ഇസ്‌ലാമോഫോബിയ റിപ്പോർട്ട്: ജൂൺ 2026 – 89 സംഭവങ്ങൾ, 26 വിദ്വേഷ പ്രസ്താവനകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വിദ്വേഷ പ്രസ്താവനകൾ 

1. “പാരിസ് ആണ് കത്തുന്നത്. ‘ഇസ്‌ലാമിക തീവ്രവാദ’ ശക്തികളാണ് കലാപത്തിന് പിന്നിലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍. നമ്മുടെ പത്രങ്ങള്‍ അത് പറയില്ല… അടിച്ചൊതുക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ശ്രദ്ധിക്കേണ്ടത്, ഒരിടത്തല്ല അനവധി നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇത് അരങ്ങേറി എന്നതാണ്…. ആസൂത്രണം വ്യക്തം.” (01 ജൂണ്‍, ഫേസ്ബുക്ക്/ കെ.വി.എസ്. ഹരിദാസ്) 

2. “ഏതെങ്കിലും ഒരു കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് ഈ സമയം വരെ വിധിക്കാത്തിടത്തോളം നിയമവ്യവസ്ഥയില്‍ അയാള്‍ കുറ്റക്കാരനല്ല. ഇസ്‌ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആലപ്പുഴ കളക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്‌ലിം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നു. മാധ്യമ രംഗത്ത് ജമാഅത്തെ ഇസ്‌ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ഒരുവശത്ത് ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിക് കാപ്പനെ സര്‍വ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുകയും മറുവശത്ത് ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്ന് പറയാതെ വയ്യ.” (05 ജൂണ്‍, ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി സ്വാധീനം; ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ്; വിവാദ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി, മറുനാടന്‍ മലയാളി) 

3. “മതരാഷ്ട്രവാദത്തിന്റെ ഭീകരമുഖം മറച്ചുവെക്കാന്‍ ഈദ് സോഷ്യല്‍ ചടങ്ങുമായി ജമാഅത്തെ ഇസ്‌ലാമി. പ്രധാനക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും അരയ സമാജം ഭാരവാഹികളെയുമാണ് കോഴിക്കോട്ടെ പരിപാടിയിലേക്ക് ക്ഷണിച്ചത്… ക്ഷണം തള്ളിയ അരയ സമാജം, വിദ്വേഷ പ്രചരണവും മതരാഷ്ട്രവാദവും കൈമുതലക്കിയ സംഘടനയ്ക്ക് എന്ത് സൗഹൃദമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ചോദിച്ചു. മാറാട് ഹിന്ദു കൂട്ടക്കൊല നടന്ന സമയത്ത് ഭീകരവാദികളെ സംരക്ഷിക്കാനും വെള്ളപൂശാനും മുന്നില്‍ നിന്ന് സംഘടന സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണെന്ന് ബിജെപി… ജമാഅത്തെ ഇസ്‌ലാമിയുടെ യഥാര്‍ത്ഥ മുഖം മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഹിന്ദു ഐക്യവേദി… പൊയ്മുഖം അണിഞ്ഞ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞു കയറാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.” (09 ജൂണ്‍, പൊയ്മുഖം അണിഞ്ഞ് നുഴഞ്ഞുകയറാന്‍ ശ്രമം! ഈദ് സോഷ്യല്‍ ചടങ്ങുമായി ജമാഅത്തെ ഇസ്‌ലാമി; മതഭീകരരുടെ ക്ഷണം നിരസിച്ച് അരയ സമാജം, ജനം ടിവി).

4. “നിങ്ങളുടെ പ്രിയപെട്ടവടെ രക്തം പുരണ്ട മാറാട് കടലോരത്തെ മണല്‍ത്തരികള്‍ക്കുപോലും പൊളിറ്റിക്കല്‍ ഇസ്‌ലാമിനോട് പൊറുക്കാന്‍ കഴിയില്ല പിന്നല്ലേ അരയ സമാജത്തിന്. ആട്ടിന്‍ തോലണിയാന്‍ നോക്കണ്ട എന്നുതന്നെയാണ് ജമായത്തുകാരോട് പറയാനുള്ളത്.” (09 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

5. “ഈ സംഘടനയുടെ ഗുരുക്കന്‍ന്മരുടെ സ്ഥാനത്തുള്ളവരുടെ ചിത്രങ്ങള്‍ പോസ്റ്ററിന് മുകളില്‍ ഉണ്ട്. ഇവര്‍ മൂന്നു പേരും ലോകത്തിലെ ഇസ്‌ലാമിക രാജ്യങ്ങളില്‍ പോലും വിലക്കുള്ള നൊട്ടോറിയസായ തീവ്രവാദികളാണ്. ഒരാള്‍ ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയാണ്… ഒരു മുസ്‌ലിം ജീവിക്കേണ്ടത്, ഇസ്‌ലാമിന് കീഴിലുള്ള ഖലീഫയുടെ കീഴിലോ ഗവര്‍ണ്ണറുടെ കീഴിലോ മത ഉദ്യോഗസ്ഥന്റെ കീഴിലോ ആണ് എന്നയാള്‍ ഖുറാനും, ഹദീസും വച്ച് വാദിച്ചു. അങ്ങനെ അല്ലാത്ത ഇടങ്ങളില്‍ ജിഹാദ് ചെയ്ത് മത രാഷ്ട്രം സ്ഥാപിക്കലാണ് ഓരോ മുസ്‌ലിമിന്റേയും യഥാര്‍ഥ ജീവിതം എന്നതാണ് അയാളുടെ ആശയം… സെയ്ദ് കുത്തുബ്ബ് ആണ് അടുത്ത ഭീകരന്‍… അദ്ദേഹത്തിന്റെ ചിന്തകള്‍ പിന്നീട് അല്‍-ഖൈദ, ഹമാസ് പോലുള്ള സംഘടനകളെ മനുഷ്യക്കൊലകള്‍ക്ക് പ്രേരിപ്പിച്ചു.” (13 ജൂണ്‍, ഫേസ്ബുക്ക്/ നിശാന്ത് പെരുമന).

6. “വിദ്യാര്‍ത്ഥികളില്‍ കടുത്ത മത തീവ്രവാദം കുത്തി വെക്കാനുള്ള ശ്രമമാണെന്നും ഭീകരതെ മഹത്വവല്‍ക്കരിക്കുകയാണെന്നുമായിരുന്നു ജന്മഭൂമിയുടെ വാര്‍ത്ത.” (19 ജൂണ്‍, കൊടും ഭീകരരെ മഹത്വവത്കരിച്ച് എസ്ഐഒ, ജന്മഭൂമി) 

7. “ചില സോഷ്യല്‍ മീഡിയ ജിഹാദികളുടെ പുതിയ കണ്ടെത്തല്‍ പ്രകാരം ഞാന്‍ മുസ്‌ലിം വിരുദ്ധനും വര്‍ഗീയവാദിയും ആണത്രേ!… അവരുടെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കില്‍ സംഘി. അവരുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്താല്‍ വര്‍ഗീയവാദി. അവരുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ചാല്‍ മുസ്‌ലിം വിരുദ്ധന്‍… ഇതാണ് പുതിയ സോഷ്യല്‍ മീഡിയ സര്‍ട്ടിഫിക്കറ്റ് വിതരണം.” (05 ജൂണ്‍, നുമ്മ നിങ്ങളില്‍ ഒരാള് കോയ, ഫേസ്ബുക്ക്/ ആകാശ് തഴയശ്ശേരില്‍) 

8. “ജിമ്മിന് പിന്നിലെ ഫണ്ടിംഗ്, ഉടമസ്ഥാവകാശം, പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുക, സംഘാടകര്‍ക്കെതിരെ കേസെടുക്കുക, ഇത്തരം വേര്‍തിരിവ് കാണിക്കുന്ന രീതികള്‍ നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളാണ് ബിജെപി നല്‍കിയ പരാതിയിലുള്ളത്. ഫിറ്റ്‌നസ് നിയമങ്ങളുടെ മറവില്‍ മതപരമായ കല്‍പനകളെ അടിസ്ഥാനമാക്കി കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ സ്ഥാപനം നടപ്പിലാക്കുന്നത്. കൃത്യമായ സമയക്രമങ്ങളോടെയുള്ള കര്‍ശനമായ സ്ത്രീ-പുരുഷ വേര്‍തിരിവ്, ജിമ്മിനുള്ളില്‍ സംഗീതം പൂര്‍ണമായും നിരോധിക്കല്‍, കര്‍ശനമായ മതപരമായ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കല്‍, സൗഹൃദപരമായ സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തല്‍ എന്നിവയാണ് ജിമ്മിലെ നിയമങ്ങള്‍. പൊതു വാണിജ്യ സ്ഥാപനങ്ങളില്‍ ഇത്തരം വേര്‍തിരിവുകള്‍ കൊണ്ടുവരുന്നത് വര്‍ഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകര്‍ച്ചയ്ക്കും കാരണമാകുമെന്നും  പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയിലുണ്ട്.” (5 ജൂണ്‍, ‘ഫണ്ടിംഗ് അന്വേഷിക്കണം’ പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി, ന്യൂസ്18 മലയാളം).

ന്യൂസ്18 മലയാളം നൽകിയ വാർത്ത

9.  “ഇതാണ് ഞങ്ങള്‍ടെ മതേതര മലപ്പുറം വടശേരി ദാമോദരമേനോന്‍ സതീശന്‍ ഭരിക്കുന്ന കേരളം അല്‍ : ഖേറളമായി മാറുന്ന മനോഹര കാഴ്ച പ്രധാന ഭാഷ അറബിയും ഉപഭാഷയായി മലയാളവും സ്ഥലത്തെ പ്രധാന സര്‍ക്കാര്‍ എല്‍പി സ്‌കൂളാണ് നാളെകളില്‍ ചാത്തമംഗലം ആര്‍ഇസി സ്‌കൂള്‍ പോലെ പച്ച പെയിന്റ് അടിച്ച് മതപരിവര്‍ത്തനം നടത്തി ല്ലെന്നാര് കണ്ടു…. പൊളിറ്റിക്കല്‍ ഇസ്ലാം വിഴുങ്ങുന്ന മതേതര ഖേറളത്തിന് ആശംസകള്‍.” (3 ജൂണ്‍, *മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനോല്‍സവത്തിന് അറബി എഴുത്തുള്ള ബാനര്‍..? പ്രചരണത്തിന്റെ സത്യമിങ്ങനെ…*, വാസുകി എസ്, ഫാക്ട് ക്രെസെന്റോ).

10. “മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ട് കുത്തി സതീശന്‍.” (19 ജൂണ്‍, മലപ്പുറത്ത് പുതിയ ജില്ല: പഠിക്കാന്‍ സമിതിയെ നിയോഗിക്കും എന്ന് സതീശന്‍ സര്‍ക്കാര്‍, ജനം ടിവി ന്യൂസ് കാര്‍ഡ്).

11. “മലപ്പുറം കേന്ദ്രഭരണ പ്രദേശമാക്കണം.” (20  ജൂണ്‍, മലപ്പുറം കേന്ദ്രഭരണ പ്രദേശമാക്കണം: വി എച്ച് പി, ന്യൂസ് 18).

12. മാധവിക്കുട്ടിയുടെ (കമല സുരയ്യ) മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജമാഅത്തെ ഇസ്‌ലാമി നേതാവും സാഹിത്യകാരനുമായ റിയാലുവാണെന്നും അബ്ദുള്‍ സമദ് സമദാനി ഇതിലൊരു ഇടനിലക്കാരന്‍ മാത്രമായിരുന്നുവെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. താന്‍ മൂലം മതം മാറിയിട്ടുള്ള എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊടുത്തിട്ടുണ്ടെന്നും റിയാലു പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടി മരിച്ചുകഴിഞ്ഞാല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്ന് റിയാലു വ്യവസ്ഥ വെച്ചിരുന്നു. മാധവിക്കുട്ടിയുടെ മകന്‍ തന്നെ ഖബറടക്കത്തിന് നേതൃത്വം നല്‍കി. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് അബ്ദുള്‍ സമദ് സമദാനിയാണ് (17 ജൂണ്‍, മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്‌ലാമിയുടെ റിയാലുവാണെന്ന് വെളിപ്പെടുത്തി ഡോ.കെ.എസ് രാധാകൃഷ്ണന്‍, ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ്).

13. പശ്ചിമേഷ്യന്‍ രാജ്യത്തെ ആദ്യ ജമാഅത്തെ ഇസ്‌ലാമി മുഖ്യമന്ത്രിയാണ് വി.ഡി സതീശനെന്ന് ജനം ടിവി പോസ്റ്റര്‍: പശ്ചിമേഷ്യയിലെത്തന്നെ ആദ്യ ജമാഅത്തെ ഇസ്‌ലാമി മുഖ്യമന്ത്രിയാണ് വി.ഡി സതീശനെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്, കേരളത്തില്‍ മൗദൂദി ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് മുന്നണി ജമാഅത്തെ ഇസ്‌ലാമി പിന്തുണയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതായിരുന്നു പ്രകോപനം (15 ജൂണ്‍, പശ്ചിമേഷ്യന്‍ രാജ്യത്തെ ആദ്യ ജമാഅത്തെ ഇസ്‌ലാമി മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍ ; കേരളത്തില്‍ നടക്കുന്നത് മൗദൂദി ഭരണമെന്ന് പി.കെ കൃഷ്ണദാസ്, ജനം ടിവി പോസ്റ്റര്‍).

14. ഒരു സംശയം,  ജിഹാദികള്‍ ഒരേ പണി രണ്ട് കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പരസ്പരം അറിയിക്കാതെ ഒപ്പം  കൊടുത്തതായിരിക്കുമോ രണ്ടാളുടേയും നോവലിന്റെ തീം ഒന്നാകാന്‍ കാരണം? ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ തങ്ങളുടെ കാമുകന്മാരെ തിരക്കി, അന്താരാഷ്ട്ര അതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട്  നടത്തുന്ന യാത്രയുടെ കഥയാണ് ഈ നോവലുകള്‍. അതായത് പ്രണയത്തിനു വേണ്ടി, പ്രണയം കാരണം, പെണ്‍കുട്ടികള്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട്, യുദ്ധബാധിത പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക്, ഞങ്ങള്‍ക്ക് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത ദേശങ്ങളിലേക്ക്, വേണ്ടിവന്നാല്‍ യാത്ര ചെയ്യും.. അതൊരു സാധാരണ സംഭവം മാത്രമാണ് എന്നുള്ള സാമാന്യവല്‍ക്കരണം, ഈ നോവലുകള്‍ ചെയ്യുന്നുണ്ട്. ഐഎസിന്റെ സിറിയയിലേക്ക്! ഐഎസിന്റെ ഇറാക്കിലേക്ക്! താലിബാന്റെ അഫ്ഗാനിസ്ഥാനിലേക്ക് ! ലൗ ജിഹാദിന്റെ ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍  കടത്തപ്പെട്ട അഥവാ പുറപ്പെട്ടുപോയ കേരളത്തില്‍ നിന്നുകൊണ്ട്,  അത്തരം അന്താരാഷ്ട്ര യാത്രകളെ സാമാന്യവല്‍ക്കരിക്കുന്ന രീതിയില്‍ നോവലുകള്‍ എഴുതുന്നത് ദുരുദ്ദേശപരമാണ്.. കേരളത്തില്‍നിന്ന് ലൗ ജിഹാദിന്റെ ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ സിറിയയിലേക്ക് ഇറാക്കിലേക്ക് പോയതിനെ സാമാന്യവല്‍ക്കരിക്കുവാന്‍ വേണ്ടി എഴുതപ്പെട്ടതാണോ ഈ രണ്ട് നോവലുകളും എന്ന കാര്യമാണ് പരിശോധിക്കപ്പെടേണ്ടത്..? പ്രത്യേകിച്ച് അതില്‍ കെ.ആര്‍ മീരയുടെ ചുവപ്പിന് പച്ചനിറം കൂടുതലാകുന്ന സാഹചര്യത്തില്‍…! വിലക്കെടുക്കപ്പെട്ട നാവുകളും തൂലികകളുമാണല്ലോ ഇവിടുത്തെ മതേതരത്വ’ത്തിന്റെ ഊന്നുവടകള്‍ (7 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

15. ജന്മഭൂമി ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ എഴുതിയത്. എഡിറ്റോറിയലില്‍ നിന്ന്: അതിഥി തൊഴിലാളി എന്ന വ്യാജേന പത്തനംതിട്ട ജില്ലയില്‍ അഞ്ച് വര്‍ഷത്തോളമായി ജ്വല്ലറി പണികളില്‍ ഏര്‍പ്പെട്ടിരുന്ന ജുവല്‍ കിങ് എന്ന ബംഗാളി യുവാവ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന് തിരിച്ചറിഞ്ഞ സംഭവം കേരളം നേരിടുന്ന വലിയ സുരക്ഷാ ഭീഷണിയാണ് വ്യക്തമാക്കുന്നത്. ബംഗാളില്‍ അധികാരമേറ്റ പുതിയ ബി.ജെ.പി സര്‍ക്കാര്‍ അനധികൃത ബംഗ്ലാദേശികളെ തിരിച്ചുയക്കുന്നതിനിടെയാണ് ഇയാള്‍ ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ പ്രൊഫൈലില്‍ എ.കെ 47 തോക്കേന്തി ‘ഐ ലവ് ബംഗ്ലാദേശ്’ എന്ന് ആക്രോശിക്കുന്ന ചിത്രങ്ങളും, പാര്‍ലമെന്റും പാര്‍ലമെന്റ് പരിസരവും പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. താന്‍ ബംഗാള്‍ സ്വദേശിയാണെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടും ജിഹാദി ശക്തികളെ പ്രീതിപ്പെടുത്താനും വേണ്ടി അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ ആര്‍ക്കും കേരളത്തില്‍ വരാവുന്ന സ്ഥിതിയുണ്ടാക്കി. യു.ഡി.എഫ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമാണ്. കേരളം കടുത്ത ജാഗ്രത പാലിക്കണം. കേന്ദ്ര ഏജന്‍സികളുടെ ശക്തമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണം (13 ജൂണ്‍, അതിഥി ഭീകരരെ കരുതിയിരിക്കണം, ജന്മഭൂമി).

16. മതം മാറാന്‍ ഒരു പ്രമുഖനടിക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് സംവിധായകന്‍ വിജി തമ്പി. മുന്‍പ് പറഞ്ഞതുതന്നെയാണ് വിജി തമ്പി ആവര്‍ത്തിച്ചത്. കമല സുരയ്യക്ക് അന്നത്തെ കാലത്ത് മതം മാറിയതിന് 20 കോടി ലഭിച്ചിരുന്നുവെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞു. നടിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ‘കൃത്യമായ പേരും ഇടപാടുകളും മനസിലാക്കി തന്നെയാണ് പറയുന്നത്. ആ വ്യക്തിയെ എനിക്കറിയാം, അവര്‍ക്കും എന്നെ അറിയാം. അതിനാല്‍ പേര് പുറത്തുപറയുന്നില്ല,’ (9 ജൂണ്‍,, ദര്‍ശന ടിവി ഫേസ്ബുക്ക്, മൂവി വേള്‍ഡ്).

17.  ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഹിന്ദു പ്രൊട്ടക്ഷന്‍ ഫോറം അത് ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണെന്ന് ആരോപിച്ചു: മുഹമ്മദ് എന്ന ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്നും കാണിച്ചു കൂട്ടിയ പിതൃശൂന്യത ഹിന്ദു സമൂഹം കണ്ണു തുറന്നു കാണുക… മുഹമ്മദ് എന്ന പേര് ചോദ്യ പേപ്പറില്‍ ചേര്‍ത്ത കാരണത്താല്‍ ഒരു പ്രൊഫസറുടെ കൈപ്പത്തി വെട്ടി മാറ്റിയ കേരളത്തിലാണ് ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂര്‍ത്തിയായ ശ്രീകൃഷ്ണനെ പരസ്യമായി ഒരു കോയാ നിന്ദിച്ചത് എന്നത് നിസ്സാരമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ വിഷു ആശംസകളുടെ മറവില്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ മനപ്പൂര്‍വ്വം നിന്ദിച്ച് കലാപം ഉണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയ കേരളത്തിലെ ജിഹാദി കോയമാര്‍ ദൈവ നിന്ദ ഇനിയും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നത് ഗൂഢ ഉദ്ദേശ്യത്തോട് കൂടി തന്നെയാണ് എന്നത് സംശയാതീതമായ കാര്യമാണ്. കൃത്യമായ പ്രതികരണം ഹിന്ദു സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ല എങ്കില്‍ സമീപ ഭാവിയില്‍ ഹിന്ദു സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ ഇവര്‍ ഭീഷണിയായി മാറും… ഹിന്ദു സംഘടനകളുടെ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണ് (9 ജൂണ്‍, ഫേസ്ബുക്ക്/ ഹിന്ദു പ്രൊട്ടക്ഷന്‍ ഫോറം).

18. ഇറാന്‍ ഫാന്‍സ് പെരുകുന്നതില്‍ നിഗൂഢതയുണ്ടെന്ന് ആരോപിച്ച് രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതായി മറുനാടന്‍ മലയാളി: കേരളത്തില്‍ അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളില്‍ ‘ഇറാന്‍ ഫാന്‍സ്’ എന്ന പേരില്‍ വലിയ രീതിയിലുള്ള കൂട്ടായ്മകളും പേജുകളും രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ ഫുട്‌ബോള്‍ ലോകകപ്പ് പോലുള്ള കായിക മാമാങ്കങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഫാന്‍സ് ഉണ്ടാകാറുണ്ടെങ്കിലും, നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇറാന് വേണ്ടി പെട്ടെന്നുണ്ടായ ഈ ജനപ്രീതിക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഭൗമരാഷ്ട്രീയ നിലപാടുകളും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, യുവാക്കളെ ലക്ഷ്യമിട്ട് ഇത്തരം പേജുകളിലൂടെ കൃത്യമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇതിന് പിന്നില്‍ ഏതെങ്കിലും വിദേശ ഏജന്‍സികളുടെ സാമ്പത്തിക സഹായമോ കൃത്യമായ ആസൂത്രണമോ ഉണ്ടോ എന്ന കാര്യത്തിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇത്തരം കൂട്ടായ്മകളുടെ അഡ്മിന്‍മാരെയും അവരുടെ ഡിജിറ്റല്‍ ഇടപാടുകളെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തീരുമാനം (13 ജൂണ്‍, കേരളത്തില്‍ ‘ഇറാന്‍ ഫാന്‍സ്’ പെട്ടെന്ന് പെരുകുന്നതിന് പിന്നില്‍ നിഗൂഢതയോ? അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം, മറുനാടന്‍ മലയാളി).

കേരളത്തില്‍ ‘ഇറാന്‍ ഫാന്‍സ്’ – മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്ത

19. കോഴിക്കോട് കോര്‍പ്പറേഷനും തിരുവനന്തപുരം ‘പാട്ടിന്റെ കൂട്ടുകാരും’ സംയുക്തമായി സ്വാതന്ത്യദിനത്തില്‍ 10,000 ഗായകര്‍ ഒരുമിച്ച് ദേശഭക്തി ഗാനം ആലപിക്കുന്ന ‘കേരളം പാടുന്നു ദേശത്തിനായി’ പരിപാടിയില്‍ വന്ദേമാതരം ആലപിച്ചില്ലെന്ന് ജന്മഭൂമി. ദേശീയഗാനവും സാരേ ജഹാംസേ അച്ഛാ… എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനവുമാണ് പരിപാടിയില്‍ ആലപിച്ചത്. ദേശീയഗീതമായ വന്ദേമാതരം ദേശീയഗാനത്തിന് മുമ്പ് പൂര്‍ണ്ണമായും ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വന്ദേമാതരം ഒഴിവാക്കിയതെന്ന് ജന്മഭൂമി അവകാശപ്പെടുന്നു. തിരുവനന്തപുരം കേന്ദ്രമായുള്ള സംഘടന ഈ പരിപാടി എന്തുകൊണ്ട് കോഴിക്കോട് തന്നെ നടത്തുന്നു എന്നതിലും ദുരൂഹതയുണ്ട്. മതതീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട മെയ് 7 എന്ന സംഘടനയുടെ സഹകരണം സംഘാടകര്‍ തേടിയതിലും ദുരൂഹതയുണ്ട്. വ്യായാമ മുറകള്‍ അഭ്യസിപ്പിക്കുന്നതിന് മലപ്പുറം കൊണ്ടോട്ടി സ്വദേശി പി. സലാബുദ്ദീന്‍ തുടക്കമിട്ട മെയ് 7ന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ തീവ്രവാദി സംഘടനകളാണെന്ന് ആദ്യം ആരോപണമുന്നയിച്ചത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനാണ്. കാന്തപുരം സുന്നി വിഭാഗം നേതാക്കളും ഈ ആരോപണത്തെ ശരിവെച്ചിരുന്നു- എന്നിവയാണ് പ്രധാന ആരോപണങ്ങള്‍ (13 ജൂണ്‍, പതിനായിരം പേരുടെ ദേശഭക്തി ഗാനാാലാപനം: വന്ദേമാതരം ഒഴിവാക്കിയത് വിവാദമാകുന്നു, ജന്മഭൂമി).

20. ജില്ലാ വിഭജനത്തെക്കുറിച്ച് എബിസി മലയാളം: മുസ്‌ലിം ലീഗിന്റെ താല്‍പര്യത്തിന് കോണ്‍ഗ്രസിന് കീഴടങ്ങേണ്ടിവരും. മാപ്പിളസ്ഥാന്‍ വേണമെന്ന ഡിമാന്റ് മുസ്‌ലിം ലീഗ് മുന്നോട്ട് വെച്ചിരുന്നു. മതപരമായ താത്പര്യത്തിന് ജില്ലാ രൂപീകരണം ഉണ്ടാകുന്നത് അപകടകരമാണ് (21 ജൂണ്‍, കേരളത്തില്‍ പുതിയ ജില്ലകള്‍, എബിസി മലയാളം).

