ക്ഷേത്ര നിർമ്മാണം എന്ന കോടികളുടെ രാഷ്ട്രീയ അജണ്ട

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മാധ്യമങ്ങളിൽ പതിവായി ദൃശ്യമായിത്തുടങ്ങിയ’മോദി സർക്കാരിന്റെ ​ഗ്യാരന്റി’ പരസ്യങ്ങളിൽ ഒന്ന് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ചായിരുന്നു. അതിലെ വാചകങ്ങൾ ഇപ്രകാരമാണ്, “പുതിയതും മഹത്തായതും ദിവ്യവുമായ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ നിർമ്മാണം, ശ്രീ അയോധ്യാധാമിന് ആയിരം കോടി രൂപയോളം വരുന്ന വികസന പദ്ധതികളുടെ സമ്മാനം.” 2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാന സ്ഥാനം നിർവഹിച്ച് നടത്തിയ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയായിരുന്നു കേന്ദ്ര സർക്കാർ. ഭരണഘടനാ മൂല്യങ്ങളെയെല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​​ഗത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ ഉപയോ​ഗിക്കപ്പെടുന്നതാണ് രാമക്ഷേത്ര നിർമ്മാണത്തിലൂടെ കണ്ടത്. അത് ഒരു സർക്കാർ നയമാണെന്നും മോദിയുടെ ​ഗ്യാരന്റിയാണെന്നും ഉറപ്പിക്കുന്നു മുകളിൽ പറഞ്ഞ പരസ്യവാചകം. രാമക്ഷേത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല മോദി സർക്കാരിന്റെ ഈ നയം എന്നതാണ് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തെ കുറിച്ചുള്ള വാർത്തകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം വലിയ തുക മുടക്കി മോടി പിടിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ക്ഷേത്രങ്ങളുടെ നിർമ്മാണവും നവീകരണവും ഒരു രാഷ്ട്രീയ പരിപാടിയായും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രമായും മാറുന്നു. ക്ഷേത്രങ്ങൾ പുതുക്കിയെടുക്കുന്നു എന്നത് മാത്രമല്ല, മുസ്ലീം പള്ളികൾ പലതും പൊളിച്ചുനീക്കുക എന്നതും തെരഞ്ഞെടുപ്പ് നയമായി സംഘപരിവാർ മുന്നോട്ടുവയ്ക്കുന്നു. 1947 ആഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരാധനാലയങ്ങളുടെ സ്വഭാവം എന്താണോ അത് അതേപടി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന 1991ലെ ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളും വ്യാപകമാകുന്നു. കൂടാതെ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അസത്യ പ്രചരണങ്ങൾ കൂടി ബി.ജെ.പി നേതൃത്വം തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്നുണ്ട്.

രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പരസ്യം.

നിർമ്മല സീതാരാമന്റെ വ്യാജ പ്രചാരണം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഡി.എം.കെ സര്‍ക്കാര്‍ ചടങ്ങുകളുടെ തത്സമയ സംപ്രേഷണം വിലക്കിയെന്ന വ്യാജ പ്രചാരണം നടന്നു. കേന്ദ്ര ധനമന്ത്രിയും തമിഴ്‌നാട് സ്വദേശിയുമായ നിര്‍മ്മല സീതാരാമന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഈ വ്യാജപ്രചാരണം നടത്തി. 2024 ജനുവരി 21ന് നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ എഴുതിയത് ഇങ്ങനെയാണ്, “ജനുവരി 22ന് അയോധ്യ രാം മന്ദിര്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. തമിഴ്‌നാട്ടില്‍ ഇരുനൂറിലധികം രാമക്ഷേത്രങ്ങളുണ്ട്. ശ്രീരാമന്റെ പേരിലുള്ള പൂജ/ഭജന്‍/പ്രസാദം/അന്നദാനം എന്നിവയൊന്നും എച്ച്.ആര്‍/സി.ഇ (ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ്) മാനേജ് ചെയ്യുന്ന ഈ ക്ഷേത്രങ്ങളില്‍ അനുവദനീയമല്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനെ പൊലീസ് തടയുകയാണ്. പന്തലുകള്‍ തകര്‍ക്കുമെന്ന് അവര്‍ സംഘാടകരെ ഭീഷണിപ്പെടുത്തുകയാണ്. ഹിന്ദു വിരുദ്ധമായ വെറുപ്പുനിറഞ്ഞ ഈ നടപടിയെ ശക്തമായി എതിര്‍ക്കുക.” തുടര്‍ന്നുള്ള ട്വീറ്റില്‍, ലൈവ് ടെലികാസ്റ്റിനിടെ പവര്‍ കട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരോട് പറഞ്ഞിട്ടുണ്ട് എന്നും ഇന്‍ഡ്യ അലയന്‍സിന്റെ ഭാഗമായ ഡി.എം.കെയുടെ ഹിന്ദു വിരുദ്ധ ശ്രമങ്ങളാണ് ഇതെന്നും നിര്‍മല സീതാരാമന്‍ കുറിച്ചു.

കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ വ്യാജപ്രചാരണം

ഈ പോസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് മന്ത്രി പി.കെ ശേഖര്‍ ബാബു ഇങ്ങനെ പ്രതികരിച്ചു, “സേലത്ത് നടക്കുന്ന ഡി.എം.കെയുടെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുക. ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് എവിടെയും ഭക്തര്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്നതോ, ശ്രീരാമന്റെ പേരിലുള്ള പൂജകള്‍ നടത്തുന്നതിനോ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രസാദം വിതരണം ചെയ്യുന്നതോ നിയന്ത്രിച്ചിട്ടില്ല. ഇത്രയും അടിസ്ഥാനമില്ലാത്ത വിവരം ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഉള്ളവര്‍ തന്നെ പ്രചരിപ്പിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.”

അദൃശ്യമായ ഭയമാണ് ജനുവരി 22ന് താന്‍ സന്ദര്‍ശിച്ച തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിലനിന്നിരുന്നതെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയും ട്വീറ്റ് ചെയ്തു. ജനുവരി 22ലെ ചടങ്ങുകള്‍ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി വാക്കാല്‍ ഉത്തരവിട്ടുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ഡി.ജി.പി, ഇതുസംബന്ധിച്ച ഹര്‍ജിക്കുമേല്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കി.

