Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2026ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2026 ആഗസ്റ്റ് (1-30) റിപ്പോർട്ട്. 69 ഇസ്ലാമോഫോബിക് സംഭവങ്ങളും 26 വിദ്വേഷ പ്രസ്താവനകളും ആഗസ്റ്റ് മാസം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിന്റെ ആദ്യ ഭാഗം 26 വിദ്വേഷ പ്രസ്താവനകളാണ്. അതിന്റെ വിശദീകരണമടക്കമുള്ള 69 ഇസ്ലാമോഫോബിക് സംഭവങ്ങൾ തുടർന്ന് നൽകുന്നു.
വിദ്വേഷ പ്രസ്താവനകൾ
1. “മലപ്പുറം ജില്ലാ വിഭജനത്തിനായി ഇസ്‌ലാമിസ്റ്റുകള്‍ വീണ്ടും സമ്മര്‍ദ്ദം ശക്തമാക്കി. നട്ടെല്ലുള്ള സര്‍ക്കാരിന് മലപ്പുറം ജില്ല വിഭജിക്കാന്‍ സാധിക്കുമെന്ന് ഇസ്‌ലാമിക മതമൗലിക സംഘടനയായ സമസ്ത. ജമാഅത്തെ ഇസ്‌ലാമിക്കും മുസ്‌ലിം ലീഗിനും പിന്നാലെയാണ് സമസ്തയും വീണ്ടും ജില്ലാ വിഭജനത്തിനായി രംഗത്ത് വരുന്നത്.” (02 ആഗസ്റ്റ്, ‘നട്ടെല്ലുളളവര്‍ വിഭജനം സാധ്യമാക്കും’; മലപ്പുറം ജില്ലാവിഭജനം അജണ്ടയാക്കി ഇസ്‌ലാമിസ്റ്റുകള്‍, ജനം ടിവി)
2. “മുസ്‌ലിം ലീഗിനായി വി.ഡി സതീശന്റെ തിരക്കഥയായിരുന്നു മൂവാറ്റുപുഴയുടെ പ്രഖ്യാപനം. യഥാര്‍ത്ഥത്തില്‍ മൂവാറ്റുപുഴ ജില്ല വിഭജിക്കലല്ല, മറിച്ച് മലപ്പുറം ജില്ലാ വിഭജനം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം… മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന വ്യാപക ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിഭജനത്തില്‍ നിന്ന് പിന്‍വാങ്ങി.” (25 ആഗസ്റ്റ്, ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു, ജന്മഭൂമി).
3. “ഇവിടെ മുസ്‌ലിം ലീഗ് എന്നൊരു പാര്‍ട്ടിയുണ്ട് എന്നതാണ് കാരണം. ഭാരതം വിഭജിച്ച് പാകിസ്ഥാന്‍ നേടിയെടുക്കാന്‍ മുസ്‌ലിം ലീഗ് പ്രയോഗിച്ച തന്ത്രമാണ് വന്ദേമാതര വിരോധം. അതേ മുസ്‌ലിം ലീഗാണ് സതീശനെ മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്… ഇങ്ങനെയൊരു ഭരണാധികാരി അധികാരത്തില്‍ തുടരുന്നത് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാണ്. രാഷ്ട്രീയവും നിയമപരവുമായ കര്‍ശന നടപടികള്‍ ഇതിനെതിരെ ഉണ്ടാകേണ്ടിയിരിക്കുന്നു.” (17 ആഗസ്റ്റ്, സോണിയയും സതീശനും വന്ദേമാതര വിരോധവും, ജന്മഭൂമി).


4. “മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും സമ്മര്‍ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ദേശീയ നിലപാടു പോലും ഉപേക്ഷിച്ചിരിക്കുകയാണോ? വി.ഡി. സതീശന്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാണോ, അതോ മുസ്‌ലിം ലീഗിന്റെ മുഖ്യമന്ത്രിയാണോ?” (18 ആഗസ്റ്റ്, ദേശീയതയെ മതരാഷ്ട്രീയത്തിന് അടിയറവച്ചു: എം.ടി. രമേശ്, മെട്രോ വാർത്ത).
5. “ഇന്ന് കെ.എം. ഷാജിയുടെ പെരുമാറ്റം കാണുമ്പോള്‍ മന്ത്രിയായിട്ടല്ല, മഅദനി ആയിട്ടാണ് ഷാജി കേരളം ഭരിക്കുന്നത് എന്ന് തോന്നിപ്പോവുകയാണ്. ഇവിടെ എന്താ താലിബാന്‍ ഭരണമാണോ നടക്കുന്നത്?” (04 ആഗസ്റ്റ്, ഷാജി പെരുമാറുന്നത് മന്ത്രിയായിട്ടല്ല, മഅദനി ആയിട്ട്; ഇവിടെ എന്താ താലിബാന്‍ ഭരണമാണോ നടക്കുന്നത്: എസ്. സുരേഷ്, റിപ്പോർട്ടർ ലൈവ്).
6. “മലപ്പുറത്തെയും ഈരാറ്റുപേട്ടയിലെയും ആശുപത്രികള്‍ക്ക് ഇല്ലാത്ത നിയമം ജൂബിലിയില്‍ ഉണ്ടാക്കാന്‍ ഇതു ഇസ്‌ലാമിക റിപ്പബ്ലിക് അല്ല എന്ന് മുല്ലപ്പൂ കാക്കയെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ ആശുപത്രി മാനേജ്‌മെന്റും തൃശ്ശൂര്‍ അതിരൂപതയും എത്രയും പെട്ടെന്ന് തയ്യാറാകണം.” (02 ആഗസ്റ്റ്, ഫേസ്ബുക്ക്/ക്രിസ്ത്യൻ ഡിഫൻഡേഴ്സ്).
7. “കേരളത്തിലെ മതമൗലികവാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്… മതവര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്‌ലിംലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി.ഡി. സവര്‍ക്കര്‍ വിഷയത്തിലും പ്രസ്താവനകള്‍ നടത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.” (09 ആഗസ്റ്റ്, അവധിദിവസം നോക്കി ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തു; ചെന്നിത്തലയുടെ നീക്കം അപലപനീയമെന്ന് ബിജെപി, മാതൃഭൂമി).
8. “ചെന്നിത്തല പൊലീസിന്റെ എസ്ഡിപിഐ പ്രീണനം; ടിജിക്കെതിരെ നടപടിയെടുത്തത് എസ്ഡിപിഐ അനുഭാവിയുടെ പരാതിയില്‍.” (10 ആഗസ്റ്റ്, ചെന്നിത്തല പൊലീസിന്റെ എസ്ഡിപിഐ പ്രീണനം, ജനം ടിവി).
9. “സംഭവത്തില്‍ ഗൂഢാലോചന ഉണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നത്.” (10 ആഗസ്റ്റ്, അവധി ദിവസത്തില്‍ കസ്റ്റഡിയിലെടുത്ത ടി.ജി. മോഹന്‍ദാസിനെ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു, ജന്മഭൂമി).
10. “ജിഹാദി പൂട്ട് നിയമത്തിലൂടെ തന്നെ പൊളിച്ച് പുറത്തിറങ്ങി ടി.ജി.” (11 ആഗസ്റ്റ്, ഫേസ്ബുക്ക്/ശശികല ടീച്ചർ).
11. “ഒരു യൂട്യൂബ് ചാനലില്‍ അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍, ഡല്‍ഹി ജന്തര്‍മന്തറില്‍ നടന്ന സമരം കൈകാര്യം ചെയ്യുന്നതില്‍ താനായിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന സാങ്കേതികമായി പറഞ്ഞ കാര്യമാണ് ഇടതുപക്ഷ–ജിഹാദി കൂട്ടുകെട്ടുകാര്‍ വിവാദമാക്കിയത്.” (11 ആഗസ്റ്റ്, പോലീസ് ഗൂഢാലോചന പൊളിഞ്ഞു; ടി.ജി. മോഹന്‍ദാസിന് ജാമ്യം, ജന്മഭൂമി).
12. “ന്യൂനപക്ഷമെന്നു പറയുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ മത പാര്‍ട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു സംഘടിത വോട്ട് ബാങ്കുകളായി. സ്‌കൂളുകള്‍, കോളജുകള്‍, ഭൂമി, ഭരണം, വ്യവസായം, സമ്പത്ത് എന്നിവയെല്ലാം അവരുടെതാണ്.” (29 ആഗസ്റ്റ്, മുസ്‌ലിം, ക്രിസ്ത്യന്‍ പാര്‍ട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു: വെള്ളാപ്പള്ളി നടേശന്‍, മലയാള മനോരമ).
13. “കേരളത്തിലെ അല്‍ ഫലാഹ് സര്‍വകലാശാലയാണ് എക്‌സ് ആന്‍ഡ് വൈ ലേണിംഗ് എന്നും തീവ്രവാദം വളര്‍ത്തുന്നുവെന്നും” ആരിഫ് ഹുസൈന്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. (04 ആഗസ്റ്റ്, വിദ്വേഷ പ്രചാരണം; എക്‌സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം, മീഡിയവൺ).
14. “സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തില്‍പ്പെട്ടവരാണ്… മയക്കുമരുന്നായാലും തീവ്രവാദമായാലും അത് ഞമ്മന്റെ ആള്‍ക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം.” (04 ആഗസ്റ്റ്, ഫേസ്ബുക്ക്/ആർ.വി. ബാബു; ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപം, മീഡിയവൺ).
15. “മലപ്പുറം, കാസര്‍കോട് തുടങ്ങിയ മലബാര്‍ ഭാഗങ്ങളില്‍നിന്ന് ബസ് പിടിച്ച് ആളുകള്‍ തിരുവനന്തപുരത്ത് വരികയാണ്. അവിടെ ഒന്നുരണ്ടാഴ്ച താമസിച്ച് കാര്യങ്ങള്‍ സാധിച്ച് ‘തിന്ന് കുടിച്ച് മുടിച്ച’ ശേഷമാണ് അവര്‍ മടങ്ങുന്നത്… മലബാര്‍ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വന്ന് മുറികളെല്ലാം കൈക്കലാക്കുകയാണ്.” (05 ആഗസ്റ്റ്, മലബാറില്‍ നിന്നുള്ളവര്‍ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു; അധിക്ഷേപവുമായി സിപിഎം നേതാവ്, മാതൃഭൂമി).


16. “വിദ്യാഭ്യാസ വകുപ്പില്‍ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരായി സംസ്ഥാനത്തെ 11 ജില്ലകളിലും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ നിയമിച്ചത് വിവാദമാകുന്നു… വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിംലീഗിന് ലഭിച്ചതിനാലാണ് ഇത്തരത്തില്‍ മതം നോക്കി നിയമനം നടത്തിയത്. അറബിക് അധ്യാപകരെ വരെ ഇത്തരത്തില്‍ നിയമിച്ചിട്ടുണ്ട്.” (11 ആഗസ്റ്റ്, എസ്എസ്‌കെ ജില്ലാ കോഓര്‍ഡിനേറ്റര്‍ നിയമനം വിവാദത്തില്‍, ജന്മഭൂമി).
17. “സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ എത്താതിരുന്ന കുട്ടികള്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അര്‍ഹതയില്ല. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം.” (15 ആഗസ്റ്റ്; റിപ്പോർട്ട് 16 ആഗസ്റ്റ്, സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്തവര്‍ പാകിസ്താനില്‍ പോകേണ്ടവര്‍; വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് സ്‌കൂള്‍ ഉടമ, മീഡിയവൺ).
18. “ജമാഅത്ത് ഇസ്‌ലാമിയുടെ കാല് നക്കി അല്ലാതെ, ഫ്രട്ടേണിറ്റിയുടെ വോട്ട് ഇരന്നു വാങ്ങിയ അല്ലാതെ, എംഎസ്എഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിജയിക്കില്ല.” (16 ആഗസ്റ്റ്, ജമാഅത്തെ ഇസ്‌ലാമിയുടെ സഹായമില്ലാതെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ്.എഫിന് ജയിക്കാനാകില്ല: പി.എസ്. സഞ്ജീവ്, മീഡിയവൺ).
19. “സ്വാതന്ത്ര്യ ദിനത്തില്‍ മതവെറിയന്‍ ടിപ്പുവിന്റെ വേഷം കെട്ടിയ കുട്ടി… ശരിയാണ്, ടിപ്പു സ്വാതന്ത്ര്യസമര പോരാളി തന്നെ! മൂപ്പര് എത്ര ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കുമാണെന്നോ സ്വാതന്ത്ര്യം നല്കിയത്?” (15 ആഗസ്റ്റ്, ഫേസ്ബുക്ക്/ശശികല ടീച്ചർ).
20. “മുഖ്യമന്ത്രി വി.ഡി. സതീശനോ കോണ്‍ഗ്രസോ അല്ല കേരളം ഭരിക്കുന്നത്. ഭരണഘടനയെയോ രാജ്യത്തെ നിയമങ്ങളെയോ അല്ല, മറിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെയും ലീഗിന്റെയും കല്‍പ്പനകളാണ് അവര്‍ അനുസരിക്കുന്നത്… ഇത്തരം പ്രീണന രാഷ്ട്രീയം കേരളത്തിനും രാജ്യത്തിന്റെ ഐക്യത്തിനും നിയമവാഴ്ചയ്ക്കും വലിയ ഭീഷണിയാണ്. ഇതിന് വലിയ വില നല്‍കേണ്ടിവരും.” (16 ആഗസ്റ്റ്, ഫേസ്ബുക്ക്/രാജീവ് ചന്ദ്രശേഖർ).
21. “സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ഥിക്ക് നിര്‍ബന്ധിത അറബി പഠനം… ആറാം ക്ലാസുകാരനെ അധ്യാപകര്‍ നിര്‍ബന്ധിച്ച് അറബി പഠിപ്പിച്ചു.” (18 ആഗസ്റ്റ്, ഹിന്ദു വിദ്യാര്‍ഥിക്ക് നിര്‍ബന്ധിത അറബി പഠനം, ജനം ടിവി പോസ്റ്റർ).


22. “മുസ്‌ലിങ്ങളുടെ സെന്റിമെന്റ്‌സിനെ മനസ്സിലാക്കണം… പാട്ടിന്റെ ഈ വരികള്‍ ബുദ്ധിമുട്ടാണ്, അത് പാടാന്‍ പറ്റില്ല എന്ന് പറയുമ്പോള്‍ അത് ഹിന്ദുഫോബിയ ആണ്… ഹിന്ദുഫോബിയ ഉള്ളതുകൊണ്ടാണ് ഇത് പാടാത്തത്. ആ ഹിന്ദു എന്ന് പറയുന്നത് ഈ നാടിന്റെ സംസ്‌കാരമാണ്.” (20 ആഗസ്റ്റ്, ഇസ്‌ലാമോഫോബിയ–ഹിന്ദുഫോബിയ: എന്തുകൊണ്ട് ഇത് ഹിന്ദുഫോബിയയാണെന്ന് പറയുന്നില്ല?, ശ്രീജിത്ത് പണിക്കർ/ന്യൂസ്18 കേരള ഫേസ്ബുക്ക് റീൽ).
23. “നീതി ദേവത കണ്ണ് തുറക്കുമ്പോള്‍ നുണയുടെ കൊട്ടാരം പണിത് ആ കണ്ണ് മൂടിക്കെട്ടിയ ഇവന്റെ മുഖം നമ്മള്‍ മറക്കരുത്. ‘നൗഫല്‍ ബിന്‍ യുസഫ്’—പാലത്തായി കേസിന്റെ സൂത്രധാരന്‍… ഏഷ്യാനെറ്റ് ന്യൂസില്‍ ഇരുന്നു മതമൗലികവാദികള്‍ക്കു വേണ്ടി ഇവന്‍ തയ്യാറാക്കിയ തിരക്കഥയാണ് പാലത്തായി കേസ്.” (22 ആഗസ്റ്റ്, ഫേസ്ബുക്ക്/ലസിത പാലക്കൽ).
24. “മാന്തിയത് പട്ടിയല്ല, മദ്രസ പന്നികള്‍ ആണെന്ന് സിസിടിവി നോക്കിയപ്പോള്‍ മനസ്സിലായി.” (28 ആഗസ്റ്റ്, ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. വിജേഷ്; വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍, മീഡിയവൺ).
25. “ചില ന്യൂനപക്ഷ ദൈവങ്ങളുടെ പേര് പറയാന്‍ പോലും പേടിയാണ്. ദൈവത്തിന്റെ ചിത്രം വരച്ചാല്‍ പോലും തലയെടുക്കുന്ന കാലമാണിത്. അതുകൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ സംഘടിതമായി ഇവര്‍ ഹിന്ദു ദൈവങ്ങളെ ആക്രമിക്കും.” (27 ആഗസ്റ്റ്, അയ്യപ്പന്‍ ബലാത്സംഗ വീരനെന്ന് സണ്ണി കപിക്കാട്, മറുനാടൻ മലയാളി).
26. “സണ്ണി എം. കപിക്കാടിനെ സ്‌പോണ്‍സര്‍ ചെയ്യുന്നതും പണം നല്‍കുന്നതും വേദി കൊടുക്കുന്നതുമൊക്കെ ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള തീവ്രവാദ സംഘടനകളാണ്… ദലിത് സമൂഹത്തിന്റെ മറവില്‍, അംബേദ്കറിസത്തിന്റെ മറവില്‍, ആ സമൂഹത്തെ ഇസ്‌ലാമിക ജിഹാദികള്‍ക്ക് കൂട്ടിക്കൊടുക്കുകയാണ്. തീവ്രവാദികളുടെ കൂട്ടിക്കൊടുപ്പുകാരനാണ് സണ്ണി എം. കപിക്കാട്.” (31 ആഗസ്റ്റ്, തീവ്രവാദികളുടെ കൂട്ടിക്കൊടുപ്പുകാരനാണ് സണ്ണി എം. കപിക്കാട്; കപിക്കാടിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമി: ആർ.വി ബാബു, ജാഗ്രത ലൈവ് ഫേസ്ബുക്ക് പേജ്).
1. പിഎം ശ്രീ പദ്ധതി
പിഎം ശ്രീ പദ്ധതി പിണറായി സര്‍ക്കാരിന്റെ കാലത്തും വലിയ വിവാദമായിരുന്നു. വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും വിവാദം പഴയ പോലെ തുടര്‍ന്നു. പി എം ശ്രീയില്‍ ഒപ്പുവയ്ക്കുന്നതില്‍ ലീഗിനും വിയോജിപ്പുണ്ടായിരുന്നു. പിഎം ശ്രീയില്‍ ഒപ്പുവച്ചതില്‍ ലീഗിനെയും വിവിധ മുസ്‌ലിം സംഘടനകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ഇക്കാലത്ത് സജീവമായി.
കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി കേരളം മുന്നോട്ടുപോകുമെന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിനെതിരെ മുസ്‌ലിം ലീഗ് അതൃപ്തി പരസ്യമാക്കി. പദ്ധതി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരിക്കെ അഭിപ്രായം പറഞ്ഞതു ശരിയായില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. പദ്ധതിയില്‍നിന്നു പിന്മാറാന്‍ സംസ്ഥാനത്തിനു കഴിയുമെന്ന തരത്തില്‍ ലീഗ് എംപി പി.വി. അബ്ദുല്‍ വഹാബിനു കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചു. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ചു പിഎം ശ്രീ നടപ്പാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന പൊതുനിലപാടിലായിരുന്നു യുഡിഎഫ് ഘടകകക്ഷികള്‍ (01 ആഗസ്റ്റ്, പിഎം ശ്രീ അതൃപ്തി പ്രകടമാക്കി മുസ്‌ലിം ലീഗ് വിയര്‍ത്ത് സര്‍ക്കാര്‍, മലയാള മനോരമ).
പിഎം ശ്രീ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രത്തില്‍നിന്ന് പുതിയ സര്‍ക്കാരിനു പിന്മാറാനാകുമോ എന്ന കാര്യത്തില്‍ ധാരണാപത്രത്തിലെ ഉപാധിയും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ പി.വി. അബ്ദുല്‍ വഹാബിനു നല്‍കിയ മറുപടിയും പരസ്പര വിരുദ്ധമായിരുന്നുവെന്ന് പത്രങ്ങള്‍ എഴുതി: ധാരണാപത്രത്തിലെ ഉപാധിയനുസരിച്ച്, 30 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കി അത് പിന്‍വലിക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം കേന്ദ്രത്തിനാണ്. സംസ്ഥാനത്തിന് അത്തരം അവകാശമുള്ളതായി പറയുന്നില്ല. അതേസമയം, പരസ്പര സമ്മതപ്രകാരം കരാറില്‍ മാറ്റമോ കൂട്ടിച്ചേര്‍ക്കലോ ആകാം. പദ്ധതിയില്‍നിന്ന് സംസ്ഥാനം പിന്മാറിയാല്‍ വിദ്യാഭ്യാസത്തിനുള്ള കേന്ദ്രസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നല്‍കിയതു തന്ത്രപരമായ ഉത്തരമാണ്. ”പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതും പദ്ധതിയില്‍നിന്ന് പിന്മാറുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകും” എന്നു മാത്രം. അതേസമയം, പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ 2023 ഒക്ടോബര്‍ മുതല്‍ സമഗ്ര ശിക്ഷ കേരളം (എസ്എസ്‌കെ) വഴി നടപ്പാക്കുന്ന മറ്റു വിദ്യാഭ്യാസ പദ്ധതികളുടെയും കേന്ദ്രവിഹിതം തടഞ്ഞിരുന്നു. 1500 കോടിയിലേറെ രൂപ ഇത്തരത്തില്‍ നഷ്ടമായെന്നു മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു (01 ആഗസ്റ്റ്, പിഎം ശ്രീ: കേന്ദ്ര നിലപാടില്‍ പൊരുത്തക്കേട്, പദ്ധതി ആനുകൂല്യം മാത്രം നഷ്ടമാകുമെന്ന് കേന്ദ്രമന്ത്രി; മുന്‍പ് വെട്ടിയത് 1500 കോടി, മലയാള മനോരമ).
