സബ്യസാചി ദാസ് തുറന്നുകാണിച്ച തെരഞ്ഞെടുപ്പ് വീഴ്ചകൾ

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ വീഴ്ച’ എന്ന പേരിൽ അശോക യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസർ സബ്യസാചി ദാസ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ പേരിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പേപ്പർ പ്രസിദ്ധീകരണത്തെ തുടർന്നുള്ള അശോക യൂണിവേഴ്‌സിറ്റിയുടെ നിലപാട് കാരണം സബ്യസാചി ദാസിന് യൂണിവേഴ്‌സിറ്റിയിൽ നിന്നും രാജിവെക്കേണ്ടിവന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം പഠന വിധേയമാക്കി, നടന്നിരിക്കാനിടയുള്ള അട്ടിമറികൾ എങ്ങനെയൊക്കെയായിരുന്നുവെന്ന് പരിശോധിക്കുകയാണ് സബ്യസാചി ദാസ് ചെയ്തത്. 2023 ജൂലൈ 3നാണ് ഈ പേപ്പർ പ്രസിദ്ധീകരിക്കപ്പെട്ടത്. യു.എസിലെ നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിലാണ് ഈ പേപ്പർ ആദ്യമായി അവതരിപ്പിച്ചത്.

ആഗോളമായി തന്നെ ജനാധിപത്യ സംവിധാനങ്ങൾ തകർച്ച നേരിടുന്ന സാഹചര്യത്തിൽ 2019ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ കാണപ്പെട്ട അസ്വാഭാവികമായ ചില രീതികൾ പരിശോധിക്കുകയാണ് സബ്യസാചി ദാസ്. സമകാലിക സാഹചര്യത്തിൽ ഇന്ത്യ എത്തിനിൽക്കുന്ന, ആഗോള സൂചികകളിലെ ചില ഇടങ്ങളെക്കുറിച്ചുകൂടി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പേപ്പർ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നു എന്നത് തെളിയിക്കുന്നതിനായി ഡാറ്റയിൽ ഊന്നിയ പഠനങ്ങളാണ് സബ്യസാചി ദാസ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലൂടെ നടന്ന ക്രമക്കേടുകളാണോ അതോ പ്രചരണത്തിലൂടെ ബി.ജെ.പിക്ക് ജയസാധ്യതയുള്ള മേഖലകളിൽ വിജയമുറപ്പിക്കാൻ കഴിഞ്ഞതാണോ ജയം സാധ്യമാക്കിയത് എന്നാണ് ഈ പേപ്പർ മുന്നോട്ടുവെക്കുന്ന ചോദ്യങ്ങളിലൊന്ന്. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീം ജനവിഭാഗത്തിന് പങ്കെടുക്കേണ്ടിവന്നത് വിവേചനപരമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലാണെന്നും ഈ പേപ്പർ പറയുന്നു. വിവരശേഖരണത്തിനായി അശോക യൂണിവേഴ്‌സിറ്റിയുടെ തന്നെ കീഴിലുള്ള ത്രിവേദി സെന്റർ ഫോർ പൊളിറ്റിക്കൽ ഡേറ്റയേയും അദ്ദേഹം ആശ്രയിച്ചിട്ടുണ്ട്.

അശോക യൂണിവേഴ്സിറ്റി. കടപ്പാട്:telegraph

ആ​ഗോളമായി തകരുന്ന സുതാര്യത

ലോകത്തെങ്ങുമുള്ള വിവിധ ജനാധിപത്യ വ്യവസ്ഥകളിൽ തെരഞ്ഞെടുപ്പുകളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സബ്യസാചി ദാസ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിശോധിക്കുന്നത്. (2020ൽ ജോ ബൈഡൻ യു.എസിൽ അധികാരത്തിൽ വന്നതും സമ്മതിദാന പ്രക്രിയയിലെ ക്രമക്കേടുകളിലൂടെയാണ് എന്ന് വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗാലപ് വേൾഡ് പോൾ സർവ്വേയുടെ ഫലം പറയുന്നത് 40 ശതമാനം അമേരിക്കൻ വോട്ടർമാർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ്. ലോകത്താകെ ഇങ്ങനെ ചിന്തിക്കുന്നവർ 50 ശതമാനമുണ്ട് (2007-2013ലെ കണക്കനുസരിച്ച്). 2021 ഫ്രീഡം ഹൗസ് റിപ്പോർട്ട് വ്യക്തമാക്കുന്നത് കഴിഞ്ഞ 15 വർഷങ്ങളായി ആഗോള സ്വാതന്ത്ര്യം തകർച്ച നേരിടുകയാണെന്നാണ്. 2001 മുതൽ ജനാധിപത്യരാജ്യങ്ങളുടെ ഭൂരിപക്ഷം കുറഞ്ഞുതുടങ്ങി എന്ന് 2020ലെ ഡെമോക്രസി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. (റിപ്പോർട്ട് പറയുന്ന പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനിടെ ഏകാധിപത്യ രൂപത്തിലെത്തിയ രാജ്യങ്ങൾ ഹംഗറി, തുർക്കി, പോളണ്ട്, സെർബിയ, ബ്രസീൽ, ഇന്ത്യ എന്നിവയാണ്).

ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ വീഴ്ച എങ്ങനെ സംഭവിച്ചു എന്നതിന് വസ്തുനിഷ്ഠമായ ഉത്തരങ്ങൾ അന്വേഷിക്കുന്നുണ്ട് ഈ പേപ്പർ. ഗാലപ് എന്ന അമേരിക്കൻ ഗവേഷണ സംഘടനയുടെ സർവ്വേ ഫലം പറയുന്നത് ഇന്ത്യയിലെ മൂന്നിലൊന്ന് ജനങ്ങൾ 2019ലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആത്മവിശ്വാസം സൂക്ഷിക്കുന്നവരാണ് എന്നാണ്. കുറഞ്ഞത് 2006 മുതലെങ്കിലും ഇന്ത്യക്കാർക്ക് തെരഞ്ഞെടുപ്പിൽ വലിയ വിശ്വാസമുണ്ട്. ശക്തമായ ഉദ്യോഗസ്ഥ സംവിധാനങ്ങൾ നിലനിൽക്കുന്ന ജപ്പാൻ (57%), ഫ്രാൻസ് (57%), യുകെ (61%) എന്നിവയോടൊപ്പം, ഇന്ത്യയിൽ തെരഞ്ഞെടുപ്പു കമ്മീഷനും സമാനമായ രീതിയിൽ ശക്തമായ സംവിധാനമായി തുടരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ അമേരിക്കയിൽ നടന്ന പ്രതിഷേധം. കടപ്പാട്:gettyimages

