കർണ്ണാടകയിലെ‌ ‘ഹിന്ദുത്വ ലബോറട്ടറി’

ദക്ഷിണേന്ത്യയിലെ സംഘപരിവാർ പരീക്ഷണശാലയായി കർണ്ണാടക മാറിയിട്ട് ഏറെ വർഷങ്ങളായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് അവർ ആക്കം കൂട്ടിയിരിക്കുകയാണ്. വിദ്വേഷ പ്രചാരണങ്ങൾ വ്യാപകമായിരിക്കുന്നു. ഇത്തരം നീക്കങ്ങൾക്കെല്ലാം പിന്തുണയുമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാരും കേന്ദ്ര നേതൃത്വവും ഒപ്പമുണ്ട്. എന്തുകൊണ്ട് കർണ്ണാടക ഈ രീതിയിൽ മാറുന്നു എന്നതിന്റെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നു മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ ശിവസുന്ദർ.

കർണ്ണാടക ദക്ഷിണേന്ത്യയിലെ സംഘപരിവാർ പരീക്ഷണശാലയായി മാറിയിട്ട് ഏറെ നാളുകളായല്ലോ. തെക്കേ ഇന്ത്യയിൽ ബി.ജെ.പിക്ക് ഭരണമുള്ള ഏക സംസ്ഥാനം. വിദ്വേഷ പ്രചാരണങ്ങളും വർഗീയമായ സംഘടിത പ്രവർത്തനങ്ങളും ഹിന്ദുത്വ സംഘടനകളുടെ മുൻകൈയിൽ വ്യാപകമായി നടക്കുകയും സർക്കാർ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യം. സ്കൂൾ കുട്ടികളിലേക്കും വലതുപക്ഷ ആശയങ്ങൾ വ്യാപിപ്പിക്കുന്ന നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചു കാലമായി അവിടെ നിന്നും കാണാൻ കഴിയുന്നത്. കർണ്ണാടകത്തിലെ പാഠപുസ്തകങ്ങളിലേക്ക് വരെ കടന്നുകൂടിയിരിക്കുന്ന ഈ ‘ഹിന്ദുത്വ’ എഡിറ്റിംഗിനെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

2008 മുതൽ 2013 വരെയുള്ള ഭരണകാലത്താണ് ബി.ജെ.പി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്. 2013ൽ സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി. പാഠപുസ്തകത്തിലെ മാറ്റങ്ങളൊന്നും ദേശീയ കരിക്കുലം ഫ്രെയിംവർക്കിൻറെ മാർഗ നിർദേശങ്ങൾ പാലിക്കുന്നതല്ലാത്തതിനാൽ ബരഗൂർ രാമചന്ദ്രപ്പ എന്ന പ്രൊഫസറുടെ നേതൃത്വത്തിൽ ഇത് പരിശോധിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 27 സബ് കമ്മിറ്റികൾ രൂപീകരിച്ചു. 2019ൽ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ബരഗൂർ കമ്മിറ്റി നടത്തിയ തിരുത്തലുകൾ ‘അർധ സത്യങ്ങളാണ്’ എന്ന് പറഞ്ഞ് രോഹിത് ചന്ദ്രതീർത്ഥയെ പുനഃപരിശോധന നടത്താൻ നിയമിച്ചു. ഭാഷ, സാമൂഹ്യശാസ്ത്ര പുസ്തകങ്ങളാണ് അവർ ലക്ഷ്യമിട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ തീവ്ര ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പ്രാസംഗികനാണ് ചന്ദ്രതീർത്ഥ. ബംഗളൂരുവിൽ മാത്തമാറ്റിക്സ് ലക്ചററായി ജോലി ചെയ്തിരുന്ന ചന്ദ്രതീർത്ഥയ്ക്ക് ബരഗൂർ രാമചന്ദ്രപ്പയെപ്പോലെ അനുഭവസമ്പത്ത് ഉണ്ടായിരുന്നില്ല. ടെക്സ്റ്റ്ബുക് റിവിഷൻ കമ്മിറ്റിയിൽ ഭൂരിഭാഗവും ബ്രാഹ്മണരായിരുന്നു. ചന്ദ്രതീർത്ഥയുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ് റിവ്യൂ കമ്മിറ്റിയുടെ ഡ്രാഫ്റ്റ് ഒരിക്കലും പരസ്യമാക്കപ്പെട്ടതുമില്ല.

കർണ്ണാടകത്തിലെ പാഠപുസ്തകങ്ങൾ അവർ പൂർണ്ണമായി മാറ്റുകയാണ്. ഉൾപ്പെടുത്തൽ, പുറന്തള്ളൽ, തെറ്റായി വ്യാഖ്യാനിക്കൽ എന്നിങ്ങനെ മൂന്നു തരത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. പുതുതായി ഉൾപ്പെടുത്തിയതിൽ 90 ശതമാനത്തിൽ അധികവും ബ്രാഹ്മിൺ എഴുത്തുകാരെ മാത്രമാണ്. ബ്രാഹ്മണരല്ലാത്ത എഴുത്തുകാരുടെ ബ്രാഹ്മിണിക് ആയ എഴുത്തുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ടിപ്പു സുൽത്താൻറെ ചരിത്രപ്രാധാന്യം പറയുന്ന ഭാഗം ഒഴിവാക്കി, ഒരു മുസ്ലിം ഭീകരവാദിയെന്ന നിലയിൽ അവതരിപ്പിച്ചു. ഡോ. ബി.ആർ അംബേദ്കർ, തന്തൈ പെരിയാർ എന്നിവരുടെ എഴുത്തുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണ്യത്തെ തുറന്നെതിർത്ത അക്കാ മഹാദേവി, കനകദാസ, സൂഫി സന്യാസികൾ എന്നിവരുടെ എഴുത്തുകൾ ഒഴിവാക്കി.

ബ്രാഹ്മണ്യ വ്യവസ്ഥയെ ചോദ്യംചെയ്യുന്ന, ലിംഗായത് മുന്നേറ്റത്തിന്റെ നേതാവായ ബസവണ്ണയുടെ ഉദാഹരണം നോക്കൂ. തൻറെ പൂണൂൽ പൊട്ടിച്ചെറിഞ്ഞ നേതാവായ ബസവണ്ണ അങ്ങനെ ചെയ്തിട്ടില്ലെന്നും ഹിന്ദു മതത്തിനകത്ത് തന്നെ സാമൂഹ്യ പരിഷ്‌കരണം നടത്തിയ ആളാണ് എന്നുമാണ് പുതിയ പാഠപുസ്തകം പറയുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പ്രാഥമിക ശിൽപി എന്ന ഡോ. അംബേദ്കറുടെ വിശേഷണം ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദു വിഭാഗത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവായാണ് അംബേദ്കറിനെ അവതരിപ്പിച്ചിട്ടുള്ളത്. ഹിന്ദു മതത്തിലുൾപ്പെട്ടയാൾ ആയതിനാലാണ് ഇസ്ലാം, ക്രിസ്ത്യൻ മതങ്ങൾ തെരഞ്ഞെടുക്കാതെ ബുദ്ധിസം തെരഞ്ഞെടുത്തതെന്നും പാഠപുസ്തകം വാദിക്കുന്നു. ബുദ്ധൻ ബ്രാഹ്മണ്യത്തിന് നേരെ ചോദ്യങ്ങളുന്നയിച്ചയാളാണ് എന്ന വസ്തുതയും ഒഴിവാക്കി. ബുദ്ധൻ മൃഗബലിക്ക് എതിരായിരുന്നു എന്നതാണ് അവരുടെ ന്യായീകരണം. തെറ്റായി വ്യാഖ്യാനിക്കാൻ പോലും ബുദ്ധിമുട്ടാണ് എന്നതുകൊണ്ട് പെരിയാർ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു.