1.1. പിഎം ശ്രീയെ എതിര്‍ക്കുന്നവര്‍ ദേശവിരുദ്ധര്‍
പിഎം ശ്രീയെ എതിര്‍ക്കുന്നവരും പ്രധാനമന്ത്രിയുടെ പേരിനൊപ്പം ചിത്രം വയ്ക്കുന്നവരും ദേശവിരുദ്ധമനോഭാവമുള്ളവരാണെന്നായിരുന്നു ജന്മഭൂമി എഴുതിയത്:
“പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അത് ആവശ്യമാണന്നും ബിജെപിയും എബിവിപിയും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളും ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ എതിര്‍ ചേരിയില്‍പ്പെട്ട സിപിഐയുമായി ചേര്‍ന്ന് പദ്ധതിക്കെതിരെ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും ചെയ്തത്. അന്ന് മോശമായിരുന്ന പിഎം ശ്രീ പദ്ധതി ഇപ്പോള്‍ എന്തുകൊണ്ട് നല്ലതായെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പേരും ചിത്രവുമൊക്കെ വയ്ക്കണമെങ്കില്‍ അതില്‍ ആരും വിഷമിക്കേണ്ട കാര്യമില്ല. സംസ്ഥാനത്തെ വലുതും ചെറുതുമായ പദ്ധതികളില്‍ മന്ത്രിമാരുടെ പേരുകള്‍ വയ്ക്കുന്നവര്‍ കേന്ദ്ര പദ്ധതികളില്‍ പ്രധാനമന്ത്രിയുടെ പേരിനെയും ചിത്രത്തെയും എതിര്‍ക്കുന്നത് ദേശവിരുദ്ധ മനോഭാവം ഉള്ളതുകൊണ്ടാണ്.” (01 ആഗസ്റ്റ്, പിഎം ശ്രീ പദ്ധതി വൈകരുത്, ജന്മഭൂമി).
1.2. കാവിവല്‍ക്കരണമെന്നത് ആരോപണം
യുഡിഎഫിലെ പ്രധാനകക്ഷിയായ മുസ്‌ലിം ലീഗ് അസ്വാരസ്യമുയര്‍ത്തുമ്പോഴും സംസ്ഥാനത്ത് സ്‌കൂളുകളില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ തീരുമാനിച്ചുവെന്നും മുസ്‌ലിം ലീഗ് ഇതോടെ വെട്ടിലായെന്നും ജന്മഭൂമി: “ധാരണാപത്രം ഒപ്പിട്ടപ്പോള്‍ ശക്തമായി എതിര്‍ക്കുകയും കാവിവത്കരണമെന്ന് ആക്ഷേപിക്കുകയും ചെയ്ത മുസ്‌ലിം ലീഗ് ഇതോടെ വെട്ടിലായി. പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കേണ്ട വന്‍ കേന്ദ്രസഹായം നഷ്ടപ്പെടുത്തിയെന്ന പഴി കേള്‍ക്കേണ്ടിവരും. നടപ്പാക്കിയാല്‍ മുമ്പ് കേന്ദ്രസര്‍ക്കാരിനെതിരെ ഇളക്കിവിട്ട അണികളുടെ എതിര്‍പ്പുയരും. അണികളെ കൂടെ നിര്‍ത്തി പദ്ധതി നടപ്പാക്കാന്‍ തലപുകയ്ക്കുകയാണ് ലീഗ്. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വന്നതിനുശേഷം മതി തീരുമാനമെന്നാണ് ലീഗ് മുന്നോട്ടുവയ്ക്കുന്ന ഉപാധി” (01 ആഗസ്റ്റ്, പിഎം ശ്രീ നടപ്പാക്കാനുറച്ച് സതീശന്‍; മുഖം രക്ഷിക്കാന്‍ ലീഗ്, ജന്മഭൂമി).
1.3. ലീഗ് നേതൃത്വം സ്വന്തം അണികളെ വഞ്ചിക്കുന്നു
അധികാരത്തില്‍ വന്നാല്‍ പി.എം. ശ്രീ ധാരണാപത്രം അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ.എം. ഷാജിക്കും മുസ്‌ലിം ലീഗ് നേതൃത്വത്തിനും മറുപടിയില്ലാതായതായി മുന്‍ മന്ത്രി ശിവന്‍കുട്ടി: യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഈ തീരുമാനത്തിന് സമ്മതം മൂളിയ ലീഗ് നേതൃത്വം സ്വന്തം അണികളെ വഞ്ചിക്കുകയാണ്. സംഘപരിവാര്‍ വിദ്യാഭ്യാസ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഈ നിലപാടില്‍ ഏറ്റവും വലിയ തിരിച്ചടിയും രാഷ്ട്രീയ പ്രത്യാഘാതവും അനുഭവിക്കേണ്ടിവരുന്നത് മുസ്‌ലിം ലീഗായിരിക്കും (01 ആഗസ്റ്റ്, എന്തുകൊണ്ട് പിഎം ശ്രീ നടപ്പാക്കരുത്, വി. ശിവന്‍കുട്ടി, കേരള കൗമുദി).
1.4. സതീശന്റെ ഇടത്തും വലത്തും ലീഗുകാര്‍
പിഎം ശ്രീ നടപ്പാക്കുന്ന സതീശനാണെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കി ഇടത്തും വലത്തും നില്‍ക്കുന്നത് ലീഗുകാരാണെന്നും ദേശാഭിമാനി: “പിഎം ശ്രീ പദ്ധതിയില്‍ സമുദായത്തിനകത്ത് ഒറ്റപ്പെട്ടതോടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയിലിട്ട് കൈകഴുകാന്‍ ലീഗ് നീക്കം. ജൂലൈ 17ന് കോഴിക്കോട് ചേര്‍ന്ന ലീഗിന്റെ മുതിര്‍ന്ന നേതാക്കളുടെയും മന്ത്രിമാരുടെയും യോഗം ‘പിഎം ശ്രീ’യില്‍ സര്‍ക്കാരിന് പച്ചക്കൊടി കാണിച്ചു. യുഡിഎഫില്‍ പദ്ധതിയുടെ തുടര്‍നടപടി ചര്‍ച്ചക്കുവന്നപ്പോള്‍ ലീഗ് എതിര്‍ത്തില്ല. എന്നാല്‍ ലീഗ് നേതാക്കള്‍ മലപ്പുറത്ത് എത്തിയപ്പോള്‍ കാലുമാറി. കരാറില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭാംഗം പി വി അബ്ദുള്‍വഹാബിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടി പുറത്തുവന്നതോടെ ലീഗ് വെട്ടിലായി. കരാറില്‍നിന്ന് പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും ആവര്‍ത്തിച്ചത്. എതിര്‍പ്പുയര്‍ത്തിയ സമുദായനേതാക്കളെയും ഇതുപറഞ്ഞാണ് പറ്റിച്ചത്. അത് പിടിക്കപ്പെട്ടതോടെ ലീഗ് മലക്കംമറിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ആര്‍എസ്എസ് അജന്‍ഡയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനാണ് ഇതിന് മുന്‍കൈയെടുക്കുന്നതെങ്കിലും ഇടത്തും വലത്തും ലീഗ് മന്ത്രിമാരുമുണ്ട്. വഖഫ് നിയമ ഭേദഗതി നടപ്പാക്കാന്‍ കാര്‍മികത്വം വഹിക്കുന്നതും ലീഗ് മന്ത്രിമാരാണ്” (03 ആഗസ്റ്റ്, പിഎം ശ്രേീ പദ്ധതി: തീരുമാനം ഒരുമിച്ച് ഒടുവില്‍ കാലുവാരി ലീഗ്, ദേശാഭിമാനി).
1.5. ആര്‍എസ്എസ്സിനുള്ള പ്രത്യുപകാരം
തിടുക്കപ്പെട്ട് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ നീക്കം തെരെഞ്ഞെടുപ്പ് കാലത്തെ ആര്‍എസ്എസ് സഹായത്തിനുള്ള പ്രത്യുപകാരമാണെന്ന് എഐഎസ്എഫ് സംസ്ഥാന പഠനക്യാമ്പ് കുറ്റപ്പെടുത്തി (03 ആഗസ്റ്റ്, പി.എം ശ്രീ നടപ്പിലാക്കാനുള്ള നീക്കം ആര്‍എസ്എസിനുള്ള പ്രത്യുപകാരം: എഐഎസ്എഫ്, ജനയുഗം).
1.6. ലീഗിന്റെയും, ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനം
പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിക്കണമെന്ന തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും ഈ പദ്ധതി അറബിക്കടലിലേക്കല്ലെങ്കില്‍, അതിനുമപ്പുറമുള്ള ഏതെങ്കിലും അഴുക്കുചാലിലേക്ക് എറിയണമെന്നും മന്ത്രി കെ എം ഷാജി കണ്ണൂരില്‍ പറഞ്ഞു. യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രതികരണം. ഇതിനെതിരേ ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ യു.ഡി.എഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ മുസ്‌ലിം ലീഗിന്റെയും, ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി: മന്ത്രിയുടെ വിവാദ പ്രസ്താവന വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പി.എം. ശ്രീ പദ്ധതിയെ അക്കാദമിക പുരോഗതിക്കുള്ള അവസരമായാണോ, അതോ അഴുക്കുചാലില്‍ ഒഴുക്കേണ്ട പദ്ധതിയായാണോ കാണുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ നിലപാട് പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ മുസ്‌ലിം ലീഗിന്റെയും, ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനം നിര്‍ണായകമാണെന്ന ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവാണ് ഈ സംഭവം (20 ആഗസ്റ്റ്, പിഎം ശ്രീക്കെതിരായ മന്ത്രി ഷാജിയുടെ പ്രസ്താവന: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കൃഷ്ണദാസ്, ജന്മഭൂമി).
2. ജില്ലാ വിഭജനം
കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ജനക്ഷേമം മുന്‍നിര്‍ത്തി അതത് കാലത്ത് ജില്ലകളും താലൂക്കുകളും പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ അത്തരം ശ്രമങ്ങള്‍ പലപ്പോഴും നടക്കാറില്ല. നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേതന്നെ പല തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കാറുണ്ട്. ഇത്തവണയും അതുണ്ടായി. വിഭവങ്ങളുടെയും ആനുകൂല്യങ്ങളുടെയും വിതരണത്തില്‍ നിലനില്‍ക്കുന്ന വലിയ അസമത്വം ജനസംഖ്യാടിസ്ഥാനത്തിലുള്ള ജില്ലാ പുനഃക്രമീകരണമെന്ന അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ജനസാന്ദ്രത ഏറിയ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളുടെ അതിരുകള്‍ മാറ്റിവരയ്ക്കുന്നതില്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്വര ശ്രദ്ധ പതിയുമെന്നും പത്രങ്ങള്‍ എഴുതി (01 ആഗസ്റ്റ്, ബാലികേറാമലയല്ല ജില്ലാ അതിരുമാറ്റം, സുപ്രഭാതം).
മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കവെ കേരളത്തില്‍ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു: ഇനി ജില്ല രൂപീകരിക്കുകയാണെങ്കില്‍ മൂവാറ്റുപുഴ തീര്‍ച്ചയായും അതില്‍ ഉണ്ടാകും. മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കും. സര്‍ക്കാര്‍ ഒരു ഡീ ലിമിറ്റേഷന്‍ കമീഷന്‍ ഉടന്‍ രൂപീകരിക്കും. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്‍മൂവാറ്റുപുഴക്കാര്‍ക്ക് ഓണസമ്മാനമായി പുതിയ ജില്ല രൂപീകരണം പ്രഖ്യാപിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. ഇനി പുതിയ ജില്ലകള്‍ രൂപീകരിക്കുകയാണെങ്കില്‍ അതില്‍ മൂവാറ്റുപുഴ തീര്‍ച്ചയായും ഉണ്ടാകുമെന്നും, പുനര്‍വിഭജന കമ്മീഷന്റെ പരിധിയില്‍ മൂവാറ്റുപുഴയും ഉള്‍പ്പെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
(23 ആഗസ്റ്റ്, മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍, മാധ്യമം) മലപ്പുറം ജില്ലാ രൂപീകരണ ആവശ്യത്തോടുള്ള പ്രതികരണമായിരുന്നില്ല മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തോടുണ്ടായിരുന്നത്.
2.1. വിഭജന അജണ്ടക്ക് പിന്നില്‍ ഇസ്‌ലാമിസ്റ്റുകള്‍
മലപ്പുറം ജില്ലാ വിഭജന അജണ്ടയ്ക്കു പിന്നില്‍ ഇസ്‌ലാമിസ്റ്റുകളാണെന്ന് ജനം ടിവി: “മലപ്പുറം ജില്ലാ വിഭജനത്തിനായി ഇസ്‌ലാമിസ്റ്റുകള്‍ വീണ്ടും സമ്മര്‍ദ്ദം ശക്തമാക്കി. നട്ടെല്ലുള്ള സര്‍ക്കാരിന് മലപ്പുറം ജില്ല വിഭജിക്കാന്‍ സാധിക്കുമെന്ന് ഇസ്‌ലാമിക മതമൗലിക സംഘടനയായ സമസ്ത. ജമാഅത്തെ ഇസ്‌ലാമിക്കും മുസ്‌ലിം ലീഗിനും പിന്നാലെയാണ് സമസ്തയും വീണ്ടും ജില്ലാ വിഭജനത്തിനായി രംഗത്ത് വരുന്നത്. ആദ്യഘട്ടത്തില്‍ മതമൗലികവാദ സംഘടനയായിട്ടുള്ള ജമാഅത്തെ ഇസ്‌ലാമിയായിരുന്നു ഈ ആവശ്യം മുന്നോട്ടുവെച്ച് രംഗത്ത് വന്നത്. പിന്നെ തൊട്ടുപിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടി വന്നു. പിന്നീട് എസ്.ഡി.പി.ഐ വന്നു. പിന്നീട് മുസ്‌ലിം ലീഗും വന്നു. അതിനുശേഷം ഇപ്പോള്‍ സമസ്തയും കൂടി ഈ ഒരു ആവശ്യം മുന്നോട്ടുവെക്കുകയാണ്. വി.ഡി. സതീശന്‍ സര്‍ക്കാരിന് ഒരുപക്ഷേ ഈ ആവശ്യത്തില്‍ നിന്ന് അല്ലെങ്കില്‍ ഒരു നിര്‍ണായക തീരുമാനത്തിലേക്ക് ഉടന്‍ തന്നെ പോകേണ്ടിവരും. എന്തായാലും സര്‍ക്കാരിനുമേലുള്ള സമ്മര്‍ദ്ദം ശക്തമാവുകയാണ്. നിലപാടുള്ളവര്‍ ആ തീരുമാനം എടുക്കുമെന്നാണ് മുസ്‌ലിം ലീഗ് പറയുന്നത്. ആരെയാണ് ഉദ്ദേശിച്ചത് എന്ന് നമുക്ക് വ്യക്തമായി അറിയാം” (02 ആഗസ്റ്റ്, ‘നട്ടെല്ലുളളവര്‍ വിഭജനം സാധ്യമാക്കും’; മലപ്പുറം ജില്ലാവിഭജനം അജണ്ടയാക്കി ഇസ്‌ലാമിസ്റ്റുകള്‍, ജനം ടിവി).


2.2. പ്രശ്‌നം ജനപ്പെരുപ്പം
സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന് മുസ്‌ലിംലീഗ് നേതാവ് പിഎംഎ സലാം ആവശ്യപ്പെട്ടു. മലപ്പുറം വലിയ വിവേചനം നേരിടുന്നു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കില്‍ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു (24 ആഗസ്റ്റ്, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം; മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതി: പി എം എ സലാം, സൗത്ത് ലൈവ്).
ഇതേ കുറിച്ചുള്ള ഫേസ്ബുക്ക് (24 ആഗസ്റ്റ്) പ്രതികരണത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ ജനസംഖ്യയാണ് പ്രശ്‌നകാരണമെന്ന് എഴുതി: “വീണ്ടും ചോദിക്കട്ടെ എത്രകാലം വിഭജിക്കും രണ്ട് എന്ന ആവശ്യം മൂന്നാകുന്നു കാരണം ജനസംഖ്യ!???? ജനപ്പെരുപ്പവും പ്രശ്‌നങ്ങളും കാരണങ്ങളും പരിഹാരവും എല്ലാം പഠിച്ചിട്ടുണ്ട് ഏറെക്കാലം പഠിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ജില്ല മുറിച്ചാല്‍ ജനസംഖ്യ കുറയും എന്ന് ഞാന്‍ പഠിച്ചിട്ടില്ല. പഠിപ്പിച്ചിട്ടും ഇല്ല! നിങ്ങളാരെങ്കിലും അങ്ങനെ പഠിച്ചിട്ടുണ്ടോ????? “
2.3. ലീഗിനുവേണ്ടിയുള്ള സതീശന്റെ തിരക്കഥ
എറണാകുളം ജില്ല വിഭജിച്ച് മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ദുരുദ്ദേശ്യപരമെന്നും ലീഗിനുവേണ്ടിയുള്ള സതീശന്റെ തിരക്കഥയെന്നും ജന്മഭൂമി: മുസ്‌ലിം ലീഗിനായി വി.ഡി. സതീശന്റെ തിരക്കഥയായിരുന്നു മൂവാറ്റുപുഴയുടെ പ്രഖ്യാപനം. യഥാര്‍ത്ഥത്തില്‍ മൂവാറ്റുപുഴ ജില്ല വിഭജിക്കലല്ല, മറിച്ച് മലപ്പുറം ജില്ലാ വിഭജനം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ലീഗിനെക്കൊണ്ട് പറയിപ്പിക്കുന്നതിനാണ് മൂവാറ്റുപുഴക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്. പിന്നാലെ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ജനസംഖ്യ നോക്കുമ്പോള്‍ മലപ്പുറത്തെ മൂന്ന് ജില്ലകളാക്കണമെന്നാണ് ലീഗ് നേതാവിന്റെ ആവശ്യം. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നത് മുസ്‌ലിം ലീഗിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്തും ആദ്യ പിണറായി സര്‍ക്കാര്‍ കാലത്തും ഇതിനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന വ്യാപക ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിഭജനത്തില്‍ നിന്ന് പിന്‍വാങ്ങി. വിഭജനത്തിലൂടെ നിയമസഭയില്‍ ലീഗിന്റെ അംഗ ബലം വര്‍ദ്ധിപ്പിക്കാനുമാകും. വിഭജിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ലീഗിന് ഭൂരിപക്ഷമുള്ള മൂന്ന് ജില്ലകളാകും (25 ആഗസ്റ്റ്, ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു, ജന്മഭൂമി).
3. വന്ദേമാതരം
വന്ദേമാതരത്തെ അപമാനിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കുന്നതും ചില പ്രത്യേക സാഹചര്യങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതുമായ ചില നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തി. ദേശീയഗീതമായ വന്ദേമാതരം സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ പൂര്‍ണ്ണമായും ആലപിക്കണമെന്നും, അങ്ങനെ ചെയ്യാത്ത പക്ഷം മൂന്നുവര്‍ഷത്തെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന നിയമമാണ് പാര്‍ലമെന്റ് പാസാക്കിയത്.
ഇതിനെതിരേ രാജ്യത്താകമാനമുള്ള ജനാധിപത്യ ശക്തികള്‍ രംഗത്തുവന്നു. അതിലൊന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡായിരുന്നു. രാജ്യത്തെ ദൈവമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും, ഇത് തങ്ങളുടെ മതവിശ്വാസത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് ബോര്‍ഡ് നിര്‍ബന്ധിത ആലാപനത്തെ എതിര്‍ത്തത്. രാജ്യത്തോടുള്ള സ്‌നേഹവും രാജ്യത്തെ ദൈവമായി കണ്ട് ആരാധിക്കുന്നതും രണ്ടും രണ്ടാണെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരേയുള്ള കടന്നുകയറ്റമാണ് ഈ നിയമമെന്നും ജൂലൈ 31ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ബോര്‍ഡ് ആരോപിച്ചു (01 ആഗസ്റ്റ്, രാജ്യത്തെ ദൈവമായി കാണാനാവില്ല’; വന്ദേമാതരം ബില്ലിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ഡൂള്‍ ന്യൂസ്).
