മുനമ്പം വഖഫ്: മറച്ചുവെക്കപ്പെട്ട സത്യങ്ങൾ പുറത്തുവരണം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മുനമ്പം വഖഫ് വിഷയത്തിൽ 1950 മുതൽ ഇന്നുവരെയുള്ള ഔദ്യോഗിക രേഖകൾ, നിയമസഭാ രേഖകൾ, കോടതി രേഖകൾ, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന വിശദമായ ഹർജിക്ക് മുമ്പായി ചില അടിസ്ഥാന കാര്യങ്ങൾ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു. ഈ വിഷയത്തെ ഇന്ന് പലരും മതപരവും രാഷ്ട്രീയവുമായ തർക്കമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും, ഞാൻ ശേഖരിച്ച രേഖകൾ പരിശോധിച്ചപ്പോൾ ബോധ്യമായത് മറ്റൊന്നാണ്. ഈ പ്രശ്നത്തിന്റെ വേരുകൾ പ്രധാനമായും ഗുരുതരമായ ഭരണപരമായ വീഴ്ചകളിലും, ചില ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും നിയമവിരുദ്ധ നടപടികളിലുമാണ് കുരുങ്ങിക്കിടക്കുന്നത്. ഇന്നും ആവശ്യപ്പെട്ട രേഖകൾ പുറത്തുവിടാൻ തയ്യാറാകാത്ത ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെ പങ്കും സ്വതന്ത്രമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

മതനിരപേക്ഷതയുടെ അർത്ഥം

ഈ രാജ്യത്ത് ക്ഷേത്രങ്ങൾ, പള്ളികൾ, ദേവസ്വങ്ങൾ, വഖഫുകൾ, ട്രസ്റ്റുകൾ എന്നിവയുടെ സ്വത്തുക്കൾ സംരക്ഷിക്കപ്പെടുന്നത് അവ ഏതെങ്കിലും മതവിഭാഗത്തിന്റെ മാത്രം സ്വത്തായതുകൊണ്ടല്ല. അവ നിയമം അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പൊതുതാൽപര്യ സ്ഥാപനങ്ങളായതുകൊണ്ടാണ്. ക്ഷേത്രസ്വത്തോ, ദേവസ്വം സ്വത്തോ, ക്രൈസ്തവ ട്രസ്റ്റ് സ്വത്തോ, വഖഫ് സ്വത്തോ ആയാലും നിയമത്തിന്റെ മുന്നിൽ ഒരേ മാനദണ്ഡം ബാധകമാകണം. അതാണ് ഭരണഘടനാപരമായ മതനിരപേക്ഷത. അതോടൊപ്പം, വഖഫ് സ്വത്തുകൾ സംരക്ഷിക്കേണ്ടവരുടെ നിയമവിരുദ്ധ നടപടികൾ കാരണം പ്രതിസന്ധിയിലായ മുനമ്പത്തെ സാധാരണ മത്സ്യത്തൊഴിലാളികളുടെയും ചെറുകിട കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അവരുടെ വീടുകളും ഉപജീവനവും നഷ്ടപ്പെടാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 2024ൽ മുനമ്പത്ത് നടത്തിയ സമരത്തിൽ നിന്നു. കടപ്പാട്:DH

അസ്വാഭാവിക ചരിത്രവും അഴിമതിയും

ശേഖരിച്ച രേഖകൾ പരിശോധിക്കുമ്പോൾ ഒരു പ്രത്യേക പ്രവണത ശ്രദ്ധയിൽപ്പെടുന്നു.
രാജ്യത്തും സംസ്ഥാനത്തും രാഷ്ട്രീയ അസ്ഥിരതകളും ഭരണപരമായ മാറ്റങ്ങളും നടന്നിരുന്ന ചില കാലഘട്ടങ്ങളിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട നിർണായക കൈമാറ്റങ്ങളും രജിസ്ട്രേഷനുകളും നടന്നതായി രേഖകൾ സൂചിപ്പിക്കുന്നത്. ഇത് യാദൃശ്ചികമാണെന്ന് പറയാനോ അല്ലെന്ന് പറയാനോ ഞാൻ തയ്യാറല്ല. എന്നാൽ ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. നിയമപരമായ വഖഫ് സ്വത്ത് കണ്ടെത്തി സംരക്ഷിക്കേണ്ട റവന്യൂ, സർവ്വേ വകുപ്പുകളിലെയും വഖഫ് ബോർഡിലെയും ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നത് അതില്ലാതാക്കാനും, എന്നാൽ അതിന്റെ പേരിൽ നിയമ വിരുദ്ധ പട്ടയങ്ങൾ നൽകി രാജ്യത്തിന്റെ സമ്പത്ത് കൈക്കലാക്കുന്ന വൻ അഴിമതിയുടെ കൂടെയുമാണ്.

