

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“Since it is impossible to know what’s really happening, we Peruvians lie, invent, dream and take refuge in Illusion. Because of these strange circumstances, Peruvian life, a life in which so few actually do read, has become literary.” – Mario Vargas Llosa
ജന്മനാടായ പെറുവിനെക്കുറിച്ചും എഴുത്ത് രൂപപ്പെടുന്നതിനെക്കുറിച്ചും യോസ നടത്തിയിട്ടുള്ള ഈ പ്രസ്താവന അദ്ദേഹത്തിന്റെ രചനാതന്ത്രത്തെ പൂര്‍ണമായും വെളിപ്പെടുത്താന്‍ പോന്നതാണ്. നാട്ടില്‍ നടക്കുന്നത് എന്താണെന്നറിയാന്‍ കഴിയാതിരിക്കുക, അല്ലെങ്കില്‍ അതിനുള്ള എല്ലാ പഴുതുകളും അടഞ്ഞുപോവുക. അത് കണ്ടെത്താന്‍ മായക്കാഴ്ച്ചകളില്‍ അഭയം തേടുകയും അതുതന്നെയാണ് ആഖ്യാനം എന്ന് വിശ്വസിക്കുകയും ചെയ്യുക – തന്റെ രചനയുടെ അടിപ്പടവ് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കി. ലാറ്റിനമേരിക്കയിലെ ഏകാധിപത്യ ഭരണ കൂടങ്ങളുമായി ഏറ്റുമുട്ടുകയാണ് അവിടെ നിന്നുള്ള എല്ലാ മുന്‍നിര എഴുത്തുകാരും ചെയ്തിട്ടുള്ളത്. അധികാരത്തെ, അതിന്റെ നൃശംസതകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍.
യോസയുടെ നോവലുകളെ ഒറ്റവാചകത്തില്‍ അവതരിപ്പിക്കേണ്ടിവന്നാല്‍ അധികാര ഭീകരതയുടെ നരകപടം എന്ന് വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി കരുതപ്പെടുന്ന ‘ആടിന്റെ വിരുന്നി’ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഏകാധിപതി ട്രൂഹിയോയുടെ, അയാള്‍ തീര്‍ത്ത നരകങ്ങളെ അവതരിപ്പിക്കുകയാണ് യോസ. കൊളംബിയയിലെ സെമാന മാസിക കാല്‍നൂറ്റാണ്ടിനിടെ സ്പാനിഷ് ഭാഷയിലുണ്ടായ മികച്ച 100 നോവലുകള്‍ കണ്ടെത്താന്‍ 81 സാഹിത്യവിദഗ്ധരെ നിയോഗിച്ചപ്പോള്‍ ആടുവിരുന്ന് രണ്ടാം സ്ഥാനത്ത് വന്നു. ഒന്നാം സ്ഥാനം ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്കായിരുന്നു. ആടിന്റെ വിരുന്ന് ട്രൂഹിയോ ലൈംഗികമായി പീഡിപ്പിച്ച Urania Cabral എന്ന പെണ്‍കുട്ടിയുടെ ഓർമ്മകളായാണ് അവതരിപ്പിച്ചിട്ടുള്ളത്. പീഡനകാലം പിന്നിട്ട് അവള്‍ നാടിന് പുറത്ത് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷം മരണ നാളുകള്‍ കാത്ത് രോഗക്കിടക്കിയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തുകയാണ്. അച്ഛന്‍ ഒരു കാലത്ത് ട്രൂഹിയോയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. മകളെ ഏകാധിപതിക്ക് കാഴ്ച്ചവെച്ചത് അച്ഛന്‍ തന്നെയായിരുന്നു താനും. ഇതേ മനോഭാവത്തോടെയാണ് ഈ ഏകാധിപതി സ്വന്തം നാടിനേയും അവിടെയുള്ള മനുഷ്യരേയും കൈകാര്യം ചെയ്തു പോന്നതും. അധികാരത്തിന് മേലുള്ള പിടി അയയുമ്പോള്‍ ഏകാധിപതിയുടെ അടുപ്പക്കാരില്‍ അഭിപ്രായ ഭിന്നതയും അകല്‍ച്ചയുമുണ്ടാകുന്നു. ട്രൂഹിയോ മരണത്തില്‍ മാത്രം അവസാനിക്കുന്ന ഏകാന്തതയാല്‍ പൊതിയപ്പെടുന്നു. ഒടുവില്‍ യഥാര്‍ഥ ചരിത്രത്തില്‍ സംഭവിച്ച പോലെ വധിക്കപ്പെടുകയും ചെയ്യുന്നു. ആട് എന്ന് വിളിപ്പേരുണ്ടായിരുന്നു ഈ ഏകാധിപതിക്ക്. അയാള്‍ വധിക്കപ്പെട്ട് നാടിന് വിരുന്നായി മാറുകയാണ്.