21. ശശികലടീച്ചര്‍: മേനോന്‍ ചേട്ടാ ഇപ്പോ പറയണോ, ചായ കുടിച്ചു കഴിഞ്ഞിട്ട് മതിയോ? മുസ്‌ലിം ലിഗിന്റെ കൂടെ പൊറുത്ത്, ജമാഅത്തെ ഇസ്‌ലാമിയുടെ അലക്കുകാരനായി അവര്‍ അവര്‍ക്കു വേണ്ടി അവരാല്‍ മുഖ്യമന്ത്രിക്കസേരയില്‍ കയറ്റിവെച്ച പാവമാത്രമാണെങ്കിലും വല്യക്ഷരം ഒട്ടും കുറയ്ക്കണ്ട (14 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

22. ജനം ടിവി  പോസ്റ്ററില്‍ ഖല്‍ബിലാണ് മലപ്പുറം എന്ന് എഴുതിയിരിക്കുന്നു. മലപ്പുറം ജില്ലയിലെ പദ്ധതികളുടെ പട്ടികകളും നല്‍കിയിട്ടുണ്ട്. കോഹിനൂര്‍ മുതല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് വരെ എലവേറ്റഡ് ഹൈവേക്ക് സാധ്യതാ പഠനം.  മലപ്പുറം താലൂക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ജനറല്‍ ആശുപത്രിയാക്കും മലപ്പുറത്തു കാന്‍സര്‍ സെന്റര്‍ നിലമ്പൂര്‍ ഗവ. കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു കോടി. പുതിയ ജില്ലാ രൂപീകരിക്കും.പോസ്റ്ററിന്റെ പശ്ചാത്തലം:  മുഖ്യമന്ത്രിയുടെ  പടത്തിനു പുറമെ സാദിഖ് അലി തങ്ങള്‍ മുഖ്യമന്ത്രിയുടെ കൈ പിടിച്ചുയര്‍ത്തുന്ന പടവും  മലപ്പുറം ബോര്‍ഡും (19 ജൂണ്‍, ഫേസ്ബുക്ക്/ ജനം ടിവി)

23. ജന്മഭൂമിയില്‍ സജിത് പരമേശ്വരന്‍ ഒരു ലേഖനം എഴുതി, ‘കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍’ എന്ന പേരില്‍. കേരളം ഭീകരരുടെ കേന്ദ്രമായെന്നാണ് ലേഖനം വാദിച്ചത്: ഭാരതത്തിന്റെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2019-ല്‍ കൊച്ചി കപ്പല്‍ശാലയില്‍ ഡാറ്റാ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2023-ല്‍ കപ്പല്‍ ശാലയില്‍ ഒരു ചാരപ്രവര്‍ത്തനവും നടന്നിരുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദത്തിന്റെയും ഭീകര സാന്നിധ്യത്തിന്റേയും സൂചനയാണ്. അതിലുള്‍പ്പെട്ട പ്രതി പോപുലര്‍ ഫ്രണ്ടുകാരനായിരുന്നു. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ കപ്പലിന്റെ മര്‍മ്മ പ്രധാന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പാക് ചാരവനിതയ്ക്ക് ഇയാള്‍ കൈമാറിയെന്നും പറയുന്നുണ്ട്. അനധികൃതമായി കുടിയേറിയ അഫ്ഗാന്‍ പൗരന്‍ ഈദ് ഗുല്‍, ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണത്തിനിടെ കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്തത് ഒന്നര വര്‍ഷത്തോളമാണ്. ഇതര സംസ്ഥാന തൊഴിലാളികളിലെ അന്യരാജ്യക്കാരെ കണ്ടെത്താന്‍ ലേബര്‍ ക്യാമ്പുകളില്‍ നിരീക്ഷണം ശക്തമാക്കണം. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ആധാര്‍ അടക്കമുള്ളവയുടെ സാധുത ഉറപ്പാക്കണം. ഭാഷ, രൂപം, നിറം എന്നിവ അന്യരാജ്യക്കാരെ തിരിച്ചറിയാന്‍ സഹായകമാണ്. ലേബര്‍ കരാറുകാരെയും നിരീക്ഷിക്കണം. അന്യദേശ തൊഴിലാളികളെ നിരീക്ഷിക്കാന്‍ നാട്ടുകാര്‍ക്കും കഴിയും. തൊഴിലാളികളില്‍ അന്യരാജ്യക്കാര്‍ ഉണ്ടെന്നു സംശയം തോന്നിയാല്‍ പൊലീസിന് ഉടന്‍ വിവരം കൈമാറണം (26 ജൂണ്‍,  കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍, സജിത് പരമേശ്വരന്‍, ജന്മഭൂമി).

24. മൗലവി ഭക്ഷണത്തില്‍ തുപ്പുന്നുവെന്ന് അവകാശപ്പെട്ട് കെ സുരേന്ദ്രന്‍ പങ്കുവച്ച് വീഡിയോയെ കുറിച്ച് ടി ജി മോഹന്‍ദാസ്: തുപ്പുന്ന ജോലി ചെയ്യുന്ന ആളെ എനിക്കറിയാം. 6 ഹോട്ടലില്‍ ഒരു ദിവസം തുപ്പണം. ഹലാല്‍ ഭക്ഷണം കൊടുക്കുമ്പോള്‍ തുപ്പല്‍ നിര്‍ബന്ധമാണ്. 16 വര്‍ഷം തുപ്പല്‍ ജോലി ചെയ്തു (21 ജൂണ്‍, ഹിന്ദുക്കളെ മുസ്‌ലിംങ്ങള്‍ ആക്കി മാറ്റി കൊണ്ടിരിക്കുകയാണ്; തുറന്നടിച്ച് ടി.ജി മോഹന്‍ദാസ്, മില്ലനിയം യുട്യൂബ് ചാനല്‍)

25. “എക്‌സ് മുസ്‌ലിം എന്ന നിലക്ക് നിങ്ങള്‍ രക്ഷപ്പെടുക പഹല്‍ഗാമില്‍ മാത്രം ആണ്..! കാരണം കലിമയും അറിയാം. അറ്റവും ഇല്ല?? അല്ലാത്തിടത്ത് ഒക്കെ ജിഹാദികളാണ്..!” (22 ജൂണ്‍, ഫേസ്ബുക്ക്/ ആരിഫ് ഹുസൈന്‍ തെരുവത്ത്)

26. “യമനില്‍ നിന്നും അഭയാര്‍ത്ഥികളായി മലബാറില്‍ എത്തിയവരാണ് പാണക്കാട് തങ്ങള്‍മാരുടെ പൂര്‍വ്വികര്‍. ക്രമേണ ഇവര്‍ മലപ്പുറം പാണക്കാട്ടേക്ക് താമസം മാറ്റി. ഷിഹാബുദീന്റെ പൂര്‍വ്വികര്‍ മദീനയില്‍ നിന്നും പത്താം നൂറ്റാണ്ടില്‍ യമനിലേക്ക് കുടിയേറി പാര്‍ത്തവരാണ്. മദീനയില്‍ എത്തുന്നതിനു മുന്‍പ് ഇറാഖിലെ ബസറയിലായിരുന്നു വാസം. അവിടെ ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പീഡനം സഹിക്കവയ്യാതെയാണ് യമനിലെത്തിയത്. ഖുറാമതിയന്‍ തീവ്രവാദികള്‍ 930 ല്‍ മെക്ക ആക്രമിച്ചു. തീര്‍ത്ഥാടക വേഷത്തില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു വെച്ചാണ് അവര്‍ പള്ളിയില്‍ കയറിയത്. മുപ്പതിനായിരം ഹജ് തീര്‍ത്ഥാടകരെ അവര്‍ കൊന്നു. മൃതശരീരങ്ങള്‍ ചിതറിക്കിടന്നു ചീഞ്ഞു നാറി. കുറെ മൃതശരീരങ്ങള്‍ സംസം കിണറില്‍ എറിഞ്ഞു. 1921 ലെ മലബാര്‍ കലാപത്തില്‍ ഹിന്ദുക്കളുടെ ശവശരീരം തുവൂര്‍ കിണറില്‍ എറിഞ്ഞത് ഒരു പക്ഷേ, ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതു കൊണ്ടുമാകാം. പാണക്കാട് തങ്ങള്‍മാര്‍ മുസ്‌ലിംലീഗിലെ ആള്‍ ദൈവങ്ങളാണ്. ആള്‍ ദൈവം എന്ന് പറഞ്ഞ് ഹിന്ദുക്കളെ അവഹേളിക്കാനിറങ്ങുന്ന ലീഗ് നേതാക്കള്‍ ഇക്കാര്യം മറന്നു പോകരുത്. മറവി രോഗം ബാധിക്കാവുന്ന തീവ്ര മുസ്‌ലിം നേതാക്കളെ തങ്ങള്‍മാര്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത് നന്നായിരിക്കും” (22 ജൂണ്‍, ഫേസ്ബുക്ക്/ ഡോ. കെ.എസ് രാധാകൃഷ്ണന്‍).

1. ജിഹാദി അന്‍സിബ

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍നിന്ന് നടി അന്‍സിബ ഹസന്‍ രാജിവച്ച സംഭവത്തിന്റെ ചര്ച്ചകൾ മെയ് 12 നാണ് തുടങ്ങിയത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ ജൂൺ മാസവും തുടരുന്നു. 

1.1. പരാതിയുമായി പൊലീസിൽ

തൃപ്പൂണിത്തറ ഹില്‍ പാലസ് പൊലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അന്‍സിബ ഹസന്‍ തൃക്കാക്കര എസിപി ഓഫീസിലെത്തി പരാതി നല്‍കി (01 ജൂണ്‍, നടി അന്‍സിബ എസിപിക്ക് മൊഴി നല്‍കി, ജന്മഭൂമി). 

തൃപ്പൂണിത്തുറ ഹില്‍ പാലസ് എസ്‌ഐ രേഷ്മ തന്നെ പൊലീസ് സ്റ്റേഷനില്‍ വെച്ച് അപമാനിച്ചുവെന്നാണ് പരാതിയിലുള്ളത്. നടി ലക്ഷ്മി പ്രിയക്കെതിരെ അന്‍സിബ അയച്ച വാട്‌സാപ്പ് സന്ദേശം ലക്ഷ്മി പ്രിയയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് കാണിച്ച് തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ആ പരാതിയില്‍ അന്‍സിബയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ തനിക്ക് വലിയ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നുവെന്നാണ് അന്‍സിബ പറയുന്നത് (01 ജൂണ്‍, അന്‍സിബയുടെ പരാതി; ഇന്ന് നടി ലക്ഷ്മിപ്രിയയുടെ മൊഴിയെടുക്കും, മംഗളം). 

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മറ്റൊന്നും കിട്ടാതിരുന്നപ്പോള്‍ തന്റെ പേര് അന്‍സിബ ഹസന്‍ എന്നായതുകൊണ്ട് അത് ഉപയോഗിക്കാമെന്ന് ടിനി ടോം കരുതിയെന്ന് മൊഴി നല്‍കാനെത്തിയ ശേഷം അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ടിനി ടോം സാമൂഹിക വിപത്ത്. പരാതിയുമായി മുന്നോട്ട് പോകും. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തന്നെ ജിഹാദിയെന്ന് മുദ്ര കുത്തി. അന്‍സിബ ഹസന്‍ എന്ന പേരിനെ വര്‍ഗീയമായി ഉപയോഗിക്കാമെന്ന് കരുതി. കേരളത്തിലായത് കൊണ്ട് ജനങ്ങള്‍ക്ക് കാര്യം മനസ്സിലായി (01 ജൂണ്‍, ലക്ഷ്മിപ്രിയക്കും വനിതാ എസ് ഐക്കുമെതിരെ മൊഴി നല്‍കി അന്‍സിബ ഹസന്‍, സിറാജ്; 01 ജൂണ്‍, അന്‍സിബയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു, കേരള കൗമുദി) 

സംഭവം നടന്ന സ്ഥലം കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ പരാതി പിന്നീട് കടവന്ത്ര പൊലീസിന് കൈമാറി. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ജൂണ്‍ 9ാം തിയ്യതി മൊഴി നല്‍കാന്‍ നിര്‍ദേശിച്ചു. നേരത്തെ ടിനി ടോമിനെതിരെ ‘അമ്മ’ സംഘടനയില്‍ പല തവണ പരാതി നല്‍കി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ആരും കേള്‍ക്കാന്‍ തയാറിയില്ലെന്ന് അന്‍സിബ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെയാണ് പരാതി കേള്‍ക്കാന്‍ തയാറായത്. എന്നാല്‍ ആദ്യം പരാതി കേള്‍ക്കാന്‍ വിസമ്മതിച്ച ‘അമ്മ’യുടെ അതേ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ പരാതി നല്‍കാനില്ലെന്ന് വ്യക്തമാക്കിയാണ് അന്‍സിബ പൊലീസിനെ സമീപിച്ചത് (9 ജൂണ്‍, ടിനി ടോമിനെതിരായ പരാതി: അന്‍സിബയുടെ മൊഴി ഇന്നെടുക്കും, മാധ്യമം)

1.2. അന്‍സിബയുടേത് വിക്റ്റിങ് കാര്‍ഡ്

ടിനി ടോമിനെ സിനിമയില്‍നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നായിരുന്നു മറുനാടന്‍ മലയാളിയുടെ ആരോപണം:  …പ്രധാന സ്‌പോണ്‍സറായ ‘മൈജി’ നിലനില്‍ക്കെ ‘ഓക്‌സിജന്‍’ സ്‌പോണ്‍സര്‍ഷിപ്പ് കൊണ്ടുവന്നതിലും ഹിയറിങ് എയ്ഡ് വിതരണത്തിലും ടിനി ടോം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ തര്‍ക്കങ്ങള്‍ക്കിടയിലാണ് അന്‍സിബയുമായി ബന്ധപ്പെടുത്തി ‘ഡിഎന്‍എ ശരിയല്ല’ എന്ന പരാമര്‍ശം ടിനി നടത്തിയത്… കുക്കു പരമേശ്വരനുമായി ചേര്‍ന്ന് നടത്തിയ തിരുവനന്തപുരം യാത്രയ്ക്ക് ശേഷമാണ് അന്‍സിബയുടെ നിലപാടുകളില്‍ മാറ്റമുണ്ടായത്… കുക്കു പരമേശ്വരന്‍ ഇടതുപക്ഷ അനുഭാവിയാണ്. ഇടതുപക്ഷത്തിന് വീണ്ടും തുടര്‍ഭരണമുണ്ടാകുമെന്ന രാഷ്ട്രീയ വിലയിരുത്തലുകളും, കോണ്‍ഗ്രസ് അനുഭാവിയായ ടിനി ടോമിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ഇതിലൂടെ ശക്തിപകര്‍ന്നു… ടിനി ടോം അന്‍സിബ ഹസനെ ‘ജിഹാദി’ എന്ന് വിളിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങള്‍ മനപ്പൂര്‍വ്വം ചിലര്‍ വിക്ടിം കാര്‍ഡിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തതാണ് എന്ന് തന്നെയാണ് സ്ഥിരീകരിക്കാന്‍ കഴിയുന്നത്. ഡി എന്‍ എ ശരിയല്ല എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, ജിഹാദി എന്നതും മതം കലര്‍ന്നുള്ള ആരോപണമൊക്കെ ഇത് നിറം പിടിപ്പിക്കാന്‍ വേണ്ടി ചിലര്‍ ഒപ്പിച്ച പണിയാണെന്നാണ് സൂചന (01 ജൂണ്‍, ടിനി ടോമിനെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വന്‍ ഗൂഢാലോചന?; എല്ലാം കൃപാസനം മാതാവിന് സമര്‍പ്പിച്ചു, ഭാര്യയും മക്കളുമുള്ള കുടുംബമുണ്ട്, ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ടിനി; നടിമാര്‍ മൂന്ന് തട്ടില്‍; പക്ഷം പിടിക്കാതെ ശ്വേത; ഈഗോയും രാഷ്ട്രീയവും ചേര്‍ന്നപ്പോള്‍ ‘അമ്മ’യില്‍ ചേരിപ്പോര്, മറുനാടന്‍ മലയാളി)

1.3. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും

ടിനി ടോമിനെതിരായ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍: ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ‘ഡബിള്‍ ഡാഡി സിന്‍ഡ്രോം’ എന്ന് ടിനി ടോം എഴുതി അയച്ച സന്ദേശമുണ്ട്. ഇത് അണ്‍പാര്‍ലമെന്ററി വാക്കാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, പാര്‍ലമെന്റില്‍ പോലും ഉപയോഗിക്കുന്ന വാക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡബിള്‍ ഡാഡി സിന്‍ഡ്രോമിന് എനിക്കറിയുന്ന അര്‍ത്ഥം ഒന്നുമാത്രമേയുള്ളൂ. സര്‍ക്കാര്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് വിശ്വാസം. ടിനി ടോമിനെതിരായ പരാതി ഒരു കാരണവശാലും പിന്‍വലിക്കില്ല. മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍സിബ (10 ജൂണ്‍, ടിനി ടോമിനെതിരായ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍, ദീപിക)

1.4. പരാതിയില്‍ കഴമ്പില്ല

നടി ലക്ഷ്മിപ്രിയക്കും ഹില്‍ പാലസ് വുമണ്‍ സെല്‍ എസ്‌ഐ രേഷ്മയ്ക്കുമെതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നു പൊലീസ് (12 ജൂണ്‍, നടി അന്‍സിബയ്ക്ക് ‘അമ്മ’യുടെ കാരണം കാണിക്കല്‍ നോട്ടിസ്, മലയാള മനോരമ). തൃപ്പൂണിത്തറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പോലിസിന്റെ വാദം. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി (11 ജൂണ്‍, അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്. ജന്മഭൂമി).

1.5. കാരണം കാണിക്കല്‍ നോട്ടിസ്

സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പേരിന് കളങ്കമുണ്ടാക്കിയെന്നും ആരോപിച്ച് അന്‍സിബയ്ക്ക് ‘അമ്മ’ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി (11 ജൂണ്‍, സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു പേരിന് കളങ്കമുണ്ടാക്കി അന്‍സിബയ്ക്ക് അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസ്, മീഡിയ വണ്‍ ലൈവ്). 

നോട്ടിസില്‍ സൂചിപ്പിച്ച പ്രധാന കുറ്റങ്ങള്‍: മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തരം പരസ്യപ്രസ്താവന നടത്തി. ‘അമ്മ’യെ തകര്‍ക്കാന്‍ ശ്രമിച്ചു. പ്രതിച്ഛായ കളങ്കപ്പെടുത്തി. മറുപടി തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിയെടുക്കും. സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കാമായിരുന്ന വിഷയങ്ങളെ തെരുവിലേക്കു വലിച്ചിഴച്ച അന്‍സിബ ‘അമ്മ’യ്ക്കു പേരുദോഷവും സമൂഹത്തില്‍ അവമതിപ്പും ഉണ്ടാക്കി (12 ജൂണ്‍, നടി അന്‍സിബയ്ക്ക് ‘അമ്മ’യുടെ കാരണം കാണിക്കല്‍ നോട്ടിസ്, മലയാള മനോരമ).

1.6. വ്യക്തത വേണം

അച്ചടക്കനടപടിയുടെ ഭാഗമായി ‘അമ്മ’ സംഘടന നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് അന്‍സിബ മറുപടി നല്‍കി. കൂടുതല്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അന്‍സിബയ്ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. അന്‍സിബയ്ക്കു പുറമേ നടന്‍മാരായ ജോയ് മാത്യു, ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവര്‍ക്കും ‘അമ്മ’ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

സംഘടനയുടെ ചില അംഗങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ പരസ്യമായ തര്‍ക്കങ്ങളും പ്രസ്താവനകളും നടത്തി, സംഘടനയുടെ സര്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള നോട്ടീസിലും പറയുന്നത് (13 ജൂണ്‍, കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തതതേടി അന്‍സിബ, മാതൃഭൂമി).

1.7. മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല

അന്‍സിബ ഹസന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ ശ്രീകൈലാസിനെ മതംമാറ്റാന്‍ ശ്രമിച്ചെന്നായിരുന്നു ടിനി ടോം ആരോപിച്ചിരുന്നത്. തന്നെ മതംമാറ്റാന്‍ അന്‍സിബ ശ്രമിച്ചിട്ടില്ലെന്ന് പിന്നീട് ശ്രീകൈലാസ് പോലിസിന് മൊഴി നല്‍കി. കടവന്ത്ര പൊലീസിനാണ് മൊഴി നല്‍കിയത് (14 ജൂണ്‍, ‘അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല’; ടിനിക്കെതിരായ നടിയുടെ പരാതിയില്‍ മൊഴി നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍, റിപ്പോര്‍ട്ടര്‍ ടിവി).

റിപ്പോർട്ടർ ടിവി വാർത്ത

1.8. മതംമാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല

അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമെന്നും അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോടും പറഞ്ഞിട്ടില്ലെനന്നും ടിനി ടോം പറഞ്ഞു. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നടി ശ്വേതാ മേനോനും പറഞ്ഞു (16 ജൂണ്‍, അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല; പരാതി വ്യക്തിവൈരാഗ്യമെന്നും ടിനി ടോം; മൊഴിയെടുത്ത് പൊലീസ്, മാധ്യമം)

1.9. ജിഹാദി വിളി കേള്‍ക്കേണ്ടിവന്നുവെന്ന് നടി ഉഷയും

അന്‍സിബക്ക് പിന്തുണയുമായി നടി ഉഷ ഹസീനയും പരസ്യമായി രംഗത്തുവന്നു: സംഘടനയില്‍ കടുത്ത ഗ്രൂപ്പിസമാണ് നിലനില്‍ക്കുന്നത്. ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സംഘടനയിലെ ഒരംഗം തന്നെയും ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. തന്നെ ജിഹാദിയെന്ന് വിളിച്ച വ്യക്തി ആരാണെന്ന് വരാനിരിക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ പരസ്യമായി പറയും (17 ജൂണ്‍, താരസംഘടനയായ ‘അമ്മ’യെ വീണ്ടും വിവാദച്ചുഴിയിലാക്കിക്കൊണ്ട് നടി ഉഷ ഹസീന ഉന്നയിച്ച വെളിപ്പെടുത്തലുകള്‍, കൗമുദി മൂവീസ്)

1.10. അന്‍സിബയെ പുറത്താക്കണം

‘അമ്മ’യിലെ തര്‍ക്കത്തില്‍ നടി അന്‍സിബ ഹസനെതിരെ ഏതാനും അംഗങ്ങള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു. അന്‍സിബയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യപ്പെടുമെന്നായിരുന്നു പറഞ്ഞത് (21 ജൂണ്‍, അന്‍സിബയ്ക്കെതിരേ നടപടി ആവശ്യപ്പെടാന്‍ ‘അമ്മ’ യിലെ ഒരു വിഭാഗം, മെട്രോ വാര്‍ത്ത)

വിവാദം കത്തിനില്‍ക്കെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി അപ്പാടെ രാജിവച്ചു. വാര്‍ഷിക പൊതുയോഗത്തിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും ഉള്‍പ്പെടെ 17 ഭരണസമിതി അംഗങ്ങളും സ്ഥാനമൊഴിഞ്ഞത്. ശ്വേത പിന്നീട് സംഘടനയുടെ പ്രാഥമികാംഗത്വവും രാജിവച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നടനും എം.എല്‍.എയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിനു പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ നടന്‍ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിഷാരടിയെ കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുന്‍മന്ത്രി ഗണേഷ് കുമാറും അഡ്‌ഹോക്ക് കമ്മിറ്റിയില്‍ അംഗമായിരിക്കും (22 ജൂണ്‍, ‘അമ്മ’ ഭരണസമിതി രാജിവച്ചു; ശ്വേതാ മേനോന്‍ സംഘടന വിട്ടു, മംഗളം)

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല

താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനൗചിത്യമാണെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു (22 ജൂണ്‍, അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനൗചിത്യം: മന്ത്രി, മംഗളം)

2. വെള്ളാപ്പള്ളി

2.1. ബിന്ദു കൃഷ്ണയുടെ സന്ദർശനം 

മന്ത്രി സഭ അധികാരത്തിലേറ്റ ശേഷം വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. ഏറെ വിമര്‍ശനമേറ്റ സംഭവമായിരുന്നു അത്. വെള്ളാപ്പള്ളി നടത്തിയ വംശീയആക്ഷേപങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിമാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പട്ടത്. തുഷാര്‍ വെള്ളാപ്പള്ളി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കാര്‍ത്തികപ്പള്ളി എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് കെ അശോകപ്പണിക്കാരുടെ കുന്നത്തുകാട്ടില്‍ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതായിരുന്നു മറ്റൊരു വിമര്‍ശനം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും വിദേശത്തായിരുന്നതിനാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് പങ്കെടുക്കാനായിരുന്നില്ല. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് അഭിനന്ദനം അറിയിക്കുന്നതിനായാണ് കൂടിക്കാഴ്ച നടത്തിയത്.

