

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ജൂൺ (1-30) റിപ്പോർട്ട്.
ജൂൺ മാസം ഉപതെരഞ്ഞെടുപ്പായതിനാൽ മറ്റ് രീതിയിലുള്ള പ്രചാരണങ്ങൾ കുറവായിരുന്നു. ജൂൺ മാസത്തെ റിപ്പോർട്ടിന്റെ ആദ്യ ഭാഗം തെരഞ്ഞെടുപ്പ് അനന്തര ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളാണ് രേഖപ്പെടുത്തിയത്. രണ്ടാം ഭാഗം മറ്റ് ചില പ്രചാരണങ്ങളെക്കുറിച്ചാണ്. പാക് ചാര പ്രവർത്തനം, ഭീകരവാദം, ഐസിസ്, ദേശവിരുദ്ധത, പലസ്തീൻ , ഇന്ത്യയുടെ അഖണ്ഡത, ലിംഗ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർ , വർഗീയ വാദികൾ, മതഭീകരത, പാക് പതാക, താലിബാനിസം, തീവ്രവാദം, മതരാഷ്ട്രം, ടിപ്പു സുൽത്താൻ, ജിഹാദ്, അഞ്ച് നേരത്തെ നിസ്കാരം തുടങ്ങിയ വിവിധ ഫ്രെയിമിങ്ങുകളിലും വിഷയങ്ങളിലും പതിനേഴോളം സംഭവങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
1. പാക് ചാര വ്ലോഗറുടെ സന്ദർശനം
പാകിസ്താന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയതായ കേസിൽ ട്രാവൽ വ്ലോഗറും ഹരിയാന ഹിസർ സ്വദേശിയുമായ ജ്യോതി മൽഹോത്രയെ ഹരിയാനയിൽ അറസ്റ്റ് ചെയ്തു. വ്ലോഗറോടൊപ്പം അഞ്ച് പേർ കൂടി അറസ്റ്റിലായി. പാകിസ്താൻ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ‘ട്രാവൽ വിത്ത് ജോ’ എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് അക്കൗണ്ടിന്റെ പേര്. ചാരക്കേസിൽ പിന്നീട് മറ്റ് ചിലരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു.
ഹിസാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ അനുസരിച്ച് 2023ൽ ജ്യോതി രണ്ട് തവണ പാകിസ്താൻ സന്ദർശിച്ചിട്ടുണ്ട്. അവിടെ വച്ച് ദില്ലിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി ബന്ധപ്പെട്ടു. പാകിസ്താൻ സന്ദർശനത്തിന് ശേഷവും ബന്ധം നിലനിർത്തിയിരുന്നു. ജ്യോതിയെ പാക് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി നൽകിയ ഡാനിഷിനെ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യൻ ഗവൺമെന്റ് അനഭിമതനായി പ്രഖ്യാപിക്കുകയും എംബസിയിലെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു (മെയ് 17, ദേശാഭിമാനി).
അറസ്റ്റ് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവർ കേരളം സന്ദർശിച്ച കാര്യവും സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടത്തിയതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. കൊച്ചിയിലെ ഷിപ്പ് യാർഡ് അടക്കമുള്ള സ്ഥാപനങ്ങളും ഇവർ സന്ദർശിച്ചിരുന്നുവത്രെ (മെയ് 20, ജനം ഓൺലൈൻ).
ക്ഷണിച്ചത് റിയാസിന്റെ വകുപ്പ്: കെ സുരേന്ദ്രൻ
താമസിയാതെ കേരളത്തെയും മുസ്ലീങ്ങളെയും ലക്ഷ്യമിട്ടുള്ള വാർത്തകളും ഇതോടൊപ്പം പ്രത്യക്ഷപ്പെട്ടു. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ വാദമനുസരിച്ച് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമാണ്: സ്‌പോൺസർ ടൂറിസം വകുപ്പായിരുന്നു. ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ മരുമകനായ റിയാസാണ്. വ്ലോഗറുടെ വീക്കങ്ങൾ ദുരൂഹമാണ്. അർബൻ നക്‌സലുകളുടെയും രാജ്യദ്രോഹ ശക്തികളുടെയും കേന്ദ്രമാണ് കേരളം. ഇങ്ങനെയൊരാളെ തന്നെ എന്തുകൊണ്ട് സർക്കാർ തെരഞ്ഞെടുത്തെന്ന് വ്യക്തമാക്കണം. ഇതുപോലെയുള്ള രാജ്യദ്രോഹികളെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിലെ മന്ത്രിമാർക്ക് താത്പര്യമുണ്ട്. ഇന്ത്യ തകർക്കുന്ന ശക്തികളെ പിന്തുണയ്ക്കാനാണ് അവർക്കിഷ്ടം. സർക്കാരോ ടൂറിസമോ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. വിവിധ സേനകളുടെ ട്രെയിനിംഗ് സെന്ററുകളുൾപ്പെടെയുള്ള കണ്ണൂർ ജില്ലയിൽ പാക് ചാര യാതൊരു തടസങ്ങളും ഇല്ലാതെ വന്നുപോയത് വളരെ ഗൗരവതരമായ വിഷയമാണ് (ജൂൺ 1, ജനം ടിവി).
ഈ വിഷയത്തിൽ അദ്ദേഹം എക്‌സിൽ പോസ്റ്റും ചെയ്തു: “പാക്-ചാരയായ ജ്യോതി മൽഹോത്രയുടെ കണ്ണൂർ യാത്ര സ്‌പോൺസർ ചെയ്തത് കേരള ടൂറിസമാണ്. പിണറായി വിജയന്റെ മരുമകനാണ് ഇത് നടത്തുന്നത്. അവർ ആരെയാണ് കണ്ടത്? അവർ എവിടെ പോയി? യഥാർത്ഥ അജണ്ട എന്താണ്? പാക് ബന്ധമുള്ള ഒരു ചാരയ്ക്ക് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നത്.” (ജൂൺ 1, ജനം ടിവി, മെയ് 31 സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്).


‘ഭീകരവാദ’ സംഘടനകളുമായി ബന്ധം
ജന്മഭൂമി നൽകിയ വാർത്തയനുസരിച്ച് ടൂറിസം പ്രചാരണത്തിനുവേണ്ടി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് വ്ലോഗർമാരെ ക്ഷണിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ജ്യോതി മൽഹോത്രയും എത്തിയത്. പ്രധാന ടൂറിസം കേന്ദ്രത്തിലേക്ക് യാത്ര നടത്താതെ തെയ്യം നടക്കുന്ന കണ്ണൂരിലെ വനശാസ്ത്രക്ഷേത്രം തിരഞ്ഞെടുത്തത് സംശയാസ്പദമാണ്. ഇവർ യാത്ര ചെയ്ത പ്രദേശങ്ങളിൽ ഭീകരവാദ സംഘടനകൾക്ക് ശക്തിയുണ്ടെന്നും ജന്മഭൂമി റിപോർട്ട് ചെയ്തു (ജൂൺ 1, ജന്മഭൂമി). സംഭവത്തിൽ രഹസ്യാന്വേഷണ വകുപ്പ് അന്വേഷണം ആരംഭിച്ചതായും ഇതേ പത്രം ഇതേ ദിവസം മറ്റൊരു വാർത്തയും നൽകി.
ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ ലഭിച്ചതായി ജൂൺ 6ാം തിയ്യതി ജന്മഭൂമി വീണ്ടും റിപ്പോർട്ട് ചെയ്തു. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇൻഫ്‌ളുവൻസേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയും ഉണ്ടെന്നായിരുന്നു. ഡൽഹിയിൽ നിന്ന് ബെംഗളുരുവിലെത്തിയ ജ്യോതി കണ്ണൂരിലാണ് വിമാനമിറങ്ങിയത്. കണ്ണൂരിൽ യാത്ര ചെയ്യുന്നതിന്റെയും തെയ്യം കാണുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി. വേതനവും സർക്കാർ നൽകിയെന്നായിരുന്നു അവരുടെ കണ്ടെത്തൽ (ജൂൺ 6, ജന്മഭൂമി).


ഐഎസ്സുമായി ബന്ധപ്പെടുത്തി ഓർഗനൈസർ
കൂടുതൽ വിശദാംശങ്ങളും ആരോപണങ്ങളുമായി ഓർഗനൈസറും വാർത്ത കൊടുത്തു. കാസർഗോഡിന്റെ കള്ളക്കടത്ത് ചരിത്രം, ഹവാലബന്ധം, ഐഎസ് ബന്ധം തുടങ്ങി പല ആരോപണങ്ങളും ഒരേ വാർത്തയിൽ സൂചന നൽകി: 2024 ഡിസംബറിൽ ജമ്മു കശ്മീരിലെ അഞ്ച് ദിവസത്തെ പര്യടനം പൂർത്തിയാക്കിയ ശേഷം 2025 ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. ജനുവരി 15 നാണ് കണ്ണൂരിലെത്തിയത്. കണ്ണൂരിലെ ആലക്കാടുള്ള കാശിപുരം വനശാസ്താ ക്ഷേത്രം സന്ദർശിച്ചു. ആലക്കാടിൽ നിന്ന് വെറും 17 കിലോമീറ്റർ അകലെയാണ് ഏഴിമല നാവിക പരിശീലന അക്കാദമി സ്ഥിതി ചെയ്യുന്നത്. കാസർഗോഡ് ജില്ലയിലെ കുപ്രസിദ്ധമായ പടന്ന ഗ്രാമത്തിൽ നിന്ന് ഏകദേശം മുപ്പത് മിനിറ്റ് മാത്രം അകലെയാണ് ഈ ആലക്കാട് (20 കിലോമീറ്റർ). പടന്നയിൽ നിന്നുള്ള ഏകദേശം 11 യുവാക്കൾ മുമ്പ് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിൽ ചേർന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. തീവ്രവാദ പ്രവർത്തനങ്ങളുടെയും ഹവാല പണ കൈമാറ്റങ്ങളുടെയും ദീർഘകാല ചരിത്രവും കാസർഗോഡ് ജില്ലയ്ക്കുണ്ട്. പിന്നീട്, കൊച്ചിയിലെ തന്ത്രപ്രധാന സ്ഥലങ്ങളും ജ്യോതി സന്ദർശിച്ചു. കേരളം സന്ദർശിച്ച് ഏകദേശം ഒരു മാസത്തിനുശേഷം, പാകിസ്താനിലേക്ക് പോയി. കാശ്മീരിലേക്കുള്ള യാത്രയ്ക്ക് ശേഷം അവർ കേരളം സന്ദർശിച്ചു, മഹാകുംഭമേളയിൽ പങ്കെടുത്തു, തുടർന്ന് പാകിസ്താനിലേക്ക് പോയി. ജ്യോതി മൽഹോത്രയുടെ സംശയാസ്പദമായ കേരള സന്ദർശനങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നതിനോ തീവ്രവാദ പ്രവർത്തനങ്ങൾക്കായി വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിനോ ലക്ഷ്യമിട്ടാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിൽ ജ്യോതിയെ കണ്ടുമുട്ടിയവരെ സമഗ്രമായി അന്വേഷിക്കണം (ജൂൺ 1, ഓർഗനൈസർ).


കേരളം രാജ്യവിരുദ്ധരെ സംരക്ഷിക്കുന്നു
രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ പാക്കിസ്ഥാനു കൈമാറിയതിന് അറസ്റ്റിലായ വ്‌ളോഗർ കേരളത്തിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു: സർക്കാർ ഖജനാവിൽ നിന്നുള്ള പണം ചെലവാക്കിയതിനാൽ പൊതു സമൂഹത്തിന് മുമ്പിൽ വിശദീകരിക്കാൻ റിയാസിന് ബാദ്ധ്യതയുണ്ട്. രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളത്. മുഹമ്മദ് റിയാസിന്റെ ക്ഷണപ്രകാരമാണ് അവർ കേരളത്തിൽ എത്തിയത്. എന്തുകൊണ്ട് ജ്യോതി മൽഹോത്രയെ ക്ഷണിച്ചു എന്നതിന് മുഹമ്മദ് റിയാസ് നിർബന്ധമായും മറുപടി നൽകണം. വിഷയത്തിൽ പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി കൃത്യമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം (ജൂലൈ 7, ജന്മഭൂമി).
പാക് ചാരയെ ഇടത് സർക്കാർ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പുനെവാലയും ചൂണ്ടിക്കാട്ടി: കണ്ണൂർ കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്ര ഉത്സവത്തിന്റെ വീഡിയോ ജ്യോതി പോസ്റ്റ് ചെയ്തിരുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും എത്തിയിരുന്നതായും സൂചനയുണ്ട്. ടൂറിസം പ്രചാരണത്തിനായാണ് എത്തിച്ചതെങ്കിൽ കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള മേഖലയിലേക്ക് യാത്ര നടത്താത്തതും തെയ്യം നടക്കുന്ന പറശ്ശിനിക്കടവ് ഉള്ളപ്പോൾ കണ്ണൂരിലെ വനശാസ്താക്ഷേത്രം എന്തിന് തെരഞ്ഞെടുത്തു എന്നതും സംശയം വർദ്ധിപ്പിക്കുന്നുണ്ട്. ഇവർ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ് (ജൂലൈ 7, ജന്മഭൂമി).
ഭാരത മാതാവിനെ തടയുകയും പാക് ചാരന്മാർക്ക് ചുവന്ന പരവതാനി വിരിക്കുകയുമാണ് ഇടത് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അന്വേഷണം നടത്തണമെന്നും കൂടി അദ്ദേഹം ആവശ്യപ്പെട്ടതായി ദി ഹിന്ദു റിപോർട്ടിൽ പറയുന്നു (ജൂലൈ 8, ദി ഹിന്ദു)
ക്ഷണിച്ചത് പി ആർ ഏജൻസി
ഇൻഫ്‌ളുവൻസർമാരെ കൊണ്ടുവരുന്നത് എംപാനൽഡ് ഏജൻസികളാണെന്നും അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്. ജ്യോതി മൽഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിൽ അവരുടെ വരവ് തടയുമായിരുന്നു. ബിജെപി ബോധപൂർവം വിവാദം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (ജൂലൈ 8, റിപ്പോർട്ടർ).
ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിൽ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു (ജൂലൈ 8, റിപ്പോർട്ടർ). ടൂറിസം മന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ അത്ഭുതം ഇല്ലെന്നും രാജ്യദ്രോഹ വിഷയങ്ങളിൽ കോൺഗ്രസ് സമീപനം ജനം കാണുന്നതാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
വന്ദേഭാരതിലും ജ്യോതി മൽഹോത്ര
വിവാദം പൊട്ടിപ്പുറപ്പെട്ട് ഏകദേശം ഒരു മാസത്തിനുശേഷം കേരളത്തിനും സിപിഎമ്മിനുമെതിരേ നടത്തിയ ഇസ്‌ലാമോഫോബിക് പ്രചാരണത്തിനു തിരിച്ചടിയെന്ന പോലെ മറ്റൊരു വാർത്ത പുറത്തുവന്നു. ഇതേ യുട്യൂബർ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 2023 ഏപ്രിലിൽ തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര യാത്രചെയ്തത്. വി മുരളീധരനോട് ജ്യോതി മൽഹോത്ര പ്രതികരണം തേടുന്നതും അദ്ദേഹം ട്രെയിൻ യാത്രയെ കുറിച്ച് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തൊട്ടടുത്ത സീറ്റിൽ ആരോപണം ഉന്നയിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനും ഉണ്ടായിരുന്നു.
ചാരവൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ കേന്ദ്ര മന്ത്രി വി. മുരളീധരനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2023 ഏപ്രിലിൽ തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര യാത്രചെയ്തത്. ഇന്ത്യൻ റെയിൽവേ തന്നെയാണ് ഇവരെ ക്ഷണിച്ചുവരുത്തിയതെന്ന് ദി ഹിന്ദു പത്രം റിപോർട്ട് ചെയ്തു (ജൂലൈ 8, ദി ഹിന്ദു).
ജ്യോതി മൽഹോത്ര താൻ ക്ഷണിച്ചിട്ടല്ല വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതെന്ന് വി മുരളീധരൻ കൈകഴുകി. സംസ്ഥാന സർക്കാരിന് രക്ഷപ്പെടാനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിലാക്കാൻ കഴിയില്ല. (ജൂലൈ 8, റിപ്പോർട്ടർ).
മറുപടി പറയേണ്ടത് വി മുരളീധരൻ
ചാരവൃത്തിക്ക് അറസ്റ്റിലായ വ്‌ലോഗർ ജ്യോതി മൽഹോത്രയെ ഡൽഹിയിൽ നിന്ന് രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർഗോഡ് എത്തിച്ചതാരാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ബിജെപിയെ നേരിട്ടു. പാക്കിസ്ഥാൻ ചാരയായ ജ്യോതി മൽഹോത്ര കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാൽ വി മുരളീധരന്റെ വന്ദേ ഭാരത് ഉദ്ഘാടന മഹാമഹ റിപ്പോർട്ടിംഗിന് വേണ്ടി അവർ 2023 സെപ്റ്റംബറിൽ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. മറുപടി പറയേണ്ടത് വി മുരളീധരനാണ്. ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണ്? ജ്യോതിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ? വാഗാ ബോർഡിൽ വച്ച് പാസ്‌പോർട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മൽഹോത്ര പറയുന്നത് ഹരിയാന ബിജെപി എന്നാണ് (ജൂലൈ 9, മാധ്യമം).


