നീതിയിലേക്കുള്ള ദൂരം കൂടുന്ന രോഹിത് കേസ്

ഹൈദരാബാദ് സര്‍വകലാശാലയിലെ പി.എച്ച്‌.ഡി വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ‌അന്വേഷണം അവസാനിപ്പിച്ചതായി വാർത്തകൾ വന്നതോടെ എതിർപ്പുകൾ വ്യാപകമാവുകയും പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ് തെലങ്കാന സർക്കാർ. രോഹിത് വെമുല ആത്മഹത്യ ചെയ്ത കേസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് തെലങ്കാന പോലീസ് 2024 മാർച്ച് 21ന് കോടതിയിൽ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയല്ലെന്നും യഥാര്‍ത്ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമുള്ള ക്ലോഷര്‍ റിപ്പോര്‍ട്ടിലെ പരാമർശത്തിനെതിരെയാണ് ശക്തമായ പ്രതിഷേധമുണ്ടായത്. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും റിപ്പോർട്ട് പറയുന്നു. ഹൈദരാബാദ് സർവകലാശാലയിൽ തനിക്ക് നേരിടേണ്ടി വന്ന ജാതി വിവേചനങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് 2016 ജനുവരി 17നായിരുന്നു രോഹിത് വെമുല ജീവനൊടുക്കിയത്. രോഹിത്തിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവു, അന്നത്തെ സെക്കന്തരാബാദ് എം.പി ബന്ദാരു ദത്താത്രേയ, മുൻ മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി, ക്യാമ്പസിലെ എ.ബി.വി.പി നേതാക്കൾ തുടങ്ങിയവരാണ് കേസിലെ കുറ്റാരോപിതർ. ഇവരെയെല്ലാം ക്ലോഷര്‍ റിപ്പോര്‍ട്ട് കുറ്റവിമുക്തരാക്കുകയാണ് ചെയ്തത്.

വെമുലയുടെ സഹോദരൻ രാജ പൊലീസിൻ്റെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തുവന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ട് പരാതി നൽകുമെന്നും രാജ പറഞ്ഞു. വെമുലയുടെ ബന്ധുക്കൾ ഉന്നയിച്ച സംശയങ്ങൾ പരിഗണിച്ചാണ് കേസിൽ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നാണ് തെലങ്കാന പൊലീസ് നൽകിയ വിശദീകരണം. “രോഹിത് വെമുലയുടെ അമ്മയും മറ്റുള്ളവരും ചില സംശയങ്ങൾ പ്രകടിപ്പിച്ചതിനാലാണ് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനമായത്” എന്ന് തെലങ്കാന ഡി.ജി.പി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു. പ്രതികൾക്ക് ക്ലീൻചിറ്റ് നൽകി കേസ് അവസാനിപ്പിച്ച പൊലീസ് റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മാധപൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ആയിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ 2018ൽ അന്തിമ റിപ്പോർട്ട് തയാറാക്കിയിരുന്നുവെന്നും അതാണ് 2024ൽ കോടതിയിൽ സമർപ്പിച്ചതെന്നുമാണ് സർക്കാർ പറയുന്നത്. തെലങ്കാനയിൽ ഇപ്പോൾ ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സംഭവിച്ച കാര്യമല്ല ഇതെന്നാണ് സർക്കാർ പറയുന്ന ന്യായം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഹൈദരാബാദിൽ എത്തിയപ്പോൾ രോഹിത്‌ വെമുലയുടെ അമ്മ രാധിക വെമുല അതിൽ പങ്കുചേർന്നിരുന്നു. എന്നിട്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും ഇത്തരത്തിൽ ഒരു പൊലീസ് റിപ്പോർട്ട് പുറത്തുവന്നത് വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കുകയുണ്ടായി. സ്‌കൂളുകളിലും കോളേജുകളിലും സർവ്വകലാശാലകളിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരായ ജാതിവിവേചനവും പക്ഷപാതവും അവസാനിപ്പിക്കാൻ ‘രോഹിത് വെമുല നിയമം’ നടപ്പിലാക്കും എന്നതും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

രാധിക വെമുല ഭാരത് ജോഡോ യാത്രയിൽ. കടപ്പാട്:thehindu

ക്ലോഷർ റിപ്പോർട്ട് പറയുന്നതെന്ത്?

രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് എട്ട് വർഷമായി നീതിക്കുവേണ്ടിയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുന്നുണ്ട്. രോഹിതിന്റെ ആത്മഹത്യക്ക് പ്രധാന കാരണം ജാതിപരമായ വിവേചനങ്ങളും ദലിത് വിദ്യാർത്ഥികൾക്കെതിരെയും അംബേദ്കർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ (എ.എസ്.എ) പ്രവർത്തകർക്കെതിരെയും ബി.ജെ.പി-ആർ.എസ്.എസ് സംഘം നടത്തിയ നീക്കങ്ങളാണെന്നതും വ്യക്തമായ കാര്യമാണ്. അതുകൊണ്ടുതന്നെ ക്ലോഷർ റിപ്പോർട്ടിലെ ഉള്ളടക്കം ബി.ജെ.പി-ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണെന്ന വിമർശനമുണ്ട്. രോഹിത് വെമുല ഒരു ദലിതനല്ലെന്നും വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ വ്യാജരേഖകൾ ചമച്ചതാണെന്നും റിപ്പോർട്ട് പറയുന്നു. ഇത് പുറത്തുവരുമെന്ന ഭയമാണ് രോഹിത് വെമുലയിൽ ആത്മഹത്യാ ചിന്തകൾക്ക് കാരണമായതെന്ന് ഒരു തെളിവും ഇല്ലാതെ പൊലീസ് സ്ഥിരീകരിക്കുന്നു. ഗുണ്ടൂർ കലക്ടർ നൽകിയ ജാതി റിപ്പോർട്ടാണ് പൊലീസ് ഈ വാദം സ്ഥാപിക്കുന്നതിനായി ആശ്രയിച്ചിരിക്കുന്നത്. ഇതിനെതിരെ കുടുംബം രംഗത്തുവന്നത് അന്വേഷണ ഉദ്യോഗസ്ഥർ അവഗണിച്ചു. ഇതിനെതിരെ രാധിക വെമുല അപ്പീൽ നൽകിയിട്ടുണ്ടെന്ന കാര്യം പരിഗണിച്ചതേയില്ല. മികച്ച അക്കാദമിക് റെക്കോർഡ് ഉണ്ടായിരുന്നിട്ടും രോഹിതിനെ പഠനത്തേക്കാൾ രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള ഒരാളായി ചിത്രീകരിക്കാനുള്ള ശ്രമം റിപ്പോർട്ടിൽ ഉടനീളം കാണാം.

പൊലീസ് ക്ലോഷർ റിപ്പോർട്ടിലെ രോഹിതിന്റെ ജാതി സംബന്ധിച്ച പരാമർശം.

രോഹിതിൻ്റെ ആത്മഹത്യയുടെ കാരണങ്ങൾ ഊഹിക്കാൻ ശ്രമിക്കുന്നതാണ് റിപ്പോർട്ടിലെ ഏറ്റവും ക്രൂരമായ ഭാഗം. ബി.ജെ.പി നേതാക്കളെയും വൈസ് ചാൻസലറെയും പൂർണ്ണമായി ഒഴിവാക്കി രോഹിതിൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്തം രോഹിതിൽ തന്നെ ആരോപിക്കുകയാണ് റിപ്പോർട്ട്. രോഹിതിന് നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് കടുത്ത വിഷാദവും നിരാശയും ഉണ്ടാക്കിയെന്നും റിപ്പോർട്ട് സ്ഥാപിക്കുന്നു. രോഹിതിന്റെ 25,000 രൂപയുടെ സ്കോളർഷിപ്പ്‌ വൈസ് ചാൻസലർ അന്യായമായി തടഞ്ഞുവെച്ചതിനെ തുടർന്ന് തനിക്കത്‌ അനുവദിച്ച്‌ തരുന്നില്ലെങ്കിൽ പകരം കുറച്ച്‌ വിഷമോ കയറോ പകരം തരണമെന്ന് രോഹിത് വി.സി ക്ക്‌ അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും രോഹിത്‌ ആ കത്തിൽ അപേക്ഷിച്ചിരുന്നു. വി.സി അപ്പാ റാവുവിൽ ആരോപിക്കപ്പെടുന്ന പ്രേരണാകുറ്റത്തിൻ്റെ ഏറ്റവും കാതലായ തെളിവാണ് ഈ കത്ത്. പക്ഷേ, അതും അന്വേഷണത്തിൽ പരിഗണിക്കപ്പെട്ടില്ല എന്നാണ് ക്ലോഷർ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ആത്മഹത്യക്ക് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ്റെയോ വി.സിയുടെയോ നയങ്ങളോടും പ്രവർത്തനങ്ങളോടും ബന്ധമില്ലെന്ന് പറഞ്ഞ, കേന്ദ്ര സർക്കാർ രൂപീകരിച്ച ജസ്റ്റിസ് അശോക് കുമാർ രൂപൻവാൾ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശവും ക്ലോഷർ റിപ്പോർട്ടിൽ പൊലീസ് ഉൾച്ചേർത്തിട്ടുണ്ട്. സർവകലാശാലയിൽ നിന്നും നേരിട്ട വിവേചനത്തെ തുടർന്ന് (ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ ശേഷം) 12 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങളൊന്നും പൊലീസ് അന്വേഷണം പരിഗണിച്ചതേയില്ല. അന്വേഷണം തുടങ്ങിയപ്പോൾ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുകയായിരുന്നതിനാൽ അന്തരീക്ഷം അനുകൂലമല്ലായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

