ഗവർണറുടെ രാഷ്ട്രീയവും സർക്കാരിന്റെ താത്പര്യങ്ങളും

​ഗവർണർമാരും പ്രതിപക്ഷ സംസ്ഥാനങ്ങളും, പരമ്പര – 02

ഗവർണർ പദവി വഹിക്കുന്നവർ അവരുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ ഭരണനിർവ്വഹണത്തിൽ ഉപയോഗിക്കുന്നു എന്നത് പുതിയ കാലത്ത് ഫെഡറൽ സംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കേരളത്തിൽ ഈ പ്രവണത ശക്തിപ്പെട്ടത് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായ ശേഷമുള്ള ഇടപെടലുകളിലൂടെയാണെങ്കിലും മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന്റെ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുള്ളതായി കാണാം. 2014ൽ ജസ്റ്റിസ് സദാശിവത്തിന്റെ ഗവർണർ നിയമനം നിയമ, രാഷ്ട്രീയ നിരീക്ഷകർ ഒരു പ്രശ്‌നമായി ഉന്നയിച്ചിരുന്നു. ജസ്റ്റിസ് പി സദാശിവത്തെ ഗവർണർ ആയി നിയമിച്ചതിനെതിരെ സുപ്രീം കോടതി ജഡ്ജിമാരും അഭിഭാഷകരും രംഗത്തുവന്നു. 2012ൽ സുപ്രീംകോടതിയിൽ മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ ഫയൽ ചെയ്ത ഒരു റിട്ട് ഹർജി പരിഗണിച്ചത് പി സദാശിവവും ബി.എസ് ചൗഹാനും ഉൾപ്പെട്ട ബെഞ്ച് ആയിരുന്നു. മാത്രമല്ല, ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗവർണറായി നിയമിക്കപ്പെടുന്നത് ആദ്യമായാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു പ്രതികരണങ്ങൾ. മുൻ ചീഫ് ജസ്റ്റിസ് വി.എൻ ഖരെ, മുൻ സുപ്രീംകോടതി ജഡ്ജ് കെ.ടി തോമസ്, മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ എന്നിവർ ഈ നിയമനത്തിനെതിരെ പരസ്യമായി എതിർപ്പ് അറിയിച്ചു.

അമിത് ഷായ്ക്കൊപ്പം മുൻ ​കേരള ​ഗവർണർ ജസ്റ്റിസ് പി സദാശിവം. കടപ്പാട്:pti

സൊഹ്‌റാബുദ്ദീൻ, കൗസർബി വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിലെ സാക്ഷിയായ തുൾസിറാം പ്രജാപതിയെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ ഒന്നാം പ്രതിയായി രേഖപ്പെടുത്തിയത് അമിത് ഷായെ ആയിരുന്നു. അതേത്തുടർന്ന് കുറ്റപത്രം റദ്ദാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അമിത് ഷാ സമർപ്പിച്ചതായിരുന്നു ഈ ഹർജി. 2013 ഏപ്രിലിൽ ആ കുറ്റപത്രം റദ്ദ് ചെയ്തു. പി സദാശിവത്തിന്റെ വിധികളിൽ വിവാദമായ മറ്റൊന്ന് 1999ൽ, ഒഡീഷയിലെ ക്രിസ്റ്റ്യൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും അവരുടെ വാഹനത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ തീവെച്ചു കൊലപ്പെടുത്തിയ ബജ്രംഗദൾ അംഗം ദാരാ സിംഗിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയതായിരുന്നു. പിന്നീട് കോടതി രേഖയിൽ നിന്നു നീക്കം ചെയ്ത വിധിയിലെ ഭാഗം സ്‌ക്രോൾ എന്ന മാധ്യമത്തിൽ സൗരവ് ദത്ത എഴുതിയ, ‘എന്തുകൊണ്ട് സദാശിവത്തിന്റെ കേരളാ ഗവർണർ നിയമനം അപകടകരമായൊരു മാതൃക സൃഷ്ടിക്കുന്നു?’ എന്ന ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “മറ്റൊരാളുടെ വിശ്വാസത്തിൽ ബലപ്രയോഗത്തിലൂടെയും പ്രകോപനത്തിലൂടെയും ഒരു മതത്തെ മറ്റൊരു മതത്തേക്കാൾ മികച്ചതാണെന്ന് ഉയർത്തിപ്പിടിക്കുന്ന തെറ്റായ കാഴ്ചപ്പാടും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നതിൽ തർക്കമില്ല. എന്നിരുന്നാലും ഗ്രഹാം സ്‌റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ചെറിയ ആൺകുട്ടികളെയും ഉറക്കത്തിനിടെ അഗ്നിക്കിരയാക്കി കൊലപ്പെടുത്തി. അതിന്റെ ലക്ഷ്യം ദരിദ്രരായ ആദിവാസികളെ ക്രിസ്റ്റ്യാനിറ്റിയിലേക്ക് മതപരിവർത്തനം ചെയ്യുന്ന അദ്ദേഹത്തിന്റെ മതപരമായ പ്രവർത്തനങ്ങൾക്ക് ഒരു പാഠം പഠിപ്പിക്കാൻ തന്നെയാണ്”. 2011ൽ വന്ന ഈ വിധിയെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പോലുള്ള തീവ്ര ഹിന്ദു വലതുപക്ഷ സംഘടനകൾ പുകഴ്ത്തുകയുണ്ടായി എന്നും സൗരവ് ദത്ത എഴുതുന്നു.

