Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 സെപ്തംബർ (1-30) റിപ്പോർട്ട്. 61 ശീർഷകങ്ങളാണ് സെപ്തംബർ മാസത്തെ ഈ റിപ്പോർട്ട്.
1. പിന്നിൽ പിഎഫ്‌ഐ
മോണ്ടെസ്സോറി സ്‌കൂളുകൾ, അക്യുപങ്ചർ ചികിത്സാകേന്ദ്രങ്ങൾ എന്നിവയ്ക്ക് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണെന്ന് ജന്മഭൂമി. രഹസ്യയോഗങ്ങൾ നടക്കുന്നതായും വാർത്ത അവകാശപ്പെടുന്നു: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ വീണ്ടും സജീവമാകുന്നു. പൊട്ടിമുളയ്ക്കുന്ന ചില മോണ്ടെസ്സോറി സ്‌കൂളുകൾ, അക്യുപങ്ചർ ചികിത്സാകേന്ദ്രങ്ങൾ എന്നിവയ്ക്ക് പിന്നിൽ നിരോധിത ഭീകര സംഘടനയുടെ അംഗങ്ങളാണ്. പിഎഫ്‌ഐ നിരോധനത്തോടെ ഫണ്ട് വരവിന് കുറവ് സംഭവിച്ചിരുന്നു. ഇതോടെ സജീവ പ്രവർത്തകരായിരുന്ന പലരും അറബ് രാജ്യങ്ങളിൽ ജോലിക്കായി കടന്നു. ചിലർ എസ്ഡിപിഐയിലും മറ്റു ചില രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നു. ഇതിന് പുറമെയാണ് മോണ്ടെസ്സോറി സ്‌കൂളുകൾ, അക്യുപങ്ചർ ചികിത്സാലയങ്ങൾ, ജിം പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ മറവിൽ രഹസ്യ പ്രവർത്തനംത്തനങ്ങൾ നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ഒരു മോണ്ടെസ്സോറി സ്‌കൂൾ പിഎഫ്‌ഐയുടെ ആയുധ പരിശീലകനായിരുന്ന വ്യക്തിയുടേതാണ്. ആയോധന കലയിൽ പ്രാവീണ്യമുള്ള ഇയാൾ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ ജാമ്യത്തിലിറങ്ങി. മുൻപ് ഇയാൾ ചില വിദ്യാലയങ്ങളിൽ മോട്ടിവേഷൻ ക്ലാസുകൾ നടത്തിയിരുന്നു. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് വിദ്യാലയങ്ങളുടെ ചുമതലക്കാർ ഇയാൾ പിഎഫ്‌ഐക്കാരനാണെന്ന് തിരിച്ചറിയുന്നത്. ഇയാളുടെ ഭാര്യയുടെ പേരിലാണ് സ്‌കൂൾ നടത്തുന്നത്. ഇവിടെ മുൻ പിഎഫ്‌ഐക്കാരും എസ്ഡിപിഐക്കാരും സ്ഥിരമായി എത്തുന്നതായും രഹസ്യ യോഗങ്ങൾ ചേരുന്നതായും പരിസരവാസികൾ പറയുന്നു. അടുത്തിടെ ഈ സ്‌കൂളിലെ കൊച്ചുകുട്ടികളെ മുൻകൂട്ടി അനുമതിയില്ലാതെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസിംഗിനെക്കുറിച്ച് കൊച്ചുകുട്ടികളെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം എന്നാണ് പറഞ്ഞത്. പോലീസുമായി അടുപ്പമുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം സന്ദർശനങ്ങൾ എന്നാണ് സൂചന. ഇതിനു മുൻപ് കൊല്ലം, ആലപ്പുഴ ജില്ലകളിൽ അക്യുപങ്ചർ ചികിത്സാ കേന്ദ്രം എന്ന പേരിൽ സ്ഥാപനങ്ങൾ തുടങ്ങി അവിടെ പിഎഫ്‌ഐ യോഗങ്ങൾ സ്ഥിരമായി നടത്തിയിരുന്നു എന്ന ആരോപണവുമുണ്ട് (ജന്മഭൂമി, പി എഫ് ഐ ഭീകരർ പുതിയ രൂപത്തിലും ഭാവത്തിലും പ്രവർത്തനം സജീവമാക്കുന്നു, സെപ്തംബർ 1).
2. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശങ്ങൾ
ആഗസ്റ്റ് മാസത്തെപ്പോലെ ഈ മാസവും വെള്ളാപ്പളളിയുടെ വിദ്വേഷ പരാമർശങ്ങൾ തുടർന്നു.
ഈഴവർക്ക് തൊഴിലുറപ്പ് മാത്രം
ഈഴവരുടെ വോട്ടും കാശും വാങ്ങി വളർന്ന രാഷ്ട്രീയപാർട്ടികൾ അവരെ അവഗണിക്കുകയാണെന്ന് കരിമ്പാടം ശാഖ ഓഫീസ് ഉദ്ഘാടനസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു:
ഈഴവരുടെ കഷ്ടങ്ങളും നഷ്ടങ്ങളും പരിഹരിക്കാനോ സംരക്ഷിക്കാനോ പാർട്ടികൾ തയ്യാറല്ല. നമ്മോടൊപ്പം പത്ത് സെന്റ് കുടികിടപ്പ് വാങ്ങിയ ന്യൂനപക്ഷങ്ങൾ കുബേരന്മാരായി. ഈഴവർ കിട്ടിയ ഭൂമി വിറ്റ് തൊഴിലുറപ്പുതൊഴിലാളിമാരായി. മതവും ജാതിയും പറഞ്ഞ് രാഷ്ട്രീയപാർട്ടികൾ ഉണ്ടാക്കിയ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം (ഈഴവർക്ക് തൊഴിലുറപ്പു മാത്രം, സെപ്തംബർ 1, കേരളകൗമുദി).
ലീഗും, പി.ജെ ജോസഫും സ്വസമുദായങ്ങൾക്ക് വാരിക്കോരി നൽകി
വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ. ഇത്തവണ മുസ്ലീം ലീഗിനും, പിജെ ജോസഫിനുമെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇരുകൂട്ടരും അധികാരത്തിലുള്ളപ്പോൾ സ്വന്തം സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തൊടുപുഴയിൽ നടന്ന എസ്എൻഡിപി യൂണിയൻ ശാഖാ സംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ കടന്നാക്രമണം: പിജെ ജോസഫ് സ്വന്തം സമുദായത്തിന് വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകി. ഇതിനായി നിയമങ്ങളും, ചട്ടങ്ങളും മാറ്റിയെഴുതി. മുസ്ലീം ലീഗ് ഭരിച്ചപ്പോൾ മുസ്ലീം ന്യൂനപക്ഷത്തിനും വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു. ഈഴവരടക്കമുള്ള വിഭാഗങ്ങളെ തഴഞ്ഞു. (മുസ്ലീം ലീഗും, പിജെ ജോസഫും സ്വന്തം സമുദായങ്ങൾക്ക് വാരിക്കോരി നൽകി; വിദ്വേഷം തുടർന്ന് വെള്ളാപ്പള്ളി, സെപ്തംബർ 1, സുപ്രഭാതം)
ഗുരുവിനെ പകർത്തിയ നേതാവ്
എസ്എൻഡിപി യോഗം പെരിങ്ങമ്മല ശാഖയുടെ ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനവും 30 വർഷം യോഗം ജനറൽ സെക്രട്ടറി സ്ഥാനം പൂർത്തിയാക്കിയ വെള്ളാപള്ളി നടേശനെ ആദരിക്കലും ഒരേ വേദിയിലാണ് നടന്നത്. ആഗസ്റ്റ് മാസം റിപോർട്ടിൽ പരാമർശിച്ചതുപോലെ പല തവണ വെള്ളാപ്പള്ളി നടേശൻ മുസ്ലീങ്ങൾക്കെതിരേ വിദ്വേഷപരാമർശം നടത്തുകയും അത് കേരളത്തിൽ വലിയ തോതിൽ ചർച്ചയാവുകയും ചെയ്ത് ഏറെ കഴിയും മുമ്പെയാണ് ഈ പരിപാടി നടന്നത്. വെള്ളാപ്പള്ളിയെ വളരെയേറെ പുകഴ്ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം:
‘മഹത്തായ പ്രസ്ഥാനമാണ് എസ്എൻഡിപി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയുള്ള നേതൃത്വമാണ് വെള്ളാപ്പള്ളി നടേശൻ വഹിക്കുന്നത്. ഒരു പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ട് നയിക്കാനും അതിന്റെ ലക്ഷ്യങ്ങൾ നേടാനും പുതിയ തലമുറയ്ക്ക് വഴികാട്ടാനും ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചു തന്നു. ഈ സംഘടനയെ ശക്തമായ ഒരു സാമ്പത്തിക ശക്തിയാക്കി വളർത്തുന്നതിൽ അദ്ദേഹം കാണിച്ച ദീർഘവീക്ഷണം അഭിനന്ദനീയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സാമൂഹിക നീതി നടപ്പാക്കപ്പെടുക എന്ന ഗുരുവിന്റെ ദർശനങ്ങളെ പ്രാവർത്തികമാക്കുന്നതിലും അദ്ദേഹം ശ്രദ്ധപുലർത്തുന്നുണ്ട്.(ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി, പുതുതലമുറയ്ക്ക് വഴികാട്ടി- മുഖ്യമന്ത്രി, സെപ്തംബർ 3, മാതൃഭൂമി).
ഈ ഗുരുദർശനം പ്രാവർത്തികമാക്കാൻ വെള്ളാപ്പള്ളി ശ്രദ്ധ വെക്കുന്നുണ്ട്. ഗുരുവിന്റെ ആശയത്തെ ജീവിതത്തിൽ പകർത്തി പ്രസ്ഥാനത്തെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിയട്ടെ എന്നും ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതൽ കാലം നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഗുരുവിന്റെ ദർശനങ്ങളെ വർഗീയതക്ക് എതിരെ ഉപയോഗിക്കണമെന്നും മനുഷ്യരെ ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു(വെള്ളാപ്പള്ളിയെ ആദരിക്കുന്നത് ഔചിത്യപൂർണമായ നടപടി; മുഖ്യമന്ത്രി, സെപ്തംബർ 3, മീഡിയാവൺ)
സർവമത സമ്മേളനത്തിന് കാരണം മാപ്പിള ലഹള
ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകീർത്തിച്ച അതേ യോഗത്തിലും വെള്ളാപ്പള്ളി നടേശൻ തുടർന്നു:
ശ്രീനാരായണ ഗുരു സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിള ലഹളയാണ്. മാപ്പിള ലഹളയുടെ ഭാഗമായി സ്ത്രീകൾ വലിയ രീതിയിൽ മാനഭംഗപ്പെടുകയും മതംമാറ്റത്തിന് വിധേയമാവുകയും ചെയ്യുകയാണെന്ന് മനസിലാക്കിയ ഗുരു നിജസ്ഥിതി അറിയാൻ കുമാരനാശാനെ പറഞ്ഞുവിട്ടു. ലഹള നടക്കുന്ന സ്ഥലങ്ങളിലെത്തി കാര്യങ്ങൾ കണ്ടുമനസിലാക്കി വിവരങ്ങൾ കുമാരനാശാൻ ഗുരുവിനെ ധരിപ്പിച്ചു. തുടർന്നാണ് എല്ലാ മതവും ഒന്നാണെന്ന് പഠിപ്പിക്കാൻ ഗുരു സർവമത സമ്മേളനം വിളിച്ചത്. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ട് താൻ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു (ശ്രീനാരായണ ഗുരു സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിള ലഹള; മലബാർ കലാപത്തെ സ്വാതന്ത്രസമരമാക്കാൻ ശ്രമം, വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി, സെപ്തംബർ 4, മാധ്യമം).


ന്യായീകരിച്ച് വെള്ളാപ്പള്ളി
മലബാർ കലാപവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവന കുമാരനാശാന്റെ പുസ്തകത്തിൽ എഴുതിയ കാര്യമാണ് എന്നും അതിനെ വർഗീയമാണ് എന്ന് പറയുകയാണെങ്കിൽ അങ്ങനെ കണക്കാക്കിക്കോ എന്നും വെള്ളാപള്ളി നടേശൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. താൻ പറഞ്ഞത് സത്യമാണ്. കുമാരനാശാൻ മലബാർ കലാപത്തിലെ വസ്തുതകൾ ഗുരുദേവനെ ധരിച്ച ശേഷമാണ് സർവ്വ മത സമ്മേളനത്തിൽ എല്ലാ മതസാരവും ഒന്നാണ് എന്ന് ഗുരുദേവൻ എഴുത്തികൊടുത്തത് എന്നും വെള്ളാപള്ളി പറഞ്ഞു (മലബാർ കലാപത്തെക്കുറിച്ച് താൻ പറഞ്ഞത് സത്യം; വർഗീയതയെങ്കിൽ അങ്ങനെ കണക്കാക്കിക്കോ…; സംശയമുള്ളവർ കുമാരനാശാന്റെ പുസ്തകം വായിച്ചു നോക്കൂ: വെള്ളാപ്പള്ളി, സെപ്തംബർ 6, മീഡിയവൺ).
സമൂഹത്തെ വർഗീയമായി വേർതിരിക്കരുതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
വിദ്വേഷ പരാമർശങ്ങൾക്കെതിരേ മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു: സമൂഹത്തെ വേർതിരിക്കുന്ന അദ്ദേഹത്തിന്റെ സമീപനം ശരിയല്ല എന്നാണ് അഭിപ്രായം. കഷ്ടപ്പെടുന്നവർ എല്ലാ സമുദായത്തിലുമുണ്ട്. സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നത് ശരിയല്ല. അത് വലിയ അനീതിയാണ്. സമൂഹത്തോടുള്ള വഞ്ചനയാണ് എന്ന് പാലക്കാട് മീഡിയ വൺ റിപോർട്ടറുടെ ചോദ്യത്തോട് പ്രതികരിച്ചു പറഞ്ഞു (‘വെള്ളാപ്പള്ളി നാവടക്കണം’; സിപിഎമ്മിനെതിരേ മന്ത്രി കെ. കൃഷ്ണൻകുട്ടി, സെപ്തംബർ 6, മീഡിയ വൺ).
താൻ വർഗീയവാദിയാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞെങ്കിൽ അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം (ഞാൻ വർഗീയവാദിയാണെന്ന് മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞെങ്കിൽ അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ട്: വെള്ളാപള്ളി നടേശൻ, 7 സെപ്റ്റംബർ, മീഡിയാവൺ).
സംസാരിക്കുന്നത് ആർക്കുവേണ്ടി?
വെള്ളാപ്പള്ളി നടേശൻ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മലപ്പുറത്തെ മുസ്ലീങ്ങളെയും പാലായിലെ ക്രിസ്ത്യാനികളെയം അദ്ദേഹം അധിക്ഷേപിച്ചു. എന്നിട്ടും അദ്ദേഹം ഗുരുവിന്റെ പതിപ്പാണെന്ന് പറഞ്ഞത് ആരാണ്. ദയവായി ഗുരുവിനെ അപമാനിക്കരുതെന്നും സതീശൻ പറഞ്ഞു ( വെള്ളാപ്പള്ളി സംസാരിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് എല്ലാവർക്കുമറിയാം – വി.ഡി സതീശൻ, സെപ്തംബർ 8, മാതൃഭൂമി).
മലപ്പുറം പരാമർശത്തിന് പൂർണ പിന്തുണ
മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് പൂർണപിന്തുണ നൽകി. സാമൂഹ്യനീതി, സമത്വം, ജനാധിപത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനത്തിൽ ഏതെങ്കിലും വിഭാഗത്തിനോ മതത്തിനോ പ്രത്യേക കുത്തകാവകാശം അനുവദനീയമല്ല. ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത്, മതത്തിന്റെ പേരിൽ പാർട്ടി രൂപീകരിച്ച് സ്വയം അനുകൂല്യങ്ങൾ എഴുതിയെടുക്കാൻ നോക്കുന്നവരുടെ മതേതരാവകാശവാദം വെറും കപടനാടകം മാത്രമാണ്. ‘ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ’ നടക്കുന്നവർ ആദ്യം സ്വന്തം പ്രവർത്തനങ്ങളെ വിലയിരുത്തണം. മറ്റുള്ളവർക്കു സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിച്ചുകൊണ്ട്, സ്വന്തം മതവാദങ്ങൾക്ക് മാത്രമായി നിലവിളി നടത്തുന്നവർക്ക് സമൂഹത്തിൽ ഇനി ഇടമില്ല. മലപ്പുറം ജില്ല ഉൾപ്പെടെ കേരളമണ്ണിന്റെ ഓരോ ഇഞ്ചിലും സാമൂഹ്യനീതി, സമത്വം, മതേതരത്വം എന്നിവ ഉറപ്പാക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ബോർഡ് അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു (വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസ്താവനയ്ക്ക് പൂർണപിന്തുണയുമായി യോഗം, സെപ്റ്റംബർ 17, കേരള കൗമുദി).
യോഗത്തെ വേട്ടയാടുന്നു
ഒളിഞ്ഞും തെളിഞ്ഞും എസ്എൻഡിപി യോഗത്തെയും ജനറൽ സെക്രട്ടറിയെയും വേട്ടയാടുകയാണെന്ന് എസ്എൻഡിപി വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി. യോഗവുമായോ ജനറൽ സെക്രട്ടറിയുമായോ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാണ് പഴി കേൾക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യൂണിയൻ മാന്നാർ യൂണിറ്റിന്റെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം (യോഗത്തെയും ജനറൽ സെക്രട്ടറിയെയും വേട്ടയാടുന്നു: തുഷാർ, സെപ്തംബർ 18, കേരളകൗമുദി).
വെളളാപ്പള്ളിയുടെ സ്‌പോൺസർ പിണറായി വിജയൻ
വെളളാപ്പള്ളിയുടെ എല്ലാ പ്രസംഗങ്ങളും സ്‌പോൺസർ ചെയ്യുന്നത് പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. “വെള്ളാപ്പള്ളി പാലായിൽ ചെല്ലുമ്പോൾ ക്രിസ്ത്യാനികൾക്കെതിരെ പറയും. മലപ്പുറം ചെല്ലുമ്പോൾ മുസ്ലീങ്ങൾക്കെതിരെ പറയും. ഇതിന് കൂട്ട് നിൽക്കുന്നത് പിണറായി വിജയനാണ്. ഞങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശമാണ് മുഖ്യമന്ത്രി വെളളാപ്പള്ളിക്ക് നൽകുന്നത്.അതാണ് വെള്ളാപ്പള്ളിക്ക് എതിരെ കേസെടുക്കാത്തത്. ഇനി ന്യൂനപക്ഷം പിണറായിയെ വിശ്വസിക്കില്ല. ഇലക്ഷന് വോട്ട് കിട്ടാൻ ഏത് നാടകവും സിപിഎം കളിക്കും. പിണറായി നടത്തുന്നത് തീക്കളിയാണ്.”
അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് മുരളീധരന്റെ വിമർശനം. കപടസംഗമങ്ങളിൽ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു (‘അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാത്തതിന് 10 വോട്ട് പോയാൽ 20 വോട്ട് മറുഭാഗത്ത് നിന്ന് ഇങ്ങോട്ട് കിട്ടും’; കെ മുരളീധരൻ, സെപ്തംബർ 27, മീഡിയാവൺ).
3. അരുന്ധതി റോയിക്ക് ഇസ്‌ലാമിക തീവ്രവാദ സ്വാധീനം
അരുന്ധതി റോയിയുടെ പുതിയ പുസ്തകം’ മദർ മേരി കംസ് ടു മി’ പുറത്തുവന്നതോടെ കേരളത്തിലും വലിയ ചർച്ചയായി. ഇതേ കുറിച്ച് അഭിലാഷ് മേലേതിൽ എന്ന നോവലിസ്റ്റ് എഴുതിയ ഫേസ്ബുക് കുറിപ്പിൽ അവരുടെ ഇസ്‌ലാമിക സ്വാധീനത്തെക്കുറിച്ച് എഴുതിയിരുന്നു: “അരുന്ധതി റോയിയുടെ ക്ലാരിറ്റി അസാദ്ധ്യമാണ്. അവരുടെ ചില ചിന്തകളോട് വിയോജിപ്പുകൾ ഉണ്ടായിരുന്നു; പ്രത്യേകിച്ച് കേരള രാഷ്ട്രീയത്തെക്കുറിച്ചുള്ള അവരുടെ നിലപാടുകളോട്. അത് ഇവിടത്തെ ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനത്താൽ രൂപപ്പെട്ടതാണെന്ന തോന്നലാണ് ഇതിന് കാരണം. മറ്റൊരു കാരണം, വർഷങ്ങൾക്ക് മുമ്പ് അവർ ഗാന്ധിയെ വിമർശിച്ചപ്പോൾ ഉണ്ടായ ഒരു വൈകാരിക പ്രതികരണമായിരുന്നു. അന്ന് ഗാന്ധി അത്തരം വിമർശനങ്ങളെല്ലാം മറികടക്കുന്ന ഒരു വ്യക്തിത്വമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ മനസ്സിൽ ഉറച്ചുനിൽക്കുന്ന ബോധ്യം ഇതാണ്. ഗാന്ധിയും നവനാസികളും തമ്മിൽ മതസംബന്ധമായ വിഷയങ്ങളിൽ നൂലിട വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പള്ളിത്തകർച്ച വിഷയം, മുസ്ലീം രാഷ്ട്രീയം ഒരു വൈകാരിക വിഷയമായി മാത്രം കൈകാര്യം ചെയ്തത് (ഒരു രാഷ്ട്രീയ വിഷയമായി കൈകാര്യം ചെയ്യേണ്ടതിനു പകരം) അതിന്റെ പരാജയമായിരുന്നു എന്ന ചിലരുടെ നിലപാട്, പിന്നീട് ദേശീയ രാഷ്ട്രീയം തന്നെ ശരിവച്ചുകാണിച്ചുതന്നു. ഇതുവഴിയാണ് തീവ്രവാദി ഗ്രൂപ്പുകൾക്ക് ഈ ചർച്ചകൾ മുഴുവൻ കയ്യടക്കാൻ സാധിച്ചത്. ഇപ്പോൾ മയക്കുമരുന്നും സ്വർണ്ണവും കടത്തുന്ന ഒരു മതസംഘടനയാണ് കേരളത്തിലെ ഒരു മുന്നണിയെ താങ്ങി നിർത്തുന്നത്, ആ ശക്തി വൈകാരികതയിൽ നിന്നാണ് വരുന്നത്.” (സെപ്തംബർ 1, ഫേസ്ബുക്ക്/ അഭിലാഷ് മേലേതിൽ).
4. അഗ്‌നിശമന സേനയിൽ ഹലാൽ ഇതര മാംസങ്ങൾക്ക് നിരോധനം
തൊടുപുഴ അഗ്‌നിശമന സേനയിൽ പന്നി മാംസത്തിനും ഹലാൽ ഇതര മാംസങ്ങൾക്കും നിരോധനമെന്നു പരാതിയുള്ളതായി ജനം ടിവി. മെസിൽ പന്നിക്കറി വച്ചതിനെ ഒരു വിഭാഗം ജീവനക്കാർ എതിർത്തിരുന്നെന്നും ഇതിന് പിന്നാലെയാണ് പന്നി മാംസത്തിനും ഹലാൽ ഇതര മാംസങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതെന്നും വാർത്ത പറയുന്നു. ഇങ്ങിനെ ഒരു തീരുമാനം എടുത്തപ്പോൾ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ തന്ത്രപൂർവ്വം ബീഫിനും നിരോധനം ഏർപ്പെടുത്തിയതായും വാർത്ത അവകാശപ്പെട്ടു (തൊടുപുഴ അഗ്‌നിശമന സേനയിൽ പന്നി മാംസത്തിനും ഹലാൽ ഇതര മാംസങ്ങൾക്കും നിരോധനം, സെപ്തംബർ 1, ജനം ഓൺലൈൻ).


ഇസ്ലാമിക സ്റ്റേറ്റാവാനുള്ള തയ്യാറെടുപ്പിൽ
കേരളം ഇസ്‌ലാമിക സ്റ്റേറ്റാവാനുള്ള തയ്യാറെടുപ്പിലാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു: “കേരളം ഇസ്‌ലാമിക സ്റ്റേറ്റാവാനുള്ള തയ്യാറെടുപ്പിലാണ്. ഇസ്‌ലാമിക നിയമം അനുസരിച്ച് അമുസ്ലീങ്ങൾ ജീവിക്കേണ്ട സാഹചര്യത്തിന്റെ മുന്നറിയിപ്പാണ് ഒരു സർക്കാർ സ്ഥാപനത്തിൽ എടുത്ത ഈ തീരുമാനം. ഇതിനെ വെല്ലുവിളിക്കാനും ഭക്ഷണ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് പ്രഖ്യാപിക്കാനും ആരുമുണ്ടാവില്ല. എന്നാൽ കഴിഞ്ഞ ദിവസം കാനറ ബാങ്കിൽ നടന്ന ഒരു സൽക്കാരത്തിൽ ബീഫ് വിതരണം വിലക്കപ്പെട്ടപ്പോൾ, ഒരു ഇടത് സംഘടനയുടെ നേതൃത്വത്തിൽ തന്നെ ബീഫ് വിളമ്പി പ്രതിഷേധം രേഖപ്പെടുത്തി. ഇവിടെ അതുണ്ടാവില്ല. കാരണം, മുസ്ലീം വിശ്വാസത്തെ തൊട്ടാൽ പൊള്ളും. അത് ഏത് വിപ്ലവകാരിക്കും വേണ്ടിയല്ല.” (സെപ്തംബർ 1, ഫേസ്ബുക്ക്/ ആർ.വി ബാബു)
മതസ്പർധയും വർഗീയതയും വളർത്തുന്നു
മതപരമായ കാരണങ്ങൾ പറഞ്ഞ് ഇഷ്ട ഭക്ഷണത്തിന് നിരോധനം ഏർപ്പെടുത്തിയതിലൂടെ ജീവനക്കാർക്കിടയിൽ മതസ്പർധയും വർഗീയതയും വളർത്തുകയും വർഗീയ വിദ്വേഷം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും ജീവനക്കാർ ആരോപിക്കുന്നതായി മറുനാടൻ മലയാളി വാർത്തയിൽ പറയുന്നു (തൊടുപുഴ ഫയർ സ്റ്റേഷനിലെ മെസ്സിൽ ബീഫും പന്നി മാംസവും നിരോധിച്ച് മേലുദ്യോഗസ്ഥൻ; മതവിദ്വേഷവും വർഗീയതയും പടർത്താൻ ശ്രമമെന്ന് ജീവനക്കാർ; സ്റ്റേഷനിൽ നടക്കുന്ന ഭരണഘടനാ വിരുദ്ധ പ്രവൃത്തികൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി, സെപ്തംബർ 6, മറുനാടൻ മലയാളി)
5. തിരൂരിലെ ഗണഗീതം : പിന്നിൽ എസ്ഡിപിഐ
തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ (കെ.എച്ച്.എം.എച്ച്.എസ്.എസ്) വിദ്യാർഥികൾ ആർ.എസ്.എസ് ഗണഗീതം പാടിയത് വിവാദമായി. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിൽ നടന്ന സംഭവം ദിവസങ്ങൾ കഴിഞ്ഞ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ഗണഗീതം പാടുന്നതിന്റെ ദൃശ്യം പുറത്ത് വന്നതോടെ സ്‌കൂളിലേക്ക് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, മുസ്ലീം ലീഗ്, എസ്.ഡി.പി.ഐ, യൂത്ത് ലീഗ് പ്രവർത്തകരെത്തി. ആഗസ്റ്റ് 15ന് സ്‌കൂൾ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തിയിരുന്നെന്നും ഈ ഗാനം ആലപിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാമെന്ന് പ്രധാനാധ്യാപിക ബിന്ദു ഉറപ്പ് നൽകിയതോടെയാണ് സംഘടനകളുടെ പ്രതിഷേധം അവസാനിച്ചത്. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി. റഫീഖ് പ്രധാനാധ്യാപികയോട് വിശദീകരണം തേടി (തിരൂരിലെ സ്‌കൂളിൽ ആർ.എസ്.എസ് ഗണഗീതം പാടി കുട്ടികൾ; അബദ്ധമെന്ന് അധികൃതർ; ഒടുവിൽ പിൻവലിച്ചു, സെപ്തംബർ 2, മാധ്യമം; സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം: പ്രതിഷേധവുമായി സംഘടനകൾ, അബദ്ധമെന്ന് വിശദീകരണം, സെപ്തംബർ 3, സുപ്രഭാതം).