2.2. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടത്

ബിന്ദു കൃഷ്ണ പിന്തുടര്‍ന്നത് യുഡിഎഫ് നയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഷ്ണു സുനില്‍ പന്തളം:  കള്ള പ്രചരണങ്ങളിലൂടെ കടിച്ച് കീറാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സിപിഐഎം വേട്ടപ്പട്ടികള്‍ക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ല, ഏതറ്റം വരെയും പ്രതിരോധിക്കും. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടത്. ആരെയും വെറുക്കപ്പെട്ടവരായി മാറ്റിനിര്‍ത്തുന്നതോ അസ്പര്‍ശ്യരാക്കുന്നതോ ഗാന്ധിയന്‍ ആശയമല്ല. അല്ലാതെ അത് പ്രീണനമല്ല (01 ജൂണ്‍, ‘എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുക എന്ന യുഡിഎഫ് നയമാണ് ബിന്ദു കൃഷ്ണ പിന്തുടര്‍ന്നത്, അല്ലാതെ പ്രീണനമല്ല, കള്ള പ്രചരണങ്ങളിലൂടെ കടിച്ച് കീറാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്ന സിപിഎം വേട്ടപ്പട്ടികള്‍ക്ക് മുന്നിലേക്ക് ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാന്‍ തയ്യാറല്ല’; വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതില്‍ മന്ത്രിയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഷ്ണു സുനില്‍ പന്തളം, മറുനാടന്‍ മലയാളി)

2.3. ക്ഷീരദിനാശംസകള്‍

വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവര്‍ക്കും ക്ഷീര ദിനാശംസകള്‍ എന്ന് മറുപടി നല്‍കി മന്ത്രി ഒഴിഞ്ഞു മാറി. മറുപടി പറയേണ്ട വിഷയമല്ലേ എന്ന് ചോദിച്ചപ്പോള്‍ വകുപ്പിനെ സംബന്ധിച്ച ചോദ്യം മാത്രം ചോദിക്കാനും മന്ത്രി ആവശ്യപ്പെട്ടു (02 ജൂണ്‍, മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രിയുടെ മറുപടി, ജനയുഗം).

2.4 ലീഗ് വേട്ടയാടുന്നുവെന്ന് വ്യാജപ്രചാരണം

സന്ദര്‍ശനത്തിനു പിന്നാലെ ‘വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിന് ലീഗ് വേട്ടയാടുന്നു’ എന്ന് ബിന്ദു കൃഷ്ണ പറഞ്ഞതായ ഒരു വാര്‍ത്ത പ്രചരിച്ചു. ”മുസ്‌ലിം ലീഗ് എന്നെ വേട്ടയാടുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വെള്ളാപ്പള്ളി ഫാമിലിയെ കണ്ടു. തന്നെ മാത്രം ബലിയാടാക്കുന്നതില്‍ ദുരൂഹത-എന്ന് ബിന്ദു കൃഷ്ണ പറഞ്ഞതായുള്ള വാചകങ്ങളും അവരുടെ ചിത്രവും ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് പ്രചരിക്കുന്നത്. അതൊരു വ്യാജവാര്‍ത്തയാണെന്ന് പിന്നീട് കണ്ടെത്തി (08 ജൂണ്‍, ‘വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിന് ലീഗ് വേട്ടയാടുന്നു’ എന്ന് ബിന്ദു കൃഷ്ണയുടെ പേരില്‍ വ്യാജ പ്രചരണം, ഫാക്ട് ക്രസന്‍ഡോ).

ഫാക്ട് ക്രസന്‍ഡോ റിപ്പോർട്ട്

2.5. മതേതരത്വത്തിന്റെ കാവലാള്‍

എസ്.എന്‍.ഡി.പി. യോഗം ജനറല്‍   വെള്ളാപ്പള്ളി നടേശന്‍ മതേതരത്വത്തിന്റെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും ശക്തമായ കാവലാളാണെന്ന് എസ്.എന്‍.ഡി.പി. യോഗം പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി. അദ്ദേഹത്തിന് കേരളീയ സമൂഹം പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി. യോഗം പന്തളം യൂണിയനിലെ മുടിയൂര്‍ക്കോണം ശാഖയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (10 ജൂണ്‍, വെള്ളാപ്പള്ളി മതേതരത്വത്തിന്റെ കാവലാള്‍: അഡ്വ. സിനില്‍ മുണ്ടപ്പള്ളി, മെട്രോ വാര്‍ത്ത)

2.6. ലീഗ് മതേതരപാര്‍ട്ടിയല്ല

വെള്ളാപ്പള്ളിയെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഎം നിലപാടില്‍ തനിക്ക് മനഃപ്രയാസമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. താന്‍ വിമര്‍ശിച്ചത് ലീഗിനെയാണെന്നും അദ്ദേഹം പറഞ്ഞു: താന്‍ മുസ്‌ലിങ്ങളെയല്ല, മുസ്‌ലിം ലീഗിനെയാണു വിമര്‍ശിച്ചത്. അവര്‍ മതേതരപാര്‍ട്ടിയല്ലെന്നും പറഞ്ഞു. സി.പി.എമ്മിന് അതുപറയാന്‍ കഴിയുന്നില്ല. ലീഗും കേരള കോണ്‍ഗ്രസും ഒരുപോലെയാണ്. അവര്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണ്. അവര്‍ മന്ത്രിമാരാക്കുന്നത് ആരെയാണ്. മന്ത്രിമാരുടെ ഓഫീസുകളിലും പാര്‍ട്ടിക്കായി വാങ്ങിയെടുക്കുന്ന ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളിലും ആരാണ്. അതില്‍പ്പോലും മതേതരത്വം പാലിക്കുന്നുണ്ടോ. ലീഗും കേരളകോണ്‍ഗ്രസും മതപ്പാര്‍ട്ടിയാണ്, മതേതരപാര്‍ട്ടികളല്ലെന്ന് ഇതെല്ലാം നോക്കിയാല്‍ വ്യക്തമല്ലേ. ഇതൊന്നും സി.പി.എം. കാണുന്നില്ല (11 ജൂണ്‍, തന്നെ ബലികൊടുത്താലും സി.പി.എം. നന്നായാല്‍ മതി -വെള്ളാപ്പള്ളി, മാതൃഭൂമി).

2.7. വെളളാപ്പള്ളിയെ ആക്രമിക്കാന്‍ അനുവദിക്കില്ല

കേരളത്തിലെ ഹൈന്ദവ വിശ്വാസത്തെയും സാമൂഹിക സുസ്ഥിരതയെയും രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കായി തകര്‍ക്കുന്നതിനായി സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്ന് എസ്.എന്‍.ഡി.പിയുടെ വിവിധ യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു: മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ശക്തമായ സ്വാധീനമുള്ള സംഘടനകളെ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍, വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി നടത്തിയ ഇടപെടലുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും സാമൂഹിക ഐക്യം നിലനിര്‍ത്തുന്നതിലും എസ്.എന്‍.ഡി.പി യോഗം വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. വെള്ളാപ്പള്ളിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ സംഘടനയ്‌ക്കെതിരായ ആക്രമണമായാണ് കാണുന്നത് (16 ജൂണ്‍, വെളളാപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല: യൂണിയന്‍ നേതാക്കള്‍ , കേരള കൗമുദി)

2.8. വെള്ളാപ്പള്ളി ഇപ്പോള്‍ അഭിമതനായി

മുന്‍പ് മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചവര്‍ ഭരണം ലഭിച്ചപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വരിനില്‍ക്കുകയാണ് എന്ന് പിണറായി വിജയന്‍. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു (19 ജൂണ്‍, അനഭിമതനായി വെള്ളാപ്പള്ളി ഇപ്പോള്‍ അഭിമതനായി: പിണറായി സിറാജ്).

3. ഞാനും സുഡാപ്പിയായി: ഇസ്‌ലാമോഫോബിക് അനുഭവം

3.1. മലപ്പുറത്തെ ജനങ്ങളെക്കുറിച്ച് ഏതാനും കുറിപ്പുകള്‍ പോസ്റ്റ് ചെയ്ത അഗസ്റ്റിന്‍ ജേക്കബ് താന്‍ നേരിട്ട ഇസ് ലാമോഫോബിക് അനുഭവം പങ്കുവയ്ക്കുന്നു: 

ഞാന്‍ ഇന്ന് രാവിലെ എന്റെ ഇപ്പൊഴത്തെ അവസ്ഥയെ പറ്റി ബുദ്ധിമുട്ടിനെപ്പിയും,ഒരു പോസ്റ്റ് ഇട്ടിരുന്നു !കുറെപ്പേര്‍ കാണുകയും സഹായിക്കുകയും ചെയ്തു!ഉടനെ വന്നു ഒരു ചേര്‍ത്തലക്കാരന്‍ പ്രൊഫെല്‍ ലോക്ക് ചെയ്ത ചന്ദ്രശേഖരന്‍, അവന്‍ ആരായിരിക്കും എന്ന് പ്രത്യേകം പറയണ്ടല്ലോ! അവന്റെ കമന്റ് ഇവിടെ വര്‍ണ്ണിക്കാന്‍ ബുദ്ധിമുട്ടുണ്ട്, നിങ്ങള്‍ ചിലരെല്ലാം കണ്ട് കാണും! ചുരുക്കം ഇതാണ്; നി നിന്റെ വിഷമങ്ങള്‍ സുഡാപ്പികളോട് പറഞ്ഞാല്‍ മതി, മറ്റുള്ളവരോട് പറയണ്ട, നീ അവന്മാരെയല്ലേ സുഖിപ്പിക്കുന്നത് എന്നാണ്, പിന്നെ ഞാന്‍ രാജ്യദ്രോഹിയും ആയി! കാരണം പറയാം: ഞാന്‍ മലപ്പുറം ജില്ലയിലെ നല്ലമനുഷ്യരെപ്പറ്റി ഒരു വീഡിയോ ചെയ്തു ലക്ഷത്തിലേറെ പേര്‍ കണ്ടു, കൂടാതെ കടലുണ്ടി ദുരന്തം, കരിപ്പൂര്‍ വിമാന അപകടം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ ജില്ലക്കാര്‍ എങ്ങിനെയാണ് പ്രവര്‍ത്തിച്ചത് എന്നതിനെപ്പറ്റിയും വീഡിയോ ചെയ്തിരുന്നു, കൂടാത ഇവിടെ ഒരു ഗ്രാമത്തില്‍ ഒരു രോഗിക്ക് വേണ്ടി ഒറ്റ ദിവസം കൊണ്ട് 50 ലക്ഷം രൂപ പിരിച്ചെടുത്ത വീഡിയോ ചെയ്തു! ലക്ഷങ്ങള്‍ കാണുകയും ചെയ്തു! ഉടനെ ഞാനും സുഡാപ്പിയായി! ഒരു മുസ്‌ലിംഎന്നാല്‍ തീവ്രവാദിയാണെന്ന് പ്രചരിപ്പിക്കുന്നതില്‍ അവര്‍ ഒരുപാട് വിജയിച്ചിട്ടുണ്ട്! യുപിയിലുള്ള എന്റെ പട്ടാള സുഹൃത്ത് ഇപ്പോള്‍ ഞാന്‍ മലപ്പുറത്താണ് താമസം എന്ന് പറഞ്ഞപ്പോള്‍ എന്നോട് ചോദിക്കുകയാണ്, കേരളത്തിലെ പാക്കിസ്ഥാനിലാണല്ലേ എന്ന്! എങ്ങനെയുണ്ട്?അങ്ങ് വടക്കേ ഇന്ത്യയില്‍വരെ മലപ്പുറത്തുകാര്‍ ഭീകരന്മാര്‍ ആണ് !അപ്പോഴാണ് എന്റെ വീഡിയോ !സഹിക്കില്ല! മനുഷ്യരൂപം പൂണ്ട ഇവന്മാര്‍ അപകടകാരികളാണ്! ആരെയും സഹായിച്ച ചരിത്രമില്ല! മുടക്കിയേ പരിചയമുള്ളൂ! ഏതായാലും ഉള്ളിലിരുപ്പ് മനസ്സിലാക്കാനായി!(01 ജൂണ്‍, ഫേസ്ബുക്ക്/ അഗസ്റ്റിന്‍ ജേക്കബ്).

4. ഇസ്‌ലാമിക തീവ്രവാദികള്‍

 4.1. പാരിസില്‍ ചാംപ്യന്‍സ് ലീഗ് വിജയത്തിന് ശേഷം പിഎസ്ജി ആരാധകര്‍ വലിയ തോതില്‍ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ജന്മഭൂമിയിലെ മുന്‍മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ.വി.എസ് ഹരിദാസ്: പാരിസ് ആണ് കത്തുന്നത്. ‘ഇസ്‌ലാമിക തീവ്രവാദ’ ശക്തികളാണ് കലാപത്തിന് പിന്നിലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍. നമ്മുടെ പത്രങ്ങള്‍ അത് പറയില്ല… അടിച്ചൊതുക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ശ്രദ്ധിക്കേണ്ടത്, ഒരിടത്തല്ല അനവധി നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഇത് അരങ്ങേറി എന്നതാണ്…. ആസൂത്രണം വ്യക്തം (01 ജൂണ്‍, ഫേസ്ബുക്ക്/ കെ.വി.എസ് ഹരിദാസ്).

കെ.വി.എസ് ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റ്

5.  പിന്നിൽ ജമാഅത്തെ ഇസ് ലാമി(ജൂണ്‍ 05)

5.1. മാധ്യമ ജിഹാദിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി

നിയമസഭയിലെ മീഡിയ റൂമില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മന്ത്രി ടി. സിദ്ദീഖിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഹാളില്‍ നിന്നും പുറത്തുപോകാന്‍ നിര്‍ബന്ധിതനായി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പ്രതിഷേധത്തിന് പിന്നില്‍ ഇസ്‌ലാമിക തീവ്രവാദ അജണ്ടയും ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനവുമാണെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍.വി. ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. 

ഏതെങ്കിലും ഒരു കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് ഈ സമയം വരെ വിധിക്കാത്തിടത്തോളം നിയമവ്യവസ്ഥയില്‍ അയാള്‍ കുറ്റക്കാരനല്ല. ഇസ്‌ലാമിക തീവ്രവാദ അജണ്ടയാണ് ശ്രീറാമിനെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആലപ്പുഴ കളക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സര്‍ക്കാര്‍ മാറ്റിയത് മുസ്‌ലിം തീവവാദികള്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നായിരുന്നു. മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്‌ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ തെളിയുന്നത്. ഒരു വശത്ത് ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിക് കാപ്പനെ സര്‍വ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുകയും മറുവശത്ത് ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്ന് പറയാതെ വയ്യ (05 ജൂണ്‍, ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധത്തിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി സ്വാധീനം; ബോധപൂര്‍വ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിന്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നുത് മാധ്യമ ജിഹാദ്; വിവാദ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി, മറുനാടന്‍ മലയാളി).

മറുനാടൻ മലയാളി വാർത്ത

5.2. മതഭീകര ക്ഷണക്കത്ത് (ജൂണ്‍ 9)

ജൂണ്‍ എട്ടിന് ബലിപെരുന്നാള്‍ ദിനത്തില്‍ ജമാഅത്തെ ഇസ്ലാമി ഒരു ഈദ് സോഷ്യല്‍ സംഘടിപ്പിച്ചു. അതിലേക്കുള്ള ക്ഷണക്കത്ത് പലര്‍ക്കും അയച്ചിരുന്നു.  ഇതെക്കുറിച്ചുള്ള ജനം ടിവി വാര്‍ത്ത ഇങ്ങനെ: മതരാഷ്ട്രവാദത്തിന്റെ ഭീകരമുഖം മറച്ചുവെക്കാന്‍ ഈദ് സോഷ്യല്‍ ചടങ്ങുമായി ജമാ അത്തെ ഇസ്‌ലാമി. പ്രധാനക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും അരയ സമാജം ഭാരവാഹികളെയുമാണ് കോഴിക്കോട്ടെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിക്ക് ക്ഷണക്കത്തുമായി വീടുകളില്‍ എത്തിയത് മുസ്‌ലിം ലീഗ് നേതാവ്. സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതിന് വേണ്ടിയാണ് ക്ഷണം എന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. ക്ഷണം തള്ളിയ അരയ സമാജം, വിദ്വേഷ പ്രചരണവും മതരാഷ്ട്രവാദവും കൈമുതലക്കിയ സംഘടനയ്ക്ക് എന്ത് സൗഹൃദമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന്  ചോദിച്ചു. 

മാറാട് ഹിന്ദു കൂട്ടക്കൊല നടന്ന സമയത്ത് ഭീകരവാദികളെ സംരക്ഷിക്കാനും വെള്ളപൂശാനും മുന്നില്‍ നിന്ന് സംഘടന സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണെന്ന് ബിജെപി. 

ജമാഅത്തെ ഇസ്‌ലാമിയുടെ യഥാര്‍ത്ഥ മുഖം മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഹിന്ദു ഐക്യവേദി. 

വിവാദമായതോടെ സാങ്കേതിക കാരണങ്ങളാല്‍ പരിപാടി മാറ്റിവച്ചു. പൊയ്മുഖം അണിഞ്ഞ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞു കയറാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത് (09 ജൂണ്‍, പൊയ്മുഖം അണിഞ്ഞ് നുഴഞ്ഞുകയറാന്‍ ശ്രമം! ഈദ് സോഷ്യല്‍ ചടങ്ങുമായി ജമാ അത്തെ ഇസ്‌ലാമി; മതഭീകരരുടെ ക്ഷണം നിരസിച്ച് അരയസമാജം, ജനം ടിവി)

5.3. പൊളിറ്റിക്കല്‍ ഇസ്‌ലാമിനോട് പൊറുക്കാനാവില്ല

ജനംടിവി വാര്‍ത്ത പങ്കുവച്ചുകൊണ്ട് സംഘപരിവാര്‍ നേതാവ് ശശികല ടീച്ചര്‍: നിങ്ങളുടെ പ്രിയപെട്ടവടെ രക്തം പുരണ്ട മാറാട് കടലോരത്തെ മണല്‍ത്തരികള്‍ക്കുപോലും പൊളിറ്റിക്കല്‍ ഇസ്‌ലാമിനോട് പൊറുക്കാന്‍ കഴിയില്ല പിന്നല്ലേ അരയസമാജത്തിന്. ആട്ടിന്‍ തോലണിയാന്‍ നോക്കണ്ട എന്നുതന്നെയാണ് ജമായത്തുകാരോട് പറയാനുള്ളത് (09 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

5.4. നൊട്ടോറിയല്‍സായ തീവ്രവാദികള്‍

എസ്‌ഐഒ പോസ്റ്റര്‍ പങ്ക്ുവച്ചുകൊണ്ട് കെ ടി നിശാന്ത് പെരുമന ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍നിന്ന്: ഈ സംഘടനയുടെ ഗുരുക്കന്‍ന്മരുടെ സ്ഥാനത്തുള്ളവരുടെ ചിത്രങ്ങള്‍ പോസ്റ്ററിന് മുകളില്‍ ഉണ്ട്. ഇവര്‍ മൂന്നു പേരും ലോകത്തിലെ ഇസ്‌ലാമിക രാജ്യങ്ങളില്‍ പോലും വിലക്കുള്ള നൊട്ടോറിയസായ തീവ്രവാദികളാണ്. ഒരാള്‍ ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയാണ്. ഇസ്‌ലാമിക ഭരണകൂടത്തെ മറിച്ചിട്ട് ഖിലാഫത്തിന് ശ്രമിച്ച ഇയാളെ ഈജിപ്ത് രഹസ്യപൊലീസ് വെടിവച്ച് ഇടുകയായിരുന്നു. ഒരു മുസ്‌ലിം ജീവിക്കേണ്ടത്, ഇസ്‌ലാമിന് കീഴിലുള്ള ഖലീഫയുടെ കീഴിലോ ഗവര്‍ണ്ണറുടെ കീഴിലോ മത ഉദ്യോഗസ്ഥന്റെ കീഴിലോ ആണ് എന്നയാള്‍ ഖുറാനും, ഹദീസും വച്ച് വാദിച്ചു. അങ്ങനെ അല്ലാത്ത ഇടങ്ങളില്‍ ജിഹാദ് ചെയ്ത് മത രാഷ്ട്രം സ്ഥാപിക്കലാണ് ഓരോ മുസ്‌ലിമിന്റേയും യഥാര്‍ഥ ജീവിതം എന്നതാണ് അയാളുടെ ആശയം. മറ്റെല്ലാ രാജ്യങ്ങള്‍ക്കും എതിരെയും, പ്രത്യേകിച്ച് പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരെയും യുദ്ധം പ്രഖ്യാപിക്കാന്‍ ഓരോ മുസ്‌ലിം സഹോദരനോടും ആവശ്യപ്പെടുന്ന ഏറ്റവും മാരകമായ ആശയമാണ് അയാള്‍ മുന്നോട്ട് വച്ചത്. സെയ്ദ് കുത്തുബ്ബ് ആണ് അടുത്ത ഭീകരന്‍. ഇയാളും ഈജിപ്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ആളാണ്. ആധുനിക ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മാനിഫസ്സ്‌റ്റോ എഴുതിയ ആളാണ്. അല്‍ ഖ്വയ്ദ, ലഷ്‌ക്കറി തോയ്ബ അടക്കമുള്ള സംഘടനകളുടെ ഇസ്‌ലാമിക ദേശ വാദം ഇതിലധിഷ്ടിതമാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ പിന്നീട് അല്‍-ഖൈദ, ഹമാസ് പോലുള്ള സംഘടനകളെ മനുഷ്യക്കൊലകള്‍ക്ക് പ്രേരിപ്പിച്ചു. മറ്റെരാള്‍, ഹമാസ് സ്ഥാപകന്‍ അഹമ്മദ് യാസിനാണ്, ഇയാള്‍ 2004-ല്‍ ഇസ്രായേല്‍ ബോംബ്ബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് റസിസ്റ്റന്‍സ് മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ചു. കാഫിറുകളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇല്ല, മറിച്ച് മുഹമ്മദിയന്‍ പോരാട്ട വഴിയാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് അന്താരാഷ്ട്ര മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങി. ജൂതനെ തുരത്തുക എന്ന് ഖുറാന്‍ വചനവും ഹദീസുകളും ഉദ്ധരിച്ചു കൊണ്ടുള്ള ഹമാസ് ചാര്‍ട്ടര്‍ പുറത്തിറക്കി (13 ജൂണ്‍, ഫേസ്ബുക്ക്/ നിശാന്ത് പെരുമന). 

വിദ്യാര്‍ത്ഥികളില്‍ കടുത്ത മത തീവ്രവാദം കുത്തി വെക്കാനുള്ള ശ്രമമാണെന്നും ഭീകരതെ മഹത്വവല്‍ക്കരിക്കുകയാണെന്നുമായിരുന്നു ജന്മഭൂമിയുടെ വാര്‍ത്ത (19 ജൂണ്‍, കൊടും ഭീകരരെ മഹത്വവത്കരിച്ച് എസ്ഐഒ -ജന്മഭൂമി).

5.5. മാധവിക്കുട്ടിയെ മതംമാറ്റിയത് റിയാലു, സമദാനി ഇടനിലക്കാരന്‍

മാധവിക്കുട്ടിയുടെ (കമല സുരയ്യ) മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജമാഅത്തെ ഇസ്‌ലാമി നേതാവും സാഹിത്യകാരനുമായ റിയാലുവാണെന്നും അബ്ദുള്‍ സമദ് സമദാനി ഇതിലൊരു ഇടനിലക്കാരന്‍ മാത്രമായിരുന്നുവെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. താന്‍ മൂലം മതം മാറിയിട്ടുള്ള എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊടുത്തിട്ടുണ്ടെന്നും റിയാലു പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടി മരിച്ചുകഴിഞ്ഞാല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കണമെന്ന് റിയാലു വ്യവസ്ഥ വെച്ചിരുന്നു. മാധവിക്കുട്ടിയുടെ മകന്‍ തന്നെ ഖബറടക്കത്തിന് നേതൃത്വം നല്‍കി. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് അബ്ദുള്‍ സമദ് സമദാനിയാണ് (17 ജൂണ്‍, മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാഅത്തെ ഇസ്‌ലാമിയുടെ റിയാലുവാണെന്ന് വെളിപ്പെടുത്തി ഡോ.കെ.എസ്.രാധാകൃഷ്ണന്‍, ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ്).

5.6. ജമാഅത്തെ ഇസ്‌ലാമിയുടെ പാതയിലേക്ക് നയിച്ചയാള്‍

പ്രഭാഷകന്‍ സുനില്‍ പി. ഇളയിടത്തിന്റെ ബൗദ്ധിക നിലപാടുകളെയും അദ്ദേഹം അവതരിപ്പിക്കുന്ന ആശയങ്ങളെയും വിമര്‍ശിച്ചുകൊണ്ട് ഡോ. പി. ശിവപ്രസാദ് നടത്തിയ പ്രഭാഷണശകലം ബ്രേവ് ഇന്ത്യ പങ്കുവച്ചു. അതില്‍നിന്ന് ഒരു ഭാഗം: അഴീക്കോടിന്റെയും എം.എന്‍ വിജയന്‍ മാഷിന്റെയും കാലത്തത് ഒന്നും പറ്റില്ലായിരുന്നു. ഇന്നതല്ല സ്ഥിതി. വ്യാജമായിട്ടുള്ള ആഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് മലയാളിയെ ഈ ജമാഅത്തെ ഇസ്‌ലാമിയുടെ പാതയിലേക്ക് നയിച്ചിട്ടുള്ള ഒരാളാണ് സുനില്‍ പി. ഇളയിടം (15 ജൂണ്‍, സുനില്‍ പി ഇളയിടം വ്യാജനാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം, ബ്രേവ് ഇന്ത്യ ന്യൂസ്)

5.7. വിമതഭീകരരും മതഭീകരരും

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഭയുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ ശക്തമായ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരു മാധ്യമ നിരീക്ഷകനും ചിന്തകനുമാണ് ഷൈജു ആന്റണി. ‘അല്‍മായ മുന്നേറ്റം’ പോലുള്ള കൂട്ടായ്മകളുടെ ഭാഗമായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഷൈജു ആന്റണി ന്യൂനപക്ഷ കമ്മീഷന്‍ അംഗമാവും എന്ന പ്രചാരണം നടന്നു. ഇതേ കുറിച്ച് വോയ്‌സ് ഓഫ് മാര്‍തോമ നസ്രാണി എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍നിന്ന്: ഷൈജു ആന്റണി ന്യൂനപക്ഷ കമ്മീഷന്‍ അംഗമായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. വി. ഡി. സതീശന്‍ ഷൈജു ആന്റണിക്കായി രംഗത്തിറങ്ങിയിട്ടുണ്ട് എന്നാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. പിഎഫ്‌ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി എറണാകുളം വിമതര്‍ക്ക് ബന്ധമുണ്ടെന്ന് ദീപികയില്‍ മുഖാഭിമുഖത്തില്‍ അവതരിപ്പിച്ചത് മാര്‍ അന്ദ്രൂസ് താഴത്ത് മെത്രാനല്ലേ? ഷൈജു ആന്റണി അത്തരം ഗ്രൂപ്പുകളുമായുള്ള ബന്ധത്തിനും സൗഹൃദത്തിനും പേരുകേട്ടയാളാണ്, ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന മീഡിയവണ്‍ ടിവിയിലെ ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം ഒരു ദൈനംദിന പ്രതിനിധിയായിരുന്നു. സിറോ മലബാര്‍ സഭയിലെ എല്ലാ വിമത ഭീകരതയുടെയും മുഖ്യ ബുദ്ധികേന്ദ്രം (14 ജൂണ്‍, ഫേസ്ബുക്ക്/ വോയ്‌സ് ഓഫ് മാര്‍തോമ നസ്രാണി).