വഖഫ് സ്വഭാവത്തിൽ ഭൂമി ലഭിക്കുകയും അതേ അടിസ്ഥാനത്തിൽ കോടതികളിൽ സംരക്ഷണം തേടുകയും നേടുകയും ചെയ്ത ശേഷം, വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ സ്വത്ത് കൈമാറ്റം നടത്താൻ പാടില്ലെന്ന നിയമങ്ങളും സർക്കാർ നിർദ്ദേശങ്ങളും ഫാറൂഖ് കോളേജ് മാനേജുമെന്റ് മറികടക്കുന്നു. എന്നിട്ടും പിന്നീട് നടന്ന സംഭവവികാസങ്ങൾ ഗൗരവമായ ചോദ്യങ്ങൾ സർക്കാരിന് മുന്നിൽ ഉയർത്തുന്നു.

2000-ലെ സർക്കാർ കത്ത് ഉയർത്തുന്ന ചോദ്യങ്ങൾ

ഈ വിഷയത്തിൽ പ്രത്യേക അന്വേഷണത്തിന് വിധേയമാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് രജിസ്ട്രേഷൻ വകുപ്പിൽ നിന്നുള്ള 17-01-2000-ലെ 18881/E2/99/TD നമ്പർ സർക്കാർ കത്ത്. വഖഫ് ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ വഖഫ് സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ പാടില്ലെന്നും അത്തരം രേഖകൾ രജിസ്റ്റർ ചെയ്യരുതെന്നും അതിൽ വ്യക്തമായി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം നിലവിലുണ്ടായിരുന്നിട്ടും പിന്നീടും വർഷങ്ങളോളം മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനുകളും കൈമാറ്റങ്ങളും നടന്നതായി വിവിധ രേഖകൾ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ യു.ഡി.എഫ് നേതൃത്വത്തിനൊപ്പം മുമ്പത്തെ സമരപന്തൽ സന്ദർശിച്ചപ്പോൾ. കടപ്പാട്:timesofindia

അന്വേഷണം ആവശ്യപ്പെടുന്ന ഭരണപരമായ ചോദ്യങ്ങൾ

ഈ സാഹചര്യത്തിൽ ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഇന്നും മറുപടി ലഭിച്ചിട്ടില്ല.
സർക്കാർ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറപ്പെട്ടിരുന്നോ? നിയമവിരുദ്ധ രജിസ്ട്രേഷനുകൾ തടയാൻ നടപടികൾ സ്വീകരിച്ചിരുന്നോ? വഖഫ് ബോർഡിന് ലഭിച്ച വിവരങ്ങൾ യഥാസമയം പരിഗണിച്ചിരുന്നോ? അന്വേഷണ കമ്മിഷനുകൾക്ക് മുന്നിൽ എല്ലാ രേഖകളും ഹാജരാക്കിയിരുന്നോ? 2010ൽ കമ്മീഷൻ റിപ്പോർട്ട്‌ അംഗീകരിച്ച സർക്കാർ അതിൽ തുടർ നടപടികൾ സ്വീകരിച്ചോ?