അബദ്ധമെന്ന് സ്‌കൂൾ അധികൃതർ
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ കുട്ടികൾ ദേശഭക്തിഗാനം ആലപിക്കാറുണ്ട്. വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടികൾ നടത്തിയിരുന്നത്. അത്തരത്തിൽ ഒരു ഗ്രൂപ്പിലെ കുട്ടികളാണ് ഗണഗീതം ആലപിച്ചത്. കുട്ടികൾ തിരഞ്ഞെടുത്ത പാട്ടുകൾ പരിശോധിക്കാനുള്ള സമയം കിട്ടിയില്ല എന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. ‘കുട്ടികൾ പാടിയതാണ്, മുൻകൂട്ടി പരിശോധിച്ചിരുന്നില്ല. അബദ്ധം പറ്റിയതാണ്.’ സ്‌കൂൾ അധികൃതർ പറയുന്നു. കുട്ടികൾക്ക് എവിടെ നിന്നാണ് ഈ പാട്ട് ലഭിച്ചതെന്നോ, എങ്ങനെയാണ് കുട്ടികൾ ഈ പാട്ട് തിരഞ്ഞെടുത്തതെന്നോ അറിയില്ല (മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസിന്റെ ഗണഗീതം പാടി കുട്ടികൾ; അബദ്ധം പറ്റിയതെന്ന് അധികൃതർ, സെപ്തംബർ 2, മാതൃഭൂമി ന്യൂസ്).
വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം
2025 ആഗസ്റ്റ് 15-ന് കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിന്റെ കീഴിൽ അവതരിപ്പിച്ച ഗ്രൂപ്പ് സോംഗ് ആർ.എസ്.എസ് ഗണഗീതം ആയിരുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകി (സെപ്തംബർ 2, ഫേസ്ബുക് പേജ്/ മന്ത്രി വി ശിവൻകുട്ടി).
പിന്നിൽ എസ്ഡിപിഐ
ദേശഭക്തി ഗാനം ആലപിച്ചതിനെ ആർഎസ്എസ്സിന്റെ ഗണഗീതമാണ് ആലപിച്ചതെന്ന് കുത്തിപ്പൊക്കിയത് എസ്ഡിപിഐ ആണെന്ന് ജനം ടിവി വാർത്തനൽകി. എസ്ഡിപിഐയുടെ നിർദേശത്തിനു വഴങ്ങിയാണ് സ്‌കൂൾ ജീവനക്കാർക്കെതിരേ നടപടിയുണ്ടാവുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചത്. ഇത് എസ്ഡിപിഐയുടെ വിദ്യാഭ്യാസ രംഗത്തെ ഇടപെടലാണെന്നും വാർത്തയിൽ പറയുന്നു (‘തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടി അരങ്ങിലും അണിയറയിലും ശ്രമിക്കുന്നു, സെപ്തംബർ 2, ജനം ടിവി).
വർഗവാദികളും വർഗീയവാദികളും ഒന്നിക്കുന്നു
ദേശഭക്തിഗാനത്തിന്റെ പേരിൽ എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും രംഗത്തുവന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. തീവ്രവാദികളും ഭീകരവാദികളുമായി സഖ്യമുണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടി അരങ്ങത്തും അണിയറയിലും ശ്രമിക്കുന്നു. അതിന്റെ ഭാഗമായി ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താനാണ് ദേശഭക്തിഗാനത്തിനെതിരേ ഇവർ രംഗത്തുവന്നത്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ദേശവിരുദ്ധനിലപാടെടുത്തതിൽ അത്ഭുതമില്ല. നാളിതുവരെ സ്വീകരിച്ച രാജ്യദ്രോഹ നിലപാടിന്റെ ഒടുവിലെ ഉദാഹരണമാണ് ഇത്. വർഗവാദികളും വർഗീയവാദികളും നേരത്തെയും ഒന്നിച്ചിട്ടുണ്ട് ഇപ്പോഴും അതു ചെയ്തിരിക്കുന്നു (‘തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടി അരങ്ങിലും അണിയറയിലും ശ്രമിക്കുന്നു, സെപ്തംബർ 2, ജനം ടിവി).
വർഗീയ അജണ്ട
ദേശഭക്തിഗാനങ്ങളെ വിവാദമാക്കുന്നതിന് പിന്നിൽ വർഗീയ അജണ്ടയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണി കൃഷ്ണൻ മാസ്റ്റർ ആരോപിച്ചു: “ദേശഭക്തി ഗാനത്തിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ദേശഭക്തി മാത്രമേ ഉള്ളു.’ നിഷ്‌കളങ്കരായ കുട്ടികളുടെ മനസിലേക്ക് വിഭാഗീയതയും, വർഗീയതയും കയറ്റിവിടുന്ന രാഷ്ട്രീയം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കും. മഹാന്മാരായ നിരവധി കവികൾ സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ജനങ്ങളിൽ ദേശഭക്തി പ്രചോദിപ്പിക്കുന്നതിനായി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.’ ‘അല്ലാമ ഇക്ബാൽ എഴുതി പാടിയ ‘സാരെ ജഹാം സെ അഛാ’ എന്നു തുടങ്ങുന്ന ഗാനം ഏതെങ്കിലും സംഘടനകൾ അവരുടെ പരിപാടികളിൽ പാടിയാൽ അതിനെ എതിർക്കാൻ കഴിയുമോ? കേരളത്തിലെ നിരവധി കവികൾ എഴുതിയ കവിതകൾ ദേശീയ പ്രസ്ഥാനങ്ങൾ അവരുടെ പരിപാടികളിൽ ചൊല്ലാറുണ്ട്. ആലത്തിയൂർ സ്‌കൂളിലെ വിവാദങ്ങൾക്കു പിന്നിലുള്ള രാഷ്ട്രീയ അജണ്ടയും വർഗീയ അജണ്ടയും ജനങ്ങൾ തിരിച്ചറിയും. ഓണാഘോഷ പരിപാടിയിൽ മുസ്ലീം വിദ്യാർത്ഥികൾ പങ്കെടുക്കരുതെന്ന് ഒരു സ്‌കൂളിലെ അദ്ധ്യാപിക നിർദേശം നൽകിയത് ഇതുമായി ചേർത്തുവെക്കേണ്ടതാണ്.” (സെപ്റ്റംബർ 4, ദേശഭക്തിഗാനങ്ങളെ വിവാദമാക്കുന്നതിന് പിന്നിൽ വർഗീയ അജണ്ട: ബിജെപി, ജന്മഭൂമി)
6. മൂത്താൻതറ സ്‌ഫോടനം
ആഗസ്റ്റ് 20ന് പാലക്കാട് മൂത്താൻതറ ദേവി വിദ്യ നികേതൻ സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സുരേഷ്, ഫാസിൽ, നൗഷാദ്, ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. സുരേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 24 ഇലക്ട്രിക് ഡിറ്റനേറ്ററും അനധികൃതമായി നിർമ്മിച്ച 12 സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തുക്കൾ കൃത്രിമമായി നിർമിക്കാൻ ഉപയോഗിക്കുന്ന നൂലുകൾ, പ്ലാസ്റ്റിക് കവറുകൾ, ടാപ്പുകൾ എന്നിവയും പിടികൂടി. ഡിറ്റനേറ്റർ കൈവശം വെക്കാൻ ലൈസൻസ് ആവശ്യമാണ്. സുരേഷിന് ലൈസൻസ് ഇല്ല. ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് എഫ്‌ഐആറിൽ പറയുന്നു (പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ബിജെപി പ്രവർത്തകൻ സുരേഷ് പ്രതിയാണെന്ന് സംശയിക്കുന്നതായി എഫ്‌ഐആർ, ദി ജേണൽ ന്യൂസ്, സെപ്തംബർ 4)
സംഘപരിവാർ പ്രവർത്തകർ തന്നെ
ആരോപണം ബിജെപി നിഷേധിച്ചെങ്കിലും അയാൾ ബിജെപി പ്രവർത്തകൻ തന്നെയെന്ന് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ചെടുത്തത് മാരക സ്‌ഫോടക വസ്തുക്കൾ തന്നെയെന്ന് പൊലീസും സ്ഥിരീകരിച്ചു. എന്നാൽ എല്ലാ ആരോപണവും ബിജെപി തള്ളിക്കളഞ്ഞു (സുരേഷ് ബിജെപി പ്രവർത്തകൻ തന്നെയെന്ന് നാട്ടുകാർ; പിടിച്ചെടുത്തത് മാരക സ്‌ഫോടക വസ്തുക്കൾ തന്നെയെന്ന് പൊലീസ്; തള്ളിപ്പറഞ്ഞ് തലയൂരാൻ ബിജെപി, സെപ്തംബർ 4, മീഡിയാവൺ).


പൊലീസിലും ആർഎസ്എസ്സുകാർ
സ്‌കൂളിലെ സ്‌ഫോടനത്തിൽ പ്രതികളായവർക്ക് ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു. പിടിയിലായ കല്ലേക്കാട് സ്വദേശി സുരേഷ് സജീവ ആർഎസ്എസ് പ്രവർത്തകനാണ്. ആർഎസ്എസ് കേന്ദ്രങ്ങളിൽ സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നുണ്ട്. പൊലീസിൽ ആർഎസ്എസ് നിയന്ത്രിക്കുന്നവരുണ്ട്. ഈ കേസിലും ചില ഉദ്യോഗസ്ഥർ കാര്യങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്. സുരേഷിന് പുറമെ ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരും പിടിയിലായിട്ടുണ്ട്. ഇവരും ബിജെപി പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു (പാലക്കാട്ടെ സ്‌കൂളിലെ സ്‌ഫോടനം; പിടിയിലായത് ബിജെപി, ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം, ‘ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തണം’, സെപ്തംബർ 3, ഏഷ്യാനെറ്റ്)
മുസ്ലീം പ്രതികൾ
സ്ഫോടനക്കേസിൽ പല പലരും അറസ്റ്റിലായെങ്കിലും കൂട്ടുപ്രതികളായ മുസ്ലീങ്ങളുടെ പേരുകളാണ് ജനം ടി വി അവരുടെ വാർത്തയിൽ ഹൈലൈറ്റ് ചെയ്തത് (പാലക്കാട് ദേവി വിദ്യനികേതൻ സ്‌കൂളിന് മുന്നിലെ സ്‌ഫോടനം: ഫാസിൽ, നൗഷാദ്, സുരേഷ് എന്നിവർ പിടിയിൽ, സെപ്റ്റംബർ 4, വാർത്ത റിപ്പോർട്ട്, വീഡിയോ, ജനം ടിവി).
7. സാംസ്‌കാരിക മൗലികവാദം, പോസ്റ്റ് മോഡേണിസ്റ്റുകൾ
ജൂലൈ 14 ന് വിസ്ഡം ഇസ്‌ലാമിക് യൂത്തിന്റേതെന്ന പേരിൽ മാതൃഭൂമി പത്രത്തിൽ വന്ന പ്രസ്താവനയെ ആസ്പദമാക്കി ഹമീദ് ചെന്നമംഗലൂർ ജനയുഗത്തിൽ ഒരു ലേഖനം എഴുതി. ‘സമകാലിക വെല്ലുവിളികൾ തിരിച്ചറിഞ്ഞു സ്വത്വ ബോധത്തോടെ പ്രവർത്തിക്കാൻ മുസ്ലീം സാമുദായിക സംഘടനകൾ തയ്യാറാകണം’ എന്ന് വിസ്ഡം യൂത്ത്’ എന്ന സംഘടന ആഹ്വാനം ചെയ്തതായിരുന്നു ലേഖകനെ പ്രകോപിപ്പിച്ചത്. ഓരോ സാമൂഹിക വിഭാഗത്തിനും അതിന്റേതായ സ്വത്വമുണ്ടെന്നും വ്യത്യസ്ത വിഭാഗങ്ങളുടെ പൊതുസ്വത്വം എന്നത് മിഥ്യയാണെന്നുമുള്ള നിലപാട് പോസ്റ്റ് മോഡേണിസ്റ്റുകൾ സ്വീകരിച്ചു. ഇത്തരം ചിന്തയ്ക്കുപിന്നിൽ പോസ്റ്റ് മോഡേണിസ്റ്റുകളാണെന്നും ഇത്തരം നിലപാടുകൾ ഏറ്റവും കൂടുതൽ സഹായകമായത് മതമൗലികവാദികൾ, മത തീവ്രവാദികൾ, ജാതിവാദികൾ, വർഗീയവാദികൾ തുടങ്ങിയ വിഭാഗങ്ങൾക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി:
മുസ്ലീങ്ങൾ തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തിലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നവർ മതാധിഷ്ഠിതം മാത്രമായ ഒരു സംസ്‌കാരമോ സംസ്‌കാരിക സ്വത്വമോ മുസ്ലീങ്ങൾക്കെന്നല്ല, ലോകത്തിൽ ഒരു മതവിഭാഗത്തിനുമില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഏക സ്വത്വവാദത്തിലെ കഴമ്പില്ലായ്മ ‘വിസ്ഡ’ത്തിൽ വിസ്ഡമുള്ള വല്ലവകയുമുണ്ടെങ്കിൽ അവരെങ്കിലും മനസ്സിലാക്കണം. മതമുൾപ്പെടെ വ്യത്യസ്ത ഘടകങ്ങളെ ആസ്പദമാക്കിയുള്ള ബഹുസ്വത്വാവസ്ഥയാണ് ആധുനിക സമൂഹത്തിൽ കാണപ്പെടുന്നത്. അവയിൽ മതമടക്കം ഏതെങ്കിലുമൊന്നിന് അനർഹമായ മുൻതൂക്കം നൽകേണ്ടതില്ല. ഇന്ത്യൻ ദേശീയ സാംസ്‌കാരിക ഭൂമികയിൽ ജീവിച്ചുപോകുന്ന മുസ്ലീമിനെയും ഹിന്ദുവിനെയും ക്രൈസ്തവനെയും ഏതെങ്കിലും ഒരു പ്രത്യേക മതസ്വത്വത്തിന്റെ ഇടുങ്ങിയ വൃത്തത്തിൽ കെട്ടിയിടാനുള്ള പ്രവണതയുടെ പേര് സാംസ്‌കാരിക മൗലികവാദം എന്നാണ്. മറിച്ചുള്ള പ്രചാരണവും പ്രവർത്തനവും തികച്ചും അനഭിലഷണീയമായ സാമുദായിക സങ്കുചിതത്വത്തിലേക്കും സാംസ്‌കാരിക ഉന്മാദത്തിലേക്കുമാണ് സമുദായാംഗങ്ങളെ നയിക്കുക (ചെറിയ വാർത്ത വലിയ അപകടം, ഹമീദ് ചേന്നമംഗല്ലൂർ, സെപ്റ്റംബർ 4, ജനയുഗം ഓണപ്പതിപ്പ്).
8. പുതുനഗരത്തെ സ്‌ഫോടനം
പാലക്കാട് പുതുനഗരത്ത് വീട്ടിൽ സൂക്ഷിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരുക്കേറ്റു. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിൽ താമസിക്കുന്ന സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവർക്കാണ് പരുക്കേറ്റത്. സെപ്തംബർ 4ാം തിയ്യതിയായിരുന്നു സംഭവം. ഇവർ പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പുതുനഗരം പോലീസ് കേസെടുത്തു (പാലക്കാട് പുതുനഗരത്ത് വീട്ടിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചു; സഹോദരങ്ങൾക്ക് പരുക്ക്, സെപ്തംബർ 4, കൈരളി ഓൺലൈൻ).
പിന്നിൽ എസ്ഡിപിഐ
സ്‌ഫോടനത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി പ്രാദേശിക നേതാക്കൾ നേതാക്കൾ ആരോപിച്ചു (പാലക്കാട് പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം; സ്‌ഫോടനത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി നേതാവ്, സെപ്തംബർ 4, മീഡിയാവൺ).
എസ്ഡിപിഐ സ്വാധീന മേഖല
സ്‌ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലാണെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാറും പറഞ്ഞു. എസ്ഡിപിഐ വിജയിച്ച വാർഡിനോട് ചേർന്നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ എസ്ഡിപിഐ പ്രവർത്തകരാണ്. നേരത്തെയും പ്രദേശത്ത് സ്‌ഫോടനം നടന്ന് പശുവിന് പരിക്കേറ്റിരുന്നു. അന്നുതന്നെ തങ്ങൾ വിശദമായ അന്വേഷണം നടത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു (പാലക്കാട് വീട്ടിനുള്ളിലെ സ്‌ഫോടനം: എസ്ഡിപിഐക്കെതിരെ സി കൃഷ്ണകുമാർ, ‘സ്‌ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിൽ’, സെപ്തംബർ 5, ഏഷ്യാനെറ്റ്)
നിഷേധിച്ച് എസ്ഡിപിഐ
എന്നാൽ സ്‌ഫോടനം നടന്ന വീട്ടിൽ താമസിക്കുന്ന എല്ലാവരെയും വളരെ മുമ്പു എസ്ഡിപിഐയിൽ നിന്നും പുറത്താക്കിയതാണെന്നാണ്, എസ്.ഡി.പി.ഐയും അവകാശപ്പെട്ടു. പാലക്കാട് സ്‌കൂളിലുണ്ടായ സ്‌ഫോടനമുയർത്തിയ ചോദ്യങ്ങളിൽനിന്ന് തലയൂരാനാണ് പുതുനഗരത്തെ സ്‌ഫോടനം എസ്ഡിപിഐയുടെ തലയിലിടുന്നതെന്ന് എസ്ഡിപിഐ പ്രാദേശിക നേതാക്കൾ ആരോപിച്ചു (പാലക്കാട് പൊട്ടിതെറിച്ചത് പന്നിപടക്കം; സ്‌ഫോടനത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി നേതാവ്, സെപ്തംബർ 4, മീഡിയാവൺ; പാലക്കാട് പുതുനഗരത്ത് എസ് ഡി പി ഐ പ്രവർത്തകരുടെ വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം : പോലീസ് കേസെടുത്തു, സെപ്തംബർ 5, ജന്മഭൂമി).
9. ഓപ്പറേഷൻ സിന്ദൂർ പൂക്കളം, ജമാഅത്തെ ഇസ്ലാമി
കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ തിരുവോളനാളിൽ ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി ബിജെപി-ആർഎസ്എസ് പ്രവർത്തകർ പൂക്കളമിട്ടു. പിന്നാലെ പൂക്കളം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്ഥലത്തെത്തി. പൂക്കളം ഉടൻ മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ പൂക്കളം മാറ്റില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നതോടെ വാക്കുതർക്കമായി. പൊലീസ് കേസ് എടുക്കുകയായിരുന്നു. ആർഎസ്എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്.
പൊലീസ് നൽകുന്ന വിശദീകരണമനുസരിച്ച് ക്ഷേത്രപരിസരത്ത് വെറുതേ പൂക്കളമിടുകയല്ല യുവാക്കൾ ചെയ്തത്. ബിജെപിയുടെ ചിഹ്നം വരച്ച പൂക്കളമാണ് ഇട്ടത്. പൂക്കൾ കൊണ്ടുള്ള ഈ എഴുത്ത് മായ്ച്ചു കളയണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതാണ് ആർഎസ്എസ് അനുഭാവികൾ നിഷേധിച്ചത്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയപാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് ഇവർക്കെതിരേ ചുമത്തിയ കേസ്. ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലക്സ് സ്ഥാപിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.
ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി ക്ഷേത്രമുറ്റത്ത് ഇട്ട പൂക്കളം നീക്കം ചെയ്യണമെന്ന ഭരണ സമിതിയുടെയും പൊലീസിന്റെയും ആവശ്യം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമെന്നാണ് ബിജെപിയുടെ വിമർശനം. പൂക്കളത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നാണ് അവരുടെ വാദം (ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളം; കേസ് എടുത്ത് പൊലീസ്, വിവാദം, സെപ്തംബർ 6, മലയാള മനോരമ).
ഭാരതമാതയെന്ന് കേൾക്കുമ്പോൾ വിറളി പിടിക്കുന്നു
ഭാരതമാത എന്ന് കേൾക്കുമ്പോൾ, ഗുരുപൂജ എന്ന് കേൾക്കുമ്പോൾ വിറളി പിടിക്കുന്നവർക്ക് ഭാരതത്തിന്റെ അഭിമാന പോരാട്ടമായ ഓപ്പറേഷൻ സിന്ദൂറിന്റെ പേര് കേൾക്കുമ്പോൾ എങ്ങനെ സഹിക്കുമെന്നാണ് ഇതേ കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു ഫേസ്ബുക്കിൽ കുറിച്ചത് (സെപ്തംബർ 6, ഫേസ്ബുക്ക്/ ആർ.വി ബാബു)
കുപ്രചാരണത്തിനെതിരേ പൊലീസ്
പൂക്കളമിട്ടതിന് കേസെടുത്തു എന്ന പ്രചാരണം ശക്തമായപ്പോൾ അതിനെതിരേ കേരള പൊലീസ് രംഗത്തുവന്നു. കേസ് പൂക്കളമിട്ടതിനല്ലെന്നും കോടതിയുടെ വിധി മറികടന്ന് ക്ഷേത്രത്തിലേക്ക് കയറുന്ന പ്രധാന കവാടം തടസ്സപ്പെടുത്തിയതിനും കൊടിതോരണങ്ങൾ കെട്ടിയതിനുമാണെന്ന് അവർ വ്യക്തമാക്കി: എഫ്‌ഐആറിൽ പറയുന്നത് ഇങ്ങനെ: ‘സെപ്തംബർ 4, 2025 രാത്രി ഒൻപത് മണിയോടെ ശാസ്താംകോട്ട മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് കയറുന്ന പ്രധാന വഴിയിൽ ക്ഷേത്ര കമ്മിറ്റിയുടെ അനുവാദമില്ലാതെ അത്തപ്പൂക്കളവും പൂക്കൾ കൊണ്ട് ആർഎസ്എസിന്റെ കൊടിയേ സൂചിപ്പിക്കുന്ന വിധമുള്ള കൊടി നിർമ്മിച്ചതിനും ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ ദൂരം മാറി ഛത്രപതി ശിവജിയുടെ പടം വെച്ച് ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചതിനുമാണ് കേസ് (ക്ഷേത്രത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി പൂക്കളമിട്ടതിന് കേസെടുത്തോ?, സാബ്ലു തോമസ്, ന്യൂസ് ചെക്കർ, സെപ്തംബർ 8).
പൊലീസ് മുന്നറിയിപ്പ്
വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു (ശാസ്താംകോട്ട മുതുപിലാക്കാട് ക്ഷേത്രമുറ്റത്തെ പൂക്കളം; കേസെടുത്തെന്നത് വ്യാജ പ്രചാരണമെന്ന് പൊലീസ്, സെപ്തംബർ, സെപ്തംബർ 6, മനോരമ).
എന്നാൽ പൊലീസിന്റെ മുന്നറിയിപ്പ് വന്നെങ്കിലും ബിജെപി നേതാക്കൾ അവരുടെ വിദ്വേഷപ്രചാരണം തുടർന്നു.
നടപടി മുസ്ലീം മതതീവ്രവാദ പ്രീണന ഭരണത്തിന്റേത് (സെപ്തംബർ 6)
ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിനെതിരെ നടപടിയെടുത്തതിൽ ഗൂഢാലോചനയുണ്ടെന്നും ഇവിടത്തെ മുസ്ലീം മതതീവ്രവാദ പ്രീണന ഭരണമാണ് കേസെടുത്തിരിക്കുന്നതെന്ന് തത്വമയി ന്യൂസ് ആരോപിച്ചു (ഓപറേഷൻ സിന്ദൂർ പൂക്കളം.. തകർത്തതിന് പിന്നിൽ വൻ ഗൂഢാലോചന, സെപ്തംബർ 6, തത്വമയി ന്യൂസ്)
കേരളം ഭരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയോ?
കൊല്ലം മുതുപിലാക്കാട് ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ തയ്യാറാക്കിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഓണപ്പൂക്കളത്തിനെതിരെ കേസെടുത്ത പോലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളം ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണോ, അതോ പാകിസ്ഥാൻ ഭരണത്തിലാണോ കേരളമെന്നും ബിജെപി അധ്യക്ഷൻ ചോദിച്ചു. എത്രയും വേഗം എഫ്‌ഐആർ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ കേരളാ പോലീസിനെതിരെ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു: നാട്ടിലെത്തിയ സൈനികനെതിരേയും കേസെടുത്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഓണപ്പൂക്കളം ഇട്ടതിനെതിരെ പോലീസ് കേസെടുക്കുന്നത്. ആചാര അനുഷ്ഠാനങ്ങൾ പോലും പാലിക്കാൻ അനുവദിക്കുന്നില്ല-അദ്ദേഹം ആരോപിച്ചു (ഓണപ്പൂക്കളത്തിനെതിരെ കേസെടുത്ത പോലീസ് നടപടി ഞെട്ടിക്കുന്നത്: രാജീവ് ചന്ദ്രശേഖർ, സെപ്റ്റംബർ 7, ജന്മഭൂമി).
പാകിസ്താനിൽ നിന്നുള്ള നിർദേശമോ?
കേസിനെതിരേ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തി. കേരള പോലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി മാർച്ചിൽ പങ്കെടുത്തുകൊണ്ട് ആരോപിച്ചു. കേരള പൊലീസ് പ്രവർത്തിക്കുന്നത് എകെജി സെന്ററിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് മാത്രമാണ്. അതാണ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴേണ്ടി വരുന്നത്. ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂർ മൂഡിലാണ്. അതിനെതിരെ നിൽക്കുന്നവരെ രാജ്യദ്രോഹികളായി തന്നെ കണക്കാക്കും. കേരള പോലീസ് പ്രവർത്തിക്കുന്നത് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ആണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു (ഓപ്പറേഷൻ സിന്ധൂർ പൂക്കളം: കേസ് എടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച്, സെപ്തംബർ 8, മനോരമ).
10. വിവാഹപ്രായം, മുസ്ലീം ജനസംഖ്യ, ലൗ ജിഹാദ്
15 വയസ്സ് പൂർത്തിയായ മുസ്ലീം പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ ഫയൽ ചെയ്ത സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ആഗസ്റ്റ് 19 ന് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ആർ. മഹാദേവൻ എന്നിവർ തള്ളി. ഇതേ കുറിച്ച് കേസരി വാരികയിൽ അഡ്വ. രതീഷ് ഗോപാലൻ ഒരു ലേഖനം എഴുതി. ഈ വിധി മുസ്ലീം പെൺകുട്ടികൾക്കിടയിൽ കൗമാര ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കാനും ജനസംഖ്യ വർധിക്കാനും കാരണമാവുമെന്നായിരുന്നു ലേഖനം വാദിച്ചത്: ആർത്തവം വന്നവരും, എന്നാൽ പതിനെട്ടു വയസ്സ് പൂർത്തിയാകാത്തതുമായ മുസ്ലീം പെൺകുട്ടികൾക്കിടയിൽ കൗമാര ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കാൻ ഈയൊരു വിധി കാരണമാകും. കാരണം വൈവാഹിക പങ്കാളി ഒഴികെയുള്ളവരുമായി അവിഹിത ബന്ധം കുറ്റകരമല്ല എന്നുള്ള സുപ്രീം കോടതി വിധി വന്നതോടെ സമൂഹത്തിലും, കുടുംബബന്ധങ്ങളിലും അത് എത്രമാത്രം പ്രത്യാഘാതങ്ങൾ ഉണ്ടാക്കി എന്നുള്ളത് രാജ്യത്തെ കുടുംബ കോടതികളിൽ വർദ്ധിച്ചു വരുന്ന വിവാഹമോചന കേസുകളുടെ കാര്യത്തിലും, നിത്യേന പത്രങ്ങളിൽ വായിക്കുന്ന അവിഹിത ബന്ധങ്ങളുടെ ഫലമായി ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ നിന്നും നാം മനസ്സിലാക്കുന്നതാണ്. വിവാഹിതയായ പതിനെട്ടു വയസ്സ് പൂർത്തിയാകാത്ത സഹപാഠിയായ മുസ്‌ലീം പെൺകൂട്ടി അനുഭവിച്ചറിയുന്ന രതിസുഖം തനിക്കും അറിയണമെന്ന് തോന്നി ഇതരമതസ്ഥരായ പ്ലസ് ടൂ വിദ്യാർത്ഥികൾ ഈയൊരു ലൗ ജിഹാദ് പാരമ്യത്തിൽ നിൽക്കുന്ന കാലഘട്ടത്തിൽ മുസ്ലീം മതത്തിലേക്ക് മതം മാറിപ്പോയാൽപ്പോലും അതിശയിക്കാനില്ല. ഫലത്തിൽ ഈയൊരു സുപ്രീം കോടതി വിധി ലൗ ജിഹാദിന് പ്രോത്സാഹനമേകും. ആർത്തവത്തോടെ പ്രായപൂർത്തിയെത്തുന്ന മുസ്ലീം യുവതികൾ പ്രസവിക്കാൻ തയ്യാറായാൽ അത് ഭാരതത്തിൽ മുസ്ലീം മതസ്ഥർക്കിടയിൽ ജനസംഖ്യ വിസ്‌ഫോടനത്തിനു ഇടയാക്കും (നീതിപീഠം മതനിയമങ്ങൾക്ക് കീഴ്‌പ്പെടുന്നുവോ, അഡ്വ. രതീഷ് ഗോപാലൻ, സെപ്തംബർ 5, കേസരി വാരിക).
11. മാടായിപ്പാറ ഫലസ്തീൻ അനുകൂല പ്രകടനം
കണ്ണൂർ മാടായിപ്പാറയിൽ ഫലസ്തീൻ അനുകൂലപ്രകടനം നടത്തിയ ജിഐഒ പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. പ്രകടനം നടന്നതിൽ പ്രദേശത്തെ ചില സംഘടനകൾക്ക് എതിർപ്പുണ്ട് എന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ നടപടി. ഏത് സംഘടനകൾക്കാണ് എതിർപ്പുള്ളത് എന്ന് വ്യക്തമല്ല. ജിഐഒ നേതാവ് അഫ്ര ശിഹാബിനും കണ്ടാലറിയുന്ന 29 ഓളം ജിഐഒ പ്രവർത്തകർക്കുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
സെപ്റ്റംബർ 5 ന് വൈകീട്ടായിരുന്നു മാടായിപ്പാറയിൽ പരിപാടി നടന്നത്. പിറ്റേ ദിവസമാണ് പൊലീസ് കേസെടുത്തത്. മാടായിപ്പാറ പരിസ്ഥിതി ലോല പ്രദേശമാണെന്നും സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നും എഫ്ഐആറിൽ പരാമർശം ഉണ്ടെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വകുപ്പുകൾ അല്ല എഫ്ഐആറിൽ ചുമത്തിയത്. നിയമ വിരുദ്ധമായി സംഘം ചേരുക, സമൂഹത്തിൽ സ്പർദ്ധ വളർത്തുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. യാതൊരു അനുമതിയും ഇല്ലാതെയാണ് പ്രകടനം നടത്തിയതെന്നും എഫ്‌ഐആറിൽ ഉണ്ട്. പലസ്തീൻ സ്വതന്ത്രമാക്കുക, ഇസ്രായേൽ ഭീകര രാഷ്ട്രം, അധിനിവേശം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്. ഒരേസമയം ഫലസ്തീൻ അനുകൂലമാണെന്ന് പറയുകയും എന്നാൽ ഫലസ്തീന് വേണ്ടി മുദ്രാവാക്യം മുഴക്കുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന്റെ ഇരട്ടത്താപ്പ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നുവെന്ന് ജി ഐ ഓ മുൻ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്‌മദ് പ്രതികരിച്ചു (ഫലസ്തീൻ അനുകൂല പ്രകടനം, കണ്ണൂരിൽ മുപ്പതോളം ജിഐഒ പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്, സെപ്തംബർ 6, മഖ്ദൂബ് മലയാളം; (ഫലസ്തീൻ അനുകൂല പ്രകടനം; കണ്ണൂരിൽ ജിഐഒ പ്രവർത്തകർക്ക് എതിരെ പോലീസ് കേസ്, സെപ്റ്റംബർ 6, മീഡിയവൺ).
പൊലീസ്എഫ്‌ഐആർ:
തിരുവോണ ദിവസം (സെപ്റ്റംബർ 5) ഉച്ചയ്ക്ക് ശേഷം 5:45 പിഎം മടായി തിരുവർക്കാട്ട് (മലബാർ) ദേവസ്വത്തിന്റെയും-വടുകുന്ദ ശിവക്ഷേത്രത്തിന്റെയും അധീനതയിൽ ഉള്ള വിശ്വാസ പ്രധാന്യമുള്ള മാടായിപ്പാറയിൽ ഓണാഘോഷത്തിന്റെ ഭാഗമായി സന്ദർശനത്തിനെത്തിയ വിശ്വാസികളുടെയും മറ്റുള്ളവരുടെയും ഇടയിലേക്ക് – മുൻകൂർ പൊലീസ് അനുമതി ഇല്ലാതെ പ്രകോപനപരമായി കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ എന്ന ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടനയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് പ്രകോപനപരവും ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ പ്രകടനവും മറ്റും നടത്തി ക്രമസമാധാന ഭംഗം ഉണ്ടാക്കാൻ ശ്രമിച്ചു.
മാടായിപ്പാറയിലൂടെ പാരിസ്ഥിതിക പ്രാധാന്യമുള്ള ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ളതുമായ മാടായിപ്പാറയിൽ യാതൊരു അനുമതിയുമില്ലാതെയാണ് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ എന്ന സംഘടനയിൽപ്പെട്ടവർ സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ, വിവിധ കൊടികളും ബാനറുകളും ഉയർത്തികാട്ടി മാടായിപ്പാറയിലൂടെ പ്രകടനമായി നടന്ന് പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചത്. ഇതിൽ വിവിധ സംഘടനയിൽപ്പെട്ട ആളുകൾക്ക് എതിർപ്പുണ്ടെന്ന് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ഈ വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പലരും പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തി. ചില മാതൃകകൾ താഴെ നൽകുന്നു:
ഹിന്ദുവിന്റെ നെഞ്ചത്തെ ഒപ്പന
ഹിന്ദുവിന്റെ നെഞ്ചത്തെ ഒപ്പന. മാടായിക്കാവ് ക്ഷേത്രം വക മാടായി പാറയിൽ ജിഹാദികൾ ഇന്നലെ നടത്തിയ ഒപ്പന മതേതര ഹിന്ദുക്കൾ കൺകുളിർക്കേ കണ്ടാട്ടേ. പ്രതികരിക്കാനാവാതെ അന്തം വിട്ട് നിൽക്കുന്ന ഭക്തരെയും കാണാം (സെപ്തംബർ 6, ഫേസ്ബുക്ക്/ അഡ്വ. കൃഷ്ണരാജ്).


ദേവസ്വംഭൂമി, കലാപശ്രമം, ഹിന്ദുത്വ താലിബാൻ
മാടായിപ്പാറ അറുനൂറോളം ഏക്കർ വ്യാപിച്ച് കിടക്കുന്ന ദേവസ്വംഭൂമി… തങ്ങളുടെ വൈകുന്നേരങ്ങളിൽ ആ നാട്ടിലെ മിക്ക മനുഷ്യരും കാറ്റ് കൊള്ളാനും ഇത്തിരി നേരം സമാധാനത്തോടെയിരിക്കാനുമൊക്കെഎത്തുന്ന മനോഹരമായ ഒരിടം… തിരുവോണദിവസം… വൈകുന്നേരം പതിവിലധികം ആളുകളുണ്ട്…
അതിൽ എല്ലാ മതക്കാരുമുണ്ട്… അവർ മനുഷ്യർ ആഘോഷിച്ച ഓണച്ചിരികളുമായി കല പില കൂട്ടിക്കൊണ്ടിരിക്കെ അവർക്കിടയിലേക്ക് ഒരു പ്രകടനം…
പാതയും വിട്ട് മാറിയിരിക്കുന്ന ആ ചെറിയ ചെറിയ സന്തോഷക്കൂട്ടങ്ങൾക്കിടയിലേക്ക് കടന്നു വന്ന്, ഓരോ കൂട്ടത്തെ നോക്കിയും ഫ്രീ ഫ്രീ ഫലസ്തീൻ എന്ന് വിളിച്ച് ആക്രോശിക്കുകയാണ്… അവിടെയിരിക്കുന്ന ആ സാധമനുഷ്യരാണ് ഫലസ്തീനെ ആക്രമിക്കുന്നതെന്നു തോന്നിപ്പോകും… ഇന്ന് വരെ ഒരു പാർട്ടിയും സംഘടനയും ഒരു രാഷ്ട്രീയപരിപാടിയും പ്രകടനവും നടത്തിയ ചരിത്രമില്ലാത്ത ആയിടത്തവർ പരമാവധി പ്രോകോപനമുണ്ടാക്കാൻ ശ്രമിച്ചിട്ടും അവിടെയൊന്നും സംഭവിക്കാതെ, ഇപ്പോൾ കേസിൽ പ്രതിയായ കരച്ചിലായി മാറിയത് അപ്പോഴവിടെയുള്ള മനുഷ്യരുടെ സംയമനം ഒന്ന്‌കൊണ്ട് മാത്രമാണ്….
പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീൻ വിഷയത്തിൽ പ്രകടനം നടത്താൻ തിരുവോണദിവസം ദേവസ്വം ഭൂമി തന്നെ തിരഞ്ഞെടുത്ത ആ പെൺക്കൂട്ടത്തിന്റെ പേരാണ് ജമാഅതെ ഇസ്ലാമി….അതേ ഭൂമിയിൽ കയ്യേറ്റം നടത്തി സ്ഥാപനങ്ങൾ നടത്തുന്നു എന്ന ആരോപണവും കേസും നേരിടുന്നുണ്ട് ഇക്കൂട്ടരെന്നു കൂടിയോർക്കണം…(സെപ്തംബർ 6, ഫേസ്ബുക്ക്/ ജമാൽ മേലേതിൽ)
ഇതേ ഐഡിയിൽ നിന്നുള്ള മറ്റൊരു പ്രതികരണം:
വിവിധ ഇടങ്ങളിൽനിന്നെത്തി കൂട്ടംകൂടി മുദ്രാവാക്യം വിളിക്കാൻ അവരിൽ ആവേശം നിറച്ചത് ഫലസ്തീൻപ്രേമമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ… മാടായിപ്പാറ… ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ മുസ്ലീം സ്ത്രീകളെ ദേവസ്വഭൂമിയിൽ ആക്രമിച്ചു എന്നൊരൊറ്റ നുണയിലൂടെ, നബിദിനവും തിരുവോണവും അലങ്കോലമാക്കി, എക്കാലത്തും അതൊരു കലാപത്തിന്റെ ഉണങ്ങാത്ത മുറിവാക്കി മാറ്റാനുള്ള ആസൂത്രിത പദ്ധതിയാണ് തകർന്നു പോയത്… ആദ്യവും അവസാനവും അതൊരു ചുവന്ന മണ്ണാണ്… ഹിന്ദുത്വതാലിബാനു കഴിയാത്തത് ജമാഅതേ ഇസ്ലാമിക്കും കഴിയാതെപോയത് അത്‌കൊണ്ട് മാത്രമാണ്… മാടായിപ്പാറ ഒരു മനുഷ്യപ്പാറ കൂടിയാണ് (സെപ്തംബർ 8, ഫേസ്ബുക്ക്/ ജമാൽ മേലേതിൽ).
ദേവസ്വം ഭൂമിയിലെ പ്രകടനം, വിഷ ജന്തുക്കൾ
എന്താണ് ജമാഅത്തെ ഇസ്ലാമി അഥവാ എന്ത് മാത്രമാണ് ജമാ അത്തെ ഇസ്ലാമി എന്ന് കാണിച്ചു തന്നതാണ് തിരുവോണ ദിവസം മാടായി പാറയിൽ ഫലസ്തീന്റെ പേരിൽ അവർ നടത്തിയ പ്രകടനം. മാടായിയിലും പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആർക്കും അറിയാവുന്ന കാര്യമാണ് മാടായി പാറയിലെ ആരാധനാലയവും ചുറ്റുമുള്ള ഭൂമിയും ദേവസ്വം അധീനതയിലുള്ളതുമാണെന്ന്. അങ്ങനെയൊരു സ്ഥലത്ത് തിരുവോണനാളിൽ ഏറെ ജനത്തിരക്കുള്ള സമയത്ത് അനുമതിയില്ലാതെ ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടനയായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഫലസ്തീൻ ഐക്യദാർഢ്യമെന്ന പേരിൽ പ്രകടനം നടത്തിയാൽ നാട്ടിലത് എങ്ങനെ സ്വീകരിക്കപ്പെടുമെന്നും എന്തായിരിക്കും അതിന്റെ അനുരണനങ്ങൾ എന്നും അറിയാത്തവരല്ല അതിന്റെ നേതൃത്വവും പ്രവർത്തകരും… ഐക്യത്തോടെ ജീവിക്കുന്ന സമൂഹത്തിൽ കുത്തിത്തിരിപ്പുണ്ടാക്കി വിഷവിത്തുകൾ പാകി വർഗ്ഗീയമായി വിഭജിക്കുക എന്നതാണ് എല്ലാ കാലത്തും സംഘപരിവാറും ഇസ്ലാമിക സംഘപരിവാറായ ജമാ അത്തെ ഇസ്ലാമിയും ചെയ്തിട്ടുള്ളത്. പിളരുന്തോറും വളരുന്ന കേരള കോൺഗ്രസ് പഴഞ്ചൊല്ല് പോലെ, സമൂഹത്തിന്റെ സെക്കുലർ ഹാർമണി പിളർത്തി അതിൽ നിന്നും വളർച്ച കാംക്ഷിക്കുന്ന വിഷ ജന്തുക്കൾ (സെപ്തംബർ 7, ഫേസ്ബുക്ക്/ ശ്രീകാന്ത് പി.കെ)
ഫലസ്തീൻ അല്ല പാലസ്തീൻ
ഈ കുറിപ്പിൽ മാധ്യമപ്രവർത്തക രേണു രാമനാഥ് ഇങ്ങനെ കമന്റ് ചെയ്തു: പാലസ്തീൻ, അല്ലെങ്കിൽ പാലസ്‌റ്റൈൻ എന്ന് തന്നെ പറയുക എന്നതും പ്രധാനമാണു ശ്രീകാന്തെ…. ഫലസ്തീൻ എന്ന ‘അറബിവൽകൃത’ കൃത്രിമ വാക്ക് മൗദൂദികൾ പ്രചരിപ്പിക്കുന്നതാണു. പിഎൽഓ ആണു, എഫ്എൽഒ അല്ല. അതായത്, പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ആണ്, പിഎൽഒ. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നല്ല യാസർ അരാഫത്ത് പറഞ്ഞത്. അതേപോലെ, പിഎഫ്എൽപി പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ എന്നാണ്. ലിബറേഷൻ ഓഫ് ഫലസ്തീൻ അല്ല. ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് ഉപയോഗിക്കണമെന്ന് വാശിപിടിക്കുന്നതു പോലെയാണു, പാലസ്തീൻ എന്നല്ല, ഫലസ്തീൻ എന്നാണു ശരി എന്ന വാശി (സെപ്തംബർ 7, ഫേസ്ബുക്ക്/ ശ്രീകാന്ത് പി.കെ)
ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം
പലസ്തീന് വേണ്ടിയുള്ള മതേതര ശബ്ദത്തെ പ്രതിഛായ ഭീതിയിൽ കുരുക്കാനുള്ള അവസാന ആണിയാണ് ഇന്നലെ മാടായിപ്പാറയിൽ നടന്ന ഇസ്ലാമിസ്റ്റ് വനിതാ റാലി. പലസ്തീനിലെ മരിച്ചതും ജീവിക്കുന്നതുമായ രക്തസാക്ഷികളെയും അധിനിവേശ ഇരകളെയും ഈ കൂട്ടം രാഷ്ട്രീയമായി ഒറ്റുകൊടുക്കുകയാണ്.
എവിടെ തൊട്ടാലും മുറിയുന്ന വാളാണ് ഇസ്ലാമിസ്റ്റുകളുടെ വ്യാജ പലസ്തീൻ പ്രകടനം. അറസ്റ്റ് ചെയ്താലും അനങ്ങാതെ വിട്ടാലും പ്രതിഷേധം ഉയർന്നാലും എല്ലാം അവർക്ക് ലാഭമാണ്. ഇസ്ലാമിസ്റ്റുകൾക്ക് വെളിയിൽ പലസ്തീൻ രാഷ്ട്രീയത്തിന്റെ ക്രെഡിബിലിറ്റി തകർക്കുകയാണ് അവരുടെ ലക്ഷ്യം.
ഇസ്ലാമിസ്റ്റുകളുടെ പ്രവർത്തികളെ ഓരോന്നിനെയും എതിർത്തുകൊണ്ട് അവരെ തളർത്താൻ കഴിയില്ല. അവരുടെ അടിസ്ഥാനങ്ങൾ ഇല്ലാതാവേണ്ടതാണ്. ജമായത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള അവരുടെ പ്രസ്ഥാനങ്ങൾ രാജ്യത്ത് നിരോധിക്കപ്പെടേണ്ടവയാണ്….സർവ്വ മനുഷ്യരാലും വെറുക്കപ്പെടുന്ന ആ കൂട്ടം വളരെ വ്യാജമായി പലസ്തീനെ ഏറ്റെടുത്തുകൊണ്ട് അതൊരു ആഗോള ഇസ്ലാമിക പ്രശ്‌നം ആണെന്ന് മനുഷ്യരെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ് (സെപ്തംബർ 8, ഫേസ്ബുക്ക്/ ജോജി വർഗീസ്)
പ്രകടനത്തിനെതിരെ ബിജെപിയും
മാടായിപ്പാറയിലെ പ്രകടനത്തിനെതിരേ ബിജെപി പ്രകടനം നടത്തി. പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു ഇവർ വിളിച്ചിരുന്നത്. രാജ്യദ്രോഹികൾക്ക് കയറി മേയാനുള്ള ഇടമല്ല മാടായിപ്പാറയെന്നായിരുന്നു ഒരു മുദ്രാവാക്യം.
ചിറക്കൽ കോവിലകത്തിന്റെ കീഴിൽ ഉള്ള ഭൂമിയിൽ ആണ് പലസ്തീൻ അനുകൂല പ്രകടനം നടന്നത്. മാടായിയിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പിന്നീട് ബിജെപി പ്രവർത്തകർക്കെതിരേയും പൊലിസ് കേസെടുത്തു.
(മാടായിപ്പാറയില്‍ ജി.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപന മുദ്രാവാക്യം; ബി.ജെ.പി നോര്‍ത്ത് ജില്ല പ്രസിഡന്റടക്കം 40 പേര്‍ക്കെതിരെ കേസ്, സെപ്തംബര്‍ 9, മാധ്യമം; മാടായിപ്പാറയിലെ പലസ്തീന്‍ അനുകൂല പ്രകടനം; വിഷയം സംസ്ഥാന തലത്തില്‍ ഉയര്‍ത്താന്‍ ഒരുങ്ങി ബിജെപി, സെപ്തംബര്‍ 8, ഇടിവി ഭാരത്)
ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായിക്കാവ് ക്ഷേത്രത്തിലെ ദേവസ്വം വക ഭൂമിയില്‍ എവിടെയോ കിടക്കുന്ന ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മതമൗലികവാദികള്‍ പ്രകടനം നടത്തിയപ്പോള്‍ കേരള പൊലീസിന് മൗനം പാലിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി പ്രതികരിച്ചു. (മാടായിപ്പാറയിലെ പലസ്തീന്‍ അനുകൂല പ്രകടനം; വിഷയം സംസ്ഥാന തലത്തില്‍ ഉയര്‍ത്താന്‍ ഒരുങ്ങി ബിജെപി, സെപ്തംബര്‍ 8, ഇടിവി ഭാരത്)
വാദങ്ങള്‍ തെറ്റ്
മാടായിപ്പാറ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന പേരില്‍ അബ്ദുള്ള അന്‍സാരി മാടായിപ്പാറയിലെ പ്രകടനത്തെ വിവാദമാക്കിയത് ബോധപൂര്‍വമാണെന്ന് എഴുതി:
കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കുന്നിന്‍ പ്രദേശമാണ് മാടായിപ്പാറ. പ്രദേശം മൊത്തം ദേവസ്വം ഭൂമിയല്ല. ഏകദേശം 600 ഏക്കര്‍ വരുന്ന പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമായ ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്. അവ കൃത്യമായി മതില്‍കെട്ടി തിരിച്ചിട്ടുമുണ്ട്. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ. കോളേജ്, ഹൗസിങ്ങ് കോളനി, ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള വാദിഹുദ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇതില്‍ മാടായി കോളേജടക്കം പല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് കേസ് നടത്തുന്നുണ്ട്. ടൂറിസം വകുപ്പിന്റെ അജണ്ട പ്രകാരം ജൂതക്കുളം, മാടായിക്കോട്ട ഉള്‍പ്പെടെയുള്ള കുന്നിന്‍ പ്രദേശം ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള മേഖലയാണ്. ഒഴിവുദിവസങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ സന്ദര്‍ശനം നടത്തുന്ന, വിവിധ വിഷയങ്ങളില്‍ ക്യാമ്പുകളും സെമിനാറുകളും ചര്‍ച്ചകളും നടക്കുന്ന പൊതു ഇടമാണ് മാടായിപ്പാറ. പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശം സംരക്ഷണത്തിനുവേണ്ടിയും പ്രദേശത്ത് നടക്കുന്ന ഖനനം ഉള്‍പ്പെടെയുള്ള നശീകരണത്തിനെതിരെയും നിരവധി പ്രക്ഷോഭങ്ങള്‍ നടന്ന പ്രദേശം കൂടിയാണ് ഇത്. ഇത്തരമൊരു പൊതു ഇടത്തെയാണ് ദേവസ്വം ഭൂമിയെന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുന്നതും, സങ്കുചിത രാഷ്ട്രീയ, സാമുദായിക ലക്ഷ്യം വച്ച് മറ്റു ചിലര്‍ മുതലെടുപ്പ് നടത്തുന്നതും (സെപ്തംബര്‍ 8, ഫേസ്ബുക്ക്/ അബ്ദുല്ല അന്‍സാരി)
പരാതി നല്‍കിയത് ദേവസ്വം ബോര്‍ഡല്ല
വിദ്യാര്‍ത്ഥിനികളുടെ പ്രകടനത്തിന് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ല എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ആരോപണം ശരിയാണെങ്കില്‍ ഈ വിഷയത്തില്‍ വേണമെങ്കില്‍ പോലീസിന് കേസ് ഫയല്‍ ചെയ്യാം. നിയമപരമായി നിലനില്‍ക്കില്ലെന്നു ബോധ്യപ്പെട്ടത് കൊണ്ടാവണം, ദേവസ്വം ഭൂമിയിലെ പരിപാടി നടത്തി എന്ന ആക്ഷേപം പിന്നീട് ഒഴിവാക്കിയതായി പറയപ്പെടുന്നു. ദേവസ്വം ഭൂമിയെന്ന അവകാശവാദത്തില്‍ പരാതി നല്‍കിയത് ഹൈന്ദവ വിശ്വാസിയോ ദേവസ്വം ബോർഡോ അല്ല; ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് എന്നതാണ് രസകരമായ വസ്തുത. ബോധപൂര്‍വ്വം കുളം കലക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാനും ശ്രമിക്കുന്ന ഒരു വിഭാഗം ക്രൈസ്തവ സമൂഹത്തിനിടയില്‍ പൂര്‍വാധികം ശക്തി പ്രാപിച്ചിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് (സെപ്തംബര്‍ 8, ഫേസ്ബുക്ക്/ അബ്ദുല്ല അന്‍സാരി).
ഹിന്ദുത്വ നുണകള്‍
‘മാടായിപ്പാറയിലെ ഹിന്ദുത്വ നുണകള്‍’ എന്ന ശീര്‍ഷകത്തില്‍ നിശാന്ത് പരിയാരം ഇങ്ങനെ എഴുതി: കേസ് വിവാദമായതോടെ മാടായിപ്പാറ ദേവസ്വം ഭൂമിയാണെന്ന കാര്യം വലിയ രീതിയില്‍ അന്തരീക്ഷത്തിലെത്തി. റവന്യൂ രേഖകള്‍ പ്രകാരം ദേവസ്വത്തിന്റെതായ മാടായിപ്പാറയെ ഒരു പടികൂടി കടന്ന് ക്ഷേത്ര ഭൂമി എന്ന് വിശേഷിപ്പിക്കുന്ന ചില ക്യാപ്‌സ്യൂളുകളും കണ്ടിരുന്നു. റവന്യൂ രേഖകള്‍ പ്രകാരം ദേവസ്വം ആയ ഭൂമികളെ ക്ഷേത്ര ഭൂമി എന്ന് വിശേഷിപ്പിക്കുന്നതിലെ അപകടം മേല്‍ പറഞ്ഞ കക്ഷികള്‍ തിരിച്ചറിയുന്നുണ്ടോ എന്നത് സംശയമാണ്. കാരണം ക്ഷേത്ര ഭൂമി എന്ന വിശേഷണം ചാര്‍ത്തപ്പെട്ടാല്‍ വേണമെങ്കില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’, ‘പുല, വാലായ്മ ഉള്ളവര്‍ക്ക് പ്രവേശനമില്ല’, ‘ആര്‍ത്തവ അശുദ്ധിയുളളവര്‍ക്ക് പ്രവേശനമില്ല’ തുടങ്ങിയ ബോര്‍ഡുകള്‍ കൂടി പ്രത്യക്ഷപ്പെടാന്‍ ഏറെ നാള്‍ കഴിയേണ്ടി വരില്ല. കാവിവല്‍ക്കരിക്കപ്പെട്ട സ്വന്തം പൊലീസ് സംവിധാനത്തെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട ചില സൈബര്‍ സഖാക്കള്‍ പോലും ‘ ക്ഷേത്ര ഭൂമി ‘ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടു.
മാടായിപ്പാറയുടെ വലിയൊരു ഭാഗം ദേവസ്വം ഭൂമി തന്നെയാണ്. പക്ഷേ അവിടെ വിവിധങ്ങളായ സംഘടനകളുടെ പരിപാടികള്‍ നടക്കാറുണ്ട്. ചില സമര പാടികള്‍ പോലും അതിലുണ്ട്. പരിസ്ഥിതി സംഘടനകള്‍ മാത്രമല്ല, കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, സാക്ഷാല്‍ സി പി എം തന്നെയും മാടായി പാറയില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ ദേവസ്വം ഭൂമിയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അന്നൊന്നും ആരും പരിപാടി നടത്താന്‍ അനുവാദം ചോദിച്ച് തിരുവര്‍ക്കാട്ട് ദേവസ്വത്തെ സമീപിച്ചതായി അറിയില്ല.
