ജോഷിമഠിൽ നിന്നുള്ള വിപൽ സന്ദേശങ്ങൾ

കെ.ബി പ്രസന്നകുമാറിനൊപ്പം യാത്ര ചെയ്യുന്ന സി.ജെ തോമസ് പകർത്തിയ ചിത്രങ്ങൾ

മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപാണ് ആദ്യമായി ജോഷിമഠിലെത്തുന്നത്. പുലർച്ചെ ഹരിദ്വാറിൽ നിന്ന് പുറപ്പെട്ട്, അളകനന്ദയിലെ അഞ്ച് പ്രയാഗകൾ കടന്ന് (ദേവപ്രയാഗ് , രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ്) ജ്യോതിർമഠം എന്ന ജോഷിമഠിൽ വൈകുന്നേരത്തോടെയെത്തുന്നു. അപ്പോഴേക്കും ഹിമാലയനിരകളുടെ വിവിധ ഭാവങ്ങളിലൂടെ ഇരുന്നൂറ്റിയമ്പത് കിലോമീറ്ററോളം നാം സഞ്ചരിച്ചു കഴിഞ്ഞിരിക്കും. ചെറുനഗരങ്ങളും അനേകം ഹിമാലയ ഗ്രാമങ്ങളും കടന്നെത്തുന്ന ഈ യാത്രയിൽ കർണ്ണപ്രയാഗ കഴിഞ്ഞാൽ ഹിമകിരീടമണിഞ്ഞ പർവ്വതങ്ങളും സഹയാത്രികരാകും. വനങ്ങളും അരുവികളും അളകനന്ദയുടെ പ്രവാഹഗരിമകളും യാത്രയെ ഉന്മിഷിതമാക്കും. ജോഷിമഠ് എന്ന ഇടത്താവളം ഹിമാലയത്തിലെ പ്രഭാതങ്ങളുടെ, സായാഹ്നങ്ങളുടെ മനോഹര ദൃശ്യങ്ങളിലേക്കുള്ള ഭൂമി വാതിൽ പോലെ നിലകൊള്ളുന്നു. ഈ വാതിൽക്കാഴ്ച്ചകളാണ് ഇപ്പോൾ ഇളകുകയും താഴുകയും ചെയ്യുന്നത്.

ജോഷിമഠിൽ ഒരു നരസിംഹ ക്ഷേത്രമുണ്ട്. അവിടുത്തെ വിഗ്രഹത്തിൻ്റെ ഒരു കൈ ശോഷിച്ചുവരികയാണത്രേ. അത് അറ്റുവീഴുമ്പോൾ ജോഷിമഠ് വലിയ തോതിലുള്ള മലയിടിച്ചിലുകളിൽ പെട്ട് ഇല്ലാതാവുമെന്നാണ് ഐതിഹ്യം. അപ്പോൾ ബദരീനാഥ് ഒറ്റപ്പെട്ടു പോകുമെന്ന് പറയപ്പെടുന്നു. ബദീരനാഥ് ഒറ്റപ്പെടുമെന്നും, ജോഷിമഠിൽ നിന്നും 17 കി.മി അകലെയുള്ള ഭവിഷ്യ ബദരിയിലേക്ക് ബദരിനാരായണൻ എത്തമെന്നുമാണ് സങ്കല്പം. ആ വിഗ്രഹ ഹസ്തം അറ്റുപോകാറായോ!