വിഡം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡെമോക്രസി റിപ്പോർട്ടുകളിൽ, ജനാധിപത്യത്തിന്റെ വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനാധിപത്യ തകർച്ച ചൂണ്ടിക്കാട്ടുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരമാധികാരവും തകരുകയാണെന്ന് ഈ റിപ്പോർട്ട് പറയുന്നു. 2021ലെ ഡെമോക്രസി റിപ്പോർട്ട് ഇന്ത്യയെ പട്ടികപ്പെടുത്തിയിരിക്കുന്നത് തെരഞ്ഞെടുപ്പ് ഏകാധിപത്യ വ്യവസ്ഥയെന്നാണ് (ഇലക്ടറൽ ഓട്ടോക്രസി). വിവിധ രാജ്യങ്ങളിലെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ അടയാളപ്പെടുത്തുന്ന ഫ്രീഡം ഹൗസ് എന്ന സംഘടനയുടെ റിപ്പോർട്ട്, ഇന്ത്യയെ സ്വതന്ത്ര രാജ്യം എന്നതിൽ നിന്ന് ഭാഗിക സ്വതന്ത്രരാജ്യം (partially free) എന്ന് പട്ടികപ്പെടുത്തുകയുണ്ടായി. ഇന്ത്യൻ പൗരർ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളുടെ സമകാലിക അവസ്ഥകൾ പരിശോധിച്ചാണ് ഫ്രീഡം ഹൗസിന്റെ ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചരണവും പ്രക്രിയയുമെല്ലാം ഫ്രീഡം ഹൗസിന്റെ ഈ റിപ്പോർട്ടിൽ വിശദമായി സർവേ ചെയ്യപ്പെട്ടു.

ക്രമക്കേടുകൾ നടന്നിരിക്കാവുന്ന രീതികൾ

ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പരിശോധിച്ച് വോട്ടർമാരുടെ മതാടിസ്ഥാനത്തിൽ നടന്ന ക്രമക്കേടുകൾ സബ്യസാചി ദാസിന്റെ റിപ്പോർട്ട് തുറന്നുകാണിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർ വീടുകൾ തോറും പ്രചരണം നടത്തിയിട്ടുണ്ട് എന്നും കാണാം. തെരഞ്ഞെടുപ്പ് ക്രമക്കേട് വോട്ടർ രജിസ്‌ട്രേഷന്റെ സമയത്തും വോട്ട് കൗണ്ടിംഗിന്റെ സമയത്തും സംഭവിക്കാം.

2019ലെ തെരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ പരിശോധിക്കാനായി സബ്യസാചി ദാസ് ഉപയോഗിച്ചത് മക് ക്രറി ടെസ്റ്റ് എന്ന സ്റ്റാറ്റിറ്റിക്കൽ ടൂൾ ആണ്. (2008ൽ കൊളംബിയ ലോ സ്‌കൂളിലെ, നിയമത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലുള്ള സ്റ്റാറ്റിസ്റ്റിക്‌സിന്റെ പ്രയോക്താവായ പ്രൊഫസറായ ജസ്റ്റിൻ മക്ക്രാറി മുന്നോട്ടുവെച്ചതാണിത്.) തെരഞ്ഞെടുപ്പ് ഫലത്തിൽ വന്നിട്ടുള്ള ക്രമക്കേട് കണ്ടെത്താൻ, അതിന്റെ തുടർച്ചയുടെ വിവിധ സ്വഭാവങ്ങൾ പഠനവിധേയമാക്കുന്നതാണ് മക് ക്രറി ടെസ്റ്റ്.

പോളിങ് സ്‌റ്റേഷനുകളിൽ എല്ലാമായി സംഭവിച്ച ക്രമക്കേടുകൾ പരിശോധിച്ച് ന്യൂനപക്ഷ വോട്ടിങ് ജനസംഖ്യയിൽ പ്രതിഫലിക്കുന്ന വ്യത്യാസങ്ങൾ സബ്യസാചി ദാസ് പഠനവിധേയമാക്കിയിട്ടുണ്ട്. ക്രമക്കേടുകളുടെ സ്വഭാവം വളരെ സൂക്ഷ്മമായതിനാൽ വിവിധ രീതികൾ പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും ഗവേഷകൻ പറയുന്നു. പഠനത്തിൽ നിന്നും: “1996ൽ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയൊരു വോട്ടെടുപ്പിൽ പ്രതികരിച്ച 62 ശതമാനം പേരും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ ബഹുമാന്യമായൊരു പൊതു സംവിധാനമായി കാണുന്നു. 2008ലെ മറ്റൊരു പഠനത്തിൽ ഇത് 80 ശതമാനമാണ്. ഇന്ത്യയിൽ 1977 മുതൽ 2004 വരെയുള്ള കാലയളവിൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നിട്ടില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രശാന്ത് ഝായുടെ ‘How the BJP wins: Inside India’s greatest election machine’ എന്ന പുസ്തകത്തിൽ ബി.ജെ.പി എങ്ങനെയാണ് പ്രചരണത്തിലൂടെ 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനം വളർത്തിയതെന്ന് കാണാം. പോളിങ് ബൂത്ത് തലത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ച് ആ കമ്മിറ്റികൾ വഴി വോട്ടർമാരുമായി ഇടപെടലുകൾ നടത്തുകയും പാർട്ടി അംഗത്വ ഡ്രൈവുകൾ നടത്തുകയും വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങളും സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ സൂചകങ്ങളും ശേഖരിക്കുകയും ചെയ്തതായും ഈ പുസ്തകത്തിൽ പറയുന്നു. ഇതെല്ലാം ചെയ്യുന്നതിനുള്ള വലിയ തോതിലുള്ള മൂലധനവും നിർണ്ണായകമായി.” 2019 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിൽനിന്നുളള വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്ത സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നും വളരെ കുറഞ്ഞ തോതിൽ മാത്രം വോട്ടുകൾ കിട്ടുന്നതിനാൽ ബി.ജെ.പിക്ക് ഇതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു എന്നും സബ്യസാചി ദാസ് നിരീക്ഷിക്കുന്നു.