ഓർമ്മകള്‍ ഉപയോഗപ്പെടുത്തുക, അവതരിപ്പിക്കുക എന്നത് എല്ലാ മികച്ച ലോക നോവലുകളിലും കാണാം. അധികാരത്തിനെതിരായ പൊരുതല്‍ മറവിക്കെതിരായ പോരാട്ടമാണെന്ന് കുന്ദേര പറഞ്ഞത് ഇവിടെ ഓര്‍ക്കാം. ഓരോ നോവലിസ്റ്റും ഓർമ്മകളെ കുഴിച്ചെടുക്കുന്നത് തങ്ങളുടേതായ രീതികളിലാണ്. ഇക്കാര്യത്തില്‍ യോസ സാധ്യമാക്കിയ ഔന്നിത്യം അല്‍ഭുതപ്പെടുത്തുന്നതാണ്. അധികാരത്തെ ലൈംഗികതയുമായി അദ്ദേഹം മുഖാമുഖം നിര്‍ത്തുന്നു. ലൈംഗികത പുരുഷാധികാരമായി, ഏകാധിപത്യമായി മാറുന്നതാണ് പുരുഷ നിര്‍മ്മിതമായ അധികാര നൃശംസതകളുടെ ആണിക്കല്ല് എന്നദ്ദേഹം കണ്ടെത്തുന്നു. ആടിന്റെ വിരുന്നില്‍ ഇക്കാര്യം മറയേതുമില്ലാതെ വെളിപ്പെട്ടിട്ടുണ്ട്. ഏകാധിപതി ലൈംഗിക ഭീകരനാണ് (sexual terrorist). ലൈംഗികത നല്‍കുന്ന ആനന്ദമല്ല അയാളെ നയിക്കുന്നത്. അയാളിലെ ഭീകരത വീടുകളേയും അതുവഴി ഒരു രാജ്യത്തേയും എങ്ങിനെ ഏകാധിപത്യത്തിന്റെ സമാനതകളില്ലാത്ത കൊടുംക്രൂരതയിലെത്തിക്കുന്നു എന്നത് ആടുവിരുന്ന് പരിശോധിക്കുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ട്രൂഹിയോയുടെ മനോനില തന്നെയാണ് അയാള്‍ക്ക് രാഷ്ട്രത്തോടുമുള്ളത്. വീട് എന്നത് രാഷ്ട്രത്തിന്റെ ഏറ്റവും അടിത്തട്ടിലെ യൂണിറ്റാണ്. ബാലിക ഒരു വീട്ടിലെ അംഗവും. എല്ലാ വീടുകളിലുമുള്ളവരോട് ഇതേ മട്ടില്‍ പെരുമാറാന്‍ ഏകാധിപതിക്ക് പറ്റും. അയാളെ ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഉയര്‍ന്നുവരുന്നത് വരെ. പക്ഷേ, അങ്ങിനെ ഉയര്‍ന്നുവരുന്നവരും പിന്നീട് ഏകാധിപതികളോ അല്ലെങ്കില്‍ സമന്മാരോ ആയി മാറുന്നതായി യോസ അദ്ദേഹത്തിന്റെ പല രചനകളിലും കണ്ടെത്തി അവതരിപ്പിച്ചിട്ടുമുണ്ട്.


