മുനമ്പം ഭൂമി തർക്കം: പ്രശ്ന പരിഹാരത്തിലെ സങ്കീർണ്ണതയും രാഷ്ട്രീയ മുതലെടുപ്പുകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തുള്ള മുനമ്പം പ്രദേശത്തെ ജനത കുടിയിറക്കപ്പെടുമെന്ന ആശങ്കയിൽ തുടങ്ങിയ സമരം നൂറ് ദിവസം പിന്നിട്ടിരിക്കുന്നു. ഇവർ കാലങ്ങളായി താമസിച്ചിരുന്നതടക്കം 404.76 ഏക്കർ വരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചതിനെ തുടർന്നാണ് ഭൂപ്രശ്നം ആരംഭിക്കുന്നത്. ഈ ഭൂമി തർക്കം വർഗീയ ചേരിതിരിവുകൾക്കും രാഷ്ട്രീയ മുതലെടുപ്പുകളും വഴിമാറുന്ന കാഴ്ചയും മുനമ്പത്ത് കാണാം. മുനമ്പത്ത് ചെല്ലുമ്പോൾ നൂറാം ദിവസത്തോടടുത്ത ഭൂസംരക്ഷണ സമിതിയുടെ സമരത്തിന്റെ പന്തലും കുറച്ച് പ്രദേശവാസികളുമാണ് അവിടെയുണ്ടായിരുന്നത്. സമരപ്പന്തലിൽ മുഴങ്ങിക്കേട്ട പ്രധാന വാദം ‘വഖഫ് ഭേദഗതി നടപ്പിലാക്കുക’ എന്നതാണ്. സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ രാഷ്ട്രീയ പാർട്ടികളും സംഘടനകളും എല്ലാ പ്രശ്നത്തിനും പരിഹാരം വഖഫ് നിയമ ഭേദഗതി മാത്രമാണെന്ന ചിന്തയിലേക്ക് പ്രദേശവാസികളെയും എത്തിച്ചിരിക്കുന്നു. കാസയുടെയും ബിജെപി പോഷക സംഘടനകളുടെയും ഫ്ളക്സ് ബോർഡുകൾ സമരപന്തലിന് സമീപം കാണാം. സാധാരണക്കാരായ മനുഷ്യരെ കുടിയിറക്കാതെ ഈ ഭൂമി തർക്കം എങ്ങനെ പരിഹരിക്കാം എന്ന സാധ്യതയിലേക്ക് ആരും എത്തുന്നതേയില്ല. അതുകൊണ്ടുതന്നെ സമരവും തർക്കങ്ങളും നീണ്ടുപോവുകയാണ്. മുനമ്പത്തെ ഭൂമി തർക്കം പരിഹരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും എന്താണ് പരിഹാര സാധ്യതകളെന്നും അന്വേഷിക്കുകയാണ് ഈ റിപ്പോർട്ട്.

സമുദായ സ്നേഹിയും വ്യവസായ പ്രമുഖനുമായ മുഹമ്മദ് സിദ്ദീഖ് സേട്ട് എന്ന വ്യക്തി, തന്റെ ഉടമസ്ഥതയിലുള്ള വൈപ്പിൻ മേഖലയിലെ മുനമ്പം പ്രദേശത്തുണ്ടായിരുന്ന 404.76 ഏക്കർ ഭൂമി വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഫാറൂഖ് കോളേജിന് വഖഫ് ആയി നൽകി എന്നാണ് വഖഫ് സംരക്ഷണ വേദി പറയുന്നത്. രേഖകളും അത് വ്യക്തമാക്കുന്നുണ്ട്. 1950 നവംബർ മാസം ഒന്നാം തീയ്യതി എറണാകുളം ജില്ലയിലെ ഇടപ്പള്ളി രജിസ്ട്രാർ ഓഫീസിൽ വെച്ച് 2111/ 1950 നമ്പർ ആയി ഈ ഭൂമി വഖഫ് രജിസ്റ്റർ ചെയ്തുകൊടുത്തു എന്നാണ് രേഖകൾ.

അന്ന് വഖഫ് ആധാരത്തിൽ എഴുതിയത് ഇങ്ങനെ:

“ഇടപ്പള്ളി സബ് രജിസ്ട്രാഫീസ് 1123ലെ 875ാം നമ്പർ തീറാധാരപ്രകാരം എനിക്ക് ക്രയവിക്രയപൂർണ സ്വാതന്ത്ര്യം സിദ്ധിച്ച് ഞാൻ കൈവശം വെച്ചും ദേഹണ്ണാദികൾ ചെയ്ത് 56ാം നമ്പർ പട്ടയത്തുംപടി പേരിൽ കൂട്ടി കരം തീർത്തും നിരാക്ഷേപപരമായി അനുഭവിച്ചുവരുന്നതായ വസ്തുക്കളിൽ താഴെ വിവരം പറയുന്നതും ഒരു ലക്ഷം രൂപ വിലയുള്ളതുമായ നാനൂറ്റി നാല് ഏക്കർ എഴുപത്താറ് സെൻറ് സ്ഥലവും അതിലുള്ള സകല ദേഹണ്ഡങ്ങളും കൂടി ടി കോളേജ് ഇസ്ലാമികാദർശ പ്രകാരം നടത്തുമെന്നുള്ള വിശ്വാസത്താൽ എന്റെ ആത്മശാന്തിക്കായി അടിയിൽ പറയുന്ന വ്യവസ്ഥകളോട് കൂടി എനിക്കുള്ള സകല അവകാശങ്ങളും ഒഴിഞ്ഞ് വഖഫായി ടി മാനേജിങ് കമ്മിറ്റിക്കുവേണ്ടി താങ്കൾക്ക് കൈവശപ്പെടുത്തി തന്നിരിക്കുന്നു.”