ബി.ജെ.പിയുടെ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണം. കടപ്പാട്:cnbc

2019ൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. വോട്ടിങ് യന്ത്രത്തിന്റെ ക്രമക്കേടിലൂടെ സംഭവിച്ച ഫല വ്യതിയാനത്തിന്റെ ഒരു ഉദാഹരണമായി, ഇലക്ഷൻ കമ്മീഷൻ ആദ്യം പ്രസിദ്ധീകരിച്ച ഫലങ്ങളും ദാസിന്റെ പേപ്പറിൽ ഉപയോഗിക്കുന്നുണ്ട്. വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ- കൗണ്ടിങ് ഒബ്‌സർവർമാരുടെ വിവരങ്ങൾ- എന്നിവയും പഠനവിധേയമാക്കി. വോട്ടെണ്ണൽ പ്രക്രിയയിൽ എന്തെങ്കിലും ക്രമക്കേട് നടന്നതായി കണ്ടാൽ അത് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് റിപോർട്ട് ചെയ്യാൻ അധികാരമുള്ളവരാണ് ഈ ഉദ്യോഗസ്ഥർ. പ്രസിദ്ധീകരിക്കപ്പെട്ട ഇവരുടെ വിവരങ്ങൾ- സർക്കാർ സർവ്വീസിലെ പദവി, ഇവർ ഏത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തുടങ്ങിയവ പഠനത്തിന് ഉപയോഗിച്ചിട്ടുണ്ട്. 543 പാർലമെന്ററി മണ്ഡലങ്ങളിൽ 539 മണ്ഡലങ്ങളിലെ 1804 കൗണ്ടിങ് ഒബ്‌സേർവർമാരുടെ വിവരങ്ങൾ ഇങ്ങനെ ശേഖരിച്ചു. പോളിങ് സ്‌റ്റേഷൻ തലത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം ഉപയോഗിച്ചു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 900,000 പോളിങ് സ്‌റ്റേഷനുകളിൽനിന്നുള്ള ഡേറ്റ, ദേശീയ തെരഞ്ഞെടുപ്പ് സർവ്വേ 2019, വോട്ടേഴ്‌സ് ലിസ്റ്റ് ഉപയോഗിച്ച് മുസ്ലീം ഇലക്ടറേറ്റുകളുടെ ഷെയർ എന്നിവയാണ് ശേഖരിച്ചത്.

ശക്തമായ മത്സരത്തിന് സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രചരണം ഉപയോഗിച്ചുതന്നെ ബി.ജെ.പി വിജയം ഉറപ്പിച്ചതാകണം എന്നും പേപ്പർ നിരീക്ഷിക്കുന്നു. സംസ്ഥാനതലത്തിൽ ബി.ജെ.പി ഭരണമുള്ളപ്പോൾ അവിടെയെല്ലാം ഇത്തരത്തിലുള്ള പ്രചരണങ്ങൾ ശക്തമാക്കാനും വിജയസാധ്യത ഉറപ്പിക്കാനും കഴിയും. ഇന്ത്യയിലെ നിയോജക മണ്ഡലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പ്രചരണം നടത്തിയതെങ്ങനെ എന്നതിനെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പഠനത്തിനായി ഗവേഷകൻ ആശ്രയിച്ചത് 2019ലെ ദേശീയ തെരഞ്ഞെടുപ്പ് സർവ്വേ ആണ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ താഴെ പറയുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള മത്സരാർത്ഥിയോ രാഷ്ട്രീയ നേതാവോ നിങ്ങളുടെ വീട്ടിൽ വോട്ടു ചോദിച്ച് വന്നിരുന്നോ എന്ന പുതിയ ചോദ്യമാണത്.

ക്രമക്കേടിന്റെ തെളിവുകൾ

വോട്ടർ രജിസ്‌ട്രേഷൻ, വോട്ടിങ് സമയം, വോട്ടെണ്ണൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിൽ ക്രമക്കേടുകൾ സംഭവിക്കാം. വോട്ടർ രജിസ്‌ട്രേഷനിൽ ക്രമക്കേട് നടന്നു എന്നതിന് ദാസ് മുന്നോട്ടുവെക്കുന്ന തെളിവുകൾ, ബി.ജെ.പി എളുപ്പം ജയിക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിൽ വന്ന വളർച്ചയാണ്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള മണ്ഡലങ്ങളിലാണ് ഈ പ്രവണത കൂടുതലായി കാണപ്പെട്ടതെന്നും ദാസിന്റെ പഠനം നിരീക്ഷിക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായ ഇവിഎം ഡാറ്റയും വോട്ടർ ടേൺ ഔട്ടും തമ്മിലുള്ള വ്യത്യാസം ‘ദ ക്വിന്റി’ന്റെ പൂനം അഗർവാൾ തയ്യാറാക്കിയ റിപ്പോർട്ടിലൂടെ മുമ്പ് തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഭാഗമായ 373 മണ്ഡലങ്ങളിൽ രണ്ട് തരത്തിലുള്ള ഡാറ്റ രൂപപ്പെട്ടത്. തമിഴ്‌നാട് ഇത്തരത്തിൽ ക്രമക്കേട് രേഖപ്പെടുത്തിയ മണ്ഡലങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. രേഖപ്പെടുത്തപ്പെട്ട ഇവിഎം വോട്ടുകളും കൗണ്ട് ചെയ്യപ്പെട്ട ഇവിഎം വോട്ടുകളും തമ്മിലുള്ള, 10,000ലധികം വോട്ടുകളുടെ വ്യത്യാസമാണ് ക്വിന്റ് റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ചോദ്യമായി ഉന്നയിച്ചത്. വിശദീകരണം അന്വേഷിച്ച് പ്രതികരണം തേടിയ റിപ്പോർട്ടർക്ക് ഉടൻ മറുപടി നൽകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും പ്രതികരണം ലഭിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽനിന്നും ഈ ഫലം നീക്കം ചെയ്യുകയായിരുന്നു. എന്തുകൊണ്ട് ഈ വിവരങ്ങൾ നീക്കം ചെയ്തു എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. എസ്.വൈ ഖുറേശി, എൻ ഗോപാലസ്വാമി, എച്ച്.എസ് ബ്രഹ്‌മ എന്നീ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഈ ക്രമക്കേടുകൾക്ക് വിശദീകരണം നൽകണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത അങ്ങനെ മാത്രമേ നിലനിർത്താൻ കഴിയൂ എന്നും പറഞ്ഞിരുന്നു. ബി.ജെ.പിക്ക് ഉയർന്ന വോട്ടേഴ്‌സ് ടേൺ ഔട്ട് ഉണ്ടാകുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണെന്ന പ്രധാന നിരീക്ഷണവും ദാസിന്റെ പേപ്പർ വിശദീകരിക്കുന്നുണ്ട്.

