ഫോറം ഫോർ ഹെൽത്ത് ജസ്റ്റിസ് എന്ന കൂട്ടായ്മ സംഘടിപ്പിച്ച വെബിനാറിൽ ബാംഗ്ലൂർ മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം ജൂനിയർ റസിഡന്റ് ആയി പ്രാക്ടീസ് ചെയ്യുന്ന ഡോ. അശ്വത് റാവു (MBBS, കസ്തൂർബ മെഡിക്കൽ കോളേജ്, മണിപ്പാൽ) നടത്തിയ പ്രഭാഷണത്തിൽ നിന്നും. അലോപ്പതി ചികിത്സകനായ അദ്ദേഹം ഐ.സി.യുവിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികൾക്ക് ആയുർവേദ മരുന്നുകൾ നൽകി ആരോഗ്യം വീണ്ടെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അലോപ്പതി കുത്തകയാക്കി വച്ചിരിക്കുന്ന കോവിഡ് ചികിത്സയിൽ ആയുഷ് വിഭാഗത്തെ ഉൾച്ചേർക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. അശ്വത് സംസാരിക്കുന്നു.
ആയുഷ് വിഭാഗത്തിലുള്ള ചികിത്സയെക്കുറിച്ച് ഒരു പൊതുധാരണ അത് തീവ്രപരിചരണം ആവശ്യമുള്ള രോഗികൾക്ക് ചേർന്നതല്ലെന്നും എന്നാൽ അടിയന്തിര ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ആശ്രയിക്കാവുന്ന ഒന്നാണെന്നുമാണ്. ഞാൻ ഒരു മോഡേൺ മെഡിസിൻ ചികിത്സകനാണ്. കോവിഡ് കാലത്ത് ഐ.സി.യുവിലും അതിതീവ്ര പരിചരണ വിഭാഗത്തിലും എനിക്ക് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. പല കാരണങ്ങളാൽ ഗുരുതരാവസ്ഥയിലായ രോഗികളാണ് അവിടെ ഉണ്ടായിരുന്നത്. ഒരു അവസാന ശ്രമമെന്ന രീതിയിൽ പരമ്പരാഗത ചികിത്സാ രീതികൾ പരീക്ഷിക്കാനുള്ള അവസരമായി ഞാൻ ഈ സാഹചര്യത്തെ കണ്ടു. ആ അനുഭവങ്ങളാണ് ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്.
ഒരു രോഗി ആശുപത്രിയിൽ എത്തിയിട്ട് ഏഴാം ദിവസം ആയിരുന്നു. കടുത്ത ശ്വാസ തടസവും അനുബന്ധ രോഗങ്ങളും കാരണം രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അത്തരം രോഗികളെ ചികിത്സിക്കുമ്പോൾ നിയമപ്രകാരം എടുക്കേണ്ട സമ്മതം വാങ്ങിയ ശേഷമാണ് ഞാൻ അവരെ ചികിത്സിക്കാൻ തുടങ്ങിയത്. മതിയായ ഓക്സിജന്റെ അഭാവത്തിൽ സാച്ചുറേഷൻ ലെവൽ (രക്തത്തിലെ ഓക്സിജന്റെ അളവ്) 77 ആയിരുന്നു അപ്പോൾ. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുമ്പോൾ അത് 99 ആയി മാറും. എന്നാൽ ഓക്സിജൻ മാസ്ക് മുപ്പതു സെക്കന്റ് നേരത്തേക്ക് മാറ്റിയാൽ ഓക്സിജന്റെ അളവ് പഴയതുപോലെ 70 മുതൽ 77 വരെ ആയി മാറും. അതേസമയം ആയുർവേദ മരുന്ന് നൽകി 90 മിനിറ്റ് കഴിഞ്ഞപ്പോൾ സാച്ചുറേഷൻ 77 ൽ നിന്നും 90 ലേക്ക് മാറുകയായിരുന്നു. ആധുനിക വൈദ്യശാസ്ത്ര ചികിത്സയിൽ ആഴ്ചകൾ എടുത്തേക്കാവുന്ന മാറ്റമാണ് കുറച്ച് മണിക്കൂറുകൾ കൊണ്ട് സംഭവിച്ചത്. സാധാരണ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് മറ്റുരോഗികളിൽ നിന്നും അണുബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. ആന്റിബയോട്ടിക്, സ്റ്റീറോയ്ഡ്സ് പോലുള്ള മരുന്നുകൾ ഈ രോഗിക്ക് നൽകുന്നത് പൂർണ്ണമായും നിർത്തിവച്ചു. മൂന്ന് ദിവസം കൊണ്ട് അവരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണ വാർഡിലേക്ക് മാറ്റാൻ കഴിഞ്ഞു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആധുനിക വൈദ്യത്തോടപ്പം ആയുഷ് വിഭാഗത്തിലെ ചികിത്സ കൂടി നൽകുകയാണെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം നന്നായി കുറയ്ക്കാൻ കഴിയും. ആശുപത്രിയിൽ നൽകുന്ന ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകളുടെ ഉപയോഗം കുറയ്ക്കാനും കഴിയും.
