മേധാ പട്കർ അപകടകാരിയായ രാജ്യദ്രോഹിയോ?!

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഗ്രാമീണ വികസന പാർലിമെന്ററി കമ്മറ്റിയുടെ യോഗം, ബിജെപി എംപിമാരുടെ പ്രതിഷേധവും ഇറങ്ങിപോക്കും കാരണം നിർത്തിവെയ്ക്കപ്പെട്ടതായി ദി ഹിന്ദു പത്രം (2025 ജൂലായ് 2) റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഈ കമ്മറ്റിയുടെ തലവൻ കോൺഗ്രസ്സ് നേതാവായ സപ്തഗിരി ഉലകയാണ്. 2013-ൽ മൻമോഹൻ സിങ്ങ് സർക്കാർ നടപ്പാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ നീതിയുക്തമായ നഷ്ടപരിഹാരം, ഏറ്റെടുക്കുന്നതിലെ സുതാര്യത, പുനഃരധിവാസം എന്നിവയാണ് കമ്മിറ്റി ചർച്ച ചെയ്യാനായി എടുത്ത വിഷയങ്ങൾ. എംപിമാരും സിവിൽ സമൂഹത്തിലെ പ്രമുഖരായ പത്ത് വിദഗ്ധ വ്യക്തികളും ഗ്രാമീണ വികസനം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, ആദിവാസി കാര്യങ്ങൾ എന്നീ മന്ത്രാലയങ്ങളിലെ മന്ത്രിമാരും ചേർന്നതാണ് കമ്മിറ്റി. ഇന്ത്യയുടെ വികസനം, ആദിവാസികളുടെ ജീവിതം, വികസനം കൊണ്ട് ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ, ഒരർത്ഥത്തിൽ ഇന്ത്യയെന്ന ഉപഭൂഖണ്ഡത്തിന്റെയും ഭൂമിയുടെയും അതിജീവനം എന്നീ അടിസ്ഥാന പ്രശ്നങ്ങളാണ് നമുക്ക് വേണ്ടി ഈ കമ്മിറ്റി ചർച്ച ചെയ്യുന്നത്, തീരുമാനത്തിലെത്തുന്നത്.

മേധാപട്കർ നർമ്മദ തീരത്തെ സമരപ്രവർത്തകർക്കൊപ്പം. കടപ്പാട്:ht

സപ്തഗിരി ഉലക ഈ വിഷയത്തിലെ സാക്ഷികളുടെ പട്ടികയിലെ പേരുകൾ വായിച്ചതോടെ ബിജെപി, എൻഡിഎ എംപിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി, യോഗം മുടങ്ങി. കാരണമെന്താണെന്നോ? നർമ്മദ ബച്ചാവോ ആന്തോളനിലും അതുപോലെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയ സമരങ്ങളിലും അനവരതം, അക്ഷീണം പ്രവർത്തിച്ച മേധ പട്കർ ആ പട്ടികയിൽ ഉണ്ടെന്നുള്ളതാണ്. ആദിവാസി ജീവിതത്തെ പറ്റിയും, മറ്റ് ദരിദ്ര വിഭാഗങ്ങളുടെ ഉപജീവനത്തെക്കുറിച്ചും, കാടിനെപറ്റിയും, മലയെപറ്റിയും, ജലത്തെപറ്റിയും, മണ്ണിലെ അറിവുകളെപറ്റിയും അഗാധമായ ജ്ഞാനവും അവ ഭൂമിയുടെ ആത്മധാതുക്കളാണെന്ന തിരിച്ചറിവുമുള്ള മേധ, കഴിഞ്ഞ അരനൂറ്റാണ്ടായി ഇതിനെല്ലാം വേണ്ടി അഹിംസാത്മകമായ പ്രതിഷേധ സമരങ്ങൾ വസ്തുനിഷ്ഠമായ തെളിവുകളോടെ നടത്തുന്ന കറകളഞ്ഞ ആക്ടിവിസ്റ്റാണ്. ഇവരെ ബിജെപി എംപിമാർ വിശേഷിപ്പിച്ചത് ‘രാജ്യദ്രോഹി’യെന്നും ‘വികസന വിരോധി’യെന്നുമാണ്. മേധയുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ അവരെ അനുവദിക്കുകയില്ലെന്നാണ് ബിജെപിയുടെ ശാഠ്യം. മേൽ വിഷയങ്ങളിൽ അഭിപ്രായം പറയുവാൻ ഈ പാനൽ അടുത്തതായി പാകിസ്താൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമോയെന്ന് ഒരു ബിജെപി എംപി ചോദിച്ചുവെത്രേ.

