

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 മാര്‍ച്ച് (15 – 31) റിപ്പോർട്ടിന്റെ രണ്ടാം ഭാഗം.
മാർച്ച് മാസത്തിന്റെ രണ്ടാം പകുതിയും മുസ്ലീം സാമൂഹിക-രാഷ്ട്രീയ സംഘാടനത്തിനെതിരായ ഭീകരത/തീവ്രവാദ/മതരാഷ്ട്രവാദ/താലിബാൻ/ഐ.എസ് (ലിസ്റ്റ് ഇനിയും നീട്ടാം) ആരോപണങ്ങൾ ആവർത്തിക്കപ്പെട്ടു. ഹിന്ദു ഐക്യവേദി നേതാവും ഹിന്ദുത്വ വംശീയവാദിയുമായ ആർ.വി ബാബു ‘അഞ്ചുതരം ജിഹാദ്’ കണ്ടെത്തി പുതിയൊരു ഇസ്‌ലാമോഫോബിക് പ്രചാരണത്തിന് തുടക്കം കുറിച്ചു. ആവർത്തനം മാത്രമല്ല, ചില പുതിയ ഇസ്‌ലാമോഫോബിക് മണ്ഡലങ്ങൾക്കും ഈ ഘട്ടം വാതിലുകൾ തുറന്നു. മുസ്ലീങ്ങൾ നോമ്പ് അനുഷ്ഠിക്കുന്ന റമദാൻ മാസമായതിനാൽ ഖുർആൻ, ഇഫ്താർ, ഇരുപത്തിയേഴാം രാവ്, പെരുന്നാൾ തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമ വേദികളിലും ഉയർന്നു. കേരളത്തിൽ നടന്ന മൂന്ന് വ്യത്യസ്ത ഇഫ്താർ അനുഭവങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഹരിക്കെതിരായ സർക്കാർ നീക്കം പൊതുചർച്ചയായി മാറിയപ്പോൾ അതും മറ്റൊരു മുസ്ലീം വിരുദ്ധ വംശീയ പ്രചാരണമേഖലയായി രൂപാന്തരപ്പെട്ടു. ഭീകരവിരുദ്ധത, ലഹരിവിരുദ്ധത എന്നിവയുടെ മറവിൽ പലപ്പോഴും മുസ്ലീം ന്യൂനപക്ഷ സമൂഹത്തെ സംശയത്തിന്റെ കീഴിൽ നിർത്തുകയും ക്രിമിനൽവൽകരിക്കുകയും, സാമൂഹ്യപ്രതിഷേധം, പൊലീസിംഗ്, മാധ്യമ അവതരണം എന്നിവയിൽ കൂടി ഇസ്‌ലാമോഫോബിയ ശക്തിപ്പെടുത്തപ്പെടുകയും ചെയ്യുന്ന ആഗോള പ്രവണതയുടെ ചെറുപതിപ്പാണ് കേരളത്തിൽ അരങ്ങേറിയത് (അമേരിക്കൻ അനുഭവങ്ങൾ വായിക്കാൻ: വാദി ഇ. സെയ്ദ്, 2018, ലിമിറ്റ്‌ലെസ് ഡിസ്ക്രെഷൻ ഇൻ ദ വോർസ് ഓൺ ഡ്രഗ്സ് ആൻഡ് ടെറർ, യൂണിവേഴ്സിറ്റി ഓഫ് കോളറാഡോ ലോ റിവ്യൂ. പേജ്: 93–131). 2023 ഒക്ടോബറിൽ തുടങ്ങിയ പലസ്തീൻ ചർച്ച ഇസ്‌ലാമോഫോബിയയുടെ പ്രഭാവ കേന്ദ്രമായി തുടരുന്നു. ഗുജറാത്ത് വംശഹത്യ പ്രമേയമാക്കിയ ‘എമ്പുരാൻ’ സിനിമയുടെ റിലീസ് ഇസ്‌ലാമോഫോബിക് പ്രചാരണങ്ങൾക്ക് പുതിയ ഊർജം നൽകി.
1. ഭീകരകേന്ദ്രം
ഇസ്ലാമിക പഠനകേന്ദ്രമെന്ന നിലയില്‍ പ്രശസ്തമായ മഞ്ചേരിയിലെ സത്യസരണിയെക്കുറിച്ച് കടുത്ത ഇസ്ലാമോഫോബിക് ആരോപണങ്ങളാണ് മാര്‍ച്ച് മാസത്തില്‍ ഹിന്ദുത്വമാധ്യമങ്ങള്‍ അഴിച്ചുവിട്ടത്. സത്യസരണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികളില്‍നിന്ന് സഹായം തേടിയതാണ് അവരെ പ്രകോപിപ്പിച്ചത്. (15 മാര്‍ച്ച്, മറുനാടന്‍ മലയാളി).


മറുനാടന്‍ മലയാളി നല്‍കിയ വാര്‍ത്തയില്‍ സത്യസരണിയെ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റാന്‍ ഒത്താശ ചെയ്യുന്ന സ്ഥാപനമെന്നാണ് വിശേഷിപ്പിച്ചത്. മറുനാടന്‍ മലയാളി തടര്‍ന്നെഴുതുന്നു: ഹാദിയ കേസ് മുതല്‍ കേരളം കേട്ടുതുടങ്ങിയതാണ് മഞ്ചേരിയിലെ വിവാദ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണി. നിരവധി ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റത്തിനായി ഒത്താശ ചെയ്തുകൊടുക്കുയും, ബ്രയിന്‍വാഷ് ചെയ്യാന്‍ കൂട്ടുനില്‍ക്കുകയും, തുടര്‍ന്ന് അഫ്ഗാനിലെയും സിറിയയിലെയും ഐസിസ് കേന്ദ്രങ്ങളില്‍വരെ എത്തിക്കുകയും ചെയ്തുവെന്ന അതിഗുരുതര ആരോപണമാണ് ഈ കേന്ദ്രത്തിന് നേരെ ഉയര്‍ന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നിരോധിത തീവ്രവാദ സംഘടനയാണ് സത്യസരണിക്ക് പിന്നിലെന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഎഫ്‌ഐയെ നിരോധിച്ചതിന് ശേഷം സത്യസരണിക്കും പിടിവീണത്. അങ്ങനെയുള്ള സ്ഥാപനം പണം സ്വരൂപിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടിയാണെന്നാണ് മറുനാടന്‍ ആരോപിച്ചത്. പണം നല്‍കുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുക വഴി കേസ് വലിച്ചുനീട്ടാമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് കരുതുന്നതെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു. (15 മാര്‍ച്ച് ജന്മഭൂമി). സുപ്രീംകോടതി തന്നെ പരിശോധിച്ച ഹാദിയ കേസിൽ (2018) സമാനമായ ആരോപണങ്ങൾ ഹിന്ദുത്വ മാധ്യമങ്ങൾ സത്യസരണിക്കെതിരെ ഉന്നയിച്ചിരുന്നുവെങ്കിലും പ്രചാരണം വസ്തുതാപരമായിരുന്നില്ല.
2. ലഹരിയുപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങൾ
മുസ്ലീം സംഘടനയായ ‘വിസ്ഡ’ത്തിന്റെ മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ ചടങ്ങില്‍ (മാര്‍ച്ച് 8) ഡോ. കെ.ടി ജലീല്‍ മയക്കുമരുന്നിനെക്കുറിച്ചും മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി: “എംഡിഎംഎ കൈവശം വച്ചതിനും കഞ്ചാവ് കടത്തിയതിനും പിടിയിലാകുന്ന വ്യക്തികളെ പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാകും. അവരെല്ലാവരും മദ്രസകളില്‍ പോയിട്ടുണ്ട്. സത്യത്തില്‍, ധാർമ്മികമായി മുന്നില്‍ നില്‍ക്കേണ്ടവരാണ് മുസ്ലീങ്ങള്‍. കാരണം മുസ്ലീങ്ങളെ പോലെ മതവിദ്യാഭ്യാസവും മതപഠനവും ധാർമ്മികപഠനവും ലഭിക്കുന്ന മറ്റൊരു വിഭാഗം ഈ രാജ്യത്തില്ല. പണത്തോടുള്ള ആര്‍ത്തിയും മോഹവുമാണ് ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ വില്‍ക്കുമ്പോഴും കാരിയര്‍മാര്‍ ആകുമ്പോഴും പണം ലഭിക്കുന്നു. സ്വര്‍ണം കടത്തുന്നതും പണം ലഭിക്കാന്‍ വേണ്ടിയാണ്. ഇതൊന്നും തെറ്റല്ലെന്നാണ് മുസ്ലീം സമൂഹം വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ മതസംഘടനകളുടെ ഇടപെടല്‍ നിര്‍ബന്ധമായും വേണം. ധനത്തോടുള്ള ആര്‍ത്തി അവസാനിപ്പിക്കുക എന്നതാണ് ഇതെല്ലാം തടയാനുള്ള പോംവഴി.” (15 മാര്‍ച്ച്, മലയാളം എക്‌സ്പ്രസ്).


അടുത്ത ദിവസങ്ങളില്‍ അദ്ദേഹം തന്റെ പ്രസംഗത്തെക്കുറിച്ച് ചില വിശദീകരണങ്ങള്‍ നല്‍കി: “മലയാള മനോരമ പത്രത്തില്‍ അഞ്ചാറ് മാസത്തിനിടയില്‍ മലബാറില്‍ നടന്ന മയക്ക് മരുന്നുകേസുകളില്‍ പിടിക്കപ്പെട്ട 200 കേസുകള്‍ ഞാന്‍ പരിശോധിച്ചു. അതില്‍ 61 ശതമാനവും മുസ്ലീം പേരുള്ളവരാണ്. അധികവും മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍. ജനസംഖ്യയുടെ മുസ്ലീം അനുപാതത്തിന്റെ പ്രാതിനിധ്യ തുലാസിലിട്ട് തൂക്കിനോക്കി ആരാണ് കൂടുതല്‍ എന്ന് വാദിക്കാന്‍ ഇത് ജോലി സംവരണം പോലെ ഉറപ്പുവരുത്തേണ്ടതല്ലല്ലോ? ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്ന മുസ്ലീം പേരുള്ള പ്രതികളില്‍ 99 ശതമാനവും ചെറുപ്പത്തില്‍ മതപഠനം കിട്ടിയവരാണെന്നാണ് എന്റെ അന്വേഷണത്തില്‍ മനസ്സിലായത്.” (16 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്, ഡോ. കെ.ടി ജലീല്‍).
താനെന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നതിന് ആ കുറിപ്പില്‍ ഒരു വിശദീകരണം കൂടി അദ്ദേഹം നല്‍കി: “മത വിദ്യാഭ്യാസം കിട്ടുന്ന ജനവിഭാഗം എന്ന നിലയില്‍ മുസ്ലീങ്ങളെ തെറ്റുകാരുടെ കൂട്ടത്തില്‍ ഒന്നുപോലും കാണാന്‍ പാടില്ലെന്ന അതിമോഹമാണ് എന്റെ പ്രസംഗത്തിലെ ഉള്ളടക്കത്തിന്റെ ആധാരം. സമീപകാലത്ത് നടന്ന സംഭവങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. രാസലഹരിക്ക് അടിമയായ ഒരു ചെറുപ്പക്കാരന്‍ വൈലത്തൂരില്‍ വലിയുപ്പാനെയും വലിയുമ്മാനെയുമാണ് കഴുത്തറുത്ത് കൊന്നത് താങ്കള്‍ ഓര്‍ക്കുന്നില്ലെ? താമരശ്ശേരിയില്‍ രാസലഹരിക്ക് അടിമയായ ഒരു കോളേജ് വിദ്യാര്‍ത്ഥി തന്റെ ഉമ്മയെ വെട്ടിക്കൊന്നതും നാം കേട്ടതല്ലെ? വെഞ്ഞാറമൂടില്‍ ‘ഭ്രാന്ത്’ മൂത്ത് വലിയുമ്മാനെയും മൂതാപ്പാനെയും മൂത്തമ്മാനെയും അനിയനെയും പ്രണയിനിയേയും മാരകമാംവിധം തലക്കടിച്ച് കൊന്നതും ഉമ്മ ആയുസ്സിന്റെ ദൈര്‍ഘ്യം കൊണ്ട് രക്ഷപ്പെട്ടതും കേരളത്തെ ഞെട്ടിച്ച സംഭവമല്ലേ?”
കെ.ടി ജലീലിനെ പിന്തുണച്ച് പി.സി ജോര്‍ജ്
കെ.ടി ജലീലിന്റെ അഭിപ്രായത്തെ പി.സി ജോര്‍ജ് പിന്തുണച്ചു. കുറ്റവാളികളുടെ മതം സംബന്ധിച്ച് മുന്‍ സിമിക്കാരനും മുന്‍ മന്ത്രിയുമായ കെ ടി ജലീലിന് പറയാനുള്ളതാണ് തനിക്കുമുള്ളതെന്നും കല്ലറങ്ങാട്ട് പിതാവും പറഞ്ഞത് ഇതുതന്നെയാണെന്നും ജോര്‍ജ് പറഞ്ഞു: “നിങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലും, കുനിഞ്ഞും നില്‍ക്കുന്ന രാഷ്ട്രീയക്കാരെ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളു. ആരെങ്കിലും നിങ്ങള്‍ക്കെതിരെ നിന്നാല്‍ അവരെ സംഘടിതമായി ഭീഷണത്തിപ്പെടുത്തി, തീര്‍ത്തു കളയുന്ന സ്ഥിരം പരിപാടി എന്റെ അടുത്ത് നടക്കില്ല. ഞാന്‍ തൊടുത്തുവിടുന്ന ശരങ്ങള്‍ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാന്‍ കെല്പുള്ള ഭാരതീയ ജനത പാര്‍ട്ടിയും സത്യങ്ങള്‍ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തില്‍ ഉണ്ട്. എനിക്കും കല്ലറങ്ങാട്ടു പിതാവിനും എതിരെ കേസ് എടുക്കാന്‍ ഓടി നടന്ന വി.ഡി സതീശന്‍, എസ്ഡിപിഐ, മുസ്ലീം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും ഞാന്‍ വെല്ലു വിളിക്കുന്നു. കെ.ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാന്‍ നിങ്ങള്‍ക്ക് തന്റേടം ഉണ്ടോ? സ്വര്‍ണ്ണക്കടത്ത് ഒരു ജില്ലയില്‍ മാത്രമാണ് കൂടുതല്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്ക്. ലവ് ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുന്‍പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. കേരളത്തിലെ ജയിലുകള്‍ മതിയാവാതെ വരും നിങ്ങള്‍ക്ക്.” (17 മാര്‍ച്ച് മാധ്യമം).


