സീതാറാം യെച്ചൂരി എന്നും ഇന്ത്യൻരാഷ്ട്രീയത്തിൽ ബദലുകളുടെ ഇടതുപക്ഷമുഖമാണ്. അടിയന്തരാവസ്ഥക്കാലത്ത് കനത്ത തോൽവിക്ക് ശേഷവും ചാൻസലർ സ്ഥാനം ഒഴിയാതിരുന്ന ഇന്ദിരാഗാന്ധിയെ ജനമധ്യത്തിലേക്ക് ഇറക്കി കൊണ്ടുവന്ന് കുറ്റപത്രം വായിക്കുന്ന യെച്ചൂരിയുടെ വിദ്യാർത്ഥിജീവിതകാലത്തെ രാഷ്ട്രീയവീര്യം നാല്പതു വർഷങ്ങൾക്കിപ്പുറം ബി.ജെ.പിയുടെ വർഗ്ഗീയതയ്‌ക്കെതിരെയുള്ള സമരത്തിലും തിളച്ചുനിന്നു. രാഹുൽഗാന്ധിയും യെച്ചൂരിയും പരസ്പരം കറുത്ത ബാഡ്ജ് കെട്ടികൊടുക്കുന്ന ചിത്രദൂരമത്രയും യെച്ചൂരി നടന്നുതീർത്ത വലിയ ചരിത്രദൂരം കൂടിയാണ്. ദൃശ്യതയും ആധികാരികതയും മുഖാമുഖം നിൽക്കുന്ന സത്യാനന്തര കാലഘട്ടത്തിൽ ഈ രണ്ട് ഫോട്ടോകൾ ഓർമ്മിപ്പിക്കുന്ന രാഷ്‌ട്രീയത്തിന് അച്ചടിയിലെ നിഗൂഢ ഭാവനെയാക്കാൾ ബഹുജനങ്ങൾക്കിടയിൽ ആഘാതശേഷിയുണ്ട്. യെച്ചൂരി നിരവധിയായ ഫോട്ടോകളിൽ നിന്നും വളർന്ന് ഒരു ചരിത്രമായി നിലകൊള്ളുകയാണ് ഇവിടെ. ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൻ എന്ന പാരമ്പര്യനിലയല്ല ഇന്ന് രാഹുൽഗാന്ധി നിലകൊള്ളുന്നത്, വർഗീയതയ്ക്കെതിരായ ഇന്ത്യൻ ജനാധിപത്യവക്താക്കളുടെ സഖ്യകക്ഷി എന്ന നിലയിലാണ്. ഇൻഡ്യ മുന്നണിയിൽ കൂട്ട് ചേർന്നു കൊണ്ട് രാഹുൽഗാന്ധിയുടെ രാഷ്ട്രീയത്തിൽ ഒരു ഇടതുപക്ഷമുഖം രൂപപ്പെടുത്താൻ യെച്ചൂരിക്ക് സാധിക്കുന്നതും അതാണ്. രാഷ്ട്രീയത്തിന്റെ ഈ സംക്രമണകാലങ്ങൾ സീതാറാംയെച്ചൂരി വഹിച്ച ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന്റെ നേർചിത്രങ്ങളായിരുന്നു. തുല്യതയും നീതിയെയും സംബന്ധിച്ച രാഷ്ട്രീയ ശരികൾ ഈ തെരഞ്ഞെടുപ്പുകൾ ഉൾക്കൊള്ളുന്നുണ്ട്.