‘ദ ഗ്രേറ്റ് ടെംപിള്‍ റിവൈവല്‍’

ഇന്ത്യ ടുഡേ, ദ വീക്ക് ഉള്‍പ്പെടെയുള്ള ലെഗസി പ്രസിദ്ധീകരണങ്ങൾ, പത്രങ്ങള്‍, ടെലിവിഷന്‍ എന്നിവ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ശേഷവും അതേക്കുറിച്ച് ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ഫെബ്രുവരി മാസത്തിലും പ്രസിദ്ധീകരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാന ചടങ്ങിന് മുമ്പ് തന്നെ ഇന്ത്യയിലെമ്പാടും നടക്കുന്ന ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ദ ഹിന്ദു പത്രമാണ്. 2024 ജനുവരി 14ന് ദ ഹിന്ദുവിന്റെ സണ്‍ഡേ മാഗസിനില്‍ പ്രസിദ്ധീകരിച്ച ‘ദ ഗ്രേറ്റ് ടെംപിള്‍ റിവൈവല്‍’ എന്ന ലേഖനം വിശദമായി വിലയിരുത്തപ്പെടേണ്ട ഒന്നാണ്.

‘ദ ഗ്രേറ്റ് ടെംപിള്‍ റിവൈവല്‍’ ലേഖനം

‘ദ ഗ്രേറ്റ് ടെംപിൾ റിവൈവൽ’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത് രാമക്ഷേത്രം, ഹിന്ദുത്വപ്രചരണത്തിലൂന്നിയ ക്ഷേത്ര നിര്‍മാണത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും ഇന്ത്യ ദേശീയ വരുമാനത്തിന്റെ വലിയൊരു തുക ക്ഷേത്ര നിര്‍മാണത്തിനായി ചെലവഴിക്കപ്പെടുന്നു എന്നുമാണ്. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലല്ല ഇത്തരത്തിലുള്ള പുനർനിർമ്മാണം നടക്കുന്നത് എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതത് സംസ്ഥാനങ്ങളിലെ റിപ്പോർട്ടർമാർ തന്നെയാണ് ക്ഷേത്ര പുനരുദ്ധാരണത്തെ കുറിച്ചും അതിന് ചെലവാകുന്ന തുകയെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലായി പുതുക്കിപ്പണിയപ്പെടുന്ന ക്ഷേത്രങ്ങളും അതിനായി ചെലവാകുന്ന തുകയുടെ കണക്കുകളും വെളിപ്പെടുത്തുന്ന ഈ ലേഖനം ദ ഹിന്ദു റസിഡന്റ് എഡിറ്റർ വർഗീസ് കെ ജോർജ് ആണ് ക്യൂറേറ്റ് ചെയ്തത്.

“ടെറിറ്റോറിയൽ ദേശീയതയ്ക്കും മതവിഭാഗങ്ങളുടേത് പോലെ വിശ്വാസവും രക്തസാക്ഷികളും ദെെവങ്ങളും പുണ്യസ്ഥലങ്ങൾ എന്ന സങ്കൽപവും ആവശ്യമാണ്. പുണ്യ സ്ഥലങ്ങളെക്കുറിച്ചുള്ള തുല്യമായി പങ്കിടപ്പെടുന്ന വിശ്വാസങ്ങൾ ഒരു ജനതയെ മറ്റൊന്നുമായി സംഘർഷത്തിലാക്കുന്നു. രാജാവും പുരോഹിതനും രാഷ്ട്രീയവും ഭക്തിയും ക്ഷേത്രവും കൊട്ടാരവും പരസ്പരം തിരിച്ചറിയപ്പെടാനാകാത്ത രീതിയിലാകുന്നു. അയോധ്യയിൽ രാമക്ഷേത്രം തുറന്നത് ഇന്ത്യയുടെ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വളർച്ചയിൽ ഒരു നാഴികക്കല്ലാണ്. ഇന്ത്യ എന്ന ആശയത്തിന്റെ സ്പെക്ട്രത്തിൽ ഒരു ഭാഗത്ത് കൊളോണിയലിസത്തിലൂടെയുണ്ടായ ജനനം, സെൻസസ്, ഭൂമി സർവ്വേകൾ, ആശയവിനിമയ ശൃംഖലകൾ, ആധുനിക വിദ്യാഭ്യാസം എന്നിങ്ങനെയാണെങ്കിൽ മറുഭാഗത്ത് ഇസ്ലാമിക അധിനിവേശകരെയും പാശ്ചാത്യ സാമ്രാജ്യത്വത്തെയും ചെറുത്തുനിന്ന കാലാതീതമായ സാംസ്കാരിക ദേശം ആണ് ഇന്ത്യ. മധ്യവർത്തിയായ ദേശീയത, പാരമ്പര്യത്തെയും ആധുനികതയെയും വിശ്വാസത്തെയും യുക്തിയെയും ഹിന്ദുവിനെയും മുസ്ലീമിനെയും ബാലൻസ് ചെയ്യാൻ ശ്രമിച്ചു. ഹിന്ദുത്വത്തിന്റെ ഉയർച്ച ഈ ബാലൻസിങ്ങിനെ തകിടംമറിച്ചു.” വർഗീസ് ജോർജ് എഴുതുന്നു. പാശ്ചാത്യ ഭരണാധികാരികളിൽനിന്നും ഇന്ത്യൻ ദേശീയവാദികൾ ആദ്യ കാലങ്ങളിൽ പരമാധികാരം പ്രഖ്യാപിച്ചത് മതത്തിന്റെ മേഖലയിലായിരുന്നുവെന്നും ഇന്ത്യയിൽ തീർത്ഥാടന യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ലേഖനം വിശദീകരിക്കുന്നു.