അടുത്ത അനുഭവം കുറച്ചുകൂടി തീവ്ര സ്വഭാവമുള്ള കോവിഡ് രോഗം ബാധിച്ച രോഗിയെ ചികിത്സിച്ചതുമായി ബന്ധപ്പെട്ടാണ്. അവരുടെ സാച്ചുറേഷൻ ലെവൽ 65 ആയിരുന്നു. ഇത് രോഗികൾ ഐ.സി.യു ബെഡ്ഡിനായി നെട്ടോട്ടമോടുന്ന ഏപ്രിൽ മാസത്തിൽ നടന്ന സംഭവമാണ്. ആ സന്ദർഭത്തിൽ രോഗികളെ കൂടുതൽ നല്ല ചികിത്സാ സൗകര്യമുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഈ രോഗിയുടെ സാച്ചുറേഷൻ 45 വരെ ആയി മാറി. അവർക്ക് തീവ്രമായ നെഞ്ച് വേദനയും ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ ആയുർവേദ ചികിത്സയ്ക്കു ശേഷം അവരുടെ സാച്ചുറേഷൻ 98 ലേക്ക് എത്തിക്കാൻ കഴിഞ്ഞു. അവർക്ക് വളരെ കുറച്ചു മോഡേൺ മെഡിസിൻ മാത്രമേ കൊടുക്കേണ്ടി വന്നുള്ളൂ. എല്ലാ രോഗികളെയും പ്രവേശിപ്പിക്കാൻ നമുക്ക് ആശുപത്രി സൗകര്യങ്ങൾ ഇല്ലാത്ത സ്ഥിതിയിൽ ആയുഷ് ചികിത്സാരീതികൾ ഉപയോഗിച്ച് വീട്ടിൽ നിന്ന് തന്നെ ചികിത്സ നൽകാവുന്നതാണ്. പലപ്പോഴും ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഒരു ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ച് വീട്ടിൽ നിന്നും ചികിത്സ തുടങ്ങാൻ ഒരുപാട് രോഗികൾക്ക് ഞാൻ ഉപദേശം നൽകിയിട്ടുണ്ട്. ബെഡുകൾ ലഭ്യമാകുന്ന സമയത്ത് അവർക്ക് ആശുപത്രിയിൽ ചികിത്സ കൊടുക്കാനും കഴിഞ്ഞു.






മറ്റൊന്ന് 30 വയസുള്ള ഒരു സ്ത്രീക്ക് നൽകിയ ചികിത്സയുടെ അനുഭവം ആണ്. അവരുടെ സ്ഥിതി നേരത്തെ പറഞ്ഞ രോഗിയുടേതിനേക്കാൾ വളരെ മോശം അവസ്ഥയിൽ ആയിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച് 15 ദിവസത്തിന് ശേഷവും അവരുടെ നില കൂടുതൽ ഗുരുതരമായിക്കൊണ്ടിരുന്നു. ഈ സ്ത്രീക്ക് നൽകാവുന്ന പരമാവധി ചികിത്സ നൽകിയിട്ടും ആരോഗ്യം ഒട്ടും മെച്ചപ്പെട്ടില്ല. അവരുടെ സാച്ചുറേഷൻ 78 ആയിരുന്നു. ആ സമയത്താണ് എനിക്ക് ആശുപത്രിയിൽ നിന്നും വിളി വരുന്നത്. ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് എന്റെ സഹപ്രവർത്തകർക്ക് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ നല്ല വിശ്വാസം ഉണ്ടായിരുന്നു. ഞാൻ ആശുപത്രിയിൽ എത്തുമ്പോൾ രോഗിയുടെ സാച്ചുറേഷൻ 60 ആയിരുന്നു. ഞാൻ എത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സാച്ചുറേഷൻ 40 ആയി. സാധാരണഗതിയിൽ അവസാനത്തെ ശ്രമം എന്ന നിലയിൽ ഇത്തരം രോഗികളെ ഇൻക്യുബേഷൻ (ശരീര കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള അവസാന ശ്രമം) ചെയ്യുകയാണ് പതിവ്. എന്നാൽ കോവിഡ് രോഗിയുടെ കാര്യത്തിൽ ഇൻക്യുബേഷൻ അവസാനത്തെ പരീക്ഷണം മാത്രമല്ല, അതിനു ശേഷം ആയുർവേദ മരുന്നുകൾ ഫലിക്കാനുള്ള സാധ്യതകൾ വളരെ കുറവുമായിരുന്നു. ഞാൻ എന്റെ സഹപ്രവർത്തകരോട് ആയുർവേദ മരുന്നുകൾ നൽകുന്ന കാര്യം സംസാരിക്കുകയും അവർ സമ്മതിക്കുകയും ചെയ്തു. അര മണിക്കൂറിനു ശേഷം രോഗിയിൽ മാറ്റങ്ങൾ ഇല്ലെങ്കിൽ ഇൻക്യുബേഷൻ ചെയ്യാം എന്നും ഞങ്ങൾ തീരുമാനിച്ചു. രോഗിയുടെ ബന്ധു ഒരു മെഡിക്കൽ കോളേജിലെ പ്രൊഫസർ ആയിരുന്നു. അവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞു. രോഗിയുടെ മറ്റു ബന്ധുക്കളും ആയുർവേദ ചികിത്സയ്ക്ക് അനുമതി നൽകി. അങ്ങനെ ഞങ്ങൾ ചികിത്സ ആരംഭിച്ചു. ഒരു മണിക്കൂറിനു ശേഷം ഓക്സിജൻ ലെവൽ 70 ആയി. കുറച്ചു സമയത്തിന് ശേഷം അവരുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടായി. അവസാന ഘട്ടത്തിൽ സാച്ചുറേഷൻ 90 ആയി. ഈ മാറ്റം ഐ.