ വേലകളും, തനിച്ചുള്ള കാഴ്ച്ചകളും കിളിമൊഴികളും നിറയുന്നു ഗംഗാധരൻ പണിയൂരാളിയുടെ കവിതയിൽ. കഥ പറച്ചിലിനേക്കാൾ കളി പറച്ചിലിനോടാണ് കമ്പം. ആരോടായാലും മൂളാൻ ഒരു വരിയെങ്കിലുമുണ്ട്. അതിൽ എപ്പോഴും ഒരു ചിരിമിന്നുന്നുണ്ട്. സമാഹാരം, ‘ആദിമ’.

ദാമോദരൻ തേവന്റെ പാട്ട് കേൾക്കാം

വായ്ത്താരികളിൽ താളം പിടിക്കുന്ന തങ്കച്ചൻ തേവന്റെയും ദാമോദരൻ തേവൻ്റെയും ഗംഗാധരൻ പണിയൂരാളിലിൻ്റെയും കവിതകൾ, ഊരാളി ഗോത്രത്തിന്റെ ചരിത്രവും, സംസ്കാരവും, ജീവിതവും ഗോത്രകലയുടെ തനിമയോടെ ആവിഷ്ക്കരിക്കുന്നു. കവി ധന്യ വേങ്ങച്ചേരി എഴുതുന്നതിങ്ങനെ, “സമകാലിക കവിതാ ചരിത്രത്തിൽ അവതരണ കവിതയുടെ സാധ്യതകളെ കുറിച്ച് നാം പഠിക്കുമ്പോൾ ഇത്തരത്തിൽ എഴുതപ്പെട്ട ആദിവാസി കവിതകളെ കൂടി പരാമർശിക്കേണ്ടതുണ്ട്.” ആദിവാസി കവിതയുടെ അവതരണ സാധ്യതകളുടെ പലവഴികൾ തുറന്നിടുന്നു ഊരാളിയിലെ പാട്ടുകാർ.

ഗംഗാധരൻ പണിയൂരാളിയുടെ പാട്ട് കേൾക്കാം

രതീഷ് ടി. ഗോപി

ചാതിപ്പാണി ഭാഷയിലും മലയാളത്തിലും കവിതയെഴുതുന്നു രതീഷ് ടി. ഗോപി. ‘കോളനിവത്കരിക്കപ്പെട്ട’ കേരളത്തിലെ ജാതി ജീവിതത്തിന്റെ പീഡാനുഭവങ്ങളാണ് ‘പറത് തീരത്ത്’ എന്ന സമാഹാരത്തിലെ കവിതകളിലേറെയും. കോളനിയിലെ വീടിനും സ്കൂളിനും ഇടയ്ക്ക് എന്നും നടക്കേണ്ട ദുരിതം പിടിച്ച വഴിയിലൂടെയാണ് രതീഷ്ടി .ഗോപിയുടെ കവിതയുടെ പോക്കുവരവുകൾ. മറവികൊണ്ട് മായാത്ത നോവോർമ്മകളിൽ നിന്നാണ് ഈ കവിയുടെ ഉറവകൾ.  

“ഒരു നാട്ടിലെ
ഒരേ പ്രദേശത്തെ
എന്റെ വീടിന്റെ മുന്നിൽ
നിന്നു നോക്കിയാൽ
ചെടിപ്പടർപ്പുകൾക്കിടയിൽ
അവളുടെ വീട്.

ഒരു നാട്ടിലെ
ഒരേ പ്രദേശത്തെ
അവളുടെ വീട്ടിൽ നിന്നു
നോക്കിയാൽ കാണുന്നതൊരു
കോളനി.”