സമരപ്പന്തലിന് സമീപത്തെ ഫ്ലക്സ് ബോർഡുകൾ. ഫോട്ടോ: റയീസ് ടി.കെ

എന്നാൽ, കോഴിക്കോടുള്ള ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് എറണാകുളം ജില്ലയിലെ മുനമ്പത്തുള്ള ഈ ഭൂമിയിൽ വലിയ താത്പര്യമുണ്ടായിരുന്നില്ല. അന്നത്തെ വഖഫ് ആധാരം പല ആവശ്യങ്ങൾക്കും അവർക്ക് ഉപകാരപ്പെട്ടെങ്കിലും ഫാറൂഖ് കോളേജിന്റെ അഭിഭാഷകരായിരുന്ന അഡ്വ. എം.വി പോളിനെയും അഡ്വ. മൈക്കിളിനെയുമാണ് ഇത് നോക്കി നടത്താൻ അവർ ഏൽപ്പിച്ചിരുന്നത്. അവര്‍ക്ക് ഫാറൂഖ് കോളേജ് പവര്‍ ഓഫ് അറ്റോണി നല്‍കുകയും ചെയ്തിരുന്നു. അവരിലൂടെയാണ് ഭൂമി കൈമറിഞ്ഞുപോയതെന്നാണ് വ്യക്തമാകുന്നത്. ഞങ്ങള്‍ക്ക് വഖഫായി കിട്ടിയ ഭൂമി കാണാനില്ലെന്ന് ഫാറൂഖ് കോളേജ് തന്നെ പിന്നീട് പരാതിപ്പെടുന്ന സാഹചര്യമുണ്ടായി. അങ്ങനെയാണ് വഖഫ് സ്വത്തുകളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാന്‍ 2007ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം.എ നിസാര്‍ കമ്മിഷൻ ഫാറൂഖ് കോളേജിന്റെ 407 ഏക്കർ ഭൂമി അന്യാധീനപ്പെട്ട് പോയതായി കണ്ടെത്തുന്നത്. ഇതിനെ തുടർന്നാണ് വഖഫ് സംരക്ഷണ സമിതിയെന്ന കൂട്ടായ്മ ഭൂമി തിരിച്ച്പിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതും ഭൂമി തിരിച്ച്പിടിക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് ഹൈക്കോടതി 2016ല്‍ സര്‍ക്കാരിന് നിര്‍ദേശം നൽകുന്നതും. അതോടെ മുനമ്പത്ത് പ്രതിഷേധങ്ങൾ ആരംഭിക്കാൻ തുടങ്ങി. കരമടക്കാനുള്ള അനുമതി റവന്യൂവകുപ്പ് നല്‍കിയിരുന്നെങ്കിലും ആ തീരുമാനവും കോടതി സ്റ്റേ ചെയ്തതോടെ ക്രയവിക്രയം മാത്രമല്ല ലോണെടുക്കാനും കഴിയാത്ത സ്ഥിതി വന്നു. മുനമ്പം നിവാസികൾ പ്രത്യക്ഷ സമരത്തിലേക്ക് എത്തുന്നതിനുള്ള ചരിത്രത്തെ ഇങ്ങനെ ചുരുക്കാം.

ഭൂസംരക്ഷണ സമിതിയുടെ വാദങ്ങൾ

വഖഫ് ബോർഡ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ചതോടെ മുനമ്പത്തെ ഈ ഭൂമിയിൽ കാലങ്ങളായി താമസിക്കുന്ന ജനങ്ങൾ ‘റവന്യൂ തടങ്കലിൽ’ ആയിരിക്കുകയാണ്. മുനമ്പം തീരദേശ മേഖലയിൽ ഏകദേശം 610 കുടുംബങ്ങളാണുള്ളത്. ഇവരിൽ ഭൂരിഭാഗവും ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. മത്സ്യബന്ധനമാണ് ഈ കുടുംബങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം. വഖഫ് ബോർഡിൻ്റെ വ്യാജ അവകാശവാദം പിൻവലിച്ച് മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും നിലവിലുള്ള വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ സെക്ഷനുകളിൽ ഭേദഗതികൾ ചെയ്ത് ഭരണഘടനയും ഇന്ത്യൻ മതേതരത്വവും സംരക്ഷിക്കണമെന്നും ഭൂസംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

മുനമ്പത്തേത് വഖഫ് ആധാരമാണ് എന്ന് പറയുന്ന ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള വിവരാവകാശ രേഖ.

