ജാതിവിരുദ്ധ സമരം എന്നത് ഏകപക്ഷീയമല്ലെന്ന് നമ്മൾ തിരിച്ചറിയണം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

അധഃസ്ഥിത നവോത്ഥാന മുന്നണിയും പാർട്ടിയും തമ്മിലുണ്ടായ ഒരു വ്യത്യാസം മുന്നണി ജാതിയിൽ ഊന്നി പ്രവർത്തിക്കാൻ തുടങ്ങി എന്നതല്ലേ?

പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് മുന്നണി എതിരല്ല. പാർട്ടി വിളിച്ചാൽ മുന്നണി പോവുകയും ചെയ്യും. അതേസമയം മുന്നണി പാർട്ടിയുടെ പോഷക സംഘടനയായിരുന്നില്ല. പാർട്ടി കേന്ദ്രത്തെ ചുറ്റിപ്പറ്റി നിൽക്കാൻ മുന്നണി തയ്യാറല്ല. അതിന് സ്വതന്ത്രമായ സ്വത്വമുണ്ടായിരുന്നു. അതൊരിക്കലും മാർക്സിസത്തെ തള്ളിപ്പറയാതെയുള്ള ദലിത് പ്രവർത്തനത്തെ കുറിച്ചാണ് ചിന്തിച്ചത്. പാർട്ടിയെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്യാതെ പ്രവർത്തനം നടത്തുക എന്നതായിരുന്നു മുന്നണി ലക്ഷ്യമിട്ടത്. മുന്നണി ജാതിക്കെതിരായ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. പിന്നീട് നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ പാർട്ടിയടക്കം മറ്റെല്ലാ സംഘടനകളും ഇല്ലാതായി. പക്ഷേ, മുന്നണി മാത്രം അവശേഷിച്ചു.

കേരളത്തിൽ എല്ലാരും ഇക്കാര്യം അംഗീകരിക്കണമെന്നില്ല. മുന്നണി അതിന്റേതായ തലത്തിൽ ചില കാര്യങ്ങൾ പറയാൻ ശ്രമിച്ചു. ദലിതർക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ ഇടപെടാൻ ശ്രമിച്ചു. പൊതുമണ്ഡലത്തിൽ ജാതിക്കെതിരെ ഉയർന്നുവന്ന വിഷയങ്ങളിൽ ഇടപെടാൻ ശ്രമിച്ചു. ജാതിയുടെ പ്രവർത്തന മണ്ഡലങ്ങളെ ആശയ ശാസ്ത്രപരമായി പരിശോധിക്കാനും സാധ്യമായ ഇടപെടലുകൾ നടത്താനും ശ്രമിച്ചു.

ആദിവാസി വിഷയങ്ങളിൽ ഇടപെടുക എന്നത് മുന്നണിയുടെ ഒരു അജണ്ട ആയിരുന്നോ?

1990 ന് ശേഷം ആണ് ആദിവാസി വിഷയങ്ങളിലേക്ക് മുന്നണി വരുന്നത്. ദലിതർ എന്നതിനെ നമ്മൾ വ്യാഖ്യാനിച്ചു. ആരാണ് ദലിതർ എന്ന് ചോദിച്ചു. അത് ദലിത് ക്രൈസ്തവരും ആദിവാസികളും പട്ടികജാതിക്കാരും ഉൾപ്പെട്ട ജനതയാണെന്ന് പറഞ്ഞു. അത് കേരളത്തിൽ നമ്മൾ മാത്രം ചെയ്ത ഒരു കാര്യമാണ്. ആരാണ് ദലിതർ എന്ന ചോദ്യത്തിന് എല്ലാവരും ദലിതരാണ് എന്ന മറുപടിയുണ്ട്. അത് കമ്മ്യൂണൽ അല്ല. അതൊരു കമ്മ്യൂണിറ്റിയാണ്. അത് മതപരമല്ല. സമുദായം (സമൂഹം) എന്ന് പറയാം.

അധഃസ്ഥിത നവോത്ഥാന മുന്നണിക്കുള്ളിൽ വേറെ ജാതിക്കാരാരും ഉണ്ടായിരുന്നില്ല. അതൊരു ജാതിവിരുദ്ധ പ്രസ്ഥാനം (ആന്റി കാസ്റ്റ് മൂവ്മെന്റ്) ആയിരുന്നു. ആന്റി കാസ്റ്റ് ആയ ഒരു നിർവചനം അതിന് കൊടുത്തു. അത് അംബേദ്കറൈറ്റ് നിലപാടാണ്. കാൻഷിറാമിന്റെ ബഹുജന സങ്കൽപ്പത്തിൽ അത് കാണില്ല. അവരുടേത് ജാതി മൂവ്മെന്റ് ആയിരുന്നു. ഒരു സമൂഹം ജാതി മേൽക്കോൽമയ്ക്കെതിരെ നടത്തുന്ന സമരം ആയിരുന്നു മുന്നണിയുടേത്. അതിലൂടെയാണ് നീതി സ്ഥാപിതമാകുന്നത്. നീതി എന്ന് പറയുന്നത് ആരെങ്കിലും വിളിച്ച് തരുന്നതല്ല. അത് നമ്മൾ നേടിയെടുക്കുന്നതാണ്. തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള സമരമാണ് ദലിതർ നടത്തേണ്ടത്. സമത്വത്തിനുവേണ്ടിയുള്ള സമരത്തിന്റെ ഒരു രീതിയാണ് അത്. ദലിത് എന്ന് പറഞ്ഞ് നടക്കുന്ന ആളുകൾക്കൊന്നും ഇത്തരമൊരു ആശയമില്ല.