രതീഷ് ടി. ഗോപിയുടെ കവിത കേൾക്കാം

എരുത്വാപ്പുഴ മലവേടർ കോളനിയിലെ സുഹൃത്തുക്കൾക്ക് സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ കവിതകളിൽ വീടും, വീടിരിക്കുന്ന ഇടവും, സ്കൂളും തന്നെ നിർണ്ണയിച്ചത് എങ്ങനെയെല്ലാം എന്ന് അടയാളപ്പെടുത്തുകയാണ് രതീഷ്ടി .ഗോപി. കേരളത്തിലെ സ്കൂളുകളിലെ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ജാതീയമായ പെരുമാറ്റങ്ങളെ തുറന്നെഴുതുന്നു പല കവിതകളും. ആ മനോഭാവത്തെ രതീഷ് ഇങ്ങനെ അടയാളപ്പെടുത്തുന്നു.

“അപൂർവ്വ കാഴ്ച്ച വസ്തു പോലെ
തുറിച്ചു നോക്കി, നിറം കൊണ്ട്
നീറിച്ച് രസം തേടി, ജാതി
വിളിച്ചധിക്ഷേപിക്കുന്നൊരു സുഖം.”

കോളനിവത്കരണത്തിന്റെ ചരിത്രപാഠങ്ങളിൽ നിന്നും ‘കോളനി അറിയില്ലേ’ എന്നു ചോദിച്ച് സിലബസു തെറ്റിച്ച് വരുന്ന അധ്യാപകനെ രതീഷ് അവതരിപ്പിക്കുന്നു. സാമ്രാജത്വവും കോളനിവത്കരണവും പഠിപ്പിക്കുന്ന ക്ലാസ്സിൽ വെള്ളക്കാരനായി മാറുന്ന അധ്യാപകൻ കോളനിവത്കരണം പഠിപ്പിക്കുന്നതിനൊപ്പം പരിശീലിപ്പിക്കുകയും ചെയ്യുന്നു.  

ലിജിന കടുമേനി

ഗോത്ര പുരാവൃത്തങ്ങളുടെയും വിശ്വാസങ്ങളുടെയും മായാലോകം ലിജിനയുടെ കവിതയിൽ വെളിപ്പെട്ടു വരുന്നു. പൂങ്കുയിലിനെയും തോൽപ്പിക്കുന്നവൾ എന്നാൽ തൊട്ടാൽ കൈ വെട്ടുന്നവൾ, പെറാതെ പേറ്റുനോവറിയുന്നവൾ ലിജിനയുടെ കവിതയിലെ പെണ്ണിന് പല ഭാവങ്ങൾ. കാസർഗോഡിലെ മലവേട്ടുവ ഭാഷയിൽ എഴുതുന്ന ലിജിന കടുമേനി ഗോത്ര സംസ്കൃതിയിൽ നിന്നും നിത്യജീവിതത്തിൽ നിന്നും ഒരുപോലെ കവിത കണ്ടെത്തുന്നു. കൗമാര പ്രായത്തിൽ വിവാഹം കഴിയാതെ മരിച്ചവരുടെ ആത്മാക്കളും, കണ്ണേറ് വെള്ളച്ചിയും, കുറത്തിയും വേട്ടുവനും എല്ലാം ലിജിനയുടെ ‘മയിലരസു’ വിൽ അലഞ്ഞു നടക്കുന്നു. പട്ടയക്കള്ളാത്തും, സംവരണവും കവിതയ്ക്ക് വിഷയമാകുന്നു. കോവിഡ് കാലത്തു നിന്നുള്ള രണ്ടു കവിതകളും ഈ സമാഹാരത്തിലുണ്ട്.

“ഇരു കൈക്കും കാപ്പ് വളയ്ട്ട്
കാതില് കാതോടെ ഇട്ട്
കൗത്തില് കല്ലുമാലെ ഇട്ട്
പാങ്ങ്ല് ചിരിക്ക്ണ് ചെറുമിപ്പൊണ്ണ്.

