ഞാനും എന്റെ സുഹൃത്തുക്കളും ഞങ്ങളുടെ പൂവാർ കടപ്പുറത്ത് എല്ലാ ദിവസത്തെയും പോലെ ഫുട്ബോൾ കളിക്കാൻ ഇറങ്ങുകയായിരുന്നു. പെട്ടെന്ന് ഒരു പിങ്ക് കല്ല് പ്രത്യക്ഷമായിരിക്കുന്നു അവിടെ. അന്നത്തെ ദിവസം ഞങ്ങൾ അത് പോസ്റ്റാക്കി വച്ച് കളിച്ചെങ്കിലും എന്തുകൊണ്ടാണ് ഒരു പിങ്ക് കല്ല് തീരത്ത് സ്ഥാപിക്കപ്പെട്ടതെന്ന് അന്വേഷിച്ചു. കടലോര മേഖലയെ മുഴുവനായും ഇല്ലായ്മ ചെയ്യാനാവുന്ന ഒരു പദ്ധതിയാണ് ഈ കല്ലിന് പിന്നിലുള്ളതെന്ന് തെളിഞ്ഞു. കേരളത്തിലെ മുഴുവൻ തീരദേശവും ഉപയോഗിച്ചുകൊണ്ടുള്ള ഒരു പദ്ധതി – തീരദേശ ഹൈവേ. 590 കി.മീ വരുന്ന കേരള തീരത്ത് 623 കി.മീ നീളത്തിലും 14 മീറ്റർ വീതിയിലും വരുന്ന റോഡ്. കൂടെ സൈക്കിൾ ട്രാക്കും ഉണ്ടാവും. 6500 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. മൊത്തം റോഡിന്റെ 468 കിലോമീറ്റർ ദൂരം കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ ചുമതലയാണ്. മറ്റ് ജോലികൾ കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് മാല പരിയോജന സ്കീമിന് കീഴിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ ഏൽപ്പിച്ചിട്ടുണ്ട്.
അതേസമയം, വിശദ പഠനരേഖ (DPR- Detailed Project Report ) പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഈ പദ്ധതിയുടെ സാമൂഹിക ആഘാത പഠനമോ, പാരിസ്ഥിതിക ആഘാത പഠനമോ പോലും വരെ ഇതുവരെ നടത്തിയിട്ടില്ല. ഇതിനെപ്പറ്റി തീരദേശവാസികളുടെയോ, മത്സ്യത്തൊഴിലാളികളുടെയോ ഏതെങ്കിലും ഒരു കൂട്ടയ്മയുടെ അഭിപ്രായമോ എതിർപ്പുകളോ സർക്കാർ തലത്തിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഒരു സർക്കാർ ഓൺലൈൻ വെബ്സൈറ്റിൽ കുറച്ചു നഷ്ടപരിഹാര തുക സംബന്ധിച്ച് വിവരങ്ങളുണ്ട്. പിന്നെ ബജറ്റ് അവതരണത്തിന്റെ പകർപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുറച്ച് വിവരങ്ങൾ, അതും സങ്കീർണമായ ഔദ്യോഗിക ഭാഷയിലുള്ളത്. നിരക്ഷരരായ മത്സ്യത്തൊഴിലാളികൾ ഇതെല്ലാം ഇന്റർനെറ്റ് ഉപയോഗിച്ച് മനസ്സിലാക്കിയതാണ്. പക്ഷെ പിണറായി സർക്കാർ ധാർഷ്ട്യത്തോടെ പിങ്ക് നിറത്തിലുള്ള കല്ലുകൾ മാത്രം രായ്ക്കുരാമാനം എല്ലാ തീരദേശ ഗ്രാമങ്ങളിലും കൊണ്ടിട്ടിട്ടുണ്ട്. പഞ്ചായത്തുകൾ വഴി ഈ കല്ല് ആരെങ്കിലും തൊട്ടാൽ കേസ് ചാർജ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിൽ നിന്നും മനസിലാവുന്ന ഒരു കാര്യം, മത്സ്യത്തൊഴിലാളി സമൂഹത്തെ, ചോദിക്കാനും പറയാനും ആരുമില്ലാത്ത, സ്വന്തമായി അഭിപ്രായമില്ലാത്ത വെറും അടിമകളായി മാത്രമാണ് നമ്മുടെ സർക്കാർ കണ്ടിരിക്കുന്നത് എന്നാണ്.