സമ്പന്നതയുടെ ബ്രാഹ്മണികമയക്കങ്ങളിൽ ജനിച്ച സീതാറാം, മാതാപിതാക്കളുടെ ഉയർന്ന ഗവൺമെന്റ് ജോലിയിൽ പരിലാളിതനായി തുടർന്നില്ല. പഠിച്ച ബിരുദങ്ങളിലും ഗവേഷണപ്രവേശന പരീക്ഷയിലടക്കം ഒന്നാം റാങ്ക് കിട്ടിയിട്ടും അദ്ദേഹം തിരഞ്ഞെടുത്തത് അസ്വസ്ഥതകളുടെ പാതയായിരുന്നു. പേരിലെ ‘സീതാറാം’ സീതയും രാമനും ചേർന്ന പേരാണ് എന്ന് സംഘപരിവാർ പ്രതിരോധ ചർച്ചകൾക്കിടയിൽ യെച്ചൂരി എടുത്തുപറയുന്നുണ്ട്. തന്റെ പേരിനെ രാഷ്ട്രീയമായി ഉയർത്തി സംഘ്പുരുഷപാരമ്പര്യത്തെ അദ്ദേഹം പ്രതിരോധത്തിലാക്കുന്നു. ശരീരവും അതുൾക്കൊള്ളുന്ന പേരും വാക്കും തെളിമയോടെ നിൽക്കുമ്പോൾ വ്യക്തികൾക്ക് അവരുടെ നേതാവിനെ ആത്മനിഷ്‌ഠരാഷ്ട്രീയമായി ഉൾച്ചേർക്കാൻ പറ്റുന്നു. അത്രയ്ക്കും സൂക്ഷ്മമായാണ് രാഷ്ട്രീയം യെച്ചൂരിയിൽ പ്രവർത്തിക്കുന്നത്. സീതാറാം റാവു യെച്ചൂരി എന്ന പേരിൽ നിന്നും അദ്ദേഹം റാവു എന്ന സവർണ്ണവാൽ പൊഴിച്ചു കളയുന്നുണ്ട്.
ജെ. എൻ. യു മാത്രമല്ല സീതാറാമിലെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്. സ്വന്തം നാട്ടിലെ തെലുങ്കാനയുടെ പോരാട്ടത്തിന്റെ ജനിതകം സീതാറാം പേറുന്നുണ്ടായിരിക്കണം. ഞങ്ങളുടെ മകന്റെ പ്രൊഫഷണൽ കരിയർ നിങ്ങളുടെ പാർട്ടിക്കാർ നശിപ്പിക്കുകയാണോ എന്ന് യെച്ചൂരിയുടെ ബന്ധുക്കൾ സുന്ദരയ്യയോട് ചോദിക്കുന്നുണ്ട്. ‘നിങ്ങളുടെ മകനെപോലെയുള്ള മറ്റൊരാളെ ഞങ്ങൾക്ക് കിട്ടിയാൽ അവനെ നിങ്ങൾക്ക് തിരിച്ചു തരാം‘ എന്നാണ് സുന്ദരയ്യ അതിന് നൽകുന്ന മറുപടി. രാഷ്ട്രീയം ഒരു കരിയർ ആയി കാണുന്ന സമകാലത്തിൽ അയാൾ അത് ആശയപോരാട്ടത്തിന്റെ വേദിയാക്കിമാറ്റി, കിട്ടേണ്ടിയിരുന്ന പ്രൊഫഷണൽ കരിയറിന്റെ ഔന്നത്യത്തെ തൃണവത്ഗണിച്ചു. വിദ്യാർത്ഥികൾ ”പഠിക്കുക പോരാടുക” എന്ന മുദ്രാവാക്യം മുഴക്കിത്തുടങ്ങിയ കാലമായിരുന്നു അത്. പഠിക്കാൻ ഒരു കാലവും പോരാടാൻ മറ്റൊരു കാലവും ശേഷിക്കുന്നില്ലായിരുന്നു.
ഫ്യൂഡൽ ആധുനിക മധ്യവർഗ പാരമ്പര്യങ്ങൾക്കപ്പുറം ഭരണഘടനയുടെ മൂല്യങ്ങളാണ് തന്റെ സ്വതന്ത്രചിന്താ ജീവിതം സാധ്യമാക്കിയത് എന്ന് യെച്ചൂരി പ്രഖ്യാപിക്കുന്നുണ്ട്. തന്റെ ജീവിതവും പ്രവർത്തനങ്ങളും രൂപപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയാണെന്ന് യെച്ചൂരി പറയുന്നു. ഗവൺമെൻറ് സ്കൂളിൽ നിന്നും ഡൽഹി സെന്റ്. സ്റ്റീഫൻസിലേക്കുള്ള തന്റെ പ്രവേശനം സാധ്യമാക്കിയത് ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യതയാണ്. മറ്റൊരു മതത്തിൽ നിന്ന് പ്രണയവും ജീവിതവും സാധ്യമാക്കിയതും ഭരണഘടനയുടെ മൂല്യങ്ങളാണ്. സ്വതന്ത്രചിന്തയോടെ നിർഭയം ആത്മാവിഷ്കാരം നടത്തി ശിരസുയർത്തി മൂല്യങ്ങളോടെ ജീവിക്കാൻ അവസരം നൽകിയത് ഭരണഘടനയാണ്. മതങ്ങൾക്ക് പല വിശുദ്ധ ഗ്രന്ഥങ്ങളും ഉണ്ടായിരിക്കാം, എന്നാൽ യഥാർത്ഥ രാജ്യസ്നേഹികളുടെ പാഠപുസ്തകം ഇന്ത്യൻ ഭരണഘടനയാണ് എന്ന് യെച്ചൂരി പറയുന്നു. ഡോക്ടർ ബി. ആർ. അംബേദ്കർ സൂചിപ്പിക്കുന്നത് പോലെ ഓരോ പൗരനും ഒരു വോട്ട്, ഓരോ വോട്ടിനും തുല്യത എന്ന രാഷ്ട്രീയ ജനാധിപത്യം സാധ്യമാക്കുന്നത് ഭരണഘടനയാണ്. എന്നിരിക്കിലും ഏതൊരു മനുഷ്യനും തുല്യത എന്നത് ഇനിയും പൂർത്തീകരിക്കപ്പെട്ട് കഴിഞ്ഞിട്ടില്ല. ഓരോ രാഷ്ട്രീയ പ്രവർത്തകനും കാലങ്ങളായി പിന്തുടരുന്ന ദൗത്യം അതാണ് എന്ന് യെച്ചൂരി വിശ്വസിച്ചു.
