

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ഏപ്രിൽ (16-30) റിപ്പോർട്ട്.
പഹൽഗാം കൂട്ടക്കുരുതിയും മലപ്പുറം പറപ്പൂരിൽ ജനിച്ച അഷ്റഫിനെ ഹിന്ദുത്വ ആൾക്കൂട്ടം മംഗളൂരുവിൽ കൊല ചെയ്ത സംഭവവുമാണ് ഏപ്രിൽ 16 – 30 തിയ്യതികളിലെ റിപ്പോർട്ടിൻ്റെ മുഖ്യഭാഗം. അഷ്റഫിൻ്റെ ആൾക്കൂട്ടക്കൊലയെക്കുറിച്ച് മലയാള മാധ്യമങ്ങളും പൊതുമണ്ഡലവും പൊതുവെ നിശബ്ദമായിരുന്നു. ആദ്യഘട്ട വാർത്തക്ക് ശേഷം തുടരന്വേഷണങ്ങൾ കുറവായിരുന്നു. വിദ്വേഷ പ്രസ്താവനകൾ, മാധ്യമ വിവരണങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ തുടങ്ങിയവ ഒപ്പം പരിശോധിക്കുന്നു. ചില സംഭവങ്ങൾ ഒരൊറ്റ പ്രശ്നമായും മറ്റു ചില സംഭവങ്ങൾ ആഴ്ചകൾ നീളുന്ന വിദ്വേഷ പ്രചാരണത്തിൻ്റെ അണമുറിയാത്ത ചങ്ങലയായും പ്രവർത്തിക്കുന്നു.
1. വംശീയ പരാമർശവുമായി വീണ്ടും കെ.ആർ ഇന്ദിര
എഴുത്തുകാരിയും ആകാശവാണി മുൻ ജീവനക്കാരിയുമായ കെ.ആർ ഇന്ദിര വിദ്വേഷ പരാമർശവുമായി പ്രത്യക്ഷപ്പെട്ടു. ‘ആയുധമെടുക്കാനും ആഞ്ഞുവെട്ടാനും ഹിന്ദുക്കൾ പഠിക്കണം, നാമജപ ഘോഷയാത്ര നടത്താൻ മാത്രം പഠിച്ചാൽ പോരാ’ എന്നാണ് കെ.ആർ ഇന്ദിരയുടെ പുതിയ പരാമർശം. മറ്റൊരാളുടെ പോസ്റ്റിന് കമന്റായിട്ടാണ് ഇന്ദിര ഈ പരാമർശം നടത്തിയത് (ഏപ്രിൽ 16, മഖ്ദൂബ് മീഡിയ, ഏപ്രിൽ 22, മീഡിയാവൺ).


വിദ്വേഷ പ്രസ്താവനകൾ:
ഇതാദ്യമല്ല ഇന്ദിര ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അവർ ഇത്തരം പ്രസ്താവനകൾ ആവർത്തിച്ചിരുന്നു. സ്ത്രീവിരുദ്ധവും വംശീയവും ഇസ്‌ലാമോഫോബിയ നിറഞ്ഞതുമായ പ്രസ്താവനകൾ അതിനാൽ തന്നെ വലിയ വിമർശനത്തിരയായി.
2016: മുത്തലാഖ് പല ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഭേദം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഇന്ത്യയിൽ അതിനുള്ള ശ്രമം തുടക്കത്തിൽ തന്നെ ലിബറൽ മുസ്ലീങ്ങൾ എന്ന് അവകാശപ്പെടുന്നവർ പോലും എതിർക്കുന്നതെന്തുകൊണ്ട്? മറ്റൊന്നുമല്ല, ഞങ്ങളുടെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാമെന്നും അതിൽ അന്യമതസ്ഥരുടെ ഭരണകൂടത്തെ ഇടപെടാൻ അനുവദിക്കില്ലാ എന്നുമുള്ള നിലപാടാണത്. ഇന്ത്യയിൽ മുസ്ലീം ഭൂരിപക്ഷ ഭരണമായിരുന്നെങ്കിൽ ഇതേ മുസ്ലീങ്ങൾ വ്യക്തിനിയമങ്ങളിൽ പരിഷ്ക്കരണം സമ്മതിക്കുമായിരുന്നു (9 ഒക്ടോബർ 2016, ഫേസ്ബുക് പോസ്റ്റ്).
2018: ബ്രസീലും സൗദി അറേബ്യായും തമ്മിലാണ് ഫുട്‌ബോൾകളി എങ്കിൽ മലപ്പുറം ആരുടെ പക്ഷത്തായിരിക്കും? (ജൂൺ 22, 2018, ഫേസ്ബുക്ക് പോസ്റ്റ്/ കെ.ആർ ഇന്ദിര).
2019: ‘താത്തമാർ പന്നി പെറുംപോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടിവരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ’ എന്നായിരുന്നു 2019ലെ ഇന്ദിരയുടെ ഫേസ്ബുക്ക് കമന്റ്.
‘ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ട് പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദര സ്നേഹികൾ. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കാം. വോട്ടും, റേഷൻ കാർഡും ആധാർ കാർഡും ഇല്ലാതെ പെറ്റുപെരുകാതിരിക്കാൻ സ്റ്റെറിലൈസ് ചെയ്യുകയുമാവാം’ എന്ന ഇവരുടെ തന്നെ പോസ്റ്റിന് താഴെയായിരുന്നു വിദ്വേഷ കമന്റ്. അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്തായത് സംബന്ധിച്ചായിരുന്നു ഈ പോസ്റ്റ്.
2022: കേരളത്തിലെ ഇടതരുടെ കാപട്യം കാണുമ്പോൾ ഒരു ഹോളോകോസ്റ്റ് നടത്തിയാലോ എന്ന് തോന്നാറുണ്ട് (സിഎഎ വിഷയത്തിൽ 2022, ജനുവരി 7, 2022, മാധ്യമം).
2023: വെറുതേയല്ല മാപ്പിള ലഹളയും മാറാട് കൊലയും ബൈക്കിടിപ്പിച്ച് കൊല്ലലും ലവ്ജിഹാദും നടക്കുന്നത്. എത്ര ആക്രമിക്കപ്പെട്ടാലും സഹിഷ്ണുതയോടെ ഉമ്മ കൊടുക്കുമല്ലോ (2023ലെ പോസ്റ്റിനിട്ട കമന്റ്, സെപ്തംബർ 29, 2023, ഫേസ്ബുക്ക് പോസ്റ്റ്/ കെ.പി പ്രസന്നൻ).
2025: . ‘ആയുധമെടുക്കാനും ആഞ്ഞുവെട്ടാനും ഹിന്ദുക്കൾ പഠിക്കണം, നാമജപ ഘോഷയാത്ര നടത്താൻ മാത്രം പഠിച്ചാൽ പോരാ’ (ഏപ്രിൽ 22, മീഡിയാവൺ).
നിയമപോരാട്ടം: വിപിൻദാസ് എം.ആറിൻ്റെ അനുഭവം
2019 സെപ്തംബർ രണ്ടിന് സാമൂഹ്യ പ്രവർത്തകനായ വിപിൻദാസ് എം.ആർ നൽകിയ പരാതിയിൽ വിദ്വേഷ പരാമർശത്തിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിരുന്നു. സമൂഹത്തിൽ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പായ ഐപിസി 153എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പരാതിയിൽ നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ രണ്ട് വർഷത്തിന് ശേഷം വിവരാവകാശ നിയമപ്രകാരം വിപിൻദാസ് കേസിന്റെ സ്ഥിതി ആവശ്യപ്പെട്ട് അപേക്ഷ നൽകി. കേസ് അന്വേഷണത്തിലാണെന്നും പ്രതിയെ കണ്ടെത്താനോ മൊബൈൽ കണ്ടെടുക്കാനോ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാനോ സാധിച്ചിട്ടില്ലെന്നായിരുന്നു അന്നത്തെ മറുപടി. ഇതിന് പിന്നാലെ കേസും അവസാനിപ്പിച്ചു. ഇന്ദിരയ്ക്കെതിരെ പരാതി നൽകിയ വിപിൻദാസിനെതിരേ കേരള പൊലീസിലെ ഇന്റലിജൻസ് വിഭാഗം നിരന്തരമായി ഫോൺ ചെയ്ത് വിവിധ തീവ്രവാദ സംഘടനകളെക്കുറിച്ചും അവയുമായി ബന്ധമുണ്ടോ എന്നുമൊക്കെ അന്വേഷിച്ചിരുന്നതായി വിപിൻദാസ് പറഞ്ഞിരുന്നു (ഏപ്രിൽ 22, മീഡിയാവൺ).
2. മുർഷിദാബാദ്: ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതി
മാത്യു സാമുവൽ ഒഫീഷ്യൽ എന്ന യൂറ്റ്യൂബ് ചാനൽ (ഏപ്രിൽ 17) പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ (ബംഗാളിലെ ഒരു മുസ്ലീം ‘ഭൂരിപക്ഷ’ ജില്ല) നടന്ന അക്രമങ്ങളെ പറ്റി പറഞ്ഞ കാര്യങ്ങൾ ഇതാണ്: 1) ബംഗ്ലാദേശികൾ ധാരാളമായി അവിടേക്ക് നുഴഞ്ഞുകയറുന്നുണ്ട്. അതിന് കാരണം ബംഗാളിലെ അഴിമതി നിറഞ്ഞ രാഷ്ട്രീയ സംവിധാനമാണ്. 2) മുർഷിദാബാദിലെ വലിയൊരു വിഭാഗം മുസ്ലീം ജനസംഖ്യയുടെ താല്പര്യം മുർഷിദാബാദിനെ ബംഗ്ലാദേശിൽ ലയിപ്പിക്കണം എന്നാണ്. 3) സിഎഎ [പ്രക്ഷോഭ] സമയത്ത് ഏറ്റവും കൂടുതൽ വയലൻസ് ഉണ്ടായ സ്ഥലമാണ് മുർഷീദാബാദ്. അവിടെയ്ക്ക് പോയ എത്രയോ ട്രെയിനുകളും റെയിൽ പാളങ്ങളുമാണ് അടിച്ചുപൊളിച്ച് നശിപ്പിച്ചത്.
3. ലഹരിയും ‘മട്ടാഞ്ചേരി മാഫിയ’യും
ഏപ്രിൽ അവസാനം സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ അടക്കം മൂന്ന് പേരെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. രാത്രി രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തുവെന്ന് പൊലീസ്. അറസ്റ്റിന് ശേഷം ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്തു (ഏപ്രിൽ 27, മാതൃഭൂമി).
ദീർഘകാലമായി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംവിധായകരെ, പ്രത്യേകിച്ച് മുസ്ലീം സംവിധായകരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ‘മട്ടാഞ്ചേരി മാഫിയ’ എന്ന പദം ഉപയോഗിച്ചുകൊണ്ടാണ് പല ഹിന്ദുത്വ അനുകൂല മാധ്യമങ്ങളും ഈ വാർത്ത തയ്യാറാക്കിയത്. അറസ്റ്റ് ചെയ്യപ്പെട്ടവർ ‘മട്ടാഞ്ചേരി മാഫിയ’യിൽ പെട്ടവരാണെന്നാണ് മറുനാടൻ മലയാളി എഴുതിയത് (ഏപ്രിൽ 27). അതിനു ഏതാനും ദിവസം മുമ്പ് നടൻ ഷൈൻ ടോം ചാക്കോയെയും എക്‌സൈസ് പിടികൂടിയിരുന്നു. ആ സംഭവത്തെയും മറുനാടൻ ‘മട്ടാഞ്ചേരി മാഫിയ’യുമായാണ് ബന്ധപ്പെടുത്തിയത്.


ഡോ. കെ.എസ് രാധാകൃഷ്ണൻ
മുൻ വൈസ് ചാൻസിലർ ഡോ. കെ.എസ് രാധാകൃഷ്ണൻ ഏപ്രിൽ 17ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഷൈൻ ടോം ചാക്കോയെയും മട്ടാഞ്ചേരി മാഫിയയുമായി ബന്ധപ്പെടുത്തി: സംസ്ഥാന സർക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈൻ ടോം ചാക്കോയുടെ രക്ഷാപുരുഷൻ. മലയാള സിനിമയിലെ ഒരു സൂപ്പർ താരം ഈ ചാക്കോയുടെ സംരക്ഷകൻ. കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടിൽ മട്ടാഞ്ചേരി മാഫിയയ്ക്ക് പങ്കുണ്ട്. കള്ളക്കടത്തും കരിഞ്ചന്തയും കള്ളപ്പണവും ഹാജി മസ്താന്റെ കാലം മുതൽ സിനിമയുടെ ഭാഗമാണ്. ഇപ്പോൾ മയക്കുമരുന്നും തീവ്രവാദി സംഘങ്ങളും സിനിമയിൽ ഇടപെടുന്നു (ഏപ്രിൽ 17, ഫേസ്ബുക്ക് പോസ്റ്റ്/ ഡോ. കെ.എസ് രാധാകൃഷ്ണൻ). പിറ്റേ ദിവസം ജനം ടിവിയിലെ ഒരു അഭിമുഖത്തിലും അദ്ദേഹം ഇതേ കാര്യം പറഞ്ഞു (ഏപ്രിൽ 17, ജനം ഓൺലൈൻ). എബിസി മലയാളം, കേരള സ്പീക് തുടങ്ങിയ യുട്യൂബ് ചാനലുകളും ഇതു സംബന്ധിച്ച സൂചനകളുള്ള വീഡിയോകൾ പുറത്തിറക്കി (ഏപ്രിൽ 27).
4. ഹിന്ദു-മുസ്ലീം ധ്രുവീകരണത്തിന്റെ ചാലകശക്തി: ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും
ഫാസിസം വളരുന്നത് ചൂണ്ടിക്കാണിക്കാൻ ഒരു ശത്രുവുണ്ടാവുമ്പോഴാണെന്ന് സിപിഎം നേതാവ് എ.എ റഹിം എംപി. ദി ക്യൂവിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഫാസിസത്തെ സംബന്ധിച്ച തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്: ഫാസിസത്തിന് വളരാൻ ഒരു അപരനെ വേണം. ശത്രുവുണ്ടാവണം. നിങ്ങളുടെ സ്വത്തുവകകൾ കൊള്ളയടിക്കാൻ പോകുന്ന ഒരു ശത്രുവുണ്ട് എന്ന് പ്രചരിപ്പിച്ച് ഹിന്ദുവിനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ടാണ് അത് ചെയ്യുന്നത്. അങ്ങനെയൊരു ശത്രുവിനെ ചൂണ്ടിക്കാട്ടാൻ കേരളത്തിൽ ആരുമുണ്ടായിരുന്നില്ല. 1925ൽ ആർഎസ്എസ് രൂപീകരിച്ച സമയം മുതൽ കേരളത്തിൽ ആർഎസ്എസ്സിന് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. അന്നും ഇന്നും അവർ പറയുന്നത് ഒരേ കാര്യമാണ്. മുസ്ലീങ്ങൾ ഹിന്ദുവിനെ കീഴടക്കുമെന്നും സ്വത്ത് തട്ടിയെടുക്കുമെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ, പുരോഗമന കേരളം അത് തിരസ്‌കരിച്ചു. മാത്രമല്ല, ചൂണ്ടിക്കാണിക്കാൻ ഒരു ശത്രുവില്ലാത്തതും കാരണമായിരുന്നു. ഇപ്പോൾ ചൂണ്ടിക്കാണിക്കാൻ ശത്രുവിനെ കിട്ടി. അതാണ് ഈ രണ്ട് സംഘടനകളും. അങ്ങനെ ഒരു അപരനെ സൃഷ്ടിച്ച് ഹിന്ദു മുസ്ലീം ധ്രുവീകരണത്തിനുള്ള ചാലകശക്തിയാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമെന്ന് എ.എ റഹിം എംപി. ഹിന്ദു – മുസ്ലീം ധ്രുവീകരണമാണ് ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് അവരെ തള്ളിപ്പറയാൻ സിപിഎമ്മിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു (ഏപ്രിൽ 21, ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത് ഹിന്ദു – മുസ്ലീം ധ്രുവീകരണം, ദി ക്യൂ).
സമീകരണ യുക്തി
ആർഎസ്എസ് വിമർശനത്തിന് ബദലാവാൻ ഒരു താൽക്കാലിക മുസ്ലീം പ്രതിനിധാനം കണ്ടെത്തുകയാണ് എ.എ റഹീം. 1996 – മുതൽ ജമാഅത്തെ ഇസ്‌ലാമിയുമായി സിപിഎം സഹകരിച്ചിരുന്ന ചരിത്രമുണ്ട്. എന്നാൽ ഒരു കാലത്ത് ‘വർഗീയത’ ആക്ഷേപിച്ച ഐഎൻഎൽ 2018 ഡിസംബർ 26 മുതൽ ഇടതുമുന്നണിയുടെ ഭാഗമാണ്.
ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) വർഗീയ കക്ഷി തന്നെയാണെന്ന് ഇടതുമുന്നണി കൺവീനർ വി.എസ് അച്യുതാനന്ദൻ പറഞ്ഞത് 2001-ൽ. ‘ഐഎൻഎൽ തീർത്തും ഒരു വർഗീയ കക്ഷിയാണെന്ന സിപിഎം നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെ’ന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ആ കക്ഷിയുമായി എൽഡിഎഫ് ഉണ്ടാക്കിയിരിക്കുന്ന നീക്കുപോക്ക് താത്കാലികം മാത്രമാണെന്നും വി.എസ് വ്യക്തമാക്കി. ഏപ്രിൽ 12 വ്യാഴാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇലക്ഷൻ 2001 എന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (വൺ ഇന്ത്യ, ഏപ്രിൽ 12 , 2001).
അപരത്വത്തെക്കുറിച്ച് ലളിതമായ ധാരണയാണ് മറ്റൊരു പ്രശ്നം. ഹിന്ദുത്വ വംശീയവാദികളുടെ ഒരു ‘ഫാൻ്റെസി’ മാത്രമാണ് ‘അപരർ’. ‘യാഥാർഥ്യം’ അല്ല അപരത്വത്തിൻ്റെ പ്രശ്നം. ഹിന്ദുത്വരുടെ ‘അപരർ’ എന്നത് സ്വന്തം സമൂഹത്തിൽ നിന്നോ വ്യക്തിയിൽ നിന്നോ വ്യത്യസ്തരായി കണക്കാക്കപ്പെടുന്ന വ്യക്തികളെയോ സമൂഹങ്ങളെയോ സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും ജാതി, ലിംഗം, വർഗം, മതം, സംസ്കാരം, അല്ലെങ്കിൽ ദേശീയതയുടെ അടിസ്ഥാനത്തിലാണ്. ഹിന്ദുത്വരുടെ വംശീയ അപരത്വം എന്നത് ഹിന്ദുത്വ സ്വത്വ സങ്കൽപങ്ങളുമായാണ് പ്രാഥമിക ബന്ധം. എന്നാൽ യാഥാർഥ്യത്തിലധിഷ്ഠിതമായ ഒരു അനുഭവവാദ നിർവചനമാണ് റഹീം അപരത്വത്തിന് നൽകുന്നത്.
അപരത്വത്തെക്കുറിച്ചുള്ള സൈദ്ധാന്തികമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ മാത്രമല്ല വസ്തുതാപരമായും റഹീമിൻ്റെ വിശകലനം ദൗർബല്യമുള്ളതാണ്. കേരളത്തിലെ ആർഎസ്എസിൻ്റെ വളർച്ച തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം വിലയിരുത്താൻ കഴിയുന്നതല്ല. അവരുടെ സാമൂഹിക വളർച്ച മറ്റൊരു ചരിത്രപരമായ പ്രശ്നമാണ്. ‘ഹിന്ദുത്വ സംഘടന -മുസ്ലീം സംഘടന’ എന്ന ദ്വന്ദത്തിലൂടെ അത് വിശദീകരിക്കാൻ കഴിയില്ല.
ഇന്ന് നാം കാണുന്ന മുസ്ലീം സംഘടനകൾ പ്രവർത്തന രംഗത്ത് ഇല്ലാത്ത കാലത്തു തന്നെ ആർഎസ്എസ് കേരളത്തിൽ വളർച്ച പ്രാപിച്ചിരുന്നു. എൻ.ഡി.എഫ് (1994) എന്ന പേരിൽ പ്രവർത്തിക്കുകയും 2022-ൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് (രൂപീകരണം: 2006), 1992-ൽ രൂപീകരിക്കപ്പെട്ട ഐഎൻഎൽ, 1994 -ൽ രൂപീകരിക്കപ്പെട്ട പിഡിപി തുടങ്ങിയവ പ്രവർത്തിക്കുന്നതിനും ദശകങ്ങൾ മുമ്പേയുള്ളതാണ് ആർഎസ്എസിൻ്റെ കേരളത്തിലെ വളർച്ച.
ആർഎസ്എസിൻ്റെ വളർച്ച (1942-1989)
കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തനം 1942-ൽ കോഴിക്കോട് ചാലപ്പുറത്ത് ആരംഭിച്ചു. 1964 വരെ കേരളത്തിലെ പ്രവർത്തനം തമിഴ്നാട് ‘പ്രാന്തി’ൻ്റെ ഭാഗമായിരുന്നു. 1964-ൽ കേരളത്തിൽ സ്വതന്ത്ര പ്രവർത്തനം തുടങ്ങിയ ആർഎസ്എസ്സിന്റെ വളർച്ചക്ക് വഴിത്തിരിവായി മാറിയത് മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ പ്രക്ഷോഭ കാലഘട്ടമായിരുന്നുവെന്ന് (1968-1969) ആർഎസ്എസ് പ്രാന്തീയ പ്രചാര പ്രമുഖും കേസരി വാരിക മുൻ എഡിറ്ററുമായ എം.എ കൃഷ്ണൻ ഒരു അഭിമുഖത്തിൽ പറയുന്നു (കൃഷ്ണ മേനോൻ , (1995), ‘പൊളിറ്റിക്സ് ഇൻ കേരള’, ഇൻഡ്യ ഇൻ്റർനാഷനൽ സെൻ്റർ ക്വാർട്ടർലി, പേജ് 16-26). ജില്ലാ രൂപീകരണം കഴിഞ്ഞ് 20 വർഷം കഴിയുമ്പോൾ 1989-ൽ ഇൻഡ്യ ടുഡേ നൽകിയ റിപ്പോർട്ട് പ്രകാരം ഹിന്ദുത്വർ തന്നെ പറയുന്നത്, മലപ്പുറം ജില്ലയാണ് കേരളത്തിൽ ആർഎസ്എസിന്റെ ശക്തികേന്ദ്രമെന്നാണ്. കേരളത്തിലെ 50,000 ആർഎസ്എസ് അംഗങ്ങളിൽ 10,000 പേരും മലപ്പുറത്തായിരുന്നു. മൊത്തം 3000 ശാഖകളിൽ 400 എണ്ണം മലപ്പുറം ജില്ലയിൽ. (പങ്കജ് പചൗരി, ‘രാഷ്ട്രീയ സ്വയംസേവക് സംഘ് ലോഞ്ചസ് സതേൺ ഒഫൻസീവ്’, 30 ജൂൺ 1989, ഇൻഡ്യ ടുഡേ). മലപ്പുറം വിരുദ്ധ പ്രചാരണമാണ് കേരളത്തിലെ ആർഎസ്എസ് വളർച്ചയുടെ ട്രിഗറിംഗ് പോയിൻ്റ്.
മറ്റൊരു വസ്തുത (1975-1977):
അടിയന്തിരാവസ്ഥക്കാലത്ത് വിവിധ പ്രതിപക്ഷ സംഘടനകളെ ഇന്ദിരാഗാന്ധി നിരോധിച്ചു. ക്രിസ്റ്റോഫ് ജാഫ്രലോയും പ്രതിനവ് അനിലും ചേർന്നെഴുതിയ ‘ഇന്ത്യാസ് ഫസ്റ്റ് ഡിക്റ്റേറ്റർഷിപ്പ്: എമർജൻസി, 1975 – 1977’ (ഓക്സ്ഫഡ് യൂ:സിറ്റി പ്രസ്, 2020) എന്ന പുസ്തകം അടിയന്തിരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്ലാമിയെ എന്തിന് നിരോധിച്ചുവെന്ന ചോദ്യം പരിശോധിക്കുന്നുണ്ട് (പേജ് 46 – 47). ആർഎസ്എസിന് തുല്യത കണ്ടെത്താനുള്ള ‘സെക്കുലർ’ നിലപാടായിരുന്നു അത്. അന്ന് 20- 30 ലക്ഷം പേർ അണിനിരന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. ജമാഅത്തെ ഇസ്‌ലാമിയുടെ അക്കാലത്തെ അംഗസംഖ്യ: 2831 മെമ്പർമാർ (ഇക്കണോമിസ്റ്റ്, 24 ജനുവരി 1976). മുസ്ലീം സംഘടനകളെ വിമർശിക്കാം. അതിന് ആർഎസ്എസിൻ്റെ വളർച്ചയെയും ചരിത്രത്തെയും കേവല ‘അനുബന്ധ’മാക്കേണ്ടതില്ല.