വാലി ഓഫ് ഫ്ലവേഴ്സ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജോഷിമഠിൽ നിന്നു കേൾക്കുന്ന വാർത്തകൾ ദു:ഖകരവും വിപൽ സന്ദേശങ്ങൾ അടങ്ങിയതുമാണ്. മൂവായിരത്തോളം പഹാഡി കുടംബങ്ങൾ നിവസിക്കുന്ന പ്രദേശമാണിത്. എത്രയും മൃദുലമായ പർവ്വതഘടന (fragile). ബദരീനാഥ് ക്ഷേത്രത്തിലേക്ക് ജോഷിമഠിലൂടെയേ പോകാൻ കഴിയൂ. ബദരിക്കപ്പുറമുള്ള മാനാഗ്രാമം വരെ ചില പർവ്വത ഗ്രാമങ്ങൾ നിലനിൽക്കുന്നു. അവിടെയെല്ലാം പർവ്വതീയർ അധിവസിക്കുന്നു. ജോഷിമഠത്തിൽ നിന്ന് ബദരിയിലേക്കുള്ള മാർഗ്ഗത്തിൽ ഗോബിന്ദ് ഘാട്ടിൽ നിന്ന് വഴിതിരിഞ്ഞ് വേണം, പൂക്കളുടെ താഴ്‌വരയിലെത്താൻ (Valley of flowers). സസ്യശാസ്ത്രപരമായി ഇത്രയും പ്രാധാന്യമുള്ള, ഭൂമിയുടെ തന്നെ വിശിഷ്ട സമ്പത്താണ് അഞ്ഞൂറിലേറെ പുഷ്പവൈവിധ്യങ്ങളുള്ള ഈ പ്രദേശം. പൂക്കളുടെ താഴ്‌വരയുടെ ഇപ്പുറം ഗംഗാരിയ ഗ്രാമത്തിൽ നിന്ന് വഴിതിരിഞ്ഞ് ഗരു ഗോബിന്ദ് സിങ്ങിനാൽ പ്രശസ്തമായ സിക്ക് തീർത്ഥാടന കേന്ദ്രമായ “ഹേമകുണ്ഡ് സാഹിബ് ” നിലകൊള്ളുന്നു. ഹേമകുണ്ഡ് സാനുകൾ ഹിമാലയത്തിലെ രാജപുഷ്പമായ ബ്രഹ്മകമലങ്ങളാൽ സവിശേഷമാണ്. നന്ദാദേവി പാർശ്വങ്ങളിലേക്ക് പോകുന്നതിനായി, ഓളിയിലെത്തണം. ഓളി (Auli) വിൻ്റർ സ്പോർട്ട്സിൻ്റെയിടം കൂടിയാണ്. ലോക പ്രശസ്തവുമാണ്. ശങ്കരാചാര്യർ ധ്യാനിച്ചിരുന്നത് ബദരി ശങ്കരപീഠ വളപ്പിലെ പുരാതനമായ മൾബെറി വൃക്ഷച്ചുവട്ടിലാണെന്ന് കരുതുന്നു. ഈ മരത്തിന് രണ്ടായിരത്തിലേറെ വർഷങ്ങളുടെ പ്രായമുണ്ട്. ജോഷിമഠ് മഹത്തായ പലതിലേക്കുള്ള ഹിമാലയ കവാടമാണ്. ഇവിടെ നിന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ആശങ്കപ്പെടുത്തുന്ന വാർത്തകളും വിപൽ സന്ദേശങ്ങളും വന്നു കൊണ്ടിരിക്കുന്നത്. വീടുകളും മറ്റ് കെട്ടിടങ്ങളുമായി അസംഖ്യം കെട്ടിടങ്ങൾക്ക് തറയിലും ഭിത്തിയിലും വിള്ളൽ വീണിരിക്കുന്നു. ജോഷിമഠ് ആകെത്തന്നെയും താഴേക്ക് അമരുന്നതായും പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി, നിരന്തരമായ മണ്ണ് മാറ്റലും വെടിമരുന്ന് സ്ഫോടനങ്ങളും നടത്തുക വഴി, മണ്ണിൻ്റെ ദുർബ്ബലഘടനകൾക്കേൽക്കുന്ന ആഘാതം പിളരുന്ന ചുവരുകളും തറയും സൃഷ്ടിക്കുന്നു. 