

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (KEAM) കോഴ്‌സുകളിലേക്കുള്ള കീം പ്രവേശനപ്പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കേരളത്തെ, പ്രത്യേകിച്ച് പൊതുവിദ്യാലയങ്ങളെ അതിജീവനത്തിന്റെ പുതിയ വഴികളന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. കേരള സിലബസ് വിദ്യാർത്ഥികളുടെ കീം പ്രവേശനപ്പരീക്ഷയുടെ മാര്‍ക്ക്, മറ്റ് സിലബസുകാരുമായി (പ്രത്യേകിച്ച് സിബിഎസ്‍ഇയുമായി) സമീകരിക്കുന്നതിന്റെ പേരില്‍ ഓരോ വര്‍ഷവും വെട്ടിക്കുറയ്‍ക്കുന്നതിന്റെ രീതിശാസ്‍ത്രം ഇപ്പോഴാണ് വെളിച്ചതായത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ നഷ്‍ടമാകുന്നത് കീം വിഷയത്തില്‍ മാത്രമല്ലെന്ന് പറയുകയാണ് ഈ എഴുത്തിന്റെ ലക്ഷ്യം.
അനര്‍ഹമായ ആനുകൂല്യം സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്നത് നഷ്‍ടപ്പെട്ടതിന്റെ സങ്കടമാണ് യഥാര്‍ത്ഥത്തില്‍ സിബിഎസ്‍ഇ മാനേജ്‍മെന്റ് സര്‍ക്കാരിന്റെ പുതിയ സമീകരണ നയത്തിനെതിരെ കോടതിയില്‍ പോകാന്‍ കാരണം. കേരളത്തിലെ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജുകളില്‍ പ്രാഥമിക പരിഗണന കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കല്ലേ നല്‍കേണ്ടത്? കേരളത്തിന്റെ ആധുനികീകരണത്തിന് വേരുപടര്‍ത്തിയത് പതിനെട്ട്, പത്തൊമ്പ് നൂറ്റാണ്ടുകളിലെ നാട്ടുഭാഷാ വിദ്യാലയങ്ങളിലൂടെയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ, ശാസ്‍ത്ര, സാങ്കേതിക സ്ഥാപനങ്ങള്‍. കേരളം നേടുന്ന വിദ്യാഭ്യാസ ഉയര്‍ച്ചകളുടെ തുടര്‍ച്ചയില്‍ വരുന്ന സ്ഥാപനങ്ങളുടെ നേരവകാശികള്‍ പൊതുവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളല്ലാതെ മറ്റാരാണ്?


നാം നടന്നുതെളിഞ്ഞ വഴികള്‍
200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ഏത് ദേശസമൂഹത്തില്‍ നിന്നും ഭിന്നമായിരുന്നില്ല കേരളവും. ജാതിവ്യവസ്ഥ ശക്തമായ കാലത്ത് എല്ലാവരും വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സാമൂഹികാവസ്ഥ അതിനനുസരിച്ച് വളര്‍ച്ച പ്രാപിച്ചിരുന്നില്ല. നാം നടന്ന വഴികളില്‍ താങ്ങും തണലുമായത് വിദ്യാലയങ്ങളുടെ വളര്‍ച്ചയായിരുന്നു. 1817 ല്‍ ധാരാളം ഭാഷാവിദ്യാലയങ്ങളുണ്ടാകുന്നു. 1864ല്‍ ദിവാന്‍ മാധവറാവു മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പദ്ധതികളുണ്ടാക്കുന്നു. 1867 ല്‍ തിരുവിതാംകൂറില്‍ പാഠപുസ്‍തക കമ്മിറ്റിയും അധ്യാപക പരിശീലനവും ആരംഭിക്കുന്നു. 1869 ല്‍ ഗ്രാന്‍ഡ് ഇന്‍ എയ്‍ഡ് പ്രൈവറ്റ് സ്‍കൂളുകളുടെ വികാസത്തിന് സഹായകരമായി. 1894 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം എന്ന ഉത്തരവാദിത്തം ഏല്‍ക്കുന്നു.
