കൻഹയ്യ, യാദ് ഹൈ കുച് ഭി ഹമാരി: സൂഫി ഖവ്വാലിയിലെ ശ്രീകൃഷ്ണൻ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഒരു പാകിസ്താനി ഖവ്വാൽ ഗായകൻ കൃഷ്ണനെ ‘കൻഹയ്യ’ (ഭഗവാൻ കൃഷ്‌ണൻ്റെ മറ്റൊരു നാമം) എന്ന് വിളിച്ച് പാടുമ്പോൾ, മതാതിരുകളും ദേശീയ അതിർത്തികളും എത്രമാത്രം ഉപരിപ്ലവമാണെന്ന് വീണ്ടും തിരിച്ചറിയുകയാണ്. ഫരീദ് ആയാസ് & അബു മുഹമ്മദിന്റെ “കൻഹയ്യ, യാദ് ഹൈ കുച് ഭി ഹമാരി” എന്ന ഖവ്വാലി അത്തരമൊരു നിമിഷത്തിന്റെ പ്രതീകമാണ്. ഇത് വെറുമൊരു ഭജൻ അല്ല. സൂഫി പാരമ്പര്യവും ഹിന്ദു ഭക്തിയും ഒരുമിച്ച് ഒഴുകുന്ന ഗംഗാ-യമുന തഹ്‌സീബിന്റെ ജീവനുള്ള സാക്ഷ്യമാണ്.

മതത്തിന്റെ പേരിലുള്ള ഏകീകരണ ശ്രമങ്ങൾ ഇന്ത്യയുടെ പൊതുസാംസ്കാരിക ഇടങ്ങളെ ചുരുക്കിക്കൊണ്ടിരിക്കുന്ന കാലത്ത്, പാകിസ്താനിൽ നിന്നുയരുന്ന ‘കൻഹയ്യ’ ശബ്ദം ഇന്ത്യയുടെ പൈതൃകം ഏകതാനമല്ല, മറിച്ച് പല വിശ്വാസങ്ങളും ഭാഷകളും പാരമ്പര്യങ്ങളും പരസ്പരം കലർന്നുണ്ടാക്കിയ ബഹുസ്വരതയാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾക്കിടയിൽ “കൻഹയ്യ, യാദ് ഹൈ കുച് ഭി ഹമാരി” കേൾക്കുന്നതിന്റെ പ്രാധാന്യവും അതാണ്.

ഗാനം കേൾക്കാം

കവിയും ഗാനത്തിന്റെ ഉത്ഭവവും

ഈ കലാമി (വരികൾ)ന്റെ രചയിതാവ് 19-ാം നൂറ്റാണ്ടിലെ ഹൈദരാബാദ് (ഡെക്കാൻ) മേഖലയിലെ ഉറുദു കവിയും സാഹിത്യകാരനുമായ നവാബ് സാദിഖ് ജംഗ് ബഹാദൂർ ‘ഹിൽമ്’ ആണ്. ‘ഹിൽമ്’ അദ്ദേഹത്തിന്റെ തഖല്ലുസ് (തൂലിക നാമം). അറബി-ഇസ്‌ലാമിക പാരമ്പര്യത്തിൽ ഈ വാക്കിന് ക്ഷമ, സഹനശീലം, വിവേകം എന്നീ അർത്ഥങ്ങളുണ്ട്. അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ പീത് കി രീത് (1933-ൽ ഹൈദരാബാദിലെ അഹ്മദിയ പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ചത്) ഉറുദു സാഹിത്യ ആർക്കൈവുകളിൽ ഇന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ അവസാന വരികളിൽ ‘ഹിൽമ്’ എന്ന തഖല്ലുസ് തന്നെ വരുന്നത് കവിയുടെ സാന്നിധ്യം സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. അതിലേതാണീ വരികൾ.

ഉള്ളടക്കവും അർത്ഥവും

ഗാനം ഒരു സ്ത്രീയുടെ — ഭക്തയുടെയും ആത്മാവിന്റെയും — ഭാഷയിലാണ്. അവൾ കൃഷ്ണനോട് സ്നേഹപൂർവ്വം പരാതിപ്പെടുന്നു:

“കൻഹയ്യ, യാദ് ഹൈ കുച് ഭി ഹമാരി?
തേരേ ഭൂൽനേ കേ മൈം വാരി…”
കൃഷ്ണാ നീ എന്നെ ഓർക്കുന്നുവോ?

അവസാനം അവൾ പറയുന്നു:

“ഈ വിവാഹത്തിന്മേൽ പൊടി വീഴട്ടെ! കന്യകയായി തുടർന്നാൽ നല്ലതായിരുന്നു. മാതൃഗൃഹത്തിൽ ഞാൻ സുഖമായിരുന്നു; നിന്നെ തേടി എന്തിനാണ് ഓടിയത്?”

ഉപരിതലത്തിൽ ഇത് രാധ-കൃഷ്ണ വിരഹഭാവനയാണ്. എന്നാൽ സൂഫി വ്യാഖ്യാനത്തിൽ ഇത് കൂടുതൽ ആഴമുള്ളതാണ്.

മൈക (മാതൃഗൃഹം) ദൈവവുമായുള്ള യഥാർത്ഥ ഏകത്വാവസ്ഥയെ സൂചിപ്പിക്കുന്നു. വിവാഹം/സസുരാൽ ഭൗതിക ലോകത്തെയും ബഹുത്വത്തെയും.