“വിധ്വംസക പ്രവൃത്തിയായി അന്ന് പല ഇന്ത്യക്കാരും വിലയിരുത്തിയ 1992ലെ ബാബരി മസ്ജിദ് തകർക്കൽ ഇന്ന് ദേശീയ വിജയമായി പുനരവതരിപ്പിക്കപ്പെടുകയാണ്. ദീർഘകാലമായി നീണ്ടുനിന്ന സംഘർഷത്തിന് ഈ രാമക്ഷേത്രം അവസാനമുണ്ടാക്കിയേക്കാം. പക്ഷേ, വിശ്വാസം വിശ്വാസികളെ പുതിയ അതിരുകളിലേക്ക് എത്തിക്കുന്നു. കാശി കോറിഡോർ വികസനം, ഗ്യാൻവ്യാപി പള്ളി പറമ്പിന്മേലുള്ള ഹിന്ദു അവകാശ വാദത്തെ മുന്നോട്ടുകൊണ്ടുപോയേക്കാവുന്ന രീതിയിൽ നടക്കുന്ന കോടതിയിടപെടലുകൾ എന്നിവയും ശ്രദ്ധേയമാണ്. സമ്മിശ്രമായ ദേശീയതയ്ക്കായി ഉപയോഗിച്ചിരുന്ന സാംസ്കാരിക മൂലധനം ഇന്ന് ഒരു ഹിന്ദു രാഷ്ട്രീയ ക്രമത്തിന് വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. മൗലികമാണെങ്കിലും ഈ മാറ്റം പരിണാമസ്വഭാവമുള്ളതാണ്. ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങളെ കുറിച്ച് നെഹ്റുവിന് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. പുതിയ ഇന്ത്യ ചന്ദ്രനിലും ശൂന്യാകാശത്തിലും ചെന്നിറങ്ങുമ്പോൾ ക്ഷേത്രങ്ങളും നിർമ്മിക്കുന്നുണ്ട്.” ലേഖകന്റെ ആമുഖം അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യയില്‍ മതേതരത്വത്തിന്റെ നിലനില്‍പ് നിര്‍മ്മിതമായൊരു സങ്കല്‍പം മാത്രമാണെന്നുള്ള ധ്വനിയാണ് ‘ബാബരി മസ്ജിദ് തകര്‍ക്കലിനെ വിധ്വംസന പ്രവൃത്തിയായി വിലയിരുത്തി’ എന്നെഴുതുന്നതും, ഗ്യാന്‍വാപി കേസില്‍ ജുഡീഷ്യറിയില്‍ നടക്കുന്ന വാദങ്ങളെക്കുറിച്ച് പ്രതീക്ഷയോടെ കുറിച്ച വരിയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടേണ്ടതാക്കി മാറ്റുന്നു. ക്ഷേത്രങ്ങളുടെ വീണ്ടെടുക്കൽ/പുനര്‍നിര്‍മാണം/ നവീകരണം എന്നത് കോടികളുടെ മുതൽ മുടക്ക് ആവശ്യമുള്ള പദ്ധതികളായാണ് ചാർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. ഒഡീഷ, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കേരളം, തെലങ്കാന, ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, കർണാടക, കശ്മീർ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം പദ്ധതികൾ നടക്കുന്നത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന പ്രഖ്യാപിത പദ്ധതികളുടെ കണക്കുകൾ ഇങ്ങനെയാണ്, റിപ്പോര്‍ട്ടുകളുടെ പ്രസക്തഭാഗങ്ങളിലൂടെ.

ക്ഷേത്രങ്ങൾക്കായി മാറ്റിവയ്ക്കുന്ന കോടികൾ

അസമിൽ 2021ലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ബതദ്രവ സത്രം വികസിപ്പിക്കുന്നതിനായുള്ള തറക്കല്ലിട്ടത്. അസമിൽ പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന മുസ്ലീങ്ങളെ കുടിയൊഴിപ്പിക്കുന്നത് ലക്ഷ്യമിട്ട് ബി.ജെ.പി വികസിപ്പിക്കുന്ന മത തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് അസമിൽനിന്നും റിപ്പോർട്ട് ചെയ്യുന്ന രാഹുൽ കർമകാർ എഴുതുന്നത്. 54 ഏക്കറിലായിട്ടാണ് ബതദ്രവ പുനർവികസന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2023 ഡിസംബർ 29ന് യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം- ഉൾഫയും സർക്കാരും തമ്മിൽ രൂപീകരിച്ച സമാധാന ഉടമ്പടി നടപ്പിലാക്കപ്പെട്ടാൽ അത് ബതദ്രവ സത്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ വരുന്ന ഭാഗങ്ങളും സംരക്ഷിതമാക്കാനുള്ള പദ്ധതിയുമുണ്ട്. അസമീസ് തദ്ദേശീയർക്കല്ലാതെ മറ്റാർക്കും ഈ പരിധിയിൽ ഭൂമി വാങ്ങുക സാധ്യമല്ല. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അസം ദർശൻ എന്ന വൻകിട പദ്ധതിയുടെ ഭാഗമാണ് ഇതും. 2023ൽ കാമാഖ്യ ക്ഷേത്ര കോംപ്ലക്‌സിൽ, വാരാണസി കാശി- വിശ്വനാഥ് ക്ഷേത്ര ഇടനാഴിക്ക് സമാനമായി ഇടനാഴി നിർമിക്കുന്ന പദ്ധതിയും അസം മുഖ്യമന്ത്രി ഹിമന്ത് ബിസ്വ ശർമ പ്രഖ്യാപിച്ചു. 3,000 ചതുരശ്ര അടിയിൽ നിന്നും 1,00,000 സ്‌ക്വയർ ഫീറ്റിലേക്ക് ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി ഏറ്റെടുക്കുന്നതായാണ് ഈ പദ്ധതി. നിലവിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ലാത്ത ആറ് ക്ഷേത്രങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരം നൽകിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. തീർത്ഥാടർക്കായുള്ള ഫെസിലിറ്റേഷൻ സെന്റർ, ഗസ്റ്റ് ഹൗസുകൾ, മെഡിക്കൽ സെന്റർ, ഭക്ഷണശാലകൾ, ബാങ്കുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി തുറക്കും. 188 കോടി രൂപയാണ് ഈ പ്രോജക്ടിനായി കണക്കാക്കിയിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ഭക്രാനംഗൽ ഡാം നിർമ്മാണത്തെ തുടർന്ന് മുപ്പതോളം ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട് എന്ന പുരാവസ്തു പ്രാധാന്യം ചൂണ്ടിക്കാണിച്ചാണ് 1500 കോടി രൂപയുടെ പദ്ധതി ഹിമാചൽ പ്രദേശ് സർക്കാർ രൂപകൽപന ചെയ്ത് കേന്ദ്ര സർക്കാരിന് പ്രൊപ്പോസൽ നൽകിയത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ബിലാസ്പൂർ സ്വദേശിയാണ്. ഹിമാചൽ പ്രദേശിൽ നിന്നും വികാസ് വസുദേവ റിപ്പോർട്ട് ചെയ്തു.

