എന്റെ കമ്മ്യൂണിസം സോഷ്യലിസത്തിൽ നിന്ന് അത്ര വ്യത്യസ്തമല്ല: ഗാന്ധി
അതേ ശ്വാസത്തിൽ തന്നെ ഗാന്ധി കൂട്ടിച്ചേർക്കുന്നുണ്ട് അദ്ദേഹത്തിന്റേത് രണ്ടിന്റെയും – കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും – സമഞ്ജസമായ സമന്വയമാണ്. ഗാന്ധിക്ക് കമ്മ്യൂണിസം സോഷ്യലിസത്തിന്റെ സ്വാഭാവികമായ ഒരു ധാരയാണ്.
ഗാന്ധി സന്ദർഭത്തിനനുസരിച്ച് കമ്മ്യൂണിസത്തിന്റേയോ സോഷ്യലിസത്തിന്റേയോ അതേ തത്വങ്ങൾ തന്നെ പറഞ്ഞു. എന്നാൽ പ്രയോഗത്തിൽ അദ്ദേഹത്തിന്റെ കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്. ഗാന്ധിയൻ ആശ്രമങ്ങളെല്ലാം ഗാന്ധിയൻ കമ്മ്യൂണിസത്തിന്റെ ഉദാത്ത മാതൃകകളാണ്. അവയുടെ അടിസ്ഥാന ശിലകൾ വ്യക്തി സ്വമേധയ പാലിക്കുന്ന വ്രതങ്ങളാണ്. സത്യസന്ധത, (non-possession), മോഷ്ടിക്കാതിരിക്കൽ, ലൈംഗിക നിയന്ത്രണം (ബ്രഹ്മചര്യം), അഹിംസ എന്നിവയാണവ. ഗാന്ധിയെന്ന ദാർശനികന്റെ ധാതുക്കളാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്. ഒരുതരത്തിൽ ഗാന്ധിയൻ ആശ്രമങ്ങളെ ഗാന്ധിയൻ കമ്മ്യൂണിസത്തിന്റെ പരീക്ഷണശാലകൾ എന്ന് വിളിക്കാം.
ഗാന്ധിയുടെ അഹിംസാത്മക സോഷ്യലിസത്തിന് അതി വിശാലമായ രാഷ്ട്രീയ-സാമൂഹ്യ- ധാർമ്മിക-ദർശന ചക്രവാളങ്ങളുണ്ട്. പരിത്യാഗത്തിലാണ് അതിന്റെ വേര്. ഐഛികമായ സമർപ്പണം, അപരിഗ്രഹം – ഉത്തരവാദപൂർണ്ണമായ ട്രസ്റ്റീഷിപ് (വ്യക്തി തന്റെ സ്വത്തിന്റെ അവകാശിയായിരിക്കുമ്പോൾ തന്നെ, അയാൾ തന്റെ സ്വത്ത് മുഴുവനായി സ്വമനസ്സോടെ സാമൂഹ്യ നന്മയ്ക്കായി വിനിയോഗിക്കുന്നു) ഭൂമിയിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ ഉയിർത്തെഴുന്നേൽപ്പും ഉന്നമനവും അതിന്റെ ഭാഗമാണ്. ഗാന്ധിയൻ സോഷ്യലിസ്റ്റ് ദർശനം നടപ്പാക്കുന്ന സമൂഹത്തിൽ വ്യക്തി സ്റ്റേറ്റിന്റെ ഉപകരണമേ അല്ല. അവിടെ സ്റ്റേറ്റില്ല. ധാർമ്മികത തുടിക്കുന്ന നേതൃത്വനിര ഉണ്ടായിരിക്കാം. വെറുപ്പിനു പകരം സ്നേഹത്തിന്റെ സുവിശേഷത്തിലൂടെ, അഹിംസയിലൂടെ സാമ്പത്തിക സമത്വം ഇവിടെ സാധ്യമാകുന്നു. എങ്ങനെയെന്നാൽ, സ്നേഹശക്തിയിലൂടെ ജനങ്ങൾ സമത്വദർശനത്തിനായി അർപ്പിക്കപ്പെടുന്നു. ഈ പരിണാമം, ഒരു വ്യക്തിയിൽ നിന്ന് ആരംഭിക്കാനാവും. ഒരു സമൂഹം മുഴുവൻ ഉണരുന്നത് കാത്തിരിക്കേണ്ടതില്ല.
അദ്ദേഹം എല്ലാതരത്തിലുമുള്ള ചൂഷണത്തെയും – പരിസ്ഥിതി ചൂഷണം, മനുഷ്യന്റെ ചൂഷണം – നിരാകരിച്ചു. എല്ലാ മനുഷ്യരും എല്ലാവരുടെയും സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും ഉത്തരവാദികാളാണ്. മൊത്തം പ്രപഞ്ചത്തിന്റെയും മോചനത്തിനായി ധാർമ്മികമായ ഒരു സാമൂഹ്യപരികല്പന രൂപപ്പെടുത്താനായിരുന്നു അദ്ദേഹം ജീവിച്ചത്.
ഉല്പാദനം ആർക്കുവേണ്ടിയാകണം? എങ്ങനെയാകണം എന്നതിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരമുണ്ട്. സമൂഹത്തിലെ ദരിദ്രരിൽ ദരിദ്രനായ മനുഷ്യന്റെ ക്ഷേമത്തെ മുൻനിർത്തിയാകണം എല്ലാ ഉല്പാദനങ്ങളും. അതാകട്ടെ അഹിംസയിലധിഷ്ഠിതമാകണം. അതായത് മാർഗ്ഗവും ലക്ഷ്യവും അഹിംസാത്മകമാകണം. മാർഗ്ഗമേത് വിധത്തിലുള്ളതായാലും ലക്ഷ്യത്തിലെത്തുകയാണ് വേണ്ടതെന്ന മാർക്സിയൻ സിദ്ധാന്തത്തെ – പ്രയോഗത്തെ അത് പാടെ നിരാകിച്ചു. ഇന്ന് ഭൂമിയിൽ നിന്ന് തന്നെ കമ്മ്യൂണിസം ഇല്ലാതാകാൻ കാരണം, മാർക്സിന്റെ ഇത്തരത്തിലുള്ള കാഴ്ചപ്പാടാണ്.
കേൾക്കാം