Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പ്രിയ സച്ചിദാനന്ദൻ മുതൽ റഫീക്ക് അഹമ്മദ് വരെ (എഴുത്തുകാർ/എഴുത്തുകാരികൾ വേറെയുമുണ്ടാകാം) ഉള്ളവരുടെ അഭ്യർത്ഥന വായിച്ച് കരയാനാണ് തോന്നിയത്. അഭ്യർത്ഥനയിൽ ആർ.എസ്.എസ് എന്ന ജന്മനാൽ തലച്ചോറ് മുരടിച്ച റോബോട്ടുകൾ നയിക്കുന്ന ഹിന്ദുത്വയെ ഇന്ത്യൻ മണ്ണിൽ കുഴിച്ചു മൂടേണ്ടത് അനിവാര്യമാണെന്ന് ഗാന്ധിയൻ ദർശനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരെഴുത്തുകാരനെന്ന നിലയിൽ ഓരോ ഇന്ത്യക്കാരുടെയും ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ബോധ്യമുണ്ട്. ആർ.എസ്.എസ്സ് ഒരു ഭീകര വൈറസാണ്. ജെ.പിയുടെ ധാർമ്മിക രാഷ്ട്രീയം പ്രയോഗ രാഷ്ട്രീയത്തിൽ ആർ.എസ്.എസ്സിന് മുന്നിൽ പരാജയപ്പെട്ടു. 1974ൽ if Janasangh is fascist, JP is fascist എന്ന് പറ്റ്നയിലെ സമ്മേളത്തിൽ തുറന്ന കത്തിലൂടെ അഹ്വാനം ചെയ്ത ജെ.പി ആശുപത്രിയിലേക്ക് അവസാനമായി മടങ്ങുമ്പോൾ പറഞ്ഞ ഒരു വാചകമുണ്ട്, RSS lied me, cheated me and decived me… RSS നോട് ഒന്നുകിൽ ജനസംഘിൽ/ജനതാ പർട്ടിയിൽ ലയിക്കുക അല്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുക എന്ന് ജെ.പി അനേകം തവണ ആവശ്യപ്പെട്ടു. അവരത് ചെയ്തില്ല. ഇന്നത് തലച്ചോറിന്റെ വളർച്ച മുരടിച്ച, ഇന്ത്യ നിറഞ്ഞുനിൽക്കുന്ന ഭീമാകാരമായ രൂപമാണ് (കടപ്പാട്: കന്നട എഴുത്തുകാരൻ ദേവന്നൂർ മഹാദേവ്). അത് എന്തും ചെയ്യും. അതിന് വികാരങ്ങളില്ല, വിചാരങ്ങളില്ല, യുക്തിയില്ല, സ്നേഹമില്ല. വെറും റോബോട്ട്. അതിന്റെ ഏറ്റവും വലിയ റോബോട്ടിക് രൂപമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. വൈവിധ്യം, സംവാദം, ജനാധിപത്യം അതിനില്ല. വെറുപ്പാണ് അതിന്റെ ഭക്ഷണം. ദലിത്-ആദിവാസി-ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്. ബ്രാഹ്മണിക്കലാണ് അതിന്റെ ഘടന. മനുസ്മൃതിയാണ് ഭരണഘടനാ പുസ്തകം (സവർക്കർ & ഗോൾവാൾക്കർ). അത് ഫാസിസം പഠിച്ചത് ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്നാണ്.