മറ്റൊരു നിരീക്ഷണവും ക്രിസ്റ്റോഫ് ജാഫ്രലോ നടത്തുന്നുണ്ട്: 1980-കളിലാണ് ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷം ആർഎസ്എസിനെ ഒരു ‘ഫാഷിസ്റ്റ്’ സംഘടനയായി വ്യാപകമായി തിരിച്ചറിയുന്നത് (ക്രിസ്റ്റോഫ് ജാഫ്രലോ/വിഖർ അഹമ്മദ് സയീദ്, ‘സംഘ് പരിവാർ ആന്റ് ന്യൂ കോൺട്രാഡിക്ഷൻസ്’, ഫ്രണ്ട്‌ലൈൻ മാഗസിൻ 2011 മാർച്ച് 25). വിവിധ ഘട്ടങ്ങളിൽ വിവിധ വിശദീകരണങ്ങൾ ആർഎസ്എസിന് നൽകിയ ചരിത്രവുമുണ്ട്: ഫാഷിസ്റ്റ്, അർദ്ധ ഫാഷിസ്റ്റ് , അതോറിറ്റേറിയൻ, റൈറ്റ് വിംഗ്, സന്നദ്ധ സംഘം എന്നീ പേരുകളിൽ.
5. കാസ: മുസ്ലീം വിദ്വേഷം അജണ്ടയാക്കിയ പ്രസ്ഥാനം
ക്രൈസ്തവർക്കിടയിൽ മുസ്ലീം വിദ്വേഷം മുഖ്യ അജണ്ടയാക്കി പ്രവർത്തിക്കുന്ന കാസ പോലുള്ള പ്രസ്ഥാനങ്ങളുണ്ടെന്ന് ഫാ. അജി പുതിയപറമ്പിൽ. അപരമതവിദ്വേഷമാണ് അവരുടെ രീതി. അത്തരത്തിലുള്ള ലേഖനങ്ങൾ അവർ ധാരാളം ഷെയർ ചെയ്യാറുണ്ട്. കത്തോലിക്കാ സഭ സ്‌നേഹമാണ് പ്രസംഗിച്ചിരുന്നത്. സഭ ചെയ്ത നന്മകൾ വിസ്മരിക്കാനാവില്ല. ഇന്ന് കാസ പോലുള്ളവർക്ക് മുസ്ലീം വിദ്വേഷം അജണ്ടയാണ്. അവരുടെ രാഷ്ട്രീയം തന്നെ അതാണ്. അത്തരക്കാർ ക്രൈസ്തവ മനസ്സുകളിലേക്ക് നുഴഞ്ഞുകയറുകയാണ്. ഹിറ്റ്‌ലർ ജൂതന്മാർക്കെതിരെ വെറുപ്പ് പ്രകടിപ്പിച്ചാണ് അധികാരത്തിലേറിയത്. അധികാരത്തിലേറാനുള്ള വഴിയും വെറുപ്പ് വിതക്കലാണ്. അതാണ് ഇവിടെയും സംഭവിക്കുന്നത്. ഒരു വീട്ടിൽ ഒരാളെങ്കിലും ഇപ്പോൾ കാസയെ അനുകൂലിക്കുന്നവരായി മാറിയെന്നാണ് ഞാൻ കരുതുന്നത് (ഏപ്രിൽ 21, റിപ്പോർട്ടർ ടിവി). ഇസ്‌ലാമോഫോബിയക്കെതിരായ സമീപനമെടുക്കുന്ന ക്രൈസ്തവ പുരോഹിതനാണ് ഫാ. അജി പുതിയപറമ്പിൽ.
മാർപ്പാപ്പയും ‘മാർക്കാക്ക’യും
ഏപ്രിൽ 21ന് പോപ്പ് ഫ്രാൻസിസ് വത്തിക്കാനിൽ അന്തരിച്ചു. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ധീരമായ നിലപാടുകൾ കൈക്കൊണ്ട ആളായാണ് അദ്ദേഹം കരുതപ്പെടുന്നത്. ഗാസയിലെ പോരാടുന്ന മനുഷ്യർക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. കഴിഞ്ഞ ക്രിസ്മസിന് വത്തിക്കാനിൽ ഉണ്ണിയേശു ഫലസ്തീൻ പ്രതീകമായി കഫിയ്യയിൽ കിടക്കുന്ന തിരുപ്പിറവി പ്രദർശനം ഒരുക്കിയിരുന്നു. ഏറ്റവും ഒടുവിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ പോലും മാർപാപ്പ തുറന്നടിച്ചു. അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകി.
കാസയുടെ വിദ്വേഷം
എന്നാൽ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ക്രൈസ്തവ സംഘടനയായ കാസയുടെ പേജിൽ കടുത്ത വിദ്വേഷപ്രചാരണമാണ് അരങ്ങേറിയത്: “കോപ്പ്. ഓശാന ഞായറാഴ്ച കുട്ടികളെയടക്കം 51 നൈജീരിയൻ ക്രിസ്ത്യാനികളെ ബൊക്കോ ഹറാം ജിഹാദികൾ കൊന്നൊടുക്കിയത് അയാൾക്ക് ബാധകമല്ല. ഹമാസിന് വല്ലോം പറ്റിയാൽ അയാൾക്ക് നോവുവൊള്ളൂ, പോപ്പ് ഫ്രാൻസിസ് യൂറോപ്പ് പൂർണ്ണമായി ഇസ്ലാമിക രാജ്യം ആക്കുന്നത് കാണാൻ പറ്റാതെ യാത്ര ആയി.. യൂറോപ്പിലേക്ക് ജിഹാദി കുടിയേറ്റം പ്രോത്സാഹനം ചെയ്ത് യൂറോപ്പിനെ നശിപ്പിച്ചു… കസേര ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് ചെഗുവേര ഭക്തൻ ആയ സഖാവ് പോപ്പ് പറഞ്ഞിരുന്നു, മാർ കാക്ക പണ്ടേ മരിച്ചത് ആണ്. ഈസ്റ്റർ വരെ അഭിനയിച്ചത് പക്കാ ഡ്യൂപ് സഭക്ക് ഈസ്റ്റർ ദിനത്തിൽ ഒരു വിശുദ്ധൻ വേണം.. നാടകമേ ഉലകം, ക്രിസ്ത്യാനികൾ ഒഴികെ എല്ലാവർക്കും വേണ്ടി രാപകൽ അധ്വാനിച്ച മഹാനുഭവൻ. പിതാവേ പോകൂ നീതിമാനായ ദൈവം അങ്ങയോടെ സ്വസമുദായത്തോട് ചെയ്ത തെറ്റുകൾ ക്ഷമിച്ച് സ്വർഗം നൽകട്ടെ.”


“മരണം ആരെയും നീതിമാൻ ആക്കുന്നില്ല. ജീവിച്ചിരുന്ന കാലത്ത് സ്വന്തം സമുദായത്തെ പരമാവധി ദ്രോഹിച്ച ഒരു പാപ്പാ ദിവസവും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ ജിഹാദികളാൽ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടപ്പോൾ ഒന്നും ഉയരാത്ത ഇദ്ദേഹം എവിടെയെങ്കിലും ഒരു തീവ്രവാദി കൊല്ലപ്പെട്ടാൽ വലിയ വായിൽ നിലവിളിക്കുമായിരുന്നു ലാറ്റിനിൽ. ജിഹാദികളെ വളർത്താനുള്ള ആ വലിയ മനസ്സിന്… ഇയാൾ സത്യത്തിൽ മാർപ്പാപ്പയാണോ? അതോ ജിഹാദിയോ?” (ഏപ്രിൽ 22, മീഡിയാവൺ). “കേരളത്തിൽ ക്രിസ്ത്യാനികളെക്കാൾ കൂടുതൽ കരയുന്നത് അൽക്കേരള മതക്കാരായിരിക്കും.” “ജിഹാദികളുടെ തീരാനഷ്ടം മാർക്കാക്ക യാത്രയായി” (അവലംബം: ഏപ്രിൽ 22, ഫേസ്ബുക്ക്/ താരാ ടോജോ അലക്‌സ്).
6. പഹൽഗാമിലെ കൂട്ടക്കുരുതി
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ ബൈസരൻ താഴ്വരയിൽ നടന്ന സായുധാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അറിഞ്ഞിടത്തോളം അഞ്ച് പേരാണ് ആക്രമണം നടത്തിയത്. ദി റിസിസ്റ്റൻസ് ഫ്രണ്ട് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവന്ന വാർത്ത. പക്ഷേ, സംഘടന അത് നിഷേധിച്ചു (ഏപ്രിൽ 26, ദി ഹിന്ദു).
മുസ്ലീം സംഘടനകൾ ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തുവന്നു. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ, ജമിഅത്ത് ഉലമ-ഇ-ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി അടക്കം എല്ലാ മുസ്ലീം സംഘടനകളും തങ്ങളുടെ നിലപാട് സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിട്ടു.
മുസ്ലീങ്ങൾ ഉൾപ്പെട്ട ഒരു ഭൗമരാഷ്ട്രീയ പ്രശ്നത്തിൽ മറ്റു സാമൂഹ്യ – രാഷ്ട്രീയ ഘടകങ്ങളെ അപേക്ഷിച്ചു ‘മതം’ എന്ന ഘടകത്തെ മുഖ്യ സൂചനയാക്കി അവതരിപ്പിക്കുന്നതാണ് ഇസ്‌ലാമോഫോബിയ. ദീർഘകാലമായി തുടരുന്ന ഒരു ഭൗമരാഷ്ട്രീയ പ്രശ്നത്തിൽ ഇസ്‌ലാം/മുസ്ലീം/മതം/മതസ്ഥാപനങ്ങൾ/മാധ്യമ സ്ഥാപനങ്ങൾ/വ്യക്തികൾ/പ്രസ്ഥാനങ്ങൾ എന്നീ സൂചനകൾ ആരോപിക്കുന്നതാണ് തുടർന്നുണ്ടായ പ്രതികരണങ്ങൾ. ഏപ്രിൽ 23 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടന്ന ചില പ്രധാന പ്രതികരണങ്ങൾ താഴെ വായിക്കാം. ഹിന്ദുത്വർ മാത്രമല്ല അവരിൽ നിന്നു വ്യത്യസ്തരായവരും മതേതര കാഴ്ചപ്പാടുളളവരും ഈ പ്രവണതയുടെ ഭാഗമായിരുന്നു. ഒപ്പം മലയാള മനോരമ (24 ഏപ്രിൽ) ഈ പ്രവണതയെ ചെറുക്കുന്ന ഇടപെടലുമായി രംഗത്തുവന്നതു ശ്രദ്ധേയമായി.
തീവ്രവാദത്തിന് മതമുണ്ട്: ശ്രീജിത്ത് പണിക്കർ
ശ്രീജിത്ത് പണിക്കർ (അതേ പേരിലുള്ള യൂറ്റ്യൂബ് ചാനൽ, ഏപ്രിൽ 22) തുടങ്ങിയ കാമ്പയിനായിരുന്നു ‘തീവ്രവാദത്തിന് മതമുണ്ട്’ എന്നത്. ചില പ്രസ്താവനകൾ:
1) തീവ്രവാദികൾ ടൂറിസ്റ്റുകൾക്ക് നേരെ അവരുടെ മതം എന്താണ് എന്ന് അന്വേഷിച്ചതിന് ശേഷം നിറയൊഴിക്കുകയായിരുന്നു. മതം അന്വേഷിച്ചതിനുശേഷം ചില ആൾക്കാരെ കണ്ടാൽ മുസ്ലീങ്ങൾ ആണെന്ന് തോന്നുന്നില്ല എന്നുമൊക്കെയുള്ള കമന്റുകൾ പാസാക്കിയിട്ടാണ് അവർ യാതൊരു വിധത്തിലുള്ള കരുണയുമില്ലാതെ ഇവർക്ക് നേരെ വെടിയുതിർത്തത്. 2) നമുക്കറിയാവുന്ന എല്ലാ തീവ്രവാദത്തിനും തീവ്രവാദികൾക്കും കൃത്യമായ രീതിയിൽ മതമുണ്ട്. മതത്തിനെ തെറ്റായ രീതിയിലത്തേക്ക് വ്യാഖ്യാനിച്ചുകൊണ്ട് ഒരു മതം മാത്രമാണ് ഇവിടെ സുപ്പീരിയർ എന്ന് സ്ഥാപിച്ചുകൊണ്ട് ഇതര മതത്തിലുള്ള ആൾക്കാർക്ക് ജീവിക്കാനുള്ള അവകാശമില്ല എന്ന് വിധിക്കുകയാണ് ഈ തീവ്രവാദികൾ കൂട്ടത്തോടെ ചെയ്യുന്നത്. 3) ലോകമൊട്ടാകെ ഇസ്ലാമിസ്റ്റ് തീവ്രവാദം എന്നത് ഈ രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. 4) ഹമാസ് കാണിക്കുന്ന തീവ്രവാദ പ്രവർത്തനം ഒരു രാജ്യത്തിനെ അസ്ഥിരപ്പെടുത്താൻ എത്രമാത്രം ശക്തമാണോ അതിന് സമാനമായ രീതിയിലുള്ള തീവ്രവാദ പ്രവർത്തനമാണ് ഇന്ത്യയെ ആക്രമിക്കുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളും ചെയ്യുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. 5) ഹിന്ദുക്കൾ ആയിട്ടുള്ള ആൾക്കാർക്ക് അല്ലെങ്കിൽ അമുസ്ലിങ്ങൾ ആയിട്ടുള്ള ആൾക്കാർക്ക് ഇവിടെ ജീവിക്കാനായിട്ടുള്ള അർഹതയില്ല എന്ന മട്ടിലാണ് ഈ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകൾ എല്ലാം പ്രവർത്തിക്കുന്നത്. 6) മതത്തിനെ തെറ്റായ രീതിയിൽ മനസ്സിലാക്കികൊണ്ട് മതാധിപത്യം എന്നത് ശക്തമായ രീതിയിലത്തേക്ക് ബലം പ്രയോഗിച്ചുകൊണ്ട് മറ്റുള്ളവരുടെ ശബ്ദത്തെയും ജീവനെയും ഇല്ലാതെയാക്കികൊണ്ട് നടപ്പാക്കണം എന്ന രീതിയിലത്തേക്കുള്ള ഒരു ജിഹാദി അജണ്ടയാണ് വർഷങ്ങളായിട്ട് ഇത്തരത്തിലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ എല്ലായിടത്തും നടത്തുന്നത്.