2. സൂഡിയോ ബഹിഷ്‌കരണം
ജൂൺ 3ാം തിയ്യതി എസ്‌ഐഒയുടെ നേതൃത്വത്തിൽ ഗസ വംശഹത്യക്കെതിരേയുള്ള പ്രതിഷേധ ക്യാമ്പയിൻ നടന്നു. വംശഹത്യക്ക് സഹായമൊരുക്കുന്നവരെ ബഹിഷ്‌കരിക്കുകയെന്നതായിരുന്നു ക്യാമ്പയിൻ ലക്ഷ്യമിട്ടത്. അതിന്റെ ഭാഗമായി ടാറ്റയുടെ വസ്ത്രവ്യാപാര ശൃംഖലയായ സൂഡിയോയുടെ കോഴിക്കോട് ശാഖയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഇതിനെതിരേ സൈബർ സ്‌പെസിലും പുറത്തും വലിയ ആക്രമണമാണ് നടന്നത്. ബിഡിഎസ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു ബഹിഷ്‌കരണ പരിപാടി.
ടാറ്റ ബഹിഷ്‌കരണം ഇന്ത്യയെ ബഹിഷ്‌കരിക്കുന്നപോലെയാണെന്നും പഹൽഗാം ആക്രമണത്തിന്റെ സമയത്ത് ഇങ്ങനെയൊരു സമരം നടത്തുന്നത് ശരിയല്ലെന്നും അമേരിക്കൻ വസ്തുക്കൾ ബഹിഷ്‌കരിക്കാതെ ടാറ്റയെ ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്നുമൊക്കെയായിരുന്നു ഉയർന്നുവന്ന വിമർശനങ്ങൾ. പഹൽഗാമിൽ ആക്രമണം നടത്തിയവർ തുർക്കിയിൽനിന്നുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തിൽ തുർക്കിയെ എന്തുകൊണ്ട് ബഹിഷ്‌കരിക്കുന്നില്ലെന്നുമുള്ള ചോദ്യവും ഉയർന്നു.
സുഡാപ്പികൾ ഇന്ത്യ കെട്ടിപ്പടുത്തവർക്കെതിരേ
എസ്‌ഐഓയുടെ ബഹിഷ്‌കരണാഹ്വാനത്തെ ‘സുഡാപ്പികൾ ടാറ്റക്കെതിരേ’ എന്നാണ് മറുനാടൻ മലയാളിയുടെ വാർത്ത വിശേഷിപ്പിച്ചത്. ഇന്ത്യയെ വ്യാവസായികമായി വളർത്തുന്നതിൽ പങ്കുവഹിച്ചവരാണ് ടാറ്റയെന്നും വാർത്തയിൽ പറയുന്നു: ഇന്ത്യാക്കാരെ നേരിട്ട് ബാധിക്കാതെ, ലോകത്തിന്റെ മറ്റൊരു കോണിൽ നടക്കുന്ന പ്രശ്‌നത്തിന്റെ പേരിൽ ഒരു വിഭാഗം മലയാളികൾ ഒരു ഇന്ത്യൻ കമ്പനിയെ തന്നെ ബഹിഷ്‌കരിച്ചാൽ എങ്ങനെയിരിക്കും. അതും ഇന്ത്യയെ ഒരു വ്യാവസായിക ശക്തിയായി വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ടാറ്റയെ തന്നെ. അത്തരമൊരു കോപ്രായവും കഴിഞ്ഞ ദിവസം കോഴിക്കോട് അരങ്ങേറി. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ എസ്‌ഐഒയാണ്, ടാറ്റയുടെ വസ്ത്രനിർമ്മാണ ശൃഖലയായ സൂഡിയോവിലേക്ക് മാർച്ച് നടത്തുകയും കമ്പനിയെ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തത്. ഗസ്സയിലെ കുഞ്ഞുങ്ങളെയടക്കം കൊല്ലാക്കൊല ചെയ്യുന്ന ഇസ്രയേലിനെ പിന്തുണക്കുന്ന ബ്രാൻഡുകളെ തങ്ങൾ ബഹിഷ്‌ക്കരിക്കുമെന്നാണ് എസ്‌ഐഒ പറയുന്നത്. കോഴിക്കോട് സൂഡിയോ ഔട്ട്‌ലെറ്റിലേക്ക് ഇന്നലെ ഫലസ്തീൻ പതാകയുമായി എസ്‌ഐഒ മാർച്ചും നടത്തി. പ്രതിഷേധക്കാരെ ‘സുഡാപ്പികൾ’ എന്നാണ് വാർത്തയുടെ ശീർഷകത്തിൽ മറുനാടൻ മലയാളി വിശദീകരിച്ചത് (സുഡിയോയെ ബഹിഷ്‌ക്കരിച്ച് ‘സുഡാപ്പികൾ’! പെരുന്നാളിന് വസ്ത്രമെടുക്കരുത്; ടാറ്റയുടെ ഷോറൂമിലേക്ക് മാർച്ച് നടത്തി എസ്‌ഐഒ; ടിസിഎസ് പാസ്‌പോർട്ട് പ്രോസസ് ചെയ്യുന്നതിനാൽ അതും ബഹിഷ്‌ക്കരിക്കുമോ എന്ന് ചോദ്യം; ഗസ്സയുടെ പേരിൽ മലയാളികൾ ഇന്ത്യൻ കമ്പനികളെ ബഹിഷ്‌ക്കരിക്കുമ്പോൾ, ജൂൺ 4, മറുനാടൻ മലയാളി).
അടുത്ത ദിവസം മറുനാടൻ മലയാളിയുടെ എഡിറ്ററും ഉടമയുമായ സാജൻ സ്‌കറിയ ഫേസ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടു: ഇതുവരെ സൂഡിയോയിൽ കയറിയിട്ടില്ല. മൗദൂദികൾക്ക് കുരുപൊട്ടിയപ്പോഴാണ് ശ്രദ്ധിക്കുന്നത് തന്നെ. ഭീകരവാദികളെ തുരത്താൻ ഈ ബ്രാൻഡിന് പങ്കുണ്ടെങ്കിൽ പിന്നെ ഇവരെ തുണക്കാതിരിക്കാൻ പറ്റുമോ? ഇനി ഖാദിയല്ലാത്ത വല്ല തുണിയും വാങ്ങുന്നെങ്കിൽ സൂഡിയോയിൽ നിന്ന് മാത്രം (ജൂൺ 7, സാജൻ സ്‌കറിയ/ ഫേസ്ബുക്ക്).


ആധുനിക ഇന്ത്യ കെട്ടിപ്പടുത്തവർക്കെതിരേ
ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവച്ച ടാറ്റയ്‌ക്കെതിരെയാണ് ജമാ അത്തെ ഇസ്ലാമി പരസ്യമായി രംഗത്ത് വന്നതെന്നാണ് സൗത്ത് ലൈവ് അവരുടെ വാർത്തയിൽ ആരോപിച്ചത്: ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അഡിഡാസ്, എച്ച്ആൻഎം, ടോമി ഫിൽഫിഗർ, കാൽവിൻ ക്ലെയിൻ, വിക്ടോറിയൻ സീക്രട്ട്, ടോം ഫോർഡ്, സ്‌കേച്ചേഴ്‌സ്, പ്രാഡ, ഡിയോർ, ഷനേൽ എന്നീ ബ്രാൻഡുകളെ ഒഴിവാക്കണമെന്നും എസ്‌ഐഒ ആഹ്വാനം ചെയ്തിട്ടുണ്ട്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവച്ച ടാറ്റയ്‌ക്കെതിരെയാണ് ജമാ അത്തെ ഇസ്ലാമി പരസ്യമായി രംഗത്ത് വന്നത് (‘പെരുന്നാളിന് സുഡിയോ വസ്ത്രം വേണ്ട’; ടാറ്റക്കെതിരെ ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടന, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബ്രാൻഡുകളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം, ജൂൺ 5, സൗത്ത് ലൈവ്)
പരിഹാസം വാർത്തയാക്കി ഏഷ്യാനെറ്റ്
ഏഷ്യാനെറ്റ് ന്യൂസ് സൂഡിയോ ബഹിഷ്‌കരണ വാർത്തക്ക് തങ്ങളുടെ ചാനലിൽ ഇടം നൽകിയില്ല. എന്നാൽ സൂഡിയോ ബഹിഷ്‌കരിക്കണത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ വന്ന പരിഹാസങ്ങൾ ശേഖരിച്ച് വാർത്തയാക്കി (ടാറ്റ ഇസ്രയേലുമായി സഹകരിക്കുന്നു; സുഡിയോ ബഹിഷ്‌കരിക്കണം; വിമർശനവും പരിഹാസവുമായി സോഷ്യൽ ഇടങ്ങൾ, ജൂൺ 6, ഏഷ്യാനെറ്റ് ന്യൂസ്).
സൂഡിയോ ബഹിഷ്‌കരിക്കണത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വന്ന പരിഹാസങ്ങൾ ശേഖരിച്ച് ഏഷ്യാനെറ്റ് നൽകിയ വാർത്ത.
ടാറ്റയോട് പിള്ളേരുകളി
ടാറ്റയോടോ പിള്ളേരുകളി? എന്ന ശീർഷകത്തിൽ സൂഡിയോ ബഹിഷ്‌കരണത്തെക്കുറിച്ച് ജനം ടിവി ജൂൺ 6ാം തിയ്യതി ഒരു ഡിബേറ്റ് സംഘടിപ്പിച്ചു. ചർച്ചയിൽ എസ്‌ഐഓ പ്രതിനിധിയെ വിളിച്ചെങ്കിലും അവർ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചു. എസ്‌ഐഒക്ക് ചോദ്യങ്ങളെ നേരിടാൻ ചങ്കുറപ്പില്ലെന്നായിരുന്നു അവതാരകൻ അനിൽ നമ്പ്യാർ പരിഹസിച്ചത്. സംഘപരിവാർ പ്രവർത്തകരോ സഹയാത്രികരോ ആയ വിപിൻ കൂടിയേടത്ത്, ആർ വി ബാബു എന്നിവരായിരുന്നു ഡിബേറ്റിൽ പാനലിസ്റ്റുകളായി വന്നത്. ഇടതുനിരീക്ഷകനെന്ന പേരിൽ വെമ്പായം നസീറും എക്‌സ് മുസ്ലീം ജാമിതടീച്ചറും പങ്കെടുത്തു (ടാറ്റയോടോ പിള്ളേരുകളി? ജൂൺ 6, ജനം ടിവി).


ടാറ്റ രാജ്യത്തിന്റെ വൈകാരികതയും ദേശീയതയുമായി അടുത്തു നിൽക്കുന്ന കമ്പനിയാണെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ അഭിപ്രായം. ഇസ്രായേലിനോട് സഹകരിക്കുന്നതാണ് ബഹിഷ്‌കരണ കാമ്പയിന്റെ കാരണമായി പറയുന്നതെങ്കിൽ ഇസ്രായേലിനോട് സഹകരിക്കുന്ന ഇന്ത്യയെ ബഹിഷ്‌കരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു: പഹൽഗാം യുദ്ധത്തിൽ ഇന്ത്യ ഇസ്രായേൽ നൽകിയ ആയുധമാണ് ഉപയോഗിച്ചത്. പാകിസ്താനെതിരേ നടന്ന യുദ്ധങ്ങളിലും അതാണ് ഉപയോഗിച്ചത്. അതിന്റെ പേരിൽ ഇന്ത്യയെ ബഹിഷ്‌കരിക്കുമോ? രാജ്യത്തെ സാമ്പത്തികമായി ദുർബലപ്പെടുത്താനുള്ള ഗൂഢാലോചയുടെ ഭാഗമാണ് സൂഡിയോ ബഹിഷ്‌കരണം. മുസ്ലീം സമൂഹത്തെയും ഹിന്ദു സമൂഹത്തെയും വിഘടിപ്പിക്കുക, ഭീകരപ്രവർത്തനം നടത്തുക, മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുക, മുസ്ലീങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന് പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണം ഉണ്ടാക്കി കലാപങ്ങളിലേക്ക് അവരെ തള്ളിവിടുക- ഇതൊക്കെയാണ് എസ്‌ഐഒയുടെ ലക്ഷ്യം. ഇന്ത്യയോടുള്ള യുദ്ധപ്രഖ്യാപനമായാണ് ബഹിഷ്‌കരണത്തെ അദ്ദേഹം വ്യാഖ്യാനിച്ചത്. ഇടതുപ്രതിനിധിയായ വെമ്പായം നസീർ ബഹിഷ്‌കരണത്തെ ഇന്ത്യാ വിരുദ്ധതയായി വ്യാഖ്യാനിച്ചതിനോട് വിയോജിച്ചു.


അഖണ്ഡതക്കെതിരേയുള്ള യുദ്ധം
ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവും അഭിഭാഷകനുമായി അഭിലാഷ് എം ആർ സൂഡിയോ ബഹിഷ്‌കരണത്തെ രാജ്യവിരുദ്ധതയുമായി ബന്ധപ്പെടുത്തി. അദ്ദേഹം എഫ്ബിയിൽ എഴുതിയ കുറിപ്പ് ഇങ്ങനെ: ഇസ്രയേലുമായി പ്രതിരോധരംഗത്തു കൂടുതൽ സഹകരിച്ചാൽ നാളെ നിങ്ങൾ ഇന്ത്യയെ ബഹിഷ്‌കരിക്കുമോ? ഇത് കൊടിയ രാജ്യവിരുദ്ധതയുടെ എളിയ തുടക്കമാണ്. ഇന്ത്യയുടെ അഖണ്ഡതക്കെതിരായ യുദ്ധമാണ്. അകറ്റി നിറുത്തുക. അല്ലെങ്കിൽ അപകടമാണ്(അഭിലാഷ് എം ആർ, ജൂൺ 6, ഫേസ്ബുക്ക്/ അഭിലാഷ് എം ആർ).
അടുത്ത ദിവസം തന്റെ അഭിപ്രായം അദ്ദേഹം കുറച്ചുകൂടെ വ്യക്തതയോടെ വിശദീകരിച്ചു: സൂഡിയോ ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനം ചെയ്തു പാവപ്പെട്ട വിശ്വാസികളെ വഴിതെറ്റിക്കുന്ന,അവരുടെ മനസ്സിൽ പിറന്ന നാടിന്റെ വിദേശകാര്യ നയത്തിന്റെ ഭാഗമായ കരാറിന്റെ വെളിച്ചത്തിൽ പ്രതിരോധസഹകരണം നടത്തുന്ന ടാറ്റയ്ക്ക് എതിരെ വിഭാഗീയമായ പ്രചാരണം നടത്തുന്നതു വഴി നാടിന്റെ ഒരുമക്കും അഖണ്ഡതക്കും തുരങ്കം വെയ്ക്കുന്ന സംഘടനകളും അവരുടെ കയ്യാളുകളും ഒഴികെയുള്ള എല്ലാ സഹോദരി സഹോദരന്മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഈദ് മുബാറക് (അഭിലാഷ് എം ആർ, ജൂൺ 7, ഫേസ്ബുക്ക്/ അഭിലാഷ് എം ആർ).
ബഹിഷ്‌കരണത്തിനെതിരെ സൂഡിയോ സന്ദർശനം
ബഹിഷ്‌കരണം വന്ന നിലയ്ക്ക് താൻ എന്തായാലും സൂഡിയോയിൽ കയറുമെന്ന് കോൺഗ്രസ് നേതാവ് രാജു പി നായർ പരിഹസിച്ചു: പൊതുവെ സൂഡിയോയിൽ അങ്ങനെ കയറാറില്ലായിരുന്നു. ഇനി കയറണം. ചില ബഹിഷ്‌കരണങ്ങൾ പരസ്യം കൂടിയാണ്! പോരാട്ടം എന്തിനോടാണെന്നും ആരോടാണെന്നും എങ്ങനെ വേണമെന്നും വ്യക്തതയില്ലാത്തവരുടെ പിപ്പിടി വേലയ്ക്ക് മുന്നിൽ പോയി പെടാൻ താല്പര്യമില്ല. അവര് ചെയ്തല്ലോ എന്ന് ചോദിക്കാനാണെങ്കിൽ അവരായാൽ പോരെ? ആർ.എസ്.എസിന് കളസം ഉണ്ടാക്കി കൊടുക്കുന്ന തയ്യൽക്കാരനെ കണ്ടുപിടിച്ച് ബഹിഷ്‌കരിച്ചാൽ ഹിന്ദുത്വ തീവ്രവാദത്തെ തോൽപ്പിക്കാമെന്ന് ചിന്തിക്കുന്ന പോലെ അബദ്ധജഢിലമാണ് അത് (രാജു പി നായർ, ജൂൺ 7, ഫേസ്ബുക്ക്/ രാജു പി നായർ).
ജമാഅത്തെ ഇസ്ലാമിക്ക് വ്യാപാര താൽപര്യം!
സൂഡിയോ ബഹിഷ്‌കരണ ക്യാമ്പയിൻ നടത്തിയ ജമാഅത്തെ ഇസ്ലാമിക്ക് വ്യാപാരതാൽപര്യമാണെന്നാണ് കാസ എന്ന സംഘടനയുടെ സ്ഥാപകരിലൊരാളായ കെവിൻ പീറ്റർ പറയുന്നത്. ലുലു പോലുള്ള മുസ്ലീം മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെ വിറ്റുവരവ് കുറഞ്ഞ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് താങ്ങാവുന്ന വസ്ത്രം വിൽക്കുന്ന സൂഡിയോയെ ലക്ഷ്യംവച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു: ഒരു പട്ടണത്തിൽ ടാറ്റയുടെ അഞ്ച് തരം വസ്ത്ര വ്യാപാരശാലകളാണ് ഉള്ളത്. അപ്പർ ക്ലാസുകൾക്ക് വേണ്ടി വെസ്റ്റ് സൈഡ്, സാറ, ഉസ്ത, ടെനെയ്‌റ എന്നിവയും ഇടത്തരക്കാർക്ക് സാധാരണക്കാർക്കും വേണ്ടി സൂഡിയോയും. ഇതിൽ വില കുറഞ്ഞ ഗുണമേന്മയുള്ള പുത്തൻ ഫാഷൻ വസ്ത്രങ്ങൾ വിൽക്കുന്ന സൂഡിയോക്ക് എതിരെ മാത്രം എന്താണ് ഇസ്രയേലിന്റെ പേരും പറഞ്ഞ് ജമാഅത്തെ ഇസ്ലാമിക്കാർ ബഹിഷ്‌കരിക്കാൻ ഇറങ്ങിയത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അതിന് ഒരേയൊരു കാരണമേയുള്ളൂ ലുലു മാൾ മുതൽ ഇടത്തരം ചെറുകിട തുണിക്കടകൾ വരെയുള്ളവയിൽ സൂഡിയോയുടെ വരവ് മൂലം ബിസിനസ് പകുതിയിലധികമായി കുറഞ്ഞിരിക്കുന്നു.


തുടർന്ന് അദ്ദേഹം ഇതിനെ ‘വഹാബി ഫണ്ടു’മായി ബന്ധപ്പെടുത്തുന്നു: എറണാകുളം തിരുവനന്തപുരം കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ പട്ടണങ്ങൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ ജില്ലകളിലും ചെറുകിട വസ്ത്ര വ്യാപാര ശാലകൾ, ഹോട്ടലുകൾ ഇവ തുടങ്ങുന്നതിനു വേണ്ടി ചെറിയ ലാഭവിഹിതം മാത്രം സ്വീകരിച്ചുകൊണ്ട് പലിശരഹിത വായ്പയായി കോടിക്കണക്കിന് രൂപയാണ് ജമാഅത്തെ ഇസ്ലാമി വഹാബി ഫണ്ട് ഇറക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള പുത്തൻ ഫാഷൻ വസ്ത്രങ്ങൾ വിൽക്കുന്ന സൂഡിയോ വന്നതോടെ ഇത്തരം വസ്ത്രശാലകളിലെ വിറ്റു വരവ് പകുതിയിലേറെയായി കുറഞ്ഞതാണ് ജമാഅത്തെ ഇസ്ലാമിയുടെ സൂഡിയോ ബഹിഷ്‌കരണത്തിന്റെ പ്രധാന കാരണം (ജൂൺ 7, ഫേസ്ബുക്ക് /കെവിൻ പീറ്റർ).