ഗ്രഹാം സ്‌റ്റെയ്ൻസും കുടുംബവും. കടപ്പാട്:makthoob

2015 മാർച്ചിൽ, ‘ജഡ്ജിങ് ദ ജഡ്ജസ്’ എന്ന പേരിൽ രാമചന്ദ്ര ഗുഹ ‘ദ ടെലഗ്രാഫി’ൽ എഴുതിയ ലേഖനം സുപ്രീംകോടതി ജഡ്ജിമാർ റിട്ടയർമെന്റിനുശേഷം ബ്യൂറോക്രസിയിലേക്ക് നിയമിതമാകുന്നതിന്റെ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. 2018ൽ, ഗവർണർ ജസ്റ്റിസ് പി സദാശിവം, ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ നടത്തേണ്ടിയിരുന്ന കേരള സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ നിന്നും കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗം വായിക്കാതെ ഒഴിവാക്കിയ സംഭവം ചർച്ചയായി മാറിയിരുന്നു. “സഹകരണ ഫെഡറലിസത്തിന്റെ പരമ്പരാഗത രീതികൾ മറികടന്നുകൊണ്ട് കേന്ദ്രസർക്കാർ നേരിട്ട് ജില്ലാ അതോറിറ്റികളിലും പ്രാദേശിക സമിതികളിലും ഇടപെടുന്നത് ഞങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അധികാരങ്ങളിൽ ഗൗരവമായ പ്രത്യാഘാതങ്ങളാണ് ജി.എസ്.ടി ഉണ്ടാക്കിയിരിക്കുന്നത്.” ഗവർണർ വായിക്കാതെ ഒഴിവാക്കിയത് ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഈ ഭാഗമാണ്. ജി.എസ്.ടി വന്ന ശേഷം കേന്ദ്രസർക്കാർ നികുതിവരുമാനത്തിൽ കേരളത്തിന് അർഹമായ വിഹിതം നൽകുന്നില്ല എന്നതാണ് കേരളം കുറേക്കാലമായി ഉന്നയിക്കുന്ന പരാതിയും.

ജസ്റ്റിസ് സദാശിവത്തിന് ശേഷം കേരള ഗവർണറായി സ്ഥാനമേറ്റ ആരിഫ് മുഹമ്മദ് ഖാൻ ഭരണനിർവഹണ ഇടപെടലുകളിൽ സ്വന്തം രാഷ്ട്രീയ നിലപാടുകൾ കർക്കശമായ പ്രസ്താവനകളിലൂടെ പ്രകടമാക്കുന്നത് പതിവായി മാറി. വിവേചനപരമായ ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് അദ്ദേഹം പൊതുവേദികളിൽ സംസാരിച്ച് തുടങ്ങി. ഇന്ത്യയിലെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ സിവിൽ സമൂഹ പ്രസ്ഥാനങ്ങളുടെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ സമരം നടക്കുന്ന സമയമായിരുന്നു അത്.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ബിരുദം നേടിയത്. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനേതാവായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് നിയമബിരുദം നേടുകയും ചെയ്തു. ലോക്സഭാംഗവും ക്യാബിനറ്റ് മന്ത്രിയുമായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ആഭ്യന്തരവകുപ്പ്, കാർഷികം, വ്യവസായം, വാർത്താ വിനിമയം, സിവിൽ ഏവിയേഷൻ തുടങ്ങി വിവിധ വകുപ്പുകൾ കെെകാര്യം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ജനതാദളിലും ബഹുജൻ സമാജ് പാർട്ടിയിലും പ്രവർത്തിച്ച ശേഷമാണ് 2004ൽ ബി.ജെ.പിയിൽ ചേർന്നത്. 2019 സെപ്തംബറിൽ കേരള ഗവർണറായി അധികാരമേറ്റു.

നവംബർ 9ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ എൺപതാം സെഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ആരിഫ് മുഹമ്മദ് ഖാന്റെ വർഗീയ സ്വഭാവമുള്ള പ്രസ്താവനകളെ വേദിയിലുണ്ടായിരുന്ന ചരിത്രകാരൻ ഡോ. ഇർഫാൻ ഹബീബ് ചെറുത്തതോടെ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദേശീയ തലത്തിൽ ചർച്ചയായി. ‘മൗലാനാ ആസാദിനെയല്ല ഗോഡ്സെയെ ആണ് താങ്കൾ ക്വോട്ട് ചെയ്യേണ്ടത്’ എന്നായിരുന്നു ഇർഫാൻ ഹബീബിന്റെ പ്രതികരണം.

ഗവർണർ സംസാരിച്ച് തുടങ്ങിയപ്പോൾ, നിങ്ങൾ നുണ പറയുകയാണ് എന്ന് സദസ്സിൽ നിന്ന് ശബ്ദമുയർന്നപ്പോൾ എന്നെ നിങ്ങൾക്ക് നിശബ്ദനാക്കാൻ കഴിയില്ലെന്നു ഗവർണർ പറഞ്ഞു.

“വിഭജനം മാലിന്യത്തെ പുറന്തള്ളി, എങ്കിലും റോഡിലെ കുഴികളിൽ ഇപ്പോഴും മലിനജലം കെട്ടിക്കിടക്കുന്നു, നിങ്ങളെല്ലാം ദുർഗന്ധം പരത്തുന്നു. നിങ്ങളെപ്പോലുള്ളവരെ കുറിച്ചാണ് മൗലാനാ ആസാദ് പറഞ്ഞത്. ഇവരെയെല്ലാം ഞാൻ നിശബ്ദനായി കേട്ടിരുന്നിട്ടുണ്ടെങ്കിൽ ഇവരും എന്നെ നിശബ്ദരായി കേട്ടുകൊള്ളണം.” വേദിയിൽ നടത്തിയ പ്രസ്താവനകളിലെ വിവാദഭാഗം ഇങ്ങനെയാണ്. സംഭവത്തെ തുടർന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞത്, പാർലമെന്റിൽ പാസാക്കിയ ഒരു നിയമത്തിന്റെ ഭരണഘടനാമൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ് ചെയ്തതെന്നും അത് സ്വന്തം കടമയാണ് എന്നുമാണ്. ഉദ്ഘാടന പ്രസംഗത്തിൽ കൂടുതലൊന്നും സംസാരിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല എന്നും ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കുകയാണ് ഗവർണർ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമെന്നും ഗവർണർ വിശദീകരിച്ചു. എളുപ്പത്തിൽ പ്രകോപിതരാകുന്ന അക്കാദമിക്കുകളോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും എതിർക്കേണ്ട നിയമങ്ങളെ എതിർത്തിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഏകീകൃത സിവിൽ കോഡ്, പൗരത്വ ഭേദഗതി നിയമം എന്നിവയെ അനുകൂലിക്കുന്നതിന് ഗവർണർ ഉയർത്തിക്കാട്ടുന്ന കാരണം ഇവ ഭരണഘടനാപരമാണ് എന്നതാണ്. അതേസമയം, 2022ലും 2023ലും ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതുമായി നടത്തിയ കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. 2023 ഒക്ടോബറിലെ മീറ്റിംഗ് രാജ്ഭവനിൽ വെച്ചാണ് നടന്നത്‌.