ഹമാസ് രീതിയിൽ ഭീകരാക്രമണം: മാത്യു സാമുവൽ
ആഗോള ഇസ്‌ലാം ഭീഷണിയായി അവതരിപ്പിച്ചത് മാത്യു സാമുവൽ. ഹമാസ് ഇസ്രായേലിൽ നടത്തിയത് പോലെ ഉള്ള ഒരു ഭീകരാക്രമണം ആണ് കാശ്മീരിലും ഉണ്ടായിരിക്കുന്നതെന്നു പറഞ്ഞു ഉടൻ പ്രതികരണവുമായി മാത്യു സാമുവൽ ഒഫീഷ്യൽ എന്ന യൂറ്റ്യൂബ് പ്രതികരണം (ഏപ്രിൽ 22) പുറത്തുവന്നു. പ്രധാനപ്പെട്ട ആരോപണങ്ങൾ:
1) കാശ്മീരിലെ ഭീകരത ഇല്ലാതാകണമെങ്കിൽ ഇസ്രായേൽ നടത്തുന്ന ജൂത സെറ്റിൽമെൻ്റ് പോലെ കാശ്മീരിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഹിന്ദു സെറ്റിൽമെൻ്റ്സ് നടത്തണം. 2) ഭീകരന്മാർ ആദ്യം ചെയ്തത് അവിടെയുള്ള മുസ്ലീങ്ങളെ മുഴുവനും അങ്ങ് മാറ്റി നോൺ മുസ്ലീം ആയിട്ടുള്ള ആൾക്കാരെയാണ് ഇവർ ഏകദേശം നൂറോളം റൗണ്ട് ഫയർ ചെയ്യുന്നത്. 3) ഉമർ അബ്ദുള്ള വന്നശേഷം ഈ കാശ്മീരി പൊലീസിനകത്ത് പഴയപോലെ തന്നെ ഭീകരന്മാരെ അനുകൂലിക്കുന്ന ഒരു വിഭാഗം വീണ്ടും ഉണ്ടായി. അവിടുത്തെ ഭൂരിപക്ഷമായ മുസ്ലീം കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് ഒരു പ്രോ-ടെറർ എന്ന് പറയുന്ന ഒരു സാധനം അവരുടെ മനസ്സിലുണ്ട്. 4) കാശ്മീരിലെ പ്രാദേശിക പാർട്ടികളിൽ പെട്ടവർ ടെററുമായിട്ട് ബന്ധപ്പെട്ട ആൾക്കാരാണ്.
വെടിവെച്ചവരുടെ മുണ്ട് പൊക്കി ഇസ്‌ലാമോഫോബിയ ഉടൻ ഉറപ്പാക്കും: ആരിഫ് ഹുസൈൻ
ഇസ്‌ലാമോഫോബിയയുടെ പ്രശ്നം ഉന്നയിക്കുന്നവർക്കെതിരായ ‘മുൻകരുതൽ’ നിലപാടുമായി രംഗത്തുവന്നതു യുക്തിവാദിയായ ആരിഫ് ഹുസൈൻ തെരുവത്ത് (ഏപ്രിൽ 23). ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള വിശകലനങ്ങൾ വെറുമൊരു ‘ആരോപണമാണ്’ എന്ന പ്രതീതി സൃഷ്ടിക്കാനുമായിരുന്നു ശ്രമം.
ഫേസ്ബുക്കിൽ മറ്റൊരു യുക്തിവാദിയായ വിശ്വനാഥൻ ഡോക്ടറെ ആരിഫ് പരിഹസിച്ചു: വിശ്വനാഥൻ ഡോക്ടർ കശ്മീരിലേക്ക് വണ്ടി കേറി എന്നറിയുന്നു. വെടിവെച്ചവരുടെ മുണ്ട് പൊക്കി ഇസ്‌ലാമോഫോബിയ ഉടൻ ഉറപ്പാക്കും (ഏപ്രിൽ 23, ഫേസ്ബുക്ക്/ആരിഫ് ഹുസൈൻ തെരുവത്ത്).
ഭീകരവാദികൾക്ക് മതമുണ്ട്: ജനം ടിവി
ജനം ടി.വി ഹിന്ദുത്വ – നവനാസ്തിക – നവമാധ്യമ പ്രചാരണം ഏറെറടുത്തു. ആക്രമണം നടന്ന് അടുത്ത ദിവസങ്ങളിൽ ജനം ടിവി ഒരു ക്യാമ്പയിൻ ആരംഭിച്ചു. ഭീകരവാദികൾക്ക് മതമുണ്ട് എന്നായിരുന്നു ക്യാമ്പയിൻ ശീർഷകം. ‘പ്ലീസ് ഡോൺട് വൈറ്റ് വാഷ്’ എന്ന് ഹാഷ് ടാഗും ഉപയോഗിച്ചു. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സംശയങ്ങൾ പ്രകടിപ്പിച്ചവരുടെ കമന്റുകൾക്കൊണ്ട് കൊളാഷ് ഉപയോഗിച്ചായിരുന്നു പോസ്റ്റർ നിർമിച്ചത് (ഏപ്രിൽ 23, ജനം ടിവി).
‘മതഭീകരരെ’ അപലപിച്ച് പുകസ
മതപരമായ ഘടകങ്ങൾ ആരോപിക്കുന്ന ചില ‘പുരോഗമന’ ഇടപെടലുകളും ഉണ്ടായി.
പഹൽഗാം ആക്രമണത്തെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അപലപിച്ചു: മതഭീകരർ സൃഷ്ടിച്ച പഹൽഗാം ഭീകരാക്രമണത്തെ ‘പുരോഗമന കലാസാഹിത്യ സംഘം’ അപലപിക്കുന്നു. മതഭീകരതയുടെ ക്രൂരമായ വിളയാട്ടമാണ്. വർഗീയകലാപങ്ങൾ പോലെ ഭീകരാക്രമണങ്ങളും മതരാഷ്ട്രീയത്തിന്റെ ഇന്ധനമാണ്. മതരാഷ്ട്രീയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും കുഞ്ഞുങ്ങളടക്കം ഒരുപാട് നിഷ്‌കളങ്ക മനുഷ്യരുടെയും സൈനികരുടെയും രക്തം ആവശ്യമുണ്ട്. 2019ൽ പുൽവാമയിലും ഇപ്പോൾ പഹൽഗാമിലും കണ്ടത് ഭീകരവാദം മുന്നോട്ടു വെക്കുന്ന മനുഷ്യ ഹിംസയുടെ അടയാളങ്ങളാണ്. ഇതായിരുന്നു പ്രസ്താവനയുടെ ഭാഷ (ഏപ്രിൽ 23, ഫേസ്ബുക്ക് പോസ്റ്റ്/ ജി.പി രാമചന്ദ്രൻ). പ്രസ്താവനയിൽ ‘മതഭീകരൻ’ എന്ന വാക്കാണ് പുകസ ഉപയോഗിച്ചത്.
പൊട്ടിച്ചിരിച്ച് ‘മൗദൂദികൾ’: ഷാജൻ സ്കറിയ
മുസ്ലീങ്ങളിൽ തന്നെ ചില ‘മോശം മുസ്ലീങ്ങളെ’ (‘മൗദൂദികൾ’) ലക്ഷ്യമിട്ട് മറുനാടൻ മലയാളി കാമ്പയിൻ ആരംഭിച്ചു. ‘പൊട്ടിച്ചിരിച്ച് മൗദൂദികൾ, ശവംതീനികൾക്ക് ആഹ്ലാദം’ എന്ന പേരിൽ ഷാജൻ സ്കറിയ (മറുനാടൻ മലയാളി, 24 ഏപ്രിൽ) ഒരു നിരീക്ഷണം നടത്തി.


1) പഹൽഗാമിൽ ഭീകരാക്രമണം നടന്നു എന്ന വാർത്ത പുറത്തേക്ക് വന്നപ്പോൾ ആ ചാനലിന് [മീഡിയ വൺ] സ്വാഭാവികമായും ആദ്യം അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനടിയിൽ മുഴുവൻ മൗദൂദികളുടെ വിളയാട്ടമായിരുന്നു അവർ ആഹ്ലാദ നൃത്തം ചവിട്ടി. ഭാരതത്തിന്റെ ഒരു സംസ്ഥാനം ആക്രമിക്കപ്പെടുന്നു. നിരപരാധികളായ പല സംസ്ഥാനങ്ങളിലുള്ള 28 പേർ ദാരുണമായി കൊല്ലപ്പെടുന്നു അപ്പോഴും അവരുടെ വിഷലിപ്തമായ മനസ്സ് ഭീകരർക്ക് അനുകൂലമായിരുന്നു. 2) ഏതെങ്കിലും ഒരു മുസ്ലീം എവിടെയെങ്കിലും ആക്രമിക്കപ്പെട്ടാൽ ഇക്കൂട്ടർ- മൗദൂദി ചിന്താഗതിയുള്ളവർ- മുസ്ലീമിനെ ആക്രമിച്ചു, മുസ്ലീമിനെ തല്ലി, മുസ്ലീമിനെ കൊന്നു എന്നൊക്കെ പറഞ്ഞ് വാർത്ത എഴുതി കുത്തിത്തിരിപ്പ് നടത്തുന്നത് ഇവിടുത്തെ രീതിയാണ്. 3) ഈ തീവ്ര ചിന്താഗതിക്കാരായ കുറച്ചുപേർ – മൗദൂദികൾ – അവർ ഭാരത വിരുദ്ധരാണ് ഭാരതത്തിന് എന്ത് സംഭവിച്ചാലും അപ്പോൾ അവർക്ക് ആഹ്ലാദം കുരുപൊട്ടും അവർ അവരുടെ മനസ്സിൽ അടക്കിവെച്ചിരിക്കുന്ന ഭാരത വിരോധം അവരുടെ കമന്റ് ബോക്സിലൂടെ പുറത്തേക്കിടും അവർ ലഡു വിതരണം ചെയ്യും അവരുടെ ഉള്ളിൽ വിഷക്കുരു പൊട്ടിച്ചുകളയും. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിൽ ജനിച്ചതുകൊണ്ട് നിങ്ങൾക്ക് ഇതൊക്കെ ചെയ്യാൻ കഴിയുന്നു, ഏതെങ്കിലും ഇസ്ലാമിക രാജ്യത്തായിരുന്നു നിങ്ങളൊക്കെ ജനിച്ചതെങ്കിൽ നിങ്ങളുടെയൊക്കെ അവസ്ഥ എത്ര ദയനീയമാകുമായിരുന്നു.
‘പിന്നിൽ’ ജമാഅത്തെ ഇസ്‌ലാമിയും മീഡിയ വണ്ണും: ഷാജൻ സ്കറിയ
കേരളത്തിലെ തന്നെ മുസ്ലീം സംഘടന/ സ്ഥാപനം മറുനാടൻ മലയാളി കാമ്പയിൻ്റെ ലക്ഷ്യമായി. ഷാജൻ സ്‌കറിയ മറ്റൊരു വീഡിയോ കൂടി ചെയ്തു. തലക്കെട്ട്: ആർഎസ്എസ്സിനും മോദിക്കും നട്ടെല്ലില്ലേ? (മറുനാടൻ മലയാളി, ഏപ്രിൽ 24). പെഹൽഗാം ആക്രമണത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് മീഡിയാവൺ നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനം എന്നായിരുന്നു ചർച്ചയുടെ പ്രമേയം. മീഡിയവൺ പൂട്ടാൻ ആർഎസ്എസ് അവരുടെ ബൗദ്ധിക വിഭാഗത്തെ ഉപയോഗിച്ച് ഈ ചാനൽ നടത്തുന്ന രാജ്യദ്രോഹ കണ്ടൻ്റുകൾ ഡോക്യുമെന്റ് ചെയ്ത് നിയമപരമായി തെളിയിക്കുക എന്നതാണ് ഷാജൻ നിർദേശിക്കുന്നത്.
തുടർന്ന് മറ്റൊരു നിരീക്ഷണവും നടത്തുന്നു: വിഷപ്പാമ്പുകളെ പോലെ ഭാരതത്തിന്റെ മതേതര ഹൃദയത്തിന്റെ മേൽ ആഞ്ഞാഞ്ഞുകൊത്തുന്ന ഒരുകൂട്ടം നികൃഷ്ട ജന്മങ്ങൾ നമുക്കിടയിലുണ്ട്. ആ നികൃഷ്ട ജന്മങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ ഈ മഹാരാജ്യത്ത് ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ കൊട്ടേഷൻ എടുത്ത് പ്രവർത്തിക്കുന്ന ഒരു മതസംഘടനയും ആ മതസംഘടനകളുടെ മുഖപത്രമായി പ്രവർത്തിക്കുന്ന ഒരു ടെലിവിഷൻ ചാനലും പത്രവുമാണ്. ഏത് ആക്രമണം നടന്നാലും ഇത്തരത്തിൽ ചില ഗൂഢാലോചന സിദ്ധാന്തങ്ങളുമായി ഈ രാജ്യദ്രോഹികൾ എത്തും. അവർ ഈ നാട്ടിൽ ഉണ്ടാക്കുന്ന വർഗീയ വേർതിരിവ് മറ്റാരും ഉണ്ടാക്കുന്നില്ല.
എൻ രാമചന്ദ്രന്റെ മകൾക്കെതിരേ സൈബർ ആക്രമണം
ഇസ്‌ലാമോഫോബിക് ഫ്രെയിം ശക്തമായതോടെ ‘മതം മാത്രം’ ചർച്ചയാക്കിയാൽ മതി എന്ന ആഖ്യാനത്തിൽ നിന്ന് വ്യതിചലിക്കുന്നവർക്ക് നേരെയുള്ള വിദ്വേഷ പ്രചാരണം കൂടി ആരംഭിച്ചു. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളികൂടി ഉൾപ്പെട്ടിരുന്നു, എൻ രാമചന്ദ്രൻ. പിതാവിനും കുട്ടികൾക്കുമൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോഴാണ് ദുരന്തം പിടികൂടിയത്. പിതാവിനെ ആക്രമിച്ചെങ്കിലും മക്കൾ കൂടെയുണ്ടായതിനാലാവാം തന്നെ ആക്രമിക്കാതിരുന്നതെന്ന് ആരതി കരുതുന്നു.
ഈ സമയത്ത് ഇവരെ സഹായിക്കാനായി രണ്ട് കശ്മീരികളും അവർക്കൊപ്പമുണ്ടായിരുന്നു, ഡ്രൈവർമാരായ മുസാഫിറും സമീറും. ആരതി നാട്ടിൽ തിരിച്ചെത്തും വരെ ഇരുവരും അവർക്ക് താങ്ങായി നിന്നു. കശ്മീരിൽനിന്ന് രണ്ട് സഹോദരന്മാരെ എനിക്ക് ലഭിച്ചു, എന്നായിരുന്നു അവർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.
“അനുജത്തിയെ കൊണ്ട് നടക്കുന്നതുപോലെയാണ് ഇരുവരും തന്നെ കൊണ്ടുനടന്നത്. മൃതദേഹം തിരിച്ചറിയുന്നതിനും മറ്റ് കാര്യങ്ങൾക്കുമായി രാത്രി മൂന്നുമണിവരെ ആശുപത്രിയിൽനിന്നു. കശ്മീരിൽ പോയപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടിയെന്നാണ് യാത്രയാക്കാൻ വന്നപ്പോൾ ഞാൻ അവരോട് പറഞ്ഞത്. അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെയെന്ന് അവരോട് പറഞ്ഞു. പ്രദേശവാസികളാണ് അമ്മയ്ക്ക് താമസിക്കാൻ ഇടംനൽകിയത്.” (ഏപ്രിൽ 24, ന്യൂസ് 18, ഏപ്രിൽ 24, സമകാലിക മലയാളം).
എന്നാൽ ആരതിയുടെ ഈ പ്രതികരണത്തിന് ശേഷം അവർക്കെതിരെ കടുത്ത സൈബർ ആക്രമണം നടന്നു. ചില കമന്റുകൾ: ‘സത്യം പറഞ്ഞാൽ ഇങ്ങനെയൊരാൾ ഹിന്ദു മതത്തിൽ പെട്ട ആൾ ആയതിൽ ലജ്ജ തോന്നുന്നു, കേരളത്തിൽ മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലത്ത് പാകിസ്താൻ മൂർദബാദ് എന്നൊരു ബോർഡ് വച്ചാൽ അപ്പോൾ അറിയാം കേരളം എന്താണെന്ന്, ഇതെന്തുവാടെ… ഇവളുടെ അച്ഛൻ തന്നെയല്ലേ അത്. അച്ഛൻ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്… ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചുകൊണ്ടാണല്ലോ പറയുന്നത്.’
‘ഭാഗ്യം! അച്ഛൻ മരിച്ചാലും സഹോദരിക്ക് രണ്ട് സഹോദരൻമാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവൻ മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോർട്ടും. പിന്നെ തീവ്രവാദികൾ അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കിൽ ഈ ബോൾഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മൾ കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോൾഡായ മകൾ കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ…’
‘അച്ഛൻ മരിച്ച മകളുടെ അണിഞ്ഞൊരുങ്ങി വന്നുള്ള മീഡിയ പ്രതികരണം കാണുമ്പോൾ നമുക്കുള്ള മാനസികാവസ്ഥയോ ഒരു ദുഃഖമോ ആ മകളിൽ കാണുന്നില്ല, അച്ഛന് നേർക്ക് തീവ്രവാദികൾ തോക്ക് ചൂണ്ടിയപ്പോൾ ഇവൾ പൊട്ടിച്ചിരിച്ചുകാണും. അതാണ് തീവ്രവാദികൾ കലികയറി അച്ഛനെ വെടിവച്ചുകൊന്നത്, അപ്പന്റെ മരണം വിറ്റ് പബ്ലിസിറ്റിയും പ്രശസ്തിയും അടിച്ചെടുക്കാനുള്ള അവസരം മുതലെടുക്കുകയാണ്. അവൾക്ക് മലയാളവും അറിയില്ല, ഇംഗ്ലീഷും അറിയില്ല… പട്ടിഷോ, എന്തൊരു ജന്മം…’ (ഏപ്രിൽ 24, സമകാലിക മലയാളം).
പ്രീണന രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ
കേരളത്തിലെ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രശ്നമായി അവതരിപ്പിക്കുന്ന, ഹിന്ദുത്വ ഇടപെടലായി പിന്നീട് അതുമാറി. ‘അപീസ്മെൻ്റ് പൊളിറ്റിക്സ് അഥവാ പ്രീണന രാഷ്ട്രീയം’ എന്ന ‘ഹിന്ദുത്വ ഫ്രെയിം’ വികസിച്ചു.
കശ്മീരിൽ ആക്രമണം നടത്തിയവർക്കൊപ്പമാണ് എൽഡിഎഫും യുഡിഎഫുമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ അധിക്ഷേപിച്ചു. വി.ഡി സതീശനും എം.എ ബേബിക്കും പാകിസ്താൻ ഭീകരാക്രമണത്തെക്കുറിച്ച് പറയുമ്പോൾ അസ്വസ്ഥതയാണെന്നും അവർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ബിജെപി ജില്ലാ വികസിത കേരള കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (ഏപ്രിൽ 25, മെട്രോ വാർത്ത).
കുറിപ്പ്: ‘മുസ്ലീം പ്രീണനം’ എന്ന പദം
‘മുസ്ലീം പ്രീണനം’ എന്ന പദം ഇന്ത്യയിൽ രാഷ്ട്രീയ ചർച്ചകളിലൂടെ ക്രമേണ വികസിച്ചുവന്നതാണ്. ഈ ആശയത്തിന്റെ ആദ്യകാല പരാമർശങ്ങളിലൊന്ന് 1982-ൽ എച്ച്.വി ശേഷാദ്രിയുടെ ‘ദി ട്രാജിക് സ്റ്റോറി ഓഫ് പാർട്ടീഷൻ’ എന്ന പുസ്തകത്തിൽ കാണാം. അവിടെ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുസ്ലീം ന്യൂനപക്ഷാവകാശ നയങ്ങളെ ‘പ്രീണനം’ എന്ന രീതിയിൽ വിമർശിക്കുന്നു. 1985-ലെ ഷാ ബാനോ കേസിന് ശേഷം, കോൺഗ്രസ് സർക്കാർ മുസ്ലീം വനിതകളുടെ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണ) നിയമം പാസാക്കിയപ്പോൾ, ഹിന്ദു ദേശീയവാദികൾ ഇതിനെ ‘മുസ്ലീം പ്രീണനം’ എന്ന് വിശേഷിപ്പിച്ചതോടെ ഈ പദം കൂടുതൽ പ്രചാരം നേടി. അതോടൊപ്പം, ‘മുസ്ലിം പ്രീണന’വുമായി ബന്ധപ്പെട്ട ‘സ്യൂഡോ-സെക്യുലറിസം’ എന്ന പദം 1951-ൽ കെ.എം മുൻഷി ആദ്യമായി ഉപയോഗിച്ചതായി എ.ജി നൂറാനി പറയുന്നുണ്ട് (2000 ൽ പ്രസിദ്ധീകരിച്ച ‘ദി ആർഎസ്എസ് ആൻ്റ് ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ’ എന്ന പുസ്തകം കാണുക).


