വിദേശതോട്ടം ഭൂമി: മന്ത്രി കെ. രാജൻ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോർട്ട് മുതൽ ഹാരിസൺസ് അടക്കമുള്ള കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തോട്ടം ഭൂമി വിവാദ വിഷയമാണ്. തുടർന്ന് റിട്ട. ജസ്റ്റിസ് എൽ. മനോഹരൻ, ഡോ. സജിത് ബാബു, ഐ.ജി എസ്. ശ്രീജിത്ത്, ഡി.വൈ.എസ്.പി എൻ. നന്ദനൻപിള്ള, ഡോ. എം.ജി രാജമാണിക്യം എന്നിവർ നടത്തിയ അന്വേഷണത്തിലും സർക്കാർ ഭൂമിയാണെന്ന് അസന്നിദ്ധമായി പ്രഖ്യാപിച്ചു. ഇതെല്ലാം തെറ്റാണെന്ന് ഒരു കോടതിയും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ല.

വിദേശകമ്പനികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യൽ ഓഫിസറായി എം.ജി രാജമാണിക്യത്തെ നിയോഗിച്ചത് യു.ഡി.എഫ് സർക്കരാണ്. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് എ.കെ. ബാലൻ നിരവധി തവണ നിയമസഭയിൽ ആവശ്യപ്പെട്ടത് രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹാരിസൺസ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ്. മുൻ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് ഇ. ചന്ദ്രശേഖരൻ റവന്യൂമന്ത്രിയായതോടെ കേസിൻെറ ദിശയാകെ മാറി. സ്പെഷ്യൽ ഗവ. പ്ലീഡർ സ്ഥാനത്ത് നിന്ന് അഡ്വ. സുശീല ഭട്ടിനെ നീക്കിയാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഹാരിൺസ് കമ്പനിയോടുള്ള മമത പ്രകടിപ്പിച്ചത്. അതോടെ കേസിൻെറ താളംതെറ്റി.

റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ നൽകിയ മറുപടി

വിവാദങ്ങളുടെ ഒടുവിൽ സുപ്രീംകോടതിയിൽനിന്ന് ഉയർന്ന ഫീസ് നൽകി വക്കീലിനെ എത്തിച്ചിട്ടും ഫലമുണ്ടായില്ല. കേരള ലാന്റ് കൺസർവൻസി നിയമത്തിലെ ചില സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തി കമ്പനികൾ ഫയൽ ചെയ്ത കേസിൽ, സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർക്ക് ഭൂമിയുടെ ഉടമസ്ഥത നിശ്ചയിക്കാൻ അധികാരമില്ലെന്നും, ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. പിന്നീട് സർക്കാരിനെ കണ്ണിലെ കരടായിരുന്നു സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തെയും തൽസ്ഥാനത്തു നീക്കി.

ഭൂവുടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കുന്നതിന് 2019 ജൂൺ ആറിന് ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് ഉത്തരവിറക്കി. സ്വാതന്ത്ര്യത്തിന് (1947ന് ) മുമ്പ് ബ്രിട്ടീഷ് കമ്പനികൾ കൈവശം വച്ചിരുന്നതും സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ നിയമം മൂലം നിലവിലെ കൈവശക്കാർക്ക് കൈമാറ്റം ചെയ്യാത്ത മുഴുവൻ ഭൂമിയിലും സർക്കാരിൻെറ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവിൽ കോടതിയിൽ കേസുകൾ ഫയൽ ചെയ്യാൻ കലക്ടർമാർക്ക് നിർദേശം നൽകി. ഈ നടപടിയിലൂടെ ഏകദേശം അഞ്ചുലക്ഷത്തോളം ഏക്കർ ഭൂമി ഉൾപ്പെടും. ഭൂസരംക്ഷണ നിയമത്തിൽ ചില വകുപ്പുകളിൽ (സർക്കാർ ഭൂമിയുടെ നിർവചനത്തിൽ) ഭേദഗതി വരുത്തിയാൽ വിദേശകമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാം.

വിദേശകമ്പനികൾക്ക് താലൂക്ക് ലാൻഡ് ബോർഡുകൾ നിയമവിരുദ്ധമായിട്ടാണ് ഇളവ് നൽകിയതെന്നും അത് പുനപരിശോധിക്കണമെന്നും ലാൻഡ് ബോർഡ് സെക്രട്ടറി നൽകിയ കത്തും റവന്യൂവകുപ്പിലെ ഫയലുകളിൽ ഉറങ്ങുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന സ്പെഷ്യൽ ഓഫിസർ നൽകിയ റിപ്പോർട്ടിനുമേൽ അടയിരിക്കാനല്ലാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ മുൻമന്ത്രി ഇ. ചന്ദ്രശേഖരന് കഴിഞ്ഞില്ല. നുണകളുടെ കോട്ടകൾ കൊണ്ട് ഭൂരഹിതരെ വഞ്ചിക്കുകയായരുന്നു അദ്ദേഹം. ഇ. ചന്ദ്രശേഖരൻ്റെ പാതയിലൂടെ തന്നെ റവന്യൂ മന്ത്രി മന്ത്രി കെ.രാജനും സഞ്ചരിക്കുമെന്നാണ് അദ്ദേഹത്തിൻെറ പ്രസ്താവനകൾ വ്യക്തമാക്കുന്നത്.

