ഇസ്‌ലാമോപ്രേമിയ, അമേരിക്കൻ ഇസ്‌ലാമോഫോബിയ, ഹറാംവാദികൾ, ഇടത്-ഇസ്‌ലാമിസ്റ്റ് ഗൂഢാലോചന

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

റാപ്പർ വേടന് പിന്നിൽ മുസ്ലീങ്ങളാണെന്ന ഹിന്ദുത്വ പ്രചാരണം, മാധ്യമ അവതരണങ്ങളിലെ ഇസ്‌ലാമോഫോബിയ, മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിമുഖം, പഹൽഗാം ആക്രമണം, ഭീകരവാദ/തീവ്രവാദ ആരോപണം തുടങ്ങി 23 തലക്കെട്ടുകളിൽ മെയ് അവസാന വാരങ്ങളിലെ സംഭവങ്ങൾ ക്രമീകരിച്ചിരിക്കുന്നു. രണ്ട് ഭാഗങ്ങളിലായി മെയ് മാസം മാത്രം അറുപതിലേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസങ്ങളിലേക്കാൾ മെയ് മാസം റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ എണ്ണത്തിൽ കൂടുതലാണ്.

1. ലീഗ് വര്‍ഗീയ പാര്‍ട്ടി

‘മുസ്ലീം സമുദായവുമായി അടുപ്പത്തിന് ശ്രമിക്കും’ എന്ന ശീര്‍ഷകത്തില്‍ പുതുതായി അധികാരത്തിലെത്തിയ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഒരു അഭിമുഖം മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചു (മുസ്ലീം സമുദായവുമായി അടുപ്പത്തിന് ശ്രമിക്കും, കെ.എ ജോണി, എം.പി സൂര്യദാസ്, കെ.കെ അജിത് കുമാര്‍, സോബിത്ത് സോമന്‍, മെയ് 16, മാതൃഭൂമി). ഇതിലെ ചില ഭാഗങ്ങള്‍ താഴെ നല്‍കുന്നു:

ഒരു മതത്തില്‍ പെട്ടവരെ സേവിക്കാന്‍ അതേ മതത്തില്‍ പെട്ടവര്‍തന്നെ വേണമെന്നില്ല. മുസ്ലീം സമുദായം ബിജെപിയെ വിശ്വസിക്കുന്നില്ല. മുസ്ലീം ലീഗ് വഖ്ഫ് ബില്ലിനെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് അവര്‍ മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ്. എന്നിട്ടും അവര്‍ വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയവാദികളല്ലെന്നും പറയുന്നത് വിചിത്ര ന്യായമാണ്.

മുസ്ലീം സമുദായത്തിന് അടുപ്പത്തിന് ബിജെപി ശ്രമിക്കും. പക്ഷേ, അത് സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് വേണമെന്നില്ല. ആ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കും.

മാതൃഭൂമി പ്രസിദ്ധീകരിച്ച രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖം

2. ഇസ്‌ലാമോപ്രേമിയ

യുക്തിവാദിയായ സജീവന്‍ അന്തിക്കാട് മെയ് 17ന് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഭാവിക കപൂര്‍ എക്‌സില്‍ കുറിച്ച ഒരു പോസ്റ്റിനെക്കുറിച്ചായിരുന്നു സജീവന്റെ പോസ്റ്റ്. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊലയും അതിനോടുള്ള ഇന്ത്യയുടെ സൈനികപ്രതികരണത്തെയുമാണ് ഭാവിക എക്‌സില്‍ വിമര്‍ശിച്ചത്. സജീവന്റെ പോസ്റ്റിന്റെ പ്രസക്തമായ ഭാഗം താഴെ നല്‍കുന്നു: “എന്തുനേടി എന്ന വേറിട്ട ചോദ്യം. എക്‌സ് എന്ന സാമൂഹ്യമാധ്യമത്തില്‍ ഭാവിക കപൂര്‍ എന്ന ഭവതി (എഴുത്തുകാരി) ഇട്ട പോസ്റ്റ് ശ്രദ്ധിക്കാനിടയായി. അതിലെ ആശയം ഇങ്ങനെ. പഹല്‍ഗാമില്‍ നമുക്ക് 28 ജീവന്‍ നഷ്ടപ്പെട്ടു. ഓപ്പറേഷന്‍ സിന്ദുര്‍ നടത്തിയപ്പോള്‍ നമ്മുടെ 23 ജീവന്‍ കൂടി നഷ്ടപ്പെട്ടു. റഫാല്‍ ജറ്റുകള്‍ തകര്‍ന്നുപോയതിനാല്‍ ലക്ഷക്കണക്കിന് ഡോളറും നഷ്ടപ്പെട്ടു. എന്നിട്ടും പഹല്‍ഗാമില്‍ നമ്മുടെ സഞ്ചാരികളെ കൊന്ന തീവ്രവാദികളെക്കുറിച്ച് വല്ല വിവരവും കിട്ടിയോ? അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ എന്തു നേടി? – എന്നാണ് ഭാവിക ചോദിക്കുന്നത്? ഞാന്‍ അവരുടെ പ്രൊഫൈല്‍ ചെക്ക് ചെയ്തപ്പോള്‍ വോക്കല്ല, ഹമാസിനെ വിസ്മയം എന്ന് പറയുന്നതും പ്രഥമദൃഷ്ട്യാ കണ്ടില്ല. ഇക്കാലത്ത് അഹിംസ പറയുന്നവരെ ഇസ്‌ലാമോപ്രേമിയ എന്ന അസുഖം നന്നായി ബാധിച്ചിരിക്കും. അങ്ങനെയല്ലാത്ത സമാധാനവാദികളെ കാണാന്‍ തന്നെ പ്രയാസം. എന്നാല്‍ ഭാവിക കപൂര്‍ എന്ന ഭവതി ആ ടീമില്‍ പെട്ടവരല്ല. ലിബറല്‍ എത്തിയിസ്റ്റ് എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ക്വസ്റ്റ്യന്‍ റിയലാണ്. കള്ളമില്ല ചതിയില്ല. സെന്‍സിബിള്‍ ആയ ചോദ്യങ്ങള്‍ ആരു ചോദിച്ചാലും നമ്മെ ചിന്തിപ്പിക്കും.” ഭാവികയെ അഭിനന്ദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഇസ്‌ലാമോഫോബിയക്കെതിരേ പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്യുന്നവരെ വിവരിക്കാനായിരിക്കും ലേഖകന്‍ ‘ഇസ്‌ലാമോപ്രേമിയ’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. (മെയ് 17, സജീവന്‍ അന്തിക്കാട്/ ഫേസ്ബുക്ക് പോസ്റ്റ്).

സജീവൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

3. ഭീകവാദത്തിന് മതമില്ലെന്ന് പറയുന്നവരുടെ നിലപാടെന്ത്?

മെയ് 18ന് കേരള കൗമുദി ബിജെപി നേതാവ് വി മുരളീധരനുമായി, ‘എമ്പുരാനും പഹല്‍ഗാമും വോട്ടര്‍മാര്‍ തിരിച്ചറിയു’മെന്ന ശീര്‍ഷകത്തില്‍ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. പി.എച്ച് സനല്‍കുമാറാണ് അഭിമുഖം തയ്യാറാക്കിയത്.

‘എമ്പുരാന്‍’ സിനിമ സൃഷ്ടിച്ച അത്രയും ചര്‍ച്ച, പഹല്‍ഗാം ഭീകരാക്രമണം കേരളത്തിലുണ്ടാക്കിയില്ല. ബിജെപി പറയുന്ന ദേശീയതയ്ക്ക് ഇവിടെ പിന്തുണയില്ലെന്നതിന് തെളിവല്ലേ അത്.? – എന്ന ഒരു ചോദ്യത്തിനോട് മുരളീധരന്റെ പ്രതികരണം താഴെ നല്‍കുന്നു: സിനിമ വിവാദമായപ്പോള്‍ അത് കാണാന്‍ കുടുംബസമേതംപോയ മുഖ്യമന്ത്രി കശ്മീരില്‍ ഭീകരുടെ വെടിയേറ്റു മരിച്ച രാമചന്ദ്രന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ ആ വീട്ടില്‍ പോയില്ല. പിന്നീട് വിവാദമായപ്പോഴാണ് പോകാന്‍ തയ്യാറായത്. മതേതര പ്രസ്ഥാനമാണെന്ന് പറയുന്ന മുസ്ലീംലീഗിന്റെ നേതാക്കളും അവിടെ പോയില്ല. ഭീകരവാദത്തിന് മതമില്ലെന്ന് പറയുന്ന ഇക്കൂട്ടരുടെ നിലപാട് എന്താണെന്ന് തെളിയിക്കപ്പെട്ട സംഭവമാണ് അത്. ദേശീയതയെ സംബന്ധിച്ച് അവരുണ്ടാക്കുന്ന മനോഭാവത്തോടാണ് കേരളത്തില്‍ ബിജെപി പോരാടുന്നത്. ‘എമ്പുരാന്‍’ സിനിമാ വിവാദവും പഹല്‍ഗാം ആക്രമണവും വോട്ടര്‍മാര്‍ തിരിച്ചറിയും.” ഇസ്ലാമിനെയും മുസ്ലീമിനെയും ദേശീയതയെയും എതിര്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു ആഖ്യാനശൈലിയായിരുന്നു മുരളീധരന്റേത്.