5.8. പശ്ചിമേഷ്യയിലെ ആദ്യ ജമാഅത്തെ ഇസ്‌ലാമി മുഖ്യമന്ത്രി

പശ്ചിമേഷ്യന്‍ രാജ്യത്തെ ആദ്യ ജമാഅത്തെ ഇസ്‌ലാമി മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് ജനം ടിവി പോസ്റ്റര്‍: പശ്ചിമേഷ്യയിലെത്തന്നെ ആദ്യ ജമാഅത്തെ ഇ്‌സ ലാമി മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, കേരളത്തില്‍ മൗദൂദി ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് മുന്നണി ജമാഅത്തെ ഇസ്‌ലാമി പിന്തുണയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതായിരുന്നു പ്രകോപനം (15 ജൂണ്‍, പശ്ചിമേഷ്യന്‍ രാജ്യത്തെ ആദ്യ ജമാഅത്തെ ഇസ്‌ലാമി മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍ ; കേരളത്തില്‍ നടക്കുന്നത് മൗദൂദി ഭരണമെന്ന് പി.കെ കൃഷ്ണദാസ്, ജനം ടിവി പോസ്റ്റര്‍).

ജനം ടിവി പോസ്റ്റര്‍

5.9. മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത്തിന്റെ പ്രഭാഷണ പരിപാടിയിലായിരുന്നു വിസിമാര്‍ പങ്കെടുത്തത്. ഇതേ കുറിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് നടത്തിയ പ്രതികരണത്തില്‍നിന്ന്: വിസി മാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജമാഅത്തെ ഇസ്‌ലാമിയെയും പിഎഫ്‌ഐയെയും പിഡിപിഐയും എസ്ഡിപിഐയും പ്രീതിപ്പെടുനാണ്. വിസി മാര്‍ക്കെതിരെ മുഖ്യമന്ത്രി വി ഡി സതീഷന്‍ ഫത്വ തന്നെ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ്. കേരളത്തില്‍ നടക്കുന്നത് മൗദൂദി ഭരണം ആണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. രാജ്യത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായി സതീശന്‍ മാറി. തിരഞ്ഞെടുപ്പിനു മുമ്പ് മതരാഷ്ട്രവാദം പരസ്യമായി പറയുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയ നേതാവാണ് സതീശന്‍. നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ നേതാവിനെ അങ്ങോട്ട് പോയി കണ്ട് ആലിംഗനം നടത്തിയ നേതാവാണ് സതീശന്‍. മതഭീകരവാദികള്‍ക്കുള്ള പ്രത്യുപകാരത്തിന്റെ ഭാഗമായാണ് വിസി മാര്‍ക്കെതിരേ ഫത്വ പുറപ്പെടുവിച്ചത് (16 ജൂണ്‍, വിസിമാര്‍ക്കേതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന മത തീവ്രവാദികളെ പ്രീണിപ്പിക്കാന്‍: കൃഷ്ണദാസ്, ജന്മഭൂമി).

5.10. മുസ്‌ലിം ലീഗിന്റെ ബൗദ്ധിക നേതൃത്വം ജമാഅത്തെ ഇസ്‌ലാമി

മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബും കെ ടി ജലീലും തമ്മില്‍ നടത്തിയ അഭിമുഖത്തില്‍ മുസ്‌ലിംലീഗിന്റെ ബൗദ്ധിക നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയിലേക്ക് മാറിയതായി ജലീല്‍ ആരോപിച്ചു. ജലീല്‍ സിപിഎം അംഗത്വം എടുത്ത സാഹചര്യത്തിലായിരുന്നു ചര്‍ച്ച: പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ പാടില്ല. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അത് തെറ്റാണ്, ഒരേസമയം ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റുകാരനും മുസ്‌ലിമും ആകാന്‍ പറ്റില്ല എന്നിങ്ങനെ വലിയ തോതിലുള്ള പ്രചരണം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിക്കപ്പെട്ടു . അതിന്റെകൂടി ഫലമായിട്ടാണ് യഥാര്‍ത്ഥത്തില്‍ മുസ്‌ലിം സാന്ദ്രീകൃത മേഖലകളില്‍ ഇടതുപക്ഷം പിന്നോട്ടു പോയത്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ പ്രസ്താവനകള്‍ ഒക്കെ മുസ്‌ലിം ലീഗിനെതിരെയാണ് മുസ്‌ലിങ്ങള്‍ക്കഎതിരെയല്ല എന്ന് പറഞ്ഞ പാര്‍ട്ടി ഇപ്പോ അത് മാറ്റി. മുന്‍കാലത്തെ ലീഗിന്റെ ബൗദ്ധിക നേതൃത്വം സുന്നി പണ്ഡിതന്മാരായിരുന്നു. ഇപ്പോള്‍ മുസ്‌ലിംലീഗിന്റെ ബൗദ്ധിക നേതൃത്വം ജമാഅത്തെ ഇസ്‌ലാമിയിലേക്ക് മാറി (15 ജൂണ്‍, ലീഗിന്റെ കാപട്യം മുസ്‌ലിം സമൂഹം മനസിലാക്കിത്തുടങ്ങി, ദി മലബാര്‍ ജേര്‍ണല്‍).

6. സോഷ്യല്‍മീഡിയ ജിഹാദികള്‍

7.1. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന മുസ്‌ലിം വിരുദ്ധന്‍, വര്‍ഗീയവാദി എന്നീ ആരോപണങ്ങളെക്കുറിച്ച് ആലപ്പുഴ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ആകാശ് തഴയശ്ശേരില്‍. ചില മുസ് ലിംസംഘടനകളെ വിമര്‍ശിച്ചതുകൊണ്ടാണ് തന്നെ ‘മുസ് ലിംവിരുദ്ധന്‍’ ആക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യമീഡിയ ജിഹാദികളാണ് അതിനു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. തനിക്ക് നിരവധി മുസ് ലിംസുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു: ചില സോഷ്യല്‍ മീഡിയ ജിഹാദികളുടെ പുതിയ കണ്ടെത്തല്‍ പ്രകാരം ഞാന്‍ മുസ്‌ലിം വിരുദ്ധനും വര്‍ഗീയവാദിയും ആണത്രേ! അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് തന്നെ സംശയം തോന്നുന്നു. കാരണം എന്റെ സൗഹൃദങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ജീവിതത്തിലെ നല്ല നിമിഷങ്ങളിലുമെല്ലാം എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഉണ്ട്. മുസ്‌ലിം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹോദരങ്ങളെ പോലെ തന്നെയുണ്ട്. പക്ഷേ, ചിലരുടെ പ്രശ്‌നം അതല്ല.

അവരുടെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കില്‍ സംഘി. അവരുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്താല്‍ വര്‍ഗീയവാദി. അവരുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ചാല്‍ മുസ്‌ലിം വിരുദ്ധന്‍…ഇതാണ് പുതിയ സോഷ്യല്‍ മീഡിയ സര്‍ട്ടിഫിക്കറ്റ് വിതരണം. എന്നാല്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ… ഒരു സമുദായത്തിനെതിരെ സംസാരിക്കുന്നതും ഒരു വ്യക്തിയുടെയോ സംഘടനയുടെയോ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിക്കുന്നതും രണ്ടും രണ്ടാണ്.

ആ വ്യത്യാസം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് എനിക്കല്ല, ചില വിമര്‍ശകര്‍ക്കാണ്. അതുകൊണ്ട് തന്നെ എന്നെ എന്തൊക്കെ വേണമെങ്കിലും വിളിക്കാം. പക്ഷേ ഞാന്‍ പറയേണ്ട കാര്യങ്ങള്‍ ഞാന്‍ ഇനിയും പറയും. കാരണം അഭിപ്രായസ്വാതന്ത്ര്യം ചിലരുടെ കുത്തക സ്വത്തല്ല. സമുദായ സ്‌നേഹവും മനുഷ്യസ്‌നേഹവും ഒരുമിച്ച് കൊണ്ടുനടക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഇന്നലെയും ഉണ്ടായിരുന്നു, ഇന്നും ഉണ്ട്, നാളെയും ഉണ്ടാകും (05 ജൂണ്‍, നുമ്മ നിങ്ങളില്‍ ഒരാള് കോയ, ഫേസ്ബുക്ക്/ ആകാശ് തഴയശ്ശേരില്‍)

7. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്

കോഴിക്കോട് വടകരയില്‍ ഉണ്ടായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റാന്‍ തീരുമാനിച്ചു. ഭൂരിഭാഗവും ഇടത് അനുകൂല ഉദ്യോഗസ്ഥരായതിനാല്‍ നീതി ലഭിക്കില്ലെന്ന് യുഡിഎഫ് ക്യാമ്പുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ‘പ്രതികളെ കണ്ടെത്താനായില്ല’ എന്നു ചൂണ്ടിക്കാട്ടി കേസന്വേഷണം അവസാനിപ്പിച്ചത് (5 ജൂണ്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: അന്വേഷണ സംഘം മാറിയേക്കും, മലയാള മനോരമ).

7.1. സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജില്‍

വടകര ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്, സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ ഫേസ്ബുക്ക് പേജില്‍ ഇപ്പോഴും ലഭ്യമാണെന്ന് വാര്‍ത്ത: ”എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ട്‌പോകുന്നത്. വടകരയുടെ മണ്ണ് മതനിരപേക്ഷതയുടേതാണ് അത് വടകരക്കാര്‍ ടീച്ചറെ വിജയിപ്പിച്ച് തെളിയിക്കുക തന്നെ ചെയ്യും” എന്ന അടിക്കുറിപ്പോടെയാണ് സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. 2024ലായിരുന്നു അത്. 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ എസ്. ഐ.ടി ചോദ്യം ചെയ്തു. ഡി.വൈ. എഫ്.ഐ കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും വടകര മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ റിബേഷ് രാമകൃഷ്ണന്‍, മനീഷ്, അമല്‍ എന്നിവരെയാണ് ചോദ്യംചെയ്തത്(9 ജൂണ്‍, ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ കൂടി ചോദ്യംചെയ്തു, മാധ്യമം). സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മുന്‍ എംഎല്‍എ കെ കെ ലതികയുടെ മൊഴിയെടുക്കാന്‍ തീരുമാനമെന്ന് ദീപിക. സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവച്ചവരിലൊരാളാണ് ലതിക (10 ജൂണ്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: മുന്‍ എംഎല്‍എ കെ.കെ. ലതികയുടെ മൊഴിയെടുത്തേക്കും, ദീപിക)

7.2. സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് ‘വടകര സ്‌ക്വാഡി’ൽ നിന്ന്

സ്‌ക്രീന്‍ഷോട്ട് അന്വേഷണം ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് എത്തി. അഞ്ച് അഡ്മിന്‍മാരെയും ചോദ്യം ചെയ്തു. ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് ‘വടകര സ്‌ക്വാഡ്’ ഗ്രൂപ്പില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെ ചോദ്യം ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് അഡ്മിന്‍മാരിലേക്ക് അന്വേഷണം നീണ്ടത്. . ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുണ്ട്. വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നും, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് പ്രചരിപ്പിച്ചതെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും കണ്ടെത്താന്‍ ശ്രമിക്കുന്നത് (11 ജൂണ്‍, റിബേഷ് രാമകൃഷ്ണന് സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് ‘വടകര സ്‌ക്വാഡ്’ എന്ന സിപിഎം വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന്; അഞ്ച് അഡ്മിന്‍മാരെ അന്വേഷണ സംഘം ചോദ്യം ചെയ്തു; പുനരന്വേഷണം അവസാന ഘട്ടത്തില്‍; ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെ വൃത്തികെട്ട മസ്തിഷ്‌ക്കം ആരുടേത്?, മറുനാടന്‍ മലയാളി)

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ തിരുവള്ളൂര്‍ സ്വദേശിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിന്‍ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതുമായി ബന്ധപ്പെട്ട പ്രധാനിയെന്ന നിലയിലാണ് ഇയാളെ പിടികൂടിയത്(16 ജൂണ്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍, മീഡിയ വണ്‍). തെളിവ് നശിപ്പിക്കാനായി ഫോണ്‍ ഫാക്ടറി റീ സെറ്റ് ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു (19 ജൂണ്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട്-ജിതിന്‍ ഫോണ്‍ റീ സെറ്റ് ചെയ്തു: ചന്ദ്രിക).

7.3. സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാവ് ജിതിന്‍ ഭാസ്‌കര്‍

 കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍മിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാവ് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). ജിതിന്‍ ഭാസ്‌കര്‍ തന്റെ മൊബൈല്‍ ഫോണിലാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍ (22 ജൂണ്‍, കാഫിറിന്റെ ഉറവിടം.കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാവ് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം, മാധ്യമം)

7.4. പ്രതിഷേധവുമായി സിപിഎം

അറസ്റ്റിനു പിന്നാലെ സിപിഎം എസ്പി ഓഫിസ് മാര്‍ച്ച് നടത്തി. ഷാഫി പറമ്പില്‍ എംപിയും പാറക്കല്‍ അബ്ദുള്ള എംഎല്‍എയും പുറത്തിറങ്ങേണ്ടെന്ന് സിപിഎം തീരുമാനിച്ചാല്‍ പുറത്തിറങ്ങില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഭീഷണി മുഴക്കി. അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു (21 ജൂണ്‍, കാഫിറില്‍ പൊള്ളിയപ്പോള്‍ സിപിഎമ്മിന്റെ കൊലവിളി, വീക്ഷണം).

7.5. സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കര്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിക്കുന്നതില്‍ ജിതിന്‍ ഭാസ്‌കറിന് നിര്‍ണായക പങ്കുള്ളതായി അന്വേഷണസംഘം. പൊലീസ് കസ്റ്റഡിയിലുള്ള ജിതിന്‍ ഭാസ്‌കറിനെ രണ്ട് ദിവസം ചോദ്യം ചെയ്തതിലാണ് ഇത് വ്യക്തമായതെന്നും തെളിവ് നശിപ്പിക്കാനാണ് ഫോണ്‍ റീസെറ്റ് ചെയ്തതെന്നും പോലിസ് പറയുന്നു(21 ജൂണ്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കര്‍, ചന്ദ്രിക)

8. കൊട്ടിയൂര്‍ ക്ഷേത്രം

ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ മഹോത്സവമാണ് അവിടെ പ്രധാനം. ബാവലിപ്പുഴയിലെ വെള്ളം തടഞ്ഞുനിര്‍ത്തുന്ന ബാവലിക്കെട്ട് ആഘോഷച്ചടങ്ങിന്റെ ഭാഗമാണ്. ഇതിനുള്ള പാരമ്പര്യ അവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് കോട്ടയം മലബാര്‍ പൊന്നമ്പിലാത്ത് പാറപ്രവന്‍ മുസ്‌ലിം തറവാട് ഭാരവാഹികളും കര്‍ണാടക സ്റ്റേറ്റ് മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാനുമായ ടി.എ. ഷാഹിദ് തെക്കിലിന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രം സന്ദര്‍ശിച്ചു. കൂടാതെ പ്രതീകാത്മകമായി കരിങ്കല്ല് എടുത്ത് ചടങ്ങിന്റെ സ്മരണ പുതുക്കി. ക്ഷേത്രത്തിലെത്തിയ തറവാട് ഭാരവാഹികളെ കൊട്ടിയൂര്‍ ദേവസ്വം അധികൃതരും ട്രസ്റ്റി ബോര്‍ഡും ചേര്‍ന്ന് സ്വീകരിക്കുകയും, അവര്‍ ക്ഷേത്രത്തില്‍ അന്നദാന വഴിപാട് നടത്തി മടങ്ങുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ ചിലര്‍ അതിനെ വിവാദമാക്കി. ശബരിമലയിലെ വാവര്‍ പാരമ്പര്യത്തിന് സമാനമായി പുതിയൊരു അവകാശവാദം കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നായിരുന്നു ഇതിനെതിരേയുള്ള വാദം.

ഇതുസംബന്ധിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ ഏതാനും കുറിപ്പുകള്‍: 

8. 1. കൊട്ടിയൂരില്‍ വാവര്‍ വേണ്ട

കൊട്ടിയൂരില്‍ ഭക്ത ജനതിരക്കേറുന്നു. ശബരിമല വാവരെപ്പോലെ കൊട്ടിയൂരില്‍ ഒരു മതേതര അവകാശം കിട്ടിയാലെന്താ കയ്ക്കുമോ? ശബരിമലയില്‍ പോകുന്ന അയ്യപ്പ വിശ്വാസികളുടെ മനസ്സില്‍ ‘വാവര്‍ ‘ എന്ന  കെട്ട് കഥ ഉണ്ടാക്കി കുത്തി നിറച്ച പോലെ… അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വരുന്ന വരെ അര്‍ത്തുങ്കല്‍ പള്ളയില്‍ കേറ്റി മാല ഊരിച്ച് കീശ നിറക്കുന്ന പോലെ… കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ പേരിലും അവകാശ വാദം ഉന്നയിച്ചിരിക്കുന്നു… നാളെ ഞങ്ങള്‍ വെള്ളം തരുന്നതുകൊണ്ടണ് വൈശാഖ മഹോത്സവം നടക്കുന്നതെന്ന മതേതര വാഴത്തുകള്‍ നാം കേള്‍ക്കേണ്ടി വരും. ഹിന്ദുസമൂഹത്തിലെ എല്ലാവിഭാഗക്കാര്‍ക്കും അവിടെ സവിശേഷ അധികാരങ്ങളും ആചാരങ്ങളുമുണ്ട്. അതുമതി. കൊട്ടിയൂരില്‍ ഇനി  ഒരു വാവര്‍ വേണ്ട. സൂചി കൊണ്ടെടുക്കേണ്ടത് സൂചികൊണ്ടെടുക്കുക! പിന്നെ തൂമ്പയെടുക്കേണ്ടി വരരുത് (30, മെയ്, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

8.2. ഹിന്ദുവാകട്ടെ

1912 ല്‍ പ്രസിദ്ധീകരിച്ച ദക്ഷിണകാശി മാഹാത്മ്യം എന്ന പുസ്തകത്തില്‍ പോലും പണ്ട് ഏതോ ബൗദ്ധന്‍ ചെയ്തിരുന്നു എന്ന കേട്ടു കേള്‍വി മാത്രമാണുള്ളത്.

അവരും അത് ഹിന്ദു ക്ഷേത്രമാകയാല്‍ ഉപേക്ഷിച്ചു എങ്കില്‍ പിന്നെവിടുന്നു വന്നു ഈ മുസ്‌ലിം കുടുംബം? അവിടെ വാമൊഴിയായി പറയുന്നത്

ബാവലിക്കെട്ട് നടത്തിയിരുന്ന കുടുംബം ടിപ്പുവിന്റെ പടയോട്ടത്തോടെ മുസ്‌ലിങ്ങളായി എന്നും അതോടെ അവര്‍ ആ ആചാരം ഉപേക്ഷിച്ചു എന്നുമാണ്.

ഇനി ആ ആചാരം നടത്തണമെന്ന് ആ കുടുംബത്തിന് നിര്‍ബ്ബന്ധമാണെങ്കില്‍…. അവര്‍ക്ക്  പണ്ട് എന്തെങ്കിലും ആചാര പരമായ അവകാശം ഉണ്ടായിരുന്ന എന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ ഹിന്ദുവായി പരാവര്‍ത്തനം ചെയ്ത് ആ ആചാരം തുടരട്ടെ അതല്ലേ അതിന്റെ ശരി (2 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

8.3. ഹൈന്ദവ ക്ഷേത്രങ്ങള്‍ സുരക്ഷിതമല്ല

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വീഡിയോ ഷൂട്ട് നടത്തുകയും, പുഴയില്‍ നിന്ന് കല്ലുകള്‍ പെറുക്കി വെച്ച് അത് തങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യ അവകാശമാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുകയും ചെയ്ത സംഭവത്തില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശദീകരണം നല്‍കി. സ്വീകരിച്ചത് പൊലീസ് ആണെന്നാണ് ദേവസ്വം എക്‌സി. ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതേ കുറിച്ച് സമത്വഭാരതി എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ് ഇങ്ങനെ: ഈ ഭരണത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ സുരക്ഷിതമല്ല എന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുന്നു. ഈ അതിക്രമത്തിന് ഉത്തരം പറയേണ്ടത് സംസ്ഥാന ആഭ്യന്തര മന്ത്രിയാണ്. മന്ത്രി ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണമെന്ന് സമത്വ ഭാരതി സംസ്ഥാന പ്രസിഡന്റ് ശ്രീ രഞ്ജിത്ത് ഷേണായ് ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള, മന്ത്രി തലത്തില്‍ ബന്ധങ്ങളുള്ള വ്യക്തിയാണ് ക്ഷേത്ര പരിസരത്ത് അതിക്രമിച്ചുകയറി പുഴയില്‍ നിന്ന് കല്ലുകള്‍ പെറുക്കി വെക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് കുടുംബത്തിന്റെ പാരമ്പര്യ അവകാശമാണെന്നായിരുന്നു അവര്‍ പറഞ്ഞത് (5 ജൂണ്‍, ഫേസ്ബുക്ക്/ സമത്വ ഭാരതി).

8.4. ധര്‍മ്മസ്ഥല മോഡല്‍ വിവാദം

ക്ഷേത്രത്തിന്റെ ഐതീഹ്യം തന്നെ തിരുത്തി പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കര്‍ണാടകയിലെ ധര്‍മസ്ഥല മോഡലാണ് ഇതെന്നും  ചിലര്‍ വാദിച്ചു. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളുണ്ടെന്നാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ആരോപിച്ചത് (06 ജൂണ്‍, ബാവലിക്കെട്ടിലെ വെള്ളം തുറന്നുവിടാന്‍ അവകാശവാദവുമായി കര്‍ണാടകയിലെ ഷാഹിദ്; ‘വാവര്‍ എന്ന കെട്ടുകഥപോലെ, ഇതാ മറ്റൊരു പരിപാടി’യെന്ന് വിമര്‍ശിച്ച് കെ.പി ശശികല; ഐതിഹ്യം മാറ്റിയെഴുതുന്നതായി പരാതി; കൊട്ടിയൂരില്‍ ധര്‍മ്മസ്ഥല മോഡല്‍ വിവാദത്തിന് നീക്കമെന്ന് ഒരു വിഭാഗം കൊട്ടിയൂരില്‍ ധര്‍മ്മസ്ഥല മോഡല്‍ വിവാദത്തിന് നീക്കമെന്ന് ഒരു വിഭാഗം, മറുനാടന്‍ മലയാളി)

8.5. ആചാര ലംഘനത്തിന് നീക്കം

കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള ചിലരുടെ കടന്നുവരവ് ആചാരലംഘനമാണെന്ന് സംഘപരിവാര്‍ സംഘടനകള്‍: ഇത്തരത്തില്‍ ചടങ്ങിന് ഏതെങ്കിലും വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടില്ല. തങ്ങളുടെ അറിവില്‍ ക്ഷേത്രത്തില്‍ ത്തരത്തിലുള്ള ചടങ്ങുകളില്ല. ഇവരുടെ ആചാര ലംഘനം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള സംഘത്തെയും കൂടെക്കൂട്ടിയിരുന്നു. ചരിത്രകാരന്മാരെന്ന നിലയില്‍ ചിലര്‍ കൂടെയുണ്ടായിരുന്നതായും സൂചനയുണ്ട്. ബോധപൂര്‍വം ക്ഷേത്ര സങ്കേതത്തില്‍ പ്രവേശിച്ച് സമാധാനപരമായിട്ടുള്ള വൈശാഖ മഹോത്സവം അലങ്കോലപ്പെടുത്താനുമുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് ആചാര ലംഘനമെന്നാണ് സൂചന (6 ജൂണ്‍, കൊട്ടിയൂരില്‍ ആചാര ലംഘനത്തിന് നീക്കം; വ്യാപക പ്രതിഷേധം, ജന്മഭൂമി).