അതേസമയം, മുൻനിര മാധ്യമങ്ങളെല്ലാം ഈ പദ്ധതിയുടെ നഷ്ടപരിഹാരം കെങ്കേമമാണ് എന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ പദ്ധതിയെ സംബന്ധിച്ചിടത്തോളം ഒരു നിലപാട് എടുക്കുന്നതിന് മുമ്പ് പൊതുജനം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. എപ്പോഴും മത്സ്യത്തൊഴിലാളികൾക്ക് ഒരു പ്രശ്നം വരുമ്പോൾ അത് ഏതുതരം പ്രശ്നമാണെന്ന് കൃത്യമായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യാറില്ല. ദലിത്, ആദിവാസി പ്രശ്നങ്ങളോടും സമാനരീതിയാണ് മാധ്യമങ്ങൾ വച്ച് പുലർത്തുന്നത്. നിരവധി പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളി സമൂഹം ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്; തൊഴിലിടത്തെ അപകടങ്ങൾ, വംശീയ വിവേചനം, കടലിലെ അശാസ്ത്രീയ നിർമ്മാണങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ (മുതലപ്പൊഴി ഉദാഹരണം), കാലാവസ്ഥാ വ്യതിയാനം, പിന്നെ മറ്റു സാമൂഹിക, ആരോഗ്യ പ്രശ്നങ്ങൾ. എന്നാൽ, തീരദേശ ഹൈവേ ഇവയിലൊന്നും പെടാത്ത- മത്സ്യത്തൊഴിലാളികളുടെ ഭൂവുടമസ്ഥതതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്, ചൂഷണമാണ്.
ഭൂവുടമസ്ഥതതയുമായി ബന്ധപ്പെട്ട് എപ്പോഴും മത്സ്യത്തൊഴിലാളികൾ ഒരു പ്രശ്നം നേരിടുമ്പോൾ അവർ വളരെ ബലഹീനരായി പോകുന്നത് കാണാം. ഈ നാട്ടിൽ തദ്ദേശീയർ കൂടിയായ മത്സ്യബന്ധന മേഖലയിലുള്ളവർക്ക് അർഹതപ്പെട്ട ഒരു ഭൂവുടമസ്ഥത നിയമം ഇല്ല എന്നതാണ് അതിന് കാരണം. മത്സ്യത്തൊഴിലാളികളെപ്പോലെതന്നെ തദ്ദേശീയരായ ആദിവാസി സമൂഹത്തിന് നമ്മുടെ രാജ്യത്ത് വനാവകാശ നിയമം (FRA- Forest Right Act 2006) ഉണ്ട്. ഈ നിയമം വഴി തലമുറകളായി വനങ്ങളിൽ താമസിക്കുന്ന ഗോത്രവിഭാഗങ്ങൾക്കും (Schedule Tribes) ഒ.ടി.എഫ്.ഡികൾക്കും (Other Traditional Forest Dweller) വനഭൂമിയിലുള്ള അവകാശം അംഗീകരിപ്പെടാനും നിക്ഷിപ്തമാക്കാനും വകുപ്പുണ്ട്. അംഗീകാരവും സ്ഥിരീകരണ നടപടികളും പൂർത്തിയാകുന്നത് വരെ, ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടതോ, മറ്റ് പരമ്പരാഗത വനാശ്രിത സമൂഹത്തിൽ ഉള്ളതോ ആയ ആളുകളെ അവരുടെ അധീനതയിലുള്ള അധിനിവേശത്തിലുള്ള വനഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാനോ നീക്കം ചെയ്യാനൊ ആർക്കും അധികാരമില്ല.
2007 സെപ്റ്റംബറിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലും തദ്ദേശീയരുടെ ഭൂമിയുടെ മേലുള്ള അവകാശം, പരമ്പരാഗത അറിവുകൾ, വിഭവങ്ങൾ മുതലായവയെ സംരക്ഷിക്കാനുള്ള പ്രഖ്യാപനം രൂപീകരിച്ചിട്ടുണ്ട്. അതിലെ 26ാം വകുപ്പ് തദ്ദേശീയർക്ക് കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മേലുള്ള അവരുടെ അവകാശത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, നമ്മുടെ രാജ്യത്തോ നമ്മുടെ സംസ്ഥാനത്തോ മത്സ്യത്തൊഴിലാളികളെ തദ്ദേശീയരായി മനസ്സിലാക്കി, ഭൂമിയുമിയി ബന്ധപ്പെട്ട അവകാശം ലഭിത്തക്കവിധം ഒരു നിയമവും രൂപീകരിച്ചിട്ടില്ല. വിഭവ സമൃദ്ധമായ ഈ കടൽത്തീരങ്ങളെ ആവശ്യം പോലെ കൊള്ളയടിക്കാം എന്ന സർക്കാരുകളുടെ നയമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഇക്കണോമിക്കൽ സർവേ ഓഫ് ഇന്ത്യ 2020-21 കാലയളവിൽ നടത്തിയ പഠനപ്രകാരം 53,789 കോടി രൂപയാണ് ഇന്ത്യൻ ജി.ഡി.പി.യിൽ (Gross Domestic Product) മത്സ്യമേഖലയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ജനസംഖ്യയിൽ വെറും 1.45 കോടി പേര് മാത്രമുള്ള ഒരു സമൂഹമെന്ന് ഓർക്കണം. കേരളത്തിലെ മത്സ്യമേഖല ജനസംഖ്യ ഏകദേശം പതിനൊന്നര ലക്ഷമാണ്. എങ്കിലും 8.5 ശതമാനം ജി.എസ്.വി.എ (Gross-State-Value-Added) കേരളത്തിന്റെ മൊത്തം ഖജനാവിൽ മത്സ്യത്തൊഴിലാളികൾ ഓരോ വർഷവും എത്തിക്കുന്നുണ്ട്. ഭൂമിയും തൊഴിലും എന്ന അടിസ്ഥാന ആവശ്യങ്ങൾപ്പോലും ലഭ്യമാകാതിരിക്കെ.