ആത്മാര്‍ത്ഥമായ വിശ്വാസത്തിന്റെ പേരില്‍ ഭക്തിനിര്‍ഭരമായ വരികള്‍ പാടാന്‍ വിസമ്മതിക്കുന്ന ഒരു മുസ്‌ലിം, മതനിരപേക്ഷ കാരണങ്ങളാല്‍ എതിര്‍ക്കുന്ന ഒരു യുക്തിവാദി, പ്രാദേശിക ഗാനത്തിന് മുന്‍ഗണന നല്‍കുന്ന ഒരു ദ്രാവിഡ ദേശീയ വാദി ഇവരില്‍ ആരും ഇനി മനഃസാക്ഷിപരമായ പ്രവര്‍ത്തിയുടെ പേരില്‍ ക്രിമിനലായി ചിത്രീകരിക്കപ്പെട്ടേക്കാമെന്ന് ചന്ദ്രിക ദിനപത്രം എഴുതി (02 ആഗസ്റ്റ്, വന്ദേമാതരത്തിലൂന്നിയ ദേശഭക്തി, ചന്ദ്രിക).
ഇതിനിടയില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദേശം പൂര്‍ണമായി പാലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ഇതും വിവാദമായി. വന്ദേമാതരം പൂര്‍ണമായി ചൊല്ലണമെന്നല്ലെന്നും കേന്ദ്ര നിര്‍ദേശം പൂര്‍ണമായി നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞതെന്നും രണ്ടുതരത്തിലുള്ള വാദങ്ങള്‍ പുറത്തുവന്നു.
ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തിരുത്തതണമെന്ന് പിഡി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു: ചീഫ് സെക്രട്ടറിയുടെ നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ സംഘ്പരിവാര്‍ വിധേയത്വം വെളിപ്പെടുത്തുന്നതിന് ഉദാഹരണമാണ്. സംസ്ഥാനത്തിന് ഭരണകൂടമുണ്ടെന്നും ഗവര്‍ണറല്ല കേരളം ഭരിക്കുന്നതെന്നും ആര്‍ജ്ജവനിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇനിയും വഴങ്ങേണ്ടി വരും. ഉത്തരവ് പിന്‍വലിച്ച് മതേതരത്വത്തിന്റെ അന്തസ് കാത്തു സൂക്ഷിക്കണമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം അലിയാര്‍ പറഞ്ഞു (10 ആഗസ്റ്റ്, വന്ദേമാതരം സര്‍ക്കാര്‍ നിലപാട് തിരുത്തണം – പി.ഡി.പി, സുപ്രഭാതം).
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികളില്‍ കേരളത്തിന്റെ പഴയ പ്രോട്ടോക്കോള്‍ തന്നെ തുടരും. ഇതനുസരിച്ച് വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് വരികള്‍ മാത്രമേ ആലപിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും കേന്ദ്ര നിര്‍ദേശം താഴെത്തട്ടിലേക്ക് നല്‍കേണ്ടിവരുമെന്നും എന്നാല്‍ അതല്ല സംസ്ഥാന സര്‍ക്കാറിന്റെ നിലപാടെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു (10 ആഗസ്റ്റ്, വന്ദേമാതരം മുഴുവനായി പാടില്ലെന്ന് മന്ത്രി കെ. മുരളീധരന്‍, വീക്ഷണം).
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ ദേശീയ ഗീതമായ വന്ദേമാതരം പൂര്‍ണ്ണമായി പാടും. അതാണ് തന്റെ നിലപാട്. അതുതന്നെയാണ് തന്റെ സന്ദേശമെന്നും കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര നിയമം നിര്‍മ്മിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗാനം പൂര്‍ണ്ണമായും ആലപിക്കണമെന്ന വാദം ഉയര്‍ന്നതോടെ മുന്‍കാലങ്ങളിലേതു പോലെ ആദ്യഭാഗം മാത്രമേ ആലപിക്കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഗവര്‍ണര്‍ തന്റെ അഭിപ്രായം പറഞ്ഞത് (11 ആഗസ്റ്റ്, വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കുമെന്ന് ഗവര്‍ണ്ണര്‍, മെട്രോ വാര്‍ത്ത).
എന്തായാലും സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പരിപാടികളില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചില്ല.
ആഗസ്റ്റ് 15ന് ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. സ്ഥലത്തുണ്ടായിരുന്ന സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരിക്കുന്ന നടപടികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുക, സമൂഹമാധ്യമങ്ങളില്‍നിന്ന് ജനശ്രദ്ധ പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കാനുള്ള നടപടിയില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുക, കോര്‍പറേഷന്‍ കീഴിലുള്ള പി ജെ ആന്റണി സ്മാരകം നാടക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു (10 ആഗസ്റ്റ്, പുരോഗമന കലാസാഹിത്യസംഘം ജില്ലാ കണ്‍വെന്‍ഷന്‍, വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുക, മലയാള മനോരമ).
3.1. പിന്നില്‍ ലീഗ്
വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതിനു പിന്നില്‍ ലീഗാണെന്ന് ജന്മഭൂമി ലേഖനം: “ഹിമാചല്‍ പ്രദേശിലെയും കര്‍ണാടകയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് വന്ദേമാതരത്തോട് ഇല്ലാതിരുന്ന വിദ്വേഷം കേരളത്തിലെ മുഖ്യമന്ത്രിയായ വിഡി സതീശന് എന്തുകൊണ്ട് ഉണ്ടായെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ മുസ്‌ലിം ലീഗ് എന്നൊരു പാര്‍ട്ടിയുണ്ട് എന്നതാണ് കാരണം ഭാരതം വിഭജിച്ച് പാകിസ്ഥാന്‍ നേടിയെടുക്കാന്‍ മുസ്‌ലിം ലീഗ് പ്രയോഗിച്ച തന്ത്രമാണ് വന്ദേമാതര വിരോധം. അതേ മുസ്‌ലിം ലീഗാണ് സതീശനെ മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ടിച്ചിരിക്കുന്നത്. ലീഗിന് ഇഷ്ടമല്ലാത്ത യാതൊന്നും. ഈ മുഖ്യമന്ത്രി ചെയ്യില്ല ഇങ്ങനെയൊരു ഭരണാധികാരി അധികാരത്തില്‍ തുടരുന്നത് രാജ്യതാല്‍പ്പര്യത്തിന് തിരക്കുന്നരള രാഷ്ട്രീയവും നിയമപരവുമായ കര്‍ശന നടപടികള്‍ ഇതിനെതിരെ ഉണ്ടാകേണ്ടിയിരിക്കുന്നു” (17 ആഗസ്റ്റ്, സോണിയയും സതീശനും വന്ദേമാതര വിരോധവും, ജന്മഭൂമി).
3.2. മുസ്‌ലിം ലീഗിന്റെ മുഖ്യമന്ത്രി
മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് കോണ്‍ഗ്രസ് വന്ദേമാതര ആലാപനത്തില്‍ നിലപാട് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ദേശീയതയെ മതരാഷ്ട്രീയത്തിന് അടിയറവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ആലപിക്കാതിരുന്ന കേരള സര്‍ക്കാരിന്റെ നടപടി രാജ്യത്തിനു തന്നെ അപമാനകരമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഹിമാചല്‍ പ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആസ്ഥാനത്തും വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് അത് ആലപിച്ച സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മാത്രം എന്തുകൊണ്ടാണ് മാറിനിന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കണം. മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും സമ്മര്‍ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ദേശീയ നിലപാടു പോലും ഉപേക്ഷിച്ചിരിക്കുകയാണോ. വി.ഡി. സതീശന്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാണോ, അതോ മുസ്‌ലിം ലീഗിന്റെ മുഖ്യമന്ത്രിയാണോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. 1937ല്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ആവശ്യങ്ങള്‍ ശക്തിപ്പെട്ടതും ഒടുവില്‍ രാജ്യവിഭജനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും ചരിത്ര വസ്തുതകളാണ് (18 ആഗസ്റ്റ്, ദേശീയതയെ മതരാഷ്ട്രീയത്തിന് അടിയറവച്ചു: എം.ടി രമേശ്, മെട്രോ വാര്‍ത്ത).
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പാടിയതിന് വിശദീകരണം നല്‍കേണ്ടത് എഐസിസിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞതായി ജന്മഭൂമി. സംസ്ഥാനത്ത് വന്ദേമാതരം ഒഴിവാക്കിയത് ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നല്ലെന്നും അദ്ദേഹം പറഞ്ഞു (20 ആഗസ്റ്റ്, വന്ദേമാതരം പാടിയത് വിശദീകരിക്കേണ്ടത് എഐസിസിയെന്ന് വി.ഡി. സതീശന്‍, ജന്മഭൂമി).
4. കെ.എം ഷാജിയുടെ താലിബാന്‍ ഭരണം
തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കാപ്പ കേസില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അവധി നല്‍കി. കാപ്പ കേസ് പ്രതിയായ കൗണ്‍സിലര്‍ക്ക് അത്തരം അനുകൂല ആനുകൂല്യങ്ങള്‍ നല്‍കരുതെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നിലപാട്. എന്നാല്‍ ഈ നിര്‍ദ്ദേശം മറികടന്ന് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമ സുഗതന് അനുകൂലമായ നിലപാടെടുത്തു. നിയമോപദേശവും നിര്‍ദ്ദേശങ്ങളും തയ്യാറാക്കി ഫയലില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.
വകുപ്പ് മന്ത്രിയുടെയും സെക്രട്ടറിയുടെയും നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ അണ്ടര്‍ സെക്രട്ടറിയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. ഈ വിവാദ ഉത്തരവുകളും കത്തുകളും പിന്നീട് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു (01 ആഗസ്റ്റ്, ആര്‍ സുഗതന്റെ അവധി, അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് മന്ത്രി കെ.എം ഷാജിയുടെ നിര്‍ദ്ദേശം മറികടന്ന്. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി അരുണിനെതിരെ അന്വേഷണം. മീഡിയവണ്‍ പോസ്റ്റര്‍; 04 ആഗസ്റ്റ്, ആര്‍ സുഗതന് അനുകൂലമായ വിവാദ കുറിപ്പ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്, റിപ്പോര്‍ട്ടര്‍).
4.1. മഅദനിയും താലിബാന്‍ ഭരണവും
സുഗതന് അനുകൂലമായിട്ടുള്ള ഒരു സര്‍ക്കുലര്‍ ഇറക്കി എന്നതിന്റെ പേരില്‍ ഡോക്ടര്‍ ചിത്രയ്ക്ക് നേരെ ഉണ്ടായിട്ടുള്ള നടപടി അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി നേതാവ് എസ് സുരേഷ്: “ഇന്ന് കെഎം ഷാജിയുടെ പെരുമാറ്റം കാണുമ്പോള്‍ മന്ത്രിയായിട്ടല്ല മദനി ആയിട്ടാണ് ഷാജി കേരളം ഭരിക്കുന്നത് എന്ന് തോന്നി പോവുകയാണ്. ഇവിടെ എന്താ താലിബാന്‍ ഭരണമാണോ നടക്കുന്നത്. ശ്രീ വി.ഡി സതീശന്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ നിലപാടാണോ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്, അതോ കെഎം ഷാജിയെ പോലെയുള്ള മതമാണ് മതമാണ് എന്ന് പറയുന്ന ഇവിടെ ആള്‍ക്കാരുടെ നിലപാടാണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത് എന്ന് വ്യക്തമാക്കണം. ഞങ്ങള്‍ക്ക് കെഎം ഷാജിയോട് പറയാനുള്ളത് മതമല്ല മതമല്ല ഭരണഘടനയാണ് ഭരണഘടനയാണ് ചട്ടങ്ങളാണ് ചട്ടങ്ങളാണ് ഈ രാജ്യത്തെ ജനങ്ങളെയും ജനപ്രതിനിധികളെയും നയിക്കേണ്ടത് എന്നാണ് കെ എം ഷാജിയെ ഓര്‍മിപ്പിക്കാന്‍ ഉള്ളത്” (04 ആഗസ്റ്റ്, ഷാജി പെരുമാറുന്നത് മന്ത്രിയായിട്ടല്ല, മഅദനി ആയിട്ട്, ഇവിടെ എന്താ താലിബാന്‍ ഭരണമാണോ നടക്കുന്നത്; എസ് സുരേഷ്, റിപ്പോട്ടര്‍ ലൈവ്).
4.2. മന്ത്രിയുടെ രാഷ്ട്രീയ, വര്‍ഗീയ താല്‍പര്യം
കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി ഫയലെഴുതിയ ഡോക്ടര്‍ ചിത്രക്കെതിരെ എടുത്ത നടപടി മന്ത്രിയുടെ വര്‍ഗീയതയാണ് സൂചിപ്പിക്കുന്നതെന്ന് ിന്ദു ഐക്യവേദിയുടെ നേതാവ് ശശികല ടീച്ചര്‍: “കെഎഎസ് പരീക്ഷയില്‍ ആറാം റാങ്കോടുകൂടി തിളങ്ങിയ പ്രതിഭ. ഇന്ന് സസ്‌പെന്‍ഷനില്‍! കൈക്കൂലി വാങ്ങിയതിന് അല്ല! പൊതുജനങ്ങളെ വെറുപ്പിച്ചതിന് അല്ല! കൃത്യവിലോപം നടത്തിയതിന് അല്ല! നിയമം അനുസരിച്ചതിന്. മന്ത്രിയുടെ രാഷ്ട്രീയ, വര്‍ഗീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള കളിപ്പാവയാണത്രേ സര്‍ക്കാര്‍ ഓഫീസര്‍മാര്‍? സുഗതനെ അയോഗ്യനാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം വെടക്കാക്കി തനിക്കാക്കാന്‍ കൂട്ടുനില്‍ക്കാത്തതിനാണ് ഈ ശിക്ഷ നടപടി. വെറുതെയാണോ ശിവശങ്കരന്മാര്‍ ഉണ്ടാകുന്നത്” (04 ഫേസ്ബുക്ക്/ ശശികല ടീച്ചര്‍)
5. ‘പ്രകൃതിവിരുദ്ധ’ പീഡനം
പട്ടിമറ്റം കൈതക്കാടുള്ള ദാറുല്‍ ഹസ്സ അറബി കോളേജിലെ നജീബ് മൗലവിയെ കുന്നത്തുനാട് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. നിര്‍ദ്ധനരായ കുട്ടികളെ കണ്ടെത്തി മതപഠനം നടത്തുന്നതിനായി ഉദാരമതികളുടെ സഹായം കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനം. സ്ഥാപനത്തില്‍ നിന്ന് അവധിക്കായി വീട്ടിലെത്തിയ പോത്താനിക്കോട് സ്വദേശികളായ സഹോദരന്മാരില്‍ ഒരാള്‍ മാതാപിതാക്കളോട് ദുരനുഭവം പങ്കുവെക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി കൊടുക്കുകയുമായിരുന്നു (2 ആഗസ്റ്റ്, മതപഠന കേന്ദ്രത്തില്‍ പ്രകൃതിവിരുദ്ധ പീഡനം, നടത്തിപ്പുകാരന്‍ പിടിയില്‍, കേരളകൗമുദി).
മതപഠനകേന്ദ്രത്തില്‍ പ്രകൃതിവിരുദ്ധ പീഡനമെന്ന പ്രചാരണം ഇതോടെ രൂക്ഷമായി. ഹിന്ദുത്വഅനുകൂല മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളാണ് ഇതുസംബന്ധിച്ച്പ്രസിദ്ധീകരിച്ചുവന്നത് (03 ആഗസ്റ്റ്, മതപഠന കേന്ദ്രത്തില്‍ പ്രകൃതിവിരുദ്ധ പീഡനം, ജന്മഭൂമി).
6. മുല്ലപ്പൂ കാക്കയുടെ ഇസ്‌ലാമിക റിപ്പബ്ലിക്
നഴ്‌സുമാരുടെ സമരം ക്രൈസ്ത സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് ജൂബിലി ഹോസ്പിറ്റലിലെ നേഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ക്രിസ്ത്യന്‍ ഡിഫന്‍ഡേഴ്‌സ് ഫേസ്ബുക്കില്‍ കുറിച്ചു: ജൂബിലി ആശുപത്രിയിലേക്കാള്‍ വളരെ കുറഞ്ഞ ശമ്പളം കൊടുക്കുന്ന മലപ്പുറത്തെയും ഈരാറ്റുപേട്ടയിലെയും ആശുപത്രികളില്‍ സമരം ചെയ്യാതെ മുല്ലപ്പൂ കാക്ക തൃശ്ശൂരില്‍ ഏറ്റവും മെച്ചപ്പെട്ട ശമ്പളം നല്‍കുന്ന ജൂബിലി ആശുപത്രിയില്‍ കയറി ഗുണ്ടായിസം കാണിക്കാന്‍ ഇറങ്ങിയാല്‍ അതിനെ നേരിടാന്‍ തൃശ്ശൂരുകാര്‍ക്ക് നന്നായി അറിയാം… ജൂബിലിയുടെ അത്യാഹിത വിഭാഗം ഉള്‍പ്പെടെ എല്ലാ ഗേറ്റുകളും ഉപരോധിച്ചു ആശുപത്രിക്ക് ഉള്ളില്‍ കയറി സമരം നടത്തും എന്നൊക്കെ വെല്ലുവിളിക്കുമ്പോള്‍ നിയമ സംവിധാനം ഉപയോഗിച്ച് മലപ്പുറത്തെയും ഈരാറ്റുപേട്ടയിലെയും ആശുപത്രികള്‍ക്ക് ഇല്ലാത്ത നിയമം ജൂബിലിയില്‍ ഉണ്ടാക്കാന്‍ ഇതു ഇസ്‌ലാമിക റിപ്പബ്ലിക് അല്ല എന്ന് മുല്ലപ്പൂ കാക്കയെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ ആശുപത്രി മാനേജ്‌മെന്റും തൃശ്ശൂര്‍ അതിരൂപതയും എത്രയും പെട്ടെന്ന് തയ്യാറാകണം. വര്‍ഗീയ സാമ്പത്തിക അജണ്ടകളും ആയി ജൂബിലി തകര്‍ക്കാന്‍ നടക്കുന്ന മുല്ലപ്പൂ കാക്കയുടെ വാക്ക് കേട്ടു ജൂബിലി ആശുപത്രി ക്ക് ഉള്ളില്‍ കയറി സമരം ചെയ്യുക എന്നാ മണ്ടത്തരം കാണിക്കുന്ന നഴ്‌സുമാര്‍ വിദേശ ജോലി എന്നാ സ്വപ്നം എന്നേക്കും ആയി ഉപേക്ഷിക്കുന്നത് ആയിരിക്കും നല്ലത് (02 ആഗസ്റ്റ്, ഫേസ്ബുക്ക്/ക്രിസ്ത്യന്‍ ഡിഫന്‍ഡേഴ്‌സ് പേജ്)
7. ടി.ജി മോഹന്‍ദാസിന്റെ വിദ്വേഷപരാമര്‍ശം
ജന്തര്‍ മന്തറിലെ പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ് ‘പത്രിക’ എന്ന യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ അഭിപ്രായപ്പെട്ടു:
‘എനിക്ക് ഈ സിറ്റ്വേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് പറയാം. ജന്തര്‍ മന്തര്‍ പരിസരത്ത് നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ പരിസരത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല…കുറേപ്പേര്‍ക്ക് അംഗഭംഗം സംഭവിക്കും…ഏകദേശം ഒരു നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും- മോഹന്‍ദാസ് പറഞ്ഞു. കൂടാതെ സമരത്തില്‍ പങ്കെടുത്തവര്‍
35 ദിവസം നീണ്ട ജന്തര്‍ മന്തറിലെ സിജെപി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ച്ു. വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചാണ് സമരം അവസാനിപ്പിച്ചത് (26 ജൂലൈ, ‘എനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു’; ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ്, മീഡിയവണ്‍).
ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെ ഉള്ളതെന്നാണ് മറ്റൊരു വീഡിയോയില്‍ അദ്ദേഹം കുറ്റപ്പെടുത്തിയത്: ‘ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെണ്‍കുട്ടികളുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയില്‍ മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ വന്നു ബലാത്സംഗം ചെയ്യൂ എന്ന് ഒരു സ്ത്രീ പറഞ്ഞതായാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വര്‍ഗ ബഹുജന ഗുണ്ട ഗുണ്ടന്‍മാരെല്ലാം ഈ പരിപാടികള്‍ ഇഷ്ടപ്പെടുന്നവരാണ്. അതിനിടയ്?ക്ക് ആരെങ്കിലും ചത്ത് കഴിഞ്ഞാല്‍ രക്തസാക്ഷിയായി’, (27 ജൂലൈ, ‘സമരം ചെയ്തത് ബലാല്‍സംഗം ഇഷ്ടപ്പെടുന്ന ടീം, പരാതിയുമുണ്ടാവില്ല’; വീണ്ടും അധിക്ഷേപിച്ച് ടി.ജി മോഹന്‍ദാസ്, മനോരമ).