ഹിന്ദു ഐക്യവേദിയും ഓര്‍ഗനൈസറും
മതവിദ്യാഭ്യാസമാണ് ലഹരിക്കടത്തിനും സ്വര്‍ണ്ണക്കടത്തിനും അത് വഴി തീവ്രവാദത്തിനും കാരണമാവുന്നത് എന്ന് ആദ്യം തിരിച്ചറിയണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു ജലീലിനെ ഉപദേശിച്ചു. (14 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്). ജലീലിന്റെ പ്രസ്താവന ആര്‍എസ്എസ് മുഖപത്രം ചര്‍ച്ചയാക്കി. മയക്കുമരുന്ന് കേസില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും മദ്രസയില്‍ പഠിച്ച മുസ്ലീങ്ങളാണെന്ന് ജലീല്‍ പറഞ്ഞതായാണ് ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്തത്. (19 മാര്‍ച്ച്, മീഡിയാവണ്‍).
3. കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലീങ്ങൾക്ക്
ജലീലിന്റെ വിസ്ഡം ഇഫ്ത്താര്‍ വീഡിയോക്ക് താഴെ സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാന്‍സിസ് ഒരു വിദ്വേഷകമന്റ് ഇട്ടു. നോമ്പെടുത്താല്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് ചിലര്‍ കരുതുന്നതെന്ന് കമന്റിലൂടെ അദ്ദേഹം മുസ്ലീങ്ങളെ പരിഹസിച്ചു: “നോമ്പെടുത്താല്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് ചിലര്‍ കരുതുന്നു. ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്ലീങ്ങള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍പോയി അഞ്ചുനേരം പ്രാര്‍ഥിച്ചാല്‍ മതി. അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര്, രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്.” വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. സിപിഎം നേതാക്കള്‍ ഫ്രാന്‍സിസിന്റെ നിലപാട് തള്ളി (17 മാര്‍ച്ച്, മീഡിയാവണ്‍). പിന്നീട് അദ്ദേഹം തന്നെ കമന്റിട്ടതില്‍ ഖേദം പ്രകടിപ്പിച്ചു. മാത്രമല്ല, അദ്ദേഹത്തെ ലോക്കല്‍ കമ്മിറ്റി സ്ഥാനത്ത് നിന്നും മൂവാറ്റുപുഴ ഏരിയാകമ്മിറ്റി സ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്തു (20 മാര്‍ച്ച്, മാതൃഭൂമി).


ലഹരിയെ മതവല്‍ക്കരിക്കരുത്
ലഹരിയെ ‘മതവല്‍ക്കരിക്കുകയല്ല’ വേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ജലീലിനെ തിരുത്തി. മതോദ്‌ബോധനം മുസ്ലീം സമൂഹത്തെ ധാര്‍മ്മികതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം (17 മാര്‍ച്ച്, 24 ന്യൂസ്). മതവിദ്യാഭ്യാസം ഉണ്ടായതുകൊണ്ടുമാത്രം ആരും നന്നാവില്ലെന്നും കുടുംബപശ്ചാത്തലവും നാട്ടിലെ സാഹചര്യവും ഇതില്‍ പങ്കുവഹിക്കുമെന്നും സമസ്ത നേതാവ് അബ്ദുള്‍ ഹക്കിം അസ്ഹരി അഭിപ്രായപ്പെട്ടു. (18 മാര്‍ച്ച്, റിപ്പോര്‍ട്ടര്‍).
4. ലഹരിയും താലിബാന്‍ മോഡലും
ജനുവരി 18ന് കോഴിക്കോട് താമരശ്ശേരിക്കടുത്ത പുതുപ്പാടിയില്‍ 25 വയസ്സുകാരനായ ആഷിഖ് മാതാവിനെ വെട്ടിക്കൊന്നിരുന്നു. ആഷിഖ് ലഹരി ഉപയോഗിച്ചിരുന്നയാളാണ്. സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവങ്ങളെ ചേര്‍ത്തുവച്ചുകൊണ്ട് മറുനാടന്‍ മലയാളി മാര്‍ച്ച് 20ന് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പെണ്ണു കൊടുക്കേണ്ടെന്ന് 23 മഹല്ല് കമ്മറ്റികള്‍ ചേര്‍ന്ന് തീരുമാനമെടുത്തുവെന്നും ജലീലിന്റെ വിമര്‍ശനത്തിന്റെ ഫലമാണ് ഇതെന്നും വാര്‍ത്ത അവകാശപ്പെട്ടു (20 മാര്‍ച്ച് എം റിജു, മറുനാടന്‍ മലയാളി).
അതേസമയം ഈ വാര്‍ത്ത അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി സൃഷ്ടിച്ചു. ലഹരിയുടെ മറവില്‍ മോറല്‍ പൊലീസ് കളിക്കാന്‍ മതനേതൃത്വത്തിന് മൗനാനുവാദം കൊടുക്കുന്ന ഒന്നായി വരില്ലേ ഈ നിയന്ത്രണമെന്ന് ലേഖകന് സംശയമായി. ‘പെണ്‍കുട്ടികളുടെ സൗഹൃദങ്ങള്‍ അപകടം വിളിച്ചുവരുത്താതിരിക്കാന്‍ ബോധവല്‍കരണം നടത്തുക’ എന്നതൊക്കെ ‘താലിബാന്‍ മോഡലിലേക്ക് നീങ്ങുമോ എന്ന് വിമര്‍ശനമുണ്ട്’ എന്ന് എഴുതിയാണ് അദ്ദേഹം തന്റെ പ്രതിസന്ധി പരിഹരിച്ചത്.
ഇസ്‌ലാമോഫോബിയ
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ചന്ദ്രികയില്‍ (21 മാർച്ച്) ‘ജലീലിന്റെ ലഹരിക്കണക്ക് ആരെ സുഖിപ്പിക്കാന്‍’ എന്ന പേരില്‍ എഴുതിയ ലേഖനം ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതിന് ജലീലിനെ കുറ്റപ്പെടുത്തി: കേരളത്തില്‍ ഒരു വശത്ത് ഇസ്‌ലാമോഫോബിയ കത്തിപ്പടരുമ്പോൾ അതിലേക്ക് ഊതിയൂതി കനല്‍ കൊഴിപ്പിക്കാനുള്ള എല്ലാ പണിയും സംഘപരിവാര്‍ എടുക്കുന്നുണ്ട്. ഈ പ്രക്രിയയിലേക്ക് എണ്ണകൂടി ഒഴിച്ചുനല്‍കി വേവ് എളുപ്പത്തിലാക്കുന്ന പാചകക്കാരന്റെ റോളിലാണ് ജലീല്‍ (21 മാര്‍ച്ച്, ചന്ദ്രിക).
5. പ്രശ്‌നഹേതു ഖുര്‍ആന്‍ തന്നെ
ജലീലിനോട് പ്രതികരിച്ചുകൊണ്ട് ജന്മഭൂമി പത്രം ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി (24 മാര്‍ച്ച്, കാവാലം ശശികുമാര്‍, ജന്മഭൂമി), ‘കെ.ടി ജലീല്‍ എറിഞ്ഞ കല്ല്’ എന്ന ശീര്‍ഷകത്തില്‍. ലേഖനം പ്രധാനമായ ചില ചോദ്യങ്ങള്‍ മുന്നോട്ടുവച്ചു. സര്‍ക്കാര്‍ പണം ഉപയോഗിച്ച് മദ്രസാ പഠനം നടത്തണമോയെന്നായിരുന്നു ആദ്യ ചോദ്യം: 1. മതേതര രാജ്യത്ത് സര്‍ക്കാര്‍ പണം വിനിയോഗിച്ച് നടത്തുന്ന മദ്രസാ പഠന സംവിധാനം ലക്ഷ്യം കാണുന്നില്ലേ? എങ്കില്‍ എന്തിന് അത് ഇങ്ങനെ തുടരണം? 2. മദ്രസയിലെ ധാര്‍മ്മിക പഠന സിലബസിലാണോ പോരായ്മകള്‍? അതായത് മത-ധാര്‍മ്മിക പഠനത്തിന് ഉപയോഗിക്കുന്ന പാഠങ്ങള്‍ അപര്യാപ്തമോ അപൂര്‍ണമോ അബദ്ധമോ ആണോ? പഠിപ്പിക്കുന്ന അധ്യാപകര്‍ അയോഗ്യരാണോ, അര്‍ഹതയില്ലാത്തവരാണോ? എങ്കില്‍ പുനർചിന്ത വേണ്ടേ? 3. ആ പഠന കേന്ദ്രങ്ങള്‍ നയിക്കുന്ന, നിയന്ത്രിക്കുന്ന സംഘടനകളും സംവിധാനവും ശരിയായ ദിശയിലല്ല എന്നാണോ? 4. പണം വാങ്ങി ‘വയള്’ (മതപ്രഭാഷണം) നടത്തുന്നവര്‍ സമുദായത്തെ വഴിതെറ്റിക്കുകയാണെങ്കില്‍ അതിനും വേണ്ടേ നിയന്ത്രണം? ഈ വിഷയങ്ങളില്‍ പതിറ്റാണ്ടുകളായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ജലീലിന്റെ കല്ലേറിലൂടെ ഫലമുണ്ടാകുന്നെങ്കില്‍ നല്ലതുതന്നെയല്ലേ. സാത്താനെ കല്ലെറിഞ്ഞകറ്റണമല്ലോ.”


മദ്രസ പഠനം നടത്തിയ ജലീലിന് ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുള്ള യോഗ്യത എത്രത്തോളമുണ്ടെന്ന ചോദ്യവും ലേഖകന്‍ ഉന്നയിക്കുന്നു. മദ്രസകളില്‍ പഠനവിധേയമാക്കുന്ന ഖുര്‍ആന്‍ ആണ് പ്രശ്‌നഹേതുവെന്നും ലേഖകന് അഭിപ്രായമുണ്ട്. അതുകൊണ്ട് വിവാദമായ ഭാഗങ്ങള്‍ ഖുര്‍ആനില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
6. മതരാഷ്ട്രവാദികൾ
ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകന്‍ വി.ബി പരമേശ്വരന്‍ സിപിഎം സമ്മേളനത്തെ വിലയിരുത്തിക്കൊണ്ട് ഒരു ലേഖനം ‘ദി മലബാര്‍ ജേണലി’ല്‍ (15 മാര്‍ച്ച്, മലബാര്‍ ജേണല്‍) എഴുതി. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമോ എന്ന സംശയത്തില്‍ ലീഗ് മതരാഷ്ട്രവാദികളെ കൂടെക്കൂട്ടിയിരിക്കുകയാണെന്നാണ് അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം:
“കോണ്‍ഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലീം ലീഗും ഭൂരിപക്ഷം മാധ്യമങ്ങളും ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ എന്നതുപോലെ കേരളത്തെ കമ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരു ‘പാവനസഖ്യത്തി’ലാണ് ബൂര്‍ഷ്വാ വര്‍ഗീയ ശക്തികളും ഭൂരിപക്ഷം മാധ്യമങ്ങളും അണിചേര്‍ന്നിട്ടുള്ളത്. മതരാഷ്ട്രവാദികളെ ഒരേ വേദിയില്‍ അണിനിരത്താനുള്ള മുസ്ലീംലീഗിന്റെ ശ്രമം അപകടകരമാണ്.”