കേരള കൗമുദി പ്രസിദ്ധീകരിച്ച അഭിമുഖം

4. ചാരവൃത്തിക്കേസിലെ വാര്‍ത്ത: വിവിധ പത്രങ്ങളിൽ

ചാരവൃത്തിയാരോപിച്ച് രാജ്യത്ത് ആറ് പേരെ മെയ് 17ന് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ദിവസം ഈ വാര്‍ത്ത ഏതൊക്കെ പത്രങ്ങള്‍ എങ്ങനെയൊക്കെ പ്രസിദ്ധീകരിച്ചുവെന്ന് പരിശോധിച്ച് അതേ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ യു.എം മുഖ്താര്‍ ഒരു കുറിപ്പെഴുതി:

“സമീപകാലത്ത് പുറത്തുവന്ന ഏറ്റവും വലിയ പാക് ചാരസംഘത്തെ മെയ് 17ാം തിയ്യതി പിടിച്ചെങ്കിലും അതൊരു വാര്‍ത്തയായി തോന്നിയത് മുസ്ലീം പത്രങ്ങള്‍ക്ക് മാത്രമാണ്. പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടന്ന വന്‍ സ്‌പൈ നെറ്റുവര്‍ക്കില്‍ ഒറ്റദിവസം ആറ് പേര്‍ മുമ്പ് അറസ്റ്റിലായത് എനിക്കോര്‍മയില്ല. പക്ഷേ, കേരളത്തിലിറങ്ങിയ മുസ്ലീം മാനേജ്‌മെന്റിന് കീഴിലുള്ള പത്രങ്ങളേ അത് ഒന്നാം പേജില്‍ വാര്‍ത്തയാക്കിയിട്ടുള്ളൂ. അതില്‍ സുപ്രഭാതവും സിറാജും ലീഡാക്കുകയും ചെയ്തു. തരക്കേടില്ലാത്ത വിധത്തില്‍ ചന്ദ്രികയും മാധ്യമവും മള്‍ട്ടി കോളത്തില്‍ ഒന്നാം പേജ് വാര്‍ത്തയാക്കി.

മനോരമ ഉള്‍പ്പേജില്‍ സിംഗിള്‍ കോളം, മാതൃഭൂമി ഉള്‍പ്പേജില്‍ രണ്ട് കോളം. മുമ്പ് മധ്യകേരളത്തില്‍ പുഴയില്‍ മുങ്ങിച്ചാവാന്‍ നേരത്ത് രക്ഷിക്കാനിറങ്ങിയ പുരുഷന്റെ സഹായം സ്വീകരിക്കാതെ ‘എന്റെ ഇക്ക മാത്രം എന്നെ രക്ഷിച്ചാല്‍ മതി’ എന്ന് വ്യാജ വാര്‍ത്ത കൊടുത്ത മനോരമ പത്രം, വളരെ സൂക്ഷ്മതയോടെയാണ് ഈ വാര്‍ത്ത ഡീല്‍ ചെയ്തത്. കേരളാ കൗമുദിക്ക് ചാരവൃത്തി വാര്‍ത്ത ആയി തോന്നാത്തത് കൊണ്ടാകും അവര്‍ കൊടുത്തില്ല. (കോഴിക്കോട് എഡിഷനാണ് നോക്കിയത്). മലപ്പുറത്ത് കഞ്ചാവ് കേസില്‍ മുസ്ലീം യുവാവ് അറസ്റ്റിലായത് മള്‍ട്ടികോളം വിത്ത് പിക്ചര്‍ ഒന്നാം പേജില്‍ വാര്‍ത്തയാക്കിയ ദീപിക ചാര വാര്‍ത്ത ചരമപ്പേജിലൊതുക്കി” (മെയ് 18, യു.എം മുഖ്താര്‍/ഫേസ്ബുക്ക് പോസ്റ്റ്).

5. വേടന് പിന്നില്‍ ജിഹാദികള്‍

വേടന്‍ എന്ന പേര് തന്നെ വ്യാജമാണെന്നും അദ്ദേഹത്തിന്റെ പിന്നില്‍ ജിഹാദികളാണെന്നും ആര്‍എസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധു. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകള്‍ പരിശോധിച്ചാല്‍ അയാളൊരിക്കലും ഇവിടുത്തെ ദലിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്‍.ആര്‍ മധു ആരോപിക്കുന്നു. ജനം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

“കേരളത്തില്‍ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമര്‍ശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകള്‍ പരിശോധിച്ചാല്‍ അയാളൊരിക്കലും ഇവിടുത്തെ ദലിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല. ലോകത്തുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടന്‍ പാടുന്നുണ്ട്. വേടന്റെ ഒറിജിന്‍ ശ്രീലങ്കന്‍ വനിതയാണ്. വേടന്‍ പാടുന്ന ഈ പുലികള്‍ എല്‍ടിടിഇക്കാരാണ്. അവരെ മഹത്വവത്കരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാല്‍ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധന്‍ എന്നാണ്. നമ്മുടെ നാട്ടിലെ ചിലര്‍ക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടന്‍ ശ്രമിക്കുന്നത്. ഇവിടെ ബോധപൂര്‍വമായ മുസ്ലീം-ദലിത് ഐക്യവാദം ഉയര്‍ത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാന്‍ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്ലീം വിഭാഗങ്ങളിലേക്ക് ചേര്‍ക്കാനാണ്. അതിന്റെ വക്താവാണ് വേടന്‍. വേടന്‍ ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്.” അദ്ദേഹം അഭിപ്രായപ്പെട്ടു. (മെയ് 18, ജനം ടിവി, മെയ് 18 മീഡിയാവണ്‍).

ജനം ടിവി സംപ്രേക്ഷണം ചെയ്ത അഭിമുഖം

6. അമേരിക്കന്‍ വലതുപക്ഷവ്യാഖ്യാനം ആവര്‍ത്തിച്ച് മലയാള മാധ്യമങ്ങള്‍

ഷെയ്ഖ് ഹംസ യൂസഫിനെയും ഇസ്മായില്‍ റോയറെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ഉപദേശക സമിതിയിലേക്ക് നിയമിച്ചു. വൈറ്റ് ഹൗസിലെ റിലീജിയസ് ഫ്രീഡം ഉപദേശക സമിതിയിലേക്കാണ് ഇരുവരെയും നിയമിച്ചിരിക്കുന്നത്. അമേരിക്കൻ പൗരൻമാരായ മുസ്ലീങ്ങളാണ് ഇരുവരും. ഹംസ യൂസുഫ് ആകട്ടെ വെളുത്ത വംശജനുമാണ്. 2019-ലും ട്രംപ് ഭരണകൂടം ഹംസ യൂസുഫിന് സമാനമായൊരു പദവി നൽകിയിരുന്നു.

എന്നാൽ കേരളത്തിൽ ഈ വാർത്ത വലിയ ശ്രദ്ധ നേടി. പുതിയൊരു പ്രശ്നം എന്ന രീതിയിലായിരുന്നു അവതരണം. മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഒരേ വാദങ്ങള്‍ ആവര്‍ത്തിച്ചു. പ്രധാന വാദങ്ങള്‍ ഇവയാണ്: ഇരുവരും ഭീകരസംഘടകളായ ലഷ്‌കര്‍ ഇ ത്വയ്ബ, അല്‍ഖ്വയ്ദ എന്നിവയുമായി ബന്ധമുള്ള ജിഹാദികളാണ്. ഇസ്മായില്‍ റോയര്‍ 2000ത്തില്‍ പാകിസ്ഥാനിലെ ലഷ്‌കര്‍-ഇ-തൊയ്ബ ക്യാമ്പില്‍ പരിശീലനം നേടി. കശ്മീരിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതുള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇസ്മായില്‍ റോയറിന് പങ്കുണ്ടായിരുന്നു.

ഹംസ യൂസുഫിന് ഹമാസുമായി ബന്ധമുണ്ടെന്നാണ് ജയ്ഹിന്ദിന്റെ വാദം. ദേശാഭിമാനി, മാതൃഭൂമി, ജന്മഭൂമി, ഡൂള്‍ ന്യൂസ്, ജയ് ഹിന്ദ്, മറുനാടന്‍ മലയാളി തുടങ്ങിയ മാധ്യമങ്ങളാണ് മലയാളത്തില്‍ ഈ വീക്ഷണം അവതരിപ്പിച്ച മാധ്യമങ്ങള്‍. മറുനാടന്‍ മലയാളി ഇരുവരെയും കൊടുംഭീകരന്‍ എന്നാണ് വിശേഷിപ്പിച്ചത്. (മെയ് 18, ദേശാഭിമാനി, മാതൃഭൂമി, ജന്മഭൂമി, മറുനാടന്‍ മലയാളി, ഡൂള്‍ ന്യൂസ്). അമേരിക്കയിലെ മുസ്ലീം പണ്ഡിതന്മാരെക്കുറിച്ച് മലയാള മാദ്ധ്യമങ്ങൾക്ക് അറിവില്ല. പക്ഷേ, തികച്ചും ആധികാരികമായിരുന്നു അവതരണം. ആഗോള ഇസ്‌ലാമോഫോബിയ മാധ്യമ അവതരണങ്ങളിലൂടെ കേരളത്തിൽ പ്രവർത്തിക്കുന്നതിൻ്റെ മറ്റൊരു ഉദാഹരണം.

7. ഹറാംവാദികളുടെ പ്രീതി പിടിച്ചുപറ്റിയ വേടന്‍

വേടന്‍ ആരുടേയോ കയ്യിലെ ചട്ടുകമാണെന്ന് സംശയിക്കണമെന്നും അദ്ദേഹത്തിന് ‘ഹറാം വാദികളുടെ’ പിന്തുണയുണ്ടെന്നും ആര്‍എസ്എസ് നേതാവും കേസരി പത്രാധിവരുമായ എന്‍.ആര്‍ മധു. ജനംടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വിദ്വേഷപരാമര്‍ശം: വേടന്‍ ആരുടേയോ കയ്യിലെ ചട്ടുകമാണ്. അദ്ദേഹം പാടുന്ന പാട്ടിലെ സാഹിത്യം അതിന് തെളിവാണ്. വെക്കട ചീന നിന്‍ ചെങ്കൊടി താഴെ. കാരണം ഖുര്‍ആന്‍ കത്തുന്നു. ആരാ ഖുര്‍ആന്‍ കത്തിച്ചത്? കമ്മ്യൂണിസ്റ്റുകാര്‍. എന്നിട്ടും ഇപ്പോഴവര്‍ വേടനെ പിന്തുണയ്ക്കുകയാണ്. വേടന്റെ പിന്നില്‍ വന്‍ശക്തിയുണ്ട്. അത് ജിഹാദികളാണ്. നമ്മുടെ നാട്ടിലെ ചിലര്‍ക്ക് പട്ടി ഹറാമാണ്. ആ പട്ടിയ്ക്ക് ബുദ്ധന്റെ പേരിടുന്നതിലൂടെ ഹറാംവാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടന്‍ ശ്രമിക്കുന്നത്.” അദ്ദേഹം ആരോപിച്ചു. (മെയ് 18, ജനം ടിവി)