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ വിഷയത്തിൽ എന്ന് മുതലാണ് ഇടപെട്ട് തുടങ്ങിയത്? 1996 ൽ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചതോടെയാണോ?

ആദിവാസി ഏകോപന സമിതിയാണ് രാഷ്ട്രപതിക്ക് നിവേദനം (1996 ൽ) കൊടുക്കാൻ ആലോചന നടത്തിയത്. ആ സമിതി അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ മുൻകൈയിലാണ് രൂപീകരിച്ചത്. അന്ന് ഡൽഹിയിൽ തോമസ് മാത്യു ഉണ്ടായിരുന്നു. അദ്ദേഹം അടക്കമുളളവരുടെ സഹായത്താലാണ് രാഷ്ട്രപതിക്ക് നിവേദനം നൽകാനുള്ള വഴിയൊരുക്കിയത്. രാഷ്ട്രപതിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ല. രാഷ്ട്രപതി ഭവനിലെത്തിയാണ് സി.കെ ജാനു, കെ.ആർ ജനാർദനൻ, ഭാസ്കരൻ തുടങ്ങിയവർക്ക് ഒപ്പം നിവേദനം നൽകിയത്. ആ ഇടപെടൽ കൊണ്ട് തന്നെയാണ് 1996 ൽ കേരള നിയമസഭ പാസാക്കിയ നിയമം റദ്ദാക്കിയത്. കേരളത്തിന്റെ ചരിത്രത്തിൽ ആദിവാസികൾ സ്വന്തം മുൻകൈയിൽ ആദ്യമായി നടത്തിയ ഇടപെടൽ ആണത്. ആദിവാസികളുടെ രക്ഷകരായി ധാരാളം പേർ എത്താറുണ്ട്. രക്ഷകരില്ലാതെയാണ് ഈ നീക്കം നടത്തിയത്.

അട്ടപ്പാടിയിലെ ഭൂമി കയ്യേറ്റങ്ങൾ. കടപ്പാട്: downtoearth

അത് തനതായ ഒരു നീക്കം ആയിരുന്നു. ആദിവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ സ്വയം മുന്നോട്ടുപോകണം. സ്വന്തം നിലയിൽ ഒരു പ്രവർത്തനം നടത്തണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് രാഷ്ട്രപതിക്ക് നിവേദനം നൽകാൻ തീരുമാനിച്ചത്. തോമസ് മാത്യുവും ഡോ. സുഗതനും ഡൽഹിയിൽ സഹായത്തിനെത്തി. നമ്മൾ സൗഹൃദം എന്ന നിലയിലാണ് അവരുടെ സഹായം സ്വീകരിച്ചത്. അവർ ഒരിക്കലും ഇതിൽ അവകാശവാദം ഉന്നയിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാനിപ്പോഴും അവരെ ഓർക്കുന്നുണ്ട്. ആദിവാസികൾ സ്വന്തം നിലയിൽ ചെയ്യുന്ന ഒരു കാര്യമായിരുന്നു അത്. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. ഒന്നിനും ശേഷിയില്ലാത്ത ഒരു സമൂഹം എന്ന് മുദ്രകുത്തിയവർ. ആദിവാസികൾ തന്നെയാണ് അവരുടെ സ്വന്തം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. അങ്ങനെയൊരു സംഭവം പറഞ്ഞുകൊണ്ടാണ് ബില്ലിനെതിരെ നിവേദനം നൽകാൻ പോയത്.

ഞാൻ തന്നെ ചെയ്യുന്ന പ്രവർത്തനങ്ങൾ വിഭാഗീയമാണ്. ദലിത് എന്ന് പറയുന്നത് തന്നെ വിഭാഗീയമാണ്. വിഭാഗീയമാണെന്ന് നമ്മൾ അംഗീകരിക്കുന്നു. അതൊരു കുറവായിട്ട് മറ്റുള്ളവർ കാണേണ്ടതില്ല. അതൊരു കുറവ് തന്നെയാണ്. അറിഞ്ഞുകൊണ്ടാണ് ആദിവാസിയാണ്, ദലിതാണ് എന്ന് പറയുന്നത്. ആദിവാസികൾ അവർക്ക് വേണ്ടി ഒരു കാര്യം ചെയ്തു. അത് അവർ തന്നെ ചെയ്തു എന്ന് പറയണം.

ചരിത്രത്തിൽ അടയാളപ്പെടുത്താൻ അങ്ങനെ ഒരു സംഭവമേ അന്ന് ഉണ്ടായിരുന്നുള്ളോ?

ചരിത്രത്തിൽ അങ്ങനെ തന്നെയാണ് അത് അടയാളപ്പെടുത്തേണ്ടത്. നിവേദനം നൽകാനുള്ള രേഖ എഴുതി തയ്യാറാക്കിയത് ഞാനാണ്. അതൊരു ലഘുലേഖയായി പിൽക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. അത് സി.എസ് മുരളിയുടെ കൈയിൽ ഉണ്ടാകാം. അതൊരു ചരിത്രരേഖയാണ്. അതിനുള്ളിൽ അന്തർദേശീയ കാര്യങ്ങൾ വരെ പറയുന്നുണ്ട്. അവിടെയാണല്ലോ മറ്റുള്ളവർ നമുക്ക് വേണ്ടിവന്ന് പണിയെടുക്കുന്നത്. ആദിവാസികൾക്ക് എഴുതാൻ അറിയില്ല, അതുകൊണ്ട് ഞങ്ങൾ എഴുതിത്തരാം എന്നാണ് പലരും പറയുന്നത്. അവർ നമ്മുടെ കാര്യം എഴുതിയിട്ട് അവരുടേതാക്കി മാറ്റാറുണ്ട്.