വിദ്യാഭ്യാസ വ്യാപനത്തിന് കുതിച്ച് ചാട്ടമുണ്ടാക്കിയത് സ്‍കൂള്‍ വിദ്യാഭ്യാസത്തില്‍ പഠന മാധ്യമമായിരുന്ന ഇംഗ്ലീഷ് മാറ്റി മലയാളമാക്കിയ തീരുമാനമാണ്. മാനവപുരോഗതിക്കും സാമൂഹിക പരിഷ്‍കരണത്തിനുമുള്ള വേദിയായാണ് അന്ന് വിദ്യാഭ്യാസത്തെ കണ്ടിരുന്നത്. തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ മുന്നേറ്റം മലബാറിലെത്താന്‍ പിന്നെയും വൈകി. 1914ല്‍ അയ്യങ്കാളിയും പഞ്ചമിയും നടത്തിയ സ്‍കൂൾ യാത്ര ചരിത്രമായി. എന്നിട്ടും 1928ല്‍ എല്ലാവിഭാഗം കുട്ടികളെയും പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രമേ സ്‍കൂളിന് അംഗീകാരം നല്‍കൂയെന്ന് ഉത്തരവിടേണ്ടി വന്നു. ഇന്ത്യ സ്വാതന്ത്ര്യമായി, കൂടെ ഐക്യകേരളം രൂപപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പുതിയ വിവേചനങ്ങളും അകറ്റി നിര്‍ത്തലുകളും നമുക്ക് നീക്കം ചെയ്യാനായിട്ടില്ല.
കീമിന്റെ വിഷയത്തില്‍ ഇത്രയും പറയേണ്ടി വന്നത് കേരളത്തെ ആധുനികവല്‍ക്കരിച്ചതില്‍ പൊതുവിദ്യാലയങ്ങളായി മാറിയ നാട്ടുഭാഷാ വിദ്യാലയങ്ങളുടെ ചരിത്രമാണ് കേരളത്തിന്റെയും ചരിത്രമെന്നത് സൂചിപ്പിക്കാനാണ്. ആ നാട്ടുഭാഷാ വിദ്യാലയങ്ങളുടെ നവീകരിച്ച രൂപമാണ് ഇന്ന് കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോളേജുകളും സര്‍വകലാശാലകളുമൊക്കെ എന്ന് നാം മറക്കാതിരിക്കാനാണ്. നിത്യവൃത്തിക്ക് വഴിയില്ലാത്ത കാലത്ത് സ്‍കൂള്‍ സ്ഥാപിക്കാനും അവിടെ പഠിപ്പിക്കാനും വിശന്നിരുന്ന് പഠിക്കാനും പോയവര്‍ നിർമ്മിച്ച കേരളമാണ് ഇന്ന് ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
കാലാനുസൃതമായ പാഠപുസ്‍തകങ്ങളും യൂണിഫോമും ഉച്ചഭക്ഷണവും കലാകായിക, ശാസ്‍ത്ര, സാങ്കേതിക മേഖലകളില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കാനുള്ള അവസരവും പ്രതീക്ഷിച്ചെത്തുന്ന സാധാരണക്കാരുടെ സര്‍വകലാശാലയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍. സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം ഉന്നതവിദ്യാഭ്യാസത്തിലേക്ക് സ്വാതന്ത്ര്യത്തോടെ വളരാന്‍ കൊതിക്കുന്ന കുട്ടികളെ കുയുക്തിയുടെ പേരില്‍ വഴി തടയുന്ന പ്രവൃത്തിയാണ് കീമിന്റെ വിഷയത്തില്‍ കേരളം കണ്ടത്.
നഷ്‍ടങ്ങളുടെ പതിനാല് വര്‍ഷപ്പട്ടിക ആര് പഠിക്കും?
കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിലേക്ക് പൊതുവിദ്യാലയങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന സിബിഎസ്ഇ അവരുടെ കേരളത്തിലെ സ്‍കോര്‍ ശരാശരിക്ക് പകരം ദേശീയ ശരാശരിയെടുത്താണ് മാര്‍ക്ക് നഷ്‍ടം എന്ന് വിലപിക്കുന്നത്. ഫലമോ, കഴിഞ്ഞ വര്‍ഷം മാത്രം 35 സ്‍കോര്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളേക്കാളും അധികം സിബിഎസ്ഇ വിഭാഗത്തിലെ വിദ്യാര്‍ഥിക്ക് ലഭിച്ചു. ഈ വര്‍ഷം സ്‍കോറിലെ അന്തരം പരിഹരിക്കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളിലെയും സിബിഎസ്‍ഇയിലെയും വിദ്യാർത്ഥികള്‍ക്ക് വലിയ സ്‍കോര്‍ വ്യത്യാസമില്ലാതെ സമീകരണ നയം പുതുക്കി. എന്നാല്‍ വര്‍ഷങ്ങളോളം ലഭിച്ചുകൊണ്ടിരുന്ന സൗകര്യം നഷ്‍ടപ്പെടുന്നതില്‍ വിറളിപ്പിടിച്ച സിബിഎസ്ഇ മാനേജ്‍മെന്റുകള്‍ ഒരു വിദ്യാർത്ഥിയുടെ ഹര്‍ജിയോടെ ഹൈക്കോടതിയെ സമീപിച്ചു. അവര്‍ക്കനുകൂലമായ വിധി വന്നു.


ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി വന്നപ്പോള്‍ 47 സ്‍കോര്‍ വരെ പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥിക്ക് നഷ്‍ടമായി. കഴിഞ്ഞ പതിനാല് വര്‍ഷമായി ഈ പ്രക്രിയ ആരുമറിയാതെ തുടരുകയായിരുന്നു. അറിഞ്ഞവര്‍ മിണ്ടിയതുമില്ല. കഴിഞ്ഞ വര്‍ഷം പി പ്രേമചന്ദ്രന്‍ മാഷ് വിഷയം പൊതുമണ്ഡലത്തില്‍ എഴുതുകയും മലയാള ഐക്യവേദിയുടെയും ഐക്യമലയാള പ്രസ്ഥാനത്തിന്റെയും വിദ്യാർത്ഥി മലയാളവേദിയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമെല്ലാം പ്രത്യക്ഷ സമരം നടത്തി പൊതുവിദ്യാലയങ്ങളിലെ രക്ഷിതാക്കളോടും സമൂഹത്തോടുമെല്ലാം വിളിച്ച് പറഞ്ഞു. പക്ഷേ, കേള്‍ക്കേണ്ട രീതിയില്‍ കേള്‍ക്കാന്‍ തയ്യാറാകാത്തതിന്റെ ദുരന്തമാണ് ഇപ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്നത്. പതിനാലു വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് കുട്ടികളുടെ സങ്കടം കാണാനോ പരിഹരിക്കാനോ പറ്റിയ അക്കാദമിക സമൂഹമില്ലാതെ പോയി.
മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ അത് തങ്ങളുടെ പഠനക്കുറവാണെന്നും അല്‍പം കൂടെ കടന്നാല്‍ വിധിയാണെന്നും സമാധാനിച്ചു. അവരെ അങ്ങനെ ബോധ്യപ്പെടുത്താന്‍ വിദ്യാഭ്യാസ മേഖലയോടൊപ്പം നടക്കുന്നവരും പുറത്ത് മീഡിയയും മത്സരിച്ചു. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകള്‍ക്ക് പകരം വായ്‍പയെടുത്ത് സ്വാശ്രയ മേഖലയില്‍ തങ്ങളുടെ സ്വപ്‍നം പറിച്ച് നടാന്‍ അവര്‍ നിര്‍ബന്ധിതരായി. സ്‍കൂള്‍ വിദ്യാഭ്യാസകാലത്ത് നല്ല പഠനമുറി പോലുമില്ലാത്തിടത്തിരുന്ന് നല്ല മാര്‍ക്ക് വാങ്ങി പഠിച്ചിറങ്ങുന്നവരുടെ കൈയില്‍ നിന്ന് പ്രവേശനപ്പരീക്ഷയില്‍ നേടിയ സ്‍കോര്‍ ഏത് സമീകരണ രീതിയുടെ പേരിലാണെങ്കിലും ഊഹഗണിതത്തിന്റെ പേരിലാണെങ്കിലും പിടിച്ച് പറിക്കാമോ? അതിനെ എങ്ങനെ നീതികരിക്കാനാകും? ഉന്നത വിദ്യാഭ്യാസ സ്വപ്‍നം പൂര്‍ത്തിയാക്കാന്‍ ലക്ഷക്കണക്കിന് കടബാധ്യത വരുത്തുന്ന പഠനാവസ്ഥ സാമൂഹിക ജീര്‍ണതയുടെ ലക്ഷണമാണ്. കീം ഒരു സീറ്റിന്റെ മാത്രം പ്രശ്‍നമല്ല, സാമ്പത്തിക മേഖലയുടേത് കൂടിയാണ്.