(കൈകളിൽ കാപ്പ് വളയുമിട്ട്
 കാതിലോ കാതോടയണിഞ്ഞ്
 കഴുത്തിലോ കല്ലെമാലയിട്ട്
ചേലിൽ ചിരിക്കുന്നു ചെറുമിപെണ്ണ് )

ഈണത്തിൽ പൊനമ്പാട്ട് പാടുന്ന ചെറുമിപ്പെണ്ണിന്റെ സൗന്ദര്യം ഓതുന്നതോടൊപ്പം ചെറുമിയെന്ന് കരുതി തൊട്ടാൽ തൊട്ടോർ മണ്ണിൽ കാണില്ല എന്നും ഉറപ്പിച്ചു പറയുന്നു ലിജിന കടുമേനിയുടെ കവിത. മലവേട്ടുവർ ഗോത്ര സംസ്കൃതിയുടെ സൗന്ദര്യവും, പ്രതിരോധ ശക്തിയും ലിജിനയുടെ കവിതയെ മുന്നോട്ടുനയിക്കുന്നു. കാടിറങ്കിയേന് കാട് തേടി എന്ന കവിതയിൽ ലോക്ക്ഡൗണിൽ പണിയില്ലാതായ കോരയും, നരക്കിഴങ്ങ് എന്ന കവിതയിൽ കുട്ടിമക്കളുടെ പയ്പ്പ്  മാറ്റാനായ് അപ്പനും കാട് കേറുന്നു.

ലിജിന കടുമേനിയുടെ കവിത കേൾക്കാം

“കാടറിഞ്ച് വിരുന്നൊരുക്കി
കാടിണ്ടെ കുട്ടിനെ
കൂട് വിട്ട് കൂട് മാറി
പിന്നെയും വിരുന്തെത്തിയേന”

(കാടറിഞ്ഞു വരുന്നൊരുക്കി
 കാടിന്റെ കുട്ടിക്ക്.
 കൂടു വിട്ട് കൂട് മാറി
 പിന്നെയും വിരുന്നെത്തിയവന്)

ആ നരകേങ്ങിന്റെ പാങ്ങറിഞ്ഞ്, കവിത തേടി കാട് കേറുകയാണ് ലിജിന കടുമേനിയും. കാസർഗോഡ് ജില്ലയിലെ കടുമേനി സർക്കാരി ഗോത്രഗ്രാമമാണ് ലിജിനയുടെ സ്വദേശം.

സിജു സി.മീന

“എങ്കള പാട്ടും കാണിലി ബുക്കിലി
കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി.”

(ഞങ്ങളുടെ പാട്ടുകളില്ലീ പുസ്തകത്തിൽ
കരിന്തണ്ടൻ മുത്തച്ഛനില്ലീ പുസ്തകത്തിൽ )

ചെത്യാലും കോര്യാലും പോകാത്ത നായ്കാട്ടത്തോടുള്ള അറപ്പുണ്ട് നിങ്ങൾക്ക് ഞങ്ങളുടെ മേലെന്ന് പാടിക്കൊണ്ട് ‘നിങ്ങളുടെ പുസ്തകം’ അടച്ചുവെക്കുന്ന സിജു സി.മീനയുടെ കവിത, സ്വന്തം പുസ്തകം തുറക്കുന്നു, വല്ലി. ആദിവാസികളെ ആധുനികവത്കരിക്കാൻ നടത്തിയ ശ്രമങ്ങളുടെ തിരിച്ചടികൾ സിജു സി.മീനയുടെ കവിതകളിൽ കാണാം. തലമുറകൾക്കിടയിൽ നിന്നും ഭൂതകാലത്തിലേക്കും ഭാവിയിലേക്കും കണ്ണെറിയുന്ന കവിതയാണ് വയനാട് ജില്ലയിലെ മുത്തങ്ങ സ്വദേശിയായ സിജുവിന്റേത്.

സിജു സി.മീനയുടെ കവിത കേൾക്കാം

‘നാങ്ക കാട്ടിലി മുളച്ചയി ആഞ്ചു’, ഞങ്ങളീ കാട്ടിൽ മുളച്ചതാണ് എന്ന അവബോധം സിജുവിന്റെ കവിതകളിലുണ്ട്. അതുകൊണ്ട് തന്നെ ദൂരെ ദിക്കിലെ കൂട്ടിൽ കുടുങ്ങിയ കാട്ടു കോഴിയെ പോലെ കരയുന്നു ഷിജുവിന്റെ കവിതയും.