1984ലെയും 1998ലെയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ചില തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ ഗവർണർമാരുടെ നിയമനം സംസ്ഥാന ഗവണ്മെന്റുകളുടെ കൂടെ അഭിപ്രായം പരിഗണിച്ചാകണം എന്നായിരുന്നു. ഗവർണർ, ഭരണപാർട്ടിയുടെ അനുബന്ധമായി ദുരുപയോഗം ചെയ്യുന്നത് തടയണം എന്നതായിരുന്നു മറ്റൊന്ന്. രാജ്ഭവനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാതിരിക്കാൻ സംസ്ഥാന സർക്കാരുകളെ ബോധവൽക്കരിക്കുമെന്നത് മറ്റൊരു വാഗ്ദാനം.

ചരിത്ര കോൺഗ്രസിൽ ഉയർന്ന രോഷം

2019ൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന എൺപതാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ വേദിയിൽ വച്ച്, കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി തികച്ചും ശരിയാണെന്ന നിലപാടുയർത്തി പ്രസംഗം തുടങ്ങിയ ഗവർണർക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചരിത്ര വിദ്യാർത്ഥികളും ഗവേഷകരുമായ ഡലഗേറ്റുകൾ അവരുടെ പ്രതിഷേധം ഉയർത്തുകയും പൊലീസ് നടപടിയുണ്ടാവുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന പ്രൊഫ. ഇർഫാൻ ഹബീബ് ഗവർണറുടെ പ്രസംഗത്തിനെതിരെ ഉച്ചത്തിൽ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ഇർഫാൻ ഹബീബ് കേരളീയത്തോട് പ്രതികരിച്ചത് ഇങ്ങനെ,

“ആരിഫ് മുഹമ്മദ് ഖാൻ അബുൾ കലാം ആസാദിന്റെ ഒരു പ്രസംഗമാണ് ക്വോട്ട് ചെയ്തത്, അത് അബുൾ കലാം ആസാദിന്റെ പ്രസംഗം എന്ന രീതിയിൽ കെട്ടിച്ചമച്ചതാണ്. ഇന്ത്യൻ മുസ്ലീംങ്ങളെ തരംതാഴ്ത്തി കാണിക്കുന്ന രീതിയിലാണത്. കെട്ടിച്ചമച്ച കാര്യമായതുകൊണ്ട് അത് ആവർത്തിക്കരുത് എന്നാണ് ഞാൻ ആരിഫ് മുഹമ്മദ് ഖാനോട് പറഞ്ഞത്. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി നേതാവായിരുന്നു ആരിഫ് ഖാൻ. പിന്നീട് കോൺഗ്രസിലും ജനതാ പാർട്ടിയിലും ചേർന്നു. പിന്നീട് ബി.ജെ.പിയിൽ ചേർന്നു. ഗവർണർമാരെ കുറിച്ച് സംസാരിക്കാൻ ഞാനൊരു ഭരണഘടനാവിദഗ്ധനല്ല, ഞാനൊരു ചരിത്രകാരനാണ്. പക്ഷേ എനിക്ക് തോന്നുന്നത് ഗവർണർമാർ ഭരണഘടനയുടെ അധികാരപരിധി വിട്ട് ഇടപെടലുകൾ നടത്തുന്നുണ്ട് എന്നുതന്നെയാണ്. വളരെ നിർഭാഗ്യകരമാണത്. ഫെഡറൽ ഘടന ഇന്ത്യയ്ക്ക് അനുയോജ്യമായത് തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നടപടി മോശമാണെന്ന് ഞാൻ കരുതുന്നു. അതൊരു മോശം മോഡൽ ആണ് മുന്നോട്ടുവെച്ചത്. അതിന് ന്യായീകരണങ്ങൾ ഒന്നും തന്നെയില്ല. ‌കേന്ദ്രം ഭരിക്കുന്നത് ഏത് പാർട്ടിയായാലും ഈ രീതിയിൽ ഇടപെടാൻ പാടില്ല.” ഇർഫാൻ ഹബീബ് പറഞ്ഞു.

ഇർഫാൻ ഹബീബ്

ഹിസ്റ്ററി കോൺഗ്രസ് സെക്രട്ടറിയും കണ്ണൂർ കൃഷ്ണമേനോൻ വനിതാ കൊളേജിലെ റിട്ടയേഡ് ചരിത്ര അധ്യാപകനുമായ പി മോഹൻദാസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു,

“2019 ഡിസംബർ 28, 29, 30 തീയ്യതികളിലാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ എൺപതാം സെഷൻ നടക്കുന്നത്. ഗവർണറെയാണ് ഞങ്ങൾ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. പൊളിറ്റിക്കലായി ഒരു കാര്യം ഉദ്ഘാടനത്തിൽ കലരരുത് എന്ന് ഉള്ളതുകൊണ്ടാണ് ഞങ്ങൾ ഗവർണറെ വിളിച്ചത്. ഞങ്ങൾക്ക് മുഖ്യമന്ത്രിയെ വിളിക്കാമായിരുന്നു, മന്ത്രിമാരുണ്ട്, മുഖ്യമന്ത്രിയുടെ കൂടെ സമ്മതത്തോടെയാണ് ഗവർണറെ വിളിച്ചത്. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് എന്നുള്ളത് 1935 മുതൽ ആക്റ്റീവായി ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ്. ഇന്ത്യയിലെ ചരിത്രകാരുടെ ഏറ്റവും വലിയ മതേതര സംഘടനയാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്. ശാസ്ത്രീയമായ ചരിത്ര രചന പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് അതിന്റെ ലക്ഷ്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ വിവിധ ധാരകളടക്കം ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ അതിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രഗത്ഭരായ എല്ലാ ചരിത്രകാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇന്നും ഇന്നും അങ്ങനെതന്നെ. പക്ഷവാദിത്തപരമായ പ്രവർത്തനങ്ങളൊന്നും അതിൽ ഉണ്ടാകാറില്ല. ശാസ്ത്രീയമായ ചരിത്രം എന്നുള്ളതാണ് അതിന്റെ മുദ്രാവാക്യം. സമകാലികമായ പ്രശ്നങ്ങളോട് പ്രതികരിക്കാറുമുണ്ട്. പ്രത്യേകിച്ച് പാഠപുസ്തകങ്ങളുടെ കാര്യത്തിലാണ് ഉണ്ടാകാറുള്ളത്. അതിപ്പോൾ അടുത്ത കാലത്തായി ഉണ്ടായിരുന്നതല്ല, എൻ.സി.ആർ.ടിഇയുടെ ആദ്യകാലത്ത്, എഴുപതുകളിൽ തന്നെ ആ ഒരു പ്രശ്നമുണ്ടായിരുന്നു. ജനതാ ഗവണ്മെന്റ് അധികാരത്തിൽ വന്ന സമയത്ത് എൻ.സി.ആർ.ടി.ഇ പാഠപുസ്തകത്തിലെ ചില ഭാഗങ്ങൾ പിൻവലിക്കുന്നതിന് ചില ശ്രമങ്ങളുണ്ടായിരുന്നു. അന്ന് ആർ.എസ്.എസ് ഒക്കെ ജനതാ ഗവണ്മെന്റിന്റെ ഭാഗമായിരുന്നല്ലോ. അന്ന് വിദ്യാഭ്യാസം കെെകാര്യം ചെയ്തത് നാനാജി ദേശ്മുഖ് എന്ന ആർ.എസ്.എസ് ചായ്വ് ഉണ്ടായിരുന്ന ഒരാളായിരുന്നു. അതിനെ ഏറ്റവും ശക്തമായി ചെറുത്തൊരു സംഘടനയായിരുന്നു ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്. അത് തുടർന്നിങ്ങോട്ടും പല ഘട്ടങ്ങളിലായി ചെയ്തു. ഇന്നിപ്പോൾ വളരെ പരസ്യമായി, പ്രകടമായ രീതിയിൽ നമ്മൾ അത് കാണുന്നുണ്ട്.