വടക്കൻ കർണാടകത്തിലെ ജന്മി സമുദായമാണ് ലിംഗായത്. ബസവണ്ണയെക്കുറിച്ചുള്ള തെറ്റായ പരാമർശം വന്നപ്പോൾ ലിംഗായത് സമുദായം പ്രതിഷേധിച്ചു. കുവെമ്പു എന്നറിയപ്പെടുന്ന കെ.വി കുട്ടപ്പ എന്നൊരു കവിയുണ്ട്. കർണ്ണാടകത്തിന്റെ സംസ്ഥാന ഗീതം എഴുതിയത് കുവെമ്പുവാണ്. വൊക്കലിഗ സമുദായത്തിൽനിന്നുളള കുവെമ്പുവിനെ ദുർവ്യാഖ്യാനം ചെയ്തത് വൊക്കലിഗ സമുദായത്തെയും പ്രശ്‌നത്തിലാക്കി. സർക്കാർ ഈ രണ്ട് സമുദായങ്ങളുടെയും പ്രശ്‌നങ്ങളെ പ്രതീകാത്മകമായി പരിഗണിച്ചു. ബസവണ്ണയെക്കുറിച്ച് വാചകങ്ങൾ ഉൾപ്പെടുത്താമെന്നും കുവെമ്പുവിനെക്കുറിച്ചുള്ള ഭാഗത്തിൽ തെറ്റുവരുത്തിയയാൾക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. മൊത്തം വ്യവഹാരത്തെ ബ്രാഹ്മണ്യവത്ക്കരിക്കുന്ന ചോദ്യം അങ്ങനെ ഒഴിവാക്കപ്പെട്ടു. ജാതിവിഭാഗങ്ങളിലെ എലൈറ്റ് താൽപര്യങ്ങളെ ഉൾക്കൊള്ളാൻ ആർ.എസ്.എസിന് അറിയാം. മിക്കവാറും ലിംഗായത് മഠങ്ങളും ഇപ്പോൾ സ്വന്തമായി ക്യാപിറ്റേഷൻ കൊളേജുകൾ നടത്തുന്നുണ്ട്. അവരുടെ മുതലാളിത്ത താൽപര്യങ്ങൾക്ക് മോദി ഭരണകൂടം വഴങ്ങുന്നുമുണ്ട്. ഓരോ ലിംഗായത് മഠത്തിലും വൊക്കലിഗ മഠത്തിലും ഒരു സംസ്‌കൃത കോളേജ് ഉണ്ടായിരിക്കും. മാംസ ഭക്ഷണങ്ങൾ കഴിക്കാത്തതിൽ അവർ അഭിമാനിക്കും, സംസ്‌കൃത ശ്ലോകങ്ങൾ ചൊല്ലാൻ കഴിയുന്നതിൽ അഭിമാനിക്കും. ഇതൊന്നും മുമ്പ് സാധ്യമായ കാര്യങ്ങളായിരുന്നില്ല. ബസവണ്ണയുടെ കാവ്യങ്ങളെല്ലാം കന്നഡ ഭാഷയിലായിരുന്നു. സംസ്‌കൃതഭാഷയോട് എതിർപ്പുണ്ടായിരുന്നതിനാൽ കന്നഡയിൽ മാത്രമാണ് ബസവണ്ണ എഴുതിയിരുന്നത്.

പുതിയ തലമുറയിലെ ആളുകൾ മോദി ആരാധകരാണ്. മോദി ആരാധകർ എന്നു പറയുമ്പോൾ അവരുടെ ജാതി ഇന്ത്യൻ ദേശീയതയോട് തുല്യതപ്പെടുത്തിയവർ. അവരുടെ ഇന്ത്യൻ ദേശീയത മോദിയുടെ ദേശീയതയ്ക്ക് തുല്യമാണ്.  അവർക്കതിൽ തുടരാനുള്ള വിഭവങ്ങളുണ്ട്. അവർ പുതിയ സോഫ്‌റ്റ്വെയർ എഞ്ചിനിയർമാരാണ്. ബംഗളൂരുവിലെ പല സോഫ്‌റ്റ്വെയർ കമ്പനികളിലും ആർ.എസ്.എസിന്റെ ശാഖ പ്രവർത്തിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസം നേടിയ ആളുകളാണ് അവിടെപ്പോയി സംസ്‌കൃത ശ്ലോകങ്ങൾ ഉരുവിടുന്നത്, എല്ലാത്തരം സ്ത്രീവിരുദ്ധ ആശയങ്ങളും ഉള്ളിൽ ഊട്ടിയുറപ്പിക്കുന്നത്. ജാതിയും വർഗവും അവർ സ്വാംശീകരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. ഈ ദേശീയത ചെയ്യുന്നത് ദലിതരെയും മുസ്ലീങ്ങളെയും അപരവത്ക്കരിക്കുകയാണ്.

ലിംഗായത് ബസവണ്ണ സ്ഥാപിച്ചൊരു മതമാണ്. മുമ്പത്തെ ഹിന്ദു മതത്തിൽ നിന്നും ലിംഗായത് മതത്തിൽ താൽപര്യം തോന്നിയ എല്ലാവരും അതിലേക്ക് ചേർന്നിട്ടുണ്ട്. ബസവണ്ണ ഒരു ബ്രാഹ്മിൺ ആയിരുന്നതുകൊണ്ട് ബ്രാഹ്മണരും ലിംഗായത് മതത്തിൽ ചേർന്നു. താഴ്ത്തപ്പെട്ട ജാതികളിൽനിന്നുള്ളവരാണ് ലിംഗായത് മതത്തിൽ ചേർന്ന കൂടുതൽ പേരും. അവരെല്ലാം ചേർന്ന് പുതിയൊരു മതമുണ്ടാക്കി. ലിംഗായത് ഹിന്ദു മതത്തിന്റെ ഭാഗമല്ല, പക്ഷേ ഇന്ന് അവർ ഹിന്ദു മതത്തിന്റെ ഭാഗമായി സ്വയം കണക്കാക്കി അതിൽ അഭിമാനിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഭൗതിക താൽപര്യങ്ങളെ ഹിന്ദുമതം അഭിസംബോധന ചെയ്യുന്നുണ്ട്. ആധിപത്യം എപ്പോഴും ആത്മീയമായൊരു ന്യായീകരണം ആവശ്യപ്പെടുന്നുണ്ട്. അടിച്ചമർത്തലിനും ആധിപത്യത്തിനും ആത്മീയമായ ന്യായീകരണം നൽകുന്ന ഒരേയൊരു പ്രത്യയശാസ്ത്രം ബ്രാഹ്മണിസമാണ്. ലിംഗായത്തുകളും വൊക്കലിഗരും ഒ.ബി.സി വിഭാഗങ്ങളും മാത്രമാണ് ഗ്രാമങ്ങളിലുള്ളത്, ബ്രാഹ്മണരില്ല. ജാതിവിവേചനത്തിന്റെ നടത്തിപ്പുകാർ ഇപ്പോൾ ഈ വിഭാഗങ്ങളിലുള്ളവരാണ്. ഗ്രാമീണ ജാതിശ്രേണിയിൽ അവർ ബ്രാഹ്മണർക്ക് പകരം മേൽക്കോയ്മ സ്ഥാപിച്ചു. തുടക്കത്തിൽ ഈ പ്രക്രിയ ഏറ്റെടുത്തത് ലിംഗായത്തുകളാണ്. പിന്നീട് വൊക്കലിഗരും അത് ചെയ്തുതുടങ്ങി. ഒ.ബി.സി ജാതികളിലെ മേൽശ്രേണിയിൽ നിൽക്കുന്നവരും പിന്നീട് ബ്രാഹ്മണ്യ മേൽക്കോയ്മ സ്വാംശീകരിച്ചു. എല്ലാവർക്കും ജാതീയത ആവശ്യമുണ്ട്. അതാണ് അംബേദ്കർ പറഞ്ഞത്; ജാതീയത വിഭജിതമായൊരു സംവിധാനമാണ്, അതെല്ലാവർക്കും നേട്ടമുണ്ടാക്കുന്നതാണ്. ജാതിയും വർഗവും ദേശീയതയും തുല്യത എന്നൊരു ആശയത്തിന്മേൽ ഊന്നിക്കൊണ്ട് ഒരുപോലെ ഇല്ലാതാക്കപ്പെടേണ്ടതാണ്, ഇതെല്ലാം നിലനിൽക്കുന്നത് ഒന്നിച്ചാണ് എന്നതുകൊണ്ട്. ഭാഗികമായി ഇതിൽ ഏതെങ്കിലുമൊന്നിനെ നേരിടാൻ കഴിയില്ല. ആർ.എസ്.എസിന് ബ്രാഹ്മണ്യ-ഹിന്ദു-കോർപ്പറേറ്റ് രാഷ്ട്രം എന്നൊരു സമഗ്ര പദ്ധതിയുടെ രൂപരേഖയുണ്ട്. സമാനമായി നമ്മുടെ തുല്യതാ സങ്കൽപങ്ങളും സമഗ്രമായിരിക്കണം.

ആർ.എസ്.എസ്സിന്റെ മുഴുവൻ പ്രവർത്തന രീതിയുടെയും അടിത്തറ ജാതി സ്വത്വമാണ്. ആധിപത്യവും അടിച്ചമർത്തലും ജാതി സ്വത്വത്തിന്റെ പേരിലാണ് നടപ്പിലാക്കപ്പെടുന്നത്. പക്ഷെ ഇന്ത്യൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇത് മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. എന്തുകൊണ്ടാണ് ജാതി പരസ്യമായി ചർച്ചചെയ്യപ്പെടാത്തത്?