ഒഡീഷയിലെ പുരി ജഗന്നാഥ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം. കടപ്പാട്:timesnow

ഒഡീഷയിൽ പുരി ജഗന്നാഥ് ക്ഷേത്രം ഉൾപ്പെടെയുള്ള ഹെറിറ്റേജ് പദ്ധതികൾക്കായി 4,224.22 കോടിയാണ് നവീൻ പട്നായിക് ഗവണ്മെന്റ് നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്ഘാടന പരിപാടിക്കായി ആളുകളെ കൊണ്ടുവരാൻ മാത്രമായി 155 കോടി രൂപയാണ് ചെലവഴിച്ചത്. ഒഡീഷയിലെ മുപ്പത് ജില്ലകളിലായി ക്ഷേത്രങ്ങൾ നവീകരിക്കുന്നതിന് 1500 കോടി രൂപയാണ് നീക്കിവെച്ചത്. അതിലൊന്ന് ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തിന്റെ സൗന്ദര്യവൽക്കരണത്തിനാണ്, 700 കോടിയാണ് അതിന് വകയിരുത്തിയത്. ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി 4,200 കോടി മുതൽ മുടക്കിൽ തയ്യാറാക്കിയ നവ ഒഡീഷ എന്ന പദ്ധതിയുടെ 50 ശതമാനം ക്ഷേത്രങ്ങൾക്ക് വേണ്ടി മാത്രമാണ് ചെലവഴിക്കുന്നത്, ഒഡീഷയിൽനിന്നും സത്യസുന്ദർ ബാരിക് റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ആറിന് നടന്ന, വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനായുള്ള യോഗത്തിൽ പുരി ക്ഷേത്രത്തിന് ചുറ്റിലുമായി ഹെറിറ്റേജ് ഇടനാഴി നിർമ്മിക്കുന്നതിനുള്ള തീരുമാനം ഉണ്ടായി. ജനുവരി 17ന് ഉദ്ഘാടനം ചെയ്ത പുതിയ ഇടനാഴിക്ക് വേണ്ടി ചെലവഴിച്ചത് 203.14 കോടി രൂപയാണ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ചെലവഴിച്ചത് 405.27 കോടിയാണ്. ഈ ഭൂമിയിൽ വീടുകൾ ഉണ്ടായിരുന്നു, ആളുകളെ ഒഴിപ്പിച്ചത് ഭൂമി ഏറ്റെടുക്കുന്നത് പൊതുനന്മയ്ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ്.

രാജസ്ഥാനിലെ ഗോവിന്ദ് ദേവ്, ബെനേശ്വർ ധാം ക്ഷേത്രങ്ങൾ വികസിപ്പിക്കുന്നതിനായി കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ട് 200 കോടി രൂപയാണ് നീക്കിവെച്ചത് (രണ്ട് ക്ഷേത്രങ്ങളുടെ നവീകരണത്തിനായി). ബി.ജെ.പി മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രൂപീകരിച്ച പദ്ധതി മാറ്റാന്‍ സാധ്യതയുണ്ട് എന്നാണ് രാജസ്ഥാന്‍ ലേഖകന്‍ മുഹമ്മദ് ഇഖ്ബാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഛത്തീസ്ഗഢിലെ മാതാ കൗശല്യ മന്ദിര്‍ എന്ന ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതിനായി 32 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ഒരു ഭാഗം നിര്‍മ്മിച്ചിരിക്കുന്നത് അയോധ്യയിലെ രാംമന്ദിറിന്റെ മാതൃകയിലാണ്. ‘രാം വന്‍ ഗമന്‍ പരിപത് ഇടനാഴി’ എന്ന പേരില്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമാണ് ഇതും. ഈ ഇടനാഴി രാമന്‍ വനവാസ കാലത്ത് സന്ദര്‍ശിച്ചിരുന്ന സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ്. ഹിന്ദു മിത്തോളജിയില്‍ ഛത്തീസ്ഗഢും അയോധ്യയും തമ്മിലുള്ള ബന്ധം അവതരിപ്പിക്കുന്നതിനായി സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോയും സജ്ജീകരിക്കുമെന്നും ശുഭൊമൊയ് സിക്ദാര്‍ റിപോര്‍ട്ട് ചെയ്യുന്നു. സൗന്ദര്യവല്‍ക്കരണത്തിനാണ് ഈ പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

‘ദക്ഷിണേന്ത്യയിലെ കാശി’ എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ തിരുനെല്ലി ക്ഷേത്രം നവീകരിക്കാന്‍ 10 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലേക്ക് അതിവേഗ റെയില്‍പ്പാത നിര്‍മിക്കുന്നതിനായി 10,000 കോടി രൂപയുടെ പദ്ധതിയാണ് നിലവിലുള്ളത്. എരുമേലി, മണിമല പഞ്ചായത്തുകളിലായി 2,750 ഏക്കര്‍ ഭൂമിയില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കുന്നുണ്ട്. 3,411 കോടി രൂപയാണ് ഇതിനായി ചെലവാകുക. ഇ.എം മനോജ്, ഹിരണ്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഹാറിലെ ചംപാരന്‍ ജില്ലയില്‍ നിർമ്മിക്കുന്ന രാമായണ ക്ഷേത്രത്തിന്റെ മാതൃക. കടപ്പാട്: seepositive.in

ബിഹാറിലെ ചംപാരന്‍ ജില്ലയില്‍ ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുകയാണ്. 3.76 ലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റ് ആണ് മൂന്ന് നിലകളിലായി നിര്‍മ്മിക്കപ്പെടുന്ന രാമായണ ക്ഷേത്രം. 500 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. കംബോഡിയയിലെ അങ്ഗ്‌കോര്‍ വാത് മാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇരുപത്തിരണ്ടോളം ദൈവങ്ങള്‍ക്കായി ഈ ക്ഷേത്രത്തില്‍ നടകൾ നിര്‍മ്മിക്കുന്നുണ്ട്, അമിത് ഭേലാരി റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയിലെ നരസിംഹ സ്വാമി ക്ഷേത്രത്തിന് മോടി കൂട്ടുന്നതിനായി 1,200 കോടി രൂപയാണ് ചെലവഴിച്ചത്. ഈ മാറ്റത്തോടെ ഗുഹാക്ഷേത്രമായിരുന്ന നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും സെരിഷ് നാനിസെട്ടി റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമബംഗാളിലെ കാളിഘട്ട് ക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് റിലയന്‍സ് ഫൗണ്ടേഷന്‍ ആണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രാഷ്ട്രീയത്തെ മതവുമായി കലര്‍ത്താറുണ്ട്. ക്ഷേത്രങ്ങള്‍ നിലനിര്‍ത്താനും പുനര്‍നിര്‍മിക്കാനുമുള്ള അവസരങ്ങളൊന്നും മമത സര്‍ക്കാര്‍ നഷ്ടപ്പെടുത്താറില്ല. ബി.ജെ.പി ചെയ്യുന്നതിനേക്കാളും പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങള്‍ക്കായി ചെയ്യുമെന്നും മമത ബാനര്‍ജി ആവര്‍ത്തിക്കാറുണ്ട്. 2023 നവംബറില്‍ നടന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കാളിഘട്ട് ക്ഷേത്രം വികസിപ്പിക്കുന്നതിന് തയ്യാറായി മുന്നോട്ടുവന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ബ മേദിനിപൂര്‍ ജില്ലയില്‍ 100 കോടിയിലേറെ ചെലവഴിച്ച് ജഗന്നാഥ് ക്ഷേത്രവും പണിയുന്നുണ്ട്. ശിവ് സഹായ് സിങ് റിപ്പോർട്ട് ചെയ്യുന്നു.

കേദാർനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കടപ്പാട്:indiatoday

ജമ്മു കശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ കുറച്ച് യാത്ര എളുപ്പമാക്കുന്നതിനായി നിര്‍മ്മിക്കുന്ന പുതിയ റോഡ് വേയ്ക്കായി 5,300 കോടി രൂപയാണ് അഡ്മിനിസ്‌ട്രേഷന്‍ മാറ്റിവെച്ചിരിക്കുന്നത്. വളരെ അപൂര്‍വ്വമായ പദ്ധതിയാണ് ഇത്. നിലവില്‍ രണ്ട് മാസങ്ങളാണ് ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള പ്രവേശനമെങ്കിലും റോഡ് വേ നിര്‍മ്മിക്കുന്നതിലൂടെ അമര്‍നാഥിലേക്കുള്ള വഴി വര്‍ഷം മുഴുവനും തുറന്നുകിടക്കപ്പെടും. നോര്‍ത്തേണ്‍ റെയില്‍വേ അനന്ത്‌നാഗില്‍ നിന്നും പഹല്‍ഗാമിലേക്ക് റെയില്‍പ്പാത നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. പീര്‍സാദ ആഷിഖ് റിപോര്‍ട്ട് ചെയ്യുന്നു.

ഹരിയാനയിലെ കുരുക്ഷേത്രയെ ആത്മീയ ഹബ്ബായി മാറ്റിയെടുക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. മഹാഭാരത യുദ്ധം നടന്നതായി വിശ്വസിക്കപ്പെടുന്ന കുരുക്ഷേത്രയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ഗീത മഹോത്സവം കുരുക്ഷേത്രയെ ലോകഭൂപടത്തില്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ളതാണ്. 182 ഓളം ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും കുരുക്ഷേത്രത്തിന്റെ ഭാഗമാണ്. 2016 മുതല്‍ തന്നെ 400 കോടി മുതല്‍മുടക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മഹാഭാരത പ്രമേയത്തിലുള്ള കെട്ടിടം, ആര്‍ട്ട് എക്‌സിബിഷന്‍, മള്‍ട്ടിമീഡിയ പ്രൊജക്റ്റ് എന്നിവ നിര്‍മ്മിക്കുന്നത് 205 കോടി ചെലവഴിച്ചാണ്. സംസ്ഥാനസര്‍ക്കാര്‍ ആണ് ഈ പദ്ധതിയുടെ ചെലവു വഹിക്കുന്നത്. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ടൂറിസം മന്ത്രാലയം 80 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും വികാസ് വസുദേവ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കര്‍ണാടകത്തിലെ 25 ജില്ലകളിലായി ക്ഷേത്രങ്ങള്‍ നവീകരിക്കാന്‍ ഉപയോഗിച്ചത് 35.37 കോടി രൂപയാണ്. കര്‍ണാടകയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ക്കിയോളജി മ്യൂസിയംസ് ആന്‍ഡ് ഹെറിറ്റേജ് ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളും ഹെറിറ്റേജ് സൈറ്റുകളും നവീകരിക്കുന്നതിനായി ഒരു പൊതു-സ്വകാര്യ പങ്കാളിത്ത മോഡല്‍ ആണ് സ്വീകരിച്ചിട്ടുള്ളത്. 20 വര്‍ഷം മുമ്പ് ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര ധര്‍മോത്ഥാന ട്രസ്റ്റ് കര്‍ണാടകയുടെ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തകര്‍ന്നുകിടക്കുന്നവ ഉള്‍പ്പെടെയുള്ള മോണ്യുമെന്റുകള്‍ കണ്ടെത്തി അവ പരിഷ്‌കരിച്ചെടുക്കുകയാണ് ട്രസ്റ്റുമായി ചേര്‍ന്ന് ചെയ്യുന്നത്. ഓരോന്നിനും പത്ത് ലക്ഷം രൂപയാണ് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്നത്. പ്രാദേശിക ജനതയുടെ സംഭാവനകളും ഇവയില്‍ ഉള്‍പ്പെടുത്താറുണ്ട് എന്നും ഡിപാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ക്കിയോളജി മ്യൂസിയംസ് ആന്‍ഡ് ഹെറിറ്റേജ് കമ്മീഷണര്‍ എ ദേവരാജ് പറയുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ആവശ്യപ്പെടുന്ന നയങ്ങള്‍ അനുസരിച്ച് ഇരുനൂറോളം മോണ്യുമെന്റ്‌സ്, പ്രധാനമായും ക്ഷേത്രങ്ങള്‍ നവീകരിച്ചിട്ടുണ്ട്. 35.37 കോടി രൂപയാണ് അതിനായി ചെലവായത് എന്നും ഡി.എം.എ.എച്ച് കമ്മീഷണര്‍ ദേവരാജ് പറഞ്ഞതായി ആര്‍ കൃഷ്ണകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയരുന്ന ക്ഷേത്രങ്ങൾ, തകരുന്ന പള്ളികൾ

ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഈ രീതിയിൽ രാജ്യത്തുടനീളം നടക്കുമ്പോൾ മുസ്ലീം, ക്രിസ്ത്യൻ ആരാധനാലയങ്ങൾ നിലനിൽക്കുന്ന ഭൂമിക്ക് മേലെയോ ആരാധനാലയത്തിന് മേലെയോ അവകാശവാദങ്ങൾ ഉന്നയിക്കുന്ന പ്രവണത തീവ്രമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയിൽ നിലവിലുള്ള 1991ലെ ആരാധനാലയ നിയമത്തിന്റെ (ദ പ്ലേസസ് ഓഫ് വർഷിപ്പ് ആക്ട്) ലംഘനവും മതേതരത്വ ആശയങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവുമാണ്. ക്ഷേത്രങ്ങൾക്കായി കോടികൾ മാറ്റിവച്ച് ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുത്തുമ്പോൾ മസ്ജിദുകളുടെയും ചർച്ചുകളുടെയും തകർച്ചയും ഹിന്ദു വലതുപക്ഷ ഭരണകൂടം ഉറപ്പാക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്‌സൈറ്റിൽ 2024 ഫെബ്രുവരി 24ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ ക്ഷേത്രങ്ങൾ വീണ്ടെടുക്കുമ്പോൾ’ എന്ന ലേഖനം കേന്ദ്ര സർക്കാറിറെ മതാത്മക നിലപാടുകളും ലക്ഷ്യങ്ങളും കൃത്യമായി വെളിപ്പെടുത്തുന്ന ഒന്നാണ്. ആധുനികതയുടെ അടയാളമായി രാമനെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾ ഈ ലേഖനത്തിൽ പ്രകടമാണ്. രാമൻ ഭാരതത്തിന്റെ വിശ്വാസവും അടിത്തറയുമാണ് എന്നും രാമൻ ഭാരതത്തിന്റെ ഭരണഘടനയാണ് എന്നും പറയുമ്പോൾ അത് ഇന്ത്യയുടെ വർത്തമാനത്തെ കുറിച്ചും ഭാവിയെ കുറിച്ചും ആശങ്കയുണ്ടാക്കുന്നതാണ്. മത ടൂറിസം സെക്ടറിന്റെ വികസനമാണ് മോദി മുന്നിൽ കാണുന്നത് എന്നും ഹൈദരാബാദ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ മോദിയുടെ പ്രവർത്തനങ്ങളും ബഹ്‌റൈനിലും അബുദാബിയിലും ക്ഷേത്രങ്ങൾ നിർമ്മിച്ചതും ഈ ലേഖനം വലിയ നേട്ടമായി വിലയിരുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ ക്ഷേത്രങ്ങൾ വീണ്ടെടുക്കുമ്പോൾ’ എന്ന ലേഖനം