8.6. സംഘടിത ശക്തിയോടെ പ്രതിരോധിക്കും

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളിലൊന്നായ നീരെഴുന്നള്ളത്ത് നടക്കുന്ന ദിവസം രാവിലെ കര്‍ണാടകയില്‍ നിന്ന് ഒരു സംഘമാളുകള്‍ ബാവലിപ്പുഴയോരത്തെത്തി തങ്ങള്‍ ബാവലിക്കെട്ട് നടത്തുകയാണെന്നും പഴയകാലത്ത് ഈ ചടങ്ങ് നടത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ടതും ഉത്സവം അലങ്കോലമാക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി: ശാന്തമായി നടക്കുന്ന ഉത്സവം അലങ്കോലമാക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ അതില്‍നിന്ന് പിന്തിരിയണം. ഇല്ലെങ്കില്‍ സംഘടിത ശക്തിയോടെ പ്രതിരോധക്കരുത്ത് അവര്‍ അനുഭവിക്കേണ്ടി വരും. ഉത്സവം തകര്‍ക്കാനും സാമുദായിക മൈത്രി തകര്‍ക്കാനുമുള്ള ഗൂഢോദ്ദേശമാണ് ഇതിന് പിന്നിലുള്ളത്. വൈശാഖ മഹോത്സവ കാലത്ത് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പതിനായിരക്കണക്കിനാളുകള്‍ എല്ലാ വര്‍ഷവുമെത്താറുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ണാടകത്തില്‍ നിന്ന് പതിനായിരക്കണക്കിനാളുകളെത്തുകയാണ്. ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്താനോ മുതലെടുക്കാനോ ഉള്ള ദുരുദ്ദേശമാണോ ഈ സംഘത്തിന്റേതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു (6 ജൂണ്‍, അലങ്കോലമാക്കിയാല്‍ പ്രതിരോധക്കരുത്ത് അനുഭവിക്കേണ്ടി വരും: വത്സന്‍ തില്ലങ്കേരി, ജന്മഭൂമി).

സംഭവത്തില്‍ തുരൂഹതയുണ്ടെന്നും വല്‍സന്‍ തില്ലങ്കേരി ആരോപിച്ചു (9 ജൂണ്‍, കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനിടെ ഹിന്ദു ഇതര വിഭാഗത്തിലെ ചിലരെത്തി ബാവലിക്കെട്ട് നടത്തിയതില്‍ വന്‍ ദുരൂഹത: വത്സന്‍ തില്ലങ്കേരി, കണ്ണൂര്‍ വിഷന്‍).

9. ശരിഅത്ത് ജിം/ജിം ജിഹാദ്

പാലക്കാട് ജില്ലയിലെ പുതനഗരത്തില്‍ ശരീഅത്ത് നിയമങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു ജിം ആരംഭിച്ചു. ‘എഎസ്ബി ജിം’ എന്നാണ് സ്ഥാപനത്തിന്റെ പേര്. ജിമ്മിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍  വിദ്വേഷപ്രചാരണങ്ങളും നടന്നു. 

9.1. ഫണ്ടിങ് അന്വേഷിക്കണം

ജിമ്മിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് പോലിസില്‍ പരാതി നല്‍കി. ജിമ്മിന് പിന്നിലെ ഫണ്ടിംഗ്, ഉടമസ്ഥാവകാശം, പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുക, സംഘാടകര്‍ക്കെതിരെ കേസെടുക്കുക, ഇത്തരം വേര്‍തിരിവ് കാണിക്കുന്ന രീതികള്‍ നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളാണ് ബിജെപി നല്‍കിയ പരാതിയിലുള്ളത്. ഫിറ്റ്‌നസ് നിയമങ്ങളുടെ മറവില്‍ മതപരമായ കല്‍പനകളെ അടിസ്ഥാനമാക്കി കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ സ്ഥാപനം നടപ്പിലാക്കുന്നത്. കൃത്യമായ സമയക്രമങ്ങളോടെയുള്ള കര്‍ശനമായ സ്ത്രീ-പുരുഷ വേര്‍തിരിവ്, ജിമ്മിനുള്ളില്‍ സംഗീതം പൂര്‍ണമായും നിരോധിക്കല്‍, കര്‍ശനമായ മതപരമായ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കല്‍, സൗഹൃദപരമായ സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തല്‍ എന്നിവയാണ് ജിമ്മിലെ നിയമങ്ങള്‍. പൊതു വാണിജ്യ സ്ഥാപനങ്ങളില്‍ ഇത്തരം വേര്‍തിരിവുകള്‍ കൊണ്ടുവരുന്നത് വര്‍ഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകര്‍ച്ചയ്ക്കും കാരണമാകുമെന്നും  പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം (5 ജൂണ്‍, ‘ഫണ്ടിംഗ് അന്വേഷിക്കണം ‘പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി, ന്യൂസ്18 മലയാളം).

ജൗഹറലി എന്ന എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രചരിച്ച ഒരു പ്രൊമോഷണല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്.

10. ഇന്ത്യക്കെതിരായ ജിഹാദ്

10.1. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഡല്‍ഹിയിലെ പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി. നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 25 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.  ഇ.അബൂബക്കര്‍, പ്രൊഫ. പി.കോയ, ഇ.എം അബ്ദുറഹ്‌മാന്‍, ഒ.എം.എ സലാം, നാസറുദ്ദീന്‍ എളമരം, അനീസ് അഹമ്മദ്, എ.എസ് ഇസ്മായില്‍, അഫ്‌സര്‍ പാഷ തുടങ്ങിയവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പ്രധാന ആരോപണങ്ങള്‍: ഇന്ത്യയിലെ മതേതര ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനും 2047 ഓടെയോ അതിനുമുമ്പോ സായുധ പോരാട്ടത്തിലൂടെ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനുള്ള ഗൂഢാലോചന നടത്തി. ഇതിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്തു. ഇന്ത്യക്കെതിരായ ജിഹാദിനും അതിന്റെ ജനാധിപത്യ മതേതര സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിനും അവരെ പ്രേരിപ്പിച്ചു. ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും ഹിറ്റ് ലിസ്റ്റുകള്‍ തയ്യാറാക്കി. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയില്‍ കണ്ടെത്തിയ രേഖകള്‍ നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന സംഘടിത ഗൂഢാലോചനയെ വെളിപ്പെടുത്തുന്നു (6 ജൂണ്‍, മുന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ കോടതി കുറ്റംചുമത്തി, സുപ്രഭാതം).

11. പ്രവേശനോല്‍സവത്തിലെ അറബി ബാനര്‍

11.1. ഒന്നാം ക്ലാസിലേയ്ക്ക് അധ്യയനത്തിനെത്തിയ ഏകദേശം മൂന്നു ലക്ഷം കുട്ടികള്‍ക്കും മറ്റു കുട്ടികള്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രവേശനോല്‍സവം സംഘടിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.  മലപ്പുറത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അറബിയില്‍ എഴുത്തുള്ള ബാനറുമായി പ്രവേശനോല്‍സവം സംഘടിപ്പിച്ചു എന്നാണ് പ്രചാരണത്തിലുള്ളത്. ബാനറില്‍ പ്രവേശനോല്‍സവം എന്നെഴുതിയതിന് മുകളില്‍ വലിയ അക്ഷരത്തില്‍ അറബി ഭാഷയിലെ എഴുത്ത് കാണാം. മലയാളത്തിന് ഉപഭാഷാ സ്ഥാനവും അറബിക്ക് ഒന്നാം സ്ഥാനവും നല്‍കിയ മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂള്‍ ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: ”ഇതാണ് ഞങ്ങള്‍ടെ മതേതര മലപ്പുറം വടശേരി ദാമോദരമേനോന്‍ സതീശന്‍ ഭരിക്കുന്ന കേരളം അല്‍ : ഖേരളമായി മാറുന്ന മനോഹര കാഴ്ച പ്രധാന ഭാഷ അറബിയും ഉപഭാഷയായി മലയാളവും സ്ഥലത്തെ പ്രധാന സര്‍ക്കാര്‍ എല്‍പി സ്‌കൂളാണ് നാളെകളില്‍ ചാത്തമംഗലം ആര്‍ഇസി സ്‌കൂള്‍ പോലെ പച്ച പെയിന്റ് അടിച്ച് മതപരിവര്‍ത്തനം നടത്തി ല്ലെന്നാര് കണ്ടു…. പൊളിറ്റിക്കല്‍ ഇസ്ലാം വിഴുങ്ങുന്ന മതേതര ഖേരളത്തിന് ആശംസകള്‍”

ഫാക്റ്റ് ക്രെസെന്റോ എന്ന വെബ്‌സൈറ്റ് ഇത് പരിശോധിച്ചു. അവരുടെ റിപ്പോര്‍ട്ടില്‍നിന്ന്: 

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ മറക്കരയിലുള്ള കീഴ്മുറി എ.എം.പി.എല്‍പി സ്‌കൂളാണ് ഇത്. അവരുടെ വെബ്‌സൈറ്റില്‍ ഈ ചിത്രമുണ്ട്. അവകാശപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായി ഇതൊരു സര്‍ക്കാര്‍ സ്‌കൂളല്ല, പ്രൈവറ്റ് എയിഡഡ് സ്‌കൂളാണ്. 1936 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ സുലൈമാന്‍ ഹാജിയാണ്. പ്രവേശനോല്‍സവത്തോടനുബന്ധിച്ച് പല ഭാഷയിലുള്ള പലതരം ബാനറുകള്‍ സ്‌കൂളിലുണ്ടായിരുന്നു. അതിലൊരെണ്ണം മാത്രമെടത്ത് പ്രചാരണം നടത്തുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു (3 ജൂണ്‍, മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനോല്‍സവത്തിന് അറബി എഴുത്തുള്ള ബാനര്‍..? പ്രചരണത്തിന്റെ സത്യമിങ്ങനെ…, വാസുകി എസ്, ഫാക്ട് ക്രെസെന്റോ).

12. നുഴഞ്ഞുകയറിയ ബംഗ്ലാദേശികള്‍

12.1. ഇതര സംസ്ഥാനത്തുനിന്ന് വരുന്ന തൊഴിലാളികള്‍ക്കിടയില്‍ ബംഗ്ലാദേശികളുണ്ടെന്ന ആക്ഷേപം പുതിയതല്ല. മുന്‍കാലങ്ങളിലും അതുണ്ടായിട്ടുണ്ട്. ഈ മാസം ഇതേ വാദം മാധ്യമങ്ങളില്‍ ഇടംപിടിച്ചു: 

അതിഥിത്തൊഴിലാളികള്‍ക്കൊപ്പം കേരളത്തിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ കണ്ടെത്താന്‍ പോലിസ് ഊര്‍ജിത നടപടി ആരംഭിച്ചു. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലും കര്‍ശന നടപടിക്കു തുടക്കമിട്ടത്. അനധികൃതമായി രാജ്യത്തു കടന്നിട്ടുള്ള ബംഗ്ലാദേശികള്‍ വന്‍ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് കേന്ദ്രം കരുതുന്നത്. സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗമാണു (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. ബംഗ്ലാദേശികളെ തിരഞ്ഞു കണ്ടെത്തി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ശേഷം വിദേശകാര്യമന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയാണു ചെയ്യുക. പിടിയിലാകുന്നവര്‍ തീവ്രവാദബന്ധമോ മറ്റു കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ഉള്ളവരാണോ എന്നു കണ്ടെത്താന്‍ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് അഭയം, സഹായം, തൊഴില്‍ എന്നിവ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട് (6 ജൂണ്‍, നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ കണ്ടെത്താന്‍ പൊലീസ് രംഗത്ത്, മലയാള മനോരമ).

വ്യാജരേഖകളുമായി താമസിക്കുന്നവരെന്ന് ആരോപിച്ച് കൊട്ടാരക്കരയില്‍ നിന്ന് 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ ബംഗ്ലാദേശികളാണെന്നാണ് പോലിസ് പറയുന്നത്. അഞ്ചു പുരുഷന്‍മാരും രണ്ടു സ്ത്രീകളും മൂന്നുകുട്ടികളുമടങ്ങുന്നതാണ് സംഘം. മിലിട്ടറി ഇന്റലിജന്‍സ്, എ.ടി.എസ്, കേരള പൊലീസ് സംയുക്തമായാണ് പരിശോധന നടത്തിയത് (9 ജൂണ്‍, വ്യാജരേഖയുമായി താമസിച്ച 10 ബംഗ്ലാദേശികള്‍ അറസ്റ്റില്‍, കേരള കൗമുദി).

12.2. ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നു

കേരളത്തിലേക്ക് ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ജന്മഭൂമി ലേഖനം: 

കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും തുടങ്ങി. എത്തുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള രോഹിങ്ക്യകളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിര്‍ത്തി കടന്ന് വ്യാജരേഖകളുമായി ഭാരതത്തില്‍ എത്തുന്നവരാണ് ഇവര്‍. അസമിലും ബംഗാളിലും വ്യാജരേഖകളുമായി ഒരു കൂട്ടം ബംഗ്ലാദേശികളാണ് താമസിക്കുന്നത്. അവിടെ സര്‍ക്കാര്‍ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് പകരം സുരക്ഷിത താവളങ്ങള്‍ തേടി കോണ്‍ഗ്രസോ കോണ്‍ഗ്രസ് സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ ചേക്കേറുകയായിരുന്നുവെന്നാണ് ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലേക്കും ഇവരുടെ വലിയ തോതിലുള്ള കുടിയേറ്റം നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരും പരിസര പ്രദേശങ്ങളുമാണ് ഇവരുടെ പ്രധാന ലക്ഷ്യസ്ഥാനം. കേരളത്തിലെത്തിയ ഇവരില്‍ പലരും ബംഗ്ലാദേശികളാണെന്ന് ഒപ്പം ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെ രഹസ്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് പ്രാദേശിക ജനവിഭാഗങ്ങള്‍ക്കിടയിലും സുരക്ഷാ ഏജന്‍സികള്‍ക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട് (10 ജൂണ്‍, ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക, ശശി പെരുമ്പടപ്പില്‍, ജന്മഭൂമി).

13. പുസ്തക ചോരണവിവാദവും ലൗ ജിഹാദും

13.1. കെ.ആര്‍ മീരയുടെ കല്ലാച്ചി, ഹരിത സാവിത്രിയുടെ സിന്‍ എന്നീ നോവലുകള്‍ പരസ്പരം സാഹിത്യചോരണം ആരോപിച്ചത് വിവാദമായി. ഇതേ കുറിച്ച് ഹിന്ദു ഐക്യവേദിയുടെ നേതാവ് ശശികല ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്: 

ഒരു സംശയം,  ജിഹാദികള്‍ ഒരേ പണി രണ്ട് കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പരസ്പരം അറിയിക്കാതെ ഒപ്പം  കൊടുത്തതായിരിക്കുമോ രണ്ടാളുടേയും നോവലിന്റെ തീം ഒന്നാകാന്‍ കാരണം? ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ തങ്ങളുടെ കാമുകന്മാരെ തിരക്കി, അന്താരാഷ്ട്ര അതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട്  നടത്തുന്ന യാത്രയുടെ കഥയാണ് ഈ നോവലുകള്‍. അതായത് പ്രണയത്തിനു വേണ്ടി, പ്രണയം കാരണം, പെണ്‍കുട്ടികള്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട്, യുദ്ധബാധിത പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക്, ഞങ്ങള്‍ക്ക് യാതൊരു മുന്‍ പരിചയവും ഇല്ലാത്ത ദേശങ്ങളിലേക്ക്, വേണ്ടിവന്നാല്‍ യാത്ര ചെയ്യും.. അതൊരു സാധാരണ സംഭവം മാത്രമാണ് എന്നുള്ള സാമാന്യവല്‍ക്കരണം, ഈ നോവലുകള്‍ ചെയ്യുന്നുണ്ട്. ഐഎസിന്റെ സിറിയയിലേക്ക്! ഐഎസിന്റെ ഇറാക്കിലേക്ക്! താലിബാന്റെ അഫ്ഗാനിസ്ഥാനിലേക്ക് ! ലൗ ജിഹാദിന്റെ ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍  കടത്തപ്പെട്ട അഥവാ പുറപ്പെട്ടുപോയ കേരളത്തില്‍ നിന്നുകൊണ്ട്,  അത്തരം അന്താരാഷ്ട്ര യാത്രകളെ സാമാന്യവല്‍ക്കരിക്കുന്ന രീതിയില്‍ നോവലുകള്‍ എഴുതുന്നത് ദുരുദ്ദേശപരമാണ്.. കേരളത്തില്‍നിന്ന് ലൗ ജിഹാദിന്റെ ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ സിറിയയിലേക്ക് ഇറാക്കിലേക്ക് പോയതിനെ സാമാന്യവല്‍ക്കരിക്കുവാന്‍ വേണ്ടി എഴുതപ്പെട്ടതാണോ ഈ രണ്ട് നോവലുകളും എന്ന കാര്യമാണ് പരിശോധിക്കപ്പെടേണ്ടത്..? പ്രത്യേകിച്ച് അതില്‍ കെ ആര്‍ മീരയുടെ ചുവപ്പിന് പച്ചനിറം കൂടുതലാകുന്ന സാഹചര്യത്തില്‍…!വിലക്കെടുക്കപ്പെട്ട നാവുകളും തൂലികകളുമാണല്ലോ ഇവിടുത്തെ മതേതരത്വ’ത്തിന്റെ ഊന്നുവടകള്‍ (7 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

ജനം ടിവി നടത്തിയ ചർച്ച

14. അതിഥി ഭീകരര്‍

14.1. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ഒരു യുവാവിനെ പത്തനംതിട്ടയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇസ് ലാമിക് സ്‌റ്റേറ്റ് ആണെന്നാണ് ജന്മഭൂമി ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ എഴുതിയത്. എഡിറ്റോറിയലില്‍നിന്ന്: അതിഥി തൊഴിലാളി എന്ന വ്യാജേന പത്തനംതിട്ട ജില്ലയില്‍ അഞ്ച് വര്‍ഷത്തോളമായി ജ്വല്ലറി പണികളില്‍ ഏര്‍പ്പെട്ടിരുന്ന ജുവല്‍ കിങ് എന്ന ബംഗാളി യുവാവ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന് തിരിച്ചറിഞ്ഞ സംഭവം കേരളം നേരിടുന്ന വലിയ സുരക്ഷാ ഭീഷണിയാണ് വ്യക്തമാക്കുന്നത്. ബംഗാളില്‍ അധികാരമേറ്റ പുതിയ ബി.ജെ.പി സര്‍ക്കാര്‍ അനധികൃത ബംഗ്ലാദേശികളെ തിരിച്ചുയക്കുന്നതിനിടെയാണ് ഇയാള്‍ ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ പ്രൊഫൈലില്‍ എ.കെ 47 തോക്കേന്തി ‘ഐ ലവ് ബംഗ്ലാദേശ്’ എന്ന് ആക്രോശിക്കുന്ന ചിത്രങ്ങളും, പാര്‍ലമെന്റും പാര്‍ലമെന്റ് പരിസരവും പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. താന്‍ ബംഗാള്‍ സ്വദേശിയാണെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടും ജിഹാദി ശക്തികളെ പ്രീതിപ്പെടുത്താനും വേണ്ടി അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ ആര്‍ക്കും കേരളത്തില്‍ വരാവുന്ന സ്ഥിതിയുണ്ടാക്കി. യു.ഡി.എഫ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമാണ്. കേരളം കടുത്ത ജാഗ്രത പാലിക്കണം. കേന്ദ്ര ഏജന്‍സികളുടെ ശക്തമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണം (13 ജൂണ്‍, അതിഥി ഭീകരരെ കരുതിയിരിക്കണം, ജന്മഭൂമി).

15. മതം മാറാന്‍ 100 കോടി

15.1. മതം മാറാന്‍ ഒരു പ്രമുഖനടിക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് സംവിധായകന്‍ വിജി തമ്പി. മുന്‍പ് പറഞ്ഞതുതന്നെയാണ് വിജി തമ്പി ആവര്‍ത്തിച്ചത്. കമല സുരയ്യക്ക് അന്നത്തെ കാലത്ത് മതം മാറിയതിന് 20 കോടി ലഭിച്ചിരുന്നുവെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞു. നടിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ‘കൃത്യമായ പേരും ഇടപാടുകളും മനസിലാക്കി തന്നെയാണ് പറയുന്നത്. ആ വ്യക്തിയെ എനിക്കറിയാം, അവര്‍ക്കും എന്നെ അറിയാം. അതിനാല്‍ പേര് പുറത്തുപറയുന്നില്ല,’ 

മാധവിക്കുട്ടിയെ കമല സുരയ്യ ആക്കിയത് കേരളത്തിലെ ‘ലൗ ജിഹാദി’ന്റെ തുടക്കമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്ന് മറുപടി നല്‍കിയ അദ്ദേഹം, ഇതിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെട്ടതെന്നും പറഞ്ഞു. ‘ഏകദേശം 20 കോടി രൂപയോളം അക്കാലത്ത് മുടക്കിയാണ് മാധവിക്കുട്ടിയെ മാറ്റിയെടുത്തത്. അവരെപ്പോലെ ലോകമറിയപ്പെടുന്ന ഒരു സാഹിത്യകാരിയെ ഒരു ‘ഐക്കണ്‍’ ആക്കി മാറ്റാനാണ് ശ്രമിച്ചത്. മറ്റുള്ളവരെ ഇതിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ജീവിതത്തില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു അതെന്ന് മരണത്തിന് മുന്‍പ് മാധവിക്കുട്ടി പത്രപ്രവര്‍ത്തകയായ ലീലാ മേനോനോട് പറഞ്ഞിരുന്നു. അവര്‍ ആ തീരുമാനത്തില്‍ പിന്നീട് പശ്ചാത്തപിച്ചു. ‘ലൗ ജിഹാദ്’ എന്നൊന്ന് നിലവിലുണ്ട്. കോടിക്കണക്കിന് രൂപ ഇതിനായി ഒഴുകുന്നുണ്ട്. 2047ല്‍ ഭാരതത്തെ ഒരു ഇസ്‌ലാമിക രാജ്യമാക്കി മാറ്റുമെന്ന് പറയുന്നവര്‍ ഇവിടെയുണ്ട്. ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കാനാണ് ഇത്തരം ഐക്കണുകളെ സൃഷ്ടിക്കുന്നത്. ഹിന്ദുക്കള്‍ പലപ്പോഴും തങ്ങളുടെ മതത്തില്‍ അഭിമാനം കൊള്ളാത്തതുകൊണ്ടാണ് ‘ലൗ ജിഹാദ്’ പോലെയുള്ള അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത്. മറ്റ് മതസ്ഥരെപ്പോലെ ഹിന്ദുക്കള്‍ സ്വാഭിമാനമുള്ളവരായി മാറണം. തങ്ങളുടെ സംസ്‌കാരം അടുത്ത തലമുറയെ പഠിപ്പിക്കണം – അദ്ദേഹം പറഞ്ഞു (9 ജൂണ്‍, ശീര്‍ഷകമില്ല, ദര്‍ശന ടിവി ഫേസ്ബുക്ക്, മൂവി വേള്‍ഡ്)

16. ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം

16.1. ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഹിന്ദു പ്രൊട്ടക്ഷന്‍ ഫോറം അത് ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടമാണെന്ന് ആരോപിച്ചു: മുഹമ്മദ് എന്ന ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്നും കാണിച്ചു കൂട്ടിയ പിതൃശൂന്യത ഹിന്ദു സമൂഹം കണ്ണു തുറന്നു കാണുക… മുഹമ്മദ് എന്ന പേര് ചോദ്യ പേപ്പറില്‍ ചേര്‍ത്ത കാരണത്താല്‍ ഒരു പ്രൊഫസറുടെ കൈപ്പത്തി വെട്ടി മാറ്റിയ കേരളത്തിലാണ് ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂര്‍ത്തിയായ ശ്രീകൃഷ്ണനെ പരസ്യമായി ഒരു കോയാ നിന്ദിച്ചത് എന്നത് നിസ്സാരമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ വിഷു ആശംസകളുടെ മറവില്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ മനപ്പൂര്‍വ്വം നിന്ദിച്ച് കലാപം ഉണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയ കേരളത്തിലെ ജിഹാദി കോയമാര്‍ ദൈവ നിന്ദ ഇനിയും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നത് ഗൂഢ ഉദ്ദേശ്യത്തോട് കൂടി തന്നെയാണ് എന്നത് സംശയാതീതമായ കാര്യമാണ്. കൃത്യമായ പ്രതികരണം ഹിന്ദു സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ല എങ്കില്‍ സമീപ ഭാവിയില്‍ ഹിന്ദു സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ ഇവര്‍ ഭീഷണിയായി മാറും… ഹിന്ദു സംഘടനകളുടെ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണ് (9 ജൂണ്‍, ഫേസ്ബുക്ക്/ ഹിന്ദു പ്രൊട്ടക്ഷന്‍ ഫോറം)

മുഹമ്മദിന്റെ ഫെയിസ് ബുക്ക് ഐഡി കണ്ടെത്താനായില്ല. ഇത് ഫേക്ക് ഐഡിയാണെന്ന് ചിലര്‍ കമന്റില്‍ സൂചിപ്പിച്ചു. 