രാഷ്ട്രപതിയെ കാണാൻ പോയ സമയത്ത് ഞങ്ങൾ പലരെയും കണ്ടിരുന്നു. ഉദ്യോഗസ്ഥ മേധാവികൾ പലരും ഞങ്ങൾക്ക് അനുകൂലമായി സംസാരിച്ചിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞത് നിങ്ങൾ ധൈര്യമായി മുന്നോട്ടുപോകണം എന്നാണ്. നിയമസഭ പാസാക്കിയ1996 ലെ നിയമം നടപ്പാക്കുന്ന പ്രശ്നമില്ല എന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. അഖിലേന്ത്യ തലത്തിൽ അറിയപ്പെടുന്ന ആദിവാസി സംരക്ഷകനായ ബി.ഡി ശർമ്മയെ ഞങ്ങൾ കണ്ടിരുന്നു. ശർമ്മ ഞങ്ങളോട് എല്ലാ പിന്തുണയും അറിയിച്ചിരുന്നു. അദ്ദേഹം ഇടപെടാം എന്നും പറഞ്ഞിരുന്നു. അദ്ദേഹം അടക്കമുള്ളവർ ഇടപെട്ടു. അതിനാലാണ് ആ നിയമം തടഞ്ഞത് എന്ന് ഞാൻ വിശ്വസിക്കുന്നു.

കോൺഗ്രസിന്റെ എം.പി ആയിരുന്ന ജോഗി ആദിവാസിയായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ ജോഗി വന്ന് നിവേദനം വാങ്ങി. അദ്ദേഹം രാഷ്ട്രപതിക്ക് എഴുതി. അത് ചെറിയ കാര്യമല്ല. ആദിവാസികളുടെ ഭൂനിയമത്തെ പറ്റി അങ്ങേക്ക് അറിയാമല്ലോ എന്നാണ് അതിലെ ആദ്യ വാക്യം. അതിനാൽ ഒരുകാരണവശാലും ഈ ഭേദഗതിക്ക് അംഗീകാരം കൊടുക്കരുതെന്ന് അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ഞങ്ങളുടെ കൺമുൻപിലാണ് ജോഗി അങ്ങനെ എഴുതിയത്. അത്രയും സത്യസന്ധമായിട്ടാണ് എം.പിയായ ജോഗി ഈ വിഷയത്തിൽ ഇടപെട്ടത്. എ.കെ ആൻറണിയെയും കരുണാകരനെയും ഒക്കെ അന്ന് ഞങ്ങൾ കണ്ടിരുന്നു. ആന്റണിയുടെ മകൻ പിൽക്കാലത്ത് ബി.ജെ.പിയിൽ പോയില്ലേ. അത് സംഭവിക്കുമെന്ന് ഞാൻ അന്ന് കരുതി. ആന്റണിക്ക് മകനോടുള്ള സമീപനവും അതായിരിക്കാം. ഞങ്ങളോട് എ.കെ ആന്റണി മിണ്ടിയില്ല. വാതുറക്കാൻ തയ്യാറായില്ല. ജോഗിയും എ.കെ ആന്റണിയും കോൺഗ്രസ് തന്നെ. കരുണാകരൻ ഞങ്ങളോട് പറഞ്ഞത് വ്യത്യസ്തമായ ഒരു അഭിപ്രായമാണ്. കേരളത്തിലെ റവന്യൂ മന്ത്രിമാർ ആരാണെന്ന് നിങ്ങൾക്കറിയാമല്ലോ എന്നാണ് കരുണാകരൻ ചോദിച്ചത്. കെ.എം മാണിയെ ഉദ്ദേശിച്ചായിരിക്കും അദ്ദേഹം അത് പറഞ്ഞത്.

കെ.എം മാണി

നിയമസഭയിൽ ബില്ല് പാസാക്കിയതിന് ശേഷം ആണ് രാഷ്ട്രപതിയെ കണ്ടത്. 1996 ലെ നിയമനിർമ്മാണം ബ്ലോക്ക് ചെയ്യാൻ ആദിവാസി സംഘടനകൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കൂടെ സി.കെ ജാനുവും ഉണ്ടായിരുന്നു. അതിലൊരു പ്രശ്നം ഉണ്ടായത് സി.കെ ജാനുവിന്റെ എൻ.ജി.ഒ ബന്ധമാണ്. എൻ.ജി.ഒകളുടെ സ്വാധീനത്താൽ സി.കെ ജാനു
നിലപാടുകളിൽ പലപ്പോഴും ചാഞ്ചാട്ടം നടത്തി. ഡൽഹിയിൽ നിന്നും മടങ്ങി വന്നിട്ടും കുടിയേറ്റക്കാർ അവർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. അവർ വീണ്ടും ഡൽഹിയിൽ പോയിരുന്നു. അങ്ങനെ സംഭിവിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇക്കാര്യത്തിൽ ഇനിയൊരു സഞ്ചാരത്തിന്റെ ആവശ്യമില്ല എന്ന് നമ്മൾ തീരുമാനിച്ചു.