ഇതിനെ 1990 മുതൽ നിശിതമായി വിമർശിച്ചിട്ടുണ്ട്, ഗാന്ധിയൻ ദർശനത്തിൽ നിന്ന്. ഗാന്ധിയുടെ ജീവിതദർശനം (1993), യൂറോപ്യൻ ജ്ഞാനോദയ സിദ്ധാന്തത്തിനെതിരായ വിമർശനവും, തിരസ്കാരവും മറുവഴിയും അന്വേഷിക്കുന്നതാണ്. ഇനി കോർപ്പറേറ്റ് സവർക്കറിസത്തിന്റെ കാലം (2013), ദേശീയത നായാട്ടിനിറങ്ങുമ്പോൾ (2019), രാജ്യദ്രോഹി VS രാജ്യസ്നേഹി (2019), ഫാസിസ്റ്റ് കാലത്തെ ഗാന്ധിയൻ പ്രതിരോധങ്ങൾ (2021), ഹിന്ദുരാഷ്ട്ര നിർമ്മിതിയുടെ പതിറ്റാണ്ടുകൾ (2024) – ഇതിന്റെ നേർ സാക്ഷ്യങ്ങളാണ്. ഇവയിൽ മാർക്സിസ്റ്റ്-കോൺഗ്രസ് പാർട്ടികളോട് കടുത്ത വിമർശനങ്ങളുമുണ്ട്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയാണ് ഇന്ത്യൻ ഭരണഘടന ഇത്രത്തോളം തകർക്കാനും ഭൂരിപക്ഷ സമുദായത്തിന് അനുകൂലമായി അയോധ്യവിധിയുണ്ടാക്കാനും സഹായകമായത്. രാജീവ് ഗാന്ധിയുടെ ശബാനു കേസിന്റെ അട്ടിമറിയും പകരം ബാബറി പള്ളിയുടെ പൂട്ട് ഹിന്ദുത്വയ്ക്കായി തുറന്നുകൊടുത്തതും നരസിംഹറാവുവിന്റെ ബാബറി പള്ളി തകർക്കുമ്പോഴത്തെ മൗനവും ആണ് ഹിന്ദുത്വയുടെ വരവിന് സഹായകമായത്. ഇത്രയും ഭാഗം WAKE UP CALLന്റെ അഭ്യർത്ഥനയുമായി ചേരുന്നതാണ്.


2016ൽ ബഹുമാനപ്പെട്ട ഇപ്പോഴത്തെ മുഖ്യമന്ത്രി ചാർജെടുത്ത ശേഷമുണ്ടായ ഒരു സംഭവം ഓർക്കുമല്ലോ. ഒരു പത്രപ്രവർത്തകനോട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്, കടക്ക് പുറത്ത്… അതിൽ നിന്നാണ് പച്ചക്കുതിര ആഗസ്റ്റ് ലക്കത്തിൽ ‘സായിപ്പും ഭായിയും സഖാവും’ എന്ന ലേഖനമുണ്ടാകുന്നത്. അതിൽ ട്രമ്പിന്റെയും ഭായിയുടെയും കാര്യം കേരളമേ ഉണരൂ അഭ്യർത്ഥകരോട് വിശദീകരിക്കേണ്ടതില്ല. എന്നാൽ അന്ന് സഖാവെങ്കിലുമായിരുന്ന ആളിന്റെ അവസ്ഥ ഇന്നെന്താണ്? നിങ്ങൾ കൊച്ചിയിൽ നിന്നും തൃശൂരിലേക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുക. ഹൈവേയുടെ രണ്ട് ഭാഗങ്ങളിലും അര കിലോമീറ്റർ വച്ച് അന്നത്തെ സഖാവിന്റെ ഇന്നതെ ചിത്രങ്ങൾ വലിയ കട്ടൗട്ടുകളായി സ്ഥാപിച്ചിട്ടുണ്ട്. താഴെ, ‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന ചോദ്യവും. ഒന്നുകൂടി മനസ്സിരുത്തി ശ്രദ്ധിച്ചാൽ വിവേകമുള്ളവന് മനസ്സിലാകും കട്ടൗട്ടിലെ അതിമാനുഷ മുഖത്തിന്റെ ചോദ്യം, ഞാനല്ലെങ്കിൽ ആര്? എൺപത്തിമൂന്നാം വയസ്സിലും ആ പാട്രിയാർക്കിന് ശിശിരകാലമായിട്ടില്ല എന്ന ഔദ്ധത്യം ആ മുഖത്തുണ്ട്, കൃത്രിമച്ചിരിയിലുണ്ട്. ആ പാർട്ടിയുടെ മുഖ്യമന്ത്രിയാകാൻ കേരളത്തിൽ മറ്റാരുമില്ലേ? ഇല്ലെന്ന് തന്നെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കൂടെയുള്ള ഉപജാപസംഘവും നമ്മെ വിശ്വസിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ സംഘത്തിലുള്ളത് ഏറ്റവും കഴിവുകെട്ട മന്ത്രിമാരായിരിക്കും. എന്ത് നാണം കെട്ട പണിക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരായിരിക്കും. 