Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ചെങ്കല്‍കുന്നുകളാലും പാറപ്പരപ്പുകളാലും സമ്പന്നമാണ് കണ്ണൂരിന്‍റെ ഇടനാട്. മനുഷ്വാധ്വാനത്താല്‍ സ്വന്തം പുരയിടങ്ങളില്‍ നിന്നോ സമീപ്രദേശങ്ങളില്‍ നിന്നോ കൊത്തിയെടുക്കുന്ന ചെങ്കല്ലുകളായിരുന്നു കാലങ്ങളായി ഈ പ്രദേശങ്ങളില്‍ കെട്ടിടനിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന പ്രധാന അസംസ്കൃതവസ്തു. പ്രകൃതിവിഭവങ്ങളുടെ പ്രാദേശികവും നിയന്ത്രിതവുമായ ഉപഭോഗം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം പരിമിതമായിരുന്നു. എന്നാലിന്ന് ചെങ്കല്ലിന്‍റെ വിപണിവത്കരണവും യന്ത്രങ്ങളുപയോഗിച്ചുള്ള ഖനനവും കുന്നുകളുടേയും പരപ്പുകളുടേയും നിലനില്‍പ്പിനെ അപകടത്തിലാക്കിയിരിക്കുന്നു. നിർമ്മാണ മേഖലയുടെ വളർച്ചയും അനധികൃതവും അനിയന്ത്രിതമായ ഖനനപ്രവര്‍ത്തനത്തിന് ആക്കം കൂട്ടി.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാനൂറോളം ക്വാറികളില്‍ മുപ്പത്തിമൂന്നെണ്ണം മാത്രമേ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നുള്ളൂ. സമീപപ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പടെയുള്ള ശുദ്ധജല സ്രോതസുകള്‍ വറ്റിപ്പോവാന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ കാരണമാവുന്നുണ്ടെന്നാണ് കണ്ണൂര്‍ ജില്ലാ പരിസ്ഥിതി ഏകോപന സമിതി പറയുന്നത്. ഈ പശ്ചാത്തലത്തിലാണ്, സെപ്തംബർ 18, 19 തീയതികളിൽ പയ്യന്നൂര്‍ താലൂക്കിലെ ചെങ്കല്‍ പരപ്പുകളിലൂടെ ഒരു പഠന-സംവാദ യാത്ര നടത്താന്‍ സമിതി തീരുമാനിച്ചത്. ആ യാത്രയില്‍ ആദ്യ ദിവസം ഞാനും പങ്കുചേർന്നിരുന്നു. മാത്തില്‍, കാങ്കോല്‍, ആലപ്പടമ്പ്, കരിയാപ്പ്, അരവഞ്ചാല്‍, പെരിന്തട്ട മേഖലയിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ഞങ്ങള്‍ കണ്ട ഒരു ക്വാറിക്ക് പോലും പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നില്ല. ചിലത് നിര്‍ത്തിവെക്കാനുള്ള ഉത്തരവുണ്ടായിട്ടും തകൃതിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.