ആത്മാവ് ദൈവത്തിൽ നിന്ന് വേർപെട്ട് ഈ ലോകത്തിൽ കുടുങ്ങിയ വേദനയാണ് ഗാനം. കൃഷ്ണൻ ഇവിടെ ദൈവീക പ്രിയതമനായി നിലകൊള്ളുന്നു. സൂഫി ചിന്തയിലെ ‘ഏകത്തിൽ നിന്ന് ബഹുത്വത്തിലേക്കുള്ള യാത്ര’യും, അതിലൂടെ ഉണ്ടാകുന്ന വിരഹവും ഇവിടെ മനോഹരമായി പ്രകടമാകുന്നു.

പ്രകടനവും പാരമ്പര്യവും

ഫരീദ് ആയാസ് & അബു മുഹമ്മദ് (ഖവ്വാൽ ബച്ചോം കാ ഘരാന) ഈ ഗാനത്തെ ലോകമെമ്പാടും പ്രശസ്തമാക്കി. അവരുടെ കുടുംബം ഏകദേശം മുന്നൂറ് വർഷമായി ഈ കലാം പാടുന്നുണ്ടെന്ന് ഫരീദ് ആയാസ് തന്നെ പറഞ്ഞിട്ടുണ്ട്. ഘരാനയുടെ ചരിത്രം ഏഴ് നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്.

ബെംഗളൂരു ഫെസ്റ്റിവൽ ഓഫ് കബീറിൽ (Ajab Shahar – Kabir Project) അവർ അവതരിപ്പിച്ച ഖവാലിയുടെ പതിപ്പ് വൈറലായി. 1350 സീറ്റുള്ള ഓഡിറ്റോറിയം നിറഞ്ഞിരുന്നു. ഫരീദ് സാഹിബ് പ്രേക്ഷകരോട് ചിരിച്ചുകൊണ്ട് പറഞ്ഞു: “ഇവിടെ എന്നെ പാകിസ്താൻ-വാല എന്ന് വിളിക്കുന്നു, അവിടെ ഡില്ലി-വാല എന്ന് വിളിക്കുന്നു!”

1947-ലെ വിഭജനം അവരുടെ കുടുംബത്തെ അതിർത്തിക്കപ്പുറം വലിച്ചെറിഞ്ഞിരുന്നു. എന്നിട്ടും ഈ ഗാനം പാടുമ്പോൾ അതിർത്തികൾ അപ്രസക്തമാകുന്നു.

ശൈലിയിൽ ഖവ്വാലിയുടെ സങ്കീർണ്ണമായ ഇംപ്രൊവൈസേഷനും തുമ്രിയുടെ സൂക്ഷ്മതയും കലർന്നിരിക്കുന്നു. ഉർദു-ബ്രജ് ഭാഷയുടെ മിശ്രിതം, തിലക് കാമോദ് പോലുള്ള രാഗങ്ങൾ — ഇവയെല്ലാം ഗാനത്തിന് ക്ലാസിക്കൽ ഗാംഭീര്യം നൽകുന്നു.

ഫരീദ് ആയാസ് & അബു മുഹമ്മദ്

സാംസ്കാരിക സമന്വയത്തിന്റെ പ്രസക്തി

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത സൂഫി ഖവ്വാലിയും ഹിന്ദു ഭക്തി ഭജനവും ഒന്നിച്ചുചേരുന്ന ‘ഗംഗാ-ജമുനി തഹ്‌സീബ്’ ആണ്. പുറത്ത് നിന്ന് നോക്കിയാൽ കൃഷ്ണഭജനം പോലെ തോന്നുമെങ്കിലും, ഉള്ളിൽ സൂഫി വിരഹഭാവവും ദൈവസ്നേഹത്തിന്റെ സാർവത്രികതയുമുണ്ട്. പാകിസ്താനിൽ നിന്നുള്ള കലാകാരന്മാർ ഇന്ത്യയിൽ വന്ന് കൃഷ്ണനോട് പാടുമ്പോൾ, “ഞങ്ങളും നിങ്ങളുടേതാണ്, നിങ്ങളും ഞങ്ങളുടേതാണ്” എന്ന സന്ദേശമാണ് ഉയർന്നുവരുന്നത്. ജന്മാഷ്ടമിയുടെ ഈ സാഹചര്യത്തിൽ ഈ ഗാനം കൂടുതൽ പ്രസക്തമാകുന്നു. മതപരമായ അതിരുകൾ മറികടന്ന് ദൈവീക സ്നേഹത്തിന്റെ വേദനയും ഭക്തിയും പ്രകടിപ്പിക്കുന്ന ഒരു ആത്മീയ അനുഭവമാണിത്. സൂഫി സംഗീതം ഇന്നും ജീവനുള്ള ഒരു പാരമ്പര്യമാണ്. അത് ദൈവസ്നേഹത്തിന്റെ സാർവത്രിക ഭാഷയായി തുടരുന്നു.

കൻഹയ്യയോടുള്ള ഈ പരാതി കേൾക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു: യഥാർത്ഥ ഭക്തിയും പ്രേമവും ഒരിക്കലും മതത്തിന്റെയോ ദേശത്തിന്റെയോ കൂട്ടിൽ അടഞ്ഞിരിക്കുന്നില്ല. അവ ആത്മാവിന്റെ ഭാഷയാണ് — ഏതു ഭാഷയിലും, ഏതു ശൈലിയിലും, ഏതു അതിർത്തിക്കപ്പുറത്തും ഒരേപോലെ ഒഴുകുന്ന… മുഴങ്ങുന്ന ഭാഷ.

Also Read

3 minutes read September 4, 2026 10:35 am