ഒരിക്കലും കിട്ടാത്ത പട്ടയം
എൺപത് വർഷമായി പലപ്രാവശ്യം പട്ടയത്തിനപേക്ഷിച്ചിട്ടും അത് ലഭിക്കാതെ കിടക്കുന്ന എന്റെ പൂർവ്വികരുടെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം, ഇതുപോലെ യു.എ (Unauthorized-പുറമ്പോക്ക്) നമ്പറുകളിലാണ് എന്റെ നാട്ടിലെ ഭൂരിഭാഗം പേരും താമസിക്കുന്നത്. താലൂക്ക് ഓഫീസുകളിൽ ഇവരുടെ എല്ലാവരുടെയും പട്ടയത്തിനുള്ള അപേക്ഷകൾ ചിതലരിച്ച് തീർന്നിട്ടുണ്ടാവും. കാരണം, ഒരു കൃത്യമായ നിയമം ഇല്ലാത്തതിനാൽ, തദ്ദേശീയ ജനങ്ങൾക്ക് പോലും പട്ടയം നൽകുക എന്ന പരിപാടി ഒരു പുണ്യ പ്രവൃത്തിപോലെയാണ് സർക്കാരുകൾ നടത്തിവരുന്നത്.
ഭാഗ്യം കൊണ്ട് എപ്പോഴോ പട്ടയം കിട്ടിയവർ; മിക്കവാറും ഈ സമൂഹത്തിലെ ഉയർന്ന സാമ്പത്തിക നിലവാരത്തിലുള്ളവർ, അവർക്ക് പതിമൂന്ന് ലക്ഷം രൂപയാണ് സർക്കാരിന്റെ നഷ്ടപരിഹാരം. പട്ടയം ഇല്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വലിയൊരു കൂട്ടം, അവർക്ക് ഫ്ലാറ്റ് നൽകും. ഇതാണ് സർക്കാർ വിഭാവനം ചെയ്യുന്ന, മാധ്യമങ്ങൾ കൊട്ടിയാഘോഷിക്കുന്ന റീഹാബിലിറ്റേഷൻ പാക്കേജ്. ഇതിലൊരു വിരോധാഭാസം എന്തെന്നാൽ, ഈ ഫ്ലാറ്റുകളെല്ലാം കുറഞ്ഞത് നാല് കിലോമീറ്ററെങ്കിലും കടൽത്തീരത്ത് നിന്നും അകലെയാണ്. അവിടെ നിന്നും എങ്ങനെയാണ് ദിവസേന വീടിനെ പോറ്റുവാൻ ഈ നിരക്ഷരരായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനായി യാത്ര ചെയ്തു വരിക? അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും മത്സ്യം കിട്ടാതായാൽ, ചെറുകിട മത്സ്യകച്ചവടം ചെയ്യുന്ന സ്ത്രീകൾ, അവരെങ്ങനെ തൊഴിൽ മുന്നോട്ടുകൊണ്ടുപോകും? മീൻ കടൽത്തീരത്ത് ഉണക്കി മക്കളെ പോറ്റുന്നവർ എന്ത് ചെയ്യും?
കേരളത്തിൽ മറ്റിടങ്ങളിൽ ഹൈവേകൾ വന്നപ്പോൾ, ആളുകളുടെ വീടുപോയി നഷ്ടപരിഹാരം, കിട്ടി. പക്ഷെ, അവരുടെ ആരുടെയെങ്കിലും തൊഴിലും കൂടെ പോയോ? എന്നാൽ, തീരാദേശത്ത് അത് പോകുന്നുണ്ട്. കാരണം, ഇവിടെ തൊഴിൽ എന്നത്, ആളുകൾ താമസിക്കുന്ന ഇടവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. അതുകൊണ്ട് നഷ്ടപരിഹാരത്തിലൂടെ ഒതുക്കാൻ കഴിയുന്നതാണോ ഈ തീരദേശ ഹൈവേയുടെ പ്രത്യാഘാതങ്ങൾ? പിങ്ക് കല്ല് സ്ഥാപിക്കുന്നതിന് മുന്നേ സാമൂഹിക ആഘാത പഠനം സർക്കാർ ഈ പദ്ധതി സംബന്ധിച്ച് നടത്തേണ്ടതുണ്ട്.