1999 അതിനേക്കാൾ മാരകമായ ബില്ല് കേരള നിയമസഭ പാസാക്കിയപ്പോൾ ആദിവാസികൾ ഒന്നും ചെയ്തില്ലല്ലോ? 1996 ലെ നിയമപ്രകാരം ഒരു ഹെക്ടര്‍ വരെയുള്ള ഭൂമിയാണ് വിട്ടുകൊടുക്കേണ്ടിയിരുന്നത്. 1999 ആയപ്പോൾ അത് രണ്ട് ഹെക്ടർ ആക്കി ഉയർത്തുകയാണ് സർക്കാർ ചെയ്തത്?

കേരളത്തിൽ ആദ്യമായിട്ട് ആദിവാസികളെ ഒരേ നൂലിൽ ഒന്നിപ്പിക്കാൻ ശ്രമിച്ചത് ആദിവാസി ഏകോപന സമിതിയുടെ പ്രവർത്തനത്തിലൂടെയാണ്. സി.കെ ജാനു അടക്കം ആ പൊതുവേദിക്കുള്ളിലേക്ക് വന്നു. 1999 ലെ നിയമത്തിന്റെ പ്രത്യേകത അന്യാധീനപ്പെട്ട ഭൂമി ആദിവാസികൾക്ക് നഷ്ടമായി എന്നതാണ്. ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ നിയമം മാറ്റാൻ കഴിയില്ലെന്ന് തെറ്റിദ്ധാരണ നമുക്ക് അന്നുണ്ടായിരുന്നു. നമ്മുടെ പ്രതീക്ഷ അതായിരുന്നു. സംസ്ഥാന സർക്കാരിന് അതൊക്കെ മാറ്റാൻ കഴിയും എന്നാണ് നിയമത്തിലൂടെ തെളിയിച്ചത്. കൃഷിഭൂമി എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി അവർ അതിനെ മറികടന്നു. ആദിവാസികൾക്ക് പിറന്ന മണ്ണ് നഷ്ടമായി.

1999ലെ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയപ്പോൾ നേരിടേണ്ടി വന്നത് ആദിവാസികളിൽ നിന്ന് പ്രതിരോധം ഉയർന്നില്ലേ എന്ന ചോദ്യമായിരുന്നല്ലോ?

അത് സ്വാഭാവികമാണ്. അപ്പോഴേക്കും ആദിവാസി ഏകോപന സമിതി ഒക്കെ ഏതാണ്ട് അവസാനിച്ചിരുന്നു. അന്ന് നമ്മുടെ മൂവ്മെന്റ് ഏറെക്കുറെ ദുർബലമായിരുന്നു. ആദിവാസി ഏകോപന സമിതിയുടെ തകർച്ചയുണ്ടായി. 1998- 99 ആകുമ്പോഴേക്കും അധഃസ്ഥിത നവോത്ഥാന മുന്നണിയും ദുർബലമായി. പിന്നീട് മുന്നണിയെ ശക്തമാക്കുന്നത് ദലിത് ഐക്യം പറഞ്ഞിട്ടാണ്. അത് വേറൊരു ആശയമായിരുന്നു. ആദിവാസി സമരം പരാജയപ്പെടുന്നതിനുള്ള കാരണം കണ്ടെത്തിയത് ദലിതർ ഒന്നിക്കുന്നില്ല എന്നതിലാണ്. സമുദായം എന്ന നിലയിൽ ഒന്നിക്കാത്തതാണ് ആദിവാസി സമരം അല്ല എല്ലാ സമരങ്ങളും പരാജയപ്പെടാൻ കാരണം. പിന്നീട് നമ്മൾ ആലോചിച്ചത് ഈ ആളുകളെ എല്ലാം എങ്ങനെ ഒന്നിപ്പിക്കാം എന്നാണ്. അത്തരം ആലോചനയുടെ ഫലമായി ആദിവാസി ഏകോപന സമിതി ദലിത് ഐക്യവേദിയായി മാറി. അതേസമയം 2001ൽ കണ്ടത് കുടിയേറ്റക്കാർ ഉന്നയിച്ച മുദ്രാവാക്യം ഉയർത്തി സി.കെ ജാനുവും ഗീതാനന്ദനും സമരം നടത്തുന്നതാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ കുടിൽകെട്ടി സമരത്തിൽ ഉയർത്തിയ മുദ്രാവാക്യം തന്നെ കുടിയേറ്റക്കാർക്ക് വേണ്ടിയായിരുന്നു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി എന്ന പ്രശ്നം തന്നെ അതോടുകൂടി കുഴിച്ചുമൂടപ്പെട്ടു. സർക്കാർ പകരം ഭൂമി കൊടുക്കാം എന്ന് പറഞ്ഞത് എവിടെയാണെന്നും എന്താണെന്നുള്ള ദിശയിലേക്ക് ചർച്ചയും സമരവും വഴി മാറിപ്പോയി.

സെക്രട്ടേറിയറ്റിന് മുന്നിലെ ആദിവാസി നിൽപ്പ് സമരം. കടപ്പാട്: roundtableindia

ആദിവാസി സമരത്തിന് ശേഷം ആയിരക്കണക്കിന് ഏക്കർ ഭൂമി സർക്കാർ വിതരണം ചെയ്തില്ലേ? അത് സമരത്തിന്റെ വിജയം ആയിരുന്നില്ലേ ?