1991 ൽ ഉത്തരകാശിയിലും 1999 ൽ ചമോലിയിലും നടന്ന ഭൂമി കുലുക്കങ്ങൾ വിതച്ച നാശങ്ങൾ ചരിത്ര പാഠങ്ങളായില്ല. 91 ൽ എണ്ണൂറിനും രണ്ടായിരത്തിനുമിടയിൽ ആളുകൾ മരിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് വലിയ ആഘാതങ്ങൾ ഉണ്ടാകുകയും ചെയ്തു. ചിപ്കോയും സുന്ദർലാൽ ബഹുഗുണയും ഇന്ത്യയിലെ അസംഖ്യം പ്രകൃതി പഠിതാക്കളും എതിർത്തിട്ടും ടെഹരി ഡാം നിലവിൽ വന്നു. വൻകിട അണക്കെട്ടുകൾക്ക് സജ്ജമല്ല ഉത്തരഖണ്ഡ് പ്രദേശങ്ങൾ എന്ന് തിരിച്ചറിയാൻ ഉന്നതമായ അറിവ് ഒന്നും വേണ്ട. 92ൽ ഉത്തരകാശിയിലെത്തി വിണ്ടു കീറിയ ചുവരുകളുള്ള ലോഡ്ജുകളിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്. അതിനു ശേഷം ഈ മുപ്പതു കൊല്ലത്തിനിടയിൽ അപകട പരമ്പരകളെത്രയോ ഉണ്ടായി. 2013ലെ കേദാരനാഥ പ്രളയം പതിനായിരങ്ങളുടെ ജീവിതമെടുത്തു. ഗഢ്വാളിൽ മാത്രമല്ല, കുമായൂൺ മേഖലയിലും മണ്ണിടിച്ചിലും അരുവികളുടെ ഗതിമാറ്റവുമൊക്കെ ധാരാളമായി സംഭവിച്ചിട്ടുണ്ട്. 1997ലാണ് പ്രൊതിമാ ബേഡിയുൾപ്പടെയുള്ള കൈലാസയാത്രികരുടേയും സഹായികളുടേയും ഗ്രാമീണരുടേയും മരണത്തിൽ കലാശിച്ച മാൽപ്പാദുരന്തം. ദുരന്തഭൂമിക്കോരം ചേർന്ന്, മാൽപ്പായിലൂടെ വർഷങ്ങൾ കഴിഞ്ഞ് നടന്നുപോയപ്പോഴും, മണ്ണിനടിയിൽ അവരുടെ ശവശരീരങ്ങൾ നിതാന്ത നിദ്രയിൽ അമർന്നു കിടക്കുന്നുവല്ലോ എന്ന ഞെട്ടൽ ഇപ്പോഴും ഓർമ്മയിലുണ്ട്. അപ്പോഴേക്കും അടർന്നു പതിച്ച മണ്ണിനു മേലേ കിളുത്തുപൊന്തിയ മരങ്ങളിൽ, ചെടികളിൽ അവർ ഉയിർത്ത് ഭൂമിയെ നോക്കുന്നുണ്ടാവാം. നാലഞ്ചു വർഷങ്ങൾക്കു മുമ്പ്, ഉത്തരകാശിയിൽ നിന്ന് ദോദിത്താൽ എന്ന ഹിമാലയ സരസ്സിലേക്കുള്ള മലകൾ കയറുന്നതിനായി സംഘം ഛട്ടിയിലെത്തിയപ്പോൾ, അവിടുത്തെ ചെറിയ അങ്ങാടി മുഴുവനും അതിവൃഷ്ടിയിൽ ഒഴുകിപ്പോയിരുന്നു. ഒപ്പം ചില പർവ്വതീയരും. മണ്ണിടിച്ചിലും അതിവൃഷ്ടിയും മൂലമുള്ള പ്രതിബന്ധങ്ങൾ തുടരുന്നതിനൊപ്പം തന്നെ, ഉത്തർഖണ്ഡ് പർവ്വത ഗ്രാമങ്ങളിലെ ജീവിതം ഭയാകുലതകളിൽ അങ്ങനെ തുടരുന്നു.

