മിച്ചഭൂമിയുടെ കണക്ക് എവിടെ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭൂപരിഷ്‌കരണ നിയമപ്രകാരം ലാന്‍ഡ് ബോര്‍ഡ് ആരംഭിച്ചതും തീര്‍പ്പാക്കാത്തതും തീര്‍പ്പാക്കിയതുമായ ഭൂപരിധി കേസുകളുടെ രേഖകള്‍ എവിടെയെന്ന എ.ജി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് റവന്യൂ വകുപ്പ് കൈമലര്‍ത്തുകയാണ്. ഇതിന് വ്യക്തമായ മറുപടിയില്ല. താലൂക്ക്/ടി.എല്‍.ബി തിരിച്ച് വിശദമായ ഡാറ്റാബേസ് പരിപാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഒഴിവാക്കപ്പെട്ട ഭൂമി, പ്രഖ്യാപിക്കപ്പെട്ടതും ഏറ്റെടുത്തതുമായ മിച്ചഭൂമി, ഏറ്റെടുക്കാന്‍ ബാക്കിയുള്ള മിച്ചഭൂമി, വിനിയോഗിച്ച മിച്ചഭൂമി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫയലുകളില്ല. ഇതിന്റെ വിശദാംശങ്ങളുള്ള ഒരു ഡാറ്റാബേസും നിലവിലില്ല. ഇവയെല്ലാം റവന്യൂ വകുപ്പില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ കാരണം എന്താണ്? താലൂക്ക്/ടി.എല്‍.ബി തിരിച്ച് ഭൂപരിധി കേസുകളും മിച്ചഭൂമിയും കാണിക്കുന്ന ഏകീകൃത പുരോഗതി റിപ്പോര്‍ട്ട് മാത്രമേ റവന്യൂ വകുപ്പിന് നല്‍കാന്‍ കഴിയൂ. സംസ്ഥാനത്തെ മിച്ചഭൂമി തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ഒരു ഡാറ്റാബേസിന്റെ ആവശ്യം നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ടില്‍ എ.ജി രേഖപ്പെടുത്തി.

പ്രധാനപ്പെട്ട പല രജിസ്റ്ററുകളും മാനുവല്‍ രൂപത്തില്‍ പോലും റവന്യൂ വകുപ്പ് ഓഫീസില്‍ ശരിയായി പരിപാലിച്ചിട്ടില്ല. ഉദാഹരണമായി, പരിശോധനയ്ക്കായി തിരഞ്ഞെടുത്ത 25 വില്ലേജ് ഓഫീസുകളില്‍ 16 എണ്ണത്തിലും (64 ശതമാനം) സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള സ്ഥലങ്ങളുടെ രജിസ്റ്ററും, റിസര്‍വ് ചെയ്തതും പതിച്ചുകൊടുത്തതുമായ സ്ഥലങ്ങളുടെ രജിസ്റ്ററും സൂക്ഷിച്ചിട്ടില്ല. അതുപോലെ, തിരഞ്ഞെടുത്ത 25 ടി.എല്‍.ബികളില്‍ 17 എണ്ണത്തിലും (68 ശതമാനം) ഓരോ കേസും രേഖപ്പെടുത്തുന്ന ഡയറി രജിസ്റ്ററും അന്തിമ ഉത്തരവുകളുടെ രജിസ്റ്ററും ശരിയായി പരിപാലിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കാത്തതുമൂലം ഓഫീസുകളിലെ യഥാര്‍ത്ഥ രേഖകളും പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നു.