സി.യുവിലെ മറ്റ് ഡോക്ടർമാർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. ആ രോഗി ഇനി തിരിച്ചുവരില്ല എന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടൽ. അവരുടെ നിലമെച്ചപ്പെടുത്താൻ രണ്ടു മണിക്കൂർ കൂടി ആ ചികിത്സാ വിഭാഗത്തിൽ തുടർന്നു. 15 ദിവസത്തെ ആയുർവേദ ചികിത്സയ്ക്ക് ശേഷം രോഗി വീട്ടിലേക്ക് മടങ്ങി.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരുന്നു. അതുപോലെ രോഗ തീവ്രതയും. പോസ്റ്റ് കോവിഡ് ഫൈബ്രോസിസ് സമയത്ത് ഓക്സിജൻ ആവശ്യമായിരുന്ന രോഗികളുടെ എണ്ണവും കൂടുതൽ ആയിരുന്നു. ചികിത്സ കഴിഞ്ഞ പല രോഗികളിലും തീവ്രമായ ശ്വാസകോശ രോഗങ്ങൾ കണ്ടിരുന്നു. ചിലർക്ക് ശ്വാസകോശം മാറ്റിവെക്കൽ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
ആയുർവേദ മരുന്നുകൾ കിഡ്നിക്കും കരളിനും ദോഷം ചെയ്യുമെന്നുള്ള പ്രചാരണം കേട്ടിരുന്നു. എന്നാൽ എന്റെ അനുഭവത്തിൽ ആയുർവേദ മരുന്നുകൾ കിഡ്‌നി, കരൾ രോഗങ്ങൾ പരിഹരിച്ചതായാണ് അനുഭവം. ആയുർവേദ ചികിത്സ നടത്തുന്ന ഒരു അലോപ്പതി ചികിത്സകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് അംഗീകൃത ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഇല്ല എന്നാണ്. ആന്റിബയോട്ടിക്കുകൾക്ക് പരിമിതികളുണ്ട്. ആദ്യ ഒരാഴ്ചയ്ക്കകം പ്രതികരിക്കാത്ത ആന്റിബയോട്ടിക്കുകൾ പിന്നീട് തുടരുന്നതിൽ അർത്ഥമില്ല. ആയുർവേദ മരുന്നുകൾ കൂടി നൽകുകയാണെങ്കിൽ നമുക്ക് ആധുനിക മരുന്നുകളുടെ ഉപയോഗം ഒരുപാട് കുറയ്ക്കാൻ കഴിയും.
എന്റെ അനുഭവം അറിഞ്ഞ പല പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരും ആയുർവേദ മരുന്നുകൾ രോഗികൾക്ക് നൽകുകയും അദ്ഭുതകരമായ മാറ്റങ്ങൾ രോഗികളിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ആധുനിക വൈദ്യം പ്രാക്ടീസ് ചെയുന്ന ഒരുപാട് ഡോക്ടർമാർക്കിടയിൽ ആയുർവേദ ചികിത്സയുടെ ഗുണഫലങ്ങൾ ബോധ്യമായി വരികയാണ്. ഫൈബ്രോസിസ്, ലിവർ സിറോസിസ് തുടങ്ങിയ രോഗങ്ങൾ ബാധിച്ച രോഗികളുടെ അവയവങ്ങൾ പൂർവ്വ സ്ഥിതിയിൽ എത്തിക്കാൻ ആധുനിക വൈദ്യത്തിനു കഴിയാറില്ല എന്ന് നമുക്കറിയാം. എന്നാൽ അവയവ മാറ്റ ശസ്ത്രക്രിയ കൂടാതെ ഇത്തരം രോഗികളെ ചികിത്സിക്കാൻ ആയുഷ് ചികിത്സാരീതികൾ ഫലപ്രദമാണെന്നാണ് എന്റെ അനുഭവം. എല്ലാ രോഗികൾക്കും, ഒ.പി വിഭാഗത്തിലെ ചികിത്സ മുതൽ അതിത്രീവ്ര വിഭാഗത്തിലെ ചികിത്സയ്ക്കു വരെ ആയുർവേദം പ്രയോജനം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. കോവിഡ് ചികിത്സയ്ക്ക് ആയുഷ് ചികിത്സാ സാധ്യതകൾ ഉപയോഗിക്കുകയാണെങ്കിൽ മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്നും അനുഭവങ്ങളിൽ നിന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