ഇസ്ലാമിസ്റ്റ് ഭീകരവാദികളും മൗദൂദികളും: കെ.ജെ ജേക്കബ്
ഹിന്ദുത്വ പ്രചാരണത്തിൻ്റെ സമാന്തരമായി ഒരു മതേതര/ഇടതുപക്ഷ ആഖ്യാനം വികസിച്ചു. പഹൽഗാമിൽ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രനെ കുറിച്ചും അവരുടെ മകൾ നടത്തിയ തുറന്നുപറച്ചിലിനെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് തന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങിയത്. അദ്ദേഹം തന്റെ വിമർശനം പതുക്കെ ചില മുസ്ലീങ്ങളിലേക്ക് തിരിച്ചുവച്ചു:
ആരാണ് ഇസ്ലാമിസ്റ്റ് ഭീകരവാദികൾ, ആരാണ് മുസ്ലീങ്ങൾ എന്ന് എല്ലാ ഇന്ത്യക്കാർക്കും പിന്നെ സംഘികൾക്കും കൃസംഘികൾക്കും മനസിലാക്കാൻ പാകത്തിൽ ആ പെൺകുട്ടി (രാമചന്ദ്രന്റെ മകൾ) പറഞ്ഞുതന്നു. മൗദൂദികൾ ഉൾപ്പെടുന്ന മുസംഘികൾക്കറിയാം തങ്ങൾ ആരാണെന്ന്. എല്ലാ നഷ്ടങ്ങളുടെയും മുകളിൽ മാനവികത കണ്ടെത്താനും കരൾ പിളരുന്ന ദുഖത്തിലും പരസ്പരം ആശ്വസിപ്പിക്കാനും കഴിയുന്ന ഒരു ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഉടമകളാണ് നമ്മൾ എന്ന് നമ്മളെത്തന്നെ ഓർമ്മിപ്പിക്കുകയാണ് ആ മനുഷ്യർ ചെയ്തത്. ഇന്ത്യ എന്ന ഈ രാജ്യത്തെ അതിന്റെ ഭ്രമണപഥത്തിൽ ഉറപ്പിച്ചുനിർത്തുന്നതു അപാരമായ മാനവികതയുടെയും, അതിലുള്ള മനുഷ്യരുടെ വിശ്വാസത്തിന്റെയും കൂട്ടുകൾകൊണ്ടാണ്. അതത്രയും സ്വാഭാവികമാണ്; നൈസർഗ്ഗികമാണ്; അത്ര പെട്ടെന്നൊന്നും ഊരിത്തെറിച്ചുപോകില്ല (ഏപ്രിൽ 25, ഫേസ്ബുക്ക് പോസ്റ്റ്/കെ.ജെ ജേക്കബ്).
ജമാഅത്തെ ഇസ്‌ലാമി പ്രതിഷേധിച്ചില്ലെന്ന് എം.വി ഗോവിന്ദൻ
രാഷ്ട്രീയ എതിരാളികളെന്ന് സിപിഎം കരുതുന്ന ഒരു മുസ്ലീം സംഘടനക്കെതിരായ പ്രചാരണവും ആരംഭിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടെന്നും ഇത് ചൂണ്ടി പലരും പ്രക്ഷോഭത്തിൽ പങ്കെടുത്തെങ്കിലും ജമാഅത്തെ ഇസ്‌ലാമി വിട്ട്നിന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു: പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ഭൂരിപക്ഷ വർഗീയതയെ പോലെയാണ് ന്യൂനപക്ഷ വർഗീയതയും. ആർട്ടിക്കിൾ 370 വകുപ്പ് എടുത്ത് മാറ്റുന്നതിനെതിരെ സിപിഐഎം കടുത്ത നിലപാടെടുത്തിരുന്നു. ഭീകരവാദ നിലപാടുകൾക്കെതിരെ രാജ്യം ഒറ്റകെട്ടായി നിൽക്കണം. മുസ്ലീം-ഹിന്ദു തർക്കം എന്നത് അപലപിക്കേണ്ട ഒന്നാണ്. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. എല്ലാവരും ഒരുമിച്ചാണ് പ്രകടനം നടത്തിയത്. ജമാഅത്തെ ഇസ്ലാമി മാത്രമാണ് വിട്ടുനിന്നത്. കശ്മീർ പ്രശ്‌നത്തിന്റെ പേരിൽ വർഗീയ പ്രചാരണം നടക്കുന്നത് തിരിച്ചറിയണമെന്നും ഏതെങ്കിലും ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ അവസാന ദിവസങ്ങളിൽ ഭീകരവാദത്തിനെതിരേ സദസ്സുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു(ഏപ്രിൽ 25, റിപ്പോർട്ടർ). ഇതേ ആരോപണം പന്നീട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്തും ഉർന്നുവന്നു. (ജൂൺ 15, മീഡിയാവൺ). പിന്നീട് ഈ പ്രസ്താവനയിൽ നിന്ന് ഗോവിന്ദൻ മാസ്റ്റർ പിൻമാറി.
ജമാഅത്ത് ഇസ്ലാമിക്കാർക്ക് രോമാഞ്ചം: അഡ്വ. എ ജയശങ്കർ
പാകിസ്താൻ പക്ഷപാതം കേരളത്തിലെ ഒരു മുസ്ലീം സംഘടനക്കെതിരെ ആരോപിക്കുന്ന നീക്കവുമുണ്ടായി.
‘മുനീർക്കാന്റെ ബഡായി/അഡ്വ. ജയശങ്കർ സംസാരിക്കുന്നു’ എന്ന പേരിൽ എബിസി ചാനൽ (ഏപ്രിൽ 25) ഒരു വീഡിയോ പുറത്തുവിട്ടു. പാകിസ്താന്റെ കരസേന മേധാവി ജനറൽ ആസിം മുനീർ പ്രവാസികളായ പാകിസ്താൻകാരോട് നടത്തിയ പ്രസംഗം സംബന്ധിച്ചു അദ്ദേഹം സംസാരിച്ചു. ജിന്നയുടെ പഴയ ‘ടു നേഷൻ തിയറിയെ’ സാധൂകരിച്ചുകൊണ്ടുള്ള ആ പ്രസംഗത്തെ വിശകലനം ചെയ്തു. പ്രസംഗത്തെ വിലയിരുത്തിയ ജയശങ്കർ ഒരു വിദ്വേഷ പ്രസ്താവനയും നടത്തി: ‘നമ്മുടെ നാട്ടിലെ ചില ജമാഅത്ത് ഇസ്ലാമിക്കാർക്കും ഇത് കേട്ടാൽ രോമാഞ്ചം ഉണ്ടാവും.’


ലീഗ് നേതാവിനെതിരേ കേസ്
കേരളത്തിലെ മുസ്ലീം ന്യൂനപക്ഷ പ്രവർത്തകരിൽ നിന്നു ‘പ്രശ്നക്കാരെ’ കണ്ടെത്തുന്ന ഹിന്ദുത്വ ഇടപെടൽ സജീവമായി. പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിൽ രാജ്യത്തിനെതിരെ പരാമർശം നടത്തിയെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പരാതിയിൽ മുസ്ലീം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്തിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ചില പരാമർശങ്ങൾ നടത്തിയെന്നാന്ന് പരാതിയിൽ പറഞ്ഞത്. ബി.എൻ.എസ് 192 വകുപ്പാണ് ചുമത്തിയത്. ഏപ്രിൽ 23ന് വൈകീട്ട് ജനം ടി.വിയുടെ കാർഡ് ഷെയർ ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റിനടിയിൽ ബഷീർ വെള്ളിക്കോത്ത് ഇട്ട കമന്റിനെതിരെയായിരുന്നു പരാതി (ഏപ്രിൽ 25, മാധ്യമം).
ജനം ടിവിയാണ് തന്റെ പോസ്റ്റിനെ വളച്ചൊടിച്ചതെന്ന് ആരോപിച്ച് അദ്ദേഹം തന്റെ പോസ്റ്റ് വീണ്ടും പങ്കുവച്ചു: ‘നിരപരാധരായ മനുഷ്യരെ കൊന്നൊടുക്കിയവർ ആരായാലും കണ്ടെത്തപ്പെടണം. തൂക്കുകയർ അവർക്ക് നിർബന്ധമാക്കണം. ആരാണീ ദി റെസിസ്റ്റന്റ് ഫ്രണ്ട്. എന്താണ് അവരെ മഥിക്കുന്ന വികാരം? അതെന്തായാലും ഏതെങ്കിലും മതത്തോടുള്ള സ്‌നേഹമോ വെറുപ്പോ ആയിരിക്കില്ല. രാഷ്ട്രീയ താല്പര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന അരുംകൊലയാണിത്. പുൽവാമ കൂട്ടാകുരുത്തിയുടെ പിന്നാമ്പുറങ്ങൾ ഇത് വരെ വെളിച്ചത്ത് വന്നിട്ടില്ല. മുംബൈ ഓപ്പറേഷനിൽ യഥാർത്ഥത്തിലെ ഇര മുസ്ലിം പേരിൽ ചാർത്തപ്പെട്ട ഹിന്ദുത്വ ഭീകരത കണ്ടെത്താൻ നിയോഗിക്കപ്പെട്ട എസ് ഐ ടി തലവൻ ഹേമന്ത റാഉ കാർക്കരെ യായിരുന്നുവെന്നത് യാദർശ്ചികമല്ല… ഉത്തരേന്ത്യയിൽ സമീപകാലത്ത് നടന്ന നിരവധി സംഭവങ്ങൾ ഹൈന്ദവ സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കാൻ സന്ഘികൾ ആസൂത്രണം ചെയ്ത് മുസ്ലിംകളുടെ പേരിൽ കുറ്റം ചാർത്താൻ ശ്രമിച്ചവയാണ്. ഈ അക്രമം മതം അന്വേഷിച്ചു നടത്തി എന്ന് പറയപ്പെടുന്നേടത്ത് തന്നെ അതിന്റെ നിഗൂഢത മണക്കുന്നുണ്ട്. “കാരണം കൂടാതെ ഒരു മനഷ്യനേക്കൊന്നാൽ അവൻ മുഴുവൻ മനുഷ്യരെയും കൊന്ന കൊലയാളിയാണ്” എന്ന് പ്രഖ്യാപിച്ച വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്ന ഒരാൾക്കും ഇത്തരം ഹീനകൃത്യം നടത്താനാവില്ല. ഇനി ആക്രമികളുടെ നാമം മുസ്ലീങ്ങളുടേതാണെങ്കിൽ അവർ തീർച്ചയായും ഇത് കൊണ്ട് നേട്ടമുണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയ താല്പര്യത്തിന്റെ കൂലിക്കാരാവാനാണ് സാധ്യത – ഇങ്ങനെ അർത്ഥം വരുന്ന പോസ്റ്റാണ് അദ്ദേഹം ഇട്ടത്. (ഏപ്രിൽ 25, മാധ്യമം).
ഒവിൻ സാഗക്കെതിരെ ജനം ടിവി
മാധ്യമ വിചാരണയും വികസിച്ചു. ഇൻസ്റ്റഗ്രാമിൽ ‘വിവാദ സ്റ്റോറിയുമായി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ മകൾ ഒവിൻസാഗ ആര്യാടൻ’ എന്ന തലക്കെട്ടിൽ (ഏപ്രിൽ 26 , ജനം ടിവി) ജനം ടിവി വാർത്ത പ്രസിദ്ധീകരിച്ചു. ഒവിൻ ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്നെഴുതിയെന്നാരോപിച്ചായിരുന്നു വാർത്ത.