ഈ രണ്ട് പരാമര്‍ശങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായി. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘടനകളും പ്രതിഷേധിച്ചു. മാര്‍ച്ചുകള്‍ നടത്തി. ടി.ജി മോഹന്‍ദാസിന്റെ വസിതിയിലേക്ക് മഹിള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ തുടങ്ങി നിരവധി സംഘടനാ നേതാക്കള്‍ രേഖാമൂലം പരാതി നല്‍കി. ജൂലൈ 29ന് പോലിസ് കേസെടുത്തു. കലാപാഹ്വാനം, അധിക്ഷേപം, കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. കേസെടുത്താല്‍പോര അറസ്റ്റ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്കു ശേഷം മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു മണിക്കൂറിലധികം ചോദ്യം ചെയ്തശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രകോപനത്തിന് ശ്രമിച്ചു. വിമര്‍ശനവും പ്രതിഷേധവും ശക്തമായതോടെ ഗത്യന്തരമില്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു (03 ആഗസ്റ്റ്, വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി -മെട്രോ വാര്‍ത്ത-ആഗസ്ത് 3, 2026, 10 ആഗസ്റ്റ്, വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം, ടി.ജി മോഹന്‍ദാസ് കസ്റ്റഡിയില്‍, ദേശാഭിമാനി).
7.1. മതമൗലികവാദികളുടെ കയ്യടിക്കുവേണ്ടി
ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരമെന്നും അവധി ദിവസം നോക്കി ടി.ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലികവാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ഫിഷറീസ് വകുപ്പ് പിടിച്ചുവാങ്ങി ഭരിക്കുന്ന മുസ്‌ലിം ലീഗ്, മുതലപ്പൊഴിയിലും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായപ്പോള്‍ നടപടികള്‍ എടുക്കാത്ത ഗൗരവകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആയതിനാല്‍ മണ്ണിടിച്ചിലിലും പ്രളയത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെപോലും കാണാതെ മടങ്ങുന്ന ലീഗ് മന്ത്രിമാര്‍ കേരള സമൂഹത്തിന് നല്‍കുന്ന സന്ദേശം ഭീതിജനകമാണ്. മതവര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മുസ്‌ലിം ലീഗ് മന്ത്രിമാരും ലീഗ് നേതൃത്വവും വന്ദേമാതര വിഷയത്തിലും വി.ഡി സവര്‍ക്കര്‍ വിഷയത്തിലും പ്രസ്താവനകള്‍ നടത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് (09 ആഗസ്റ്റ്, അവധിദിവസം നോക്കി ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തു; ചെന്നിത്തലയുടെ നീക്കം അപലപനീയമെന്ന് ബിജെപി, മാതൃഭൂമി).
7.2. എസ്ഡിപിഐ പ്രീണനം
ടിജിക്കെതിരെ നടപടിയെടുത്തത് എസ്ഡിപിഐ അനുഭാവിയുടെ പരാതിയിലാണെന്നും അത് എസ്ഡിപിഐ പ്രീണനമാണെന്നും ജനം ടിവി: ചെന്നിത്തല പൊലീസിന്റെ എസ്ഡിപിഐ പ്രീണനം, ടിജിക്കെതിരെ നടപടിയെടുത്തത് എസ്ഡിപിഐ അനുഭാവിയുടെ പരാതിയില്‍. ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; പരാതി നല്‍കിയത് എസ്ഡിപിഐ അനുഭാവ സംഘടന യങ് ഡെമോക്രാറ്റ്‌സ് അംഗം അബ്ദുല്‍ ഖാസിം എന്‍ (10 ആഗസ്റ്റ്, ചെന്നിത്തല പൊലീസിന്റെ എസ്ഡിപിഐ പ്രീണനം, ടിജിക്കെതിരെ നടപടിയെടുത്തത് എസ്ഡിപിഐ അനുഭാവിയുടെ പരാതിയില്‍, ജനം ടിവി).
7.3. അറസ്റ്റ് ജമാഅത്ത് ഇസ്‌ലാമിയുടെ നിര്‍ദ്ദേശ പ്രകാരം
അറസ്റ്റ് ?ഗൂഢാലോചനയാണെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ നിര്‍ദേശപ്രകാരമാണെന്നും ബിജെപി: പരീക്ഷാക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മോഹന്‍ദാസിലെ അവധി ദിനത്തിലാണ് കസ്റ്റഡിയിലെടുത്തുത്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ട്. ജമാഅത്ത് ഇസ്‌ലാമിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ മാതാവിനെ അവഹേളിച്ചവര്‍ക്കെതിരെയും അദ്ദേഹത്തിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും യാതൊരു നടപടിയും ഇല്ലാത്തപ്പോഴാണ് ഈ അറസ്റ്റ് (10 ആ?ഗസ്റ്റ്, അവധി ദിവസത്തില്‍ കസ്റ്റഡിയിലെടുത്ത ടി.ജി മോഹന്‍ദാസിനെ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു, ജന്മഭൂമി).
പിന്തുണച്ച് ആര്‍എസ്എസ്
ടി.ജി മോഹന്‍ദാസിന്റെ അഭിപ്രായത്തെ ആര്‍എസ്എസ് തള്ളിക്കളഞ്ഞതായി പ്രഖ്യാപിച്ചെങ്കിലും നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മോഹന്‍ദാസിന് പിന്തുണ പ്രഖ്യാപിച്ചു.
ടി.ജി മോഹന്‍ദാസിനെ അനുകൂലിച്ച് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘപരിവാര്‍ അനുകൂലികള്‍ മുദ്രാവാക്യം വിറിച്ചു.
മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ മോഹന്‍ദാസിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റുന്നതിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയാളെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മലയാളം ടി.വി ചാനലുകള്‍ പുറത്തുവിട്ടു.
ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍.വി ബാബുവും പ്രതീഷ് വിശ്വനാഥും അടക്കമുള്ളവരാണ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മോഹന്‍ദാസിനെ പിന്തുണച്ചത്. മോഹന്‍ദാസിനെ അനുകൂലിച്ചുള്ള സംഘപരിവാര്‍ അനുകൂലികളുടെ കമന്റുകളും ഇവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്നിരുന്നു. മോഹന്‍ദാസിനെ ഒന്നും ചെയ്യാന്‍ സര്‍ക്കാറിനാവില്ലെന്ന് പ്രതീഷ് അഭിപ്രായപ്പെട്ടു. കേസും ജയിലും ഒന്നും കാണാതെ അല്ല ഇ നാട്ടിലെ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ വളര്‍ന്നതെന്നും അയാളുടെ പോസ്റ്റില്‍ പറയുന്നു. മോഹന്‍ദാസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രതീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു (10 ആഗസ്റ്റ്, ടി.ജി മോഹന്‍ദാസിനെ തള്ളുന്നതായി ആര്‍.എസ്.എസ് അവകാശപ്പെടുമ്പോഴും പിന്തുണച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും, ഡൂള്‍ ന്യൂസ്).
7.4. ജിഹാദി പൂട്ട് പൊളിച്ച് ടി.ജി
ടിജി മോഹന്‍ദാസിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് ശശികല പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിക്കുറിപ്പ്: “ജിഹാദി പൂട്ട് നിയമത്തിലൂടെ തന്നെ പൊളിച്ച് പുറത്തിറങ്ങി ടി ജി; ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ബാബുച്ചേട്ടന്‍ , സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ , തിരുവനന്തപുരം താലൂക്ക് അദ്ധ്യക്ഷന്‍ അഡ്വ. രാജേഷ് എന്നിവരോടൊപ്പം” (11 ആഗസ്റ്റ്/ ഫേസ്ബുക്ക്/ ശശികല ടീച്ചര്‍)
ജാമ്യം
ഭാരതീയ വിചാരകേന്ദ്ര മുന്‍ ജനറല്‍ സെക്രട്ടറിയും ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനറുമായ മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഇനി ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി നടപടി(11 ആഗസ്റ്റ്, ടി.ജി. മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം, മെട്രോ വാര്‍ത്ത). പോലീസ് പ്രത്യേക കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് 11 ദിവസമായിട്ടും പോലീസ് മോഹന്‍ദാസിന് എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് നല്‍കിയിട്ടില്ലെന്നും മോഹന്‍ദാസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അത് കോടതി അംഗീകരിക്കുകയായിരുന്നു (11 ആഗസ്റ്റ്, പോലീസിനു വീഴ്ച; മോഹന്‍ദാസിനു ജാമ്യം, ദീപിക).
ജാമ്യം ലഭിച്ചത് പിടിപ്പുകേട്
ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലണമെന്നും പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും വിദ്വേഷപരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിന് താമസിയാതെ ജാമ്യം ലഭിച്ചു. അത് യുഡിഎഫ് സര്‍ക്കാറിന്റെ പിടിപ്പുകേടുമൂലമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. മുമ്പ് വര്‍ഗ്ഗീയ, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും കൃത്യമായ വകുപ്പുകള്‍ ചുമത്തിയാണ്. പലരും മാസങ്ങളോളം ജയിലില്‍ കിടന്നുവെന്നും പാര്‍ട്ടി അവകാശപ്പെട്ടു (11 ആഗസ്റ്റ്, ആര്‍എസ്എസ്സുകാരെ തുറുങ്കിലടച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍, ദേശാഭിമാനി).
7.5. ഹൈന്ദവഗീതം പാടാന്‍ ലീഗിന് താല്‍പര്യമില്ല
വന്ദേമാതര വിവാദത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബി.ജെ.പി തീരുമാനിച്ചതായി കേരള കൗമുദി. വന്ദേമാതര വിവാദത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബി.ജെ.പി. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനം മുഴുവന്‍ വന്ദേമാതരം ആലപിച്ച് ആഘോഷം നടത്താന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. വന്ദേമാതരത്തിലെ ഹൈന്ദവസംസ്‌കാരത്തെ സൂചിപ്പിക്കുന്ന വരികള്‍ പാടാന്‍ മുസ്‌ലിം ലീഗിന് താല്പര്യമില്ലാത്തത് ഉയര്‍ത്തിക്കാട്ടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട് (11 ആഗസ്റ്റ്, വന്ദേമാതരത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ബി.ജെ.പി; വന്ദേമാതരം ആലപിച്ച് ആഘോഷം, കേരള കൗമുദി).
7.6. ഇടതുപക്ഷ- ജിഹാദി കൂട്ടുകെട്ട്
ജാമ്യം ലഭിച്ച വാര്‍ത്ത ജന്മഭൂമി അവതരിപ്പിച്ചത് ഇങ്ങനെ: മുസ്‌ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി വ്യാജ ജാമ്യരഹിത വകുപ്പുകള്‍ ചുമത്തിയിരുന്നതായി ടി.ജി. മോഹന്‍ദാസിനെ ന്യായീകരിക്കുന്ന വി.ഡി. സതീശന്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഗൂഢ നീക്കത്തിന് കോടതി തടയിട്ടു. കൊച്ചി മട്ടാഞ്ചേരിയില്‍ നിന്ന് ഞായറാഴ്ചയാണ് ടി.ജി. മോഹന്‍ദാസ് അറസ്റ്റിലായത്. ഒരു യൂട്യൂബ് ചാനലില്‍ അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍, ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരം കൈകാര്യം ചെയ്യുന്നതില്‍ താനായിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന സാങ്കേതികമായി പറഞ്ഞ കാര്യമാണ് ഇടത്പക്ഷ- ജിഹാദി കൂട്ടുകെട്ടുകാര്‍ വിവാദമാക്കിയത് (11 ആഗസ്റ്റ്, പോലീസ് ഗൂഢാലോചന പൊളിഞ്ഞു, ടി.ജി. മോഹന്‍ദാസിന് ജാമ്യം, ജന്മഭൂമി).
സര്‍ക്കാരില്‍ ആശയക്കുഴപ്പം
ദേശീയഗീതമായ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ കത്തിനെ ചൊല്ലിയുള്ള വിവാദം വീണ്ടു ഉയര്‍ന്നു. വിവാദ കത്ത് ചീഫ് സെക്രട്ടറി പിന്‍വലിച്ചില്ല. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിമാര്‍ പരസ്യ നിലപാടെടുത്തു. സംസ്ഥാനത്ത് നടക്കുന്ന വിവിധ പരിപാടികളിലും തദ്ദേശസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിലും വന്ദേമാതരം പൂര്‍ണ്ണമായോ ഭാഗികമായോ ആലപിക്കാമെന്നതിലും വ്യക്തതയില്ല. ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച് പ്രോട്ടോകോള്‍ വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറില്‍ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. ഇതും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചു (11 ആഗസ്റ്റ്, വന്ദേമാതരത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ബി.ജെ.പി; വന്ദേമാതരം ആലപിച്ച് ആഘോഷം, കേരള കൗമുദി).
8. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവന
മലപ്പുറം കാളികാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തില്‍ മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞു: തെരഞ്ഞെടുപ്പ് പരാജയത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, അയ്യപ്പ സംഗമം,വെള്ളാപ്പള്ളിയെ കൊണ്ടു നടന്നത് എല്ലാം തിരിച്ചടിയായി. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ പ്രതിരോധിച്ചപ്പോള്‍ ശക്തി ഉണ്ടായില്ല. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിപ്പോയി. ഇങ്ങനെ തോല്‍ക്കുമെന്ന് വിചാരിച്ചില്ല. മൂന്നാം ഭരണം പ്രതീക്ഷിച്ചു. പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയി (30 ജൂലൈ, നമ്മളും വിചാരിച്ചില്ല! എല്ലാം എണ്ണിപ്പറഞ്ഞ് ഷംസീര്‍, വെള്ളാപ്പള്ളി മുതല്‍ പയ്യന്നൂരും തളിപ്പറമ്പും വരെ പാളി; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തുറന്നു പറച്ചില്‍, ഏഷ്യാനെറ്റ് ന്യൂസ്).
ഈ പ്രസംഗം എസ്എന്‍ഡിപി നേതൃത്വത്തെ പ്രകോപിപ്പിച്ചു. ഷംസീറിന്റെ പ്രസ്താവനയില്‍ എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ പ്രതിഷേധം രേഖപ്പെടുത്തി: ജനവിധിയെ അംഗീകരിച്ച് ആത്മപരിശോധന നടത്തുന്നതിന് പകരം സാമൂഹിക സംഘടനകളുടെയും നേതൃത്വത്തെയും കുറ്റപ്പെടുത്തുന്ന സമീപനം ജനാധിപത്യ സംസ്‌കാരത്തിന് യോജിച്ചതല്ല. മൂന്നു നൂറ്റാണ്ടിലേറെയായി വെള്ളാപ്പള്ളി നടേഷന്റെ നേതൃത്വത്തില്‍ യോഗം സാമൂഹിക നീതി വിദ്യാഭ്യാസം സാമ്പത്തിക ശക്തികരണം പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണം എന്നി മേഖലകളില്‍ നിര്‍ണായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി (02 ആഗസ്റ്റ്, വെള്ളാപ്പള്ളിക്കെതിരായ പ്രസ്താവന, ഷംസീര്‍ ഖേദം പ്രകടിപ്പിക്കണം- എസ്എന്‍ഡിപി യോഗം കൗണ്‍സില്‍, മെട്രോ വാര്‍ത്ത).
8.1. മുസ്‌ലിം ലീഗിന്റെ ഭാഷ
സി.പി.എമ്മുകാരനാണെന്ന് പറയുമ്പോഴും ഷംസീറിന്റെ മനസ് മുസ്‌ലിം ലീഗിനൊപ്പമാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പദ്മഭൂഷണ്‍ ലഭിച്ച വെള്ളാപ്പള്ളിക്ക് കേരളകൗമുദി കോട്ടയം യൂണിറ്റ് നല്‍കിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം: മലപ്പുറം വിഷയത്തില്‍ തന്റെ പരാമര്‍ശം പ്രതിരോധിച്ചതില്‍ പാര്‍ട്ടിയുടെ ‘ഊക്ക് പോരാ’ എന്നാണ് ഷംസീര്‍ പറഞ്ഞത്. മതേതരത്വം പറയുകയും മതാധിപത്യത്തിന് കടപിടക്കുകയും ചെയ്യുന്ന നിലപാടാണ് മുന്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സ്വീകരിച്ചത് (07 ആഗസ്റ്റ്, മുന്‍ സ്പീക്കര്‍ ഷംസീര്‍ സംസാരിച്ചത് ലീഗിന്റെ ഭാഷയില്‍: വെള്ളാപ്പള്ളി, കേരള കൗമുദി).


8.2. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്ന മുസ്‌ലിം സംഘടനകള്‍
തന്നെ തള്ളിപ്പറഞ്ഞതിന്റെ ഊക്ക് പോരെന്നാണു എ.എന്‍ ഷംസീര്‍ പറഞ്ഞതെന്നും ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം പറവൂര്‍ യൂണിയന്‍ നടത്തിയ ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം േെചുകയായിരുന്നു അദ്ദേഹം: ന്യൂനപക്ഷമെന്നു പറയുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ മത പാര്‍ട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു സംഘടിത വോട്ട് ബാങ്കുകളായി. ”മലപ്പുറത്തു മാത്രമല്ല, കാസര്‍കോട്, വയനാട് ജില്ലകളിലും ഈഴവ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല. ഈ ദുഃഖം പറഞ്ഞാല്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഈഴവരെയും തന്നെയും മുസ്‌ലിം വിരോധികളായി പ്രചരിപ്പിക്കുന്നു. ഈഴവനെന്നു പറഞ്ഞാല്‍ ജാതി പറയുന്നു എന്നു കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനാണു ശ്രമം. ‘ഞാന്‍ ആരുടെയും വിരോധിയല്ല. ഒരു സമുദായത്തിനുമെതിരല്ല. ഞാന്‍ ലീഗിനെതിരെയാണ് (29 ആഗസ്റ്റ്, ‘ഞാന്‍ ആരുടെയും വിരോധിയല്ല, ലീഗിനെതിരെയാണ് പറഞ്ഞത്; പിണറായിക്ക് പണികൊടുത്തത് ഷംസീര്‍’: വെള്ളാപ്പള്ളി, മനോരമ).
8.3. മലപ്പുറത്തിന് വേണ്ടി ചട്ടങ്ങള്‍
മലപ്പുറത്ത് നിന്ന് ഒരു ആവശ്യം വന്നാല്‍ ചട്ടം ഉണ്ടാക്കുന്നു, നിയമം ഉണ്ടാക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍: ജാതി പറഞ്ഞ് സംഘടിച്ചവരും മതം പറഞ്ഞ് സംഘടിച്ചവരും ഉണ്ട്. മതം പറഞ്ഞ് സംഘടിച്ചവര്‍ എവിടെയെത്തിയെന്ന് ആലോചിക്കണം. മതമാണ് മതമാണ് എന്ന് പറഞ്ഞവരെക്കുറിച്ച് ചര്‍ച്ചയില്ല. ഞാന്‍ ആണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ. സത്യം പറഞ്ഞതിന്റെ പേരില്‍ ഞാന്‍ വേട്ടയാടപ്പെടുന്നു. ഞാന്‍ ഒരു സമുദായത്തിനും എതിരല്ല. എന്റെ സമുദായത്തിന്റെ ദു:ഖമാണ് പറഞ്ഞത്. ലീഗിനെ ആണ് പറഞ്ഞത്, മുസ്‌ലിമിനെ അല്ല. മലപ്പുറത്ത് നിന്ന് ഒരു ആവശ്യം വന്നാല്‍ ചട്ടം ഉണ്ടാക്കുന്നു, നിയമം ഉണ്ടാക്കുന്നു. മലപ്പുറത്ത് മാത്രമല്ല കാസര്‍കോടും ഈഴവ സമുദായത്തിന് ഒന്നും കിട്ടുന്നില്ല. ഈ ദുഃഖം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാല്‍ കുലദ്രോഹി ആയി ചിത്രീകരിക്കുന്ന കാലമാണിത് (28 ആഗസ്റ്റ്, ഞാന്‍ ഒരു സമുദായത്തിനും എതിരല്ല, മതപ്പാര്‍ട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു: വെള്ളാപ്പള്ളി നടേശന്‍, റിപ്പോര്‍ട്ടര്‍ ടിവി).
8.4. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നവര്‍
ന്യൂനപക്ഷമെന്നു പറയുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ മത പാര്‍ട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു സംഘടിത വോട്ട് ബാങ്കുകളായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്‌കൂളുകള്‍, കോളജുകള്‍, ഭൂമി, ഭരണം, വ്യവസായം, സമ്പത്ത് എന്നിവയെല്ലാം അവരുടെതാണ്. ‘മലപ്പുറത്തു മാത്രമല്ല, കാസര്‍കോട്, വയനാട് ജില്ലകളിലും ഈഴവ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല. ഈ ദുഃഖം പറഞ്ഞാല്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഈഴവരെയും തന്നെയും മുസ്‌ലിം വിരോധികളായി പ്രചരിപ്പിക്കുന്നു. ഈഴവനെന്നു പറഞ്ഞാല്‍ ജാതി പറയുന്നു എന്നു കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്. ഞാന്‍ നീതി പറഞ്ഞാല്‍ ജാതി, മറ്റുള്ളവരെല്ലാം ജാതി പറഞ്ഞാല്‍ നീതി എന്നാണ് സ്ഥിതി.എസ്എന്‍ഡിപി യോഗം പറവൂര്‍ യൂണിയന്‍ നടത്തിയ ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം (29 ആഗസ്റ്റ്, മുസ്‌ലിം, ക്രിസ്ത്യന്‍ പാര്‍ട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു: വെള്ളാപ്പള്ളി നടേശന്‍ മലയാള മനോരമ).