ജൂതക്കുളം മുതല്‍ പഴയ കോട്ടയുടെ ശേഷിപ്പുകള്‍ വരെയുള്ള അതിവിശാലമായ ആ പാറപ്പരപ്പിനെയാണ് ‘പവിത്രമായ ക്ഷേത്ര ഭൂമി’ എന്നൊക്കെ ഇപ്പോള്‍ വല്ലാത്ത ഊന്നല്‍ കൊടുത്ത് വിശേഷിപ്പിക്കുന്നത്. ജിഹാദികള്‍ ക്ഷേത്ര ഭൂമിയില്‍ ഒപ്പന നടത്തി എന്നൊക്കെയാണ് തീവ്ര ഹിന്ദുത്വ ഹാന്റിലുകള്‍ ഇതിനകം തന്നെ വിശേഷിപ്പിച്ചത് (സെപ്തംബര്‍ 8, ഫേസ്ബുക്ക്/ നിശാന്ത് പരിയാരം)
പൊലീസിനെ തള്ളി സിപിഎം
മാടായിപ്പാറയില്‍ ജിഐഒ നടത്തിയ പലസ്തീന്‍ അനുകൂല പ്രതിഷേധത്തിനെതിരെ സമൂഹസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസെടുത്തവരെ സിപിഎം നേതാക്കള്‍ തള്ളിപ്പറഞ്ഞു. കണ്ണൂരില്‍ നടന്ന സിപിഎം വിശദീകരണയോഗത്തില്‍ കെ.കെ രാഗേഷാണ് ഇത് ചെയ്തത്. തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്ഐആര്‍ ഇട്ടത്. അതിനെ സിപിഎം അനുകൂലിക്കുന്നില്ല. പലസ്തീന് എതിരായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ എന്നും പ്രതിരോധിച്ച പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുടെ മതേതര സര്‍ട്ടിഫിക്കറ്റ് വേണ്ടെ. ജമാഅത്തെ ഇസ്ലാമി അമീര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ച് ഡീല്‍ ഉണ്ടാക്കി. ആ ഡീലിന്റെ ഭാഗമാണ് മാടായിപ്പാറയിലെ പ്രതിഷേധം. ആര്‍എസ്എസിന്റെ മറുവാക്കാണ് ജമാഅത്തെ ഇസ്ലാമിയെന്നും സംഘപരിവാറിന് നേട്ടം ഉണ്ടാക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (മാടായിപ്പാറയിലെ പലസ്തീന്‍ അനുകൂല പ്രതിഷേധം; പൊലീസിനെ തള്ളി സിപിഎം, സെപ്തംബര്‍ 10, മീഡിയാവണ്‍).
മതതീവ്രവാദം ശക്തിപ്പെടുത്താന്‍ ശ്രമം
കണ്ണൂര്‍ ജില്ലയില്‍ മതതീവ്രവാദം ശക്തിപ്പെടുത്താന്‍ ശ്രമമെന്ന് ജന്മഭൂമി എഴുതി. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ.കെ വിനോദ് കുമാറാണ് പാര്‍ട്ടി നിലപാടുകള്‍ വിശദീകരിച്ചത്: ചിറക്കല്‍ ദേവസ്വത്തിന്റെയും മാടായി വടുകുന്ദ ക്ഷേത്രത്തിന്റെയും അധീനതയിലുള്ള മാടായിപ്പാറയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജാതിമതഭേദമന്യേ എല്ലാവരും ആരാധിക്കുന്ന സ്ഥലമായ മാടായിപ്പാറയെ തകര്‍ക്കാന്‍ ജിഹാദികള്‍ നടത്തുന്ന ശ്രമമായാണ് ഇതിനെ കാണേണ്ടത്. അവര്‍ ഉയര്‍ത്തിയ ബാനര്‍ ജിഹാദ് എന്ന് പറഞ്ഞുതന്നെയായിരുന്നു. വാദി ഹുദ സ്‌കൂളില്‍ കുറച്ച് ദിവസങ്ങളായി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ തീവ്രവാദ പ്രവര്‍ത്തനം നടക്കുകയായിരുന്നു. മാടായിപ്പാറയിലെ ഏക്കര്‍ കണക്കിന് ഭൂമി ജമാഅത്തെ ഇസ്ലാമി കയ്യേറിയതാണ്. കയ്യേറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം. സെപ്തംബര്‍ 16ന് വാദി ഹുദ സ്‌കൂളിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു (കണ്ണൂര്‍ ജില്ലയില്‍ മതതീവ്രവാദം ശക്തിപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമി ശ്രമം ജന്മഭൂമി, സെപ്തംബര്‍ 11).
എം.വി ഗോവിന്ദന്‍, വി.ടി ബല്‍റാം
വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ മാടായി ജമാഅത്തെ ഇസ്ലാമി സമ്മേളനത്തില്‍ എം.വി ഗോവിന്ദന്‍ സംസാരിക്കുന്ന ഫോട്ടോ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം പങ്കുവച്ചു. 2004ല്‍ ജമാഅത്തെ ഇസ്ലാമിയുടെ മാടായി ഏരിയാ സമ്മേളനത്തിലാണ് എം.വി ഗോവിന്ദന്‍ സംസാരിച്ചത് (2004ല്‍ നടന്ന ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമ്മേളനത്തില്‍ എം.വി ഗോവിന്ദന്‍ സംസാരിക്കുന്ന ഫോട്ടോ പങ്കുവച്ച് വി ടി ബൽറാം, സെപ്തംബര്‍ 12, മീഡിയാവണ്‍).
12. ഇസ്‌ലാമോഫോബിയയുടെ ഗുണഭോക്താക്കള്‍
ഇടതുപക്ഷത്തിന്റെ ഇസ്‌ലാമോഫോബിയയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി:
നമ്മുടെ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുള്ള ധ്രുവീകരണത്തെ ബിജെപി തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതുപോലെ ഇടതുപക്ഷവും ശ്രമിക്കുന്നു. ഇസ്ലാമോഫോബിക്കായ ഐഡിയോളജിക്കല്‍ പൊസിഷന്‍ എടുക്കുക, മുസ്ലീങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തുക, അതിന്റെ അടിസ്ഥാനത്തില്‍ സാമുദായികമായ വിഭാഗീയമായ സമീപനം കൊണ്ടുവരിക, ആ മട്ടില്‍ ഭൂരിപക്ഷസമുദായത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുക- ഇത് ദേശീയതലത്തില്‍ ബിജെപിയും ആര്‍എസ്എസ്സും വിജയകരമായി നടത്തുന്ന കാര്യമാണ് (മുസ്ലീങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തിയാല്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ചുവരും, അത് തങ്ങള്‍ക്ക് ഗുണമാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു: എന്‍.പി ചെക്കുട്ടി, സെപ്തംബര്‍ 6, മീഡിയാവണ്‍)
13. നബിദിന റാലിക്കെതിരെ കേസ്
കാഞ്ഞങ്ങാട് നബിദിന റാലി നടത്തിയ 200ഓളം പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടന്ന നബിദിന റാലിക്കെതിരെയാണ് കേസ്.
ശനിയാഴ്ച വൈകീട്ടായിരുന്നു റാലി. സംസ്ഥാന പാതയില്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ റാലി നടത്തി പൊലീസിന്റെ ആജ്ഞ ലംഘിച്ച് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തിയെന്നാണ് കേസ് (കാഞ്ഞങ്ങാട് നബിദിന റാലി നടത്തിയ 200ഓളം പേര്‍ക്കെതിരെ കേസ്, സെപ്തംബര്‍ 6, മാധ്യമം).
റാലിയുമായി ആറങ്ങാടി, മാണിക്കോത്ത് ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്കെതിരേയാണ് പൊലീസിന്റെ നിര്‍ദേശം ലംഘിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍, റോഡ് ഉപരോധിക്കല്‍ എന്നീ കുറ്റം ചുമത്തി കേസെടുത്തത്.
ബല്ലാക്കടപ്പുറത്ത് നിന്നും മീനാപ്പീസിൽ നിന്നുമുള്ള നബിദിന റാലികള്‍ക്ക് മാത്രമാണ് കാഞ്ഞങ്ങാട് നഗരത്തിലൂടെ കടന്നുപോകാന്‍ പൊലീസ് അനുമതി നൽകിയിരുന്നത്. ഉച്ചയ്ക്ക് 12-ന് മുന്‍പ് റാലി കടന്നുപോകണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. കോട്ടച്ചേരി മേല്‍പ്പാലത്തിലൂടെ ആദ്യം ബല്ലാക്കടപ്പുറം റാലിയും പിന്നീട് മീനാപ്പീസ് റാലിയും എന്ന ക്രമത്തിലാണ് തീരുമാനിച്ചത്. ഈ രണ്ടു റാലിയും സമയക്രമം പാലിക്കാത്തതിനാല്‍ ശനിയാഴ്ച ഉച്ചമുതല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് തുടങ്ങിയിരുന്നു. കുരുക്ക് ഒഴിവാക്കാന്‍ പോലീസ് പെടാപ്പാടിലായിരിക്കുന്ന സമയത്താണ് ആറങ്ങാടിയിലെയും മാണിക്കോത്തേയും റാലികള്‍ കാഞ്ഞങ്ങാട് നഗരത്തിലെത്തിയത്. ഇതോടെ എല്ലാ റോഡുകളും നിശ്ചലമായി. രണ്ടര മണിക്കൂറിലധികം ഗതാഗതക്കുരുക്കൊഴിയാതെ കിടന്നു-ഇതായിരുന്നു കേസിന്റെ സാഹചര്യം (പൊലീസ് നിര്‍ദേശം ലംഘിച്ച് നബിദിന റാലി: കാഞ്ഞങ്ങാട്ട് 200 പേര്‍ക്കെതിരേ കേസ്, സെപ്തംബര്‍ 7, മാതൃഭൂമി).
14. ഇടുക്കിയിലെ പ്രസവം
ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതെ വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടര്‍ന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലായില്‍ നവജാതശിശു മരിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് സംഭവം. ചാലക്കരപുത്തന്‍വീട്ടില്‍ ജോണ്‍സന്‍-വിജി ദമ്പതിമാരുടെ കുഞ്ഞാണ് തിങ്കളാഴ്ച രാവിലെ 10:30 -ന് വീട്ടില്‍ പ്രസവിച്ച ഉടനെ മരിച്ചത്. സുവിശേഷ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്നയാളാണ് ജോണ്‍സന്‍. വിജി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ആശുപത്രിയില്‍ പോയില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ പല തവണ വീട്ടിലെത്തി ആശുപത്രിയില്‍ പോയി പരിശോധന നടത്തണമെന്നും മരുന്നുകള്‍ കഴിക്കണമെന്നും നിര്‍ദേശിച്ചെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ഇരുവരും. വിജിക്ക് ഞായറാഴ്ച രാത്രി പ്രസവ വേദനയെടുത്തെന്നറിഞ്ഞ് തിങ്കളാഴ്ച രാവിലെ ആശാ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും വീട്ടിലെത്തി. അപ്പോഴാണ് വിജി പ്രസവിച്ചു കിടക്കുന്നതും കുഞ്ഞ് മരിച്ചതും കണ്ടത് (വിശ്വാസത്തിനെതിര്, ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; പ്രസവം വീട്ടില്‍, നവജാതശിശു മരിച്ചു, സെപ്തംബര്‍ 8, മാതൃഭൂമി).
മലപ്പുറം ചട്ടിപ്പറമ്പില്‍ സമാനമായ രീതിയില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചിരുന്നു. ഈ സംഭവം കേരളത്തില്‍ വലിയ വിവാദമായി. മരിച്ച യുവതിയുടെ പേര് അസ്മയെന്നും ഭര്‍ത്താവിന്റെ പേര് സിറാജുദ്ദീന്‍ എന്നുമാണ്. യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് സിറാജുദ്ദീനെതിരേ പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നുവെന്നും ഇരുവരും അക്യുപങ്ചര്‍ പഠിച്ചിരുന്നുവെന്നും അതിന് ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍വെച്ചായിരുന്നു നടത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ പോകണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം ഇരുവരും അവഗണിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവിക്കുകയും തുടര്‍ന്ന് രാത്രിയോടെ മരിക്കുകയുമായിരുന്നു (അസ്മയും ഭര്‍ത്താവും അക്യുപങ്ചര്‍ പഠിച്ചു, പിന്നീടുള്ള പ്രസവങ്ങള്‍ വീട്ടില്‍വെച്ച്; മുന്നറിയിപ്പുകള്‍ അവഗണിച്ചു, ഏപ്രില്‍ 6, മാതൃഭൂമി).
അസ്മയുടെ മരണത്തിന് ശേഷം ആരോഗ്യവകുപ്പ് വീട്ടിലെ പ്രസവത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അതിനിടയിലാണ് ഇടുക്കിയില്‍ മറ്റൊരു വീട്ടിൽ പ്രസവം നടക്കുന്നത്.
ഇതേ കുറിച്ച് മറുനാടന്‍ മലയാളിയുടെ വാര്‍ത്ത: മലപ്പുറത്തേത് ഇസ്ലാമിക അന്ധവിശ്വാസം മൂലം ഉണ്ടായതാണെങ്കില്‍, ഇടുക്കിയില്‍ അത് ക്രൈസ്തവ അന്ധവിശ്വാസമായിരുന്നു. മരിച്ച കുട്ടിയുടെ പിതാവ് ജോണ്‍സണ്‍ സുവിശേഷ പ്രവര്‍ത്തകനെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്. 45കാരിയായ വിജി പൂര്‍ണഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് വാഴത്തോപ്പ് പിഎച്ച്‌സിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തുകയും ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അനുസരിക്കാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയപ്പോഴാണ് പ്രസവം കഴിഞ്ഞെന്നും കുഞ്ഞ് മരിച്ചെന്നും അമ്മ ഗുരുതരാവസ്ഥയിലാണെന്നും അറിയുന്നത്… സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ടില്‍ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ്. ഇതിനുപുറമേ കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി 13-ലധികം ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഉടനീളം ആശുപത്രിയില്‍ പ്രസവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കളക്ടറുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.
(‘എല്ലാം കര്‍ത്താവ് നോക്കിക്കോളും’; നാലാം പ്രസവത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രി നിര്‍ദേശിച്ചപ്പോള്‍ വിലക്കിയത് ഭര്‍ത്താവായ പാസ്റ്റര്‍; കുട്ടികളെ സ്‌കൂളിലും അയയ്ക്കുന്നില്ലെന്ന് നാട്ടുകാര്‍; ഇടുക്കി വാഴത്തോപ്പില്‍ വീട്ടിലെ പ്രസവത്തിനിടെ നവജാത ശിശു മരിച്ചതിന് പിന്നില്‍ കൊടിയ അന്ധവിശ്വാസം, മറുനാടന്‍ മലയാളി, സെപ്തംബര്‍ 9)
15. സുഡാപ്പികളുടെ സമരം
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള ആരിക്കാടിയില്‍ ടോള്‍ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി ഒരു പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ മാര്‍ച്ചില്‍ അണിനിരന്നിരുന്നു. സിപിഎം ജില്ലാ നേതാവാണ് യോഗത്തെ സ്വാഗതം ചെയ്തത്. മാര്‍ച്ച് വരുന്നതിനിടെ റോഡ് സൈഡിലെ താത്കാലിക ഡിവൈഡറുകള്‍ പ്രതിഷേധക്കാര്‍ തള്ളിയിട്ടു. പ്രതിഷേധം തടയാന്‍ ശ്രമിച്ച പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
സമരത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയേ പങ്കുവച്ചുകൊണ്ട് സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ റെഡ് ആര്‍മി ഇതിനെ സുഡാപ്പികളുടെ സമരമെന്നാണ് വിശേഷിപ്പിച്ചത്: ‘സുഡാപ്പി തീവ്രവാദികള്‍, ആ ചെറിയ മകന്റെ ഉള്ളില്‍ വരെ വര്‍ഗീയത കുത്തി നിറച്ചു ഇവര്‍, കരുതിയിരിക്കുക’- എന്നും എഴുതിയിട്ടുണ്ട്.
പ്രതിഷേധ സമരത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി രമേശന്‍, സിപിഎം ഏരിയാ സെക്രട്ടറി സി.എ സുബൈര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സുഡാപ്പി വിളി നടത്തിയ റെഡ് ആര്‍മി നേരത്തെ പി.ജെ ആര്‍മിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത് (കുമ്പള ടോള്‍ സമരത്തെ അഭിവാദ്യം ചെയ്ത് കാസര്‍കോട് സിപിഎം ജില്ലാ നേതാവ്; സുഡാപ്പികളുടെ സമരമെന്ന് റെഡ് ആര്‍മി പേജ്, സെപ്തംബര്‍ 9, മീഡിയാവണ്‍).
16. പോപ്പുലര്‍ ഫ്രണ്ടും പൊലീസും: ഒരു അനുഭവകഥ
പൊലീസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചു. പോപ്പുലര്‍ ഫ്രണ്ട് ബന്ധവും തീവ്രവാദബന്ധവും ആരോപിച്ച് പൊലീസിൽ നിന്ന് പുറത്താക്കിയ അനസ് എന്ന പൊലീസുകാരനെ തിരിച്ചെടുക്കാന്‍ ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും തിരിച്ചെടുത്തില്ല എന്നായിരുന്നു കുറിപ്പിന്റെ ചുരുക്കം. ഇപ്പോഴും അദ്ദേഹം നിത്യവൃത്തിക്കായി ആക്രിക്കടയില്‍ ജോലി ചെയ്യുകയാണ്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലിസ് സ്റ്റേഷനിലെ സിപിഒ ആയിരുന്നു പി.കെ അനസ്. മൂന്നുവര്‍ഷം മുമ്പായിരുന്നു അനസിനെ പിരിച്ചുവിട്ടത് (സെപ്തംബര്‍ 9, ഫേസ്ബുക്ക്/ഉമേഷ് വള്ളിക്കുന്ന്).
സംഭവം ഇങ്ങനെ: അനസ് താമസിക്കുന്ന വീടിന് സമീപത്തെ ഗ്രൗണ്ടില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ഗ്രൗണ്ടില്‍ കളിക്കാന്‍ അനസും പോകാറുണ്ട്. ഇവിടെ കഞ്ചാവ് വില്‍ക്കാറുണ്ടെന്ന് കൂടെ കളിക്കുന്ന പ്രദേശത്തുകാരന്‍ അനസിനെ അറിയിച്ചു. ഇതോടെ അനസ് ഇയാളിൽ നിന്ന് പരാതി വാങ്ങി. സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ പോലീസുകാരെ വിവരം അറിയിക്കാനും നിര്‍ദേശിച്ചു. ഇതിനിടെ പാതിരാത്രി പരിചയമില്ലാത്ത രണ്ട് വാഹനങ്ങള്‍ ഗ്രൗണ്ടില്‍ എത്തിയ കാര്യം അയല്‍വാസിയായ ഷാനവാസ്, അനസിനെ അറിയിച്ചു. വണ്ടിയുടെ നമ്പറും അനസിന് അയച്ചുകൊടുത്തു. നമ്പറിലെ വാഹനങ്ങളുടെ വിവരം പരിശോധിച്ച അനസ് ഈ വിവരങ്ങള്‍ ഷാനവാസിന് വാട്സ്ആപ്പില്‍ കൈമാറി. വാഹനങ്ങളുടെ ഉടമകള്‍ ഹിന്ദു നാമധാരികളാണ് എന്നതൊഴിച്ചാല്‍ അവര്‍ ബിജെപിയോ ആര്‍എസ്എസ് ബന്ധമോ ഉള്ളവരായിരുന്നില്ല. ഇതാണ് ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്ത, ‘159 ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരുടെ ഡാറ്റാബേസ്’ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറിയ’ വാര്‍ത്തയുടെ നിജസ്ഥിതി’.
അനസിനെതിരായ ആരോപണം ബിജെപി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വീട്ടിലേക്കും പൊലീസ് സ്റ്റേഷനിലേക്കും അന്നത്തെ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഇതോടെ ഭീതിയിലായ അനസ് അര്‍ബുദ രോഗിയായ ഉമ്മയെയും സഹോദരനെയും കൊണ്ട് നാടുവിട്ടു. ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കൊപ്പം താമസം മാറ്റി. പിന്നീട് തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഗേറ്റ് തകര്‍ന്ന അവസ്ഥയാണ് കണ്ടത്. കേരളാ പോലീസിലെ ഉദ്യോഗസ്ഥന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന വിധത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രാധാന്യത്തോടെ വാര്‍ത്ത വരികയും ചെയ്തിരുന്നു (ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരം പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു; പുറത്താകുന്നത് കേരള പോലീസിന്റെ തീവ്രവാദ ബന്ധം, ഡിസംബര്‍ 28, 2021, ജന്മഭൂമി).
ആരോപണത്തെത്തുടര്‍ന്ന് 2021 ഡിസംബറില്‍ അനസിനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ 2022 ഫെബ്രുവരിയില്‍ പുറത്താക്കി. ജില്ലാ പോലീസ് മേധാവിയെ കണ്ട് അനസ് കാലുപിടിച്ച് നിരപരാധിത്വം ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റെ നിസ്സഹായത പറഞ്ഞ് കൈയൊഴിയുകയാണുണ്ടായത്. ജോലി പോയതോടെ ഭാര്യ പിതാവ് കൂട്ടിക്കൊണ്ടുപോയി.
ആക്രിക്കടയിലേക്ക് ദിവസക്കൂലിക്ക് പണിയെടുത്ത് അനസ് കേസിന് പോയി. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ശേഖരിച്ചു. വീട്ടിനടുത്തുള്ള ഗ്രൗണ്ടില്‍ മയക്കുമരുന്നുമായി വന്നവരെന്ന് സംശയിക്കുന്ന രണ്ട് വാഹനങ്ങളുടെ ആര്‍.സി ഡീറ്റെയില്‍സ് തന്റെ ഫോണിലെ ക്രൈം ഡ്രൈവ് സൗകര്യം ഉപയോഗിച്ച് എടുത്ത് സുഹൃത്തായ അയല്‍വാസിക്ക് അയച്ചുകൊടുത്തതായിരുന്നു അനസിന് പറ്റിയ തെറ്റ്. അതിനെയാണ് അന്നത്തെ ഇടുക്കിയിലെ ഡിവൈഎസ്പി തീവ്രവാദികളുമായ ബന്ധമെന്ന് ആരോപിച്ചത്. അങ്ങനെയൊരു ഡാറ്റാബേസ് പോലീസില്‍ ഇല്ലെന്നും അനസ് എടുത്ത ഡീറ്റെയില്‍സ് (മേല്‍പ്പറഞ്ഞ രണ്ട് നമ്പറുകളും ഡ്യൂട്ടിയുടെ ഭാഗമായി എടുത്ത നമ്പറുകളും) ആര്‍എസ്എസുകാരുടെതാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധമില്ലെന്നും ട്രിബ്യൂണലില്‍ തെളിഞ്ഞു. തെളിവുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിരിച്ചുവിടല്‍ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ 2024 സെപ്റ്റംബറില്‍ റദ്ദാക്കി. എന്നാല്‍ കുറ്റവിമുക്തനാക്കി ഒരുവര്‍ഷമായിട്ടും അദ്ദേഹത്തെ ഇതുവരെ സർവ്വീസില്‍ തിരിച്ചെടുത്തില്ല. മാത്രമല്ല, പുനരന്വേഷണത്തിന് ഉത്തരവിടുകയുംചെയ്തു (പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലിസില്‍നിന്ന് പുറത്താക്കി തീവ്രവാദബന്ധം തള്ളി തിരിച്ചെടുക്കാന്‍ ട്രിബൂണലിന്റെ ഉത്തരവുണ്ടായിട്ടും രക്ഷയില്ല; നിത്യവൃത്തിക്കായി അനസ് ഇന്ന് ആക്രിക്കടയില്‍, സെപ്തംബര്‍ 9, സുപ്രഭാതം ഓണ്‍ലൈന്‍; തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; നാലുവര്‍ഷത്തിനുശേഷം പുനരന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്, സെപ്തംബര്‍ 9, മീഡിയാവണ്‍)
17. ക്ഷീരവികസന വകുപ്പിലെ ഹലാല്‍ ചിക്കനും സാമ്പത്തിക ജിഹാദും
പെരുമ്പാവൂര്‍ പൊഞ്ഞാശേരിയില്‍ ഒക്ടോബര്‍ 3, 4 തീയതികളില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന് ചിക്കന്‍ ബിരിയാണിയും മറ്റ് ഭക്ഷണങ്ങളും വിതരണം ചെയ്യുന്നതിനായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഹലാല്‍ ചിക്കനായിരിക്കണമെന്ന് ടെന്‍ഡറില്‍ പറഞ്ഞിരുന്നു. ബിജെപി ഇത് വിവാദമാക്കി. ബിജെപി ഈ ടെന്‍ഡര്‍ ഒരു വിവാദമാക്കി. പ്രശ്‌നം രൂക്ഷമായതോടെ ഭക്ഷണം അപ്പവും മുട്ടക്കറിയുമാക്കി പരിഷ്‌കരിച്ചു (ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ടെന്‍ഡര്‍ നോട്ടീസിലെ പരാമര്‍ശം വിവാദത്തില്‍, സെപ്തംബര്‍ 9, ജനം ടിവി).
ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുണ്ടെന്നാണ് ജന്മഭൂമി എഴുതിയത്. തീവ്രമുസ്ലീം സംഘടനകളുടെ നിര്‍ദേശപ്രകാരമാണ് ഹലാല്‍ ഭക്ഷണം ഒരുക്കുന്നതെന്നും ആരോപിച്ചു (ക്ഷീരസംഗമത്തിന് ഹലാല്‍ ബിരിയാണി; ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി വിവാദമാകുന്നു ജന്മഭൂമി, സെപ്തംബര്‍ 10).
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ‘ക്ഷീരസംഗമത്തിന് ഹലാല്‍ ചിക്കന്‍ ബിരിയാണി വിളമ്പണം’ എന്നാവശ്യപ്പെട്ട് ഇറക്കിയ ടെന്‍ഡര്‍ നോട്ടീസിനെതിരെ ബിജെപി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച ഒരു ഫേസ്ബുക്ക് ഐഡിയിലെ വാചകങ്ങള്‍ മാതൃകയായി നല്‍കുന്നു: കളക്ട്രേറ്റില്‍ നടന്നത് സാമ്പത്തിക ജിഹാദ്. ജാതി മത ഭേദമന്യേ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരോഫീസുകളെ പോലും സര്‍ക്കാര്‍ ജിഹാദി സംഘങ്ങള്‍ക്കുള്ള ജിഹാദ് പരീക്ഷണശാലകളാക്കി മാറ്റുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ ഹലാല്‍ ഭക്ഷണം മാത്രമേ പാടുള്ളൂ എന്ന് പറയുന്നതിലൂടെ ഒരാളുടെ ഭക്ഷണ സ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല അതിലൂടെ ഇന്നാട്ടില്‍ ഹലാല്‍ ഭക്ഷണം വില്‍പ്പന നടത്തുന്നവര്‍ മാത്രം സര്‍ക്കാര്‍ ഭക്ഷണ ടെന്‍ഡറുകളില്‍ പങ്കെടുത്താല്‍ മതി എന്നുള്ള അപ്രഖ്യാപിത സാമ്പത്തിക ജിഹാദ് കൂടി നടത്തുകയാണ്. സ്‌കൂള്‍ കലാ- കായികമേളയില്‍ നിന്നും സസ്യാഹാരം എടുത്തുമാറ്റാന്‍ കാണിച്ച വ്യഗ്രതയില്‍ തുടങ്ങി ഹലാല്‍ ഭക്ഷണത്തിലേക്കെത്തി നില്‍ക്കുന്ന ഭക്ഷണ സംസ്‌കാരം ഇതിന് മുന്‍പ് നടത്തിയ ജിഹാദുകളുടെ തുടര്‍ച്ചയാണ്. ആകെയുള്ള വ്യത്യാസം ഇതിനുമുമ്പ് നടന്നത് തീവ്രവാദ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ആണെങ്കില്‍ ഇന്നത് സര്‍ക്കാരിന്റെ പിന്തുണയോടുകൂടി നടത്തപ്പെടുന്നു എന്നുമാത്രം (സെപ്തംബര്‍ 10, ഫേസ്ബുക്ക്/ ശ്രീകുട്ടന്‍ തുണ്ടത്തില്‍).