അതിലൊരു പ്രശ്നമുണ്ട്. അപ്പോൾ നമ്മുക്ക് അട്ടപ്പാടിയിലെ വിഷയം പറയേണ്ടിവരും. 1975ലെ നിയമം സർക്കാർ വേണ്ടെന്നു വെച്ചു. ആദിവാസികൾ അത് ഏറ്റെടുത്ത് മുന്നോട്ടുപോകണമായിരുന്നു. അതേസമയം, ‘വേണ്ട തമ്പുരാനെ ഞങ്ങൾക്കത് ഭൂമി വേണ്ട’ എന്ന മുദ്രാവാക്യമാണ് ജാനുവും ഗീതാനന്ദനും ഉയർത്തിയത്. നിങ്ങൾ (ഭരണകൂടം) പറയുന്ന ഭൂമി കിട്ടിയാൽ മതി എന്നാണ് അവർ പറഞ്ഞത്. സമരത്തിൽ തോൽക്കാം. പക്ഷേ, പൊരുതി നോൽക്കണം. ഇതങ്ങനെയല്ല. ഇത് കാലുപിടിച്ച് തോൽക്കുകയായിരുന്നു. ആ തോൽവി നാണക്കേടാണ്. അതുകൊണ്ടാണ് ഞാൻ അതിൽ നിന്ന് മാറി നിന്നത്. ഞാൻ സി.കെ ജാനുവും ഗീതാനന്ദനും നടത്തിയ സമരത്തിന് പോയിട്ടില്ല.

എം ഗീതാനന്ദൻ

കെ.എം മാണി എക്കാലത്തും നിയമസഭയിൽ ആദിവാസി ഭൂമി അന്യാധീനപ്പെട്ടത് തിരിച്ച് പിടിക്കുന്നതിന് എതിരായിരുന്നല്ലോ. മാണി കോൺഗ്രസിന് നിയമസഭയിൽ പ്രതിനിധ്യം ഇല്ലാത്ത കാലത്താണ് നിയമം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞല്ലോ?

ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ച് കൊടുക്കുന്നതിനെതിരെ 1994ൽ മാനന്തവാടിയിലെ ബിഷപ്പ് ഹൗസിൽ ക്രിസ്ത്യാനികൾ സമ്മേളനം നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാമചന്ദ്രൻ മാസ്റ്റർ ഒക്കെ പങ്കെടുത്തിരുന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി ഏറ്റെടുക്കാൻ എത്തിയാൽ ചോരപ്പുഴ ഒഴുകും എന്നാണ് അവർ പ്രഖ്യാപിച്ചത്. ആദിവാസികൾക്ക് എതിരെ വളരെ പ്രകോപനപരമായിട്ടാണ് അവരെല്ലാം ഇടപെട്ടത്. പനവല്ലിയിൽ സി.കെ ജാനു കുടിലുകെട്ടിയത് ആ സമരത്തിന്റെ ഭാഗമായിട്ടാണ്. ആ സ്ഥലം നിലനിർത്തിക്കൊണ്ട് തന്നെ 1975ലെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടണമായിരുന്നു.

ഭൂമിയില്ലാത്ത ആദിവാസികൾക്ക് ഭൂമി നൽകണം എന്നല്ല, 1975ലെ നിയമം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഉടനീളം അന്ന് ജാഥ നടത്തിയത്. ഒന്നാമത്തെ മുദ്രാവാക്യം ആയിരുന്നു 1975ലെ നിയമനം നടപ്പാക്കുക എന്നത്. ആ മുദ്രാവാക്യം സി.കെ ജാനു വഴിയിൽ ഉപേക്ഷിച്ചു. ആദിവാസികളുടെ ചങ്ക് പറിച്ചുകളയുകയായിരുന്നു അന്നത്തെ കുടൽകെട്ടി സമരം. തമ്പ്രാൻ പറഞ്ഞതുപോലെ പകരം ഭൂമി മതി എന്ന് ഇവർ അംഗീകരിച്ചു. സർക്കാരിന്റെ അന്വേഷണ കമ്മീഷൻ തന്നെ ആദിവാസികളിൽ നിന്ന് കവർന്നെടുത്ത ഭൂമി എന്ന് അടയാളപ്പെടുത്തിയ സ്ഥലങ്ങളാണ് ഉപേക്ഷിച്ചത്. തട്ടിപ്പും വെട്ടിപ്പും നടത്തിയും ഭീഷണിപ്പെടുത്തിയും ഒക്കെയാണ് ആദിവാസികളിൽ നിന്ന് ഭൂമി തട്ടിയെടുത്തതെന്ന് സർക്കാരിന്റെ അന്വേഷണ റിപ്പോർട്ടുകൾ ഉണ്ട്. തട്ടിയെടുത്ത മുതൽ തിരിച്ചുകൊടുക്കണമെന്ന പ്രാഥമികമായ ജനാധിപത്യ ബോധം ഇല്ലാതെപോയി. സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽ കെട്ടി സമരം നടത്തുമ്പോൾ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണം എന്നല്ല പറഞ്ഞത്.

സി.കെ ജാനു സെക്രട്ടേറിയറ്റിന് മുന്നിലെ ആദിവാസി നിൽപ്പ് സമരത്തിൽ. കടപ്പാട്: manorama

സി.കെ ജാനുവിന്റെ നിലപാട് മാറ്റത്തിന് കാരണം എന്തായിരുന്നു?

