പിണറായി സർക്കാർ തീരുമാനം മുനമ്പത്തുകാ‍ർക്ക് അനുകൂലമായിരുന്നു

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മുനമ്പം പ്രദേശവാസികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇടതുപക്ഷ സര്‍ക്കാര്‍ 2024-ല്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി വ്യക്തമാക്കുന്ന യോഗ മിനിട്സ് പുറത്ത്. 2024 നവംബര്‍ 23-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. യോഗത്തിന്റെ മിനിട്സ് കേരളീയത്തിന് ലഭിച്ചു. ഈ യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ്, സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മുനമ്പത്തുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടുമായി അഡ്വക്കറ്റ് ജനറല്‍ (അന്നത്തെ എ.ജി) കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതാണ് മുനമ്പം ഭൂപ്രശ്‌നത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറിയത്.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്,
“അങ്ങനെയെങ്കില്‍ താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം, എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാണിച്ച് വഖഫ് ആക്കാം” എന്ന നിരീക്ഷണം നടത്തിയത് സര്‍ക്കാരിന്റെ ഈ സത്യവാങ്മൂലം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു. അതേസമയം, എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച ഈ നിലപാട് മറച്ചുവച്ചുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ വിഷയത്തില്‍ അട്ടിമറിക്ക് ശ്രമിക്കുകയാണെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസ ഇപ്പോഴും വിശദീകരിക്കുന്നത്. അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് തന്നെയാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് യോഗ മിനിട്ടസും തുടര്‍ നടപടികളും വ്യക്തമാക്കുന്നു.

യോഗത്തിന്റെ മിനിട്സ് പേജ്

മുനമ്പത്തെ ഭൂമിപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി അവിടെ വസിക്കുന്ന കുടുംബങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പ്രദേശവാസികളുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും അതിനായി സ്വീകരിക്കേണ്ട നിയമപരമായ നടപടികള്‍ എന്തൊക്കെയാണെന്നും പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി യോഗം ചുമതലപ്പെടുത്തി.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ ഭൂവുടമകള്‍ക്ക് പുതിയ നോട്ടീസുകള്‍ അയക്കാനോ പഴയ നോട്ടീസുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനോ പാടില്ലെന്ന് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടുകയും ബോര്‍ഡ് അത് അംഗീകരിക്കുകയും ചെയ്തു. ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹൈക്കോടതി സ്റ്റേ നീക്കുന്നതിനായി സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

യോഗത്തില്‍ പങ്കെടുത്ത സമരസമിതി പ്രതിനിധികളും തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. 1989-ല്‍ ഫാറൂഖ് കോളേജില്‍ നിന്ന് വഖഫ് ഭൂമിയല്ലെന്ന് ഉറപ്പുവരുത്തി, പൂര്‍ണ്ണ ക്രയവിക്രയ അവകാശത്തോടെ വാങ്ങിയ ഭൂമിയാണിതെന്നും ഇതില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ ഈ ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നതുകൂടി കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ (‘ടേംസ് ഓഫ് റഫറന്‍സ്’) ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

35 വര്‍ഷമായി റവന്യൂ അവകാശങ്ങള്‍ അനുഭവിച്ചുപോരുന്ന പ്രദേശവാസികളുടെ വസ്തുക്കള്‍ വഖഫ് ആസ്തിവിവരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന പ്രക്രിയ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുനമ്പം വികാരി പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമി വഖഫ് രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കി റവന്യൂ അവകാശങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ബെന്നി (സമരസമിതി) ആവശ്യപ്പെട്ടു. 2022-ന് ശേഷം അറുന്നൂറോളം പേരുടെ റവന്യൂ അവകാശങ്ങള്‍ തടസ്സപ്പെട്ടതായും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നും എസ്.എന്‍.ഡി.പി ബ്രാഞ്ച് പ്രസിഡന്റ അഭ്യര്‍ത്ഥിച്ചു. മൂന്ന് മാസം എന്നത് പരമാവധി ചുരുക്കി ജനങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് സഹായമെത്രാന്‍ അഭ്യര്‍ത്ഥിച്ചു.

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിൽ നിന്നും. കടപ്പാട്:deccanherald

സര്‍ക്കാരിന്റെ സമാധാനപരമായ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് കമ്മീഷന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നിലവിലെ സമരം നിര്‍ത്തിവെക്കണമെന്ന് സമരസമിതി നേതാക്കളോടും പുരോഹിതന്മാരോടും അന്നത്തെ എം.എൽ.എ കെ.എന്‍. ഉണ്ണികൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശവാസികളെ കുടിയിറക്കാനല്ല, മറിച്ച് അവര്‍ക്ക് അനുകൂലമായ നിയമപരമായ വഴികള്‍ കണ്ടെത്താനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. “പ്രായോഗികമായ വെല്ലുവിളികള്‍ മുന്‍നിര്‍ത്തിയാണ് കമ്മീഷന് മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്. എപ്പോള്‍ വേണമെങ്കിലും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടതില്ല; അവരുടെ നിയമപരമായ അവകാശങ്ങള്‍ ഉറപ്പാക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണം.” എന്നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിൽ പറഞ്ഞത്.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വഖഫ്-ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി, നിയമ-വ്യവസായ വകുപ്പ് മന്ത്രി, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വഖഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, മുനമ്പം സമരസമിതി നേതാക്കള്‍, വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

Also Read

3 minutes read July 29, 2026 2:04 pm