7. കുഞ്ഞാലിക്കുട്ടിപോലും മുഖ്യമന്ത്രിയാകുന്ന കാലം!
ദലിത് സമുദായ മുന്നണി മാര്‍ച്ച് 15ന് കോഴിക്കോട് വച്ച് ഡോ. ബി.ആര്‍ അംബേദ്കറും ന്യൂനപക്ഷ അവകാശങ്ങളും എന്ന ശീര്‍ഷകത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമുദായിക രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അതില്‍ സംസാരിച്ച സണ്ണി എം കപിക്കാട് ഇസ്ലാമോഫോബിയയെക്കുറിച്ചും പരാമര്‍ശിച്ചു. കുഞ്ഞാലിക്കുട്ടി പോലും മുഖ്യമന്ത്രിയാവുമെന്ന് ഒരു നേതാവ് പറഞ്ഞതിനെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. മുസ്ലീമായ കുഞ്ഞാലിക്കുട്ടിക്ക് കേരളത്തില്‍ മുഖ്യമന്ത്രി പദവിയിലെത്താന്‍ ഏതൊരാളെപ്പോലെയും അവകാശമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നായര്‍ക്കും ക്രൈസ്തവനും മുഖ്യമന്ത്രിയാവാമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെന്ന മുസ്ലീമിനും മുഖ്യമന്ത്രിയാവാമെന്ന് അദ്ദേഹം പറഞ്ഞു (15 മാര്‍ച്ച്, പ്രസ് കോണ്‍ഫ്രന്‍സ്, യുട്യൂബ് ചാനല്‍).
8. പാപ്പക്കെതിരേ മാത്യു സാമുവല്‍
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഏറ്റവും വെറുക്കപ്പെട്ട പാപ്പയാണ് ഫ്രാന്‍സിസ് പാപ്പയെന്ന് റിസര്‍ച്ച് നടത്തി വെളിപ്പെടുത്തിയെന്ന അവകാശവാദവുമായി മുന്‍ തെഹല്‍ക്ക റിപോര്‍ട്ടര്‍ മാത്യു സാമുവല്‍ രംഗത്തുവന്നു. ഇതിനെതിരേ കെസിബിസി മാഗസിനായ ജാഗ്രത അവരുടെ മാര്‍ച്ച് ലക്കത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ‘ഫ്രാന്‍സിസ് പാപ്പക്കെതിരേയുള്ള വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ത്?’ എന്ന ശീര്‍ഷകത്തില്‍. ലേഖകന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. ഫ്രഞ്ചുകാര്‍ പാപ്പക്ക് എതിരാണ്, അര്‍ജന്റീനക്കാര്‍ തങ്ങളുടെ രാജ്യത്തേക്ക് പാപ്പയെ കയറ്റുകയില്ല, പാപ്പ ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വകലാശാലയില്‍ സ്ത്രീവിരുദ്ധത പ്രസംഗിച്ചു, സഭ പാപ്പയെ അനുസരിക്കുന്നില്ല – ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. പ്യൂ റിസര്‍ച്ച് നടത്തിയ അഭിപ്രായ സര്‍വേയില്‍ പാപ്പയെ ക്രൈസ്തവര്‍ തള്ളിക്കളഞ്ഞുവെന്നാണ് മാത്യു സാമുവല്‍ അവകാശപ്പെടുന്നത് (ഫ്രാന്‍സിസ് പാപ്പക്കെതിരേയുള്ള വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ത്?, മാര്‍ച്ച് ലക്കം, ജാഗ്രത).
എല്ലാ ആരോപണങ്ങളും തെറ്റായ വ്യാഖ്യാനങ്ങളാണെന്നാണ് ലേഖകന്‍ തെളിവുസഹിതം സ്ഥാപിക്കുന്നത്. ഇതിനിടയില്‍ സഭാവിശ്വാസികള്‍ക്കുള്ളില്‍ മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നയാളാണ് മാത്യു സാമുവലെന്നും ലേഖനം ആരോപിച്ചു. തീവ്രഹിന്ദുത്വവാദികളായ ആളുകളുടെ അവതരണ ശൈലിയാണ് മാത്യു സാമുവലിന്റേതെന്നും ലേഖനം ആരോപിക്കുന്നു: “കത്തോലിക്കാ സഭയ്‌ക്കെതിരായി നിരന്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കിടയിലെ ചില ക്രൈസ്തവ നാമധാരികളില്‍ ഒരാളാണ് മാത്യു സാമുവല്‍. മാര്‍പ്പാപ്പയ്ക്ക് എതിരെ മാത്രമല്ല, സഭാപ്രബോധനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭാ നേതൃത്വത്തിനും മെത്രാന്‍ സമിതിക്കും എതിരായുള്ള അവാസ്തവങ്ങളും വ്യാജപ്രചാരണങ്ങളും മാത്യു സാമുവല്‍ നിരന്തരം നടത്തുന്നുണ്ട്. അന്ധമായ മുസ്ലീം വിരുദ്ധത, ദേശീയ വാദത്തിന്റെ അതിപ്രസരം, ക്രൈസ്തവ വിരുദ്ധത എന്നിങ്ങനെ തീവ്രഹിന്ദുത്വവാദികളായ സമൂഹ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം ശൈലിയാണ് മാത്യു സാമുവലും പിന്തുടരുന്നത് എന്ന് കാണാം. സമീപകാലങ്ങളായി ബിജെപി, സംഘപരിവാര്‍ ആഭിമുഖ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് സ്വീകാര്യമായ അവതരണ ശൈലിയാണ് ഇത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സഭാ നേതൃത്വത്തില്‍ നിന്ന് അകറ്റുക എന്നത് ചില തല്പര കക്ഷികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിനായി അത്തരക്കാര്‍ സ്വീകരിച്ചുവരുന്ന കുതന്ത്രം ഇത്തരം വ്യാജപ്രചാരണങ്ങളാണ്. ‘ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക’ എന്ന പ്രാചീന തന്ത്രമാണിത്.”


9. ആശാസമരത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി
ആശാ സമരത്തോടല്ല തങ്ങള്‍ക്ക് പ്രശ്‌നമെന്നും അതിന് പിന്നിലുള്ളവരോടാണ് വിയോജിപ്പെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. സമരം സ്വയം പ്രേരിതമല്ല, രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ മുസ്ലിംസംഘടനകളാണെന്നും അദ്ദേഹം ആരോപിച്ചു: “സമരം രാഷ്ട്രീയപ്രേരിതമാണ്. സമരമല്ല പ്രശ്‌നം, ആ സമരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ചില ആളുകളുണ്ട്. എസ് യു സി ഐ, ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ ഉള്‍പ്പെടെയുള്ളവര്‍. അവരെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അല്ലാതെ ആശാ വര്‍ക്കര്‍മാരോട് ഞങ്ങള്‍ക്ക് എന്താ വിരോധം? ഞങ്ങളുടെ വര്‍ഗമല്ലേ.” (17 മാര്‍ച്ച്, മാധ്യമം).
10. അങ്കണവാടി ടീച്ചര്‍മാരുടെ സമരത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി
ഇതേ ദിവസം (17 മാര്‍ച്ച്) മീഡിയാവണ്‍ ഒരു ചര്‍ച്ച നടത്തി. അതില്‍ സിപിഎമ്മിന് വേണ്ടി പങ്കെടുത്തത് വി.പി.പി മുസ്തഫയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങിയ അങ്കണവാടി ടീച്ചര്‍മാരുടെ സമരത്തെക്കുറിച്ച് അവതാരകന്‍ ഒരു ചോദ്യം ചോദിച്ചു: “അങ്കണവാടിക്കാരുടെ സമരത്തിന് പിന്നിലുമുണ്ടോ ജമാഅത്തെ ഇസ്ലാമിയും എസ്‌യുസിഐയുമൊക്കെ” എന്നായിരുന്നു ചോദ്യം. 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പണം നല്‍കിയതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
11. മഅദനി, കടല മുഹമ്മദ്, കോയമ്പത്തൂർ കേസ്
മഅദനിക്കെതിരേ കള്ളസാക്ഷി പറയാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കടുത്ത മര്‍ദ്ദനത്തിനും പീഡനങ്ങള്‍ക്കും ഇരയായ കടല മുഹമ്മദ് കോഴിക്കോട് കാന്തപുരത്ത് സ്വവസതിയില്‍ വച്ച് മരിച്ചു. കോഴിക്കോട് നഗരത്തില്‍ കടല വിറ്റ് ഉപജീവനം നടത്തിയിരുന്ന, ഇടത് രാഷ്ട്രീയ പ്രവർത്തകനായ മുഹമ്മദിനെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കള്ള സാക്ഷി പറയാനാണ് പൊലിസ് പിടിച്ചുകൊണ്ടുപോയത്. കസബ പോലിസിന്റെ സഹായത്തോടെ കോയമ്പത്തൂര്‍ പൊലിസ് അദ്ദേഹത്തെ കടുത്ത പീഡനത്തിന് വിധേയനാക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ പൊലീസ് പിന്മാറുകയായിരുന്നു (19 മാര്‍ച്ച്, സിറാജ്).


12. സ്വാമി ആനന്ദവനത്തിന്റെ സന്ദര്‍ശനം തടസ്സപ്പെടുത്തിയത് ജിഹാദി ഘടകം
പ്രയാഗ് രാജിലെ കുംഭമേളയില്‍ മഹാമണ്ഡലേശ്വരായി പ്രഖ്യാപിക്കപ്പെട്ട മലയാളിയായ സാധു ആനന്ദവനം മാര്‍ച്ച് മാസത്തില്‍ തൃശൂര്‍ സന്ദര്‍ശിച്ചു. രാജ്യത്തെ 13 അഖാഡകളില്‍ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറാണ് അദ്ദേഹം. സ്വാമി ആനന്ദവനം ഭാരതി എന്നാണ് പുതിയ പേര്. പുതിയ പദവിയിലെത്തിയതിന്റെ ഭാഗമായാണ് അദ്ദേഹം തൃശൂരിലെത്തിയത് (10 മാര്‍ച്ച്, ന്യൂസ് 18).
ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അറിഞ്ഞിടത്തോളം സ്ഥലം അനുവദിക്കേണ്ട ദേവസ്വം ബോര്‍ഡും സംഘാടകരും തമ്മിലായിരുന്നു തര്‍ക്കം. ജിഹാദി ഘടകങ്ങളാണ് ദേവസ്വം ബോര്‍ഡിനെക്കൊണ്ട് സ്ഥലമനുവദിക്കുന്നത് തടസ്സപ്പെടുത്തിയതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ ആരോപിച്ചു: “സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്വീകരിച്ച ഓരോ ഹിന്ദു വിരുദ്ധ നടപടിക്കും ഉത്തരവാദികളായവരുടെ ഗൂഢാലോചനയുടെ ഫലമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ശക്തികള്‍ തന്നെയാണ് തൃശൂര്‍ പൂരം തടസ്സപ്പെടുത്തിയത്. എല്‍ഡിഎഫ് സംവിധാനത്തെ നിയന്ത്രിക്കുന്ന ജിഹാദി ഘടകങ്ങളാണ് ഇതിന് പിന്നില്‍.” (19 മാര്‍ച്ച്, ഓര്‍ഗനൈസര്‍).


വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍
തൃശൂരിലെത്തിയ സ്വാമി ഭക്തരോട് സംസാരിച്ചു. സനാതനധര്‍മത്തിന്റെ സൈനികരായി മലയാളികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കൂട്ടത്തില്‍ സനാതനധര്‍മത്തെ അപമാനിക്കാന്‍ ‘വോട്ടുബാങ്ക്’ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചു: “സനാതനധര്‍മം നശിപ്പിക്കപ്പെടേണ്ടതാണെന്ന് ഒരു ശങ്കയുമില്ലാതെ പറയുന്ന ആളുകള്‍ കേരളത്തിലുണ്ട്. തൃശൂര്‍ പൂരത്തില്‍വരെ നാമത് കണ്ടു. അഞ്ഞൂറും അറുന്നൂറും മലയാളികള്‍ പങ്കെടുത്തിരുന്നിടത്ത് ഇപ്പോള്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുക്കുന്നു.” അതേസമയം സനാതനധര്‍മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വോട്ട്ബാങ്ക് രാഷ്ട്രീയക്കാര്‍ ആരുടെ ഏത് വിഭാഗത്തെയാണ് പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കാതെ വിട്ടു. (20 മാര്‍ച്ച്, മാതൃഭൂമി).
13. മദ്രസാ അധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്
മതസ്ഥാപനങ്ങളിലും മദ്രസകളിലും ജോലി ചെയ്യുന്ന അധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കുന്നതിനും ഇതിനായി നിയമനടപടി സ്വീകരിക്കുന്നതിനും സംസ്ഥാന വഖ്ഫ് ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് വിവാദമായി. മദ്രസാധ്യാപകര്‍ രക്ഷിതാക്കളുടെ രാഷ്ട്രീയമനുസരിച്ച് വിവേചനം കാണിക്കുന്നുവെന്ന പരാതിയാണ് ഇത്തരമൊരു ഉത്തരവിന് പിന്നിലെന്നാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
ഇതിനെ വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ എം.സി മായിന്‍ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവര്‍ എതിര്‍ത്തു. ഉത്തരേന്ത്യന്‍ മോഡല്‍ പരിഷ്‌കാരമാണ് ഇതെന്ന് ഇരുവരും ആരോപിച്ചു. (22 മാര്‍ച്ച് സുപ്രഭാതം). സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പോലും രാഷ്ട്രീയപ്രവര്‍ത്തനത്തിന് വിലക്കില്ലാത്തപ്പോള്‍ സര്‍ക്കാരിന്റെ ഒരുവിധ സഹായവുമില്ലാതെ പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ അധ്യാപകരെ എന്തിന് നിയന്ത്രിക്കുന്നുവെന്നായിരുന്നു ചോദ്യം.
14. ലവ് ജിഹാദ്: പ്രചാരണത്തിന് പിന്നിലെ ‘അദൃശ്യകരങ്ങള്‍’
‘ലവ് ജിഹാദ് പ്രചാരണത്തിന് പിന്നിലെ അദൃശ്യകരങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സുപ്രഭാതം പത്രത്തില്‍ കാസിം ഇരിക്കൂര്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ കാസ എന്ന സംഘടന ഉണ്ടാക്കുന്ന സ്പര്‍ധയെക്കുറിച്ചും വിഭജനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുമാണ് ലേഖനം പറയാന്‍ ശ്രമിക്കുന്നത്.


ക്രൈസ്തവര്‍ക്കിടയിലെ ഇസ്ലാമോഫോബിയക്ക് പിന്നില്‍ ക്രൈസ്തവ സയണിസമാണെന്നും വംശീയതയാണ് അതിന്റെ മുഖമുദ്രയെന്നും ലേഖനം വാദിക്കുന്നു: “സംഘപരിവാര്‍ പയറ്റിത്തോറ്റിടത്താണ് ആസൂത്രിതമായും തീവ്രമായും കാസയുടെ പ്രവര്‍ത്തകരും അനുഭാവികളും ഇറങ്ങിക്കളിക്കുന്നത്. ഇതുവരെ സാഹോദര്യ മനോഭാവത്തോടെ, പാരസ്പര്യത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ വിദ്വേഷത്തിന്റെ വിപത്‌കരമായ വിടവ് സൃഷ്ടിക്കാനും അതുവഴി സാംസ്‌കാരിക ഏറ്റുമുട്ടലുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനുമുള്ള അത്യന്തം അപകടകരമായ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കാസയെ മറ്റ് തീവ്ര ചിന്താഗതികളില്‍നിന്ന് വ്യതിരിക്തമാക്കുന്നത് അതിന്റെ രാഷ്ട്രാന്തരീയ ആശയാടിത്തറയും തീവ്രവലതുപക്ഷരാഷ്ട്രീയ ലക്ഷ്യവുമാണ്. ആര്‍എസ്എസിനും ബിജെപിക്കും വിടുവേല ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട അഭ്യസ്തവിദ്യരും മധ്യവര്‍ഗ സമ്പന്നരുമായ ഈ സംഘത്തിന്റെ വിശ്വാസപ്രമാണം ഇവാഞ്ചലിസമാണ്. അതായത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ ഭരണകര്‍ത്താക്കളും നെഞ്ചിലേറ്റി നടക്കുന്ന ‘ക്രൈസ്തവ സയണിസം’. മുസ്ലീം വിരുദ്ധതയാണ് അതിന്റെ മുഖ മുദ്ര. ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ലാന്‍ഡ് ജിഹാദ്, മാര്‍ക് ജിഹാദ്, ഹലാല്‍ തുടങ്ങിയ പ്രചാരണങ്ങളിലും ഇസ്ലാമോഫോബിക്കായ ഒരന്തരീക്ഷം ഇവിടെ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നതിലും വ്യാപൃതരായ കാസയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിച്ചാല്‍ ബോധ്യപ്പെടും. നമ്മുടെ നാട് ഇതുവരെ നേരിടാത്ത വെല്ലുവിളിയാണ് അതുയര്‍ത്തുന്നതെന്നത്.” (24 മാര്‍ച്ച്, സുപ്രഭാതം, കാസിം ഇരിക്കൂര്‍).
15. നിയമസഭയിലെ എസ്ഡിപിഐ!
മാര്‍ച്ച് അവസാനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ക്കിടയില്‍ എസ്ഡിപിഐയെ യുഡിഎഫുമായി ചേര്‍ത്തുവച്ച് സംസാരിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ആകെയുള്ള 30 സീറ്റില്‍ 17ഇടത്തും എല്‍ഡിഎഫും പന്ത്രണ്ടിടത്ത് യുഡിഎഫും പിന്നെ ഒരിടത്ത് യുഡിഎഫ് മുന്നണിയിലെ എസ്ഡിപിഐയും വിജയിച്ചെന്ന് ധനമന്ത്രി പറഞ്ഞതാണ് പ്രകോപനമായത്. പരമാര്‍ശം സഭാരേഖകളിലുണ്ടാവരുതെന്ന് പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ധനമന്ത്രി സ്വീകരിച്ചില്ല. കൂടുതല്‍ തെളിവുമായെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐ ചീത്ത മുസ്ലീം സംഘടനയുടെ മാതൃകയായാണ് കേരളം മനസ്സിലാക്കുന്നത്. അതേസമയം എസ്ഡിപിഐ ഒരു സംഘടനയെന്ന നിലയില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും പിന്തുണച്ചിരുന്നു. എന്നാല്‍ ഇത് പരസ്യമായി അംഗീകരിക്കാന്‍ തയ്യാറില്ലാത്ത രാഷ്ട്രീയനേതാക്കള്‍ നല്ല മുസ്ലീങ്ങളില്‍നിന്ന് ചീത്ത മുസ്ലീങ്ങളെ വേര്‍തിരിക്കാനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. (25 മാര്‍ച്ച്, ദീപിക).
16. അഞ്ച് തരം ജിഹാദുകള്‍
പറവൂരില്‍ നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ പ്രസിഡന്റ് ആര്‍.വി ബാബു നടത്തിയ പ്രസംഗം ശ്രദ്ധപിടിച്ചുപറ്റിയത് അതിലുപയോഗിച്ച ഇസ്ലാമോഫോബിക് രൂപകങ്ങളെക്കൊണ്ടാണ്.


പ്രസംഗത്തില്‍ അദ്ദേഹം അഞ്ച് തരം ജിഹാദുകളെ പ്രതിനിധികള്‍ക്ക് പരിജയപ്പെടുത്തി. ‘ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, ഹലാല്‍ ജിഹാദ്, ലാന്‍ഡ് ജിഹാദ്, വഖ്ഫ് ജിഹാദ്’. മുനമ്പത്തെ വഖ്ഫ് ഭൂമി കയ്യേറ്റത്തിനെതിരേയുള്ള വഖ്ഫ് ബോര്‍ഡിന്റെ നിയമനടപടിയെയാണ് അദ്ദേഹം വഖ്ഫ് ജിഹാദ് എന്ന് പരിചയപ്പെടുത്തിയത്. മതബോധന ക്ലാസുകളിലെ ഉത്പന്ന വര്‍ഗം വേട്ടക്കാരനായും അസംഘടിത വര്‍ഗം ഇരകളുമായി മാറുന്ന പ്രത്യേക സിസ്റ്റം കേരളത്തില്‍ രൂപപ്പെട്ടുവരികയാണെന്നും അതിനെതിരേ കുടുംബത്തിലെ അമ്മമാര്‍ വരെ രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജിഹാദുകളെയാണ് കേരളം ഭയപ്പാടോടെ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. (25 മാര്‍ച്ച്, ജന്മഭൂമി).
17. ഹമാസ്, ലൂസിഫർ
ഇസ്രയേല്‍ ഗാസ യുദ്ധം കനക്കുന്നതിനിടെ യുദ്ധത്തിനെതിരേ പലസ്തീനില്‍ പ്രതിഷേധം നടന്നതിന്റെ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ ഹമാസിനെയും കുറ്റപ്പെടുത്തി. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലഹിയ മേഖലയിലാണ് ‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായി നൂറ് കണക്കിന് പേര്‍ തെരുവിലിറങ്ങിയത് (26 മാര്‍ച്ച്, മനോരമ). അതേസമയം ഹമാസിന്റെ എതിരാളികളല്ല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതെന്നും അല്‍ജസീറ പോലുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്ത കേരളത്തില്‍ വളരെ വ്യത്യസ്തമായ രീതിയിലാണ് ഉപയോഗപ്പെടുത്തിയത്.
മാർച്ച് 28ന് ദീപിക എഴുതിയ എഡിറ്റോറിയല്‍ ഈ വിഷയമാണ് കൈകാര്യം ചെയ്തത്. പലസ്തീന്‍ വിമോചനമല്ല, ക്രൈസ്തവ, യഹൂദ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ തീരുമാനിച്ച വംശീയതീവ്രവാദ പ്രസ്ഥാനമാണ് ഹമാസെന്നും എന്നാല്‍ കേരളത്തിലെ ചിലര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും പത്രം കുറ്റപ്പെടുത്തി. അവരുടെ അഭിപ്രായത്തില്‍ വോട്ട് രാഷ്ട്രീയക്കാരാണ് ഹമാസിനെ പിന്തുണയ്ക്കുന്നത്.: “ഹമാസ് തീവ്രവാദികളാണ്. ലൂസിഫറെ തമ്പുരാനെന്ന് വിളിക്കാനാവില്ല. വംശവെറിയുടെ വ്യാപനമാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. സാമൂഹ്യമാധ്യമങ്ങളിലും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ സജീവമാണ്. അവരും അവരുടെ വലയില്‍ വീണവരും ഇന്ത്യയിലും വിദേശങ്ങളിലും യുട്യൂബുകളിലൂടെ ഹമാസിനെ ന്യായീകരിക്കുകയും വരുമാനമുണ്ടാക്കുകയാണ്. ഹമാസിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റിതര രാഷ്ട്രീയക്കാര്‍ക്കും ഇരട്ടത്താപ്പാണ്. ഇത് ജനാധിപത്യത്തിന്മേലുള്ള തീവ്രവാദ അധിനിവേശമാണ്. ലൂസിഫറെ തമ്പുരാനെന്ന് വിളിക്കരുത്.”
18. മൂന്ന് ഇഫ്താർ അനുഭവങ്ങൾ
റമദാൻ കാലത്ത് രാഷ്ട്രീയക്കാർ സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യുന്ന ഇഫ്താർ സമ്മേളനങ്ങൾ, ഒരു പോസ്റ്റ്-കൊളോണിയൽ പ്രതിഭാസമാണ്. മതപരമായ ആചാരങ്ങളിൽ ഇടപെടാതിരുന്ന കൊളോണിയൽ ഭരണകൂടങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വാതന്ത്ര്യാനന്തര ഇന്ത്യ, മതവൈവിധ്യത്തെ സാംസ്കാരിക പ്രകടനമായി ആഘോഷിക്കുന്ന ഒരു മതേതരത്വം സ്വീകരിച്ചു. 1950-കളിൽ ജവഹർലാൽ നെഹ്‌റുവിന്റെ കീഴിൽ ആരംഭിച്ച ഈ മാറ്റം, മതാന്തര ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്വകാര്യ’ ഇഫ്താർ സമ്മേളനങ്ങളായി തുടങ്ങി. ഇത് ‘സർവ ധർമ്മ സംഭാവ’ (എല്ലാ മതങ്ങളോടും തുല്യ ബഹുമാനം) എന്ന ആശയത്തെ പ്രതിഫലിപ്പിച്ചു. നെഹ്‌റു, ഓൾ ഇന്ത്യ കോൺഗ്രസ് ആസ്ഥാനത്ത് ലളിതമായ ഇഫ്താർ സംഘടിപ്പിച്ചിരുന്നു, രാഷ്ട്രീയ തന്ത്രത്തിനപ്പുറം വ്യക്തിപരമായ സൗഹാർദത്തിന് ഊന്നൽ നൽകി.
കാലക്രമേണ ഈ ഇഫ്താറുകൾ മാറ്റത്തിന് വിധേയമായി. 1970-കളോടെ, ഇന്ദിര ഗാന്ധിയുടെ കീഴിൽ, മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ ഉറപ്പാക്കാൻ ‘വരേണ്യ’/’ദേശീയ’ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഇഫ്താറുകൾ രാഷ്ട്രീയ ഉപകരണങ്ങളായി. അതിഥി പട്ടികകൾ തിരഞ്ഞെടുക്കപ്പെട്ടവർക്കായി. പരിപാടികൾ ‘പേജ്-ത്രീ’ സ്വഭാവം കൈവരിച്ചു, മുസ്ലീം ഇതര രാഷ്ട്രീയക്കാർ പ്രതീകാത്മക ഉത്തരേന്ത്യൻ മുസ്ലീം വേഷങ്ങളായ തൊപ്പിയും ഷെർവാനിയും ധരിച്ചു. ഇത് ഇന്ത്യയുടെ രാഷ്ട്രീയ കലണ്ടറിൽ ഒരു സ്ഥിരം സാന്നിധ്യമായി മാറി. അടൽ ബിഹാരി വാജ്‌പേയി (ബിജെപി) പോലുള്ള നേതാക്കൾ വരെ ഈ സമ്പ്രദായം ഉൾക്കൊണ്ടു.
എന്നാൽ 2014 ന് ശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഈ പാരമ്പര്യം ഉപേക്ഷിച്ചു. 2017 ൽ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സർക്കാർ-സ്പോൺസർ ചെയ്ത ഇഫ്താറുകൾ അവസാനിപ്പിച്ചു. പൊതു കെട്ടിടങ്ങളിൽ മതപരമായ പരിപാടികൾ അനുചിതമാണെന്ന ‘മതേതര’ന്യായവും ഉന്നയിച്ചു. അതുപോലെ, 2018-ന് ശേഷം കോൺഗ്രസ് ഇഫ്താർ സംഘടിപ്പിക്കുന്നത് നിർത്തി.