8.5. സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കുന്നു
സംഘടിത ന്യൂനപക്ഷങ്ങള്‍ ജനാധിപത്യം ഹൈജാക്ക്‌ചെയ്‌തെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്റെ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: ഹിന്ദു വിശ്വാസികളുടെ മനസ്സ് വ്രണപ്പെടുത്തുന്ന സംഭവങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നത്. ഗണപതി മിത്താണെന്ന് പറഞ്ഞു, ഇപ്പോള്‍ ശബരിമല അയ്യപ്പനെക്കുറിച്ചും മോശം പരാമര്‍ശം നടത്തി. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ ചാനല്‍ തൊഴിലാളികളില്ല. സത്യം പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കും. മൂന്ന് ജില്ലകളില്‍ ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമില്ലെന്ന് പറയുമ്പോള്‍ അക്കാര്യം പരിശോധിച്ച് പരിഹരിക്കേണ്ടവരാണ് തന്നെ വര്‍ഗീയവാദിയാക്കുന്നത്. ലീഗിനെയാണ് ഉദ്ദേശിച്ചതെന്ന് പിണറായി വിജയന്‍ പല തവണ പറഞ്ഞിട്ടും പലര്‍ക്കും മനസിലായില്ല. സമ്പത്തും വ്യവസായവും ഭരണവും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം സംഘടിത ന്യൂനപക്ഷ മതവിഭാഗങ്ങളുടെ കൈകളിലായി. ഇതിനൊരു മാറ്റം വരണം. രാഷ്ട്രീയ അധികാരവും വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ നീതിയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കണം. മുസ്‌ലിം, ക്രിസ്ത്യന്‍ മതപാര്‍ട്ടികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണ് (29 ആഗസ്റ്റ്, കേരളത്തില്‍ രണ്ടുതരം നീതി: വെള്ളാപ്പള്ളി കേരള കൗമുദി).
9. തീവ്രവാദം വളര്‍ത്തുന്ന സംഘടന
എക്‌സ് ആന്‍ഡ് വൈ ലേണിംഗ് എന്ന സ്ഥാപനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ എക്‌സ് മുസ്‌ലിം പ്രചാരകന്‍ ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പന്തീരാങ്കാവ് പൊലീസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കി. ‘കേരളത്തിലെ ‘അല്‍ ഫലാഹ് സര്‍വകലാശാല’യാണ് എക്‌സ് ആന്‍ഡ് വൈ ലേണിംഗ് എന്നും തീവ്രവാദം വളര്‍ത്തുന്നുവെന്നും ആരിഫ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെയാണ് സ്ഥാപനം കോടതിയെ സമീപിച്ചത്. നേരത്തെ സ്ഥാപന അധികൃതര്‍ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് സ്ഥാപനം നേരിട്ട് കോടതിയെ സമീപിച്ച് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി, ആരിഫ് ഹുസൈനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു (4 ആഗസ്റ്റ്, വിദ്വേഷ പ്രചാരണം; എക്‌സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം, മീഡിയവണ്‍).
10. ലഹരിക്ക് പിന്നില്‍ പ്രത്യേകവിഭാഗം
കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ടി’ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിന്തുണ പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന് സമസ്തയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ‘തൂഫാന്‍ വാരിയര്‍’ ബാഡ്ജും സമ്മാനിച്ചു (20 ജൂണ്‍, ലഹരിവിരുദ്ധ പോരാട്ടത്തില്‍ സമസ്തയും; ‘തൂഫാന്‍ വാരിയര്‍’ ആയി ജിഫ്രി മുത്തുക്കോയ തങ്ങള്‍, മാധ്യമം).
ഇതിനെതിരേ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തി. മയക്കുമരുന്ന് ആയാലും, മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആയാലും ‘ഞമ്മന്റെ ആള്‍ക്കാരാണത്’ നടത്തുന്നത് എന്നായിരുന്നു ആരോപണം: ‘കേരളത്തെ ലഹരി മുക്തമാക്കാന്‍ ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ പ്രചരണാര്‍ത്ഥം സമസ്ത നേതാവ് ജിഫ്രിമുത്തുക്കോയ തങ്ങളെത്തന്നെ ആഭ്യന്തരമന്ത്രി കൂട്ടുപിടിച്ചത് നന്നായി. കാരണം സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും, കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരും, ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തില്‍പ്പെട്ടവരാണെന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്. മയക്കുമരുന്നായാലും, തീവ്രവാദമായാലും അത് ഞമ്മന്റെ ആള്‍ക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം.’കെ.പി. ശശികല, കുമ്മനം രാജശേഖരന്‍, ഡോ. ടി.പി.സെന്‍കുമാര്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കളെല്ലാം ആര്‍.വി. ബാബുവിന് പിന്തുണയുമായി രംഗത്തെത്തി. ഇതിനെതിരേ പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല പരാതി നല്‍കി. പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തു (04 ആഗസ്റ്റ്, ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വംശീയ അധിക്ഷേപം: ഹിന്ദു ഐക്യവേദി നേതാവിനെ പോലീസ് ചോദ്യം ചെയ്തു,ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. മീഡിയവണ്‍ ഓണ്‍ലൈന്‍).


11. അന്‍സിബയും സീനത്തും
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ മുന്‍ ഭാരവാഹിയും നടനുമായ ടിനി ടോമം നടി അന്‍സിബയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ സീനത്തിന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍:
അവതാരകന്‍: കലയില്‍ എത്രത്തോളം മതം കേറുന്നു എന്നുള്ളത്…
സീനത്ത്: ഭയങ്കര കാര്യങ്ങളാണ് സീന ചേച്ചി സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മാലയോട് പറഞ്ഞത് എന്താണെന്ന് അറിയോ? മാല ഞാന്‍ സീനത്താണ് അതുകൊണ്ട് മാല സംസാരിക്കു. അതിന് വേറെ കളര്‍ ആയിരിക്കും. ഞാന്‍ സംസാരിക്കുമ്പോള്‍ അര്‍ത്ഥം മാറും. എനിക്ക് ഭയമാണ്.
അവതാരകന്‍: ഒരു പത്ത് വര്‍ഷത്തോളമായിട്ടായിരിക്കും കലയില്‍ മതം ഇങ്ങനെയൊക്കെ..,
സീനത്ത്: ഹയ്യോ, ഭയങ്കര മോശമായിപ്പോയി, നമ്മുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ആള്‍ക്കാരുടെ മനസ്സ് പുറത്തുവന്നുകൊണ്ടിരിക്കുന്നു. നമ്മളെ പേടിപ്പിക്കുകയാണ്. നമ്മളുടെ കൂടെ ഇരുന്ന ആളുടെ മനസ്സില്‍ ഇതായിരുന്നോ, അല്ലെങ്കില്‍ അവളുടെ മനസ്സില്‍ ഇതായിരുന്നോ?, ഇന്ന് നമ്മള്‍ ചിന്തിക്കേണ്ട സന്ദര്‍ഭം വന്നിരിക്കുകയാണ്.
അവതാരകന്‍: എല്ലാവരുടെയും ഉള്ളിലുണ്ട് എന്നതാണ്.
സീനത്ത്: കേരളത്തില്‍ ആയതുകൊണ്ടാണ് പലരും തുറന്നു പറയാത്തത്. ആ കളര്‍ പുറത്തു വരാത്തത്. ഇപ്പത്തന്നെ ഫേസ്ബുക്കില്‍ ഒക്കെ വന്നല്ലോ! പെര്‍ളി ഒക്കെ വളരെ വ്യക്തമായിട്ട് പറഞ്ഞല്ലോ? രാഷ്ട്രീയം പറയാന്‍ ആണെങ്കില്‍ ധൈര്യം വേണം. എല്ലാവര്‍ക്കും അവരുടെ രാഷ്ട്രീയം ഉണ്ടാവും. എന്തുകൊണ്ടാണ് ഇത് മറച്ചുവയ്ക്കുന്നത്? അതിലെന്തോ കുഴപ്പമുണ്ടല്ലോ?. അതിലീ മതം കയറുന്നത് കൊണ്ടാണല്ലോ (01 ആഗസ്റ്റ്, അന്‍സിബയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല, കാരണം എന്റെ പേര് സീനത് എന്നാണ്/സീനത് എസ്‌ക്ലൂസീവ് ഇന്റര്‍വ്യൂ പാര്‍ട്ട് 01, മൂവി വേള്‍ഡ് മീഡിയ).
പരാതിയില്‍ ഉറച്ച് അന്‍സിബ
പോലിസില്‍ നല്‍കിയ പരാതിയില്‍ അന്‍സിബ കോടയില്‍ മൊഴി നല്‍കി. കേസില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കേസില്‍നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും മൊഴി നല്‍കിയ ശേഷം അന്‍സിബ മാധ്യമങ്ങളോട് വ്യക്തമാക്കി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് മൊഴി നല്‍കിയത്.
നേരത്തെ അന്‍സിബ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്നാണ് നടി കോടതിയെ സമീപിച്ചത്. പരാതി അന്വേഷിക്കാനും കേസ് രജിസ്റ്റര്‍ ചെയ്യാനും എറണാകുളം ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചതോടെയാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍ (ബി.എന്‍.എസ് 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം (ബി.എന്‍.എസ് 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം (ബി.എന്‍.എസ് 79), മതസ്പര്‍ധ വളര്‍ത്തല്‍ (ബി.എന്‍.എസ് 299), മതവികാരം വ്രണപ്പെടുത്തല്‍ (ബി.എന്‍.എസ് 302) തുടങ്ങിയ ഗുരുതര വകുപ്പുകളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത് (20 ആഗസ്റ്റ്, ‘പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു, പിന്‍മാറില്ല’; ടിനി ടോമിനെതിരെ രഹസ്യമൊഴി നല്‍കി അന്‍സിബ ഹസന്‍, മാധ്യമം).
12. മലബാറില്‍ നിന്നെത്തി തിന്നുകുടിക്കുന്നവര്‍
കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്തില്‍ നടന്ന എല്‍ഡിഎഫിന്റെ യോഗത്തില്‍ സിപിഎം ഏരിയ സെക്രട്ടറി പി.കെ. ജോണ്‍സന്റെ മലബാറിനെ പരാമര്‍ശിച്ചു കൊണ്ടുള്ള പ്രസംഗം വിവാദമായി. മലബാറില്‍നിന്നുള്ള ആളുകള്‍ തിരുവനന്തപുരത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്നായിരുന്നു പരാമര്‍ശം: തിരുവനന്തപുരത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മലബാറില്‍ നിന്നുള്ളവരുടെ വരവ് കാരണം മന്ത്രിമാരുടെ ഓഫീസിലോ സെക്രട്ടറിയറ്റിലോ കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. മലപ്പുറം, കാസര്‍കോട് തുടങ്ങിയ മലബാര്‍ ഭാഗങ്ങളില്‍നിന്ന് ബസ് പിടിച്ച് ആളുകള്‍ തിരുവനന്തപുരത്ത് വരികയാണ്. അവിടെ ഒന്നുരണ്ടാഴ്ച താമസിച്ച് കാര്യങ്ങള്‍ സാധിച്ച് ‘തിന്ന് കുടിച്ച് മുടിച്ച’ ശേഷമാണ് അവര്‍ മടങ്ങുന്നത്. തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ മുറി കിട്ടണമെങ്കില്‍ ആറുമാസം മുന്‍പ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. മലബാര്‍ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വന്ന് മുറികളെല്ലാം കൈക്കലാക്കുകയാണെന്നും ഏരിയ സെക്രട്ടറി കുറ്റപ്പെടുത്തി.
മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത വേദിയിലായിരുന്നു പി.കെ. ജോണ്‍സണ്‍ ഇത്തരമൊരു അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. പ്രസംഗത്തില്‍ മുസ്‌ലിം എന്ന പദം ഉപയോഗിച്ചിരുന്നില്ല (05 ആഗസ്റ്റ്, ‘മലബാറില്‍നിന്നുള്ളവര്‍ തലസ്ഥാനത്തെത്തി തിന്നുകുടിച്ച് മുടിച്ച് മടങ്ങുന്നു’; അധിക്ഷേപവുമായി സിപിഎം നേതാവ്, മാതൃഭൂമി).
13. വഖഫ് ബോര്‍ഡിലെ അമുസ്‌ലിം അംഗങ്ങള്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ നിയമമനുസരിച്ച അമുസ് ലിംഅംഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ല. ഇതിനെതിരേ ഏതാനും ചിലര്‍ പരാതി നല്‍കി.
ബോര്‍ഡില്‍ രണ്ട് അമുസ്‌ലിം അംഗങ്ങളില്ലാത്തതും ഷിയ, ബോഹ്‌റ, ആഗാഖാനി വിഭാഗങ്ങള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ലാത്തതും ചോദ്യം ചെയ്ത് അസംബ്ലി ഓഫ് ക്രിസ്ത്യാന്‍ ട്രസ്റ്റ് സര്‍വീസ്, ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് തുടങ്ങിയവരാണ് പരാതി നല്‍കിയത്. ബോര്‍ഡ് പുനഃസംഘടനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രണ്ട് അമുസ്‌ലിം അംഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ സുപ്രീംകോടതി മുമ്പാകെയുള്ള കേസുകളില്‍ തീര്‍പ്പുവരുന്നതുവരെ തീരുമാനമെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്ന ഉറച്ച നിലപാടാണ് വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗിനുള്ളത്. അല്ലാത്തപക്ഷം നിലവിലെ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതുവരെ എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള ബോര്‍ഡിനെ നിലനിര്‍ത്തേണ്ടിവരുമെന്നും ഇത് ഭരണതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആണ് ലീഗ് മുന്നോട്ടുവെക്കുന്ന വാദം. ബോര്‍ഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷവും വാദിച്ചു. തങ്ങള്‍ക്ക് തെറ്റു പറ്റിയിട്ടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. (05 ആഗസ്റ്റ്, വഖഫ് ബോര്‍ഡ് പുനഃസംഘടന എല്‍ഡിഎഫിന് വീഴ്ച പറ്റിയില്ല, ദേശാഭിമാനി; 25 ആഗസ്റ്റ്, സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന; രാഷ്ട്രീയ തീരുമാനത്തിന് വിട്ട് സര്‍ക്കാര്‍, മാധ്യമം)
ഒഴിവ് നികത്താതെ ബോര്‍ഡിനു പ്രവര്‍ത്തിക്കാനാകുമോ എന്നതാണു വിഷയമെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു. തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു മടിയില്ലെന്നും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ സാവകാശം വേണമെനുമായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ വിശദീകരണം. അമുസ്‌ലിംകളുടെ സ്വത്തിന്റെ നിയന്ത്രണം ബോര്‍ഡിനുള്ളതിനാലാണ് അവരെ ഉള്‍പ്പെടുത്തണമെന്ന് നിയമത്തില്‍ പറയുന്നതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയില്‍ ഏറ്റവും അപകടംപിടിച്ചത് കേന്ദ്ര-, സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് രണ്ട് അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന 14-ാം വകുപ്പാണെന്നും ഇതനുസരിച്ച് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്നും സിപിഎം നേതാവ് എം വി ഗോവിന്ദന്‍ എഴുതിയ ലേഖനത്തില്‍ വാദിച്ചു (10 ആഗസ്റ്റ്, ബിജെപി ഭരണത്തിലോ കേരളം, ദേശാഭിമാനി).
14. സവര്‍ക്കര്‍ ക്വിസ്
ആഗസ്റ്റ് 6ന് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ നടന്ന ക്വിസ് മത്സരത്തില്‍ ചരിത്രവിരുദ്ധമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ അധ്യാപകരെ സസ്‌പെന്‍ഷെന്റ് ചെയ്തു. കുമ്പള ഉപജില്ലയിലെ പള്ളത്തടുക്ക എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ഗുരുപ്രസാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെയും നിര്‍ദേശപ്രകാരം സേവനത്തില്‍നിന്ന് നീക്കാന്‍ ചെയ്യാന്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ആഗസ്റ്റ് ആറിന് ‘ഫ്രീഡം ക്വിസ്’ എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവര്‍ത്തന കലണ്ടറിലോ ഉള്‍പ്പെട്ടതായിരുന്നില്ല. ഇത് അടിയന്തരമായി പ്രാവര്‍ത്തികമായി അന്നദാനമായി ചോദ്യങ്ങള്‍ നിര്‍മ്മിച്ച് മത്സരം നടത്താന്‍ വിദ്യാഭ്യാസ വകുപ്പോ സാമൂഹിക ശാസ്ത്ര ക്ലബ്ബോ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ക്വിസില്‍ അഞ്ചാമത്തെ ചോദ്യം ‘ബ്രിട്ടീഷുകാരുടെ കയ്യില്‍നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു’ എന്നതായിരുന്നു. ഉത്തരമായി കൊടുത്തത് വി.ഡി. സവര്‍ക്കര്‍ എന്നാണ്. ചരിത്ര സത്യങ്ങള്‍ക്ക് വിരുദ്ധമായ ചോദ്യം ഉള്‍പ്പെടുത്തിയത് ആസൂത്രിതമായാണ് എന്നാണ് പ്രാഥമിക നിഗമനം. വ്യാപക പ്രതിഷേധവും വിദ്യാഭ്യാസ മന്ത്രിക്ക് പരാതിയും ലഭിച്ചിരുന്നു (8 ആഗസ്റ്റ്, ‘ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?’ ‘സവര്‍ക്കറെ’ന്ന ഫ്രീഡം ക്വിസിലെ ഉത്തരത്തില്‍ ചൊടിച്ച് സംസ്ഥാന സര്‍ക്കാര്‍; വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടറിലില്ലാത്ത പരിപാടിയില്‍ അന്വേഷണം; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി, മറുനാടന്‍ മലയാളി, 9 ആഗസ്റ്റ്, സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്പെന്‍ഷന്‍, സമകാലിക മലയാളം).
14.1. കോണ്‍ഗ്രസ്സും ഇടതു ജിഹാദികളും
ഫ്രീഡം ക്വിസ്സിന്റെ പേരില്‍ കാസര്‍ഗോഡ് പള്ളത്തടുക്ക എ. യു. പി സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ഗുരുപ്രസാദിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റു ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് വി. ഡി. സവര്‍ക്കര്‍ ആണെന്നുള്ളത് ചരിത്രവസ്തുതയാണ്. വീരസവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ദീര്‍ഘകാലം അദ്ദേഹം ജയിലില്‍ കിടന്നിരുന്നു എന്ന കാര്യവും ആരും നിഷേധിക്കുന്നില്ല. ആകെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ്സും ഇടതു ജിഹാദികളും ഉന്നയിച്ച ഏക ആക്ഷേപം അദ്ദേഹം ജയിലില്‍ നിന്നിറങ്ങാന്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നതു മാത്രമാണ് (9 ആഗസ്റ്റ്, ഫേസ്ബുക്ക്/ കെ സുരേന്ദ്രന്‍).
14.2. പ്രതിഷേധം ലീഗിനെതിരെ
സസ്‌പെന്‍ഷന്‍ ചെയ്ത നടപടി പാര്‍ലമെന്റിലുന്നയിക്കുമെന്ന് രാജ്യസഭാ മെമ്പര്‍ സി സദാനന്ദന്‍ മാസ്റ്റര്‍. പ്രതിഷേധം ലീഗിനെതിരേയാണെന്നും സദാനന്ദന്‍ മാസ്റ്റര്‍ (10 ആഗസ്റ്റ്, വീരസവര്‍ക്കര്‍ ചോദ്യമെഴുതിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് സംഭവം, പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ എം.പി, ലീഗിനെതിരേ പ്രതിഷേധം ജനം ടിവി).
14.3. ലീഗിനെന്ത് ദേശീയത
അധ്യാപകനെതിരേ നടപടിയെടുത്തത് ലീഗിന്റെ താല്‍പര്യം സംരക്ഷിക്കാനെന്ന് ബിജെപി നേതാവ് എം എല്‍ അശ്വിനി. ലീഗിനെന്ത ദേശീയതയെന്നും പരിഹസിച്ചു (10 ആഗസ്റ്റ്, ലീഗിനെന്ത് ദേശീയത, സവര്‍ക്കറെക്കുറിച്ച് ചോദ്യമെഴുതിയ അധ്യാപകനെതിരെ പ്രതികാര നടപടി, പ്രതിഷേധം കടുപ്പിച്ച് ബിജെപി, ജനം ടിവി).
ദേശീയ വാദിയായതുകൊണ്ടാണ്, ഗുരുപ്രസാദിനെതിരെ സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടിയെടുത്തതെന്നും സവര്‍ക്കര്‍ എന്ന പേരാണ് അവരുടെ യാഥാര്‍ത്ഥ പ്രശ്‌നമെന്നും മറ്റൊരു അവസരത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു (11 ആഗസ്റ്റ്, അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം, ജന്മഭൂമി).