സിദ്ദിഖ് സേട്ട് 1950ൽ എഴുതിയ ഡീഡു തന്നെയാണ് മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്നതിനുള്ള മുഖ്യതെളിവെന്നാണ് ഭൂസംരക്ഷണ സമിതി പറയുന്നത്. ഭൂസംരക്ഷണ സമിതിയുടെ അവകാശവാദം ഇതാണ്: വഖഫ് എന്ന് എഴുതിയതുകൊണ്ട് മാത്രം ഒരു ആധാരം വഖഫാധാരമാകില്ല എന്ന് കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയും ജസ്റ്റിസ് ഖാലിദും 1980ൽ ഹൈദ്രോസ് VS ആയിഷുമ്മ കേസിൽ വിധി പറഞ്ഞിട്ടുണ്ട്. 2017ൽ ഈ വിധിന്യായത്തെ ജസ്റ്റിസ് മുഷ്താഖ് പരാമർശിച്ചിട്ടുമുണ്ട് (2017 KHC 31, para 12). വഖഫ് എന്ന ആശയത്തിന് തന്നെ നിരക്കാത്ത രണ്ട് വ്യവസ്ഥകൾ ആ രേഖയിലുള്ളത് വഖഫ് ബോർഡ് കണ്ടില്ലെന്നു നടിച്ചു. വസ്തു വിൽപനയെ അനുകൂലിക്കുന്ന വാചകവും, ചില പ്രത്യേക സാഹചര്യമുണ്ടായാൽ വസ്തു തന്റെ കുടുംബത്തിലേക്ക് തിരികെയെത്തണമെന്ന വ്യവസ്ഥയും ആ രേഖ വഖഫല്ല എന്നതിന്റെ വ്യക്തമായ തെളിവുകളാണ്. 1971-ൽ സമർപ്പിക്കപ്പെട്ട അപ്പീലിൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 1975-ലെ വിധിയിൽ വഖഫ് എന്ന വാക്കു പോലും ഒരിടത്തുമില്ല. മറിച്ച് ആറിടത്ത് വ്യക്തമായി കാണുന്നത് ഗിഫ്റ്റ് ഡീഡ് എന്നാണ്.

പറവൂർ സബ് കോടതി 12.9.1971ൽ പുറപ്പെടുവിച്ച O.S No: 53/1967 നമ്പർ കേസിലെ വിധിയിൽ ഈ വസ്തുക്കളെ വഖഫായി പ്രഖ്യാപിച്ചു എന്ന തെറ്റായ വാദമുന്നയിച്ചാണ് വഖഫ് ബോർഡ് വസ്തുക്കൾ ഏറ്റെടുത്തുകൊണ്ടുള്ള 2019 മാർച്ച് 19ലെ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഭൂസംരക്ഷണ സമിതി പറയുന്നു. ആ വിധിയിലെ 16-ാം പേജിൽ 404.76 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ഫാറൂഖ് കോളേജിനാണെന്ന പരാമർശമുണ്ടെന്നും അത് വഖഫ് ഭൂമിയും ഫാറൂഖ് കോളേജ് അതിൻ്റെ മുത്തവല്ലിയും ആയിരുന്നെങ്കിൽ, ഫാറൂഖ് കോളേജിനെ എങ്ങനെ ഉടമസ്ഥനായി കരുതാനാകുമെന്നും ഭൂസംരക്ഷണ സമിതി ചോദിക്കുന്നു.

മറ്റൊരു വാദം ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ടതാണ്. സർവേ നടത്താതെ ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുകയോ വഖഫ് രജിസ്ട്രിയിലേക്ക് എഴുതിച്ചേർക്കുകയോ ചെയ്യുന്നത് അസാധുവാണെന്നും ഇവർ വാദിക്കുന്നു. മുനമ്പം വഖഫ് അല്ല എന്ന് അംഗീകരിക്കപ്പെട്ടതിന് ശേഷം കേരളം മുഴുവൻ നടത്തുന്ന ഡിജിറ്റൽ സർവേയുടെ ഭാഗമാകാൻ സന്തോഷമേയുള്ളൂ എന്നാണ് ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി, കൺവീനർ ജോസഫ് ബെന്നി, ഫാ. ജോഷി മയ്യാറ്റിൽ എന്നിവർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

വഖഫ് സംരക്ഷണ വേദിയുടെ വാദങ്ങൾ

“1968ൽ ഫാറൂഖ് കോളേജ് അധികൃതർ ആ പ്രദേശത്ത് പോയപ്പോൾ, മുനമ്പം പ്രദേശത്തെ ആളുകൾ അവിടെ അതിക്രമിച്ച് കയറുകയും അവിടുത്തെ തിണ്ടുകൾ (കെട്ടുകൾ) എല്ലാം പൊളിച്ചുകളയുകയും ഇവരെ ആക്രമിക്കുകയും ചെയ്തു. ആ സമയം പൊലീസ് ലാത്തിച്ചാർജ് നടത്തിയ ഒരു സംഭവം നടന്നിരുന്നു. ഈ വിഷയത്തിൽ അന്നത്തെ പ്രതിപക്ഷം നിയമസഭയിൽ മത്സ്യതൊഴിലാളികളെ പൊലീസ് ആക്രമിച്ചു എന്ന് പറഞ്ഞപ്പോൾ അതിന് പി.ടി ചാക്കോ മന്ത്രി കൊടുത്ത മറുപടി, അവിടെ വഖ്ഫ് ഭൂമിയിലേക്ക് അതിക്രമിച്ചുകയറിയ കയ്യേറ്റക്കാരെയാണ് ആക്രമിച്ചത് എന്നാണ്. ഈ സ്റ്റേറ്റ്മെന്റ് നിയമസഭാ രേഖയിൽ ഉണ്ട്.” വഖഫ് സംരക്ഷണ വേദി വെെസ് ചെയർമാൻ വി.എം ഫെെസൽ കേരളീയത്തോട് പറഞ്ഞു.