ജോഷിമഠിലെ വഴിയോര കാഴ്ചകൾ

ജോഷിമഠ് ദുരന്തം മനുഷ്യനിർമ്മിതമോ എന്ന സംവാദമാണ് ഇപ്പോൾ നടക്കുന്നത് . ചതർധാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൃഹത്തായ റോഡ് പദ്ധതിയുടെ പരിസ്ഥിതികമായ ആഘാതങ്ങളുമായി പരിസ്ഥിതി ചിന്തകർ ഇതിനെ ബന്ധിപ്പിക്കുന്നു. തീർത്ഥാടനത്തിൻ്റെ വാണിജ്യവൽക്കരണം യാർത്ഥത്തിൽ അത്യന്തം ഭൗതികമായ കാര്യം മാത്രമാണ്. ആരണ്യങ്ങളും ശൈലങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യൻ ആത്മീയപാത യഥാർത്ഥത്തിൽ മറ്റൊന്നാണ്. അത് ലാളിത്യവും ആത്മാന്വേഷണവും സമസ്തലോകസുഖ പ്രാർത്ഥനകളുമായാണ് ചേർന്നു നിൽക്കുന്നത്. അതിനെ ഭൗതികതയുടെ സുഖസൗകര്യങ്ങളുമായി കൂടിക്കുഴയ്ക്കുന്നത് അനുചിതമാണ്, അധാർമ്മികവുമാണ്. തീർത്ഥാടനം വിനോദയാത്രയായി മാറുമ്പോൾ വലിയ റിസോർട്ടുകളും വേഗതയേറിയ വഴികളും ആവശ്യമായി വരും. ‘Fast and convenient mobility’ എന്നത് ഹിമാലയത്തെ സംബന്ധിച്ചെങ്കിലും നമുക്ക് പുനരാലോചിച്ചേ തീരൂ. ജോഷിമഠിന് താഴെ എൻ.ടി.പി.സി യുടെ തപോവൻ – വിഷ്ണുഗഢ് ഊർജ്ജ പദ്ധതി, അതുണ്ടാക്കാൻ പോകുന്ന പരിസ്ഥിതികാഘാതങ്ങളെ കണക്കിലെടുക്കാതെയാണ് നടക്കുന്നതെന്നാണ് വിമർശനം. വികസന പ്രകിയ ഒരു സ്ഥലത്ത് നടക്കുമ്പോൾ മറുവശത്ത് പഹാഡി ജീവിതം ദുരിതപ്രവാഹങ്ങളിലമരുന്നു. അവരുടെ ചെറുകൃഷിയിടങ്ങൾ തകരുന്നു. വികസന പദ്ധതികൾക്കായി അറുപതിലേറെ തുരങ്കങ്ങൾ നിർമ്മിക്കപ്പെടുകയാണ്. പാരിസ്ഥിതികാഘാതങ്ങൾ പരിഗണിക്കാതെയുള്ള വികസന പ്രകിയ അപരിഹാര്യമായ നാശങ്ങൾ സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവ് ഭരണകൂടങ്ങൾ പുലർത്താതിരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നതിൻ്റെ സൂചനകളാണ് ജോഷിമഠ് നൽകുന്നത്. വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ ജോഷിമഠിൽ ജനങ്ങളുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. യഥാർത്ഥത്തിൽ താത്കാലികമായ നഷ്ടപരിഹാരങ്ങൾ നൽകി ജനകീയ സമരങ്ങളെ നേരിടുവാനാണ് സർക്കാരും ശ്രമിക്കുന്നത്. നിർമ്മാണങ്ങളുടെ, വികസന സങ്കല്പങ്ങളുടെ അശസ്ത്രീയതയാണ് യഥാർത്ഥത്തിൽ കൂടുതൽ ചർച്ചാ വിഷയമാകേണ്ടത്. അടിസ്ഥാനപരമായി ഹിമാലയ മേഖലയുടെ, പ്രകൃതിയുടെ നിലനില്പാണ് സംവദിക്കപ്പെടേണ്ടത്. ജീവിത സൗകര്യങ്ങളുടെയും പ്രകൃതിയുടെയും സുസ്ഥിരതയാണ് പ്രധാനമാകേണ്ടത്.

ജോഷിമഠ് ഒരു വിദൂരദൃശ്യം

ആഗോളതാപനവും മറ്റും മനുഷ്യന് ഇനി നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യങ്ങൾ ഹിമാലയത്തിലും സൃഷ്ടിക്കുന്നുണ്ട്. ഉത്തരധ്രുവവും ദക്ഷിണ ധ്രുവവും കഴിഞ്ഞാൽ മൂന്നാം ധ്രുവം തന്നെയാണ് ഹിമാലയം. ഹിമാനികളുടെ നാശവും ചുരുങ്ങലും അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നു. അൻ്റാർട്ടിക്കയിലെയും ഗ്രീൻലാൻഡിലെയും ഐസ് ഷീറ്റുകൾ കൂടാതെ ഏകദേശം 1,60,000 ഗ്ലേസിയറുകൾ ചേർന്നാണ് ഭൂമിയുടെ താപനില സംരക്ഷിക്കുന്നത്. “ധ്രുവങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മഞ്ഞ് ഉറഞ്ഞു കിടക്കുന്നത് ഹിമാലയ പർവ്വതനിരകളിലാണ്” എന്ന് ‘ഉരുകുന്ന ഹിമതലങ്ങൾ’ എന്ന ലേഖനത്തിൽ ഡോ. ജി മധുസൂദനൻ എഴുതുന്നു. “ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, മ്യാൻമർ, നേപ്പാൾ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ എട്ടു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ വൻ (ഹിമ) മലനിരകൾക്ക് 3500 കി.മീ നീളമുണ്ട്. ഇവിടെ ശീതകാലത്ത് 9.5 ലക്ഷം ചതുരശ്ര കിലോമീറ്റർ മഞ്ഞുമൂടി കിടക്കുന്നു. അതിനാൽ ഇവിടം മൂന്നാം ധ്രുവം (Third Pole) എന്നും അറിയപ്പെടുന്നു.” മധുസൂദനൻ പറയുന്നു. സിന്ധു ,ഗംഗ, ബ്രഹ്മപുത്ര , ഉൾപ്പടെ പത്തു വലിയ നദികൾ ഈ മഞ്ഞുമലകളിലാണ് ഉറവെടുക്കുന്നത്. ഗംഗയുടെ ഉത്ഭവസ്ഥാനമായ ഗോമുഖിൽ 1992 ൽ ഞാനെത്തുമ്പോൾ ഗോമുഖിനടുത്തു വരെ ചെല്ലാൻ കഴിയുമായിരുന്നു. മഹാനദിയുടെ ആ ഉഷസ്സ് അസാധാരണമായ ചൈതന്യം ഉള്ളിൽ നിറച്ചിരുന്നു. ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ് ഗോമുഖിലെത്തുമ്പോൾ ഗോമുഖത്തിൻ്റെ രൂപമാകെ മാറി.