വിമര്‍ശനവുമായി സിപിഐ
ക്ഷീരകര്‍ഷക സംഗമത്തിന്റെ പേരില്‍ നുണപ്രചാരണം നടത്തി ബി.ജെ.പി സാമുദായിക സ്പര്‍ദ്ധക്ക് ശ്രമിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍ ആരോപിച്ചു. ടെന്‍ഡറില്‍ ഹലാല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംഘപരിവാറിന്റെ അപകടകരമായ പ്രവണത എറണാകുളത്തും വ്യക്തമാവുകയാണ്. ഭക്ഷണത്തിന്റെ പേരില്‍ വരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കലാപമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. ബി.ജെ.പിയെ മതേതര വിശ്വാസികള്‍ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു (ക്ഷീരസംഗമത്തിന് ഹലാല്‍ ബിരിയാണി: ബിജെപി – സിപിഐ പോര്, സെപ്തംബര്‍ 11, കേരള കൗമുദി)
18. കൊലപാതകം ആഘോഷമാക്കി ആര്‍എസ്എസ്
കണ്ണൂര്‍ കുത്തുപറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്‍ കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷികദിനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. എസ് ആകൃതിയിലുള്ള കത്തികൊണ്ടാണ് കേക്ക് മുറിച്ചത്. കേക്കില്‍ അഭിമാനം കണ്ണവം സ്വയം സേവകര്‍ എന്നെഴുതിയിരുന്നു. സംഭവത്തിന്റെ റീല്‍സ് ചിത്രീകരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികാരസന്ദേശം നല്‍കുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കണ്ണവം പോലീസ് കലാപാഹ്വാനത്തിന് കേസ് എടുത്തു. 2020 സെപ്റ്റംബര്‍ 8-നാണ് സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത്, അതുമായി ബന്ധപ്പെട്ട് ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസും നിലനില്‍ക്കുന്നു (എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍, കലാപാഹ്വാനത്തിന് കേസ്, സെപ്തംബര്‍ 10, സുപ്രഭാതം).
19. എക്‌സ് സ്പേസസിലെ വംശീയ വിദ്വേഷ ചര്‍ച്ചകള്‍
സമൂഹ മാധ്യമമായ എക്‌സിന്റെ ഓഡിയോ ചാറ്റ് പ്ലാറ്റ്‌ഫോം ആയ എക്‌സ് സ്പേസസില്‍ മലയാളികളുടെ വംശീയ വിദ്വേഷ ചര്‍ച്ചകള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലീങ്ങളെ ലക്ഷ്യമിട്ട് മതവിദ്വേഷം പ്രചരിപ്പിക്കുകയും ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ചര്‍ച്ചകള്‍ സംഘ്പരിവാറുകാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ‘ദ ന്യൂസ് മിനുട്ടി’നെ ഉദ്ധരിച്ച് മാധ്യമമാണ് ഈ റിപോപൊര്‍ട്ട് ചെയ്തത്. മുസ്ലീങ്ങള്‍ ഹിന്ദുക്കളെ ആക്രമിക്കുമെന്നും സുരക്ഷക്ക് ആയുധം കൈയില്‍ കരുതണമെന്നും വിവിധ ഗ്രൂപ്പുകളില്‍ ആഹ്വാനം ചെയ്യുന്നു. അതല്ലെങ്കില്‍ ആര്‍.എസ്.എസ് ശാഖയില്‍ പോകണമെന്നാണ് നിര്‍ദേശം. കേരളത്തിലെ മുസ്ലീങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ നേരിടുന്ന ‘ഭീഷണി’കളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും ഇവര്‍ ആവശ്യപ്പെട്ടു.
ബിജെപി ഭാരവാഹികള്‍ അടക്കമുള്ളവര്‍ പ്രഭാഷകരായെത്തുന്ന ചാറ്റ്‌റൂമുകളില്‍ കേള്‍വിക്കാര്‍ക്ക് സംസാരിക്കാനും അവസരമുണ്ട്. ലൈവ് പ്രസംഗങ്ങളും റെക്കോര്‍ഡുചെയ്തതും ഇതില്‍ കേള്‍പ്പിക്കുന്നുണ്ട്. രാത്രി 11.30ന് ആരംഭിച്ച് പുലര്‍ച്ചെ 1.30 വരെ നീളുന്ന ചര്‍ച്ചകള്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണയാണ് നടത്തുന്നത്. മിക്കവരും വ്യാജ അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. പങ്കെടുക്കുന്നവരില്‍ കൂടുതലും ഗള്‍ഫ് പ്രവാസികളാണ്. മിക്ക ചര്‍ച്ചകളിലും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും അവഹേളനപരമായ പദങ്ങളുമാണ് ഉപയോഗിക്കുന്നത്. സജീവ വിദ്വേഷ പ്രാസംഗികര്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്. അവരില്‍ ഭൂരിഭാഗവും സംഘ്പരിവാറുമായി ബന്ധമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഒരു വര്‍ഗീയവാദിയാണെന്ന് തുറന്നു പറഞ്ഞാണ് ബി.ജെ.പി നേതാവ് രാജേഷ് കൃഷ്ണ ചര്‍ച്ചയില്‍ സംസാരിക്കുന്നത്. ഗാസയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് കാണുമ്പോള്‍ താന്‍ ചിരിക്കുമെന്ന് ഇയാള്‍ പറഞ്ഞുവത്രെ (രാത്രികളില്‍ വര്‍ഗീയ വിദ്വേഷം കത്തിച്ച് എക്‌സ് സ്‌പേസില്‍ മലയാളം ചര്‍ച്ചകള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, സെപ്തംബര്‍ 10, മാധ്യമം).
20. സിറാജുന്നീസ ഓർമ്മദിനം
സെപ്തംബര്‍ 11ാം തിയ്യതി സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് ഒരു പോസ്റ്റര്‍ പ്രസിദ്ധീകരിച്ചു. കെ കരുണാകന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന സിറാജുന്നീസ എന്ന പെണ്‍കുട്ടിയെ കേരള പൊലീസ് വെടിവച്ചുകൊന്നിരുന്നു. അതിന്റെ ഓര്‍മദിനത്തിന്റെ ഭാഗമായിരുന്നു കൈരളിയുടെ പോസ്റ്റര്‍. ‘കെ കരുണാകരന്റെ ഭരണകാലത്തെ ഭീകരതയുടെ രക്ഷസാക്ഷി: ഇന്ന് സിറാജുന്നീസ ഓര്‍മദിനം’ എന്നാണ് എഴുതിയിരുന്നത്.
കൈരളിയുടെ കാര്‍ഡില്‍ പറഞ്ഞതുപോലെ സിറാജുന്നീസ കെ കരുണാകന്റെ പൊലീസ് ഭീകരതയുടെ രക്ഷസാക്ഷി തന്നെയായിരുന്നു. ഹിന്ദുത്വവാദികളുടെ രാമജന്മഭൂമി രഥയാത്രക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് ‘കലാപകാരി’യെന്ന് ആരോപിച്ച് ആ പെണ്‍കുട്ടിയെ 1991 ഡിസംബര്‍ 15ന് പൊലീസ് വെടിവെച്ച് കൊന്നത്. കൊലയ്ക്ക് നേതൃത്വം നല്‍കിയെന്ന് സിപിഎം തന്നെ ആരോപിച്ച രമണ്‍ ശ്രീവാസ്തവയെന്ന പൊലീസ് ഉദ്യോഗസ്ഥനെ പിന്നീട് പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ പൊലീസ് ഉപദേഷ്ടാവായി അവരോധിച്ചു. ഐ വാണ്‍ട്ട് മുസ് ലിം ഡെഡ്‌ബോഡീസ് എന്ന് ആക്രോശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്(സെപ്തംബര്‍ 11, ഫേസ്ബുക്ക്/ കെ സുനില്‍കുമാര്‍)
21. മനോരമയുടെ സയണിസ്റ്റ് സോഴ്‌സ്
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മനോരമ ഒരു വാർത്ത ചെയ്തു. ഹമാസിനെ ഖത്തർ പിന്നിൽ നിന്ന് കുത്തിയതായും 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പകരമായി ഇസ്രായേൽ അഞ്ച് രാജ്യങ്ങളിൽ പ്രത്യാക്രമണം നടത്തിയതായും വാർത്ത പറയുന്നു. ജിയോ-പൊളിറ്റിക്കൽ വിദഗ്ധർ മുന്നോട്ട് വെക്കുന്ന സിദ്ധാന്തങ്ങൾ എന്ന പേരിൽ അമേരിക്കൻ അനലിസ്റ്റ് മൊസാബ് ഹസൻ യൂസഫിനെയാണ് ഉദ്ധരിക്കുന്നത്. ഹമാസ് ഖത്തറിന് ഒരു തലവേദന ആയതിനാൽ അതൊഴിവാക്കുവാനും, ട്രംപിന് യുദ്ധം നിർത്തുവാനും, ഇസ്രായേലിന് ഹമാസിനെ തീർക്കാനും കൂടെയുള്ള പരിഹാരമായാണ് ഈ ആക്രമണത്തെ യൂസഫ് കാണുന്നത്. ഡിഫെൻസ് അനലിസ്റ്റ് ഹംസ അട്ടാറിനെയും മനോരമ ഉദ്ധരിക്കുന്നുണ്ട്.
ഹമാസ് നേതാവായിരുന്ന ഹസൻ യുസുഫിന്റെ മകനായ മൊസാബ് ഇസ്രായേൽ പക്ഷത്തേക് മാറിയ ശേഷം അമേരിക്കയിലേക്ക് കുടിയേറിയയാളാണ് (ഇസ്രയേൽ ആക്രമണം ഖത്തർ അറിഞ്ഞു? ഹമാസിനെ പിന്നിൽ നിന്ന് കുത്തി! ദുരൂഹത, സെപ്തംബർ 12, മനോരമ; സെപ്തംബർ 12, ഫേസ്ബുക്ക്/ യു.എം മുഖ്താർ).
22. മുസ്ലീങ്ങളും നിക്ഷേപവും
മാധ്യമ പ്രവർത്തകനായ ആർ രാജഗോപാൽ ഇങ്ങിനെ പറഞ്ഞു: ഒരാൾ ഒരു മതത്തെക്കുറിച്ച് മോശം പറഞ്ഞിട്ടുണ്ടെങ്കിലും അയാളെ നമുക്ക് നേരത്തെ അറിയില്ലെങ്കിൽ അവരെ കാണാതിരിക്കുക. ഓരോ തവണ കാണുംതോറും വ്യൂസ് കൂടുകയാണ്…. ചേമ്പിന്റെ ഇല വേവിച്ച് തിന്നവരുണ്ട് നമുക്കിടയിൽ. ഗൾഫും മുസ്ലീം രാജ്യങ്ങളും ഉള്ളതുകൊണ്ടുമാത്രമാണ് നാം രക്ഷപ്പെട്ടത്. അത് പറയാൻ മടിക്കരുത്. കേരളത്തിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നത് മുസ്ലീങ്ങളാണ്. മറ്റുള്ളവർ ഇവിടെയുള്ളത് വിറ്റശേഷം യൂറോപ്പിലേക്ക് പോകുകയാണ്. അവരോട് നന്ദിയുള്ളവരായിരിക്കണം (ആർ രാജഗോപാൽ, മുസ്ലീം രാജ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമായി തുടർന്നേനെ, സെപ്തംബർ 12, ബിജുമോഹൻ)
23. മതം പറഞ്ഞ് റിമാൻഡ് റിപ്പോർട്ട്
വളയം പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ ഓണദിവസം നടന്ന അടിപിടിക്കേസിൽ വാദിയുടെയും പ്രതിയുടെയും റിമാൻഡ് റിപോർട്ട് വിവാദമായി. വാദിയുടെയും പ്രതിയുടെയും മതം രേഖപ്പെടുത്തിയതാണ് കാരണം. അങ്ങാടിയിൽ വെച്ചുണ്ടായ തർക്കത്തിന് പൊലീസ് മതത്തിന്റെ നിറം നൽകുകയായിരുന്നു: പ്രതികൾ മുസ്ലീം വിഭാഗത്തിലുള്ളവരും പരാതിക്കാരൻ ഹിന്ദു മതത്തിൽപ്പെട്ട ആളുമാണെന്നും ഓണ ദിവസം മുസ്ലീം വിഭാഗക്കാർ ഹിന്ദുക്കളെ അടിച്ചതിൽ പ്രദേശത്തെ ഹിന്ദുക്കൾ കടുത്ത അതൃപ്തിയിലാണന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുൻകാലത്ത് നാദാപുരത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ പ്രതികൾ അത്തരം പ്രവർത്തികളിൽ ഏർപ്പെടും എന്നുമാണ് പൊലീസിന്റെ നിഗമനം. ബൈക്ക് വേഗതയിൽ ഓടിച്ചതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ എത്തിയ കേസിലാണ് പൊലീസിന്റെ ഇത്തരം പരാമർശങ്ങൾ. എഫ്‌ഐആറിൽ വാദി ഉന്നയിക്കാത്ത കാര്യങ്ങളാണ് പൊലീസ് ജാമ്യം നിഷേധിക്കാനായി റിമാൻഡ് റിപ്പോർട്ടിൽ ഉന്നയിച്ചത് (സാധാരണ അടിപിടി കേസ്, വർഗീയത പറഞ്ഞ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്, പരാതിക്കാരുടെയും പ്രതികളുടെയും മതം റിമാൻഡ് റിപ്പോർട്ടിൽ, സെപ്തംബർ 13, ഏഷ്യാനെറ്റ് ന്യൂസ്)..
തീക്കുനി സ്വദേശി ചപ്പാരിച്ചാംകണ്ടിയിൽ വിനയിന് അടിപിടിയിൽ പരിക്കുപറ്റിയിരുന്നു. അദ്ദേഹമാണ് മുഹമ്മദ് നജാദ്, മുഹമ്മദ് ഷാദിൽ, മുഹമ്മദ് സിയാദ് എന്നിവർക്കെതിരേ പരാതിപ്പെട്ടത്. ഇവരെ വളയം പൊലീസ് അറസ്റ്റ് ചെയ്തു.
റിമാൻഡ് റിപോർട്ടിൽ മതം ചേർത്തത് കാഫിർ സ്‌ക്രീൻഷോട്ടിന്റെ തുടർച്ചയാണെന്ന് യുഡിഎഫ് ആരോപിച്ചു (അടിക്കേസിൽ മതംപറഞ്ഞ് റിമാൻഡ് റിപ്പോർട്ട്; കാഫിർ സ്‌ക്രീൻഷോട്ടിന്റെ തുടർച്ചയെന്ന് യുഡിഎഫ്, സെപ്തംബർ 14, മാതൃഭൂമി)
24. റിജാസ് ഐക്യദാർഢ്യ സമിതി
മെയ് 8ാം തിയ്യതിയാണ് മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബ സിദ്ദിഖ് നാഗ്പൂരിൽനിന്ന് അറസ്റ്റിലാവുന്നത്. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സെപ്തംബർ 13ന് കൊച്ചയിൽ റിജാസ് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഒരു സമ്മേളനം ചേർന്നു. ഈ പരിപാടിക്കെതിരേ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് നടന്നത്.
ഇടത് – ജിഹാദി
പരിപാടി നടക്കും മുമ്പുതന്നെ സിദ്ദിഖ് കാപ്പന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് മാർട്ടിൻ മേനാച്ചേരി എന്നയാൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ ഉള്ളടക്കം ഇങ്ങനെ: സമൂഹത്തിൽ സ്പർധയും കലാപവും സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ് ഐക്യദാർഢ്യ സമ്മേളനം. നിരോധിത സംഘടനയായ പിഎഫ്‌ഐ യുടെ നേതാവും യുഎ പി എ കേസ് പ്രതിയുമായ സിദ്ദിഖ് കാപ്പനാണ് മുഖ്യ പ്രഭാഷകൻ. എസ്ഡി പിഐ നേതാവ്. എം. ഫൈസൽ, അർബൻ നക്‌സൽ സ്വഭാവമുള്ള സി.പി. റഷീദ്, അംബിക, ബാബുരാജ് തുടങ്ങിയവരും പ്രസംഗകരായുണ്ട്. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ സമയത്ത് രാജ്യദ്രോഹ പ്രചരണം നടത്തിയതിനു മഹാരാഷ്ട്രപൊലീസ് യുഎപിഎ ചുമത്തി ജയിലിൽ അടച്ച റിജാസിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചിയിൽ നടക്കുന്നത് ഇടത് -ജിഹാദി ഗ്രൂപ്പുകളുടെ പ്രതിഷേധമാണെന്നും കർമന്യൂസ് എഴുതി (യുഎപിഎ പ്രതിയുടെ മോചനത്തിനായി സിദ്ദിഖ് കാപ്പന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് അനുമതി നിഷേധിക്കണമെന്ന് പരാതി, സെപ്തംബർ 13, കർമന്യൂസ്).
പരിപാടി നടന്നശേഷം സംഘാടകരും പ്രാസംഗികരും അടക്കം 11 പേർക്കെതിരേ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നായിരുന്നു ആരോപണം (യുഎപിഎ ചുമത്തിയ റിജാസിന് ഐക്യദർഢ്യം പ്രഖ്യാപിച്ച് പരിപാടി സിദ്ദീഖ് കാപ്പനുൾപ്പെടെ 11 പേർക്കെതിരേ കേസ്, സെപ്തംബർ 14, മീഡിയാവൺ).
അർബൻ മാവോയിസ്റ്റ്
കൊച്ചിയിൽ അർബൻ മാവോയിസ്റ്റ് കൂട്ടായ്മ, സിദ്ദിഖ് കാപ്പൻ അടക്കം 11 പേർക്കെതിരെ കേസ് എന്നായിരുന്നു ജനം ടിവിയുടെ സെപ്തംബർ 14ലെ വാർത്ത.
ഇസ്‌ലാമിക ഭീകരൻ റിജാസ്
ഇതേ കുറിച്ച് ജന്മഭൂമി എഴുതിയ വാർത്ത തുടങ്ങിയത് ‘ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച് പാകിസ്താൻ അനുകൂല പ്രചാരണം നടത്തി ജയിലിൽ കഴിയുന്ന ഇസ്‌ലാമിക ഭീകരൻ റിജാസിനായി ഐക്യദാർഢ്യ സംഗമം’ എന്ന വാചകത്തോടെയാണ്. പരിപാടിക്ക് പൊലീസ് സുരക്ഷ ഒരുക്കിയെന്ന് പത്രം വിമർശിച്ചു. രാജ്യദ്രോഹത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരിക്കുന്ന മാധ്യമ പ്രവർത്തകനായ ഭീകരൻ സിദ്ധീഖ് കാപ്പനാണ് മുഖ്യപ്രഭാഷണം നടത്തിയതെന്നും പോപ്പുലർ ഫ്രണ്ട് ഭീകരൻ വി.എം. ഫൈസൽ തുടങ്ങി മാവോയിസ്റ്റുകളുമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും വാർത്തയിലുണ്ടായിരുന്നു (പൊലീസ് ഒത്താശയോടെ ഇസ്ലാമിക ഭീകരൻ റിജാസിനായി ഐക്യദാർഢ്യം, സ്‌പെംബർ 14, ജന്മഭൂമി)
തീവ്രവാദി, രാഷ്ട്ര ശത്രു
പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയതിന്റെ പേരിൽ സിദ്ദിഖ് കാപ്പനെതിരെ നിരവധി വിദ്വേഷവീഡിയോകൾ പുറത്തിറങ്ങി. പരിപാടി നടക്കുന്നതിനു മുമ്പും ശേഷവും ഇതുണ്ടായി. സിദ്ദിഖ് കാപ്പനെതിരേ വിദ്വേഷപരാമർശം നടത്തിയ പ്രമുഖരിലൊരാളാണ് മുൻ പൊലീസ് മേധാവിയായിരുന്ന ഡോ. ടി പി സെൻകുമാർ. സിദ്ദിഖിന്റെ ജാമ്യം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു: കാപ്പൻ ഹത്രാസ് യുഎപിഎ കേസിൽ ജാമ്യത്തിലാണ്. ഈ പറയുന്ന രീതിയിൽ പങ്കെടുക്കുന്നതു ജാമ്യം വ്യവസ്ഥ ലംഘനമാണ്.
രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കുന്നവൻ തീവ്രവാദി. രാഷ്ട്രത്തിനെതിരെ, രാഷ്ട്രത്തിലെ മനുഷ്യനെതിരെ ബോംബ് ഉണ്ടാക്കുന്നതും ആക്രമിക്കുന്നതും അതുപോലെ ഈ രാഷ്ട്രം ഇല്ലാതാക്കി മറ്റൊരു ഇസ്ലാമിക് സ്റ്റേറ്റ് ആക്കി മാറ്റാനുള്ള ശ്രമത്തിനും മാത്രം ശ്രദ്ധിച്ച് അതിനുവേണ്ടി എന്തും ചെയ്യുന്ന ആ അവന്റെ പേരാണ് തീവ്രവാദി. വെട്ടിക്കൊല്ലുന്നതും തീയിട്ടു കത്തിക്കുന്നതും ലവ് ജിഹാദ് നടത്തുന്നവനും തീവ്രവാദി. രാഷ്ട്ര ശത്രുവിനെ സ്വന്തമായി കാണുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൻ, മുണ്ടുപൊക്കി നോക്കി കൊല്ലുന്നവൻ, ഇവരെല്ലാം തീവ്രവാദികൾ!(സെപ്തംബർ 13, ഫേസ്ബുക്ക്/ ഡോ. ടി.പി സെൻകുമാർ).
കാപ്പൻ മാധ്യമങ്ങളിലൂടെ ഇതിന് മറുപടി പറഞ്ഞു. ‘തീവ്രവാദിയെ ‘തീവ്രവാദി’ എന്നല്ലാതെ ‘മെഗാസ്റ്റാർ ചിരഞ്ജീവി’ എന്ന് വിളിക്കാൻ പറ്റുമോ?’ എന്ന് അടുത്ത ദിവസം സെൻകുമാർ പരിഹസിച്ചു. ഏതു വ്യാജ വേഷം കെട്ടിയാലും ഭാരതത്തെ പലരീതിയിൽ തകർക്കാൻ നടക്കുന്ന ഏവനും ഭീകരവാദി തന്നെയെന്നും അദ്ദേഹം എഴുതി (സെപ്തംബർ 14, ഫേസ്ബുക്ക്/ ഡോ. ടി.പി സെൻകുമാർ).


25. നേപ്പാളിൽ കലാപമുണ്ടാക്കുന്ന മലയാളി
‘ഒകെ അനസ്’ എന്ന പേരിലുള്ള ട്രാവൽ വ്‌ളോഗ് ചെയ്ത് പ്രശസ്തനായ മുഹമ്മദ് അനസ് തന്റെ നേപ്പാൾ യാത്രക്കിടെ നേപ്പാളിൽ നടന്ന ഭരണവിരുദ്ധ കലാപത്തിന്റ വീഡിയോ പങ്കുവെക്കുകയുണ്ടായി.
ഈ വീഡിയോ അഖണ്ഡഭാരതം എന്ന സംഘപരിവാർ ഫേസ്ബുക്ക് പേജ് അവതരിപ്പിച്ചത് ‘നേപ്പാളിൽ പോയി കലാപത്തിൽ പങ്കെടുക്കുന്ന മലയാളി മുഹമ്മദ് അനസ് ‘ എന്ന രീതിയിലാണ്. കമന്റ് ബോക്‌സിൽ അനസിനെ തീവ്രവാദിയെന്നും കലാപം സൃഷ്ടിച്ച ആൾ എന്നുമൊക്കെ ചീത്ത വിളിക്കുന്നുണ്ട്. മുസ്ലീങ്ങൾ ഉള്ളയിടത്തൊക്കെ പ്രശ്‌നമെന്ന് അഭിപ്രായപെടുന്നവരും ഉണ്ട് (മലയാളി മുഹമ്മദ് അനസ് നേപ്പാളിൽ പോയി കലാപത്തിൽ പങ്കെടുക്കുന്ന വീഡിയോ അയാൾ തന്നെ പുറത്തുവിട്ടു, സെപ്തംബർ 13, അഖണ്ഡഭാരതം).
ന്യൂനപക്ഷ സംഗമം
ആഗോള അയ്യപ്പസംഗമത്തിന് ശേഷം ന്യൂനപക്ഷ സംഗമം നടത്താൻ പോകുന്നതായ വാർത്ത സെപ്തംബർ രണ്ടാംവാരത്തിൽ വിവിധ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിച്ച് കോഴിക്കോടോ കൊച്ചിയിലോ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനായിരുന്നു പരിപാടിയത്രെ.
മുസ്ലീങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചിട്ട് മതി ന്യൂനപക്ഷ സംഗമമെന്ന് കെഎൻഎം മർകസുദ്ദഅവ വിമർശിച്ചു: കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മുസ്ലീം സമുദായത്തിനുണ്ടായിട്ടുള്ള നഷ്ടങ്ങൾ പരിഹരിച്ചുകൊണ്ട് വേണം സംസ്ഥാന സർക്കാർ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാൻ. സംസ്ഥാന സർക്കാർ യാതൊരു പഠനവും ചർച്ചയും കൂടാതെ നടപ്പിലാക്കിയ മുന്നാക്ക സംവരണവും മുസ്ലീം സമുദായ സമുദാരണത്തിന് വേണ്ടി ആവിഷ്‌കരിച്ച സ്‌കോളർഷിപ്പ് പദ്ധതി അനർഹരായ സമുദായങ്ങൾക്ക് വീതിച്ചു നൽകിയതും ഭിന്നശേഷി സംവരണത്തിന്റെ മറവിൽ മുസ്ലീം ഉദ്യോഗാർഥികളുടെ അവസരം കവർന്നെടുത്തതുമെല്ലാം ഉദ്യോഗ വിദ്യാഭ്യാസ മേഖലയിൽ അപരിഹാര്യമായ നഷ്ടമാണ് മുസ്ലീം സമുദായത്തിനുണ്ടാക്കിയത്. മുസ്ലീം സമുദായം അനർഹമായി പലതും നേടിയെടുത്തതായി ആക്ഷേപം ഉന്നയിക്കപ്പെട്ടപ്പോൾ ആക്ഷേപകർക്ക് ശക്തി പകരുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്ത് മുസ്ലീങ്ങൾക്കെതിരിൽ വെറുപ്പുൽപാദിപ്പിക്കാൻ വർഗീയ ശക്തികൾക്ക് അവസരമൊരുക്കുന്നതായി ഈ വ്യാജ ആരോപണം (മുസ്ലീങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചിട്ട് മതി ന്യൂനപക്ഷ സംഗമം: കെഎൻഎം മർകസുദ്ദഅവ, സെപ്തംബർ 14, മീഡിയാവൺ).
26. മുസ്ലീങ്ങളിലെ ബഹുഭാര്യാത്വത്തിന് നിബന്ധനവെച്ച് ഹൈക്കോടതി
മുസ്ലീം ആചാരനിയമം ഒന്നിലേറെ വിവാഹം കഴിക്കാൻ മുസ്ലീം പുരുഷന്മാർക്ക് അവകാശം നൽകുന്നുണ്ടെങ്കിലും അത് ഏത് സാഹചര്യത്തിലും ചെയ്യാമെന്നത് തെറ്റിദ്ധാരണയാണെന്ന് ഹൈക്കോടതി. ഭാര്യമാരോട് തുല്യനീതി പുലർത്താൻ കഴിയുന്നവർക്കു മാത്രമാണ് അതിന് അർഹതയുള്ളത്. ഖുർആൻ പറയുന്നതിന്റെ അന്തസ്സത്ത അതാണ്. ഒന്നിലേറെ പേരെ വിവാഹം കഴിക്കാൻ കഴിയുമെങ്കിലും സമുദായത്തിലെ ഭൂരിപക്ഷവും അത് ഉപയോഗിക്കാറില്ല. ആരെങ്കിലും ഇങ്ങനെ വിവാഹം കഴിച്ചതിന്റെ ഭാഗമായി സ്ത്രീകൾ അഗതികളാകുകയാണെങ്കിൽ സർക്കാർ അവരെ സംരക്ഷിക്കണം.
തന്നെ സംരക്ഷിക്കാത്ത ഭിക്ഷാടകനായ ഭർത്താവ് മൂന്നാം വിവാഹത്തിനൊരുങ്ങുന്നതിനെതിരേ മലപ്പുറം സ്വദേശി നൽകിയ കേസിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ വിധി (ഭാര്യമാരെ തുല്യ നീതിയോടെ പോറ്റാനാകുന്ന മുസ്ലീങ്ങൾക്ക് മാത്രമാണ് ബഹുഭാര്യാത്വം അനുവദിച്ചിട്ടുള്ളത്: ഹൈക്കോടതി, സെപ്തംബർ 220, മനോരമ).