പഹൽഗാമും ബോയ്‌കോട്ട് അജണ്ടയും
ന്യൂസ് 18 കേരളയും ഇതേ വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. പഹൽഗാം വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങളീ ചർച്ച സംഘടിപ്പിക്കുന്നതെന്നായിരുന്നു അവതാരകയുടെ ആമുഖ കമന്റ്. പെരുന്നാൾ സമയത്ത് ഇത്തരമൊരു സമരം നടത്തുന്ന യുക്തിയും ചോദ്യം ചെയ്തു. പഹൽഗാം ആക്രമണത്തിൽ ഇസ്രായേലിന്റെ പിന്തുണ വന്ന സാഹചര്യത്തിൽ ആ ആക്രമണങ്ങളോട് നിശ്ശബ്ദത പാലിക്കുന്നത് ശരിയാണോയെന്ന് സംഘപരിവാർ ചോദിക്കുന്നുണ്ടെന്നും അതിൽ കഴമ്പില്ലേയെന്നുമായിരുന്നും അവർ എസ്‌ഐഓ പ്രതിനിധി ഷഫാഖ് കക്കോടിയോട് ചോദിച്ചത്.
ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി സഹകരിക്കുമ്പോൾ ഇവിടെയെന്തിന് പ്രതിഷേധിക്കണമെന്നായിരുന്നു എഴുത്തുകാരനായ എ എം ഷിനാസിന്റെ ചോദ്യം. ഗസയിലെ ആക്രമണത്തെ പിന്തുണയ്ക്കുന്ന അമേരിക്കയിൽ ജമാഅത്തെ ഇസ്ലാമിക്കാരുടെ മക്കൾ പഠിക്കാൻ പോകുന്നുണ്ട്, അമേരിക്കയുടെ ഉൽപ്പനങ്ങൾ എസ്‌ഐഓ ബഹിഷ്‌കരിക്കാൻ പറയുന്നില്ല- ഇതായിരുന്നു ഷിനാസിന്റെ മറ്റൊരു യുക്തി (‘ടാറ്റ സൂഡിയോ’ ബോയ്‌കോട്ട് പ്രഹസനമോ, അജണ്ടയോ? ജൂൺ 7, ന്യൂസ് 18 കേരളം).


ബഹിഷ്‌കരണത്തിന് പുല്ലുവില
‘ജമാഅത്തെ ഇസ്ലാമിയുടെ ബഹിഷ്‌കരണത്തിന് പുല്ലുവില’ എന്ന ശീർഷകത്തിൽ ജൂൺ 7ാം തിയ്യതി ജനം ടിവി ഒരു വാർത്ത പ്രസിദ്ധീകരിച്ചു. സൂഡിയോ ബഹിഷ്‌കരണം പരാജയപ്പെട്ടുവെന്നായിരുന്നു വാർത്തയുടെ സാരം (ജമാഅത്തെ ഇസ്ലാമിയുടെ ബഹിഷ്‌കരണത്തിന് പുല്ലുവില പെരുന്നാൾ വേളയിൽ സൂഡിയോയിൽ വൻ തിരക്ക്, ജൂൺ 7, ജനം ടിവി).


ഇന്ന് സൂഡിയോ ബഹിഷ്‌കരിക്കുന്നവർ നാളെ ഇന്ത്യയെ ബഹിഷ്‌കരിക്കും
സൂഡിയോ ബഹിഷ്‌കരണത്തിനെതിരേയുള്ള പ്രചാരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ബിജെപി നേതാവ് കെ സുരേന്ദ്രനും സൂഡിയോ സന്ദർശിച്ചു. ഇതിന്റെ ഫോട്ടോ ഒരു കുറിപ്പോടൊപ്പം ഫേസ്ബുക്കിലും പങ്കുവച്ചു: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ ടാറ്റക്കെതിരെ മതതീവ്രവാദികൾ നടത്തുന്ന ബഹിഷ്‌കരണ ആഹ്വാനം രാജ്യത്തിനെതിരെയുള്ള കലാപാഹ്വാനമാണ്. ഇസ്രായേലിനെ അനുകൂലിച്ചതിന്റെ പേരിൽ ഇന്ന് സുഡിയോയെ എതിർക്കുന്നവർ നാളെ ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന് ഉറപ്പാണ്. ഈ രാജ്യവിരുദ്ധ പ്രവർത്തനം മുളയിലേ നുള്ളേണ്ടിയിരിക്കുന്നു. മതഭീകരതയോടു കോൺഗ്രസും സിപിഎമ്മും കാണിക്കുന്ന മൃദുസമീപനം നാടിനാപത്താണ് (ജൂൺ 7, ഫേസ്ബുക്ക്/ കെ സുരേന്ദ്രൻ).
ജമാഅത്തെ ഇസ്ലാമി ശബ്ദിക്കുന്നത് ആർക്കുവേണ്ടി?
ഇതേ കുറിച്ച് ഷാക്കിന യുട്യൂബ് ചാനൽ ഒരു ഡിബേറ്റ് സംഘടിപ്പിച്ചു, ‘ജമാഅത്തെ ഇസ്ലാമി ശബ്ദിക്കുന്നത് ആർക്കുവേണ്ടി’ എന്ന ശീർഷകത്തിൽ (ജൂൺ 7, ഷാക്കിന ടിവി). ജമാഅത്തെ ഇസ്ലാമി ചിന്തിക്കുന്നതുപോലെ ക്രൈസ്തവരും ഹൈന്ദവരും ചിന്തിച്ചാൽ എന്തു സംഭവിക്കുമെന്നാണ് ചർച്ചയിൽ പങ്കെടുത്ത ഫാ. സബിൻ തുമുള്ളിൽ ചോദിച്ചത്: ദേശീയസ്വഭാവവും രാജ്യത്തോട് പ്രതിബദ്ധതയുമുള്ള ടാറ്റ പോലുള്ള സംവിധാനത്തെയാണ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ മുസ്‌ലീം സമുദായം മാത്രം മുസ്ലീങ്ങളുടെ കടയിൽനിന്ന് സാധനം വാങ്ങിയാൽ മതിയോ? രാഷ്ട്രീയസംവിധാനങ്ങൾ അന്ധമായി രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കുന്നു. പശുവിറച്ചി കഴിക്കുന്നത് തെറ്റാണെന്ന് ആർഎസ്എസ്സുകാർ പറഞ്ഞതിന്റെ പേരിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഒരു പ്രത്യേക ഭക്ഷണം കഴിച്ചാൽ ഞങ്ങൾ ആക്രമിക്കുമെന്നു പറയുന്ന അതേ ശൈലിതന്നെയാണ് ഇതും. ഇസ്ലാമിക രീതിയിലുള്ള ഭക്ഷണം മാത്രമേ ഞങ്ങൾ കഴിക്കൂ എന്നാണ് മുസ്ലീങ്ങൾ പറയുന്നത്. അതുതന്നെ മറ്റുള്ളവരും കഴിക്കണമെന്നാണ് വാദം. അതാണ് ഹലാൽ ഭക്ഷണം.


മേഘയും മൗദൂദികളും ഒരു പോലല്ല!
മെയ് 31ന് ചന്ദ്രിക ദിനപത്രം ഒരു വീഡിയോ പ്രിസിദ്ധീകരിച്ചു. മെയ് അവസാന വാരത്തിൽ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഗ്രാജുവേഷൻ പരിപാടിയ്ക്ക് മുൻപ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു ചടങ്ങിൽ മേഘ വെമുരി എന്ന ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ഒരു പ്രസംഗം നടത്തി. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും സർവ്വകലാശാല അതിനു കൂട്ടുനിൽക്കുകയാണെന്നും അതവസാനിപ്പിക്കണമെന്നും അവൾ ആവശ്യപ്പെട്ടു. ആ പ്രസംഗത്തിന്റെ പേരിൽ മേഘയും കുടുംബവും നടപടി നേരിട്ടു. പരിപാടിയിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചു. മേഘയ്‌ക്കെതിരേ വലിയ ഓൺലൈൻ പ്രതിഷേധവും അരങ്ങേറി.
ഈ വാർത്ത ചന്ദ്രിക ദിനപത്രം ‘ട്രംപിന്റെ ഭീഷണിക്കിടയിലും ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് യു.എസിലെ ഇന്ത്യൻ വിദ്യാർഥിനി’ എന്ന ശീർഷകത്തിൽ ഒരു വീഡിയോ വാർത്ത പങ്കുവച്ചു (മെയ് 31, ചന്ദ്രിക). ഈ വാർത്തക്കിടയിൽ നിരവധി പേർ ഇസ്രയേലിനെ ന്യായീകരിച്ച് രംഗത്തുവന്നു.
ഈ സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകനായ കെ .ജെ ജേക്കബ്ബ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡിയിൽ ഒരു കുറിപ്പ് പങ്കുവച്ചു (ജൂൺ 8, ഫേസ്ബുക്ക്/ കെ.ജെ ജേക്കബ്). ചന്ദ്രിക പത്രത്തിലെ വാർത്തയോട് പ്രതികരിച്ചവരെ വിമർശിക്കുന്നതായിരുന്നു പോസ്റ്റ്. ഫലസ്തീന്റെ അവകാശത്തെ അദ്ദേഹം ഉയർത്തിപ്പിടിക്കുകയും ചെയ്തു.
ഈ പോസ്റ്റിൽ അദ്ദേഹം എഴുതിയ കമന്റിൽ മേഘയുടെ ബഹിഷ്‌കരണാഹ്വാനത്തെയും എസ്‌ഐഒയുടെ ബഹിഷ്‌കരണാഹ്വാനത്തെയും പരസ്പരം താരതമ്യം ചെയ്തു. എസ്‌ഐഓയുടെ ബഹിഷ്‌കരാഹ്വാനത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം: മതവാദികൾക്ക് ബഹിഷ്‌കരണത്തിൽ കാര്യമില്ല. സർവകലാശാല പോലെയല്ല, വ്യവസായഗ്രൂപ്പിന്റെ കാര്യം. മേഘ പറഞ്ഞതിനെ ഇവിടെയുള്ള മൗദൂദി സുടാപ്പി സഖ്യം ടാറ്റ ഗ്രൂപ്പിനെതിരെ നടത്തുന്ന പ്രചാരണവുമായി കൂട്ടിക്കെട്ടില്ല. ഒന്ന് മതവാദികൾക്കു ഇതിൽ കാര്യമില്ല. രണ്ട് സർവ്വകലാശാലയും വ്യവസായഗ്രൂപ്പും രണ്ടും രണ്ടു ആശയങ്ങളാണ്. അത് ഇക്കൂട്ടർക്ക് മനസിലാകില്ല. സംശയമുള്ളവർ അറബ് രാജ്യങ്ങൾക്കു ഇസ്രയേലുമായുള്ള വ്യാപാര വ്യവസായ ബന്ധം നോക്കിയാൽ മതി.


ജനകീയ പ്രസ്ഥാനങ്ങളും ബഹിഷ്കരണ രാഷ്ട്രീയവും
ഭരണകൂട നിലപാടുകളല്ല, ജനകീയ പ്രസ്ഥാനങ്ങളാണ് ഫലസ്തീന് ഐക്യദാർഢ്യത്തിന്റെ പ്രാഥമിക അടിസ്ഥാനം. ഫലസ്തീൻ അനുകൂല ബോയ്കോട്ട്, ഡൈവസ്റ്റ്മെന്റ്, സാൻക്ഷൻ ( ബിഡിഎസ്) എന്ന ജനകീയ പ്രസ്ഥാനം കോർപറേറ്റ് വ്യവസായ ഗ്രൂപ്പുകളെ തന്നെ ലക്ഷ്യം വെച്ചുള്ള കാമ്പയിന്റെ ഭാഗമായി ബഹിഷ്കരണത്തിനു ആഹ്വാനം ചെയ്തിട്ടുണ്ട് (ഒമർ ബർഗൂത്തി എഴുതിയ ബോയ്കോട്ട്, ഡൈവസ്റ്റ്മെന്റ്, സാൻക്ഷൻ: ദി ഗ്ലോബൽ സ്ട്രഗ്ൾ ഫോർ പാലസ്തീനിയൻ റൈറ്റ്സ് (2011, ഹേമാർക്കറ്റ് ബുക്സ്) എന്ന പുസ്തകം കാണുക). ജനമനസാക്ഷിയാണ് (പീപ്പിൾ കോൺസയൻസ്), ഭരണകൂടങ്ങളല്ല ഫലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ ചാലകശക്തിയെന്നു ഒമർ ബർഗൂതി വിശദീകരിക്കുന്നു.
കോർപറേറ്റുകളെ ബഹിഷ്കരിക്കാൻ ആഹ്വാനമില്ലെന്ന വാദവും വസ്തുതകൾക്ക് നിരക്കുന്നതല്ല. കായിക വസ്ത്ര നിർമാതാക്കളായ പ്യൂമ, സൌന്ദര്യ വർദ്ധക ഉല്പന്നങ്ങള് നിർമിക്കുന്ന അഹവ തുടങ്ങിയവ ഉദാഹരണം. അഹവക്കെതിരെ ഇംഗ്ലണ്ടിൽ കോടതി വ്യവഹാരങ്ങൾ തന്നെ നിലവിലുണ്ട് (റിച്ചാഡ്സൻ ആൻ്റ് അദേഴ്സ് വേഴ്സസ് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ 2014 കാണുക). ഇൻഡ്യയിൽ തന്നെ കൊൽകത്തയിൽ സുഡിയോ ബഹിഷ്കരണ ആഹ്വാനം ചെയ്തുള്ള ജനകീയ പ്രസ്ഥാനം ഉണ്ട്. ബിഡിഎസ് ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പേജിൽ (ജൂൺ 2) അവർ രാജ്യത്ത് സുഡിയോക്കെതിരെ നടത്തിയ പ്രതിഷേധങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. സെന്റർ ഫോർ ഫിനാഷ്യൽ അക്കൗണ്ടബിലിറ്റി പുറത്തിറക്കിയ പഠന റിപ്പോർട്ട് ‘പ്രൊഫിറ്റ് & ജെനോസൈഡ്: ഇൻഡ്യൻ ഇൻവസ്റ്റ്മെൻ്റ് ഇൻ ഇസ്രയേൽ’ (2025), ഇന്ത്യൻ കോർപ്പറേറ്റ് താൽപര്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. ഒരു മുസ്ലീം വിദ്യാർഥി സംഘടന ഈ കാമ്പയിൻ കേരളത്തിൽ പരിമിതമായെങ്കിലും പ്രയോഗവൽക്കരിച്ചുവെന്നതാണ് പലസ്തീൻ ഐക്യദാർഢ്യ പ്രസ്ഥാനത്തിൻ്റെ കോർപറേറ്റ് വിരുദ്ധതയെ വരെ തള്ളിക്കളയാൻ പ്രേരിപ്പിച്ചത്.
അഹമ്മദാബാദ് വിമാനദുരന്തവും സൂഡിയോയും
ജൂൺ 12ന് ഉച്ചയ്ക്ക് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണു. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്നാണ് വിമാനം പറത്തിയത്. ഉച്ചയ്ക്ക് 1:38 ന് പറന്നുയർന്ന് അഞ്ച് മിനിറ്റിനുശേഷം വിമാനം മേഘാനി പ്രദേശത്തെ ഡോക്ടർമാരുടെ ഹോസ്റ്റലിനു മുകളിലാണ് തകർന്നുവീണത്.
ഈ സംഭവത്തെ ജനം ടിവി അവതരിപ്പിച്ചത് സൂഡിയോ ബഹിഷ്‌കരണവുമായി ബന്ധപ്പെടുത്തിയാണ്. എയർ ഇന്ത്യയുടെ പ്രമോട്ടർമാരായ ടാറ്റക്കെതിരേ കേരളത്തിൽ ക്യാമ്പയിൻ നടക്കുന്നുണ്ടെന്നും കേരളാതീരത്ത് ദിവസങ്ങൾക്കുള്ളിൽ കപ്പലുകൾ മുങ്ങിയ സംഭവങ്ങളുണ്ടായെന്നും അഹമ്മദാബാദിലെ അപകടത്തിന് ഇതുമായി ബന്ധമുണ്ടെന്നും അവതാരകൻ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത റിപബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാനും അത് ശരിവച്ചു (ടാറ്റക്കെതിരേ സമരം നടക്കുന്ന സമയം കൂടെ ആണിത്’; നുസ്രത്ത് ജഹാൻ, ജൂൺ 12, ജനം ടിവി). വിമാനദുരന്തത്തിൽ മുൻമുഖ്യമന്ത്രി വിജയ് രൂപാനിയും കൊല്ലപ്പെട്ടിരുന്നു. നിരവധി കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവന്ന ആളാണ് വിജയ് രൂപാനിയെന്നും അദ്ദേഹം കൊല്ലപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം പഹൽഗാം തൊട്ട് തുടങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.
‘അട്ടിമറി സാധ്യത തള്ളിക്കളയാൻ ആവില്ലെന്നാണ് ജനം ടിവിയുടെ ഡൽഹി ലേഖകൻ എസ് നന്ദഗോപൻ അഭിപ്രായപ്പെട്ടത്. ആരെങ്കിലും വെടിവെച്ചിട്ടതാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു (‘അട്ടിമറി സാധ്യത തള്ളിക്കളയാൻ ആവില്ല’; എസ് നന്ദഗോപൻ, ജൂൺ 12, ജനം ടിവി).