ഹിലാൽ അഹമ്മദ് (സിയാസി മുസ്ലീം: ദി സ്റ്റോറി ഓഫ് പൊളിറ്റിക്കൽ ഇസ്‌ലാം ഇൻ ഇൻഡ്യ, 2019) പോലുള്ള വിശകലന വിദഗ്ധർ രാഷ്ട്രീയ ഇഫ്താറുകളുടെ അർഥം അന്വേഷിച്ചിട്ടുണ്ട്. ഒരുവേള അത് ഇന്ത്യയുടെ മതേതര പൈതൃകത്തിന്റെയും രാഷ്ട്രീയ സങ്കീർണ്ണതകളുടെയും പ്രതിനിധാനമാണ്. സാമുദായിക സംഘർഷ വേളകളിൽ അവ സമാധാനത്തിന്റെ സന്ദേശമായി. വരേണ്യ മുസ്ലീങ്ങളെ ആകർഷിക്കാനുള്ള രാഷ്ട്രീയ ഉപകരണമായും പ്രവർത്തിച്ചു. പൊതുവിൽ ഇഫ്താറിന് രണ്ട് മാതൃകകളുണ്ട്: സാമൂഹ്യ ഇഫ്താറും രാഷ്ട്രീയ ഇഫ്താറും. സാമൂഹ്യ ഇഫ്താർ സൗഹൃദത്തിനും പങ്കുവെപ്പിനും കൂടിച്ചേരലിനും ഒക്കെ പ്രാധാന്യമുള്ള സാമൂഹിക അനുഭവമാണ്. രാഷ്ട്രീയ ഇഫ്താർ സൗഹൃദത്തിനും പൊതുസമ്പർക്കം ശക്തിപ്പെടുത്താനും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടിയാണ്.
മൂന്ന് കേരളീയ അനുഭവങ്ങൾ
ഒന്ന്, മതസൗഹാര്‍ദം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തിയിരുന്നു. ഒരു രാഷ്ട്രീയ ഇഫ്താറായിരുന്നില്ല. മറിച്ച് ഒരു സാമൂഹിക ഇഫ്താറായിരുന്നു ഇത്. ഇത്തവണയും നടത്താന്‍ തീരുമാനിച്ചു. ക്ഷേത്രത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് പന്തല്‍ കെട്ടാന്‍ തീരുമാനിച്ചത്. എം.എല്‍.എ, പള്ളി വികാരി, ഖത്തീബ് തുടങ്ങിയവരെ പരിപാടിക്ക് ക്ഷണിച്ചു. തീരുമാനം പുറത്തുവന്ന ഉടന്‍ സംഘപരിവാര്‍ സംഘടനകള്‍ ഇതിനെതിരേ പ്രചാരണം ആരംഭിച്ചു. ഇഫ്താര്‍ തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ശ്രീകുമാര്‍ മാങ്കുഴി, കൊട്ടിയൂര്‍ സ്വദേശി വി.എസ് അനൂപ് എന്നിവര്‍ ഹൈകോടതിയെയും സമീപിച്ചു. വിവാദമായതോടെ കമ്മിറ്റി പരിപാടിയില്‍നിന്ന് പിന്‍മാറി. എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുള്ള ക്ഷേത്രമാണിതെന്നും ഇഫ്താറിന് പ്രത്യേകം അനുമതി നല്‍കിയിട്ടില്ലെന്നും ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഹൈകോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്. (26 മാര്‍ച്ച്, മാധ്യമം).


രണ്ട്, മിക്കവാറും എല്ലാ പാര്‍ട്ടികളും രാഷ്ട്രീയ ഇഫ്താര്‍ നടത്താറുണ്ട്. എസ്ഡിപിഐ തിരുവനന്തപുരത്ത് നടത്തിയ ഇഫ്താറില്‍ കോണ്‍ഗ്രസ്സും സിപിഐ നേതാക്കളും പങ്കെടുത്തതിനെ ജന്മഭൂമി വിവാദവാര്‍ത്തയാക്കി അവതരിപ്പിച്ചു. ഇഡി കള്ളപ്പണക്കേസില്‍ കുടുക്കി നിരോധനം കാത്തിരിക്കുന്ന സംഘടനയാണ് എസ്ഡിപിഐ എന്നായിരുന്നു പത്രത്തിന്റെ കണ്ടെത്തല്‍. എസ്ഡിപിഐക്ക് ഭീകരബന്ധമുണ്ടെന്നും പത്രം ആക്ഷേപിച്ചു. (27 മാര്‍ച്ച്, ജന്മഭൂമി)
മൂന്ന്, എന്നാൽ ഇഫ്താറിനെ ഇസ്‌ലാമോഫോബിയക്കെതിരായ ഒരു സാമൂഹ്യ ചെറുത്തുനിൽപ്പാക്കിയതും നാം കണ്ടു. മാര്‍ച്ച് 14ന് വ്യത്യസ്തമായ ഒരു നോമ്പുതുറ വടക്കന്‍ പറവൂര്‍ തത്തപ്പിള്ളിയില്‍ നടന്നു. മാനടിയില്‍ സജീവന്‍ എന്ന ഈഴവ സമുദായത്തില്‍പ്പെട്ട പ്രവാസി വ്യവസായിയുടെ വീട്ടില്‍ അദ്ദേഹം സംഘടിപ്പിച്ച നോമ്പുതുറയായിരുന്നു അത്. ‘പലമതസാരവുമേകം, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ശ്രീനാരായണഗുരുവിന്റെ മഹത്തായ സന്ദേശങ്ങള്‍ എഴുതിയ ബാനര്‍, ഗേറ്റില്‍ കെട്ടിവച്ച് ആ നാട്ടിലെയും അടുത്ത പ്രദേശങ്ങളിലെയും മുസ്ലീങ്ങളെയും അമുസ്ലീങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സജീവന്‍ ഇങ്ങനെയൊരു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. തന്നെ വളര്‍ത്തി ഈ നിലയിലെത്തിച്ചത് മുസ്ലീം രാജ്യങ്ങളാണെന്നാണ് എന്ന് അഭിമാനപുരസ്സരം അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു. മുന്‍ എം.പി കെ.പി ധനപാലന്‍. മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, സിനിമ നടന്‍ ഗുരുവായൂര്‍ ശിവജി, സുദേഷ് എം രഘു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. (15 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്, സുദേഷ് എം രഘു).
19. ഇരുപത്തിയേഴാം രാവ്
മാര്‍ച്ച് 28ന് ഡോ. കെ.ടി ജലീല്‍ മീഡിയാവണിനെയും ജമാഅത്തെ ഇസ്ലാമിയെയും വിമര്‍ശിച്ചുകൊണ്ട് ഒരു ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. മാനേജിങ് എഡിറ്റര്‍ സി ദാവൂദ്, അജിംസ് തുടങ്ങി മീഡിയാവണ്‍ മാധ്യമപ്രവര്‍ത്തകരെയും മീഡിയാവണിലെ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയെയും ആക്ഷേപിക്കുന്നതായിരുന്നു പോസ്റ്റ്. ഔട്ട് ഓഫ് ഫോക്കസ് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ചീത്തവിളിക്കാന്‍ ഉണ്ടാക്കിയതെന്നാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെ ‘തീവ്രവാദി പ്രസ്ഥാനമായും’ ദാവൂദിനെ തീവ്രവാദ ആശയങ്ങള്‍ ‘ഒളിച്ചുകടത്തുന്നയാളായുമാണ്’ ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല, മീഡിയാവണ്‍ തങ്ങളുടെ മുഖം മറച്ചുപിടിക്കാന്‍ ഇതര മതസ്ഥരെ ഉപയോഗിക്കുന്നുവെന്ന ഇസ്ലാമോഫോബിക്കായ പഴയ ആശയങ്ങള്‍ എടുത്തുപയോഗിക്കുകയും ചെയ്തു.
പോസ്റ്റിലെ ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം: ‘ഇരുപത്തിയേഴാം രാവിലെ മീഡിയാ വണ്‍ സംസ്‌കാരം ഞാനുമിങ്ങെടുത്തു!’ എന്ന് തുടങ്ങുന്നതാണ് ജലീന്റെ പോസ്റ്റ്: “ഔട്ട് ഓഫ് ഫോക്കസ് എന്ന മീഡിയ വണ്‍ പ്രോഗ്രാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ താറടിക്കാന്‍ മാത്രം ലക്ഷ്യമിട്ട് മൗദൂദിസ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് അതിന്റെ ഓരോ എപ്പിസോഡ് പരിശോധിച്ചാലും ബോദ്ധ്യമാകും… ഇന്നന്തേ ‘സഹോദരമതസ്ഥരെ’ ആരെയും കിട്ടിയില്ലെ അടുപ്പിന്റെ മൂലക്കല്ലാകാന്‍. മൂന്ന് കല്ലിനും ഒരു നിറമായത് മീഡിയാ വണ്‍ തന്ത്രത്തിന്റെ ലംഘനമാണല്ലോ? ഇന്ന് ഇരുപത്തിയേഴാംരാവായത് കൊണ്ടാകും സാധാരണ കാണാറുള്ളവരെ കാണാതിരുന്നത്! ജമാഅത്തെ ഇസ്ലാമി അവരുടെ തീവ്രവാദ അജണ്ട ഒളിച്ചുകടത്തുന്നത് ദാവൂദിലൂടെയാണ്. (28 മാര്‍ച്ച്, ദേശാഭിമാനി). (റമദാൻ മാസം 27 ദിവസം പിന്നിടുമ്പോൾ പ്രത്യേക ഐച്ഛിക പ്രാർഥനകൾ നടത്തുന്ന രാത്രിയാണ് ഇരുപത്തിയേഴാം രാവ്).