പോളിങ് സ്‌റ്റേഷൻ അടിസ്ഥാനത്തിൽ നടന്ന ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യമായ വിവരങ്ങൾ പഠനവിധേയമാക്കി. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളുടെ വോട്ട് ഷെയർ പഠനവിധേയമാക്കി. ഉയർന്ന വോട്ടിങ് നിരക്കുള്ള പോളിങ് സ്‌റ്റേഷനുകളിൽ, ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ വോട്ട് ഷെയറിൽ ഉയർച്ചയുണ്ടായതായി കാണാം. ബി.ജെ.പി പരാജയപ്പെട്ട മണ്ഡലങ്ങളിൽ താഴ്ന്ന വോട്ട് ഷെയറും. ഈ പോളിങ് സ്‌റ്റേഷനുകൾ കൂടുതലും ന​ഗരങ്ങളിലാണുള്ളത്. ബി.ജെ.പി ഒരു പാർലമെന്ററി മണ്ഡലത്തിൽ എത്രത്തോളം സ്വാധീനം നേടിയെന്ന് കണ്ടെത്താനുള്ള നല്ലൊരു സൂചകമാണ് ന​ഗര മണ്ഡലങ്ങളിൽ പാർട്ടിക്ക് ലഭിച്ച വോട്ട് ഷെയർ, ഇതാണ് പേപ്പറിലെ മറ്റൊരു നിരീക്ഷണം.

ഉത്തർപ്രദേശിലെ ഒരു പോളിം​ഗ് ബൂത്തിൽ നിന്നും. കടപ്പാട്:PTI

കടുത്ത മത്സരം നിലനിന്ന, ബി.ജെ.പിക്ക് ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ ഇവിഎം ഡാറ്റയിലുണ്ടായ ക്രമക്കേട് വലുതാണ്. ഇത് കൗണ്ടിങ് സമയത്തെ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലുള്ള പിഴവുകളാണ് സൂചിപ്പിക്കുന്നത് എന്ന് പേപ്പർ നിരീക്ഷിക്കുന്നു. സബ്യസാചി ദാസിന്റെ വാദങ്ങൾ സാധൂകരിക്കാനായി പരാമർശിച്ച മറ്റു രണ്ട് പഠനങ്ങൾ ചരിത്രപരമായി സമകാലിക പ്രാധാന്യമുള്ളവയാണ്. 2012-2017 കാലയളവിൽ, ഉത്തർപ്രദേശിൽ നിന്നുള്ള വ്യക്തിഗതമായ പാനൽ ഡാറ്റ ഉപയോഗിച്ച് മുസ്ലീം വോട്ടർമാരുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടതായി ജൊനാതൻ ലെനെ നടത്തിയ ‘ഇൻകംബെന്റ്‌സ്, മൈനോറിറ്റീസ് ആൻഡ് വോട്ടർ പർജെസ്: എവിഡൻസ് ഫ്രം 120 മില്യൺ വോട്ടേഴ്‌സ് രജിസ്‌ട്രേഷൻസ് ഇൻ ഇന്ത്യ’ എന്ന പേപ്പറിൽ പറയുന്നു. സ്റ്റോക്‌ഹോം സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ 2020ൽ നടത്തിയ ഒരു സെമിനാറിലാണ് ഈ വിവരങ്ങൾ ജൊനാതൻ ലെനെ അവതരിപ്പിച്ചത്. “ഈ പേപ്പറിലൂടെ ഞാൻ വ്യക്തമാക്കുന്നത് മുസ്ലീം പേരുള്ള വോട്ടർമാർ ഇലക്ടറൽ റോളിൽനിന്നും നീക്കം ചെയ്യപ്പെടാനുള്ള വലിയ സാധ്യതകളാണ് മുസ്ലീം അല്ലാത്തൊരു രാഷ്ട്രീയ നേതാവോ, മുസ്ലീം ജനതക്കിടയിൽ ഒട്ടും പിന്തുണ കിട്ടാത്ത പാർട്ടിയിലെ (ഭാരതീയ ജനതാ പാർട്ടിയിലെ) നേതാവോ ആണ് മത്സരിക്കുന്നതെങ്കിൽ ഉള്ളത്. മുസ്ലീം, ബി.ജെ.പി മത്സരാർത്ഥികൾ തമ്മിൽ തെരഞ്ഞെടുപ്പിൽ മത്സരമുണ്ടായ മണ്ഡലങ്ങളാണ് ഇതിനായി പഠനവിധേയമാക്കിയത്, ഇവയാണ് വോട്ടേഴ്‌സ് ലിസ്റ്റ് അട്ടിമറിക്കാൻ സാധ്യതയുള്ളതും മുസ്ലീം വോട്ടുകൾ പ്രവചിക്കാൻ കഴിയുന്നതുമായ സാഹചര്യങ്ങൾ.” ജൊനാതൻ ലെനെയുടെ പേപ്പറിന്റെ ഉള്ളടക്കത്തിൽ വിവരിക്കുന്നു.