ഇടതുപക്ഷ രാഷ്ട്രീയം തിരഞ്ഞെടുത്താൽ ഒരു വ്യക്തിക്ക്, കുടുംബത്തിന് കിട്ടാവുന്ന നഷ്ട്ടങ്ങളൊക്കെയും ആ ജീവിതത്തിലുണ്ടായിരുന്നു. അതൊന്നും സീതാറാം കണക്കിലെടുത്തില്ല. അയാൾ എസ്. എഫ്. ഐ എന്ന സംഘടനയുമായി ഇന്ത്യ മുഴുവനും സഞ്ചരിച്ചു. ട്രെയിനിലെ തേർഡ് ക്ലാസിൽ ഫുട്‍സ്റ്റെപ്പിലും തിക്കിലും തിരക്കിലും വിശന്നുനിന്ന് ആഴ്ചകളോളം യാത്ര ചെയ്തു. ഓരോ സംസ്ഥാനങ്ങളിലും ചെന്നെത്തി മീറ്റിങ്ങുകളിൽ അവകാശങ്ങളെ കുറിച്ച് വിദ്യാർത്ഥികളോടും ഗ്രാമവാസികളോടും അയാൾ സംസാരിച്ചു. എഴുപതുകളിലെ തിളച്ചുമറിയുന്ന രാഷ്ട്രീയ ഏകാധിപത്യത്തെ മോചിപ്പിക്കാൻ മുന്നിൽനിന്നു. വീട്ടിലെ പട്ടുമെത്തയ്ക്ക് പകരം എവിടെയാണോ മീറ്റിങ്ങുകൾ തീരുന്നത് അവിടെ ബഞ്ച് കൂട്ടിയിട്ട് കിടന്നുറങ്ങി. ആ ദുരിതത്തെ മറികടക്കാൻ ചാർമിനാർ സിഗററ്റ് പുകച്ചു. സഹപ്രവർത്തകരോട് മുൻവിധികളില്ലാതെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ സംസാരിച്ചു. അയാളുടെ സംസാരത്തിലും എടുപ്പിലും ഒട്ടും കാർക്കശ്യം ഉണ്ടായിരുന്നില്ല. അയഞ്ഞ ജുബ്ബയിലും വെട്ടിയൊതുക്കാത്ത മുടിയിലും അയാളിൽ ഒരു സ്ത്രൈണസൗന്ദര്യം ഒളിമിന്നി. പഞ്ചാബിന്റെയും ബംഗാളിന്റെയും തമിഴ്നാടിന്റേയും കുഗ്രാമങ്ങളിൽ സവർണ്ണതയുടെ രാഷ്ട്രീയം ബാധിക്കും മുമ്പ് അയാളുടെ പേര് കുമ്മായം പൂശിയ ചുമരിൽ നീലം മുക്കിയ അക്ഷരത്തിൽ മായാതെ കിടന്നു.