വഖഫ് ബോർഡിന്റെ പങ്കും ഉത്തരവാദിത്തവും

വഖഫ് ബോർഡിന്റെ ചില നടപടികളും ചിലപ്പോൾ നടപടിയില്ലായ്മയും ഈ വിഷയത്തിൽ കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നു. ആ തെളിവുകൾ കോടതികൾക്ക് തള്ളാൻ പറ്റില്ല.
2008ൽ തന്നെ കണ്ടെത്തിയ വിവരങ്ങളിൽ പലതും തുടർന്ന് ബോർഡിന്റെ മുമ്പിൽ ഫലപ്രദമായി പരിഗണിക്കപ്പെട്ടതായി രേഖകളിൽ കാണുന്നില്ല. ചില നിർണായക രേഖകൾ പിന്നീട് ലഭ്യമല്ലെന്ന അവസ്ഥയും ഗൗരവമായി പരിശോധിക്കപ്പെടണം. മറച്ചുവെക്കപ്പെട്ട സത്യങ്ങൾ പുറത്തുവരണം.

ഇന്ന് ടൂറിസം, ഇറിഗേഷൻ വകുപ്പുകൾ ഈ ഭൂമിയുമായി ബന്ധപ്പെട്ട് കൈവശം വച്ചിരിക്കുന്ന ഭാഗങ്ങളെക്കുറിച്ചും കോടതികൾ അന്വേഷണം നിർദ്ദേശിച്ചിട്ടുള്ള രേഖകൾ നിലവിലുണ്ട്. എന്തുകൊണ്ട് ആ ഉത്തരവും രേഖകളും വഖഫ് ബോർഡ് തങ്ങളുടെ കേസിന് അനുകൂലമായി ഉപയോഗിച്ചില്ല? ആ വിഷത്തിലേക്ക് എത്താൻ കഴിയാത്ത സ്വാധീനം എവിടെ നിന്നാണ്?
പുറമ്പോക്കും എഴുതി ചേർത്ത് പട്ടയ ഭൂമിയാക്കിയാൽ നഷ്ടവും കോട്ടവും ആർക്ക് ? ഇതിന്റെ മറവിലെ വലിയ വൻകിട ഡീലുകൾക്ക് സർക്കാർ കൂട്ട് നിൽക്കുമോ? അതിനാൽ അന്വേഷണം ഇല്ലാതെ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടുന്ന സമീപനം ഒരു മതനിരപേക്ഷ സർക്കാരിനെ സംബന്ധിച്ച് നീതിപൂർവമാകില്ല.

സർക്കാർ മുന്നിട്ടിറങ്ങേണ്ട സമയം

2000-ൽ തന്നെ നിലവിലുണ്ടായിരുന്ന നിയമപരമായ സംരക്ഷണ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഇന്നത്തെ പ്രതിസന്ധിയുടെ വ്യാപ്തി കുറയുമായിരുന്നോ എന്ന ചോദ്യവും അന്വേഷണത്തിന്റെ ഭാഗമാകണം. ഇന്ന് സർക്കാർ തന്നെ മുൻകൈയെടുത്ത് സത്യം കണ്ടെത്തിയാൽ അത് ജനവിശ്വാസം വർധിപ്പിക്കും. അല്ലാത്തപക്ഷം ഭാവിയിൽ കോടതികൾ കൂടുതൽ വ്യാപകമായ അന്വേഷണം നിർബന്ധിതമായി നടത്തേണ്ട സാഹചര്യം ഉണ്ടാകാം.

അതിനാൽ ഈ വിഷയത്തെ ഒരു മതപരമായ തർക്കമായോ രാഷ്ട്രീയ ആയുധമായോ കാണാതെ, നിയമത്തിന്റെയും നീതിയുടെയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെയും വിഷയമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു. വഖഫ് സ്വത്തുക്കൾ നിയമപരമായി സംരക്ഷിക്കുകയും മുനമ്പത്തെ ഈ ഭൂമി കച്ചവടത്തിൽ ഇരയായ സാധാരണ ജനങ്ങൾക്ക് മാനുഷിക പരിഗണനയിൽ നീതി ലഭിക്കുകയും, യഥാർത്ഥ ഉത്തരവാദികൾ നിയമത്തിന് മുന്നിൽ കൊണ്ടുവരപ്പെടുകയും, ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഈ വിഷയത്തിലെ ശാശ്വത പരിഹാരം.

Also Read

4 minutes read June 2, 2026 2:11 pm