3. സംഘപരിവാർ നേതാവിന്റെ നിയമനം
സംഘപരിവാർ അനുകൂലിയായ അഡ്വ. കൃഷ്ണരാജിനെ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലാക്കി നിയമിച്ചു. ഡൂൾ ന്യൂസ് റിപോർട്ട് ചെയ്തതനുസരിച്ച് ലീഗ് അനുകൂലിയായ ഒരാളുടെ ബന്ധുവായിരുന്നു സ്റ്റാന്റിങ് കൗൺസിലറായിരുന്നത്. അദ്ദേഹത്തെ മാറ്റിയാണ് കൃഷ്ണരാജിനെ നിയമിച്ചത്. ലാമോഫോബിക് വിദ്വേഷപ്രചാരകനെന്ന നിലയിൽ ഏറെ കുപ്രസിദ്ധനാണ് അഡ്വ. കൃഷ്ണരാജ്. വഖ്ഫ് നിയമഭേദഗതിയിൽ ലീഗനെതിരേ കാസക്കുവേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കേസുമുണ്ട് (സംഘപരിവാർ അനുകൂലിയായ വക്കീലിനെ ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലാക്കി മുസ്ലീംലീഗ്, ജൂൺ 3, ഡൂൾ ന്യൂസ്).
ഈ വാർത്ത രാഷ്ട്രീയരംഗത്ത് വലിയ വിവാദമായി. സ്വാഭാവികമായും വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് രംഗത്തുവന്നു. നിയമനത്തിനു പിന്നിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ താൽപര്യമാണെന്നും പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ദി ക്യൂ എന്ന മാധ്യമത്തോട് പറഞ്ഞു: വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ സ്റ്റാൻഡിംഗ് കോൺസലായി അഡ്വ. കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ബിഡിഒയുടെ ഗൂഢതാൽപര്യമാണ്. സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയിയുടെ ഭർത്താവാണ് ബിഡിഒ. പഞ്ചായത്തിനോട് തീരുമാനം പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നടപടി പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകിയതായി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലിയും വ്യക്തമാക്കി (വിദ്വേഷപ്രചാരകൻ കൃഷ്ണരാജിന്റെ നിയമനം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിന്റെ ഗൂഢതാൽപര്യമെന്ന് പി.കെ ഫിറോസ്, ജൂൺ 3, മീഡിയാവൺ (ദി ക്യൂവിനെ ഉദ്ധരിച്ച്).
എന്നാൽ ഷെറോണ റോയ് ഈ ആരോപണം നിഷേധിച്ചു. സ്വന്തം ഭരണസമിതിയുടെ വിവരക്കേടിന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തരുതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി (ഭരണസമിതിയുടെ വിവരദോഷത്തിന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാകില്ല: ഷെറോണ റോയ്, ജൂൺ 4, സിറാജ്).
നിയമനം നടത്തുമ്പോൾ കൃഷ്ണരാജ് സംഘ്പരിവാർ അനുകൂലിയായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തിൽ പറഞ്ഞു. ഷെറോണ റോയിയുടെ ഭർത്താവായ സന്തോഷാണ് ഇദ്ദേഹത്തെ നിയമിക്കാൻ നിർദേശിച്ചതെന്ന വാദത്തിൽ അദ്ദേഹവും ഉറച്ചുനിന്നു. ഇതേ വാദമാണ് പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ തങ്കമ്മയും ഉയർത്തിയത്. കൃഷ്ണരാജ് ഇനി പഞ്ചായത്തിന് വേണ്ടി കോടതിയിൽ ഹാജരാവില്ലെന്നും അവർ പറഞ്ഞു. (കൃഷ്ണരാജിനെ അഭിഭാഷകനായി നിയമിച്ചത് റദ്ദാക്കുമെന്ന് വഴിക്കടവ് പഞ്ചായത്ത്: ‘കൃഷ്ണരാജ് ബി.ജെ.പിക്കാരൻ ആണെന്ന് അറിയില്ലായിരുന്നു’, ജൂൺ 4, മാധ്യമം)
ഒഴിഞ്ഞുമാറാനാവില്ല
ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയാണെന്ന് പറഞ്ഞ് ഒഴിയാൻ കഴിയില്ലെന്നും യുഡിഎഫ് ഭരണ സമിതിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. സംഭവത്തിൽ പാർട്ടി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. (കൃഷ്ണരാജിനെ അഭിഭാഷകനായി നിയമിച്ചത് റദ്ദാക്കുമെന്ന് വഴിക്കടവ് പഞ്ചായത്ത്: ‘കൃഷ്ണരാജ് ബി.ജെ.പിക്കാരൻ ആണെന്ന് അറിയില്ലായിരുന്നു’, ജൂൺ 4, മാധ്യമം)
ലീഗിന് പഥ്യം ആർഎസ്എസ് വക്കീലെന്ന് ദേശാഭിമാനി
ജൂൺ 19ന് ആണ് വഴിക്കടവ് പഞ്ചായത്തിന്റെ ഒരു കേസിൽ കൃഷ്ണരാജാണ് ഹാജരായത്. ദേശാഭിമാനി പത്രം ഇത് വാർത്തയാക്കി. ലീഗിന്റെ വാർത്താ കുറിപ്പുകൾ തെറ്റാണെന്നും കൃഷ്ണരാജ് ഇപ്പോഴും വഴിക്കടവ് പഞ്ചായത്തിന്റെ സ്റ്റാന്റിങ് കോൺസലാണെന്നും പത്രം റിപ്പോർട്ട് ചെയ്തു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ ഭയന്ന് വ്യാജ പ്രസ്താവനയിറക്കുകയായിരുന്നുവെന്ന് ഇത് തെളിയിക്കുന്നതായി ‘ലീഗിന് പഥ്യം ആർഎസ്എസ് വക്കീൽ’ എന്ന് ശീർഷകത്തിൽ പ്രസിദ്ധീകരിച്ച റിപോർട്ടിൽ പറയുന്നു (ലീഗിന് പഥ്യം ആർഎസ്എസ് വക്കീൽ, ജൂൺ 19, ദേശാഭിമാനി).


കൃഷ്ണരാജിന് സംരക്ഷണമൊരുക്കി ഇടത് സർക്കാർ
നിലമ്പൂർ തിരഞ്ഞെടുപ്പിന് ശേഷം വിവാദം കാര്യമായി പുരോഗമിച്ചില്ലെങ്കിലും പിന്നീട് ഇതിലൊരു ട്വിസ്റ്റ് ഉണ്ടായി. കൃഷ്ണരാജിനെ സ്റ്റാന്റിങ് കോൺസൽ സ്ഥാനത്തുനിന്ന് മാറ്റാനുള്ള യുഡിഎഫ് ഭരണസമിതി തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പ് സ്റ്റേ ചെയ്തു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഐകകണ്‌ഠ്യേന എടുത്തതായിരുന്നു ഈ തീരുമാനം.
പുറത്തുവന്ന വാർത്തയനുസരിച്ച് വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറി തന്നെയാണ് കൃഷ്ണരാജിന് അനുകൂലമായി നോട്ടെഴുതിയത്. പഞ്ചായത്തിന്റെ കേസുകൾ സമർത്ഥമായി വാദിക്കുന്ന അഭിഭാഷകനാണ് കൃഷ്ണരാജ് എന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി മലപ്പുറം ജില്ല തദ്ദേശ ജോയിന്റ് ഡയറക്ടർക്ക് റിപോർട്ടയച്ചത്. (സംഘ്പരിവാർ അഭിഭാഷകന് സർക്കാർ സഹായം; ആർ കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തു, സെപ്തംബർ 23, മീഡിയാവൺ).
താമസിയാതെ ഇതും വിവാദമായി. തദ്ദേശവകുപ്പിന്റെ ഉത്തരവിനെ മന്ത്രി എം ബി രാജേഷ് മരവിപ്പിച്ചു. സ്റ്റേ ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അവർ തന്നെ നടപടി പിൻവലിക്കാനാണ് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു (ആർ കൃഷ്ണരാജിനെ മാറ്റിയ ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തുകൊണ്ടുള്ള തദ്ദേശവകുപ്പിന്റെ നടപടി മരവിപ്പിച്ച് മന്ത്രി എം.ബി രാജേഷ്, സെപ്തംബർ 23, ഡൂൾ ന്യൂസ്).
4. തട്ടമിടീക്കുന്ന ‘കെയറിംഗ്’ ഇക്കമാർ
കോഴിക്കോട് മെഡിക്കൽ കോളജ് തിരഞ്ഞെടുപ്പിൽ രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം രണ്ട് ജനറൽ സീറ്റിൽ എസ്എഫ്‌ഐ വിജയിച്ചു. രണ്ട് പതിറ്റാണ്ടായി ഇൻഡിപെൻഡന്റസ് എന്ന സംഘടനയാണ് ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇതേ കുറിച്ച് ഇതേ സംഘടനയുടെ നേതാവും ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇൻഡിപെൻഡന്റ്‌സ് മുന്നണി നേതാവുമായ ഡോ. പി സരിൻ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. കോൺഗ്രസ് നേതാവായിരുന്ന സരിൻ സിപിഎമ്മിലേക്ക് മാറി പാലക്കാട് സീറ്റിൽ നിന്ന് മത്സരിച്ചയാളാണ്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ഇൻഡിപെൻഡന്റ്‌സിനെ ‘തട്ടിക്കൂട്ടു സംഘ’മെന്നും ‘ലിംഗന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന’വരെന്നും ‘വർഗീയവാദി’കളെന്നും ആക്ഷേപിച്ചു. മുസ്ലീം സംഘടനകളെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ ആക്രമണം: ബദൽ പുരോഗമന ആശയങ്ങളുമായി, വിദ്യാർത്ഥികളുടെ ചെറുത്തുനിൽപ്പിന് പുതിയ മാനങ്ങൾ നൽകിയിരുന്ന ഒരു ഇൻഡിപെൻഡന്റ്സ് മുന്നണി അക്ഷരാർഥത്തിൽ പണ്ട്, ആ ക്യാമ്പസിൽ നിലനിന്നിരുന്നു. അതിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിൽ പറയട്ടെ, വർഗീയ കക്ഷികളുടെ താത്പര്യങ്ങൾക്ക് വഴങ്ങി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ശ്രമിക്കുന്ന വെറും തട്ടിക്കൂട്ട് സംഘമായി മാറിയിരിക്കുന്നു ഇന്നത്തെ ഇൻഡിപെൻഡന്റ്സ് സംവിധാനം. അല്ലെങ്കിൽ തന്നെ, ശാസ്ത്രത്തെപ്പോലും വളച്ചൊടിച്ച് ലിംഗന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന അഭിനവ ധർമ്മ യോദ്ധാക്കൾക്കും, ഫസ്റ്റ് ഇയർ തൊട്ട് മുസ്ലീം പെൺകുട്ടികളെ തട്ടമിടീക്കാൻ വ്യഗ്രത കാണിക്കുന്ന ‘കെയറിംഗ്’ ഇക്കമാർക്കും ഒക്കെ പ്ലാറ്റ്‌ഫോം കൊടുത്ത് എന്ത് പുരോഗമന ആശയമാണ് ഇവർക്കിന്ന് പറയാനുള്ളത്? (ജൂൺ 3, ഫേസ്ബുക്ക്/ ഡോ. പി സരിൻ)
5. മതഭീകരനായ ഷാരൂഖ് സൈഫി ലക്ഷ്യമിട്ടത് കാഫിറുകളെ
കോഴിക്കോട് ജില്ലയിലെ എലത്തൂരിൽ നടന്ന ട്രെയിൻ തീവയ്പ്പ് (2023 ഏപ്രിൽ 2) കേസിൽ പ്രതിയായ ഷാരൂഖ് സൈഫിക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഇയാൾക്കെതിരേ തെളിവുകളേക്കാൾ ഏതാനും ആരോപണങ്ങളാണ് എൻഐഎ കുറ്റപത്രത്തിൽ എഴുതിച്ചേർത്തത്: ഇയാൾ മതതീവ്രവാദിയാണ്. ജിഹാദ് നടത്താൻ ശ്രമിച്ചു. ഡൽഹിയിലെ ഷഹീൻ ബാഗിൽ താമസിക്കുന്നയാളാണ്. ഭീകരത പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഓൺലൈൻ ഉള്ളടക്കത്തിലൂടെ തീവ്രവാദിയായി മാറി. പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന മതപ്രഭാഷകരുടെ പ്രസംഗങ്ങൾ അയാൾ പതിവായി കേട്ടിരുന്നു. ഓൺലൈനിൽ ഷാരൂഖ് ഫോളോ ചെയ്തവരിൽ സാക്കിർ നായിക്, പാകിസ്താൻ മതപ്രഭാഷകരായ താരിഖ് ജമീൽ, ഇസ്രാർ അഹമ്മദ്, തൈമു അഹമ്മദ് എന്നിവർ ഉൾപ്പെടുന്നു. ഈ തീവ്രവാദ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് സൈഫി സ്വതന്ത്രമായി ആക്രമണം നടത്താൻ തീരുമാനിച്ചത്. ജിഹാദി പ്രവർത്തനങ്ങളിലും പങ്കുണ്ട്. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണ്. ജനങ്ങളെ ഭീതിയിലാക്കുക എന്നതായിരുന്നു ലക്ഷ്യം. ലക്ഷ്യമിട്ടത് കാഫിറുകളെയാണ്. കാഫിറുകളെ (അവിശ്വാസികളെ) കൊല്ലുന്നത് തന്റെ പാപങ്ങൾക്ക് മോചനം നേടാനുള്ള മാർഗമാണെന്ന് അയാൾ വിശ്വസിച്ചിരുന്നു. (കേരള എലത്തൂർ ട്രെയിൻ തീവെപ്പ് – പാക് മതപ്രഭാഷകരുടെ സ്വാധീനത്താൽ മതഭീകരനായ ഷാരൂഖ് സൈഫി കാഫിറുകളെ ലക്ഷ്യം വച്ചുള്ളതാണെന്ന് എൻഐഎ., ജൂൺ 5, ഓർഗനൈസർ. എലത്തൂർ ട്രെയിൻ തീവെപ്പ് ഷാരൂഖ് സെയ്ഫി മതഭീകരവാദി, ലക്ഷ്യമിട്ടത് കാഫിറുകളെ, ജൂൺ 5, ജനം ടിവി).


2023 ഏപ്രിൽ 2ന് രാത്രി കോഴിക്കോട്ട് വെച്ച് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ചിനാണ് സൈഫി തീയിട്ടത്. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് യാത്രക്കാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് ഇയാളെ പിന്നീട് പിടികൂടിയത്. തുടക്കത്തിൽ,റെയിൽവേ പോലീസ് കൈകാര്യം ചെയ്ത കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറി. ഈ കേസിൽ തുടക്കം മുതൽ വേണ്ടത്ര തെളിവുകൾ ലഭ്യമായിരുന്നില്ല.
6. പെരുന്നാൾ അവധി
ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ജൂൺ 6ന് പ്രഖ്യാപിച്ച അവധി ഏഴിലേറ്റ് മാറ്റി. കലണ്ടർ പ്രകാരം 6ന് ആയിരുന്നു അവധി. പെരുന്നാൾ ഏഴാം തിയ്യതിയായ സാഹചര്യത്തിലായിരുന്നു ഈ മാറ്റം.
സംസ്ഥാനത്ത് ഒരുവിഭാഗം ജൂൺ 6ന് പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രണ്ട് ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ആറാം തിയ്യതിയിലെ അവധി സർക്കാർ ഏഴിലേക്ക് മാറ്റിയത്. അഞ്ചാം തിയ്യതി വൈകീട്ടാണ് അവധി മാറ്റിയതായ തീരുമാനം പുറത്തുവന്നത്. ആറാം തിയ്യതി അവധിയാണെന്ന ധാരണയിൽ പലരും വീടുകളിലേക്ക് പോയ സമയത്ത് ഇങ്ങനെയൊരു തീരുമാനം വന്നത് പലർക്കും അസൗകര്യങ്ങളുമുണ്ടാക്കി (കെഎസ്ടിയു പ്രസ്താവന, ജൂൺ 5).
അവധി ദിനം മാറ്റിയതിനെതിരേ വലിയ പ്രതിഷേധം ഉയർന്നു. (പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് പ്രതിഷേധാർഹം – മുസ്ലീം ലീഗ്, ജൂൺ 5, മാധ്യമം) ലീഗ് പരസ്യമായി രംഗത്തുവന്നു. സ്‌കൂളുകളും കോളജുകളും വെള്ളിയാഴ്ച പൊതു അവധി എന്ന നിലയിലാണ് അക്കാദമിക് കലണ്ടർ അടക്കം ക്രമീകരിച്ചിട്ടുള്ളതെന്നും അത് ഹോസ്റ്റൽ വിദ്യാർഥികൾ ഉൾപ്പെടെ സർക്കാർ തീരുമാനം തിരിച്ചടിയാകുമെന്നും കേരള സ്റ്റുഡന്റ്‌സ് യൂണിയൻ അഭിപ്രായപ്പെട്ടു. കെഎൻഎം മർക്കസുദ്ദഅ്‌വ, എസ്‌കെഎസ്എസ്എഫ്, എംഎസ്എം, കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ… തുടങ്ങി നിരവധി സംഘടനകൾ അവധി മാറ്റിയതിനെതിരേ രംഗത്തുവന്നു.
കുത്തിത്തിരുപ്പ്
അവധി വിവാദം കുത്തിത്തിരുപ്പു മാത്രമാണെന്നും പെരുന്നാൾ ഏഴാം തിയ്യതിയായതിനാൽ അന്നുതന്നെയാണ് അവധി വേണ്ടതെന്നും മാധ്യമപ്രവർത്തക കെ കെ ഷാഹിന തന്റെ ഫേസ്ബുക്കിൽ കുറിച്ചു: പെരുന്നാൾ മറ്റന്നാളാണ്. അപ്പോൾ അവധി വേണ്ടതും മറ്റന്നാളാണ്. കേരളത്തിലെ മുസ്ലീങ്ങൾക്ക് അതറിയാം. നാളെ അവധി തരാത്തതിൽ പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ മനസ്സിലിരിപ്പും അറിയാം. ഇത് ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. പെരുന്നാൾ അവധിയുടെ പേരിൽ കുത്തിത്തിരിപ്പുമായി ഇറങ്ങുന്നവർ അതോർക്കണം (ജൂൺ 5, ഫേസ്ബുക്ക്/ കെ കെ ഷാഹിന).
വർഗീയ വിഷം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയമായതിനാൽ പ്രചാരണത്തിൽ വർഗീയ വിഷം കലക്കാനാണ് പെരുന്നാൾ അവധി വിവാദമാക്കുന്നവർ ശ്രമിക്കുന്നതെന്ന് സിപിഎം നേതാവും നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ എം സ്വരാജ് കുറ്റപ്പെടുത്തി (പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരിച്ച് എം സ്വരാജ്; പ്രചാരണത്തിൽ വർഗീയ വിഷം കലക്കാൻ ശ്രമിക്കുന്നു, അതാണ് ഇത്തരം വിഷയങ്ങൾക്ക് പിന്നിൽ, ജൂൺ 6, ഏഷ്യാനെറ്റ്).