14.4. ആരെയോ പ്രീതിപ്പെടുത്താനുള്ള ശ്രമം
സ്വാതന്ത്ര്യസമര ചരിത്ര ക്വിസിന്റെ ചോദ്യത്തില്‍ വീര സവര്‍ക്കറെക്കുറിച്ചുള്ള ഒരു ചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി അധ്യാപകനെതിരെ നടപടിയെടുത്തത് ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് ജില്ലാ കമ്മിറ്റി. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാനും ഏറ്റവും വലിയ അധ്യാപക സംഘടനയായ എബിആര്‍എസ്എമ്മിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും തീരുമാനിച്ചു (10 ആഗസ്റ്റ്, അധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു, ജന്മഭൂമി).
വര്‍ഗീയശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സസ്‌പെന്‍ഷനെന്നും അധ്യാപകനെ ബലിയാടാക്കിയ സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നും അഖില ഭാരതീയ രാഷ്ട്രീയ ഷൈക്ഷിക് മഹാസംഘും ആവശ്യപ്പെട്ടു.
14.5. ലീഗിന് മുന്നറിയിപ്പുമായി രാജീവ് ചന്ദ്രശേഖര്‍
കാസര്‍ഗോഡ് ജില്ലയിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ പേരില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ മുസ്‌ലിം ലീഗിനും യുഡിഎഫ് സര്‍ക്കാരിനും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പുനല്‍കി. സവര്‍ക്കറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുസ്‌ലിം ലീഗ് ഇടപെടുന്നതും ബിജെപിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗ്, തങ്ങള്‍ക്ക് താല്പര്യമുള്ള പ്രത്യേക ചരിത്രവിവരണം സൃഷ്ടിക്കുന്ന പഴയ രീതി തിരികെകൊണ്ടുവരാനാണ് ശ്രമിക്കുന്നതെങ്കില്‍ ബി.ജെ.പി അടങ്ങിയിരിക്കില്ല. നമ്മള്‍ വന്ദേ മാതരവും ദേശീയഗാനമായ ജനഗണനമയും പൂര്‍ണമായി തന്നെ പാടും. അതില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇറ്റാലിയന്‍ ദേശീയ ഗാനത്തിന്റെ ഒരു കോപ്പി അയച്ചു കൊടുക്കാം. ഇടതുപക്ഷം തങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ജര്‍മന്‍ കാള്‍ മാര്‍ക്‌സ് ഗാനം പാടിക്കോട്ടെ (11 ആഗസ്റ്റ്, പ്രകോപിപ്പിക്കേണ്ട: രാജീവ്; ലീഗിനും കോണ്‍ഗ്രസിനും മുന്നറിയിപ്പ്, മെട്രോ വാര്‍ത്ത).
14.6. ദേശവിരുദ്ധ പ്രവര്‍ത്തനം
അധ്യാപകന്‍ ഗുരുപ്രസാദിന്റെ സസ്‌പെന്‍ഷന്‍ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ദേശവിരുദ്ധ നടപടിയാണെന്ന് ബിജെപി. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ പൊതുപരിപാടി നടക്കുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍, മന്ത്രിക്കും സര്‍ക്കാരിനും എതിരെ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. പോലീസും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ശ്രമിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് ജന്മഭൂമി (11 ആഗസ്റ്റ്, അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം, ജന്മഭൂമി).
വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി
സസ്‌പെന്‍ഷനിലായ അധ്യാപകന്‍ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിന്റെ വ്യക്തമായ കാരണം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു((13 ആഗസ്റ്റ്, വീര്‍ സവര്‍ക്കര്‍ ചോദ്യപ്പേപ്പര്‍ വിവാദം: അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് ഹൈക്കോടതി; സര്‍ക്കാരിനോട് വിശദീകരണം തേടി, മലയാളം ഹിന്ദുസമാചാര്‍)
കാസര്‍കോട് നടന്ന ക്വിസ് മത്സരത്തില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവത്തില്‍ അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരു മാസത്തേക്കാണ് അധ്യാപകന്റെ സസ്പെന്‍ഷന്‍ കോടതി തടഞ്ഞത്. അതേസമയം അധ്യാപകനെതിരെ അച്ചടക്ക നടപടി സര്‍ക്കാരിന് തുടരാമെന്ന് കോടതി വ്യക്തമാക്കി (19 ആഗസ്റ്റ്, സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവം: അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേ, റിപ്പോര്‍ട്ടര്‍).
15. പ്രത്യേക വിഭാഗത്തിന് നിയമനം
വിദ്യാഭ്യാസ വകുപ്പില്‍ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരായി സംസ്ഥാനത്തെ 11 ജില്ലകളിലും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ നിയമിച്ചുവെന്ന് ജന്മഭൂമി. മൂന്ന് ജില്ലകളില്‍ മാത്രമാണത്രെ പ്രത്യേക മതത്തിനു പുറത്തുനിന്ന് നിയമിച്ചത്: വിദ്യാഭ്യാസ വകുപ്പില്‍ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരായി സംസ്ഥാനത്തെ 11 ജില്ലകളിലും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ നിയമിച്ചത് വിവാദമാകുന്നു. മൂന്ന് ജില്ലകളില്‍ മാത്രമാണ് വ്യത്യസ്തമായി പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചത്. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായി 54 പേരെ നിയമിച്ചു. ഇതിലും രാഷ്ട്രീയവും മതവും കടന്നുകൂടിയതായി ആക്ഷേപം. ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ആയി നിയമനം ലഭിക്കുന്നവര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാണ്. ഇവരെ ഡെപ്യൂട്ടേഷനിലാണ് കോഓര്‍ഡിനേറ്റര്‍മാരായി നിയമിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് എസ്എസ്‌കെ. സര്‍ക്കാരുകള്‍ മാറുമ്പോള്‍ സര്‍ക്കാര്‍ അനുകൂല സംഘടനയില്‍ പെട്ട അധ്യാപകരെയാണ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരായി നിയമിക്കുക. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിംലീഗ് ലഭിച്ചതിനാലാണ് ഇത്തരത്തില്‍ മതം നോക്കി നിയമനം നടത്തിയത്. അറബിക് അധ്യാപകരെ വരെ ഇത്തരത്തില്‍ നിയമിച്ചിട്ടുണ്ട് (11 ആഗസ്റ്റ്, എസ്എസ്‌കെ ജില്ലാ കോഓര്‍ഡിനേറ്റര്‍ നിയമനം വിവാദത്തില്‍, ജന്മഭൂമി).
16. എം.കെ ഫൈസിയുടെ അറസ്റ്റ് ഇടതുഭരണ നേട്ടം
ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ച ശേഷം ദേശാഭിമാനി ആര്‍എസ്എസുകാരെ തുറുങ്കിലടച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. അതില്‍ എല്‍ഡിഎഫിന്റെ നേട്ടങ്ങളായി ഏതാനും അറസ്റ്റുകളുടെ വിവരങ്ങള്‍ നല്‍കിയിരുന്നു: ”ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല, ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെ കെ സുരേന്ദ്രന്‍, തിരുവനന്തപുരത്തും വെണ്ണലയിലും മുസ്‌ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പി സി ജോര്‍ജ, ഹിന്ദു ഹെല്‍പ്ലൈന്‍ നടത്തിപ്പുകാരന്‍ പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍ തുടങ്ങഇയവരെല്ലാം വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായവരാണ്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായിരുന്ന എം.കെ ഫൈസിയെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തിരുന്നു”.
കേന്ദ്ര സര്‍ക്കാര്‍ അവരുടെ മുസ്‌ലിംവിരുദ്ധവംശീയ നടപടിയുടെ ഭാഗമായി എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതും നേട്ടമായി അവതരിപ്പിച്ചിരുന്നു (11 ആഗസ്റ്റ്, ആര്‍എസ്എസുകാരെ തുറുങ്കിലടച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍, ദേശാഭിമാനി).
17. പാകിസ്താനില്‍ പോകേണ്ടവര്‍
സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനച്ചടങ്ങില്‍ പങ്കെടുത്താത്ത കുട്ടികളെ ഉദ്ദേശിച്ച് മാളയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് സൈനിക സ്‌കൂളിന്റെ ഉടമയായ ഡോ. രാജു ഡേവിസ് മാതാപിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ശബ്ദ സന്ദേശം അയച്ചു. സ്‌കൂളിലെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാത്തവരെ ക്ലാസില്‍ കയറ്റില്ല. അവധി ദിനം സ്‌കൂളിലെത്താത്തവര്‍ വിശദീകരണം നല്‍കണം. സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ എത്താതിരുന്ന കുട്ടികള്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അര്‍ഹതയില്ല. സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം- എന്നിങ്ങനെയായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത് (16 ആഗസ്റ്റ്, ‘സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്തവര്‍ പാകിസ്താനില്‍ പോകേണ്ടവര്‍’; വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് സ്‌കൂള്‍ ഉടമ, മീഡിയവണ്‍).


ഇത് മാധ്യമങ്ങളില്‍ വിവാദമായി. പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. താന്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അതിന്റെ സാഹചര്യവും അദ്ദേഹം പിന്നീട് വ്യക്തമാക്കി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ എത്തിക്കാന്‍ പല ഭാഗത്തേക്കും സ്‌കൂള്‍ ബസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പകുതി രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് അയച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത്. എല്ലാത്തിനും സ്വാതന്ത്ര്യം വേണം, എന്നാല്‍ സ്വാതന്ത്ര്യദിനത്തിന്റെ സമയത്ത് കുട്ടികളെ വീട്ടില്‍ ഇരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കുട്ടികള്‍ ധിക്കാരികളായി മാറുന്നത്. പരിപാടിയ്ക്ക് ആരും വരുന്നില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഒരു ലക്ഷം രൂപ തന്റെ പോക്കറ്റില്‍ തന്നെ ഇരിക്കുമായിരുന്നു. പണം നഷ്ടമായതിന്റെയും കുട്ടികള്‍ കുറഞ്ഞു പോയതിന്റെയും ദേഷ്യത്തിലായിരുന്നു സ്‌കൂള്‍ ഉടമയുടെ ശബ്ദ സന്ദേശം.
എന്നാല്‍ പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പറഞ്ഞു: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞില്‍ ഉറച്ചുനില്‍ക്കുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ വരാത്ത കുട്ടികളോട് ശത്രുരാജ്യത്തേക്ക് പോകാനാണ് പറഞ്ഞത്. അത് ഏതെങ്കിലും മത വിഭാഗത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. 1947 മുതല്‍ പാകിസ്താന്‍ ഇന്ത്യയുടെ ശത്രുരാജ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കാത്തവര്‍ ശത്രു രാജ്യത്തിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ് സൂചിപ്പിച്ചത് (16 ആഗസ്റ്റ്, വിദ്യാര്‍ത്ഥികളോട് പാകിസ്താനിലേയ്ക്ക് പോകണമെന്ന പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് സൈനിക സ്‌കൂള്‍ ഉടമ ഡോ. രാജു ഡേവിസ്, റിപ്പോർട്ടര്‍ ടിവി).
18. ജമാഅത്തെ ഇസ്‌ലാമിയുമായി അവിശുദ്ധസഖ്യം
കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് വിജയിച്ചു. ഇതേ കുറിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്:
ഫ്രട്ടേര്‍ണിറ്റിക്ക് ഉണ്ടായിരുന്ന 12 വോട്ടുകള്‍ പൂര്‍ണമായും യുഡിഎസ്എഫിന് നല്‍കിയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇത്തവണ യുഡിഎസ്എഫ് ജയിച്ചത്. അതായത് ജമാഅത്ത് ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായിട്ടുള്ള ഫ്രട്ടേണിറ്റിക്ക് 12-ഓളം വരുന്ന ഫ്രട്ടേര്‍ണിറ്റിയുടെ പൊളിറ്റിക്കല്‍ വോട്ടുകള്‍ പൂര്‍ണമായും മറിച്ചു നല്‍കിയാണ് ഈ അവിശുദ്ധ വിജയം യുഡിഎസ്എഫ് കാലിക്കറ്റില്‍ നേടിയെടുത്തത്. എംഎസ്എഫ് എഴുതി നല്‍കിയ, എംഎസ്എഫിന്റെ നേതാക്കള്‍ എഴുതി നല്‍കിയ ഉടമ്പടിയും കെ.കെ അഷ്‌റഫ് എന്നു പറയുന്ന ഫ്രട്ടേര്‍ണിറ്റി നേതാവിനെ ലീഗ് മന്ത്രിയുടെ സ്റ്റാഫിലും എടുത്തു നല്‍കിയതിന്റെ പ്രത്യുപകാരമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനിലെ 12 വോട്ടുകള്‍ മറിച്ചു നല്‍കിയത്. അദ്ദേഹം ഇപ്പോഴും സ്റ്റാഫായി തുടരുകയാണ്. കെ കെ അഷ്‌റഫിനെ സ്റ്റാഫായി നിയമിക്കുക എന്നത് മാത്രമല്ല, അടുത്ത യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വോട്ട് നല്‍കിക്കൊണ്ട് ഒരു ഫ്രേണിറ്റി, ഒരു ഫ്രട്ടേര്‍ണിറ്റി കാന്‍ഡിഡേറ്റിനെ സെനറ്റ് മെമ്പര്‍ ആയി തിരഞ്ഞെടുക്കാനുള്ള പ്രിഫറന്‍സ് വോട്ട് നല്‍കാം എന്ന് എഴുതി നല്‍കുകയും ചെയ്തു. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിയ ഞങ്ങളെ തോല്‍പ്പിക്കാന്‍, കാലിക്കറ്റിലെ മുഴുവന്‍ മതനിരപേക്ഷ വിദ്യാര്‍ത്ഥികളെയും വഞ്ചിക്കുന്ന നിലപാടാണ് എംഎസ്എഫ് സ്വീകരിച്ചത്. ജമാഅത്ത് ഇസ്‌ലാമിയുടെ കാല് നക്കി അല്ലാതെ, ഫ്രട്ടേണിറ്റിയുടെ വോട്ട് ഇരന്നു വാങ്ങിയ അല്ലാതെ, എംഎസ്എഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിജയിക്കില്ല. ഞാന്‍ വെല്ലുവിളിക്കുന്നു. എംഎസ്എഫിന്റെ ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട ആള്‍ വോട്ട് വാങ്ങിയില്ല എന്ന് പറയാന്‍ തയ്യാറുണ്ടോ? (16 ആഗസ്റ്റ്, ജമാഅത്തെ ഇസ്‌ലാമിയുടെ സഹായമില്ലാതെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ്.എഫിന് ജയിക്കാനാകില്ല; പി.എസ് സഞ്ജീവ്, മീഡിയാവണ്‍).
19. അവിശുദ്ധ സഖ്യവും നിയമനവും
വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കെ. കെ. അഷ്‌റഫിനെ ഓഫീസ് അറ്റന്‍ഡന്റായി നിയമിച്ചു. ഇത് മാധ്യമങ്ങള്‍ വലിയ വിവാദമാക്കി. കെ. കെ. അഷ്‌റഫ് മുമ്പ് എസ്‌ഐഒയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പല മാധ്യമങ്ങളും നേതാക്കളും ഇതിനെ അവിശുദ്ധകൂട്ടുകെട്ടെന്ന് കുറ്റപ്പെടുത്തി. സ്വന്തം പ്രവര്‍ത്തകരെയും പോഷക സംഘടനകളെയും മറികടന്നുകൊണ്ടുള്ള നിയമനമെന്നായിരുന്നു ലീഗിലെ ചിലരുടെ പരാതി. തീരുമാനം പുനഃപരിശോധിക്കണമെന്ന് കൊണ്ടോട്ടി മണ്ഡലം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ പല ഇടതുപക്ഷ നേതാക്കളും ഈ നിയമനത്തെ അവിശുദ്ധസഖ്യം എന്നായിരുന്നു വിശേഷിപ്പിച്ചത്. ഉദാഹരണത്തിന് എസ്എഫ്‌ഐ നേതാവ് പിഎസ് സഞ്ജീവ്. നിയമനം ഡീലിന്റെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം: ഫ്രട്ടേര്‍ണിറ്റിക്ക് ഉണ്ടായിരുന്ന 12 വോട്ടുകള്‍ പൂര്‍ണമായും യുഡിഎസ്എഫിന് നല്‍കിയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇത്തവണ യുഡിഎസ്എഫ് ജയിച്ചത്. ജമാഅത്ത് ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായിട്ടുള്ള ഫ്രട്ടേര്‍ണിറ്റിക്ക് 12-ഓളം വരുന്ന ഫ്രട്ടേര്‍ണിറ്റിയുടെ പൊളിറ്റിക്കല്‍ വോട്ടുകള്‍ പൂര്‍ണമായും മറിച്ചു നല്‍കിയാണ് ഈ അവിശുദ്ധ വിജയം യുഡിഎസ്എഫ് കാലിക്കറ്റില്‍ നേടിയെടുത്തത്. ഇതിന് ഉപാധിയായി വെച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കേരള സമൂഹം പൂര്‍ണമായും ചര്‍ച്ച ചെയ്തതാണ്. കഴിഞ്ഞ ഒന്നാം തീയതി കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഫ്രട്ടേര്‍ണിറ്റി നേതാവ് കൂടിയായിട്ടുള്ള കെ കെ അഷ്‌റഫിനെ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫായി നിയമിച്ചതുമായി ബന്ധപ്പെട്ട് ഒരു വിവാദം വന്നിരുന്നു. പിന്നീട് അതുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണവുമില്ല. അദ്ദേഹം ഇപ്പോള്‍ സ്റ്റാഫായി തുടരുകയാണ്. ഫ്രട്ടേണിറ്റി നേതാവാണ്.
എന്തുമായി ബന്ധപ്പെട്ട ഡീലാണ് എന്നത് ആ ഘട്ടത്തില്‍ തന്നെ ഞങ്ങള്‍ ഉള്‍പ്പെടെ സംശയിച്ചിരുന്നു. ഈ പറഞ്ഞ കെ കെ അഷ്‌റഫിനെ സ്റ്റാഫായി നിയമിക്കുക എന്നത് മാത്രമല്ല, അടുത്ത യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വോട്ട് നല്‍കിക്കൊണ്ട് ഒരു ഫ്രട്ടേര്‍ണിറ്റി കാന്‍ഡിഡേറ്റിനെ സെനറ്റ് മെമ്പര്‍ ആയി തിരഞ്ഞെടുക്കാനുള്ള പ്രിഫറന്‍സ് വോട്ട് നല്‍കാം എന്ന് എഴുതി നല്‍കുകയും ചെയ്തു (16 ആഗസ്റ്റ്, ജമാഅത്തെ ഇസ്‌ലാമിയുടെ സഹായമില്ലാതെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ്.എഫിന് ജയിക്കാനാകില്ല; പി.എസ് സഞ്ജീവ്, മീഡിയാവണ്‍).
ഇതേ ആരോപണങ്ങള്‍ ജൂണ്‍ മാസത്തില്‍ സിപിഎം നേതാവ് എം വി ജയരാജനും ഉയര്‍ത്തിയിരുന്നു (17 ജൂണ്‍, ‘ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനെ നിയമിച്ചത് എന്തിന് ?’ മീഡിയാവണ്‍).
20. വിഗ്രങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയ ടിപ്പു
സ്വത്രന്ത്ര്യ ദിനത്തില്‍ ഒരു വിദ്യാര്‍ഥി ടിപ്പുവിന്റെ വേഷം കെട്ടി. ഇതില്‍ പ്രകോപിതയായി ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: സ്വാതന്ത്ര്യ ദിനത്തില്‍ മത വെറിയന്‍ ടിപ്പുവിന്റെ വേഷം കെട്ടിയ കുട്ടി. ടിപ്പു സ്വാതന്ത്ര്യസമര പോരാളിയാണത്രെ. ബ്രിട്ടന്റെ കൈയ്യില്‍ നിന്നും ഫ്രാന്‍സിന്റെ കൈയ്യിലേക്ക് ഭരണം എത്തിക്കാന്‍ നോക്കിയതാണോ സ്വാതന്ത്ര്യ സമരം ?? സാവര്‍ക്കരുടെ ചോദ്യത്തിന് അധ്യാപകന് സസ്‌പെന്‍ഷന്‍ നല്കി ആദരിച്ച വിദ്യാഭ്യാസ മന്ത്രി ഈ വേഷത്തിന് ഡബിള്‍ പ്രമോഷന്‍ കൊടുത്ത് ശിക്ഷിക്കുമായിരിക്കും.
ശരിയാണ് ടിപ്പു സ്വാതന്ത്ര്യസമര പോരാളി തന്നെ! മൂപ്പര് എത്ര ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കുമാണെന്നോ സ്വാതന്ത്ര്യം നല്കിയത്?? (15 ആഗസ്റ്റ്, ഫേസ്ബുക്ക്/ശശികല ടീച്ചര്‍)
21. വന്ദേമാതരത്തിന് ജമാഅത്തിന്റെ വിലക്ക്
വന്ദേമാതരം മുഴുവനുമായി ആലിപിക്കണമോ വേണ്ടയോ എന്ന വിവാദം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചും ഉയര്‍ന്നുവന്നു. അതേ കുറിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്: ‘വന്ദേമാതരം പാടരുതെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തിട്ടൂരത്തിന് മുഖ്യമന്ത്രി കീഴടങ്ങിയ ദയനീയ കാഴ്ചയ്ക്കാണ് കേരളം ഈ സ്വാതന്ത്ര്യദിനത്തില്‍ സാക്ഷിയായത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അഭിമാനത്തോടെ ആഘോഷിക്കേണ്ട ദിനത്തില്‍, ഒരു മതസംഘടനയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങിയതില്‍ കേരളം ദുഃഖത്തോടെയാണ് നോക്കിക്കാണുന്നത്.’ (16 ആഗസ്റ്റ്, ഫേസ്ബുക്ക്/ ഷോണ്‍ ജോര്‍ജ്).