എത്ര ജനാധിപത്യവിരുദ്ധവും, മനുഷ്യവിരുദ്ധവും, പരിസ്ഥിതി വിരുദ്ധവും, വെറുപ്പ് നിറഞ്ഞതുമാണ് ബിജെപിയടക്കം ആർഎസ്എസിന്റെ ഉള്ള് എന്ന് ഈ സംഭവം ഇന്ത്യയെ സ്നേഹിക്കുന്ന, ആദിവാസിയേയും ദലിതനേയും ദരിദ്രനേയും സ്നേഹിക്കുന്ന, ഭൂമിയുടെ അതിജീവനം കാംക്ഷിക്കുന്ന ഓരോ പൗരനെയും ഓർമ്മിപ്പിക്കുന്നു. ബിജെപിയുടെ ഈ ജനവിരുദ്ധ നിലപാടിനെ പറ്റി മേധ ചോദിക്കുന്നു: “ദലിതർക്കും കർഷകർക്കും ആദിവാസികൾക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊള്ളുന്നത് രാജ്യവിരുദ്ധമാണോ?”

സമരത്തിനിടെ അറസ്റ്റ് വരിക്കുന്ന മേധാ പട്കർ. കടപ്പാട്:pti

ഈ സർക്കാർ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? അദാനിക്കും അംബാനിക്കും ഇതര കോർപ്പറേറ്റുകൾക്കും വേണ്ടിയാണോ? ഇസ്രായേലിന്റെയും അമേരിക്കയുടേയും യുദ്ധ ഭ്രാന്തിന് എറാൻ മൂളാൻ വേണ്ടിയാണോ? മതത്തിന്റെ പേരിൽ, ഭാഷയുടെ പേരിൽ, രാജ്യത്തെ വിഘടിപ്പിക്കാൻ വേണ്ടിയാണോ? ജനാധിപത്യത്തിന്റെ മറവിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെല്ലാം തകർത്ത്, ഭരണഘടനയെ നോക്കുകുത്തിയാക്കി, ഭൂരിപക്ഷ സമുദായത്തിന്റെ ഭരണം നടപ്പിലാക്കി ന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കാൻ വേണ്ടിയാണോ? മേധ പട്കറെ രാജ്യദ്രോഹിയും വികസന വിരോധിയുമാക്കി ഭംഗ്യന്തരേണ പാകിസ്താനിലേക്ക് ഓടിക്കണം എന്ന് പറയുന്ന ഇവർ മോഹൻദാസ് കരംചന്ദ് ഗാന്ധിയെ അധികം താമസിയാതെ രാജ്യദ്രോഹിയാക്കി, വികസന വിരോധിയാക്കി പാകിസ്താനിലേക്ക് അടിച്ചോടിക്കണം എന്ന് പറയില്ലേ? പകരം, സവർക്കറെ രാഷ്ട്രപിതാവും ഗോൾവാൾക്കറെ രാഷ്ട്രശില്പിയായും നാഥുറാം ഗോഡ്സെയെ വീരരക്തസാക്ഷിയായും പ്രഖ്യാപിക്കാൻ മടി കാണിക്കുമോ?