ചില ക്വാറികളുടെ തൊട്ടടുത്ത് തന്നെ വീടുകളുമുണ്ട്. അതൊന്നും ക്വാറിയുടമകളുടെ പരിഗണനാ വിഷയമേയല്ല. ക്വാറികള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ “ഖനനം നടത്താന്‍ ലൈസന്‍സുണ്ടോ?” എന്ന ചോദ്യത്തിന് “അത് ഇവിടെ ആര്‍ക്കാ ഉള്ളത്?” എന്ന മറുചോദ്യമായിരുന്നു ഉത്തരം. സ്റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിരന്തരം പരിശോധന നടത്താനോ നിരീക്ഷിക്കാനോയുള്ള ആള്‍ബലം തങ്ങള്‍ക്കില്ലെന്ന മറുപടിയാണ് ഞങ്ങള്‍ സന്ദര്‍ശിച്ച ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ചത്. ഞങ്ങള്‍ പോയ കാങ്കോല്‍-ആലപ്പടപ്പ്, പെരിന്തട്ട വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍മാര്‍പോലുമുണ്ടായിരുന്നില്ല. കല്ലുമായി പോവുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ അത് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകള്‍ ഏറെയാണെന്നാണ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരിഭവം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ക്വാറിയിലെത്തി ബന്ധപ്പെട്ട വില്ലേജിലെ ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ അവര്‍ക്ക് വരാന്‍ വാഹനങ്ങളില്ലായിരുന്നു! ഒരു ടാക്സി വിളിച്ച് വന്നോളൂ വാടക സമിതി കൊടുത്തോളാം എന്ന് പറഞ്ഞിട്ടും അവരെത്താന്‍ ഒരു മണിക്കൂറിലേറെ സമയമെടുത്തു. വന്നത് സ്വകാര്യ ഇരുചക്രവാഹനങ്ങളിലാണ്. അവര്‍ എത്തുമ്പോഴേക്കും ആ ക്വാറിയിലേയും സമീപത്തുള്ള ക്വാറിയിലേയും മെഷീനുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. മണ്ണ് മാന്തികളും ലോറികളും എങ്ങോട്ടൊക്കെയോ ഒളിപ്പിച്ചിരുന്നു.
ക്വാറികള്‍ നടത്തുന്നതാരും പ്രദേശവാസികളല്ല. പക്ഷേ, നടത്തിപ്പുകാര്‍ തമ്മില്‍ തമ്മില്‍ ബന്ധപ്പെടുന്നുണ്ട്. സമിതിയുടെ യാത്രയെക്കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടായിരുന്നു. പല ക്വാറികളിലും ഞങ്ങളുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നവരെ കണ്ടു. അവര്‍ ഞങ്ങളുടെയടുത്ത് വന്ന് പലതും വിശദീകരിക്കും. ചിലത് മൂക്കത്ത് വിരല് വെച്ചുപോവും ന്യായീകരണങ്ങളാണ്. വൈകിട്ട് നാല് മണിയായിട്ടും കല്ല് കയറ്റാനായി നാല് ലോറികള്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ക്വാറിയുടെ ഉടമയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഞങ്ങളോട് പറഞ്ഞത്, “ഇത് കല്ലെടുക്കലൊന്നുമല്ല, ഒരു ഫാം തുടങ്ങാന്‍ വേണ്ടി ഈ സ്ഥലം നിരപ്പാക്കുകയാണ്.” എന്നാണ്.


പലരും ഭൂമി പാട്ടത്തിനെടുത്താണ് ഖനനം നടത്തുന്നത്. തൃശൂർ വരെയും അതിര്‍ത്തി കടന്നുപോലും കല്ല് കൊണ്ടുപോവുന്നുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍ക്ക് പുറമേ ഉപേക്ഷിക്കപ്പെട്ട ക്വാറികളും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ക്വാറി മാഫിയയുടെ ആളുകള്‍ മര്‍ദ്ദിച്ച കരിയാപ്പിലെ തങ്കമണിയുടെ വീടും ഞങ്ങള്‍ സന്ദര്‍ശിച്ചു.
രണ്ടാം ദിവസം യാത്ര തുടരുന്നതിനിടയില്‍ ആലക്കാട് കാങ്കോലില്‍വെച്ച് പതിനെട്ടോളം ഗുണ്ടകള്‍ കണ്ണൂര്‍ ജില്ലാ പരിസ്ഥിതി ഏകോപന സമിതി ചെയര്‍മാനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.സി ബാലകൃഷ്ണന്‍, കണ്‍വീനര്‍ കെ.ഇ കരുണാകരന്‍, സി ദിവാകരന്‍ എന്നിവരെ മര്‍ദ്ദിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽപ്പണ സംബന്ധിച്ച് വിവരം കൊടുത്തതിനെത്തുടർന്ന് വില്ലേജ് ഓഫീസറും സംഘവുമെത്തി അളന്ന് കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ചെങ്കൽ മാഫിയയുടെ അക്രമത്തിൽ പ്രതിഷേധിച്ച് സെപ്തംബർ 20ന് പയ്യന്നൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.