കവർന്നെടുക്കുന്ന ആനുകൂല്യങ്ങൾ
സോഷ്യൽ കാപ്പിറ്റൽ വളരെ കുറഞ്ഞ സമുദായമായ കടലോര ജനത, ഒ.ബി.സി (Other backward classes) വിഭാഗത്തിലാണ് വരുന്നത്. ജീവിതം പലപ്പോഴും മുന്നോട്ടുപോകുന്നത് അവർ തന്നെ സ്വയമേ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളുടെ പിൻബലത്തിലൂടെയാണ്. മത്സ്യത്തൊഴിലാളികൾക്കും മത്സ്യകച്ചവട സ്ത്രീകൾക്കും ഫിഷറീസ് വകുപ്പിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, അവരുടെ മക്കൾക്ക് സ്കൂളിൽ പഠിക്കാനുള്ള സ്കോളർഷിപ്പ് എന്നിവ ചെറിയ തോതിലെങ്കിലും ഈ സമൂഹത്തിന്റെ നിലനിൽപ്പിന് സഹായിക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് ഇവർ മറ്റിടങ്ങളിലേക്ക് പറിച്ചു നടപ്പെടുകയും ഇവയൊക്കെ കാലക്രമേണ ലഭിക്കാതെ പോവുകയും ചെയ്താൽ, ഈ സമൂഹം പൊടുന്നനെ താഴെപ്പോവുകയും ശക്തരായ മറ്റ് ഒ.ബി.സി. വിഭാഗങ്ങൾക്കൊപ്പം മത്സരിക്കേണ്ടിവരുകയും ചെയ്യും. തമിഴ്നാട്ടിലെ പോലെ ഒ.ബി.സിയിൽ തന്നെ സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും പിന്നോക്കം നിൽക്കുന്ന എം.ബി.സി (Most Backward Class) വിഭാഗം കേരളത്തിൽ ഇല്ല. ആയതിനാൽ, മത്സ്യബന്ധനത്തൊഴിലാളികളെ വലിയൊരു സാമൂഹിക ഞെരുക്കത്തിലേക്ക് തള്ളിവിടുന്ന തരത്തിലാണ് തീരദേശ ഹൈവേ പദ്ധതി കേരള സർക്കാർ മുന്നോട്ട് കൊണ്ട് പോകുന്നത്.
അതേസമയം, മുതലപ്പൊഴിയിൽ അശാസ്ത്രീയമായ നിർമ്മിതി മൂലം തുടരെ അപകടങ്ങൾ നടക്കുമ്പോഴും , വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പിന്നാലെ വീടുകൾ കടലെടുത്തു പോകുമ്പോഴും അതൊക്കെ സർക്കാർ കണ്ടില്ലാ എന്ന് നടിക്കുന്നു. മത്സ്യത്തൊഴിലാളികൾ ഈ തീരം വിടണം എന്നാണ് സർക്കാർ താൽപര്യം. ബ്ലൂ ഇക്കോണമിയുടെ ഭാഗമായി അനിയന്ത്രിതമായി മത്സ്യബന്ധനം നടത്തുവാനും അടിത്തട്ടിലെ ധാതുക്കളൊക്കെ അപഹരിച്ചെടുക്കാനും അവർക്ക് സാധിക്കുകയുള്ളൂ. കുത്തകകൾക്ക് കടൽത്തീരം മുഴുവനായും എഴുതിക്കൊടുക്കാൻ കഴിയുകയുള്ളൂ.
1741ൽ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂർ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടിയപ്പോൾ കടലിൽ വച്ച് അവരുമായി യുദ്ധം ചെയ്ത് ഈ നാട് സംരക്ഷിച്ചത് മത്സ്യത്തൊഴിലാളികളായിരുന്നു. 2018 പ്രളയം ഉണ്ടായപ്പോൾ 60,000ൽ അധികം മനുഷ്യരെ ഞങ്ങൾ വെള്ളത്തിൽ നിന്നും കോരിയെടുത്തത് മത്സ്യത്തൊഴിലാളികളായിരുന്നു. എന്നാൽ ഇന്ന് ഞങ്ങളുടെ സ്വന്തം ഭൂമിയും അപഹരിച്ചെടുത്ത് ഞങ്ങളെ അഭയാർത്ഥികളാക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത് ചരിത്രം ഓർക്കും.
(ഫ്രീലാൻസ് ജേർണലിസ്റ്റ്)