”കായലു പൂത്തുണങ്കുത്ത കാട്ടിലി
കൂമെം ഒറ്റ കൊമ്പിലിളച്ചു മൂളിഞ്ചോ
ഞണ്ടു ചത്ത തോട്ടിലി
നാനും ചാവാനോ ?
കൂമൻ ചാവും പോലെ
നാംനും ചാവാനോ ?”

(മുള പൂത്തുണങ്ങിയ വനത്തിൽ
കൂമൻ ഒറ്റക്കൊമ്പിലിരുന്ന് മൂളുന്നു.
ഞണ്ട് ചത്ത തോട്ടിൽ
ഞാനും ചാവുമോ ?
കൂമൻ ചാവും പോലെ
ഞാനും ചാവുമോ ? )

കൂമൻ ചാവും പോലെ ഞാനും ചാവുമോ?  എന്ന ചോദ്യത്തിൽ ഗോത്ര സംസ്കൃതിയുടെ ജീവിത പൊരുളുകളറിയാം. കാടിനോട് ആത്മബന്ധമുള്ള ഒരു ആദിവാസിക്കെ ഈ ചോദ്യം ചോദിക്കാനാവു. കാട്ടിൽ നിന്നും പുറത്തായ ആദിവാസിയുടെ ജീവിത സങ്കീർണ്ണതകളെ അഴിച്ചെടുക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് സിജു സി മീനയുടെ കവിതകൾ.    

ഗോത്ര പെൺകവിതകൾ

ഗോത്ര കവിതയിലെ പെണ്ണെഴുത്തുകളാണ് ധന്യ വേങ്ങച്ചേരി എഡിറ്റ് ചെയ്ത ഗോത്ര പെൺ കവിതകൾ. ധന്യ വേങ്ങച്ചേരിയുടെ മിരെ നീര് എന്ന കാവ്യസമാഹാരം ഗോത്ര പെൺകവിതയുടെ ആദ്യ സമാഹാരവും മികച്ച അടയാളവുമാണ്. ഈ പുസ്തകത്തിലൂടെ  ഗോത്ര കവിതയിൽ ഒരു പുതിയ പെൺവഴി തന്നെ തുറന്നിടുന്നു ധന്യ.

 ഹരിത കെ.എം, രശ്മി സതീഷ് , ഗ്രീഷ്മ കണ്ണോത്ത് , മിന്നു മോൾ, ഉഷ എസ് പൈനിക്കര , ലിജിന കടുമേനി, രമ്യ ബാലകൃഷ്ണൻ, അജ്ഞലി ജ്യോതി, സനു നാരായണൻ, അജിത പി, അംബിക പി.വി, ശ്രീജ ശ്രീ വയനാട്, പ്രകൃതി, ധന്യ വേങ്ങച്ചേരി എന്നിവരുടെ കവിതകളാണ് ഈ സമാഹാരത്തിൽ കൂട്ടിച്ചേർത്തിട്ടുള്ളത്. എന്നാൽ ഗോത്ര പെൺ കവിത ഇവരിൽ ഒടുങ്ങുന്നില്ല. ഗോത്രജീവിതത്തിന്റെ ലോകാവബോധവും, ലിംഗാവബോധവും ഈ കവികൾക്ക് പുതുവഴികളേകുന്നു. തങ്ങളുടേതായ ഓർമകളും, സ്വപ്നങ്ങളും, കാഴ്ച്ചപ്പാടുകളും, തിരിച്ചറിവുകളും ഈ കവികൾക്കുണ്ട്.