17.  ‘ജിഹാദി കമ്മ്യൂണിസ്റ്റ് ‘

17.1. ‘വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും’ എന്ന പേരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സെമിനാറില്‍ കെഇഎന്നിനെ പങ്കെടുപ്പിക്കുന്നത്തിനെതിരെ പേരാമ്പ്ര സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ അര്‍ജുന്‍ മാഷ് എന്നയാള്‍ സിപിഎം നേതാക്കള്‍ അടക്കമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായി: ‘നമ്മള്‍ എന്തിന് സ്‌പെയ്‌സ് കൊടുക്കണം, നമ്മുടെ സംഘടനാ സഖാക്കള്‍ പണി എടുത്ത് ആളുകളെ എത്തിച്ച് ഇയാള്‍ക്ക് കേള്‍വിക്കാരെ ഉണ്ടാക്കണോ? നമുക്ക് എന്താണ് സംസാരിക്കാന്‍ ആളുകളില്ലേ? ഇയാളൊക്കെ തിരിഞ്ഞ് കുത്തും (9 ജൂണ്‍, നമ്മള്‍ എന്തിന് സ്‌പെയ്‌സ് കൊടുക്കണം, ഇയാളൊക്കെ തിരിഞ്ഞ് കുത്തും, കെഇഎന്നിനെതിരെ സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം, മീഡിയ വണ്‍ ഓണ്‍ലൈന്‍)

മെസേജ് വന്നത് സിപിഎമ്മിലെ പ്രധാന നേതാക്കളടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിലാണ്.

മീഡിയ വൺ വാർത്തയുടെ പോസ്റ്റർ

പ്രതികരണവുമായി കെഇഎന്‍

മെസേജിന്റെ സ്‌ക്രീന്‌ഷോട്ട് കെഇഎന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കി. ജനാധിപത്യത്തിന്റെ അകത്തളങ്ങളിലും ആര്‍എസ്എസ് കളി തുടങ്ങുന്നുവോ എന്നായിരുന്നു സ്്ക്രീന്‍ഷോട്ടിനൊപ്പമുള്ള പ്രതികരണം(9 ജൂണ്‍, ഫേസ്ബുക്ക്/ കെഇഎന്‍ കുഞ്ഞുമുഹമ്മദ്)

കമന്റ് ഇട്ടത് പേരാമ്പ്രക്കാരനായ അര്‍ജുനന്‍മാഷാണെന്ന് പിന്നീട് കെഇഎന്‍ തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി (12 ജൂണ്‍, ഫേസ്ബുക്ക്/ കെഇഎന്‍ കുഞ്ഞുമുഹമ്മദ്). ഈ പോസ്റ്റിനൊപ്പം അര്‍ജുനന്‍ മാഷ് തനിക്കയച്ച കുറിപ്പും പങ്കുവച്ചിരുന്നു. ആര്‍എസ്എസ്സുകാര്‍ ജിഹാദി കമ്മ്യൂണിസ്റ്റെന്നാണ് തന്നെ വിളിക്കുന്നതെന്ന്  അര്‍ജുനന്‍ മാഷ്  പറഞ്ഞു. 

17.2. മീഡിയ വണിനെതിരേ അര്‍ജുനന്‍ മാസ്റ്റര്‍

അര്‍ജുനന്‍ മാസ്റ്ററുടെ പ്രതികരണം ആ സമയത്തുതന്നെ മീഡിയ വണ്‍ വാര്‍ത്തയാക്കിയിരുന്നു. കെഇഎന്നുള്ള വിശദീകരണത്തില്‍ ഇക്കാര്യവും സ്പര്‍ശിച്ചിരുന്നു. പാര്‍ട്ടിയെ കൊത്തിവലിക്കുന്ന യൂദാസാണ് താനെന്നും മീഡിയ വണ്‍ പാര്‍ട്ടിയെ സംഘിവല്‍ക്കരിക്കുന്നുവെന്നും അര്‍ജുനന്‍ മാസ്റ്റര്‍ അതില്‍ കുറ്റപ്പെടുത്തുന്നുണ്ട്: ഞാനൊരു ആര്‍എസ്എസ്സുകാരനൊന്നുമല്ല മാഷേ, എന്റെ നാട്ടിലെ ആര്‍എസ്എസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാനൊരു ‘ ജിഹാദി കമ്മ്യൂണിസ്റ്റ് ആണ് ‘, ന്യൂനപക്ഷ പ്രീണനം നടത്തുന്ന ആളാണ് ‘. ഇന്നലെയൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാഷ് ഞാനൊരു വിഷയം ചോദിച്ചു. ‘ ഡിവൈഎഫ്‌ഐ പരിപാടിയില്‍ കെഇഎന്നെ പങ്കെടുപ്പിക്കണോ, പിന്നില്‍ നിന്നു കുത്ത് വീഴുമോ എന്നതായിരുന്നു വിഷയത്തിന്റെ സാരാംശം ‘. ഇടതുപക്ഷത്തിന് വേണ്ടി സംസാരിക്കുന്ന സാംസ്‌കാരിക നായകരെല്ലാം വഴി തെറ്റി, വ്യക്തി താല്പര്യങ്ങള്‍ക്കും വലതു പക്ഷെ ജീര്‍ണ്ണതയിലേക്കും പോകുന്നത് ഒന്നു രണ്ട് ഘട്ടങ്ങളില്‍ കണ്ടത് കൊണ്ടായിരുന്നു അത്തരമൊരു വിഷയം ഗ്രൂപ്പില്‍ ചോദിച്ചത്! ചോദ്യം ചോദിക്കുന്ന ഘട്ടത്തില്‍ മാഷ് എന്താണെന്ന് ധാരണയില്ലാത്ത പ്രശ്‌നവുമുണ്ടായിരുന്നു. ചോദ്യത്തിന് ശേഷം രണ്ടു സഖാക്കള്‍ കാര്യങ്ങള്‍ ക്ലിയര്‍ ചെയ്തതുമായിരുന്നു. പക്ഷേ ഇന്ന് ആ സ്‌ക്രീന്‍ ഷോട്ട് മാഷിന്റെ കയ്യില്‍ എത്തി. മാഷ് അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. മാനസികമായ് അത്രയും പ്രയാസം നേരിട്ടത് കൊണ്ടുള്‍പ്പെടെ ആവണം അത് സംഭവിച്ചത്. മീഡിയ വണ് അത് വാര്‍ത്തയാക്കി.’ മാഷ് മുസ്‌ലിം നാമധാരിയായതിനാല്‍ മാഷേ അരികുവത്കരിക്കുന്നു എന്ന നിലയില്‍ നരേറ്റീവ് ആയി. ഞാന്‍ കാരണം ഇപ്പോള്‍ എന്റെ പാര്‍ട്ടിയും പ്രതിസന്ധിയില്‍ ആകപ്പെട്ടു. പാര്‍ട്ടിയെ പൂര്‍ണമായും സംഘിവത്കരിക്കുകയാണ് മീഡിയ വണ്‍. പാര്‍ട്ടിയെ വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ക്ക് കൊത്തി വലിക്കാന്‍ ഇട്ടു കൊടുത്ത യൂദാസ് ആണിപ്പോള്‍ ഞാന്‍…ഗതികേട് (12 ജൂണ്‍, ഫേസ്ബുക്ക്/ കെഇഎന്‍ കുഞ്ഞുമുഹമ്മദ്).

അര്‍ജുനന്‍ മാസ്റ്ററുടെ കുറിപ്പിലെ  ജിഹാദി കമ്മ്യൂണിസ്റ്റ് എന്ന വാക്കിനെക്കുറിച്ച് കെഇഎന്‍ തന്റെ കുറിപ്പില്‍ ഒരു വിശദീകരണം നല്‍കി: 

‘ജിഹാദി കമ്മ്യൂണിസ്റ്റ് ‘ എന്നത് മോശം വാക്കല്ല. ആഴത്തിലറിഞ്ഞാല്‍ അതൊരു ഗംഭീരമായ വിശേഷണമാണ്. ചരിത്രബോധം കുറഞ്ഞവര്‍ക്കും ‘അറബിവാക്കുകള്‍’ അപകടകരമാണെന്ന് കരുതുന്നവര്‍ക്കും ഒരു തൊപ്പി കണ്ടാല്‍ പോലും തല കറങ്ങുന്നവര്‍ക്കും ‘ഇപ്പോള്‍’ അത് മനസ്സിലാവുകയില്ല! (12 ജൂണ്‍, ഫേസ്ബുക്ക്/ കെഇഎന്‍ കുഞ്ഞുമുഹമ്മദ്).

17.3. ‘പുകസയിലെ ബിന്‍ലാദന്മാര്‍

കെഇഎന്നിനെതിരേയുള്ള ആക്രമണങ്ങളെ അപലപിച്ച് പുരോഗമന കലാസാഹിത്യസംഘം പ്രസ്താവന പുറപ്പെടുവിച്ചു. ദുഷ്ടലാക്കോടെ കെഇഎന്നെ ഒരു മതവാദിയും അപരനുമായി ദുര്‍വ്യഖ്യാനം ചെയ്യാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉണ്ടാവുന്നതായി കാണുന്നുവെന്നും അത്തരം ശ്രമങ്ങളെ അപലപിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. 

കൂട്ടത്തില്‍ കെഇഎന്നെ പുകസയിലെ ബിന്‍ലാദന്‍ എന്ന് വിളിച്ചവരെക്കുറിച്ചും സൂചിപ്പിച്ചു: മതനിരപക്ഷതയുടെ ഏറ്റവും ശക്തനായ വക്താവ് എന്ന നിലയില്‍ കെഇഎന്‍ നേരത്തേയും ആക്രമിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ ഓര്‍ക്കുന്നു. നേരത്തേ ചില അതിവിപ്ലവഗ്രൂപ്പുകളില്‍ നിന്ന് ‘പുകസയിലെ ബിന്‍ലാദന്മാര്‍’ എന്ന ആക്ഷേപത്തിന് അദ്ദേഹം വിധേയനായി. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിനെതിരെ തിരിഞ്ഞ ഒട്ടുമിക്കപേരുടേയും ആക്ഷേപത്തിന് കെഇഎന്‍ ശരവ്യനായിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ‘അധിനിവേശ പ്രതിരോധസമിതി’ ഉണ്ടാക്കി വിഭാഗിയനീക്കം നടത്തിയവര്‍ കെഇഎന്നെ ആക്ഷേപിച്ച് അവരുടെ ആശയപരമായ പാപ്പരത്തം പ്രകടിപ്പിച്ചിട്ടുണ്ട് (13 ജൂണ്‍, ഫേസ്ബുക്ക്/ കെ.ടി കുഞ്ഞിക്കണ്ണന്‍)

എന്നാല്‍ അധിനിവേശപ്രതിരോധ സമിതിയുടെ അക്കാലത്തെ നേതാവ് ആസാദ് ഈ ആരോപണം നിഷേധിച്ചു (14 ജൂണ്‍, ഫേസ്ബുക്ക് / ആസാദ്).

18. ആസിഫ് കെ. യൂസുഫും ലീഗും

18.1. 2015ല്‍ ഐഎഎസ് ലഭിച്ച ആസിഫ് കെ യൂസഫ് തെറ്റായ വരുമാനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയെന്ന ആരോപണം നേരിടുന്നയാളാണ്. അദ്ദേഹത്തിനെതിരേ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. നിലവില്‍ കേസ് കോടതിയിലാണ്. അദ്ദേഹം കേരള കേഡറില്‍ ജോലി ചെയ്യുന്നുമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആസിഫിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. ഇതിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ സര്‍ക്കാരില്‍ നിവേദനവും അയച്ചു. ഒടുവില്‍ ആസിഫിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. 

18.2. ഇതേ കുറിച്ച് ജന്മഭൂമി വാര്‍ത്ത ലീഗുമായി യൂസുഫിനെ ചേര്‍ത്തുവച്ചായിരുന്നു: 

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി നടത്തിയ  നിയമനം രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വ്യാജരേഖ ചമച്ചെന്ന് വിജിലന്‍സും സര്‍ക്കാരും കണ്ടെത്തിയ ഒരാളെ മുസ്‌ലിം ലീഗ് പ്രതിനിധിയായ പൊതുവിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റ ഉടന്‍ തന്നെ വകുപ്പിന്റെ തലപ്പത്ത് നിയമിക്കാന്‍ എങ്ങനെ അനുവാദം നല്‍കി എന്ന ചോദ്യമുയരുന്നു. നിശ്ചയിച്ചത് ഈ സര്‍ക്കാറിന്റെ കടുത്ത ജാഗ്രതക്കുറവാണ് (26 മെയ്, ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്, ജന്മഭൂമി).

18.3. ജൂണ്‍ 11ാം തിയ്യതിയോടെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയെന്ന് വാര്‍ത്ത പുറത്തുവന്നു. ഇത് ധാര്‍മികതയുടെ വിജയമാണെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിനെ ഉദ്ധരിച്ച് ജനംടിവി വാര്‍ത്ത:  

പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ അപ്രധാന വകുപ്പുകളിലായിരുന്നു നിയമിച്ചിരുന്നത്. പക്ഷേ വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് ഏറ്റെടുത്തതിനുശേഷം ആളെ നിയമിച്ചുകൊണ് ഉത്തരവിറക്കി. ഇതിനെതിരെ ആദ്യം രംഗത്തെത്തിയത് വിശ്വഹിന്ദു പരിഷത്താണ്. നിയമം തെറ്റായ സന്ദേശം നല്‍കുന്നതാണ്. നടപടി ധാര്‍മികവുമല്ല (10 ജൂണ്‍,  പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആസിഫ് കെ യൂസഫിനെ മാറ്റിയത് ധാര്‍മികതയുടെ വിജയം: വിഎച്ച്പി, ജനം ടിവി)

19. കമാലുദ്ദീന് ശേഷം പൂക്കുട്ടിയിക്ക?

19.1. റസൂല്‍ പൂക്കുട്ടിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ജൂണ്‍ മാസത്തില്‍ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടു. അതിനുശേഷം ജനംടിവി മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്: 

കമാലുദ്ദീന് ശേഷം പൂക്കുട്ടിയിക്ക?? ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് യോഗ്യതയുള്ളവരെ തന്നെ ഇരുത്തിയതില്‍ വിജയന്‍ സര്‍ക്കാരിന്  അഭിമാനിക്കാം?? ആബാലവൃദ്ധം മലയാളികളുടെ മനം കുളിര്‍പ്പിക്കുന്ന ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ തത്തിക്കളിക്കുകയാണ്?? റീലന്മാര്‍ക്ക് ചാകര?? മലയാളി പ്രബുദ്ധതയുടെ മകുടോദാഹരണം?? എന്തരോ എന്തോ?? (12 ജൂണ്‍, ഫേസ്ബുക്ക്/ അനില്‍ നമ്പ്യാര്‍)

ഈ പോസ്റ്റില്‍ കമന്റിട്ട പലരും റസൂല്‍ പൂക്കുട്ടിയെ സുഡാപ്പി എന്നാണ് വിശേഷിപ്പിച്ചത്.

അനിൽ നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റ്

20. ഇസ്ലാം വിരോധം പ്രചരിപ്പിക്കുന്നു

20.1. ലബനനിലെ ടൈര്‍ നഗരത്തിലുള്ള അറബി ബോര്‍ഡിലെ വാചകങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്നും ചിത്രത്തിലുള്ളത് ഭീകരവാദികളാണെന്നും ആരോപിച്ച് യുക്തിവാദി സി. രവിചന്ദ്രന്‍ ഒരു വീഡിയോ പുറത്തുവിട്ടു. വീഡിയോയിലെ വാദങ്ങള്‍ തെറ്റാണെന്ന് രാഷ്ട്രീയ-പശ്ചിമേഷ്യന്‍ വിഷയങ്ങളുടെ നിരീക്ഷകനായ സജി മാര്‍ക്കോസ് വാദിച്ചു. ഫേസ്ബുക്കിലാണ് ഇതുസംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവച്ചത്: യുക്തിവാദി സി. രവിചന്ദ്രന്‍ തന്റെ വീഡിയോയിലൂടെ വസ്തുതാവിരുദ്ധവും വംശീയവുമായ അസംബന്ധങ്ങളാണ് പ്രചരിപ്പിക്കുന്നത്. വര്‍ഷങ്ങളായി വൈദേശിക ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും ഭീതിയില്‍ കഴിയുന്ന ലബനനിലെ തെക്കന്‍ പട്ടണങ്ങളിലെ കവാടങ്ങളില്‍ ഇത്തരം കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് സ്വാഭാവികമാണ്. ഈ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് യാതൊരുവിധ മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളുമല്ല, മറിച്ച് അധിനിവേശത്തിനെതിരെയുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. ‘പ്രതിരോധത്തിന്റെ തെക്കന്‍ മേഖലയിലൂടെ, ലെബനന്‍ അപമാനത്തില്‍ നിന്നും കീഴടങ്ങലില്‍ നിന്നും അധഃപതനത്തില്‍ നിന്നും മുക്താമായി നിലകൊള്ളും’ എന്നാണ് ആ അറബിക് വാചകത്തിന്റെ കൃത്യമായ അര്‍ത്ഥം. ലെബനനിലെ ജനങ്ങളുടെ മാതൃഭാഷ അറബിയായതിനാലാണ് അത് ആ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്നത്.

21. ഇറാന്‍ ഫാന്‍സ്

21.1. ഇറാനെതിരേയുള്ള യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളില്‍ പലരും ഇറാനെയാണ് പിന്തുണച്ചത്. ഇറാന്‍ ഫാന്‍സ് പെരുകുന്നതില്‍ നിഗൂഢതയുണ്ടെന്ന് ആരോപിച്ച് രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചതായി മറുനാടന്‍ മലയാളി: കേരളത്തില്‍ അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളില്‍ ‘ഇറാന്‍ ഫാന്‍സ്’ എന്ന പേരില്‍ വലിയ രീതിയിലുള്ള കൂട്ടായ്മകളും പേജുകളും രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ ഫുട്‌ബോള്‍ ലോകകപ്പ് പോലുള്ള കായിക മാമാങ്കങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഫാന്‍സ് ഉണ്ടാകാറുണ്ടെങ്കിലും, നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇറാന് വേണ്ടി പെട്ടെന്നുണ്ടായ ഈ ജനപ്രീതിക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഭൗമരാഷ്ട്രീയ നിലപാടുകളും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, യുവാക്കളെ ലക്ഷ്യമിട്ട് ഇത്തരം പേജുകളിലൂടെ കൃത്യമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇതിന് പിന്നില്‍ ഏതെങ്കിലും വിദേശ ഏജന്‍സികളുടെ സാമ്പത്തിക സഹായമോ കൃത്യമായ ആസൂത്രണമോ ഉണ്ടോ എന്ന കാര്യത്തിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇത്തരം കൂട്ടായ്മകളുടെ അഡ്മിന്‍മാരെയും അവരുടെ ഡിജിറ്റല്‍ ഇടപാടുകളെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തീരുമാനം (13 ജൂണ്‍, കേരളത്തില്‍ ‘ഇറാന്‍ ഫാന്‍സ്’ പെട്ടെന്ന് പെരുകുന്നതിന് പിന്നില്‍ നിഗൂഢതയോ? അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം, മറുനാടന്‍ മലയാളി).

22. വന്ദേമാതരം ഒഴിവാക്കിയെന്ന്

22.1. കോഴിക്കോട് കോര്‍പ്പറേഷനും തിരുവനന്തപുരം ‘പാട്ടിന്റെ കൂട്ടുകാരും’ സംയുക്തമായി സ്വാതന്ത്യദിനത്തില്‍ 10,000 ഗായകര്‍ ഒരുമിച്ച് ദേശഭക്തി ഗാനം ആലപിക്കുന്ന ‘കേരളം പാടുന്നു ദേശത്തിനായി’ പരിപാടിയില്‍ വന്ദേമാതരം ആലപിച്ചില്ലെന്ന് ജന്മഭൂമി. ദേശീയഗാനവും സാരേ ജഹാംസേ അച്ഛാ… എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനവുമാണ് പരിപാടിയില്‍ ആലപിച്ചത്. ദേശീയഗീതമായ വന്ദേമാതരം ദേശീയഗാനത്തിന് മുമ്പ് പൂര്‍ണ്ണമായും ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വന്ദേമാതരം ഒഴിവാക്കിയതെന്ന് ജന്മഭൂമി അവകാശപ്പെടുന്നു. തിരുവനന്തപുരം കേന്ദ്രമായുള്ള സംഘടന ഈ പരിപാടി എന്തുകൊണ്ട് കോഴിക്കോട് തന്നെ നടത്തുന്നു എന്നതിലും ദുരൂഹതയുണ്ട്. മതതീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട മെയ് 7 എന്ന സംഘടനയുടെ സഹകരണം സംഘാടകര്‍ തേടിയതിലും ദുരൂഹതയുണ്ട്. വ്യായാമ മുറകള്‍ അഭ്യസിപ്പിക്കുന്നതിന് മലപ്പുറം കൊണ്ടോട്ടി സ്വദേശി പി. സലാബുദ്ദീന്‍ തുടക്കമിട്ട മെയ് 7ന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ തീവ്രവാദി സംഘടനകളാണെന്ന് ആദ്യം ആരോപണമുന്നയിച്ചത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനാണ്. കാന്തപുരം സുന്നി വിഭാഗം നേതാക്കളും ഈ ആരോപണത്തെ ശരിവെച്ചിരുന്നു- എന്നിവയാണ് പ്രധാന ആരോപണങ്ങള്‍ (13 ജൂണ്‍, പതിനായിരം പേരുടെ ദേശഭക്തി ഗാനാാലാപനം: വന്ദേമാതരം ഒഴിവാക്കിയത് വിവാദമാകുന്നു, ജന്മഭൂമി).

23. ജില്ലാ വിഭജനം

യുഡിഎഫ് ഭരണത്തില്‍ എത്തിയതു മുതല്‍ മലപ്പുറം ജില്ല വിഭജിക്കുമെന്ന ചര്‍ച്ച പല രൂപത്തിലും ഉയര്‍ന്നുവന്നിരുന്നു. വ്യത്യസ്ത നിലപാടില്‍നിന്നുകൊണ്ടാണെങ്കിലും സംഘപരിവാര്‍ ശക്തികളും അല്ലാത്തവരും ഇതില്‍ പങ്കെടുത്തു. മെയ് മാസം തുടങ്ങിയ ചര്‍ച്ച ജൂണിലേക്കും നീണ്ടു. മലപ്പുറം ജില്ലാ വിഭജനവും മുവാറ്റുപുഴ, നെയ്യാറ്റിന്‍കര തുടങ്ങിയ ജില്ലകള്‍ വേണമെന്നുമുള്ള ആവശ്യമാണ് ഉയര്‍ന്നത്. 

സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപവത്കരിക്കുന്നതിന്റെ ആവശ്യകത പഠിക്കാന്‍ കമീഷനെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്: നിര്‍മിതബുദ്ധി, തത്സമയ വിശകലനം, നൂതന ജിയോ സ്‌പേഷ്യല്‍ സാങ്കേതിക വിദ്യകള്‍ എന്നിവ പ്രയോജനപ്പെടുത്തി സ്‌പേഷ്യല്‍ ഗവേണന്‍സിനെ പൊതുഭരണത്തിന്റെ മുഖ്യധാരയായി മാറ്റുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ (കെ.എസ്.ആര്‍.ഇ.സി) പുനഃസംഘടിപ്പിക്കുകയും ഒരു കോര്‍പസ് ഫണ്ട് രൂപവത്കരിക്കുകയും ചെയ്യും. ഡാറ്റാധിഷ്ഠിത ഭരണനിര്‍വഹണത്തിന്റെ പുതിയ യുഗത്തില്‍ ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ പോലെ തന്നെ കൃത്യതയാര്‍ന്ന സ്ഥലകാല വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിവര ശേഖരണം അനിവാര്യമാണ്. അതിനാല്‍ കെ.എസ്.ആര്‍.ഇ.സി യെ സംസ്ഥാനത്തെ പ്രമുഖ ജിയോ സ്‌പെഷ്യല്‍ ഗവേണന്‍സ് സ്ഥാപനമായി മാറ്റും. ഒപ്പം ഏകീകൃത കേരള ജിയോ സ്‌പേഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം സ്ഥാപിക്കും(20 ജൂണ്‍, പുതിയ ജില്ലകള്‍, താലൂക്കുകള്‍ പഠിക്കാന്‍ കമീഷന്‍, മാധ്യമം). ജില്ലാ വിഭജന സാധ്യത പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് കെ.പി.എ മജീദ് ആവശ്യപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് എസ്ഡിപിഐ: ജില്ലാ വിഭജനം ലീഗിന് ഇനിയും പഠിക്കണോ? മലപ്പുറം ജനതയെ വഞ്ചിക്കരുത് (13 ജൂണ്‍, ഫേസ്ബുക്ക് പോസ്റ്റ്/ എസ്ഡിപിഐ ജില്ലാ കമ്മിറ്റി).

23.1. മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി സതീശന്‍

മലപ്പുറത്തു പുതിയ ജില്ല രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ജനം ടിവി: മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ട് കുത്തി സതീശന്‍ സര്‍ക്കാര്‍. പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാന്‍ നീക്കം. പ്രഖ്യാപനം ജിഹാദികളെ പ്രീണിപ്പിക്കാന്‍ (19 ജൂണ്‍, മലപ്പുറത്തു പുതിയ ജില്ല: പഠിക്കാന്‍ സമിതിയെ നിയോഗിക്കും എന്ന് സതീശന്‍ സര്‍ക്കാര്‍, ജനം ടിവി ന്യൂസ് കാര്‍ഡ്)

23.2. മുസ്‌ലിം സംഘടനകളുടെ ആവശ്യം

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്ന ബജറ്റ് പ്രസംഗത്തെക്ക്ുറിച്ച് ന്യൂസ് 18 വാര്‍ത്ത: പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും എന്ന ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഒരു കമ്മിഷന്‍ രൂപീകരിക്കും. മലപ്പുറം ജില്ലാ വിഭജിച്ച് പുതിയ ജില്ലാ രൂപീകരിക്കണമെന്നും മുവാറ്റുപുഴ, നെയ്യാറ്റിന്‍കര ഉള്‍പ്പെടെ പുതിയ ജില്ലകള്‍ രൂപീകരിക്കണം എന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തില്‍ ആണ് പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്. 