ചെങ്കല്‍ പ്രദേശങ്ങളുടെ പ്രസക്തി
കണ്ണൂര്‍-കാസറഗോഡ് ജില്ലകളില്‍ ഒഴുകുന്ന മഞ്ചേശ്വരം മുതല്‍ മാഹി പുഴവരെയുള്ള പതിനാറ് നദികളില്‍ പത്തും ഉത്ഭവിക്കുന്നത് ഇടനാടന്‍ ചെങ്കല്‍ പരപ്പുകളില്‍ (Laterite Plateau) നിന്നും കുന്നുകളില്‍ (Laterite Hillocks) നിന്നുമാണ്. ഇത്രയും നദികള്‍ ഒഴുകിക്കണ്ടിരിക്കാനാവശ്യമായ ശുദ്ധജലം ശേഖരിക്കുന്ന സംഭരണികളും വിപുലമായ സസ്യ-ജൈവ വൈവിധ്യമുള്ള ആവാസവ്യവസ്ഥയുമാണ് ചെങ്കല്‍ കുന്നുകള്‍. കേരളത്തിലെ ചെറിയ പുഴകളിലൊന്നായ രാമപുരം പുഴയുടെ പ്രധാന നീരൊഴുക്ക് വരുന്നത് പരിയാരം മെഡിക്കല്‍ കോളേജിന് കിഴക്കുള്ള കുന്നില്‍ നിന്നും കവ്വായി പുഴയുടെ നീരൊഴുക്കുകള്‍ രൂപപ്പെടുന്നത് ചീമേനിയിലെ ചൂരാപ്പ് കാവില്‍ നിന്നുമാണ്. പയ്യന്നൂരിലുടെ ഒഴുകുന്ന പെരുമ്പ പുഴയിലേക്കൊഴുകുന്ന നീര്‍ച്ചാലുകള്‍ പലതും ആരംഭിക്കുന്നത് അരവഞ്ചാല്‍ കാവുള്‍പ്പെടെയുള്ള ഇടനാടന്‍ ചെങ്കല്‍ പ്രദേശത്തുനിന്നാണ്.
“എന്നാല്‍ ഈ നീര്‍ച്ചാലുകള്‍ രൂപപ്പെടുന്ന ഈ പ്രദേശത്തുതന്നെ ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെതിരായ ജനകീയ പ്രക്ഷോഭവും ഉയര്‍ന്നു വന്നിരുന്നു. കാവ് സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യമായിരുന്നു അവര്‍ ഉയര്‍ത്തിയത്. കാവ് സംരക്ഷിക്കപ്പെട്ടെങ്കിലും ഇന്നും ഈ പ്രദേശങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. അനിയന്ത്രിതമായ ഖനനവും മഴയുടെ ഘടനയിലുണ്ടായ മാറ്റവും വെള്ളം മാനേജ് ചെയ്യാനുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളുടെ അഭാവവും ഈ നാടിനെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കാണ് വലിച്ചിഴക്കുന്നത്. വിദൂരമല്ലാത്ത ഭാവിയില്‍ നമ്മള്‍ അനുഭവിക്കാന്‍ പോവുന്ന കുടിവെള്ള ക്ഷാമത്തില്‍ നിന്നും രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ കാവുകള്‍ പോലെ ചെങ്കല്‍ പരപ്പുകളും കുന്നുകളും വിശുദ്ധമായി കരുതപ്പെടേണ്ടതുണ്ട്.” എന്നാണ് വി.സി. ബാലകൃഷ്ണന്‍ പറയുന്നത്. “അതിനര്‍ഥം കല്ല് ഖനനം നടത്താനേ പാടില്ലെന്നല്ല, അത് ശാസ്ത്രീയമാവണമെന്നും ചട്ടങ്ങള്‍ പാലിച്ചുമായിരിക്കണം എന്നാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