2013ൽ ഉമ്മൻ ചാണ്ടി ഭരണകാലത്ത് അസംബ്ലി എന്ന വിശുദ്ധമായ നിമയനിർമ്മാണ സഭയിൽ സ്പീക്കറുടെ ചെയർ മറിച്ചിടുന്ന അടിവസ്ത്രം പുറത്തുകാട്ടി അക്രമാസക്തനായ സാമാജികനെയാണ് അദ്ദേഹം കിന്റർഗാർട്ടൻ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ മന്ത്രിയാക്കിയിരിക്കുന്നത്. മക്കളെ അദ്ദേഹത്തെ കണ്ട് പഠിക്കൂ എന്നൊരു പരിഹാസ സന്ദേശം അതിലുണ്ട്. നിങ്ങൾ കേരളീയർക്ക് ഇതൊക്കെ മതിയെന്ന ഒരു പുച്ഛവും. ഇനി സാംസ്കാരിക മന്ത്രിയെ എടുക്കൂ. ഭരണഘടന ‘കുന്തവും കുടച്ചക്രവുമാ’ണെന്ന് പരസ്യമായി പറഞ്ഞ് കോടതി കയറിയ ആളാണദ്ദേഹം. അദ്ദേഹത്തിന്റെ വകുപ്പിന്റെ കീഴിലാണ് ലോക പ്രശസ്തനായ കവി അധ്യക്ഷനായിരിക്കുന്നത്. കേരളത്തിൽ സർക്കാർ കലാശാലകളിലും വിദ്യാലയങ്ങളിലും എസ്.എഫ്.ഐയുടെ ഗുണ്ടാസംഘങ്ങളാണ് അധികാരികൾ. സിദ്ധാർത്ഥന്റെ കൊലയായാലും അഭിമന്യുവിന്റെ കൊലയായാലും അതിനെ ന്യായീകരിക്കാനും സംരക്ഷിക്കാനും ആളുകളുണ്ട്. ഏത് സ്ത്രീ തെരുവിലോ, ജോലി സ്ഥലത്തോ, സിനിമ മേഖലയിലോ അപമാനിക്കപ്പെട്ടാലും നിങ്ങൾ പാർട്ടിക്കാരനാണെങ്കിൽ നിങ്ങൾക്ക് സംരക്ഷണമുണ്ട്. കഞ്ചാവ്-രാസലഹരി കേസുകളിൽ ഇത് കാണാം. ക്വാറി ഖനനം, കളിമൺ ഖനനം, പാടം നികത്തൽ ഇവയിലെല്ലാം ഇത് കാണാം. കെ-റെയിൽ പ്രതിഷേധ സമരങ്ങൾ അടിച്ചൊതുക്കി, കെ-റെയിൽ വേണ്ടെന്നായി. എന്നിട്ടും കേസിൽപ്പെട്ടവർ കുടുങ്ങിക്കിടക്കുന്നു. വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ മനുഷ്യനിർമ്മിത പ്രകൃതിക്ഷോഭത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് വേണ്ടി ശേഖരിച്ച ഫണ്ട് എപ്രകാരം വിനിയോഗിക്കപ്പെട്ടു? കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളായ സർക്കാർ മെഡിക്കൽ കോളേജുകൾ, ജനറൽ-താലൂക്ക്-കമ്മ്യൂണിറ്റി-പ്രൈമറി ഹെൽത്ത് സെന്ററുകളിലെ കരാർ ജോലിക്കാർ, ഇതര സർക്കാർ നിയന്ത്രണ സ്ഥാപനങ്ങൾ എന്നിവയിലെ താൽക്കാലിക ജീവനക്കാർ ബഹുഭൂരിഭാഗവും നിയമിക്കപ്പെടുന്നത് പാർട്ടിയുടെ നിക്ഷിപ്തതാത്പര്യങ്ങൾക്ക് അനുസരിച്ചാണ്, ദേവസ്വം കോളേജുകളിലും സ്ഥാപനങ്ങളിലും. കേരളത്തിലെ സർവകലാശാലകളിൽ പ്രബന്ധങ്ങൾ എഴുതിക്കൊടുക്കുന്നത് പണം വാങ്ങി ഗോസ്റ്റ് എഴുത്തുകാരാണ്.