ഗോവിന്ദ്ഘട്ടിലെ അളകനന്ദ, ദുർബലമായ മണ്ണ് ഘടന വ്യക്തമാക്കുന്ന ചിത്രം.

ഗംഗോത്രി ഗ്ലേസിയർ ചുരുങ്ങി എത്രയോ ദൂരം പിന്നിലേക്ക് മാറ്റിയിരിക്കുന്നു. ഹിമാനികളുടെ നാശം ഭൂമിയുടെ താപനില കൂട്ടും. ഹിമാനികളിൽ നിന്നുൽഭവിക്കുന്ന നദികളുടെ പ്രവാഹ ഗതിയിലും ജലത്തിൻ്റെ അളവിലും സാരമായ മാറ്റങ്ങൾ വരുത്തും. ഗ്ലേസിയർ ജലാശയങ്ങളുടെ വർദ്ധനവാണ് മറ്റൊരു പ്രധാന പ്രശ്നം. കാഠ്മമണ്ഡുവിലെ സെൻ്റർ ഫോർ ഇൻറഗ്രേറ്റഡ് മൗണ്ടൻ ഡവലപ്മെന്റ് (IClMOD) നടത്തിയ പഠനങ്ങളിൽ ഇക്കാര്യം വിശദീകരിക്കുന്നു. ജി മധുസൂദനൻ എഴുതുന്നു ‘നാസയുടെയും മറ്റും ഉപഗ്രഹഡേറ്റ ഉപയോഗിച്ച് ഹിമാലയത്തിലെ ഗംഗാ ബ്രഹ്മപുത്ര, സിന്ധു, അമുദരിയ, ഇരാവതി എന്നീ അഞ്ചു നദികളുടെ പർവ്വത മേഖലകളിലെ നദീതടങ്ങളിൽ ‘ഇക്കി മോഡ്’ നടത്തിയ സമീപകാല പഠനം അവിടങ്ങളിൽ ചെറുതും വലുതുമായ 25614 ഗ്ലേസിയർ ജലാശയങ്ങൾ കണ്ടെത്തി. ഹിമവാൻ ഉരുകിയൊലിക്കുകയാണ്. അതിൻ്റെ അർത്ഥം ഹിമാലയത്തിലെ ഗിരിശൃംഗങ്ങളൊക്കെ ശുഭ്രാവരണം നഷ്ടമായി ഇരുളുമെന്നാണ്. നദികളിലെ നീരൊഴുക്ക് ക്രമേണ കുറഞ്ഞ്, നദീതടങ്ങൾ ആദ്യം വെള്ളപ്പൊക്കങ്ങളും പിന്നീട് വരൾച്ചയും നേരിടുമെന്നാണ്. 190 കോടി ജനങ്ങളുടെ ഭക്ഷണ ഉപലബ്ധിയെ പ്രതികൂലമായി ബാധിക്കുമെന്നാണ്. കോടികണക്കിന് മനുഷ്യർക്ക് നദീതടങ്ങൾ വിട്ട് പലായനം ചെയ്യേണ്ടി വരുമെന്നാണ്. ഖനനം ചെയ്യാനും റിസോർട്ടുകൾ പണിയാനുമൊക്കെയായി ജലാശയങ്ങൾ നശിപ്പിക്കുന്നതുവരെ കാര്യങ്ങൾ എത്തിയതായി മധുസൂദനൻ സൂചിപ്പിക്കുന്നു. ആഗോളതാപനവും ജലാശയങ്ങളുടെ രൂപീകരണവും അസന്തുലിതമായ വികസന വീക്ഷണങ്ങളും ചേർന്ന് വലിയ പ്രതിസന്ധികളിലേക്ക് ഹിമാലയപർവ്വത ദേശങ്ങൾ എത്തുകയാണ്. ‘സൗകര്യപ്രദമായ തീർത്ഥാടനം’ ആത്മീയ വഴിയല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. അതിർത്തി പ്രദേശങ്ങളിലെ വലിയ റോഡ് നിർമ്മാണങ്ങൾ സൃഷ്ടിക്കുന്നത് ദുരന്തങ്ങളാണെങ്കിൽ, എല്ലാറ്റിനും പുനരാലോചന ഉണ്ടാവേണ്ടതില്ലേ? 2013 ലെ കേദാർനാഥ് ദുരന്തം ജലാശയ വിസ്ഫോടനം തന്നെയായിരുന്നില്ലേ? അതിനു നാം കൊടുത്ത വില എത്രമേൽ ഭയങ്കരമായിരുന്നു !