എനിക്കുതോന്നുന്നത് മറ്റേത് രാഷ്ട്രീയ പാർട്ടിയെക്കാളും ജാതി ചർച്ച ചെയ്യുന്നത് ആർ.എസ്.എസ് തന്നെയാണ് എന്നാണ്. ജാതി എന്താണെന്ന് അവർക്കറിയാം. അവർക്ക് ബ്രാഹ്മിണിക്കൽ ആധിപത്യത്തിൽത്തന്നെ സ്വയം ഉൾക്കൊള്ളിക്കണം. അവർ ബുദ്ധനെ വിഷ്ണുവിന്റെ പത്താം അവതാരമാക്കുന്നത് ബുദ്ധൻ പ്രശ്‌നമാണ്, ബുദ്ധനെ എങ്ങനെ ബ്രാഹ്മണ വ്യവഹാരത്തിലേക്ക് ഉൾക്കൊള്ളിക്കണം എന്ന് അറിയുകയും ചെയ്യാവുന്നതുകൊണ്ടാണ്. അവർ ജാതി സ്വാഭിമാനത്തെക്കുറിച്ച് ജാഗരൂകരാണ്. ജാതി സ്വാഭിമാന പ്രഖ്യാപനങ്ങളെ അവർ ഗൂഢാലോചനയോടെ കണ്ടു. എങ്ങനെ അതിനെ സ്വാംശീകരിക്കണം എന്ന് ചിന്തിച്ചു. അംബേ്കറുടെ 125ാം പിറന്നാളിന് അവർ പഞ്ചതീർത്ഥവുമായി വന്നു. അങ്ങനെ അംബേദ്കറിനെ ബ്രാഹ്മണ്യവത്ക്കരിച്ചു. അവർ ഒരു ബിംബത്തെ ഏറ്റെടുത്ത് സ്വന്തമെന്ന് അവകാശപ്പെടുകയും അതിന്റെ അന്തസ്സത്ത നശിപ്പിക്കുകയുമാണ് ചെയ്യുക. മറ്റു രാഷ്ട്രീയചിന്തകൾക്ക് ജാതിയെ ഒരു സാമൂഹ്യ യാഥാർത്ഥ്യമായി മനസ്സിലാക്കുന്നതിൽ തോൽവി സംഭവിച്ചു. ഇടതുപക്ഷത്തിന് സംഭവിച്ചത് അതാണ്. ജാതിയെ അടിച്ചമർത്തലിന്റെയും അടിമത്തത്തിന്റെയും മറ്റൊരു ഉപകരണമായി മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ജാതിയിലൂടെ വർഗ്ഗവും പ്രകാശിപ്പിക്കപ്പെടുന്നുണ്ട്. ഭരണഘടനയും പൂർണ്ണ അർത്ഥത്തിൽ ജാതി ഉന്മൂലനത്തിന് വഴി ഒരുക്കുന്നില്ല. ജാതി അടിസ്ഥാനത്തിലുള്ള വിവേചനം മാത്രമാണ് ഭരണഘടന പ്രശ്നവത്ക്കരിക്കുന്നത്. ജാതിവ്യവസ്ഥയെ ഇല്ലായ്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നൊരാൾക്ക് ഒരു വ്യവസ്ഥയെത്തന്നെ എങ്ങനെ മാറ്റണം എന്ന ബോധ്യമുണ്ടാകണം. മുഴുവൻ ക്രമത്തെയും എങ്ങനെ മാറ്റും എന്ന ബോധ്യമുണ്ടാകണം. ബ്രാഹ്മണിസവും മുതലാളിത്തവും ഇരട്ടശത്രുക്കളാണ് എന്നാണ് അംബേദ്കർ പറഞ്ഞത്. രണ്ടിനെയും നമുക്ക് വേർതിരിക്കാൻ കഴിയില്ല. പക്ഷെ ബി.എസ്.പി ഒരു ഭാഗത്തേക്കും കമ്മ്യൂണിസ്റ്റുകൾ മറ്റൊരു ഭാഗത്തേക്കുമാണ് ശ്രദ്ധ തിരിക്കുന്നത്. ഇവർ നിലനിൽക്കുന്ന ഭരണസംവിധാനത്തിനോട് ചേർന്നുപോകുക തന്നെയാണ് ചെയ്യുന്നത്.

മതേതരത്വം എന്ന സങ്കൽപം വളരെ പഴയതാണല്ലോ. ദേശരൂപീകരണ സമയത്തെല്ലാം മതേതരത്വ സങ്കൽപ്പത്തിന് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. എന്നാൽ സമകാലിക ഇന്ത്യയിൽ മതേതരത്വം എന്ന സങ്കൽപ്പം പ്രയോഗത്തിലില്ലാതായിക്കൊണ്ടിരിക്കുന്നതായി കാണാം. കർണാടകയിൽ ഈ മാറ്റം എങ്ങനെ പ്രകടമായി എന്നതിനെക്കുറിച്ച് വിശദമാക്കാമോ ?

അംബേദ്കർ തന്നെ പറഞ്ഞിട്ടുള്ളതുപോലെ, മതേതരത്വം ആധുനികതയുടെ ഒരു പ്രൊജക്റ്റാണ്. അത് ജനാധിപത്യത്തോടൊപ്പം ചേർത്തുവെച്ചിരിക്കുന്നു. ജനാധിപത്യത്തെ ഇന്ത്യയുടെ മേൽവസ്ത്രമെന്ന് പറയാം. ഇന്ത്യൻ സമൂഹം ജനാധിപത്യമുള്ളതൊന്നുമല്ല. ഇന്ത്യൻ സമൂഹം ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും ദലിത്‌വിരുദ്ധവുമാണ്. അതിപ്പോഴും മാറിയിട്ടില്ല. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഒരു സാമൂഹ്യ വിപ്ലവത്തിലൂടെയല്ല, മുകളിൽനിന്ന് താഴേക്ക് എന്ന ക്രമത്തിലുള്ള ഒരു സംവിധാനത്തിലൂടെയാണ്. അടിസ്ഥാന സാമൂഹ്യ സമവാക്യങ്ങളും അടിസ്ഥാന സാമ്പത്തിക സമവാക്യങ്ങളും മാറിയിട്ടില്ല. മൂല്യങ്ങളിൽ മാത്രമല്ല ജനാധിപത്യമുണ്ടാകേണ്ടത്, നമ്മുടെ ഭൗതിക ജീവിതത്തിലും ആ മാറ്റങ്ങൾ ഉണ്ടാകണം. അടിസ്ഥാന സാമൂഹ്യ സമവാക്യങ്ങൾ മാറണം. അത്തരം മുന്നേറ്റങ്ങൾ നമുക്കുണ്ടാകണം. പക്ഷെ അതൊക്കെയും പല തരത്തിൽ വ്യതിചലിച്ചുപോയി. ജാതിയുടെ ചോദ്യം ജനാധിപത്യപരമായി മനസ്സിലാക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പരാജയവും ജാതിക്കെതിരായ മുന്നേറ്റങ്ങൾ സംവിധാനങ്ങളുടെ ചലനാത്മകതയെ മനസ്സിലാക്കുന്നതിൽ നേരിട്ട പരിമിതിയും വ്യതിചലനങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നമ്മളൊരു ഫാസിസ്റ്റ് കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ആശയപരമായ ഫാസിസത്തെ രാഷ്ട്രീയമായി നേരിടണമെങ്കിൽ അതിന്റെ സാമൂഹികവും ശാരീരികവുമായ സാമീപ്യത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും പറ്റണം. ഈ തടസ്സത്തെ മറികടക്കൽ അത്ര എളുപ്പമല്ല.

തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നതുപോലെയുള്ള ജാതിവിരുദ്ധ മുന്നേറ്റങ്ങൾ കർണാടകത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷെ ആ അർത്ഥത്തിലൊരു ഗ്രാമീണ ഇടതുമുന്നേറ്റം ഉണ്ടായിട്ടില്ല. കമ്മ്യൂണിസ്റ്റ്, പുരോഗമന പ്രത്യയശാസ്ത്രങ്ങൾ കർഷക വിഭാഗത്തിനിടയിൽ വേരുറപ്പിച്ചിരുന്നില്ല. കാർഷികമേഖല ഭൂമി ഉടമസ്ഥതയുള്ള വൊക്കലിഗ, ലിംഗായത് വിഭാഗങ്ങളുടെ കൈകളിലായിരുന്നു. പക്ഷെ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ് നമുക്ക് ആത്മീയമായ, ബ്രാഹ്മണ്യ കടുംപിടിത്തങ്ങളെ ചോദ്യം ചെയ്ത മുന്നേറ്റങ്ങളുണ്ടായിരുന്നു. കർണ്ണാടകത്തിലെ അടിസ്ഥാന മുന്നേറ്റം പ്രാപഞ്ചികമായ മാനവികതയെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു. പക്ഷെ വ്യവസ്ഥയുടെ രാഷ്ട്രീയ സമ്പദ്ഘടനയെക്കുറിച്ച് അത് അധികം മനസ്സിലാക്കിയിരുന്നില്ല. ഇന്നും അതൊരു വലിയ പോരായ്മയാണ്. സ്വാതന്ത്ര്യ പോരാട്ടത്തിലെ സ്വാധീനം അംബേദ്കറോ പെരിയാറോ ആയിരുന്നില്ല, ഗാന്ധിയും ലോഹ്യയും ആയിരുന്നു. ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ കാര്യത്തിൽ ഗാന്ധിസം വലിയ പങ്കുവഹിച്ചു. എന്നാൽ സാമൂഹ്യക്രമത്തെ മാറ്റുന്നതിൽ ഗാന്ധിസം പ്രത്യേകിച്ചൊന്നും സംഭാവന ചെയ്തില്ല. ടിപ്പു സുൽത്താന്റെയും കൃഷ്ണരാജ വടിയാറുടെയും കാലങ്ങളിൽ സംസ്ഥാനത്ത് സംവരണം നിലവിൽവന്നു. ടിപ്പു സുൽത്താൻ ഗ്രാമീണ ക്രമങ്ങളിൽ മാറ്റങ്ങളുണ്ടാക്കി. മനുസ്മൃതി, മനു ക്രമങ്ങൾ നിലനിന്ന ഗ്രാമീണ സമവാക്യങ്ങളെ അട്ടിമറിച്ച ഒരേയൊരു ഭരണാധികാരിയായിരുന്നു ടിപ്പു. ഇതിന്റെ നേട്ടം ശൂദ്രവിഭാഗത്തിനുണ്ടായി. അവർ ഭരണവർഗമായി. അവർ ഉദ്യോഗസ്ഥ തലങ്ങളിലെത്തി. അവർ ബ്രാഹ്മണ്യ വ്യവസ്ഥിതിയെ മുന്നോട്ടുകൊണ്ടുപോയി.

