Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൃത്യസമയത്ത് അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിലും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്ന് പരിശോധന റിപ്പോര്‍ട്ട്. മുന്‍ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ജില്ലയിലെ മെഡിക്കൽ കോളേജിലാണ് മരുന്നില്ലാതെ രോഗികള്‍ വലഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ദരിദ്രർക്ക് സൗജന്യവും തടസമില്ലാത്തതുമായ ചികിത്സ നല്‍കുക എന്ന ലക്ഷ്യം പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും കേന്ദ്രീകൃതമായി വാങ്ങി നല്‍കുന്ന ഏജന്‍സി കെ.എം.എസ്.സി.എല്‍ (കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍) ആണ്. രോഗികള്‍ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനായി മുന്‍ കാലങ്ങളിലെ ഉപഭോഗം, ആവശ്യമുള്ള കുറഞ്ഞ സ്റ്റോക്ക്, മരുന്ന് എത്തിച്ചേരാന്‍ എടുക്കുന്ന സമയം എന്നിവ കണക്കാക്കി ആശുപത്രികള്‍ കൃത്യസമയത്ത് കെ.എം.എസ്.സി.എല്ലിന് ഓര്‍ഡര്‍ നല്‍കുകയാണ് പതിവ്.
എന്നാല്‍, കോന്നി സർക്കാർ മെഡിക്കല്‍ കോളജില്‍ മരുന്ന് വാങ്ങുന്നതിലും സ്റ്റോക്ക് പരിപാലിക്കുന്നതിലും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവന്ന് രേഖകളുടെ പരിശോധനയില്‍ കണ്ടെത്തി. മരുന്നുകളുടെ വിതരണത്തിലും വീഴ്ചയുണ്ടായി. 2025-26ല്‍ ഓര്‍ഡര്‍ നല്‍കിയ 586 തരം മരുന്നുകളില്‍ 83 എണ്ണം വിതരണം ചെയ്തില്ല. 2024-25ല്‍ ഓര്‍ഡര്‍ നല്‍കിയ 114 തരം മരുന്നുകള്‍ വിതരണം ചെയ്തില്ല. മെഡിക്കല്‍ കോളജിലെ രോഗികളുടെ ആവശ്യത്തിനായി മരുന്ന് ലഭിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.


ലഭിച്ച മരുന്നുകളുടെ അളവ് പോലും ആശുപത്രികളുടെ യഥാര്‍ത്ഥ ആവശ്യത്തിനോ ഓര്‍ഡര്‍ നല്‍കിയ അളവിനോ അനുസരിച്ചുള്ളതായിരുന്നില്ല. പരിശോധനയില്‍ സ്റ്റോക്കില്‍ വന്‍കുറവാണ് കണ്ടെത്തിയത്. നിലവിലുള്ള സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ 33 തരം മരുന്നുകള്‍ ഒരു മാസത്തെ ഉപയോഗത്തിന് പോലും തികയാത്ത രീതിയില്‍ വളരെ കുറവാണ്. ഇത് കരുതല്‍ സ്റ്റോക്ക് (minimum stock level) തീര്‍ന്നുപോയി എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ആവശ്യമായ പ്രതിമാസ അളവിനേക്കാള്‍ വളരെ കുറവാണ് മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്.
പഞ്ഞി (Absorbent Cotton Wool – 500gm): സ്‌റ്റോക്കുള്ളത് 97- ശരാശരി ഒരു മാസം വേണ്ടത് 188
ഡിസിന്‍ഫെക്റ്റന്റ് ഫ്‌ലൂയിഡ് (Black disinfectant fluid – 5L): സ്‌റ്റോക്കിലുള്ളത് – 23, മാസം വേണ്ടത് – 35
സിറിഞ്ച് (Disposable Syringe – 10cc): സ്‌റ്റോക്കിലുള്ളത് -11,300, മാസം വേണ്ടത് – 13,348
ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് (Triple layer mask): സ്‌റ്റോക്കിലുള്ളത് – 5,600, മാസം വേണ്ടത് – 8,892
എക്‌സാമിനേഷന്‍ ഗ്ലൗസ് (Powder free Large): സ്‌റ്റോക്കിലുള്ളത് – 600, മാസം വേണ്ടത് – 2,650
ഫ്രൂസിമൈഡ് ഇഞ്ചക്ഷന്‍ (Frusemide Inj 2ml): സ്‌റ്റോക്കിലുള്ളത് – 100, മാസം വേണ്ടത് – 575
സര്‍ജിക്കല്‍ ഗ്ലൗസ് (Size 6.5): സ്‌റ്റോക്കിലുള്ളത് – 2,900, മാസം വേണ്ടത് – 10,350
സര്‍ജിക്കല്‍ ഗ്ലൗസ് (Size 7): സ്‌റ്റോക്കിലുള്ളത് – 2,200, മാസം വേണ്ടത് – 15,417
സര്‍ജിക്കല്‍ ഗ്ലൗസ് (Size 7.5): സ്‌റ്റോക്കിലുള്ളത് – 540, മാസം വേണ്ടത് – 5,783
ഐ.വി സെറ്റ് (I.V. Set with 22G needle): സ്‌റ്റോക്കിലുള്ളത് – 2,800, മാസം വേണ്ടത് – 4,485
കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലും വന്‍വീഴച കണ്ടെത്തി. ആദ്യഘട്ട നിര്‍മ്മാണത്തില്‍ തന്നെ വലിയ കാലതാമസം നേരിട്ടു. ഇപ്പോഴും ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. 2013 ജനുവരിയിലാണ് 167.33 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഭരണാനുമതി നല്‍കിയത്. റവന്യൂ വകുപ്പിന്റെ 50 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.