22. ജമാഅത്തെ ഇസ്‌ലാമിയുടെയും ലീഗിന്റെയും കല്‍പ്പന
കേരളത്തില്‍ നടപ്പാകുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെയും ലീഗിന്റെയും കല്‍പ്പനയാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഈ പരിഹാസം: പാര്‍ലമെന്റ് പാസാക്കിയ നിയമം ലംഘിച്ച്, വന്ദേമാതരത്തെ അപമാനിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇത് ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണ്. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും, ജമ്മു കശ്മീരിലെയും ഝാര്‍ഖണ്ഡിലെയും സഖ്യ സര്‍ക്കാരുകളും ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റുകള്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു. എന്നാല്‍, കേരളത്തിലെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരത്തിന്റെ ഒരു വരി പോലും പാടാന്‍ കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാര്‍ തയ്യാറായില്ല. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. മുഖ്യമന്ത്രി വി.ഡി. സതീശനോ കോണ്‍ഗ്രസോ അല്ല കേരളം ഭരിക്കുന്നത്. ഭരണഘടനയെയോ രാജ്യത്തെ നിയമങ്ങളെയോ അല്ല, മറിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെയും ലീഗിന്റെയും കല്‍പ്പനകളാണ് അവര്‍ അനുസരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഇവര്‍ ലംഘിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വ്യക്തമായി മനസ്സിലാകുന്ന കാര്യമാണ്. ഇത്തരം പ്രീണന രാഷ്ട്രീയം കേരളത്തിനും രാജ്യത്തിന്റെ ഐക്യത്തിനും നിയമവാഴ്ചയ്ക്കും വലിയ ഭീഷണിയാണ്. ഇതിന് വലിയ വില നല്‍കേണ്ടി വരും (16 ആഗസ്റ്റ്, ഫേസ്ബുക്ക്/ രാജീവ് ചന്ദ്രശേഖര്‍).


23. നിര്‍ബന്ധിത അറബി പഠനം
സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ത്ഥിക്ക് നിര്‍ബന്ധിത അറബി പഠനമെന്ന് ജനം ടിവി. കോഴിക്കോട് കുറ്റ്യാടിയിലെ വട്ടോളി സര്‍ക്കാര്‍ സ്‌കൂളിനെക്കുറിച്ചാണ് ജനം ടിവി വാര്‍ത്ത നല്‍കിയത്: ആറാം ക്ലാസുകാരനെ അധ്യാപകര്‍ നിര്‍ബന്ധിച്ച് അറബി പഠിപ്പിച്ചു. താല്‍പര്യമില്ലെന്ന് പറഞ്ഞ കുട്ടിയോട് രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ട് എന്ന് അധ്യാപകര്‍ കള്ളം പറഞ്ഞു. എഇഒയ്ക്ക് പരാതി നല്‍കിയിട്ട് നടപടി ഇല്ലാത്തതിനാല്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ആ ഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രധാന അധ്യാപകനും ഇത് പഠിപ്പിച്ച അധ്യാപികയും സ്‌കൂളില്‍ നിന്ന് സ്ഥലം മാറിപ്പോയി. അതുകൊണ്ട് ഈ വിഷയവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒന്നും അറിയില്ല എന്നുള്ളതാണ് സ്‌കൂളില്‍ നിന്ന് നല്‍കിയിരിക്കുന്ന വിശദീകരണ (18 ആഗസ്റ്റ്, ഹിന്ദു വിദ്യാര്‍ഥിക്ക് നിര്‍ബന്ധിത അറബി പഠനം, ജനം ടിവി പോസ്റ്റര്‍)
ഈ വാര്‍ത്ത മറ്റ് മാധ്യമങ്ങളൊന്നും ഫോളോ ചെയ്തില്ല. ജനം വിടിയും അപ് ഡേറ്റ് നല്‍കിയില്ല.
24. സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണം
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ആരോ ഭീകരാക്രമണപദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത എല്ലാ വര്‍ഷവും വരാറുണ്ട്. ഇത്തവണയും വന്നു. ജന്മഭൂമി വാര്‍ത്തയില്‍നിന്ന്:
സ്വാതന്ത്ര്യദിനത്തില്‍ രാജ്യവൃത്താകമാനം ഭീകരാക്രമണത്തിന് പദ്ധതിയിട്ട, പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധമുള്ള, 253 ഭീകരര്‍ പിടിയിലായി. ഐഎസ്ഐ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ പിന്തുണയോടെയുള്ള ഭീകര റിക്രൂട്ടിങ് ഏജന്‍സി ഷെഹ്സാദ് ഭാട്ടി സംഘത്തില്‍പ്പെട്ടവരാണ് കേരളമടക്കം 14 സംസ്ഥാനങ്ങളില്‍ നിന്നായി പിടിയിലായത്. ഇവരില്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെടുത്തു. കേരളത്തില്‍ നിന്ന് രണ്ടുപേര്‍ പിടിയിലായി. സൈനിക കേന്ദ്രങ്ങളടക്കം നിരീക്ഷിക്കാന്‍ ഭീകരര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും കണ്ടെത്തി. കേരളത്തില്‍ തിരുനാവായയിലെ മാഘമഹോത്സവത്തില്‍ ഭീകരാ ക്രമണത്തിനായി 9000 കിലോ സ്‌ഫോടക വസ്തുക്കളെത്തിച്ച മുഖ്യസൂത്രധാരന്‍ ടി.എ. ഹാരിസിനെ ഏതാനും ദിവസം മുമ്പാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 10 പേര്‍ കേസില്‍ പിടിയിലായി. ഇതിന് പിന്നാലെയാണ് രണ്ട് ഭീകരര്‍ കൂടി കേരളത്തില്‍ നിന്ന് അറസ്റ്റിലായത് (18 ആഗസ്റ്റ്, സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു. 253 ഭീകരര്‍ പിടിയില്‍, ജന്മഭൂമി).
25. ഈരാറ്റുപേട്ടക്കെതിരെ നല്‍കിയ വ്യാജ റിപോര്‍ട്ട്
ഈരാറ്റുപേട്ടക്കെതിരേയുള്ള വ്യാജപ്രചാരണം തള്ളിയിട്ടും അത് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നില്ലെന്ന് പരാതി: 2021ലെ സംസ്ഥാന ബജറ്റില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് പത്ത് കോടി രൂപ അനുവദിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. 2022ല്‍ മിനിസിവില്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട് പോലീസ് കൊടുത്ത റിപോര്‍ട്ടില്‍ ഈരാറ്റുപേട്ടയില്‍ തീവ്രവാദ മതസപ്പര്‍ധ കേസുകള്‍ അധികമാണെന്ന് തെറ്റായ റിപോര്‍ട്ട് പോലീസ് നല്‍കിയിരുന്നു. തെറ്റായ റിപോര്‍ട്ട് നല്‍കിയതു മൂലം മിനിസിവില്‍ സ്റ്റേഷന്‍ നടപടിക്രമങ്ങള്‍ രണ്ട് വര്‍ഷം വൈകി. അതു കൂടാതെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഈരാറ്റുപേട്ടക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണം നടത്തി നാടിനെ അപമാനിക്കുന്ന പ്രവര്‍ത്തനം നടത്തിയിരുന്നു. പിന്നീട് ജില്ലാ പോലീസ് മേധാവി തെറ്റായ റിപോര്‍ട്ട് തിരുത്തി സംസ്ഥാന പോലീസ് മേധാവി മറുപടിക്ക് നല്‍കിയിരുന്നു. കൂടാതെ 2017 ജനുവരി മുതല്‍ 2026 ഏപ്രില്‍ വരെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ ഒരു തീവ്രവാദ കേസുകള്‍ പോലും റിപോര്‍ട്ട് ചെയ്തിട്ടില്ലായെന്ന് വികസന ഫോറം ഭാരവാഹികള്‍ക്ക് പോലീസ് വകുപ്പില്‍ നിന്നും വിവരാവകാശ ലഭിച്ചിരുന്നു. എന്നിട്ടും ഇപ്പോഴും ഈരാറ്റുപേട്ടക്കെതിരെ വ്യാപകമായ പ്രചാരണം ചിലര്‍ പതിവാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ തെറ്റായ റിപോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു (18 ആഗസ്റ്റ്, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി പുനരന്വേഷിക്കണം: ജനകീയ വികസന ഫോറം, സിറാജ്).
26. പോപുലര്‍ ഫ്രണ്ടുമായി കച്ചവടം
ജനം ടിവിയില്‍നിന്ന് പുറത്തുവന്ന മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണം നടന്നു. അദ്ദേഹം പോപ്പുലര്‍ ഫ്രണ്ട് ഗ്രൂപ്പുമായി കച്ചവടത്തിലാണെന്നായിരുന്നു അതിലൊന്ന്. ഇതേ കുറിച്ച് അനില്‍ നമ്പ്യാര്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: പോപ്പുലര്‍ ഫ്രന്റില്‍ മാത്രമായി ചുരുക്കേണ്ട. ലഷ്‌കര്‍ ഇ തോയ്ബയും അല്‍ ക്വയ്ദയും ഐ എസുമായും കച്ചവടം ഉറപ്പിച്ചിട്ടുണ്ട്. ഉറപ്പിക്കുന്ന സമയത്ത് ഈ പോസ്റ്റിട്ടവനും ഈ പാഴ് ജന്മത്തെ സൃഷ്ടിച്ചവരും ഇവനെ സഹിക്കുന്ന കെട്ടിയോളും കൂടെയുണ്ടായിരുന്നു? എന്നാലല്ലേ ഗും വരൂ (19 ആഗസ്റ്റ്, ഫേസ്ബുക്ക്/ അനില്‍ നമ്പ്യാര്‍).
27. ഇസ്‌ലാമോഫോബിയ-ഹിന്ദുഫോബിയ
ഹിന്ദുത്വപ്രചാരകന്‍ ശ്രീജിത്ത് പണിക്കരുടെ ഒരു ന്യൂസ് റീലില്‍നിന്ന്. രാഹുല്‍ ഈശ്വറുമായുള്ള ചര്‍ച്ചയിലാണ് ഈ അഭിപ്രായം പറഞ്ഞത്:
ന്യൂനപക്ഷങ്ങള്‍ ആകുമ്പോള്‍ നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്ന കുറെ വാക്കുകളുണ്ട് ഈ തരത്തിലുള്ള ചര്‍ച്ചകളില്‍. ഇസ്‌ലാമോഫോബിയ പോലുള്ള വാക്കുകള്‍. രാഹുലും അത് ഉപയോഗിക്കാറുണ്ട്. രാഹുല്‍ ആ വിഷയങ്ങള്‍ ഏറ്റെടുക്കാറുണ്ട്. വന്ദേമാതരം പാടണം എന്നുള്ള നിലപാടാണ് രാഹുലിന് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ അതേസമയം മുസ്‌ലിങ്ങളുടെ സെന്റിമെന്റ്‌സിനെ മനസ്സിലാക്കുകയും ചെയ്യണം. പാട്ടിന്റെ ഈ വരികള്‍ ബുദ്ധിമുട്ടാണ് അത് പാടാന്‍ പറ്റില്ല എന്ന് പറയുമ്പോള്‍ അത് ഹിന്ദുഫോബിയ ആണ് എന്ന രീതിയിലേക്കുള്ള ഒരു വ്യാഖ്യാനം വരുന്നില്ല. മറിച്ച് ഇസ്‌ലാമോഫോബിയയെന്ന് ഫ്രീയായി പറയും. പക്ഷേ, ഹിന്ദുഫോബിയ ഉള്ളതുകൊണ്ടാണ് ഇത് പാടാത്തത്. ആ ഹിന്ദു എന്ന് പറയുന്നത് ഈ നാടിന്റെ സംസ്‌കാരമാണ് (20 ആഗസ്റ്റ്, ഇസ്‌ലാമോഫോബിയ -ഹിന്ദുഫോബിയ. എന്ത് കൊണ്ട് ഇത് ഹിന്ദുഫോബിയ ആണെന്ന് പറയുന്നില്ല: ശ്രീജിത്ത് പണിക്കര്‍ ,ന്യൂസ് 18 കേരള – ഫേസ്ബുക്ക് റീല്‍).
28. പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍
തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് റാപ്പര്‍ വേടന്‍ ഡിജിപിക്കും സൈബര്‍ പൊലീസിനും പരാതി നല്‍കി. സൗദി അറേബ്യയില്‍ പന്നിയിറച്ചി വില്‍ക്കുന്ന ഹോട്ടല്‍ തുടങ്ങാന്‍ പോകുന്നുവെന്നടക്കമുള്ള തെറ്റായ വിവരങ്ങള്‍ ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. വിപിന്‍ വിജയന്‍, അശോക് പെരുമെത്ത്, പിഎസ്എം മജീദ് തുടങ്ങിയ മൂന്ന് ഫേസ്ബുക്ക് ഐഡികള്‍ക്കെതിരെയാണ് ഡിജിപിക്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുമ്പോള്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ പതിവാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു (20 ആഗസ്റ്റ്, സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടന്‍, മീഡിയ വണ്‍).


29. തടവറയിലെ മരണം
പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവില്‍ കഴിയുന്ന മുഹമ്മദ് യാസിര്‍ അറഫാത്ത് എന്ന 37കാരന്‍ ആഗസ്റ്റ് 20ന് മരിച്ചു. 2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. 71ലേറെ പേര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ പ്രതികളെ സഹായിച്ചെന്ന ആരോപണമാണ് യാസിര്‍ അറാഫത്തിനെതിരെ ഉണ്ടായിരുന്നത്. കൊച്ചി എന്‍ഐഎ കോടതിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു അദ്ദേഹം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ ലഭ്യമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം തേടിയിരുന്നുവെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. ഇതേ കേസിലെ മറ്റൊരു പ്രതിയായ അബ്ദുല്‍ നിസാര്‍ 2023 ജനുവരി 2-ന് മരിച്ചിരുന്നു. പാലക്കാട് ശ്രീനിവാസന്‍ വധകേസുമായി ബന്ധപ്പെട്ട് രണ്ടു പേരാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇതുവരെ മരിച്ചത് (24 ആഗസ്റ്റ്, യുഎപിഎ തടവുകാരുടെ മരണം തുടര്‍ക്കഥ, കേരള ഇന്‍സൈറ്റ് മീഡിയ).
വിചാരണ തടവുകാരനായിരുന്ന മുഹമ്മദ് യാസര്‍ അറഫാത്തിന്റെ മരണം ഭരണകൂട ഭീകരതയാണെന്ന് ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് ഫോറം: 2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. 60 ലധികം ആളുകളെയാണ് ആ കേസില്‍ പ്രതിയാക്കിയത്. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരാണ് പ്രതികളില്‍ മഹാഭൂരിപക്ഷം. ശ്രീനിവാസന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നത് മാത്രമാണ് മുഹമ്മദ് യാസര്‍ അറഫാത്തിന്റെ പേരില്‍ ചുമത്തിയിരുന്ന കുറ്റം. 2022 ഏപ്രില്‍ 15ന് സുബൈര്‍ എന്ന എസ് ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസന്‍ കൊലചെയ്യപ്പെടുന്നത്. പക്ഷെ, സുബൈറിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുവാനോ എന്‍ഐഎക്ക് അന്വേഷണം കൈമാറുവാനോ ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രതിനിധികളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. സുബൈര്‍ വധത്തിലെപ്പോലെ ശ്രീനിവാസന്‍ വധത്തിലും യുഎപിഎ ചുമത്താതിരുന്നിരുന്നുവെങ്കില്‍ മുഹമ്മദ് യാസര്‍ അറഫാത്തിന് വളരെ പെട്ടെന്ന് തന്നെ ജാമ്യം ലഭിക്കുമായിരുന്നു. അദ്ദേഹത്തിനെതിരെ ആരോപിച്ചിരുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം അത്രയ്ക്ക് ലഘുവായിരുന്നു. പക്ഷെ, യുഎപിഎ ചുമത്തിയതിനാലാണ് മുഹമ്മദ് യാസര്‍ അറഫാത്തിന് കഴിഞ്ഞ നാലു വര്‍ഷമായി തടവില്‍ കഴിയേണ്ടി വന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടു കൂടി ജാമ്യമോ, കൃത്യമായ ചികിത്സയോ ലഭിക്കാതിരുന്നതും (21 ആഗസ്റ്റ്, മുഹമ്മദ് യാസര്‍ അറഫാത്തിന്റെ മരണം ഭരണകൂട കൊലപാതകം: ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ്, തേജസ് ന്യൂസ്).
30. പാലത്തായി പോക്സോ കേസ്
പാലത്തായി പോക്സോ കേസില്‍ പ്രതി പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നായിരുന്നു ഹൈക്കോടതി കാരണമായി പറഞ്ഞത് (21 ആഗസ്റ്റ്, പാലത്തായി പോക്സോ കേസ്; പ്രതി പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, മീഡിയ വണ്‍)
30.1. മതമൗലികവാദികള്‍ക്കുവേണ്ടി തയ്യാറാക്കിയ തിരക്കഥ
ഇതേ കുറിച്ച് സംഘപരിവാര്‍ നേതാവ് ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: നീതി ദേവത കണ്ണ് തുറക്കുമ്പോള്‍ നുണയുടെ കൊട്ടാരം പണിത് ആ കണ്ണ് മൂടിക്കെട്ടിയ ഇവന്റെ മുഖം നമ്മള്‍ മറക്കരുത്.’നൗഫല്‍ ബിന്‍ യുസഫ് ‘. പാലത്തായി കേസിന്റെ സൂത്രധാരന്‍… ഏഷ്യനെറ്റ് ന്യൂസില്‍ ഇരുന്നു മതമൗലിക വാദികള്‍ക്ക് വേണ്ടി ഇവന്‍ തയ്യാറാക്കിയ തിരക്കഥയാണ് പാലത്തായി കേസ്…(22 ആഗസ്റ്റ്, ഫേസ്ബുക്ക്/ ലസിത പാലക്കല്‍).
31. അത്തപ്പൂക്കളം ‘ചവിട്ടിത്തെറിപ്പിച്ച’ യുവതി
മറുനാടന്‍ മലയാളി നല്‍കിയ ഒരു വാര്‍ത്തയനുസരിച്ച് കൊച്ചി പാലാരിവട്ടത്ത് ഓഫീസിന് മുന്നിലൊരുക്കിയ മനോഹരമായ അത്തപ്പൂക്കളം യുവതി മനഃപൂര്‍വ്വം ചവിട്ടിത്തെറിപ്പിച്ചു. എറണാകുളം പാലാരിവട്ടം മെട്രോ പില്ലര്‍ 545-ന് സമീപമുള്ള ‘മൈഥിലി’ എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെണ്‍കുട്ടി തട്ടിത്തറിപ്പിച്ചത്. തലമറച്ച സ്ത്രീയായിരുന്നു ചിത്രങ്ങളിലുണ്ടായിരുന്നത്. കെട്ടിടത്തിലെ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഉത്രാടനാളില്‍ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. മറുനാടന്‍ മലയാളി പോലുള്ള യുട്യൂബ് ചാനലുകള്‍ വാര്‍ത്ത നല്‍കി.
ഇത് വന്‍തോതില്‍ സൈബര്‍ ആക്രമണത്തിന് കാരണമായി. ബിജെപി വംശീയപ്രചാരണവുമായി രംഗത്തുവന്നു. ബിജെപി നേതാവ് സി ജി രാജഗോപാല്‍ പോലിസില്‍ പരാതി നല്‍കി. ഒടുവില്‍ അതേ ചാനലില്‍ യുവതി തെറ്റ് തുറന്നുപറഞ്ഞു. മാനസികസമ്മര്‍ദ്ദം മൂലമുണ്ടായ അബദ്ധമാണിതെന്നും അല്ലാതെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നുമാണ് പെണ്‍കുട്ടി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അതോടെ കേസ് കൊടുത്ത സി.ജി രാജഗോപാല്‍ പെണ്‍കുട്ടിക്ക് മാപ്പ് നല്‍കി: ‘തെറ്റ് കണ്ടപ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ശിക്ഷിക്കാന്‍ ഞാന്‍ ആളല്ല. ആ കൊച്ചുകുട്ടി മാധ്യമ മുഖേനയോ ഉദ്യോഗസ്ഥരുടെ മുന്നിലോ മാപ്പ് പറയുകയാണെങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു. ആ കുട്ടിക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ല, മക്കള്‍ക്ക് തെറ്റുപറ്റിയാല്‍ ക്ഷമിക്കാന്‍ ഞാനും ഒരു പിതാവാണ്. കുട്ടിയോട് യാതൊരു വൈരാഗ്യവുമില്ല.’