ഇനി മുസ്ലീമല്ല; മതം ചോദിച്ച് മനുഷ്യരെ കൊന്ന ഭീകരവാദത്തിന് മറുപടി: കർമ്മ ന്യൂസ്
‘ഇനി മുസ്ലീമല്ല; മതം ചോദിച്ച് മനുഷ്യരെ കൊന്ന ഭീകരവാദത്തിന് മറുപടി’ എന്ന പേരിൽ കർമ്മ ന്യൂസ് (26 ഏപ്രിൽ) ഒരു വാർത്ത നൽകി. ‘ഇസ്ലാം മതം വിടാൻ തീരുമാനിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റ സാബിർ ഹുസൈൻ’ എന്നതായിരുന്നു വിഷയം. ‘പഹൽഗാമിൽ മതം ചോദിച്ച ആളുകളെ കൊന്ന ആ രീതി അത് തന്നെ ഞെട്ടിച്ചു’ എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ ‘തീവ്രവാദികൾക്ക് പോലും മതപരമായ അജണ്ടകൾ’ ഉണ്ട് എന്ന് ഈ സംഭവം വ്യക്തമായി തെളിയിച്ചിട്ടുണ്ടെന്നാണ് കർമ്മ ന്യൂസിൻ്റെ വിലയിരുത്തൽ.
ഇസ്ലാമും മതഭീകരതയും: ഷാജൻ സ്കറിയ
‘ഇസ്ലാമും മത ഭീകരതയും: കേൾക്കാൻ മറക്കരുതാത്ത രണ്ട് പോസ്റ്റുകൾ’ എന്ന തലക്കെട്ടിൽ ഷാജൻ സ്കറിയ (മറുനാടൻ മലയാളി, ഏപ്രിൽ 26) മറ്റൊരു വീഡിയോ ചെയ്തു. ചില പ്രസ്താവനകൾ: 1) മതഭീകരതയെ തള്ളി പറയാത്തിടത്തോളം മുസ്ലീങ്ങൾ ഇരവാദം മുഴക്കുന്നതിൽ കാര്യമില്ല. 2) മതം പറഞ്ഞുകൊണ്ടുള്ള ഭീകരാക്രമണമാണ് കാശ്മീരിൽ ഉണ്ടായത്. മതം പറഞ്ഞുകൊണ്ടുള്ള ഈ കൊലപാതകത്തിനെതിരെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ രംഗത്ത് വരും. അപ്പോഴേക്കും ഇരവാദം ശക്തമാകും. മുസ്ലീമിനെ കൊല്ലുന്നു. മുസ്ലീമിനെ ബലാൽസംഗം ചെയ്യുന്നു. മുസ്ലീമിനെ വംശഹത്യ ചെയ്യുന്നു എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നവർ ഇപ്പോൾ ഇങ്ങനെ കേൾക്കുമ്പോൾ അസ്വസ്ഥപ്പെടുന്നത് എന്തിന് എന്ന് മാത്രം സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകുന്നില്ല. 3) മതത്തെ ഭീകരതയുടെ അടയാളമായി, മതത്തെ ഭീകരതയുടെ ആയുധമായി, ഉപയോഗിക്കുന്ന സർവ്വ നികൃഷ്ട ജന്മങ്ങളെയും ആ മതത്തിന്റെ നേതാക്കൾ തള്ളി പറയണം. അത് പറയാത്തിടത്തോളം കാലം ഇസ്ലാം മതവും മതഭീകരതയും ഒന്നാണ് എന്ന് പറയുന്നവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും.
മാറാടും കശ്മീരും: ഹിന്ദു ഐക്യവേദി
പഹൽഗാം വാർത്തകളിൽ ഇടം പിടിച്ച സമയമായതിനാലാവും ഹിന്ദു ഐക്യവേദി, കേരളം മെയ് രണ്ടിന് തീരുമാനിച്ച മാറാട് അനുസ്മരണദിനത്തിന്റെ പേര് ഭീകരവിരുദ്ധദിനമെന്നായിരുന്നു. കൂടാതെ ‘മറക്കില്ല… മാറാട്, കാക്കും കശ്മീർ’ എന്നും മാറാടിലെയും കശ്മീരിലെയും നരഹത്യക്കെതിരേ ജനജാഗ്രതയെന്നും രേഖപ്പെടുത്തിയിരുന്നു (ഫേസ്ബുക്ക് പോസ്റ്റ്, ഏപ്രിൽ 26).
പാകിസ്താനികൾ നാടുവിടണം
പഹൽഗാമിന് ശേഷമുണ്ടായ പ്രത്യാക്രമണത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ താൽക്കാലിക വിസയെടുത്ത് സംസ്ഥാനത്ത് കഴിയുന്ന പാകിസ്താൻ പൗരർ ചൊവ്വാഴ്ചക്കകം തിരികെ മടങ്ങണമെന്ന് കേരളം നിർദേശം നൽകി. ചികിത്സക്ക് വന്നവരടക്കം 104 പാകിസ്താനികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. കേരളീയരെ വിവാഹം കഴിച്ച് കഴിയുന്ന, ദീർഘകാല വിസയുള്ള 45 പാകിസ്താനികൾക്ക് രാജ്യം വിടേണ്ടിവരില്ല. ശേഷിക്കുന്നവർ രാജ്യം വിടണം. 55 പേർ വിസിറ്റിങ് വിസയിലും മൂന്ന് പേർ ചികിത്സക്കും എത്തിയതാണ്. അനധികൃതമായി രാജ്യത്തെത്തിയ ഒരാൾ ജയിലിലാണ്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരരെ തിരിച്ചയക്കണമെന്ന് കേന്ദ്രം സംസ്ഥാന മുഖ്യമന്ത്രിമാരോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാക് പൗരരുള്ളത് കണ്ണൂർ ജില്ലയിലാണ്. 71 പേരാണ് കണ്ണൂരിലുള്ളതെന്നാണ് വിവരം. ദീർഘകാല വിസയുള്ളവർ കണ്ണൂരിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലുള്ളത്. 48 മണിക്കൂറിനുള്ളിൽ പാകിസ്താൻ പൗരർ ഇന്ത്യ വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത് (ഏപ്രിൽ 26, മാധ്യമം). അതിനിടയിൽ പാകിസ്താൻ പൗരത്വം ഉള്ള കോഴിക്കോട്ടെ മൂന്ന് പേർ രാജ്യം വിടണമെന്ന നോട്ടീസ് പൊലിസ് പിൻവലിച്ചു. ദീർഘകാല വിസയുള്ളവർക്കും പൗരത്വത്തിന് അപേക്ഷ നൽകിയവർക്കും നൽകിയ നോട്ടിസാണ് പിൻവലിച്ചത് (ഏപ്രിൽ 26, തേജസ് ന്യൂസ്).
ഇസ്ലാമിന്റെ അർത്ഥം ഭീകരത: ആർഎസ്എസ് നേതാവ് ജെ നന്ദകുമാർ
ഏപ്രിൽ 23 മുതൽ 27 വരെയാണ് പുത്തരിക്കണ്ടം മൈതാനിയിൽ അനന്തപുരി ഹിന്ദു ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ അനന്തപുരി ഹിന്ദു മഹാസമ്മേളനം നടന്നത്. ഏപ്രിൽ 26ന് വൈകീട്ട് നടന്ന പൊതുസമ്മേളനത്തൽ ആർഎസ്എസ് പ്രജ്ഞാ പ്രവാഹം ദേശീയ സംയോജകൻ ജെ നന്ദകുമാർ സംസാരിച്ചു. ഹിന്ദുത്വം, ഇസ്ലാമിക ഭീകരത, ഭാരതത്തിന്റെ തനിമ തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. പഹൽഗാമിൽ നടന്ന ആക്രമണത്തെ പരാമർശിച്ചുകൊണ്ട് ഇസ്ലാമിന്റെ അർത്ഥം ഭീകരത എന്നായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി: ഒരു രാഷ്ട്രം അതിന്റെ തനിമയിൽനിന്ന് അകന്നുപോയാൽ പുരോഗതിയുണ്ടാവില്ല. ഭാരതത്തിന്റെ തനിമ ഹിന്ദുത്വമാണ്. നയിക്കുന്നവർ അതിൽനിന്ന് അകന്നുപോയാൽ അധോഗതിയാണ് ഉണ്ടാവുക. പഗൽഗാമിൽ ആക്രമണം നടന്നപ്പോൾ ചിലർക്ക് മനസ്സിലായി ഭീകരതയ്ക്ക് മതമുണ്ടെന്ന്. ആ മതം ഏതാണെന്ന് ആരും പറയുന്നില്ല. അത് ഇസ്ലാമാണ്. ഇസ്ലാമിന്റെ അർത്ഥം ഭീകരതയാണ്. അത് വസ്തുതയാണ്. ഹിന്ദുക്കളാണ് എന്ന് ബോധ്യപ്പെട്ട ശേഷമാണ് നിരപരാധികളായവരെ ഇസ്ലാമിക ഭീകരർ വെടിവെച്ച് കൊന്നത്. അതിനാലാണ് പാകിസ്ഥാനെതിരെ സിന്ധു നദീജല കരാർ റദ്ദാക്കാൻ ഭാരതം നിർബന്ധിതമായത്. രണ്ടു ദിവസത്തിനുള്ളിൽ തൊപ്പിവച്ച മുസ്ലീം ബാലൻ തലയിൽ കുടവുമായി എനിക്ക് ദാഹിക്കുന്നു എന്ന് പറയുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു (ഏപ്രിൽ 27, ജന്മഭൂമി; ഏപ്രിൽ 27, തത്ത്വമയി ന്യൂസ്).


മോദി വിരുദ്ധത ഹിന്ദുവിരുദ്ധതയുടെ ഭാഗം
മീഡിയാ വൺ നിരന്തരമായി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതായി ഷാജൻ സ്‌കറിയ ആരോപിച്ചു. അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടുതന്നെയാണ് ഷാജനും തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. മീഡിയാ വണിലെ ഔട്ട് ഓഫ് ഫോക്കസ് ചർച്ച കടുത്ത വർഗീയതയാണ്. ദേശവിരുദ്ധതയുമാണ്. കൂടാതെ രാജ്യദ്രോഹവുമാണ്. പഹൽഗാം കൂട്ടക്കുരുതി മോദിയുടെ അജണ്ടയാണെന്ന മനുഷ്യത്വഹീനമായ സമീപനമാണ് അവരുടേത്. ഹിന്ദുവിരുദ്ധതകൊണ്ടാണ് ഇതൊക്കെ പറയുന്നത്. മോദി വിരുദ്ധതയും സംഘപരിവാർ വിരുദ്ധതയും ഹിന്ദുവിരുദ്ധതയുടെ ഭാഗമാണ് (ഏപ്രിൽ 27, മറുനാടൻ മലയാളി).
47ഓടെ രാജ്യത്തെ ഖാലിഫേറ്റ് ആക്കാൻ ശ്രമം
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ (ഏപ്രിൽ 26) വച്ച് ആർഎസ്എസ് പ്രജ്ഞാ പ്രവാഹം ദേശീയ സംയോജകൻ ജെ നന്ദകുമാർ സംസാരിച്ചു. ഹിന്ദുത്വം, ഇസ്ലാമിക ഭീകരത, ഭാരതത്തിന്റെ തനിമ തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. പഹൽഗാമിൽ നടന്ന ആക്രമണത്തെ പരാമർശിച്ചുകൊണ്ട് ഇസ്ലാമിന്റെ അർത്ഥം ഭീകരത എന്നായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി: ഒരു രാഷ്ട്രം അതിന്റെ തനിമയിൽ നിന്ന് അകന്നുപോയാൽ പുരോഗതിയുണ്ടാവില്ല. ഭാരതത്തിന്റെ തനിമ ഹിന്ദുത്വമാണ്. നയിക്കുന്നവർ അതിൽ നിന്ന് അകന്നുപോയാൽ അധോഗതിയാണ് ഉണ്ടാവുക. പഗൽഗാമിൽ ആക്രമണം നടന്നപ്പോൾ ചിലർക്ക് മനസ്സിലായി ഭീകരതയ്ക്ക് മതമുണ്ടെന്ന്. ആ മതം ഏതാണെന്ന് ആരും പറയുന്നില്ല. അത് ഇസ്ലാമാണ്. ഇസ്ലാമിന്റെ അർത്ഥം ഭീകരതയാണ്. അത് വസ്തുതയാണ്. ഹിന്ദുക്കളാണ് എന്ന് ബോധ്യപ്പെട്ട ശേഷമാണ് നിരപരാധികളായവരെ ഇസ്ലാമിക ഭീകരർ വെടിവെച്ച് കൊന്നത്. അതിനാലാണ് പാകിസ്താനെതിരെ സിന്ധു നദീജല കരാർ റദ്ദാക്കാൻ ഭാരതം നിർബന്ധിതമായത്. രണ്ട് ദിവസത്തിനുള്ളിൽ തൊപ്പിവച്ച മുസ്ലീം ബാലൻ തലയിൽ കുടവുമായി എനിക്ക് ദാഹിക്കുന്നു എന്ന് പറയുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു (ഏപ്രിൽ 27, ജന്മഭൂമി; ഏപ്രിൽ 27, തത്ത്വമയി ന്യൂസ്).
മത വിദ്വേഷം: ബിജെപി പ്രവർത്തകക്കെതിരെ കേസ്
വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തക ഹരിത ഗിരീഷ് കുമാറിനെതിരേ ആലുവ പൊലീസ് കേസെടുത്തു. സന്ദീപ് വാര്യരെ രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള പോസ്റ്റിലാണ് ഹരിത പ്രതികരിച്ചത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനൂപ് ശിവശക്തി ആണ് പരാതി നൽകിയത്. ഹരിത ഗിരീഷ് കുമാർ എന്ന വ്യക്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലൂടെ സമൂഹത്തിൽ മനഃപൂർവ്വം മത വിദ്വേഷം കലർത്തി കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു (ഏപ്രിൽ 27, മീഡിയാ വൺ).
പഹൽഗാമും ജമാഅത്തെ ഇസ്ലാമിയും: പുത്തലത്ത് ദിനേശന്റെ ലേഖനം
‘കശ്മീർ: ഭീകരവാദം വന്ന വഴി’യെന്ന പേരിൽ എഡിറ്റർ പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രത്തിൽ ഒരു ലേഖനം എഴുതി. ഏപ്രിൽ 27, 28 തിയ്യതികളിലാണ് ലേഖനം അച്ചടിച്ചുവന്നത്. കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിൽ ‘ഭീകരവാദം’എന്ന പ്രതിഭാസത്തെക്കുറിച്ചാണ് വിശകലനം ചെയ്യുന്നത്. ‘ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം’, ‘ആഗോളഭീകരതയുമായുള്ള ജമാഅത്തെ ഇസ്ലാമിയുടെ ബന്ധം’, അതുവഴി ‘പഹൽഗാം ആക്രമണവുമായുള്ള ജമാഅത്തെ ഇസ്ലാമിയുടെ (ധാർമ്മിക) ബന്ധം’ തുടങ്ങിയവയും ചർച്ചക്കെടുത്തു.
പഹൽഗാം ആക്രമണം ന്യൂനപക്ഷവിരുദ്ധ സമീപനം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞുവച്ച അദ്ദേഹം ഈ സന്ദർഭത്തിലും മതരാഷ്ട്രവാദികൾ പരസ്പരം പഴിചാരി സമൂഹത്തെ വർഗീയമായി പിളർത്തുകയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് തുടങ്ങിയത്. പഹൽഗാമിനെക്കുറിച്ച് എഴുതുന്നത് ഇങ്ങനെ: കശ്മീരിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ വെടിവച്ചുകൊന്നവർ മത ഭീകരവാദത്തിന്റെ വക്താക്കളാണ്. മതത്തെ രാഷ്ട്രീയ ആവശ്യത്തിൽ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് മതവർഗീയത രൂപപ്പെടുന്നത്. ഭീകരവാദം മതത്തിന്റെ മേലങ്കിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടതും അതിന്റെ ഫലമാണ്. കശ്മീരിലെ ഭീകരവാദവും മക്ക മസ്ജിദിലും സംഝോത എക്‌സ്പ്രസിലും ബോംബ് വയ്ക്കുന്ന ഹിന്ദുത്വ ഭീകരവാദവും ഒന്നുതന്നെയാണ്. മതദർശനത്തിന്റെ മനുഷ്യസ്നേഹമല്ല, മറിച്ച് മതത്തെ രാഷ്ട്രീയ അധികാരത്തിന് ഉപയോഗപ്പെടുത്തുന്ന ഭീകരതയുടെ മുഖമാണ് അതിൽ പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് അദ്ദേഹം കശ്മീരിലെ ഭീകരവാദത്തെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തുന്നു: കശ്മീരിലെ ഭീകരവാദത്തെ പിന്തുണച്ചുനിൽക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടുകൾ പരിശോധിച്ചാൽ ഇത് കാണാം. ജമാഅത്തെ ഇസ്ലാമിയുടെ വർഗീയ രാഷ്ട്രീയത്തിന്റെ ഊർജം ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ആശയങ്ങളിൽനിന്നാണ്. അതോടൊപ്പം ആഗോള ഇസ്ലാമിക തീവ്രവാദത്തിന് മൗദൂദിയൻ ആശയങ്ങളും ഊർജം പകരുന്നുണ്ട്. വഖഫ് പ്രക്ഷോഭത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമിയുടെ സംഘടനകൾ ഉയർത്തിപ്പിടിച്ച ഈജിപ്തുകാരായ ഹസനുൽ ബന്നയുടെയും മറ്റും ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. ഇവർ അതത് രാജ്യത്ത് നിർവഹിച്ച ദൗത്യമെന്തായിരുന്നെന്ന് തിരിച്ചറിയുമ്പോഴാണ് ഇതിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയാനാകുക.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ നടന്ന സോളിഡാരിറ്റിയുടെ എയർപോർട്ട് ഉപരോധത്തിൽ ബ്രദർഹുഡുകാരുടെ ചിത്രം ഉയർത്തിപ്പിടിച്ചതിനെ ആഗോളഭീകരതയുമായാണ് അദ്ദേഹം ബന്ധപ്പെടുത്തിയത്. മുസ്ലിം ബ്രദർഹുഡും ജമാഅത്തെ ഇസ്ലാമിയുംപോലുള്ള സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ജിഹാദി ആശയങ്ങളാണ് ഭീകരവാദ പ്രവർത്തനത്തിന് അടിത്തറയൊരുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണെന്നും എന്നാൽ ഭൂരിപക്ഷം വരുന്ന സുന്നികൾ അത് അംഗീകരിക്കുന്നില്ലെന്നം അദ്ദേഹം എഴുതുന്നുണ്ട്. വെൽഫെയർ പാർട്ടിയുടെ വോട്ട്‌സ്വീകരിച്ച യുഡിഎഫ് മതരാഷ്ട്രവാദ ആശയങ്ങൾ മുസ്ലിംകളിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും നിരീക്ഷിക്കുന്നു.


ഭീകരതക്ക് മതമില്ല: ഭരണഘടനാ സംരക്ഷണ സമിതി
ഭീകരതക്ക് മതമില്ല, കാശ്മീരിലെ കൂട്ടക്കൊലയിൽ പ്രതിഷേധിക്കുക, ഭീകരവാദികളെ ഒറ്റപ്പെടുത്തുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഏപ്രിൽ 28 നു ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച ‘മാനവിക കൂട്ടായ്മ’ കോഴിക്കോട് (എകെജി ഓപ്പൺ ഓഡിറ്റോറിയം) സംഘടിപ്പിച്ചു. ‘മതഭീകരത’ എന്ന പ്രയോഗം പുകസ (ഏപ്രിൽ 23) ഉപയോഗിച്ചങ്കിലും സിപിഎം അനുകൂല വേദിയെന്ന് കരുതുന്ന ഭരണഘടന സംരക്ഷണ സമിതി അതുപയോഗിച്ചില്ല.
തീവ്രവാദികളെ വിമർശിക്കുന്നത് ഇസ്‌ലാമോഫോബിയയോ?
പഹൽഗാമിന് ശേഷം നടന്ന പൊതുചർച്ച ഇസ്‌ലാമോഫോബിയയായി മാറിയതിനെതിരെ വിമർശനങ്ങൾ രൂപപ്പെട്ടു. കാസർഗോഡ് ‘വികസിത് കേരള’ കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചതിങ്ങനെ: രാജ്യത്ത് കോൺഗ്രസ് നടപ്പിലാക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീമാണ്. പാകിസ്താൻ തീവ്രവാദികളെ കുറിച്ച് പറയുമ്പോൾ അത് ഇസ്‌ലാമോഫോബിയ ആവില്ല. കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇതിൽ നിന്ന് വ്യക്തമാണ് (ഏപ്രിൽ 29, ഇടിവി ഭാരത്).
അല്ലാഹു അക്ബർ വിളിച്ചതിന് എൻഐഎ പൊക്കി: മറുനാടൻ മലയാളി
‘അല്ലാഹു അക്ബർ വിളിച്ചതിന് എൻഐഎ പൊക്കി’ എന്ന ശീർഷകത്തിൽ മറുനാടൻ മലയാളി (ഏപ്രിൽ 30) ഒരു വാർത്ത നൽകി. പഹൽഗാം ആക്രമണ സമയത്ത് അള്ളാഹു അക്ബർ എന്ന് വിളിച്ചതിന് സിപ്ലൈൻ ഓപ്പറേറ്ററിനെ എൻഐഎ ചോദ്യം ചെയ്തതിനെ സംബന്ധിച്ചതായിരുന്നു ഉള്ളടക്കം. ചില പ്രസ്താവനകൾ. 1) ആരെങ്കിലും എവിടെയെങ്കിലും ഉറക്കെ അള്ളാഹു അക്ബർ എന്ന് വിളിച്ചാൽ കേട്ടുനിൽക്കുന്നവർക്ക് ഭയം തോന്നുന്നത് എന്തുകൊണ്ടാണെന്നാണ് മുസ്ലീം സഹോദരന്മാർ ആദ്യം ചിന്തിക്കേണ്ടത്. 2) സ്വാമിയെ ശരണം എന്ന് കേട്ടാലോ യേശുവേ സ്തോത്രം എന്ന്കേട്ടാലോ ആർക്കും തോന്നാത്ത ഒരു ഭയം അല്ലാഹു അക്ബർ എന്ന് കേൾക്കുമ്പോൾ തോന്നുന്നതിന്റെ കാരണം മതഭീകരവാദികൾ ഇസ്ലാം ഇസ്ലാം വിരോധികൾ അവരുടെ തിന്മയുടെ കവചമായി ഈ വാക്ക് ഉപയോഗിക്കുന്നത് കൊണ്ടാണ്. 3) ഈ ഇസ്ലാമിക വിരോധികളായ തീവ്രവാദികളോട് അല്ലാഹുവിന്റെ പേര് പറഞ്ഞുകൊണ്ടുള്ള ഈ അതിക്രമം അവസാനിപ്പിച്ചേ മതിയാവൂ എന്ന് ഇവിടുത്തെ മതപണ്ഡിതന്മാർ ഇപ്പോഴും തുറന്നു പറയുന്നില്ല. 4) അത്തരം ആക്രമണം നടത്തുന്നവർ മുസ്ലീം വിശ്വാസികൾ അല്ല അവരെ ചെറുത്തു തോൽപ്പിക്കണം അവരെ നിയമത്തിന് മുന്നിൽ വിട്ടുകൊടുക്കാൻ വേണ്ടി യഥാർത്ഥ മുസ്ലീമുകൾ ഒരുമിച്ച് നിൽക്കണം എന്ന് ആവശ്യപ്പെടാൻ മടി കാണിക്കുന്നു.