സീറ്റുകള്‍ നഷ്‍ടപ്പെടുന്നത് ഇതാദ്യമല്ല
തൊണ്ണൂറുകള്‍ക്ക് ശേഷം എഞ്ചിനീയറിങ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ലഭിച്ച മുന്നേറ്റം കേരളത്തില്‍ ആവശ്യത്തിന് സീറ്റുകളില്ലെന്ന കാരണം പറഞ്ഞ് അയല്‍പക്ക സംസ്ഥാനങ്ങളിലേക്ക് പഠനത്തിന് ചേക്കേറാന്‍ മലയാളി വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. പക്ഷേ, അവിടെ പഠിക്കുന്ന വിദ്യാർത്ഥികള്‍ നേരിടേണ്ടി വന്ന വിവേചനങ്ങളും പരാതികളും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാന്‍ തുടങ്ങി. കേരളത്തിലും സ്വാശ്രയ മേഖലയില്‍ എഞ്ചിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ ആര്‍ക്കും എങ്ങനെയും തുടങ്ങാമെന്ന സ്ഥിതിയിലേക്ക് സര്‍ക്കാരിനെ എത്തിച്ചു. ഈ സമയം സര്‍ക്കാര്‍, എയ്‍ഡഡ് എന്‍ജിനീയറിങ് കോളേജുകള്‍ മത്സരക്ഷമത വര്‍ദ്ധിപ്പിച്ചു. അവിടെ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് ക്യാംപസ് പ്ലേസ്മെന്റുകള്‍ ധാരാളം ലഭിക്കുന്നത് വാര്‍ത്തകളാകാന്‍ തുടങ്ങി. പഠനമികവ് ഉറപ്പിക്കാന്‍ കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷയോടൊപ്പം പൊതുവിദ്യാലയങ്ങളിലെ ശാസ്‍ത്രവിഷയങ്ങളുടെ മാര്‍ക്കുകള്‍ കൂടി സവിശേഷമായി പരിഗണിച്ചു. ഇവയുടെ മൂല്യനിര്‍ണയത്തിന്റെ തോത് മൂന്നാക്കി വര്‍ദ്ധിപ്പിച്ചു. ഇത് സിബിഎസ്ഇ വിഭാഗത്തിന് പ്രതീക്ഷിച്ച സീറ്റുകള്‍ നേടിക്കൊടുക്കുന്നതില്‍ തടസ്സമായി കണ്ടു.


ഈ കാലത്താണ് യുപിഎ സര്‍ക്കാരില്‍ മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രിയായിരുന്ന കപില്‍ സിബല്‍ 2011 ല്‍ സിബിഎസ്ഇ പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ ഓപ്ഷണലാക്കുന്നത്. സിബിഎസ്‍ഇയില്‍ പത്താംക്ലാസ് പഠിച്ച് സിബിഎസ്‍ഇയില്‍ തന്നെ ഹയര്‍സെക്കന്‍ഡറി പഠിക്കുന്ന കുട്ടികള്‍ക്ക് ബോര്‍ഡ് പരീക്ഷയെഴുതണമെന്ന് നിര്‍ബന്ധമില്ല. സ്‍കൂള്‍ പരീക്ഷയെഴുതിയാല്‍ മതി. പകരം മറ്റ് ബോര്‍ഡുകളിലാണ് ഹയര്‍സെക്കന്‍ഡറി പഠിക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ ആ കുട്ടി സിബിഎസ്ഇയുടെ ബോര്‍ഡ് പരീക്ഷയെഴുതണം. പക്ഷേ, സ്‍കൂള്‍തല പരീക്ഷയെഴുതിയവര്‍ക്കും ബോര്‍ഡ് പരീക്ഷയെഴുതിയവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഒരുപോലെയാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നുതുടങ്ങി.
