

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കശ്മീരിന്റെ ചരിത്രത്തിൽ, രക്തച്ചൊരിച്ചിലിന്റെയും നഷ്ടങ്ങളുടെയും ഓർമ്മകൾ നിറഞ്ഞ മറ്റൊരു ദുഃഖകരമായ ദിവസമായി ഏപ്രിൽ 22 കടന്നുപോകും. പഹൽഗാമിലെ മനോഹരമായ ബൈസരൻ പുൽമേട്ടിൽ 26 ൽ അധികം വിനോദസഞ്ചാരികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് അപ്പുറം പൊതുജനങ്ങൾക്കിടയിൽ ഉണ്ടായ ഭീതികൊണ്ടും ഭയം കൊണ്ടും ആക്രമണത്തിന്റെ വ്യാപ്തി വലുതാണ്.
തീർത്ഥാടകർക്കെതിരായ ആക്രമണങ്ങൾ
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. അമർനാഥ് തീർത്ഥാടകർക്കെതിരായ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി വിനോദസഞ്ചാരികൾക്കെതിരായ ഈ ആക്രമണത്തെ കാണേണ്ടതുണ്ട്, പ്രത്യേകിച്ച് അമർനാഥ് തീർത്ഥാടകർക്കെതിരായ ആക്രമണത്തിന് ശേഷം ഹിന്ദു വലതുപക്ഷക്കാർ യാത്രയെ അമിതമായി രാഷ്ട്രീയവൽക്കരിച്ച പശ്ചാത്തലത്തിൽ. 1990 നും 1999 നും ഇടയിൽ തീവ്രവാദം ഉച്ചസ്ഥായിയിലായിരുന്നപ്പോൾ സീസണൽ തീർത്ഥാടനം (പണ്ടുകാലത്ത് തീർത്ഥാടനം15 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ) സമാധാനപരമായി നടത്തിയെങ്കിലും, 2000 നും 2017 നും ഇടയിൽ നിരവധി ആക്രമണങ്ങൾ നടന്നു.
2000 ആഗസ്റ്റ് 2 ന് പഹൽഗാമിലെ അമർനാഥ് തീർത്ഥാടന ബേസ് ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 10 തീർത്ഥാടകർ ഉൾപ്പെടെ 21 സാധാരണക്കാർ കൊല്ലപ്പെട്ടു. 2001 ൽ അമർനാഥ് ക്ഷേത്രത്തിന് സമീപത്തേക്ക് ഒരു തീവ്രവാദി ഗ്രനേഡ് എറിയുകയും വെടിവെക്കുകയും ചെയ്തപ്പോൾ ആറ് തീർത്ഥാടകരുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 2002 ൽ നുൻവാൻ ക്യാമ്പിൽ നടന്ന ആക്രമണത്തിൽ എട്ട് തീർത്ഥാടകർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2017 ജൂലൈയിൽ അമർനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ബസ്സിന് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തിൽ ഏഴ് തീർത്ഥാടകർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ഈ ആക്രമണങ്ങൾ ദീർഘകാലമായി തുടരുന്ന സായുധ നീക്കങ്ങളുടെ ഭാഗമായിരുന്നെങ്കിലും, അമർനാഥ് യാത്രയെ രാഷ്ട്രീയവൽക്കരിക്കുകയും അതിനെ ഹിന്ദു സ്വത്വബോധത്തിന്റെ പ്രതീകമായി പ്രചരിപ്പിക്കുകയും ചെയ്ത ആർഎസ്എസ്-ബിജെപി നീക്കത്തിനെതിരെ മുന്നേതന്നെ വിമർശനം ഉയർന്നിരുന്നു. തീർത്ഥാടനത്തിന്റെ ദൈർഘ്യം വർദ്ധിപ്പിച്ചതോടെ ഇത് കശ്മീരിലെ സംഘർഷങ്ങൾ കൂട്ടുകയും തീവ്രവാദ ആഖ്യാനങ്ങൾക്ക് ഇന്ധനം പകരുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.