2019ൽ ഉണ്ടായ പ്രശ്നം, പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിൽ ഗവർണർ നടത്തിയ ചില പ്രയോഗങ്ങളാണ്. സാധാരണ ഗവർണർമാർ ഇത്തരം സന്ദർഭങ്ങളിൽ പ്രകടമായ രീതിയിൽ അഭിപ്രായം പറയാറില്ല. കാരണം ഗവർണർ എന്ന് പറയുന്നത് വലിയ അധികാരങ്ങളൊന്നും ഇല്ലെങ്കിലും ഒരു സ്റ്റേറ്റിന്റെ നോമിനൽ ഹെഡ് എന്ന രീതിയിൽ എല്ലാ ആളുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്ന ഒരു കണ്ണിയാണ്. മിക്കവാറും രാഷ്ട്രീയ മേഖലകളിൽ നിന്നുവന്ന ആളുകളെ ഗവർണർമാരായി നമ്മൾ കണ്ടിട്ടുണ്ട്. രാഷ്ട്രീയം പ്രകടിപ്പിക്കാനോ രാഷ്ട്രീയ പകപോക്കലിനോ വിദ്വേഷപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്താനോ ശ്രമിക്കാത്ത ആളുകളുണ്ട്. വളരെ മാന്യമായി കാര്യങ്ങൾ ചെയ്ത ആളുകളാണ് ഭൂരിപക്ഷവും. പക്ഷേ, ആരിഫ് മുഹമ്മദ് ഖാൻ അങ്ങനെയല്ല അവിടെ പെരുമാറിയത്.

അദ്ദേഹം പ്രസംഗിക്കാൻ തയ്യാറാക്കി കൊണ്ടുവന്ന, എഴുതി തയ്യാറാക്കിയ ഒരു ടെക്സ്റ്റ് ഉണ്ടായിരുന്നു കയ്യിൽ. ഗവർണർ അവസാനമാണല്ലോ സംസാരിക്കുന്നത്. അദ്ദേഹം, മുമ്പ് സംസാരിച്ച കെ.കെ രാഗേഷ് എം.പി പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനത്തെയും, അതുപോലെ ബി.ജെ.പി സർക്കാരിന്റെ പാഠപുസ്തകങ്ങളിലടക്കം ചരിത്രത്തെ വളച്ചൊടിക്കുന്ന രീതിയെയും വിമർശിച്ച് സംസാരിച്ചിരുന്നു. അതിന് മറുപടി പറയാനാണ് ഇദ്ദേഹം ഈ അവസരം ഉപയോഗിക്കാൻ ശ്രമിച്ചത്. എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽനിന്ന് വ്യതിചലിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയക്കാരുടെ മട്ടിൽ മറുപടിപറയാനുള്ള അവസരമായാണ് അതിനെ ഉപയോഗിച്ചത്. ആളുകൾക്ക് ഒരുപാട് അഭിപ്രായങ്ങളുണ്ടാകും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, പല ഫോറങ്ങളിലും അത് ചർച്ച ചെയ്യും. പക്ഷേ, ഗവർണറിൽ നിന്നും നമ്മൾ അതല്ലല്ലോ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വന്ന ഡെലിഗേറ്റ്സ് ആണ് അവിടെ മുന്നിലിരിക്കുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ആൾക്കാർ ഉണ്ടായിരുന്നു. എല്ലാവരും ഡെലിഗേറ്റ്സ് ആണ്. ഡെലിഗേറ്റ്സിനെ മാത്രമേ പാസ് വച്ച് അങ്ങോട്ട് കയറ്റിയിട്ടുണ്ടായിരുന്നുള്ളൂ, പൊതുജനങ്ങളെയൊന്നും പ്രവേശിപ്പിച്ചിരുന്നില്ല. ഡെലിഗേറ്റ്സിന്റെ ഇടയിൽ നിന്ന് അപ്പോൾത്തന്നെ ചിലർ കെെപൊക്കി. മറ്റു ചിലർ എല്ലാവർക്കും വിതരണം ചെയ്തിരുന്ന പ്രസിഡൻഷ്യൽ അഡ്രസിന്റെ മേലെ പ്രതിഷേധങ്ങൾ എഴുതി പ്ലക്കാർഡ് പോലെ ഉയർത്തിപ്പിടിച്ചു. അപ്പോൾ അദ്ദേഹം വീണ്ടും പ്രകോപിതനായി. സ്റ്റേജിൽ നിന്നും തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കിയിട്ട് അദ്ദേഹം സംസാരിച്ചപ്പോളാണ് 90 വയസ്സുള്ള ഇർഫാൻ ഹബീബിനും സംസാരിക്കേണ്ടിവന്നത്. ഇർഫാന്റെ അടുത്തുപോയി അദ്ദേഹത്തോട് സംസാരിച്ചിട്ടാണ് ആരിഫ് മുഹമ്മദ് ഖാൻ ഇരുന്നത്. പ്രൊഫ. ഇർഫാൻ ഹബീബ് ആദ്യം തന്നെ അദ്ദേഹത്തിന്റെ ചില എതിരഭിപ്രായങ്ങൾ അറിയിച്ചിരുന്നു. കാരണം, ഒരു അക്കാദമിക് സമ്മേളനത്തിൽ ഗവർണർ ആയാൽ പോലും വരുന്നത് സെക്യൂരിറ്റി കൂട്ടും. ആളുകളെ ബാരിക്കേഡിനപ്പുറത്താണ് സജ്ജീകരിച്ചത്. അങ്ങനെ വേണം എന്ന് പൊലീസ് പറഞ്ഞിരുന്നു. ഡെലഗേറ്റ്സിനെ ഇത്ര മീറ്റർ അകലത്തിൽ ഇരുത്തണം എന്നും പറഞ്ഞിരുന്നു. അതൊക്കെ ഒരു അക്കാദമിക് സമ്മേളനത്തിൽ സാധാരണ കണ്ടുവരാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് കണ്ടുകൊണ്ടിരിക്കുന്നത്, ഞാനതുകൊണ്ട് സ്റ്റേജിൽ പോലും കയറില്ല എന്ന് ഞങ്ങളോട് പറഞ്ഞതായിരുന്നു. ഞങ്ങൾ വളരെ നിർബന്ധിച്ചിട്ടാണ് അദ്ദേഹം സ്റ്റേജിലേക്ക് കയറ്റിയത്. അതിനിടയിലാണ് ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത വിധത്തിലുള്ള രംഗമുണ്ടായത്, അതും ഗവർണർമാരിൽനിന്നും പ്രതീക്ഷിക്കാത്തത്.