രാഷ്ട്രീയ മുതലെടുപ്പ്
അവധി വിവാദമാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്ന് മന്ത്രി ശിവൻകുട്ടി ആരോപിച്ചു (പെരുന്നാൾ അവധി: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി, ജൂൺ 6, മാധ്യമം)
വർഗീയവിഷം കലർത്താൻ ശ്രമം
ബലി പെരുന്നാൾ അവധി വിവാദത്തിൽ ഇടപെട്ട് എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. വർഗീയ വിഷം കലർത്താനാണ് ശ്രമം. കലണ്ടർ അനുസരിച്ചാണ് അവധി തീരുമാനിച്ചത്. അതിൽ പ്രശ്‌നമുണ്ടായപ്പോൾ ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു (ബക്രീദ് അവധി വിവാദം; വർഗീയ വിഷം കലർത്താൻ ശ്രമിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ, ജൂൺ 6, മാധ്യമം).
വിവാദം കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ആറാം തിയ്യതിയും ഏഴാം തിയ്യതിയും അവധി പ്രഖ്യാപിച്ചു (ബക്രീദ് അവധി; പ്രതിഷേധത്തെ തുടർന്ന് തിരുത്ത്, ജൂൺ 6, വീക്ഷണം).
വിവാദമില്ലാതെ മഹാനവമി അവധി
ബലി പെരുന്നാളിന്റെ അവധി വിവാദമായെങ്കിലും ഇതേ സാഹചര്യത്തിലൂടെ കടന്നുപോയ മഹാനവമിയുടെ അവധി ഇത്തരം വിവാദങ്ങളൊന്നുമുണ്ടാക്കിയില്ല. കലണ്ടർ പ്രകാരം ഒക്ടോബർ 1, 2 തിയ്യതികളിലായിരുന്നു മഹനവമിയുടെ അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിശ്വാസപരമായ കാരണങ്ങളാൽ സെപ്തംബർ 30ാം തിയ്യതി ദുർഗാഷ്ടമിയായതിനാൽ അന്നും അവധി നൽകാൻ സർക്കാർ തയ്യാറായി. പകരം ഒരു ദിവസത്തെ അവധി പിൻവലിച്ചതുമില്ല. അവധി നൽകണമെന്ന് സെപ്തംബർ 21ാം തിയ്യതി തന്നെ ജ്യോതിഷവിചാരസംഘം ആവശ്യപ്പെട്ടിരുന്നു (പൂജവയ്പ്: 30-ന് അവധി നൽകണമെന്ന് ജ്യോതിഷവിചാരസംഘം, മാതൃഭൂമി സെപ്തംബർ 21). ഇതേ ആവശ്യം ഉന്നയിച്ച മറ്റൊരു സംഘടന എൻജിഒ സംഘ് ആണ് (30ന് പൊതു അവധി പ്രഖ്യാപിക്കണം, സെപ്തംബർ 23, മാതൃഭൂമി).
7. ഭാരതാംബയും പാക് കൊടിയും
സംസ്ഥാന കൃഷി വകുപ്പിന്റെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5ാം തിയ്യതി രാജ്ഭവനിൽവച്ചാണ് തീരുമാനിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മന്ത്രിയെ നിർബന്ധിച്ചു. എന്നാൽ ആർഎസ്എസ്സിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബക്ക് മുന്നിൽ പുഷ്പാർച്ചന നടത്താനാവില്ലെന്ന് കൃഷി മന്ത്രി നിലപാടെടുക്കുകയും പരിപാടി സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ രാജ്ഭവൻ പരിപാടിയിൽനിന്ന് പിന്തിരിഞ്ഞില്ല. രാജ്ഭവനിലും പരിസ്ഥിതി ദിനാചരണം ആചരിച്ചു. കാവിക്കൊടിയേന്തിയ ഭാരതാംബക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് ഈ പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തത് (പരിസ്ഥിതി ദിനത്തിലെ പുഷ്പാർച്ചന, ആർഎസ്എസ് രീതി വേണമെന്ന് ഗവർണർ, പറ്റില്ലെന്ന് മന്ത്രി, ജൂൺ 6, സിറാജ്).
ഭാരതാബ വിവാദത്തെക്കുറിച്ച് ആദ്യ കുറിപ്പുകളിലൊന്ന് എഴുതിയത് ഓർഗനൈസർ മാഗസിനായിരുന്നു. അവർ പ്രസിദ്ധീകരിച്ച കുറിപ്പിൽ പ്രശ്‌നത്തെ പാകിസ്താനുമായി ബന്ധപ്പെടുത്തി. പ്രജ്ഞാ പ്രവാഹ് ദേശീയ കോ-ഓർഡിനേറ്റർ ജെ. നന്ദകുമാറിനെ ഉദ്ധരിച്ചുകൊണ്ടുള്ള അവരുടെ റിപോർട്ടിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: ദേശഭക്തർ എപ്പോഴും ഭാരത മാതാവിനെ ആരാധിക്കും, എന്നാൽ രാജ്യദ്രോഹികൾ ‘ജയ് പാകിസ്താൻ’ വിളിക്കും (കേരള സിപിഐ അഗ്രികൾച്ചറൽ മിനിസ്റ്റർ പി പ്രസാദ് സ്പാർക്ക്‌സ് റൊ, ബോയ്‌കോട്ട് രാജ്ഭവൻ ഇവന്റ് ഓവർ പ്ലയ്‌സിങ് ഓഫ് ഭാരത് മാത പോട്രേയ്റ്റ്, ജൂൺ 5, ഓർഗനൈസർ).


ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നായിരുന്നു ഈ വിഷയത്തിൽ ഗവർണറുടെ വാദം. എന്തുതരം ചിന്തയാണ് ഇവരുടെ മനസ്സിലെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു (കൊടിയിൽ കലങ്ങി, ജൂൺ 6, മനോരമ).
സാധാരണ ഭാരതാംബയായിരുന്നെങ്കിൽ അത്ര വിരോധമില്ലെന്നും രാജ്ഭവനിൽ ഉപയോഗിച്ചത് ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമായിരുന്നെന്നും പിന്നീട് കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. ബാഹ്യശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആർഎസ്എസ് ചിന്തകൻ ഗുരുമൂർത്തി രാജ്ഭവനിൽ പരിപാടി നടത്തിയശേഷമാണ് ഈ മാറ്റമുണ്ടായത് (ഇറ്റ്‌സ് ഡെയ്ഞ്ചറസ് രാജ്ഭവൻ ഈസ് കൺട്രോൾഡ് ബൈ എക്‌സ്‌റ്റേണൽ ഫോഴ്‌സസ്, ജൂൺ 6, ടൈംസ് ഓഫ് ഇന്ത്യ).
പുഷ്പാർച്ചനക്കെതിരേ സിപിഎം നേതാവ് എം എ ബേബിയും എം വി ഗോവിന്ദനും രംഗത്തുവന്നു (രാജ്ഭവനിൽ ആർഎസ്എസ് പരിപാടിയാക്കാൻ ശ്രമം; വേദി മാറ്റി സർക്കാർ, ജൂൺ 6, ദേശാഭിമാനി). ആർഎസ്എസ് കൊടിയെ വണങ്ങാൻ പറയുന്നത് ഭരണഘടനാവിരുദ്ധതയാണെന്ന് മന്ത്രി വാസവൻ അഭിപ്രായപ്പെട്ടു (ആർഎസ്എസ് കൊടിയെ വഴങ്ങാൻ പറയുന്നത് ഭരണഘടനാവിരുദ്ധത, ജൂൺ 6, ദേശാഭിമാനി).
ആർഎസ്എസ്സാണോ ഭരണഘടനയാണോ വലുതെന്ന് ഗവർണർ തീരുമാനിക്കണമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു (ആർഎസ്എസ്സാണോ ഭരണഘടനയാണോ വലുതെന്ന് ഗവർണർ തീരുമാനിക്കണം- ബിനോയ് വിശ്വം, ജൂൺ 7, സിറാജ്)
രാജ്ഭവൻ പൊതുസ്ഥലമാണെന്നും ആർഎസ്എസ് കേന്ദ്രമാക്കി വർഗീയവൽക്കരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു (രാജ്ഭവൻ പൊതുസ്ഥലം, ആർഎസ്എസ് കേന്ദ്രമാക്കി വർഗീയവൽക്കരണത്തിന് ഉപയോഗിക്കാൻ പാടില്ല: എം വി ഗോവിന്ദൻ, ജൂൺ 7, ഡൂൾ ന്യൂസ്).
ഭാരത് മാതാ കീ ജയ്
വിവാദം കനത്തതോടെ തൃശൂർ സി.പി.ഐ ആസ്ഥാനത്തു സി.പി.ഐ നേതാക്കൾ ദേശീയപതാക ഉയർത്തി. ഭാരത് മാതാ കീ ജയ് എന്ന മുദ്രവാക്യവും വിളിച്ചു. സംഘ്പരിവാർ പറയുന്ന ഭാരത് മാതാ സങ്കൽപത്തിന് വിരുദ്ധമായി എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്നതാണ് സി.പി.ഐയുടെ ആശയമെന്ന് നേതാക്കൾ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങളുടേയും പ്രതീകമാണ് ഭാരത് മാതയെന്നത് നെഹ്‌റുവിന്റെ ആശയമാണെന്ന് ബിനോയ് വിശ്വം ഓർമിപ്പിച്ചു. സിംഹത്തിന്റെ പുറമേറി കാവിക്കൊടി പിടിച്ചതല്ല യഥാർഥ ഭാരതാംബയെന്നും പിടിക്കേണ്ടത് ദേശീയപതാകയേന്തിയ ഭാരതാംബയാണെന്നും അദ്ദേഹം പറഞ്ഞു (ഭാരത് മാതാ വിവാദത്തിൽ പ്രതിഷേധം; ഭാരത് മാതാ കീ ജയ് വിളിച്ച് സി.പി.ഐ നേതാക്കൾ, ജൂൺ 7, മനോരമ).
സിപിഐക്കാർ ട്രോജൻ കുതിരകൾ
മന്ത്രി പ്രസാദ് ‘ട്രോജൻഫല’മാണ് രാഷ്ട്രീയത്തിൽ ഉൽപ്പാദിപ്പിച്ചതെന്ന് ജന്മഭൂമിയിൽ കാവാലം ശശികുമാർ എഴുതിയ ‘ട്രോജൻ കുതിരയും കമ്മ്യൂണിസ്റ്റുകളും’ എന്ന ലേഖനം കുറ്റപ്പെടുത്തി. വന്ദേമാതരം ആലപിക്കാൻ വിസമ്മതിച്ചവർ, വിഭജനത്തിന് കളമൊരുക്കിയവർ, ക്വിറ്റ് ഇന്ത്യാ സമരത്തെ ചതിച്ചവർ തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് ലേഖനം ആരോപിച്ചത് (ട്രോജൻ കുതിരയും കമ്മ്യൂണിസ്റ്റുകളും, ജൂൺ 9, ജന്മഭൂമി).
ഭാരതാംബ പോസ്റ്ററുമായി സിപിഐ
ജൂൺ 13, 14, 15 ദിവസങ്ങളിൽ കോട്ടയത്തിന് സമീപം പാക്കിൽ നടന്ന സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിന്റെ പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നുവെന്ന് വീക്ഷണം റിപ്പോർട്ട് ചെയ്തു. എന്നാൽ വിവാദമാകുമെന്ന ഭീതിയിൽ അത് പിൻവലിച്ചെന്നും വാർത്തയിൽ പറയുന്നു (ദേശീയപതാകയേന്തി നിൽക്കുന്ന ഭാരതാംബ: സിപിഐ പോസ്റ്റർ പിൻവലിച്ചു, ജൂൺ 11, വീക്ഷണം).
വ്യക്തത വരുത്തി സിപിഐ
താമസിയാതെ സിപിഐ നേതാവും സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം തങ്ങളുടെ നിലപാടിൽ വ്യക്തത വരുത്തി: ആർഎസ്എസ്സിന്റെ ഭാരതാംബയെ അടിച്ചേൽപ്പിക്കാനാവില്ല. ദേശീയപതാകയാണ് ഭാരതാംബ. ത്രിവർണപതാകയും ജനങ്ങളുമാണ് ഭാരതമാതാവ്. അവയ്ക്ക് ജയ് വിളിക്കാൻ മടിയില്ല. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ് ഈ ആശയം മുന്നോട്ടുവച്ചത്. എന്നാൽ രാജ്ഭവനിൽ പ്രദർശിപ്പിച്ച ചിത്രത്തിലെ ഇന്ത്യയുടെ ഭൂപടം ഇന്ത്യക്ക് അറിയാത്ത ഏതോ ഭൂപടമാണ്- എഐവൈഎഉഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം (ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിയില്ലെന്ന് ബിനോയ് വിശ്വം, ജൂൺ 11, മെട്രോ വാർത്ത).
സിപിഐക്ക് എസ്ഡിപിഐക്കാരുടെ സഹായമെന്ന് ജന്മഭൂമി
ഭാരതമാതാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്താൻ വിസമ്മതിച്ചതിന്റെ പേരിൽ മന്ത്രി പ്രസാദിന്റെ ആലപ്പുഴയിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. സിപിഐക്കാരുടെ രക്തത്തിൽ രാഷ്ട്രസ്‌നേഹത്തിന്റെ രക്തമൊഴുകാത്തതിനാലാണ് ഭാരതാംബയെന്ന് കേൾക്കുമ്പോൾ ഓക്കാനം വരുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സന്ദീപ് വാചസ്പതി ആക്ഷേപിച്ചു. മറ്റ് ആരോപണങ്ങൾ ഇവയാണ്: എസ്ഡിപിഐയുടെ അച്ചാരം വാങ്ങിയാണ് മന്ത്രി പ്രസാദ് പ്രവർത്തിക്കുന്നത്. അവരുടെ നല്ല സർട്ടിഫിക്കറ്റ് കിട്ടാൻ രാജ്യത്തെ അവഹേളിക്കുന്നു. ഇത് അവസാനിപ്പിക്കണം. അല്ലെങ്കിൽ ദേശസ്‌നേഹികളുടെ രോഷത്തിന് ഇരയാവും. മന്ത്രി മാപ്പ് പറയണം.
ബിജെപിയുടെ പ്രതിഷേധ പരിപാടിക്കെതിരേ സിപിഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിനെ സഹായിക്കാൻ എസ്ഡിപിഐക്കാർ എത്തിയതായും ജന്മഭൂമി ആരോപിച്ചു (മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നിൽ ബിജെപി ഭാരതമാതാ വന്ദനം നടത്തി, തടയാൻ എസ്ഡിപിഐക്കാരെ കൂട്ടി സിപിഐ, ജൂൺ 9, ജന്മഭൂമി).
ഭാരതാംബ ചിത്രം ഒഴിവാക്കി രാജ്ഭവൻ
മന്ത്രിയുമായി നടന്ന ഏറ്റുമുട്ടൽ കൂടുതൽ വളർത്തേണ്ടെന്ന തീരുമാനത്തിന്റെ പുറത്താകണം ജൂൺ പകുതിയോടെ ഇത്തരം ചിഹ്നങ്ങൾ ഔദ്യോഗിക പരിപാടികളിൽനിന്ന് ഒഴിവാക്കാൻ രാജ്ഭവൻ തീരുമാനിച്ചു. എന്നാൽ മറ്റു പരിപാടികളിൽ ചിത്രവും നിലവിളക്കും സജ്ജീരിക്കുമെന്നും അറിയിച്ചു (രാജ്ഭവൻ: ഔദ്യോഗിക പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കും, ജൂൺ 17, സിറാജ്).
മന്ത്രിയുടെ പിടിവാശിയാണ് വിവാദത്തിന് പിന്നിലെന്ന് ആരോപിച്ച് ജൂൺ 16ാം തിയ്യതി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ ന്യൂഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു (ഭാരത് മാത ആന്റ് ദി പ്രോട്ടോകോൾ ഓഫ് ഡിഗ്നിറ്റി: രാജ്ഭവൻ പെർസ്പക്റ്റീവ്, ജൂൺ 16, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്).
ഗവർണറെ ഉപദേശിക്കണമെന്ന് കൃഷി വകുപ്പ്
സർക്കാർ പരിപാടികളിൽ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതു സംബന്ധിച്ച് മന്ത്രിസഭ തീരുമാനെടുത്ത് ഗവർണറെ അറിയിക്കണമെന്ന് കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, ചീഫ് സെക്രട്ടറിക്ക് കത്തെഴുതി (ഗവർണറെ ഉപദേശിക്കണം, സർക്കാരിനോട് കൃഷിവകുപ്പ്, ജൂൺ 18, മാതൃഭൂമി).
ഭരണഘടനാവിരുദ്ധം
ഇത്തരം ചിഹ്നങ്ങൾ രാജ്ഭവനിൽ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തെഴുതി. മന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം (പിണറായി വിജയൻ റൈറ്റ്‌സ് ടു ഗവർണർ ഓവർ അൺകോൺസ്റ്റിറ്റിയൂഷനൽ ഡിസ്‌പ്ലെ ഓഫ് ഭാരത് മാത, അറ്റ് രാജ്ഭവൻ, ജൂൺ 27, ടെലഗ്രാഫ്)
ചിത്രം ആരുടേത്?
ഭാരതാംബയുടെ ചിത്രത്തെക്കുറിച്ച് ഈ സമയത്ത് ചർച്ച നടന്നു. രാജ്ഭവനിൽ വച്ച ചിത്രവും ഭാരതാംബയുടെ ചിത്രവും ആരാണ് വരച്ചതെന്നായിരുന്നു ചർച്ചയുടെ കാതൽ. അതുപ്രകാരം നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രം വരച്ചത് രബിന്ദ്രനാഥ ടഗോറിന്റെ മരുമകൻ അബനീന്ദ്രനാഥ ടാഗോറാണ്. ബങ്കിംചന്ദ്ര ചാറ്റർജിയുടെ നോവലിൽനിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു അത്. രാജ്ഭവനിൽ വച്ചത് ആർഎസ്എസ് പരിപാടിയിൽ വയക്കുന്ന ചിത്രമാണ്. അതിൽ ഭാരതാംബ കാവിക്കൊടിയാണ് പിടിച്ചിരിക്കുന്നത്.
അബനീന്ദ്രനാഥ ടാഗോറിന്റെ ഭാരത് മാതായ്ക്ക് നാല് കൈകളുണ്ട് – ഒന്നിൽ ഒരു പുസ്തകം, മറ്റൊന്നിൽ ഒരു മാല, മൂന്നാമത്തേതിൽ ഒരു നെല്ലിന്റെ കറ്റയും നാലാമത്തേതിൽ ഒരു വെളുത്ത തുണിയും മാത്രമാണ് ഉള്ളത്. അത് ശിക്ഷയെയും ദീക്ഷയെയും അന്നത്തെയും വസ്ത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ ആർഎസ്എസിന്റെ ചിത്രത്തിൽ ഇന്ത്യയുടെ ഭൂപടത്തിന് മുന്നിൽ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയാണ് ഉള്ളത്. സമീപത്തായി ഒരു സിംഹത്തെയും കാണാം. അബനീന്ദ്രനാഥ് ടാഗോർ വരച്ച ചിത്രത്തിൽ കൊടികളൊന്നുമില്ല (രാജ്ഭവനിലെ ഭാരത് മാത ചിത്രം വരച്ചതാര്?; അബനിന്ദ്രനാഥ ടാഗോറോ?, ജൂൺ 5, സമകാലിക മലയാളം).
8. പാകിസ്താൻ പതാക
ജൂൺ 7ന് ഉദയംപേരൂരിൽ സകല രാജ്യങ്ങൾക്കും സമാധാനവും ക്ഷേമവും നേർന്നുകൊണ്ട് വിവിധ പ്രൊട്ടസ്റ്റന്റ് സഭകളിലെ പാസ്റ്റർമാർ ഒത്തു ചേർന്ന് ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ ഒരു പ്രാർത്ഥനായോഗം സംഘടിപ്പിച്ചു. 20 രാജ്യങ്ങളുടെ കൊടികൾ നിരത്തിവച്ചായിരുന്നു പരിപാടി. അതിലൊന്ന് പാകിസ്താന്റെതായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രാർഥനയുടെയും കൊടികളുടെയും ദൃശ്യം കണ്ട് ബിജെപി നേതാവ് ശ്രീക്കുട്ടൻ പൊലീസിന് പരാതി നൽകി.
പാസ്റ്ററും, സംഘാടകനും, ഓഡിറ്റോറിയത്തിന്റെ ഉടമയുമെല്ലാമായ ദീപു ജേക്കബിനെതിരെ പോലിസ് കേസെടുത്തു. പാക്കിസ്താൻ കൊടിയും കണ്ടുകെട്ടി. പാക് പതാക പരസ്യമായി പ്രദർശിപ്പിച്ച് ആരാധന നടത്തി, ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്ത് കൂട്ടിവച്ച് ഇന്ത്യൻ പതാകയോട് അനാദരവ് കാണിച്ചു തുടങ്ങിയ ആരോപണങ്ങളിൽ മതസ്പർദ്ധയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത് (എറണാകുളത്ത് പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്താൻ പതാക, കണ്ടുകെട്ടി, പിന്നാലെ കേസും, ജൂൺ 11, ഏഷ്യാനെറ്റ്; പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്താൻ പതാക സ്ഥാപിച്ചു; ഇന്ത്യൻ പതാക ശുചിമുറിക്ക് സമീപം കൂട്ടിയിട്ടതായി പരാതി, ജൂൺ 10, ജന്മഭൂമി).
ചൈനയിൽ നിന്നാണ് ദീപു പതാക വാങ്ങിയത്. കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊരു കൊടി മാത്രമാണ് പാകിസ്താന്റെതെന്നും മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നും ദീപു നൽകിയ മൊഴിയിൽ പറയുന്നു.