നിലനില്‍ക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പരിഷ്‌കരിക്കുന്നതോടൊപ്പം അവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള റോഡുകള്‍, റെയില്‍വേ നിര്‍മാണം, കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ താമസസൗകര്യം വികസിപ്പിക്കുക എന്നിങ്ങനെയും മോദി സര്‍ക്കാര്‍ സമീപകാല ലക്ഷ്യങ്ങളാക്കി മുന്നോട്ടുവയ്ക്കുന്നവയാണ്. ഉത്തരാഖണ്ഡില്‍ മാത്രമായി 11,700 കോടി മുതല്‍ മുടക്കിലാണ് പുണ്യനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചാർധാം പദ്ധതി കേന്ദ്രം നടപ്പിലാക്കുന്നത്. എന്നാല്‍, അതിരുകള്‍ ഇല്ലാതാക്കിക്കൊണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതികള്‍ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിന് അടിസ്ഥാനമില്ല. 2024 ജനുവരിയില്‍ നടന്ന പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം, തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തിനുമേല്‍ നിയമാനുസൃതമായി നടപ്പിലാക്കപ്പെട്ട കടന്നുകയറ്റങ്ങള്‍ അനവധിയാണ്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പള്ളിയും മദ്രസയും നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് വാദമുന്നയിച്ചാണ് തകര്‍ത്തത്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ അധികാരികള്‍ തന്നെ കയ്യേറ്റമൊഴിപ്പിക്കല്‍ എന്ന പേരില്‍ തകര്‍ത്തത് അറുനൂറുവര്‍ഷം പഴക്കമുള്ള അഖോന്ദ്ജി മസ്ജിദ് ആണ്. വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയിലാണ് പള്ളി നിലനിന്നിരുന്നത്. സുല്‍ത്താനേറ്റ് കാലഘട്ടത്തില്‍ നിര്‍മ്മിതമായ പള്ളിയാണ് മെഹ്‌റോളിയിലെ അഖോന്ദ്ജി മസ്ജിദ്.

മെഹ്‌റോളിയിലെ അഖോന്ദ്ജി മസ്ജിദ് പൊളിച്ച് നീക്കിയപ്പോൾ. കടപ്പാട്:X

ഹൗസിങ് ആന്‍ഡ് ലാന്‍ഡ് റൈറ്റ്‌സ് നെറ്റ്വര്‍ക്ക് മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് 2022, 2023 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്ന കുടിയൊഴിപ്പിക്കലിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്. ഓരോ ദിവസവും ഇന്ത്യയില്‍ 294 വീടുകള്‍ തകര്‍ക്കപ്പെടുന്നുവെന്നാണ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. രണ്ടു വര്‍ഷങ്ങളുടെ കാലയളവില്‍ 1.5 ലക്ഷം വീടുകള്‍ തകര്‍ക്കുന്നതിലൂടെ 7.4 ലക്ഷം ആളുകള്‍ വീടില്ലാത്തവരായി മാറി. 2022ല്‍ 2,22,686 ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടപ്പോള്‍ 2023ല്‍ 5,15,752 ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ഇന്ത്യയില്‍ 2023ല്‍ ഏറ്റവും കൂടുതല്‍ കുടിയൊഴിപ്പിക്കല്‍ നടന്നത് ഡല്‍ഹിയില്‍ ആണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങള്‍, എസ്.ടി, എസ്.ടി, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിങ്ങനെ ചരിത്രപരമായി അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന ജനങ്ങള്‍ തന്നെയാണ് 2023ല്‍ കുടിയൊഴിപ്പിക്കല്‍ നേരിടേണ്ടിവന്നവരില്‍ 36 ശതമാനം പേരും എന്നാണ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. ഇത്തരം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ സി.ആര്‍.പി.എഫ് സാന്നിധ്യത്തില്‍ പലപ്പോഴും നടക്കുന്നത് മുന്നറിയിപ്പുകളില്ലാതെയും ബലപ്രയോഗത്തിലൂടെയുമാണ്. 2023ല്‍ ഡല്‍ഹിയില്‍ നടന്നത് 78 കുടിയൊഴിപ്പിക്കല്‍ നടപടികളാണ്.

ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിനായി തുറന്നുകൊടുത്തുകൊണ്ടുള്ള ഉത്തരവ് വാരണാസി സെഷന്‍സ് കോടതി പുറത്തിറക്കിയത് 2024 ജനുവരി 27നാണ്. ഇതില്‍ പ്രതികരിച്ചുകൊണ്ട് ജനുവരി 27ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഖാസിം റസൂല്‍ ഇല്യാസ് പറഞ്ഞതിങ്ങനെ,

“ഹിന്ദു വര്‍ഗീയ സംഘടനകള്‍ വളരെ വര്‍ഷങ്ങളായി പൊതുജനങ്ങളെ ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അതിന് ഏറ്റവും പുതിയ ഉദാഹരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതി ഉത്തരവ് പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആണ്.” ഗ്യാന്‍വാപി കേസ് കോടതിയില്‍ നടക്കുമ്പോള്‍ തന്നെ, മധ്യപ്രദേശ് ഹൈക്കോടതി മാര്‍ച്ച് 11ന്, സമാനമായ പുതിയൊരു പരാതി പരിഗണിച്ചു. അഡ്വക്കേറ്റ് വിഷ്ണു ശങ്കര്‍ ജെയ്ന്‍ എന്നയാള്‍ ഭോജ്ശാല ക്ഷേത്രവും കമാല്‍ മൗല പള്ളിയും സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതി സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടു. ആറ് ആഴ്ചകള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി പറയുന്നത്.