ജാനു മുന്നോട്ടുപോയത് ജോസ് സെബാസ്റ്റ്യൻ, നാരായണൻ എന്നിവരടക്കമുള്ള കുടിയേറ്റക്കാരുടെ സംഘത്തിന്റെ തണലിലാണ്. അവർ സോളിഡാരിറ്റി എന്നൊരു എൻ.ജി.ഒയ്ക്ക് രൂപം കൊടുത്തിരുന്നു. സംഘടനയുണ്ടാക്കാൻ ആദ്യം ജാനുവിനെ കണാൻ പോയത് ഞാനും സേവ്യറും കൂടിയാണ്. രാഷ്ട്രീയമായ ചില ധാരണകളുടെ അടിസ്ഥാനത്തിലാണ് ഐക്യപ്പെടുന്നത്. എൻ.ജി.ഒ സംഘടനകളുടെ പ്രവർത്തനത്തിൽ നിന്ന് മാറി നിന്നെങ്കിൽ മാത്രമേ ആദിവാസികളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയുമെന്ന് അന്നുതന്നെ ജാനുവിനോട് പറഞ്ഞിരുന്നു. അങ്ങനെ സഹകരിക്കാം എന്ന നിലപാടിൽ ആയിരുന്നു അന്ന് പ്രവർത്തിച്ച് തുടങ്ങിയത്. പക്ഷേ ജാനുവിൽ അങ്ങനെയൊരു നിലപാടും ധാർമ്മികതയും മൂല്യബോധവും ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് ജാനു അത്തരം നിലപാടിൽ ഉറച്ചുനിന്നില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.

സി.കെ ജാനു ആദിവാസികളുടെ താൽപ്പര്യം മുൻനിർത്തിയല്ല പ്രവർത്തനം നടത്തിയത്. ഗീതാനന്ദൻ അടക്കമുള്ളവരാണ് ജാനുവിനെ കേരളത്തിലെ ആദിവാസികളുടെയും ദലിതരുടെയും മുഖമായി അവതരിപ്പിച്ചത്. ദലിത് എന്നൊക്കെ പറഞ്ഞു നടന്നത് കേരളീയ പൊതുസമൂഹം വിശ്വസിച്ചു. അങ്ങനെ ചെയ്യാൻ പാടില്ല. അവർ ബി.ജെ.പിയിൽ പോയതോടെ അതിന്റെ അപമാനഭാരം മുഴുവൻ ആദിവാസികളുടെ തലയിലാണ് വന്നു വീണത്. ജാനുവിനെ കേരളത്തിൽ ഇപ്പോൾ ആർക്കും വേണ്ടാതായി. ആദിവാസികളിൽ നിന്ന് നമ്മളോടൊപ്പം വയനാട്ടിൽ സഹകരിച്ചിരുന്ന കേശവൻ, ബാലൻ എന്നിവരൊക്കെ അന്ന് തന്നെ ജാനുവിന്റെ ചാഞ്ചാട്ടം ചൂണ്ടിക്കിച്ചിരുന്നു. അവരൊക്കെ എന്നെയാണ് പിന്നീട് കുറ്റപ്പെടുത്തിയത്. ഭൂമി പിടിച്ചെടുത്ത് ആദിവാസികളെ കുടിയിറക്കുന്ന ആളുകൾക്കെതിരെ അല്ല സമരം എന്നാണ് പറഞ്ഞത്. അട്ടപ്പാടിയിൽ ഭൂമി പിടിച്ചെടുക്കുന്ന മാഫിയയ്ക്ക് എതിരല്ലായിരുന്നു സി.കെ ജാനുവിന്റെ സമരം. കുടിയേറ്റക്കാർക്ക് എതിരല്ലാത്ത ഒരു സമരരൂപം എന്ന നിലയിലാണ് മുത്തങ്ങ നടത്തിയത്. അത് അവരുടെ കണ്ടുപിടിത്തം ആയിരുന്നു. മുത്തങ്ങയിൽ ഭരണകൂടം നടത്തിയ വേട്ടയിൽ നമ്മളെല്ലാവരും എതിർക്കുന്നുണ്ട്. പക്ഷെ, കുടിയറ്റക്കാരുടെ താൽപര്യം സംരക്ഷിക്കുകയായിരുന്നു സി.കെ ജാനു നടത്തിയ സമരങ്ങളുടെ ലക്ഷ്യം.

മുത്തങ്ങ സമരം, പൊലീസ് കുടിലുകൾ കത്തിക്കുന്നു. കടപ്പാട്: scroll.in

സി.കെ. ജാനു ഒരു സ്ത്രീ ആയതുകൊണ്ടാണ് കൂടുതൽ വിമർശിക്കാതിരുന്നത്. അവർ സമൂഹത്തിന്റെ വാക്കായി മാറുന്നത് നല്ലതാണ്. ഒരു ആദിവാസി സ്ത്രീ സംസാരിക്കട്ടെ എന്നാണ് ഞാനും വിചാരിച്ചത്. എന്നാൽ, ഉയർന്നുവന്ന ആദിവാസികളുടെ പ്രസ്ഥാനത്തെ മുഴുവൻ അവർ ഇല്ലാതാക്കി. ആദിവാസി പ്രസ്ഥാനം എന്നത് ഒരു അസംബന്ധ വാക്കാക്കി തീർത്തു. അതിൽ സി.കെ ജാനുവിന് വലിയ പങ്കുണ്ട്. കുടിയേറ്റക്കാർക്കും കയ്യേറ്റക്കാർക്കും എതിരല്ലെങ്കിൽ പിന്നെ ആർക്കെതിരെയാണ് ആദിവാസി സമരം നടത്തുക.

സി.കെ ജാനു പ്രസംഗിക്കുന്നു. കടപ്പാട്: sanhati.in

അട്ടപ്പാടിയിൽ വലിയതോതിൽ ഇപ്പോഴും ആദിവാസികളുടെ ഭൂമി തട്ടിയെക്കുകയാണല്ലോ ഇതിനെല്ലാം പരിഹാരം എന്താണ്?