ഇസ്‌ലാമിക നിയമശാസ്ത്രത്തിൽ ഒരു കാര്യം നിഷിദ്ധമോ വിലക്കപ്പെട്ടതോ ആണെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു അറബി ഭാഷാ പദമാണ് ‘ഹറാം’. ‘ഹറാം’ എന്ന വാക്ക് അമുസ്ലിംകൾക്കെതിരെ ഉപയോഗിക്കുന്ന ഒന്നല്ല. ഇത് വിശ്വാസികളോടുള്ള ദൈവികമായ ആജ്ഞയെ സൂചിപ്പിക്കുന്നു. മനുഷ്യർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്. ജിഹാദ് അടക്കമുള്ള സാങ്കേതിക ശബ്ദങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ ‘ഹറാം’ എന്ന വാക്കും ഉപയോഗിക്കപ്പെടുന്നു

8. അഞ്ച് നേരം മൈക്ക് കെട്ടി നിസ്‌കരിക്കുന്നത് പരമതവിദ്വേഷം

അഞ്ച് നേരം മൈക്ക് കെട്ടി നിസ്‌കരിക്കുന്നത് പരമത വിദ്വേഷമാണെന്ന് കേസരി പത്രാധിപര്‍ എന്‍.ആര്‍ മധു. ‘അല്ലാഹു അല്ലാതെ ദൈവമില്ലെന്നാണ് അഞ്ച് നേരം നിസ്‌കരിക്കുമ്പോള്‍ പറയുന്നത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവനെ കാഫിര്‍ എന്നാണ് വിളിക്കുന്നത്. കാഫിറിനെ കണ്ടുമുട്ടുന്നിടത്ത് വെച്ച് കൊന്നു കളഞ്ഞാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട്. ലോകത്ത് നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് പിന്നില്‍ ഇസ്ലാം എന്ന മതത്തിന്റെ പേരുണ്ട്. പക്ഷേ, നമ്മള്‍ പറയും അത് മതമല്ല, ഭീകരവാദമാണെന്ന്. ലോകത്ത് പ്രതിദിനം നടക്കുന്ന ഭീകരാക്രമണത്തിനിടയില്‍ നിന്ന് കണ്ടെത്തുന്ന വിശുദ്ധഗ്രന്ഥം ഖുര്‍ആനാണ്. ഫലസ്തീന്‍ പതാക പുതച്ച് കൊണ്ട് പ്രകടനങ്ങള്‍ ആരംഭിച്ചപ്പോഴാണ് റാപ്പര്‍ വേടന് സ്വീകാര്യത ലഭിച്ചത്. സിറിയ, കൊറിയ, ശ്രീലങ്ക, സൊമാലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ വേടന്‍ കാണുന്നു. എന്നാല്‍ വയനാട്ടിലെ ബാല്യങ്ങളെ കാണുന്നില്ല. താന്‍ ഇസ്‌ലാമിനെയല്ല, മതമൗലികവാദത്തെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കി അഭിമുഖത്തിലായിരുന്നു മധു വിദ്വേഷപരാമര്‍ശം നടത്തിയത്. (മെയ് 20, റിപ്പോര്‍ട്ടര്‍ ചാനല്‍).

എൻ.ആർ മധുവിന്റെ പ്രസ്താവന, റിപ്പോർട്ടർ ടിവി വാർത്ത.

9. ഇസ്‌ലാമിസ്റ്റുകൾ, നക്സലൈറ്റുകൾ, വേടൻ

‘തീവ്ര ഇസ്‌ലാമിസ്റ്റുകളെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’ എന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല. പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് വേടനെ പ്രോല്‍സാഹിപ്പിക്കുന്ന കേരള സര്‍ക്കാരിനെതിരേ അധിക്ഷേപം ഉന്നയിച്ചത്: ‘തീവ്ര ഇസ്‌ലാമിസ്റ്റുകളെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേടന്‍ ജാതി ഭീകരവാദം വളര്‍ത്തുന്നു എന്ന കേസരി പത്രാധിപര്‍ മധുവിന്റെ ആരോപണം വസ്തുതപരമായി ഉന്നയിക്കപ്പെട്ടതാണ്. വേടന്റെ പ്രമോട്ടര്‍മാര്‍ തീവ്ര ഇസ്‌ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണ്. ദലിത് വിഭാഗത്തെ ഹിന്ദു സമൂഹത്തില്‍ നിന്നും വേര്‍പ്പെടുത്തി ഇസ്‌ലാമിക ഐക്യത്തിലൂടെ ഹിന്ദു സമാജത്തെ ഭിന്നിപ്പിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇന്ന് ജാതികളൊന്നും പരസ്പര പോരിന്റെ ദുരിതമനുഭവിക്കുന്നില്ല. ആരും ആരേയും കീഴ്‌പ്പെടുത്തുകയോ അകറ്റി നിര്‍ത്തുകയോ ചെയ്യുന്നില്ല. (മെയ് 21 മാധ്യമം).

വേടന്‍ ഇസ്‌ലാമിസ്റ്റുകളുടെ ചട്ടുകം

പാലക്കാട് നടത്തിയ പ്രസംഗത്തില്‍ വേടനെതിരേ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയ ശശികല അതേ വാദങ്ങള്‍ ഫേസ്ബുക്കിലൂടെ ആവര്‍ത്തിച്ചു. റാപ്പര്‍ വേടന്‍ ശ്രീലങ്കന്‍ തമിഴ് പുലിയും തലയറുക്കാന്‍ മടിയില്ലാത്ത നക്‌സലൈറ്റും ഇസ്‌ലാമിസ്റ്റുകളുടെ ചട്ടുകവുമായാണ് അവര്‍ ചിത്രീകരിച്ചത് (മെയ് 22, മാധ്യമം).

10. യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുടെ കെണിയില്‍

സിപിഎമ്മും മുസ്ലീം സമുദായവും തമ്മില്‍ ശത്രുത വളര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുകയാണെന്നും മുസ്ലീങ്ങൾ ആ കെണിയില്‍ വീഴില്ലെന്നും സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് (എക്പ്രസ് ഡയലോഗ്) അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം:

1) വിവിധ മുസ്ലീങ്ങളെ ഗുഡ് മുസ്ലീം/ ബാഡ് മുസ്ലീം എന്ന രീതിയിൽ ആദ്യം അദേഹം തരംതിരിച്ചു. “ജമാഅത്തെ ഇസ്‌ലാമിയെ മുസ്ലീം സമൂഹം അംഗീകരിക്കുന്നില്ല. മുസ്ലീങ്ങളിലെ പ്രധാന വിഭാഗമായ സുന്നികള്‍ക്ക് ഇവരോട് യോജിപ്പില്ല. സുന്നികള്‍ ജനാധിപത്യപ്രകിയയുടെ ഭാഗമാണെങ്കില്‍ ഇവര്‍ അങ്ങനെയല്ല.” 2) ഏകദേശം മുപ്പത് വർഷം (1994-2014) വരെ ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിന് പല രീതിയിൽ പിന്തുണ നല്കിയത് അദേഹം വിശദീകരിക്കുന്നത് ഇങ്ങിനെ: “യുഡിഎഫ് ദുര്‍ബലമായ സമയത്ത് തങ്ങള്‍ കൂടെച്ചേരാമെന്ന് നിലപാടെടുക്കുകയായിരുന്നു അവര്‍. സാധാരണ കോണ്‍ഗ്രസ്സും ലീഗും ഇങ്ങനെ ചെയ്യുന്നതിനെതിരായിരുന്നു. പക്ഷേ, ഇത്തവണ അവരതിന് തയ്യാറായി.” 3) സിപിഎം വിരുദ്ധ പ്രചാരണം ആണ് അദേഹത്തിന്റെ ജമാഅത്തെ ഇസ്‌ലാമിയോടുള്ള എതിർപ്പിന്റെ കാരണം. “ആദ്യം രഹസ്യമായിട്ടായിരുന്നെങ്കിലും ഇപ്പോള്‍ പരസ്യബന്ധത്തിലാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് നല്ല സംഘടനാശേഷിയുണ്ട്. കൂടെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ബുദ്ധിജീവി വിഭാഗമുണ്ട്. അവര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നു.” ഇത്രയും കാര്യങ്ങൾ രാഷ്ട്രീയ വിമർശനമാണ്.

സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിയ: വിമർശനങ്ങൾ ആരുടേതാണ്?

4) സിപിഎമ്മിന്റെ ഹിന്ദുത്വ ചായ്വ്, പൊലീസിലെ ആർഎസ്എസ് സ്വാധീനം ഒക്കെ വിളിച്ചുപറഞ്ഞുവെന്നതാണ് അദേഹം ജമാഅത്തെ ഇസ്‌ലാമിയിൽ കാണുന്ന കുഴപ്പം: “സിപിഎം ആര്‍എസ്എസ്സിനെയും ബിജെപിയെയും സഹായിക്കുന്നവരാണെന്ന പ്രചാരണം നടത്തുന്നത് ഇവരാണ്. പോലീസില്‍ സംഘിവല്‍ക്കരണമുണ്ടെന്ന നരേറ്റീവ് സൃഷ്ടിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്.” എന്നാൽ ഈ വിമർശനങ്ങൾ കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയോ മുസ്ലീം സംഘടകളോ മാത്രമല്ല, പൗരസമൂഹവും വിവിധ മാർക്സിസ്റ്റുകളും തന്നെ ഉന്നയിക്കുന്നതാണ്. അഞ്ച് ഉദാഹരണങ്ങൾ മാത്രം നല്കാം.

1) ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം (2016 മെയ് 25) വികസിച്ച നവലിബറൽ നയങ്ങളെക്കുറിച്ചും ഇസ്‌ലാമോഫോബിയയെക്കുറിച്ചും പോലീസ് രാജിനെക്കുറിച്ചും 18 മാസത്തിന് ശേഷം (2017 ഡിസംബർ 25) എൻ.കെ ഭൂപേഷ് എഴുതി:

“സുരക്ഷയുമായി ബന്ധപ്പെട്ട് പിണറായി വിജയനുള്ളത് നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് എന്നതിന് തെളിവാണ് കഴിഞ്ഞദിവസം ബാബരി മസ്ജിദ് ദിനത്തിൽ സംഭവിച്ചത്. പള്ളി പൊളിച്ചത് ലഡു വിതരണം ചെയ്ത് ആഘോഷിച്ച സംഘ്പരിവാറിന് അതിന് നിർബാധം അവസരമുണ്ടായപ്പോൾ, ബാബരി മസ്ജിദിനെക്കുറിച്ച് ചില പോസ്റ്ററുകൾ പതിക്കാൻ ശ്രമിച്ചവരെ അതിൽനിന്ന് തടയുകയും അവർക്കെതിരെ നടപടിയെടുക്കുകയുമാണ് പൊലീസ് ചെയ്തത്. ഇതിലൊക്കെ നിഴലിക്കുന്നത് ഇസ്‌ലാമോഫോബിയ അല്ലെങ്കിൽ മറ്റെന്താണ്? മനുഷ്യന്റെ സ്വകാര്യ ഇടങ്ങളിലേക്കുള്ള പൊലീസിന്റെ കൈയേറ്റത്തിന് പിണറായി സർക്കാർ അതിരുകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നുവേണം പൊലീസിന്റെ പല രീതിയിലുള്ള ഇടപെടലിൽനിന്ന് മനസ്സിലാക്കാൻ. ഇങ്ങനെ ഭിന്ന മേഖലകളിൽ നവ ലിബറലിസത്തിന്റെയും പൊലീസ് രാജിൻറയും ലോജിക്കുകളെ പിന്തുടർന്നാണ് കേരളത്തിലെ സി.പി.എമ്മിൻറ പ്രവർത്തനം.” (എൻ.കെ ഭൂപേഷ്. ബദൽ അന്വേഷണം ഇനിയും സിപിഎമ്മിലൂടെയോ? മാധ്യമം ആഴ്ചപ്പതിപ്പ്, 2017 ഡിസംബർ 25, പേജ് 56).

മാധ്യമം പ്രസിദ്ധീകരിച്ച ലേഖനം

2) ഒന്നാം പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കിയപ്പോൾ മറ്റ് മാർക്സിസ്റ്റ് പാർട്ടികൾ തന്നെ ഈ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ‘ഇസ്‌ലാമോഫോബിയയെ രാഷ്ട്രീയ ആയുധമാക്കി സിപിഎം’ (ദി ക്രിറ്റിക് , 13 ജനുവരി 2021) എന്ന വിമർശനം (അതേ ശീർഷകത്തിൽ) ഉന്നയിച്ച് എഴുതിയത് പി.ജെ ജെയിംസ് (ജനറൽ സെക്രട്ടറി, സിപിഐ (എം എൽ) റെഡ്സ്റ്റാർ). അദേഹത്തിന്റെ വിലയിരുത്തൽ:

“തദ്ദേശ തെരഞ്ഞെടുപ്പ് കാമ്പയിനിലും അതിനുശേഷവും സിപിഎം എടുത്തുപോരുന്ന രാഷ്ട്രീയ കാമ്പയിനിന്റെ തനിനിറം പരിശോധിച്ചാല്‍ ഇതു ബോധ്യമാവും. കോണ്‍ഗ്രസ്സ് നയിക്കുന്ന മുന്നണി പ്രതിനിധീകരിക്കുന്നത് ഇസ്‌ലാമിക താല്പര്യങ്ങളെയാണ് എന്നര്‍ത്ഥം വരുന്നവിധം കേരളം ഭരിക്കാന്‍ പോകുന്നത് കുഞ്ഞാലിക്കുട്ടിയും, ഹസനും മറ്റു മുസ്ലീം നാമധാരികളുമാണെന്ന, അതുമല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ മുസ്ലീംലീഗാണ് തീരുമാനിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകള്‍ മുസ്ലീവിരുദ്ധ വോട്ടുബാങ്കുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള താല്കാലിക അജണ്ടയുടെ ഭാഗമാണെന്ന് വ്യാഖ്യാനിക്കാമെങ്കിലും സ്ഥൂല (ആഗോള – അഖിലേന്ത്യാ) തലത്തില്‍ പ്രക്ഷേപിക്കപ്പെടുന്ന ‘ഇസ്‌ലാമോഫോബിയ’ തന്നെയാണ് സിപിഎം ഏറ്റവും ഹീനമായി ഉപയോഗപ്പെടുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട സുന്നി സമുദായ സംഘടനകള്‍ക്കിടയിലെ വൈരുദ്ധ്യങ്ങള്‍ കൊലപാതങ്ങളിലേക്കെത്തിയ വേളയില്‍, മുമ്പൊരിക്കലും വ്യാഖ്യാനിക്കാത്ത വിധം, അത് മുസ്ലീംലീഗിന്റെ ‘താലിബാനിസം’ ആണെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം വിശദീകരിക്കുമ്പോള്‍ ഇസ്‌ലാമോഫോബിയ തന്നെയാണ് അരക്കിട്ടുറപ്പിക്കുന്നത്.”

3) ലോക പ്രശസ്തമായ ഇടതുപക്ഷ വെബ് പോർട്ടലാണ് ജാകൊബിൻ. കഴിഞ്ഞ വർഷം ഡിസംബർ ആറിന് ഷദ്മാൻ അലി ഖാൻ എഴുതിയ ലേഖനമാണ് ‘ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് മുസ്ലീം ഡൈലമ്മ’ (16 ഡിസംബർ 2024). ലേഖനം തുടങ്ങുന്നത് തന്നെ പിണറായി വിജയൻ സർക്കാറിൻ്റെ ഇസ്‌ലാമോഫോബിയയെക്കുറിച്ച് ചർച്ച ചെയ്തിട്ടായിരുന്നു.

4) നർകോട്ടിക് ജിഹാദ് എന്ന വിദ്വേഷ പ്രചാരണത്തെ സിപിഎം കൈകാര്യം ചെയ്തതിലെ ഇസ്‌ലാമോഫോബിയ വിശകലനം ചെയ്തത് അപൂർവാനന്ദായിരുന്നു. ‘ഇൻ കേരള, റൂളിംഗ് സിപിഎം ആൻ്റ് ഇസ്‌ലാമോഫോബിക് ബിഷപ് മേക്ക് സ്ട്രേഞ്ച് ബെഡ് ഫോല്ലാസ്’ എന്ന ലേഖനം (19 സെപ്തംബർ 2021) പ്രസിദ്ധീകരിച്ചത് സ്ക്രോൾ എന്ന വെബ്പോർട്ടലാണ്.

5) 2021-ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന എ വിജയരാഘവൻ്റെ ഇസ്‌ലാമോഫോബിക് പ്രസ്താവനകൾക്കെതിരെ ഒമ്പത് സ്വതന്ത മുസ്ലീം സാംസ്കാരിക പ്രവർത്തകർ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിക്ക് തുറന്ന കത്തെഴുതിയിരുന്നു (ലെറ്റർ റ്റു സീതാറാം യെച്ചൂരി ഓവർ ഇസ്‌ലാമോഫോബിക് സ്റ്റേറ്റ്മെൻ്റ്സ് ഓഫ് സിപിഎം കേരള സെക്രട്ടറി, മക്തൂബ് മീഡിയ, 4 മാർച്ച് 2021). സംസ്ഥാന ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിരമിച്ച അഡീഷനൽ വികസന കമ്മീഷണറും ഡയറക്ടറുമായ പി.എം പരീത് ബാവ ഖാൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. പി.എ അസീസ്, അഭിഭാഷകൻ ബോബി കുഞ്ഞ്, ദേശീയ അവാർഡ് ജേതാവായ ശ്രീനാരായണ ഗുരു എന്ന ചലച്ചിത്രത്തിന്റെ എഴുത്തുകാരനും നിർമ്മാതാവുമായ വരൂൽ ജാഫർ, ഹൈക്കോടതി അഭിഭാഷകനും കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ മുൻ ചെയർമാനുമായ അഡ്വ. സൈദാലിക്കുട്ടി, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മുൻ തലവനും പ്രൊഫസറുമായ അബ്ദുൽ റഷീദ്, മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എം.കെ അബ്ദുൽ മജീദ്, എഴുത്തുകാരായ ഡോ. കായംകുളം യൂനുസ്, കടക്കൽ അഷറഫ് തുടങ്ങിയവരാണ് തുറന്ന കത്തെഴുതിയത്.

മുസ്ലീങ്ങൾ അല്ലാത്തവരുമായി ബന്ധം

5) മുസ്ലിംകള് അല്ലാത്ത വിഭാഗങ്ങളുമായി ബന്ധമുണ്ടാക്കുന്നതാണ് ജമാഅത്തെ ഇസ്‌ലാമി സി പി എമ്മിനെ വിമർശിക്കുന്നതിന്റെ മറ്റൊരു കാരണമത്രേ: “ഞങ്ങള്‍ മുസ്ലിംകളുമായി മാത്രമല്ല, എല്ലാ വിഭാഗങ്ങളുമായും നല്ല ബന്ധത്തിലാണ്. അതിന്റെ ‘അപകടം’ ആദ്യം മനസ്സിലാക്കിയത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഇതില്ലാതാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.”