പ്രഖ്യാപനം സ്വാഗതാര്‍ഹമാണ് എന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവന തൊട്ട് താഴെ ചേര്‍ത്തിരിക്കുന്നു. മുസ്‌ലിം സംഘടനകളാണ് മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് എന്ന് തുടരുന്ന വാര്‍ത്ത മറ്റ് ജില്ലകളുടെ വിഭജന ആവശ്യങ്ങളെ ഭരണ സൗകര്യവും വികസനവും ആയി മാത്രമേ ബന്ധപ്പെടുത്തുന്നുള്ളു (19 ജൂണ്‍, ബജറ്റ് പ്രഖ്യാപനം ജില്ലാ രൂപീകരണം. ന്യൂസ് 18 മലയാളം ഓണ്‍ലൈന്‍).

23.3. ലീഗിന്റെ ആവശ്യം

ജില്ലാ വിഭജനത്തെക്കുറിച്ച് ജന്മഭൂമി: പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കാന്‍ കമ്മിഷനെ നിയമിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ലിഗ് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ് മലപ്പുറം ജില്ലയെ രണ്ടാക്കണമെന്ന് . എന്നാല്‍ പല പ്രതിഷേധങ്ങളും കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു. സെന്‍സസ് കൂടി നടക്കുന്നതിനാല്‍ കണക്ക് പുറത്തുവരുന്നതോടെ ജില്ലയെ വിഭജിക്കാനാകും. ഇതു മുന്നില്‍ക്കണ്ടാണ് ബജറ്റിലെ പ്രഖ്യാപനം (20 ജൂണ്‍, ലീഗിന്റെ ആവശ്യം നടപ്പാക്കുന്നു; മലപ്പുറം ജില്ല വിഭജിക്കുന്നു, ജന്മഭൂമി).

23.4. കേന്ദ്രഭരണ പ്രദേശമാക്കണം

മബാറിന്റെ സമ്പൂര്‍ണ വികസനത്തിനും രാജ്യ സുരക്ഷയ്ക്കും വേണ്ടി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ നിര്‍ദേശം വച്ചത്. കാരണങ്ങളും നിരത്തിയിട്ടുണ്ട്: 

ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്: 

മലബാര്‍ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം. ജനസംഖ്യാ വര്‍ദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടതെങ്കില്‍ മലബാറിന്റെ സമ്പൂര്‍ണ വികസനത്തിനും രാജ്യ സുരക്ഷയ്ക്കും വേണ്ടി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരണം. കേന്ദ്രഭരണ പ്രദേശമായാല്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള ശ്രദ്ധ കൂടുതലായി വികസന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിക്കും. 

‘മലപ്പുറം മൂന്നാകണോ? 

മലബാര്‍ കേന്ദ്ര ഭരണ പ്രദേശമാകണോ ?

മലപ്പുറം മാത്രം വികസിച്ചാല്‍ മതിയോ?

മലബാര്‍ എന്നാല്‍ മലപ്പുറം മാത്രമോ ?

സതീശന്‍ മന്ത്രിസഭ ലീഗിന് കീഴടങ്ങിയോ

ലീഗും മുസ്‌ലിം സംഘടനകളും കുറെ ഏറെ നാളായി പറയുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കാര്യമാണ് മലപ്പുറത്തെ വിഭജിക്കണമെന്ന്. ഇന്നത്തെ ബജറ്റില്‍ ഇതിന് അംഗീകാരം തത്വത്തില്‍ നല്‍കിയ രീതിയിലാണ് മുഖ്യമന്ത്രി പ്രതീകരിച്ചതും. 

കാരണങ്ങള്‍ 

1) പ്രധാനമായും രാജ്യത്തിന്റെ തന്ത്ര പ്രധാനമായ പ്രദേശം എന്ന രീതിയില്‍ കിട്ടുന്ന സുരക്ഷ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, കള്ളകടത്ത്, കടല്‍ വഴിയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയന്ത്രിക്കാം

2) കേന്ദ്രത്തിന്റെ നേരിട്ടുള്ള ശ്രദ്ധ കൂടുതലായി വികസന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിക്കും

3) ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കാന്‍ സാധ്യത

4) അടിസ്ഥാന സൗകര്യ വികസനം

ദേശീയപാതകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ വികസനത്തിന് കൂടുതല്‍ മുന്‍ഗണന

5) ഭരണ കാര്യക്ഷമത- ഭരണപരമായ നടപടികളിലെ ചില കാലതാമസങ്ങള്‍ കുറയും(20 ജൂണ്‍, ‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാര്‍ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്, ന്യൂസ് 18 മലയാളം)

23.5. മുസ്‌ലിം ലീഗിന് പുതിയ ജില്ല

ജില്ലാ വിഭജനത്തെക്കുറിച്ച് എബിസി മലയാളം: മുസ്‌ലിം ലീഗിന്റെ താല്‍പര്യത്തിന് കോണ്‍ഗ്രസിന് കീഴടങ്ങേണ്ടിവരും. മാപ്പിളസ്ഥാന്‍ വേണമെന്ന ഡിമാന്റ് മുസ്‌ലിം ലീഗ് മുന്നോട്ട് വെച്ചിരുന്നു. മതപരമായ താത്പര്യത്തിന് ജില്ലാ രൂപീകരണം ഉണ്ടാകുന്നത് അപകടകരമാണ് (21 ജൂണ്‍, കേരളത്തില്‍ പുതിയ ജില്ലകള്‍, എബിസി മലയാളം).

24. കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ

24.1. കാസര്‍ഗോഡ് സ്വദേശിയായ 19 വയസ്സുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിക്ക് ഒരു പ്രത്യേക ഉസ്താദിനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടായിരുന്നു. തുടക്കത്തില്‍ ഈ ആലോചനയോട് കുടുംബം വിയോജിപ്പ് പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ കുടുംബം ഈ വിവാഹത്തിന് സമ്മതിച്ചപ്പോഴാണ്, താന്‍ നേരത്തെ വിഷം കഴിച്ചിരുന്നു എന്ന വിവരം കുട്ടി വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

മദ്രസാ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിലുള്ള എതിര്‍പ്പും മാനസികവിഷമവും മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് (അവലംബം: 14 ജൂണ്‍, ഫേസ്ബുക്ക്/ യുവതിയുടെ മരണം, യാഥാര്‍ത്യമെന്ത്?, ജസീല്‍ ഫാളിലി ഫേസ്ബുക്ക് വീഡിയോ).

25. ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍

ആര്‍.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരളത്തിലെ മൂന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ (വി.സി) പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു. വിസിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആശ്യപ്പെട്ടു. 

ഈ സംഭവത്തോടുള്ള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പരിഹാസമായിരുന്നു. മുന്‍പ് വി.ഡി. സതീശന്‍ ആര്‍.എസ്.എസ് നേതാവ് മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ (ഗുരുജി) ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി നില്‍ക്കുന്ന പഴയൊരു ചിത്രം കമന്റില്‍ പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്‍ ഈ കടന്നാക്രമണം നടത്തിയത്: 

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്നെ മാപ്പ് പറഞ്ഞ് തുടങ്ങുന്നതായിരിക്കും നല്ലത്.   ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആര്‍.എസ്.എസിന്റെ വോട്ട് വാങ്ങിയ യു.ഡി.എഫ് നേതാക്കള്‍ ഇങ്ങനെയൊക്കെ കഴുത കാമം കരഞ്ഞു തീര്‍ക്കും’. വി.ഡി. സതീശനെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതും ഇനി രാജി സ്വീകരിക്കാന്‍ പോകുന്നതും ആര്‍.എസ്.എസുകാരനായിരിക്കും. ആര്‍.എസ്.എസ് ഈ നാടിന്റെ ജീവാത്മാവും പരമാത്മാവുമാണ്. മമത ബാനര്‍ജിയുടെയും, എം.കെ. സ്റ്റാലിന്റെയും, പിണറായി വിജയന്റെയും അതേ രാഷ്ട്രീയ ഗതി തന്നെയായിരിക്കും വി.ഡി. സതീശനും വരാന്‍ പോകുന്നത് (14 ജൂണ്‍, ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം അങ്ങ് മാപ്പ് പറയുന്നതാവും നല്ലതെന്ന് വി.ഡി സതീശനോട് കെ. സുരേന്ദ്രന്‍, ഡൂള്‍ന്യൂസ്).

25.1. ജമാഅത്തെ ഇസ്‌ലാമിയുടെ അലക്കുകാരന്‍

ശശികല ടീച്ചര്‍: മേനോന്‍ ചേട്ടാ ഇപ്പോ പറയണോ, ചായ കുടിച്ചു കഴിഞ്ഞിട്ട് മതിയോ? മുസ്‌ലിം ലിഗിന്റെ കൂടെ പൊറുത്ത്, ജമാഅത്തെ ഇസ്‌ലാമിയുടെ അലക്കുകാരനായി അവര്‍ അവര്‍ക്കു വേണ്ടി അവരാല്‍ മുഖ്യമന്ത്രിക്കസേരയില്‍ കയറ്റിവെച്ച പാവമാത്രമാണെങ്കിലും വല്യക്ഷരം ഒട്ടും കുറക്കണ്ട (14 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്

26. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി – റിപ്പോര്‍ട്ടിങ് വിവാദം

26.1. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിവിവാദത്തിന് ഏറെ പഴക്കമുണ്ട്. ഈ വര്‍ഷവും അത് തുടര്‍ന്നു. ഇതേ കുറിച്ച് മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത: മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ വലുത് പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും തല്‍ക്കാലം സഹിക്കണമെന്നും മന്ത്രി കെ എം ഷാജി കാസര്‍കോഡ് വച്ച് മാധ്യമങ്ങളോട് പറഞ്ഞു (15 ജൂണ്‍, മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ വലുത് പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നതല്ല ; തത്കാലം സഹിക്കണം – മന്ത്രി കെ.എം ഷാജി, മീഡിയ വണ്‍ പോസ്റ്റര്‍).

മാധ്യമങ്ങള്‍ ഷാജിയുടെ പ്രസ്താവനയെ വളച്ചൊടിച്ചുവെന്ന് ചിലര്‍ ആരോപിച്ചു. മന്ത്രി പറഞ്ഞത് ഇങ്ങനെ: ‘കാസര്‍കോട്ടെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് തീര്‍ച്ചയായും ഞങ്ങള്‍ പരിഹാരമുണ്ടാക്കും അതിന് നമുക്ക് കുറച്ച് സമയം വേണം.. ഫലം പ്രഖ്യാപിക്കുമ്പോള്‍ ചാര്‍ജ്ജെടുത്ത വിദ്യാഭ്യാസ മന്ത്രിയാണ് നമ്മുടേത്.. പരിഹരിക്കുന്നത് വരെ ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കും നമ്മള്‍ , വേറെ രക്ഷയില്ല..അതിനെ സര്‍ക്കാറിന്റെ വീഴ്ചയെന്നോ , ശ്രദ്ധിക്കാത്തത് കൊണ്ടോ എന്ന് പറഞ്ഞാലും നമ്മള്‍ കേള്‍ക്കുകയേ നിവൃത്തിയുള്ളൂ. പക്ഷേ ഞങ്ങളത് പരിഹരിക്കും, ഞങ്ങളുടെ കാലയളവില്‍ തന്നെ പരിഹാരം കാണും അതുറപ്പാണ്…’ (15 ജൂണ്‍, ഫേസ്ബുക്ക്/ മമ്മൂട്ടി അഞ്ചുകുന്ന്).

27. പാകിസ്താന്‍ പതാകയോട് സാമ്യം

27.1. കൊല്ലം ജില്ലയില്‍ കടവൂര്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന  ബ്രസീലിന്റെ ബാനറുകളും കൊടികളും ആരാധകര്‍ക്ക് മേല്‍ ഭീഷണിമുഴക്കിക്കൊണ്ട് ആര്‍ എസ്സ് എസ്സ് പ്രവാര്ത്തകര്‍ അഴിപ്പിച്ചു. പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ബ്രസീലിന്റെ കൊടികള്‍ അഴിപ്പിച്ചത്. ആരാധകരായ കുട്ടികളെ ആര്‍എസ്എസുകാരും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട് (15 ജൂണ്‍, കൊല്ലത്ത് ബ്രസീലിന്റെ കൊടികള്‍ അഴിപ്പിച്ച് ആര്‍എസ്എസ്; പൊലീസ് കൂട്ടുനിന്നെന്നും ആക്ഷേപം, ദേശാഭിമാനി).

27.2. എന്നാല്‍ ഇത് കുപ്രചാരണമാണെന്നും കൊടി അഴിപ്പിച്ചെന്ന ആരോപണം ലക്ഷ്യമിട്ടത് വര്‍ഗീയ ധ്രുവീകരണമാണെന്നും ശശികലടീച്ചര്‍. ജനം ടിവിയുടെ ‘വര്‍ഗീയ വിഷം തുപ്പി ജിഹാദി-നക്‌സല്‍ കൂട്ടായ്മകള്‍. ബ്രസീല്‍ കൊടി ആര്‍എസ്എസ് അഴിപ്പിച്ചെന്ന കുപ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത് വര്‍ഗീയ ധ്രുവീകരണം’ എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്ത പങ്കുവച്ചായിരുന്നു പ്രതികരണം: ദണ്ഡ’നീതി എന്നൊരു നീതിയുണ്ടെല്ലോ..അത് നടപ്പിലാക്കുന്നത്  ഗുണം ചെയ്യില്ലേ എന്ന സംശയം പലരേയും പോലെ എനിക്കും ഇല്ലാതില്ല (17 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).

28. ഹലാല്‍ പീഡനം

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറം ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി മണ്ണത്ത് വീട്ടില്‍ എംകെ മുഹമ്മദിനെതിരേ പോലിസ് കേസെടുത്തു. 20 കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. പിന്നീട് ബീഹാറില്‍നിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു (26 ജൂണ്‍, മസാജിന്റെ മറവില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചു; 20 കേസുകളില്‍ പ്രതി; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി പിടിയില്‍, സമകാലിക മലയാളം).

28.1. ജൂണ്‍ പകുതിയോടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. മറുനാടന്‍ മലയാളിയുടെ വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: അടിച്ചുപരുവമാക്കിയ ശേഷം സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനം; ഗുരുശിഷ്യ ബന്ധത്തില്‍ ഇതൊക്കെ ഹലാല്‍, മറ്റുള്ളവരുമായി ബന്ധപ്പെട്ടാല്‍ ഹറാം! ആദവനാട് ഉസ്താദ് മുങ്ങി; പോക്സോ പ്രതിയെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ചു ലക്ഷങ്ങള്‍ എറിഞ്ഞു കേസ് മുക്കാന്‍ നോക്കിയ ആത്മീയ ചികിത്സകനും മകനും കുരുക്കിലേക്ക്; പാലക്കുന്ന് കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് (15 ജൂണ്‍, മറുനാടന്‍ മലയാളി)

28.2. അല്‍ കോയ

ഇതേ സംഭവത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറി ആകാശ് താഴയശ്ശേരില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ മദ്രസ അധ്യാപകനെ അല്‍ കോയ, കുണ്ടന്‍ മദ്രസ അധ്യാപകന്‍ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്: അല്‍ കോയ?? കുണ്ടന്‍ മദ്രസ അധ്യാപകന്‍?? ഇരട്ടത്താപ്പ് അവസാനിപ്പിക്കണം, കുട്ടികളുടെ സുരക്ഷയ്ക്ക് മതമില്ല? (29 ജൂണ്‍, ഫേസ്ബുക്ക്/ ആകാശ് താഴയശ്ശേരില്‍)

29. അവയവക്കടത്ത്

29.1. ചട്ടങ്ങള്‍ മറികടന്ന് അവയവക്കടത്ത് നടക്കുന്നതായി ജന്മഭൂമി വാര്‍ത്ത: വ്യാജരേഖ ചമച്ചുള്ള അവയവ കടത്ത് കേസുമായി ബന്ധപ്പെട്ട സംസ്ഥാനത്ത ആശുപത്രികളിലും ഇടനിലക്കാരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി. സൂത്രധാരന്മാരില്‍ ഒരാളായ കാസര്‍കോട് സ്വദേശി  നജീബ് നേരത്തെ ഉത്തര്‍ പ്രദേശില്‍ നിന്നു പിടിയിലായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇയാള്‍ക്ക് കമ്മീഷന്‍ കിട്ടി. ഇയാള്‍ കല്ലട്രസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയാണ്. ഒരു വലിയ ശ്യംഖല ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി കുറഞ്ഞ തുക നല്‍കി അവയവങ്ങള്‍ കൈക്കലാക്കി ആവശ്യക്കാര്‍ക്ക് കോടികള്‍ വാങ്ങി മറിച്ചു വില്‍ക്കുന്നു. എംല്‍എമാര്‍ എംപിമാര്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വ്യാജ സീലുകളും ഇവര്‍ നിര്‍മിച്ചു. ഇവരുടെ സ്ഥാപനങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. കേരളത്തിലെ പല സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളുടെയും ഉടമസ്ഥര്‍ തുടക്കത്തില്‍ ഉണ്ടായിരുന്നവര്‍ അല്ല. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം ടേക്ക് ഓവര്‍ എന്തുകൊണ്ട് എന്നതും നിരീക്ഷണ വിഷയം ആണ്. ഇടപാടുകളില്‍ വിദേശ ബന്ധം ഉണ്ട്. വൈകാതെ സി ബി ഐ അന്വേഷണവും ഉണ്ടാവും (19 ജൂണ്‍, അവയവക്കടത്ത് – സംസ്ഥാനത്ത് വ്യാപക ഇഡി റെയ്ഡ്, ജന്മഭൂമി വാര്‍ത്ത).

30. ബജറ്റ്: മലപ്പുറത്തിന് വാരിക്കോരി

30.1. ബജറ്റില്‍ മലപ്പുറത്തിന് വാരിക്കോരി പദ്ധതികള്‍ കൊടുത്തുവെന്ന് ജനംടിവി പോസ്റ്റര്‍. സര്‍ക്കാര്‍ ലീഗിന് വഴങ്ങിയെന്നും ആരോപിച്ചു. 

പോസ്റ്ററിന്റെ പശ്ചാത്തലം: പച്ചക്കൊടിയും നിയസഭയും (19 ജൂണ്‍, ഫേസ്ബുക്ക്/ ജനം ടിവി).

30.2. മറ്റൊരു പോസ്റ്ററില്‍ ഖല്‍ബിലാണ് മലപ്പുറം എന്ന് എഴുതിയിരിക്കുന്നു. മലപ്പുറം ജില്ലയിലെ പദ്ധതികളുടെ പട്ടികകളും നല്‍കിയിട്ടുണ്ട്. കോഹിനൂര്‍ മുതല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് വരെ എലവേറ്റഡ് ഹൈവേക്ക് സാധ്യതാ പഠനം.  മലപ്പുറം താലൂക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ജനറല്‍ ആശുപത്രിയാക്കും മലപ്പുറത്തു കാന്‍സര്‍ സെന്റര്‍ നിലമ്പൂര്‍ ഗവഃ കോളേജിന് കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി. പുതിയ ജില്ലാ രൂപീകരിക്കും.പോസ്റ്ററിന്റെ പശ്ചാത്തലം:  മുഖ്യമന്ത്രിയുടെ  പടത്തിനു പുറമെ സാദിഖ് അലി തങ്ങള്‍ മുഖ്യമന്ത്രിയുടെ കൈ പിടിച്ചുയര്‍ത്തുന്ന പടവും  മലപ്പുറം ബോര്‍ഡും (19 ജൂണ്‍, ഫേസ്ബുക്ക്/ ജനം ടിവി).

ജനം ടിവി പോസ്റ്റർ

31. കുംഭമേള താരത്തെ തേടി മധ്യപ്രദേശ് പൊലീസ്(ജൂണ്‍ 20)

31.1. കളമശ്ശേരി കുംഭമേളയിലൂടെ ശ്രദ്ധേയയായി പിന്നീട് വിവാഹിതയായ യുവതിയെത്തേടി ഏലൂരില്‍ മധ്യപ്രദേശ് പൊലീസെത്തി. പൊലീസുകാര്‍ വെള്ളിയാഴ്ച വൈകീട്ട് 4.30-ഓടെ ഏലൂര്‍ കൂട്ടുങ്ങല്‍ കടവ് ഭാഗത്ത് ട്യൂഷന്‍ ക്ലാസില്‍ പോകുകയായിരുന്ന പെണ്‍കുട്ടികളോട് ഫോട്ടോ കാണിച്ച് ഇവരെ കണ്ടിട്ടുണ്ടോ എന്നന്വേഷിച്ചു. സന്ധ്യയോടെ ചില വീടുകളിലെത്തി അന്വേഷിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഹിന്ദി സംസാരിക്കുന്ന രണ്ടു പേരും ഏലൂര്‍ സ്റ്റേഷനിലെ ഒരു പൊലീസുകാരനുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അനുസരിച്ചാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.(20 ജൂണ്‍, കുംഭമേള താരത്തെ തേടി ഏലൂരില്‍ മധ്യപ്രദേശ് പൊലീസെത്തി, മാതൃഭൂമി)

പ്രയാഗ് രാജ് കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഇതര മതസ്ഥനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഇപ്പോള്‍ കേരളത്തില്‍ കഴിയുന്ന മധ്യപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഇടക്കാല ഉത്തരവ്(21 ജൂണ്‍, കുംഭമേള താരത്തിന് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി, ദീപിക)

32. ഐ ലവ് പാകിസ്താൻ

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലില്‍ ആരോ ഐ ലവ് പാകിസ്താൻ’ എന്ന് കോറിയിട്ട സംഭവത്തില്‍ സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കൊച്ചിന്‍ ഷിപ്യാഡിലെ ഔട്ട്ഫിറ്റ് ഡിപ്പാര്‍ട്‌മെന്റ് ഷിപ് ബില്‍ഡിങ് ഡിവിഷനിലെ അസിസ്റ്റന്റ് മാനേജറുടെ പരാതിയിലാണു കേസെടുത്തത്. 2025ല്‍ അറ്റകുറ്റപ്പണിക്കായി കപ്പല്‍ശാലയിലെത്തിച്ച കപ്പലിന്റെ ഉള്‍ഭാഗത്താണ് രണ്ടാഴ്ച മുമ്പ് എഴുത്ത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആഭ്യന്തര അന്വേഷണവും കേന്ദ്ര ഏജന്‍സികളുടെ പരിശോധനയും നടന്നു. തുടര്‍ന്നാണ് പൊലീസിന് പരാതി കൈമാറിയത്. നാവികസേനയുടേതടക്കം പന്ത്രണ്ടിലധികം കപ്പലുകളില്‍ പണി നടക്കുന്നുണ്ട്. കരാര്‍ തൊഴിലാളികളും സ്ഥിരംജീവനക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 150 പേരുടെ മൊഴികള്‍ പൊലീസ് രേഖപ്പെട്ടത്തി (20 ജൂണ്‍, ഐ ലൗ പാകിസ്ഥാന്‍’, കൊച്ചി കപ്പല്‍ശാലയിലെ 150 പേരുടെ മൊഴിയെടുത്തു, വിഷ്ണു ദാമോദര്‍, കൗമുദി).

32.1. കാരണം അമിത കരാര്‍വല്‍ക്കരണം

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മിക്കുന്ന കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്താൻ’ എന്നെഴുതിയത് കണ്ടെത്തിയ സംഭവം അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടിയാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറിയും ഷിപ്യാര്‍ഡ് എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രസിഡന്റുമായ കെ.വി. മധുകുമാര്‍. ഭാരതത്തിന്റെ അഭിമാന പദ്ധതിയായിരുന്ന ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിലിരിക്കെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയതും, പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് മാല്‍പേ യൂണിറ്റില്‍ നിന്ന് കരാര്‍ തൊഴിലാളികള്‍ അറസ്റ്റിലായതും വലിയ സുരക്ഷാ വീഴ്ചയാണ്. രാജ്യസുരക്ഷയ്ക്ക് വേണ്ട തന്ത്രപ്രധാന ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന ഷിപ്യാര്‍ഡിലെ അമിത കരാര്‍വത്കരണം അവസാനിപ്പിക്കണമെന്നും രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഷിപ്യാര്‍ഡില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു (21 ജൂണ്‍, കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്്, ജന്മഭൂമി).