രാജഭരണകാലത്ത് പാട്ടത്തിനു നൽകിയ 1947ന് മുമ്പ് വിദേശകമ്പനികൾ കൈവശം വെച്ചിരുന്ന തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്താൻ തീരുമാനിച്ചിട്ടുണ്ടോയെന്ന വി.ശശി എം.എൽ.എയുടെ ചോദ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്തുന്നതിന് നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻെറ മറുപടി. ദുഷിച്ചുപോയ രാഷ്ട്രീയ മണ്ഡലത്തിൻെറ പ്രതിനിധിയുടെ ശബ്ദമാണ് ഇതിലൂടെ മുഴങ്ങുന്നത്. ഹാരിസൺസ് അടക്കം വിദേശകമ്പനികൾ തോട്ടം ഭൂമി പാട്ടത്തിനാണോ നൽകിയിരിക്കുന്നത്, അവർക്ക് ഏക്കറിന് എത്ര രൂപക്കാണ് പാട്ടം നൽകിയത്, ഹാരിസൺസ് കമ്പനി നിലവിൽ വർഷത്തിൽ എത്ര രൂപ പാട്ടം അടക്കുന്നുണ്ട്, അവർ എത്ര രൂപ പാട്ടം അടക്കാനുണ്ട്, സമാനരീതിയിൽ പാട്ടക്കുടിശിക അടയ്ക്കാനുള്ള മറ്റ് കമ്പനികൾ ഏതെല്ലാമാണ്, ഓരോ കമ്പനിയും എത്ര രൂപ പാട്ട കുടിശുക അടയ്ക്കാനുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം വിവരം ശേഖരിച്ചു വരുന്നുവെന്ന് ഒറ്റവരിയിലാണ് മറുപടി നൽകിയത്.

1963 ലെ ഭൂപരിഷ്കരണനിയമം നടപ്പാക്കിയപ്പോൾ തിരുവിതാംകൂർ അടക്കമുള്ള രാജകുടബംങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. താലൂക്ക് ലാൻഡ് ബോർഡ് ഇളവ് നൽകിയ ഭൂമി മാത്രമാണ് രാജകുടുംബങ്ങളുടെ കൈവശമുള്ളത്. എന്നാൽ, കേരള രാജാക്കന്മാർ പാട്ടത്തിന് നൽകിയ ലക്ഷക്കണക്കിന് ഏക്കർ ഭൂമി ഇന്നും വിദേശ കമ്പനികളുടെയോ അവരിൽ നിന്ന് കൈമാറ്റത്തിലൂടെ ലഭിച്ചവരുടെയോ കൈവശമാണ്. ഭൂരഹിതരുടെയും കീഴാളരുടെയും പക്ഷത്ത് നിന്ന് അവർക്കുവേണ്ടി നിയമ നിർമ്മാണം നടത്തുകയെന്നത് ഈ മന്ത്രിസഭയിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് മന്ത്രി കെ. രാജന്റെ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്. മന്ത്രി പറഞ്ഞത് പലതും ഭൂരഹിതരെ സംബന്ധിച്ചിടത്തോളം വലിയ നടുക്കമാണ്.

1957ലെ സർക്കാരിൽ ഇ.എം.എസും കെ.ആർ. ഗൗരിയമ്മയും വിദേശ തോട്ടഭൂമി ഏറ്റെടുക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. 1967 സർക്കാരിൽ ഗൗരിയമ്മ വിദേശ തോട്ടങ്ങളുടെ കണക്കെടുക്കാൻ നടപടി സ്വീകരിച്ചു. വിദേശ തോട്ടങ്ങൾ ഭൂമി അനധികൃതമായി കൈവശം വെച്ചിരുക്കുന്നത് കൊളോണിയൽ സമ്പ്രദായത്തിൻെറ തുടർച്ചയാണെന്നും അതിന് അറുതി വരുത്തണമെന്നായിരുന്നു ഇ.എം.എസിൻെറ നിലപാട്. ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നത് നിയമനിർമാണം നടത്തണമെന്നത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയാണെന്ന് കെ.ആർ ഗൗരിയമ്മയും നിയമസഭയിൽ മറുപടി നൽകിയിരുന്നത് മന്ത്രി കെ.രാജൻ ഓർക്കുന്നത് നല്ലതാണ്.

നേതാക്കൻമാരെ മാറ്റുരക്കുന്ന കാര്യത്തിൽ മലയാളികൾ പരാജയപ്പെട്ട ജനതയാണ്. ഇടതു രാഷ്ട്രീയനേതൃത്വവും ആസൂത്രണ വിദഗ്ധൻമാരും ഉദ്യോഗസ്ഥ മേധാവികളും ഹാരിസൺസിന് വേണ്ടി ദല്ലാൾപണി ചെയ്യുന്നു എന്നതാണ് വർത്തമാനകേരളം നേരിടുന്ന അടിസ്ഥാന പ്രശ്നം. ഭൂരഹിതർ സാമൂഹ്യജീവിതത്തിൽ കെടുതികൾ അനുഭവിക്കുമ്പോഴാണ് മന്ത്രി ഹാരിസൺസ് അടക്കമുള്ള വിദേശ കമ്പനികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. അതിലൂടെ റവന്യൂമന്ത്രി കെ. രാജൻ ഇടതുപക്ഷ രാഷ്ട്രീയം മാറ്റിവെച്ച് വിദേശകമ്പനികൾക്കുവേണ്ടി കുഴലൂത്ത് നടത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ട് കേരളം ഭരിച്ചവരിൽ കെ.ആർ. ഗൗരിയമ്മ ഒഴികെയുള്ള റവന്യൂ മന്ത്രിമാർ വിദേശ കമ്പനികളുടെ താത്പര്യം സംരക്ഷിച്ചവരാണ്. കെ. രാജനും അതിന്റെ തുടർച്ചയിൽ ഒരാളായി മാറുകയാണെന്ന് വ്യക്തമാക്കുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം.

Also Read

3 minutes read August 21, 2021 2:28 pm