27. ഹിന്ദു ന്യൂനപക്ഷം
ആഗോള അയ്യപ്പ സംഗമം നടന്നതിന് പിന്നാലെ കേരള സർക്കാർ ന്യൂനപക്ഷസംഗമം നടത്തുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ഹിന്ദുയിസം മലയാളം എന്ന ഫേസ്ബുക്ക് പേജ് ഒരു വീഡിയോ ചെയ്തു. ‘കേരളത്തിൽ ഹിന്ദുക്കൾ ആണ് ന്യൂനപക്ഷം. അപ്പോൾ ന്യൂനപക്ഷ സംഗമം ഹിന്ദുക്കൾക്ക് അല്ലേ വേണ്ടത്?’ എന്നായിരുന്നു വീഡിയോയുടെ ശീർഷകം. വിഎച്ച്പി നേതാവ് അഡ്വ. അനിൽ വിളയിലാണ് ചർച്ചയിൽ ഒപ്പമുണ്ടായിരുന്നത്. തന്റെ വാദത്തിന്റെ യുക്തി അദ്ദേഹം ഇങ്ങനെ അവതരിപ്പിച്ചു:
ഭാരതത്തിലെ വളരെ ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, 2011ലെ സെൻസസ് പ്രകാരം ഭാരതത്തിലെ ആകെ ജനസംഖ്യ ആയ 121 കോടി 8 ലക്ഷം ജനസംഖ്യയുടെ 2.76% ആണ് കേരളത്തിലെ ജനസംഖ്യ. പത്തുവർഷം കൂടുമ്പോഴാണ് സെൻസസ് നടക്കുന്നത്, 2021ൽ കോവിഡ് മഹാമാരി കാരണം സെൻസസ് നടന്നില്ല. കേരളത്തിലെ ഇപ്പോഴുള്ള ജനസംഖ്യ 3 കോടി 37 ലക്ഷത്തി ആറായിരത്തി അറുപത്തി ഒന്നാണ്. ഹിന്ദു ജനസംഖ്യ 54.76 %. 2021 ൽ സെൻസസ് നടന്നിരുന്നെങ്കിൽ ഹിന്ദു ജനസംഖ്യ 50 ശതമാനമോ അതിനു താഴെയോ ആയിരിക്കും (ഹിന്ദുയിസം മലയാളം, ഫേസ്ബുക് പേജ്/ സെപ്തംബർ 15)
28. എം ലീലാവതിയും ഗാസയും
‘ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക’ എന്ന് 98-ാം പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത് വലിയ സൈബർ ആക്രമണത്തിന് കാരണമായി. ഗസയിൽ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നിങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലെ വിമർശനം. ലീലാവതിയുടെ പ്രസ്താവനയെ അനുകൂലിച്ചും ഒട്ടേറെ പേർ പ്രതികരിച്ചു (‘വിശന്നൊട്ടിയ വയറുമായി നിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾ’; എം. ലീലാവതിക്ക് നേരെ സൈബർ ആക്രമണം, സെപ്തംബർ 15, മനോരമ).
സൈബർ ആക്രമണത്തിനെതിരേ വിവിധ രംഗങ്ങളിലുള്ളവർ കടുത്ത രീതിയിൽ പ്രതികരിച്ചു.
ചോറിനോടല്ലേ മടുപ്പുള്ളൂ, കിട്ടിയ കുഴിമന്തി ഇറങ്ങുമോയെന്ന് നോക്കൂ ടീച്ചറേ എന്നാണ് ‘കാസ’ യുടെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ സ്വന്തം രാജ്യത്ത് ടൂറിസ്റ്റുകളായി കശ്മീരിലെത്തിയ നിരപരാധികളായ 27 പേരെ മതംചോദിച്ച് വെടിവെച്ച് കൊന്നപ്പോഴും ഒരു കുഴപ്പമില്ലായിരുന്നോവെന്നും ഇതേ പോസ്റ്റിൽ പറയുന്നു. ഇസ്രായേലിനൊപ്പമെന്ന് പറഞ്ഞാണ് ‘കാസ’യുടെ കുറിപ്പ് അവസാനിക്കുന്നത്.
ലീലാവതി ടീച്ചറിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 98 വയസ്സ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് ടീച്ചർ. ഗാസയിലെ കുട്ടികൾ വിശന്നിരിക്കുമ്പോൾ തനിക്ക് ഓണമുണ്ണാൻ തോന്നുന്നില്ല എന്ന് അവർ പറഞ്ഞത്, ഒരു മനുഷ്യസ്‌നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു (‘ലീലാവതി ടീച്ചർ ഗാസയ്ക്ക് വേണ്ടി സംസാരിച്ചത് മനുഷ്യസ്‌നേഹിയുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ’ സൈബറാക്രമണങ്ങൾ അപലപനീയമെന്ന് മന്ത്രി വി.ശിവൻകുട്ടി, സെപ്തംബർ 16, മീഡിയാവൺ).
‘കുഞ്ഞുങ്ങൾക്ക് ജാതിയും മതവും വർണവുമില്ല. കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ മാത്രമാണ്. കുഞ്ഞുങ്ങൾക്ക് വിശക്കുന്നത് എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവരുടെ അച്ഛനമ്മമാർ ആരെന്ന് ഞാൻ ആലോചിക്കാറില്ല. അത് എനിക്ക് പ്രസക്തമല്ല’, എന്നായിരുന്നു ലീലാവതിയുടെ ഇതിനോടുള്ള പ്രതികരണം (‘കുഞ്ഞുങ്ങൾക്ക് ജാതിയും മതവുമില്ല, അവർക്ക് വിശക്കുന്നത് എനിക്ക് വിഷമമുണ്ടാക്കും’; സൈബർ ആക്രമണത്തിൽ ലീലാവതി, സെപ്തംബർ 16, റിപ്പോർട്ടർ)
ഡോ. എം ലീലാവതിക്കെതിരേയുള്ള സൈബർ ആക്രമണത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അപലപിച്ചു (ഡോ. എം ലീലാവതിക്കെതിരേയുള്ള സൈബർ ആക്രമണങ്ങൾ അപലപനീയം: വനിതാ കമ്മീഷൻ അധ്യക്ഷ, സെപ്തംബർ 18, സിറാജ്).
29. കൂടെക്കൂട്ടിയില്ലെന്ന് ഉവൈസി
ഉവൈസി ബിജെപിയുടെ ബി ടീമാണെന്ന ആക്ഷേപത്തിന് അദ്ദേഹം നൽകിയ മറുപടി മാധ്യമം പ്രസിദ്ധീകരിച്ചു: ബിഹാറിൽ രാഷ്ട്രീയ നീക്കുപോക്കുകൾക്ക് സന്നദ്ധതയറിയിച്ചിട്ടും ഇന്ത്യാ സഖ്യം തിരിഞ്ഞുനോക്കിയില്ലെന്ന് എ.ഐ.എം.ഐ.എം പാർട്ടി അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ നൽകിയാൽ ഇൻഡ്യ സഖ്യത്തിൽ ചേരാൻ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതൃത്വവുമായി തന്റെ പാർട്ടി പലതവണ ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ലെന്നും ഉവൈസി പറഞ്ഞു (‘കൂടെക്കൂട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കത്തുകളാണ് എഴുതിയത്, എന്നിട്ടും ബി.ജെ.പിയുടെ ബി-ടീമെന്ന വിളിയാണ് ബാക്കി,’ ബിഹാറിൽ ഇൻഡ്യ സഖ്യം അവഗണിക്കുന്നുവെന്ന് ഉവൈസി, സെപ്തംബർ 17, മാധ്യമം).
30. താടിവെച്ച ജിഹാദി
ആഗസ്റ്റ് മാസത്തിൽ ഷാഫി പറമ്പിൽ എംപിയെ വഴി തടയുന്ന ഒരു പ്രതിഷേധ പരിപാടി ഡിവൈഎഫ്‌ഐ നടത്തിയിരുന്നു. അതിൽ ഷാഫിക്ക് സംരക്ഷണമൊരുക്കിയത് ഷഫീഖ് മൗലവിയെന്ന പ്രാദേശിക ലീഗ് പ്രവർത്തകനായിരുന്നു. നീണ്ട താടിയുള്ള അദ്ദേഹം തൊപ്പി ധരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം താലിബാനിയാണെന്നും ഭീകരവാദിയാണെന്നുമുള്ള വിദ്വേഷപ്രാചരണം സൈബർ ഇടത്തിൽ വ്യാപകമായി ഉണ്ടായി. സിപിഎം ഹാൻഡിലുകളാണ് ഇത് ഷെയർ ചെയ്തത്. വിദ്വേഷ പ്രചാരണത്തിനെതിരേ ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള റൂറൽ എസ്പിക്ക് പരാതി നൽകി (തൊപ്പി ധരിച്ചതിന്റെ പേരിൽ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം; സിപിഎം ഹാൻഡിലുകൾക്കെതിരെ പരാതി, സെപ്തംബർ 17, മീഡിയാവൺ).
31. ഹഥ്രസ് മോഡൽ വർഗീയ കലാപം
അസമിലെ ഗോൾപ്പാറ ജില്ലയിലും ദുബ്ര ജില്ലയിലും ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെയാണ് ഹിന്ദുത്വ ഭരണകൂടം കുടിയൊഴിച്ചത്. അനധികൃത നിർമാണം ആരോപിച്ചാണ് പലരുടെയും വീടുകൾ ബുൾഡോസർ നടപടികൾക്ക് വിധേയമാക്കിയത്. മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ നടക്കുന്ന വംശഹത്യാ പദ്ധതിയുടെ ആഴം നേരിട്ട് മനസ്സിലാക്കാനും അത് പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീക് മാമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളിയും സജീദ് പി.എം എന്നിവരുൾപ്പെട്ട സംഘം അസം സന്ദർശിച്ചത്.
എന്നാൽ ഇവരെ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ അസം പൊലീസ് അനുവദിച്ചില്ല. ഒരു ദിവസത്തെ തടങ്കലിന് ശേഷം ബംഗാൾ അതിർത്തിയിലേക്ക് നാടുകടത്തുകയായിരുന്നു. അതേ കുറിച്ച് തൗഫീക് മാമ്പാട് തന്റെ ഫേസ്ബുക്ക് വാളിൽ കുറിച്ചത് ഇങ്ങനെ: ഇന്ത്യയിൽ നിന്നുള്ള ആരൊക്കെ അസമിൽ പ്രവേശിക്കണമെന്ന് തീരുമാനിക്കുന്നത് സംഘ്പരിവാർ ഭരണകൂടമാണ്. അവരോട് വിയോജിക്കുന്നവരെയെല്ലാം അവർ അസമിൽ നിന്ന് നാടുകടത്തും. അസമിലുള്ള മുസ്ലീങ്ങളുടെ കടകളും വീടുകളും തകർത്തുകൊണ്ടിരിക്കുന്നു. അസം നിവാസികളായ ആയിരക്കണക്കിന് മുസ്ലീങ്ങളെ പൗരത്വം നിഷേധിച്ച് നാടുകടത്തുന്നു. അതിനെ എതിർക്കുന്നവരെ വെടിവെച്ചു കൊല്ലുന്നു. ഇങ്ങനെ അനീതിക്ക് ഇരയാകുന്ന അസം മുസ്ലീങ്ങളെ പിന്തുണക്കാനെത്തുന്നവരെയും നാടുകടത്തും. പ്രദേശത്ത് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മൂന്നു പേരും നാട്ടിലേക്ക് തിരിച്ചു (സെപ്തംബർ 17, ഫേസ്ബുക്ക്/ തൗഫീക് മാമ്പാട്).
ഹഥ്രസ് മോഡൽ
ഈ സംഭവത്തെക്കുറിച്ച് ജനം വിടി നൽകിയ വാർത്ത ‘അസാമിൽ ഹത്രാസ് മോഡൽ വർഗീയ കലാപത്തിന് ശ്രമിച്ച മൂന്ന് മലയാളികൾ അറസ്റ്റിൽ’ എന്നാണ്.
ദുബ്രിയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെ ചെക്ക്പോസ്റ്റിൽ വച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അസം സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ) പ്രസിഡന്റ് റമീസ് അബ്ദുള്ളയും ഇവർക്കൊപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവരെ ചെപ്രി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ രേഖകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തെന്നും വാർത്തയിൽ പറയുന്നു (അസാമിൽ ഹത്രാസ് മോഡൽ വർഗീയ കലാപത്തിന് ശ്രമം; മൂന്ന് മലയാളികൾ അറസ്റ്റിൽ; പിടിയിലായത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയുടെ നേതാക്കൾ, സെപ്തംബർ 17, ജനം ടിവി).


ഇതേ വാർത്ത ‘ഹഥ്രാസ് മോഡൽ വർഗീയ കലാപത്തിന് ശ്രമം; മൂന്ന് മലയാളികൾ അസാമിൽ അറസ്റ്റിലായി’ എന്ന ശീർഷകത്തിൽ ക്രൈം ഓൺലൈനും കർമന്യൂസും പ്രസിദ്ധീകരിച്ചു (സെപ്തംബർ 17).
വ്യാജവാർത്തക്കെതിരേ സോളിഡാരിറ്റി
വ്യാജവാർത്ത നൽകിയ ജനം ടിവിക്കും കർമ ന്യൂസിനുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പൊലീസിൽ പരാതി നൽകി. വ്യാജ വാർത്ത പിൻവലിച്ച് മാപ്പുപറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം (കലാപമുണ്ടാക്കാൻ ശ്രമമെന്ന് വ്യാജ വാർത്ത; ജനം ടിവിക്കും കർമ ന്യൂസിനുമെതിരെ നിയമ നടപടിയുമായി സോളിഡാരിറ്റി, സെപ്തംബർ 20, മാധ്യമം).
32. ലൈംഗികാരോപണങ്ങളുമായി സിപിഎം പ്രഭാഷകൻ
ദാറുൽ ഹുദക്കെതിരെ മലപ്പുറം ചെമ്മാട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിൽ ബഹാഉദ്ദീൻ നദ്വിക്കെതിരെ ഇടത് വേദികളിലെ പ്രഭാഷകൻ നാസർ കൊളായി ലഹരി, ലൈംഗികാരോപണങ്ങൾ ഉന്നയിച്ചു. സിപിഎം നേതാവും തിരുവമ്പാടി ഏരിയാ കമ്മിറ്റിയംഗമാണ് നാസർ കൊളായി. നദ്‌വി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് ഒരു പുസ്തകത്തെ പരാമർശിച്ച് (കാക്കനാടൻ എഴുതിയ കുടജാദ്രിയുടെ സംഗീതം) നാസർ കോളായി ആരോപിച്ചത്. ലഹരി ഉപയോഗിച്ച ബഹാഉദ്ദീൻ നദ്‌വി ഒരു സ്ത്രീയുമായി ശൃംഗരിച്ചുവെന്നും അദ്ദേഹം വിശുദ്ധനെപ്പോലെ അഭിനയിച്ചുവെന്നും രാജൻ കാക്കനാടൻ എഴുതിയെന്നും അദ്ദേഹം പ്രസംഗിച്ചു (ബഹാഉദ്ദീൻ നദ്വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുമായി ഇടത് വേദികളിലെ പ്രഭാഷകൻ നാസർ കൊളായി, സെപ്തംബർ 18, മീഡിയാവൺ).
മാനീപാടം മണ്ണിട്ട് നികത്തുന്നു, കുടിവെള്ളം മലിനമാക്കുന്നു എന്നാരോപിച്ചായിരുന്നു സിപിഎം പ്രതിഷേധ മാർച്ച് നടത്തിയത്.
നിഷേധിച്ച് ബഹാഉദ്ദീൻ നദ്വി
സിപിഎം നേതാവ് നാസർ കൊളായിയുടെ ആരോപണത്തിന് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ബഹാഉദ്ദീൻ നദ്വി മറുപടി പറഞ്ഞു. കാക്കനാടന്റെ കൂടെ താൻ യാത്ര ചെയ്തിട്ടില്ല, അദ്ദേഹത്തെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല, തന്റെ പുസ്തകം ആർക്കെങ്കിലും നൽകി സ്വയം പരിചയപ്പെടുത്തുന്ന രീതി തനിക്കില്ലെന്നും നദ്വി പറഞ്ഞു.
1985ൽ തനിക്ക് 35 വയസ്സിൽ താഴെയാണ് പ്രായം. അന്ന് തനിക്ക് നരച്ച താടിയില്ല, ജുബ്ബ ധരിക്കാറില്ല. ആ കാലത്ത് കർണാടകയിലൂടെ ടൂറിസ്റ്റ് ബസ്സിൽ താൻ യാത്ര ചെയ്തിരുന്നില്ല. ജീവിതത്തിൽ ഒരിക്കലും താൻ മദ്യപിച്ചിട്ടില്ല. ഈ സംഭവം നിഷേധിച്ച് ആ കാലത്ത് തന്നെ ചന്ദ്രിക പത്രത്തിൽ എഴുതിയിരുന്നു. താൻ മടവൂരിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ഈ ആരോപണം വീണ്ടും ഉയരാൻ കാരണം. തന്നെ അടിക്കാൻ കിട്ടിയ വടിയായി ചില തത്പര കക്ഷികൾ ഇത് ഉപയോഗിക്കുകയാണെന്നും നദ്വി പറഞ്ഞു (കാക്കനാടന്റെ കൂടെ യാത്ര ചെയ്തിട്ടില്ല, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല’; നാസർ കൊളായിയുടെ ആരോപണത്തിന് മറുപടിയുമായി ബഹാഉദ്ദീൻ നദ്വി, സെപ്തംബർ 18, മീഡിയാവൺ)
33. വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി ജിഹാദി അജണ്ട
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിൽ മുസ്ലീങ്ങൾക്ക് പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന ആരോപണവുമായി ജനം ടിവി: ഇക്‌ണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ചാണ് ഇത്തരം ഒരു ഗ്രൂപ്പുള്ളത്. ഇതര മതങ്ങളുടെ ആഘോഷങ്ങൾക്ക് ആശംസയിടുന്നതിന് പോലും ഗ്രൂപ്പിൽ വിലക്കുണ്ട്. പച്ചവെളിച്ചം ഗ്രൂപ്പിന്റെ തുടർച്ചയെന്ന പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. ഇടതുസംഘടനയുടെ മറവിൽ ജിഹാദി അജണ്ടയാണ് നടക്കുന്നത് (മുഖ്യമന്ത്രിയുടെ വകുപ്പിൽ മുസ്ലീങ്ങൾക്ക് പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഇതര മതാഘോഷങ്ങളിൽ ആശംസകൾക്ക് വിലക്ക്; ഇടതുസംഘടനയുടെ മറവിൽ ജിഹാദി അജണ്ടയെന്ന് ആരോപണം, സെപ്തംബർ 18, ജനം ടിവി).
പോപ്പുലർ ഫ്രണ്ട് പോലെയുള്ള നിരോധിത സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരും ഇപ്പോൾ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്ന് ജന്മഭൂമി അതേ ദിവസം നൽകിയ റിപോർട്ടിൽ പറയുന (സർക്കാർ ഓഫിസിൽ മതവാട്‌സ് ആപ്പ് ഗ്രൂപ്പ്, വിദ്വേഷം പടർത്തുന്നു, സെപ്തംബർ 19, ജന്മഭൂമി).
34. ഹിന്ദുരാഷ്ട്രമായതിനാൽ നേപ്പാളിനോട് പക
സൗദി അറേബ്യയോടും ലോകത്തെ മറ്റിതര ക്രൈസ്തവ രാഷ്ട്രങ്ങളോടും ഇല്ലാത്ത പകയാണ് നേപ്പാളിനോടെന്ന് അതിനു കാരണം അത് ഹിന്ദുരാഷ്ട്രമായതിനാലെന്നും ജന്മഭൂമി ലേഖനം: രാജഭരണം എന്നതിനേക്കാൾ ലോകത്തെ ഒരേയൊരു ‘ഹിന്ദു രാഷ്ട്രം’ ആയതുകൊണ്ടാണ് നേപ്പാളിൽ നിലവിലുണ്ടായിരുന്ന സർക്കാരിനോട് ഇടതു പാർട്ടികൾക്കും കോൺഗ്രസിനും വിരോധമുണ്ടായത്. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇസ്‌ലാമിക രാജഭരണത്തോടും, നിരവധിയായ ക്രൈസ്തവ രാജ്യങ്ങളോടും ഇല്ലാതിരുന്ന എതിർപ്പാണ് നേപ്പാളിനോട് ഇവർക്ക് തോന്നിയത്. മാവോയിസ്റ്റുകളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഹിന്ദു രാജ്യത്തിന് പകരം മതേതര രാജ്യം സ്ഥാപിക്കുകയാണ് ഇവർ ചെയ്തത്. ഈ മതേതര രാജ്യത്തിന്റെ തുടർച്ചയായിരുന്നു ഇപ്പോൾ അധികാരത്തിന് പുറത്തുപോകേണ്ടി വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ (നേപ്പാളിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്, മുരളി പാറപ്പുറം , സെപ്തംബർ 18, ജന്മഭൂമി).
35. കുസാറ്റിലെ താലിബാൻ ശൈലി
വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി ഒക്ടോബർ മാസത്തിൽ മംഗലാപുരത്ത് വച്ച് നടത്തുന്ന 29-ാമത് ‘പ്രോഫ്‌കോൺ’ പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഗ്ലോബൽ കോൺഫറൻസിന്റെ ഭാഗമായി വിവിധ ക്യാമ്പസുകൾക്ക് സമീപം വ്യത്യസ്ത പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. മത- ധാർമിക- അക്കാദമിക- സാമൂഹിക രംഗങ്ങളിൽ ദിശാ ബോധം നൽകുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. അതിലൊന്ന് സെപ്തംബർ 15ാം തിയ്യതി കൊച്ചി കുസാറ്റിന് സമീപമുള്ള കളമശ്ശേരി കമ്മ്യൂണിറ്റി ഹാളിലായിരുന്നു. ഈ പരിപാടിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടമാണ് ഒരുക്കിയിരുന്നത്. ഇത് ചിലർ വിവാദമാക്കി.
കൺട്രോൾ പോകുന്ന വിത്തുകൾ
സംഘപരിവാർ നേതാവായ ശശികല ടീച്ചർ ഇങ്ങനെ എഴുതി: മതേതരഭരണഘടനയുള്ള ഭാരതത്തിലെ സിപിഎം കോട്ടയായ കേരളത്തിലെ കുസാറ്റിൽ നിന്നുള്ള മഹനീയ രംഗം. ക്ലാസെടുക്കുന്നത് ഇപിയോ എപിയോ ബാലുശ്ശേരിയോ അല്ല, ഒന്നാന്തരം പല്ല് ലാക്കിട്ടർ. അവിടെ എസ്എഫ്‌ഐയില്ല… പെണ്ണിനെ കണ്ടാൽ കൺട്രോൾ പോകുന്ന വിത്തുകളാണ് തിരശ്ശീലക്ക് മുന്നിൽ എന്നാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് (സെപ്തംബർ 18, ഫേസ്ബുക്ക് പോസ്റ്റ്/ ശശികല ടീച്ചർ).
താലിബാൻ സ്റ്റൈൽ
നചികേതസ് എന്ന എക്‌സ് അക്കൗണ്ടാണ് പരിപാടിയെ താലിബാൻ സ്റ്റൈൽ സെമിനാർ എന്ന് വിശേഷിപ്പിച്ചത്: സിപിഎം അധ്യാപകരുടെയും എസ്എഫ്‌ഐയുടെയും കൺമുന്നിൽ ഒരു മുസ്ലീം സംഘടന ആൺകുട്ടികളെയും പെൺകുട്ടികളെയും മറകെട്ടി വേർതിരിച്ച് താലിബാൻ മോഡൽ സെമിനാർ നടത്തിയിരിക്കുന്നു (നചികേതസ്, സെപ്തംബർ 18, എക്‌സ് അക്കൗണ്ട്).
ഇത് അഫ്ഗാനിലല്ല
ഇത് അഫ്ഗാനിസ്ഥാനിലല്ല, നമ്പർ വൺ കേരളത്തിലാണ് നടക്കുന്നതെന്ന് ഓർക്കണമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ ഫേസ്ബുക്കിൽ പ്രതികരിച്ചു: ‘ ഇതാണ് നിങ്ങളൊക്കെ പറയുന്ന പുരോഗമനം, സ്ത്രീ സ്വാതന്ത്ര്യം, തുല്യത! ഇത് അഫ്ഗാനിസ്ഥാനിലല്ല, നമ്പർ വൺ കേരളത്തിലാണ്! ഇതാണ് നമ്പർ വൺ കേരളമെന്ന് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും വീമ്പിളക്കുന്നത് ! (സെപ്തംബർ 19, ഫേസ്ബുക്ക്/ ഡോ. ടി.പി സെൻകുമാർ).
താലിബാൻ ക്രൂരത
എബിസി മലയാളം ചെയ്ത വാർത്തയുടെ ശീർഷകം കുസാറ്റിലെ താലിബാൻ ക്രൂരത എന്നായിരുന്നു (സെപ്തംബർ 21). ആ വാർത്തയിൽ ഈ സംഭവം വാർത്തയാക്കാത്തതിന് ഏഷ്യാനെറ്റിനെ കുറ്റപ്പെടുത്തി. ഈ പരിപാടി താലിബാന്റെ സ്വഭാവമാണെന്ന് പറയാൻ അവർക്ക് ധൈര്യമില്ലെന്നും എബിസി അഭിപ്രായപ്പെട്ടു.
സർവകലാശാല കോടതിയിലേക്ക്
പരിപാടി വിവാദമായതോടെ കൊച്ചി സർവകലാശാല കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. പരിപാടിയുടെ പേരിൽ കുസാറ്റ് എന്ന് ചേർക്കരുതെന്നായിരുന്നു ആവശ്യം (കുസാറ്റ് അപ്രോച്ച് കോർട്ട് ഓവർ യൂസ് ഓഫ് ഇറ്റ്‌സ് നെയിം ഫോർ കോൺട്രൊവെർഷ്യൽ ഇവന്റ്, സെപ്തംബർ 22, ടൈംസ് ഓഫ് ഇന്ത്യ).
സംഘടനയുടെ വിശദീകരണം
കുസാറ്റ് ക്യാമ്പസിനകത്ത് പ്രോഗ്രാം നടത്തി എന്നത് നുണയാണ്. ക്യാമ്പസിന്റെ പേര് ദുരുപയോഗം ചെയ്തു എന്ന വാദവും ശരിയല്ല. ഓരോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും ക്യാമ്പസുകളിൽ യൂണിറ്റ് ഉണ്ടാവുകയും, ആ ക്യാമ്പസിനോട് ചേർത്തു പറയുകയും ചെയ്യുക എന്നത് പതിവാണ്. മുസ്ലീം വിദ്യാർത്ഥി സംഘടനകൾക്ക് മാത്രം അത് പാടില്ലെന്നു പറയുന്നത് ശരിയല്ല.
