Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരള സാമൂഹ്യ സുരക്ഷാ മിഷനും മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കുമെതിരെ ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ (കെ.എസ്.എസ്.എം) ഏറ്റെടുത്ത് നടത്തിയ ‘ബ്രേക്ക് ദ ചെയിന്‍’ പദ്ധതിയുടെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകളും സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായെന്ന് ധനകാര്യ പരിശോധന വിഭാഗം പരിശോധനയില്‍ കണ്ടെത്തി.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാനത്ത് വളരെ സജീവമായ പ്രതിരോധ-സഹായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുവെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍, ഏഴ് ദിവസത്തോളം കെ.എസ്.എസ്.എം-ല്‍ നടത്തിയ പരിശോധനയിൽ വ്യക്തമാകുന്നത് ഇതിൽ പല ക്രമക്കേടുകളും നടന്നിരുന്നു എന്നാണ്. കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിനുമായി ബന്ധപ്പെട്ട ചെലവുകളുടെ പൂര്‍ണ്ണമായ ബില്ലുകളോ രേഖകളോ ലഭ്യമാക്കാന്‍ മിഷന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. ലഭ്യമായ ഫയലുകളും രജിസ്റ്ററുകളും മാത്രം പരിശോധിച്ചാണ് ധനകാര്യ പരിശോധന വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


പദ്ധതി കാലയളവില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ നല്‍കിയ മറുപടികളും വിശദീകരണങ്ങളും പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന് ധനകാര്യ പരിശോധന വിഭാഗം വിലയിരുത്തി. പദ്ധതി നടത്തിപ്പിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അംഗീകാരമോ, പദ്ധതി പൂര്‍ത്തിയായ ശേഷം ചട്ടപ്രകാരമുള്ള സാധൂകരണമോ വാങ്ങാന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും (ഉദാഹരണത്തിന് സെക്രട്ടേറിയറ്റ്) ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചതും മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയുടെ വിതരണം വ്യാപകമാക്കിയതും സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ്. ഇതിലെ ബാങ്ക് അക്കൗണ്ടുകളിലെയും ബില്ലുകളിലെയും അപാകതകള്‍ ഏറെയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് മുഖേനയല്ല നിര്‍വ്വഹിച്ചത്. ബില്ലുകളില്‍ ഭൂരിഭാഗവും ദൈനംദിന ക്യാഷ് അക്കൗണ്ട് വഴി മാറുകയും, മുന്‍കൂര്‍ തുകകള്‍ ചട്ടപ്രകാരം സെറ്റില്‍ ചെയ്യാതിരിക്കുകയും ചെയ്തു. യഥാര്‍ത്ഥ ബില്ലുകളും വൗച്ചറുകളും കണ്ടെത്താന്‍ കൂടുതല്‍ സമയവും ശ്രമവും ആവശ്യമായി വരുന്ന രീതിയിലാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ബ്രേക്ക് ദ ചെയിന്‍ പദ്ധതി നടപ്പാക്കാന്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള യാതൊരു സര്‍ക്കാര്‍ ഉത്തരവുകളും നിലവിലില്ല. കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇളവുകള്‍ അനുവദിച്ചിരുന്ന കാലാവധിക്ക് മുന്‍പും ശേഷവും ടെണ്ടര്‍/ക്വട്ടേഷന്‍ നടപടികള്‍ പാലിക്കാതെ പര്‍ച്ചേസുകള്‍ നടത്തി. മാത്രമല്ല, ഈ ഇളവ് പ്രകാരം നടത്തിയ സംഭരണങ്ങള്‍ക്ക് അതാത് വകുപ്പ് മന്ത്രിമാര്‍ വഴി സര്‍ക്കാര്‍ തലത്തില്‍ വാങ്ങേണ്ടിയിരുന്ന സാധൂകരണം വാങ്ങിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി.


മുന്‍കൂര്‍ നല്‍കിയ തുകകളുടെ വിനിയോഗം കൃത്യമായി വിലയിരുത്തുകയോ, അവ സെറ്റില്‍ ചെയ്യുന്നതിനുള്ള സമയക്രമം പാലിക്കുകയോ ചെയ്തിട്ടില്ല. സ്വകാര്യ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും ഐ.ഇ.സി (IEC) പ്രവര്‍ത്തനങ്ങള്‍ നല്‍കിയതില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ സാധൂകരണമോ ഉണ്ടായിട്ടില്ല. സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ ചട്ടങ്ങള്‍ ലംഘിച്ചു. 30 ലക്ഷം രൂപയ്ക്ക് കിയോസ്‌കുകള്‍ വാങ്ങി സംസ്ഥാനത്തുടനീളം വിതരണം ചെയ്തു. സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുമതിയില്ലാതെ 33.87 ലക്ഷം രൂപ വിവിധ വകുപ്പുകള്‍ക്ക് മുന്‍കൂറായി നല്‍കി.


ചെലവഴിച്ച തുകകളുടെ ബില്ലുകളിലും വൗച്ചറുകളിലും വലിയ തോതിലുള്ള അവ്യക്തത നിലനില്‍ക്കുന്നു. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം നടത്തിയ സമഗ്ര ഓഡിറ്റിംഗിന് വിധേയമാക്കിയെന്നാണ് വിശദീകരണമെങ്കിലും, ഈ ഓഡിറ്റിംഗ് സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങളുടെ ലംഘനങ്ങളെ സാധൂകരിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ സംബന്ധിച്ച തെളിവുകളോ, സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ച സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരങ്ങളോ പരിശോധനാ വിഭാഗത്തിന് ലഭ്യമാക്കിയിട്ടില്ല. കേരള ഫിനാന്‍ഷ്യല്‍ കോഡ് 99 (3) പ്രകാരം അഡ്വാന്‍സ് തുകകള്‍ പലിശ സഹിതം ക്രമീകരിക്കാന്‍ കെ.എസ്.എസ്.എം അധികൃതര്‍ക്ക് ഭരണവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കണം. വൗച്ചറുകളും ബില്ലുകളും യഥാസമയം നല്‍കിയിട്ടും സെക്ഷനിലെ കാലതാമസം കാരണമാണ് തുക ക്രമീകരിക്കാത്തതെങ്കില്‍, ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും ചട്ടപ്രകാരമുള്ള പിഴപ്പലിശ ഈടാക്കണം.


സര്‍ക്കാര്‍ അനുമതിയില്ലാതെ സാനിറ്റൈസര്‍ ഉത്പാദനത്തിനായി അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചതിലും ലൈസന്‍സില്ലാതെ ജയില്‍ വകുപ്പ് വഴി ഉത്പാദനം നടത്തിയതിലും കെ.എസ്.എസ്.എമ്മിന് കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് ലഭിച്ചിട്ടുണ്ടോ എന്ന് ഭരണവകുപ്പ് പ്രത്യേകം പരിശോധിക്കണം.
എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമായ സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കാര്യവും ഭരണവകുപ്പ് വിശദമായി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ പേരില്‍ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുകകളുടെയും ചെലവഴിച്ച തുകകളുടെയും അസല്‍ ബില്ലുകളും വൗച്ചറുകളും ഭരണവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സമഗ്രമായ ഓഡിറ്റിന് വിധേയമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
കേരള സാമൂഹ്യ സുരക്ഷാ മിഷനിലും അതിന് കീഴിലുള്ള വിവിധ ജില്ലാ ഓഫീസുകളിലും നിലവിലുള്ള ആസ്തി വിവര കണക്കുകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തിരമായി സമഗ്ര ഓഡിറ്റ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു.