9. സദാചാര പൊലീസിങ്ങും യുവതിയുടെ ആത്മഹത്യയും
ജൂൺ 17ന് പിണറായി കായലോട് പറമ്പായി റസീന മൻസിലിൽ റസീനയെ (40) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ ധർമ്മടം ഒഴയിൽ എം.കെ റഫീഖിന്റെ ഭാര്യയാണ് റസീന.
രണ്ട് ദിവസത്തിന് ശേഷം സംഭവം ‘സദാചാര പൊലീസിങ്’ ആണെന്ന് ആരോപിച്ച് പോലിസ് മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പൊലിസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച വൈകിട്ട് മൂന്നിന് കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന ആൺസുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നതിനെ അഞ്ചംഗ സംഘം ചോദ്യം ചെയ്തു. റസീനയെ അസഭ്യവർഷം നടത്തി വീട്ടിലേക്ക് അയച്ചു. ആൺ സുഹൃത്തിനെ കുട്ടിച്ചാത്തൻ മഠത്തിന് സമീപത്തെ ബിഗ് നഴ്‌സറിയുടെ ഗ്രൗണ്ടിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. മൊബൈലും ടാബും പിടിച്ചെടുത്തു. രാത്രി എട്ടരയോടെ പറമ്പായിലെ എസ്ഡിപിഐ ഓഫീസിൽ എത്തിച്ചും വിചാരണ തുടർന്നു. അർദ്ധരാത്രി ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. റസീനയുടെ ബന്ധുക്കളെയും വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണവും നടത്തി. പ്രതികൾ പിടിച്ചെടുത്ത മൊബൈലും ടാബും പൊലീസ് കണ്ടെടുത്തു. റസീനയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ പ്രതികളുടെ പേരും സദാചാര വിചാരണയെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. പിണറായി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.അജീഷ് കുമാർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ എ മുഹമ്മദ്-സി കെ ഫാത്തിമ ദമ്പതികളുടെ മകളാണ് റസീന. (യുവതിയുടെ മരണം : സദാചാര വിചാരണയിൽ മനംനൊന്ത്, ജൂൺ 20, കേരള കൗമുദി; ആൺ സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര പൊലീസിങ്; യുവതി ആത്മഹത്യ ചെയ്തു, മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ, ജൂൺ 19, മാധ്യമം).
എസ്ഡിപിഐ ഓഫിസിൽ പ്രവർത്തകർ ചെറുപ്പക്കാരനുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും താമസിയാതെ പുറത്തുവന്നു.
പുറത്തുവന്ന ചില വാർത്തകളിൽ പ്രതികളിൽ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ മറച്ചുവയ്ക്കുകയോ ഇല്ലെന്നു വാദിക്കുകയോ ചെയ്തു (സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണക്കിരയാക്കി, ജീവനൊടുക്കി യുവതി, എസ്ഡിപിഐ പ്രവർത്തകർ റിമാന്റിൽ, ജൂൺ 19, ഡൂൾ ന്യൂസ്)
നിഷേധിച്ച് എസ്ഡിപിഐ
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തങ്ങളെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. അവർ നൽകുന്ന വിവരങ്ങൾ ഇതാണ്: ഭർതൃമതിയായ യുവതിയെ മയ്യിൽ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയിൽ കുടുംബാംഗങ്ങൾ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് മയ്യിൽ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാർ വിഷയത്തിൽ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.കുടുംബക്കാർ ഇടപ്പെട്ട വിഷയത്തിൽ എസ്ഡിപിഐ യെ തിരഞ്ഞ് പിടിച്ച് കള്ളക്കേസിൽപ്പെടുത്തിയത് ദുരുപദിഷ്ടിതവും രാഷ്ട്രീയ പ്രേരിതവുമാണ്. ഭരണകക്ഷി പാർട്ടിയുടെ സമ്മർദ്ദ ഫലമായാണ് അറസ്റ്റെന്നും ആരോപിക്കുന്നു (യുവതിയുടെ ആത്മഹത്യ: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരം, ജൂൺ 19, തേജസ് ഓൺലൈൻ).
ബന്ധുക്കളല്ലെന്ന് മറുനാടൻ മലയാളി
അതേസമയം വീടിന് മുന്നിൽ ആൺ സുഹൃത്തുമായി സംസാരിച്ച് നിന്ന റസീനയെ ചോദ്യം ചെയ്തത് ബന്ധുക്കൾ പോലും ആയിരുന്നില്ലെന്ന് മറുനാടൻമലയാളി അവകാശപ്പെട്ടു: അറസ്റ്റിലായവർക്ക് ഇവർക്ക് റസീനയുമായോ ആൺസുഹൃത്തുമായോ ബന്ധമില്ല. വിചാരണ ചെയ്യാൻ കൊണ്ട് പോയത് എസ്ഡിപിഐയുടെ പാർട്ടി ഓഫീസിലേക്കാണ്. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളിൽ നീതി ന്യായം നടപ്പാക്കുന്ന സമാന്തര സംവിധാനങ്ങളെ കുറിച്ച് മലയാളികൾക്ക് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പറമ്പായിലുണ്ടായത് സമാനമായ സംഭവമാണ്. നാട്ട്കൂട്ടങ്ങൾ കൂടി ശിക്ഷ നടപ്പാക്കുന്ന രീതി രാജ്യത്ത് നിരോധിച്ചതാണ് (‘ഭർതൃമതിയായ യുവതിയെ മയ്യിൽ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയിൽ കണ്ടത് കുടുംബാംഗങ്ങൾ; കുടുംബക്കാർ ഇടപ്പെട്ട വിഷയത്തിൽ എസ്ഡിപിഐക്കാരെ കള്ളക്കേസിൽ കുടുക്കി’; റസീനയുടെ ആത്മഹത്യയിൽ അറസ്റ്റിലായ യുവാക്കളെ പിന്തുണച്ച് എസ്ഡിപിഐ; വീട്ടമ്മയുടെ ജീവനെടുത്ത പരസ്യവിചാരണ രാഷ്ട്രീയ വിവാദമാകുന്നു, ജൂൺ 19, മറുനാടൻ മലയാളി).
അറസ്റ്റിലായത് തടിയന്റവിടെ നസീറിന്റെ ബന്ധുക്കൾ
സംഭവത്തിൽ മറുനാടൻ മലയാളി ഇതേ ദിവസം മറ്റൊരു വാർത്ത കൂടി പ്രസിദ്ധീകരിച്ചു. ആൾക്കൂട്ടവിചാരണ നടന്ന സ്ഥലം തടിയന്റവിടെ നസീറിന്റെ ബന്ധുവിന്റെ സ്വാധീന മേഖലയാണെന്നായിരുന്നു വാർത്തയുടെ ഹൈലൈറ്റ്: ആൾക്കൂട്ട വിചാരണയിൽ കൂടുതൽ പേർ പ്രതികളുണ്ട്. തീവ്രവാദ കേസിൽ ജയിലിൽ കിടന്ന മജീദ് പറമ്പായിയുടെ പ്രദേശമാണിത്. തടിയന്റവിട നസീറിന്റെ അടുത്ത ബന്ധു കൂടിയാണ് മജീദ് പറമ്പായി. കഴിഞ്ഞ കുറെക്കാലമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തനം ഇവിടെ ശക്തമായിരുന്നു. നിരോധിച്ച ശേഷം പിഎഫ്ഐ പ്രവർത്തകർ എസ്ഡിപിഐ യിലേക്ക് ചേക്കേറി. പറമ്പായി മാത്രമല്ല മുഴപ്പിലങ്ങാട്, എടക്കാട്, നാറാത്ത്, ഇരിട്ടി, മട്ടന്നൂർ, കണ്ണൂർ സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴും പിഎഫ്ഐ പ്രവർത്തനങ്ങൾ ശക്തമാണ്. ഇവർ ആയുധ പരിശീലനവും രഹസ്യ ക്യാംപുകളും നടത്തുന്നുണ്ട്. പരാതി ലഭിച്ചിട്ടും പൊലിസ് നടപടിയെടുത്തിട്ടില്ല. എസ്ഡിപിഐ ഗുണ്ടകൾ വിലസുന്നത് മുഖ്യമന്ത്രിയുടെ തണലിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന സദാചാര പോലീസ് ആക്രമണം കേരള പോലീസ് മൂടിവെയ്ക്കാൻ ശ്രമിക്കുന്നു. പ്രദേശത്ത് എസ്ഡിപിഐ തീവ്രവാദി സംഘങ്ങളുടെ ശല്യം രൂക്ഷമാണ് (തടിയന്റവിട നസീറിന്റെ അടുത്ത ബന്ധു മജീദ് പറമ്പായിയുടെ സ്വാധീന മേഖല; പറമ്പായിയും മുഴുപ്പിലങ്ങാടും അടക്കം ഏഴിടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തനം ശക്തം; ആയുധ പരിശീലനവും രഹസ്യ ക്യാംപുകളും നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിവരം അവഗണിച്ച് പൊലീസ്; മനംനൊന്ത് ജീവനൊടുക്കിയ റസീനയുടെ ആൾക്കൂട്ട വിചാരണയ്ക്ക് പിന്നിൽ, ജൂൺ 19 മറുനാടൻ മലയാളി).
മുഖ്യമന്ത്രിയുടെ മണ്ഡലം
പുറത്തുവന്ന പല വാർത്തകളിലും ആവർത്തിച്ചുവന്ന പ്രമേയം സംഭവം നടന്നത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണെന്നതായിരുന്നു. ഉദാഹരണത്തിന് ജന്മഭൂമി നൽകിയ വാർത്തയുടെ ശീർഷകം ‘മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ആൾക്കൂട്ട വിചാരണ; മനംനൊന്ത് യുവതി ജീവനൊടുക്കി, മൂന്ന് എസ്ഡിപിഐക്കാർ റിമാൻഡിൽ’ എന്നായിരുന്നു (ജൂൺ 20, ജന്മഭൂമി).
പ്രതികൾ കുറ്റക്കാരല്ലെന്ന് മാതാവ്
തന്റെ മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് ഇതേ ദിവസം ഉമ്മ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു: സഹോദരിയുടെ മകൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്. അവർ നിരപരാധികളുമാണ്. യുവാവിനൊപ്പം കാറിൽ കണ്ട റസീനയെ കാറിൽ നിന്നിറക്കി സ്‌കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കുകയാണ് അവർ ചെയ്തത്. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വർഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. നാൽപതോളം പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭർത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാൻ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകും (’40 പവൻ നൽകിയാണ് വിവാഹം നടത്തിയത്, പണമെല്ലാം അവൻ കൊണ്ടുപോയി’: അറസ്റ്റിലായവർ ‘പാവങ്ങളെ’ന്ന് റസീനയുടെ ഉമ്മ, ജൂൺ 20, മനോരമ).
ഉമ്മ പൊലീസിനെയും വിമർശിച്ചു: ‘പൊലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആൾക്കാരല്ല ബന്ധുക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവർ. റസീനയോട് സഹോദരന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. റസീനയുടെ സ്വർണം മുഴുവൻ യുവാവ് തട്ടിയെടുത്തു. ഫോണിലൂടെയാണ് മയ്യിൽ സ്വദേശിയെ റസീന പരിചയപ്പെട്ടത്. അവനാണ് തന്റെ മകളെ കുടുക്കിയത്’. എന്നിട്ടും യുവാവിനെ വെറുതെ വിട്ട് തന്റെ ബന്ധുക്കളെയാണ് പൊലീസ് പിടികൂടി ജയിലിലിട്ടത്. എന്ത് ന്യായമാണത്? ആത്മഹത്യക്ക് മുൻപ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവൾക്ക് നല്ല പ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂർ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യിൽ സ്വദേശിയായ യുവാവിന്റെ വീട്ടുകാരെത്താനാണ് സമയമെടുത്തത് (കായലോട് യുവതിയുടെ മരണം: പ്രതികൾ കുറ്റക്കാരല്ലെന്ന് മരിച്ച റസീനയുടെ ഉമ്മ ഫാത്തിമ; ‘പൊലീസിന്റെ വാദം തെറ്റ്’, ജൂൺ 20, ഏഷ്യാനെറ്റ്).
അതേസമയം ആത്മഹത്യാകുറിപ്പിൽ പ്രതികളുടെ പേരുണ്ടെന്ന വാദത്തിൽ പോലിസ് ഉറച്ചുനിന്നു (ആത്മഹത്യാകുറിപ്പിൽ പ്രതികളുടെ പേരുണ്ട്, നടന്നത് സദാചാര പൊലീസിങ്, ജൂൺ 20, ഏഷ്യാനെറ്റ്).
യുവാവിനെതിരേ പരാതിയുമായി കുടുംബം
യുവതിയുടെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരി എസിപിക്ക് കുടുംബം പരാതി നൽകി. ആൺ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇയാളുമായുള്ള ബന്ധമെന്തെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു (കണ്ണൂരിലെ സദാചാര ഗുണ്ടായിസം: ‘ആൺ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണം’, എസിപിക്ക് പരാതി നൽകി കുടുംബം, ജൂൺ 20, റിപ്പോർട്ടർ)
മാനസിക സംഘർഷമുണ്ടായിരുന്നെന്ന് പിതാവ്
അതേസമയം ഉമ്മയുടെ അതേ നിലപാടായിരുന്നില്ല പിതാവിന്റേത്. മകളെയും പയ്യനെയും പാലോട് വച്ച് പിടിച്ചുവെന്ന് റസീന പറഞ്ഞതായി അദ്ദേഹം പറഞ്ഞു. വൈഫിനെയും കൂട്ടി അവിടെ ചെന്നു. വഴക്കൊക്കെ പറഞ്ഞു. അത് സാധാരണയാണല്ലോ, ഇത്രയും ആളുകളുടെ മുന്നിൽവച്ച് അപമാനിച്ചുവെന്നും ഇനിയിവിടെ താമസിക്കില്ലെന്നും പറഞ്ഞു. വീട്ടിലേക്ക് പോവുകയാണെന്നു പറഞ്ഞു. അവൾക്ക് മൂന്ന് മക്കളാണ് (റസീന ജീവനൊടുക്കാൻ കാരണം സദാചാര പൊലിസിങ് തന്നെയെന്ന് റസീനയുടെ പിതാവ്, 20 ജൂൺ, ന്യൂസ് മലയാളം)
മകൾ മാനസിക സംഘർഷത്തിലായിരുന്നെന്നും തന്നെയും സുഹൃത്തിനെയും അപമാനിച്ചതായി മകൾ പറഞ്ഞതായും പിതാവിനെ ഉദ്ധരിച്ച് ഡൂൾ ന്യൂസും റിപോർട്ട് ചെയ്തു (സദാചാര പോലിസിങ് തന്നെയാണ് മകളുടെ മരണകാരണമെന്ന് പിതാവ്; എസ്ഡിപിഐ ഓഫിസിനുള്ളിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്, ജൂൺ 20, ഡൂൾ ന്യൂസ്)
സദാചാര പൊലിസിങ്ങാണെന്ന വാദത്തിൽ പിതാവ് ഉറച്ചുനിന്നെന്നാണ് മിക്കവാറും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പുറത്തുവന്ന വാർത്തകളിൽ അദ്ദേഹം ഈ വാക്കുപയോഗിച്ചതായി കാണുന്നില്ല.
സദാചാര പൊലിസിങ്ങെന്ന് പൊലിസ്
സദാചാര പൊലിസിങ്ങാണെന്ന വാദം തന്നെയായിരുന്നു പൊലീസിന്റെതും. ആവശ്യമായ തെളിവുണ്ടെന്നും സിറ്റി പോലിസ് കമ്മീഷണർ പറഞ്ഞു (റസീനയുടെ മാതാവിന്റെ വാദം തള്ളി പൊലിസ്, നടന്നത് സദാചാര ആക്രമണമെന്ന് കമ്മീഷണർ, ജൂൺ 20, ഇന്ത്യൻ എക്‌സ്പ്രസ്).
സദാചാര ഗുണ്ടായിസം, താലിബാനിസം, ആൾക്കൂട്ട കൊലപാതകം, തീവ്രവാദത്തിന്റെ ഭീകരത
ഇതേ കുറിച്ചുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയുടെ പ്രതികരണം ഏഷ്യാനെറ്റ് നൽകിയിരുന്നു. കായലോട്ട് നടന്നത് സദാചാര ഗുണ്ടായിസമാണെന്നാണ് വാർത്തക്ക് ഏഷ്യാനെറ്റ് നൽകിയ ആമുഖം. തുടർന്ന് പി കെ ശ്രീമതിയുടെ പ്രതികരണം നൽകി. കായലോട് നടന്നത് താലിബാനിസമെന്നായിരുന്നു അവർ വിശേഷിപ്പിച്ചത്: കായലോട് നടന്നത് താലിബാനിസമാണ്. തന്റെ ഭർത്താവല്ലാത്ത ആളോട് ഒരു മുസ്ലീം സ്ത്രീ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണ് കായലോട് നടന്നത്. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണ്. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിന്റെ മുൻപിൽ പെൺകുട്ടി അപമാനിതയായി. ജീവിച്ചിരിക്കാൻ തോന്നാത്ത വിധം മാനസികമായ പീഡനത്തിന് വിധേയയായി. നിയമം കയ്യിലെടുക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും പി കെ ശ്രീമതി ചോദിച്ചു. ഒരു പാവം സഹോദരനും സഹോദരിക്കും നേരെ വ്യക്തിഹത്യ നടത്തുന്നത് അതിഭീകരമാണ്. മൂന്ന് പേരെ അല്ല മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഏത് സംഘടനയായാലും, ആർക്കും ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ട സംഭവമാണിത് (‘കായലോട് നടന്നത് താലിബാനിസം’; റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമെന്ന് പി.കെ ശ്രീമതി, ജൂൺ 20, ഏഷ്യാനെറ്റ്).
അതിഭീകരത, സദാചാരകോടതി
ജൂൺ 20ന് പി.കെ ശ്രീമതിയുടെ പ്രതികരണം പ്രക്ഷേപണം ചെയ്ത ഏഷ്യാനെറ്റിന്റെ കാപ്ഷൻ ഒരു ചോദ്യമായിരുന്നു, ‘എസ്ഡിപിഐയുടെ സദാചാര കോടതിയോ?’. ‘ഇത് തീവ്രവാദമല്ല, അതിനും അപ്പുറത്തുള്ള അതിഭീകരതയാണെന്നും പി.കെ ശ്രീമതി ഏഷ്യാനെറ്റിനോട് പ്രതികരിച്ചു (‘നടന്നത് താലിബാനിസം’; റസീനയുടേത് ആൾക്കൂട്ടക്കൊലപാതകമെന്ന് പി.കെ ശ്രീമതി, ജൂൺ 20, ഏഷ്യാനെറ്റ്).
നിലപാട് മാറ്റത്തിന് പിന്നിൽ എസ്ഡിപിഐ
മാതാവ് പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്തത് എസ്ഡിപിഐ സമ്മർദ്ദത്തിലാണെന്ന് പി.കെ ശ്രീമതി ആരോപിച്ചു: റസീനയുടെ കുടുംബത്തെ എസ്ഡിപിഐ സമ്മർദ്ദത്തിലാക്കുകയാണ്. അതുകൊണ്ടാണ് മാതാവ് ഫാത്തിമ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. ഇങ്ങനെയുളള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ബന്ധുക്കളുടെ വാക്കുകൾക്കും ജീവിച്ചിരിക്കുന്നവരുടെ വാക്കുകൾക്കും വിലകൽപ്പിക്കുന്നവരായിരിക്കാം അവർ. മരിച്ചുപോയവർ മരിച്ചുപോയി, സ്വന്തം അനിയത്തിയുടെ മക്കളെ രക്ഷിക്കണം എന്ന് മറ്റുള്ളവർ നിർബന്ധിച്ചിരിക്കാം. റസീനയുടെ പിതാവ് ഇപ്പോഴും പ്രതികൾക്ക് എതിരായാണ് മൊഴി നൽകിയിരിക്കുന്നത്. മുസ്ലീം സ്ത്രീ ഭർത്താവല്ലാതെ മറ്റൊരു പുരുഷനുമായി സംസാരിക്കാൻ പാടില്ല എന്നതാണ് എസ്ഡിപിഐയുടെ ചിന്ത. അങ്ങനെ ചിന്തിക്കുന്നത് തീവ്രവാദമാണ് (റസീനയുടെ മാതാവ് നിലപാട് മാറ്റിയത് എസ്ഡിപിഐ സമ്മർദ്ദത്താലോ? പി.കെ ശ്രീമതി, ജൂൺ 21, കെ വാർത്ത).
ഇതേ നിലപാടാണ് സിപിഎമ്മിന്റെ പിണറായി ഏരിയാ സെക്രട്ടറി കെ ശശിധരനും പങ്കുവച്ചത്. സദാചാര വിചാരണകൾ നേരത്തെയും അവിടെ നടന്നിട്ടുണ്ടെന്നും എസ്ഡിപിഐയുടെ ഓഫിസിനു മുന്നിലൂടെ സ്ത്രീകൾക്ക് നടക്കാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ ഭീഷണിയാണ് കുടുംബത്തിന്റെ നിലപാടുമാറ്റത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു (കുടുംബത്തിന്റെ നടപടി എസ്ഡിപിഐയെ പേടിച്ച്, സദാചാര വിചാരണ നേരത്തേയും നടന്നുവെന്ന് സിപിഎം, 21 ജൂൺ, മാതൃഭൂമി ന്യൂസ്)
ആരോപണങ്ങൾ നിഷേധിച്ച് യുവാവ്
റസീനയോടൊപ്പമുണ്ടായിരുന്ന യുവാവ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു: യുവതിയുമായി കാറിൽ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മർദ്ദിച്ചു. ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വെച്ചും മർദിച്ചു. മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിൽകൂടിയാണ് യുവതിയെ പരിചയപ്പെട്ടത്. കുടുംബം ആരോപിക്കുന്നതുപോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. യുവാവിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരേ കേസെടുത്തു (റസീനയുടെ ആത്മഹത്യ- യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ആൺസുഹൃത്ത്, ജൂൺ 21, മാധ്യമം). അതേസമയം യുവാവിനെതിരേ കേസെടുക്കാൻ തെളിവുകളില്ലെന്ന് പോലിസ് നിലപാടെടുത്തു (റസീനയുടെ മരണം: ആൺ സുഹൃത്തിനെതിരേ കേസെടുക്കാൻ തെളിവുകളില്ലെന്ന് പൊലീസ്, ജൂൺ 23, കൈരളി ഓൺലൈൻ ന്യൂസ്).
സദാചാര ഗുണ്ടായിസം, ഫത്‌വ, മതരാഷ്ട്രവാദം, താലിബാന്റെ അഫ്ഗാൻ
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഈ പ്രശ്‌നത്തെ പഹൽഗാമിന്റെ പശ്ചാത്തലത്തിലാണ് വായിച്ചത്: പഹൽഗാമിൽ 26 പേരെ ഭീകരവാദികൾ കൊന്നു. എല്ലാവരോടും കലിമ ചൊല്ലാനാണ് അവർ പറഞ്ഞത്. കലിമ ചൊല്ലാനറിയാവുന്ന ഒരാൾ അതിനു തയ്യാരായില്ല. അയാൾ മറ്റുള്ളവരെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. മുസ്ലീമല്ലാത്ത ആളുകളെ ഭീകരവാദികൾ വെടിവച്ചുകൊല്ലുകയാണ്. ഇതിൽ ഉപയോഗിക്കുന്നത് മതത്തെയാണ്. ഇസ്ലാമിൽ അന്യമതവിദ്വേഷം പറഞ്ഞിട്ടില്ല. എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതമെന്ന് പറഞ്ഞ മതമാണ് ഇസ്ലാം. ആ മതത്തെ ഭീകരവാദികൾ ഉപയോഗിക്കുകയാണ്. അത് മതത്തിന് എതിരാണ്. ഇപ്പോൾ എസ്ഡിപിഐക്കാർ ചെയ്യുന്നതും അതാണ്. ഇത് മതത്തിന്റെ പ്രശ്‌നമല്ല, സദാചാര ഗുണ്ടായിസമാണ്. എസ്ഡിപിഐക്കാരും ഇവിടെ മതത്തെ മറയാക്കുകയാണ് (‘സദാചാര ഗുണ്ടായിസത്തിനായി എസ്ഡിപിഐ മതത്തെ ഉപയോഗിക്കുന്നു, പഹൽഗാമിൽ മനുഷ്യരെ കൊല്ലാൻ ഭീകരവാദികൾ മതത്തെ മറയാക്കിയത് പോലെയാണ് ഇവിടെ എസ്ഡിപിഐ ചെയ്യുന്നത്’: കെ കെ രാഗേഷ്, ജൂൺ 21, കൈരളി ടിവി).