32.2. കേരളം ഭീകരാലയം

ഇതേ കുറിച്ച് ജന്മഭൂമിയില്‍ സജിത് പരമേശ്വരന്‍ ഒരു ലേഖനം എഴുതി, കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍ എന്ന പേരില്‍. കേരളം ഭീകരരുടെ കേന്ദ്രമായെന്നാണ് ലേഖനം വാദിച്ചത്: ഭാരതത്തിന്റെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2019-ല്‍ കൊച്ചി കപ്പല്‍ശാലയില്‍ ഡാറ്റാ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2023-ല്‍ കപ്പല്‍ ശാലയില്‍ ഒരു ചാരപ്രവര്‍ത്തനവും നടന്നിരുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദത്തിന്റെയും ഭീകര സാന്നിധ്യത്തിന്റേയും സൂചനയാണ്. അതിലുള്‍പ്പെട്ട പ്രതി പോപുലര്‍ ഫ്രണ്ടുകാരനായിരുന്നു. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ കപ്പലിന്റെ മര്‍മ്മ പ്രധാന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പാക് ചാരവനിതയ്ക്ക് ഇയാള്‍ കൈമാറിയെന്നും പറയുന്നുണ്ട്. അനധികൃതമായി കുടിയേറിയ അഫ്ഗാന്‍ പൗരന്‍ ഈദ് ഗുല്‍, ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണത്തിനിടെ കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്തത് ഒന്നര വര്‍ഷത്തോളമാണ്. ഇതര സംസ്ഥാന തൊഴിലാളികളിലെ അന്യരാജ്യക്കാരെ കണ്ടെത്താന്‍ ലേബര്‍ ക്യാമ്പുകളില്‍ നിരീക്ഷണം ശക്തമാക്കണം. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ആധാര്‍ അടക്കമുള്ളവയുടെ സാധുത ഉറപ്പാക്കണം. ഭാഷ, രൂപം, നിറം എന്നിവ അന്യരാജ്യക്കാരെ തിരിച്ചറിയാന്‍ സഹായകമാണ്. ലേബര്‍ കരാറുകാരെയും നിരീക്ഷിക്കണം. അന്യദേശ തൊഴിലാളികളെ നിരീക്ഷിക്കാന്‍ നാട്ടുകാര്‍ക്കും കഴിയും. തൊഴിലാളികളില്‍ അന്യരാജ്യക്കാര്‍ ഉണ്ടെന്നു സംശയം തോന്നിയാല്‍ പൊലീസിന് ഉടന്‍ വിവരം കൈമാറണം (26 ജൂണ്‍,  കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍, സജിത് പരമേശ്വരന്‍, ജന്മഭൂമി)

33. തുപ്പല്‍ ജോലി ചെയ്യുന്ന ആളെ അറിയാം

33.1. മൗലവി ഭക്ഷണത്തില്‍ തുപ്പുന്നുവെന്ന് അവകാശപ്പെട്ട് കെ സുരേന്ദ്രന്‍ പങ്കുവച്ച് വീഡിയോയെ കുറിച്ച് ടി ജി മോഹന്‍ദാസ്: തുപ്പുന്ന ജോലി ചെയ്യുന്ന ആളെ എനിക്കറിയാം. 6 ഹോട്ടലില്‍ ഒരു ദിവസം തുപ്പണം. ഹലാല്‍ ഭക്ഷണം കൊടുക്കുമ്പോള്‍ തുപ്പല്‍ നിര്‍ബന്ധമാണ്. 16 വര്‍ഷം തുപ്പല്‍ ജോലി ചെയ്തു (21 ജൂണ്‍, ഹിന്ദുക്കളെ മുസ്‌ലിങ്ങൾ ആക്കി മാറ്റി കൊണ്ടിരിക്കുകയാണ്; തുറന്നടിച്ച് ടി.ജി മോഹന്‍ദാസ്, മില്ലനിയം യുട്യൂബ് ചാനല്‍).

മില്ലനിയം യുട്യൂബ് ചാനലിന്റെ പോസ്റ്റർ

34. ജിഹാദി ഹുസൈന്‍

34.1. യുക്തിവാദി ആരിഫ് ഹുസൈന്‍ തെരുവത്ത് ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ചിത്രം എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു. ചിത്രത്തിനൊപ്പം ഇസ്രയേലിന് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനെതിരേ കടുത്ത ആക്രമണങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. ‘അമേലിയ’ എന്ന പേരിലുള്ള വനിതയുടെ അക്കൗണ്ടില്‍ നിന്നാണ് ആദ്യം, ”ജിഹാദി ഹുസൈന്‍, എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ” എന്ന അധിക്ഷേപപരമായ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. 

ഇതിനെ തിരുത്തിക്കൊണ്ട്, എക്സില്‍ സ്വയം ‘നാമോ ആരാധകന്‍’ എന്ന് വിശേഷിപ്പിക്കുന്ന കെ. രാഹുല്‍ എന്നയാള്‍ ആരിഫ് ഹുസൈന്‍ ഇസ്രയേല്‍ അനുകൂലിയാണെന്നും മുന്‍ മുസ്‌ലിമാണെന്നും ചൂണ്ടിക്കാട്ടി പ്രതികരിച്ചു. എന്നാല്‍ ഇയാള്‍ക്കും അമേലിയയുടെ ഭാഗത്തുനിന്ന് അധിക്ഷേപപരമായ മറുപടിയാണ് ലഭിച്ചത്.

”മുസ്‌ലിങ്ങള്‍ എപ്പോഴും മുസ്‌ലിങ്ങള്‍ തന്നെയാണ്” എന്ന് പറഞ്ഞുകൊണ്ട് കെ. രാഹുലിനെതിരെയും വംശീയ അധിക്ഷേപങ്ങള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുണ്ട നിറക്കാരനാണെന്നും, ചുണ്ടില്‍ ‘ചാണകം പുരട്ടിയിരിക്കുന്നു’ എന്നും അധിക്ഷേപിച്ചതിനൊപ്പം ‘ഭീകരവാദി’ എന്നും വിശേഷിപ്പിച്ചു. 

ഈ പ്രചാരണം താമസിയാതെ നിരവധി ഐഡികള്‍ ഏറ്റെടുത്തു(22 ജൂണ്‍, ജിഹാദി ഹുസൈന്‍ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’..-ഇസ്രയേലിലെത്തിയ ചിത്രത്തിന് താഴെ ആരിഫ് ഹുസൈന് തെറിയഭിഷേകം. മാധ്യമം ഓണ്‍ലൈന്‍)

തനിക്ക് നേരിടേണ്ടിവന്ന അധിക്ഷേപങ്ങളെക്കുറിച്ച് ആരിഫ് തന്നെ ഫേസ്ബുക്കില്‍ എഴുതി. 

34.2. ജിഹാദി നന്മയാണോ?

1. ജിഹാദ്’ നന്മയാണെങ്കില്‍ ”ജിഹാദി ഹുസൈന്‍” എന്നത് എങ്ങനെ തെറിയാകും കോയമാരെ?(22 ജൂണ്‍, ഫേസ്ബുക്ക്/ ആരിഫ് ഹുസൈന്‍ തെരുവത്ത്)

2. എക്‌സ് മുസ്‌ലിംഎന്ന നിലക്ക് നിങ്ങള്‍ രക്ഷപെടുക പഹല്‍ഗാമില്‍ മാത്രം ആണ്..! കാരണം കലിമയും അറിയാം. അറ്റവും ഇല്ല?? അല്ലാത്തിടത്ത് ഒക്കെ ജിഹാദികളാണ്..! (22 ജൂണ്‍, ഫേസ്ബുക്ക്/ ആരിഫ് ഹുസൈന്‍ തെരുവത്ത്)

3. അത് തെളിയിച്ചിരിക്കുന്നു. മറിച്ച് തെളിയിക്കുന്നതുവരെ ഓരോ മുസ് ലിംമും പൊട്ടന്‍ഷ്യല്‍ ജിഹാദിയാണ്(22 ജൂണ്‍, എക്‌സ്/ ആരിഫ് ഹുസൈന്‍ തെരുവത്ത്)

35. ‘ആള്‍ദൈവങ്ങളും തുവൂര്‍ കിണറിന്റെ പ്രചോദനവും

35.1. കെ എസ് രാധാകൃഷ്ണൻ:  യമനില്‍ നിന്നും അഭയാര്‍ത്ഥികളായി മലബാറില്‍ എത്തിയവരാണ് പാണക്കാട് തങ്ങള്‍മാരുടെ പൂര്‍വ്വികര്‍. ക്രമേണ ഇവര്‍ മലപ്പുറം പാണക്കാട്ടേക്ക് താമസം മാറ്റി. ഷിഹാബുദീന്റെ പൂര്‍വ്വികര്‍ മദീനയില്‍ നിന്നും പത്താം നൂറ്റാണ്ടില്‍ യമനിലേക്ക് കുടിയേറി പാര്‍ത്തവരാണ്. മദീനയില്‍ എത്തുന്നതിനു മുന്‍പ് ഇറാഖിലെ ബസറയിലായിരുന്നു വാസം. അവിടെ ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പീഡനം സഹിക്കവയ്യാതെയാണ് യമനിലെത്തിയത്. ഖുറാമതിയന്‍ തീവ്രവാദികള്‍ 930 ല്‍ മെക്ക ആക്രമിച്ചു. തീര്‍ത്ഥാടക വേഷത്തില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു വെച്ചാണ് അവര്‍ പള്ളിയില്‍ കയറിയത്. മുപ്പതിനായിരം ഹജ് തീര്‍ത്ഥാടകരെ അവര്‍ കൊന്നു. മൃതശരീരങ്ങള്‍ ചിതറിക്കിടന്നു ചീഞ്ഞു നാറി. കുറെ മൃതശരീരങ്ങള്‍ സംസം കിണറില്‍ എറിഞ്ഞു. 1921 ലെ മലബാര്‍ കലാപത്തില്‍ ഹിന്ദുക്കളുടെ ശവശരീരം തുവൂര്‍ കിണറില്‍ എറിഞ്ഞത് ഒരു പക്ഷേ, ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതു കൊണ്ടുമാകാം. പാണക്കാട് തങ്ങള്‍മാര്‍ മുസ്‌ലിം ലീഗിലെ ആള്‍ ദൈവങ്ങളാണ്. ആള്‍ ദൈവം എന്ന് പറഞ്ഞ് ഹിന്ദുക്കളെ അവഹേളിക്കാനിറങ്ങുന്ന ലീഗ് നേതാക്കള്‍ ഇക്കാര്യം മറന്നു പോകരുത്. മറവി രോഗം ബാധിക്കാവുന്ന തീവ്ര മുസ്‌ലിം നേതാക്കളെ തങ്ങള്‍മാര്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത് നന്നായിരിക്കും (22 ജൂണ്‍, ഫേസ്ബുക്ക്/ ഡോ. കെ.എസ് രാധാകൃഷ്ണന്‍).

36. നാരായണന്റെ ചിത

36.1. വായില്‍ കാന്‍സര്‍ ബാധിച്ച് ഉപ്പളയിലെ കടവരാന്തയില്‍ മരണാസന്നനായി കിടന്ന നാരായണനെ ഒരുമാസം മുന്‍പാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തംഗവും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള ‘ശൈഖ് സാഇദ് ഫൗണ്ടേഷന്‍’ പ്രവര്‍ത്തകര്‍ പരിചരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. തുടര്‍ന്ന് ഉപ്പള ചെറുഗോളി പൊതുശ്മശാനത്തില്‍ ഇര്‍ഫാനയും ട്രസ്റ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ചിതയൊരുക്കി. നാരായണന്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നതും ചിതക്ക് തീ കൊളുത്തിയത് ഇര്‍ഫാനയാണെന്നതും മാധ്യമങ്ങള്‍ കാര്യമായിത്തന്നെ എടുത്തു. അത് വാര്‍ത്തയുമായി. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അന്‍പതോളം വൃദ്ധരെ സംരക്ഷിക്കുന്ന ഉപ്പളയിലെ ശൈഖ് സാഇദ് വൃദ്ധസദനത്തിന്റെ സ്ഥാപക കൂടിയാണ് ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയായ ഇര്‍ഫാന ഇഖ്ബാല്‍ (27 ജൂണ്‍, ബന്ധുക്കള്‍ കയ്യൊഴിഞ്ഞു; നാരായണന്റെ ചിതയ്ക്ക് തീകൊളുത്തി ഇര്‍ഫാന, മനോരമ)

സേവാ ഭാരതിയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയതെന്നും ഇര്‍ഫാന ഈ സംഭവത്തില്‍ പേരെടുക്കാന്‍ ശ്രമിക്കുകയാണെന്നും സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ആരോപിച്ചു. പിന്നീട് അതൊരു സൈബര്‍ ആക്രമണത്തിനുള്ള വിഷയമായി മാറി. 

മാധ്യമ റിപ്പോർട്ട് പ്രകാരം സംഭവിച്ചത് ഇതാണ്: 

നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സമ്മതപത്രം ഒപ്പിട്ടു വാങ്ങി. ഇര്‍ഫാനയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അവിടെനിന്ന് ഉപ്പള ചെറുഗോളി പൊതു ശ്മശാനത്തിലെത്തിച്ചു. മൃതദേഹത്തോടൊപ്പം ഇര്‍ഫാനയും ഭര്‍ത്താവ് കെ.എഫ് ഇഖ്ബാലും പിആര്‍ഒയും കോര്‍ഡിനേറ്ററും ആംബുലന്‍സ് ഡ്രൈവറും ഷരീഫ് ചിനാലയും അവരുടെ കൂടെ വന്ന രണ്ട് പേരുമാണ് ഉണ്ടായിരുന്നത്. മരണപ്പെട്ട ആളുകളെ അവരുടെ മതവിശ്വാസപ്രകാരമാണ് സംസ്‌കരിക്കാറുള്ളത്. ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കേണ്ടതിനാല്‍ ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയായ കൊണ്ടയൂര്‍ സ്വാമിയെ ബന്ധപ്പെട്ടു. സാധാരണ ട്രസ്റ്റുമായി ബന്ധപ്പെട്ട ഹൈന്ദവ ചടങ്ങുകള്‍ അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് നടത്താറുള്ളത്. സംസ്‌കരിക്കുന്നത് പൊതുശ്മശാനത്തിലായതിനാല്‍ സ്വാഭാവികളമായി ശ്മശാന കമ്മിറ്റി അംഗവും കൂടെ ഉണ്ടാകും. കമ്മിറ്റി അംഗമായ രഘുവിന്റെ സാന്നിധ്യം കൂടെ ഉണ്ടായിരുന്നു. 

സേവാഭാരതി നേതാവായ രഘു എന്നയാള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്ന് സേവാ ഭാരതിയാണ് ചടങ്ങ് നടത്തിയതെന്ന അവകാശ വാദം സ്ഥാപിക്കാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ രഘു ശ്മശാനം കമ്മിറ്റി അംഗമായതിനാലാണ് സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് ഇര്‍ഫാന പറഞ്ഞു.

ഒരുമാസം മുമ്പ് നാരായണനെ ട്രസ്റ്റ് ഏറ്റെടുക്കാന്‍ വന്നപ്പോള്‍ ആരോഗ്യ നില വഷളായിരുന്നതിനാല്‍ പൊലീസിനെയും ജില്ലാ കലക്ടറെയും ബന്ധപ്പെട്ടിരുന്നു.  തുടര്‍ന്ന് കലക്ടര്‍ വഴി അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാരായണന് കാന്‍സറിന്റെ അവസാന ഘട്ടമായിരുന്നതിനാല്‍ കൂടുതല്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ ഒരുമാസം ചികില്‍സിച്ചു. രോഗം ഭേദമായാല്‍ ട്രസ്റ്റ് ഏറ്റെടുക്കാമെന്ന് കരുതിയിരുന്നു. അക്കാര്യം നാരായണന്റെ സഹോദരി കമലയെയും അറിയിച്ചിരുന്നു. 

നാരായണന്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ സഹോദരി കമലയെ വിളിച്ച് മൃതദേഹം കൊണ്ടുപോകുമോ എന്ന് ചോദിച്ചു. എന്നാല്‍, കൊണ്ടുപോകാന്‍ അവര്‍ തയ്യാറായില്ല. അങ്ങനെയാണ് ട്രസ്റ്റ് അത് ഏറ്റെടുത്തത് (29 ജൂണ്‍, നാരായണന്റെ ചിത: സംഘ്പരിവാറിന് മറുപടിയുമായി ഇര്‍ഫാന ഇഖ്ബാല്‍, മാധ്യമം).

36.2. മുഹറം വ്രതത്തിനിടെ മഹത്കൃത്യം

ഏഷ്യാനെറ്റ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തപ്പോള്‍ അതിലെ ഒരു പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമേറ്റുവാങ്ങി. ‘സമുദായത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച്’ മുഹറം വ്രതത്തിനിടെയാണ് ഇര്‍ഫാന ഈ മഹത്കൃത്യം ചെയ്തതെന്ന് വാര്‍ത്തയില്‍ പറയുന്നു. ഈ പ്രയോഗം ഏറെ വിമര്‍ശിക്കപ്പെട്ടു. ഇര്‍ഫാനയെ ആരും കുറ്റപ്പെടുത്തിയില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി (27 ജൂണ്‍, സംഘപരിവാര്‍ പ്രവര്‍ത്തകന്റെ സംസ്‌കാര വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കുത്തിതിരിപ്പ്, വിമര്‍ശനം ശക്തമാകുന്നു, ദ എക്കോ).

36.3. കുറുക്കുവഴി തേടരുത്

മുസ്‌ലിം സംഘടനകള്‍ പേരെടുക്കാന്‍ കുറുക്കുവഴി തേടുകയാണെന്ന് കാസ പേജില്‍ പങ്കുവച്ച ഒരു കുറിപ്പില്‍ പറയുന്നു: നല്ലവരെന്നു പറയിപ്പിക്കാനായി നല്ലത് ചെയ്യുക, അല്ലാതെ അതിനായി കുറുക്കുവഴികള്‍ തേടരുത്! 2020 ജൂലൈ 16 ആം തീയതി  കോവിഡ് ബാധിച്ച് എറണാകുളത്ത് ഒരു കന്യാസ്ത്രീ മരണമടയുന്നു,  മൃതദേഹം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പെട്ടെന്ന് തന്നെ അടക്കം ചെയ്യണം എന്നുള്ളത് കൊണ്ട് കൂടെയുള്ള കന്യാസ്ത്രീകള്‍ സഭാ അധികൃതരെ അറിയിക്കുകയും അതിനനുസരിച്ച് പെട്ടെന്ന് തന്നെ സിമിത്തേരിയില്‍ കുഴി എടുക്കുന്നു, എന്നാല്‍ 10 അടി താഴ്ചയില്‍ കുഴിയെടുക്കണമെന്നും നിബന്ധനകള്‍ പാലിച്ചുകൊണ്ട് മൃതശരീരം ദഹിപ്പിക്കണമെന്നും നിര്‍ദ്ദേശം വന്നപ്പോള്‍ സഭ അധികൃതര്‍ അതിന് അനുവാദം നല്‍കി. ഉടന്‍തന്നെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അന്ത്രു എന്ന വ്യക്തി ആരോഗ്യപ്രവര്‍ത്തകരെ എന്ന രീതിയില്‍ ആരൊക്കെയോ വിളിച്ചുവരുത്തുന്നു. അങ്ങനെ എത്തിയ പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ആറോളം കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍ ആ മൃതശരീരം സിമിത്തേരിക്കുള്ളില്‍ ദഹിപ്പിക്കുന്നു. ഇതിനിടയില്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പിപിഇ കിറ്റുകള്‍ ധരിക്കാതെ നാലോളം സുഡാപ്പികള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് എഴുതിയിട്ടുള്ള വെളുത്ത ടീഷര്‍ട്ടുകള്‍ ധരിച്ചു കൊണ്ട് വന്നു സംഭവ സ്ഥലത്തു  നില്‍ക്കുന്നു, അതില്‍ ഒരാള്‍ പിഎഫ്‌ഐ എന്നത് ഫോട്ടോയില്‍ വരുന്നതിനായി പുറം തിരിഞ്ഞു നില്‍ക്കുന്ന സുഡാപ്പികളുടെ ഉള്‍പ്പെടെയുള്ള മൃതശരീരം കുഴിയിലേക്ക് എടുക്കുന്ന ചിത്രങ്ങള്‍ എടുക്കുന്നു……ശവശരീരം ദഹിപ്പിച്ച് കുഴിയും മൂടിയ ശേഷം, പ്രാര്‍ത്ഥനകളും നടത്തി കന്യാസ്ത്രീകള്‍ മഠങ്ങിലേക്കു പോയി.

പിറ്റേദിവസം സോഷ്യല്‍ മീഡിയയില്‍ സുഡാപ്പികള്‍ സംഭവം മറ്റൊരു രീതിയില്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങി, കന്യാസ്ത്രീകളുടെ മൃതശരീരം അടക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ പിഎഫ്‌ഐ- എസ്ഡിപിഐ പ്രവര്‍ത്തകര്‍ മൃതശരീരം ഏറ്റുവാങ്ങി അടക്കം ചെയ്തു എന്നതായിരുന്നു സുഡാപ്പികള്‍ പ്രചരിപ്പിച്ച വാര്‍ത്ത. 

നല്ലവരെന്ന് പറയിപ്പിക്കാന്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായി നല്ല കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. അല്ലാതെ നല്ലവരൊന്നു പറയിപ്പിക്കാനായി കുറുക്കുവഴികള്‍ തേടുകയല്ല വേണ്ടത് (29 ജൂണ്‍, ഫേസ്ബുക്ക്/ കാസ).

36.4. ട്രസ്റ്റിനെക്കുറിച്ച് അന്വേഷിക്കണം

സംഘപരിവാര്‍ നേതാവ് ശശികല ടീച്ചറുടെ പ്രതികരണം: 

ഷെയ്ക്ക് സെയ്ദ് ഓള്‍ഡ് എയ്ജ് ഹോം നടത്തിപ്പുകാരിയായ ഇര്‍ഫാന ലീഗാണോ ലീഗേ? 

ഒരു ജനപ്രതിനിധിയുടെ കടമ മറന്ന് മറ്റുസംഘടനകളേയും സമുദായങ്ങളേയും അപമാനിക്കാന്‍ സ്വന്തം പദവി ഉപയോഗിച്ച ഒരു  വ്യക്തി നടത്തുന്ന ഇത്തരം സ്ഥാപനങ്ങളെപ്പറ്റി കൃത്യമായ അന്വേഷണങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നു. സ്ഥാപനത്തിന്റെ വരുമാനം, അന്തേവാസികളുടെ  ചികിത്സ, മരണം, മരണാനന്തര കര്‍മ്മങ്ങള്‍- ഇവയിലൂന്നി അന്വേഷിച്ച് പാലും വെള്ളവും തിരിച്ചറിയേണ്ടതാണ് (28 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍)

വര്‍ഗീയത മറച്ചുവച്ച് നന്മമരമാകാന്‍ ശ്രമം

36.5. ശശികല ടീച്ചര്‍ പങ്കുവച്ച ഒരു കുറിപ്പില്‍നിന്ന്: 

ഈ ഫോട്ടോയില്‍  നമ്മുടെ മഹോന്നതയുടെ കൂടെ നിലക്കുന്നവര്‍ ആരെല്ലാമാണ്?

ആരാണ് ചിത ഒരുക്കിയത്?

ആരാണ് കത്തിച്ചത്?

ഇദ്ദേഹം ഏതു ശാഖാ സ്വയം സേവകനാണ്?

ആര്‍എസ്എസ്സില്‍ ഇദ്ദേഹത്തിന് എന്തായിരുന്നു ചുമതല?(പദവി)

ഇദ്ദേഹത്തിന്റെ കുടുംബത്തിനെന്തുപറ്റി?

ഈ  ചോദ്യങ്ങള്‍ക്കുത്തരമുണ്ടോ?

മഞ്ചേശ്വരം ചൊവ്വാ ഗ്രഹത്തിലല്ല. മുസ്‌ലിം ലീഗിന് വര്‍ഗീയത മറച്ച് നന്മമരമാകാന്‍ ഒരു മൃതശരീരം ഉപയോഗിക്കരുതായിരുന്നു

ഒരു സ്വയം സേവകന്റെ വരികള്‍ (27 ജൂണ്‍, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍)

37. അനില്‍ മുഹമ്മദിന്റെ സസ്‌പെന്‍ഷനും ലീഗും

37.1. കെ.എം.എം.എല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്മ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ അനില്‍ മുഹമ്മദ് ഒരു യുട്യൂബര്‍ കൂടിയാണ്. കത്തോലിക്കാ സഭയെയും ബിഷപ്പിനെയും മറ്റും അപകീര്‍ത്തികരമായി ചിത്രീകരിക്കുകയും വര്‍ഗീയലഹള ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കൊല്ലം ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് 2024ല്‍ അന്വേഷണവിധേയമായി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. ഈ സര്‍ക്കാര്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് കാസയില്‍ വന്ന ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ബിഷപ്പുമാര്‍ക്കും എതിരെ വളരെ മോശമായ രീതിയില്‍ വീഡിയോകളിലൂടെ പ്രതികരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് അനില്‍ മുഹമ്മദ്, സോഷ്യല്‍ മീഡിയയിലൂടെ സിപിഎം സഹയാത്രികയുടെ ബ്രായുടെ അളവ് ചേദിച്ചത് മുന്‍പ് വന്‍ വിവാദമായിരുന്നു, ഇത്തരത്തില്‍ വളരെ മ്ലേച്ഛമായ ഒരു വ്യക്തിത്വത്തിന് ഉടമയെയാണ് സാമ്യാന്യ മര്യാദപോലും പാലിക്കാതെ യുഡിഎഫ് ഭരണകൂടം അനില്‍ മുഹമ്മദിനെ തിരിച്ചെടുത്ത് എംഡിയായി വാഴിക്കുവാന്‍ പോകുന്നത്! മുസ്‌ലിം ലീഗ് ഭരിക്കുന്ന നാട്ടില്‍ ലീഗ് പറയും  നിയമങ്ങള്‍ എന്ന് അണികള്‍ മുദ്രാവാക്യം വിളിച്ചത് ഓരോ ദിവസം ചെല്ലുന്തോറും സത്യമായി മാറിക്കൊണ്ടിരിക്കുന്നു (29 ജൂണ്‍, ഫേസ്ബുക്ക്/ കാസ).

തയ്യാറാക്കിയത് : റെൻസൻ വി.എം, മർവ അബ്ബാസ്, അബ്ദുൽ ബാസിത് പി.കെ,
എ.എസ് അജിത് കുമാർ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, ഹുദ അസ്‌ലം, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് തശ്‌റീഫ്, റിദ ഫാത്തിമ, മുഹമ്മദ് മുസ്തഫ കെ.പി, മിശ്അൽ അബ്ദുൽ റഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, കമാൽ വേങ്ങര, എം.കെ അൻസാർ, മുഹ്സിൻ ആറ്റാശ്ശേരി, റുബായിഷ് ഉസ്മാൻ, റീഹ ഇ ജെ, ശബരി എസ്, ഹുദ ആയിഷ, മുഹ്സിൻ വദൂദ്, മുർഷിദ് പി, നജാഹ് അഹമ്മദ്
.

Also Read