20. എമ്പുരാനും ഇടത് ജിഹാദികളും
മാര്‍ച്ച് 27ന് തിയ്യറ്ററുകളിലെത്തിയ മോഹന്‍ലാല്‍ സിനിമയാണ് എമ്പുരാന്‍. നടന്‍ പൃഥ്വിരാജാണ് സംവിധാനം. മുരളി ഗോപിയുടെ രചന. ഗുജറാത്ത് വംശഹത്യ പരാമര്‍ശിക്കുന്ന ചില ദൃശ്യങ്ങള്‍ സിനിമയുള്‍പ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത് മുതല്‍ മോഹന്‍ലാലും പൃഥ്വിരാജും ഹിന്ദുത്വശക്തികളുടെ ആക്രമണത്തിന് വിധേയരായി. സിനിമക്കെതിരേ ആദ്യ വിമര്‍ശനമുയര്‍ന്നുവന്നത് ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നാണ്. സിനിമ വന്‍ വിജയമായതോടെ ഹിന്ദുത്വ അനുഭാവികള്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍ ആരംഭിച്ചു. നിരവധി സംഘപരിവാര്‍ അനുകൂല വ്യക്തികള്‍ എമ്പുരാന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു. (27 മാര്‍ച്ച്, മീഡിയാവണ്‍).
അല്‍ സുഡു
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റേയും തിരക്കഥാകൃത്ത് മുരളീ ഗോപിയുടേയും പോസ്റ്റുകള്‍ക്കും താഴെയും അധിക്ഷേപ- ഭീഷണി പരാമര്‍ശങ്ങളുണ്ടായി. ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ‘താങ്ക്യൂ ഓള്‍’ എന്ന പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റേയും ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം. ‘രാജപ്പനും മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും ഭാരതത്തിലെ ഹൈന്ദവരുടെ ക്ഷമയെയും സഹനശക്തിയെയും വീണ്ടും പരീക്ഷിക്കുകയാണ്’ എന്നാണ് ഒരാളുടെ കമന്റ്. ‘ജിഹാദികളുടെ പണത്തിന് കീഴെ പറക്കുന്ന കടലാസ് പരുന്തായി മോഹന്‍ലാല്‍ എങ്ങനെ മാറി എന്നത് ചിന്തിക്കേണ്ട വിഷയമാണ്, ജിഹാദികളേ ഓര്‍ക്കുക; നിങ്ങള്‍ നരകത്തിലെ വിറക് കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞിരിക്കുന്നത്’- കമന്റില്‍ പറയുന്നു.
പൃഥ്വിരാജിനെ അല്‍ സുഡു എന്നുവിളിച്ചാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. “അല്‍ സുഡുവിന്റെ ആടുജീവിതം തുടങ്ങുന്നത് ഹലാല്‍ ഫ്ലാറ്റിന്റെ പരസ്യത്തിലൂടെയാണ്. പിന്നെ സിനിമയില്‍ ഉയര്‍ന്നുവരാന്‍ ഒരേസമയം മട്ടാഞ്ചേരി മാഫിയയുടേയും ഏട്ടന്റേയും ഒപ്പം നടന്നു. പിന്നെപ്പിന്നെ ജിഹാദി ഫണ്ടിറക്കി ചെയ്തതെന്ന് സംശയിക്കപ്പെടുന്ന നിരവധി സിനിമകളുടെ ഭാഗമായി. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ വരെ പരിഹസിക്കുന്ന ‘ജനഗണമന’ പോലുള്ള സിനിമകള്‍ ചെയ്ത് സുഡാപ്പികളെ നിരന്തരം സന്തോഷിപ്പിച്ചു. ഗോധ്ര മറച്ചുവെച്ച് ഗുജറാത്ത് കലാപവും രാഷ്ട്രീയവും കുത്തിക്കലര്‍ത്തി. സുഡുക്കളും കമ്മികളും കൊങ്ങികളും ഏട്ടന്റെ ആരാധകരും സിനിമ കാണാന്‍ എത്തുമെന്ന് അല്‍ സുഡു പ്രതീക്ഷിക്കുന്നു. ‘ആഗ്രഹം നല്ലതാണ്, പക്ഷെ നിന്റെ തന്തയല്ല എന്റെ തന്ത’. മിഷന്‍ സൗത്ത് ഇന്ത്യക്കാരുടെ ഫണ്ട് വാങ്ങി രാജ്യത്ത് കലാപം സൃഷ്ടിക്കാനും രാജ്യത്തെ വിഭജിക്കാനും ഇറങ്ങിത്തിരിക്കുന്നവര്‍ അന്വേഷണം വരുമ്പോള്‍ ഇരവാദം മുഴക്കി മോങ്ങരുത്” എന്നാണ് പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി.
“ഈ ഹിന്ദു നാമധാരിയായ സുഡാപ്പി അടിമയുടെ സാമ്പത്തിക സ്രോതസിനെ പറ്റി സെന്‍ട്രല്‍ ഗവണ്‍മെന്റ് അന്വേഷിച്ച് നിയമനടപടികള്‍ സ്വീകരിക്കണം എത്രയും പെട്ടെന്ന്” എന്നാണ് മറ്റൊരാളുടെ കമന്റ്.
കേണല്‍ പദവി പിന്‍വലിക്കണം
സിനിമാരംഗത്തുള്ള ഹിന്ദുത്വ അനുഭാവികളും സിനിമക്കെതിരേ അണിനിരന്നു. സൈന്യത്തിന്റെ അംബാസിഡറായ മോഹന്‍ലാല്‍ ആ പദവിയില്‍ തുടരാന്‍ ഇനി അര്‍ഹനല്ലെന്ന് സംവിധായകന്‍ രാമസിംഹന്‍ (28 മാര്‍ച്ച്, റിപ്പോര്‍ട്ടര്‍) അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 2009ലാണ് ഇന്ത്യന്‍ സൈന്യം മോഹന്‍ലാലിന് ഓണററിയായി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. അത് തിരിച്ചെടുക്കണമെന്നായിരുന്നു ആവശ്യം.
പൃഥ്വിരാജിന്റെ ഐഎസ് ബന്ധം
സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ ഗണേശ് ആവശ്യപ്പെട്ടു: “കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നില്‍ക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിന്റെ സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൊറോണ കാലത്തെ ഈ അറേബ്യന്‍ ജീവിതത്തിനിടയില്‍ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങള്‍ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജന്‍സികള്‍ തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. ബഹിഷ്‌ക്കരിക്കാനല്ല മറിച്ച് എമ്പുരാന്‍ ഒളിച്ചുകടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം” എന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു (29 മാര്‍ച്ച്, ജന്മഭൂമി).
ടെററിസ്റ്റുകളെന്ന് സ്വാമി ഭദ്രാനന്ദ
നിര്‍മ്മാതാവ് നൽകിയ ഫണ്ട് കൂടാതെ എമ്പുരാന്റെ സൂത്രധാരന്മാര്‍ക്ക് രഹസ്യ ഫണ്ടുകളും ഓഫറുകളും കൂറ്റന്‍ പദ്ധതികളും ലഭിച്ചെന്ന് സ്വാമി ഭദ്രാനന്ദ് ആരോപിച്ചു. “മോഹന്‍ലാലിനും പൃഥ്വിരാജിനും രഹസ്യ അജണ്ടക്കാര്‍ക്കും പണം ഇല്ലാഞ്ഞിട്ടല്ല. പണത്തിന്റെ പ്രലോഭനത്തില്‍ സിനിമയിലെ ആളുകള്‍ വീണിട്ടുണ്ട്. എമ്പുരാന്‍ സിനിമ സാമ്പത്തിക പ്രതിസന്ധിയില്‍ ഇറങ്ങാതെ വന്നപ്പോള്‍ അവസാനമാണ് പണം വാങ്ങി ഗോകുലം ഗോപാലനെ ഇതില്‍ പിടിച്ചിട്ടത്. അത് ഇവര്‍ക്കൊരു കവചമായി മാറി. സ്വന്തമായി പണമില്ലാത്തവരല്ല ഇതിലെ ആളുകള്‍. ചെയ്യുന്ന ജോലിക്കുള്ള പ്രത്യുപകാരം ഇവര്‍ക്ക് അടുത്ത സിനിമകള്‍ വഴി ലഭിക്കും.” സ്വാമി ഭദ്രാനന്ദ് പറഞ്ഞു. “മറ്റ് രാജ്യങ്ങളില്‍ നിന്ന് വരെ ഫണ്ട് വരാനുള്ള സോഴ്‌സ് ഇവിടെയുണ്ട്. ഡ്രഗ്‌സിന്റെ ഫുള്‍ കണ്‍ട്രോളും മലയാള സിനിമയിലാണ്. അവരെല്ലാവരും ടെററിസ്റ്റുകളാണ്.” സ്വാമി ഭദ്രാനന്ദ് പറഞ്ഞു. (29 മാര്‍ച്ച്, കർമ്മ ന്യൂസ്).
വാര്യന്‍കുന്നന്‍ നിര്‍ത്തിവെപ്പിച്ചവരോടുള്ള പ്രതികാരം
പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകുമോ? എന്നാണ് മീഡിയാമലയാളം ഈ പ്രശ്‌നം ചര്‍ച്ച ചെയ്തത്. പൃഥ്വിരാജ് നേരത്തെ പ്രഖ്യാപിച്ച വാരിയന്‍കുന്നന്‍ എന്ന സിനിമയുമായി എമ്പുരാനെ അവര്‍ ബന്ധപ്പെടുത്തി. “ഈ സിനിമയക്ക് ഫണ്ട് ചെയ്യാന്‍ വന്നവരെക്കുറിച്ച് സംശയമുണ്ടായിരുന്നു. വാര്യന്‍ കുന്നനെ വെള്ളപൂശാനായിരുന്നു ശ്രമം. സ്വാതന്ത്ര്യസമരസേനാനിയായി അവതരിപ്പിക്കാനും ശ്രമിച്ചു. പക്ഷേ, ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. ഒടുവില്‍ ഉപേക്ഷിക്കേണ്ടിവന്നു. അതിന്റെ പ്രതികാരമാണ് എമ്പുരാന്‍.” (29 മാര്‍ച്ച്, രായപ്പന്‍ തേഞ്ഞു, മീഡിയ മലയാളം)
എമ്പുരാനെതിരേ ഓര്‍ഗനൈസര്‍
മാര്‍ച്ച് 30ന് ഓര്‍ഗനൈസര്‍ എമ്പുരാനെതിരേ ലേഖനം പ്രസിദ്ധപ്പെടുത്തി. അവര്‍ നായക കഥാപാത്രത്തെ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെടുത്തി. ഇസ്ലാമിക തീവ്രവാദത്തെയും ഭീകരതയെും ന്യായീകരിക്കുന്ന മലയാള സിനിമയിലെ പ്രസ്ഥാനത്തിന്റ മുന്നണിപ്പോരാളിയാണ് പൃഥ്വിരാജ്. ഗുജറാത്ത് കലാപത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. സിനിമ അഖണ്ഡതയുടെ സ്പിരിറ്റിന് എതിരാണ്. ചരിത്രം വളച്ചൊടിച്ചു. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളെ പരഹസിക്കുന്നു. തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് സംശയം ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. ദേശവിരുദ്ധ പ്രമേയങ്ങള്‍ സിനിമയാക്കുന്നു. സംഘപരിവാറിനെ മോശമായി ചിത്രീകരിക്കുന്നു – ഇങ്ങനെ പോകുന്നു വിഷ്ണു അരവിന്ദ് മാര്‍ച്ച് 30ന് ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനം.