കർണ്ണാടകത്തിൽ ശൂദ്ര എന്നത് ഏകദേശം ഇരുനൂറോളം ജാതികളുള്ള ഒരു ശ്രേണിയാണ്. അതിൽത്തന്നെ പ്രബല ജാതിവിഭാഗങ്ങളും കീഴാള ജാതിവിഭാഗങ്ങളുമുണ്ട്. ഭൂരഹിതരായ ജാതികളും ഭൂ വിഭവമുള്ള ജാതികളുമുണ്ട്. പക്ഷെ പരമ്പരാഗത ഭൂപ്രമാണിമാർ/ജന്മികൾ ഇപ്പോഴും ലിംഗായത്, വൊക്കലിഗ വിഭാഗക്കാരാണ്. ആധുനിക സമ്പദ് വ്യവസ്ഥയിലേക്ക് പ്രവേശിച്ചത് അവരാണ്. കാർഷിക പ്രതിസന്ധികളെ അങ്ങനെ അവർക്ക് മറികടക്കാൻ കഴിഞ്ഞു. ഒരു കാൽ ആധുനിക സമ്പദ് വ്യവസ്ഥയിലും മറ്റേത് ഗ്രാമീണ കാർഷിക വൃത്തിയിലും ഉറപ്പിച്ച് അവർ നിന്നു. കാർഷിക പ്രതിസന്ധികൾ അവരെ ബാധിച്ചതേയില്ല. ആധുനിക സമ്പദ് വ്യവസ്ഥയിൽ നീക്കിയിരിപ്പുകളില്ലാത്തവരും വിദ്യാഭ്യാസം ലഭിക്കാത്തവരുമാണ് ആത്മഹത്യ ചെയ്യുന്നത്. സംവരണം ചെറിയൊരു വിഭാഗം ദലിതർക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വമുള്ള തൊഴിൽ മേഖലയിൽ എത്താൻ വഴിയൊരുക്കി. സാക്ഷരരായിരിക്കുമ്പോഴും കഴിഞ്ഞ നാൽപതു വർഷമായി തൊഴിലവസരങ്ങളിൽനിന്നും അവർ വിവേചനം നേരിട്ടു. ഇത് ജാതി തൊഴിലിലേക്ക് അവരെ തിരിച്ചെത്തിക്കുന്നു. ജാതിക്രമം ഇപ്പോഴും നടപ്പിലാക്കപ്പെടുന്നു. ആധുനിക സമ്പദ് വ്യവസ്ഥയിൽ അവസരങ്ങളും അതിലേക്കുള്ള പ്രവേശന സാധ്യതയും ഇപ്പോഴും ജാതിയുടെ അടിസ്ഥാനത്തിൽ നിയന്ത്രിതമാണ്. സ്വകാര്യ തൊഴിൽ മേഖലയിൽ സംവരണമില്ല. നാരായണമൂർത്തി, പ്രേംജി എന്നിവർ ബംഗളൂരുവിൽനിന്നുള്ള കോർപ്പറേറ്റുകളാണ്. അവരുടെ സ്ഥാപനത്തിൽ ജാതി അടിസ്ഥാനമാക്കില്ലെന്നും മെറിറ്റ് മാത്രമേ നോക്കൂ എന്നും അവർ പറഞ്ഞു.

യു.ജി.സി മുൻ ചെയർമാൻ നടത്തിയ അക്കാദമിക് സ്റ്റിങ് ഓപറേഷനിൽ വിവിധ ജാതിവാലുകൾ ചേർത്തുള്ള അഞ്ച് അപേക്ഷകൾ നൽകി. ഉദാഹരണത്തിന് ശിവസുന്ദർ ഭട്ട്, ശിവസുന്ദർ ദാസ്, ശിവസുന്ദർ ചമാർ, ഷബീറുള്ള എന്നിങ്ങനെ. ഓരോ പേരും ഞാൻ ഏത് ജാതിയിൽപെട്ടയാളാണെന്ന് സൂചിപ്പിക്കുന്നു. എല്ലാ അപേക്ഷകർക്കും എം.ഇ.യിൽ ഒന്നാംറാങ്കുണ്ട്. ഈ അപേക്ഷകൾ അവർ അഞ്ഞൂറ് സ്വകാര്യ സ്ഥാപനങ്ങളിലേക്കയച്ചു. ഇ.പി.ഡബ്‌ള്യു വെബ്‌സൈറ്റിൽ ഇതിനെപ്പറ്റി വായിക്കാം. അവർ മെറിറ്റ് മാത്രമാണ് പരിഗണിച്ചതെങ്കിൽ അവർക്കെല്ലാവർക്കും ഇന്റർവ്യൂ കോൾ വരുമായിരുന്നു. പക്ഷേ ഇന്റർവ്യൂവിലെത്തിയ 90 ശതമാനം പേരും ഭട്ടുകളാണ്. ഷബീറുള്ള ഏറ്റവും അവസാനമെത്തി, അതുകഴിഞ്ഞ് എസ്.സി വിഭാഗത്തിൽനിന്നുള്ളവരും. അക്കാദമികമായിത്തന്നെ സ്ഥാപിക്കപ്പെട്ട വസ്തുതയാണ് അവർ മെറിറ്റിന് ഒരു വിലയും കൊടുക്കുന്നില്ലെന്ന്. ജാതി മാത്രമാണ് അവിടെ മാനദണ്ഡം. ഒരു സ്ഥാപനത്തിന്റെ ഉടമ അയാളുടെ ജാതിയിൽനിന്നുള്ളവരെ മാത്രമേ പ്രധാന പദവികളിലേക്ക് ജോലിക്കെടുക്കുന്നുള്ളൂ എന്ന് സ്ഥാപിക്കുന്നൊരു പഠനം അശ്വിനി ദേശ്പാണ്ഡേ ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് ബോർഡ്‌റൂമുകളിൽ അതിനാൽത്തന്നെ വിവിധ ജാതികളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം വളരെ കുറവാണ്.

എന്തുകൊണ്ടാണ് കന്നഡ ദേശീയതയ്ക്ക് ഹിന്ദു ദേശീയതയുമായി വേഗം താദാത്മ്യപ്പെടാൻ കഴിയുന്നത്?  ഇന്ത്യൻ ദേശീയതയോട് വിയോജിപ്പുകൾ പ്രകടിപ്പിച്ച മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടിന്റെ സ്ഥിതിയല്ലല്ലോ കർണ്ണാടകയുടേത്. കന്നട മാധ്യമങ്ങൾക്ക് അതിലുള്ള പങ്ക് എന്താണ്?

ആദ്യത്തെ കന്നഡ ദിനപത്രം മംഗളൂരുവിൽനിന്നുള്ള കൃസ്ത്യൻ മിഷണറിമാരാണ് കൊണ്ടുവന്നത്. ബ്രാഹ്മണരും അതുകഴിഞ്ഞ് ലിംഗായത്തുകളും മാത്രമാണ് അന്ന് സാക്ഷരത നേടിയിരുന്നത്. വൊക്കലിഗർക്ക് ആ കാലത്ത് സാക്ഷരതയുണ്ടായിരുന്നില്ല. ദേശീയത എന്നുപറയുമ്പോൾ, കാര്യങ്ങളെ ഹിന്ദുത്വ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഈ ഉപരി(വർഗ)ജാതികളുടെ മനസ്സിലാക്കലിലുള്ള ദേശീയതയാണ്. ബെനഡിക്റ്റ് ആൻഡേഴ്‌സണിന്റെ ‘ഇമാജിൻഡ് കമ്മ്യൂണിറ്റീസ്’ എന്ന പുസ്തകത്തിൽ പ്രസ് വഹിച്ച പങ്കെന്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയതയുടെ പിന്നാലെ പോകുന്ന ഇമേജുകൾ എന്തൊക്കെയാണെന്ന് അതിലുണ്ട്.