അരിപ്പ സമരഭൂമിയിൽ നിന്നും. കടപ്പാട്:thehindu

തിരിച്ചറിയാത്ത ഭൂപരിധി കേസുകള്‍

കെ.എല്‍.ആര്‍ നിയമത്തിലെ വകുപ്പ് 120 അനുസരിച്ച്, കൈമാറ്റം ചെയ്യുന്നയാളും വാങ്ങുന്നയാളും തങ്ങളുടെ കൈവശമുള്ള മൊത്തം ഭൂമിയെക്കുറിച്ചുള്ള സത്യവാങ്മൂലം രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. ഇത്തരം സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാതെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു ആധാരവും കൈപ്പറ്റാന്‍ പാടുള്ളതല്ല. ലഭിക്കുന്ന സത്യവാങ്മൂലങ്ങള്‍ രജിസ്ട്രാര്‍ ആവശ്യമായ തുടര്‍നടപടികള്‍ക്കായി തഹസില്‍ദാര്‍ക്ക് കൈമാറേണ്ടതുണ്ട്. തുടര്‍ന്ന്, ഭൂവുടമകള്‍ എസ്.ആര്‍.ഒ.യില്‍ സമര്‍പ്പിച്ച ഈ സത്യവാങ്മൂലങ്ങള്‍ വില്ലേജ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. എന്നാല്‍, നമ്മുടെ സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ പണത്തിന് മുന്നില്‍ നിയമം മറന്നുപോകുകയാണ്. ഉദാഹരണമായി പാലക്കാട് അഗളിയിലെ സബ് രജിസ്ട്രാര്‍ ഓഫിസില്‍ മുന്‍ പ്രമാണം പോലും ഇല്ലാതെ ആധാരം നടത്താം. അവിടെ ഇതെല്ലാം ചെയ്തുകൊടുക്കന്‍ ആധാരം എഴുത്തുകാര്‍വരെ സഹായം ചെയ്യുന്നുണ്ട്.

ഭൂനികുതി സ്വീകരിച്ച കേസുകള്‍

എ.ജി പരിശോധനയ്ക്കായി തിരഞ്ഞെടുത്ത അഞ്ച് ജില്ലകളിലെ ആകെ 89 എസ്.ആര്‍.ഒ.കളില്‍, 1992 ജനുവരി 1നും 2018 മാര്‍ച്ച് 31നും ഇടയില്‍ 6.0703 ഹെക്ടറില്‍ (15 ഏക്കര്‍) കൂടുതല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത 212 കേസുകള്‍ കണ്ടെത്തി. ഭൂപരിധി നിശ്ചയിച്ച് നിയമം നിലവിലുണ്ടെങ്കിലും അത് ലംഘിക്കാന്‍ റവന്യൂ-രജസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വഴിയൊരുക്കുന്നു. പണമുള്ളവര്‍ക്ക് നിയമത്തെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നു. പല ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ആനുഗ്രഹത്തോടെയാമ് ഇതെല്ലാം നടത്തിയെടുക്കുന്നത്. പരിശോധിച്ചതില്‍ 5,192.4161 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടുന്ന (ആധാരപ്രകാരം 311.15 കോടി രൂപ മൂല്യമുള്ള) 184 കേസുകളാണ് (86.79 ശതമാനം) കണ്ടെത്തിയത്. ഇവിടെ ഭൂപരിധി കേസ് എടുക്കുന്നതിനായുള്ള നടപടികളൊന്നും സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.

പരിധിയില്‍ (6.0703 ഹെക്ടറില്‍) കൂടുതല്‍ ഭൂമി വില്‍പ്പന നടത്തി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും താലൂക്ക് ലാന്റ് ബോര്‍ഡിലെയും രേഖകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ ജില്ല തിരിച്ചുള്ള കണക്കുകള്‍ അത്ഭുതപ്പെടുത്തുകയാണ്. മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 73 ഭൂപരിധി കേസുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കേസ് നടപടികള്‍ ആരംഭിച്ചത്. പാലക്കാട് ജില്ലയില്‍ 59 കേസുകളില്‍ 58 എണ്ണത്തിലും നടപടി തുടങ്ങിയില്ല. വയനാട്ടിലെ 51 കേസുകളില്‍ 28 എണ്ണത്തിലും നടപടി ഉണ്ടായില്ല. കോട്ടയത്തെ 22 കേസുകളില്‍ 19 എണ്ണത്തിലും നടപടി തുടങ്ങിയില്ല. കാസര്‍കോട്ടെ പരിശോധനയില്‍ കണ്ടെത്തിയ 7 കേസുകളില്‍ ഏഴിലും കേസ് നടപടികള്‍ ആരംഭിച്ചില്ല. റവന്യൂ വകുപ്പിന് മേല്‍ ഭൂമാഫിയ-രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഫയലുകള്‍പോലും അപ്രത്യക്ഷമാവും. കെ.എല്‍.ആര്‍ നിയമത്തിലെ വകുപ്പ് 120ലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി ഐ.ജി(രജിസ്‌ട്രേഷന്‍)യ്ക്ക് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കത്ത് നല്‍കിയിരുന്നെങ്കിലും അത് നടപ്പിലാക്കപ്പെട്ടില്ലെന്നാണ് റവന്യൂ വകുപ്പ് 2019ല്‍ നല്‍കിയ മറുപടി.