1990-2000 ങ്ങളിൽ കേരളത്തിലേക്ക് ഒരു വർഷം ഒരു ലക്ഷം കോടി രൂപ ശരാശരി വിദേശത്ത് നിന്ന് വരുമായിരുന്നു. ഇന്നത് തിരിച്ച് ഒഴുകുകയാണ്. നല്ല മാർക്കുള്ള ഒരു വിദ്യാർത്ഥിയും കേരളത്തിൽ പഠിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഐ.ടി മേഖലയിൽ സ്റ്റാർട്ടപ്പുകൾ ഒഴിച്ചുനിർത്തിയാൽ ഒരു വ്യവസായ സംരംഭവും കേരളത്തിലില്ല. ഉള്ളതിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്. വേസ്റ്റ് മാനേജ്മെന്റിൽ കൃത്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഹരിതകർമ്മ സേന പാർട്ടിയുടെ ഒരു വോട്ട്ബാങ്കാണ്. അതിനപ്പുറം ഒരു കിലോ പ്ലാസ്റ്റിക് പോലും കുറഞ്ഞിട്ടില്ല. എല്ലാം ഇരട്ടിയായിട്ടേയുള്ളൂ. ഇവയെല്ലാം അവിടവിടെയായി കുമിഞ്ഞ് കിടപ്പുണ്ട്. ആശാ വർക്കർമാർ ഒരു കൊല്ലം വെയിലിലും മഴയിലും സമരം ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. പാർട്ടിക്ക് മേൽക്കൈയുള്ള സഹകരണ സംഘങ്ങളിൽ കരുവന്നൂർ മാതൃകയിൽ കൊള്ളക്കാർ ഭരണവാഴ്ച തുടരുന്നു. ടി.പി ചന്ദ്രശേഖരനെപ്പോലുള്ളവർ പാർട്ടിയെ ചോദ്യം ചെയ്യുമ്പോൾ അവർ തെരുവിൽ കൊല്ലപ്പെടുന്നു. നവീൻബാബുവിനെ പോലുള്ളവരുടെ ദുരൂഹ മരണം വാലും തുമ്പുമില്ലാതെ അവസാനിക്കുന്നു. ശബരിമലയിലെ സ്വർണ്ണക്കവർച്ച ഭരണപക്ഷത്തുള്ള സംഘത്തിന്റെ അറിവോടെയല്ലാതെ നടക്കില്ല. ശബരിമലയിലെ വിഗ്രഹം ഒറിജനലാണോ എന്നും, ലോക ആൻ്റിക് മാർക്കറ്റിലേക്ക് പോയോ എന്നും സംശയമുണ്ട്. പക്ഷേ, അവയൊന്നും തെളിയിക്കപ്പെടില്ല, ഈ സർക്കാർ തുടരുന്നിടത്തോളം പി.എം ശ്രീയെ, അഭ്യർത്ഥകർ മനസ്സിലാക്കേണ്ടത് കേരള സർക്കാർ അതിന്റെ ഭാഗമാകാൻ ഒപ്പിട്ടുകൊടുത്തവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ബി.ജെ.പിയുടെ കുഴൽപ്പണക്കേസ് എന്തായി? അങ്ങനെ ഒരു പട്ടിക നിരത്തുകയാണെങ്കിൽ, ഘടനാപരമായ അക്രമവും അഴിമതിയും ഈ സർക്കാരിന്റെ സ്വഭാവമാണ്. മുഖ്യമന്ത്രിയിലാണ് എല്ലാ അധികാരവും. ഇന്ന് പാർട്ടിക്ക് ഒരധികാരവുമില്ല, മന്ത്രിമാർക്കില്ല, ഉദ്യോഗസ്ഥർക്കില്ല. ഇതിനെ എങ്ങെന ജനാധിപത്യമെന്ന് വിളിക്കും?