പക്ഷേ ചരിത്രപരമായി കർണ്ണാടകം ഒരു വിഭജിത പ്രദേശമാണ്. കഴിഞ്ഞ എഴുനൂറു വർഷങ്ങളായി നമ്മളാരും ഏകീകൃതമായിരുന്നില്ല. ചിലഭാഗങ്ങൾ ശ്രാവണരുടേത്, അറുനൂറു വർഷങ്ങൾക്ക് മുമ്പ് ഒരുഭാഗം നിസാം ഭരണത്തോടൊപ്പം പോയി. ഇന്നത്തെ കർണ്ണാടകത്തിലെ നാല് ജില്ലകൾ തെലങ്കാനയിലായിരുന്നു. നോർത്ത് കർണ്ണാടകയിലെ ആറ് ജില്ലകൾ ബോംബേ പ്രസിഡൻസിയിലായിരുന്നു. രണ്ടോ മൂന്നോ സൗത്ത് കർണ്ണാടക ജില്ലകൾ, പ്രത്യേകിച്ച് തീരദേശ ജില്ലകൾ മദ്രാസ് പ്രസിഡൻസിയിലായിരുന്നു. പഴയ മൈസൂർ പ്രവിശ്യ മാത്രമാണ് കന്നഡ ഭരണാധികാരിയുടെ കീഴിൽ. വടക്കൻ ഭാഗത്ത് മറാത്തി ഭാഷയുടെ സ്വാധീനം, അവർ തിലക് ദേശീയതയിൽ ഊറ്റംകൊണ്ടു. ബെൽഗാം, ധാർവാഡ്, ഹൂബ്ലി, ഹാവേലി എന്നിവിടങ്ങൾ തിലകിന്റെയും സവർക്കറുടെയും ആശയങ്ങളിൽ പ്രചോദിതരായി. ഹൈദരാബാദിനോടടുത്ത, നിസാം ഭരണത്തിൻകീഴിലുണ്ടായിരുന്ന ബിദർ, റായ്ചൂർ എന്നിവിടങ്ങളിൽ ഉറുദുവും മറാത്തിയും ഉണ്ടായിരുന്നു. മധ്യഭാഗം വിജയനഗര സാമ്രാജ്യത്തിൻ കീഴിലായിരുന്നു. ഇതേത്തുടർന്നുണ്ടായ കുടിയേറ്റങ്ങളും ചരിത്രപരമായി ശ്രദ്ധിക്കണം. നമുക്ക് ഏകീകൃതമായൊരു ഭൂമിശാസ്ത്രപരമോ ദേശീയമോ ആയൊരു ചരിത്രമില്ല. മുതലാളിത്ത രീതിയിലുള്ള ഉത്പാദനവും ആധുനിക വിദ്യാഭ്യാസവും ഈ പ്രദേശങ്ങളിൽ നിർണ്ണായകമാണ്. കൊളോണിയൽ ആധുനിക വിദ്യാഭ്യാസം നേടിയ മറാത്തികളും ബംഗാളികളും ഇന്ത്യൻ ദേശീയതയുടെ ആദ്യപ്രചാരകരായി. ഇതുതന്നെ മദ്രാസ് പ്രസിഡൻസിയിലേക്കും ബോംബേ പ്രസിഡൻസിയിലേക്കും എത്തിച്ചു. നോർത്ത് കർണ്ണാടകയിലെ ആളുകൾ കർണ്ണാടകയുടെ ഏകീകരണം ആവശ്യപ്പെട്ടു. അതിനായി അവർ പ്രസ്സിനെ ഉപയോഗിച്ചു. വചന ചലുവളി, ബസവണ്ണയുടെ എഴുത്തുകൾ ഇതെല്ലാം വന്നു. കർണ്ണാടകയെക്കുറിച്ചുള്ള അഭിമാനം കൊള്ളലാണ് കർണ്ണാടകയുടെ ഏകീകരണത്തിന് ഉറവിടമായത്. ഇതുപറയുമ്പോഴും പ്രശ്‌നമുണ്ട്. വെറും കന്നഡിഗ അഭിമാനം കൊള്ളലല്ല അത്, ഹിന്ദു കന്നഡ എന്ന അഭിമാനിക്കലാണത്. ദേശീയത വിജയനഗര സാമ്രാജ്യത്തിന്റെ അഭിമാനമാണ്. ഗളഗനാഥ എഴുതിയ ആദ്യനോവൽ ഒരു മറാത്തി നോവലിന്റെ അനുകരണമാണ്. ശിവാജി ഔറംഗസേബിനാൽ തോൽപ്പിക്കപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ചാണ് ആ മറാത്തി നോവൽ. ഒരു മുസ്ലിം വിരുദ്ധ നോവലാണത്. വിജയനഗര സാമ്രാജ്യത്തെ തോൽപിച്ച ബാമനി സുൽത്താന്മാരുണ്ട്. ഹിന്ദുയിസത്തിന്റെ കോട്ടയായി കരുതപ്പെട്ട വിജയനഗര സാമ്രാജ്യം തോൽപിക്കപ്പെട്ടു. കന്നഡ ദേശീയത ഹിന്ദു ദേശീയതയുമായി സമീകരിക്കപ്പെട്ടു. ഇന്ത്യൻ ദേശീയതയിൽനിന്ന് ദൂരംപാലിക്കാൻ കഴിഞ്ഞിരുന്ന തമിഴ്‌നാടിനെപ്പോലെയല്ല കന്നട. കന്നഡ ദേശീയവാദി നേതാക്കൾക്ക് അതിന് കഴിഞ്ഞിരുന്നില്ല. അവരുടെ പൊക്കിൾക്കൊടി ഹിന്ദു ദേശീയതയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഈ സാമ്രാജ്യത്വ അഭിമാനം ദക്ഷിണേന്ത്യയിലും ഇന്ത്യയിലാകെത്തന്നെയും സ്വാധീനശക്തിയായിരുന്നു എന്നാണോ?

1860 മുതൽ തന്നെ മുസ്ലിം സ്വത്വ വാദത്തെ ഹിന്ദു ദേശീയത എതിർത്തിരുന്നു എന്ന് കാണാം. ഹിന്ദു ദേശീയതയെ ഇന്ത്യൻ ദേശീയതയിലേക്കു കൊണ്ടുവന്നതിൽ വലിയ പങ്കുവഹിച്ച ആര്യസമാജം തന്നെ ഉദാഹരണം. ‘വന്ദേമാതരം’ വന്നത് ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ആനന്ദ മഠ് എന്ന നോവലിൽനിന്നാണ്. ഈ നോവലിൽ മുസ്ലിമിനെതിരായ ഹിന്ദു അഹന്തയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ പക്ഷെ അവർ ശത്രുവായി കണ്ടില്ല. ആനന്ദ് മഠിലെ നായകൻ അവസാന സീനിൽ പറയുന്നുണ്ട് നമ്മളൊരു മുസ്ലിം ഭരണാധികാരിയെ തോൽപ്പിച്ചിരിക്കുന്നു, ഇനി നമുക്ക് ബ്രിട്ടീഷിനെ തോൽപിക്കണം എന്ന്. അപ്പോൾ അയാളോട് ദൈവികമായൊരു ശബ്ദം പറയുന്നു, ബ്രിട്ടീഷുകാരുമായി പോരാടരുത്, അവർ നിന്റെ സുഹൃത്തുക്കളാണ്. 19ാം നൂറ്റാണ്ടുമുതലുള്ള പ്രധാന വികാരവും വിചാരവും പിന്നീട് അതായി. തിലക് അത് തുടർന്നു. സ്വാമി വിവേകാനന്ദനും അരബിന്ദോയും അത് തുടർന്നു. സവർക്കറതിനെ ഏകീകരിച്ചു, ഹെഡ്‌ഗെവാർ അതിനെ മുന്നോട്ടുകൊണ്ടുപോയി.

ഒരു ലേഖനത്തിൽ നിങ്ങൾ എഴുതിയിട്ടുണ്ടല്ലോ, ‘വർഗീയത തീവ്രമാകുന്നു എന്നതിൽ നിങ്ങൾക്ക് അത്ഭുതപ്പെടാൻ ഒന്നുമില്ല’എന്ന്. ഈ പ്രസ്താവന ഒന്ന് വിശദമാക്കാമോ?