ജാതിക്കുള്ളിലെ ഉപജാതികളും, ഭാഷാടിസ്ഥാനത്തിൽ നിർവചിക്കപ്പെട്ട സംസ്ഥാനങ്ങളും അത്ര തന്നെ വിപുലസാംസ്‌കാരിക വൈചിത്ര്യങ്ങൾ ഉൾക്കൊള്ളുന്നു – ഇന്ത്യൻ ദേശീയതയും ജനാധിപത്യവും അത്രമേൽ സങ്കീർണ്ണമാണ്. ഇത്തരം യാഥാർത്ഥ്യങ്ങളുടെ കുഴമറിച്ചിൽ പരിഹരിക്കാൻ നിലവിൽ പ്രയുക്തമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഉപകരണങ്ങൾ പോരാതെ വരും. അവ ലെനിനിസ്റ്റ് റൂൾ ബുക്കിൽ നോക്കി മാത്രം പരിഹരിക്കാവുന്ന വിഷയങ്ങളല്ല. ലളിതമെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന എന്നാൽ വൈവിധ്യങ്ങളുടെ കൂട്ടായ പ്രത്യയശാസ്ത്ര പരിഹാരങ്ങളിലൂടെയായിരുന്നു യെച്ചൂരി ഈ പ്രശ്നലോകങ്ങൾ മറികടന്നത്. ഇ.എം.എസ്-രണദിവെ-കാരാട്ട് എന്ന പ്രത്യയശാസ്ത്ര കാർക്കശ്യതയാർന്ന ബദലുകളുടെ ശ്രേണികളിലായിരുന്നില്ല സീതാറാം യെച്ചൂരി കണ്ണിചേർന്നത്. സുന്ദരയ്യ-സുർജിത് -സീതാറാം അതായിരുന്നു അയാൾ കണ്ടെത്തിയ സ്വയം ശ്രേണി. സൈദ്ധാന്തിക കമ്മ്യൂണിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള മെയ്‌വഴക്കം, അതായിരുന്നു ഈ ധാരയെ വേറിട്ടു നിർത്തിയത്. അതുവരെ റേഷൻകാർഡിൽ പേരില്ലാത്ത അശരണരുടെ അനുഭൂതിമണ്ഡലം സാംസ്കാരികമായും താത്വികമായും പുന:സൃഷ്ട്ടിക്കുകയായിരുന്നു ഈ ചേരി, അനുഭവത്തിൽ നിന്നും സിദ്ധാന്തത്തെ നിർമ്മിക്കലായിരുന്നു അതിന്റെ കാതൽ. ഒന്നാം യു. പി. എ. ഗവർമെന്റിന്റെ കാലത്ത് സി. പി. എമ്മിന്റെ വക്താവായി നിന്നുകൊണ്ട് കോമൺ മിനിമം പ്രോഗ്രാമിന് അദ്ദേഹം ചുക്കാൻ പിടിച്ചു. അക്കാലത്ത് ഗ്രാമീണജനതയെ പ്രത്യേകിച്ചും സ്ത്രീകളെ സഹായിക്കാൻ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികൾ യു. പി. എ. ഗവണ്മെന്റിന് നടപ്പിലാക്കേണ്ടി വന്നു. ഇത്തരം യുക്തികളിൽ ഊന്നിയ രാഷ്ട്രീയപ്രമേയങ്ങൾ സീതാറാം യെച്ചൂരി പാർട്ടിസമ്മേളനങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. അതൊരു രാഷ്ട്രീയ തീർപ്പായിരുന്നു.
ഹൈദരാബാദിലെ വിപ്ലവകവി മഖ്ദൂം മൊയിനുദ്ധീൻ സാഹിബിന്റെ പേരിലുള്ള പാർട്ടീ ഓഫിസിൽ നിന്നും രാഷ്ട്രീയ പ്രയാണത്തിന് പുറപ്പെട്ട യെച്ചൂരിയ്ക്ക് ഇന്ത്യൻ കലകളിലും സാഹിത്യത്തിലും അഗാധമായ ഉൾക്കാഴ്ചകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം കിടത്തിയ വസന്ത്കുഞ്ചിലെ വീട്ടുചുവരിൽ മാർക്സിന്റെ ചിത്രത്തോടൊപ്പം 1949 ൽ മെഹബൂബ്‌ഖാന്റെ സംവിധാനത്തിൽ ദിലീപ്കുമാർ, രാജ്‌കുമാർ, നർഗീസ് ദത്ത് എന്നിവർ അഭിനയിച്ച ‘അന്ധാസ്’ന്റെ പോസ്റ്റർ കാണാം. പാരമ്പര്യ കമ്മ്യൂണിറ്റ് ചട്ടക്കൂടിന്റെ അരികുകളെയും മൂലകളെയും അതിലംഘിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സാംസ്കാരികമായ ഈ അതിവ്യാപനങ്ങൾ. അതുകൊണ്ടുതന്നെ പാർട്ടിക്കുള്ളിലെ പാരമ്പര്യവാദികൾക്കിടയിൽ അദ്ദേഹത്തിന് അരാജക പരിവേഷമായിരുന്നു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെതിരെയുള്ള ഉറച്ച ശബ്ദങ്ങളിലൊന്ന് സീതാറാം യെച്ചൂരിയുടേത് കൂടിയായിരുന്നു എന്ന് ഓർക്കുക.