എന്നാല്‍ യുവതി ആരാണെന്നോ പേരെന്താണെന്നോ മറുനാടന്‍ മലയാളി പറഞ്ഞില്ല (26 സെപ്തംബര്‍, പാലാരിവട്ടത്ത് അത്തപ്പൂക്കളം ചവിട്ടിത്തെറിപ്പിച്ചയാളെ കണ്ടെത്തി മറുനാടന്‍; മാപ്പപേക്ഷിച്ച് പെണ്‍കുട്ടി; പൂക്കളം തട്ടിത്തെറിപ്പിച്ചത് ‘അറിയാതെ’; ജോലി സമ്മര്‍ദ്ദത്തിനിടെ പറ്റിയ അബദ്ധം; ഹിന്ദു സമൂഹത്തോട് മാപ്പെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും പെണ്‍കുട്ടി; ശിക്ഷിക്കാന്‍ താന്‍ ആളല്ലെന്നും പരാതി പിന്‍വലിക്കുമെന്നും ബിജെപി നേതാവ് സി ജി രാജഗോപാല്‍, മറുനാടന്‍ മലയാളി)
31.1. പൂക്കളം തട്ടിത്തെറിപ്പിച്ചാല്‍ മതമൗലികവാദികള്‍ക്ക് സന്തോഷം
മഹാത്മാ അയ്യങ്കാളി യുടെ വില്ലുവണ്ടി യാത്ര പോലെ കേരളത്തിന്റെ സാംസ്‌കാരിക തനിമനിലനിര്‍ത്താന്‍ വലിയ ഇടപെടല്‍ നടത്തേണ്ട കാലത്തിലൂടെയാണ് മലയാളികള്‍ കടന്നു പോകുന്നതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. പട്ടികജാതി മോര്‍ച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണവും പൂക്കളവും എല്ലാ മലയാളികളുടേതുമാണ്. ഓണക്കളം തട്ടിതെറിപ്പിച്ചാല്‍ ചില മതമൗലികവാദി കള്‍ക്കാണ് സന്തോഷമുണ്ടാകു ന്നത്. മലയാളികള്‍ക്കിത് സഹിക്കാന്‍ സാധിക്കുന്നതല്ല (27 ആഗസ്റ്റ്, മതഭീകരതയ്‌ക്കെതിരായ വില്ലുവണ്ടിയാത്ര കേരളത്തിന് അനിവാര്യം: ജോര്‍ജ് കുര്യന്‍, മംഗളം).
31.2. ‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണ്
പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ചിത്രത്തിന് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വിജേഷ് നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെ: ‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികള്‍ ആണെന്ന് സിസിടിവി നോക്കിയപ്പോള്‍ മനസ്സിലായി’. സംഭവം വിവാദമായതോടെ എസ്‌ഐ പോസ്റ്റ് പിന്‍വലിച്ചു.
പോസ്റ്റിനെതിരേ തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പോലിസില്‍ പരാതി നല്‍കി. പിന്നീട് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു (28 ആഗസ്റ്റ്, മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണ്’; വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍- പരാതി നല്‍കി യൂത്ത് ലീഗ്, മീഡിയ വണ്‍; 29 ആഗസ്റ്റ്, വിദ്വേഷ പരാമര്‍ശം: കുറിപ്പ് പങ്കുവച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍, ദേശാഭിമാനി).


32. സണ്ണി എം കപിക്കാടിന്റെ ജിഹാദി താല്‍പര്യം
ആഗസ്റ്റ് 25ാം തിയ്യതി തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥി അനഘ ശശി നേരിട്ട വിവേചനത്തിനെതിരേ നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍ സണ്ണി എം. കപിക്കാട് നടത്തിയ പ്രസംഗം വിവാദമായി. ജെഎന്‍യുവില്‍ അമ്പലം പണിത് ഫണ്ട് കണ്ടെത്താമെന്ന വൈസ് ചാന്‍സലറുടെ പ്രസ്താവനയെയും ക്ഷേത്രങ്ങളുടെ പേരില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെയും വിമര്‍ശിക്കുന്നതിനിടെയാണ് ശബരിമല വിഷയം പരാമര്‍ശിച്ചത്: ”അയ്യപ്പന്‍ അവിടെ ഉണ്ടല്ലോ മഹാശക്തിയായിട്ടുള്ള അയ്യപ്പനും പിന്നെ മഹാദേവതയായിട്ടുള്ള മറ്റേ മാളികപ്പുറത്തമ്മ. തൊട്ടപ്പുറത്തുമായിട്ട് പുള്ളിയുടെ പുറകിലാ ഇരിക്കുന്നത്. പുള്ളി കണ്ടാല്‍ പ്രശ്‌നാ. എന്തൊക്കെ വിചിത്രമായ ദൈവങ്ങളാ നമ്മുടെ. മാളികപ്പുറത്തമ്മ ഇടത് സൈഡില്‍ പുറകിലായിരിക്കുന്നത്. ഈ പുള്ളി ഫ്രണ്ടിലേക്ക് നോക്കിയായിരിക്കും. കണ്ടുപോയാല്‍ അന്നേരെ പുള്ളിയുടെ നൈഷ്ഠിക ബ്രഹ്‌മചര്യം തകര്‍ന്നു പോവുകയും പുള്ളി അക്ഷരാര്‍ത്ഥത്തില്‍ ഒരു ബലാത്സംഘവീരനായി മാറുകയും ചെയ്യും” ഇതായിരുന്നു പരാമര്‍ശം. പ്രസംഗം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. ഒരുപാട് വ്യക്തികളും സംഘടനകളും രംഗത്തുവന്നു. മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടന്നു.
32.1. ചിത്രം വരച്ചാല്‍ തലയെടുക്കുന്നവര്‍
ഹിന്ദു വിശ്വാസത്തിന്റെ ഈ കാതലിനെ, ഈ സഹിഷ്ണുതയെ ഏകദൈവ വിശ്വാസികളായ പലരും ചൂഷണം ചെയ്യുന്നു. പുരോഗമനത്തിന്റെ പേര് പറഞ്ഞ്, സദാചാരത്തിന്റെ പേര് പറഞ്ഞ് അധിക്ഷേപിക്കുമ്പോള്‍ ഒക്കെ അവര്‍ മുന്‍പില്‍ നിര്‍ത്തുന്നത് ഹിന്ദു ദൈവങ്ങളെയാണ്. ചില ന്യൂനപക്ഷ ദൈവങ്ങളുടെ പേര് പറയാന്‍ പോലും പേടിയാണ്. ദൈവത്തിന്റെ ചിത്രം വരച്ചാല്‍ പോലും തലയെടുക്കുന്ന കാലമാണിത്. അതുകൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ സംഘടിതമായി ഇവര്‍ ഹിന്ദു ദൈവങ്ങളെ ആക്രമിക്കും. അത്തരം ഒരു പുതിയ കുത്തിത്തിരിപ്പാണ് സണ്ണി കപീക്കാടെ എന്ന ദലിത് ആക്ടിവിസ്റ്റിന്റെ വകയായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഈ കപിക്കാട് ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അകാരണമായി അയ്യപ്പനെ വല്ലാതെ അപമാനിക്കുകയാണ്. അയ്യപ്പന്റെ മറുവശത്ത് മാളികപ്പുറത്തമ്മയെ ഇരുത്തിയിരിക്കുന്നു. രണ്ടുപേരും പരസ്പരം കണ്ടാല്‍ അയ്യപ്പന്റെ നിയന്ത്രണം പോകും എന്ന് വെച്ചാല്‍ അയ്യപ്പന്‍ ഒരു ബലാല്‍സംഘക്കാരനാണ്. അവസരം കിട്ടിയാല്‍ അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ ബലാല്‍സംഗം ചെയ്യും എന്നൊക്കെയുള്ള അങ്ങേയറ്റത്തെ വിവരക്കേടും വൃത്തികേടുമാണ് സണ്ണി കപിക്കാട് പ്രഖ്യാപിക്കുന്നത് (27 ആഗസ്റ്റ്, അയ്യപ്പന്‍ ബലാത്സംഗ വീരനെന്ന് സണ്ണി കപീക്കാട്, മറുനാടന്‍ മലയാളി).
32.2. അയ്യപ്പനോട് കളിക്കുന്ന പൈലി
മാളികപ്പുറത്തമ്മയെ നേരിട്ട് കണ്ടാല്‍ ശ്രീ അയ്യപ്പന്‍ ഒരു ബലാല്കാര വീരന്‍ ആവും എന്ന് ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചു പറയാന്‍ എങ്ങനെയാണ് സണ്ണി എം കഅപിക്കാട് എന്ന പൈലിക്കു ധൈര്യം ഉണ്ടായതെന്ന് മറുനാടന്‍ മലയാളി. ഇതേ സണ്ണി എം കപിക്കാട് ദലിത് ചിന്തകന്‍ എന്ന നിലയില്‍ ഇസ്‌ലാമിക വേദിയില്‍ ചെന്ന് പ്രവാചകനെ കുറിച്ച് വാ തോരാതെ സംസാരിക്കുമെന്നും അവതാരകന്‍ കുറ്റപ്പെടുത്തി (28 ആഗസ്റ്റ്, അയ്യപ്പനോട് കളിച്ചു പൈലി എവിടെ വരെ? മറക്കരുത് ഈ കൈകാലിട്ടടി, മറുനാടന്‍ മലയാളി ഫേസ്ബുക് പേജ്).
സണ്ണി എം കപിക്കാടിന്റെ യഥാര്‍ത്ഥ പേര് പൈലിയെന്നാണെന്നും ജോലി കിട്ടാന്‍ അദ്ദേഹം അനില്‍കുമാര്‍ എന്ന് പേര് മതംമാറിയതാണെന്നും പല കാലങ്ങളായി സംഘപരിവാര്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. ഇതാണ് മറുനാടന്‍ മലയാളിയും ഈ പോസ്റ്റില്‍ ചെയ്തത്.


ഖേദം പ്രകടിപ്പിച്ച് സണ്ണി എം കപിക്കാട്
ശബരിമല അയ്യപ്പനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ സണ്ണി എം കപിക്കാട് ഖേദം പ്രകടിപ്പിച്ചു: അയ്യപ്പനെയോ മാളികപ്പുറത്ത് അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരുവാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായി നേരിടും. പ്രസംഗത്തിനിടെ ശബരിമലയില്‍ ഭക്തര്‍ കൊടുക്കുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നതിനെ കുറിച്ച് വിമര്‍ശിച്ചിരുന്നു. ജെഎന്‍യുവില്‍ അമ്പലം പണിയാനുള്ള സംഘ്പരിവാര്‍ അജണ്ട ചുണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിലെ ഒരുഭാഗം മാത്രം അടര്‍ത്തി മാറ്റി നുണപ്രചാരണം നടത്തുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ബ്രഹ്‌മചര്യം പോകുമെന്ന് പറയുന്നു. ഇത് അയ്യപ്പനെ വിലകുറച്ച് കാണുന്നതിന് തുല്യമാണ് (28 ആഗസ്റ്റ്, ‘അത് പറയരുതായിരുന്നു’; അയ്യപ്പനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സണ്ണി എം കപിക്കാട്, സമകാലിക മലയാളം).
പൊലീസ് കേസ്
പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ കേരള പോലിസ് കേസ് എടുത്തു. തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിയമ നടപടി സ്വീകരിക്കണമെന്നും സണ്ണി കപിക്കാട് മാപ്പ് പറയണമെന്നും പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു (28 ആഗസ്റ്റ്, ‘അത് പറയരുതായിരുന്നു’; അയ്യപ്പനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സണ്ണി എം കപിക്കാട്, സമകാലിക മലയാളം).
32.3. ഇസ്ലാമിക തീവ്രവാദികള്‍ക്ക് കൂട്ടിക്കൊടുക്കുന്നു
ദലിത് വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ ഇസ്‌ലാമിക തീവ്രവാദികള്‍ക്ക് കൂടിക്കൊടുക്കുന്ന ചതിയനാണ് പൈലി അനില്‍കുമാര്‍ എന്ന കപിക്കാടെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു: കേസെടുത്താല്‍ പോര, നടപടിക്രമങ്ങള്‍ പാലിച്ച് ഇയാളെ അറസ്റ്റ് ചെയ്യണം. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ പുലര്‍ത്തുന്ന മൗനം ഹിന്ദുക്കളോടുള്ള കടുത്ത അവഗണനക്ക് വ്യക്തമായ തെളിവാണ്. മാധ്യമങ്ങളുടെ പക്ഷപാതപരമായ നിസ്സംഗതയും അവരുടെ ഹിന്ദു വിരോധത്തിന്റെ ആഴം വെളിവാക്കുന്നു. കപട ദലിത് സ്വത്വത്തെ മറയാക്കി ദലിത് വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ ഇസ്‌ലാമിക തീവ്രവാദികള്‍ക്ക് കൂടിക്കൊടുക്കുന്ന ചതിയനാണ് പൈലി അനില്‍കുമാര്‍ എന്ന കപിക്കാട്. സമൂഹമനസ്സില്‍ ജാതിവിദ്വേഷത്തിന്റെ വൈറസുകളാണ് ഇയാള്‍ വിതക്കുന്നത്. അംബേദ്കറൈറ്റ് എന്നത് ഇയാള്‍ സ്വയം എടുത്തണിയുന്ന മേലങ്കിയാണ് (28 ആഗസ്റ്റ്, ഫേസ്ബുക്ക്/ ആര്‍.വി ബാബു).
32.4. ഫണ്ടിങ് ഏജന്‍സികളെ തൃപ്തിപ്പെടുത്താന്‍
കൊച്ചി ശബരിമല അയ്യപ്പ സങ്കല്പത്തിനെതിരായ സണ്ണി എം. കപിക്കാടിന്റെ പരാമര്‍ശങ്ങള്‍ ഫണ്ടിങ് ഏജന്‍സികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് ജനാധിപത്യ രാഷ്ട്രീയസഭ (ജെ.ആര്‍.എസ്.) സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സണ്ണി കപിക്കാട് പട്ടികജാതിക്കാരുടെ വക്താവല്ല. മറ്റ് മതവിഭാഗങ്ങളെയോ, അവരുടെ ആരാധനാമൂര്‍ത്തികളെയോ അധിക്ഷേപിക്കുന്ന നിലപാട് പട്ടികജാതി വിഭാഗത്തിന്റേതല്ല. അയ്യപ്പനെയും ശബരിമല സങ്കല്പത്തെയും അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം പരസ്യമായി മാപ്പ് പറയണം (31 ആഗസ്റ്റ്, സണ്ണി കപിക്കാടിന്റെ പരാമര്‍ശം ഫണ്ടിങ് ഏജന്‍സികളെ തൃപ്തിപ്പെടുത്താന്‍-ജെ.ആര്‍.എസ്, കേരള കൗമുദി).
32.5. ഇസ്‌ലാമിക ജിഹാദികള്‍ക്ക് കൂട്ടിക്കൊടുക്കുന്നയാള്‍
സണ്ണി എം കപിക്കാട് പട്ടിക ജാതി സമൂഹത്തെ ഇസ്‌ലാമിക ജിഹാദികള്‍ക്ക് കൂട്ടിക്കൊടുക്കുന്നയാളാണെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു: തീവ്രവാദികള്‍ക്ക് ദലിത് സമൂഹത്തെ, പട്ടികജാതി സമൂഹത്തെ കൂട്ടികൊടുക്കുന്ന ഒരു കൂട്ടിക്കൊടുപ്പുകാരനാണ് സണ്ണി എം കപ്പിക്കാട്. അംബേദ്കര്‍ നടത്തിയിട്ടുള്ള പ്രസ്താവനകളെ ചിലതുമാത്രമെടുത്തു ഹിന്ദുക്കള്‍ക്കെതിരായിട്ട് ഇയാള്‍ തുപ്പുന്ന വിഷം ഹിന്ദുക്കളെ ജാതി പറഞ്ഞു വിഭജിക്കുക എന്നതാണ്. ഇയാള്‍ സംസാരിക്കുന്നത് ആരുടെ പ്ലാറ്റഫോമിലാണ്? സണ്ണി എം കപ്പിക്കാടിനെ സ്‌പോണ്‍സര്‍ ചെയുന്നത്, സണ്ണി എം കപ്പിക്കാടിന് പണം നല്‍കുന്നത് കൊടുക്കുന്നത്, സണ്ണി എം കപ്പിക്കാടിനു വേദികൊടുക്കുന്നത് ഒക്കെ ജമാഅത്തെ ഇസ്‌ലാമിയെപോലുള്ള തീവ്രവാദ സംഘടനകളാണ്. യഥാര്‍ത്ഥത്തില്‍ ജമാത്തെ ഇസല്മിയുടെ, ഇസ്‌ലാമിക തീവ്രവാദ സംഘടനകളുടെ പ്ലാറ്റഫോമില്‍ നിന്നുകൊണ്ട് ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയുന്ന ഇയാള്‍ യഥാര്‍ത്ഥത്തില്‍ ദലിത് സമൂഹത്തിന്റെ മറവില്‍, അംബേദ്കറിസത്തിന്റെ മറവില്‍ ആ സമൂഹത്തെ ഇസ്‌ലാമിക ജിഹാദികള്‍ക്ക് കൂട്ടികൊടുക്കുകയാണ്. തീവ്രവാദികളുടെ കൂട്ടിക്കൊടുപ്പുകാരനാണ് ഈ പറയുന്ന സണ്ണി എം കപ്പിക്കാട് (31 ആഗസ്റ്റ്, തീവ്രവാദികളുടെ കൂട്ടിക്കൊടുപ്പുകാരനാണ് സണ്ണി എം കപ്പിക്കാട്. കപ്പിക്കാടിനെ സ്‌പോന്‍സര്‍ ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമി: ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ ആര്‍.വി ബാബു. ജാഗ്രത ലൈവ് ഫേസ്ബുക് പേജ്).
33. ഫ്രഷ്‌കട്ട് സമരം: കേസുകള്‍ അവസാനിപ്പിക്കുന്നു
ധാരാളം മുസ് ലിം വിരുദ്ധ ആഖ്യാനങ്ങള്‍ രൂപപ്പെട്ട സംഭവമായിരുന്നു താമരശേരി അമ്പായത്തോടില്‍ പ്രവര്‍ത്തിക്കുന്ന ‘ഫ്രഷ്‌കട്ട് കോഴി അറവു മാലിന്യ സംസ്്കരണ കേന്ദ്രത്തിനെതിരേ നടന്ന ഫ്രഷ് കട്ട് സമരം. സമരത്തിനൊടുവില്‍ 2027 മാര്‍ച്ച് 31നകം പ്ലാന്റ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി പ്ലാന്റ് സ്ഥാപിക്കാനും ധാരണയായി. കൂട്ടത്തില്‍ അതുസംബന്ധിച്ച കേസുകള്‍ റദ്ദാക്കാനും തീരുമാനമായി (27 ആഗസ്റ്റ്, ഫ്രഷ്‌കട്ട് അടച്ചുപൂട്ടും കേസുകള്‍ റദ്ദാക്കാനും ധാരണയായി, വീക്ഷണം).
34. മുസ്‌ലിം സമുദായക്കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടി നാട്ടിലെത്തിയാല്‍ ദുരഭിമാനക്കൊലക്ക് ഇരയാവാന്‍ സാധ്യത
കുംഭമേള വൈറല്‍ താരം പെണ്‍കുട്ടിയെ മധ്യപ്രദേശിലുള്ള മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. പെണ്‍കുട്ടി ഇപ്പോള്‍ കഴിയുന്ന കൊച്ചി നഗരപരിധിയില്‍ നിന്ന് പുറത്തേക്ക് മാറ്റാന്‍ അനുവദിക്കരുത്. പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും മുസ്‌ലിം സമുദായക്കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടി നാട്ടിലെത്തിയാല്‍ ദുരഭിമാനക്കൊലക്ക് ഇരയാവാന്‍ സാധ്യതയുണ്ടെന്നുമുള്ള ഹര്‍ജിക്കാരിയുടെ അഭിഭാഷകയുടെ വാദത്തില്‍ പ്രഥമദൃഷ്ടി കഴമ്പുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ദേശീയ കമ്മീഷന് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ല. കോടതിയുടെ പരിഗണനയുള്ള കേസില്‍ എസ്എച്ച്ഒ നേരിട്ട് കത്തെഴുതിയ നടപടിയും കോടതി വിമര്‍ശിച്ചു (29 ആഗസ്റ്റ്, കുംഭമേള പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം തുടരണം ഹൈക്കോടതി വിധി, ദീപിക).
തയ്യാറാക്കിയത് : റെൻസൻ വി.എം, മർവ അബ്ബാസ്, അബ്ദുൽ ബാസിത് പി.കെ,
എ.എസ് അജിത് കുമാർ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, ഹുദ അസ്‌ലം, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് തശ്‌റീഫ്, റിദ ഫാത്തിമ, മുഹമ്മദ് മുസ്തഫ കെ.പി, മിശ്അൽ അബ്ദുൽ റഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, കമാൽ വേങ്ങര, എം.കെ അൻസാർ, മുഹ്സിൻ ആറ്റാശ്ശേരി, റുബായിഷ് ഉസ്മാൻ, റീഹ ഇ ജെ, ശബരി എസ്, ഹുദ ആയിഷ, മുഹ്സിൻ വദൂദ്, മുർഷിദ് പി, നജാഹ് അഹമ്മദ്.