കായലോട് ആൾക്കൂട്ട വിചാരണ പുറത്ത് വന്നത് എസ്ഡിപിഐയുടെ വികൃതമുഖമാണെന്ന് മറ്റൊരിടത്തും അദ്ദേഹം ആക്ഷേപിച്ചു: സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് യുവതിയെ അപമാനിച്ചു. യുവതി ആത്മഹത്യ ചെയ്തത് അപമാന ഭയത്താലാണ്. എസ്ഡിപിഐ ഓഫിസിൽ വിചാരണ നടന്നു. ആൺ സുഹൃത്ത് റഹീസിനെതിരെ എസ്ഡിപിഐ വ്യാജപ്രചാരണം നടത്തുന്നു. റഹീസിന് സിപിഐഎമ്മുമായി ബന്ധമില്ല. കോൺഗ്രസ് കുടുംബമാണ് റഹീസിന്റെത്. സ്ത്രീകൾ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ഫത്വ ഇറക്കുന്നു. മതരാഷ്ട്രവാദം എന്ന എസ്ഡിപിഐയുടെ അടിസ്ഥാന ആശയമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. താലിബാന് സമാനമായ പ്രവർത്തനമാണ് അവർ നടത്തുന്നത്. പോപ്പുലർഫ്രണ്ടും എസ്ഡിപിഐയും നേരത്തെയും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കേരളം താലിബാന്റെ അഫ്ഗാൻ അല്ല. ഇത്തരം മതരാഷ്ട വാദികളാണ് കോൺഗ്രസ്സിന്റെ സഖ്യകക്ഷികൾ. എസ്ഡിപിഐ ഇപ്പോൾ കോൺഗ്രസ്സിന്റെ സഖ്യകക്ഷിയാണ്. കോൺഗ്രസ്സിന്റെയും ലീഗിന്റെ പിന്തുണ എസ്ഡിപിഐക്ക് വളരാൻ വളമാകുകയാണ്. കായലോട് സംഭവത്തിൽ കോൺഗ്രസ്സ് അവരുടെ നിലപാട് വ്യക്തമാക്കണം (‘കായലോട് യുവതി ആത്മഹത്യ ചെയ്തത് അപമാന ഭയത്താൽ; പുറത്ത് വന്നത് എസ്ഡിപിഐയുടെ വികൃതമുഖം, താലിബാന് സമാനം’: കെ കെ രാഗേഷ്, ജൂൺ 21, 24 ന്യൂസ്)
എസ്ഡിപിഐ വിശദീകരണം വീണ്ടും
സിപിഎം ഒത്താശയോടെ പോലിസ് പ്രവർത്തകർക്കെതിരേ കള്ളക്കേസെടുക്കുകയാണെന്ന് സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ എസ്ഡിപിഐ നേതാക്കൾ പറഞ്ഞു. സിപിഎം ഗൂഢാനലോചന നടക്കുന്നു. ഒരു കുടുംബപ്രശ്‌നമാണ് അത്. ബന്ധുക്കൾകൂടിയായ എസ്ഡിപിഐ പ്രവർത്തകരാണ് പ്രശ്‌നത്തിൽ ഇടപെട്ടത്. അതിനെയാണ് സദാചാര പോലിസിങ്ങെന്ന് വ്യാഖ്യാനിക്കുന്നത്. കുടുംബപ്രശ്‌നത്തിലും കച്ചവട തർക്കത്തിലും പൊതുപ്രവർത്തകർ ഇടപെടാറുണ്ട്. ഭരണകക്ഷി പോലിസിനെ ഉപയോഗിച്ച് എസ്ഡിപിഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണ് (സിപിഎം ഒത്താശയോടെ പൊലീസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു: എസ്ഡിപിഐ, ജൂൺ 23, വീക്ഷണം).
10. സ്‌കൂൾ സമയമാറ്റം
എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പ്രവൃത്തിസമയം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും 15 മിനിറ്റ് ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ജൂൺ പകുതിയോടെ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. നിശ്ചിത പഠനസമയം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശപ്രകാരമുള്ള നടപടിയെന്നാണ് പുതിയ പരിഷ്‌കാരത്തെ സർക്കാർ വിശദീകരിച്ചത്.
ഉത്തരവിന്റെ പശ്ചാത്തലം:
സ്‌കൂൾ പ്രവൃത്തിദിനങ്ങളും അധ്യയന സമയവും വെട്ടിക്കുറച്ചത് വിവാദത്തിന് കാരണണായി. സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ നേരത്തെ 210 ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. ഇതിനെതിരേ മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. കെഇആർ അടിസ്ഥാനപ്പെടുത്തി സ്‌കൂൾ സമയം നിശ്ചയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടർന്ന് 2024ൽ 220 പ്രവൃത്തിദിനങ്ങൾ നിശ്ചയിച്ച് സർക്കാർ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഇതിനായി 25 ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമാക്കി.
വിദ്യാഭ്യാസ കലണ്ടറിനെതിരെ കെ പി എസ് ടി എ, കെ എസ് ടിയു തുടങ്ങിയ അധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയത് കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്, വിദ്യാഭ്യാസ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കാൻ കോടതി 2024 ആഗസ്റ്റിൽ സർക്കാരിന് നിർദ്ദേശം നൽകി. ഇതേതുടർന്ന്, ഈ വർഷം ജനുവരി 20 ന് അഞ്ചംഗ വിദഗ്ദ്ധസമിതി രൂപീകരിച്ചു. മേയ് ആറിന് സമിതി റിപ്പോർട്ട് നൽകി. മേയ് 31 ന് സർക്കാർ വിദ്യാഭ്യാസ കലണ്ടറും പുറത്തിറക്കി. ഇതിൽ ഹൈസ്‌കൂളിലെ പഠന സമയം തികയ്ക്കുന്നതിന് വേണ്ടിയാണ് ആറ് ശനിയാഴ്ചകൾ അധികമായി പ്രവൃത്തി ദിനമാക്കുകയും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും 15 മിനിട്ട് വീതം പഠന സമയം വർദ്ധിപ്പിക്കുകയും ചെയ്തത് (2025 ജൂൺ 10ലെ പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ്, സ്‌കൂൾ സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമോ?,ആദ്യമായാണോ പഠനസമയം മാറുന്നത്? വസ്തുതകൾ ഇവയാണ്, ജൂലൈ 14, സമകാലിക മലയാളം)
പുതിയ പരിഷ്‌കാരം നടപ്പാക്കും മുമ്പ് സർക്കാർ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ കക്ഷികളുടെ അഭിപ്രായം കേൾക്കാതിരുന്നതിനെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമുണ്ടായി. പല തരം തടസ്സവാദങ്ങളാണ് ഉന്നയിക്കപ്പെട്ടത്: സമയമാറ്റം മദ്‌റസ വിദ്യാർത്ഥികളെ ബാധിക്കും. സ്വകാര്യട്യൂഷൻ ക്ലാസുകളെ ആശ്രയിക്കുന്നവരെയും പൊതുസംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെയും ബാധിക്കും. കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടിവരുന്ന അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കും.
സമയമാറ്റം മദ്‌റസാപഠനത്തിന് വരുത്തിയേക്കാവുന്ന പ്രതിസന്ധി, സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൗതികപഠനത്തിനൊപ്പം മതപഠനത്തിനും തുല്യപ്രാധാന്യം നൽകുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾകൂടി ഉൾപ്പെടുന്നതാണ് നമ്മുടെ വിദ്യാർഥിസമൂഹമെന്നും ഇവരുടെ താൽപര്യങ്ങൾക്കോ വിശ്വാസങ്ങൾക്കോ ഒട്ടും പരിഗണന നൽകാതെയുള്ള പരിഷ്‌കാരങ്ങൾ ശരിയല്ലെന്നും സമസ്ത നേതാക്കൾ പല തരത്തിൽ സർക്കാരിനെ അറിയിച്ചു.
സമയമാറ്റം മദ്‌റസ പഠനത്തെ ബാധിക്കില്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പക്ഷേ, ഇതിനെ മദ്‌റസ രംഗത്തു പ്രവർത്തിക്കുന്നവർ ചോദ്യം ചെയ്തു: രാവിലെ എട്ട് മണിവരെയാണ് ഹൈസ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി മിക്കയിടങ്ങളിലും മദ്റസാപഠനം ക്രമീകരിച്ചിട്ടുള്ളത്. ഒന്നര- രണ്ടു മണിക്കൂറാണ് മദ്റസാപഠനം. സ്‌കൂൾ സമയം കുറച്ചുകൂടി നേരത്തെയാകുമ്പോൾ അത് മദ്റസാപഠനത്തെ ബാധിക്കും. ഗ്രാമങ്ങളിലുള്ള കുട്ടികൾക്ക് മദ്റസാപഠനം കഴിഞ്ഞുവേണം ദൂരത്തുള്ള ഹൈസ്‌കൂളുകളിലെത്താൻ. ഭൂരിഭാഗം വിദ്യാർഥികളും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. സമയത്തിന് വാഹനസൗകര്യം ലഭ്യമായില്ലെങ്കിൽ മതപഠനസമയം വെട്ടിക്കുറയ്ക്കേണ്ടി വരും (സ്‌കൂൾ സമയമാറ്റം: മാന്യസമീപനം അവഗണിക്കരുത്, ജൂൺ 14, സുപ്രഭാതം).
പരാതി ലഭിച്ചില്ലെന്ന് വിദ്യാഭ്യാസമന്ത്രി
സ്കൂൾസമയമാറ്റത്തിൽ പരാതി ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത് പ്രതിഷേധമുണ്ടാക്കി. ജൂൺ 11ന് തിരുവനന്തപുരത്ത് വച്ച് വാർത്താമാധ്യമങ്ങളുടെ സാന്നിധ്യത്തിൽ പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയിരുന്നതായി എസ്‌കെഎസ്എസ്എഫ് സെക്രട്ടേറിയറ്റ് ഓർമിപ്പിച്ചു. വിവാദ വിഷയത്തിൽ ചർച്ചക്ക് ഇടം നൽകാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെ സംഘടന വിമർശിക്കുകയും ചെയ്തു (സൂകൂൾ സമയമാറ്റം: സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത സംഘടന, ജൂൺ 19, വീക്ഷണം).
11. പടക്കളം സിനിമയും ടിപ്പു സുൽത്താനും
സുരാജ് വെഞ്ഞാറമൂട്, ഷറഫുധീൻ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് മനു സ്വരാജ് രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഫാന്റസി ചിത്രമാണ് പടക്കളം. ഒരു ലുഡോ ബോർഡും അത് ലഭിക്കുന്ന ആൾക്ക് ശക്തി ലഭിക്കുന്നതുമൊക്കെയാണ് പ്രമേയം. സിനിമയിൽ ‘ആക്രമണകാരി’യായ ടിപ്പുസുൽത്താൻ ലുഡോ ബോർഡ് പിടിച്ചെടുക്കുകയാണ്. പിന്നീടത് വിസ്മൃതിയിൽ മറഞ്ഞു. പുതിയ കാലത്ത് ആ ലുഡോ ബോർഡ് ഒരു അധ്യാപകന് ലഭിക്കുന്നു. അതിലൂടെ ലഭിച്ച ശക്തി ഉപയോഗിച്ച് അദ്ദേഹം തന്നിഷ്ടം നടപ്പാക്കാൻ ശ്രമിക്കുന്നു.
ഈ സിനിമ ടിപ്പുസുൽത്താനെ അവതരിപ്പിക്കുന്ന രീതി അജയ് ബാലചന്ദ്രൻ എന്ന ഫേസ്ബുക്ക് ഐഡി സമാഹരിച്ച് എഴുതിയിട്ടുണ്ട്. അത് സംക്ഷിപ്തമായി വിവരിക്കുന്നു:
എല്ലാ കാര്യങ്ങളും ടിപ്പു സുൽത്താന്റെ തലയിൽ കൊണ്ടു വയ്ക്കുക എന്നതാണ് നാട്ടുനടപ്പ്. ഈ സിനിമയിലും അത് ആവർത്തിക്കുന്നുണ്ട്. വിജയനഗരം ഭരിച്ച ഒരു ആദിത്യമഹാരാജാവിന്റെ കാര്യം പറഞ്ഞാണ് കഥ തുടങ്ങുന്നത്. അങ്ങനെ ഒരു രാജാവ് വിജയനഗരസാമ്രാജ്യം ഭരിച്ചിട്ടില്ല. ആ രാജാവ് ഒരു ലുഡോ ബോർഡ് ഉണ്ടാക്കുന്നു. 1751-ൽ ജനിച്ച ടിപ്പു സുൽത്താൻ തന്റെ ജനനത്തിന് രണ്ട് നൂറ്റാണ്ടുമുമ്പ് അവസാനിച്ച വിജയനഗര സാമ്രാജ്യത്തിനെ ആക്രമിച്ച് ആ ലുഡോ ബോർഡ് പിടിച്ചെടുത്തുവെന്ന് സിനിമ പറയുന്നു (വിജയനഗരം എന്ന നഗരം ഇല്ലാതായ തളിക്കോട്ട യുദ്ധം നടന്നത് – 1565ലാണ്).
ടിപ്പു സുൽത്താൻ ഈ ലുഡോ ബോർഡുമായി ലോകം കീഴ്‌പ്പെടുത്താൻ ഇറങ്ങുന്നു. തിരുവിതാംകൂർ ഭരിച്ചിരുന്ന കാർത്തിക തിരുന്നാളിനെ ആക്രമിക്കുന്നു. കാർത്തിക തിരുനാൾ ടിപ്പുവിനെ വെട്ടുന്നതായൊക്കെ സിനിമയിൽ കാണിക്കുന്നുണ്ട്. ചരിത്രത്തിൽ ഇവർ പരസ്പരം നേരിട്ട് കണ്ടിട്ട് പോലുമില്ല! എന്തായാലും കാർത്തിക തിരുന്നാളിന്റെ കയ്യിൽ ലുഡോ ബോർഡ് എത്തുന്നു. രാജാവ് ബോർഡ് ഒരിടത്ത് കുഴിച്ചിട്ട് ആ വിവരം താളിയോലയിൽ എഴുതി വെയ്ക്കുന്നു. വർത്തമാനകാലത്ത് ഒരാൾ ഈ സ്ഥലത്തെത്തി ഈ ലുഡോ ബോർഡ് കൈവശപ്പെടുത്തുന്നു (ജൂൺ 12, ഫേസ്ബുക്ക്/ അജയ് ബാലചന്ദ്രൻ).
12. ജിഹാദി പരീക്ഷണശാല
കേരളം ജിഹാദി പ്രവർത്തനത്തിന്റെ പരീക്ഷണശാലയാണെന്ന് വിഎച്ച്പി ദേശീയ ജോയിന്റ് സെക്രട്ടറി ജി സ്ഥാണുമാലയൻ ആരോപിച്ചു. കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വിഎച്ച്പി പ്രമുഖ് പാലകന്മാരുടെ ഏകദിന വർഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം: കേരളം പല വിധ ജിഹാദി പ്രവർത്തനങ്ങളുടെ പരീക്ഷണവേദിയായി മാറുകയാണ്. മയക്കുമരുന്നിന്റെ പ്രധാന ഉപഭോക്താക്കളായി ഹിന്ദു യുവാക്കളെ ലക്ഷ്യം വച്ച് പ്രവർത്തനം നടക്കുന്നു. യുവാക്കൾ ഹിന്ദുത്വ ബോധത്തെ ഉൾക്കൊണ്ട് പ്രവർത്തിക്കുകയാണ് ഇതിനുള്ള പരിഹാരം. ഒരു കാലത്ത് സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയിരുന്ന ഹിന്ദുത്വം ഇന്ന് അപകടത്തിലാണ്. ഭാഷ, ഭൂഷണം, ഭക്ഷണം തുടങ്ങിയ സർവമേഖലകളിലും ഹിന്ദുത്വസംസ്‌കാരം ഇല്ലാതാവുന്നു. ചില പ്രത്യേക മതശക്തികൾ അവരുടെ മതപരമായ സംസ്‌കാര വൽക്കരണം നിർബന്ധപൂർവമായി അടിച്ചേൽപ്പിക്കുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാന ആശയമായ ആദർശകുടുംബ സങ്കൽപ്പം ഇല്ലാതായി മാറുന്നതാണ് കുടുംബപ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു (കേരളം ജിഹാദി പ്രവർത്തനത്തിന്റെ പരീക്ഷണവേദിയാകുന്നു: ജി സ്ഥാണുമാലയൻ, ജൂൺ 16, ജന്മഭൂമി).
13. മുസ്ലീം സമുദായത്തിന് മാത്രമായി സർക്കാർ വക പിഎസ്സി കോച്ചിങ് സെന്ററുകൾ
മുസ്ലീം സമുദായത്തിന് മാത്രമായി സംസ്ഥാന സർക്കാർ പിഎസ്സി കോച്ചിങ് സെന്ററുകൾ നടത്തുന്നതായി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ ജൂൺ പകുതിയോടെ തുടങ്ങി. നെല്ലിക്കപ്പറമ്പ് എന്ന സ്ഥലത്ത് ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ മുസ്ലീം യുവാക്കൾക്കായി കോച്ചിങ് സെന്റർ നടത്തുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ബോർഡിന്റെ ചിത്രം ഉൾപ്പെടെയാണ് പ്രചാരണം. ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും നികുതിപ്പണം വാങ്ങി മുസ്ലീങ്ങൾക്ക് സഹായം നൽകുന്നുവെന്നാണ് പ്രചാരണത്തിന്റെ കാതൽ.
ഇതേ കുറിച്ച് മനോരമയുടെ ഫാക്ട് ചെക്ക് വിഭാഗം അന്വേഷണം നടത്തി. പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. അവർ നൽകുന്ന വിശദീകരണം ഇതാണ്:
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് പിഎസ്സി പോലുള്ള മത്സര പരീക്ഷകൾക്കായി പരിശീലനം നൽകുന്ന കേന്ദ്രങ്ങളുണ്ട്. ഇതിൽ പിഎസ്സി പരിശീലന കേന്ദ്രത്തിന്റെ പേര് മുൻപ് ‘കോച്ചിങ് സെന്റർ ഫോർ മുസ്ലീം യൂത്ത്’ എന്നായിരുന്നു. പിന്നീട് ഇത് ‘കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്’ എന്നാക്കി മാറ്റി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങൾക്കുപുറമെ 20% സീറ്റുകളിൽ മറ്റ് ഒബിസി വിഭാഗത്തിൽ ഉള്ളവർക്കും ഇവിടെ പ്രവേശനം ലഭിക്കുമെന്നാണ് ലഭ്യമായ വിവരം. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട കമ്മിറ്റി രാജ്യത്തെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ കമ്മിറ്റിയാണ് ന്യൂനപക്ഷവിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ ശുപാർശ ചെയ്തത്. കേരളത്തിൽ അന്നത്തെ വിഎസ് സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയെയാണ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ നിർദേശങ്ങൾ എങ്ങനെ നടപ്പിലാക്കാം എന്നതു സംബന്ധിച്ച് പഠനം നടത്താൻ നിയോഗിച്ചത്. വൈകാതെ, പാലോളി കമ്മിറ്റി അവരുടെ പഠനവും ശുപാർശകളും സർക്കാരിനു സമർപ്പിച്ചു. 2008ൽ ന്യൂനപക്ഷ സെൽ രൂപീകരിക്കുകയും പിന്നീട് 2011 ജനുവരിയിൽ കേരളത്തിലെ പൊതുഭരണ വകുപ്പിനു കീഴിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് നിലവിൽ വരികയും ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസി ആയിട്ടാണ് ഈ വകുപ്പ് ഇന്ന് പ്രവർത്തിക്കുന്നത്. മുസ്ലീം, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാർസി തുടങ്ങിയ വിഭാഗങ്ങളാണ് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നത്.
കേരളത്തിലെ മുസ്ലീം വിഭാഗത്തിലുള്ള ആളുകൾക്കു വിദ്യാഭ്യാസമുണ്ടെങ്കിലും മത്സരപരീക്ഷകളിൽ മുന്നേറാൻ കഴിഞ്ഞിരുന്നില്ല എന്ന് പാലോളി കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ പിഎസ്സി കോച്ചിങ് സെന്ററുകൾ ആരംഭിക്കണമെന്ന് കമ്മിറ്റി നിർദേശിക്കുന്നതും കേരളത്തിൽ ആദ്യമായി മുസ്ലീം വിഭാഗത്തിനായി പിഎസ്സി പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിക്കുന്നതും. മുസ്ലീം ന്യൂനപക്ഷത്തിനു മുൻ തൂക്കമുള്ള ജില്ലകൾക്കാണ് ആദ്യം പരിഗണന നൽകിയിരുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, പിന്നീട് പൂർണമായും മുസ്ലീം വിഭാഗക്കാർക്കെന്നല്ലാതെ, മറ്റ് ഇതര ന്യൂനപക്ഷങ്ങളിലെ പിന്നോക്കം നിൽക്കുന്നവരെയും ഇതരന്യൂനപക്ഷങ്ങളില്ലാത്തിടത്ത് ഭൂരിപക്ഷ മതസമുദായത്തിലെ പിന്നോക്കവിഭാഗക്കാരായ കുട്ടികളെയും പ്രവേശിപ്പിക്കാമെന്ന് നിർദേശങ്ങളുയർന്നു. ഇതോടെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുപാതം 80:20 ആക്കി. എൺപത് ശതമാനം സീറ്റ് മുസ്ലീങ്ങൾക്കും ഇരുപത് ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും. ശേഷം, ഈ മാറ്റം കണക്കിലെടുത്ത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന്റെ പേര് ‘കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്’ എന്നാക്കി മാറ്റുകയും ചെയ്തു. കെ.ടി ജലീൽ ആയിരുന്നു അന്ന് മന്ത്രി (മുസ്ലീം സമുദായത്തിന് മാത്രമായി സർക്കാർ വക പിഎസ്സി കോച്ചിങ് സെന്ററുകൾ! സത്യമെന്ത്, ജൂൺ 27, മനോരമ).