1961ലെ ആഭ്യന്തര, റവന്യൂ മന്ത്രി പി.ടി ചാക്കോയുടെ നിയമസഭയിലെ മറുപടി.

“1971 ൽ പറവൂർ കോടതിയിൽ കയറ്റക്കാരായ ആളുകൾ ഈ വിഷയത്തിൽ (സംഘർഷം) പരാതി കൊടുത്തു. ആ പരാതിയിൽ പറവൂർ കോടതി പറഞ്ഞത് ‘നോട്ട് എ ഗിഫ്റ്റ് ഡീഡ് ഇറ്റ്സ് എ വഖഫ് പ്രോപ്പർട്ടി’ എന്നാണ്. പിന്നീട് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു. അത് വഖഫ് ഭൂമിയാണ് എന്ന സ്റ്റേറ്റ്മെന്റാണ് ഹൈക്കോടതി പറഞ്ഞത്. പിന്നീട് നിയമസഭയിൽ മിച്ചഭൂമിയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ, 404.76 ഏക്കർ ഭൂമി മിച്ചഭൂമിയാണ്, അതിൽ ഉൾപ്പെടുത്തണം എന്ന് ഒരുസംഘം ആവശ്യപ്പെട്ടപ്പോൾ, അത് മിച്ചഭൂമിയല്ല, വഖഫ് ഭൂമിയാണ് എന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു. സിദ്ദീഖ് സേട്ട് കച്ചവടവുമായി ബന്ധപ്പെട്ട് നടത്തിയ ആധാരങ്ങൾ പരിശോധിക്കുമ്പോൾ, അതിൽ നിന്ന് വ്യത്യസ്തമായി മുനമ്പത്തെ ആധാരത്തിൽ എഴുതിയിരിക്കുന്നത് ‘പരമ കാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ’ എന്ന് തുടങ്ങുന്ന വിശുദ്ധ വചനകളോടുകൂടിയാണ്. അതിൽ വഖഫ് ആയി നൽകുന്നു എന്ന് രണ്ട്‌ സ്ഥലത്ത് പറയുന്നുണ്ട്. വഖഫ് ആധാരം എന്ന് കൃത്യമായി ടൈറ്റിൽ ചെയ്തിട്ടുണ്ട്.” വി.എം ഫെെസൽ വിശദമാക്കി.

വഖഫ് ആധാരം. ഫാറൂഖ് കോളേജിന് വഖഫ് ആയി നൽകി എന്ന് പറയുന്നത് കാണാം.

“2008ൽ അച്യുതാനന്ദൻ സർക്കാർ കൊണ്ടുവന്ന എ.എം നിസാർ ചെയർമാൻ ആയ കമ്മീഷൻ ഈ വിഷയം പഠിക്കുകയും റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. അന്നത്തെ സർക്കാർ അത് അംഗീകരിക്കുകയും അതനുസരിച്ച് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ആ നിർദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ഞങ്ങളെന്ന് പിന്നീട് കൊടുത്ത പരാതിക്ക് സർക്കാർ രണ്ട് തവണ മറുപടിയും നൽകിയിട്ടുണ്ട്. ഇന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ കമ്മീഷനെ പോലെതന്നെ അന്ന് കേരളത്തിൽ മുഴുവനുമുള്ള വഖഫ് ഭൂമികളെ കുറിച്ച് വിശദമായ വിവരങ്ങളാണ് നിസാർ കമ്മീഷൻ കൊടുത്തത്. അത് വഖഫ് ഭൂമിയാണ് എന്നുപറയുന്ന ഡാറ്റ അന്നത്തെ നിസാർ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ആദ്യത്തെ കോടതി വ്യവഹാരം ഉൾപ്പെടെ അവസാനം ഹൈക്കോടതിയിൽ വരെ നിലവിൽ ഫാറൂഖ് കോളേജ് കൊടുത്തിട്ടുള്ള അഫിഡവിറ്റുകളിൽ നാലെണ്ണത്തിലും ഇത് വഖഫ് ഭൂമിയാണ് എന്ന് പറയുന്നുണ്ട്. അതിന് ശേഷമാണ് ഫാറൂഖ് കോളേജ് അത് ഗിഫ്റ്റ് ഡീഡ് ആണെന്ന് പറയുന്നത്. ഈ വൈരുദ്ധ്യത്തെ കുറിച്ച് കഴിഞ്ഞദിവസം രാമചന്ദ്രൻ കമ്മീഷൻ പറഞ്ഞത് ഫാറൂഖ് കോളേജ് തോന്നിയ സമയത്ത് തോന്നിയതുപോലെയാണല്ലോ പറയുന്നത് എന്നാണ്. 1952 ൽ ഫാറൂഖ് കോളേജിന്റെ ആനുവൽ ഡേയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീറിൽ പറയുന്നത് ‘നമ്മുടെ കോളേജിന് മുനമ്പത്തെ പള്ളിപ്പുറം പഞ്ചായത്തിൽ 404.76 ഏക്കർ ഭൂമി വഖഫായി സിദ്ദീഖ് സേട്ട് നൽകിയിരിക്കുന്നു’ എന്നാണ്. അവരുടെ അസ്സറ്റുകളുടെ ലിസ്റ്റിൽ ഈ വസ്തു ഉണ്ട്. 1950ൽ സിദ്ദിഖ് സേട്ട് ആധാരം ചെയ്തതുമുതൽ, അവസാന സമയം വരെയുള്ള ഡോക്യുമെന്റിൽ വഖഫ് ആണെന്നാണ് ഉള്ളത്.”