കമ്മ്യൂണിസ്റ്റ് തത്വങ്ങളെ കേവലസാമ്പത്തികയുക്തിയ്ക്കപ്പുറം സാംസ്കാരികത കൂടി കണക്കിലെടുത്തു കൊണ്ട് അഭിസംബോധന ചെയ്യാൻ അദ്ദേഹം ശ്രമിച്ചു. ജലാലുദ്ധീൻ റൂമിയെ ഇഷ്ടപെട്ട സീതാറാം യെച്ചൂരിയുടെ കമ്മ്യൂണിസം, സൂഫിധാരകൾ പോലെ വൈരുദ്ധ്യാത്മകതകളുടെ ഭൗതിക സൗന്ദര്യശാസ്ത്രം ഉൾക്കൊണ്ടു-ബഹുസ്വരതകൾ വിളക്കി ചേർന്നു സാധ്യമാക്കുന്ന ഏകതയുടെ ഒരു ബാവുൽസംഗീതം പോലെ. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു സഫ്ദർ ഹാഷ്മി. 1984-87 കാലഘട്ടങ്ങളിൽ സീതാറാം യെച്ചൂരി എഡിറ്ററായിരുന്ന എസ്.എഫ് .ഐ മുഖമാസിക ‘സ്റ്റുഡന്റ് സ്ട്രഗ്ഗിളിൽ’ കലയുടെ രാഷ്ട്രീയ പ്രബോധനങ്ങളിലൂന്നിക്കൊണ്ട് സഫ്ദർ ഹാശ്മി നിരന്തരമായി ലേഖനങ്ങൾ എഴുതുന്നുണ്ട്.
രാജ്യസഭയിലെ വിടവാങ്ങൽ പ്രസംഗത്തിൽ, പൗരത്വഭേദഗതി ബില്ലിനെ സൂചിപ്പിക്കുന്ന ഇന്ത്യയെ പൂന്തോട്ടമായി സങ്കല്പിച്ചുകൊണ്ടുള്ള പ്രസംഗം നോക്കുക. ഉർദു കവി അല്ലാമ ഇഖ്‌ബാലിന്റെ ‘സാരേ ജഹംസ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ ..’ എന്ന വരികളിൽ തുടങ്ങുന്ന ആ പ്രസംഗം സ്വന്തം വ്യക്തിജീവിതത്തെ സാക്ഷ്യം നിർത്തിയാണ് തുടരുന്നത്. “മദ്രാസ് സംസ്ഥാനത്തിലെ ഒരു ആശുപത്രിയിലാണ് ഞാൻ ജനിച്ചത്, തെലുങ്ക് സംസാരിക്കുന്ന ബ്രാഹ്മണകുടുംബമായിരുന്നു എന്റേത്, എന്റെ മുത്തച്ഛൻ ഒരു ജഡ്‌ജി ആയിരുന്നു.1954ൽ ഞാൻ ഹൈദരാബാദിലേക്ക് പോയി, നൈസാമിന്റെ ഭരണത്തിന്റെ കാലഘട്ടത്തിലായതുകൊണ്ട് അത് പൂർണ്ണമായും മുസ്ലീം അന്തരീക്ഷത്തിലായിരുന്നു, പിന്നീട് ഞാൻ ഡൽഹിയിലേക്ക് വന്നു, ഇവിടെ പഠിച്ചു. ഞാൻ വിവാഹം കഴിച്ച വ്യക്തിയുടെ പിതാവ് ഇസ്‌ലാമിലെ പണ്ഡിതവിഭാഗമായ സൂഫി ആയിരുന്നു, അവരുടെ സർനെയിം ചിസ്തി എന്നായിരുന്നു. അവരുടെ മാതാവ് മൈസൂരിലേക്ക് കുടിയേറിയ രജ്പുത് കുടുംബമായിരുന്നു. നാമിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഇവരുടെ മകളാണെന്റെ ഭാര്യ. ദക്ഷിണേന്ത്യയിലെ ഒരു ബ്രാഹ്മണന് ആ സ്ത്രീയിലുണ്ടായ മകനെ നിങ്ങളെന്താണ് വിളിക്കുക? ബ്രാഹ്മണനെന്നോ, മുസ്ലീമെന്നോ, ഹിന്ദുവെന്നോ-അവനെ നിങ്ങൾ എന്താണ് വിളിക്കുക? ഇന്ത്യൻ എന്നല്ലാതെ അവനെ വിവരിക്കാൻ യാതൊന്നിനെക്കൊണ്ടും ആവില്ല അതാണ് നമ്മുടെ രാജ്യം… ഇതെന്റെ ആദ്യ പ്രസംഗമല്ല. ബെല്ലമർത്തരുത്.” യെച്ചൂരി ബെല്ലമർത്തരുതെന്ന് പറഞ്ഞത് സഭയിലെ ഹിന്ദുത്വ ആശയങ്ങളുടെ മുഴുവൻ പ്രധിനിധികളോടുമായിരുന്നു. ആ കൂസലില്ലായ്മ ജീവിതത്തിലുടനീളം പുലർത്തിയിരുന്നു സീതാറാം യെച്ചൂരി.