ബുദ്ധിജീവികൾക്കും എഴുത്തുകാർക്കും ഒരു മൂന്നാം പിണറായി സർക്കാർ തങ്ങളുടെ ലാവണങ്ങൾ ഉറപ്പിക്കാനും സൗഭാഗ്യങ്ങൾ നേടാനും നല്ലതാണ്. കേരളത്തിൽ നടപ്പാക്കപ്പെടുന്ന വെൽഫെയറിസം പോലും കള്ളക്കണക്കാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 2021ൽ ഡോ. തോമസ് ഐകസ് ഇറങ്ങിപ്പോരുമ്പോൾ 1600 രൂപയാണ് ക്ഷേമ പെൻഷൻ. അതിപ്പോൾ 400 രൂപ കൂട്ടി 2000 ആക്കിയെന്നാണ് പറയുന്നത്. എന്നാൽ അഞ്ച് കൊല്ലത്തെ മൂല്യശോഷണം കണിക്കിലെടുത്താൽ 38 രൂപപോലും കൂട്ടിയിട്ടില്ല എന്ന് മനസ്സിലാകും. വന്യജീവി-മനുഷ്യ സംഘർഷത്തിൽ, ആദിവാസി-ദലിത് വിഷയങ്ങളിൽ സർക്കാരിന് ഒരു നയവുമില്ല. സ്ത്രീകളുടെ ശബരിമല പ്രവേശനത്തിലും തഥൈവ. വെള്ളാപ്പള്ളിയുടെ വർഗീയതയുമായി ഒത്തുപോകാനും ഉളുപ്പില്ല. ഈ സർക്കാർ ജനാധിപത്യത്തിൽ, സംവാദത്തിൽ, വൈവിധ്യത്തിൽ വിശ്വസിക്കുന്നില്ല. മോദിയിസം ഇന്ത്യയുടെ സർവ്വരക്തധമനികളിലടക്കം കൊടുംവിഷം കുത്തിയിറക്കുന്ന ഒന്നാണ്. ഇന്ത്യയെ ഒട്ടാകെ നശിപ്പിച്ച് യൂണിഫോമാക്കുയാണത്. അവിടെ മണ്ണും ധാതുവും പ്രകൃതിയും ജലവും മതവും ജാതിയും എല്ലാം കോർപ്പറേറ്റ് ഡീലിനുള്ള അസംസ്കൃത പദാർത്ഥങ്ങൾ. പിണറായിസം കേരളത്തിന്റെ പ്രകൃതിയും ജനാധിപത്യ മൂല്യങ്ങളും നവോത്ഥാന ധാതുക്കളും ഇല്ലാതാക്കുന്നതാണ്. ഇവിടെയും അത് ക്യാപിറ്റലിസ്റ്റുകളുടെ കൈയിലാണ്. ഓട്ടോക്രാറ്റിൽ നിന്ന് ഫാസിസ്റ്റിലേക്കുള്ള ദൂരം അധികമൊന്നുമില്ല. പിണറായിസത്തെ ഒരു ഇന്ത്യൻ ഷെനറിയോയിലേക്ക് വ്യാപിപ്പിച്ചാൽ ഭയാനകമായിരിക്കും. ഫാസിസത്തിനെതിരെയും ഓട്ടോക്രസിക്കെതിരെയും ഒരു ചെറുവിരലനക്കിയാൽ, അകത്തുള്ളവനാണെങ്കിൽ കൊല്ലപ്പെടും. പുറത്തുള്ളവനാണെങ്കിൽ ഫാസിസത്തിൽ കൊല്ലപ്പെടും, ജയിലിലാകും. ഓട്ടോക്രസിയിൽ ഇന്നത്തെ അവസ്ഥയിൽ സോഷ്യൽ മീഡിയ വഴി നിങ്ങളെ ഇല്ലാതാക്കും, അവഗണിക്കും.