“ക്രയവിക്രയം എന്ന് കൊടുത്തതാണ് ഇതിലെ പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. മദ്രാസ് പ്രസിഡൻസിയുടെ സമയത്താണ് ഇത് നടക്കുന്നത്. മദ്രാസ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ ഫാറൂഖ് കോളേജിന് ആവശ്യമായി വന്നു. നാല് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ ഫാറൂഖ് കോളേജ് അടച്ചാൽ മാത്രമേ അഫിലിയേഷൻ ലഭിക്കുകയുള്ളു. അതിന് വേണ്ടി ബോണ്ട് ആയിട്ട് അടക്കാൻ പൈസ ഇല്ലാതെ വന്നപ്പോൾ ഈ ആധാരം മദ്രാസ് യൂണിവേഴ്സിറ്റിയിൽ കാണിച്ചു. അന്ന് അതിൽ വഖഫ് എന്നാണ് എഴുതിയിരിക്കുന്നത്. അപ്പോൾ യൂണിവേഴ്സിറ്റി അതോറിറ്റി പറഞ്ഞത് ‘ക്രയവിക്രയം ഉള്ളത്’ എന്ന് എഴുതിത്തന്നാൽ ഞങ്ങൾ ഗ്യാരണ്ടിയായിട്ട് സ്വീകരിക്കാം എന്നാണ്. അങ്ങനെ വീണ്ടും പുതിയ ആധാരം എഴുതി, ക്രയവിക്രയം എന്ന വാക്ക് ചേർത്തു. ക്രയവിക്രയം എന്നത് വിൽപ്പനയ്ക്ക് വേണ്ടിയല്ല, ബോണ്ട്, ലോൺ, പണയം പോലെയുള്ള ആവശ്യങ്ങൾക്ക് വേണ്ടി ജ്യാമം വെക്കാം എന്നതിനാണ്.” വി.എം ഫെെസൽ പറഞ്ഞു.

“ഈ വിഷയത്തിൽ ഒരുപാട് ആശങ്കകൾ മുനമ്പത്തുണ്ട്. അതിൽ ഒന്ന്, 562.30 ഏക്കർ ഭൂമിയാണ് ചിമ്പു ഭായ്ക്ക് ഉണ്ടായിരുന്നത്. ആ ഭൂമിയിൽ നിന്ന് സിദ്ദിഖ് സേട്ട് വഴി 404.76 ഏക്കർ ഭൂമിയാണ് വഖഫ് ആയിട്ട് കൊടുക്കുന്നത്. ആ രേഖയിൽ തന്നെ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഭൂമി ഒഴിച്ച് എന്ന് എഴുതിയിട്ടുണ്ട്. അപ്പോൾ 404.76 ഏക്കർ ഭൂമിയിൽ അന്ന് കൊടുക്കുമ്പോൾ കുടിയാന്മാർ ഉണ്ടായിട്ടില്ല. മറ്റൊന്ന് ഈ 404.76 ഏക്കർ ഭൂമിയുടെ പരിസരം പറയുന്നിടത്ത് രണ്ട് സ്ഥലത്ത് ചിമ്പു ഭായുടെ പ്രോപ്പർട്ടി ഉണ്ട്. ആ പ്രോപ്പർട്ടി ഇന്നവിടെ കാണാൻ ഇല്ല. വേറെ പല ആളുകൾ കയറിയിട്ടുണ്ട് എന്നാണർത്ഥം. മറ്റൊന്ന് 230 ഏക്കർ ഭൂമി കടലിൽ പോയി എന്നാണ് മത്സ്യത്തൊഴിലാളികൾ ഇപ്പോൾ പറയുന്നത്. 2009 ൽ നടത്തിയ സർവേ അനുസരിച്ച് 55 ഏക്കർ സ്ഥലം അവിടെ ലാൻഡ് ആയിട്ട് കാണണം. എന്നാൽ ഇപ്പോൾ അവിടെ ഒരു ഭൂമിയും ഇല്ല എന്നാണ് അവിടെയുള്ളവർ പറയുന്നത്.”

ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ കമ്മിഷനുമായി ബന്ധപ്പെട്ടുണ്ടായ അനുഭവവും വി.എം ഫെെസൽ വിവരിച്ചു. ‌‌”ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ കമ്മിഷന്റെ ട്ടേംസ് ഓഫ് റഫറൻസിലെ ഒന്നാമത്തെ ടേം, ആ പ്രദേശത്തെ ഭൂമിയുടെ സ്വഭാവം, നിലവിലെ അവസ്ഥ, ഭൂമിയുടെ നിലവിലെ സാഹചര്യം പഠിക്കുകയാണ്. ഇത് അറിയണമെങ്കിൽ, അവിടെ എത്ര പേര് സർക്കാരിൽ നിന്ന് ഭൂമി രജിസ്റ്റേർഡ് ആയി വാങ്ങിച്ച ആളുകളുണ്ട്, അനധികൃതമായി വളച്ചുകെട്ടിയ എത്ര ആളുകളുണ്ട്, അവിടെ താമസിക്കുന്നവർ ആ പ്രദേശത്തുകാരാണോ? ഇങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ട കൃത്യമായ ധാരണ ഉണ്ടാക്കണം, അളക്കുകയുംവേണ്ടം. ഇതൊക്കെ മെൻഷൻ ചെയ്തിട്ട് ഞാൻ രേഖമൂലം കമ്മീഷന് പരാതി നൽകിയിട്ടണ്ട്. അതുകൊണ്ട് കമ്മീഷന്റെ കാലാവധി തീരുന്നതിന് മുമ്പ് റിപ്പോർട്ട് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ആ ഭൂപ്രദേശം അളക്കണം, ഡിജിറ്റൽ റീസർവേ നടത്തണം. എന്നാൽ അത് കമ്മിഷൻ അംഗീകരിച്ചിട്ടില്ല. “എനിക്ക് കടലിൽ പോയി തപ്പാൻ പറ്റുമോ?” എന്നാണ് എന്റെ അടുത്ത ചോദിച്ചത്. ഇങ്ങനെയാണോ ഒരു കമ്മിഷൻ ചോദിക്കേണ്ടത്. നിരുത്തരവാദപരമായ നിലപാടാണ് കമ്മിഷൻ ആ വിഷയത്തിൽ എടുത്തിരിക്കുന്നത്.” ഫൈസൽ പറയുന്നു.

“ഫാറൂഖ് കോളേജിനുള്ളത് അതിന്റെ മുത്തവല്ലി (വഖഫ് നടത്തിപ്പിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട വ്യക്തി) പാട്ടമാണ്. വഖഫ് ചെയ്ത നിമിഷം മുതൽ സിദ്ദീഖ് സേട്ട് പോലും അതിന്റെ ഉടമയല്ല. ഇതിന്റെ ഉടമസ്ഥാവകാശം കിട്ടാൻ വേണ്ടിയാണ് ഫാറൂഖ് കോളേജ് ഇത് ഗിഫ്റ്റ് ഡീഡ് ആണെന്ന് പറയുന്നത്. ഫാറൂഖ് കോളേജ് ഉൾപ്പെടുന്ന അതിന്റെ മാനേജ്‌മന്റ് ബോഡിയും അഡ്വക്കേറ്റ് പോളുമാണ് ഇതിന്റെ കച്ചവടം നടത്തിയിട്ടുള്ളത്. നിയമപരമായി ഫാറൂഖ് കോളേജിന് രക്ഷപ്പെടാൻ ഇത് ഗിഫ്റ്റ് ഡീഡ് ആണെന്ന് വാദിക്കേണ്ടി വരും, അതാണ് ഇവിടെ നടക്കുന്നത്. എന്നാൽ 2019 ൽ വഖഫ് ബോർഡിൽ ആ ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന് വേണ്ടി അന്ന് പല പ്രാവശ്യം ഫാറൂഖ് കോളേജിന് വഖഫ് ബോർഡ് നോട്ടീസയക്കുകയും ചെയ്തിരുന്നു. ഫാറൂഖ് കോളേജ് ഇത് അംഗീകരിച്ചില്ല. അവസാനം പതിനഞ്ച് ദിവസത്തിനുള്ളിൽ സ്വമേധയാ രജിസ്റ്റർ ആവും എന്ന് അറിയിക്കുകയും തുടർന്ന് 2019 ൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.”

“വഖഫ് ഭൂമി തിരിച്ചെടുക്കും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സിദ്ദീഖ് സേട്ടിന് ഒരു ട്രസ്റ്റ് ഉണ്ട്. അതിലേക്ക് എടുക്കും എന്നാണ്. അപ്പോളും അത് വഖഫ് ആയിട്ട് തന്നെയാണ് നിലനിൽക്കുന്നത്. അല്ലാതെ ഉടമസ്ഥത വരില്ല. ഉദാഹരണം ഫാറൂഖ് കോളേജ് ഇല്ലാതാവുമ്പോൾ ഭൂമി അന്യാധീനപ്പെട്ടുപോവുമല്ലോ. അത് ഇല്ലാതിരിക്കാൻ അതിന്റെ മുത്തവല്ലി പട്ടമാണ് അവരുടെ ട്രസ്റ്റിലേക്ക് വരുന്നത്.” വി.എം ഫെെസൽ അഭിപ്രായപ്പെട്ടു.

വഖഫ് സംരക്ഷണ വേദി പറവൂരിൽ നടത്തിയ പൊതുസമ്മേളനം. ഫോട്ടോ: റയീസ് ടി.കെ

വഖഫ് ഭേദഗതിയും മുനമ്പം പ്രശ്നവും

കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി ബില്ലിന് ന്യായീകരണമായാണ് സംഘപരിവാർ സംഘടനകളും കാസയും മുനമ്പം പ്രശ്‌നത്തെ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ മുനമ്പം വിഷയവും വഖഫ് ഭേദഗതി നിയമവും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത.