ചരിത്ര കോൺ​ഗ്രസ് വേദിയിൽ ​ഗവർണർക്കെതിരെ പ്രതികരിക്കുന്ന ഇർഫാൻ ഹബീബ്. കടപ്പാട്:mathrubhumi

കണ്ണൂരിലെ പ്രശ്നം ഗവർണർ പിന്നീട് എടുത്തു പറയുകയുണ്ടായി, എന്നെ കൊല്ലാൻ വന്നു എന്നാണ് പറഞ്ഞത്. അങ്ങനെയൊന്നും ഉണ്ടായില്ല. പ്രകോപനപരമായി പെരുമാറിയ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് കേസ് പിൻവലിച്ചു. അന്നുവെെകുന്നേരം തന്നെ വെെസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ഞങ്ങളെല്ലാവരും ഗവർണറെ പോയി കണ്ട് സംസാരിച്ച് അവിടത്തന്നെ അത് തീർന്നു. ഇതിനെക്കുറിച്ച് ഒരു പ്രശ്നം ഇനിയുണ്ടാകില്ല എന്ന് അദ്ദേഹം പറഞ്ഞു. പിന്നീടും പൊലീസ് അന്വേഷണവുമായി ഞങ്ങൾ സഹകരിച്ചു. പക്ഷേ പിന്നെയും ഇതേ പ്രശ്നം തന്നെ പലപ്പോഴും ഇദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. പിന്നെ വെെസ് ചാൻസലർ നിയമനത്തിലും അധ്യാപക നിയമനത്തിലുമുള്ള പ്രശ്നങ്ങളിൽ ഇദ്ദേഹം ഇടപെടാൻ തുടങ്ങി. അതും ഗവർണർ ചെയ്യേണ്ട കാര്യമല്ല. യൂണിവേഴ്സിറ്റിയുടെ ഭരണം തന്നെ പലപ്പോഴും അവതാളത്തിലാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പല ബില്ലുകളും ഇദ്ദേഹം പിടിച്ചുവെച്ചിട്ടാണ് ഉള്ളത്. കണ്ണൂർ യൂണിവേഴ്സിറ്റിൽ മാത്രമല്ല, കേരള യൂണിവേഴ്സിറ്റിയിലും അങ്ങനെയുണ്ട്. പിഎസ് സി മെമ്പർമാരുടെ നിയമനം ഗവർണർ ആണ് ചെയ്യേണ്ടത്. മന്ത്രിസഭ കൊടുത്ത പ്രൊപ്പോസലിൽ അദ്ദേഹം ഒപ്പിട്ടിട്ടില്ല. ഇങ്ങനെ ചെയ്താൽ ഒരു സംസ്ഥാന ഭരണം, യൂണിവേഴ്സിറ്റി ഭരണം ഒക്കെ ഇവർക്ക് ഡെഡ്ലോക്കിൽ ആക്കാൻ പറ്റും ഇവർക്ക്. അതൊരിക്കലും ശരിയല്ലാത്ത രീതിയാണ്. കോടതിയിൽ പോകേണ്ടത് കോടതിയിൽ പോകാം. പിടിച്ചുവെക്കുന്നതിന് പകരം തെറ്റുണ്ടെങ്കിൽ അതെന്താണ് എന്ന് പറയാം. സംസ്ഥാന ഗവണ്മെന്റിനും സുതാര്യത ഉണ്ടാകണം. അങ്ങനെയില്ലെങ്കിൽ ഗവർണർക്ക് വിശദീകരണം ചോദിക്കാമല്ലോ.” മുൻ പി.എസ്.സി അംഗം കൂടിയായ മോഹൻദാസ് പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രതികരണം

സെപ്തംബർ 2022ൽ രാജ്ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സർക്കാർ സമ്മർദ്ദത്തിലാക്കുന്നുവെന്ന് ഗവർണർ പറഞ്ഞതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദമായ മറുപടി നൽകി. ബില്ലുകൾ വായിച്ചു നോക്കിയിട്ടില്ല എന്നും ഒപ്പിടില്ല എന്നും ഗവർണർ പറഞ്ഞതിലെ വെെരുധ്യത്തെയും മുഖ്യമന്ത്രി വാർത്താ പ്രസ്താവനയിലൂടെ വിമർശിച്ചു.