യൂസഫ് നെഗേഴ്‌സിന്റെ ‘എൻഫ്രാൻചൈസിങ് യുവർ ഓൺ? എക്‌സ്‌പെരിമെന്റൽ എവിഡൻസ് ഓൺ ബ്യൂറോക്രാറ്റ് ഡൈവേഴ്‌സിറ്റി ആൻഡ് എലക്ഷൻ ബയാസ് ഇൻ ഇന്ത്യ’ എന്ന പഠനം 2014ൽ ബിഹാറിലെ രണ്ട് ജില്ലകളെ ആധാരമാക്കി നടത്തിയതാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് സ്‌റ്റേഷൻ അഡ്മിനിസ്‌ട്രേറ്റർമാരുടെ വൈവിധ്യം അന്വേഷിക്കുകയാണ് ഈ പേപ്പറിൽ. തെരഞ്ഞെടുപ്പ് ദിവസം നിയമിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ജാതി, മത സ്വത്വങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകുന്നത് എങ്ങനെയെന്ന് ഇതിൽ അവതരിപ്പിക്കുന്നു. ജാതി മേധാവിത്വ രാഷ്ട്രീയത്തിന് എതിരായി യാദവരും മുസ്ലീങ്ങളും രാഷ്ട്രീയ സഖ്യം രൂപീകരിച്ച സംസ്ഥാനമെന്ന പ്രത്യേകതയും ഈ പഠനത്തിന്റെ പശ്ചാത്തലമായി യൂസഫ് നെഗേഴ്‌സ് പരാമർശിക്കുന്നുണ്ട്. പോളിങ് ഓഫീസർമാർക്ക് വോട്ടർമാരോടുള്ള പെരുമാറ്റം, സമീപനം എന്നിവയെക്കുറിച്ചും ഈ പഠനത്തിൽ രേഖപ്പെടുത്തുന്നുണ്ട്.

“നിലവിൽ ഭരണത്തിലുള്ള പാർട്ടി മറ്റു പാർട്ടികളേക്കാൾ മികച്ച രീതിയിൽ വീടുകൾ തോറും പ്രചരണം നടത്തിയതായി എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറിച്ച്, വോട്ടർ രജിസ്‌ട്രേഷൻ സമയത്തും വോട്ടിങ്, വോട്ടെണ്ണൽ സമയങ്ങളിലും തുടർച്ചയായ ക്രമക്കേടുകൾ ഉണ്ടായതായി കാണുന്നു. ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് വിവേചനം മുസ്ലീം വോട്ടർമാർക്കെതിരായി ഉണ്ടായിട്ടുണ്ട്, വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിലൂടെ, തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഇലക്ഷൻ ഒബ്‌സർവർമാരുടെ മേൽനോട്ടം ദുർബലമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ക്രമക്കേടുകൾ വ്യാപകമായിരുന്നു എന്നല്ല ഇതിലൂടെ പറയുന്നത്. ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് വിവരങ്ങൾ ലഭ്യമായാൽ മാത്രം സാധിക്കുന്നതാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ നടന്ന തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ അന്വേഷിക്കുക എന്ന ഒട്ടും എളുപ്പമല്ലാത്ത ജോലി.” പേപ്പർ ഉപസംഹരിച്ചുകൊണ്ട് ദാസ് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു.

ഏതെങ്കിലും ഒരു പ്രത്യേക രീതിയിലാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിരിക്കുന്നത് എന്ന തീർപ്പിലെത്തുകയല്ല സബ്യസാചി ദാസിന്റെ ഈ പഠനം, മറിച്ച് ക്രമക്കേടുകൾ നടന്നിരിക്കാനുള്ള വിവിധ രീതികൾ- സാങ്കേതികമായും സാമൂഹികമായും നിലവിലുള്ളവ, കൃത്യമായ കണക്കുകളുടെയും വിശകലനങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണ് ചെയ്യുന്നത്. സമകാലികമായി റിപ്പോർട്ട് ചെയ്യപ്പെട്ട പല സംഭവങ്ങളും (ലിങ്കുകൾ ആഡ് ചെയ്യാൻ ഉണ്ട്) ഈ വിശദീകരണങ്ങൾക്ക് ബലം നൽകുകയും ചെയ്യുന്നു. അപ്പോഴും, സർവ്വകലാശാലയുടെ നടപടി ക്രമങ്ങൾക്ക് പുറത്തുനിൽക്കുന്ന, ഗവേഷകന്റെ ആക്റ്റിവിസമായി ഇതിനെ കാണാനാണ് അശോക യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്. അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്ന് ചൂണ്ടിക്കാണിച്ച് സബ്യസാചി ദാസിന്റെ സഹപ്രവർത്തകനായ അശോക യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് പ്രൊഫസർ പുലപ്ര ബാലകൃഷ്ണനും പ്രതിഷേധ സൂചകമായി രാജിവെക്കുകയുണ്ടായി.