കത്തീഡ്രലിലെ സംഭാഷണങ്ങള്‍ (1969) എന്ന നോവലും അധികാരത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ്. കത്തീഡ്രല്‍ എന്ന പേരുള്ള മധുശാലയിലിരുന്ന് മന്ത്രിയുടെ മകനായ സാന്തിയാഗോ സവാലയും അയാളുടെ ഡ്രൈവര്‍ അമ്പ്രോസിയോവും സംസാരിക്കുന്നു. പെറുവിലെ ഒരു അധോലോക നായകനെ തന്റെ അച്ഛന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയതിനെക്കുറിച്ചാണ് സവാല പറയുന്നത്. 1950-കളില്‍ പെറുവിലെ ഏകാധിപതിയായിരുന്ന മാനുവല്‍ ഒഡ്രിയയുടെ ഭരണ കാലമാണ് നോവലില്‍ പ്രകാശിപ്പിക്കുന്നത്. അധോലോക നായകനെ കൊലപ്പെടുത്തുന്ന രീതി ഏകാധിപതിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. അഴിമതിയുടെ കാണാക്കയങ്ങള്‍ ഇവരുടെ സംഭാഷണത്തിലൂടെ പുറത്തുവരുന്നു. 1962ല്‍ ടൈം ഓഫ് ദ ഹീറോ എന്ന നോവലുമായാണ് യോസ രംഗപ്രവേശം ചെയ്യുന്നത്. 1965ല്‍ ദി ഗ്രീന്‍ ഹൗസ് എന്ന നോവല്‍ പുറത്തുവന്നപ്പോള്‍ മുന്‍നിര എഴുത്തുകാരനെന്ന ഇരിപ്പിടം അദ്ദേഹത്തിന് ലഭിച്ചു. 60തുകളുടെ അന്ത്യത്തോളം അദ്ദേഹം കമ്യൂണിസ്റ്റുകാരനായിരുന്നു. ഇക്കാലത്ത് വില്യം ഫോക്ക്‌നറാല്‍ അദ്ദേഹം വലിയ തോതില്‍ സ്വാധീനിക്കപ്പെട്ടു. എഴുപതുകളില്‍ ലിബറലായി മാറിയ യോസ എഴുത്തുകാര്‍ കമ്യൂണിസ്റ്റ് നേതാക്കളുമായും സര്‍ക്കാരുകളുമായും അടുപ്പം പുലര്‍ത്തുന്നതിനെ നിശിതമായി വിമര്‍ശിച്ചു. കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഏകാധിപതികളാണെന്നതില്‍ തനിക്ക് സംശയമൊന്നുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. നെരൂദക്ക് നേരെ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ നെരൂദ മരിച്ചപ്പോള്‍ എഴുതിയ സ്മരാണജ്ഞലിയില്‍ നിന്നും ഈ വിമര്‍ശനങ്ങള്‍ മാറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. കാസ്‌ട്രോക്ക് നേരെയും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി. സോവിയറ്റ് റഷ്യയില്‍ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത സെന്‍സര്‍ഷിപ്പിനെതിരെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടാണ് യോസ ഇടതുപക്ഷത്തോട് അകലാന്‍ തുടങ്ങുന്നത്. 60-കളുടെ ഒടുവില്‍ തുടങ്ങിയ ഈ അകല്‍ച്ച 1971ല്‍ പൂര്‍ണമായി. ക്യൂബന്‍ കവി ഹെര്‍ബര്‍ട്ടോ പദില്ലയെ പ്രതിലോമകാരി എന്ന് മുദ്രകുത്തി കാസ്‌ട്രോ തടവിലാക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്. പദില്ലയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യോസ കാസ്‌ട്രോക്ക് തുറന്ന കത്തെഴുതി. കുറച്ചുനാള്‍ക്ക് ശേഷം കവിയെ കാസ്‌ട്രോ മോചിപ്പിച്ചു. എന്നാല്‍ പദില്ല താന്‍ പ്രതിവിപ്ലവകാരിയാണെന്നും വിപ്ലവത്തെ വഞ്ചിക്കാന്‍ ശ്രമിച്ചവനാണെന്നും പറഞ്ഞ് ഏറ്റുപറച്ചില്‍ നടത്തിയതിന് ശേഷമാണ് മോചിതനാകുന്നത്. ഈ ഏറ്റുപറച്ചില്‍ ക്യൂബയിലെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതെല്ലാം കവിയെക്കൊണ്ട് ചെയ്യിച്ചത് കാസ്‌ട്രോ തന്നെയാണെന്ന് യോസ തുറന്നടിച്ചു. ഇത് സ്റ്റാലിനിസ്റ്റ് രീതിയാണെന്ന് വിമര്‍ശിച്ച യോസ പ്രഗല്‍ഭരായ എഴുത്തുകാരുടെ കയ്യൊപ്പുള്ള മറ്റൊരു തുറന്ന കത്ത് കൂടി കാസ്‌ട്രോക്കയച്ചു. ക്യൂബന്‍ വിപ്ലവത്തോട് വന്‍ തോതില്‍ ആഭിമുഖ്യമുണ്ടായിരുന്ന എഴുത്തുകാരാണ് ഈ തുറന്ന കത്തില്‍ ഒപ്പുവെച്ചത്. സിമോണ്‍ ദ ബുവ്വ, ഇറ്റാലിയോ കാല്‍വിനോ, ഹാന്‍സ് മാഗ്‌നസ് എന്‍സെന്‍സ്‌ബെര്‍ഗര്‍, കാര്‍ലോസ് ഫ്യുവന്തിസ്, ഹുവാന്‍ റുള്‍ഫോ, ജീന്‍പോള്‍ സാര്‍ത്രെ, സൂസന്‍ സൊണ്ടാഗ് തുടങ്ങിയവരുടെ ഒപ്പോട് കൂടിയുള്ളതായിരുന്നു രണ്ടാമത്തെ തുറന്ന കത്ത്. ഈ കത്ത് പുറത്തു വന്നതോടെ യോസ ലാറ്റിന്‍ അമേരിക്കന്‍ ഇടതുപക്ഷത്തില്‍ നിന്നും സമ്പൂര്‍ണ്ണമായും പുറത്തായി.
1971 ഏപ്രില്‍ 23-30 ദിവസങ്ങളില്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നടന്ന പ്രഥമ വിദ്യാഭ്യാസ-സാംസ്‌കാരിക ദേശീയ കോണ്‍ഗ്രസില്‍ കാസ്‌ട്രോ യോസയെ തന്റെ പ്രസംഗത്തില്‍ കഠിനമായി വിമര്‍ശിച്ചു. ‘യൂറോപ്പില്‍ ജീവിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍’ എന്നാണ് കാസ്‌ട്രോ യോസയെ വിശേഷിപ്പിച്ചത്. (അക്കാലത്ത് യോസ പത്രപ്രവര്‍ത്തകനായി ലണ്ടനില്‍ കഴിയുകയായിരുന്നു). തുടര്‍ന്ന് ക്യൂബന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കാസ ഡി ലാസ് അമേരിക്കാസിന്റെ പത്രാധിപ സമിതിയില്‍ നിന്നും യോസ രാജിവെച്ചു. അക്കാലത്താണ് എന്തുവേണമെങ്കിലും ആകാം സോഷ്യലിസ്റ്റ് റിയലിസം വയ്യ എന്ന പ്രസ്താവന അദ്ദേഹം നടത്തുന്നത്. യോസക്ക് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ക്യൂബയുടെ പ്രതികരണം പ്രതിഷേധാര്‍ഹം എന്നായിരുന്നു.


വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് യോസ ചെന്നുചേര്‍ന്നുവെന്നത് പിന്നീടുള്ള ചരിത്രം. 1980ല്‍ രാജ്യത്തെ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കാനുള്ള പ്രസിഡന്റ് അലന്‍ ഗാര്‍സിയയുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് യോസ തീവ്രവലതുപക്ഷക്കാരനായി. ഇതിന്റെ തുടര്‍ച്ചയായി 1990ല്‍ അദ്ദേഹം പെറു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് അതിദയനീയമായി പരാജയപ്പെട്ടു. പെറു ഒരു നോവലല്ല എന്ന് പറഞ്ഞാണ് ഇടതുപക്ഷം യോസയെ നേരിട്ടത്. അധികാരത്തില്‍ വന്ന ആല്‍ബര്‍ട്ടോ ഫ്യൂജിമോറി പെറുവിനെ കുളിപ്പിച്ച് കിടത്തി എന്നത് മറ്റൊരു കാര്യം. ഫ്യുജിമോറിയുടെ ഭരണകാല ഭീകരത മനസ്സിലാക്കാന്‍ ലോക ജനതയെ സഹായിക്കുന്ന ഒരു മ്യൂസിയം പെറു തലസ്ഥാനമായ ലിമയില്‍ പണിയണമെന്ന ആശയം യോസ മുന്നോട്ടുവെച്ചെങ്കിലും അത് നടപ്പാക്കപ്പെട്ടില്ല.