ഇതേ കുറിച്ച് നടന്ന റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ (29 മാര്‍ച്ച്, റിപ്പോര്‍ട്ടര്‍) ബിജെപി പ്രതിനിധി പ്രിന്റു മഹാദേവ് എമ്പുരാന്റെ പ്രമേയത്തെ മലബാറിലെ മദ്രസകളും മതംമാറ്റവും മതഭീകരവാദവും ഐഎസ് റിക്രൂട്ട്‌മെന്റും സിറിയയിലേക്ക് പോയവരുമായും ബന്ധപ്പെടുത്തി. കുട്ടിക്കാലത്ത് ആര്‍എസ്എസ്സ് ശാഖയില്‍ പോയ പൃഥ്വിരാജിനെ സിഎഎ സമരത്തിന് ശേഷം ജിഹാദികള്‍ ഹൈജാക്ക് ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ദേശവിരുദ്ധത തിരിച്ചറിഞ്ഞ് പ്രൊഡ്യൂസര്‍ പിന്‍മാറി
എമ്പുരാന്റെ സിനിമ ദേശവിരുദ്ധമാണെന്ന് തെളിയിക്കാന്‍ തത്വമയി എന്ന ചാനല്‍ ‘എമ്പുരാന്‍ വിവാദത്തില്‍ തട്ട് കിട്ടിയത് മറ്റൊരു ജിഹാദി പടത്തിന് ! വിശദ വിവരങ്ങളിതാ’ എന്ന ശീര്‍ഷകത്തില്‍ ഒരു വീഡിയോ ചെയ്തു. അതനുസരിച്ച് ഈ സിനിമയുടെ ആദ്യ പ്രൊഡ്യൂസര്‍ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ശ്രീലങ്കയിൽ നിന്നുള്ള ഇപ്പോള്‍ ബ്രിട്ടീഷ് പൗരനായ സുഭാഷകരന്‍ അള്ളിരാജയാണ്. ഇദ്ദേഹത്തിന് എല്‍ടിടിഇയുമായി ബന്ധമുണ്ടായിരുന്നു. അവര്‍ക്ക് ധാരാളം പണവും നല്‍കി. ഇപ്പോഴത്തെ സര്‍ക്കാരുമായി അടുക്കുന്നതായും വിവരമുണ്ട്. ബിബിസി വഴിയാണ് എമ്പുരാന്റെ നിര്‍മാണത്തിലേക്ക് ഇദ്ദേഹം എത്തിയത്. പക്ഷേ, സിനിമയുടെ ദേശവിരുദ്ധത തിരിച്ചറിഞ്ഞ് പിന്‍മാറി. ഇതേ വീഡിയോ ഈ സിനിമയെ കള്ളപ്പണവും മട്ടാഞ്ചേരി മാഫിയയുടെ ഉദയവുമായും ബന്ധപ്പെടുത്തി. ഹിന്ദു ആചാരങ്ങളെ എതിര്‍ക്കുകയാണ് ഇത്തരം സിനിമകളുടെ ലക്ഷ്യം. എല്ലാ സിനിമയിലും ബീഫ് കാണുന്നു. എന്നാല്‍ പന്നിയിറച്ചി കാണിക്കുന്നില്ല. ഇതൊന്നും വെറുതേ ഉണ്ടാവുന്നതല്ല. (29 മാര്‍ച്ച്, തത്വമയി). എമ്പുരാന്‍ വിവാദമായതോടെ വാരിയന്‍ കുന്നന്‍ സിനിമ തിരിച്ചുവരവിനുള്ള പ്രതീക്ഷ അവസാനിച്ചതായും അവതാരകന്‍ പറയുന്നു.
കോടികള്‍ ചെലവാക്കി പൃഥ്വിരാജ് പടച്ചത് രാഷ്ട്ര വിരുദ്ധ സിനിമയാണെന്ന് മറ്റൊരു വീഡിയോയില്‍ ചാനല്‍ (27 മാര്‍ച്ച്, തത്വമയി) അഭിപ്രായപ്പെട്ടു.


എമ്പുരാന് ഇടത്-ജിഹാദി അജണ്ട
എമ്പുരാന് പിന്നില്‍ ഇടത്-ജിഹാദി അജണ്ടയാണെന്നാണ് ജനം ടിവി ആരോപിച്ചത്. “സിനിമ മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ശ്രമമാണ്. എന്‍ഐഎ പോലുള്ള ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നു. നിര്‍ദോഷമായ കലയല്ല, കുല്‍സിതപ്രവര്‍ത്തനമാണ്. പൃഥ്വിരാജ് ചെയ്തത് രാജ്യദ്രോഹമാണ്. രാഷ്ട്രീയവും മതവും കലര്‍ത്തി ഇടതുതീവ്രവാദകൂടാരത്തിലേക്ക് കേരളത്തിലേക്ക് നയിക്കുകയാണ്. തന്റെ ഇടത്-ജിഹാദി രാഷ്ട്രീയം മനപ്പൂര്‍വം തിരികെക്കയറ്റിയിരിക്കുകയാണ്. ജിഹാദി ശക്തികള്‍ക്ക് അനുകൂലമായി തരത്തില്‍ കഥാതന്തുക്കളെ മാറ്റിയിരിക്കുകയാണ്. ഇതൊന്നും മോഹന്‍ലാലും നിര്‍മ്മാതാവ് ഗോകുലം ഗോപാലനും അറിഞ്ഞിരുന്നില്ല. ഇടത് ജിഹാദി കൂട്ടുകെട്ടിനുവേണ്ടി നിര്‍മിച്ച സിനിമയാണ്. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ട് അവര്‍ തിയ്യറ്ററുകളില്‍നിന്ന് ഒഴിഞ്ഞുപോകുന്നു. അതിന്റെ ഭാഗമായാണ് ടിക്കറ്റുകള്‍ റദ്ദാക്കുന്നത്.” (29 മാര്‍ച്ച്, ജനം ടിവി).
ബിജെപിയില്‍ മുറുമുറുപ്പ്
സെന്‍സര്‍ ബോര്‍ഡിലെ ഹിന്ദുത്വപ്രതിനിധികള്‍ക്ക് എമ്പുരാനെ തടയാനായില്ലെന്നാണ് ബിജെപിയുടെ പരാതി. അതൊരു വീഴ്ചയായാണ് അവര്‍ കണ്ടത്. സിനിമ പുറത്തുവന്ന സമയത്ത് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ള ബിജെപി നേതാക്കള്‍ സിനിമയെ പുകഴ്ത്തി പോസ്റ്റിട്ടിരുന്നു. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ തിരുത്തി. (28 മാര്‍ച്ച് മറുനാടന്‍ മലയാളി). തുടര്‍ന്ന് സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന ആവശ്യമുയര്‍ന്നു. പിന്നീട് നിര്‍മാതാക്കള്‍ തന്നെ ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റി.
ഖേദപ്രകടനത്തോടെ മോഹന്‍ലാല്‍
“ലൂസിഫര്‍ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.” (30 മാര്‍ച്ച്, ഫേസ്ബുക്ക് പോസ്റ്റ്). ഈ പോസ്റ്റ് പിന്നീട് പൃഥ്വിരാജ് ഷെയര്‍ ചെയ്തു.
21. ഇസ്ലാമിക തീവ്രവാദം
കത്തോലിക്കാ സഭയ്ക്കും വിശ്വാസങ്ങള്‍ക്കും പിതാക്കന്മാര്‍ക്കും വൈദികര്‍ക്കും എതിരെ അപകീര്‍ത്തിപരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കെഎംഎംഎല്‍ കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം രൂപത ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജംഗ്ഷന്‍ ഹാക്ക് , അനില്‍ ടോക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
അനില്‍ മുഹമ്മദ് ‘ഇസ്ലാമിക തീവ്രവാദം’ പഠിപ്പിക്കുന്നുവെന്നാണ് മറുനാടന്‍ മലയാളി മാര്‍ച്ച് 28ാം തിയ്യതി അപ് ചെയ്ത വാര്‍ത്തയില്‍ പറയുന്നത്. ഹിന്ദുത്വത്തെ തുറന്നെതിര്‍ക്കുന്ന യുട്യൂബറാണ് അനില്‍ മുഹമ്മദ്.
22. അവര്‍ണ സംഘി, സവര്‍ണ സംഘി
ആബിദ് അടിവാരം മാര്‍ച്ച് 29ന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. “മുസ്ലീങ്ങളെ കൊല്ലാന്‍ ഉത്തരവിടണം. സവര്‍ണ്ണ ജാതിക്കാരും പണക്കാരും കൊല്ലാനിറങ്ങില്ല. ദലിതരും ചേരി നിവാസികളും ദരിദ്രരുമായവര്‍ കൊല്ലാനിറങ്ങിക്കൊള്ളും. മുസ്ലിങ്ങളെ കൊന്നാല്‍ അവരുടെ വീടും സമ്പത്തും നിങ്ങള്‍ക്ക് സ്വന്തമാക്കാമെന്ന് പറഞ്ഞാല്‍ മതി. മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍നിന്ന് മുസ്ലീങ്ങൾ തുടച്ചുനീക്കപ്പെടും” എന്ന് തുടങ്ങുന്ന ഈ പോസ്റ്റ് അവസാനിച്ചത് “സവര്‍ണ്ണ സംഘിയേക്കാള്‍ അപകടകാരിയാണ് അവര്‍ണ്ണ സംഘി, കേരളത്തിലും അതില്‍ മാറ്റമൊന്നുമില്ല” എന്ന് എഴുതിക്കൊണ്ടാണ്.
കേവല ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രശ്നം
ഫാസിസ്റ്റ് വിരുദ്ധത എന്നാൽ കേവല സംഘപരിവാർ വിരുദ്ധത എന്ന കാഴ്ചപ്പാട് മാത്രമുള്ളവർ ജാതി/ദേശീയത തുടങ്ങിയവയുടെ സങ്കീർണതകൾ കാണാതെപോകുന്നവരാണ്. ഉണ്മാപരമായി അവർണ വിഭാഗത്തിനോ വ്യക്തിക്കോ ഹിന്ദുത്വ രാഷ്ട്രീയ നിലപാടില്ല. സവർണ്ണ ദേശീയ വിഭാഗങ്ങൾ മാത്രമേ ഉണ്മാപരമായി ഹിന്ദുത്വ വാദികളാവുകയുള്ളൂ. ഇപ്രകാരം ഹിന്ദുത്വയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് അന്വേഷിക്കാതെയുള്ള കേവല ഫാസിസ്റ്റ് വിരുദ്ധത പ്രശ്നവൽക്കരിക്കപ്പെടേണ്ടതുണ്ട്.
ഗുജറാത്ത് വംശഹത്യ ഒരു ഉദാഹരണമായെടുക്കാം. ഗുജറാത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ഒ.ബി.സി സംവരണം നടപ്പിലായ 1976- മുതല്‍ 1986- വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ മേല്‍ജാതി ഹിന്ദുക്കളുടെ നേതൃത്വത്തില്‍ പിന്നോക്ക ജാതികള്‍ക്കെതിരെ നിരവധി തെരുവ് സംഘര്‍ഷങ്ങള്‍ നടന്നതായി കാണാന്‍ കഴിയും. ഏതെങ്കിലും അര്‍ത്ഥത്തില്‍ സാമൂഹിക പുരോഗതി നേടിക്കഴിഞ്ഞ ദലിത് ബഹുജനങ്ങൾ ആയിരുന്നു ഇവരുടെ ആക്രമണങ്ങളുടെ മുഖ്യ ഇരകള്‍. എന്നാല്‍ 1985- ആവുമ്പോഴേക്കും നേരത്തെ പറഞ്ഞ ദലിത് ബഹുജന്‍ വിരുദ്ധ സംഘര്‍ഷങ്ങളും ആക്രമങ്ങളും മുസ്ലീം വിരുദ്ധമായി മാറിക്കഴിഞ്ഞിരുന്നു. ഗുജറാത്തില്‍ ബിജെപി ശക്തി പ്രാപിക്കാന്‍ കാരണമായ 1985- ലെ അഹമ്മദാബാദ് കലാപത്തിന്റെ പ്രവര്‍ത്തന രീതികള്‍ പഠിക്കുമ്പോള്‍ ഈ വസ്തുത വ്യക്തമാകുന്നു. ജാതി സംഘര്‍ഷം പതുക്കെ ഹിന്ദു മുസ്ലീം പ്രശ്‌നമായി സംഘപരിവാർ മാറ്റുന്നു എന്ന വസ്തുതയാണത്. ബിജെപി കൊണ്ടുവന്ന പുത്തന്‍ രാഷ്ട്രീയ പദ്ധതിയുടെയും തന്ത്രങ്ങളുടെയും ഫലമായിരുന്നു അത്. സവര്‍ണ്ണ വിഭാഗങ്ങളുടെ കൂടെ നിന്ന് സംവരണ വിരുദ്ധ നിലപാട് എടുക്കുകയും അതേസമയം മുസ്ലീം വിരുദ്ധ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത ബിജെപി 1985 ഫെബ്രുവരി മുതല്‍ ജൂലൈ വരെ നടത്തിയ 750 ഓളം മുസ്ലീം വിരുദ്ധ അക്രമങ്ങളിലൂടെ ജാതി രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഗതി തന്നെ മാറ്റിമറിച്ചു. ഇതിനായി മേല്‍ജാതി പൊതുബോധത്തിലുള്ള സംവരണ വിരുദ്ധതയും മുസ്ലീം വിരുദ്ധതയും കൂട്ടി യോജിപ്പിച്ചും കീഴ്ജാതികള്‍ക്കിടയില്‍ മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ചുമാണ് ബി.ജെ.പി രണ്ടുപക്ഷത്തും പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷമുള്ള കാലത്ത് കോണ്‍ഗ്രസ്സിന്റെ പതിവു ബലഹീനതകള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ പുതിയ സാമൂഹിക മാറ്റങ്ങള്‍. ഇങ്ങിനെയുള്ള സോഷ്യൽ എഞ്ചിനീയറിംഗ് വ്യവസ്ഥ ഹിന്ദുത്വയുടെ ഗുജറാത്ത് മാതൃകയുടെ അടിസ്ഥാനമാണ്. (അധിക വായനക്ക് : ഒർനിത് ഷാനി, കമ്മ്യൂണലിസം, കാസ്റ്റ് ആൻഡ് ഹിന്ദു നാഷണലിസം: ദി വയലൻസ് ഇൻ ഗുജറാത്ത്, 2007). ഇത്തരമൊരു മാതൃകയുടെ ഏറ്റവും ഹിംസാത്മകമായ പ്രകടനവും അതിൻ്റെ പൂർത്തീകരണവുമാണ് 2002-ൽ ഗുജറാത്ത് വംശഹത്യയിൽ നടന്നത്. ഈ സാമൂഹിക മാറ്റത്തിൻ്റെ ഉണ്മാപരമായ സ്വഭാവം സവർണ ഹിന്ദു ദേശീയവാദമാണ്. ‘അവർണ സംഘി’ എന്ന അനുഭവവാദ പ്രയോഗം അദൃശ്യമാക്കുന്ന ഒരു സാമൂഹിക മാറ്റമാണിത്.