കർണ്ണാടക ഒരു പ്രധാന ലാബോറട്ടറി ആയി മാറിയതിലോ ഹിന്ദു സാമ്രാജ്യത്തിന്റെ രണ്ടാം ഗുജറാത്ത് ആയി മാറിയതിലോ അത്ഭുതപ്പെടാനില്ല എന്നാണ് ഞാൻ ആ ലേഖനത്തിൽ സൂചിപ്പിച്ചത്. കഴിഞ്ഞ മുപ്പതു വർഷങ്ങളിലായി മധ്യവർത്തികളായ രാഷ്ട്രീയ പാർട്ടികളുടെ യാത്ര വലതുപക്ഷത്തേക്കാണ്. ലിംഗായത്തുകൾ കോൺഗ്രസിനെ ഉപേക്ഷിക്കാൻ നിരവധി കാരണങ്ങളുണ്ട്. വൊക്കലിഗർ ജെ.ഡി.എസ് തുടങ്ങി. ഇടതുപക്ഷത്തിനോ പുരോഗമന പ്രസ്ഥാനങ്ങൾക്കോ പൊതുജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നില്ല. അതിനാൽ രാഷ്ട്രീയമാറ്റം വലതുപക്ഷത്തിലേക്കായിരുന്നു. മുമ്പ് ബി.ജെ.പിയുമായി അകലം പാലിച്ചിരുന്ന പ്രധാന സമുദായങ്ങൾ പ്രത്യയശാസ്ത്രപരമായി ബി.ജെ.പിയോടു ചേർന്നു. ബി.ജെ.പിയിലേക്ക് പോകുന്നതിനുമുമ്പുള്ള ഒരു താൽക്കാലിക സ്ഥലമായിരുന്നു അവർക്ക് ജനതാദൾ. ഇതു സംഭവിച്ചത് എൺപതുകളിലാണ്. 1990മുതൽ ആർ.എസ്.എസ് അവിടെ പ്രത്യേക ലക്ഷ്യത്തോടെ പ്രവർത്തിച്ചുതുടങ്ങി. ഭാരതീയ ജനസംഘത്തിന്റെ ആദ്യ യൂണിറ്റുകൾ കർണ്ണാടകയിലാണ് സ്ഥാപിതമായത്. അറുപതുകളിലും എഴുപതുകളിലും അവർക്ക് ബ്രാഹ്മണരല്ലാത്തവർക്കിടയിലും വോട്ടുകൾ കിട്ടിയിരുന്നു, ഒമ്പത് ശതമാനത്തിൽ അധികം വോട്ട് അവർ നേടി. 1967ൽ അവർക്ക് അസംബ്ലിയിൽ നാല് സീറ്റുകൾ കിട്ടി. 1980ന് ശേഷം ഇന്ത്യയിൽ ഹിന്ദു ദേശീയത വലിയ അംഗീകാരം നേടി. ദേശീയതലത്തിൽ അവർ അംഗീകരിക്കപ്പെടുകയും അധികാരം പങ്കിടുകയും ചെയ്തു. ഇത് 1990കളിലായിരുന്നു. ലിംഗായത് വിഭാഗത്തിൽ നിന്നും യെദ്യൂരപ്പ ഉയർന്നുവരുന്നത് അപ്പോഴാണ്. ലിംഗായത്തുകൾക്ക് ഒരു നേതാവ് ഉണ്ടായിരുന്നില്ല. എണ്‍പതുകളില്‍, കോൺഗ്രസുകാരനല്ലാത്ത ഒരു നേതാവിനെ അവർക്ക് വേണമായിരുന്നു. രാംകൃഷ്ണ ഹെഗ്‌ഡേയിലേക്ക് അവരെത്തുന്നത് അങ്ങനെയാണ്. യെദ്യൂരപ്പ ആ സ്ഥാനമേറ്റെടുത്ത ശേഷം അവർക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണവും വോട്ട് ബേസും വലുതായി.

തുടക്കത്തിൽ അംഗീകരിക്കപ്പെടാൻ അവർ വലിയ പേരുകൾ ഉപയോഗിച്ചു. ഭൂപെൻ ഹസാരികയെ ബി.ജെ.പി ഉൾച്ചേർത്തു. അസമിൽനിന്നുള്ള ഇടതുപക്ഷക്കാരനായ പാട്ടുകാരനായിരുന്നു ഹസാരിക. ജനസമ്മതി നേടാനാണ് ഇങ്ങനെ ചെയ്തത്. താഴേത്തട്ടിൽ, ആളുകൾക്കിടയിൽ ആർ.എസ്.എസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ജാതി സംഘടനകൾ സംസ്‌കൃതവൽക്കരിക്കപ്പെട്ടു. കർണ്ണാടകത്തിൽ ആധിപത്യമുള്ള സാമൂഹ്യസംഘടനയാണ് മഠങ്ങൾ. മഠം ഒരു കോർപറേറ്റ് സംവിധാനമാണ്. മഠത്തിലെ സന്യാസി പറയുന്നത് സമുദായത്തിലെ എല്ലാവരും കേൾക്കും. മഠങ്ങളെയും ആർ.എസ്.എസ് നിയന്ത്രണത്തിലാക്കി.  ബിജെപി ഭരണകൂടങ്ങളുടെ പിന്തുണയുള്ള ഒരു കോർപ്പറേറ്റ് വ്യവസായം പോലെയായി മഠങ്ങൾ മാറി. കശ്മീർ, രാം മന്ദിർ, ഏകീകൃത സിവിൽ കോഡ് എന്നിങ്ങനെ മൂന്ന് പ്രശ്‌നങ്ങളുപയോഗിച്ചാണ് അവർ പിന്നീട് അധികാരത്തിലെത്തിയത്.

ഈയിടെ കർണ്ണാടക സംസ്ഥാന നിയമസഭയിൽനിന്നുള്ള ഒരു വീഡിയോ കാണാൻ ഇടയായി. എം.എൽ.എയോട് സ്പീകർ പറയുന്നു, ഒരു ദിവസം നിങ്ങൾക്കും ‘നമ്മുടെ ആർ.എസ്.എസ്’ എന്ന് പറയേണ്ടിവരുമെന്ന്. താങ്കളും അത് കണ്ടിട്ടുണ്ടാകുമല്ലോ. എന്താണ് തോന്നിയത് ?

ഇതാണ് ഇന്നത്തെ കർണാടകയുടെ അവസ്ഥ. ഹിജാബ് വിവാദ ചർച്ച നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ചർച്ച തുടങ്ങിയത് ഒരു കോൺഗ്രസ് എംഎൽഎ സമീർഖാൻറെ മറുചോദ്യത്തിൽ നിന്നാണ്. ചോദ്യം ഇങ്ങനെയായിരുന്നു, “നിങ്ങൾ ഹിജാബ് മാത്രമാണല്ലോ നിരോധിക്കുന്നത്, കുങ്കുമക്കുറിയും മറ്റ് ഹിന്ദു അടയാളങ്ങളും ധരിക്കുന്നത് എന്തുകൊണ്ട് കാണുന്നില്ല?”

ഷിമോഗയിലെ ഒരു കൊളേജിൽ കാവി പതാക ഉയർത്തിയതിനെ അനുകൂലിച്ച ഒരു മന്ത്രിയുണ്ട്, ഗ്രാമവികസന മന്ത്രി കെസി ഈശ്വരപ്പ. കാവി പതാക ഉയർത്തുന്നതിൽ എന്താണ് പ്രശ്‌നമെന്നാണ് ഈശ്വരപ്പ ചോദിച്ചത്. വളരെ പ്രധാനപ്പെട്ട ആ കസേരയിലിരുന്നുകൊണ്ടാണ് സ്പീക്കർ പറഞ്ഞത്, ‘ഒരു ദിവസം നിങ്ങൾക്കും ആർ.എസ്.എസിനെ അംഗീകരിക്കേണ്ടിവരും, ആർ.എസ്.എസുകാരായതിനാൽ നമ്മളെല്ലാം അഭിമാനികളാണ്’ എന്ന്. മുമ്പ് ഈ രീതിയിൽ തുറന്നു സംസാരിച്ചിരുന്ന കാര്യങ്ങളായിരുന്നില്ല ഇതൊന്നും. ഇന്നത് കുറേക്കൂടി അഭിമാനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതെ, ഞാനൊരു ആർ.എസ്.എസ്സുകാരനാണ്, ഞാനൊരു മുസ്‌ലീം കൊലയാളിയാണ് എന്ന് പറയുന്നത് അഭിമാനമായി മാറിയിരിക്കുന്നു. വളരെ സാധാരണമായ രീതിയിൽ, കൃത്യമായ പദ്ധതിയോടെയാണ് ഇതെല്ലാം സംഭവിച്ചത്. കർണ്ണാടക രാഷ്ട്രീയത്തിന്റെ ചലനാത്മകത അവരുടെ വളർച്ചയ്ക്കുവേണ്ട എല്ലാ അവസരങ്ങളും നൽകുന്നുണ്ടായിരുന്നു. മുമ്പ് എംപിമാർ നേടിയ വോട്ട് ഷെയറിനേക്കാൾ വലിയ വിജയ ശതമാനത്തിലാണ് തേജസ്വി സൂര്യയും നന്ദകുമാർ ഹെഗ്‌ഡെയും ജയിച്ചത്. രണ്ട് ലക്ഷത്തിലധികം വോട്ടുകളാണ് ഇവരുടെ മാർജിൻ. ഇസ്ലാം ലോക മാനവികതയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്ന് പറയുന്നയാളാണ് ഹെഗ്‌ഡെ. ഇത്തരം അഭിപ്രായങ്ങളുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് അവർ നേടിയത്. ഭീകരമായ രീതിയിൽ അവർക്ക് ഹിന്ദുത് വരാഷ്ട്രീയവുമായി മുന്നോട്ടുപോകാം. കശ്മീരിൽ അവർ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞു. വലിയ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവ കൂടാതെ നോട്ട് നിരോധനവും ഒരു ദുരന്തമായിരുന്നു. ലാഭാർത്ഥി പദ്ധതി, കോവിഡ് വാക്‌സിനേഷൻ എന്നിവ അവരെ സഹായിച്ചിട്ടുണ്ടാകണം. ബി.ജെ.പിയെ തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തുക എന്നത് അസാധ്യമായൊരു കാര്യമായി മാറിയിരിക്കുന്നു.