ഉദാരവല്‍ക്കരണ, നവ ലിബറല്‍ ആശയങ്ങളുടെ വക്താവായി മാറിയിട്ടും എന്തുകൊണ്ടാണ് യോസ അധികാര ഭീകരതയെ വിമര്‍ശിച്ച് കൊണ്ടേയിരുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. 1981ല്‍ പുറത്തിറങ്ങിയ ‘ദ വാര്‍ ഓഫ് ദ എന്‍ഡ് ഒഫ് ദ വേള്‍ഡ്’ എന്ന നോവലെടുക്കുക. പ്രത്യയശാസ്ത്രങ്ങളുടെ അന്ത്യം എന്ന സങ്കല്‍പത്തില്‍ എഴുതപ്പെട്ട നോവലാണിതെന്ന് പ്രമുഖരായ നിരൂപകര്‍ പറയുകയുണ്ടയി. യോസയുടെ ചരിത്ര നോവല്‍ എന്നാണ് ഈ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ഈ രചനയുടെ ക്രാഫ്റ്റ് ഏറെ സവിശേഷതകളുള്ളതാണ്. 1889ല്‍ ബ്രസീലിലെ ബഹിയ എന്ന പ്രദേശത്ത് ഏകാധിപത്യം തകര്‍ന്ന ശേഷം പുതിയ റിപ്പബ്ലിക്ക് ഉദയം ചെയ്യുകയാണ്. പഴയ ഏകാധിപത്യം മനുഷ്യരക്തം കുടിക്കുന്നു. പുതിയ സംവിധാനവും അതുതന്നെ ചെയ്യുന്നു. പ്രത്യയശാസ്ത്രങ്ങളല്ല, ആക്രമണങ്ങളും കൊലകളും യുദ്ധങ്ങളുമാണ് മനുഷ്യ നിലനില്‍പ്പിന്റെ ആധാരമെന്ന് പല നിലയില്‍ ഉദയം കൊണ്ട ഭരണകൂടങ്ങള്‍ സ്ഥാപിച്ച് കഴിഞ്ഞിരിക്കുന്നു. ഈ ചരിത്ര സന്ദര്‍ഭത്തെയാണ് ഈ നോവല്‍ നേരിടുന്നത്. പ്രത്യയശാസ്ത്രം എന്ന് പറയുന്നതില്‍ കാര്യമോ കഴമ്പോ ഇല്ല എന്നാണ് നോവല്‍ സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ നിരാശാഭരിതമായ ഒരു രചന എഴുതിയ ഒരാള്‍ 2000ത്തില്‍ ആടിന്റെ വിരുന്ന് പോലുള്ള നോവല്‍ എങ്ങിനെ എഴുതി? അവിടെ ഏകാധിപത്യത്തിനെതിരെയുള്ള മനുഷ്യരുടെ പ്രതിരോധങ്ങളും ഉയര്‍ത്തെഴുന്നേല്‍പ്പുകളുമുണ്ട്. വലതുപക്ഷക്കാരനായിരിക്കുമ്പോഴും നോവലെഴുത്തില്‍ ഇടതുപക്ഷക്കാരനായിരിക്കാന്‍ യോസക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാനാവുക. ആടിന്റെ വിരുന്ന് പുറത്തിറങ്ങിയതിന് ശേഷം യോസ വിമര്‍ശകരില്‍ ചിലരെങ്കിലും ഈ മനുഷ്യന്‍ എഴുതിയ പല കാര്യങ്ങളും പ്രസക്തമാണല്ലോ എന്ന് പറയാന്‍ തുടങ്ങി. ലാറ്റിനമേരിക്കയിലെ പ്രശസ്തരായ നിരൂപകരുള്‍പ്പെടെ ഇങ്ങിനെ പറഞ്ഞു. അതൊരു നിലക്ക് തിരിച്ചറിവായിത്തന്നെ കാണേണ്ടി വരും. യോസ ചരിത്രത്തേയും ചരിത്ര സന്ദര്‍ഭങ്ങളേയും അവതരിപ്പിച്ചത് തനിക്കാവും വിധം സത്യസന്ധമായിട്ടാണെന്ന് വിമര്‍ശകരില്‍ ചിലര്‍ പറയാന്‍ തുടങ്ങി. ഇന്ത്യയിലെ ഒരു മാവോയിസ്റ്റ് ഗ്രൂപ്പ് സ്വയം വിമര്‍ശനത്തിന്റെ ഭാഗമായി മാവോസ് ഗ്രെയ്റ്റ് ഫാമൈന്‍ (ഫ്രാങ്ക് ഡിക്കോട്ടര്‍) എന്ന പുസ്തകം സംഘം ചേര്‍ന്നിരുന്ന് വായിക്കുന്നത് സങ്കല്‍പ്പിക്കുക. സമാനമായ അവസ്ഥാ വിശേഷമാണ് സ്പാനിഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ യോസയുടെ പുസ്തകങ്ങള്‍ക്ക് ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ നോവലുകള്‍ അധികാര ഭീകരതയുടെ മ്യൂസിയങ്ങളായാണല്ലോ പ്രവര്‍ത്തിക്കുന്നത്. എഴുത്തും കഴുത്തും തമ്മിലുള്ള കാതലായ ചില പ്രശ്‌നങ്ങളെ യോസ തന്റെ രചനകളിലൂടെ നേരിടുന്നുണ്ട്. അത് സര്‍ഗാത്മക സാഹിത്യത്തില്‍ പ്രധാനവുമാണ്.