വിനോദസഞ്ചാരികൾക്ക് നേരെ അപൂർവം
രണ്ട് മാസമായി നടക്കുന്ന ഈ സീസണൽ യാത്രയിലെ തീർത്ഥാടകരിൽ നിന്ന് വ്യത്യസ്തമായി, വിനോദ സഞ്ചാരികൾക്ക് തീവ്രവാദികളുടെ ഭീഷണി നേരിടുകയോ അപൂർവ്വമായ ആക്രമണങ്ങൾ നേരിടേണ്ടി വരുകയോ ചെയ്തിട്ടില്ല. 90 കളുടെ മധ്യത്തിൽ, ഒരു ഹൗസ് ബോട്ടിലുണ്ടായിരുന്ന ഏഴ് ഇസ്രായേലി വിനോദസഞ്ചാരികൾ ആക്രമിക്കപ്പെട്ടു. തീവ്രവാദികൾ ഒരാളെ കൊല്ലുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗറിൽ വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ആക്രമണം ഇതാദ്യമായിരുന്നു. വിനോദസഞ്ചാരികളിൽ ഒരാൾ (മുൻ സൈനികൻ) തീവ്രവാദികളുടെ റൈഫിളുകൾ തട്ടിയെടുക്കുകയും അവരിൽ രണ്ടുപേരെ വെടിവയ്ക്കുകയും ചെയ്തു.
1995 ജൂലൈ 4 ന്, ആറ് വിദേശ വിനോദസഞ്ചാരികളെ ഹർക്കത്ത്-ഉൽ-അൻസാർ എന്ന തീവ്രവാദ ഗ്രൂപ്പിന്റെ ഭാഗമായ അൽ-ഫറാൻ തട്ടിക്കൊണ്ടുപോയി. അവരിൽ ഒരാളായ ജോൺ ചൈൽഡ്സ് രക്ഷപ്പെട്ടപ്പോൾ, ഹാൻസ് ക്രിസ്റ്റ്യൻ ഓസ്ട്രോയെ തലയറുത്ത് കൊന്നു. ശേഷിച്ച നാല് ഇരകളായ ഡൊണാൾഡ് ഹച്ചിംഗ്സ്, കീത്ത് മംഗൻ, പോൾ വെൽസ്, ഡിർക്ക് ഹസേർട്ട് എന്നിവരെ മരിച്ചതായി കണക്കാക്കി. അഡ്രിയാൻ ലെവിയും കാത്തി സ്കോട്ട് ക്ലാർക്കും ചേർന്ന് എഴുതിയ ‘ദി മെഡോ: കശ്മീർ 1995 – വേർ ദി ടെറർ ബിഗൻ’ എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
2006 മെയ് 25 ന് ശ്രീനഗറിൽ നിന്നും മുഗൾ ഗാർഡനിലേക്ക് പോകുന്ന ഒരു ടൂറിസ്റ്റ് ബസിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു, നാല് വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ നോക്കിയാൽ, ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന രക്തച്ചൊരിച്ചിൽ അപൂർവവും അതിരൂക്ഷവുമായിരുന്നു. ഇതിനെതിരെ കാശ്മീരിൽ നിന്ന് സ്വാഭാവികമായും അതിശക്തമായ പ്രതികരണമാണുണ്ടായത് — നിശിതമായ അപലപനങ്ങളും ദുഃഖപരമായ പ്രസ്താവനകളും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളുമായി അത് തുടർന്നു. തുടർന്ന് മെഴുകുതിരി പ്രകടനങ്ങൾക്കും പ്രതിഷേധ ബന്ദിനും ആഹ്വാനമുണ്ടായി.
ഞെട്ടലും ആശങ്കയും
സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങളെ ഏത് സാഹചര്യത്തിലും ന്യായീകരിക്കാനാകില്ല എന്നത് കശ്മീരിൽ പൊതുവെ അംഗീകരിക്കപ്പെടുന്ന നിലപാടാണ്. സന്ദർശകരെ ലക്ഷ്യമാക്കി നടത്തുന്ന അക്രമങ്ങളോടുള്ള എതിർപ്പ് അതിലേറെയാണ്. സംസ്ഥാനത്തെ ടൂറിസം മേഖലയുമായി നേരിട്ട് ബന്ധമുള്ളത് കുറഞ്ഞത് 15 മുതൽ 20 ശതമാനം വരെ ആളുകൾക്കാണ്. അവർക്ക് ടൂറിസം ഒരു പ്രധാന ഉപജീവനമാർഗമാണ്.