ഐ.ബി അന്വേഷണവും അക്കാദമിക സ്വാതന്ത്ര്യവും

“പ്രൊഫസർ ദാസ്, അക്കാദമിക പ്രാക്റ്റീസിന്റെ എന്തെങ്കിലും രീതികൾ ലംഘിച്ചിട്ടില്ല. പിയർ റിവ്യൂവിലൂടെയാണ് അക്കാദമിക് ഗവേഷണങ്ങൾ വിലയിരുത്തപ്പെടുന്നത്. സബ്യസാചി ദാസിന്റെ പഠനത്തിന്റെ മെറിറ്റ് ചോദ്യം ചെയ്യുന്ന ഭരണസമിതിയുടെ നടപടി വ്യവസ്ഥാപിതമായ അവഹേളനമാണ്. പ്രൊഫസർമാർക്ക് ഭയത്തിന്റെ അന്തരീക്ഷത്തിൽ പ്രവർത്തിക്കേണ്ടിവരികയാണ്. ഇക്കണോമിക്‌സ് ഫാക്വൽറ്റിയിലെ പ്രൊഫസർമാരിൽ ആരെങ്കിലും ഇനി നടത്താനിരിക്കുന്ന വ്യക്തിഗത ഗവേഷണങ്ങളുടെ മൂല്യനിർണയത്തിൽ ഞങ്ങളാരും സഹകരിക്കുകയില്ലെന്നും കൂട്ടായ തീരുമാനമെടുത്തിട്ടുണ്ട്.” ഇക്കണോമിക്‌സ് ഡിപാർട്ട്‌മെന്റ് ഗവേണിങ് ബോഡിക്ക് അയച്ച തുറന്ന കത്തിൽ പറയുന്നു. പ്രൊഫസർ സബ്യസാചി ദാസിനെ തിരികെ കൊണ്ടുവരണമെന്നും അക്കാദമിക സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകണമെന്നും കത്ത് ആവശ്യപ്പെട്ടു. ഇക്കണോമിക്‌സ് വിഭാഗം മേധാവിയായ പുലാപ്ര ബാലകൃഷ്ണന്റെ രാജി, സബ്യസാചി ദാസിന്റെ പേപ്പറിനെ എതിർത്ത യൂണിവേഴ്സിറ്റി നിലപാടിനോടുള്ള പ്രതിഷേധമായിരുന്നു. സംഭവങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾക്കായി പുലാപ്ര ബാലകൃഷ്ണനുമായി സംസാരിക്കാൻ ഇമെയിൽ, ഫോൺ കോൾ എന്നിവ വഴി ശ്രമിച്ചെങ്കിലും ‘ഇപ്പോൾ ഒന്നും പറയാനില്ല, പിന്നീടാകാം’ എന്നായിരുന്നു മറുപടി. സർവ്വകലാശാല അധികൃതർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ഫോൺ കോളുകളാണ് പേപ്പറിനോടുള്ള നടപടികൾക്ക് കാരണമെന്ന് ‘ദ വയർ’ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ എഴുതുന്നു, സബ്യസാചി ദാസിന്റെ പേപ്പറിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുലാപ്ര ബാലകൃഷ്ണൻ

സ്വതന്ത്ര ചിന്തകളോടുള്ള സർവ്വകലാശാലയുടെ എതിർപ്പ് കാരണം അശോക യൂണിവേഴ്‌സിറ്റിയിലെ അധ്യാപകർ രാജിവച്ച ചരിത്രം മുമ്പുമുണ്ട്. ഇന്ത്യയിൽ സ്വകാര്യമേഖലയിൽ സർവ്വകലാശാലകൾ അനുവദിക്കപ്പെട്ടതിന്റെ ഭാ​ഗമായി 2014ൽ ആണ് അശോക യൂണിവേഴ്സിറ്റി ഹരിയാനയിൽ പ്രവർത്തനമാരംഭിക്കുന്നത്. 2016 ഡിസംബറിൽ മാത്തമാറ്റിക്‌സ് പ്രൊഫസറായ രാജേന്ദ്രൻ നാരായണൻ സർവ്വകലാശാലയിൽ നിന്നും രാജിവെച്ചു. കശ്മീർ സംബന്ധിച്ച പ്രസ്താവനയിൽ ഒപ്പുവെച്ചതിനെ തുടർന്നുള്ള നടപടിയിലായിരുന്നു രാജേന്ദ്രൻ നാരായണന്റെ രാജി. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ അതിക്രമങ്ങൾക്കെതിരെ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒപ്പുവെച്ചതാണ് ഈ പ്രസ്താവന. ഇത് കശ്മീരിൽ ഹിതപരിശോധന നടത്തണമെന്നു കൂടി ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഇതേത്തുടർന്ന് രാജിവെക്കേണ്ടിവന്നിരുന്നു. “സർവ്വകലാശാലകൾ ജനാധിപത്യനായുള്ള പരീക്ഷണശാലകളാക്കി മാറ്റേണ്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.ആവിഷ്‌കാര സ്വാതന്ത്ര്യം, തുല്യത, ലിംഗനീതി എന്നിവയോടൊപ്പം നീതി എല്ലാവർക്കും ഒരുപോലെ ലഭ്യമാകണം, അത് ഒരാളുടെ സാമൂഹിക അധികാരം കൊണ്ട് മാത്രം എത്തിച്ചേരാൻ പറ്റുന്ന ഒന്നാകരുത്.” 2017ൽ സ്‌ക്രോളിന് നൽകിയ അഭിമുഖത്തിൽ രാജേന്ദ്രൻ നാരായണൻ പറഞ്ഞു. “കശ്മീർ പ്രശ്‌നത്തിലുള്ള പ്രസ്താവനയെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്ക് അറിവുണ്ടായിരുന്നു. അത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമിടയിൽ ചർച്ച ചെയ്യപ്പെട്ടപ്പോഴൊന്നും ആരും എതിർത്തിരുന്നില്ല. മാത്രമല്ല, അത്തരമൊരു പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെട്ടാൽ, അതിൽ ഒപ്പുവെച്ചവർ അതിന് ഉത്തരവാദികളായിരിക്കില്ല.” രാജേന്ദ്രൻ പറയുന്നു. മറ്റ് അധ്യാപകരാരും ഈ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടില്ല. യൂണിവേഴ്‌സിറ്റിക്കുമേൽ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെയും സ്ഥാപകരിൽ ചിലരുടെയും സമ്മർദ്ദം ശക്തമായി ഉണ്ടായിരുന്നതായാണ് രാജേന്ദ്രൻ നാരായണന് യൂണിവേഴ്‌സിറ്റിയിൽനിന്നും ലഭിച്ച പ്രതികരണം. പ്രസ്താവനയിൽ ഒപ്പുവെച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നത്തെ തുടർന്ന്, അക്കാദമിക് അഫയേഴ്‌സ് വിഭാഗത്തിലെ ഡെപ്യൂട്ടി മാനേജർ സൗരവ് ഗോസ്വാമി, അക്കാദമിക് അഫയേഴ്‌സ് വിഭാഗത്തിലെ പ്രോഗ്രാം മാനേജർ ആദിൽ മുഷ്താഖ് ഷാ എന്നിവർ ഒക്ടോബറിൽ രാജിവെക്കുകയുണ്ടായി. ഡിസംബറിൽ രാജേന്ദ്രൻ നാരായണനും രാജിവെച്ചു.