ജോഷിമഠിനടുത്തുള്ള ഓളി(Auli)യിൽ ലേഖകൻ (ഇടത്ത് നിന്നും മൂന്നാമത്)

ജോഷിമഠം നൽകുന്ന സൂചനകളും പാഠങ്ങളും ഭരണകൂടങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ ഹിമാലയ ഗ്രാമങ്ങളുടെ ഭാവി ആശങ്കാകുലമായിരിക്കും. ആഗോളതാപനവും മനുഷ്യനിർമ്മിതമായ പ്രകൃതിനാശവും ചേർന്ന് ഹിമാലയ ജീവിതം ദുഷ്കരമാകും. സവിശേഷമായ ശ്രദ്ധയും ജാഗ്രതയുമാണ് ഈ പ്രദേശം ആവശ്യപ്പെടുന്നത്. ഹിമാലയത്തിൻ്റെ നിലനിൽപ്പ് ഏഷ്യാ വൻകരയുടെ തന്നെ പാരിസ്ഥിതിക സ്ഥിതിഗതികളെ നിയന്ത്രിക്കാൻ പോന്നതാണ്. നദികളുടെയും കാടുകളുടെയും നാശം സംസ്കാരത്തിൻ്റെ, ജീവിതത്തിൻ്റെ തന്നെ നാശമായിരിക്കും. താൽക്കാലിക ലാഭങ്ങൾക്കും ഉപഭോഗ താൽപ്പര്യങ്ങൾക്കും വ്യവസായിക മൂലധന വർദ്ധനവിനും മാത്രമായി ഈ ദേശങ്ങളെ അടിയറ വയ്ക്കാതിരിക്കുക. വിദഗ്ദ്ധരേയും ഗ്രാമീണരേയും കേൾക്കുക. പർവ്വതങ്ങളുടെ, നദിയുടെ, ഇവയുടെ തടങ്ങളിലെ ചരാചര ജീവിതത്തെ സംരക്ഷിക്കുന്നതിലാണ് ദൈവികതയെന്ന് തിരിച്ചറിയുക.

കേദാരനാഥിലേക്കുള്ള ഒരു യാത്രയിൽ വഴിയിൽ കണ്ട പർവ്വതീയനായ ഒരു ചുമട്ടുകാരനെ ഓർത്ത്, ഈ കുറിപ്പ് ചുരുക്കാം.

കേദാരനാഥനിലേക്കുള്ള
വഴിയിൽ
മുതുകിലെ കുട്ടയിൽ
ഒരാളെയും ചുമന്ന്
തന്നിലേക്ക് കുനിഞ്ഞ്
മല കയറുന്ന വൃദ്ധൻ.

അയാളുടെ കണ്ണുകളിൽ
ഹിമ വെണ്മയില്ല.
ഹരിത വനങ്ങളും
കാറ്റും
മന്ദാകിനിയുടെ
ജലഭൈരവിയും
അയാളിലേക്കില്ല.

ഒരു ചുവട്
മറ്റൊരു ചുവട്
പിന്നെയും ചുവട് .

ഇതാ
കേദാരനാഥനു മുന്നിൽ
പ്രാർത്ഥനകളില്ലാതെ
നിസ്സംഗനായ്
നിശ്ശബ്ദനായ്
അയാൾ.

(ബാനർ ഇമേജ്: ജോഷിമഠിൽ നിന്നുള്ള ​ഗ്രാമദൃശ്യങ്ങൾ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read