എന്നാൽ മറ്റ് വിഭാഗങ്ങളുമായി ചേർന്നുള്ള സമരങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയുണ്ടെന്ന ആക്ഷേപവും സിപിഎം ഉന്നയിക്കാറുണ്ട്. മാവോയിസ്റ്റുകൾ മുതൽ പരിസ്ഥിതി/അവകാശ സമരങ്ങൾക്ക് (കീഴാറ്റൂർ വയൽക്കിളി പ്രക്ഷോഭം, വൈപ്പിന് എൽപിജി സമരം, ഗെയിൽ പൈപ്പ് വിരുദ്ധ സമരം, ദേശീയപാത പ്രക്ഷോഭം, കിനാലൂർ എസ്റ്റേറ്റ് സമരം, ആലപ്പുഴ കരിമണൽ ഘനന വിരുദ്ധ പ്രക്ഷോഭം, ആശാ സമരം തുടങ്ങിയവ) പിന്നിൽ വരെ ജമാഅത്തെ ഇസ്‌ലാമിയാണെന്നാണ് സിപിഎം നേതാക്കൾ തന്നെ പറയാറുള്ളത് (മെയ് 21, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്). എന്തിനധികം സിപിഎം തന്നെ 1990കൾ മുതൽക്ക് രാഷ്ട്രീയ ധാരണ അവരുമായി ഉണ്ടാക്കിയിരുന്നു.

11. മലപ്പുറത്തെ അഭ്യാസം

മലപ്പുറം സ്വദേശിയായ യുവാവിനെതിരേ ട്രാഫിക് ലംഘനത്തിന് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ പൊലീസ് നടത്തിയ പദപ്രയോഗം വിവാദമായി. ‘മലപ്പുറത്തെ അഭ്യാസം’ ഇവിടെ വേണ്ട എന്നായിരുന്നു പൊലീസ് യുവാവിനെ ഓർമ്മപ്പെടുത്തിയത്.

മെയ് 27ന് രാവിലെ പത്തുമണിയോടെ വയനാട് കല്‍പ്പറ്റ ആനപ്പാലം ജംഗ്ഷനിലാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വയനാട് കല്‍പ്പറ്റയില്‍ കാര്‍ ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് എടവണ്ണ സ്വദേശിയായ ഷംസൂനെ പോലിസ് തടഞ്ഞു. ആ സമയം യുവാവിന്റെ ഇടതുകയ്യിലായിരുന്നു മൊബൈല്‍. കാറിലെ ബ്ലൂടൂത്ത് വഴിയാണ് സംസാരിച്ചതെന്ന് യുവാവ് വാദിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. ഇത് തര്‍ക്കത്തിലേക്ക് നീണ്ടതോടെ പോലിസ്‌വാഹനത്തിലേക്ക് യുവാവിനെ ബലമായി തള്ളിക്കയറ്റി. ഈ സമയത്താണ് മലപ്പുറത്ത് നിന്ന് വന്ന് നിന്റെ അഭ്യാസം ഇവിടെ വേണ്ടായെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മലപ്പുറത്തെ കേന്ദ്രീകരിച്ച ഈ വിദ്വേഷപ്രചാരണത്തിനെതിരേ പലരും രംഗത്തുവരികയും ചെയ്തു. താമസിയാതെ ട്രാഫിക് എസ്‌ഐയെ സ്ഥലംമാറ്റി (മെയ് 21, മലയാള മനോരമ).

12. സുഡാപ്പി/ ജിഹാദി കയ്യിലെ പാവ

വേടനെതിരേ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ലസിത പാലക്കലും പ്രതികരിച്ചു. വേടനെ ‘ജാതി വെറിയന്‍’, ‘സുഡാപ്പികളുടെ പാവ’ എന്നൊക്കെയാണ് അവര്‍ അധിക്ഷേപിച്ചത്: അന്തം കമ്മികള്‍ ഇവനെ പൊക്കിപ്പിടിച്ചു നടക്കുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോ… വേടന്‍ ഒന്നാം തരം ജാതി വെറിയനും സമൂഹത്തിലെ കൊടിയ ജാതി വിഷവുമാണ്. ഇവന്‍ സുഡാപ്പി ജിഹാദി കയ്യിലെ പാവയാണ് (മെയ് 22, ലസിത പാലക്കല്‍/ ഫേസ്ബുക്ക് പോസ്റ്റ്).

13. ലൗ ജിഹാദ്: അത് ഒറ്റപ്പെട്ട പ്രശ്‌നം!

രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു വിഭാഗമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീങ്ങളിലെ ‘ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവ’മാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍, പാലാ ഈഴവ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: “ഇന്ത്യയിലാണെങ്കിലും കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ ആളുകളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് ക്രിസ്ത്യാനികളാണ്. ഇതാരെയാണ് ചെയ്യുന്നത്. നമ്മളെയും പട്ടികജാതിക്കാരെയും. ക്രിസ്ത്യന്‍ വിഭാഗക്കാരെല്ലാവരുമാണെന്ന് പറയാനാവില്ല, കത്തോലിക്കരാണെന്നും പറയാനും സാധിക്കില്ല. ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു വിഭാഗക്കാരാണ്. മുസ്ലീങ്ങളിലെ ലൗ ജിഹാദ് അത് ഒറ്റപ്പെട്ട് അവിടെയും ഇവിടെയും മാത്രമാണ്. ക്രിസ്ത്യാനികളുമായി നോക്കുമ്പോള്‍ മതപരിവര്‍ത്തനത്തില്‍ മുസ്ലീങ്ങള്‍ വെറും നാമമാത്രമാണ്. ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ കുടുംബത്തോടെ തട്ടിക്കൊണ്ടുപോവുകയാണ് നമ്മുടെ ആളുകളെ. ഇതെല്ലാം പറയുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് എന്നോട് വിരോധം തോന്നിയിട്ട് കാര്യമില്ല. ലൗ ജിഹാദില്ലെന്നല്ല പറയുന്നത്, കുറച്ചേയുള്ളൂ. അത് തുറന്ന് പറയുമ്പോള്‍ നമ്മളെല്ലാം കൊള്ളുകേലാത്തവരും ജാതി മാത്രം പറഞ്ഞുനടക്കുന്നവരുമാകും. ഞാന്‍ വര്‍ഗീയവാദിയാണെന്നും മുസ്ലീം വിരോധിയാണെന്നും പറയുന്നവരുണ്ട്. ഞാനൊരു മുസ്ലീം വിരോധിയല്ല.

മലപ്പുറം ജില്ലയില്‍ ഈഴവ സമുദായത്തിന് ഒരൊറ്റ എയ്ഡഡ് സ്‌കൂളോ കോളജോ കുടിപ്പള്ളിക്കൂടമോ ഇല്ല. എത്രയോ പ്രാവശ്യം എന്റെ സമുദായത്തിന് വേണ്ടി ഞാന്‍ കരഞ്ഞുപറഞ്ഞു. ഒരു വിദ്വേഷമല്ല, എന്റെ സമുദായത്തിന്റെ ദുഃഖമാണ്, സങ്കടമാണ്… നിങ്ങള്‍ തരണേ… തരണേ എന്ന്. കരഞ്ഞുപറഞ്ഞിട്ടു പോലും ഒറ്റെണ്ണം തന്നില്ലെന്ന് മാത്രമല്ല ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും സര്‍ക്കാര്‍ കാണിച്ചില്ല.” (മെയ് 23, മാധ്യമം).

ഉത്തരവാദിത്തബോധമില്ലാത്ത പറച്ചില്‍

മിഷിനറികളുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ഈഴവ സമുദായമാണെന്ന് ഫാദര്‍ അനില്‍ കൊടിത്തോട്ടം ഇതിന് മറുപടി നല്‍കി. മെഡിക്കല്‍ ബിരുദമെടുത്ത ഡോ. പല്‍പ്പുവിനെ തിരുവിതാംകൂര്‍ രാജാവ് അപമാനിച്ചുവിട്ടു. ഈഴവ ധനാഢ്യര്‍ സമുദായത്തില്‍ ശക്തിപ്പെട്ടപ്പോള്‍ തങ്ങള്‍ക്കും ബ്രാഹ്‌മണരാവാമെന്ന ആവേശം ഇവര്‍ക്കുണ്ടായി. ഇതൊന്നും വസ്തു്താപരമല്ല. നായാടി മുതല്‍ നമ്പൂതിരി വരെ എന്നൊക്കെ പറഞ്ഞ വാദങ്ങള്‍ പരാജയപ്പെട്ടുകഴിഞ്ഞു. ഈ ഘട്ടത്തില്‍ വെള്ളാപ്പള്ളി പറയുന്ന അഭിപ്രായങ്ങള്‍ ഉത്തരവാദിത്തബോധമില്ലാത്തതാണ് (വേടന്‍ മുതല്‍ വെള്ളാപ്പള്ളിവരെ, പാസ്റ്റർ അനില്‍ കൊടിത്തോട്ടം, മെയ് 20, ഐ ബി ടി മീഡിയ)

14. ഇസ്ലാം ഹിംസയുടെ മതം

മെയ് 23ന് കേസരി വാരിക പ്രസിദ്ധീകരിച്ച ഡോ. കെ.എസ് രാധാകൃഷ്ണന്റെ ലേഖനം ഇസ്‌ലാമിനെ ഹിംസയുടെ മതമെന്നാണ് വിശേഷിപ്പിക്കുന്നത്. പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയതിനോടുള്ള പ്രതികരണമായാണ് ലേഖനം എഴുതിയിരിക്കുന്നത്. പ്രധാനവാദങ്ങള്‍ ഇവയാണ്: ഇസ്‌ലാമിലെ വിശ്വാസത്തിന്റെ പ്രഖ്യാപനമായ ‘കലിമ’ ചൊല്ലാന്‍ അറിയാതിരുന്നതിന്റെ പേരില്‍ 26 നിരപരാധികളെ പഹല്‍ഗാമില്‍ ഇസ്‌ലാമിക ഭീകരരുടെ ഒരു സംഘം വെടിവെച്ചുകൊന്നു. ഈ സംഭവത്തോടെ ‘ഇസ്‌ലാമികഭീകരത’ വീണ്ടും ചര്‍ച്ചയായി. പതിവുപോലെ ഇസ്‌ലാമില്‍ ഹിംസയ്ക്ക് സ്ഥാനമില്ല, ഭീകരപ്രവര്‍ത്തനവുമായി ഇസ്‌ലാമിന് ബന്ധമില്ല എന്ന് പറഞ്ഞ് ഇസ്‌ലാമനുകൂലികള്‍ രംഗത്തുവന്നു. തങ്ങളുടെ മതേതരത്വ പ്രതിച്ഛായ നിലനിര്‍ത്താന്‍ രാഷ്ട്രീയ നേതാക്കളും മറ്റും ഈ നിലപാടിനെ അംഗീകരിച്ചു. ഇസ്ലാം ഉണ്ടായകാലം മുതല്‍ അതിലെ പുരോഹിതരും ഇസ്‌ലാമിക പണ്ഡിതരും യുദ്ധമല്ല, സ്നേഹവും സമാധാനവും സഹവര്‍ത്തിത്വവുമാണ് ഇസ്ലാം ഉപദേശിക്കുന്നത് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഇത് വസ്തുതാപരമല്ല.

