Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


സർക്കാർ ഉത്തരവുകളും ധനകാര്യ ചട്ടങ്ങളും ഉദ്യോഗസ്ഥർ ഒത്തുചേർന്ന് അട്ടിമറിച്ചപ്പോൾ സർക്കാരിന് നഷ്ടമായത് ലക്ഷങ്ങൾ. മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലെ (TDO) സ്ഥിരം ജീവനക്കാരനായ വാർഡനെ ചട്ടവിരുദ്ധമായി ജോലിക്രമീകരണ വ്യവസ്ഥയിൽ മാറ്റിയതും പകരം ദിവസവേതനക്കാരനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളാണ് ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ സർക്കാരിനുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാനും കർശന അച്ചടക്ക നടപടികൾ സ്വീകരിക്കാനും റിപ്പോട്ടിൽ ശിപാർശ ചെയ്യുന്നു.
ധനകാര്യ വകുപ്പിന്റെ 2012-ലെ ഉത്തരവിനും (ജി.ഒ(പി) നം. 442/2012/ധന) 2023ലെ പരിപത്രത്തിനും (നം. 29/2023/ധന) പൂർണ്ണമായും വിരുദ്ധമായാണ് മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ വാർഡനായ ശ്രീധരൻ ടി.ബിയെ ക്ലർക്ക് തസ്തികയിൽ ജോലിക്രമീകരണ വ്യവസ്ഥയിൽ നിയമിച്ചത്. ഇത്തരമൊരു നിയമനത്തിന് ധനവകുപ്പിന്റെ യാതൊരുവിധ പ്രത്യേക അനുമതിയും വാങ്ങിയിരുന്നില്ല. ഇതിനായി അന്നത്തെയും ഇന്നത്തെയും ട്രൈബൽ ഡവലപ്മെന്റ് ഓഫീസർമാർ നൽകിയ വിശദീകരണങ്ങൾ പരിശോധനാ സംഘം തള്ളിക്കളഞ്ഞു.
ഓഫീസിലെ ജോലിഭാരം കാരണമാണ് ശ്രീധരനെ നിലനിർത്തിയത് എന്നും, ഫീൽഡ് ജോലികൾക്കും മന്ത്രിതല ചർച്ചകൾക്കും ഓഡിറ്റ് ടീമുകളുടെ സന്ദർശന ചുമതലകൾക്കുമായി ഇയാളുടെ സേവനം ആവശ്യമായിരുന്നു എന്നുമാണ് ഓഫീസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരം ചുമതലകൾ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ നേരിട്ടോ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ (TEO), ഓവർസിയർ എന്നിവർ വഴിയോ ചെയ്യേണ്ടതാണെന്ന് പരിശോധനയിൽ വ്യക്തമായി.
ഹോസ്റ്റൽ ഇൻസ്‌പെക്ഷൻ, ജൂനിയർ സൂപ്രണ്ടിന്റെ അവധിയിലെ ചുമതലകൾ തുടങ്ങിയ ധനപരമായ പ്രാധാന്യമുള്ള ജോലികൾ വാർഡനായ ശ്രീധരനെ ഏൽപ്പിച്ചതിലൂടെ അന്നത്തെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കടുത്ത ഔദ്യോഗിക വീഴ്ച വരുത്തിയതായും ഈ ജീവനക്കാരന് പ്രത്യേക പരിഗണന നൽകിയതായും കണ്ടെത്തി. ഈ ക്രമരഹിത നിയമനം വഴി സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു.


വസ്തുതകൾ മറച്ചുവെച്ചാണ് ദിവസവേതന നിയമനത്തിന് അുമതി നേടിയത്. സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെയുണ്ടായത്. കോതമംഗലത്തിനടുത്ത് കറുകടത്ത് പട്ടികവർഗ്ഗ ആൺകുട്ടികൾക്കായി ഒരു പോസ്റ്റ്മെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിനായി വാർഡൻ ഉൾപ്പെടെയുള്ള തസ്തികകളിൽ ദിവസവേതനക്കാരെ നിയമിക്കണമെന്ന് കാണിച്ച് 2022 ജൂണിൽ മൂവാറ്റുപുഴ ടി.ഡി.ഒ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. വകുപ്പിൽ ഒരു സ്ഥിരം വാർഡൻ ലഭ്യമാണെന്ന വസ്തുത പൂർണ്ണമായും മറച്ചുവെച്ചുകൊണ്ടായിരുന്നു ഈ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ ടോബിൻ ടി. മണി എന്നയാളെ ദിവസവേതന അടിസ്ഥാനത്തിൽ വാർഡനായി നിയമിച്ചു.
സ്ഥിരം വാർഡന്റെ സേവനം പ്രയോജനപ്പെടുത്താതെ ദിവസവേതനക്കാരന് 2025 നവെമ്പർ 30 വരെ ശമ്പളമായി നൽകിയ 6,48,390 രൂപ സർക്കാരിന് നേരിട്ടുള്ള സാമ്പത്തിക നഷ്ടമായി വിലയിരുത്തി. ഗുരുതരമായ ഈ അഴിമതിക്കും ചട്ടലംഘനത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്. മൂവാറ്റുപുഴ ഓഫീസിൽ നിലവിലില്ലാത്ത തസ്തികയിൽ തുടരുന്ന വാർഡൻ ടി.ബി ശ്രീധരനെ അടിയന്തിരമായി വകുപ്പിന് കീഴിൽ വാർഡൻ ഒഴിവുള്ള മറ്റേതെങ്കിലും ഹോസ്റ്റലിലേക്ക് മാറ്റി നിയമിക്കണം. സർക്കാരിനുണ്ടായ 6,48,390 രൂപയുടെ സാമ്പത്തിക നഷ്ടം ഇതിന് കാരണക്കാരനായ വിരമിച്ച മുൻ ട്രൈബൽ ഓഫീസർ അനിൽ ഭാസ്‌കറിന്റെ (റിട്ട) വ്യക്തിഗത ബാധ്യതയായി നിശ്ചയിച്ച്, അദ്ദേഹത്തിന്റെ പെൻഷൻ ആനുകൂല്യങ്ങളിൽ നിന്നും ഈടാക്കണം.
ചട്ടവിരുദ്ധമായ ഈ നിയമനത്തിന് ഒത്താശ ചെയ്യുകയും ശ്രീധരനെ തുടരാൻ അനുവദിക്കുകയും ചെയ്ത നിലവിലെ ട്രൈബൽ ഓഫീസർ കെ. ജി. മനോജിനെതിരെ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കണം. കൂടാതെ വാർഡന് ധനപരമായ പ്രാധാന്യമുള്ള ജോലികൾ നൽകിയതിന് ഇദ്ദേഹത്തിൽ നിന്നും ഭരണവകുപ്പ് വിശദീകരണം തേടണം.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഇടമലയാർ പ്രീമെട്രിക് (ബോയ്‌സ്) ഹോസ്റ്റൽ എത്രയും വേഗം തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. സർക്കാർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി സ്വന്തക്കാരെ സംരക്ഷിക്കാനും ഖജനാവിന് നഷ്ടം വരുത്താനും ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ റിപ്പോർട്ടിലെ ശിപാർശകൾ.