“ഗവർണർ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്വം സർക്കാരിൻറെതാണ്. 1974 ലെ ഷംഷേർസിങ്ങ് കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഗവർണർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചുമാത്രമേ പ്രവർത്തിക്കാവൂ എന്ന് വ്യക്തമാക്കിയതാണ്. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരവകാശവുമില്ലെന്നും ഈ കേസിന്റെ വിധിന്യായത്തിൽ സ്പഷ്ടമാക്കുന്നുണ്ട്. രാജ്യത്തെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച സർക്കാരിയാ കമ്മീഷൻ 1988 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണർ പദവിയെക്കുറിച്ച് പറയുന്നത് ഗവർണർ ഒരു ഡിറ്റാച്ഡ് ഫിഗർ ആവണമെന്നാണ്. സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത, ഭരണ പാർട്ടിയിൽ അംഗമല്ലാത്ത ആളാവണം എന്നാണ്. കേന്ദ്രത്തിൻറെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ പെരുമാറുന്നത് ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഹർഗോവിന്ദ് പന്ത് വേഴ്‌സസ്‌ രഘുകുൽ തിലക് കേസിൽ ഗവർണർ കേന്ദ്ര ഗവണ്മെന്റെ ജീവനക്കാരൻ/ഏജന്റ് അല്ല എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത്തരം കോടതി വിധികളും ഭരണഘടനാ കൺവെൻഷനുകളും കാറ്റിൽ പറത്തുന്ന അനുഭവം വിപത്കരമാണ്. അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രശംസയും സ്നേഹവും വാരിക്കോരി നൽകിയത് ആർ.എസ്.എസിനാണ്. ഗവർണർ സംഘടനകളിൽ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്നുകൊണ്ട് താൻ ആർ.എസ്.എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ട്. ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതിൽ നിന്നും വിപരീതമായി ഗവർണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. അത് ഗൗരവമുള്ള വിഷയമാണ്.” 2022 സെപ്തംബർ 22ന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ആർ.എസ്.എസ് തലവൻ മോഹൻ ഭ​ഗവത് ​ഗവർണറെ കാണാൻ രാജ്ഭവനിൽ. കടപ്പാട്:newindianexpress

വെെസ് ചാൻസലർമാർക്കും മന്ത്രിമാർക്കും എതിരെ

ഒമ്പത് സർവ്വകലാശാലകളിലെ വെെസ് ചാൻസലർമാർ അവരുടെ പദവിയിൽനിന്നും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അന്തിമ തീയ്യതി നൽകിക്കൊണ്ട് ഗവർണർ കത്തയച്ചത് 2022 ഒക്ടോബർ 23നാണ്. ഇതിനെതിരെ വെെസ് ചാൻസലർമാർ കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർവ്വകലാശാലകളിൽ ഒന്നിലെ വെെസ് ചാൻസലർ നിയമനം യു.ജി.സിയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ളതല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നടപടി. എന്നാൽ 2022 ഒക്ടോബർ 24ന് ഒമ്പത് യൂണിവേഴ്സിറ്റികളിലെയും വെെസ് ചാൻസലർമാർക്ക് സർവ്വകലാശാലയിൽ തുടരാം എന്ന് കേരള ഹെെകോടതി വിധിച്ചു.

ഗവർണറുടെ ഈ നീക്കത്തെ തുടർന്നാണ് സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുക എന്ന ലക്ഷ്യത്തോടെ സർവകലാശാല ഭേദഗതി ബിൽ കേരള സർക്കാർ കൊണ്ടുവരുന്നത്. ബിൽ നിയമസഭ പാസാക്കിയെങ്കിലും ഒപ്പുവയ്ക്കാൻ ഗവർണർ തയ്യാറായിട്ടില്ല. ബിൽ വീണ്ടും പരിഗണിക്കേണ്ടതുണ്ടെങ്കിൽ അത് പുനപരിശോധനയ്ക്കായി തിരിച്ചയക്കുകയാണ് വേണ്ടത് എന്നും ഗവർണർ ആർ.എസ്.എസിന്റെ നയം പിന്തുടർന്നുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രതികരിച്ചതും ഗവർണറെ പ്രകോപിപ്പിച്ചു. വിമർശനങ്ങൾ മുഖ്യമന്ത്രിയിൽ നിന്നോ മന്ത്രിസഭയിൽനിന്നോ ആകാമെന്നും മന്ത്രിമാരിൽ നിന്നും അത്തരം പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ലെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ പ്രവൃത്തികളോട് പ്രതികരിച്ച ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെതിരെയും അദ്ദേഹം തിരിഞ്ഞു. മന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടു, വേണ്ട നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. എന്നാൽ മുഖ്യമന്ത്രി ഇത് തള്ളിക്കഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. കടപ്പാട്:newindianexpress

“ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 164 മുന്നോട്ടുവെക്കുന്ന ഡോക്ട്രിൻ ഓഫ് പ്ലഷർ പ്രകാരവും മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഒരു മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവർണർക്ക് നൽകുന്നില്ല. ഒരു ബില്ലിലെ ഉള്ളടക്കത്തോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പരിഹരിക്കുവാൻ ഭരണഘടനാപരമായ വഴികൾ തേടുകയാണ് വേണ്ടത്, ഗവർണർക്ക് താൽപര്യമില്ല എന്നതുകൊണ്ട് ഒരു നിയമനിർമാണം നിശ്ചലമാക്കുകയല്ല വേണ്ടത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പുനഃപരിശോധിച്ച എം.എം പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്യുന്നത് ഗവർണർമാർക്ക് വെെസ് ചാൻസലർ എന്ന റോൾ അധിക ഭാരമാകുമെന്നാണ്. ഗവർണർമാർ ഭരണഘടനയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമുള്ളവരാണ്, ഭരണഘടനാലംഘനങ്ങളുണ്ടാകുമ്പോൾ അതത് സർക്കാരുകൾക്ക് അതേക്കുറിച്ച് താക്കീത് നൽകേണ്ടവരാണ്. എന്നാൽ ചില തീരുമാനങ്ങളെടുക്കുന്നതിൽ കാലതാമസം വരുത്തി സമാന്തരമായൊരു അധികാരകേന്ദ്രമായി പ്രവർത്തിക്കാനുള്ള അധികാരം അവർക്കില്ല.” കേരള ഗവർണർ മന്ത്രിമാർക്കെതിരെ നടത്തിയ പ്രസ്താവനകളെക്കുറിച്ച് 2022 ഒക്ടോബർ 19ന് ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ വിശദമാക്കുന്നു.

ഗവർണർ ഒപ്പുവയ്ക്കാത്ത ബില്ലുകൾ

എട്ട് ബില്ലുകളാണ് നിലവിൽ ഗവർണർ ഒപ്പുവെക്കാത്തതിനാൽ കെട്ടിക്കിടക്കുന്നത്.

1. യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ (ഒന്നാം ഭേദഗതി) 2021

2. യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ (ഒന്നാം ഭേദഗതി) 2021

3. യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ (രണ്ടാം ഭേദഗതി) 2021 (എ.പി.ജെ അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി (മലയാളം)

4. കേരള കോഓപറേറ്റീവ് സൊസെെറ്റീസ് ഭേദഗതി ബിൽ 2022 (മിൽമ)

5. യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ 2022 (സെർച്ച് കമ്മിറ്റി)

6. കേരള ലോക് ആയുക്ത ഭേദഗതി ബിൽ 2022

7. യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ 2022 (ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതിന്)

8. പബ്ലിക് ഹെൽത് ബിൽ, 2021

ഫെഡറലിസത്തിന്റെ ഗതി, കേരളത്തിന്റെ ഔദ്യോഗിക നിരീക്ഷണങ്ങൾ

2023 ജൂലൈ 8 ന് ആർ മോഹന്റെ, India’s Federal Set Up A Journey Through Seven Decades (ഇന്ത്യയുടെ ഫെഡറൽ സംവിധാനം: ഏഴ് ദശാബ്ദങ്ങളിലൂടെ ഒരു യാത്ര) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ വച്ച്, സംസ്ഥാനത്തിന്റെ ഫെഡറൽ അധികാരങ്ങൾക്ക് മേൽ കേന്ദ്ര സർക്കാർ നടത്തുന്ന സമഗ്രാധിപത്യത്തെ വിമർശിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ മുൻ സ്‌പെഷ്യൽ ഓഫീസറും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലെ ഫാക്കൽറ്റിയുമായ ആർ മോഹൻ, ഇന്ത്യൻ ഫെഡറലിസത്തിന്റെ ചരിത്രം വിമർശനാത്മകമായി വിശകലനം ചെയ്യുന്നുണ്ട് ഈ പുസ്തകത്തിൽ. “ശക്തമായ കേന്ദ്രവും സംതൃപ്തരായ സംസ്ഥാനങ്ങളുമാണ് രാജ്യത്തിന്റെ അടിസ്ഥാന ഫെഡറൽ തത്വം. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കപ്പെടുകയാണ്. ഇപ്പോൾ നിർമ്മിച്ചെടുത്ത നിയമങ്ങൾ പോലും നടപ്പിലാക്കാൻ പറ്റാത്ത തരത്തിലാണ് സംസ്ഥാനങ്ങളുടെ അവസ്ഥ.” പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

India’s Federal Set Up A Journey Through Seven Decades

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിൽ, 2023 ഓഗസ്റ്റ് എട്ടിന് നിയമസഭാംഗങ്ങളായ കോവൂർ കുഞ്ഞുമോൻ, തോമസ് കെ തോമസ്, കെ.പി മോഹനൻ, കെ.ബി ഗണേഷ് കുമാർ എന്നിവർ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്ന രീതിയിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചു. വൈദ്യുതി മേഖല (കൺകറന്റ് ലിസ്റ്റ്)യുടെ നിയന്ത്രണത്തെ സംബന്ധിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ല്, സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ കേന്ദ്രം നടത്തുന്ന ഇടപെടലാണെന്ന് പിണറായി വിജയൻ മറുപടി നൽകി. ധനകാര്യ ഫെഡറലിസത്തിന് വിരുദ്ധമായ സമീപനങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വിശദീകരിച്ചു. കോവിഡ് അനന്തര നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കേന്ദ്ര സർക്കാരിന്റെ സഹകരണം ലഭിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യമന്ത്രിക്കും സംസ്ഥാന സർക്കാർ മെമോറാണ്ടം സമർപ്പിച്ചു. ധനകാര്യ കമ്മീഷനുകളുടെ ശുപാർശ പ്രകാരം ലഭിക്കുന്ന നികുതി വിഹിതം ക്രമാനുഗതമായി കുറഞ്ഞുവരുന്നുവെന്നും മുഖ്യമന്ത്രി മറുപടിയിൽ സൂചിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ നിലപാട്

ചില വിഷയങ്ങളിൽ, സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ടുനിൽക്കാത്തപ്പോൾ മാത്രമാണ് പ്രശ്നമുണ്ടാകാറുള്ളത് എന്നാണ് കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ ഗവർണർ-സർക്കാർ തർക്കങ്ങളെക്കുറിച്ച് പറയുന്നത്. നിയമവിരുദ്ധമായ ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കരുതെന്ന് തന്നെയാണ് പ്രതിപക്ഷത്തിൻറെ നിലപാട്. ഗവർണർ ഒപ്പിടാതെ വെച്ചിരിക്കുന്ന ബില്ലുകളുടെ സാംഗത്യവും മെറിറ്റും പരിശോധിക്കപ്പെടേണ്ടതാണ് എന്ന് മുൻ ആസൂത്രണ കമ്മീഷൻ അംഗവും പ്രതിപക്ഷ മുന്നണിയുടെ ഭാഗമായ സി.എം.പിയുടെ ജനറൽ സെക്രട്ടറിയുമായ സി.പി ജോൺ പറയുന്നു. ബില്ലുകൾ നിയമനിർമ്മാണത്തിലേക്ക് എത്തുന്നില്ലെന്ന് പറയുമ്പോഴും അവയുടെ സ്വഭാവം സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്ന് സി.പി ജോൺ കേരളീയത്തോട് പ്രതികരിച്ചു.

സി.പി ജോൺ

“പൊതുവെ നിയമസഭ പാസാക്കിയിട്ടുള്ള നിയമങ്ങളിൽ ഒപ്പിട്ടുകൊടുക്കുക എന്നത് ഗവർണർമാരുടെ സാമ്പ്രദായിക ഉത്തരവാദിത്തമാണ്. കേരളത്തിലെ സർക്കാർ അസാധാരണമായൊരു സാഹചര്യം സൃഷ്ടിച്ചു. ഏതാണ്ട് 25 വർഷം മുമ്പ് നായനാർ സർക്കാറിന്റെ കാലത്തുണ്ടാക്കിയ ലോകായുക്ത ബില്ലിൽ നിന്നാണ് ഈ ചർച്ച തുടങ്ങിയത്. ആ ബില്ലിനകത്ത്, ലോകായുക്ത അഴിമതിക്കാരാണ് എന്ന് കണ്ടെത്തിയാൽ മന്ത്രി രാജിവെക്കണം എന്നൊരു വകുപ്പുണ്ടായിരുന്നു. രാഷ്ട്രീയമായി പറയുകയാണെങ്കിൽ നായനാർ സർക്കാറിന്റെ കാലത്ത് ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗീകരിച്ച ഒരു നിയമമാണ്. ഒരു മന്ത്രിക്കെതിരായി ലോകായുക്ത വിധി പറഞ്ഞതിന് ശേഷം, മുഖ്യമന്ത്രിക്കെതിരായൊരു കേസ് ലോകായുക്തയിൽ നിലനിൽക്കുന്ന സമയം നോക്കി ആ നിയമം ഭേദഗതി ചെയ്തു. ആ ഭേദഗതിയിലൂടെ ലോകായുക്തയെ നിർവീര്യമാക്കി. അങ്ങനെ നിർവീര്യമാക്കുമ്പോൾ‍ സർക്കാരിനെതിരായ കേസുകൾ ലോകായുക്തയിൽ ഇരിക്കുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കളിക്കിടയിൽ തങ്ങൾക്കനുകൂലമായി കളിയുടെ നിയമം മാറ്റുന്നതുപോലെയാണിത്. ഗവർണർ തന്നിഷ്ടം പോലെ ഒപ്പിടാതിരിക്കുന്ന പോലെ, തന്നിഷ്ടം പോലെ തങ്ങൾക്കനുകൂലമായ, രാഷ്ട്രീയ നേതൃത്വത്തിന് അനുകൂലമായ കാര്യങ്ങൾ നിയമനിർമ്മാണ സഭയെക്കൊണ്ട് ചെയ്യിക്കുകയാണ്. ഈ കാര്യത്തിൽ ഗവർണർ ഒപ്പുവെക്കാതിരിക്കുന്നതാണ് ശരി.