അന്യരെയൊക്കെ ശത്രുക്കളായി കാണാനും തരംകിട്ടുമ്പോള്‍ അവരോടു യുദ്ധം ചെയ്യാനും ആഹ്വാനം ചെയ്യുന്ന ഒരാളെ എങ്ങനെ സമാധാനത്തിന്റെ വക്താവായി പരിഗണിക്കാം എന്നത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്. ഖുറാന്‍ യുദ്ധതന്ത്രങ്ങളും യുദ്ധത്തില്‍ ശത്രുവിന്റെ തോല്‍വി ഉറപ്പാക്കാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെപ്പറ്റിയും വിശദീകരിക്കുന്നു. ഇത്തരമൊരു പുസ്തകം എങ്ങനെ അഹിംസയുടേയും ശാന്തിയുടേയും സ്രോതസ്സാകും എന്ന ചോദ്യത്തിനും ഉത്തരം ആവശ്യമുണ്ട്.

ഇസ്ലാം മാത്രമാണ് ‘ഹലാല്‍’ (ഏറ്റവും പരിശുദ്ധം) ആയ മതം എന്നും മറ്റെല്ലാം ഹറാം (അശുദ്ധം) ആണെന്നും ഒരു മുസ്ലീം വിശ്വസിക്കണം. ഈ അശുദ്ധവും അബദ്ധവും ആയ മതങ്ങളെയൊക്കെ ഇല്ലാതാക്കാന്‍ ഒരു മുസ്ലീം ‘ജിഹാദ്’ എന്ന യുദ്ധം ചെയ്യേണ്ടതായിട്ടുണ്ട്. ഇതരമതവിശ്വാസികളോട് ശത്രുതാമനോഭാവം പുലര്‍ത്തുന്ന ഒരു മതത്തിനോട് ജനാധിപത്യവ്യവസ്ഥയില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദം പോലും സാദ്ധ്യമല്ല. തന്നില്‍ വിശ്വസിക്കാത്തവരെ പേടിപ്പെടുത്തുന്ന ഒരു ദൈവം അപകടകാരിയാണ്. താനും തന്റെ മതവും മാത്രമാണ് ശരി എന്ന് അവകാശപ്പെടുന്ന ഒരാള്‍ സ്വേച്ഛാധിപതിയാകാനുള്ള വഴിയിലാണ്. അടുത്തനിമിഷം തന്നെ അയാള്‍ സര്‍വ്വസൈന്യാധിപതിയായി സ്വയം അവരോധിയ്ക്കും. സ്വേച്ഛാധിപത്യസ്വഭാവം ഒരു മനോരോഗമായതിനാല്‍ ഇസ്ലാം മതാത്മകമായ ഭ്രാന്ത് സമൂഹത്തില്‍ പരത്തും. തന്നില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമുള്ളവരെ ജിഹാദ് എന്ന യുദ്ധം ചെയ്ത് ഇല്ലാതാക്കാന്‍ ഓരോ മുസ്ലീമിനും അവകാശമുണ്ടെന്ന നിലവരുന്നത് അത്യപകടകരമാണ്. എല്ലാ മുസ്ലീം മതമൗലികവാദികളും അവര്‍ എവിടത്തുകാരുമായ്ക്കോട്ടെ, കലിമയെ കൂട്ട മതപരിവര്‍ത്തനത്തിന്റെയോ കൂട്ടക്കൊലയുടേയോ ഉപകരണമാക്കി. ഇസ്‌ലാമിക് ജിഹാദിന്റെ ലഹരി തലക്കുപിടിച്ചവരുടെ കഥയാണ് ‘ദാറുല്‍ ഇസ്ലാ’മിന്റെ ചരിത്രം മുഴുവനും.

15. എന്‍ഐഎ: ഒരു മുസ്ലീം അനുഭവം

പാനായിക്കുളം കേസില്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ റാസിഖ് റഹിമിന്റെ ഒരു അനുഭവം പങ്കുവയ്ക്കുന്നു:

രാത്രി 8 മണി കഴിഞ്ഞതേയുള്ളൂ, തൃശൂരില്‍ എസ്‌ഐഒ ജില്ലാ ലീഡേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്ത് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ പെരുമ്പാവൂര്‍ ബസ് സ്റ്റാന്റില്‍ ഇരിക്കുമ്പോഴാണ് വീട്ടില്‍ നിന്നൊരു ഫോണ്‍ കോൾ എത്തിയത്: ‘എന്‍ഐഎയുടെ എസ്.ഐ ആണെന്ന് പറഞ്ഞ് ഒരാള്‍ വന്നിരിക്കുന്നു. കൂടെ വേറൊരാളുമുണ്ട്. എന്ത് പറയണം?’ ഞാന്‍ ചോദിച്ചു: ‘ശരിക്കും എന്‍ഐഎ തന്നെയാണോ? ഒരു കാരണമില്ലാതെ, ഫോണ്‍ പോലും ചെയ്യാതെ, ഇങ്ങനെ അസമയത്ത് അവർ വരാന്‍ സാധ്യതയില്ല. സമയമാണെങ്കില്‍ രാത്രി 8 കഴിഞ്ഞിരിക്കുന്നു. അതും സ്ത്രീകള്‍ മാത്രമുള്ള നേരം. പോരാത്തതിന് നല്ല മഴ സമയവും. അത്ര സ്റ്റാന്‍ഡേര്‍ഡില്ലാത്ത പരിപാടി അവർ ചെയ്യാന്‍ സാധ്യതയില്ല. അതുകൊണ്ട് എൻ.ഐ.എ ആണോന്ന് ഒന്നുറപ്പ് വരുത്തിയേക്ക്.’ ‘അതുപോട്ടെ അവരെന്താണ് ചോദിച്ചത്?’ വൈഫ് പറഞ്ഞു: ‘പോയവഴിക്ക് കയറിയതാണ് ? റാസിക്കിനെന്താണ് ഇപ്പോള്‍ ജോലി?’ എന്ന് ചോദിച്ചു. ‘അവരവിടെ നില്‍ക്കുകയാണ്. എന്തേലും പറയണോ?’ എന്നായി അവള്‍. ‘അവരാരാണെന്നുറപ്പിക്കാതെ നമ്മളെന്തു പറയും. വീട് സ്‌കെച്ച് ചെയ്യാന്‍ വന്ന കള്ളന്മാര് വല്ലതുമാണെങ്കിലോ? അതുകൊണ്ട് ഇക്ക ഇല്ല, വിളിച്ചുനോക്കിയിട്ട് വരാന്‍ പറഞ്ഞാല്‍ മതി’, ഞാന്‍ പറഞ്ഞു.

അഞ്ച് മിനിറ്റ് കഴിഞ്ഞ് അവള്‍ വിളിച്ചു: ‘പോയ വഴിക്ക് വെറുതെ കയറിയതാണ്, അയല്‍ക്കാരുടെ ആരുടെയെങ്കിലും നമ്പര്‍ തരാമോ’ എന്ന് ചോദിച്ചു. അറിയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ പാടേ പോയി. എന്നാലും ഈ അസമയത്ത് എന്‍ഐഎ എന്നും പറഞ്ഞ് വന്നതാരായിരിക്കും? പകല്‍ ഇത്ര നേരമുണ്ടായിട്ടും വരാതെ, രാത്രി തന്നെ തെരെഞ്ഞെടുത്ത് വന്നതെന്തിനായിരിക്കും? വര്‍ഷങ്ങളായി അങ്ങനെയൊരു പരിപാടി ഇല്ലാതിരിക്കെ വിശേഷിച്ചും? (മെയ് 25, റാസിക് റഹിം/ഫേസ്ബുക്ക്).

16. കേരള സര്‍ക്കാര്‍ ജിഹാദികള്‍ക്ക് കീഴടങ്ങുന്നു

കൊലപാതകക്കേസുകളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷയും ആര്‍എസ്എസ്സുകാര്‍ക്ക് ജാമ്യവും ലഭിക്കുന്നത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് സുപ്രിംകോടതിയില്‍ കേരളം അറിയിച്ചത് ജിഹാദികള്‍ക്ക് കീഴടങ്ങലാണെന്ന് ബിജെപി നേതാവ് കെ സുരന്ദ്രന്‍. ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായ അഡ്വ. കെ.എസ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ സംസ്ഥാനത്തിന്റെ വക്കീല്‍ നിലപാടെടുത്തതാണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്: “സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും ജിഹാദികള്‍ക്ക് കീഴടങ്ങിയെന്നതിന്റെ തെളിവാണിത്. ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ പോലും ഇത്തരം നഗ്‌നമായ മതതീവ്രവാദ പ്രീണനം നടത്താന്‍ പിണറായി സര്‍ക്കാര്‍ ധൈര്യം കാണിച്ചിരിക്കുകയാണ്. പിഎഫ്‌ഐ അഭ്യുദയകാംക്ഷി ആയ കേരള സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ അഭിഭാഷകനാണ് ഇത് ഫയല്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ വയലാറില്‍ നന്ദു എന്ന യുവാവിനെ പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ കൊല ചെയ്തപ്പോള്‍ ഒരു നടപടിയും എടുക്കാത്തവരാണ് പിണറായി സര്‍ക്കാര്‍. അവിലും മലരും കരുതിക്കോ കുന്തരിക്കം കരുതിക്കോ എന്ന ഹൈന്ദവ- ക്രിസ്ത്യന്‍ ഉന്മൂലന മുദ്രാവാക്യം കൊച്ചുകുട്ടിയെ കൊണ്ട് പിഎഫ്‌ഐക്കാര്‍ വിളിപ്പിച്ചപ്പോഴും സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നു. ഇപ്പോള്‍ രാജ്യം നിരോധിച്ച തീവ്രവാദികളെ രക്ഷിക്കാന്‍ ബാലന്‍സ് തിയറിയുമായി ഇറങ്ങിയിരിക്കുന്നു. ഈ സത്യവാങ്മൂലം സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടെങ്കില്‍ കേരളം കനത്ത വില നല്‍കേണ്ടിവരും.” സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. (മെയ് 26 മാതൃഭൂമി).

ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18നാണ് എസ്ഡിപിഐ നേതാവ് കെ.എസ് ഷാന്‍ വധിക്കപ്പെട്ടത്. ഈ കൊലപാതകത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടു.

17. വക്കീലോഫീസിലെ ഇസ്‌ലാമോഫോബിയ

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ പുരുഷ അഭിഭാഷകന്‍ വനിതാ അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം കേരളത്തില്‍ വലിയ വിവാദമായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ. സോയ ആര്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെ മെയ് 26 ലക്കത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. വക്കീലോഫീസിലെ ചൂഷണമായിരുന്നു വിഷയം. മുസ്ലീങ്ങളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള അഭിഭാഷകര്‍ ഭീകരമായ ജാതി വേര്‍തിരിവുകള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് അവര്‍ എഴുതി. മതിയായ വേതനം നല്‍കാതിരിക്കുക, മുന്നറിയിപ്പ് നല്‍കാതെ ഓഫീസില്‍നിന്ന് പുറത്താക്കുക, പണം പിടിച്ചുവച്ച് ജോലി വിട്ടുപോകാനുള്ള സാഹചര്യമൊരുക്കി പുറത്താക്കുക- തുടങ്ങി പല രീതികളാണ് ഉപയോഗപ്പെടുത്തുന്നത് (മെയ് 26, അഡ്വ. സോയ ആര്‍ മാധ്യമം ആഴ്ചപ്പതിപ്പ്).

18. ഒളിഗാര്‍ക്കി ജാതികളുടെ മുഖ്യ ആയുധം ഇസ്‌ലാമോഫോബിയ

ഇസ്‌ലാമോഫോബിയയെ ഓളിഗാര്‍ക്കി ജാതികളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്ന എഴുത്തുകാരനും ആക്റ്റിവിസ്റ്റും അധ്യാപകനുമാണ് പ്രഫ. ടി.ബി വിജയകുമാര്‍. ന്യൂസ്ഗിലില്‍ അദ്ദേഹം എഴുതിയ ‘ഇസ്‌ലാമോഫോബിയയും ഓളിഗാര്‍ക്കി ഭരണവും’ എന്ന കുറിപ്പില്‍ ഈ പ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്:

ഇന്‍ഡ്യാ സമൂഹം ഇന്നു നേരിടുന്ന രണ്ട് മുഖ്യപ്രശ്‌നങ്ങളാണ് കേരളത്തിലും ഡല്‍ഹി കേന്ദ്രീകരിച്ചു നടക്കുന്ന ഒളിഗാര്‍ക്കി ജാതികളുടെ ഭരണവും ഇസ്‌ലാമോഫോബിയയും. ഒളിഗാര്‍ക്കി ജാതികളുടെ, അഥവാ ഭരണജാതികളുടെ മുഖ്യആയുധം ഇസ്‌ലാമോഫോബിയയാണ്. 1857-ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കുന്ന ‘ശിപായി ലഹള’യോടു കൂടി തന്നെ ഇന്‍ഡ്യയിലെ മേല്‍തട്ട് ബുദ്ധിജീവി വര്‍ഗമായ ബ്രാഹ്മണര്‍ക്ക് സമീപഭാവിയില്‍ തന്നെ ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിടുമെന്ന് ഒരു ധാരണ ഉണ്ടായി. ഈ ഭരണമാറ്റം മുന്നില്‍ കണ്ടുകൊണ്ടാണ് ബ്രാഹ്മണര്‍ 1915-ല്‍ ഹിന്ദു മഹാസഭയും 1925-ല്‍ ആര്‍എസ്എസ് ഉം രൂപീകരിച്ചത്. രണ്ടിന്റേയും ലക്ഷ്യം ബ്രാഹ്മണ സവര്‍ണ രാഷ്ട്രം സ്ഥാപിക്കലാണ്. 1947ഓടെ ഭരണം നാല് ഒളിഗാര്‍ക്കി ജാതിക്കാരുടെ കൈകളില്‍ വന്നുചേര്‍ന്നു. ഇന്‍ഡ്യ ഇന്ന് ഒരു അപ്രഖ്യാപിത ബ്രാഹ്മണ-സവര്‍ണ ‘ഹിന്ദുത്വ’ രാഷ്ട്രമായി മാറിക്കഴിഞ്ഞു. ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്ക് ആര്‍എസ്എസ്-ബിജെപിക്കാര്‍ ഉപയോഗിക്കുന്ന മുഖ്യ ആയുധം ഇസ്‌ലാമോഫോബിയ ആണ്. പൊലീസും പട്ടാളവും ഉപയോഗിച്ച് മുസ്ലീം കൂട്ടക്കുരുതികള്‍ നടത്തി ഇല്ലാത്ത മുസ്ലീം പേടി പരത്തി മുസ്ലീം ജനസമുദായത്തെ അപരവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി.

ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് കോണ്‍ഗ്രസ്സുകാരും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കൊയ്യാറുണ്ട്. ഇപ്പോള്‍ ഇത് ആര്‍എസ്എസ്സുകാര്‍ പൂര്‍ണമായി ഏറ്റെടുത്തു. ഇടതുപാര്‍ട്ടികളും ഇതേ ആയുധം തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാറുണ്ട്. ഇന്നും ഇടതുപാര്‍ട്ടികള്‍ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ. (തികച്ചും അശക്തരായ പ്രസ്ഥാനങ്ങള്‍) എന്ന ഇമ്പാച്ചി കാണിച്ച് ഇതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യവും ഫെഡറല്‍ സംവിധാനവും പൂര്‍ണമായി നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്‍ ഏറ്റവും വലിയ ആശയവും ആയുധവും നല്‍കിയത് ശ്രീനാരായണ ഗുരുവാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന അപരവല്‍ക്കരണത്തെ ഗുരുദേവന്‍ ശക്തിയായി അപലപിച്ചു.

മുസ്ലീം ജനസാമാന്യത്തെ (ക്രൈസ്തവരേയും) അപരവല്‍ക്കരിച്ച് മുസ്ലീം-ക്രൈസ്തവ വെറുപ്പ് കൃത്രിമമായി സൃഷ്ടിച്ച് അവര്‍ണസമുദായങ്ങളെ മുസ്ലീംകളുടെയും ക്രൈസ്തവരുടെയും ശത്രുക്കളാക്കി മാറ്റിയെടുക്കുന്ന തന്ത്രമാണ് ആര്‍എസ്എസ്, ബിജെപിക്കാര്‍ ഉപയോഗിക്കുന്നത്. മുഖ്യധാരാപാര്‍ട്ടികള്‍ ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാറുണ്ട്. രാഹുല്‍ ഗാന്ധി, മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെയും പിതാവായ രാജീവ് ഗാന്ധിയുടേയും നിലപാടുകള്‍ മറികടന്ന് ഇസ്‌ലാമോഫോബിയക്കും ഒളിഗാര്‍ക്കി ഭരണത്തിനും എതിരായ നിലപാട് എടുത്തിരിക്കുന്നു. രണ്ട് ഭാരത് ജോഡോ യാത്രയിലൂടെ ആണ് രാഹുല്‍ ഗാന്ധിക്ക് ഈ മാറ്റം വന്നത്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി ജാതി സമുദായ സെന്‍സസ്സിന് വേണ്ടി നിലകൊള്ളുന്നത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ്സിന് അകത്ത് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. കേരളത്തിലെ അവസ്ഥയും അതുതന്നെയാണ്.” (മെയ് 28, പ്രൊഫ. ടി.ബി വിജയകുമാര്‍, ന്യൂസ്ഗില്‍).

19. ജിഹാദി കൂട്ടിക്കൊടുപ്പും അല്‍ സുഡാപ്പിയും

2024ലെ ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് യുക്തിവാദിയും സാമൂഹിക പ്രവർത്തകനുമായ ബാന്‍ശ്രീ എഴുതി. എന്നാൽ ബാന്‍ശ്രീ എ.എസ്സിനെ ‘എക്‌സ് മുസ്ലിം’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരിഫ് ഹുസൈന്‍ തെരുവത്ത് സുഡാപ്പിയെന്ന് വിശേഷിപ്പിച്ചു:

ഇസ്‌ലാമോഫോബിയ ആശയപരമായി പ്രചരിപ്പിച്ചത് മുസ്ലീം ബ്രദര്‍ഹുഡാണെന്നും അതിനുവേണ്ടി പണം ചെലവഴിച്ചത് ഇറാനാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. തുടര്‍ന്ന് അദ്ദേഹം എഴുതി: “സ്വന്തം നാട്ടില്‍ ഹിന്ദുവേട്ട നടത്തി നടക്കുന്ന.. ഇസ്ലാം മതം ഉപേക്ഷിച്ചവരെ ചുട്ടുകൊല്ലുന്ന നാട്..! ഇത്രയും ചെയ്യുന്നവരുടെ സ്വഭാവം ഇതാണ് എങ്കില്‍… ഈ പണിക്ക് കഞ്ഞി വെക്കുന്ന നിങ്ങള്‍ ആരാണ്…? നല്ല അസ്സല്‍ ജിഹാദി കൂട്ടിക്കൊടുപ്പ്കാര്..! വെറുതെ സുഡാപ്പി എന്നൊന്നും വിളിച്ചാല്‍ പോര..! സ്വതന്ത്ര ചിന്തയുടെ ലേബല്‍ പതിച്ച വെറും ജിഹാദി കൂട്ടിക്കൊടുപ്പുകാരാണ് നിങ്ങള്‍..! നിങ്ങള്‍ എന്താണ് ചെയ്യുന്നത്..? തിന്നുകയും ഇല്ല… തീറ്റിക്കുകയും ഇല്ല.! അതായത് പുല്‍ത്തൊട്ടിയിലെ ചാവാലിപ്പട്ടി മാതിരി വഴി മുടക്കികള്‍..! അതുകൊണ്ട് നിങ്ങളുടെ ജിഹാദി കൂട്ടിക്കൊടുപ്പ് ഇവിടെ ചൂണ്ടി കാണിച്ചിരിക്കും..! ഒരു സംശയവും വേണ്ട.” (മെയ് 28, ആരിഫ് ഹുസൈന്‍ തെരുവത്ത്/ ഫേസ്ബുക്ക് പോസ്റ്റ്).