വാരണാസിയിലെ ​ഗ്യാൻവാപി പള്ളിയുടെയും കാശിവിശ്വനാഥ ക്ഷേത്രത്തിൻ്റെയും ആകാശ ദൃശ്യം. കടപ്പാട്:frontline

രാജ്യത്ത് ഇങ്ങനെയുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ 1991ലെ ആരാധനാലയ നിയമം നടപ്പിലാക്കുകയാണ് വേണ്ടതെന്ന് ഗ്യാന്‍വാപി കേസിലെ കോടതി വ്യവഹാരങ്ങളെ തുടര്‍ന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞിരുന്നു. മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി ഈ കോടതിവിധിയെ മുസ്ലീം ജനതയ്ക്ക് നിയമവ്യവസ്ഥയിലുള്ള ആത്മവിശ്വാസം തകര്‍ത്ത വിധിയെന്നാണ് വിശേഷിപ്പിച്ചത്. മുസ്‌ലീം ജനതയ്ക്ക് മാത്രമല്ല മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഇതര മതസ്ഥര്‍ക്കും ഈ കോടതിവിധി ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൗലാന റഹ്‌മാനി പറഞ്ഞു. മുസ്‌ലീം പക്ഷത്തെ കേള്‍ക്കാന്‍ കോടതി മതിയായ സമയം ഉപയോഗിച്ചില്ലെന്നും തിരക്കിട്ട് വിധി പറഞ്ഞുവെന്നും മൗലാന റഹ്‌മാനി പ്രതികരിച്ചു. ബാബരി മസ്ജിദ് വിധിയില്‍ മസ്ജിദ് നിര്‍മിക്കാന്‍ ക്ഷേത്രം തകര്‍ത്തിട്ടില്ല എന്ന വസ്തുത സ്വീകാര്യമായിരുന്നെങ്കിലും വിധി വന്നത് വിശ്വാസത്തിന്റെ പേരില്‍ എതിര്‍പക്ഷത്തോട് ചേര്‍ന്നുനിന്നാണ്. കോടതികള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല വിധി പറയേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ രാജ്യത്തെ ആരാധനാലയങ്ങളുടെ സ്വഭാവം എന്തായിരുന്നോ അതുതന്നെ നിലനിർത്തണമെന്നാണ് 1991ലെ ആരാധനാലയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം പരിവർത്തനം ചെയ്യുന്നതിന് ഹർജി ഫയൽ ചെയ്യുന്നതോ മറ്റേതെങ്കിലും നിയമനടപടികൾ ആരംഭിക്കുന്നതോ പോലും 1991-ലെ നിയമത്തിന്റെ നാലാം വകുപ്പ് തടയുന്നുണ്ട്. എന്നിട്ടും ​ഗ്യാൻവാപി പള്ളിയിൽ വീഡിയോഗ്രാഫിക് സർവേ നടത്തണമെന്ന വാരണാസി കോടതിയുടെ ഉത്തരവിനെ സുപ്രീംകോടതി അം​ഗീകരിക്കുകയാണ് ചെയ്തത്. അലഹബാദ് ഹൈക്കോടതി മഥുരയിലെ കൃഷ്ണ ജന്മഭൂമി കേസിലും ഷാഹി ഈദ് ഗാഹിൽ സർവേ നടത്താൻ അഭിഭാഷക സംഘത്തെ നിയമിച്ചിരിക്കുകയാണ്. 1991ലെ നിയമ പ്രകാരം പരിശോധിച്ചാൽ കാശിയിലെയും മഥുരയിലെയും പള്ളികൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന ഹർജികൾ ഫയലിൽ സ്വീകരിക്കുക പോലും സാധ്യമല്ല. അതുകൊണ്ടാണ് അഭിഭാഷകനും ബി.ജെ.പി മുൻ വക്താവുമായ അശ്വിനി ഉപാധ്യയ ഈ നിയമത്തെ എതിർത്ത് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ രാഷ്ട്രീയം

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന്റെ ആധികാരികത എങ്ങനെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് കൈവരുന്നത് എന്നതും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങളെ ആരാധനാലയ നിയമത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യങ്ങള്‍ ഈ സാഹചര്യത്തിൽ വളരെ പ്രധാനമാണ്.

ഇന്ത്യയിലെ വ്യവസ്ഥാപിതമായ പുരാവസ്തുശാസ്ത്രം ഹിന്ദുത്വത്തിന് സഹായകമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഐതിഹ്യമായ മഹാഭാരതത്തെ ചരിത്രപരമായി അടയാളപ്പെടുത്തുന്നതിനായി 1950കളില്‍ പുരാവസ്തുശാസ്ത്രം എങ്ങനെയാണ് ഉപയോഗിക്കപ്പെട്ടത് എന്നത് അതിന് തെളിവാണ്. ‘ബി.ബി ലാലും ഹിന്ദുത്വ ആര്‍ക്കിയോളജിയുടെ നിര്‍മ്മിതിയും’ എന്ന ലേഖനത്തില്‍ ആശിഷ് അവികുന്തക് എഴുതുന്നത് ബ്രജ് ബസി ലാല്‍ എന്ന ഹിന്ദുത്വ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിച്ച ആര്‍ക്കിയോളജിസ്റ്റിന്റെ ഇടപെടലുകളെക്കുറിച്ചാണ്.