ധന്യ വേങ്ങച്ചേരി

എല്ലാതരം പെൺമനസ്സുകളോടും സമപ്പെടുകയും സമപ്പെടാതിരിക്കുകയും ചെയ്യുന്ന കവിതകളുണ്ട്. ഈ ചേർത്തുവെപ്പിലൂടെ ആദിവാസി പെൺ എഴുത്തിലേക്ക് വേറിട്ടൊരു നോട്ടം സാധ്യമാകും. പെൺനോട്ടമുള്ള കാടും, ജീവിതവും, താൻ ജീവിക്കുന്ന ചുറ്റുപാടും, ജീവിതാവസ്ഥകളും, എല്ലാം താനുൾപ്പെടുന്ന സമൂഹത്തിന്റെ കൂടി അടയാളങ്ങളാകുന്നു എന്നും ഒറ്റയ്ക്കിരുന്നാലും മൂർച്ചയുള്ളതാണ് ഓരോ കവിതയും എങ്കിലും ഐക്യപ്പെടുമ്പോൾ ലഭിക്കുന്ന ഊർജ്ജം വലുതാണെന്നും ധന്യ വേങ്ങച്ചേരി ആമുഖത്തിൽ എഴുതുന്നു.  

പ്രകാശ് ചെന്തളം

മലവേട്ടുവ ഭാഷയിലും മലയാളത്തിലും കവിത എഴുതുന്നു പ്രകാശ് ചെന്തളം. ആണിനും പെണ്ണിനും അപ്പുറം തത്തയും, തവളയും, ആനയും, ആമയും, കാട്ടു കോഴിയും, ഉടുമ്പും, ചേരയും, പുല്ലും, ഇല്ലിയും,  പനയും, മേഘവും, നിലാവും, കല്ലും .. എല്ലാമായ് തന്നെയറിയുന്നു ഈ കവി.

“പതിനഞ്ച് തവളകളിൽ –
ഏഴെണ്ണം നീന്താൻ മറന്നവരും
എട്ടെണ്ണം എട്ടുപ്പോലെ ഒളിച്ചിരുന്ന്
എട്ടു മഴയെ പെയ്യിച്ചവരുമാണ്.”

തവളകളുടേതെന്ന പോലെ ഓരോ ജീവന്റെയും രഹസ്യങ്ങൾ ആരായുന്ന കണ്ണ് പ്രകാശന്റെ കവിതയ്ക്കുണ്ട്. ‘ഞാങ്ങളും ആനകളാണെന്ന്’ അഹങ്കരിക്കുന്ന പ്രകാശന്റെ വാക്കുകളിൽ പാരസ്പര്യത്തിന്റെ പ്രകൃതി പാഠങ്ങൾ വായിക്കാം. കാടു പോലെ തമ്മിൽ പിണഞ്ഞ ചിത്രപടങ്ങൾ ഈ കവിതകളിൽ കാണാം. കോമരങ്ങളും, പ്രേതങ്ങളും ആടി തിമർക്കും കളങ്ങളും പറഞ്ഞൊഴിയാത്ത കഥകളും പ്രകാശൻ്റെ കവിതയിലുണ്ട്.

“ആളറിയാതെ, തുണിമറയില്ലാതെ
ഇവൾക്ക് ചുറ്റും മൂന്നുപ്രാവശ്യം
വലംവെച്ച് പ്രാർത്ഥിച്ചാൽ
പനങ്കുല പോലെ മുടി തളിർക്കുമെന്ന്
ആരോ പറഞ്ഞതോർമ്മയുണ്ട്.”

പ്രകാശ് ചെന്തളത്തിന്റെ കവിത കേൾക്കാം

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെയും, വിശ്വനാഥനെയും പ്രകാശൻ ചെന്തളം പേടിയോടെ അനുസ്മരിക്കുന്നു.

“പേടിയാണ്
കഞ്ഞിക്കലം പോലെ
കറുത്ത ഞാനും
എന്റെ രൂപവും വേഷവും
നാളെ എന്നെയും ഇല്ലാതാക്കുമോ.
ഒറ്റ നോട്ടത്തിൽ തന്നെ അവർ
ചിലപ്പോൾ എന്നെയും കള്ളനാക്കാം.”

നാളെ ഞാനും എന്ന ഭയത്തോടെയും ജീവിക്കേണ്ടി വരുന്ന കേരളത്തിലെ ആദിവാസികളുടെ അരക്ഷിതത്വം പേറിക്കൊണ്ട് മാത്രമെ പ്രകാശന്റെ ഒച്ചയൊച്ച കല്ലുകളെ അടച്ചുവെക്കാനാവു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 21, 2024 2:01 pm