ആദിവാസികൾക്ക് ഇടയിൽ നിന്ന് നിലപാടുള്ള, അഭിമാനബോധമുള്ള നേതൃത്വം ഉയർന്നു വരണം. അതിന് ചിലപ്പോൾ ഒരാൾ മതിയാകും. അപ്പോൾ മാത്രമേ ഇതിനെയെല്ലാം ചോദ്യം ചെയ്യാൻ കഴിയു. മറ്റുള്ളവരെ കുറിച്ച് നമ്മൾ എന്തിനാണ് പറയുന്നത്. ദലിത് ക്രൈസ്തവ പ്രശ്നവുമായി ബന്ധപ്പെട്ട് കോട്ടയത്ത് എനിക്ക് ഒരു അനുഭവം ഉണ്ടായി. ക്രൈസ്തവ സംവരണവുമായി ബന്ധപ്പെട്ട് നാഗമ്പടത്ത് നിന്ന് കളക്ട്രേറ്റിലേക്ക് മാർച്ച് തുടങ്ങി. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചില്ല. എല്ലാവരും എത്തി. എന്നാൽ, ഉച്ചഭാഷിണി ഉപയോഗിക്കാൻ കഴിയില്ല. ഞാൻ അപ്പോൾ ഒരു പൊലീസുകാരനോടും വിവരം പറഞ്ഞു. ഡി.വൈ.എസ്.പിയോട് വിളിച്ച് പറയണമെന്ന് നിർദേശിച്ചു. ജാഥ നടത്തുമെന്ന് സലിംകുമാർ പറഞ്ഞു എന്ന് അറിയിക്കാൻ പറഞ്ഞു. ജാഥ തടയുകയാണെങ്കിൽ വിഷയം മാറുമെന്നും സൂചിപ്പിച്ചു.

ഈ നഗരത്തിൽ മറ്റ് ജാതിക്കാർക്ക് ജാഥ നടത്താനും മൈക്ക് ഉപയോഗിക്കുവാനും അനുമതി നൽകിയിട്ടുണ്ട്. നായന്മാർക്കും ക്രിസ്ത്യാനികൾക്കും ചോവന്മാർക്കുമെല്ലാം ഈ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ദലിതർക്ക് മാത്രം ജാഥ നടത്താനും മൈക്ക് ഉപയോഗിക്കാനും അനുമതിയില്ല. ഇതെന്ത് നിയമമാണ് എന്ന് ചോദിച്ചു. ഈ വിവരം ഡി.വൈ.എസ്.പിയെ അറിയിച്ചു. ഡി.വൈ.എസ്.പിയെ കാണാൻ ആരെയെങ്കിലും പറഞ്ഞയക്കാൻ മറുപടി ലഭിച്ചു. അങ്ങനെ ഡി.വൈ.എസ്.പിയെ കാണാൻ ഒരാൾ പോയി. മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി എഴുതി നൽകി.

അങ്ങനെ നമ്മൾ ചോദ്യം ചെയ്തില്ലെങ്കിൽ സർക്കാർ പറയുന്നത് കണക്കിനേ നമുക്ക് നടത്താൻ കഴിയു. അങ്ങനെ പറയാൻ കഴിയുന്ന അർത്ഥത്തിലേക്ക് ആളുകൾ മാറണം. നമ്മൾ ഒരു സമരം തുടങ്ങിക്കഴിഞ്ഞാൽ അതിനെ പിന്തുണയ്ക്കാൻ ധാരാളം ആളുകൾ എത്തും. അയ്യങ്കാളി പറഞ്ഞതുപോലെ ഞങ്ങളെ തല്ലിയാൽ ഞങ്ങളും തല്ലും എന്ന് പറഞ്ഞാണ് ജാഥ നടത്തിയത്. ആദിവാസികളുടെ ശേഷിക്കുറവാണ് അട്ടപ്പാടിയിലെ പ്രശ്നങ്ങൾക്ക് കാരണം. ആദിവാസികൾക്ക് അനുകൂലമായി ധാരാളം നിയമങ്ങളുണ്ട്, പരിരക്ഷകളുണ്ട്. ഇതൊന്നും പ്രയോജനപ്പെടുത്താൻ അട്ടപ്പാടിയിലെ ആദിവാസികൾക്ക് കഴിഞ്ഞിരുന്നില്ല. അതൊന്നും നമുക്ക് ആരും എടുത്തു തരില്ല. നമ്മൾ പോരാടി നേടുക തന്നെ ചെയ്യണം.

ജനാധിപത്യം എന്ന് പറയുന്നത് സംഘപരിവാർ പറയുന്നതുപോലെ സോഷ്യൽ ഹാർമണി അല്ല. തുല്യതയ്ക്ക് വേണ്ടിയുള്ള ഒരു പോരാട്ടം ആണ്. അത് മനസിലാക്കി മാത്രമേ നമുക്ക് മുന്നോട്ടുപോകാൻ കഴിയൂ. അട്ടപ്പാടിയിൽ നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാൻ കഴിയണം. മോഷ്ടിച്ചെടുത്തതോ തട്ടിപ്പറിച്ചതോ ആയ ഭൂമിയാണ് അവരുടെ കൈവശം ഇരിക്കുന്നത്. മോഷ്ടിച്ച മുതൽ തിരിച്ചുകൊടുക്കാനാണ് നിയമം ഉണ്ടാക്കിയത്. മോഷ്ടിക്കപ്പെട്ട ഭൂമി തിരിച്ചു കൊടുക്കാനാണ് നിയമം ഉണ്ടാക്കിയത്. ആരാണോ മോഷ്ടിച്ചത് മോഷണ സാധനങ്ങൾ അവന്റെ കൈയിൽ തന്നെ കൊടുക്കുന്നതിനാണ് പുതിയ നിയമമുണ്ടാക്കിയത്. എന്നിട്ടാണ് കേരളത്തിൽ ഗാസക്കുവേണ്ടി സംസാരിക്കുന്നുണ്ട്. പക്ഷേ ആദിവാസികൾക്ക് വേണ്ടി സംസാരിക്കുന്നില്ല.