ഇസ്ലാമിക സംഘടനകൾ നടത്തുന്ന ഏതൊരു പ്രോഗ്രാമിലും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ഇടമൊരുക്കുക പതിവാണ്. ആവശ്യാനുസരണം മറയും സ്വീകരിക്കാറുണ്ട്. ഇവിടെയും അതാണ് ഉണ്ടായത്. നാനാ ജാതി മതസ്ഥർ സൗഹാർദ്ദത്തോടെ ഇടകലർന്ന് ജീവിക്കുന്ന ഈ കേരളത്തിൽ മുസ്ലീം മതസ്ഥരുടെ പതിവു ശൈലികൾ പോലും തിരിച്ചറിയാൻ കഴിയാത്തത് ശരിയല്ല (സെപ്തംബർ 21, വിസ്ഡം സ്റ്റുഡന്റസ്/ഫേസ്ബുക്ക്)
36. ഷംജു എന്ന മുസ്ലീം ഉദ്യോഗസ്ഥ
ജുലൈ 4 ന് വായനാ ദിനത്തോട് അനുബന്ധിച്ച് ഡയറക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഷംജു എന്ന ജീവനക്കാരി നടത്തിയ പരാമര്‍ശം വിവാദമായി: പാളയം ജംഗ്ഷനില്‍ യേശുവും കൃഷ്ണനും നബിയും ഗോലി കളിച്ചപ്പോള്‍ നബി ജയിച്ചു. തോറ്റ കൃഷ്ണനോടും ക്രിസ്തുവിനോടും മുട്ടുവയ്ക്കാന്‍ നബി ആവശ്യപ്പെട്ടപ്പോള്‍ കൃഷ്ണന്‍ മുണ്ടുപൊക്കി കാണിച്ചു. കെട്ടിടത്തിന്റെ മുകളില്‍ ഓടിക്കയറിയ ക്രിസ്തു മുണ്ടുപൊക്കല്ലേ എന്ന് ആവശ്യപ്പെട്ടു. ഈ നില്‍പ്പാണ് പാളയം പള്ളിക്ക് മുന്നില്‍ കാണുന്ന ക്രിസ്തു രൂപം.’ എന്നിങ്ങനെയായിരുന്നു ഷംജുവിന്റെ വാക്കുകള്‍. ഇതിനെതിരേ ജനം ടിവി വാര്‍ത്ത നല്‍കി (‘കൃഷ്ണന്‍ മുണ്ടുപൊക്കി കാണിച്ചു, കെട്ടിടത്തിന്റെ മുകളില്‍ ഓടിക്കയറിയ ക്രിസ്തു പൊക്കല്ലേ എന്ന് ആവശ്യപ്പെട്ടു, ഇതാണ് പാളയം പള്ളിയിലുള്ളത്’; ഗുരുതര മതനിന്ദയുമായി മുഖ്യമന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്ഥ, സെപ്തംബര്‍ 18, ജനം ഓണ്‍ലൈന്‍).
ഈ വാര്‍ത്തയില്‍ മുസ്ലീം ഉദ്യോഗസ്ഥയെന്ന പദം ഉപയോഗിച്ചിരുന്നില്ലെങ്കിലും സെപ്തംബര്‍ 26ാം തിയ്യതി ഇതേ മാധ്യമം നല്‍കിയ വാര്‍ത്തയില്‍ ഷംജുവിനെ മുസ്ലീം ഉദ്യോഗസ്ഥയെന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ഇടതുപക്ഷം ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതെന്നും ആരോപിച്ചു (കൃഷ്ണനെയും ക്രിസ്തുവിനെയും പാളയം ചര്‍ച്ചിനെയും അധിക്ഷേപിച്ച സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥ ഷംജു ബി.കെയ്ക്കെതിരെ നടപടി; വിശദീകരണം ചോദിച്ച് ചീഫ് സെക്രട്ടറി, സെപ്തംബര്‍ 26, ജനം ടിവി).
37. ഇസ്‌ലാമോഫോബിയയുടെ ഇന്ത്യന്‍ ചരിത്രം
ഇസ്‌ലാമോഫോബിയയുടെ ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് ജെ രഘു റൂട്ട്‌സിന്റെ വീഡിയോയില്‍: സവര്‍ണര്‍ ചെറുത്തുതോല്‍പ്പിക്കേണ്ട ഒന്നിന്റെ സ്ഥാനത്തേക്ക് ബങ്കിം ചന്ദ്ര ചാറ്റര്‍ജി പിടിച്ചുനിര്‍ത്തിയത് മുസ്ലീങ്ങളെയാണ്. അങ്ങനെ അവരുടെ സൈന്യം ഉണ്ടാക്കുകയാണ്. ഇന്ത്യയെന്ന രാഷ്ട്രത്തെ മദര്‍ ഗോഡസ് ആയി ആദ്യം ചിത്രീകരിക്കുന്നത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ്. ആര്‍എസ്എസിന്റെ ചിത്രങ്ങളില്‍ കാണുന്ന മദര്‍ ഗോഡസിനെ അതായത് ഭാരതമാതാവിനെ വരച്ചത് അപനീന്ദ്രനാഥ ടാഗോറാണ്. ഇസ്ലാമാണ് ഇന്ത്യയുടെ ശത്രുവെന്ന ആശയത്തിന് ബീജാപാവം നടത്തുന്നത് 1882ലാണ്. അതന്ന് യൂറോപ്പില്‍ പോലും ഇങ്ങനെയൊരു ആശയമില്ല. പിന്നീട് തിലകനിലൂടെയും ഗാന്ധിയിലൂടെയും നെഹ്രുവിലൂടെയുമൊക്കെ പ്രസിദ്ധമായ ദേശീയ സങ്കല്‍പ്പത്തിന് അടിത്തറ പാകിയത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ്. അദ്ദേത്തിന്റെ ഭാരതമാതാവ് ഇസ്‌ലാമിന്റെ ഘാതകയാണ്. ആ മാതാവിന്റെ സന്താനങ്ങളാണ് എന്നാണ് ഓരോ പോരാളിയെയും ബങ്കിം ചന്ദ്ര വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലീം ഗ്രാമങ്ങളിലും ചെന്ന് പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് നോവല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്‌ലാമോഫോബിയ എന്നുപറയുന്നത് ഇന്ത്യന്‍ ദേശീയസങ്കല്‍പ്പത്തില്‍ അന്തര്‍ലീനമായ ആശയമാണ്. അത് അടുത്ത കാലത്തായി ഉണ്ടായതല്ല (ഈഴവര്‍:ഹിന്ദുവല്‍ക്കരണം, ജാതി, ഇസ്ലാമോഫോബിയ, ബഹുജന്‍ രാഷ്ട്രീയാധികാരം:ജെ. രഘു, സെപ്തംബര്‍ 21, ദി റൂട്ട്‌സ് മീഡിയ).
38. ജമാഅത്തെ ഇസ്‌ലാമി, മതമൗലികവാദി, മതരാഷ്ട്രവാദി
സമകാലിക മലയാളം നടത്തിയ അഭിമുഖത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ അപഹസിച്ച് അഡ്വ. ജയശങ്കര്‍:
മുസ്ലീം മതമൗലികവാദികളുടെ മതരാഷ്ട്രവാദികളുടെ തീവ്രവാദികളുടെ സംഘമാണ് ജമാഅത്തെ ഇസ്‌ലാമി. അതിന്റെ ബി ടീമാണ് മുസ്ലീം ലീഗ്. അതിന്റെ എ ടീമാണ് കോണ്‍ഗ്രസ്സ്. ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടുകെട്ട് വലിയൊരു ഭാരമാണ്. അതിനേക്കാള്‍ നല്ലത് അമ്മിക്കല്ലെടുത്ത് ഒക്കത്തുവയ്ക്കുന്നതാണ്. അവര്‍ക്ക് മുസ്ലീം സമുദായത്തില്‍ പറയത്തക്ക പ്രാതിനിധ്യമില്ല. അവര്‍ ചെറിയ ഒരു വിഭാഗമാണ്. അവരുടെ പിന്തുണ സ്വീകരിച്ചാല്‍ മറ്റു സമുദായങ്ങള്‍ക്കിടയില്‍ വലിയ അപകടമുണ്ടാവും. ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ഇവരെ എതിര്‍ക്കുന്നവരാണ്. ചെറിയ വിഭാഗമാണെങ്കിലും മുസ്ലീങ്ങളില്‍ ആശയപ്രചാരണം നടത്തുന്നതില്‍ മുന്നില്‍ ഇവരാണ്. സാധാരണക്കാരായ മുസ്ലീങ്ങളുടെ ചിന്താഗതി നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും അവരുടെ ചാനലുമാണ് (ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിന് ബാധ്യത അമ്മിക്കല്ല് എടുത്ത് ഒക്കത്തു വച്ച പോലെ, അഡ്വ. എ ജയശങ്കര്‍, പാര്‍ട്ട് 4, സെപ്തംബര്‍ 21, സമകാലിക മലയാളം).
39. കളമശ്ശേരി സ്‌ഫോടനവും രാജീവ് ചന്ദ്രശേഖറിന്റെ കമന്റും
കളമശ്ശേരി സ്‌ഫോടനം നടന്നയുടന്‍ മുസ്ലീങ്ങള്‍ക്കെതിരേ വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനെതിരേയുള്ള കേസ് ഗൗരവമായി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ദേശാഭിമാനി. സംഭവം വിവാദമായപ്പോള്‍ ആ പോസ്റ്റുകള്‍ രാജീവ് പിന്‍വലിച്ചിരുന്നു. പോസ്റ്റുകള്‍ വീണ്ടെടുക്കാനും അവ മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്റ് വഴി ലഭിക്കാനുമാണ് സംസ്ഥാന പോലീസിലെ ഇന്റര്‍പോള്‍ ലെയ്‌സന്‍ ഓഫീസറായ ഐജിക്ക് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി അനുമതിനല്‍കിയത്. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ചത്.(കളമശ്ശേരി സ്‌ഫോടനത്തിലെ വിദ്വേഷപരാമര്‍ശം; രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ അനുമതി, സെപ്തംബര്‍ 22, ദേശാഭിമാനി).
40. വാവര്‍ മുസ്ലീം തീവ്രവാദ
സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനു സമാന്തരമായി പന്തളത്ത് സംഘപരിവാറിന്റെ മുന്‍കയ്യില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി നടത്തിയ പരാമര്‍ശം മുസ്ലീം വിദ്വേഷം നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. വാവര്‍ തീവ്രവാദിയാണെന്നും മുസ്ലീം ആക്രമണകാരിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്:
അയ്യപ്പനെ ആക്രമിച്ച് തോല്‍പ്പിക്കാന്‍ എത്തിയ ആളാണ് വാവര്‍. വാവര്‍ ചരിത്രം തെറ്റാണ്. വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നത്. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര്‍ മുസ്ലീം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’, ശാന്താനന്ദ മഹര്‍ഷി പറഞ്ഞു (‘വാവര്‍ തീവ്രവാദി, മുസ്ലീം ആക്രമണകാരി’; ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍, സെപ്തംബര്‍ 22, റിപ്പോര്‍ട്ടര്‍ ടിവി).


ശബരിമല നിലനില്‍ക്കുന്നതുകൊണ്ടാണ് ഹിന്ദുക്കള്‍ ഇവിടെ ശേഷിക്കുന്നത്, ഇല്ലെങ്കില്‍ പണ്ടേ ഹൈന്ദവരെ ഏതെങ്കിലും വിഭാഗത്തിലേക്ക് മതം മാറ്റിയേനെയെന്നായിരുന്നു ഇതേ സമ്മേളനത്തില്‍ ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി, സ്വാമി അയ്യപ്പദാസ് പ്രസംഗിച്ചത്.
വാവരെ അധിക്ഷേപിച്ചതിനെതിരേ ശാന്താനന്ദ മഹര്‍ഷിക്കെതിരേ പന്തളം കൊട്ടാര കുടുംബാംഗം പ്രദീപ് വര്‍മ പൊലീസില്‍ പരാതി നല്‍കി. ഇവര്‍ക്കുപുറമെ കോണ്‍ഗ്രസ്സിന്റെ മാധ്യമ വക്താവ് വി ആര്‍ അനൂപ്, ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് കമ്മിറ്റി എന്നിവരും പന്തളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രസംഗം മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നായിരുന്നു പ്രദീപിന്റെ പരാതി (വാവര്‍ തീവ്രവാദി: വിദ്വേഷപ്രസംഗവുമായി ശ്രീരാമമിഷന്‍ അധ്യക്ഷന്‍, സെപ്തംബര്‍ 24, സിറാജ്).
വാവര് മുസ്ലീം തീവ്രവാദി’ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിന്നീട് ചേങ്കോട്ടുകോണം മഠാധിപതി ശക്തി ശാന്താനന്ദ മഹര്‍ഷി അറിയിച്ചു (വാവര്‍ മുസ്ലീം തീവ്രവാദി, പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു: ശാന്താനന്ദ മഹര്‍ഷി, സെപ്തംബര്‍ 24, ജനം ടിവി).
41. സ്റ്റാലിന്റെ മുസ്ലീം പ്രീണനം
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന എസ്ഡിപിഐ നേതാവ് നെല്ലായ് മുബാറക്കിന്റെ ആവശ്യത്തോട് അതൊക്കെ എപ്പഴേ ചേര്‍ത്തെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മറുപടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1,500-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം (മുഹമ്മദ് നബിയെക്കുറിച്ച് സ്‌കൂള്‍ സിലബസില്‍ വേണമെന്ന് എസ്ഡിപിഐ നേതാവ്; അതൊക്കെ എപ്പഴേ ഉണ്ടെന്ന് എം.കെ സ്റ്റാലിന്‍, സെപ്തംബര്‍ 22, ന്യൂസ് 18 മലയാളം).
ഈ വാര്‍ത്ത ജനം ടിവി വ്യാഖ്യാനിച്ചത് മറ്റൊരു തരത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗം എസ് ഡി പി ഐ ആവശ്യപ്പെട്ട പ്രകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ നീക്കമെന്നും സ്റ്റാലിന്‍ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്നും ജനം ടി വി ആരോപിച്ചു (മുസ്ലീം പ്രീണനവുമായി സ്റ്റാലിന്‍, സെപ്തംബര്‍ 23, ജനം ടിവി).
42. ഹിന്ദുക്കള്‍ക്ക് ചില ഉപദേശങ്ങള്‍
ഹിന്ദുക്കള്‍ മുസ്ലീങ്ങളിൽ നിന്ന് പഠിക്കേണ്ട ചിലതിനെക്കുറിച്ച ഒരു കുറിപ്പ് ഡോ. ടി.പി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതി:
ആദ്യത്തേത് പരീക്ഷകള്‍ക്ക് കുട്ടികളെ തയ്യാറെടുപ്പിക്കുകയെന്നതാണ്. രണ്ടാമത്തേത് കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. അല്ലെങ്കില്‍ ഹിന്ദുക്കളുടെ എണ്ണം താഴോട്ട് പോകും. മൂന്നാമതായി മതം മാറ്റത്തിന് വരുന്ന ആരെയും അവരെ ഇസ്ലാം മതത്തിലെ ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ക്ക് എന്ത് സ്വീകരണം കൊടുക്കുമോ, അല്ലെങ്കില്‍ ഒരു ഇസ്‌ലാമിക് സമൂഹത്തില്‍ ചെന്നാല്‍ അവര്‍ക്ക് എന്ത് സ്വീകരണം കൊടുക്കുമോ അതേ സ്വീകരണം കൊടുത്തു ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളും സ്വീകരിക്കണം. അതാണ് മതം മാറ്റം നടത്താന്‍ വരുന്നവരോട് ചെയ്യേണ്ട കാര്യം (സെപ്തംബര്‍ 23, ഫേസ്ബുക്ക്/ ഡോ. ടി.പി സെന്‍കുമാര്‍).
43. കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളും
ശബരിമല വികസനത്തിനായി ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നതിനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രൂക്ഷമായി വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം ലക്ഷ്യമിടുന്നതുകൊണ്ടാണ് അത്:
സുപ്രീം കോടതി വിധി ആചാരങ്ങള്‍ക്ക് എതിരാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ യുവതി പ്രവേശനത്തില്‍ നിര്‍ബന്ധം പിടിച്ചില്ല. ആചാരം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ എന്‍എസ്എസിന് ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ഈ ഉറപ്പ് നല്‍കിയത്. അതുകൊണ്ടാണ് ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും ബിജെപിയും പരിപാടി ബഹിഷ്‌കരിച്ചത്. കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു. അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകുമെന്നുതോന്നുന്നു (കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതി; പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് എന്‍എസ്എസ്, സാമകാലിക മലയാളം , 23 സെപ്തംബര്‍).
44. കേരള സ്‌റ്റോറിയും വിഎസ്സും
കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകുമെന്ന വി.എസിന്റെ പ്രസ്താവനയില്‍ നിന്നാണ് തന്റെ സിനിമയുണ്ടാകുന്നതെന്ന് കേരള സ്റ്റോറി സംവിധായകന്‍ സുദിപ്തോ സെന്‍:
കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകുമെന്ന വി.എസിന്റെ പ്രസ്താവനയില്‍ നിന്നാണ് കേരള സ്‌റ്റോറിയെന്ന സിനമയുണ്ടായത്. 2010ലും 2011ലും വി.എസും പിണറായിയും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിന്റെ ഫലവുമാണ് ഈ സിനിമ. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ ആവശ്യത്തിനായി മൂവായിരത്തിലധികം പെണ്‍കുട്ടികളെ കാണുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. കേരളത്തെ അപമാനിക്കുന്നതാണ് കേരള സ്റ്റോറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ് (കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകുമെന്ന വി.എസിന്റെ പ്രസ്താവനയില്‍ നിന്നാണ് എന്റെ സിനിമയുണ്ടാകുന്നത്; സുദിപ്തോ സെന്‍, സെപ്തംബര്‍ 23, മീഡിയാവണ്‍).
45. കോണ്‍ഗ്രസ്സിന് ആശ്രയം ന്യൂനപക്ഷ വര്‍ഗീയത
ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള ന്യൂനപക്ഷ വര്‍ഗീയതയാണ് കോണ്‍ഗ്രസിന്റെ ആശ്രയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍: സതീശനും ചെന്നിത്തലയും കെ സി വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനായി നടക്കുകയാണ്. അവിടെ തമ്മിലടിയാണ്. ജമാഅത്തെ പോലുള്ള ന്യൂനപക്ഷ വര്‍ഗീയതയാണ് കോണ്‍ഗ്രസിന് ആശ്രയം. കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ് ബിജെപി കേരളത്തില്‍ വിജയിക്കുന്നത്. തൃശൂരില്‍ അഴിക്കോടന്‍ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി മൂന്നാം ടേമും കേരളം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു (‘ഇടതു മുന്നണി മൂന്നാം ടേമും കേരളം ഭരിക്കും, കോണ്‍ഗ്രസിന് ആരാണ് വോട്ട് ചെയ്യുക?’, സെപ്തംബര്‍ 23, സമകാലിക മലയാളം).
46. സംഘപരിവാര്‍ അഭിഭാഷകനെ സംരക്ഷിച്ച് സര്‍ക്കാര്‍
കടുത്ത വിദ്വേഷപ്രചാരകനും സംഘ്പരിവാര്‍ അനുകൂല അഭിഭാഷകനുമായ അഡ്വ. ആര്‍ കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്ത് നിന്ന് മാറ്റിയ വഴിക്കടവ് ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പ് സ്റ്റേ ചെയ്തു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ് സ്റ്റേ ചെയ്തത്.
പഞ്ചായത്തിന്റെ കേസുകള്‍ സമര്‍ത്ഥമായി വാദിക്കുന്ന അഭിഭാഷകനാണ് കൃഷ്ണരാജ് എന്ന വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. കൃഷ്ണരാജിനെ തുടരാന്‍ അനുവദിക്കണമെന്ന് മലപ്പുറം ജില്ല തദ്ദേശ ജോയിന്റ് ഡയറക്ടറും ശിപാര്‍ശ നല്‍കിയിരുന്നു.
സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ അഡ്വ. കൃഷ്ണരാജിനെ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. തങ്കമ്മ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, വ്യവഹാരങ്ങള്‍ അനന്തമായി നീണ്ടുപോകാതെ കോടതിയില്‍ കൃത്യതയോടെയും വ്യക്തതയോടെയും കണിശതയോടെയും സമര്‍ത്ഥമായും വാദിച്ച് ഗ്രാമപഞ്ചായത്തിന് അനുകൂല കോടതി വിധികള്‍ നേടിയെടുക്കുന്ന വ്യക്തിയാണ് കൃഷ്ണരാജെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
മുസ്ലീം ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ കൃഷ്ണരാജിന്റെ നിയമനം ഏറെ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കൃഷ്ണരാജ്. ആര്‍ കൃഷ്ണരാജ് ബി.ജെ.പിക്കാരന്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും ബോര്‍ഡിനു മുന്നിലേക്ക് കൃഷ്ണ രാജിന്റെ പേര് നിര്‍ദേശമായി വന്നപ്പോള്‍ അംഗീകരിക്കുകയായിരുന്നുവെന്നും നേരത്തെ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. കൃഷ്ണരാജിന്റെ പേര് മുന്നോട്ട് വെച്ചത് സി.പി.എം നേതാവ് ഷെറോണ റോയിയുടെ ഭര്‍ത്താവായ മുന്‍ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് അടക്കമുള്ളവരാണെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
സംഘപരിവാര്‍ അനുകൂലി അഡ്വക്കറ്റ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ ആയി നിയമിച്ചതില്‍ വിശദീകരണവുമായി വഴിക്കടവ് ഗ്രാമപഞ്ചായത്ത് രംഗത്തെത്തിയിരുന്നു. കൃഷ്ണരാജിനെ നിര്‍ദേശിച്ചത് സിപിഎം ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവായ നിലമ്പൂര്‍ ബിഡിഒയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെ വിവാദത്തില്‍പ്പെടുത്താന്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നുവെന്നും വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍ പറഞ്ഞിരുന്നു (പുറത്താക്കാന്‍ തീരുമാനിച്ച സംഘ്പരിവാര്‍ അനുകൂല അഭിഭാഷകന് സര്‍ക്കാര്‍ സംരക്ഷണം; കൃഷ്ണരാജിനെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം സ്റ്റേ ചെയ്തു, സെപ്തംബര്‍ 23, മാധ്യമം).
പിന്നീട് മന്ത്രി നേരിട്ട് ഇടപെട്ട് സ്റ്റേ ചെയ്ത ഉത്തരവ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് മരവിപ്പിച്ചു (സംഘ്പരിവാര്‍ അഭിഭാഷകന് സര്‍ക്കാര്‍ സംരക്ഷണം; വിവാദമായതോടെ ഇടപെട്ട് മന്ത്രി, സെപ്തംബര്‍ 24, സുപ്രഭാതം).
47. മലപ്പുറം ജില്ലാ വിഭജനം
തിരൂര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്നാണ് ലീഗ് എംഎല്‍എ കുറിക്കോളി മൊയ്തീന്‍ ആവശ്യപ്പെട്ടതിനെ വിഭജനരാഷ്ട്രീയമെന്ന് ആക്ഷേപിച്ച് ജനം ടിവി. മലപ്പുറം ജില്ലയ്ക്ക് ആവശ്യമായ വിഹിതം ലഭിക്കുന്നില്ല. അതുകൊണ്ട് മലപ്പുറം ജില്ല വിഭജിക്കണമെന്നായിരുന്നു ലീഗ് എംഎല്‍എയുടെ ആവശ്യം. ഇതേ കുറിച്ച് ജനം ടിവി എഴുതിയ വാര്‍ത്ത ഇങ്ങനെ:
മലപ്പുറത്ത് ജനസംഖ്യ കൂടുതലാണ്. എന്നാല്‍ ഇതിന് കണക്കായ അടിസ്ഥാന സൗകര്യമില്ല. സര്‍ക്കാര്‍ ജില്ലയെ അവഗണിക്കുകയാണ്. മുസ്ലീം ലീഗ് രഹസ്യമായി സര്‍ക്കാരുകളോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഔദ്യോഗികമായി പ്രത്യക്ഷത്തില്‍ അടുത്ത കാലത്തൊന്നും ഇത്തരം ഒരു ആവശ്യം മുസ്ലീം ലീഗ് ഉന്നയിച്ചിട്ടില്ല. നിരോധിത ഭീകര സംഘടനയായ പിഎഎഫ്‌ഐയും ഇവരുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ മലപ്പുറത്ത് റാലി നടത്തിയിരുന്നു. വിഷയത്തില്‍ മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിഭജന സിദ്ധാന്തത്തെ പിന്തുണച്ച് ലീഗ് എത്തിയത്. വരുന്ന ദിവസങ്ങളില്‍ കോണ്‍ഗ്രസും സമാന ആവശ്യം ഉന്നയിച്ചേക്കാം (മലപ്പുറം വിഭജിക്കണം; തിരൂര്‍ ജില്ല രൂപീകരിക്കണം; എസ്ഡിപിഐയുടെ അതേ ആവശ്യവുമായി മുസ്ലീം ലീഗ്, സെപ്തംബര്‍ 24, ജനം ടിവി).
48. ഓപ്പറേഷന്‍ നുംഖോറും ദുല്‍ഖറിന്റെ ലാന്‍ഡ് റോവറും
ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ വീടുകൾ കസ്റ്റംസ് റെയ്ഡ് നടത്തി. രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടന്നത്. കേരളത്തില്‍ കൊച്ചി, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, അടിമാലി എന്നിവിടങ്ങളില്‍ കസ്റ്റംസിന്റെ പരിശോധന നടന്നു.
ഇതിന്റെ ഭാഗമായി നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പൃഥ്വിരാജിന്റെ വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടന്നിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലെ പരിശോധനയില്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലെ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ അടക്കം രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഇത് കൂടാതെ ദുല്‍ഖറിന്റെ കൈവശമുള്ള വാഹന ശേഖരത്തില്‍ നിയമവിരുദ്ധമായെത്തിയ വാഹനങ്ങള്‍ ഇനിയുമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു (ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലുള്‍പ്പെടെ റെയ്ഡ്, സെപ്തംബര്‍ 24, മാതൃഭൂമി).
ഓപറേഷന്‍ നുംഖോറിനെക്കുറിച്ച് വിശദീകരിക്കാനായി അന്നുതന്നെ കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ.ടി.ടിജു പത്ര സമ്മേളനം നടത്തി. സമ്മേളനം നടന്നുകൊണ്ടിരിക്കെത്തന്നെ ഒരു ഫോണ്‍കോള്‍ വന്ന് സമ്മേളനം വേഗം അവസാനിപ്പിച്ചു. അത് താമസിയാതെ ചര്‍ച്ചയായി (‘ഓപ്പറേഷന്‍ നുംഖൂര്‍’ വാര്‍ത്താ സമ്മേളനത്തിനിടെ അപ്രതീക്ഷിത ട്വിസ്റ്റ്; കസ്റ്റംസ് കമ്മീഷണറെ ഫോണ്‍വിളിച്ചത് ഉന്നതഉദ്യോഗസ്ഥന്‍, വിശദാംശങ്ങള്‍ പുറത്ത് വിടേണ്ടെന്ന് നിര്‍ദേശം, സെപ്തംബര്‍ 24, മീഡിയാവണ്‍).
കാര്‍ കടത്തുന്നവര്‍ ഒപ്പം കള്ളപ്പണവും സ്വര്‍ണ്ണവും മയക്കുമരുന്നും എത്തിക്കുന്നുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. തീവ്രവാദബന്ധമുണ്ടെന്നും സംശയമുണ്ട്. ഇത്തരം സൂചനകള്‍ വ്യാപകമായി പ്രചരിച്ചതോടെ ദുല്‍ഖര്‍ സല്‍മാനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിദ്വേഷപ്രചാരണം വ്യാപകമായി (ഭാരത് മാതാ കീ വിളിച്ചു… ഭൂട്ടാന്‍ വാഹന തട്ടിപ്പ് പിടിച്ച കമ്മീഷണര്‍ സംഘി, സെപ്തംബര്‍ 26, മറുനാടന്‍ മലയാളി).
ഭൂട്ടാന്‍ വാഹനക്കടത്തില്‍ ഭീകര സംഘങ്ങളും, എന്‍ഐഎയും ഇ ഡിയും രംഗത്ത്- എന്നായിരുന്നു കേരള കൗമുദിയുടെ വാര്‍ത്ത (സെപ്തംബര്‍ 25, കേരളകൗമുദി).
ഒക്ടോബര്‍ ആദ്യ വാരത്തില്‍ നേരത്തെ പറഞ്ഞവരുടെ വീടുകളിലും നടന്‍ മമ്മൂട്ടിയുടെ വീട്ടിലും ഇ ഡിയുടെ റെയ്ഡും നടന്നു.