“കാസറഗോഡ് മുതല്‍ മലപ്പുറം ജില്ലവരേയും തൃശൂരില്‍ ചെറിയൊരു പ്രദേശത്തും കൊല്ലം, തിരുവനന്തപുരത്തെ വര്‍ക്കല പ്രദേശത്തുമാണ് കേരളത്തില്‍ ലാറ്ററേറ്റ് കുന്നുകളും പരപ്പുകളും കാണപ്പെടുന്നത്. കണ്ണൂര്‍-കാസറഗോഡ് ജില്ലകളിലാകെ മൂവായിരത്തിലധികം ചെങ്കല്‍ കുന്നുകളുണ്ടായിരുന്നു. അതില്‍ മൂന്നില്‍ രണ്ടും ഇല്ലാതായിട്ടുണ്ടെന്നാണ് സമിതി വിലയിരുത്തുന്നത്. നിത്യഹരിത വനങ്ങളേക്കാല്‍ സസ്യ-ജൈവവൈവിധ്യമുള്ള ആവാസവ്യവസ്ഥയാണ് ലാറ്ററേറ്റ് കുന്നുകളും പരപ്പുകളും. കണ്ണൂര്‍-കാസറഗോഡ് ജില്ലയിലെ ചെങ്കല്‍ പ്രദേശങ്ങളില്‍ നിന്ന് മാത്രം നാല്പതോളം പുതിയ സസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനൊന്ന് പുതിയ ജീവജാതികള്‍ മാടായി പാറയില്‍ നിന്ന് മാത്രം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെ 0.01 ശതമാനം മാത്രമാണ് മാടായിപ്പാറ. എന്നാല്‍ ജില്ലയിലെ സസ്യവൈവിധ്യത്തിന്‍റെ ഏതാണ്ട് 59 ശതമാനവും മാടായിപ്പാറയില്‍ കാണാന്‍ സാധിക്കും. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന പുല്‍വര്‍ഗ സസ്യങ്ങളില്‍ മുപ്പതെണ്ണവും ലാറ്ററേറ്റ് പ്രദേശത്താണ് കാണുന്നത്. ചെങ്കല്‍ പരപ്പുകളും കുന്നുകളും ഇല്ലാതാവുമ്പോള്‍ ഈ വൈവിധ്യങ്ങളും ഇല്ലാതാവുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവരെ ബാധിക്കുന്ന വിഷയങ്ങളേയല്ല. എന്നാല്‍ കുടിവെള്ളമില്ലാതാവുന്നത് അവർക്കും ആകുലതയുണ്ടാക്കുന്ന ഒരു പ്രതിസന്ധിതന്നെയാണ്. മാടായിപ്പാറ മാത്രം സംഭരിക്കുന്ന വെള്ളത്തിന്‍റെ അളവ് 32 കോടി ലിറ്ററാണ്. അവശേഷിക്കുന്ന കുന്നുകള്‍ ചെയ്യുന്നതും ഇല്ലാതായ കുന്നുകള്‍ നിര്‍വഹിച്ചതും ഈ ധര്‍മമാണ്.” വി.സി ബാലകൃഷ്ണൻ വിശദമാക്കി.


“ജനജീവിതം, സൂക്ഷ്മകാലാവസ്ഥ, കാര്‍ഷികരീതികള്‍ എന്നിവയുടെ വ്യത്യസ്ഥതകളാല്‍ കേരളത്തിലെ ഭൂപ്രകൃതികളില്‍ ഏറെ സവിശേഷതയുള്ളതാണ് ഇടനാടന്‍ ചെങ്കല്‍ പരപ്പുകളും കുന്നുകളും. വേനല്‍കാലത്ത് വരണ്ടിരിക്കുമെങ്കിലും മറ്റ് സമയങ്ങളില്‍ കൃഷിയോഗ്യമാണ് ചെങ്കല്‍ പ്രദേശങ്ങള്‍. കരിവള്ളൂര്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം പ്രദേശങ്ങളില്‍ ചെങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ശിലായുഗകാലത്തെ അവശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചരിത്രാവശേഷിപ്പുകള്‍ ജൈവവൈവിധ്യം പോലെയും ജലത്തിന്‍റെ കലവറയെന്ന പ്രാധാന്യത്തോടൊപ്പവും പരിഗണിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഖനനപ്രവര്‍ത്തനങ്ങളിലൂടെ ഇതെല്ലാം നശിച്ചുപോവുകയാണ്. നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇതൊന്നും ഗൗരവത്തോടെ കാണുന്നേയില്ല.”- കെ.ഇ കരുണാകൻ പറയുന്നു.


ചെങ്കല്‍ പ്രദേശത്തെ സംരക്ഷിക്കുന്നതെങ്ങനെ ?
“പ്രാദേശികമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് കെട്ടിട നിര്‍മാണവും വീട് നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കണം, പ്രകൃതിവിഭവങ്ങള്‍ നാളെത്തെ തലമുറയുടേത് കൂടിയാണെന്ന അവബോധവും സൃഷ്ടിക്കപ്പെടണം. അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകളുണ്ട് കേരളത്തില്‍, അവ ഭവനരഹിതര്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും ഉണ്ടാവണം. മാത്രമല്ല, നമ്മുടെ വികസന സങ്കല്‍പ്പങ്ങളും അടിമുടി മാറേണ്ടതുണ്ട്. കെട്ടിടങ്ങളും പാലങ്ങളും മാളുകളുമല്ല വികസനമെന്നും നാളെയും കുടിക്കാന്‍ ശുദ്ധജലവും ശ്വസിക്കാന്‍ ശുദ്ധവായുവും ഭക്ഷണം ഉത്പാദിപ്പിക്കാൻ കൃഷിയിടവും ഉണ്ടായിരിക്കണമെന്നതും പ്രധാനമാണ്. വരുംതലമുറയ്ക്ക് പാരിസ്ഥിതിക നീതിയുറപ്പാക്കേണ്ടതുമുണ്ട്. എന്നാല്‍ അങ്ങനെയൊരു രാഷ്ട്രീയ നയമില്ല. മാത്രമല്ല, ഉദ്യോഗസ്ഥരും ക്വാറികളും തമ്മില്‍ അവിഹിതമായ ഇടപെടലുകളുമുണ്ട്.” കെ.ഇ കരുണാകരൻ കൂട്ടിച്ചേർത്തു.


