എട്ടു പതിറ്റാണ്ടോളം കർമ്മനിരതനായി ജീവിച്ച ഉമ്മൻ ചാണ്ടി പ്രധാനമായും രാഷ്ട്രീയക്കാരനായിരുന്നു. രാഷ്ട്രീയ ജീവി എന്ന നിലയിൽ മനുഷ്യൻ ഒരു പരാജയമാണെന്ന വാദം ശക്തമായി ഉന്നയിച്ചത് ബർണാഡ് ഷാ ആയിരുന്നു. അതിനുള്ള പരിഹാരം അന്വേഷിച്ച് ഷാ എത്തിയത് ഗാന്ധിജിയിലാണ്. ഏത് മികച്ച രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള അന്വേഷണവും ആദ്യന്തികമായി ചെന്ന് നിൽക്കുക അധികാരത്തെക്കുറിച്ചുള്ള വിചിന്തനത്തിലാണ്. അധികാരത്തിന്റെ സ്വരൂപത്തേയും സങ്കീർണ്ണതയേയും ദൂഷ്യവശങ്ങളേയും കുറിച്ച് വിശ്വ ചിന്തകൻമാരെല്ലാം ബോധവാന്മാരായിരുന്നു. സോക്രട്ടീസ്, നീഷെ, ചാണക്യൻ, മാർക്സ്, മാക് വെല്ലി, ഫൂക്കോ, ഇലിയാസ് കനേറ്റി, ഗാന്ധിജി, മാവോ, റസ്സൽ- തുടങ്ങിയവരുടെ വചസ്സുകളും ദർശനങ്ങളും ഇതിന്ന് തെളിവു നൽകുന്നു.
അധികാരം ഞങ്ങളെ ഏൽപ്പിച്ചാൽ എല്ലാം ശരിയാക്കാമെന്ന് മത മൗലികവാദികളും തൊഴിലാളികളേയും പാർട്ടി യന്ത്രങ്ങളേയും ഏൽപ്പിച്ചാൽ പുതിയൊരു ലോകം പണിയാമെന്ന് കമ്യൂണിസ്റ്റുകാരും നിങ്ങളുടെ താൽപര്യങ്ങൾ ഞങ്ങളുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഫാസിസ്റ്റുകളും പറഞ്ഞിരുന്നുവല്ലോ. അധികാരം പല രൂപത്തിലുള്ളതാവാം; മതപരമായ അധികാരം, സാമ്പത്തികമായ അധികാരം, രാഷ്ട്രീയമായ അധികാരം എന്നിങ്ങിനെ.


ഇന്ന് അധികാരത്തിന്റെ നേതൃത്വം രാഷ്ട്രീയത്തിനാണ്. ലോകത്തെമ്പാടുമുള്ള രാഷ്ട്രീയം സൂക്ഷ്മ പഠനം അർഹിക്കുന്നു. അധികാരം എന്ന ഏക ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ശക്തികളുടെ മത്സരമാണ് നാമിന്ന് കാണുന്നത്. രാഷ്ട്രീയ ശക്തികളുടെ കണ്ണ് അധികാരത്തിൽ തന്നെയാണ്. എന്നാൽ അധികാരത്തെ ജൈവാവകാശത്തിന്റെ വിസ്തൃതിയിലേക്ക് വിന്യസിക്കുക എന്നതാണ് ശരി. നമുക്ക് ഒരു ജൈവാവകാശമാണുള്ളത്. നമ്മുടെ അവകാശം പവിത്രമാകുന്നത് മറ്റൊരാളുടെ അവകാശം നിലനിർത്തുമ്പോഴാണ്.
ശരിയായ രാഷ്ട്രീയം അധികാര പ്രമത്തതക്കുള്ളതല്ല, സേവനത്തിനുള്ളതാണ്. ഈയൊരു സമീപനം കഴിയുന്ന തരത്തിൽ പ്രാവർത്തികമാക്കാൻ തന്റെ ജീവിതത്തിൽ ശ്രമിച്ചു എന്നതാണ് ഉമ്മൻ ചാണ്ടിയുടെ മേന്മ. അതൊരു ഗാന്ധിയൻ സമീപനമാണ്. ഗാന്ധിജി എഴുതി – “എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയാധികാരം ഒരു ലക്ഷ്യമല്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ജനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ഒരു മാർഗം മാത്രമാണ്.” (ഗാന്ധി സാഹിത്യം: രാഷ്ട്രതന്ത്രം: പേജ് 82).