റബ്ബർ പ്ലാന്റേഷൻ. കടപ്പാട്:newindianexpress

ഭൂപരിധി കേസുകള്‍ ആരംഭിക്കാത്തത്

ഭൂപരിഷ്‌കരണ നിയമപ്രകാരം നിശ്ചിത പരിധിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള ഭൂമിയെക്കുറിച്ച് താലൂക്ക് / വില്ലേജ് ഓഫീസുകളില്‍ നിന്ന് അതത് താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത (2016 ജൂലൈ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍) 197 കേസുകള്‍ പരിശോധിച്ചതില്‍, 2141.7319 ഹെക്ടര്‍ ഭൂമി ഉള്‍പ്പെട്ട 114 കേസുകളില്‍ (52.87 ശതമാനം) ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തി.

15 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളതായി വില്ലേജ്/താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്ത 197 കേസുകളാണ് അഞ്ച് ജില്ലകളിലായി ഉള്ളത്. ഇതില്‍ 114 കേസുകളിലും നടപടികള്‍ ആരംഭിച്ചിട്ടേയില്ല. മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്ത 75 കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് ആരംഭിച്ചത്. അതേസമയം വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത 71 കേസുകളില്‍ 69 എണ്ണവും ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് 49 കേസുകളില്‍ 38 എണ്ണത്തിലും നടപടികള്‍ തുടങ്ങിയിട്ടില്ല. റവന്യൂ വകുപ്പില്‍ നടക്കുന്ന അട്ടിമറിയാണ് ഇത് വ്യക്തമാക്കുന്നത്.

ഒഴിവാക്കലിന്റെ ലംഘനം

നിയമത്തിലെ വകുപ്പ് 81 പ്രകാരം ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയെ ഭൂപരിധിയില്‍ നിന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ക്ക് ഒഴിവാക്കാവുന്നതാണ്. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട ഭൂമി പിന്നീട് തരംമാറ്റം വരുത്തിയാല്‍, അവയെ പുതിയതായി ആര്‍ജ്ജിച്ച ഭൂമിയായി കണക്കാക്കേണ്ടതുണ്ട്. തോട്ടം ഭൂമി ഇത്തരത്തില്‍ തരംമാറ്റിയാല്‍ നിയമത്തിലെ വകുപ്പ് 87 അനുസരിച്ച് ഈ വ്യക്തി ഒരു പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യണം. അങ്ങനെ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്ത ശേഷം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഒരു പുതിയ ഭൂപരിധി കേസ് ആരംഭിക്കണം. അതോടൊപ്പം വില്ലേജ് മാനുവല്‍ പ്രകാരം വ്യക്തിയോ സ്ഥാപനമോ ഭൂമിയില്‍ എന്തെങ്കിലും തരംമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വില്ലേജ് ഓഫീസര്‍ പരിശോധിക്കണം. അത് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ.