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാസങ്ങളോളം ഇന്ത്യയിൽ പൗരന്മാരെ തടവിലിട്ടും മർദ്ദിച്ചും കൊന്നും വാണ ഇന്ദിരാഗാന്ധി ക്രൂരയായ ഭരണാധികാരിയായിരുന്നു, പക്ഷേ, അവർ മതത്തിന്റെ പേരിൽ ഭാഷയുടെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിച്ചിട്ടില്ല. അടിയന്തരാവസ്ഥയെ അടിമുടി എതിർക്കുന്ന മോദി സർക്കാർ, ഇന്ദിരാഗാന്ധിയിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തവും അപകടകരവുമാവുന്നത് ഈ സർക്കാരിനെ ഭരിക്കുന്ന ആർഎസ്എസ് – ബിജെപി പരിവാരം, ഇന്ത്യയുടെ വൈവിധ്യത്തെ, ഭാഷകളെ, ഇതര ദൈവങ്ങളെ, പരിസ്ഥിതിയെ, മണ്ണിനെ, ജലത്തെ, പ്രതിഷേധിക്കുന്നവരെ വിവിധ മാർഗ്ഗങ്ങളിലൂടെ ഉന്മൂലനം ചെയ്ത് ഇന്ത്യയെ ‘ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാനാക്കി’ മാറ്റാൻ ശ്രമിക്കുന്നിടത്താണ്. ഇവരെ പിന്താങ്ങുന്ന മദ്ധ്യവർഗികളായ ഹിന്ദുക്കളും ഹിന്ദുത്വയ്ക്ക് വേണ്ടി വാദിക്കുന്നവരും തെരുവിലിറങ്ങുന്നവരും ഒരു നിമിഷം ആലോചിക്കണം.

ജനാവലിയെ അഭിസംബോധന ചെയ്യുന്ന മഹാത്മ ഗാന്ധി. കടപ്പാട്: forwardpress

അതിക്രൂരനായ ജിന്ന പാകിസ്താന് വേണ്ടി വാദിച്ച് ഇന്ത്യയെ രണ്ടാക്കി വെട്ടിമുറിച്ച് ലക്ഷക്കണക്കിന് മനുഷ്യരെ കുരുതികൊടുത്ത് ഒരു മതാധിഷ്ഠിത രാഷ്ട്രമുണ്ടാക്കിയിട്ടും ഭാഷയുടെ പേരിൽ ആ രാജ്യം പതിറ്റാണ്ടുകൾക്കുള്ളിൽ വിഭജിതമായി. മുസ്ലീമിനും ഹിന്ദുവിനും ശിഖനും ബുദ്ധിസ്റ്റിനും കൃസ്ത്യാനിക്കും സഹവർത്തിത്വത്തോടെ, ഹിന്ദിയും, മലയാളവും, കന്നഡയും തെലുങ്കും, ഒഡിയയും, ആസ്സാമീസും, കശ്മീരിയും, ഗുജറാത്തിയും, മറാഠിയും, ഇംഗ്ലീഷും സംസാരിക്കാൻ കഴിയുന്ന, ജീവനുള്ള പുഴകളും ഹൃദയം തുടിക്കുന്ന ഹിമവാനും, ത്രസിക്കുന്ന കാടുകളും, ഫലഭൂയിഷ്ഠമായ മണ്ണുമുള്ള നമ്മുടെ ഇന്ത്യയെ ആ വഴിക്ക് വലിച്ചിഴക്കുമോ ഇവർ? ആർഎസ്എസിനോടും ബിജെപിയോടും വിനയത്തോടെയും സ്നേഹത്തോടെയും പറയട്ടെ: ആദിവാസിക്ക് വേണ്ടിയും ദലിതന് വേണ്ടിയും ദരിദ്രന് വേണ്ടിയും മണ്ണിന് വേണ്ടിയും പുഴയ്ക്ക് വേണ്ടിയും വാദിക്കുന്നവൻ, പ്രതിഷേധിക്കുന്നവൻ രാജ്യദ്രോഹിയാണെങ്കിൽ, ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹി മഹാത്മാ ഗാന്ധിയാണ്, നിങ്ങളും ഞാനുമാണ്.

Also Read

3 minutes read July 3, 2025 12:33 pm