“ഉപ്പ് ഒഴികെ മറ്റല്ലാം വിളയിക്കാന്‍ പറ്റിയ സൂക്ഷ്മകാലാവസ്ഥയും മണ്ണിന്‍റെ ഘടനയുമുള്ള ഇടമാണ് ഇടനാടന്‍ ചെങ്കല്‍ പരപ്പുകളുടെ ചെരിവുകള്‍. അതുകൊണ്ടാണ് മലനാട്ടിലും തീരദേശത്തും കാണുന്നതിനേക്കാള്‍ പ്രാചീനമായ ശേഷിപ്പുകള്‍ ഇവിടങ്ങളില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. കേരളത്തിന്‍റെ രാഷ്ട്രീയവും സമ്പദ്ഘടനയും സംസ്കാരവും വിളഞ്ഞതിവിടെയാണ്. അതിന് കാരണം ഇവിടത്തെ സൂക്ഷ്മകാലാവസ്ഥയും മണ്ണിന്‍റെ സവിശേഷതയും ജലലഭ്യതയുമാണ്. ആ സവിശേഷതകളാണ് അനിയന്ത്രിത ചൂഷണവും നമ്മുടെ നിസ്സംഗതയും കാരണം ഇല്ലാതാവുന്നത്.” പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സൊസൈറ്റി ഫോര്‍ എന്‍വയര്‍മെന്‍റല്‍ എജ്യുക്കേഷൻ (സീക്ക്} ഡയറക്ടറുമായ ടി.പി പത്മനാഭന്‍ പറഞ്ഞു.


സംവാദങ്ങള്‍ നിറഞ്ഞ യാത്ര
പേരുസൂചിപ്പിക്കും പോലെ സംവാദങ്ങള്‍ നിറഞ്ഞ യാത്രയായിരുന്നു സമിതിയുടെ നേതൃത്വത്തില്‍ നടന്നത്. യാത്രാസംഘം പറ്റാവുന്നിടങ്ങളിലെല്ലാം ജനങ്ങളുമായി സംവദിച്ചു. പഞ്ചായത്ത് ഓഫീസുകളും കൃഷിഭവനും വില്ലേജ് ഓഫീസുകളും കയറിയിറങ്ങി. പ്രദേശത്തെ ക്വാറികള്‍ നേരിട്ട് കണ്ടു. സമഗ്രമായ സംവാദം തന്നെയായിരുന്നു ഈ യാത്ര. ജനങ്ങള്‍ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് പ്രാദേശിക ഭരണനേതൃത്ത്വത്തേയും ക്വാറി മാഫിയയേയും ബോധ്യപ്പെടുത്താന്‍ യാത്രക്ക് കഴിഞ്ഞിട്ടുണ്ട്. യാത്രക്കിടയില്‍ നടന്ന സംവാദങ്ങളിലൂടെ പ്രകൃതിസംരക്ഷണം നമ്മുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും യാത്രയ്ക്ക് സാധിച്ചിട്ടുണ്ട്.


നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേയും വികസനത്തേയും സംബന്ധിച്ച കോര്‍പ്പറേറ്റ് കാഴ്ചപ്പാടുകള്‍ക്ക് പകരം പ്രദേശത്തിന്‍റെ പ്രത്യേകതകളും, ഉപഭോഗസംസ്കാരം പ്രചരിപ്പിക്കുന്ന കാല്പനികമായ ആഗ്രഹങ്ങള്‍ക്കു പകരം ജനങ്ങളുടെ യഥാര്‍ഥ ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന ബദല്‍ മുന്നോട്ടുവെക്കാനും യാത്രക്ക് സാധിച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങള്‍ നേടുംവരെ തങ്ങളുടെ യാത്രതുടരാനും രാഷ്ട്രീയ സാധ്യതകള്‍ ഉള്‍പ്പടെ ഉപയോഗിച്ച് കോര്‍പ്പറേറ്റ് വികസനത്തെ ചെറുക്കാനും തന്നെയാണ് പരിസ്ഥിതി ഏകോപന സമിതി പരിശ്രമിക്കുന്നത്.