രാജേന്ദ്രൻ നാരായണൻ

2021ൽ, രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ പ്രതാപ് ഭാനു മേത്തയ്ക്കും അശോക യൂണിവേഴ്‌സിറ്റിയിൽ നിന്നും പുറത്തിറങ്ങേണ്ടിവന്നു. “സ്വന്തം എഴുത്തുകൾ യൂണിവേഴ്‌സിറ്റിക്ക് രാഷ്ട്രീയ ബാധ്യതയായേക്കുമെന്ന് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകരുമായി നടന്ന മീറ്റിങ്ങിൽനിന്ന് വ്യക്തമായി. ഭരണഘടനാ മൂല്യങ്ങളെ അത് അർഹിക്കുന്ന പ്രാധാന്യത്തോടെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നതും, എല്ലാ പൗരർക്കും തുല്യ ബഹുമാനം ലഭിക്കേണ്ടതുണ്ട് എന്നതും സർവ്വകലാശാലയ്ക്ക് പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. സർവ്വകലാശാലയുടെ താൽപര്യങ്ങൾ കണക്കിലെടുത്ത് ഞാൻ രാജിവെക്കുന്നു.” യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ മാളബിക സർക്കാരിന് സമർപ്പിച്ച രാജിക്കത്തിൽ പ്രതാപ് ഭാനു മേത്ത എഴുതി. പ്രതാപ് ഭാനു മേത്തയുടെ രാജിയെ തുടർന്ന് ഡോ. അരവിന്ദ് സുബ്രഹ്‌മണ്യനും സർവ്വകലാശാലയിൽനിന്നും രാജിവെച്ചു. “സ്വകാര്യ പദവിയുള്ള, സ്വകാര്യ മൂലധനത്തിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലയ്ക്ക് അക്കാദമിക ആവിഷ്‌കാരങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഇടംനൽകാൻ കഴിയില്ല എന്നത് ഇവിടെ തുടരേണ്ടതുണ്ടോ എന്ന ചോദ്യമാണ് എന്നിൽ ഉയർത്തുന്നത്.” രാജിവച്ചുകൊണ്ട് അരവിന്ദ് സുബ്രഹ്‌മണ്യൻ ചോദിക്കുന്നു.

ദക്ഷിണേന്ത്യയിൽ നിന്നുള്ള തെളിവുകൾ

വോട്ടർ ലിസ്റ്റിൽ നിന്നും പേരുകൾ നീക്കം ചെയ്യപ്പെടുന്ന സംഭവങ്ങൾ 2018 മുതൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനുകൾ അതിനോടെല്ലാം പ്രതികരിക്കുകയും ചെയ്തിരിക്കെ, ദാസിന്റെ പേപ്പറിൽ ഉപയോഗിച്ചിരിക്കുന്നത് വളരെ ദുർബലമായ സാംപിളുകളാണ് എന്ന വാദം അപ്രസക്തമാകുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഊന്നൽ നൽകുന്ന ‘ദ ന്യൂസ് മിനിറ്റ്’ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിങ്, വോട്ടിങ് എന്ന മൗലിക അവകാശം പോലും ഇന്നത്തെ ഇന്ത്യയിൽ എങ്ങനെ അട്ടിമറിക്കപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതാണ്.

കർണാടകത്തിൽ, ബംഗളൂരുവിലെ ശിവാജിനഗർ മണ്ഡലത്തിൽ 26,000 വ്യാജ വോട്ടർമാർ ഉണ്ടെന്ന് കാണിച്ച് ബിജെപി നേതാക്കൾ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ 9,159 വോട്ടർമാർക്ക് നോട്ടീസ് നൽകി. 1.91 ലക്ഷം ജനസംഖ്യയിൽ 40 ശതമാനം മുസ്ലീംങ്ങളാണ്. ദലിത് സമുദായങ്ങളിൽ നിന്നുള്ളവരുടെയും പേരുകൾ ഇതിൽപ്പെടുന്നു. ബി.ജെ.പിയുമായി ബന്ധമുള്ള ചിലുമെ എന്ന സ്വകാര്യ ഏജൻസി ശിവാജിനഗർ ഉൾപ്പെടെയുള്ള നിരവധി മണ്ഡലങ്ങളിൽ നിന്നും വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനെ കുറിച്ചുള്ള ന്യൂസ് മിനിറ്റിന്റെ റിപോർട്ട് പ്രസിദ്ധീകരിച്ചതോടെ 2022 ഡിസംബറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരായി നടപടി സ്വീകരിച്ചു. കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ നൽകിയ വിശദീകരണം 26,000 പേരിൽ 9,159 പേർ ഇപ്പോൾ താമസം മാറുകയോ മരണപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ്. ഇതനുസരിച്ച് 2023 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ നൂറുകണക്കിന് വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് അധികാരികൾക്ക് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് കിട്ടിയതായും ന്യൂസ്മിനിറ്റ് റിപോർട്ട് ചെയ്യുന്നു. ബൂത്ത് ലെവൽ ഓഫീസർമാർ പരിശോധിച്ച പേരുകൾ തന്നെയാണ് ഈ 9,159 വോട്ടർമാരുടെ പേരുകളും. 2018ൽ തെലങ്കാനയിലും ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടതായി വിവരാവകാശ രേഖകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2019ൽ, ആന്ധ്രപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ സ്വീകരിച്ച 8 ലക്ഷം വോട്ടർ ഡിലീഷൻ അപേക്ഷകൾ പരിശോധിച്ചപ്പോൾ അതിൽ 95 ശതമാനം വോട്ടർമാരും നിലവിലുള്ളതായി ചീഫ് ഇലക്ടറൽ ഓഫീസർ ഗോപാലകൃഷ്ണ ദ്വിവേദി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസ്. കടപ്പാട്:PTI