രോഹിത് ആക്ടിന്റെ പ്രാധാന്യം

രോഹിതിന്റെ മരണത്തിൽ ഇൻസ്റ്റിറ്റ്യൂഷന് പങ്കില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം ആത്മഹത്യയ്ക്ക് പിന്നാലെ തന്നെ തുടങ്ങിയതായി ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയും അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ (എ.എസ്.എ) അംഗവുമായ കാവ്യശ്രീ രഘുനാഥ് കേരളീയത്തോട് പറഞ്ഞു. “മരണകാരണം ട്വിസ്റ്റ് ചെയ്യാനുള്ള ശ്രമം ആദ്യകാലത്ത് തന്നെ ഉണ്ടായിരുന്നു. അതിന് പിന്നിലുള്ള പൊളിറ്റിക്കൽ കോൺസ്പിറസി തന്നെയാണ് കാരണം. ക്രിമിനൽ കോൺസ്പിറസി ഉള്ളതുകൊണ്ട് തന്നെ രോഹിതിന്റെ മരണത്തിന്റെ കാരണം ഇൻസ്റ്റിറ്റ്യൂഷണൽ ആയിട്ടുള്ള പ്രശ്നങ്ങൾ അല്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നിരുന്നു. രോഹിതിന്റെ മൃതദേഹം കൊണ്ടുപോയ രീതി, വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ ലാത്തിചാർജ്, രോഹിതിന്റെ ജാതിയുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ നടത്തിയ നടപടികളിലെ വൈകൽ എല്ലാം അതിന്റെ ഭാഗമാണ്. ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കളക്ടർ കൊടുത്തിട്ടുള്ള റിപ്പോർട്ടിന് എതിരെ രോഹിതിന്റെ അമ്മ പെറ്റീഷൻ കൊടുത്തിരുന്നു. ഒരുപാട് സാക്ഷികളെ അതിൽ ഉൾപ്പെടുത്തിയിരുന്നു. രോഹിതിന്റെ അമ്മ ഒരു അഡോപ്റ്റഡ് ചൈൽഡ് ആണെന്നും അമ്മയുടെ ജാതി ഇതാണെന്നും, മക്കളെ വളർത്തിയിട്ടുള്ളതും അതേ സ്വത്വത്തിൽ തന്നെ ആണെന്നും കാണിച്ച് വിറ്റ്നെസുകളെ ഉൾപ്പെടുത്തി ഒരു പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. അതൊന്നും പോലീസ് പരിഗണിച്ചിട്ടില്ല. ഏകപക്ഷീയമായ രീതിയിൽ ഒ.ബി.സി ആണെന്ന ഒരു റിപ്പോർട്ട് കൊടുക്കയാണ് ചെയ്തത്. ആ റിപ്പോർട്ടിന് ഒരു ഫോളോഅപ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, ന്യായമായ അന്വേഷണമല്ല നടക്കുന്നതെന്ന് തുടക്കം മുതൽ അറിയാമായിരുന്നു.”

ജസ്റ്റിസ് ഫോർ രോഹിത് സമരത്തിൽ കാവ്യശ്രീ

ഇത്തരം സംഭവങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവർത്തിക്കാതിരിക്കാനും കേസുകൾ അട്ടിമറിക്കപ്പെടാതിരിക്കാനും രോഹിത് ആക്ട് കാലോചിതമായി പരിഷ്കരിച്ച് നടപ്പിലാക്കുകയാണ് വേണ്ടതെന്നും കാവ്യശ്രീ അഭിപ്രായപ്പെടുന്നു.