കേരളത്തിൽ ഓട്ടോക്രസിയെ എതിർക്കാൻ ഘടകകക്ഷികളിൽ ഇന്ന് വെളിയം ഭാർഗവന്മാരോ ചന്ദ്രപ്പന്മാരോ ഇല്ല, ബുദ്ധിജീവികളില്ല, എഴുത്തുകാരില്ല. ഭൂരിഭാഗവും ഇതിന്റെ സ്റ്റെയ്ക് ഹോൾഡേഴ്സാണ്. ലിബറലുകൾ നിശബ്ദരാണ്. അവസാനം തന്റെ വോട്ട് ഓട്ടോക്രസിക്ക് തന്നെ. ഓട്ടോക്രാറ്റും ഫാസിസ്റ്റും ഇരട്ടപെറ്റ സഹോദരന്മാർ. ഇവരുടെ മനോനിലകൾ സാമ്യമുള്ളത്.
തൃശൂരിൽ സുരേഷ്ഗോപി ജയിക്കാൻ കാരണം ഈ മനോനിലയുടെ സാഹോദര്യമാണ്. അസംബ്ലി തെരഞ്ഞെടുപ്പിലും ഇത് നടന്നേക്കാം. നിങ്ങൾ ഫാസിസത്തിന് എതിരാണ്, ശരിതന്നെ. നിങ്ങൾ എന്നാൽ ഓട്ടോക്രസിക്ക് അനുകൂലമായാൽ! ഓട്ടോക്രസി മൂന്നാമതും വരണമെന്ന് കേരളത്തിലെ മാഫിയ സംഘങ്ങളും മുതലാളിമാരും ആഗ്രഹിക്കുന്നു… ഇനി തീരുമാനിക്കൂ, ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലെങ്കിൽ.
വാൽക്കഷ്ണം:
ഞാനേറെ ആദരിക്കുന്ന, സ്നേഹിക്കുന്ന, അരനൂറ്റാണ്ടായി കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ നിശബ്ദരായി സ്റ്റേറ്റിനെയും നീതിന്യായ വ്യവസ്ഥയേയും നൈതികതയുടെ വെളിച്ചത്തിൽ തുറന്നുകാണിക്കുന്ന എഴുത്തുകാരന് സമഗ്രസംഭാവനയ്ക്ക് ദേശാഭിമാനി പുരസ്കാരം സമ്മാനിക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ. അദ്ദേഹം ആ തുക പാപം തീർക്കാനായി ഓട്ടിസം ബാധിച്ച, differently abled ആയ കുട്ടികളുടെ സ്ഥാപനത്തിന് നൽകി. പുരസ്കാരം സ്വീകരിച്ചത് അദ്ദേഹത്തിന്റെ വലിയ കട്ടൗട്ടോടെ ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ മുന്നിൽ പ്രതിഷ്ഠിച്ചു. അമ്പടാ കേമാ, നിന്നെയും ഞങ്ങൾ വീഴ്ത്തി ! മറ്റൊരു പ്രിയ സ്നേഹിതൻ അഞ്ചുലക്ഷത്തിന്റെ പുരസ്കാര നിറവിൽ തന്റെ വിപ്ലവ കവിതകളുടെ ധാർമ്മികതയെ അധാർമ്മികമാക്കിയപ്പോൾ, എന്റെ മനസ്സ് നൊമ്പരപ്പെട്ടു. എന്ത് കാര്യം ! അദ്ദേഹം പറഞ്ഞത്രെ, ഞാനവരെ ഇത്ര വിമർശിച്ചിട്ടും എന്നെ അവർ പരിഗണിച്ചല്ലോ ! അവർക്കും ആനന്ദം ! പുരസ്കാരത്തിന്റെ പാപം ഓട്ടിസം കുഞ്ഞുങ്ങളുടെ തലയിൽ വെച്ച് കൈകഴുകിയ അതേ വാക്കുകൾ ! ഗുരുനിന്ദയാണ് പറയുന്നതെങ്കിൽ എന്റെ തലയിൽ ഇടിത്തീ വിഴട്ടെ !