അതിനനുസൃതമായ ലാളിത്യവും, ധാർമ്മിക ബോധവും, ക്ലേഷ സഹിഷ്ണുതയും, നീതിബോധവും തന്റെ ജീവിതത്തിൽ പുലർത്താൻ ശ്രമിച്ചു എന്ന മേന്മ ഉമ്മൻചാണ്ടിക്ക് അവകാശപ്പെട്ടതാണ്. ദീർഘകാലത്തെ അടുപ്പവും പരിചയവും എനിക്ക് അദ്ദേഹവുമായി ഉണ്ട്. ഉമ്മൻ ചാണ്ടി കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്ത് ഞാൻ മഹാരാജാസ് കോളേജിൽ വിദ്യാർഥിയായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുത്തിരുന്ന കാലം. കോളേജ് യൂണിയൻ സെക്രട്ടറി. ഒരു രാജ്യത്തിന്റെ യുവത്വം നശിക്കുകയെന്നു വെച്ചാൽ ആ രാജ്യം നശിക്കുക എന്നാണ് അർത്ഥമെന്ന് വിശ്വസിച്ചു. രാഷ്ട്രീയത്തിലും, സാഹിത്യത്തിലും ദർശനത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായ കാലമാണിത്. ഫ്രഞ്ച് ചിന്തകനായ ജീൻ പോൾ സാർത്ര് വിദ്യാർത്ഥി നേതാവായ കോഹൻ ബെന്നറ്റുമായി അഭിമുഖം നടത്തിയ കാലം. ജനറൽ ഡിഗോളിന്റെ പതനവും മോഡേണിസത്തിന്റെ വരവും അക്കാലത്താണ്. ‘കുതികൊൾക ശക്തിയിലേക്ക് നമ്മൾ’ എന്ന് ലഘുലേഖയ്ക്ക് അന്ന് ഞാൻ ശീർഷകം നൽകി. മഹാരാജാസിലെ വിദ്യാർത്ഥി ലോകം പ്രബുദ്ധതയെ ലോകബോധത്തെ ഉൾക്കൊണ്ടതിന് കെ.എസ്.യുവിന്റെ പ്രവർത്തനങ്ങൾ അന്ന് ഉതകി.


പിന്നീട് ഞാൻ കോളേജ് അധ്യാപകനായി. എഴുപതിൽ യുവനേതാക്കന്മാർ എം.എൽ.എമാരായി. ഉമ്മൻ ചാണ്ടിയുമായി ഞാൻ പിന്നീട് അടുത്തിടപെടുന്നത് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയപ്പോഴായിരുന്നു. ജനാധിപത്യ ബോധത്തിനും നൈതിക ചിന്തയ്ക്കും പ്രത്യാശ നൽകുന്ന പെരുമാറ്റമായിരുന്നു മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയിൽ നിന്നും ഉണ്ടായത്. 2011 മുതൽ 2016 വരെ ഞാൻ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായിരുന്ന കാലത്തും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നു. ‘ഇറ്റ്ഫോക്കും’ മറ്റും നന്നായി നടത്തുന്നതിന് മുഖ്യമന്ത്രി നൽകിയ സഹായം കൃതജ്ഞതാപൂർവ്വം ഓർമ്മിക്കുന്നു. സാംസ്കാരിക മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പവും കാര്യനിർവഹണത്തിന് ഏറെ സഹായകമായി. സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ആദരിക്കുന്നതിൽ രണ്ട് മന്ത്രിമാരും പിശുക്ക് കാണിച്ചില്ല. അക്കാദമികളുടെ ഓട്ടോണമിയിൽ ഉമ്മൻ ചാണ്ടി വിശ്വസിച്ചു. അതൊരു ആദർശമാണ്. ലാളിത്യമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഗാംഭീര്യം.
കേരള രാഷ്ട്രീയത്തിൽ പനമ്പിള്ളി ഗോവിന്ദമേനോന്റെയും ഇ.എം.എസ്സിന്റെയും കെ ദാമോദരന്റെയും ബുദ്ധിപരതയും എ.കെ ആന്റണിയുടെയും അച്യുതമേനോന്റെയും സി.കെ ഗോവിന്ദൻ നായരുടെയും ആദർശപരതയും കെ കരുണാകരന്റെയും എ.കെ.ജിയുടെയും ഉമ്മൻ ചാണ്ടിയുടെയും കർമ്മോത്സുകമായ സേവനങ്ങളും സൂക്ഷ്മാർത്ഥത്തിൽ പഠനമർഹിക്കുന്നു.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