ആശിഷ് അവികുന്തക്

“ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമായ ‘ഏന്‍ഷ്യന്റ് ഇന്ത്യ’യില്‍ എഴുതിത്തുടങ്ങിയ ബി.ബി ലാല്‍ 1990കളോടുകൂടി ‘കാവി ആര്‍ക്കിയോളജിസ്റ്റ്’ എന്ന് വിളിക്കപ്പെട്ടു, അയോധ്യയെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ പേരിലാണിത്. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനായുള്ള പുരാവസ്തുസംബന്ധമായ പ്രത്യയശാസ്ത്ര ഊര്‍ജം ഈ വാദങ്ങള്‍ സൃഷ്ടിച്ചു.” 1994ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന മൂന്നാമത്ത ലോക ആര്‍ക്കിയോളജിക്കല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ബാബരി മസ്ജിദ് തകര്‍ക്കലിനെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള അനൗദ്യോഗിക ഉത്തരവ് അവിടെ നിലനിന്നിരുന്നതായി പുരാവസ്തുശാസ്ത്രജ്ഞനായ ലേഖകന്‍ ഓര്‍ക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിനെ അപലപിച്ചുകൊണ്ട് ലോക ആര്‍ക്കിയോളജിക്കല്‍ കോണ്‍ഫറന്‍സ് ഒരു പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി വായിക്കാന്‍ പോഡിയത്തിലേക്ക് ചെന്ന ഇന്ത്യന്‍ ഡെലിഗേറ്റുകളില്‍നിന്നും മൈക്ക് തട്ടിയെടുക്കാനായി ബി.ബി ലാല്‍, എസ്.പി ഗുപ്ത തുടങ്ങിയ മുതിര്‍ന്ന ആര്‍ക്കിയോളജിസ്റ്റുകള്‍ തിടുക്കംകൂട്ടി ഓടിയതായും ലേഖകന്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭൂതകാലങ്ങളെ പരിശോധിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും പുരാതന ഹിന്ദു എപിക് പാരമ്പര്യത്തിന്റെ പുരാവസ്തു മൂല്യം തെളിയിക്കാന്‍ പാടുപെടുന്ന സംവിധാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മാറ്റിത്തീര്‍ക്കുന്നതില്‍ ബി.ബി ലാലിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും ലേഖകന്‍ എഴുതുന്നു. മഹാഭാരത ഖനനങ്ങള്‍ അതിനുദാഹരണമാണ്. 1970കളില്‍ അയോധ്യ, ശൃംഗവേരപൂര്‍, നന്ദിഗ്രാമ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ഖനനങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെയും നേതൃത്വത്തില്‍ ആയിരുന്നു. ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാമായണ സൈറ്റുകളില്‍ ഖനനം നടത്തിയത്. എന്നാല്‍ അയോധ്യയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ഒന്നും ഇവര്‍ പ്രസിദ്ധീകരിച്ചില്ല. ലാല്‍ കണ്ടെത്തിയ ജെയ്ന്‍ ടെറാകോട്ട രൂപം വെളിപ്പെടുത്തിയത് അതൊരു ബഹുസാംസ്‌കാരിക ഇടമായിരുന്നുവെന്നും ലേഖകന്‍ എഴുതുന്നു. ആര്യന്‍ അധിനിവേശത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സിദ്ധാന്തം സ്ഥാപിക്കുന്നതിലും ബി.ബി. ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാരപ്പന്‍ നാഗരികതയുടെ തെളിവുകളെ വേദിക് നാഗരികതയുടെ തെളിവുകളിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് വേദിക്-ഹാരപ്പന്‍ എന്നൊരു കാറ്റഗറി സൃഷ്ടിച്ചുകൊണ്ടാണ് ഹിന്ദുത്വത്തെ സഹായിക്കുന്ന തരത്തിലുള്ള പുരാവസ്തു പദ്ധതി ഇവര്‍ സാധ്യമാക്കിയതെന്നും ആശിഷ് എഴുതുന്നു. ഹാരപ്പന്‍ ജനത തദ്ദേശീയരായ വേദിക് ഹാരപ്പന്‍ ജനതയായിരുന്നു എന്നു വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. ലാലിന്റെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് 1990കളിലും 2000ലും എല്ലാം എ.എസ്‌.ഐയുടെ ചുമതലകളില്‍ ഉണ്ടായിരുന്നത്. അയോധ്യയയിലെ ഖനനത്തിന്റെ ഭാഗമായിരുന്ന മൂന്നോളം ആര്‍ക്കിയോളജിസ്റ്റുകളുടെ വിദ്യാര്‍ത്ഥികളാണ് ഇന്ന് എ.എസ്‌.ഐയുടെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്നത് എന്നും ലേഖകന്‍ ദ വയർ വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ‘ബ്യൂറോക്രാറ്റിക് ആര്‍ക്കിയോളജി; സ്‌റ്റേറ്റ്, സയന്‍സ്, ആന്‍ഡ് പാസ്റ്റ് ഇന്‍ പോസ്റ്റ് കൊളോണിയല്‍ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ആശിഷ് അവികുന്തക്.

ബ്യൂറോക്രാറ്റിക് ആര്‍ക്കിയോളജി, കവർ

2020 ലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുരാവസ്തു/പൗരാണിക പ്രാധാന്യമുള്ള അഞ്ച് സൈറ്റുകള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച് പറയുന്നതായി, സൗത്ത് ഏഷ്യ മള്‍ട്ടിഡിസിപ്ലിനറി അക്കാദമിക് ജേണലില്‍ ആന്‍ ജൂലി എറ്റര്‍ എഴുതിയ ‘അനുയോജ്യമായ തെളിവുകള്‍ സൃഷ്ടിക്കുമ്പോള്‍; ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇന്നുവരെ പുരാവസ്തുശാസ്ത്രം, രാഷ്ട്രീയം, ഹിന്ദു ദേശീയത എന്നിവ ഇന്ത്യയില്‍’ (Creating suitable evidence of the past? archaeology, politics, and hindu nationalism in india from the end of the twentieth century to the present) എന്ന പഠനത്തില്‍ രേഖപ്പെടുത്തുന്നു. അവയില്‍ ഒന്ന് എന്‍.ആര്‍.സിക്കും സി.എ.എയ്ക്കുമെതിരെ തീവ്രമായ സമരങ്ങള്‍ നടക്കുന്ന അസമില്‍ ആണെന്നും ലേഖനം അടിവരയിടുന്നു. ചരിത്രത്തെ ഐതിഹ്യവുമായി കലര്‍ത്തുന്നതും ഇസ്ലാമിക ചരിത്രത്തെ മാറ്റിനിര്‍ത്തുന്നതും ഇന്ത്യന്‍ ആര്‍ക്കിയോളജിയുടെ പ്രവര്‍ത്തന രീതികളാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. എന്നിട്ടും കോടതികൾ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ വീണ്ടും തർക്കപരിഹാര ചുമതല ഏൽപ്പിക്കുകയാണ്. ക്ഷേത്ര പുനർനിർമ്മാണത്തിനായി ഒഴുക്കുന്ന കോടികളും പള്ളികൾ തകർക്കപ്പെടുന്നതും 1991ലെ ആരാധനാലയ നിയമത്തിന്റെ അട്ടിമറിയും ആർക്കിയോളജിയുടെ ഹിന്ദുത്വവത്കരണവും പത്ത് വർഷത്തെ ഭരണം പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ പ്രധാന അജണ്ടയായി മുന്നോട്ടുകൊണ്ടുപോകാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

16 minutes read March 15, 2024 3:58 pm