2019ന് ശേഷം ടൂറിസത്തെ രാഷ്ട്രീയായുധമാക്കി മാറ്റാനുള്ള ബിജെപി.യുടെ ശ്രമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അദ്വിതീയമായ അതിഥി സത്കാരത്തിന് പേരുകേട്ട കാശ്മീരിന്റെ സാംസ്‌കാരിക മൂല്യങ്ങൾക്കും വിവേകത്തിനും വിരുദ്ധമാണ് സഞ്ചാരികൾക്ക് നേരെയുള്ള ഈ ആക്രമണം. പഹൽഗാമിൽ നടന്ന സംഭവത്തിന്റെ വ്യാപ്തിയും ക്രൂരതയും അത്രമേൽ ഭീതിജനകമായതിനാൽ, അതിനെതിരെയുണ്ടായ വികാരത്തിന്റെ വ്യാപ്തിയും വളരെ വലുതായിരുന്നു.
സമാധാനം ദുർബലമായത് കശ്മീരികളുടെയും ജമ്മു കശ്മീരിലെ മറ്റുള്ളവരുടെയും ഉത്കണ്ഠ വർദ്ധിപ്പിക്കാൻ കാരണമായി മാറിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി അക്രമം സഹിച്ച ജനങ്ങൾ സംഘർഷം രൂക്ഷമാകുമെന്ന് ഭയപ്പെടുന്നുണ്ട്. അതേസമയം, തങ്ങൾക്കെതിരായ തിരിച്ചടിയെക്കുറിച്ചും കശ്മീരികൾക്ക് ആശങ്കയുണ്ട്. പഹൽഗാം ആക്രമണത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം, ‘പ്രതികാരം’ ചെയ്യാനുള്ള ആഹ്വാനങ്ങളിലേക്ക് മാറിയതോടെ ഈ ഉത്കണ്ഠ വർദ്ധിച്ചു. അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ പ്രതികാരത്തിനായി മാത്രമല്ല, ഇസ്രായേൽ ശൈലിയിലുള്ള ‘ശുചീകരണ പ്രവർത്തനങ്ങൾ’ കശ്മീരിൽ നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നു.
ഇരയായിത്തീരുന്ന വസ്തുതകൾ
റിപ്പോർട്ടുകൾ പ്രകാരം, പാകിസ്താനിൽ പ്രവർത്തിക്കുന്ന ലഷ്കർ-എ-തൊയ്ബയുടെ ഒരു ശാഖയായി പറയപ്പെടുന്ന ദി റിസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അവകാശപ്പെടുന്നു. ഇത് സത്യമായിരിക്കണമെന്നുള്ള ഉറപ്പില്ലെങ്കിലും, ചില മാധ്യമങ്ങളും രാഷ്ട്രീയ വ്യക്തിത്വങ്ങളും പാകിസ്താന്റെ പങ്കിനെക്കുറിച്ച് സംസാരിച്ച് തുടങ്ങുകയും, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ സന്ദർശനവുമായി ഈ സംഭവത്തെ ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ ചിലതോ എല്ലാമോ സത്യമായിരിക്കാം, പക്ഷേ നിലവിൽ അത് വ്യക്തതയുള്ള അഭിപ്രായമാണെന്ന് പറയാൻ കഴിയില്ല.
തെറ്റായ അനുമാനങ്ങളുടെയും രക്തത്തിനായുള്ള ആഹ്വാനങ്ങളുടെയും ഇടയിൽ, സത്യം പൂർണ്ണമായും അപകടത്തിലാണ്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല.


പുൽമേടിനെ ചുറ്റിപ്പറ്റിയുള്ള കുന്നുകളിൽ നിന്ന് തീവ്രവാദികൾ ഇറങ്ങിവന്ന് വെടിയുതിർക്കുകയായിരുന്നു. വിശദമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അവർ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ച്, പുരുഷന്മാരെ കൊന്നു എന്നാണ് ചില റിപ്പോർട്ടുകൾ. മറ്റൊന്ന്, മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചാണ് അക്രമിച്ചതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ 15 മിനിറ്റോളം പിന്നിൽ നിന്ന് വെടിയൊച്ചകളും നിലവിളികളും മാത്രമേ കേട്ടുള്ളൂ എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെയും വനപാലകരെയും ട്രാഫിക് പൊലീസിനെയും കാണാം. ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയെത്തിയ വിനോദസഞ്ചാരികളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ സൈനികരുടെ ഒരു വീഡിയോയുണ്ട്. തീവ്രവാദികൾ പോയതിനുശേഷം വിനോദസഞ്ചാരികളെ സുരക്ഷിതരാക്കാൻ എല്ലാവരും എത്തിയെന്നാണ് മനസ്സിലാവുന്നത്.