14. 1000 പേരെ കൊല്ലാൻ പോപുലർ ഫ്രണ്ട് പട്ടിക
മറ്റു മുസ്‌ളിം സംഘടനകളെ ഒതുക്കി സമുദായത്തിന്റെ ഏകനേതൃത്വമായി മാറാനും എസ്.ഡി.പി.ഐയിലൂടെ രാഷ്ട്രീയാധികാരം നേടി ഇസ്‌ളാമിക രാഷ്ട്രം സ്ഥാപിക്കാനും പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പിഎഫ്ഐ) പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചി എൻഐഎ കോടതിയിൽ റിപോർട്ട് നൽകി. പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യഹർജിക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരം ആരോപണങ്ങളുയർത്തിയത്: മുൻ ജഡ്ജി ഉൾപ്പെടെ ആയിരത്തോളം പേരെ കേരളത്തിൽ വധിക്കാൻ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ശ്രീനിവാസൻ വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനിൽ നിന്ന് പിടിച്ചെടുത്ത പട്ടികയിൽ മറ്റു മതങ്ങളിലെ 240 പേരുണ്ട്. 15-ാം പ്രതി അബ്ദുൾ വഹാബിൽ നിന്ന് മുൻ ജില്ലാ ജഡ്ജിയുൾപ്പെടെ അഞ്ചുപേരുടെ വിശദവിവരങ്ങൾ ലഭിച്ചു. 17-ാം പ്രതി മുഹമ്മദ് സാദിഖിൽ നിന്ന് ലഭിച്ച ഒരു രേഖയിൽ 197 ഉം മറ്റൊന്നിൽ 35 ഉം പേരുണ്ട്. 69-ാം പ്രതി അയൂബ് ടി.എയിൽ നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു. ഇസ്ലാമിക ഭരണം 2047ൽ നടപ്പാക്കുകയായിരുന്നു പദ്ധതി. മുസ്‌ളിം സമുദായ പ്രശ്നങ്ങളിൽ കായികമായി ഇടപെടാനും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് പ്രതിരോധിക്കാനും പദ്ധതികൾ ഒരുക്കി. നീതിപിഠം, സൈന്യം, പൊലീസ് എന്നിവയിൽ ഉൾപ്പെടെ വിശ്വസ്തരായ കേഡർമാരെ തിരുകിക്കയറ്റൽ, എതിർക്കുന്നവരെ ഇല്ലാതാക്കാൻ സായുധകലാപം എന്നിവയും ലക്ഷ്യമിട്ടു. ‘ശിക്ഷിക്കാൻ ദാറുൽ ക്വാസ കോടതി’, റിപ്പോർട്ടേഴ്സ് വിംഗ്, ഫിസിക്കൽ ആൻഡ് ട്രെയിനിംഗ് വിംഗ്, സർവീസ് വിംഗ് – ഹിറ്റ് ടീം എന്നിവ രൂപീകരിച്ചു. രഹസ്യാന്വേഷണ വിഭാഗമായ റിപ്പോർട്ടേഴ്സ് വിംഗാണ് വ്യക്തികൾ, ഹിന്ദു നേതാക്കൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവ ദിവസവും നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലാ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിന് കൈമാറുന്ന വിവരം ഉപയോഗിച്ചാണ് കൊല്ലേണ്ട വ്യക്തികളെയും സ്ഥാപനങ്ങളെയും നിശ്ചയിച്ചത്. ആക്രമിക്കുന്ന ദൗത്യമാണ് സർവീസ് വിംഗ് – ഹിറ്റ് ടീം നിർവഹിക്കുക. ദാറുൽ ക്വാസ എന്ന കോടതിയാണ് ശിക്ഷ നിശ്ചയിച്ചിരുന്നത്. ഐസിസ് ഭീകരത അനുകരിക്കാൻ ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ കാണിച്ച് പരിശീലനം നൽകുന്നു. ശ്രീനിവാസൻ വധം അതിന്റെ തെളിവാണ്. (എൻഐഎ കോടതിയിൽ: 1000 പേരെ കൊല്ലാൻ പോപ്പുലർ ഫ്രണ്ട് പട്ടിക; ലക്ഷ്യം ഇസ്ലാമിക ഭരണം, ജൂൺ 26, കേരള കൗമുദി)
15. ഇന്ത്യയ്ക്ക് പകരം ഭാരതാംബ
ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയതാണെന്നും രാജ്യത്തിന്റെ പേര് ഭാരതാംബ എന്നാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 50ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം: അടിന്തരാവസ്ഥയെ രണ്ടാം സ്വാതന്ത്ര്യസമരമായി അംഗീകരിക്കണം. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന ഒരു തലമുറയെ മുസ്ലീം സമൂഹം ഉയർത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചിൽ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു (ഇന്ത്യ മാറ്റണം, ഭാരതാംബ എന്നാക്കണം, പി സി ജോർജ്, ജൂൺ 27, മെട്രോ വാർത്ത).
16. നെഹ്രു അഞ്ചുനേരം നിസ്‌കരിക്കുന്ന മുസ്ലീം
എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 50ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട ബിജെപി നേതാവ് പി.സി ജോർജ് രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി നെഹ്രുവെന്ന മുസൽമാനാണെന്ന് കുറ്റപ്പെടുത്തി: രാജ്യത്തെ നശിപ്പിച്ചതിൽ ഒന്നാം പ്രതി നെഹ്രു എന്ന മുസൽമാനാണ്. തനിക്ക് ദൈവവിശ്വാസമില്ലെന്ന് പറഞ്ഞുനടന്നിരുന്ന നെഹ്രു വീട്ടിൽ അഞ്ച് നേരം നിസ്‌കരിക്കുന്നയാളായിരുന്നു. അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചും ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തെ തകർത്തതും നെഹ്രുവാണ് (ഇന്ത്യ മാറ്റണം, ഭാരതാംബ എന്നാക്കണം, പി സി ജോർജ്, ജൂൺ 27, മെട്രോ വാർത്ത).
17. ഒരു വയസ്സുകാരന്റെ മരണം
മലപ്പുറം കാടാമ്പുഴയിൽ ഒരു വയസ്സുകാരൻ മരിച്ചു. കോട്ടക്കൽ സ്വദേശി ഹിറ ഹരീറ, നവാസ് ദമ്പതികളുടെ മകൻ എസൻ അർഹൻ ജൂൺ 28ാം തിയ്യതിയാണ് മരിച്ചത്. പിറ്റേ ദിവസം ഖബറടക്കി. കുട്ടിയുടെ മരണം മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണെന്ന് ആരോപണമുയർന്നു. പോലിസ് കേസെടുത്തു. മാതാപിതാക്കൾ മോഡേൺ മെഡിസിനല്ലാത്ത ചികിത്സരീതികൾ പിന്തുടരുന്നവരായതുകൊണ്ട് മതിയായ ചികിത്സയില്ലായ്മയാണ് മരണകാരണമെന്ന് പരാതിയിൽ പറയുന്നു. കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. പ്രാഥമിക കുത്തിവയ്പ്പുകളും നടത്തിയിട്ടില്ല. കുട്ടിയുടെ മാതാവ് അക്യൂപങ്ചറിസ്റ്റായതിനാൽ ഇതര ചികിത്സാരീതികളെ ഫേസ്ബുക്കിലൂടെ വിമർശിക്കാറുണ്ടെന്നും മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. (ഒരു വയസുകാരന്റ മരണം:മാതാപിതാക്കൾ ചികിത്സിച്ചില്ലെന്ന് ആരോപണം;മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും, ജൂൺ 28, റിപ്പോർട്ടർ)
തൊട്ടടുത്ത ദിവസം പോസ്റ്റ്‌മോർട്ടം നടത്തി. കുട്ടി അസുഖം ബാധിച്ചാണ് മരിച്ചതെന്ന് കണ്ടെത്തി. (ഒരു വയസുകാരന്റെ മരണം, തലച്ചോറിലെ ഞരമ്പുകൾ പൊട്ടി; മഞ്ഞപ്പിത്തത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ജൂലൈ 1, മീഡിയാവൺ).
ഇതേ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ മതത്തെ മുൻനിർത്തി ധാരാളം വിദ്വേഷപ്രചാരണങ്ങൾ നടന്നു. എന്നാൽ പൊതുമാധ്യമങ്ങൾ പഴയ കാലത്തേക്കാൾ ജാഗ്രത കാണിച്ചു. മതപരമായ പരാമർശങ്ങൾ തുലോം കുറവായിരുന്നു.
തയ്യാറാക്കിയത് : റെൻസൻ വി.എം, അബ്ദുൽ ബാസിത് പി.കെ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനദ്, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് മുസ്തഫ കെ.പി, മിഷാൽ അബ്ദുറഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, ഹന വഹാബ്, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, മുഹമ്മദ് അൻഷാദ് വി.പി, എ.എസ് അജിത് കുമാർ, കമാൽ വേങ്ങര, റിദ ഫാത്തിമ, ദിലാന തസ്ലീം.