500 കിടക്കകളുള്ള ഹോസ്പിറ്റലും മെഡിക്കല്‍ കോളേജും നിര്‍മ്മിക്കുന്നതിനായി 2013 മാര്‍ച്ചില്‍ എച്ച്.എല്‍.എല്‍ കമ്പനിയുമായി കരാറുണ്ടാക്കി.18 മാസത്തിനകം (ഒന്നര വര്‍ഷം) നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. പിന്നീട് നിര്‍മ്മാണ സമയം 2022 ഫെബ്രുവരി വരെ നീട്ടിനല്‍കേണ്ടി വന്നു. 2020 സെപ്റ്റംബറില്‍ ചെറിയ രീതിയില്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി. 2022 മേയിലാണ് ആശുപത്രിയുടെയും കോളേജിന്റെയും കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി കൈമാറിയത്. ആകെ 128.67 കോടി രൂപ ഇതിനായി ചെലവഴിച്ചു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകാതിരുന്ന ചില ജോലികള്‍ 2022-ല്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചെങ്കിലും അവ ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല.
രണ്ടാംഘട്ട നിര്‍മ്മാണത്തില്‍ 200 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ഓഡിറ്റോറിയം തുടങ്ങിയവയ്ക്കായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 351.72 കോടി രൂപയുടെ പദ്ധതിക്ക് 2019-ല്‍ അനുമതി നല്‍കി. എച്ച.എല്‍.എല്ലിന്റെ സബ്‌സിഡിയറി സ്ഥാപനമായ HITES-നായിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല. പരിസ്ഥിതി അനുമതി ലഭിച്ച ശേഷം 2021 ഒക്ടോബറിലാണ് കരാറുകാരന് സ്ഥലം കൈമാറിയത്. കെട്ടിടത്തിന്റെ പ്ലാനുകള്‍ക്ക് (structural drawings) കിഫ്ബി അനുമതി നല്‍കാന്‍ വൈകിയത് നിര്‍മ്മാണത്തെ ബാധിച്ചു. 2023 ഒക്ടോബറില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഈ ഘട്ടം, പിന്നീട് 2026 ജൂണ്‍ 30 വരെ നീട്ടിനല്‍കി.


പരിശോധനയില്‍ പദ്ധതിയുടെ 96.4 ശതമാനം പണികളും തീരേണ്ട സ്ഥാനത്ത് 86.60 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. പ്ലാനുകള്‍ക്ക് കിഫ്ബി അനുമതി നല്‍കാന്‍ വൈകിയതും, ഖനനം ചെയ്‌തെടുത്ത പാറക്കല്ലുകള്‍ സ്ഥലത്തുനിന്ന് മാറ്റിസ്ഥാപിക്കാത്തതുമാണ് പ്രധാന കാരണം. ഒരു ലക്ഷത്തോളം മെട്രിക് ടണ്‍ പാറക്കല്ലുകളില്‍ വെറും 10,889.5 മെട്രിക് ടണ്‍ മാത്രമാണ് റവന്യൂ വകുപ്പ് മാറ്റിയത്. ഇത് മാറ്റുന്ന പണി ആരംഭിച്ചത് പോലും 2025 ഡിസംബറിലാണ്.
ഓപ്പറേഷന്‍ തിയേറ്റര്‍ (OT) നിര്‍മ്മാണവും വൈകി. മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി കെ.എം.എസ്.സി.എല്‍ (KMSCL) വഴി 2.70 കോടി രൂപ മുന്‍കൂറായി നല്‍കിയിരുന്നു (2022-23, 2023-24 വര്‍ഷങ്ങളില്‍). എന്നാല്‍ ഈ പ്രവര്‍ത്തിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എന്‍.ഒ.സി (അനുമതി പത്രം) ലഭിച്ചില്ല. തീപിടുത്തം ചെറുക്കുന്നതിനുള്ള വാട്ടര്‍ സംപും (Water Sump) അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കാത്തതിനാല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ബ്ലോക്കിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എന്‍.ഒ.സി നല്‍കിയില്ല.
2025 ഒക്ടോബര്‍ 31ലെ കത്ത് പ്രകാരം, ഒന്നാം ഘട്ടത്തിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പല അറ്റകുറ്റപ്പണികളും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഈ പണികളുടെ ചെലവ് ഒന്നാം ഘട്ടത്തിലെ കോണ്‍ട്രാക്ടറില്‍ നിന്ന് പിന്നീട് ഈടാക്കാമെന്ന ഉറപ്പില്‍ മറ്റ് ഏജന്‍സികളാണ് നിലവില്‍ ചെയ്യുന്നത്. എന്നാല്‍, ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താതെ തന്നെ ഇവര്‍ക്കുള്ള അവസാന ബില്‍ തുക പൂര്‍ണ്ണമായി നല്‍കുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി 2025 ജൂണ്‍ 30 വരെ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടരുന്നതിനായി ഇതിനുശേഷമുള്ള കാലയളവിലേക്ക് അനുമതി പുതുക്കിയിട്ടില്ല. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താളം തെറ്റിയാണ് മുന്നോട്ടുപോകുന്നത്.