“വഖഫ് ഭേദഗതി ബില്ല് കൊണ്ട് മുനമ്പത്തുകാർക്ക് യാതൊരുവിധ പ്രയോജനവും ഉണ്ടാവാൻ പോവുന്നില്ല. കാരണം ഭേദഗതി കൊണ്ടുവന്നത് ഇന്ത്യയിൽ മൊത്തമായാണ്. മുനമ്പം പോലെ പല കേസുകളിലും വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ വരുന്ന വിഷയങ്ങൾ എല്ലാം ഭേദഗതി വരുന്നതിന് തൊട്ടുമുമ്പുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പരിശോധിക്കപ്പെടുകയുള്ളൂ. വരാൻ പോകുന്ന ഭേദഗതി കൊണ്ടുള്ള ഉപയോഗം എന്ന് പറയുന്നത്, ‘ഭാവിയിൽ ഇന്ത്യയിൽ മുനമ്പം വരില്ല’ എന്നതുമാത്രമാണ്.” മുൻ അണ്ടർ സെക്രട്ടറി സ്റ്റാലിൻ ദേവൻ കേരളീയത്തോട് പറഞ്ഞു.

“മുനമ്പം ജനത ഇതുവരെയും വഖഫ് ട്രൈബൂണലിൽ അപ്പീലുമായി പോയിട്ടില്ല. ഇപ്പോൾ നിലവിലുള്ള നിയമം അനുസരിച്ച് വഖഫ് ട്രൈബൂണലിൽ തോറ്റുകഴിഞ്ഞാൽ, ഹൈക്കോടതിയിൽ അപ്ലിക്കേഷൻ കൊടുക്കാം (വഖഫ് ആക്ട് 89 (3). പുതിയ ഭേദഗതി വരുമ്പോൾ അപ്ലിക്കേഷൻ എന്നത് അപ്പീൽ അവകാശമായി മാറും. അപ്ലിക്കേഷൻ പ്രകാരം ആണെങ്കിൽ ഹൈക്കോടതിക്ക് ഇപ്പോൾ ഉള്ള വഖഫ് ആക്ട് വച്ച് നോക്കിയിട്ട് അതിന്റെ വ്യവസ്ഥകൾക്ക് അനുസരിച്ചാണോ ഈ വിധി എന്ന് പരിശോധിക്കാനുള്ള അവകാശമേ കിട്ടുകയുള്ളൂ. അപ്പീൽ അധികാരം വരുമ്പോൾ ഹൈക്കോടതിക്ക് ഇതിന്റെ ഫാക്ടിലേക്ക് കടക്കാനുള്ള അവകാശവും കിട്ടും. ഇത് മാത്രമാണ് മുനമ്പം ആളുകൾക്ക് കിട്ടാൻ പോവുന്ന ഏക ആനുകൂല്യം.” സ്റ്റാലിൻ ദേവൻ വിശദമാക്കി.

“1950 നവംബർ മാസമാണല്ലോ സിദ്ദീഖ് സേട്ട് വഖഫ് ആക്കി എന്ന് പറയുന്നത്. ഒരു വ്യക്തിക്ക് വഖഫ് ആക്കണമെങ്കിൽ പല കണ്ടീഷൻസ് ഉണ്ട്. പ്രായപൂർത്തിയായ ആളാവണം, മാനസിക പ്രശ്നമുള്ള ആളാകരുത്, ഏറ്റവും പ്രധാനം വഖഫ് ചെയ്യുന്ന വസ്തുവിൽ നൂറ് ശതമാനം ഉടമസ്ഥാവകാശം ഉണ്ടാവണമെന്നതാണ്. മുനമ്പത്തെ ചരിത്രം പരിശോധിക്കുമ്പോൾ, ഈ ഭൂമി സിദ്ദീഖ് സേട്ടിന് കിട്ടിയത് 1948 ലെ ഒരു തീറാധാരത്തിലൂടെയാണ്. അതുകൊടുത്തത് ചിമ്പു ഭായി ആണ്. ഈ ചിമ്പു ഭായിക്ക് ഈ സ്ഥലം കിട്ടിയത് അവരുടെ സഹോദരൻ മരിച്ച അവസരത്തിൽ അതിന്റെ പിന്തുടർച്ച അവകാശമായിട്ടാണ്. സഹോദരൻ മരിച്ചത് 1945 ൽ ആണ്. അദ്ദേഹം മരിക്കുന്ന അവസരത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത് ആറുവയസ്സുള്ള ആമിന എന്ന് പറയുന്ന കുട്ടിയായിരുന്നു. ഭാഗപത്രം നടത്തി അദ്ദേഹത്തിന്റെ സഹോദരിമാരും ആമിനയും ഭാഗം വെച്ച് പിരിഞ്ഞത് ആമിന കുട്ടിയായിരിക്കുമ്പോൾ ആണ്. മൈനർക്കുള്ള അവകാശം വച്ച് ഭാഗപത്രം നടത്തുമ്പോൾ, ഈ കുട്ടിക്ക് പ്രായപൂർത്തിയായി മൂന്ന് വർഷത്തിനകം അത് ഏതെങ്കിലും കോടതിയിൽ പരാതി ഉന്നയിക്കാത്ത പക്ഷം മാത്രമേ ആ വസ്തു കിട്ടിയ ആളുകൾക്ക് പരിപൂർണ അവകാശം കിട്ടുകയുള്ളു. സിദ്ദീഖ് സേട്ട് ചിമ്പു ഭായുടെ കയ്യിൽ നിന്നും വസ്തു വാങ്ങിയെങ്കിലും അദ്ദേഹത്തിന് പരിപൂർണ്ണ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. കാരണം, ഈ കുട്ടി പ്രായപൂർത്തി ആവുമ്പോൾ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു. അപ്പോൾ ആ വസ്തു സിദ്ദീഖ് സേട്ടിന് വഖഫ് സ്വത്ത് ആക്കാൻ പറ്റില്ല. ഇത് ശരീഅത്ത് (ഇസ്ലാമിക നിയമം) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. അത് ഒന്നുകിൽ ഗിഫ്റ് ഡീഡ് ആവാം അല്ലെങ്കിൽ വിലയാധാരമാകാം.” സ്റ്റാലിൻ ദേവൻ പറയുന്നു.