തീവ്രവാദികളെ ആരെങ്കിലും കണ്ടതായി ജനങ്ങൾക്കിടയിൽ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. എത്രപേർ ഉണ്ടായിരുന്നു? അവർ എങ്ങനെയായിരുന്നു? അവർ കൃത്യമായി എന്താണ് ചെയ്തത്? എങ്ങനെ, എവിടെ നിന്നാണ് അവർ രക്ഷപ്പെട്ടത്?
നിലവിൽ ലഭിച്ച സൂചനകൾ അനുസരിച്ച്, ഇതൊരു ആസൂത്രിത ആക്രമണമാണ്. തീവ്രവാദികൾ സുസജ്ജരായിരുന്നു. അവധിക്കാലം ആഘോഷിക്കാൻ വന്ന നിസ്സഹായരും നിരപരാധികളുമായ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്യാനുള്ള മുൻകൂട്ടി തയ്യാറാക്കിയ ഒരു ഓപ്പറേഷനായിരുന്നു ഇത്.
പക്ഷേ, സുരക്ഷാ സംവിധാനങ്ങൾക്കിടയിലൂടെ തീവ്രവാദികൾക്ക് എങ്ങനെ അവിടെ എത്താൻ കഴിഞ്ഞു? 15 മിനിറ്റിലധികം അവരുടെ പ്രവർത്തനം തുടരാനും പിന്നീട് രക്ഷപ്പെടാനും എങ്ങനെ കഴിഞ്ഞു? പല സമയങ്ങളിലായി നിരവധി വിനോദസഞ്ചാരികൾ എത്തുന്ന, ഉയർന്ന സുരക്ഷാ ഗ്രിഡ് ഏരിയയിൽ ഉൾപ്പെടുത്തേണ്ട ഒരു സ്ഥലമാണിത്. ആളുകൾ മരണപ്പെട്ടതിന് മാത്രം കൂടുതൽ സുരക്ഷാ സേനയ്ക്ക് എങ്ങനെയാണ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ കഴിഞ്ഞത്?
ലോകത്തിലെ ഏറ്റവും കൂടുതൽ സൈനിക സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് കശ്മീർ. സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും പൊലീസും ഓരോ മുക്കും മൂലയും നിരീക്ഷിക്കുകയും എല്ലാ പ്രവേശന വഴികളും നിരീക്ഷിക്കുകയും അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
2019 ൽ ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുശേഷം, ഇടയ്ക്കിടെയുള്ള റെയ്ഡുകൾ, ചോദ്യം ചെയ്യലുകൾ, അനിയന്ത്രിതമായ തടങ്കലുകൾ എന്നിവയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ യാഥാർത്ഥ്യം കണക്കിലെടുക്കുമ്പോൾ, വീഴ്ചകൾ കൂടുതൽ വ്യക്തമാകുന്നു.
നിർണ്ണായക ചോദ്യങ്ങൾ
പഹൽഗാം ആക്രമണത്തിന് കാരണം, ഇന്റലിജൻസ് പരാജയമോ, സുരക്ഷാ പ്രോട്ടോക്കോൾ ലംഘനമോ, അതോ രണ്ടും കൂടിയോ എന്ന നിർണായകമായ ചോദ്യം ഉയരുന്നുണ്ട്.
പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകളെത്തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആയിരത്തിലധികം സന്ദർശകരുള്ള ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിന് വേണ്ടത്ര സംരക്ഷണം നൽകാതിരുന്നത് പ്രത്യേകിച്ചും ആശങ്കാജനകമാണ്.
ജമ്മുവിൽ കഴിഞ്ഞ വർഷം വീണ്ടും തീവ്രവാദ പ്രവർത്തനങ്ങൾ ശക്തി പ്രാപിക്കുന്നതും വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളും ഇന്റലിജൻസും സുരക്ഷാ മേൽനോട്ടവും ദുർബലമാവുന്നതിന്റെ സൂചനയാണ്. മുമ്പ് ആക്രമണങ്ങൾ ഉണ്ടായിട്ടും ആവശ്യമായ പാഠങ്ങൾ പഠിച്ചിട്ടില്ല. പഹൽഗാം ദുരന്തം സുരക്ഷാ സംവിധാനത്തിലെ ദുർബലതകളെ വീണ്ടും ഉയർത്തിക്കാട്ടുന്നു.
