നന്ദിപൂർവ്വം വി.എസിന്

ശതാബ്ദിക്കാലത്ത് വി.എസിന്റെ ആദർശധീരതയ്ക്കും സഹജീവനധർമ്മത്തിനും ഭരണഘടനാകൂറിനും നന്ദി പറയാൻ കാത്തുനിൽക്കുന്ന ഒരു സമൂഹം ഇന്ന് വടക്കൻ കേരളത്തിലുണ്ട്. കാസർ​ഗോഡെ എൻഡോസൾഫാൻ ഇരകളായ മനുഷ്യരാണ് സവിശേഷമായ ജന്മദിനാശംസ പറയുന്ന ആ സമൂഹം. അതീവ മാനുഷികതയോടെയും ദീർഘദർശനത്തോടെയും നൈതികതയോടെയും ഈ ഇരകളെ ചേർത്തുപിടിച്ച ഭരണഘടനാപരമായ ആദ്യത്തെ ധനസഹായമാണ് ഈ നൂറ്റാണ്ടിന്റെ മനുഷ്യൻ അവർക്കായി നിർവ്വഹിച്ചത്. അന്ന് അദ്ദേഹം തന്റെ ദുരിതാശ്വാസനിധിയിൽ നിന്ന് വിഷബാധ മൂലം മരണമടഞ്ഞ ആളുകൾക്ക് 50,000 രൂപ പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ മനുഷ്യാവകാശ ഇടപെടലിൽ നിന്നാണ് ഭരണഘടനാവിധിയുടെ കേരള മാതൃക നാം തിരിച്ചറിഞ്ഞത്. 2006 ൽ ആണത്, അന്ന് എൻഡോസൾഫാൻ പ്രശ്നം ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. 1999 ലെ റിയോ സമ്മിറ്റ് ഉടമ്പടി 1995 ൽ ഇന്ത്യൻ പാർലമെന്റിൽ പാസായിരുന്നെങ്കിലും NI0Hന്റെയാ NHRC യുടെയോ പഠനങ്ങൾ എത്തിയിരുന്നില്ല. ഈ സന്ദർഭത്തിലാണ്, വിഷം മൂലം ആരും മരിച്ചിട്ടില്ല എന്ന മന്ത്രിമൊഴി നമ്മുടെ അസംബ്ലിയിൽ കേട്ടത്. അത് വി.എസിനെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. നിയമപരമായി ഇരകളെ സഹായിക്കാൻ കഴിയാവുന്ന സാഹചര്യവുമായിരുന്നില്ല. 52 പേർ മരിച്ചിട്ടുണ്ട് എന്ന കാസർ​ഗോഡ് കലക്ട്രേറ്റിലെ രേഖകൾ നോക്കാതെയാണ് മന്ത്രി മറുപടി പറഞ്ഞത്. എന്നിട്ടും അത്യന്തം ക്രാന്തദർശിത്വത്തോടെ, ദീർഘദൃഷ്ടിയോടെ, മരിച്ച ഓരോ ഇരയ്ക്കും 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചു ആ മഹാശയൻ.

വി.എസ് നേരിട്ടെത്തി നഷ്ടപരിഹാര തുക കൈമാറുന്നു. കടപ്പാട്: മാതൃഭൂമി

മരിച്ചവർക്ക് ധനസഹായം കൊടുത്തിട്ടെന്തുകാര്യം എന്ന് കളിയാക്കിയ സിനിക്കുകളും അന്നുണ്ടായിരുന്നു. മരിച്ചവർ വിഷം തളി മൂലമാണ് മരണപ്പെട്ടതെന്ന ബോധ്യമുണ്ടായിരുന്നു വി.എസിന്. അതുകൊണ്ടാണ് സ്വന്തം ദുരിതാശ്വാസനിധിയിൽ നിന്ന്, അദ്ദേഹം നിയോഗിച്ച ഞാനടക്കമുള്ളവർ പ്രോട്ടോകോൾ അനുസരിച്ച് തെരഞ്ഞെടുത്ത 144 പേരുടെ അവകാശികൾക്ക് നേരിട്ട് വന്ന് നഷ്ടപരിഹാരം നൽകിക്കൊണ്ട് ഭരണാധികാരിയുടെ ധർമ്മം നിർവഹിച്ചത്. പിന്നീട് നാലുവർഷം കൂടി കഴിഞ്ഞ് 2010 ഓടെ മാത്രമേ ദേശീയമനുഷ്യാവകാശ കമ്മീഷന്റെ വിധി വരുന്നുള്ളൂ. ഒരു ചാൺ മുമ്പേ ഭരണഘടനാവിധിയുടെ ആഗമനം ദീർഘദർശനം ചെയ്ത ഈ ഭരണാധികാരിയെ ഇരകൾ ഇപ്പോൾ വീണ്ടും ഓർക്കുന്നു, 2023 ൽ സെർവ്കളക്ടീവ് സംഘടന സുപ്രീംകോടതി കയറി അദ്ദേഹം വഴിമരുന്നിട്ട ഭരണഘടനാവിധിയെ തന്നെ പിന്തുടർന്ന് 6727 ഇരകൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം നേടിയെടുത്തപ്പോൾ. ഈ സംഗതിയാണ് വി.എസിന്റെ നൂറാം ജന്മദിനത്തെ ഏറ്റവും മൂല്യവത്താക്കുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 26, 2023 2:23 pm