“നിലവിൽ ഒരു വസ്തു വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ രണ്ട് ശക്തികൾക്കേ അധികാരമുള്ളൂ. ഒന്ന് വഖഫ് ബോർഡ്, ഇത്തരത്തിൽ വഖഫ് ബോർഡ് ഒരു വസ്തു ക്ലെയിം ചെയ്താൽ പിന്നീടുള്ള പരിഹാരമാർഗം (ആ വസ്‌തുവിന്റെ ആളുകൾക്ക്) വഖഫ് ട്രെെബൂണലിനെ സമീപിക്കുക എന്നുള്ളതാണ്. മുനമ്പത്തുകാർക്ക് മുകളിൽ പറഞ്ഞ തെളിവുകൾ കൊണ്ട് വഖഫ് ട്രൈബൂണലിനെ സമീപിക്കാം. എന്നാൽ അവർ അതിന് തയ്യാറാകുന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് അറിയില്ല. അവരുടെ രാഷ്ട്രീയ നേതാക്കൾ പറയുന്നത് മാത്രമേ അവർ ചെയ്യുകയുള്ളൂ. വഖഫ് ട്രൈബൂണലിൽ പോവുമ്പോൾ (മുകളിൽ പറഞ്ഞ ആമിനയുടെ കാര്യം കൊണ്ട്) 100 ശതമാനം ഇത് വഖ്ഫ് അല്ല എന്ന് പറയും, വഖഫ് ട്രൈബൂണലിൽ നിലവിൽ കേസ് നടക്കുന്നത് ഫാറൂഖ് കോളേജും വഖഫ് ബോർഡും തമ്മിലാണ്. അതിന്റെ വിധിയായി വഖഫ് ട്രൈബൂണൽ ഇത് വഖഫ് ആണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞാൽ അതോടുകൂടി മുനമ്പം ജനതയുടെ ഏക മാർഗം ആത്മഹത്യ മാത്രമാണ്. കാരണം നിയമപരമായി മറ്റു സാധ്യതകളില്ല. എന്നിട്ടുപോലും അവർ അതിന് തയ്യാറാവുന്നില്ല.” സ്റ്റാലിൻ ദേവൻ നിലവിലെ സങ്കീർണ്ണതകളും സാധ്യതകളും വിശദമാക്കി.

ഭൂസംരക്ഷണ സമിതിയുടെ സമരപന്തൽ. ഫോട്ടോ: റയീസ് ടി.കെ

വർഗീയതയ്ക്ക് വളമാകുന്ന രാഷ്ട്രീയ ഇടപെടലുകൾ

മുനമ്പം പ്രശ്നം എന്നത് അടിസ്ഥാനപരമായി ഭൂപ്രശ്നമാണ്. ഒരു ഭാഗത്ത് നിലവിൽ മുനമ്പത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളും മറുഭാഗത്ത് വഖഫ് ബോർഡും. പ്രശ്നപരിഹാരം കാണേണ്ടത് ഇരുവരും കൂടിയിരുന്നാണ്. മാനുഷിക പരിഗണന കൂടി ഈ വിഷയത്തിൽ കടന്നുവരേണ്ടതുണ്ട്. ഉന്നയിച്ചത് പോലെ ആ ഭൂമി വഖഫ് ആണെങ്കിൽ വ്യാജ രേഖകളിലൂടെ ഭൂമി കൈമാറിയ ഫാറൂഖ് കോളേജ് നിയമ നടപടികൾക്ക് വിധേയമാകണം. എന്നാൽ പ്രശ്നം പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നവരുടേതല്ല, കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നവരുടെയും സാന്നിധ്യമാണ് ഇപ്പോൾ മുനമ്പത്ത് കൂടുതലുള്ളത്. ഇതിൽ വഖഫ് സംബന്ധിച്ച വിഷയങ്ങളും പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമുണ്ട്. നിയമപരവും നീതിപൂർവ്വവുമായി അത് പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.

Also Read

10 minutes read February 4, 2025 3:29 pm