ബി.ജെ.പി ഇതര കക്ഷികളെ ശത്രുപക്ഷത്ത് കാണാതെ എല്ലാവരുടെയും നന്മകളെ രാഷ്ട്രീയപരമായി അദ്ദേഹം ഉപയോഗിച്ചു. മൂർത്തമായ സന്ദർഭങ്ങളിൽ മൂർത്തമായ പ്രായോഗികതകളെ സ്വീകരിച്ചു. ഈ നയതന്ത്രം ഇന്ത്യയിൽ ഒതുങ്ങി നിന്നില്ല, രാജ്യത്തിനുപുറത്തേക്കും സ്വീകരിക്കപ്പെട്ടു. സി. പി. എമ്മിന്റെ സെക്രട്ടറിയാവുന്നതുവരെ അദ്ദേഹം പാർട്ടിയുടെ വിദേശകാര്യ ബന്ധങ്ങളുടെ ചുമതലക്കാരനായി പ്രവർത്തിച്ചു. നേപ്പാളിലെ ആദ്യത്തെ സ്വാതന്ത്ര്യാനന്തര ഗവണ്മെന്റിന്റെ പ്രഥമ പ്രസിഡന്റ് പ്രചണ്ഡയെ ഒരു ജനാധിപത്യ നേപ്പാളിനുവേണ്ടിയുള്ള കരട് രേഖ തയ്യാറാക്കാൻ സീതാറാം സഹായിക്കുന്നുണ്ട്. ഫിഡൽ കാസ്ട്രോ പേരെടുത്തു വിളിച്ചു ഓർമ്മിക്കുന്ന ഒരു ലോകകമ്മ്യൂണിസ്റ്റ് കൂടിയാണ് സീതാറാം യെച്ചൂരി.
അക്കാദമിക് ത്വര യെച്ചൂരിയിൽ ആത്മനിഷ്ഠമല്ല, ഒരു പൊതുനിഷ്ഠയിലൂന്നികൊണ്ട് ജീവിതത്തിലുടനീളം പ്രവർത്തിക്കുന്ന ഒന്നാണ്. അദ്ദേഹം മൂന്നുവട്ടം വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായ, രാജ്യത്തിലെ തന്നെ ഉയർന്ന സർവകലാശാലകളിൽ ഒന്നായ ജെ.എൻ.യുവിൽ, വിദ്യാർത്ഥിസമൂഹം സീതാറാമിന്റെ ശരീരത്തെ ബൗദ്ധികമുദ്രാവാക്യങ്ങളാൽ ഏറ്റെടുത്തു. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ നമ്മുടെ ഭരണഘടനയെ മതവിശ്വാസസംഹിതകൾക്കപ്പുറം ജീവിതത്തിൽ പകർത്തിയ നിസ്വാർത്ഥനായ ആ വിദ്യാർത്ഥി മരിക്കുമ്പോൾ മൃതദേഹം മെഡിക്കൽവിദ്യാർത്ഥികൾക്ക് വേണ്ടി ഒസ്യത്തായി എഴുതിവെക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയശരീരം ഇന്ത്യൻ ജനാധിപത്യത്തിന് വിസ്മരിക്കാനരുതാത്ത ഒരു പാഠപുസ്തകമാണ്.