ഈ വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധ ആവശ്യമാണ് — ഇന്റലിജൻസ് വിവരശേഖരണത്തിലെ കുറവുകൾ, സുരക്ഷാ നടപ്പിലാക്കലിലെ പരാജയം, അല്ലെങ്കിൽ ഇവ രണ്ടും. കുറ്റവാളികളെ നീതിയ്ക്ക് മുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, എങ്കിലും സാധാരണക്കാരെ ശിക്ഷിക്കാതെ അത് നടപ്പാക്കണം.
തെറ്റായ വിവരങ്ങൾ
കഴിഞ്ഞ ആറ് വർഷമായി, വിവിധ തലങ്ങളിൽ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച പുൽവാമ (2019 ഫെബ്രുവരി) മുതലുള്ള സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം, സർക്കാർ ഈ മേഖലയിൽ ടൂറിസത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പ്രശ്നങ്ങളെ മറച്ചുവയ്ക്കുകയണ്. മതിയായ സുരക്ഷാ നടപടികൾ ഉറപ്പാക്കാതെ, സമാധാനത്തിന്റെ തെറ്റായ ഉറപ്പുകൾ നൽകി, വിനോദസഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട്, കശ്മീർ സന്ദർശിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സർക്കാർ വിനോദസഞ്ചാരികളെ അപകടത്തിലാക്കിയിട്ടുണ്ടോ എന്ന ചോദ്യങ്ങളും ഉയരുന്നു.


സുരക്ഷാ പ്രശ്നങ്ങൾ നികത്തുന്നതിനൊപ്പം രാഷ്ട്രീയ ഉത്തരവാദിത്തവും നിർവഹിക്കപ്പെടേണ്ടതുണ്ട്. ‘സാധാരണനില’, ‘ഭീകരത കുറയുന്നു’ എന്നീ സർക്കാർ അവകാശവാദങ്ങൾ കൂടുതൽ നിഷ്പക്ഷമായും ശാസ്ത്രീയമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് കൂടാതെ, ഭീകരവാദം വർധിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. കുറ്റവാളികളെയും ബാഹ്യ ഘടകങ്ങളെയും തിരയുക മാത്രം പോരാ. കശ്മീരികളുടെ അവകാശങ്ങൾക്ക് ഭീഷണിയാകുന്ന നിയമങ്ങളിലൂടെയും നയങ്ങളിലൂടെയും അവർക്കെതിരായി വർദ്ധിച്ചുവരുന്ന അടിച്ചമർത്തലും അന്യവൽക്കരണവും തീവ്രവാദികളെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും ഇത്തരം സംഭവങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ചർച്ച ചെയ്യേണ്ടതുണ്ട്.
തീവ്രവാദത്തിനെതിരെ പോരാടണമെങ്കിൽ, അത് സൈനികമായി മാത്രം ചെയ്യാൻ കഴിയില്ല. കാരണം, അത് താൽക്കാലിക നേട്ടങ്ങൾ മാത്രമേ നൽകുകയുള്ളൂ. കശ്മീരികളുമായി സജീവമായി ഇടപെടുകയും, ദക്ഷിണേഷ്യാതലത്തിലെ ഡിപ്ലോമാറ്റിക് ഇടപെടലുകൾ മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട്, സമാധാനത്തെ പിന്തുണയ്ക്കുന്ന സമൂഹത്തെ ശക്തിപ്പെടുത്തിക്കൊണ്ടാണ് ഈ പോരാട്ടം നടത്തേണ്ടത്.
ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ഉണ്ടാകുന്ന ജനരോഷം നിയന്ത്രിക്കപ്പെടേണ്ടതും, അത് ‘പ്രതികാരം’ എന്ന മുദ്രാവാക്യത്തിലൂടെ കശ്മീരികൾക്കോ രാജ്യത്തെ മറ്റ് മുസ്ലീങ്ങൾക്കോ എതിരായ വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കാൻ ഇടയാകുന്നില്ലെന്നും സർക്കാർ ഉറപ്പാക്കണം.
(കശ്മീരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ കശ്മീർ ടൈംസ് എഡിറ്ററാണ് അനുരാധ ബാസിൻ. കടപ്പാട്: newslaundry.com. പരിഭാഷ: റയീസ് ടി.കെ).