ദുല്‍ഖര്‍ ഹൈക്കോടതിയില്‍
വാഹനം പിടിച്ചടക്കിയതോടെ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. വാഹനം വിട്ടുകിട്ടണമെന്നാണ് ദുല്‍ഖറിന്റെ ആവശ്യം: കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ 2004 മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കൊണ്ടുവന്നത് വിദേശത്ത് നിന്നാണെന്നും, റെഡ് ക്രോസ് ഉപയോഗിച്ച വാഹനമാണിതെന്നും 2020ല്‍ വാഹനം വാങ്ങിയത് എല്ലാ രേഖകളും സഹിതമാണെന്നും രേഖകള്‍ പരിശോധിക്കാന്‍ കസ്റ്റംസ് തയ്യാറായില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഹബീബ് മുഹമ്മദ് എന്ന വ്യക്തിയില്‍ നിന്ന് എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയത്. വ്യക്തി എന്ന നിലയില്‍ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത്. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു എന്ന രീതിയില്‍ വ്യാപകമായ പബ്ലിസിറ്റി നല്‍കിയത് എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു (ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍, സെപ്തംബര്‍ 26, മീഡിയാവണ്‍; പ്രതിച്ഛായ മോശമാക്കുന്ന രീതിയില്‍ പ്രചാരണം, രേഖകള്‍ പരിശോധിക്കാന്‍ കസ്റ്റംസ് തയ്യാറായില്ല; ദുല്‍ഖറിന്റെ ഹര്‍ജിയില്‍ വിശദാംശങ്ങള്‍ പുറത്ത്, സെപ്തംബര്‍ 26, മാതൃഭൂമി).
49. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും
സമകാലിക മലയാളം ആഴ്ചപ്പതിപ്പ് വി ശിവന്‍കുട്ടിയുമായി ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു, കുട്ടികള്‍ക്കും ഒരു മന്ത്രിയുണ്ടെന്ന പേരില്‍. അതില്‍ ഒരു ചോദ്യം സ്‌കൂള്‍ സമയമാറ്റത്തെക്കുറിച്ചായിരുന്നു. ചില സമുദായസംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നല്ലോയെന്നതിന് കോടതി ഉത്തരവുപ്രകാരമാണ് പരിഷ്‌കാരം കൊണ്ടുവന്നതെന്ന് മറുപടി പറഞ്ഞു. തുടര്‍ന്ന് നല്‍കിയ വിശദീകരണം ഇങ്ങനെ: ആ തീരുമാനത്തില്‍നിന്ന് മാറേണ്ടതില്ലെന്ന നിലപാട് തന്നെയാണ് ഞങ്ങള്‍ സ്വീകിരിച്ചത്. കാരണം കുട്ടികളുടെ കാര്യമാണ് പ്രധാനം. ഇന്നു മുസ്ലീം സംഘടനകള്‍ ഈ നിലപാടെടുക്കുന്നു. നാളെ ഹിന്ദു സംഘനടകള്‍ വേറൊറു നിലപാടും ക്രിസ്ത്യന്‍ സംഘടനകള്‍ വേറൊരു നിലപാടുമെടുത്താല്‍ സ്‌കൂള്‍ നടക്കില്ല. അതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനപ്പുറം ഒരു കാര്യവും ഉള്‍ക്കൊള്ളാന്‍ പറ്റില്ല.
വര്‍ഗീയശക്തികളുടെ സ്വാധീനത്തെക്കുറിച്ച ചോദ്യത്തിന് നല്‍കിയ ഉത്തരം: ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ദോഷമാണ്. ഇത് രണ്ടുമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് രണ്ടിനോടും പൊരുതിയാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുത്തുനില്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ് എന്ന് ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കണം (കുട്ടികള്‍ക്കും ഒരു മന്ത്രിയുണ്ട്, വി ശിവന്‍കുട്ടി, സെപ്തംബര്‍ 25, സമകാലിക മലയാളം).
50. താലിബാനി ലീഗുകാരന്‍
സമസ്തയുടെ ജംഇയ്യത്തുല്‍ ഖുതുബയില്‍ നിന്ന് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി രാജിവച്ചു. സംഘടനയിലെ ഒരു വിഭാഗം നാസര്‍ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് രാജി. ഈ വാര്‍ത്ത ഒരു മുന്‍ എസ്എഫ്ഫെെ നേതാവ് റോവിത്ത് കുട്ടോത്ത് പങ്കുവച്ചുകൊണ്ട് എഴുതിയ കുറിപ്പ് ഇങ്ങനെ: ഒരു താലിബാനി ലീഗുകാരന്‍ രാജിവെച്ചു. സന്തോഷം (സെപ്തംബര്‍ 25, ഫേസ്ബുക്ക്/ റോവിത് കുട്ടോത്ത്).
51. ഐഎന്‍എല്ലിനെ കക്ഷത്ത് വച്ചവര്‍ മതേതരത്വം പഠിപ്പിക്കേണ്ട
കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് ഭൂരിപക്ഷ പ്രീണനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും അതില്‍ യുഡിഎഫിന് പരിഭവമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു:
എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ തര്‍ക്കമില്ല. സിപിഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗ് മതേതര പാര്‍ട്ടി ആണെന്ന് എത്ര തവണ പറഞ്ഞു. ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐഎന്‍എല്‍. ഐഎന്‍എല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദന്‍ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വേറെ പണി നോക്കിയാല്‍ മതിയെന്നും സതീശന്‍ വ്യക്തമാക്കി (എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം, യുഡിഎഫിന് പരിഭവമില്ല: വി.ഡി സതീശന്‍, സെപ്തംബര്‍ 26, മീഡിയാവണ്‍).
ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ അപമാനിച്ച പ്രതിപക്ഷ നേതാവ് മാപ്പു പറയണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി പോരാടിയ നേതാവാണ് സേട്ട്. സംഘപരിവാറിന്റെ ഇഷ്ടദാസനായ സതീശന്റെ രാഷ്ട്രീയനിലപാടുകളിലെ ആര്‍എസ്എസ്സ് സ്വാധീനമാണ് സതീശന്റെ വാക്കുകളെന്നും ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു (സതീശന്‍ ആര്‍എസ്എസ്സിന്റെ ഇഷ്ടദാസന്‍: നാഷണല്‍ ലീഗ്, സെപ്തംബര്‍ 28, ദേശാഭിമാനി).


52. വിവാദമില്ലാതെ നവരാത്രി അവധി
ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് നവരാത്രി അവധി മൂന്ന് ദിവസമാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ദുര്‍ഗാഷ്ടമി ദിവസമായ സെപ്റ്റംബര്‍ 30 കൂടി അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. സാധാരണഗതിയില്‍ നവരാത്രി ഉത്സവത്തിന് മഹാനവമി, വിജയദശമി ദിനങ്ങളിലാണ് അവധി നല്‍കിയിരുന്നത്.
എന്‍ജിഒ സംഘ് അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ദുര്‍ഗാഷ്ടമി ദിവസം ഏറെ പ്രാധാന്യമുള്ളതാണെന്നും അവധി അനുവദിക്കണം എന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗാഷ്ടമി ദിനം അവധിയായിരിക്കും (നവരാത്രി ആഘോഷം; സെപ്റ്റംബര്‍ 30ന് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍, സെപ്തംബര്‍ 26, കൈരളി ന്യൂസ്).
പെരുന്നാളുമായി ബന്ധപ്പെട്ട് സമാനമായ ഒരു സാഹചര്യം ഉണ്ടായിരുന്നു. അന്ന് ചില മുസ്ലീം സംഘടനകള്‍ അവധി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. അന്നത് വലിയ ചര്‍ച്ചയും വിവാദവുമായി വികസിച്ചു. അവധി വിവാദം കുത്തിത്തിരുപ്പു മാത്രമാണെന്നും പെരുന്നാള്‍ ദിവസം തന്നെയാണ് അവധി വേണ്ടതെന്നും ഒരു ജേണലിസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം ആവശ്യങ്ങള്‍ വര്‍ഗീയതയാണെന്നും അഭിപ്രായപ്പെട്ടവരുണ്ടായിരുന്നു (വിശദാംശങ്ങള്‍ ജൂണ്‍ 5 കാണുക).
53. ആര്‍എസ്എസ്സിനെ പ്രകീര്‍ത്തിച്ച് സി രാധാകൃഷ്ണന്‍
പതിറ്റാണ്ടുകളായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സ്വഭാവ രൂപീകരണത്തില്‍ വഹിക്കുന്നത് വലിയ പങ്കെന്ന് സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. ‘രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ് സേതുമാധവനില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം:
സംഘം കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ശാഖയില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടില്ല. സംഘടനയെ ഇത്തരത്തില്‍ കെട്ടിപ്പടുക്കാനായി ശ്രമിച്ചവരെ ബഹുമാനിക്കാതിരിക്കാനാവില്ല. നമ്മുടെ ജീവിതം എങ്ങനെയായിത്തീരണമെന്നത് സംബന്ധിച്ച് കുട്ടികള്‍ക്കിടയില്‍ ധാരണയുണ്ടാക്കാന്‍ സംഘത്തിന് സാധിച്ചു. കുറ്റവാളികളുടെ പട്ടികയില്‍ ഒരു ശതമാനം പോലും ആര്‍എസ്എസുകാര്‍ കാണില്ല. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ കൃഷ്ണന്‍, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന്‍ എന്നിവര്‍ തനിക്ക് ഗുരുതുല്യരാണ്. ഇരുവരും തന്റെ ജീവിതത്തെ രൂപപ്പെടുത്തതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ആര്‍എസ്എസ് ശതാബ്ദിയിലെത്തുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമാണ് പുറത്തിറക്കിയത്. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണനാണ് പുസ്തകപരിചയം നടത്തിത് (സ്വഭാവ രൂപീകരണത്തില്‍ ആര്‍എസ്എസ് വഹിക്കുന്നത് മുഖ്യപങ്ക്: സി. രാധാകൃഷ്ണന്‍, സെപ്തംബര്‍ 26, വിഎസ്‌കെകെ കേരള).


54. ഗാസ: പരിഹസിച്ച് ജയശങ്കർ
പിറന്നാള്‍ ദിനത്തില്‍ ഗാസയിലെ കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിച്ച സാഹിത്യകാരി എം. ലീലാവതിക്കുനേരെ നടന്ന സൈബര്‍ ആക്രമണം കേരളത്തില്‍ ചിലര്‍ക്ക് അദൃശ്യ ഇസ്രായേല്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞതിന്റെ സൂചനയാണെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. ഇസ്രായേല്‍ ഭീകരതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ തരത്തിലുള്ള പ്രതിരോധത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നാടെമ്പാടും ഗാസ കോര്‍ണറുകള്‍ ഉണ്ടാകണം. ഗാസയുടെ പേരില്‍ വായനശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും തൊട്ട് പലചരക്ക് കടകള്‍ വരെ ഉണ്ടാകണം. ഇത് സയണിസ്റ്റുകള്‍ അറിയുകയും വേണം. അവര്‍ അറിയണമെങ്കില്‍ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമുള്ള പ്രതിരോധങ്ങള്‍ ഹീബ്രുവിലേക്ക് പരിഭാഷപ്പെടുത്തണം (കേരളത്തില്‍ ചിലര്‍ അദൃശ്യ ഇസ്രായേല്‍ രൂപവത്കരിച്ചു -കെ.ഇ.എന്‍; ‘ഗാസയുടെ പേരില്‍ വായനശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും പലചരക്ക് കടകളും ഉയരണം’ സെപ്തംബര്‍ 26, മാധ്യമം).
മാധ്യമത്തില്‍ വന്ന ഈ വാര്‍ത്ത പങ്കുവച്ചുകൊണ്ട് അഡ്വ. ജയങ്കര്‍ നടത്തിയ പരിഹാസം ഇങ്ങനെ: ഗസയുടെ പേരില്‍ പലചരക്ക് കടകള്‍ മാത്രം പോരാ, ചായ മക്കാനികളും ന്യായവില ഷോപ്പുകളും പഞ്ചായത്ത് റോഡുകളും കലുങ്കുകളും ഉണ്ടാകണം. അതോടെ നെതന്യാഹു പേടിക്കും, ട്രമ്പ് നാണിച്ചു തല താഴ്ത്തും. യുദ്ധം അവസാനിക്കും (സെപ്തംബര്‍ 26, ഫേസ്ബുക്ക്/ അഡ്വ. ജയശങ്കര്‍).
55. ഹമാസിനുവേണ്ടി തീവ്ര ഇസ്‌ലാമിസ്റ്റുകള്‍
ഹമാസ് ഭീകരതയ്ക്ക് ഐക്യദാര്‍ഢ്യവുമായി തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ രംഗത്തുവന്നെന്നും അതിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ഥനയും ഐക്യദാര്‍ഢ്യ സംഗമവും നടത്തിയെന്ന വാര്‍ത്ത ജനം ടിവിയാണ് പ്രക്ഷേപണം ചെയ്തത്. കോഴിക്കോട് ബീച്ചില്‍ ഐഎസ്എം നടത്തിയ ഹമാസ് അനുകൂല രാവിനെക്കുറിച്ചായിരുന്നു വാര്‍ത്ത. പരിപാടിയില്‍ കോണ്‍ഗ്രസ്സുകാരും ഇടതുപക്ഷ ബുദ്ധിജീവികളും പങ്കെടുത്തുവെന്ന ആശങ്കയും പങ്കുവച്ചു (ഹമാസ് ഭീകരതയ്ക്ക് ഐക്യദാര്‍ഢ്യവുമായി തീവ്ര ഇസ്ലാമിസ്റ്റുകള്‍; പ്രത്യേക പ്രാര്‍ഥനയും ഐക്യദാര്‍ഢ്യ സംഗമവും, ജനം ടിവി, സെപ്തംബര്‍ 27, ജനം ടിവി)
56. പലസ്തീന്‍ ഐക്യദാര്‍ഢ്യ കോല്‍ക്കളിക്ക് വിലക്ക്
ഇസ്രായേല്‍ വംശഹത്യക്കിരയാകുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ടീഷര്‍ട്ട് ധരിച്ച് വിദ്യാര്‍ഥികള്‍ കോല്‍ക്കളി കളിച്ചത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തടഞ്ഞു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ യുവജനോത്സവത്തോട് അനുബന്ധിച്ച് ഹയർ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കോല്‍ക്കളിയാണ് തടഞ്ഞത്. കോല്‍ക്കളി പുരോഗമിക്കവെ സ്റ്റേജിലേക്ക് ചാടിക്കയറി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളോട് കയര്‍ത്തു.
‘ഇറങ്ങ്, സ്റ്റേജില്‍നിന്ന് ഇറങ്ങ്….’ എന്ന് വിദ്യാര്‍ഥികളോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ടീഷര്‍ട്ട് ധരിച്ചത് യുവജനോത്സവ മാന്വലിന് വിരുദ്ധമാണ് എന്നാരോപിച്ചാണ് നടപടി. സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി (പലസ്തീന്‍ ഐക്യദാര്‍ഢ്യ ടീഷര്‍ട്ട് ധരിച്ചുള്ള കോല്‍ക്കളി തടഞ്ഞ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സെപ്തംബര്‍ 27, മാധ്യമം).


57. കേരളം കശ്മീരാകും
സനാതന ധര്‍മ്മം എന്ന ഫേസ്ബുക്ക് പേജില്‍ ‘ഹിന്ദുക്കള്‍ സൗകര്യമുണ്ടെങ്കില്‍ വായിയ്ക്കുക, വേണമെങ്കില്‍ വിശ്വസിയ്ക്കുക’ എന്ന ശീര്‍ഷകത്തില്‍ വന്ന ഒരു കുറിപ്പ് ഇങ്ങനെ:
ഏതാനും കൊല്ലങ്ങള്‍ക്കകം കേരളം സമ്പൂര്‍ണ്ണ ആസാദി ആവശ്യപ്പെട്ടേക്കാം… ഹലാല്‍ ബോര്‍ഡുകള്‍ വ്യാപകമായി ഉപയോഗിച്ചത് ഒരു തുടക്കം മാത്രം. ദൃശ്യ അച്ചടി മാധ്യമങ്ങളില്‍ 99 ശതമാനവും ആസാദി അഥവാ ജിഹാദി അനുകൂലികളുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. പൊതുസമൂഹത്തിന്റെ ശബ്ദമാകേണ്ട ഭരണപ്രതിപക്ഷ ജനപ്രതിനിധികള്‍ ഏതാണ്ട് 100 ശതമാനവും ആസാദികളുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. സിനിമാപ്രവര്‍ത്തകര്‍ ജിഹാദികളുടെ മെഗാഫോണുകളായിക്കഴിഞ്ഞു. ദരിദ്രരായ ബിജെപിയുടെ എത്ര നേതാക്കള്‍ വരുതിയിലാവുമെന്ന് കണ്ടറിയണം. വാക് സാമര്‍ത്ഥ്യവും താര്‍ക്കിക നൈപുണ്യവുമുള്ള രാഹുല്‍ ഈശ്വര്‍, അഡ്വ.ഹരീഷ് വാസുദേവന്‍, സുനില്‍ ഇളയിടം, കണ്ണന്‍ ഗോപിനാഥന്‍ തുടങ്ങി അനേകം ഹിന്ദു നാമധാരികളെ ഹണി/മണി ട്രാപ്പിലൂടെ തങ്ങളുടെ പിണിയാളുകളാക്കി മാറ്റിക്കഴിഞ്ഞു. ഈഴവ, നായര്‍, പുലയ നേതാക്കള്‍ അവര്‍ക്കൊപ്പമാണ്. ക്രൈസ്തവ സഭകളും അവര്‍ക്കൊപ്പം. ഹിന്ദുക്ഷേത്രങ്ങള്‍ വരെ കമ്മ്യൂണിസ്റ്റുകള്‍ വഴി ജിഹാദികളുടെ കയ്യിലായി. ശബരിമലയില്‍ നടന്നത് ഹിന്ദു സമൂഹത്തിന്റെ പ്രതികരണശേഷിയെ അളക്കാനും, പ്രതിരോധ മാര്‍ഗ്ഗങ്ങളെ പരീക്ഷിയ്ക്കാനും ഉള്ള മോക്ക് ഡ്രില്‍. നാട്ടുകാര്‍ വിദേശത്ത് നിന്നും പണം വന്നു ചേരുന്ന ഇവര്‍ക്ക് അടിമപ്പെടും. താമസിയാതെ കേരളം ഫലസ്തീനും കശ്മീരുമാകും (സെ്തംബര്‍ 27, ഫേസ്ബുക്ക് പേജ്/ സനാതനധര്‍മം).
58. പലസ്തീനും ഹൂതികളും ചോദ്യപ്പേപ്പറും
കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പരീക്ഷാ ചോദ്യക്കടലാസില്‍ മുസ്ലീം ഉള്ളടക്കമുള്ള ഏതാനും അന്തരാഷ്ട്ര സംഘടനകളുടെ പേരുകളും ആയുധങ്ങളുടെ ചിത്രങ്ങളും വരച്ചുചേര്‍ത്തു. സാമൂഹ്യശാസ്ത്രം ചോദ്യക്കടലാസിന്റെ ഒന്നാം പേജിലാണ് വരച്ചത്. ഇതേ കുറിച്ച വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത് ഇങ്ങനെ: ഒൻപതാംക്ലാസ് വിദ്യാർഥി പരീക്ഷാ ചോദ്യക്കടലാസിൽ കുറിച്ച അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരുകളും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ ചിത്രങ്ങളും വെറും കൗതുകമാണോ എന്നന്വേഷിക്കാന്‍ പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും. കണ്ണൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥി പാദവാര്‍ഷിക പരീക്ഷയിലെ സാമൂഹ്യശാസ്ത്രം ചോദ്യക്കടലാസിലാണ് ഭീകരസംഘടനകളുടെ പേരുകള്‍ എഴുതിയത്. കൈത്തോക്കില്‍നിന്ന് ചിതറുന്ന വെടിയുണ്ടകളുടെയും വാളുകളുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ഭീകരസംഘടനകളുടെ പേരുകള്‍ തെറ്റില്ലാതെ ചെറുതും വലുതുമായ അക്ഷരത്തിലെഴുതിയത്. ചോദ്യക്കടലാസിന്റെ വലതുഭാഗത്ത് ലഷ്‌കര്‍ ഇ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ പേരും ഇടതുഭാഗത്ത് ഹമാസ്, ഹൂതി എന്നീ വാക്കുകളുമാണ് എഴുതിയിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത് (ചോദ്യക്കടലാസില്‍ ഭീകരസംഘടനകളുടെ പേരെഴുതി സ്‌കൂള്‍ വിദ്യാര്‍ഥി; അന്വേഷണം തുടങ്ങി, സെപ്തംബര്‍ 28, മാതൃഭൂമി).
അരിയും കുന്തിരിക്കവും ഒരുക്കിവച്ചോളാന്‍ കൊച്ചുകുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചവരും മതം പറഞ്ഞ് വോട്ടു പിടിക്കുന്ന എംഎസ്എഫിനെ പോലുള്ളവരും ഉണ്ടെന്നും കുട്ടികളില്‍ ഇത്തരം ചിന്തകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും എബിവിപി നേതാവ് ഇ.യു ഈശ്വരപ്രസാദ് ജനം ടിവിയില്‍ പ്രതികരിച്ചു (‘അരിയും കുന്തിരിക്കവും ഒരുക്കിവച്ചോളാന്‍ കൊച്ചുകുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചവര്‍ ഇവിടെയുണ്ട്’, സെപ്തംബര്‍ 28, ജനം ടിവി).


59. ഫാദര്‍ വട്ടോളിയെന്ന സുഡാപ്പി
എറണാകുളത്തെ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കുര്‍ബാന ചൊല്ലുന്നത് നിര്‍ത്തി വയ്ക്കുന്നുവെന്ന് സമൂഹത്തെയും ബന്ധപ്പെട്ട ബിഷപ്പിനെയും അറിയിച്ചുകൊണ്ട് ഒരു കത്ത് എഴുതി. ഫാദര്‍ വട്ടോളിയുടെ കത്ത് സഭയിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും വിമര്‍ശിക്കുന്നതായിരുന്നു. ആ കത്തില്‍നിന്ന് ഒരു ഭാഗം പി.ജെ ആന്റണിയെന്ന ഫേസ്ബുക്ക് ഐഡി പ്രസക്തവും ഉചിതവും ധീരവും യേശുവിന്റെ ചൈതന്യത്തിന് നിരക്കുന്നതുമായ വാക്കുകള്‍ എന്ന ആമുഖത്തോടെ തന്റെ വാളില്‍ പങ്കുവച്ചു. അതില്‍ ആന്റണി മാത്യു എന്നയാള്‍ എഴുതിയ കമന്റ് ഇങ്ങനെയായിരുന്നു: വട്ടോളിയുടെ കോമാളിത്തരങ്ങള്‍ അവസാനിക്കുന്നില്ല? ഇദ്ദേഹം പറയുന്നത് കേട്ടാല്‍ തോന്നും ആരോ നിര്‍ബന്ധിച്ചിട്ടാണ് സെമിനാരിയില്‍ പോയതെന്ന്. ഈ കാനന്‍ നിയമം അനുസരിച്ചു ജീവിച്ചോളാം എന്ന് പ്രതിജ്ഞ എടുത്തിട്ട് അതിനെ ധിക്കരിക്കുന്നു എങ്കില്‍ താങ്കള്‍ ഒരു മാനസിക രോഗിയാണ്. കുറച്ചു ഉറക്കെ വര്‍ത്തമാനം പറഞ്ഞാല്‍ വലിയ പുള്ളി ആകുമെന്ന് വിചാരിക്കുന്ന പൊട്ടന്‍. ശീര്‍ഷാസന കുര്‍ബാന ചൊല്ലും എന്ന് പറഞ്ഞ് വിശ്വാസികളെ അപമാനിച്ച നല്ല ഒന്നാന്തരം സുഡാപ്പി (സെപ്തംബര്‍ 29, ഫേസ്ബുക്ക്/ പി.ജെ ആന്റണി/ ആന്റണി മാത്യു)
60. പിണറായിയും ബിജെപിയും
ബിജെപി എന്തുകൊണ്ടാണ് കേരളത്തിലെ ഏറ്റവും മോശം പാര്‍ട്ടിയാവുന്നതെന്നതിന് എഴുത്തുകാരന്‍ സി.ആര്‍ പരമേശ്വരന്‍ നല്‍കിയ ഒരു കാരണം ഇങ്ങനെ:
വാസ്തവത്തില്‍, ഏതു മതവിശ്വാസിയുടെ കാഴ്ചപ്പാടില്‍ ആയാലും 2018ലെ സിപിഎമ്മിന്റെ ശബരിമലയിലെ ചെയ്തികള്‍ പൊറുക്കാന്‍ ആകാത്ത കടുത്ത ദേവാലയ ധ്വംസനവും ധര്‍മ്മോല്ലംഘനവും (sacrilege) ആയിരുന്നു. സിപിഎം കേരളത്തിലെ ഹിന്ദുക്കളോട് ചെയ്ത അപവിത്രീകരണ ശ്രമം കേരളത്തിലെ മറ്റ് രണ്ട് പ്രമുഖ മതങ്ങളോടാണ് ചെയ്തിരുന്നത് എങ്കില്‍ കേരളത്തിന് തീപിടിക്കുമായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനു പിന്നാലെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തൃശ്ശൂരില്‍ വച്ച് പറഞ്ഞു, ഇനി മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനമില്ലാത്ത ഇടങ്ങളില്‍ അതിന് ശ്രമിക്കുമെന്ന്. പിറ്റേന്ന് തന്നെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഇസ്ലാമികനേതൃത്വത്തിലെ ഒരു വിഭാഗം ആളെക്കൂട്ടി വലിയ ഒരു സമ്മേളനം വിളിച്ചു. ‘ആ പൂതി ബേണ്ട. കവുത്ത് ബെട്ടും’ എന്നൊന്നും അവര്‍ പറഞ്ഞില്ല. എന്നാല്‍ ഏറെക്കുറെ പരോക്ഷമായി അതുതന്നെ പറഞ്ഞു. പിന്നീട് ഇന്നേവരെ മുസ്ലീം ദേവാലയങ്ങളിലെ സ്ത്രീ പ്രവേശനം എന്ന കാര്യം മിണ്ടിയിട്ടില്ല. ഈ കേരള യാഥാര്‍ത്ഥ്യം ഇരിക്കെയാണ് പിണറായിയും കൂട്ടരും സെലക്ടീവായ നെറികെട്ട മതേതരത്വ പ്രയോഗം ഹിന്ദുക്കളുടെ മേല്‍ അന്ന് നടത്തിയത്. ഇങ്ങനെയുള്ള പിണറായിയെ സംരക്ഷിക്കുന്നതുകൊണ്ടാണ് ബിജെപി മോശം പാര്‍ട്ടിയാവുന്നത്രെ (സെപ്തംബര്‍ 29, ഫേസ്ബുക്ക് സി.ആര്‍ പരമേശ്വരന്‍).
61. താലിബാന്‍ കാടത്തവും ശരിഅത്തും
സെപ്തംബര്‍ അവസാന വാരം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തി. ഇതേ കുറിച്ച് ജനം ടിവിയുടെ വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെ: അഫ്ഗാനില്‍ വീണ്ടും താലിബാന്‍ കാടത്തം ഇന്റര്‍നെറ്റിന് വിലക്ക്, ശരിഅത്തിന് എതിരെന്ന് വാദം. 48 മണിക്കൂറിനു ശേഷം ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിക്കുകയും ചെയ്തു (അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ കാടത്തം, ഇന്റര്‍നെറ്റിന് വിലക്ക്, സെപ്തംബര്‍ 30, ജനം ടിവി).
തയ്യാറാക്കിയത് : റെൻസൻ വി.എം, അബ്ദുൽ ബാസിത് പി.കെ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനദ്, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് മുസ്തഫ കെ.പി, മിഷാൽ അബ്ദുറഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, ഹന വഹാബ്, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, മുഹമ്മദ് അൻഷാദ് വി.പി, എ.എസ് അജിത് കുമാർ, കമാൽ വേങ്ങര, റിദ ഫാത്തിമ, ദിലാന തസ്ലീം, ശബരി.