യു.പിയിൽ മതപരിവർത്തന നിരോധനനിയമവും കർണാടകത്തിൽ ഗോഹത്യാ നിരോധന നിയമവും പാസാക്കി, എത്ര എളുപ്പത്തിലാണ് അവർക്ക് ഈ നിയമനിർമാണങ്ങൾ സാധ്യമായത്?

ഗോഹത്യാ നിരോധന നിയമം കർഷകർക്ക് വലിയൊരു പ്രശ്‌നമാണ്. പാൽ ഉൽപാദനമില്ലാത്ത ഒരു പശുവിനെ, കൃഷിക്ക് ഉപയോഗിക്കാൻ കഴിയാത്ത ഒരു കാളയെ വിൽക്കാതെ മറ്റൊന്നിനെ വാങ്ങിക്കാൻ കഴിയില്ല. ഇങ്ങനെ വിൽക്കുന്നതും അവരൊരു കുറ്റകൃത്യമാക്കിയിരിക്കുകയാണ്. ഇത് കർഷകർക്ക് മുന്നിൽ വലിയൊരു പ്രതിസന്ധിയാണ്. പ്രതിഷേധങ്ങൾ പല രീതിയിൽ നടക്കുന്നുണ്ട്. കർണ്ണാടകത്തിലെ മിൽക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന പുറത്തിറക്കി. കാരണം, പാൽ ഉൽപാദകർ വലിയ പ്രതിസന്ധിയിലാണ്. പശുക്കളെ ജീവിതകാലം മുഴുവൻ തീറ്റിപ്പോറ്റാനൊന്നും കർഷകർക്ക് കഴിയണമെന്നില്ല. മുസ്ലീം വ്യാപാരികളുടെ താൽപര്യങ്ങളെ എന്ന പോലെ തന്നെ, ഹിന്ദു കർഷകരെയും ഈ നിയമം പ്രശ്‌നത്തിലാക്കുന്നുണ്ട്.  

മതപരിവർത്തന നിരോധന നിയമം മുസ്ലീം മതവിഭാഗത്തെ അപഹസിക്കുന്ന തരത്തിലുള്ളതാണ്. ഓരോ സംസ്ഥാനത്തും ഈ മോഡലിലുള്ള നിയമനിർമാണം നടന്നാൽ അതൊരു വലിയ പ്രശ്‌നമാകും. സ്‌പെഷ്യൽ മാര്യേജ് ആക്റ്റിൽ ഇപ്പോൾ വിവാഹം നടക്കുന്ന കാര്യം മുൻകൂട്ടി പരസ്യപ്പെടുത്തണമെന്ന നിബന്ധനയുണ്ട്. രജിസ്ട്രാറുടെ ഓഫീസിൽ നോട്ടീസ് പ്രദർശിപ്പിക്കപ്പെടും. പക്ഷെ യുപിയിലെ മതപരിവർത്തന നിരോധന നിയമം അനുസരിച്ച് മറ്റൊരു മതത്തിലെ ആളെ വിവാഹം ചെയ്യണമെങ്കിൽ മജിസ്‌ട്രേറ്റിനെ അറിയിക്കണം. രക്ഷിതാക്കളുടെ അനുമതി മാത്രം പോരാ. സ്വകാര്യ കാര്യങ്ങളിൽ ഭരണകൂടം ഇടപെടുക എന്നത് അപകടകരമാണ്.  

കോൺഗ്രസിനും ജനതാദളിനും വിധാൻസഭയിൽ ഭൂരിപക്ഷത്തിമുണ്ടായിരുന്നെങ്കിൽ അവർ ഈ നിയമനിർമാണം അനുവദിക്കുമായിരുന്നോ?

തെരഞ്ഞെടുപ്പു നേട്ടങ്ങൾ പരിഗണിച്ചാൽ ചിലപ്പോൾ അവരീ നിയമനിർമാണത്തെ അംഗീകരിക്കില്ലായിരിക്കാം. പക്ഷേ ജെ.ഡി.എസിന്റെ പ്രവർത്തന രീതി പ്രവചിക്കാൻ കഴിയാത്തതാണ്. ഈ പാർട്ടികൾക്കൊന്നും ആശയപരമായി വലിയ വ്യത്യാസങ്ങളില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് നമുക്കൊരു പാർലമെന്ററി പ്രതിപക്ഷമില്ല. ബി.ജെ.പിയെ രാഷ്ട്രീയമായി എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളേ ഉള്ളൂ. ഇതു രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ രാജ്യത്ത് പാർലമെന്ററി രാഷ്ട്രീയത്തിന് ഫാസിസത്തെ തോൽപിക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ജനങ്ങളുടെ കരുത്തിൽ നിന്ന് തെരുവിലുണ്ടാകുന്ന മാറ്റങ്ങൾക്കേ അതിന് കഴിയൂ. നമ്മളിപ്പോഴും പലതരം കംഫർട്ട് സോണുകളിൽ തുടരുകയാണ്. മാറ്റത്തിനുള്ള സാമൂഹ്യ അടിത്തറ നമ്മൾ തന്നെ ഉണ്ടാക്കേണ്ടതാണ്. അത് സമയമെടുക്കും. അടുത്ത ഇരുപത് വർഷത്തേക്ക് എന്തുചെയ്യണമെന്ന് നമ്മൾ പദ്ധതി രൂപീകരിക്കണം. ഇതു ചെയ്യേണ്ടത് നിങ്ങളുടെ തലമുറയാണ്, ഞങ്ങളുടെ തലമുറയുടെ ജോലിയല്ല.

ഇന്ത്യൻ മാധ്യമങ്ങളിലെ ഒരു വലിയ വിഭാഗം ഇന്ന് ഭരണകൂടത്തോട് ചേർന്ന് നിന്നാണ് പ്രവർത്തിക്കുന്നത്. ഒരു മുതിർന്ന മാധ്യമപ്രവർത്തകനെന്ന നിലയിൽ മാധ്യമങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ഒരു വിടവുണ്ടായതിന്റെ ചരിത്രപരമായ കാരണങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?  

മുപ്പതു വർഷങ്ങൾ കൊണ്ടാണ് ഈ വിടവുണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇത് വലുതായി, പ്രത്യേകിച്ച് മോദി ഭരണത്തിന്റെ തുടക്കത്തോടെ. പൂർണ്ണമായും വിപണിയുടെ നിയന്ത്രണത്തിലായതോടെ മാധ്യമമേഖലയ്ക്ക് മുതലാളിത്ത നിയന്ത്രണത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടിവന്നു. മോദി കാലത്തിന് മുന്നേതന്നെ കർണ്ണാടകയിൽ അത്തരത്തിലുള്ള സർക്കുലറുകൾ മാധ്യമ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുണ്ട്. കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനായി സമരങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നും കോടതി വ്യവഹാരങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നുമുള്ള സർക്കുലറുകൾ ചില മാധ്യമസ്ഥാപനങ്ങൾ തയ്യാറാക്കി.

സമരങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് മാധ്യമപ്രവർത്തകർക്ക് സർക്കുലർ നൽകിയ പത്രങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് ഇന്ത്യൻ എക്സ്പ്രസ്. ബി.പി.എൽ കമ്പനിക്കെതിരെ അന്ന് ഒരു സമരം നടക്കുന്നുണ്ടായിരുന്നു. എൺപത് ദിവസത്തോളം നീണ്ടുനിന്ന ശേഷം ആ സമരം പിന്നീട്  അക്രമാസക്തമായി. സമരം നടക്കുന്നതിന് 10 കിലോമീറ്റർ അകലത്ത് ഒരു ബസിന് തീ കൊളുത്തിയപ്പോൾ സമരം ചെയ്തുകൊണ്ടിരുന്നവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ജഡ്ജ് പറഞ്ഞത് ഇവർക്ക് തക്കതായ ശിക്ഷ നൽകിയില്ലെങ്കിൽ ഇന്ത്യയിലേക്ക് വിദേശ മൂലധനം വരില്ലെന്നാണ്. തെളിവുകളൊന്നും ഇല്ലാതെ തന്നെ അവർ ശിക്ഷിക്കപ്പെട്ടു. ഇരുപത് വർഷത്തേക്ക് തടവ് ശിക്ഷ. ഇതിൽ രണ്ടോമൂന്നോ പേർ മരിച്ചുപോയി. ഇത്തരം സംഭവങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്ന് ആലോചിക്കുമ്പോൾ തൊഴിലാളികളോട് ചെയ്യുന്ന അനീതിയെന്തെന്ന് നമ്മൾ അന്വേഷിക്കണോ എന്നൊന്നുമല്ല മാധ്യമങ്ങൾ ചിന്തിക്കുന്നത്. ഫാക്ടറിയുടെ താൽപര്യങ്ങൾക്കെതിരാകാതിരിക്കാൻ‍ അത്തരം കാര്യങ്ങൾ അവർ അന്വേഷിക്കാതിരുന്നു.

