ഗാന്ധിയുടെ ധർമ്മധാതുക്കൾ – 25

നിർഭയത്വമാണ് ശക്തി; അല്ലാതെ അതു നമ്മുടെ ശരീരത്തിലെ ഇറച്ചിത്തുണ്ടമല്ല: ഗാന്ധി

ഗാന്ധി ‘ഇന്ത്യയുടെ അവസ്ഥ’ എന്ന ഹിന്ദ് സ്വരാജിന്റെ എട്ടാം അദ്ധ്യായം അവസാനിപ്പിക്കുന്നത് ശ്രദ്ധേയമാണ്. “സ്വയംഭരണം വേണമെന്നാഗ്രഹിക്കുന്നവർ അറിയേണ്ട ഒരു കാര്യം കൂടിയുണ്ട്. ഭീലുകളും പിണ്ടാരികളും തഗുകളും നമ്മുടെ നാട്ടുകാർ തന്നെ. അവ പിടിച്ചടക്കേണ്ടത് നിങ്ങളുടെയും എന്റെയും ജോലിയാണ്. സ്വന്തം സഹോദരങ്ങളെ ഭയപ്പെടുന്ന കാലത്തോളം സ്വയംഭരണം നമുക്ക് നേടാനാവില്ല.”

ഇന്ത്യയുടെയും കേരളത്തിന്റെയും ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ നാം നമ്മുടെ സഹോദരങ്ങളെ ഭയപ്പെടുന്ന കാലമാണ്. നമ്മെ ഭരിക്കുന്ന സഹോദരങ്ങളാണ് നമ്മെ ഭയപ്പെടുത്തുന്നത്. ഭയത്തിലൂടെയാണ് അവർ തങ്ങളുടെ അധികാരം നിലനിർത്തുന്നത്. രസകരമായ വസ്തുത, അവർ അവരെത്തന്നെ ഭയപ്പെടുന്നവരാണ്. സ്വന്തം അരക്ഷിതാവസ്ഥ അവർ തന്നെ ഉണ്ടാക്കുന്നതാണ്. അവർക്ക് ജനങ്ങളെ പേടിയാണ്. ജനങ്ങൾ തങ്ങളുടെ ശത്രുക്കളാണെന്ന് വിശ്വസിക്കുന്നവരാണ്. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുക, ഹിറ്റ്ലറും സ്റ്റാലിനും മാവോയും പോൾപോട്ടും ഇദീ അമീനുമെല്ലാം ഈ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. അതുകൊണ്ട് അവർ തങ്ങളുടെ നാട്ടുകാരായ സഹോദരങ്ങളെ കൊല ചെയ്തു. ഭയക്കുന്നവനും ഭയപ്പെടുത്തുന്നവനും ഭീരുക്കളാണ്. പ്രജയും രാജാവും പൗരനും ഭരണാധികാരിയും ഭീരുക്കളാക്കുന്ന വിചിത്രമായ അവസ്ഥ.

വര: വി.എസ് ​ഗിരീശൻ

തടിമിടുക്കും പൗരുഷവുമല്ല നിർഭയത്വത്തിന്റെ ലക്ഷണം. ധാർമ്മികത ഉള്ളിലുള്ളവനേ നിർഭയത്വം സാധ്യമാകൂ. ഗാന്ധി ഇന്ത്യൻ ജനതയെ തന്റെ ജീവിതത്തിലൂടെ ബോധവൽക്കരിക്കാൻ ശ്രമിച്ചത് ഈ നിർഭയത്വമാണ്. നിർഭയത്വം ആർജ്ജിക്കണമെങ്കിൽ ദാരിദ്ര്യം വ്രതമായി സ്വീകരിക്കണം. ഇന്നത്തെ കാലത്ത് അതിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ആസക്തികളിൽ നിന്ന്, ആർത്തികളിൽ നിന്ന് വിടുതൽ നേടുക. ഏറെ പ്രലോഭനങ്ങളുടെ നടുവിൽ ജീവിക്കുന്ന നമുക്ക് ഇത് എളുപ്പമല്ല. ജീവിതത്തിൽ നിന്ന് അത്യാവശ്യമില്ലാത്ത വസ്തുക്കൾ ഒഴിവാക്കാൻ കഴിയണം. ഒരു മുറിയിൽനിന്ന് ആവശ്യമില്ലാത്തവ ഒഴിവാക്കുന്നതുപോലെയാണ് അതെന്ന് പറയാമെങ്കിലും ലളിതമല്ല. മനസ്സിൽ നിന്ന് ഒരാസക്തിയെ, ആർത്തിയെ ഒഴിച്ച് നിർത്താൻ ശ്രമിക്കുമ്പോൾ രണ്ടെണ്ണം തൽസ്ഥാനത്ത് കയറിവരും. ഒരുപക്ഷേ, ഒരു വ്യക്തിക്ക് കഠിനമായ ചര്യകളിലൂടെ ഇത് സാധിച്ചേക്കാം. ഇതെങ്ങനെ ഒരു സമൂഹം സ്വീകരിക്കും? വളരെ സങ്കീർണ്ണമായ ചോദ്യമാണെങ്കിലും രാഷ്ട്രീയമായി ഇത് സാധിക്കാതെ നിർഭയത്വം പാലിക്കാനാവില്ല ഒരു സമൂഹത്തിന്. എന്നാൽ, നമ്മുടെ കാലത്തെ സ്വേച്ഛാധിപതികളിൽ നിന്നും സമഗ്രാധിപതികളിൽനിന്നും മോചനം നേടുവാൻ ഇത് കൂടിയേ കഴിയൂ.

നിങ്ങൾ ധാർമ്മികമായ നിലപാട് സ്വീകരിക്കുമ്പോൾ, നിരവധി ആസക്തികളിൽ നിന്ന് നിങ്ങൾ തലയൂരുന്നുണ്ട്. സ്ഥാനമാനങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ എന്നിവ അവയിൽ ചിലതാണ്. അനർഹമായ യാതൊന്നും സ്വീകരിക്കില്ലെന്ന ഒരു നിലപാട് സ്വീകരിച്ചാൽ നിർഭയത്വത്തിന്റെ വഴിയിലെത്താം. പൂർണമായും നിർഭയനാകാൻ ദൂരം ഏറെയുണ്ട്.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

2 minutes read August 10, 2023 6:11 pm