ഇസ്‌ലാമോഫോബിയക്കെതിരെ ‘മലയാള മനോരമ’യുടെ ഇടപെടൽ
പെഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ഒരു സാങ്കൽപ്പിക ചോദ്യോത്തരം മനോരമ പ്രസിദ്ധീകരിച്ചു (ഏപ്രിൽ 24, മലയാള മനോരമ). പഹൽഗാം ഭീകരാക്രമണത്തിൽ മതത്തിന്റെ പേരുപയോഗിച്ചു! അതുകൊണ്ട് മതവിശ്വാസികൾക്ക് കുറ്റബോധം വേണോ?.. എന്നായിരുന്നു കുറിപ്പിന്റ ശീർഷകം. അറിഞ്ഞോ അറിയാതെയോ നമ്മുടെ പ്രവൃത്തികളിൽ മതവിദ്വേഷവും സംശയവും കടന്നുവരുമ്പോൾ സ്വയം പരിശോധിച്ച് തിരുത്താൻ ചില മാർഗങ്ങളാണ് നിർദ്ദേശിച്ചത്:
1) പഹൽഗാം ആക്രമണത്തെക്കുറിച്ച് മുസ്ലീം വിഭാഗത്തിൽ നിന്നുള്ള സെലിബ്രിറ്റീസ് എന്തു പറയുന്നുവെന്നറിയാൻ ആകാംക്ഷയുണ്ടോ?
സംശയിക്കേണ്ട, ഇസ്‌ലാമോഫോബിയയുടെ ഏറ്റവും സൂക്ഷ്മമായ നുഴഞ്ഞുകയറ്റമാണത്. എല്ലാ ഇന്ത്യക്കാരും പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടുന്നില്ല, ഇടണമെന്നുമില്ല. മുസ്ലീം വിഭാഗത്തിലുള്ളവരെ പ്രത്യേകമായി നിരീക്ഷിക്കാൻ തോന്നുന്നത് ഇസ്‌ലാമോഫോബിയയാണ്.
2) പ്രതികരിക്കാത്തവരോട് പഹൽഗാം ആക്രമണത്തിൽ നിലപാട് വ്യക്തമാക്കാൻ പറയാൻ തോന്നുന്നുണ്ടോ? അല്ലെങ്കിൽ അതറിയാൻ ആകാംക്ഷയുണ്ടോ?
മതത്തിന്റെ പേരിൽ നടന്ന ഭീകരാക്രമണമായതുകൊണ്ട് ആ മതത്തിൽ വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കണോ? ഈ ഭീകരതയിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് തള്ളിപ്പറയണോ? അങ്ങനെ പറയണമെന്ന് തോന്നിക്കുന്നതും വിദ്വേഷമാണ്.
3) മതവിശ്വാസികൾക്ക് മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരതയിൽ ഉത്തരവാദിത്തമില്ലേ?!
മതത്തിന്റെ പേരുവച്ച് നടത്തിയ ഭീകരാക്രമണമാണ്. പക്ഷേ, എല്ലാ മതവിശ്വാസികൾക്കും ആ ആക്രമണത്തിൽ ഉത്തരവാദിത്തമില്ല. മതത്തിനുമില്ല.
4) വിശ്വാസിയായിട്ടും അവർ തള്ളിപ്പറഞ്ഞു എന്ന് പറയാൻ തോന്നുന്നത് അഭിനന്ദിക്കലാണോ?
പരോക്ഷമായ നിന്ദയാണീ അഭിനന്ദനം. എന്നുവച്ചാൽ ഭീകരാക്രമണത്തെ തള്ളിപ്പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മതത്തിന്റെ പേരിലുള്ള ഭീകരതയെ മതവിശ്വാസി അംഗീകരിക്കുന്നുണ്ടാകുമെന്ന മുൻധാരണയിൽ നിന്നാണ് ഈ അഭിനന്ദനവുമുണ്ടാകുന്നത്.
5) ഏതെങ്കിലും മതത്തിൽപ്പെട്ടവർക്ക് പ്രത്യേകമായി കുറ്റബോധം തോന്നേണ്ടതുണ്ടോ?
ഒരിക്കലുമില്ല. ഇത് മാനുഷികതയ്ക്കും രാജ്യത്തിനുമെതിരായ വെല്ലുവിളിയാണ്. മനുഷ്യരുടെ സമാധാനജീവിതം തകർക്കാനും കശ്മീരിൽ അസ്ഥിരതയുണ്ടാക്കാനും വേണ്ടി മാത്രമുള്ള ഭീകരാക്രമണമാണ് നടന്നത്. അതിനായി മതത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണുണ്ടായത്.
7. ഐഎസ്ആർഒയിൽ മുസ്ലീങ്ങൾ വേണ്ട!
ബംഗളൂരു ഐഎസ്ആർഒയിൽ കരുനാഗപ്പള്ളിയിൽ നിന്നുള്ള തസ്‌നി ഷാജഹാന് നിയമനം ലഭിച്ചു. ‘മറിയാമ തഗ് വേർഷൻ 2’ എന്ന ഫേസ്ബുക്ക് ഐഡി ഈ വാർത്ത ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ഈ പോസ്റ്റിന് താഴെ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണമാണ് നടന്നത്. (ഏപ്രിൽ 23, ഫേസ്ബുക്ക്/മറിയം തഗ്‌സ്.02). കമന്റ് ഇട്ടിരിക്കുന്നവരിൽ ഭൂരിഭാഗം പേരുടെയും പ്രൊഫൈലുകൾ ലോക്ക് ആയിരുന്നു.
കമന്റുകൾ ഇങ്ങനെ:
‘ഒരു നിരീക്ഷകനെ കൂടി വയ്ക്കുന്നത് നല്ലതായിരിക്കും’ എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്.
‘അബ്ദുൾ കലാം സാറിനെയും മദനിയെയും ഒരുപോലെ കാണരുത്. കരുനാഗപ്പള്ളിയല്ല തിരുച്ചിറപ്പള്ളി. ഐഎസ്ആർഒ പൊളിച്ച് പാകിസ്ഥാനിൽ കൊണ്ടുപോയി കൊടുക്കും. ലോകത്ത് നടക്കുന്നതൊക്കെ ഒന്നു ശ്രദ്ധിക്കൂ…’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘തന്ത്രപ്രധാന സ്ഥലങ്ങളിലൊന്നും ഈ വർഗത്തിനെ അടുപ്പിക്കരുത്’, ‘പേര്, വേഷം ഇത് കണ്ടാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നതാണ് ഓർമ വരുന്നത്, മറക്കില്ല പുൽവാമ’, ‘ദീനിനു വേണ്ടി പണിയെടുക്കാതെ രാജ്യത്തിന് വേണ്ടി പണിയെടുക്കൂ’ ഒരു കണ്ണ് എപ്പോഴും വേണം….പ്രത്യേകിച്ച് ഇപ്പഴത്തെ സഹചാര്യത്തിൽ… സൂക്ഷിച്ചാൽ… ദു:ഖിക്കണ്ടാ, ഒരു ആയിരം കണ്ണ് വേണം (ഏപ്രിൽ 29, അഴിമുഖം).
രാജ്യത്തെ തന്ത്രപ്രധാനമായ ഒരു സ്ഥാനത്തെ മുസ്ലീം സാന്നിധ്യം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് വിമർശകർ വായിച്ചത്.
8. ഹമാസ് അനുകൂലികൾ ലക്ഷ്യം വയ്ക്കുന്നത് ഹിന്ദുവിനെയും ക്ഷേത്രത്തെയും: കുമ്മനം രാജശേഖരൻ
‘കേരളത്തിൽ ഹമാസ് അനുകൂലികൾ ലക്ഷ്യം വയ്ക്കുന്നത് ഹിന്ദുവിനെയും ക്ഷേത്രത്തെയും’ എന്ന തലക്കെട്ടിൽ കുമ്മനം രാജശേഖരൻ ചെയ്ത പ്രസംഗം കർമ്മ ന്യൂസ് (ഏപ്രിൽ 26) പുറത്തുവിട്ടു. കുമ്മനത്തിൻ്റെ പ്രസ്താവനകൾ: 1) കേരളം തീവ്രവാദ ഭീകര പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള ഒരു മണ്ണാണ്. പല തീവ്രവാദ പ്രവർത്തനങ്ങളും ഭീകരവാദികളുടെ പ്രവർത്തനങ്ങളും ഒക്കെ നടക്കുന്നതിന്റെ പേരുകൾ കേരളത്തിലാണ്. 2) ഈ ഭീകര പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നതിൽ ലക്ഷ്യമിടുന്നത് ആരെയാണ് ഞാൻ വളരെ വ്യക്തമായി പറയുന്നു. ഈ കേരളത്തിലെ ഹിന്ദുക്കളെയാണ് അവർ ലക്ഷ്യമിടുന്നത്.
9. ക്രൈസ്തവ പാതിരിമാരുടെ ആദായനികുതിയും മലപ്പുറവും
സർക്കാർ ശമ്പളം വാങ്ങിയിട്ടും ആദായ നികുതിയടക്കാത്ത ക്രിസ്തുമത വിശ്വാസികളായവരുടെ പേര് വിവരങ്ങൾ കൈമാെറണണെന്നാവശ്യപ്പെട്ട് അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സ്‌കൂളുകളിലേക്ക് അയച്ച ഉത്തരവ് വിവാദത്തിന് വഴി തെളിയിച്ചു (ഏപ്രിൽ 24, മലയാള മനോരമ).
എയ്ഡഡ് സ്‌കൂളുകളിലും കോളജുകളിലും ജോലി ചെയ്യുന്ന അധ്യാപകരായ ക്രൈസ്തവ പുരോഹിതർ ഇൻകം ടാക്‌സ് നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് അബ്ദുൾ കലാം എന്നയാൾ 2024 നവംബർ 23ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. സർക്കാർ ശമ്പളം വാങ്ങുന്നവർ ക്രൈസ്തവ പുരോഹിതരായാലും അല്ലെങ്കിലും ആദായനികുതിയടക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ സാഹചര്യത്തിലായിരുന്നു ഇത്തരമൊരു പരാതി ഉയർന്നുവന്നത്.
കലാമിന്റെ പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫെബ്രുവരി 13ന് കത്തയച്ചു. ആ കത്ത് പിന്നീട് പിൻവലിച്ചു. ഈ നിർദേശം നിലനിൽക്കെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഏപ്രിലിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരിൽ നിന്ന് ജീവനക്കാരുടെ വിവരം തേടിയത്. ഇതേ തുടർന്ന് അവധിയിലായിരുന്ന അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് സ്‌കൂളുകളിലെ പ്രധാന അധ്യാപകരിൽനിന്ന് റിപ്പോർട്ട് തേടി. ഇതാണ് വിവാദമായത്.
അതിനെത്തുടർന്ന് ഉത്തരവ് പിൻവലിക്കുകയും നാല് ജീവനക്കാരെ മന്ത്രി ഇടപെട്ട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഡയറക്ടറേറ്റിലെ ജീവനക്കാർ കത്തയച്ച വിവരം ഡയറക്ടർ അറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത് (ഏപ്രിൽ 24, മാധ്യമം). സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടെറിയെ ചുമതലപ്പെടുത്തി. പരാതി നൽകിയ കോഴിക്കോട് കാരന്തൂർ സ്വദേശിയായ അബ്ദുൽ കലാമിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്ടർ വഴി ഡിജിപിക്ക് പരാതിയും നൽകി. ഇത്രയുമാണ് ഉണ്ടായത്.
പ്രചാരവേല
എന്നാൽ വിവരം തേടിക്കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വലിയ ഇസ്‌ലാമോഫോബിക് പ്രചാരവേലക്കാണ് വഴിവച്ചത്. മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവം മുസ്ലീം വിരുദ്ധമായാണ് ഉപയോഗപ്പെടുത്തിയത്. ഉദാഹരണത്തിന് സ്വയമൊരു കന്യാസ്ത്രീയായ സോണിയ കുരുവിള മതിരപ്പള്ളിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു: കാശ്മീരിൽ മതം നോക്കി കൊല്ലുന്നു, മലപ്പുറത്ത് മതം നോക്കി നിയമം നടപ്പിലാക്കുന്നു… ഉത്തരവ് വിവാദം ആയതോടെ പിൻവലിച്ചു എങ്കിലും ഈ സംഭവം വരാൻപോകുന്ന ഒരു ദുരന്തത്തിന്റെ കാഹളം ധ്വനിയാണ്… അതായത് കേരളവും അധികം താമസിക്കാതെ താലിബാനോ, സിറിയയോ, ഇറാനോ, ഒക്കെ ആകും എന്നുള്ള മുന്നറിയിപ്പ്. (ഏപ്രിൽ 24, ഫേസ്ബുക്ക് പോസ്റ്റ്/ സോണിയ കുരുവിള മതിരപ്പള്ളിൽ).
10. മതസ്പർധ, തീവ്രവാദം: ഈരാറ്റുപേട്ടയ്ക്ക് കുറ്റവിമുക്തി
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ മതസ്പർധ, തീവ്രവാദ എന്നീ കേസുകൾ ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി റിപോർട്ട് നൽകി. ഏപ്രിൽ അവസാനവാരത്തിലാണ് വാർത്ത പുറത്തുവന്നതെങ്കിലും മാർച്ച് 30ന് തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പോലിസ് റിപ്പോർട്ട് നൽകിയിരുന്നു. ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് റിപ്പോർട്ടിന്റെ പകർപ്പുള്ളത്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംബർ 22 ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമധാന പ്രശ്‌നം എന്നീ കേസുകൾ ഈരാറ്റുപേട്ട സ്റ്റേഷനിൽ വളരെയധികമാണെന്ന് രേഖപ്പെടുത്തിയിരുന്നു.
2024 ഒക്ടോബർ 12 ന് ഈരാറ്റുപേട്ടയിലെ മതസ്പർധ, തീവ്രവാദ എന്നീ കേസുകളളുടെ കണക്കുകൾ ആവശ്യപ്പെട്ട് ഷെരീഫ് ഈരാറ്റുപേട്ട പൊലീസിൽ വിവരാവകാശപ്രകാരം അപേക്ഷ നൽകി. അത്തരം കേസുകളില്ലെന്നായിരുന്നു മറുപടി. ഇതേ തുടർന്ന് 2024 നവംബർ 18ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.
ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ കാർത്തികിന്റെ 2022 ഡിസംബറിലെ റിപ്പോർട്ട് ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് തിരുത്തി മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത് (ഏപ്രിൽ 26, മീഡിയാ വൺ).
11. മുർഷിദാബാദിലും ‘കലാപത്തിനൊരുങ്ങി ബംഗ്ലാദേശി ഭീകരർ’!
വഖ്ഫ് ഭേദഗതി ബില്ല് പാർലമെന്റ് പാസാക്കിയതിനുശേഷം രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളുണ്ടായി. ബംഗാളിലെ മൂർഷിദാബാദിലും വലിയ പ്രതിഷേധം നടന്നു. ഈ പ്രതിഷേധങ്ങൾക്ക് പിന്നിൽ ബംഗ്ലാദേശി ഭീകരരാണെന്നാണ് ജന്മഭൂമി എഴുതിയത്: പ്രതിഷേധത്തിന്റെ മറവിൽ ബംഗാളിലെ മൂർഷിദാബാദിലുണ്ടായ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ഭീകരരുടെ സാന്നിധ്യമുണ്ട്. ബില്ലിന്റെ പേരിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിടാൻ ബംഗ്ലാദേശി ഭീകരർ തയാറെടുത്തിരിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തെന്ന് അറിവുണ്ട്. മുർഷിദാബാദിൽ പ്രതിഷേധത്തിനിടെ ബംഗ്ലാദേശികൾ നുഴഞ്ഞുകയറി കലാപമുണ്ടാക്കി. നിരോധിത തീവ്രവാദ സംഘടനകളായ സിമി, പിഎഫ്ഐ എന്നിവയിലെ സജീവ പ്രവർത്തകർ എസ്ഡിപിഐയുടെ മറവിൽ വ്യാജ പ്രചാരണം നടത്തി ബംഗാളിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് (ഏപ്രിൽ 27, ജന്മഭൂമി).
12. മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി മനുവിന്റെ ആത്മഹത്യ: അഡ്വ. എ ജയശങ്കർ
‘മനുവിന്റെ മരണം’ അഡ്വ. ജയശങ്കർ സംസാരിക്കുന്നു എന്ന പേരിൽ അഡ്വ. ജയശങ്കർ എബിസി മലയാളത്തിൽ (27 ഏപ്രിൽ) ഒരു വീഡിയോ പ്രഭാഷണം ചെയ്തു. മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിന്റെ ആത്മഹത്യയെ കുറിച്ചായിരുന്നു. കെട്ടിച്ചമച്ച പാനായിക്കുളം കേസിൽ അടക്കം പ്രോസിക്യൂട്ടറായിരുന്നു പി.ജി മനു. ജയശങ്കർ ചില പ്രസ്താവനകൾ നടത്തി: “ ഈ മതതീവ്രവാദികളും മതരാഷ്ട്രവാദികളും ഒക്കെ വലിയൊരു വിരോധിയായിട്ടാണ് മനുവിനെ കണക്കാക്കിയത്. ഇദ്ദേഹം മരിക്കുമെന്ന് അറിഞ്ഞപ്പോൾ ഇവിടെ വലിയൊരു വിഭാഗം ആളുകൾ – അതൊന്ന് നമ്മുടെ നാട്ടിലെ സന്മാർഗവാദികളാണ്, രണ്ട് മതരാഷ്ട്രവാദികളും മതമൗലികവാദികളുമാണ് – അതിഭയങ്കരമായ സന്തോഷം രേഖപ്പെടുത്തി.കാരണം ഇയാൾ നേരത്തെ എൻഐയുടെ പ്രോസിക്യൂട്ടർ ആയിരുന്നു.”
13. പാകിസ്താൻമുക്ക് ഇനി ‘ഐവർകാല’
പഗൽഗാം ആക്രമണത്തിനു ശേഷം ജനം ടിവി പുതിയൊരു ക്യാമ്പയിന് തുടക്കം കുറിച്ചു. ‘കേരളത്തിന് വേണ്ട പാകിസ്താൻ’ എന്നായിരുന്നു ക്യാമ്പയിന്റെ പേര്. പത്തനംതിട്ട ജില്ലയുടെ അതിർത്തി ഗ്രാമമായ കടമ്പനാട്ട് നിന്ന് ഏനാത്തേക്കുള്ള വഴിയിൽ രണ്ട് കിലോമീറ്റർ പിന്നിട്ടാൽ പാകിസ്താൻ മുക്കായി. ഇത് മാറ്റണമെന്നായിരുന്നു ഒരു ആവശ്യം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനോടുള്ള വിദ്വേഷം നീറി പുകയുകയാണെന്നും ഭീകരർക്ക് ചെല്ലും ചെലവും കൊടുക്കുന്ന പാകിസ്താനെതിരെ രാജ്യമെമ്പാടും രോഷം ആളിക്കത്തുകയാണെന്നും പാകിസ്താനുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങളും അടയാളങ്ങളും പ്രദേശവാസികളെ അസ്വസ്ഥരാക്കുകയാണെന്നുമാണ് ക്യാമ്പയിന്റെ കാരണമായി ജനം ടിവി നൽകിയ വിശദീകരണം (ഏപ്രിൽ 30, ജനം ഓൺലൈൻ). ഇത്തരം സ്ഥലനാമങ്ങൾ രാഷ്ട്രീയമനോഭാവത്തിന്റെ പ്രശ്‌നമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇടതുവലതു കക്ഷികൾക്ക് ഇക്കാര്യത്തിൽ ഒരേ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി (മെയ് 3, ജനം ടിവി). ഇങ്ങനെയുള്ള പേരുകൾ മറ്റൊരു സംസ്ഥാനത്തുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താൻ മുക്കെന്ന് പേരുള്ള മൂന്നിടങ്ങൾ തിരുവനന്തപുരത്തുണ്ടെന്ന് ജനം ടിവി കണ്ടെത്തി (മെയ് 1, ജനം ടിവി).