“ആ സമയത്ത് രോഹിത് ആക്ട് ഡ്രാഫ്റ്റ് ചെയ്യാൻ ഞങ്ങൾ രണ്ട് മൂന്ന് സിറ്റിംഗ് നടത്തിയിരുന്നു. നിലവിൽ കോൺഗ്രസിന്റെ ഒരു ഡ്രാഫ്റ്റുണ്ട്. ‌നമ്മൾ ഉദ്ദേശിച്ചിരുന്നത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.സി/എസ്.ടി വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പല തരത്തിലുള്ള അട്രോസിറ്റീസ് ഉണ്ടല്ലോ. ഒരു ഗൈഡിനെ അനുവദിക്കുന്നതും, അഡ്മിഷൻ സമയത്തെ ഇന്റർവ്യൂ പ്രൊസീജർ മുതൽ ജാതി നോക്കി ആൾക്കാരെ മനസ്സിലാക്കുന്നതും, ഇതിന്റെ അടിസ്ഥാനത്തിൽ മാർക്ക് വരെ കൺട്രോൾ ചെയ്യാൻ ശ്രമിയ്ക്കുന്നതും, ക്ലാസ്മുറിയിലെ വിവേചനങ്ങളും, പരീക്ഷയുടെ ഗ്രേഡിലും മാർക്കിലും എക്സാം നടത്തുന്ന രീതിയിലും വരുന്ന വിവേചനങ്ങളിലും ഇത് കാണാം. ഇതിനെയൊന്നും മറികടക്കാൻ കഴിയാത്ത രീതിയിൽ ഒരു സംവിധാനമുണ്ടാക്കി എടുത്തിട്ടുണ്ടാവും. എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് തന്നെ പലരീതിയിൽ വയലേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഒരുപാട് കേസുകളിൽ ഇത് നിലനിൽക്കുന്നില്ല എന്നതുതന്നെ ഒരു ലൂപ്പ്ഹോൾ ആണ്. ഈ ലൂപ്പ്ഹോൾസ് എല്ലാം അടച്ചുകൊണ്ടുള്ള ഭരണസംവിധാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വേണം. ഇവിടെ തന്നെ രോഹിതിന് മുമ്പും ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ഈ മരണങ്ങളെല്ലാം വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് നടന്നതാണെന്ന് വരുത്തി തീർത്തിട്ടുണ്ട്. ഇതിലെ അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെയാണ് വിദ്യാർത്ഥി സംഘടനകൾ മുന്നോട്ടുവന്നിട്ടുള്ളത്. ഒരു പ്രത്യേക വിഭാഗത്തിലുള്ള വിദ്യാർത്ഥിയ്ക്ക് ഗൈഡിനെ അനുവദിയ്ക്കാൻ എന്തിനാണ് ഇത്രയും സമയമെടുക്കുന്നത്, പേപ്പർ അപ്രൂവ് ചെയ്യാൻ സമയം എടുക്കുന്നത്? നമ്മൾ രോഹിത് ആക്ട് ആലോചിച്ചിരുന്ന കാലവും, ഇപ്പോഴത്തെ സാഹചര്യവും തമ്മിൽ നല്ല വ്യത്യാ‌സമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പൊളിറ്റിക്കൽ സാഹചര്യം കൂടി കണക്കിലെടുത്ത് വേണം ഈ ആക്ട് ഇനി ഇൻകോർപറേറ്റ് ചെയ്യാൻ. ആർ.എസ്.എസ് പിന്തുണയുള്ള വിദ്യാർത്ഥി സംഘടനകൾ ശക്തിപ്രാപിച്ച് വരുന്നുണ്ട് . ക്ലാസ് റൂമുകളിലും സർവ്വകലാശാലകളിലും അവർക്ക് കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. അവരുടെ ഐഡിയോളജിയിൽ വിശ്വസിക്കാത്ത വിദ്യാർത്ഥികളെ ഉപദ്രവിക്കും. രാമക്ഷേത്രനിർമ്മാണ സമയത്തൊക്കെ അത്തരം നിരവധി ഫിസിക്കൽ വയലൻസുകൾ നടന്നിട്ടുണ്ട്. ക്ലാസുകളിലൊക്കെ കുട്ടികൾക്ക് ജാതി അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. ആർ.എസ്.എസ്- എ.ബി.വി.പി പിന്തുണയുള്ള പ്രൊഫസർമാർക്ക് ഇൻസ്റ്റിറ്റ്യൂഷണലി അഡ്വാൻ്റേജ് കിട്ടുന്നുണ്ട്. ഇത് വിവേചനങ്ങളെ ശക്തിപ്പെടുത്തുന്നു. പൊലീസ് ക്ലോഷർ റിപ്പോർട്ട് പരിശോധിച്ചാൽ കാണാം, അത് ബി.ജെ.പി നരേറ്റീവ് അതുപോലെ തന്നെ എഴുതിവച്ചിരിക്കുകയാണ്. രോഹിതിന്റെ കേസിൽ ദത്തായേത്ര അടക്കം ഇടപെട്ടതിന്റെ തെളിവുകൾ നമ്മൾ അന്ന് പുറത്ത് വിട്ടിരുന്നു. ഇത്രയും തെളിവുകളൊക്കെ ഉണ്ടായിട്ടും എങ്ങനെയാണ് ഇവർക്കൊരു തെറ്റായ നരേറ്റീവ് സൃഷ്ടിക്കാൻ കഴിഞ്ഞു എന്ന് എനിയ്ക്ക് അറിയില്ല. കാലഘട്ടത്തെ പരിഗണിച്ച് രോഹിത് ആക്ട് പുനരാലോചിക്കേണ്ടി ഇരിക്കുന്നു.” കാവ്യശ്രീ രഘുനാഥ് പറഞ്ഞു.