സർവ്വകലാശാല നിയമഭേദഗതിയുടെ കാര്യത്തിലും സർക്കറിനെതിരായ നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്ന് സി.പി ജോൺ വിശദമാക്കി. “ഇവിടെ വെെസ് ചാൻസലർമാരും ചാൻസലറും തമ്മിൽ തർക്കം ഉടലെടുത്തു. ചാൻസലർ ബെെ ഡിഫോൾട്ട് ഗവർണറായതല്ല. ഗവർണറുടെ ഭരണഘടനാപരമായ ചുമതലയല്ല ചാൻസലറായിരിക്കുക എന്നത്. മറിച്ച് കേരള നിയമസഭ രൂപപ്പെടുത്തിയ സർവ്വകലാശാല നിയമങ്ങൾ ഗവർണറെ ചാൻസലറാക്കിയത് കൊണ്ടാണ് ഗവർണർ ചാൻസലറായത്. കേരള നിയമസഭ 1969ൽ പാസാക്കിയ സർവ്വകലാശാല നിയമമാണ് ഗവർണറെ ചാൻസിലറാക്കുന്നത്. കേരള നിയമസഭയുടെ നിയമനിർമാണം വഴി ലഭ്യമായ അവകാശമാണ് ചാൻസിലർക്കുള്ളത്. ഗവർണർക്ക് മന്ത്രിസഭാ തീരുമാനങ്ങൾ മാറ്റാൻ അധികാരമില്ല. എന്നാൽ സർവ്വകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനത്തിന്റെ മുകളിൽ സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനോ വിദ്യാർത്ഥിക്കോ ചാൻസിലറുടെ അടുത്ത് അപ്പീലുണ്ട്. ചാൻസലർ ഒരു അപ്പലേറ്റ് അതോറിറ്റി ആണ്. മന്ത്രിസഭാ തീരുമാനത്തിന്റെ അപ്പലേറ്റ് അതോറിറ്റി ഗവർണറല്ല, ഹെെക്കോടതിയാണ്. എക്സിക്യൂട്ടീവിന്റെ തീരുമാനങ്ങളുടെ പുറത്ത് ജുഡീഷ്യറിയിലേക്ക് നമുക്ക് പോകാം. സർക്കാർ എന്താണ് ചെയ്തത്? ഇവർ തമ്മിൽ പ്രശ്നമുണ്ടായപ്പോൾ ഗവർണറെ ഈ പ്രശ്നങ്ങൾ നിലനിൽക്കെ ചാൻസിലർ പദവിയിൽ നിന്നും മാറ്റാനുള്ള നിയമം കൊണ്ടുവന്നു.

കേരള സർക്കാർ കൊണ്ടുവന്ന ബില്ലിൽ പ്രശ്നമുണ്ടെങ്കിൽ ഗവർണർ എന്താണ് ചെയ്യേണ്ടത്? ഗവർണർ ഇത് പ്രസിഡന്റിന് വിടുകയാണ് വേണ്ടത്. പക്ഷേ പ്രസിഡന്റിന് വിട്ടിട്ടില്ല, അതിനോട് എനിക്ക് യോജിപ്പില്ല. അനന്തമായി നീട്ടിക്കൊണ്ടുപോകാതെ അത് പ്രസിഡന്റിന് വിടാം. നമ്മുടെ നിയമസഭയും ജുഡീഷ്യറിയും പ്രസിഡന്റും പ്രധാനമന്ത്രിയും ഒക്കെ ഭരണഘടനയുടെ സൃഷ്ടികളാണ്. അവരോരോരുത്തരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. നിരുത്തരവാദിത്തപരമായി ഒരാൾ പ്രവർത്തിച്ചാൽ മറ്റുള്ളവരും നിരുത്തരവാദിത്തപരമായി പ്രവർത്തിക്കും. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.”

വാർത്താ സമ്മേളനത്തിൽ നിന്നും മാധ്യമങ്ങളെ വിലക്കിയ ​ഗവർണറുടെ നടപടിക്കെതിരെ നടന്ന സമരം. കടപ്പാട്:newindianexpress

ബില്ലുകളിൽ കൃത്യതയില്ലെന്നും സംശയങ്ങൾക്ക് വിശദീകരണം നൽകാൻ ആരും തയ്യാറാകുന്നില്ലെന്നും 2023 ഒക്ടോബർ 14ന് ഗവർണർ പ്രതികരിച്ചു. ബില്ലുകൾ ഒപ്പുവയ്ക്കാത്തതിൽ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കേരളം തീരുമാനിച്ചരിക്കുന്നത്. രാജ്ഭവനോട് ഏറ്റുമുട്ടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്നാണ് ഗവർണർ ഇതിനോട് പ്രതികരിച്ചത്. സർക്കാരിന്റെ മറുപടി ലഭിച്ചശേഷം മാത്രമേ ബില്ലുകളിൽ തുടർ നടപടിയുണ്ടാകൂ എന്ന് ഒക്ടോബർ 23ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. തർക്കം അനിശ്ചിതമായി നീളുമെന്ന സൂചനയാണ് ഗവർണറുടെ അവസാന പ്രതികരണവും വ്യക്തമാക്കുന്നത്.

പരമ്പര ഭാ​ഗം ഒന്ന് വായിക്കാം: തകർക്കപ്പെടുന്ന ഇന്ത്യൻ ഫെഡറലിസം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 25, 2023 3:38 pm