ശാന്തിസ്ഥാൻ, പ്രിയദർശിനി നഗർ
ജനം ടിവിയുടെ ആവശ്യത്തിൽ പുതുമയുണ്ടായിരുന്നില്ല. 2020ൽത്തന്നെ ഈ മുദ്രാവാക്യവുമായി വിവിധ സംഘടനകൾ രംഗത്തുവന്നിരുന്നു. ഏതാണ്ട് എഴുപത് വർഷത്തിലേറെയായി ഈ പേരുണ്ട്. സർക്കാർ രേഖകളിലും വിളിപ്പേര് ഇങ്ങനെ തന്നെ. ഇങ്ങനെയൊരു പേര് വരാനുള്ള കാരണത്തെക്കുറിച്ച് ആർക്കും വ്യക്തതയില്ല. പാകിസ്താൻ മുക്കെന്ന പേര് മാറ്റാൻ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. പ്രീയദർശിനി നഗറായിരുന്നു പുതിയ പേര്. പക്ഷേ, അത് നടപ്പായില്ല. ചിലർ ശാന്തി സ്ഥാൻ എന്ന പേര് നൽകി. അതും ഫലിച്ചില്ല (ഒക്ടോബർ 30, 2020, സമയം).
ഏത് മതത്തിൽ പെട്ടവരായാലും ദേശാഭിമാനികളായവർക്ക് നമ്മുടെ നാട്ടിലെ ഒരു പ്രദേശം ശത്രുരാജ്യത്തിന്റെ പേരിൽ അറിയപ്പെടാൻ വിധിക്കപ്പെടുന്നു എന്നത് അങ്ങേയറ്റം അപമാനകരമാണെന്നാണ് വിവിധ പ്രമുഖരെ ഉദ്ധരിച്ച് ജന്മഭൂമി റിപ്പോർട്ട് ചെയ്തത് (ഒക്ടോബർ 28, 2020).
പേരുമാറ്റവുമായി പഞ്ചായത്ത് സമിതിയും
ജനം ടിവി ക്യാമ്പയിനുമായി മുന്നോട്ടുപോയതോടെ പ്രദേശം ഉൾപ്പെടുന്ന കുന്നത്തൂർ പഞ്ചായത്തിലും പ്രശ്‌നം ചർച്ചയായി. ബിജെപി അംഗവും വാർഡ് പ്രതിനിധിയുമായ കെ.ജി അനീഷ്യയാണ് പേരുമാറ്റം ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് സമർപ്പിച്ചത്. തുടർന്ന് 15 പേർ പങ്കെടുത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ 12-ാം നമ്പർ അജണ്ടയായി വിഷയം ചർച്ച ചെയ്തു. പേരുമാറ്റ നിർദേശം കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ചു. ജംഗ്ഷൻ സ്ഥിതി ചെയ്യുന്ന വാർഡിനെ പ്രതിനിധീകരിക്കുന്ന മജീന ദിലീപ് എന്ന മെംബർ ചർച്ചയിൽ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാൽ മാറി നിന്നു എന്നാണ് മാധ്യമറിപോർട്ട്. പഹൽഗാമിൽ ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തെത്തുടർന്നുണ്ടായ പൊതുജനവികാരമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് പറയുന്നത്. സിപിഎമ്മാണ് കുന്നത്തൂർ പഞ്ചായത്ത് ഭരിക്കുന്നത് (മെയ് 22, ന്യൂസ് 18). തീരുമാനം സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേര് മാറ്റത്തോട് സിപിഎം ഉന്നത നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് ന്യൂ ഇന്ത്യൻ എക്പ്രസ് എഴുതിയത് (മെയ് 22, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്).
പേര് മാറ്റത്തിന് പ്രചോദനമായത് തങ്ങളുടെ വാർത്തയാണെന്ന് ജനം ടിവി അവകാശപ്പെട്ടു. ‘ഐവർകാല’ എന്നാണ് പുതിയ പേര് (മെയ് 21, ജനം ടിവി). അതേസമയം 17 അംഗങ്ങളിൽ 16 പേരും നിർദ്ദേശത്തെ അനുകൂലിച്ചപ്പോൾ സിപിഎമ്മിന്റെ അംഗം ഇതിനെ എതിർത്തുവെന്ന് ജനം ടിവി വാർത്തയിൽ പറയുന്നു.
14. അഷ്റഫ്: മംഗളൂരുവിലെ ഹിന്ദുത്വ ആൾക്കൂട്ടക്കൊല
ഏപ്രിൽ 27ന് മംഗളൂരുവിലെ കുടുപ്പു സാമ്രാട്ട് മൈതാനത്ത് ഒരു മലയാളി മുസ്ലീം യുവാവിനെ ഒരു കൂട്ടം അക്രമികൾ അടിച്ചുകൊന്നു. സംഭവത്തിൽ 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ട് സ്വദേശിയും വയനാട് പുൽപ്പള്ളിയിൽ താമസക്കാരനുമായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. 37 വയസ്സായിരുന്നു. അവിവാഹിതനാണ്. ചോലക്കുണ്ടിലെ മൂച്ചിക്കാടൻ കുഞ്ഞീതുവിന്റെയും റുഖിയയുടെയും മകനാണ്. അബ്ദുൽ ഹമീദ്, ബുഷ്റ, സലീന എന്നിവരാണ് അഷ്റഫിന്റെ സഹോദരങ്ങൾ.
ആദ്യം പുറത്തുവന്ന വിവരമനുസരിച്ച് ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ കളി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊലപാതകം നടന്നത്. അഷ്‌റഫുമായി ക്രിക്കറ്റ് കളിക്കാർ ചില വാക്കുതർക്കങ്ങളിലേർപ്പെട്ടെന്നും ഒരു ഘട്ടത്തിൽ അവർ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരം. 27ന് ഭതർഹല്ലി ദേവസ്ഥാനത്തിനും ഒരു ക്രിക്കറ്റ് ഗ്രൗണ്ടിനും ഇടയിലുള്ള നിരത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. അതൊരു ആൾക്കൂട്ട ആക്രമണമാണെന്ന വിവരം പുറത്തുവരുന്നത് ഏപ്രിൽ 28നാണ്. എന്നാൽ മംഗലാപുരം പൊലീസ് കമ്മീഷണർ അനുപം അഗർവാൾ ഏപ്രിൽ 28 വൈകുന്നേരം വരെ, മരിച്ചയാളുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അവകാശപ്പെടുക മാത്രമല്ല, ആൾക്കൂട്ട ആക്രമണമാണെന്ന കാര്യം നിഷേധിക്കുകയുംചെയ്തു. അപവാദപ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുക കൂടി ചെയ്തിരുന്നു.
കേസിൽ രണ്ട് എഫ്‌ഐആറുകളാണ് ഉണ്ടായിരുന്നത്. ഏപ്രിൽ 28നാണ് മഞ്ജുനാഥ് എന്നയാളുടെ പരാതിയിൽ ആദ്യ എഫ്‌ഐആർ ഇട്ടത്. അപരിചിതനായ ഒരാൾ ‘പാകിസ്താൻ, പാകിസ്താൻ’ എന്ന ഏകപക്ഷീയ മുദ്രാവാക്യവിളി കേട്ടതിനെ തുടർന്ന് അയാളെ വിടരുതെന്നും അടിക്കണമെന്നും പ്രതികൾ പറഞ്ഞുവെന്നാണ് ആദ്യ പരാതിയിൽ അവകാശപ്പെട്ടത്. ആക്രമണത്തിന് ദൃക്‌സാക്ഷിയായ ദീപക് എന്നയാളാണ് രണ്ടാമത്തെ പരാതി നൽകിയത്. ആക്രമണത്തിന് ദൃക്‌സാക്ഷിയായ ദീപക് പരാതി നൽകാനിരിക്കെയാണ് മറ്റാരോ പരാതി നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കിയത്. തുടർന്ന് അദ്ദേഹം പരാതി നൽകാതെ മടങ്ങി. പിന്നീടാണ് മഞ്ജുനാഥിന്റേത് കള്ളപ്പരാതിയാണെന്ന് തിരിച്ചറിഞ്ഞ് പുതിയ പരാതി നൽകിയത്. ദീപകിന്റെ പരാതിയനുസരിച്ച് മഞ്ജുനാഥ് പ്രതിയാണ്.
2025 ഏപ്രിൽ 29ന് രാവിലെ പതിനൊന്നരയോടെ കമ്മീഷണർ പത്രസമ്മേളനം വിളിച്ചു. ആൾക്കൂട്ടാക്രമണത്തിന് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, എന്നാൽ മരിച്ചയാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏപ്രിൽ 29 വൈകുന്നേരം രണ്ടരയോടെ ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വർ മറ്റൊരു പത്രസമ്മേളനം നടത്തി. കൊല്ലപ്പെട്ടയാൾ പാകിസ്താൻ സിന്ദാബാദ് എന്ന് വിളിച്ചിരുന്നെന്ന് മന്ത്രിയും അവകാശപ്പെട്ടു.
കൊല്ലപ്പെട്ടയാൾ ആക്രിശേഖരിക്കുന്ന കേരളത്തിൽ നിന്നുള്ള മുഹമ്മദ് അഷ്‌റഫ് എന്നൊരു മുസ്ലീം ചെറുപ്പക്കാരനാണെന്ന് ഏപ്രിൽ 29ന് വൈകുന്നേരം നാല് മണിയോടെ തിരിച്ചറിഞ്ഞു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ അവരാണ് കൊല്ലപ്പെട്ടയാൾ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് വിളിച്ചിരുന്നുവെന്ന് പറഞ്ഞതെന്ന് മന്ത്രി ഏപ്രിൽ 30ന് പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു (വസ്തുതാന്വേഷണ റിപ്പോർട്ട്: ലോസ്റ്റ് ഫ്രറ്റേണിറ്റി: എ മോബ് ലിഞ്ചിംഗ് ഇൻ ബ്രോഡ് ഡേ ലൈറ്റ്: പിയുസിൽ – എപിസിആർ – ആൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ, ജൂൺ 2025, 157 പേജ്).


അഷ്റഫിന്റെ കൊലപാതകവും മലയാള മാധ്യമങ്ങളും
കൊല നടന്നത് ഏപ്രിൽ 2ന് ആണെങ്കിലും മലയാള മാധ്യമങ്ങളിലൂടെ വിശദാംശങ്ങൾ പുറത്തുവരുന്നത് ഏപ്രിൽ 29ന് ആണ്. മരണം ആൾക്കൂട്ട ആക്രമണത്തെത്തുടർന്നാണെന്ന് മക്തൂബ് മീഡിയ പുറത്തുവിട്ട വാർത്തയിൽ പറയുന്നു (ഏപ്രിൽ 29, മഖ്ദൂബ് മീഡിയ). നടന്നത് ആൾക്കൂട്ട ആക്രമണമാണെന്നും അറസ്റ്റിലായവരിൽ സംഘപരിവാർ പ്രവർത്തകരുണ്ടെന്നും സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീർ കട്ടിപ്പള്ളയെ ഉദ്ധരിച്ചുകൊണ്ടുള്ള വാർത്തയും ഇതേ ദിവസം പുറത്തുവന്നു (ഏപ്രിൽ 29, മീഡിയാ വൺ). പ്രതികളിൽ ആർഎസ്എസ്, ബജ്‌റംഗദൾ പ്രവർത്തകരുണ്ടെന്ന വാർത്ത ഏപ്രിൽ 30ന് മാധ്യമങ്ങൾ പുറത്തുവിട്ടു. എഫ്‌ഐആർ അനുസരിച്ച് ആന്തരിക രക്തസ്രാവവും ആവർത്തിച്ചുള്ള അടിയുടെ ആഘാതവുമാണ് മരണ കാരണം.
കർണാടകയിലെ കോൺഗ്രസ് സർക്കാർ സംഘ് പ്രചാരണം ഏറ്റെടുക്കുന്നുവെന്ന് ഇതിനിടയിൽ മംഗളൂരുവിലെ സിപിഎം നേതാക്കൾ ആരോപിച്ചു. കൊല്ലപ്പെട്ട അഷ്റഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നത് സംഘപരിവാർ പ്രചാരണമാണെന്നും ഈ പരാമർശം കർണാടക ആഭ്യന്തര മന്ത്രി പരമേശ്വര തിരുത്തിയില്ലെന്നും സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീർ കട്ടപ്പള്ള മാധ്യമങ്ങളോട് പറഞ്ഞു (ഏപ്രിൽ 30, മീഡിയാ വൺ).
അഷ്‌റഫിന്റെ കുടുംബം പറയുന്നതനുസരിച്ച് ‘അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. ഒരു സംഘടനയിലും പ്രവർത്തിക്കുന്നില്ല. ആൾക്കൂട്ട മർദ്ദനമാണ് മരണകാരണമെന്നും സംഭവ സ്ഥലത്ത് മൃതദേഹം രണ്ട് മണിക്കൂറോളം കിടന്നിരുന്നുവെന്നും അഷ്‌റഫിന്റെ സഹോദരൻ മുഹമ്മദ് ജബ്ബാർ മാധ്യമങ്ങളെ അറിയിച്ചു. സഹോദരൻ തന്നെയാണ് മൃതദേഹം ഏറ്റെടുത്തതും പിന്നീട് സംസ്‌കാരിക്കാനായി നാട്ടിലേക്ക് തിരിച്ചതും (ഏപ്രിൽ 30, ഏഷ്യാനെറ്റ്). ഏപ്രിൽ 30ാം തിയ്യതി മലപ്പുറം പറപ്പൂരിലെ ചോലക്കുണ്ട് ജുമാ മസ്ജിദ് പള്ളി ഖബർസ്ഥാനിൽ മൃതദേഹം സംസ്‌കരിച്ചു.
അഷ്‌റഫിന്റെ കൊലപാതകത്തെ സുപ്രഭാതം പത്രം തങ്ങളുടെ വാർത്തയിൽ വിശേഷിപ്പിച്ചത് ‘ആൾക്കൂട്ട ഭീകരാക്രമണ’മാണെന്നാണ് (ഏപ്രിൽ 30, സുപ്രഭാതം). ‘സാമ്രാട്ട് ഗയ്‌സ്’ ടീമിലെ അംഗങ്ങൾക്ക് കരുതിവച്ച വെള്ളം കുടിച്ചതാണ് പ്രകോപനമെന്ന് ആ സമയത്തുതന്നെ മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു (മെയ് 3, മാധ്യമം). ‘മംഗളൂരുവിലെ പൈശാചികക്കൊല’ എന്നാണ് മാധ്യമം എഡിറ്റോറിയൽ വിശേഷിപ്പിച്ചത് (3 മെയ്). ‘പഹൽഗാമിനോടുള്ള രോഷം തീർക്കേണ്ടതിങ്ങനെയോ?’ എന്നാണ് സിറാജ് പത്രത്തിൽ അതേ ശീർഷകത്തിൽ എഴുതിയ ലേഖനത്തിൽ മുഹമ്മദലി കിനാലൂർ ചോദിച്ചത് (2 മെയ്).