ഷെയർ ഹോൾഡർമാരുടെ താൽപര്യം സംരക്ഷിക്കാൻ ടൈംസ് ഓഫ് ഇന്ത്യ കുറച്ചുകൂടി കടുത്ത നടപടിയെടുത്തു. വാർത്താ താത്പര്യത്തെ കോർപ്പറേറ്റ് താത്പര്യം കയ്യേറിയത് ഇങ്ങനെയെല്ലാമാണ്. വസ്തുനിഷ്ഠമായ റിപ്പോർട്ടിംഗ് ഉണ്ടായിട്ടേയില്ല. വാർത്ത എന്ന പേരിൽ പുറത്തുവിട്ടതെല്ലാം കാഴ്ചപ്പാടുകളായിരുന്നു. ഇന്ന് 80 ശതമാനം ടി.വി വാർത്താ ചാനലുകളും അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലാണ്. ബി.ജെ.പിയുടെ അപ്‌ഡേറ്റുകൾ പ്രൊമോട്ട് ചെയ്യുന്നതിനായി റിലയൻസ് ഒരു പുതിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ഫെയ്‌സ്ബുക് ഉടമസ്ഥരും അവരുടെ ഇന്ത്യൻ ഏജന്റുകളും ബി.ജെ.പിക്കും നരേന്ദ്രമോദിക്കും അനുകൂലമായി പ്രവർത്തിക്കുന്നവരാണ്. അവരുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേഡ്‌സ് വളരെ സംശയാസ്പദമാണ്. ഇതേപ്പറ്റി നിരവധി റിപ്പോർട്ടുകൾ ‘ദ വയറി’ലും ‘സ്‌ക്രോളി’ലും ഉണ്ട്. എത്ര തവണ അവർ ഫെയ്സ്ബുക്കിന് പരാതികൾ അയച്ചിട്ടുണ്ടെന്നും അതിലൊന്നും ഫെയ്സ്ബുക്ക് നടപടിയെടുക്കാത്തത് എങ്ങനെയെന്നും വിശദീകരിച്ചുകൊണ്ട്.

ഇന്ന് ഫെയ്സ്ബുക്ക് എങ്ങനെയാണ് വാർത്തകൾ അറിയുന്നതിനുള്ള പ്രധാന വേദിയായി മാറിയതെന്നു പറയുന്ന ഒരു റിപ്പോർട്ട് റൂയിടേഴ്‌സ് ചെയ്തിട്ടുണ്ട്, ഇന്നത്തെ പുതുതലമുറ വാർത്തകൾ വായിക്കുകയല്ല ചെയ്യുന്നത്, അവർക്ക് വാർത്ത കേൾക്കാനും വാർത്ത കാണാനുമാണ് താത്പര്യം. ഫെയ്സ്ബുക്കും വാട്‌സ്അപും ഇന്ന് അടിസ്ഥാനപരമായ വാർത്താമാധ്യമങ്ങളാണ്. പക്ഷെ അവയും കുത്തകാധികാരം കൈയാളുന്നുണ്ട്.

ഈ കുത്തകാധികാരവും വലതുപക്ഷത്തേക്കുള്ള ആശയപരമായ മാറ്റവും കഴിഞ്ഞ എട്ടുവർഷമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. കമ്പനികളുടെ കുത്തക മുതലാളിത്ത സ്വഭാവം മാധ്യമ വ്യവസായത്തിന്റെ ധർമ്മങ്ങളെ തകർത്തിട്ടുണ്ട്. കുത്തകയും അതിന്റെ ഹിന്ദുത്വ സ്വഭാവവും ചൂണ്ടിക്കാണിക്കുന്നത് ഈ അധികാരം പണത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല എന്നാണ്. മോദി മുന്നോട്ടുവെക്കുന്നത് സന്ധി ചേരാനുള്ള സാധ്യതകളാണ്. നിയമസംവിധാനത്തിൽ വരെ സംഭവിച്ചിരിക്കുന്ന ഈ ആശയപരമായ മാറ്റം അപകടകരമാണ്. പണത്തിന് വേണ്ടിയോ ഫണ്ടില്ലാത്തതുകൊണ്ടുള്ള വിധേയത്വമോ പോലെയല്ല അത്. അത് ജനാധിപത്യത്തിന് ഭീഷണിയാണ്.

പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്കുമുന്നിൽ വെല്ലുവിളികൾ കൂടുതലാണ്. സ്വന്തം ജാതി/മത സമുദായത്തിന് നേരെ ഹിന്ദു വർഗീയ, വംശീയവാദികൾ നടത്തുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ മാനസിക സംഘർഷങ്ങളെക്കുറിച്ച് പല മാധ്യമപ്രവർത്തകരും പറയാറുണ്ട്. ഈ കാലഘട്ടത്തെ പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർ എങ്ങനെ അതിജീവിക്കും?

ഇതൊരു അഗ്നിപരീക്ഷയാണ്. പുതിയ തലമുറക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും അനുഭവിക്കേണ്ടിവരും. വാർത്തയും വസ്തുതകളും തേടിപ്പോകുന്നത് ഞങ്ങളുടെ തലമുറക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്നത്തെ തലമുറക്ക് വാർത്തയുടെ ലഭ്യത ഒരു പ്രശ്‌നമല്ല. വാർത്തയിൽനിന്നും സത്യം വേർതിരിച്ചെടുക്കുന്നതാണ് പ്രശ്‌നം. ഓർവെല്ലിന്റെ കാലഘട്ടത്തിൽ വളച്ചൊടിച്ച വാർത്തകളായിരുന്നെങ്കിൽ, ഇന്ന് സത്യത്തിൽനിന്ന് നിങ്ങളെ ഒഴുക്കിമാറ്റുന്നതരം വാർത്തകളുടെ വെള്ളപ്പൊക്കം തന്നെയാണ്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽനിന്നുള്ളവർക്ക് കടമ്പകൾ വലുതാണ്. കൂടുതൽ കൂടുതൽ കടമ്പകൾ ഉണ്ടായിക്കൊണ്ടിരിക്കും. മാധ്യമപ്രവർത്തനം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി മാത്രം ആകുമ്പോൾ, വിപണിയിൽനിന്നും വാങ്ങാൻ മാത്രം കഴിയുന്ന ചില പ്രത്യേക കഴിവുകൾ വേണ്ടിവരുമ്പോൾ ഇത് കൂടുതൽ മതിലുകൾ തീർക്കും. ഈ മതിലുകളെ എങ്ങനെ തകർക്കണമെന്ന് നമ്മൾ കൂട്ടായി ചിന്തിക്കേണ്ടതുണ്ട്. ഇതിനെ നമ്മൾ അഭിമുഖീകരിക്കേണ്ടതുണ്ട്. എത്രത്തോളം നുണകൾ നിരത്തിയാലും സത്യത്തിന് അതിജീവിക്കാൻ കഴിയും.

ഫോട്ടോ: മ‍ൃദുല ഭവാനി

അഗ്നിപഥ് നോക്കൂ. അഗ്നിപഥിനെതിരെ പ്രധാനമായും പ്രതിഷേധമുയർന്നത് ഹിന്ദി ബെൽറ്റിലാണ്. മോദിയുടെ മാന്ത്രികതയിൽ പെട്ടുപോയ അതേ യുവാക്കളാണിവർ. ഇവരാണ് മോദിയുടെ കോലം കത്തിക്കുന്നത്. അവരുടെ സ്വപ്‌നങ്ങൾ തകർന്നുപോയിരുന്നു. സ്വകാര്യമേഖലയിൽ തൊഴിൽ ചെയ്യാൻ ചില സാധ്യതകളെങ്കിലുമുള്ള ദക്ഷിണേന്ത്യ പോലെയല്ല. അവരവിടെ പൂർണ്ണമായും ആശ്രയിക്കുന്നത് കുടിയേറ്റത്തിനെയും റെയിൽവേയിലും ആർമിയിലുമൊക്കെയുള്ള തൊഴിലുകളെയുമാണ്. അതും ഇല്ലാതായാൽ എല്ലാം തകരും. അന്താരാഷ്ട്ര പ്രതിസന്ധികളും പണപ്പെരുപ്പവും ഇങ്ങനെ തുടർന്നാൽ വലിയ പ്രശ്‌നങ്ങളുണ്ടാകും. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ സാഹചര്യങ്ങൾ വളരെ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഇത്രയും ദുസ്സഹമായ സാമൂഹ്യ സാഹചര്യങ്ങളുണ്ടാകുമ്പോഴാണ് ബി.ജെ.പി ഉത്തർപ്രദേശിൽ വോട്ട് ഷെയർ 40 ശതമാനത്തിൽ നിന്ന് 42 ശതമാനത്തിലേക്ക് ഉയർത്തിയത്. പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിക്ക് വോട്ട്‌ ഷെയറിൽ നേരിയൊരു വർധനവ്, 6 ശതമാനം മാത്രമാണ് നേടാൻ കഴിഞ്ഞത്. മാറ്റങ്ങളുണ്ടാകാൻ പത്തോ ഇരുപതോ വർഷങ്ങൾ ഇനിയും എടുക്കുമെന്നാണ് തോന്നുന്നത്. 2024ന് ശേഷം സ്വഭാവത്തിൽ വ്യത്യസ്തമായ, കൂടുതൽ ഭീകരമായ നിയമങ്ങൾ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read