ഒഴിവാക്കലുകള്‍ അനുവദിക്കാനുള്ള അധികാരം താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളില്‍ നിക്ഷിപ്തമാണെങ്കിലും, ഒഴിവാക്കപ്പെട്ട കേസുകളുടെ എണ്ണം സംബന്ധിച്ച് ഓഫിസുകളില്‍ കൃത്യമായ രേഖകളില്ല. ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയ 69 കേസുകളുടെ രേഖകള്‍ മാത്രമാണ് പരിശോധനയ്ക്ക് ലഭ്യമായത്. ബന്ധപ്പെട്ട താലൂക്ക് ഓഫീസ് പ്രതിനിധികളോടൊപ്പം 67 കേസുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍, ഒഴിവാക്കല്‍ ലംഘനം നടന്നിട്ടും അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ പോയ 239.1020 ഹെക്ടര്‍ ഭൂമി ഉള്‍പ്പെട്ട 33 കേസുകള്‍ കണ്ടെത്തി.

കേസുകളിലെ കാലതാമസം

അനുവദനീയമായ ഭൂപരിധിയുടെ അടിസ്ഥാനത്തില്‍ മിച്ചഭൂമി കണ്ടെത്തേണ്ടതും സമര്‍പ്പിക്കേണ്ടതും എങ്ങനെയെന്ന് കെ.എല്‍.ആര്‍. നിയമത്തിലെ 85ാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പലവിധ കാരണങ്ങളാല്‍ ഭൂപരിധി കേസുകള്‍ തീര്‍പ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം, സമയബന്ധിതമായി മിച്ചഭൂമി കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുന്നു.

അഞ്ച് ജില്ലകളിലെ ടി.എല്‍.ബി.കള്‍ രജിസ്റ്റര്‍ ചെയ്ത ആകെയുള്ള 39,308 കേസുകളില്‍ 909 എണ്ണം ഇനിയും തീര്‍പ്പാക്കാനുണ്ട്. ഇതില്‍ 732 കേസുകള്‍ 5 മുതല്‍ 40 വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ കിടക്കുന്നവയാണ്. ആകെ 19,401 ഹെക്ടര്‍ ഭൂമിയാണ് ഈ കേസുകളിലുള്‍പ്പെട്ടിരിക്കുന്നത്. തീര്‍പ്പാക്കപ്പെടാത്ത ഭൂപരിധി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ടി.എല്‍.ബി.കള്‍ക്ക് എസ്.എല്‍.ബി. കൃത്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും, ഏറ്റെടുക്കാന്‍ ശേഷിക്കുന്ന അധികഭൂമിയുടെ വിവരങ്ങള്‍ പരിശോധിച്ച് അവ ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ എസ്.എല്‍.ബി. സ്വീകരിക്കുമെന്നും 2019 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അറിയിച്ചു.

മിച്ചഭൂമി ഏറ്റെടുക്കലിലെ കാലതാമസം

കെ.എല്‍.ആര്‍ നിയമത്തിലെ വകുപ്പ് 86 പ്രകാരം ടി.എല്‍.ബി പ്രഖ്യാപിച്ച മിച്ചഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയും, കെ.എല്‍.ആര്‍ ചട്ടങ്ങളിലെ 18 മുതല്‍ 20 വരെയുള്ള ചട്ടങ്ങള്‍ അടിസ്ഥാനമാക്കി പ്രഖ്യാപിത മിച്ചഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും വേണം. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ രേഖാചിത്രവും മഹസ്സറും പരിശോധിച്ച ശേഷം കൈവശരേഖയിലോ പ്രഖ്യാപനത്തിലോ തഹസില്‍ദാര്‍ മേലൊപ്പിടേണ്ടതുണ്ട്. കൂടാതെ, റവന്യൂ രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ തഹസില്‍ദാര്‍ കൈക്കൊള്ളുകയും വേണം.

തിരഞ്ഞെടുത്ത അഞ്ച് ജില്ലകളിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍, ആകെ 25,136 കേസുകളിലായുള്ള 23,151.3770 ഹെക്ടര്‍ മിച്ചഭൂമിയില്‍ 24,967 കേസുകളിലെ (93 ശതമാനം) 21,563.3358 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തതായി കണ്ടു. ബാക്കിയുള്ള 169 കേസുകളിലുള്‍പ്പെട്ട 1,588.0412 ഹെക്ടര്‍ മിച്ചഭൂമി ഇനി ഏറ്റെടുക്കാനുണ്ട്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ താഴെ പറയുന്നവയാണ്:

വയനാട്: 69 കേസുകള്‍ (897 ഹെക്ടര്‍)

മലപ്പുറം: 50 കേസുകള്‍ (320 ഹെക്ടര്‍)

പാലക്കാട്: 26 കേസുകള്‍ (206 ഹെക്ടര്‍)

കാസര്‍ഗോഡ്: 20 കേസുകള്‍ (151 ഹെക്ടര്‍)

കോട്ടയം: 4 കേസുകള്‍ (11 ഹെക്ടര്‍)

ഇതില്‍ 604 ഹെക്ടര്‍ ഭൂമി വനംവകുപ്പ് നിക്ഷിപ്ത വനമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ബാക്കിയുള്ള 169 കേസുകളില്‍ 80 എണ്ണത്തിലും മിച്ചഭൂമിയായി പ്രഖ്യാപിച്ച യഥാര്‍ത്ഥ തീയതി വില്ലേജ് ഓഫീസുകളില്‍ ലഭ്യമല്ല. എപ്പോഴൊക്കെ മിച്ചഭൂമി ഏറ്റെടുക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നോ, അപ്പോഴൊക്കെ പരാതിക്കാരായ കക്ഷികള്‍ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങുകയാണ് പതിവ്. ഇത്തരം നിയമനടപടികള്‍ പതിറ്റാണ്ടുകളോളം നീണ്ടുപോകുന്നു. ഭൂപരിധി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ആവശ്യമായ തുടര്‍നിര്‍ദ്ദേശങ്ങള്‍ എസ്.എല്‍.ബി ബന്ധപ്പെട്ട ടി.എല്‍.ബികള്‍ക്ക് നല്‍കുമെന്ന ഉറപ്പൊക്കെ പാഴ്വാക്കായി മാറുകയായിരുന്നു. ആകെ തീര്‍പ്പാക്കാത്ത കേസുകളില്‍ 38 ശതമാനം മാത്രമാണ് നിലവില്‍ നിയമവ്യവഹാരങ്ങളിലുള്ളത്.

കേരളത്തിലെ ഒരു കരിങ്കൽ ക്വാറി. കടപ്പാട്:india.mongabay

വിലപിടിച്ച വസ്തുക്കള്‍ നീക്കം ചെയ്യല്‍

കെ.എല്‍.സി നിയമപ്രകാരം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മണ്ണ്, മണല്‍, ലോഹങ്ങള്‍, ലാറ്ററൈറ്റ്, ചുണ്ണാമ്പുകല്ല് അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റേതെങ്കിലും വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ കൈക്കലാക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്യുന്ന വ്യക്തി ശിക്ഷാര്‍ഹനാണ്.

പരിശോധനയില്‍, സര്‍ക്കാരിന്റെ അധീനതയിലുള്ള മിച്ചഭൂമിയില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നീക്കം ചെയ്ത മൂന്ന് സംഭവങ്ങള്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൂന്നിടത്തും അനധികൃതമായി കരിങ്കല്‍ ഖനനമാണ് നടന്നിട്ടുള്ളത്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താത്തതിനാല്‍, സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും കെ.എല്‍.സി നിയമവും ചട്ടങ്ങളും അനുസരിച്ച് കൃത്യസമയത്ത് പിഴ ഈടാക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്‌കരണത്തില്‍ 15 ഏക്കര്‍ ഭൂപരിധിയെന്ന വ്യവസ്ഥയുടെ ശിരസ് അറുത്താല്‍ അതിന്റെ പ്രയോജനം ആദ്യം ലഭിക്കുക നിയമലംഘനം നടത്തിയവര്‍ക്കാണ്. പല വിധത്തില്‍ ഭൂമി സ്വന്തമാക്കിയവരുണ്ട്. അവര്‍ക്കെല്ലാം പുതുവഴി വെട്ടനാണോ സര്‍ക്കാരിന്റെ നീക്കം?

(തുടരും… 3 – വിദേശ തോട്ടം ഭൂമി എവിടെ?)

Also Read

6 minutes read September 22, 2026 1:53 pm