‘യുവ നോവലിസ്റ്റിനുള്ള കത്തുകള്‍’ എന്ന പുസ്തകത്തിന്റെ (റില്‍ക്കേയുടെ യുവ കവിക്കുള്ള കത്തുകളുടെ മാതൃകയില്‍ രചിക്കപ്പെട്ട) നാടവിര നല്‍കുന്ന ഗുണപാഠ കഥ എന്ന ആദ്യ അധ്യായത്തില്‍ എഴുത്തിന്റെ അടിസ്ഥാന കാര്യമായി അദ്ദേഹം പറയുന്നത് നിലനില്‍ക്കുന്നതിനെ ഭേദിക്കുക എന്നതാണ്. എഴുത്തില്‍ നിന്ന് പ്രശസ്തി കിട്ടണമെന്നാണ് നാം എപ്പോഴും ആഗ്രഹിക്കുക, എല്ലായ്‌പ്പോഴും അത് അങ്ങിനെ ആകണമെന്നില്ലെന്ന് അദ്ദേഹം വിശദമാക്കുന്നു. അത് ശരിയാണെന്ന് അദ്ദേഹത്തിന്റെ എഴുത്തുജീവിതം തന്നെ തെളിയിച്ചിരിക്കുന്നു. ഒന്നിനുപിറകെ ഒന്നായി ചീത്തപ്പേരുകള്‍ സമ്പാദിച്ചു അദ്ദേഹം. ജീവിതത്തെ മിക്കപ്പോഴും തിരിച്ചിട്ട് കണ്ടു. അതിന്റേതായ ആഘാതങ്ങള്‍ അദ്ദേഹത്തിന്റെ മുപ്പത് നോവലുകളിലും ഉണ്ടെന്നാണ് നിരൂപകരുടെ കണ്ടെത്തല്‍. ഓരോ കാലത്തും അദ്ദേഹം അനുഭവിച്ചത് ഓരോ രചനയിലും ഒളിത്താവളങ്ങള്‍ തീര്‍ത്ത് കഴിഞ്ഞുപോരുകയാണ്. സ്വാഭാവികമായ രീതിയില്‍ തന്നെ.


ഭൂതകാലത്തിലേക്ക് ഭൂതക്കണ്ണാടി വെച്ചു നോക്കി വര്‍ത്തമാനകാലത്തിലേക്ക് വരുന്ന രീതി യോസക്ക് പ്രിയപ്പെട്ടതാണ്. ദി റിയല്‍ ലൈഫ് ഓഫ് അലെജാന്ത്രെ മൊയ്ത്ര ഇത്തരത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. 25 വര്‍ഷക്കാലം കമ്യൂണിസ്റ്റ് ഗറില്ലയായിരുന്ന ഒരാളുടെ ഓർമ്മകളെ ഭൂപടം പോലെ നിവര്‍ത്തിയെടുക്കുന്ന കൃത്യമാണ് നോവലില്‍ നടക്കുന്നത്. ഈ രചനയിലെ കേന്ദ്ര കഥാപാത്രം യോസ തന്നെയാണെന്ന് അഭിപ്രായമുണ്ടെങ്കിലും യോസ ഇക്കാര്യം നിഷേധിക്കുന്നു. ഞാന്‍ ഒരിക്കലും ആയുധമെടുത്ത് പോരാടിയിട്ടില്ലെന്നും ആ കഥാപാത്രം ലാറ്റിനമേരിക്കയിലെ നിരവധി വിപ്ലകാരികളുടെ സത്തയാല്‍ നിര്‍മിക്കപ്പെട്ടതാണെന്നും അദ്ദേഹം വാദിക്കുന്നു. അത്തരം നിരവധി പേരെ ലാറ്റിനമേരിക്കയുടെ പല ഭാഗങ്ങളിലായി കാണാമെന്നും യോസ വാദിക്കുന്നു. അതേസമയം ഈ നോവലിന്റെ രചനയില്‍ 14-ാം വയസ്സില്‍ സൈനിക അക്കാദമിയില്‍ ചേര്‍ന്ന കാലത്തെ പീഡനങ്ങളുടെ മുള്ളുകള്‍ യോസ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മുള്ളുകളുമായി നില്‍ക്കുന്ന പറവകളെ ഈ നോവല്‍ വരച്ചുകാണിക്കുന്നു.