ഗുജറാത്ത് കലാപത്തിൽ രണ്ട് സമുദായങ്ങളും തമ്മിൽ ‘സ്വാഭാവികമായ’ ഏറ്റുമുട്ടലുകൾ ഇല്ലായിരുന്നുവെന്ന് കണക്കുകൾ സഹിതം വിവരിക്കുന്ന പഠനമാണ് രാജു സോളങ്കിയുടെ Blood under Saffron: The myth of Dalit-Muslim confrontation (22 ജൂലൈ, 2013, റൗണ്ട് ടേബിൾ ഇന്ത്യ). ബജ്രംഗദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവ ദലിത്കളെ ‘ഹിന്ദു സൈനികർ’ആയി ഉപയോഗിക്കാൻ ശ്രമിച്ചു. പക്ഷേ, കുറ്റകൃതൃങ്ങളിലെ അമിത ദലിത് പങ്കാളിത്ത നിർമ്മിതി പൊലീസിൻ്റെ ക്രിമിനൽവൽക്കരണത്തിൻ്റെ ഭാഗമായിരുന്നു.
ബ്രാഹ്മണർ, ബനിയ, പട്ടേൽ തുടങ്ങിയ ഉന്നതജാതി ഹിന്ദുക്കളിൽ 1,577 അറസ്റ്റുകളിൽ 33 പേർ മാത്രമായിരുന്നു. നരേന്ദ്ര മോദി, പ്രവീൺ തോഗാഡിയ, അശോക് ഭട്ട് എന്നിവരുടെ ഉന്നതജാതി ബന്ധങ്ങൾ പൊലീസിനെ സ്വാധീനിച്ചിരിക്കാമെന്നു സോളങ്കി കരുതുന്നു. ദലിത് പ്രദേശങ്ങളിൽ കേന്ദ്രീകരിച്ച അറസ്റ്റുകൾ പോലീസ് ബോധപൂർവ്വം വർദ്ധിപ്പിച്ചു. അഹമ്മദാബാദിലെ ഗോംടിപൂർ, ദാനിലിമഡ തുടങ്ങിയ ദലിത് പ്രദേശങ്ങളിൽ നിന്നാണ് 45 ശതമാനം അറസ്റ്റുകൾ, എന്നാൽ ഭൂരിഭാഗം ഹിംസയും സമ്പന്ന ഹിന്ദു പ്രദേശങ്ങളിലായിരുന്നു. സവർണ ഹിംസ അരങ്ങേറിറിയ നരോദപാട്യ പോലുള്ള കൂട്ടക്കൊല സ്ഥലങ്ങളിൽ ഏറെക്കുറെ നടപടി എടുത്തില്ലെന്നുമാണ് വസ്തുത.
ജി.എൻ ദേവിയുടെ A Nomad Called Thief: Reflections on Adivasi Silence (2006) പുസ്തകത്തിൽ ഗുജറാത്തിലെ ആദിവാസി-മുസ്ലീം ബന്ധങ്ങളുടെ ചരിത്രപരവും സാമൂഹ്യവുമായ സങ്കീർണ്ണതകൾ വിശദമായി വിലയിരുത്തുന്നു. ചരിത്രപരമായി, ആദിവാസികൾക്കും മുസ്ലീം വ്യാപാരികൾക്കും ഇടയിൽ സാമ്പത്തിക-സാമൂഹിക സഹവർത്തിത്വം നിലനിന്നിരുന്നു. എന്നാൽ ഹിന്ദുത്വ സംഘടനകൾ ഈ ബന്ധത്തെ ‘ഹിന്ദു സമൂഹത്തിനുള്ള ഭീഷണി’ എന്ന് ചിത്രീകരിച്ച്, ഇരുസമൂഹങ്ങളെയും ഏറ്റുമുട്ടിക്കാൻ ശ്രമിച്ചു. ഇരു വിഭാഗങ്ങളും തമ്മിൽ നിലനിന്ന പ്രശ്നങ്ങൾ ഗുജറാത്ത് വംശഹത്യയുടെ പൊതുയുക്തിയിൽ നിന്നു വ്യത്യസ്തമായിരുന്നു.


കെ.ടി കുഞ്ഞിക്കണ്ണൻ, മൗദൂദി
‘അവർണ സംഘി’ എന്ന വീക്ഷണത്തിനെതിരെ ദലിത്-പിന്നാക്ക-മുസ്ലിം ആക്റ്റിവിസ്റ്റുകളിൽ നിന്ന് കനത്ത എതിര്‍പ്പുണ്ടായി. പലരും തുറന്നുതന്നെ എഴുതി. എന്നാൽ ഈ സംവാദത്തെ ഇസ്‌ലാമോഫോബിക് പ്രചാരണത്തിനുള്ള ഉപാധിയാക്കി മാറ്റിയവരും ഉണ്ട്.
സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് ഇസ്ലാമോഫോബിക് സൂചനകളാല്‍ ശ്രദ്ധേയമായിരുന്നു (മാർച്ച് 29 ,ഫേസ്ബുക്ക് പോസ്റ്റ്). ആബിദിനെ മൗദൂദിസ്റ്റ് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. അത് തുടങ്ങുന്നത് ഇങ്ങനെയാണ്: “സവര്‍ണ്ണസംഘിയേക്കാള്‍ അപകടകാരി അവര്‍ണ്ണസംഘിയാണത്രെ! മൗദൂദിസ്റ്റിന്റെ ഈ നിരീക്ഷണം അവരുടെ വരേണ്യവംശീയ ബോധത്തെയാണ് മറയില്ലാതെ മറനീക്കി പുറത്തുകൊണ്ടുവരുന്നത്.” ഏതാനും വാക്കുകള്‍ മാത്രമുള്ള ഈ കുറിപ്പില്‍ നാല് തവണയാണ് ആബിദിനെതിരേ മൗദൂദിസ്റ്റ് എന്ന പ്രയോഗം നടത്തിയത്. മൗദൂദിസ്റ്റ് എന്നത് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ ഉപയോഗിക്കുന്ന ഒരു വംശീയപ്രയോഗമാണ്. ഇപ്പോഴത് മുഴുവന്‍ മുസ്ലീങ്ങള്‍ക്കുമെതിരേ ഉപയോഗിക്കുന്ന വംശീയപദപ്രയോഗമാക്കി മാറ്റി. ഇതേ പ്രയോഗമാണ് കെ.ടി കുഞ്ഞിക്കണ്ണന്‍ ആബിദിനെതിരേ ഉപയോഗിച്ചിരിക്കുന്നത്.
വസ്തുത: ആബിദിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ല. എല്ലാത്തിനും പിറകിൽ ഒരു ജമാഅത്തെ ഇസ്‌ലാമി ബന്ധം ആരോപിക്കുന്ന ഇസ്‌ലാമോഫോബിക് ശൈലിയുടെ ഭാഗമായിരുന്നു കെ.ടി കുഞ്ഞിക്കണ്ണൻ്റെ ഫേസ്ബുക് പോസ്റ്റ്.
23. പെരുന്നാൾ ദിനത്തിലെ റംസാന്‍ ആശംസ
മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളും മറ്റ് വസ്തുതകളും അലസമായി ഉപയോഗിക്കുക പതിവാണ്. ഈദ് ആശംസകള്‍ക്കു പകരം റംസാന്‍ ആശംസകള്‍ വരുന്നത് അങ്ങനെയാണ്. മുസ്ലീങ്ങള്‍ക്ക് രാഹുല്‍ഗാന്ധി റംസാന്‍ ആശംസ നല്‍കിയതായി ജനം ടിവി റിപ്പോര്‍ട്ട് ചെയ്തു. ബിനോയ് വിശ്വമാണ് മറ്റൊരാള്‍. അദ്ദേഹം നേര്‍ന്നതും റംസാന്‍ ആശംസതന്നെ. പിന്നീട് തിരുത്തി.
നമ്മുടെ നിഘണ്ടു നിർമ്മാതാക്കളും ഇതേ അലസത കാണിച്ചിട്ടുണ്ട്. അത്തരമൊരു കുറിപ്പ് ഗവേഷകനും അധ്യാപകനുമായ അസീസ് തരുവണ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. അതനുസരിച്ച് ശബ്ദതാരാവലിയില്‍ ഈദിന് നല്‍കിയ അര്‍ത്ഥം ‘മുസ്ലീങ്ങളുടെ നൊയമ്പ്’ എന്നാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങള്‍ക്ക് നോമ്പ് വിലക്കപ്പെട്ട (ഹറാം) ദിവസമാണ് ഈദ്.


ബിനോയ് വിശ്വം ബോധപൂർവം എടുത്ത നിലപാടല്ല. വ്യക്തിപരമായ ഒരു പ്രശ്നത്തിൻ്റെ ഭാഗമായി ഇസ്‌ലാമോഫോബിയയെ കാണാൻ കഴിയില്ല. പക്ഷെ ഇസ്‌ലാമോഫോബിയയുടെ ഘടനാപരമായ പ്രശ്നം ഇവിടെ നിലനിൽക്കുന്നു. കേരളത്തിൽ ഇസ്‌ലാം ഏകദേശം 14 നൂറ്റാണ്ടായി നിലനിൽക്കുന്നുണ്ടെങ്കിലും, മുസ്ലീങ്ങളുമായുള്ള സാമൂഹിക അടുപ്പം ഒരു സാമൂഹിക അറിവായിത്തീർന്നിട്ടില്ല. എല്ലാവർക്കും മുസ്ലീങ്ങളെപ്പറ്റി അഭിപ്രായമുണ്ട്. പക്ഷേ, അറിവ് കുറവാണ്. അറിവിൻ്റെ പ്രശ്നം വിദ്യാഭ്യാസത്തിലൂടെ പരിഹരിക്കാവുന്നതാണ്.
യഥാർഥത്തിൽ ഇത് അറിവിൻ്റെ പ്രശ്നമല്ല. മറിച്ച്, അജ്ഞതയുടെ അധികാരമാണ്. രണ്ട് തരം അജ്ഞതകളുണ്ട്. ‘ബോധപൂർവമായ’ അജ്ഞതയും ‘ആധികാരിക’ അജ്ഞത’യും. ‘ബോധപൂർവ്വമായ അജ്ഞത’ ഒരു അഭിപ്രായത്തെ ആധികാരമാക്കില്ല. എന്നാൽ ‘ആധികാരിക അജ്ഞത’ എന്നത് യാഥാർത്ഥ്യത്തെക്കുറിച്ച് അറിയാതെ തന്നെ അതിനെക്കുറിച്ച് ആധികാരിക നിലപാടുകൾ പ്രകടിപ്പിക്കുന്ന പ്രവണതയെ സൂചിപ്പിക്കുന്നു. ഇസ്‌ലാമോഫോബിയ, ബോധപൂർവ്വമായ അജ്ഞതയല്ല, കേവല അറിവില്ലായ്മയും അല്ല. മറിച്ച്, അജ്ഞതയെ ‘ആധികാരികത’യായി മാറ്റുന്ന വംശീയ അധികാരമാണ് (അധിക വായനക്ക്: ഹാതിം ബസിയാൻ, 2016, മുസ്ലീംസ് ആർ സ്റ്റഡീഡ് ബറ്റ് നോട്ട് നോൺ. ഡെയ്ലി സബാഹ്, 31 മാർച്ച്).
തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, മുഹമ്മദ് മുഹ്‌സിന് പി എച്ച്, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.