രോഹിതിന് വേണ്ടി വിദ്യാർത്ഥികൾ

പൊലീസ് റിപ്പോർട്ട് വന്നതിന് പിന്നാലെ എ.എസ്.എ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ചേർന്ന് പുറത്തിറക്കിയ പ്രസ്താവന അന്വേഷണ ഉദ്യോഗസ്ഥർ വ്യവസ്ഥകൾ പ്രകാരം നിർവഹിക്കേണ്ട അവരുടെ കടമകൾ മനഃപൂർവ്വം അവഗണിച്ചതായും ഇത് എസ്‌.സി/എസ്.ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റി ആക്‌ട് പ്രകാരമുള്ള അതിക്രമത്തിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇൻസ്റ്റിറ്റ്യൂഷണൽ വിവേചനം അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. സംയുക്ത പ്രസ്താവനയിലെ അവസാന വാചകങ്ങൾ ഇപ്രകാരമാണ്. “ബാബാസാഹെബ് അംബേദ്കറും അദ്ദേഹത്തിൻ്റെ പാതയും മുന്നോട്ടുള്ള പ്രതീക്ഷയാണ്. ഞങ്ങളുടേത് സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടമല്ല, സ്വാതന്ത്ര്യത്തിനും നീതിക്കും മനുഷ്യവ്യക്തിത്വത്തിൻ്റെ വീണ്ടെടുപ്പിനും വേണ്ടിയാണ്. അത് ബാബാസാഹെബിൻ്റെ പാതയിൽ രോഹിത് സ്വപ്നം കണ്ടു. ഈ ഘട്ടത്തിൽ, രോഹിത് കേസിൽ നീതി ഉറപ്പാക്കാൻ തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾക്ക് അനുകൂലമായി ഒന്നും ചെയ്ത് തരേണ്ടതില്ല. പകരം ന്യായവും നിഷ്പക്ഷവുമായ അന്വേഷണത്തിന് വേണ്ടി മാത്രമേ ഞങ്ങൾ അപേക്ഷിക്കുന്നുള്ളൂ. അതോടൊപ്പം, ഈ സമരത്തിൽ ഞങ്ങളോടൊപ്പം നിൽക്കാൻ നിലപാടുള്ള എല്ലാ ജാതിവിരുദ്ധ, പൗരാവകാശ സംഘടനകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”

രോഹിത് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരം. കടപ്പാട്:maktoob media

“ചിലയാളുകളെ സംബന്ധിച്ച് എല്ലായിപ്പോഴും ജീവിതം എന്നതുതന്നെ ഒരു ശാപമാണ്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം.” ആത്മഹത്യാകുറിപ്പിൽ രോഹിത് എഴുതിയ വാക്കുകളാണിത്. ഇന്ത്യയിലെമ്പാടുമുള്ള ക്യാമ്പസുകളിലേക്ക് പടർന്ന വിദ്യാർത്ഥി പ്രക്ഷേഭത്തിന് കാരണമായിത്തീർന്ന മരണം. ഏറെ രാഷ്ട്രീയ പ്രതിഫലനങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും നീതിപൂർവ്വമായ അന്വേഷണത്തിനല്ല പൊലീസും സർക്കാരും ശ്രമിച്ചതെന്ന് വെളിപ്പെടുകയാണ് ഇപ്പോൾ. രോഹിതിന്റെ മരണകാരണം കണ്ടെത്തുന്നതിന് പകരം അന്വേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത് ജാതി കണ്ടെത്താനായിരുന്നു. പുനരന്വേഷണത്തിന് സർക്കാർ തയ്യാറായിട്ടുണ്ടെങ്കിലും പ്രാഥമിക അന്വേഷണത്തിലുണ്ടായ വീഴ്ചകൾ കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമായി മാറുമോ എന്ന സംശയം ബലപ്പെടുകയാണ്. അതേ, നീതിയിലേക്കുള്ള ദൂരം വല്ലാതെ കൂടുകയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read