‘വേ ടു പാരഡൈസ്’ പോള്‍ ഗോഗിന്‍ എഴുതാതെ പോയ പെയിന്റഡ് നോവലാണ്. അത്രയും മനോഹരം. ചായത്താലത്തില്‍ നിന്ന് താഴെ വീഴുന്ന ഒരു തുള്ളിയില്‍ നിന്നു പോലും ദൃശ്യങ്ങള്‍ തുളുമ്പുന്ന ക്യാന്‍വാസുകള്‍ തുരുതുരെ പിറക്കുന്ന അത്ഭുതവൃത്തിയാണ് ഈ നോവലില്‍ നടക്കുന്നത്. ബാഡ്‌ഗേള്‍ എന്ന നോവല്‍ ശരീരത്തിന്റെ അന്തമില്ലാത്ത തൃഷ്ണകളുടെ വേട്ടയാടലാണ്. ശരീരത്തിന്റെ ഉത്സവങ്ങള്‍ക്ക് കടിഞ്ഞാണിടാനെത്തുന്നത് മഹാരോഗങ്ങളാണ്. രോഗത്തിന് അല്‍പ്പം ശമനമാകുമ്പോള്‍ ഉടല്‍ തൃഷ്ണകള്‍ വീണ്ടും പന്തലിക്കുന്നു. ‘രണ്ടാനമ്മക്ക് സ്തുതി’യിലും ശരീരത്തിന്റെ പുഷ്പിക്കലുണ്ട്. അച്ഛന്റെ രണ്ടാംഭാര്യയുമായി ആദ്യഭാര്യയിലുണ്ടായ മകന്‍ നടത്തുന്ന ശരീരാഘോഷം ഒരിക്കലും പ്രണയമായി മാറുന്നില്ല. അത് സ്‌നേഹമില്ലാത്ത രതി മാത്രമായി അവസാനിക്കുന്നു.
ആമസോണ്‍ വനം പെറുവിലും അതിരിടുന്നുണ്ട്. അതിനാല്‍ തന്നെ ആമസോണിലെ ആദിമ മനുഷ്യര്‍ സ്വാഭാവികമായും യോസയുടെ നോവല്‍ പ്രപഞ്ചത്തിലേക്കും പ്രവേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘സ്റ്റോറി ടെല്ലര്‍’ എന്ന നോവല്‍ പരിഷ്‌കൃത ലോകത്ത് നിന്നുള്ള ഒരു വിദ്യാർത്ഥി ആമസോണിലെ ആദിമ നിവാസികളുമായി പുലര്‍ത്തുന്ന ഹൃദയാവര്‍ജകമായ ബന്ധത്തിന്റെ കഥ പറയുന്നു. ആദിമ നിവാസികളെ അവരുടെ പരിസ്ഥിതിയില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നത് ലോകത്തെവിടെയും ഒരേ പോലെ സംഭവിക്കുന്നവെന്ന് ഈ നോവല്‍ നമ്മെ പഠിപ്പിക്കുന്നു. ആധുനികത കോളനീകരണം പോലെയോ അതിലും ക്രൂരമായോ മനുഷ്യബന്ധങ്ങളില്‍ ഇടപെടുന്നുവെന്ന് ഈ നോവല്‍ സ്ഥാപിക്കുന്നു. നോവലിസ്റ്റ്, നാടകകൃത്ത്, ഉപന്യാസകാരന്‍, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, അധ്യാപകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ യോസ പ്രവര്‍ത്തിച്ചു. ഒരു ലാറ്റിന്‍ അമേരിക്കന്‍ പത്രത്തില്‍ അവസാന നാള്‍ വരെ കോളം ചെയ്തിരുന്നു. നാല് രാജ്യങ്ങളിലായി പാര്‍ത്തു. നിരന്തരമായി യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറഞ്ഞ പോലെ അവസാനിക്കാത്ത ചെരിവിലൂടെ ഉരുളുന്ന കല്ലായി ജീവിച്ചു.