തന്റെ കുട്ടി സിബിഎസ്‍ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയെഴുതിയതാണെന്ന് രക്ഷിതാവ് ഒരു സത്യവാങ് മൂലം എഴുതി നല്‍കിയാല്‍ പൊതുവിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറിയില്‍ സീറ്റുറപ്പിക്കാം. സര്‍വത്ര വിജയം നേടുന്ന സിബിഎസ്ഇ വിദ്യാലയങ്ങളുടെ പരസ്യവും വാര്‍ത്തയും പത്രമാധ്യമങ്ങളും മത്സരിച്ച് കൊടുത്തു. ഹയര്‍സെക്കണ്ടറി ശാസ്‍ത്ര വിഷയങ്ങളില്‍ പൊതുവിദ്യാലയത്തിലും സിബിഎസ്ഇയിലും എന്‍സിഇആര്‍ടിയുടെ സിലബസാണ് പിന്തുടരുന്നത്. പരീക്ഷ തെരഞ്ഞെടുക്കാനുള്ള അവസരം സൗകര്യമായി കണ്ട രക്ഷിതാക്കളും ചില സിബിഎസ്ഇ മാനേജ്‍മെന്റുകളും (ഹയര്‍സെക്കണ്ടറി വിഭാഗമില്ലാത്തവര്‍) സ്‍കൂള്‍ പരീക്ഷയെഴുതിപ്പിച്ച് നല്ല സ്‍കോറും ഉറപ്പിച്ച് കുട്ടികളെ വിട്ടു. പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികള്‍ക്ക് ലഭിക്കേണ്ട സീറ്റുകളില്‍ അവര്‍ തടസ്സമില്ലാതെ ഒഴുകിയെത്തി. അഞ്ച് അലോട്ട്മെന്റ് കഴിഞ്ഞിട്ടും സീറ്റ് കിട്ടാത്ത പൊതുവിദ്യാലയത്തിലെ പത്താംക്ലാസുകാര്‍ ഓപ്പണ്‍ സ്‍കൂളിനെ ആശ്രയിക്കേണ്ടി വന്നു. പലരും പാതിയില്‍ പഠനം ഉപേക്ഷിച്ച് ജോലികള്‍ തേടിപ്പോയി. ചിലര്‍ ഡിപ്ലോമ കോഴ്‍സുകളിലേക്ക് തൃപ്‍തിപ്പെടാന്‍ നിര്‍ബന്ധിതരായി.
പൊതുവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ സീറ്റില്‍ സിബിഎസ്ഇ നല്‍കിയ ഓപ്ഷണല്‍ ആനുകൂല്യം പിന്‍പറ്റുന്നതിനെതിരെയുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. സര്‍ക്കാര്‍ നിലപാടെടുത്തോടെ സിബിഎസ്‍ഇ മാനേജ്‍മെന്റുകളും രക്ഷിതാക്കളും വിദ്യാർത്ഥികളെ മുന്‍നിര്‍ത്തി കോടതിയിലെത്തി. ഹൈക്കോടതിയും കടന്ന് കേസ് സുപ്രീംകോടതി വരെയെത്തി. അന്നും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ അവസരനഷ്‍ടം മലയാള ഐക്യവേദി കേരള സമൂഹത്തോട് ഉന്നയിച്ച് മുന്നില്‍ വരുകയും ഈ കേസില്‍ കക്ഷിചേരുകയുമുണ്ടായി. അന്ന് സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങി. വിധി സര്‍ക്കാരിന് അനുകൂലമായി വന്നു. പിന്നീട് കപില്‍ സിബല്‍ കൊണ്ടുവന്ന രണ്ട് തരം പരീക്ഷ പരിഷ്കാരം പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് 2014ല്‍ അന്നത്തെ കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രി സ്‍മൃതി ഇറാനി പിന്‍വലിച്ചു. ഇന്ന് ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒരു സീറ്റ് പോരാട്ടത്തിന് സര്‍ക്കാരും പൊതുവിദ്യാലയങ്ങളും ഒന്നിച്ചണി നിരന്നിരിക്കുകയാണ്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അധിക സൗകര്യങ്ങള്‍ മറ്റൊരാള്‍ക്ക് അര്‍ഹതപ്പെട്ട അടിസ്ഥാന ആവശ്യമാണെന്ന സത്യം അംഗീകരിക്കാന്‍ സിബിഎസ്‍ഇക്കാര്‍ക്കും പുതിയ പരിശീലനങ്ങള്‍ ആവശ്യമാണ്.
“ഒരു വേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം.
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ‌്പുതാനുമേ” – കുമാരനാശാന്‍
അവലംബം
1. കീം ഐക്യമലയാളപ്രസ്ഥാനത്തിന്റെ ലഘുലേഖ, വാര്‍ത്തകള്‍
2. കേരളപാഠ്യപദ്ധതി – വിദ്യാഭ്യാസ ചരിത്രം
3. കുമ്പസരിച്ചാല്‍ തീരുമോ ഈ പാതകം?
(മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റും അധ്യാപകനുമാണ് ലേഖകൻ)