20. പാകിസ്താന്‍ മൊബൈല്‍ നമ്പര്‍

പെരുമ്പാവൂരില്‍ അസം സ്വദേശിയുടെ ഫോണില്‍ പാകിസ്താന്‍ നമ്പറുകളടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പ് കണ്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തു. മുബാറക് ഹുസൈന്‍ എന്ന അസം സ്വദേശി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ പൊലീസിനെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പൊലീസ് ഇയാളുടെ മൊബൈല്‍ പരിശോധിച്ചു. അതില്‍ പാകിസ്താന്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാകിസ്താന്‍ നമ്പറാണ് ഇതിന്റെ അഡ്മിനെന്നും ഫോണില്‍നിന്ന് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു (മെയ് 29, റിപ്പോര്‍ട്ടര്‍).

21. ഇസ്ലാം എന്ന പേപ്പട്ടി മതം

യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്ത് മതങ്ങളുടെ വയലന്‍സ് പ്രൊപ്പെന്‍സിറ്റി സ്‌കോര്‍ എന്ന പേരില്‍ ഒരു ഇന്‍ഫോഗ്രാഫിക്‌സ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ്‌ചെയ്തു. 1 എഡി മുതല്‍ 2025 വരെയുള്ള കാലത്ത് വിവിധ മതങ്ങളും കമ്മ്യൂണിസം, നാസിസം/ഫാസിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളും നടത്തിയ ഹിംസയെ താരതമ്യം ചെയ്യുന്ന ഒരു ചാര്‍ട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിനുവേണ്ടി വയലന്‍സ് പ്രൊപ്പന്‍സിറ്റി സ്‌കോര്‍ എന്ന ഒരു സങ്കല്‍പ്പം അദ്ദേഹം അവതരിപ്പിച്ചു. മതങ്ങളുടെ ഹിംസയെ സംബന്ധിച്ച ഈ ഡാറ്റ ചാറ്റ് ജിപിടി 0.3 പെയ്ഡ് വേര്‍ഷന്‍ ഡീപ്പ് റിസര്‍ച്ചിലൂടെ നല്‍കിയതാണെന്നാണ് ആരിഫ് ഹുസൈന്‍ അവകാശപ്പെട്ടത്. ആരിഫ് ഹുസൈന്‍ നല്‍കിയ സ്‌കോര്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ ഹിംസാത്മകമായത് ഇസ്‌ലാമാണ്. സ്‌കോര്‍ 8.8. തൊട്ടുതാഴെ 8.5 സ്‌കോറോടെ നാസിസം/ഫാസിസം. കമ്മ്യൂണിസം 7.3, ക്രിസ്ത്യാനിറ്റി 5.3, ജൂദായിസം 5.0, ഹിന്ദുയിസം 4.0, സിഖിസം 3.3, ബുദ്ധിസം 1.5 എന്നിങ്ങനെയാണ് മറ്റിതര മത/പ്രത്യയശാസ്ത്രങ്ങള്‍ നേടിയ സ്‌കോര്‍.

ഇതിന്റെ ആധികാരികതയെക്കുറിച്ച് വലിയൊരു ചര്‍ച്ച സൈബര്‍ ഇടങ്ങളില്‍ നടന്നു. ആക്റ്റിവിസ്റ്റായ രാഹുല്‍ ഈശ്വറും ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഒരു ലൈവ് ഡിബേറ്റ് രാഹുല്‍ ഈശ്വറിന്റെ ചാനലില്‍ (മെയ് 29, രാഹുല്‍ ഈശ്വര്‍ യുട്യൂബ് ചാനല്‍) സംഘടിപ്പിച്ചു. ആരിഫിന് ലഭിച്ച ഡാറ്റ ചാറ്റ് ജിപിടി പ്രോംപ്റ്റ് മാനിപുലേറ്റ് ചെയത് ലഭിച്ചതാണെന്നാണ് രാഹുലിന്റെ വാദം. ലോകത്തിലെ ഏറ്റവും വലിയ പേപ്പട്ടി മതം ഇ്‌സലാമാണെന്നായിരുന്നു ആരിഫ് ഉപസംഹരിച്ചത്.

യൂട്യൂബ് ലൈവിൽ നടന്ന രാഹുൽ ഈശ്വർ ആരിഫ് ഹുസൈൻ സംവാദം.

22. മ്യാന്‍മറിലെ ഭീകരവാദികള്‍

‘ഫലസ്തീന്‍ പതാക വച്ച് പാടുന്ന രാഷ്ട്രീയം രാജ്യത്തിന്റെ ദേശീയ ഐക്യത്തിന് അനുകൂലമെന്ന് തോന്നുന്നില്ലെന്ന്’ കേസരി പത്രാധിപര്‍ എന്‍.ആര്‍ മധു. വേടനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോരകുടിച്ച ദാഹം മാറാതെ അലയുന്ന എല്‍ടിടിഇയെക്കുറിച്ച് പാടുന്നതും സ്വന്തം പട്ടിക്ക് ബുദ്ധനെന്ന് പേരിടുന്നതും മ്യാന്‍മറില്‍നിന്നുവരുന്ന ഭീകരാവദികളെ പിന്തുണയ്ക്കുന്ന നയമാണ്. വേടന്‍ വിഘടനവാദിയാണ്. അറസ്റ്റിനുശേഷവും തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു (മെയ് 30, മീഡിയാവണ്‍).

23. ദുബയിലെ ഇടത്-ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിന്റെ ഗൂഢാലോചന!

മെയ് 25ന് ദുബയില്‍ കൊച്ചിന്‍ സര്‍വകലാശാല ബി-ടെക് അലുംനി അസോസിയേഷന്‍ നടത്തിയ കൂട്ടായ്മയില്‍ (മെമ്മറി സ്റ്റെപ്‌സ് 2025) പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുലും പങ്കെടുത്തു. ഇവര്‍ വേദിയിലെത്തുമ്പോള്‍ ‘ബൂം ബൂം’ മുഴക്കിയാണ് സദസ്സിലുള്ളവര്‍ വരവേറ്റത്. പഹല്‍ഗാം ആക്രമണ സമയത്ത് അഫ്രീദി ഇന്ത്യയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഇതൊരു വിവാദമായി മാറി. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറാണ് ആരോപണവുമായി ആദ്യം രംഗത്തുവന്നത്: “പരിപാടി സംഘടിപ്പിച്ചത് കേരളത്തിലെ ഇടത്-ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പാണ്. പരിപാടി ഇന്ത്യയെ അവമതിക്കുന്നതിന് തുല്യമാണ്. രാജ്യത്തിന് അപമാനകരം. പഹല്‍ഗാമില്‍ 26 ഇന്ത്യന്‍ ഹിന്ദുക്കളെയാണ് പാകിസ്താന്‍ ഭീകരവാദ സംഘടന കൊന്നത്.” – ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍ (മെയ് 31, ഓര്‍ഗനൈസര്‍).

സംഭവം വിവാദമായതോടെ സംഘടന വിശദീകരണവുമായി രംഗത്തുവന്നു: “പരിപാടി നടന്ന അതേ ദിവസം തന്നെ യുഎഇ പതാകയും ഗിന്നസ് ബുക്ക് റെക്കോര്‍ഡുമായി ബന്ധപ്പെട്ട ഒരു പരിപാടി കൂടി ഹാളില്‍ ഉണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ ഒരേ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുന്‍കൂട്ടി അറിയിക്കാതെയും ആവശ്യപ്പെടാതെയും എത്തുകയായിരുന്നു. സംഘാടക സംഘത്തിലെ ആരും, പൂര്‍വ്വ വിദ്യാര്‍ത്ഥി അംഗങ്ങളോ ഇരുവരെയും ക്ഷണിച്ചിട്ടില്ല.” (മെയ് 31, മാതൃഭൂമി).

മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്ത.

പക്ഷേ, ഓര്‍ഗനൈസറും മറുനാടന്‍ മലയാളിയും പോലുള്ള മാധ്യമങ്ങള്‍ വിവാദങ്ങള്‍ അവസാനിപ്പിച്ചില്ല. പുതിയ ആരോപണങ്ങളുമായി അവര്‍ രംഗത്തുവന്നു: “ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച് ആനയിച്ചത് സംഘടനയുടെ അധ്യക്ഷനായ വിവേക് ജയകുമാറാണ്. കുസാറ്റില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐയുടെ ഭാരവാഹിയായിരുന്നു വിവേക്. ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഇത്. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗോജ്ജ്വല പ്രവര്‍ത്തികളെ അപമാനിക്കുന്നതാണ് പ്രവാസികളായ മലയാളികളുടെ നടപടി. മലയാളി സംഘടനയുടെ ഒരു ചടങ്ങില്‍ അതിഥികളായി എത്തിയത് വലിയ ഗൂഢാലോചനയാണ്. ഓഡിറ്റോറിയം പാക് നിയന്ത്രണത്തിലാണ്. പാകിസ്താന്‍ അസോസിയേഷന്‍ ദുബായ് (പാഡ്) ഓഡിറ്റോറിയം എങ്ങനെ ഇവര്‍ക്ക് കിട്ടിയെന്ന് അന്വേഷണം നടത്തും. പരിപാടി എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് അപമാനമാണ്. ഭാരവാഹികളുടെ ലിസ്റ്റുകളും ഇവര്‍ പ്രസിദ്ധീകരിച്ചു. (മെയ് 31, മറുനാടന്‍ മലയാളി).

തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.

Also Read