അധികാരം നഷ്ടമാകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ

2023 മാർച്ചിൽ, അനൂപ് ബരൻവാൾ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള അംഗങ്ങളുടെ നിയമന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത പൊതു താൽപര്യ ഹർജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതിയിൽ അഞ്ചംഗ ബെഞ്ചിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞത്, തെരഞ്ഞെടുപ്പ് കമ്മീഷന് ശരിതെറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന വിശ്വസ്തവും സ്വതന്ത്രവുമായ കമ്മീഷണർമാരെയാണ് ആവശ്യം എന്നാണ്‌. 2015 ജനുവരിയിൽ, ജസ്റ്റിസ് അജയ് രസ്‌തോഗി അഭിപ്രായപ്പെട്ടത് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങൾ, ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും ബാധകമാകുന്ന രീതിയിലാക്കണം എന്നാണ്. “ചീഫ് ഇലക്ഷൻ കമ്മീഷണർമാരെ സുപ്രീംകോടതി ജഡ്ജിമാരെ പോലെ തന്നെ ഒരു പാർലമെന്ററി പ്രക്രിയയിലൂടെ മാത്രമേ നീക്കം ചെയ്യാൻ കഴിയൂ. രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ വിശ്വാസം സൂക്ഷിക്കുന്നു. അധികാരത്തിന് മുന്നിൽ പതറുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കാൻ കഴിയില്ല. തങ്ങളെ നിയമിച്ചവരോട് കടപ്പെട്ടവരായി തോന്നുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ രാജ്യത്തെ പരാജയപ്പെടുത്തും.” ജസ്റ്റിസ് കെഎം ജോസഫ് എഴുതി.

ആഗസ്റ്റ് 10ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച ‘ചീഫ് എലക്ഷൻ കമ്മീഷണർ ആൻഡ് അദർ എലക്ഷൻ കമ്മീഷണേഴ്‌സ് (അപ്പോയ്ന്റ്‌മെന്റ്, കണ്ടീഷൻസ് ഓഫ് സെർവീസ് ആൻഡ് ടേം ഓഫ് ഓഫീസ്) ബിൽ’ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ഭാവിയിൽ നിർണായകമാകും. കൊളീജിയം രീതിയിൽ പ്രസിഡന്റിന്റെ അനുമതിയോടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന നിലവിലെ രീതിയെ മാറ്റുവാനാണ് ഈ ബില്ലിന്റെ ലക്ഷ്യമെന്ന് മുൻ ആർമി, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും ഇക്കണോമിസ്റ്റുമായ എം.ജി ദേവസഹായം ‘ദ വയറി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ എഴുതുന്നു. ഈ ബില്ലിലെ 7ാം സെക്ഷൻ പ്രധാനമന്ത്രി നയിക്കുന്ന ഒരു സെലക്ഷൻ കമ്മിറ്റി- അതിൽ പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, ഒരു പ്രതിപക്ഷ നേതാവ് എന്നിവരെയാകും ഉൾപ്പെടുത്തുക എന്നും പറയുന്നു. ഈ കമ്മിറ്റിയിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസിനോ മറ്റേതെങ്കിലും നിയമ വിദഗ്ധർക്കോ സ്ഥാനമുണ്ടാകില്ല. ഇത്തരത്തിൽ നിയമിതരാകുന്നവരിൽ നിന്നും എന്തുതരം നിഷ്പക്ഷതയും സ്വതന്ത്രതയുമാണ് പ്രതീക്ഷിക്കാൻ കഴിയുക? ദേവസഹായം എഴുതുന്നു. ബില്ലിന്റെ വിവിധ വകുപ്പുകൾ ഇത്തരമൊരു നിയമന സംവിധാനത്തിന് തീരെ കെട്ടുറപ്പുണ്ടാകാൻ സാധ്യതയില്ലാത്ത സംവിധാനമാകുമെന്ന സൂചനകളാണെന്നും ലേഖകൻ വിശദമാക്കുന്നുണ്ട്. 2015ലെ അനൂപ് ബരൻവാൾ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രതയുമായി ബന്ധപ്പെട്ടുള്ളതാണ്. അതിലാണ് സുപ്രീംകോടതി 2023 മാർച്ചിൽ വിധി പുറപ്പെടുവിച്ചത്. ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ സുതാര്യത ഉറപ്പാക്കണമെന്നും എക്‌സിക്യൂട്ടീവിൽ നിന്നും അത് സ്വതന്ത്രമായിരിക്കണമെന്നുമാണ് അനൂപ് ബരൻവാളിന്റെ റിട്ട് പെറ്റിഷൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കേണ്ടത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ത്യൻ ചീഫ് ജസ്റ്റിസും ചേർന്ന ബെഞ്ചാണ് എന്നാണ് മാർച്ചിൽ സുപ്രീംകോടതി വിധിച്ചത്.

‘ഡീകോഡിങ് ദ സുപ്രീം കോർട്‌സ് ഇലക്ഷൻ കമ്മീഷൻ ജഡ്ജ്‌മെന്റ്’ എന്ന ലേഖനത്തിൽ അഭിഭാഷകനായ ഗൗതം ഭാട്യ ഈ സംവിധാനത്തിന്റെ ചരിത്രം പരിശോധിക്കുന്നു. തെരഞ്ഞെടുപ്പ് സംവിധാനം എക്‌സിക്യൂട്ടീവ് ഗവണ്മെന്റിന് പുറത്തായിരിക്കണം എന്ന, ഡോ. ബി.ആർ അംബേദ്കറുടെ ഭരണഘടനാ അസംബ്ലി ചർച്ചകളുടെ ഭാഗമായ പ്രസ്താവന ജസ്റ്റിസ് കെ.എം ജോസഫ് വിധിയിൽ ഉദ്ധരിക്കുന്നുണ്ട്. എക്‌സിക്യൂട്ടീവിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനുള്ള സ്വാതന്ത്ര്യം പ്രധാനമാകുന്നത് പൗരരുടെ വോട്ട് ചെയ്യാനുള്ള അവകാശം നടപ്പിലാക്കുന്ന സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ ആകുമ്പോഴാണ്. നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനഘടന ഭരണഘടനാപരമല്ലെന്നും ഗൗതം ഭാട്യ നിരീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ അട്ടമറിക്കപ്പെടുന്ന കാലത്ത് പൊതുതെരഞ്ഞെടുപ്പിൽ കാണപ്പെട്ട അസ്വാഭാവികമായ രീതികളെ തുറന്നുകാണിച്ച സബ്യസാചി ദാസിന്റെ പേപ്പർ കൂടുതൽ പ്രസക്തമാകുന്നുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 27, 2023 12:55 pm