ആഴ്ചപ്പതിപ്പുകളിൽ ‘കേരള ശബ്ദ’മാണ് വിശദമായ റിപ്പോർട്ട് നൽകിയത് (ഹനീഫ നെല്ലിക്കുത്ത്, മംഗലുരുവിലെ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നു മുസ്ലീംലീഗ്, മെയ് 16 – 31 , കേരളശബ്ദം, പേജ്: 22-25). മറുവാക്ക് മാസികയും വിശദമായ റിപ്പോർട്ടും അഷ്റഫിൻ്റെ സഹോദരൻ അബ്ദുൽ ജബ്ബാറുമായുള്ള അഭിമുഖവും നൽകി (അംബിക/അബ്ദുൽ ജബ്ബാർ, അഷ്റഫിൻ്റെത് ഹിന്ദുത്വ ആൾകൂട്ടക്കൊല, മറുവാക്ക് മാസിക , ജൂൺ 2025, പേജ് : 5 – 14).
ഹിന്ദുത്വ പരാമർശമൊഴിവാക്കി ഏഷ്യാനെറ്റ്
മംഗളൂരു റൂറൽ പോലിസ് ലിമിറ്റിൽ ഉൾപ്പെട്ട പ്രദേശത്തെ പൊലീസ് എഎസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ആൾക്കൂട്ട ആക്രമണമാണെന്ന കാര്യം ഒളിച്ചുവച്ചതായുള്ള വാർത്തകളും ഏപ്രിൽ 30ന് പുറത്തുവന്നു (ഏപ്രിൽ 30, ഏഷ്യാനെറ്റ്). പാകിസ്താൻ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം ഉയർത്തിയത് പ്രദേശത്തെ ഓട്ടോ തൊഴിലാളിയാണെന്നും ഇതിന് തെളിവില്ലെന്നും കൂടി ഏഷ്യാനെറ്റിന്റെ ഈ വാർത്തയിൽ പറയുന്നു. സച്ചിൻ പറഞ്ഞതനുസരിച്ചാണ് കൂടുതൽ പേർ ആക്രമണത്തിൽ ഉൾപ്പെട്ടത്. ആദ്യം ഒളിവിലായ സച്ചിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇന്ത്യൻ മണ്ണിൽ പാകിസ്താൻ മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കിൽ അത് ഗുരുതരമാണെന്നും അങ്ങനെയല്ലെങ്കിൽ അതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് പക്ഷേ, ആൾക്കൂട്ട ആക്രമണത്തിൽ പങ്കെടുത്തവർ സംഘപരിവാർ സംഘടനകളാണെന്ന കാര്യം മറച്ചുവച്ചു. പല മാധ്യമങ്ങളുടെയും രീതി ഇതായിരുന്നു. ഈ സാഹചര്യത്തിലാണ് മംഗലാപുരത്ത് ഒരു മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘപരിവാറാണെന്നും അതൊരു സംഘപരിവാർ ആൾക്കൂട്ട കൊലയാണെന്നും പ്രതികൾ ആർഎസ്എസ്, ബജറംഗദൾ പ്രവർത്തകരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മീഡിയാവൺ എഡിറ്റർ പ്രമോദ് രാമൻ മാധ്യമങ്ങളെ ഓർമ്മിപ്പിച്ചത് (മക്തൂബ് മലയാളം, ഏപ്രിൽ 30, 2025).
പരിഹാസവുമായി സോഷ്യൽ മീഡിയ
അഷ്‌റഫിനെ ആക്രമിച്ച കൊലപ്പെടുത്തിയ സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ വ്യാപകമായി പുഞ്ചിരി ഇമോജികൾ ഉപയോഗിച്ചിരുന്നതായി മീഡിയാ വൺ റിപോർട്ട് ചെയ്തു (ഏപ്രിൽ 30, ഔട്ട് ഓഫ് ഫോക്കസ്, മീഡിയാ വൺ). അഷ്‌റഫ് മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന വാർത്തയിൽ പ്രത്യേകതരം മാനസിക പ്രശ്‌നമെന്നായിരുന്നു ചിലർ കമന്റ് ഇട്ടത്. മലയാളിയായ ഒരു യുവാവ് സംഘപരിവാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് നമ്മുടെ നാട്ടിലോ, സോഷ്യൽ മീഡിയയിലോ ഒരു പ്രതിഷേധം പോലും ഉയരുന്നില്ലെന്നും ഔട്ട് ഓഫ് ഫോക്കസ് അവതാരകർ അഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
മംഗളൂരു സംഘ്പരിവാർ ആൾക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക പിസിസി ജനറൽ സെക്രട്ടറി ടി.എം ഷാഹിദ് തെക്കിൽ കർണാകട മുഖ്യമന്ത്രിക്ക് കത്തുനൽകി. കൊല്ലപ്പെട്ട വയനാട് സ്വദേശി അഷ്‌റഫിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണം. കൊലപാതകമാണെന്ന് ആദ്യം മനസിലാക്കാൻ സാധിക്കാത്ത മംഗലാപുരം റൂറൽ പൊലീസിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണം. സംഭവം അറിയാതെപോയ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണം – ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം (മെയ് 1, മാധ്യമം).
സംഭവത്തിൽ കൃത്യവിലോപം കാണിച്ചതിന് ഇൻസ്‌പെക്ടർ ഉൾപ്പെടെ പൊലീസ് സേനയിൽ മൂന്ന് പേരെ സർക്കാർ താമസിയാതെ സസ്‌പെൻഡ് ചെയ്തു. മംഗളൂരു റൂറൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി ചന്ദ്ര, കോൺസ്റ്റബിൾ യല്ലലിംഗ എന്നിവർക്ക് എതിരെയായിരുന്നു നടപടി (മെയ് 1, മാധ്യമം). അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. സംഭവത്തിൽ ഇടെപടുന്നതിൽ സർക്കാരിന്റെ ഉപേക്ഷയെത്തുടർന്ന് പറപ്പൂരിലെ നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട് (മെയ് 1, മലയാള മനോരമ).
ഇടപെടാതെ കേരള സർക്കാർ
കൊലചെയ്യപ്പെട്ടത് മലയാളി മുസ്ലീമാണെങ്കിലും കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ജബ്ബാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. കെഎൻഎം മർകസുദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടതും ഇതേ കാര്യമാണ്: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സംഘ്പരിവാർ രാജ്യവ്യാപകമായി മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണവും ആക്രമണവും നടത്തുന്നതിന്റെ ഭാഗമായാണ് മാനസിക രോഗിയായ അഷ്‌റഫിനെ തല്ലിക്കൊന്നത്. പാകിസ്താൻ എന്നത് എന്താണെന്ന് പോലും അറിയാത്ത നിരപരാധിയായ അഷ്‌റഫിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ മതേതര രാഷ്ട്രീയ നേതൃത്വങ്ങൾ മൗനം വെടിയണം. മുസ്ലീങ്ങളെ തല്ലിക്കൊല്ലുന്നതും കടകളും വീടുകളും നശിപ്പിക്കുന്നതും നിത്യസംഭവമായി തീരുന്നതിനെതിരെ മതേതര കക്ഷികൾ ശക്തമായി മുന്നോട്ട് വരണം. (മെയ് 1, മീഡിയാ വൺ). തനിക്കെതിരേ വ്യക്തിപരമായി സിപിഎമ്മിനുള്ള വിയോജിപ്പുകളാണ് പ്രശ്‌നത്തിൽ ഇടപെടാത്തതിനു പിന്നിലെന്നാണ് അഷ്‌റഫിന്റെ സഹോദരൻ അബ്ദുൾ ജബ്ബാർ മറുവാക്ക് മാസികയ്ക്കു നൽകിയ (മെയ് 12, മറുവാക്ക് മാസിക) അഭിമുഖത്തിൽ ആരോപിച്ചത്. കൊലപാതകം നടന്ന ശേഷവും പ്രതികൾ രണ്ടു മണിക്കൂറോളം ക്രിക്കറ്റ് കളി തുടർന്നതായും സഹോദരൻ പറയുന്നു.
പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് കർണാടക സർക്കാർ കുറച്ചുകൂടെ ഫലപ്രദമായി ഇടപെട്ടു. പാക് മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം തെറ്റാണെന്ന് കൂടുതൽ അന്വേഷണത്തിൽ മംഗളൂർ പൊലീസ് കണ്ടെത്തി. സംഭവത്തിൽ ആകെ 20 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന പ്രഖ്യാപനം പക്ഷേ, നടപ്പായില്ല. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കേസ് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു (ജൂൺ 30, ഏഷ്യാനെറ്റ്). അഷ്‌റഫിന്റെ കുടുംബത്തിന് കർണാടക സർക്കാർ നഷ്ടപരിഹാരമായി 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കർണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 25 ലക്ഷം രുപ നൽകാനുള്ള നീക്കം നടക്കുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്തു. (ജൂലൈ 7, മാധ്യമം).
അറിഞ്ഞിടത്തോളം സോളിഡാരിറ്റി, എസ്‌ഐഓ, മുസ്ലീംലീഗ് തുടങ്ങിയ സംഘടനകളാണ് ഈ വിഷയത്തിൽ കേരളത്തിൽ ഇടപെട്ടത്. യൂത്ത് ലീഗ് ദേശീയ നേതൃത്വം നടത്തിയ ഇടപെടലുകൾ കേരള ശബ്ദം റിപ്പോർട്ട് ചെയ്തു (ഹനീഫ നെല്ലിക്കുത്ത്, മംഗലുരുവിലെ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നു മുസ്ലീം ലീഗ്, മെയ് 15 – 31, കേരളശബ്ദം, പേജ്: 22-25). സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി, മംഗളൂർ, കോട്ടക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. കേസിന്റെ അന്വേഷണം മംഗളൂരു പൊലീസ് കേരളത്തിലേക്കും വ്യാപിപ്പിച്ചു (മെയ് 7, മാധ്യമം).
15. ‘മുസ്ലീം ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ’ ഇല്ല
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും കേരള ഭീകരവിരുദ്ധ സ്ക്വാഡ് മുൻതലവനുമായ പുട്ട വിമലാദിത്യയുടെ അഭിപ്രായത്തിൽ മുസ്ലീം ഉള്ളടക്കമുള്ള പ്രസ്ഥാനങ്ങളും മാവോവാദി പ്രസ്ഥാനങ്ങളുമാണ് ‘ഭീകരർ’. കൊച്ചി ഡയലോഗ്‌സ് എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് കേരളത്തിൽ പ്രവർത്തിക്കുന്ന ഭീകരരെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കുവച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകൾ ഇപ്പോഴുമുണ്ട്. ഇത്തരം വിഭാഗങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. സംസ്ഥാനത്ത് ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകൾ സജീവമല്ല. ഇസ്‌ലാമിക് സ്റ്റേറ്റും (ഐ.എസ്) സജീവമല്ല. ആളുകളെ ഭീകരവാദത്തിലേക്ക് എത്തിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവർത്തനങ്ങൾ അടുത്ത കാലത്തൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകൾ ഇപ്പോഴുമുണ്ട്. കുറെപ്പേർ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. മാവോയിസ്റ്റ് കേസുകളിൽ അറസ്റ്റിലായ ചിലർ ഇപ്പോഴും എറണാകുളത്തുണ്ട്. മാവോയിസം ഒരു പ്രത്യയശാസ്ത്രമാണ്. അതിനെ ഇല്ലായ്മ ചെയ്യാനാവില്ല (ഏപ്രിൽ 29, മാധ്യമം).
ഭീകര പ്രവർത്തനം, ഭീകരത, പ്രത്യയശാസ്ത്രം
മൂന്ന് കാര്യങ്ങൾ ആ വിശദീകരണത്തിലുണ്ട്. 1) ‘ഭീകരത’ എന്ന നാമം ഒരു പ്രവൃത്തിയെ വിവരിക്കാൻ ഉപയോഗിക്കാം. പൊതുവെ, ഭരണകൂടേതരമായ ഹിംസാത്മക പ്രവൃത്തികളെ വിശേഷിപ്പിക്കുന്ന പദമാണിത്. 2) എന്നാൽ, ഭീകരത, മാവോയിസം പോലെ സ്വയം ഒരു കേവല ആശയമോ സിദ്ധാന്തമോ അല്ലന്നും വിശദീകരണമുണ്ടായി. ഒരു പ്രവർത്തനം ആണെന്ന പ്രതീതിയുമുണ്ട്. 3) ‘ഇസ്‌ലാം’ അല്ലെങ്കിൽ ‘മാവോയിസ്റ്റ്’ തുടങ്ങിയ വിശേഷണങ്ങൾ ഇതിനോട് ചേർത്താണ് എല്ലാ ഉദാഹരണങ്ങളും നൽകിയത്.
യഥാർഥത്തിൽ ആർക്കും വിവിധ തരത്തിലുള്ള ഹിംസാത്മക ‘പ്രവൃത്തി’കളെ വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിക്കാം. പക്ഷെ, ഒരു വിഭാഗത്തെയോ കാഴ്ചപ്പാടിനെയോ ചേർത്തുവെച്ചാൽ മാത്രമാണ് ഭീകരത ഒരു ‘ആശയം’ എന്ന നിലയിൽ അർത്ഥം കൈവരിക്കുന്നത്. ഇതാണ് പലപ്പോഴും ‘ഭീകരത’ എന്ന വാക്കിനെ സങ്കീർണമാക്കുന്നത്. ഈ പദത്തിന് ആശയ അർത്ഥം നൽകാൻ ഒരു വിശേഷണം ആവശ്യമാണ്. അതെങ്ങിനെ ആർക്കെതിരെ ഉപയോഗിക്കുന്നുവെന്നതു നിർണ്ണായകമായ ഒരു രാഷ്ട്രീയ തീരുമാനവുമാണ്.
16. ഹിന്ദുക്കൾ വാൾ ഒപ്പം കരുതണമെന്ന് ആർഎസ്എസ് നേതാവ്
‘ഭീകരാക്രമണം’ ഉണ്ടാകാതിരിക്കാൻ ഹിന്ദുക്കൾ വാൾ ഒപ്പം കരുതണമെന്ന് ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്. കുട്ടികൾ വാനിറ്റി ബാഗിൽ കത്തിയും കരുതണം. മഞ്ചേശ്വരം വോർക്കാടിയിൽ ശ്രീമാതാ ചാരിറ്റബിൾ ട്രസ്റ്റ് സേവാശ്രമത്തിന്റെ സാംസ്‌കാരിക പരിപാടിയിൽ സംസാരിക്കവെയാണ് ആർ.എസ്.എസ് നേതാവിന്റെ വിവാദപരാമർശം. ഹിന്ദുക്കൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു: ‘ഓരോ ഹിന്ദുവും വീട്ടിൽ വാൾ കരുതണം. വീട്ടിൽനിന്നിറങ്ങുമ്പോൾ വാളെടുക്കണം. നമ്മുടെ മക്കളുടെ വാനിറ്റി ബാഗിൽ ഇപ്പോൾ പൗഡർ മാത്രമാണുള്ളത്. അതിൽ കത്തിയും കരുതണം. കത്തി കൈവശംവെക്കാൻ ലൈസൻസ് വേണ്ട. വീട്ടിൽനിന്നിറങ്ങിയാൽ ഹിന്ദു എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. ആക്രമിക്കരുതേയെന്ന് നിലവിളിച്ചാൽ ചിലപ്പോൾ അവർ പോയേക്കും. എന്നാൽ, കത്തിയോ വാളോ കാണിച്ചാൽ അവർ ഓടിപ്പോകും. മുമ്പ് സംഘർഷമുണ്ടാകുമ്പോൾ മുസ്ലിംകൾ ഹിന്ദുക്കളെ മർദിക്കുമായിരുന്നു. മർദനമേറ്റ ഹിന്ദുക്കൾ ഓടിപ്പോകും. ഇപ്പോൾ ഹിന്ദുക്കൾ തിരിഞ്ഞുനിൽക്കാൻ തുടങ്ങിയിട്ടുണ്ടെന്നും പ്രഭാകർഭട്ട് പറഞ്ഞു (ഏപ്രിൽ 30, മാധ്യമം).


17. സ്വതന്ത്ര ചിന്തകരിലെ ഇസ്‌ലാമോഫോബിയ
സ്വതന്ത്രചിന്തകർക്കിടയിൽ ഇസ്‌ലാമോഫോബിയയുണ്ടെന്ന ആരോപണത്തെക്കുറിച്ച് ഡോ. രതീഷ് കൃഷ്ണൻ പ്രഭാഷകനും നവനാസ്തികചിന്തകനുമായ ഡോ. വൈശാഖൻ തമ്പിയോട് ഒരു ചോദ്യം ഉന്നയിച്ചു (ഏപ്രിൽ 30, ബിജുമോഹൻ യൂട്യൂബ് ചാനൽ).
സ്വതന്ത്രചിന്തകർക്ക് അത്തരമൊരു മനോഭാവമുണ്ടെന്നാണ് തനിക്കും തോന്നുന്നതെന്ന് ഡോ. വൈശാഖൻ തമ്പി പ്രതികരിച്ചു. സിനിമയിൽനിന്ന് ചില ഉദാഹരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇസ്‌ലാമോഫോബിയയെ വിശദീകരിച്ചുതുടങ്ങിയത്. ദൃശ്യം എന്ന സിനിമയിൽ രാജാക്കാടുള്ള മുസ്ലീം കഥാപാത്രം മലബാർ സ്ലാങ്ങിൽ സംസാരിക്കുന്നു. മുസ്ലീം വാർപ്പുമാതൃകയാണ് ആ കഥാപാത്ര നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രത്തെ സ്‌പെസിമനാക്കി മാറ്റിയിരിക്കുന്നു. മുസ്ലീങ്ങളെ അറിയാത്തവരുടെ വാർപ്പുമാതൃകകൾ ഇങ്ങനെയൊക്കെ സൃഷ്ടിക്കപ്പെട്ടതാണ്. ഡാറ്റാപോയിന്റ്‌സിന്റെ പ്രത്യേകതയനുസരിച്ച് നമ്മുടെ ധാരണകളിൽ മാറ്റമുണ്ടാവും. ഇത് മുസ്ലീങ്ങൾക്ക് മാത്രമല്ല, രാഷ്ട്രീയക്കാർക്കും ബാധകമാണ്. മണ്ടന്മാരായ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള, സിനിമാമാതൃകയിൽ അവരെക്കുറിച്ച് മനസ്സിലാക്കുന്നവർ യഥാർത്ഥത്തിലുള്ള രാഷ്ട്രീയക്കാരെ കണ്ടാൽ അത്ഭുതപ്പെട്ടുപോവും. ലോകമാസകലമുള്ള ഇസ്ലാം തീവ്രവാദത്തോട് സാം ഹാരിസിനെപ്പോലുള്ളവരും റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ളവരും പ്രതികരിച്ച ശൈലിയിലാണ് ഇവിടെയുള്ളവരും പിന്തുടരുന്നത്. അത്തരം ബയാസുകൾ സ്വതന്ത്രവാദപ്രസ്ഥാനത്തിലുണ്ടെന്നാണ് തോന്നുന്നത്. ഇസ്ലാമിന്റെ ആധാരഗ്രന്ഥങ്ങൾ പരിശോധിച്ചാൽ വിമർശിക്കാനുള്ള പലതും ലഭിക്കും. അത് ഏത് മതഗ്രന്ഥത്തിൽനിന്നും ലഭിക്കും. എന്നാൽ മുസ്ലീങ്ങളായ മനുഷ്യർ ടെക്റ്റ്വലായിട്ടാണോ ജീവിക്കുന്നതെന്ന് പരിശോധിച്ചാൽ അല്ല എന്നു മനസ്സിലാക്കാം. ഒരാൾ മുസ്ലീമാകുന്നത് ഖുർആൻ വായിച്ചിട്ടല്ല. മുസ്ലീമായശേഷമാണ് അയാളത് വായിക്കുന്നത്. അങ്ങനെയൊരു ഗ്രേ ഏരിയ ഇതിലുണ്ട്. അതുകൂടെ കണക്കിലെടുക്കണം.
തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, മുഹമ്മദ് മുഹ്‌സിന് പി എച്ച്, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.