ഇസ്രായേൽ ഗസക്കതിരെ യുദ്ധം നടത്തുമ്പോൾ യുദ്ധത്തിനെതിരെ പ്രതികരിക്കുന്ന മലയാളികൾ എന്തുകൊണ്ടാണ് ആദിവാസികൾക്ക് എതിരായി നടക്കുന്ന യുദ്ധത്തിൽ പ്രതികരിക്കാത്തത് ?

ഗാസ ഹൃദയത്തിൽ സ്പർശിക്കുന്ന പ്രശ്നമാണ്. നിങ്ങൾ ആരുടെ പക്ഷത്താണ് എന്നതാണ് പ്രധാന ചോദ്യം. നമുക്ക് ആദ്യം ഒരു പക്ഷം ഉണ്ടായിരുന്നു. പഠിക്കുന്ന കാലത്ത് ഞാനൊരു കമ്മ്യൂണിസ്റ്റ് പക്ഷത്തായിരുന്നു. മഹാരാജാസിൽ പഠിക്കുന്ന കാലത്ത് അതായിരുന്നു. ആ പക്ഷത്ത് നിന്നാണ് ആഫ്രിക്കയിലെ കറുത്തവനെ പറ്റി ചിന്തിക്കുന്നത്. അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ദലിതർ ജാതി പീഡനത്തിനെതിരെ നിയമം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ സന്തോഷിക്കുന്നത്. അതിലൊരു പക്ഷമുണ്ട്. എവിടെയാണോ മർദ്ദിക്കപ്പെടുന്നവർ, അവഗണിക്കപ്പെടുന്നവർ, ഒഴിവാക്കപ്പെടുന്നവർ അവരോടൊപ്പം ആണ് ഞാൻ. കാശ്മീരിലെ ബ്രാഹ്മണരെ അവിടെ നിന്നും കുടിയിറക്കുമ്പോൾ നമ്മൾ അവരുടെ പക്ഷത്താണ്. ബംഗ്ലാദേശിൽ നിന്ന് ഹിന്ദുക്കളെ ആട്ടിയോടിക്കുമ്പോൾ നമ്മൾ അവരുടെ പക്ഷത്താണ്. ഗാസയിൽ നിന്ന് മുസ്ലീങ്ങളെ തൂത്തെറിയുമ്പോൾ നമ്മൾ അവരുടെ പക്ഷത്താണ്. അങ്ങനെയാണ് നമ്മൾ ജനാധിപത്യ നിർമ്മിതമായ സമൂഹത്തിൽ നിന്ന് നിർമ്മിക്കേണ്ട സമൂഹത്തിലേക്ക് സഞ്ചരിക്കുന്നത്. അത് മനുഷ്യന്റെ തുല്യതയെ കുറിച്ചുള്ള ലോകമാണ്. പുതിയ മൂല്യമുള്ള മനുഷ്യരുടെ നിർമ്മിതിയുള്ള സമൂഹത്തിലേക്കാണ് പോകേണ്ടത്. അതെല്ലാം സാധ്യതയാണ്. നമ്മൾ ഈ പറയുന്നതൊന്നും സങ്കൽപ്പങ്ങൾ അല്ല. മണ്ടേലക്ക് ഭരണം കിട്ടിയപ്പോൾ വെള്ളക്കാരെ വിളിച്ചിരുന്നു. ഭരണം പങ്കുവയ്ക്കാനാണ് വിളിച്ചത്. കറുത്തവരും വെള്ളക്കാരും ഒന്നിച്ചിരുന്നാണ് പിന്നീട് ചർച്ച നടത്തിയത്. അപ്പോഴും മണ്ടേല സ്വപ്നം കണ്ടിരുന്നത് കറുത്തവരുടെ നാടാണ്. അവിടെ കറുത്തവർ ഭരണമേറ്റെടുത്താൽ വെള്ളക്കാർ ആക്രമിക്കപ്പെടും. വെള്ളക്കാർ ന്യൂനപക്ഷമാണ്. അവരുടെ നീതി ഉറപ്പാക്കാൻ കൂടിയാണ് അദ്ദേഹം ശ്രമിച്ചത്. കറുത്തവർ ആക്രമിക്കാൻ വേണ്ടിയുള്ള ആളുകൾ അല്ല വെള്ളക്കാർ എന്ന പുതിയൊരു ബോധമാണ് അദ്ദേഹം ഉണ്ടാക്കിയത്. അനവധി ബഹുമുഖമായ ഇടപെടലുകൾ സമൂഹത്തിൽ ഉണ്ടാകണം. ജാതിവിരുദ്ധ സമരം എന്നത് ഏകപക്ഷീയമല്ലെന്നും നമ്മൾ തിരിച്ചറിയണം.

Also Read