യോസയുടെ ലേഖനങ്ങളുടെ സമാഹാരമായ ‘ടച്ച് സ്റ്റോണ്‍സി’ല്‍ അദ്ദേഹം ഇറാഖിയില്‍ നടത്തിയ യാത്രയെക്കുറിച്ചുള്ള കുറിപ്പുകളുണ്ട്. ഇറാഖ് ഡയറി എന്ന ശീര്‍ഷകത്തിലുള്ള ഈ കുറിപ്പുകള്‍ 2003 ജൂണിലാണ് അദ്ദേഹവും ഫോട്ടോഗ്രാഫറായ മകള്‍ മൊര്‍ഗാനയും ഇറാഖ് സന്ദര്‍ശിച്ചത്. അപ്പോള്‍ സദ്ദാം ഒളിവിലാണ്. ആ സമയത്ത് അദ്ദേഹം കാണുന്നത് ഇറാഖികള്‍ ലോകമെങ്ങുമുള്ള ടി.വി ചാനലുകള്‍ കാണാനായി ഡിഷ് ആന്റിനകള്‍ വാങ്ങുന്നതാണ്. ഇന്റര്‍നെറ്റിന്റെ വരവാണ്. കസ്റ്റംസ് വിഭാഗം പ്രവര്‍ത്തിക്കാത്ത ഇറാഖ് അതിര്‍ത്തികളാണ്. ഏകാധിപതിയുടെ വീഴ്ച്ച അവിടെയുള്ള മനുഷ്യരെ ആഹ്ലാദിപ്പിച്ചതിന്റെ മുഹൂര്‍ത്തങ്ങള്‍ ഇങ്ങിനെ യോസ ചിത്രീകരിച്ചു. എന്നാല്‍ തന്റെ ഡയറിക്കുറിപ്പുകള്‍ അദ്ദേഹം യു.എസ് അധിനിവേശത്തെ വലിയ തോതില്‍ ന്യായീകരിച്ചു. അധിനിവേശം അനിവാര്യമായ സ്വാതന്ത്ര്യത്തിനുള്ള വഴി എന്നു പോലും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിലപാടുകള്‍ യോസയെ എപ്പോഴും വിമര്‍ശനത്തിന്റെ മുള്‍മുനയിലേക്ക് നയിച്ചു. പലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് ഇങ്ങിനെയാണ്: “ഇസ്രായില്‍ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാതൃകയാണ്. പക്ഷേ, അവരുടെ അധിനിവേശ നിലപാട് അംഗീകരിക്കാനാവില്ല.” ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ ഒരവ്യക്തത അദ്ദേഹം പലപ്പോഴും പുലര്‍ത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങൾക്കൊപ്പം അങ്ങേയറ്റം മനുഷ്യ വിരുദ്ധതയുള്ള തീവ്ര വലതുപക്ഷ ഭരണകൂടങ്ങളയും യോസ വിമർശിച്ചു. മനുഷ്യനെ അംഗീകരിക്കുന്ന ഭരണകൂടം സാധ്യമാണോ എന്ന അന്വേഷണം അദ്ദേഹം നടത്തി. ഇതിൽ കുന്ദേരയെപ്പോലെ ആയിരുന്നു യോസയും. പി ഗോവിന്ദപ്പിള്ള യോസക്ക് നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ എഴുതിയ വിമര്‍ശന ലേഖനത്തില്‍ ഇടതു വിരുദ്ധതതയും സങ്കീര്‍ണ്ണ അവ്യക്തതയും എടുത്തുകാണിച്ചിരുന്നു. അതുകൊണ്ടായിരിക്കുമോ തന്റെ ഒരു പ്രബന്ധത്തിന് ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്‌നസ്സ്’ എന്ന് യോസ തലക്കെട്ട് നല്‍കിയത്?